Specials

നിഷ ജോസ് കെ മാണി

അച്ചാച്ചനും അമ്മയ്ക്കും ഒപ്പം

അച്ചാച്ചനുമായിട്ടുള്ള ഓണം എന്നും മനോഹര സ്മരണകൾ നിറഞ്ഞതായിരുന്നു .അതുകൊണ്ടു തന്നെ അച്ചാച്ചൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ആദ്യ ഓണത്തിന് ആ ഓർമകളുടെ ഒക്കെ വേലിയേറ്റം എൻെറ മനസ്സിലുണ്ട്. വിവാഹത്തിന് മുൻപുള്ള ഓണത്തിന് അവധിക്കാലം എന്നതിനപ്പുറമുള്ള ഓർമ്മകളൊന്നും എൻെറ മനസിലില്ല. എല്ലാവരും കൂടി അവധിക്കാലത്തു വരുന്നു അത്രയൊക്കയേ ഉള്ളൂ. പക്ഷെ കല്യാണം കഴിഞ്ഞുള്ള ഓരോ ഓണവും അച്ചാച്ചൻറെ സ്നേഹത്തിൻെറയും വാത്‌സല്യത്തിൻെറയും ഓർമകളാണ് ഞങ്ങളുടെ മനസ്സിൽ. ഓരോ ഓണവും അച്ചാച്ചൻ ഞങ്ങൾ കുടുംബാംഗങ്ങൾക്കു വേണ്ടി സ്‌പെഷ്യൽ ആക്കുമായിരുന്നു. എവിടെയെങ്കിലും ഞങ്ങൾ എല്ലാവരും കൂടി പോകുമായിരുന്നു .ഇനി ഒരിടത്തും പോയില്ലെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ചായിരിക്കും. ഏല്ലാവരുംകൂടി ഓണസദ്യ ഉണ്ട് .എൻെറ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ഓണസദ്യ കഴിഞ്ഞാൽ അച്ചാച്ചനും ജോയും കുട്ടികളും എല്ലാവരുംകൂടി ഇരുന്ന് കുറേനേരം വർത്തമാനം പറയും അമ്മയും കാണും…..അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് …….. എവിടെയാണെങ്കിലും …

ഒരു പഴയകാല ഓർമ ചിത്രം

ഒരു ജൂണിലാണ് ഹെയർ ഫോർ ഹോപ് ഇന്ത്യാ ക്യാംപയിൻെറ ഭാഗമായി ക്യാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാനായി എൻെറ തലമുടി ഞാൻ നൽകിയത് . തലമുടി മുറിച്ചു കഴിഞ്ഞും ക്ലാസൊക്കെ എടുക്കുവാൻ ഞാൻ പോകുമായിരുന്നു. അങ്ങനെയിരിക്കെയാണ് ആഗസ്റ്റ് സെപ്റ്റംബർ ആയപ്പോൾ ഓണക്കാലം വന്നത്. അപ്പോൾ എൻെറ തലമുടി ഒട്ടും വളർന്നിട്ടില്ല ചെറിയ തലമുടി അങ്ങനെ ആണുങ്ങളുടെ തലമുടി പോലെ ….ശരിക്കും അത്രയും പോലും ആയിട്ടില്ലായിരുന്നു. എനിക്കാണേൽ കേരളസാരി ഒക്കെ ഉടുക്കുമ്പോൾ മുല്ലപൂ ചൂടാൻ വലിയ ഇഷ്ടവുമാണ്. എല്ലാവർക്കും അങ്ങനെ ആയിരിക്കുമല്ലോ . എനിക്ക് ഭയങ്കര സങ്കടമായി കാരണം മുല്ലപൂ കുത്താനിയിട്ട് തലമുടി ഇല്ല . അതുപോലെ തന്നെ അച്ചാച്ചൻ ഞങ്ങൾ എല്ലാവരുമായി ഓണം സെലിബ്രേറ്റ് ചെയ്യാൻ ആലോചിക്കുകയും ചെയ്തു. പക്ഷെ എനിക്കൊരു ധൈര്യം ഇല്ലായിരുന്നു. ക്ലാസെടുക്കാൻ പോവുമ്പോൾ തലമുടി ഇല്ലേലും കുഴപ്പമില്ലായിരുന്നു .പക്ഷെ അച്ചാച്ചനും എല്ലാവരുമായി ഓണം ആഘോഷിക്കാൻ …..

