കൊറോണ വൈറസ് പോരാട്ടത്തില്‍ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിറകൈയ്യടികളാണ് ജനം നല്‍കുന്നത്. ഇപ്പോള്‍ സമാനമായ സംഭവമാണ് ബംഗളൂരുവില്‍ അരങ്ങേറിയിരിക്കുന്നത്. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ബംഗളൂരുവിലെ ഡോ. വിജയശ്രീയെയാണ് നിറഞ്ഞ കൈയ്യടിയോടെ അയല്‍വാസികള്‍ സ്വീകരിച്ചത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടായിരുന്നു അയല്‍ക്കാര്‍ വിജയശ്രീക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കിയത്.

നാട്ടുകാരുടെ ആശംസയ്ക്കിടെ വികാരഭരിതയായ ഡോക്ടര്‍ കണ്ണീര്‍ പൊഴിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഡോക്ടറെ സ്വീകരിക്കുന്നതിന്റെ വീഡിയോ ബംഗളൂരു മേയര്‍ എം ഗൗതം കുമാര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആശംസകളുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

എംഎസ് രാമയ്യ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ കൊവിഡ് രോഗികളെ പരിചരിച്ച ശേഷമായിരുന്നു ഡോക്ടര്‍ മടങ്ങിയെത്തിയത് മേയര്‍ ട്വീറ്റ് ചെയ്യുന്നു. അതേസമയം, ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി രാജ്യത്തെ ആശുപത്രികള്‍ക്കു മുകളില്‍ ഇന്ന് വ്യോമസേന പുഷ്പവൃഷ്ടി നടത്തിയിരുന്നു.