ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രകൃതിയിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം ജനം വീട്ടില്‍ തന്നെ ആയതിനാല്‍ മലിനീകരണം കുറഞ്ഞു. ഇപ്പോഴിതാ മലിനീകരണ തോത് കുറഞ്ഞതിനെ തുടര്‍ന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം എവറസ്റ്റ് കൊടുമുടി ബിഹാറിലെ ഒരു ഗ്രാമത്തില്‍ ദൃശ്യമായിരിക്കുകയാണ്.

ബിഹാറിലെ സിങ്ഖ് വാഹിനി ഗ്രാമത്തിലാണ് മൗണ്ട് എവറസ്റ്റ് കാഴ്ച ദൃശ്യമായത്. വായുമലിനീകരണം കുറഞ്ഞതാണ് ഇതിന് കാരണം. ഐഎഫ്എസ് ഓഫീസറായ പ്രവീണ്‍ കസവാന്‍ ഈ മനോഹരമായ കാഴ്ച തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നേരത്തേ മലിനീകരണം കുറഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബിലെ ജലന്ധറില്‍ നിന്നും ധൗലധര്‍ കണ്ടതും ഉത്തര്‍പ്രദേശിലെ സഹരാന്‍പുരില്‍ നിന്നും ഗംഗോത്രി മലനിരകളെ കണ്ടതും ഗംഗാ നദിയിലെ ജലത്തിന്റെ തെളിമ കൂടിയതും മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൂബ്ലി നദിയില്‍ ഇന്ത്യയുടെ ഔദ്യോഗിക ജല ജീവിയായ ഗംഗാ ഡോള്‍ഫിന്‍ തിരിച്ചെത്തിയതൊക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.