അന്ന് ഓണത്തിന് എല്ലാവരും ഒരുങ്ങി കേരളം സാരി ഒക്കെ ഉടുത്തപ്പോൾ ഞാൻ മാത്രം വിഷമിച്ചിരിക്കുകയായിരുന്നു . തലമുടി മുറിച്ചതിൽ പിന്നെ ഞാൻ അച്ചാച്ചനെയോ ആരെയോ കണ്ടിട്ടില്ലാ . അങ്ങനെ ഞങ്ങൾ എല്ലാവരും തിരുവന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിക്കാനായി എത്തി . തലമുടി ഇല്ലാത്ത എന്നെ കണ്ടപ്പോൾ അച്ചാച്ചൻെറ മുഖത്ത് ഇത്തിരി വിഷമം ഉണ്ടായിരുന്നു . പക്ഷെ പുറമെ കാണിക്കാതെ ചിരിച്ചുകൊണ്ട് അച്ചാച്ചൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു . ആ ചിരിയിലും അച്ചാച്ചൻെറ വിഷമം എനിക്കു കാണാമായിരുന്നു . പക്ഷെ ആ സമയം അച്ചാച്ചൻ എന്നോടു പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിൻെറ വലിയ മനസ്സിൻെറ ധൃഷ്ട്ടാന്തമായിരുന്നു . അച്ചാച്ചൻ പറഞ്ഞു മോളേ  “യു ആർ ദ മോസ്റ്റ് ബ്യൂട്ടിഫുൾ പേഴ്സൺ ഇൻ ദ വേൾഡ്.  നമ്മൾ നോക്കുന്ന ബ്യൂട്ടി എന്നു പറയുന്നത് ഒന്നും പുറമേ ഉള്ള ബ്യൂട്ടി അല്ല ബട്ട് ദ തിങ്ക്സ് ദാറ്റ് വി ഡു . . ഐ ആസ് യുവർ ഫാദർ ഇൻ ലോ റിയലി അപ്പ്രീഷിയേറ്റ് ദി ഫാക്ട് ദാറ്റ് യു ഹാവ് റിയലി ടൺ സംതിങ് ഗ്രെയ്റ്റ് …”. അച്ചാച്ചന്റെ വാക്കുകൾ എനിക്ക് പകർന്നു നൽകിയ സന്തോഷവും അഭിമാനവും വളരെ ഏറെയായിരുന്നു .

അച്ചാച്ചനും കുടുബാംഗങ്ങളും

അതിനുശേഷം അന്ന് തന്നെ എൻെറ മനസിനു വളരെ സന്തോഷം തന്ന് ഇരട്ടി മധുരം പോലെ ഞാൻ മുടി കൊടുത്ത ആൾ എന്നെ വിളിച്ചു, നന്ദി പറയാനും ഓണം ആശംസിക്കാനും. അത്രയും നാളുകൾക്കു ശേഷം അന്നാണവർ എന്നെ വിളിക്കുന്നത് . അവർ പറഞ്ഞു ചേച്ചി ഞാൻ ഇങ്ങനെ കീമോ ഒക്കെ കഴിഞ്ഞ് എന്തു ചെയ്യും എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ചേച്ചി എനിക്കു മുടി തന്നത്. ആ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കു തോന്നി ഇതാണ് എൻെറ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണമെന്ന്. അച്ചാച്ചൻ തന്ന ആ മെസേജുകളും ആ കുട്ടിയുടെ ഓണാശംസകളും കൂടി ആയപ്പോൾ ആ ഓണം എൻെറ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു ….

മലയാളം യുകെ യുടെ എല്ലാ വായനക്കാർക്കും സന്തോഷത്തിൻെറയും , സംതൃപ്തിയുടെയും , സഹോദര്യത്തിൻെറയും ഓണാശംസകൾ .

നിഷ  ജോസ് കെ മാണി

‘മലയാളം യുകെ’ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ രാജ്യാന്തര പ്രശസ്തനായ സൈക്കോളജിസ്റ്റും ഫാമിലി തെറാപ്പിസ്റ്റും പ്രചോദനത്മക പരിശീലകനുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ മായി നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗം

ഷിബു : നമസ്‌കാരം.. ഇന്റര്‍വ്യൂവിന്റെ ആദ്യ ഭാഗത്തിന് ആവേശകരമായ സ്വീകരണമാണ് യൂറോപ്പിലെങ്ങും ലഭിച്ചത്. ഒട്ടനവധി ആളുകള്‍ നേരിട്ടും അല്ലാതെയും എഡിറ്റോറിയല്‍ ടീമിലേക്കു തങ്ങളുടെ സന്തോഷം അറിയിക്കുകയുണ്ടായി. വായനക്കാരോടുള്ള മലയാളം യുകെ യുടെ നന്ദി അറിയിച്ചു കൊള്ളുന്നു. ഒട്ടനവധി ആളുകള്‍ വ്യക്തിപരമായ അന്വേഷണം അറിയിക്കുവാന്‍ ഏല്പിച്ചിട്ടുണ്ട്. അതും സ്‌നേഹപൂര്‍വ്വം സൂചിപ്പിക്കട്ടെ.

ഡോ. വിപിന്‍ റോള്‍ഡന്റ്: വളരെ സന്തോഷം. വായനക്കാരുടെ പ്രതികരണത്തോടുള്ള എന്റെ സന്തോഷവും രേഖപ്പെടുത്തട്ടെ. അറിയാന്‍ താല്പര്യമുള്ളവരോട് സംസാരിക്കുക എന്നതും ആവേശകരമാണ്. ഏവര്‍ക്കും നന്ദി.

ഷിബു : കഴിഞ്ഞ തവണ ചോദിച്ചു നിര്‍ത്തിയ ചോദ്യത്തില്‍ നിന്നാരംഭിക്കാം. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന മറ്റൊരു ഒരു പ്രതിസന്ധി അവരുടെ മക്കള്‍ ഏതു രാജ്യത്താണോ താമസിക്കുന്നത് ആ രാജ്യത്തിന്റെ കള്‍ച്ചര്‍ അഡാപ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി വിദേശ ശൈലിയിലേക്ക് മാറുന്നതും ഒക്കെയാണ്. എന്നാല്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കളും തങ്ങളെപോലെ കേരളീയ ശൈലിയില്‍ തന്നെ വളരണം എന്നുമാണ്. ഇങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം മാതാപിതാക്കളും കുട്ടികളും തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്താണ് ഒരു പരിഹാരമുള്ളത്?

ഡോ. വിപിന്‍ റോള്‍ഡന്റ്: ഇത്തരം പ്രശ്‌നങ്ങള്‍ എന്നെ കാണാന്‍ വരുന്ന വിദേശ കുടുംബങ്ങള്‍ മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. അവരോടു ഞാന്‍ പറയാറുള്ളത് വഴക്കിട്ടതുകൊണ്ട് പ്രയോജനം ഇല്ല എന്നതാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ഒരു കുട്ടി ജനിച്ചു വളരുമ്പോള്‍ ചുറ്റും കാണുന്ന ശൈലികള്‍ അവരെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. ചെറുപ്പം മുതല്‍ക്കു തന്നെ നമ്മുടെ നാടിന്റെ നന്മകളും ജനിച്ചു വളരുന്ന നാടിന്റെ നന്മകളും അവര്‍ക്ക് മനസിലാക്കികൊടുക്കണം. കൂടാതെ ആ നാടിന്റെ നന്മ തിന്മകള്‍ മനസിലാക്കി നമുക്ക് ദോഷം വരുന്ന രീതിയിലുള്ള ശൈലികള്‍ തീര്‍ത്തും മാറ്റിനിര്‍ത്താനുള്ള ഒരു ശീലം കൂടി അവരില്‍ വളര്‍ത്തിയെടുക്കണം. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മളുടെ മക്കളുടെ ലോകം അവരുടെ കൂട്ടുകാരായിരിക്കും. കൂട്ടുകാരുടെ വാക്കുകള്‍ക്കും അവരുടെ ശൈലികള്‍ അനുകരിക്കുന്നതിലും ആയിരിക്കും അവര്‍ക്ക് കൂടുതല്‍ താല്പര്യം. മാതാപിതാക്കള്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മക്കളെ എതിര്‍ക്കുന്നതായും അവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതായും അവര്‍ തെറ്റിദ്ധരിക്കും. പൊട്ടിത്തെറിക്കലുകളും ഏറ്റുമുട്ടലുകളും പ്രശ്‌നപരിഹാരമാകില്ല. അതുകൊണ്ട് തന്നെ അവരെ എതിര്‍ത്തു സംസാരിക്കുന്നതിനും കലഹിക്കുന്നതിനും പകരം അവരുടെ പ്രവര്‍ത്തിയില്‍ അല്ലെങ്കില്‍ ശൈലിയില്‍ ഉള്ള തെറ്റുകള്‍ മനസിലാക്കാന്‍ അവരെ കൂടെ നിന്നു സഹായിക്കുകയാണ് വേണ്ടത്. ദീര്‍ഘ ക്ഷമയോടു കൂടി വേണ്ടിവരും ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയേണ്ടത്. വിദേശ രാജ്യത്തിന്റെ നന്മകള്‍ ഉള്‍ക്കൊള്ളുകയും മാതാപിതാക്കളുടെ മൂല്യാധിഷ്ഠിത ജീവിതരീതി പുലര്‍ത്തുകയും ചെയ്യുന്ന യുവജനങ്ങളും പ്രവാസികള്‍ക്കിടയിലുണ്ട്. നാം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളാണ് പ്രധാന പ്രശ്‌നം.

ഷിബു : സ്വത്തപ്രതിസന്ധി എന്നു പറയുന്നത് പ്രവാസി മലയാളികള്‍ നേരിടുന്ന വലിയ ഒരു ചോദ്യമാണ്. വീടിനുള്ളില്‍ കാണുന്ന സംസ്‌കാരം ഒന്ന്. പുറത്ത് കാണുന്നത് മറ്റൊന്നും. ആ ഒരു തലത്തില്‍ മുകളില്‍ പറഞ്ഞ ചോദ്യം വളരെ പ്രസക്തമാണ്. ഇതിനിടയില്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം എങ്ങനെ പരിഹരിക്കപ്പെടാനാകും.?

ഡോ. വിപിന്‍ റോള്‍ഡന്റ്: മാതാപിതാക്കളുടെ ശൈലിയും കുട്ടികള്‍ പുറത്തു കാണുന്ന ശൈലിയും തമ്മിലുള്ള വ്യത്യാസം തീര്‍ച്ചയായും കുട്ടികള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണര്‍ത്തുന്ന ഒന്നാണ്. ഏതു പിന്തുടരണം എന്ന സംശയം അവര്‍ക്ക് ഉണ്ടാകാം. കുട്ടികളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഈ മാനസിക സംഘര്‍ഷം മനസിലാക്കി അവര്‍ക്ക് ശരിയായ പാത കാണിച്ചു കൊടുക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കാണ്. കുട്ടികള്‍ എന്നും വീട്ടിനകത്തു വളരേണ്ടവരല്ല. പുറത്തിറങ്ങി കൂട്ടുകാരോടും മറ്റുള്ള ആളുകളോടും ഇടപഴകുമ്പോള്‍ അവര്‍ക്കിടയില്‍ ഒറ്റപെട്ടു പോകാനുള്ള സാഹചര്യം നമ്മുടെ മക്കള്‍ക്കുണ്ട്. ആ ഒറ്റപ്പെടലില്‍ നിന്ന് മോചനം നേടാന്‍ കുട്ടികള്‍ അവരോടു ഇടപഴകുന്നവരുടെ സംസ്‌കാരത്തിലേക്ക് മാറി ചിന്തിക്കുന്നു. ഏതു സംസ്‌കാരത്തിനും നന്മകളും തിന്മകളും ഉണ്ട്. നേരത്തെ ഞാന്‍ പറഞ്ഞത് പോലെ ഏതു നാട്ടില്‍ ചെന്നാലും അവിടുത്തെ നന്മകള്‍ മാത്രം ശീലിക്കാന്‍ നമ്മുടെ മക്കളെ ചെറുപ്പത്തില്‍ തന്നെ നമ്മള്‍ പരിശീലിപ്പിക്കണം. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കാന്‍ ആകില്ല. കാലം ഒരുപാട് മാറിയിരിക്കുന്നു. നമ്മള്‍ ജനിച്ചു വളര്‍ന്ന സാഹചര്യം അല്ല ഇന്നുള്ളത് എന്ന കാര്യം നമ്മള്‍ മാതാപിതാക്കളും മനസിലാക്കണം. നന്മയേത് തിന്മയേത്, എവിടെ നോ പറയണം, ഏതു തിരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങള്‍ സ്വയം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ നമ്മളുടെ മക്കളെ ചെറുപ്പത്തിലേ പ്രാപ്തരാക്കുക. ആത്മീയമായ അടിത്തറയില്‍ വളര്‍ത്തപ്പെടുന്നവര്‍ക്കു ആ വഴികള്‍ കരുത്തു പകരാറുണ്ട്. ആത്മീയ നിയമങ്ങളും വഴികളും രാജ്യത്തിനനുസരിച്ചു മാറുന്നവയല്ലല്ലോ. മൂല്യ ബോധവും മാതൃകയും കിട്ടേണ്ടത് വീട്ടില്‍ നിന്നു തന്നെയാണ്. മാതാപിതാക്കള്‍ക്ക് പിഴച്ചാല്‍ ‘ആശാന്റക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ശിഷ്യന്‍’ എന്ന കുഞ്ചന്‍ നമ്പ്യാര്‍ കവിത പോലാകും മക്കളുടെ ജീവിതം.

ഷിബു : കുടുംബബന്ധങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ള ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. താങ്കളുടെ ഏറ്റവും പ്രധാനപ്പെട്ട സ്‌പെഷ്യലൈസേഷന്‍ ഫാമിലി സൈക്കോളജിസ്റ്റ് എന്ന നിലയിലാണെന്ന് പറഞ്ഞിരുന്നുവല്ലോ. സത്യത്തില്‍ എന്താണ് നമ്മളുടെ കുടുംബ ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഡോ. വിപിന്‍ റോള്‍ഡന്റ് : കുടുംബങ്ങള്‍ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് സത്യത്തില്‍ പോയ്‌കൊണ്ടിരിക്കുന്നത് എന്നു തന്നെ പറയാം. പണ്ടുകാലത്ത് കുടുംബത്തിലെ അച്ഛനും അമ്മയ്ക്കും ഓരോ റോള്‍ ആയിരുന്നു. അതു വൃത്തിയായി ചെയ്യാന്‍ അവര്‍ ശ്രമിച്ചിരുന്നു. ഇന്ന് പക്ഷെ തുല്യ പങ്കാളിത്തമാണ്. അതു മൂലം തുല്യമായ ടെന്‍ഷനുകളും പ്രെഷറുകളും ആണ്. സ്വയം പ്രശ്‌നത്തില്‍ ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ സാധിക്കണം എന്നില്ല. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്നാണല്ലോ. പക്ഷെ ഇന്നത്തെ കാലത്ത് ദമ്പതികള്‍ക്കിടയിലുള്ള പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുടുംബജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. പരസ്പരം സ്‌നേഹമില്ലാതെ ഇടപെടുന്നവരും തീരെ മിണ്ടാതിരിക്കുന്നവരും ഉണ്ട്. പരസ്പരം പോര്‍വിളിക്കുന്നവരും ഏറ്റുമുട്ടുന്നവരും സംസാരിക്കുന്നവരും വര്‍ദ്ധിക്കുന്നു.ഒരു ദമ്പതികള്‍ ഒരു ടീം പോലെ പ്രവര്‍ത്തിക്കേണ്ടവരാണെങ്കിലും ഒരു കാര്യത്തിലും പരസ്പര വിശ്വാസമോ സഹകരണമോ ഇല്ലാതെ വെറുതെ ജീവിച്ചു പോകുന്ന അവസ്ഥ. അതുകൊണ്ട് തന്നെ കൂടുമ്പോള്‍ ഇമ്പമില്ലാതെ ആയിട്ടുണ്ട് പല കുടുംബങ്ങളും.

ഷിബു: പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്ലന്നല്ലേ പറയാറ്. പ്രവാസി കുടുംബങ്ങളെ എങ്ങനെ സഹായിക്കാം. ഫാമിലി കൗണ്‍സിലിംഗ് ഫലപ്രദമാണോ?


ഡോ. വിപിന്‍ റോള്‍ഡന്റ് : നമ്മളൊരു വാഹനം വാങ്ങിക്കുമ്പോള്‍ അതിനെ ഓരോ ആറ് മാസത്തിലും സര്‍വീസ് ചെയ്യാറുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ പതുക്കെ പതുക്കെ ഓരോരോ ഭാഗങ്ങളായി പണിമുടക്കികൊണ്ടിരിക്കും. ഇതുപോലെ തന്നെ വിവാഹജീവിതത്തിലും പ്രോപ്പര്‍ ആയ ഒരു സെര്‍വീസിങ് പ്രോസസ്സ് ആവശ്യമുണ്ട്. രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ വ്യത്യസ്ത മനസിന് ഉടമകളായ വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന വ്യക്തികള്‍ വിവാഹത്തിലൂടെ ഒന്നിക്കുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. അതു അതാത് സമയത്തു തന്നെ പരിഹരിച്ചു മുന്നിട്ട് പോയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകാനും കുടുംബബന്ധങ്ങള്‍ ശിഥിലമാകാനുമുള്ള സാധ്യതകളുണ്ട്. പ്രൊഫഷണല്‍ ആയ മനഃശാസ്ത്ര വിദഗ്ധരുടെ ഫാമിലി കൗണ്‍സിലിംഗ് ഇന്ന് ലോകമെങ്ങും കുടുംബങ്ങളെ സന്തോഷത്തിലേക്കു നയിക്കുന്നുണ്ട്. കൗണ്‍സിലിംഗ് എന്ന വാക്ക് അരോചകമായി തോന്നുന്നവര്‍ക്കായി ഫാമിലി എന്റിച്ച്‌മെന്റ് പ്രോഗ്രാം എന്ന നിലയിലാണ് ഞങ്ങളുടെ ബിഹേവിയര്‍ സ്റ്റുഡിയോയില്‍ ഫാമിലി സപ്പോര്‍ട്ട് നല്‍കുന്നത്. ഞാന്‍ മനഃശാസ്ത്രജീവിതം തുടങ്ങുമ്പോള്‍ ഉള്ളതിനേക്കാള്‍ ആളുകള്‍ ഇന്ന് എന്നെ കാണാനായി വരുന്നുണ്ട്. പ്രശ്‌നങ്ങള്‍ കൂടിയത് കൊണ്ട് മാത്രല്ല അത്. ഒരു പക്ഷേ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അവ പരിഹരിക്കാന്‍ അന്നത്തെ കാലത്തേക്കാള്‍ ഇന്ന് ആളുകള്‍ക്ക് ആഗ്രഹമുണ്ട് എന്ന നല്ല സൂചനയാകാം കുടുംബങ്ങള്‍ മുന്‍പോട്ടു വരുന്നതിനു പ്രചോദനമാകുന്ന കാരണങ്ങള്‍.

ഷിബു : കേരളത്തില്‍ നിന്നും വ്യത്യസ്തമായി, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ഒരു പോലെ ജോലി ചെയ്‌തെങ്കില്‍ മാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളു. അത് സാധ്യമാകുന്നത് രണ്ടു പേരും ഓപ്പസിറ്റ് ഷിഫ്റ്റ് ചെയ്തിട്ടാണ് താനും. പ്രകൃതി അനുവദിച്ചിട്ടുള്ള ബയോളജിക്കലായുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇത് പലപ്പോഴും കാരണവുമാകുന്നുണ്ട്. ഇത്തരത്തിലുള്ള വലിയ കുടുംബ പ്രശ്‌നങ്ങള്‍ക്ക് എന്താണ് പരിഹാരം?

ഡോ. വിപിന്‍ റോള്‍ഡന്റ്: പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല സത്യത്തില്‍ ഈയൊരു പ്രശ്‌നം ഉള്ളത്. കേരളത്തിലും ഇന്നത്തെ സാഹചര്യങ്ങള്‍ ഇങ്ങനെതന്നെയാണ്. ജീവിതച്ചിലവുകള്‍ കേരളത്തിലും കൂടുന്ന സാഹചര്യമാണ്. അതിനനുസരിച്ചു ഭാര്യയും ഭര്‍ത്താവും ഒരു പോലെ ജോലി ചെയ്യേണ്ടി വരുന്നു. ഒരിക്കല്‍ എന്നെ കാണാന്‍ ഒരു ഭാര്യയും ഭര്‍ത്താവും വന്നു. ഐ ടി മേഖലയില്‍ ജോലിചെയ്യുന്ന ദമ്പതികള്‍ ആയിരുന്നു അവര്‍. മക്കളില്ലാത്ത സങ്കടം ആണ് അവരെ എന്റെ മുന്നില്‍ എത്തിച്ചത്. കല്യാണം കഴിഞ്ഞു എട്ടു കൊല്ലം ആയെങ്കിലും ജോലി ഷിഫ്റ്റ് ശരിയല്ലാത്തതു കാരണം വളരെ ചുരുക്കം സമയമേ അവരു തമ്മില്‍ അടുത്തിടപഴകിയിട്ടുള്ളൂ എന്നു അവരുമായി സംസാരിച്ചപ്പോള്‍ എനിക്ക് വ്യക്തമായി. എല്ലാ തിരക്കുകളും മാറ്റിവച്ചു അവരുടേതായ കുറച്ചു സമയം കണ്ടെത്താനും ഒരുമിച്ചൊരു യാത്ര പോകാനും അവരോടു ഞാന്‍ നിര്‍ദ്ദേശിച്ചു. ജോലിയും ജീവിതവും ക്രമപ്പെടുത്താന്‍ വേണ്ട വര്‍ക്ക് ലൈഫ് ബാലന്‍സ് കോച്ചിംഗ് ആണ് ഞാന്‍ അവര്‍ക്കു നല്‍കിയത്. പിന്നീട് കുറച്ചു നാളു കഴിഞ്ഞു അവരെന്നെ കാണാന്‍ വരുമ്പോള്‍ കൂടെ ഒരു കുഞ്ഞുകൂടി ഉണ്ടായിരുന്നു. ഇതേകാര്യം തന്നെയാണ് എനിക്കിവിടെയും പറയാനുള്ളത്. ജീവിക്കാന്‍ വേണ്ടിയാണ് നമ്മളെല്ലാം ജോലി ചെയ്യുന്നത്. ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കുക എന്ന അവസ്ഥയിലേക്കാണ് പക്ഷെ ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. ഏതു തിരക്കുകള്‍ ഉണ്ടെങ്കിലും കുറച്ചു സമയം നമുക്കായി കണ്ടെത്തണം. ‘ഫാമിലി ടൈം’ എന്നാണ് ഞങ്ങള്‍ ആ സമയത്തെ വിശേഷിപ്പിക്കുന്നത്. ഓരോ കുടുംബവും അവരുടേതായ ഫാമിലി ടൈം കണ്ടെത്തുക തന്നെ ചെയ്യണം. രണ്ടു പേരുടെയും തിരക്കുകള്‍ പരസ്പരം മനസിലാക്കാനും എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാനും മനസു തുറന്നു സന്തോഷിക്കാനും ഈ സമയം വിനിയോഗിക്കണം. പരസ്പര ധാരണയും ഐക്യവുമാണ് ഓരോ കുടുംബത്തിന്റെയും കെട്ടുറപ്പ്.

ഷിബു : കുടുംബ പ്രശ്‌നങ്ങളില്‍ നിന്നുണ്ടാകുന്ന മാനസിക സംഘര്‍ഷം ഇവരുടെ ജോലിയെ തന്നെ വളരെ ഗൗരവപരമായി ബാധിക്കാറുണ്ട്. പിരിച്ചുവിടലിന്റെ ഭീഷണിയില്‍ നില്ക്കുന്ന പല വ്യക്തികളേയും നേരിട്ടറിയാം. യൂറോപ്പില്‍ ഇത് ഒരു സാധാരണ സംഭവമായി മാറി കൊണ്ടിരിക്കുകയാണ്. ഈ സംഭവങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ഡോ. വിപിന്‍ റോള്‍ഡന്റ് : കുടുംബ പ്രശ്‌നങ്ങള്‍ ജോലിയെ ബാധിക്കുമെന്നത് ഉറപ്പായ കാര്യമാണ്. നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ വിദേശത്തെത്തിയ പലരും ജോലിയും ജീവിതവും പരുക്കേല്‍പ്പിച്ചതിന്റെ നൊമ്പരങ്ങളില്‍ മനസ് തളര്‍ന്നിരിക്കുന്നവരാണ്.

ഒരേ ഒരു ജീവിതമേ നമുക്കുള്ളൂ. അത് സന്തോഷകരമായി കൊണ്ടുപോകാന്‍ വേണ്ട കഴിവുകളും മനോഭാവവും നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഈഗോ കാണിക്കേണ്ട സ്ഥലമല്ല വീടെന്നു തിരിച്ചറിഞ്ഞു തിരുത്താന്‍ തയ്യാറാകണം കുടുംബങ്ങള്‍. കുടുംബ ജീവിതവും ജോലിയും രണ്ടായി തന്നെ മുന്നോട്ട് കൊണ്ട് പോകേണ്ടതാണ്. അതു രണ്ടും ശരിയായ രീതിയില്‍ ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഘീകരിക്കേണ്ടി വരും എന്നതില്‍ തര്‍ക്കമില്ല. ദമ്പതികള്‍ പരസ്പരം മനസിലാക്കുക എന്നതാണ് ആദ്യത്തെ പടി. നേരത്തെ സൂചിപ്പിച്ച ഫാമിലി ടൈം കണ്ടെത്തുകയാണ് അടുത്തതായി ചെയേണ്ടത്. പ്രശ്‌നങ്ങള്‍ പരസ്പരം പങ്കുവെക്കുക. കുടുംബവുമൊത്ത് പുറത്തുപോകാനും യാത്രകള്‍ക്കുമായി സമയം കണ്ടെത്തുക. പ്രാര്‍ത്ഥന, മെഡിറ്റേഷന്‍ പോലുള്ള മനസിന് ശാന്തത നല്‍കുന്ന കാര്യങ്ങള്‍ പ്രാക്ടീസ് ചെയ്യുക. അമിതമായ സമ്മര്‍ദ്ദം മൂലം മനസ് കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകുവാണെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുക. നിലവിലുള്ള ജോലി തൃപ്തികരമല്ലെങ്കില്‍ ഇപ്പോഴുള്ള ജോലിയില്‍ ഇരുന്നുകൊണ്ട് തന്നെ കുറച്ചുകൂടി സൗകര്യപ്രദമായ ജോലിക്കായി ശ്രമിക്കുക എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ഷിബു : ഇവിടങ്ങളില്‍ ബിസിനസ് ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. ബിസിനെസ്സ്‌കാര്‍ക്ക് ശരിക്കും സൈക്കോളജിസ്റ്റിന്റെ സപ്പോര്‍ട്ട് വേണ്ടതുണ്ടോ അതോ അവരു സ്വയം പര്യാപ്തരാണോ?

ഡോ. വിപിന്‍ റോള്‍ഡന്റ് :
ഇന്ത്യയിലെയും വിദേശത്തെയും കാര്യങ്ങള്‍ എടുത്തു നോക്കുകയാണെങ്കില്‍ ഇപ്പോള്‍ മാര്‍ക്കറ്റ് ഡൗണ്‍ ആണ്. പല ഇന്‍ഡസ്ട്രികളും തകരുകയാണ്. നമ്മുടെ നാട്ടില്‍ തന്നെ ഈ അടുത്ത കാലത്ത് നടന്ന പ്രമുഖ ബ്രാന്‍ഡ് ആയ ‘കഫെ കോഫി ഡേ’ യുടെ എംഡി യുടെ ആത്മഹത്യ പോലുള്ള സംഭവങ്ങള്‍ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒന്നാണ്. വിവിധ രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്ന ഒട്ടേറെപ്പേരെ ബിസിനസ് കോച്ചിങ്ങിലൂടെ സഹായിക്കാനും ബിസിനസ് ലാഭകരമാക്കികൊടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. നാം തിരിച്ചറിയേണ്ട കാര്യം മറ്റെല്ലാവരെയും പോലെ ബിസിനെസ്സ്‌കാരും മനുഷ്യരാണ് എന്നതാണ്. അനേകരെ നയിക്കുന്നവരും പലരെയും മോട്ടിവേറ്റ് ചെയേണ്ടവരുമാണ്. പക്ഷെ അവരെ കേള്‍ക്കാനും മനസിലാക്കാനും സപ്പോര്‍ട്ട് ചെയ്യാനും ആരുമില്ല എന്നതാണ് വസ്തുത. അവര്‍ക്കും മറ്റുളവരെപോലെ ഒരുപക്ഷെ അതിനേക്കാള്‍ ഉപരി സ്‌ട്രെസ്സും ഡിപ്രെഷനും ആന്‍സെറ്റിയും പോലുള്ള പല പ്രശ്‌നങ്ങളും ഉണ്ടാകാം.ആ പ്രശനങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോയാല്‍ മാത്രമാണ് അവരുടെ സ്ഥാപനത്തെ വിജയത്തിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. തീര്‍ച്ചയായും അത്തരത്തില്‍ അവര്‍ക്ക് മനഃശാസ്ത്രജ്ഞന്റെ സപ്പോര്‍ട്ട് ആവശ്യമാണ്.

ഷിബു : സ്‌പോര്‍ട്‌സ് രംഗത്ത് വ്യത്യസ്തരായ ടീമുകളെ മികച്ച വിജയത്തിലേക്കെത്തിച്ചതു പോലെതന്നെയാണോ ബിസിനെസ്സ്‌കാരുടെ കണ്‍സോര്‍ഷ്യം ആയ കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറിയുടെ (CII) കണ്‍സല്‍ട്ടന്റ് എന്ന നിലയിലും സി ഇ ഒ സിന്റെ കോച്ച് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനങ്ങളൊന്നും വിവരിക്കാമോ?

ഡോ. വിപിന്‍ റോള്‍ഡന്റ് :
എന്റെ എം.ഫില്‍. പഠന സമയത്തെ സ്‌പെഷ്യലൈസഷന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജി ആണ്. ശരിക്കു പറഞ്ഞാല്‍ ബൈ അക്കാഡമിക്‌സ് ആന്‍ഡ് പ്രൊഫെഷന്‍ ഞാനൊരു കോര്‍പ്പറേറ്റ് സൈക്കോളജിസ്റ്റ് ആണ്. ഒരു ബിസിനസ് അല്ലെങ്കില്‍ ഒരു ഓര്‍ഗനൈസെഷനെ വിജയത്തിലേക്ക് എത്തിക്കാനായിട്ട് അവരുടെ സ്റ്റാഫ് മെമ്പേഴ്‌സിനും മേലധികാരികള്‍ക്കുമെല്ലാം പേര്‍സണല്‍ കണ്‍സള്‍ട്ടേഷനും ട്രെയിനിംഗ് പ്രോഗ്രാമുകളും നടത്തി വരുന്നുണ്ടായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ അഞ്ഞൂറ് കൊടിയും അതിനു മീതെയും ആസ്തിയുള്ള സിഇഒ സിന്റെ സിഇഒ റിട്രീറ് (CEO Rtereat) എന്ന പരിപാടിയില്‍ സ്ഥിരം ക്ഷണിതാവും പരിശീലകനും ആവാനുള്ള അവസരങ്ങള്‍ പല തവണ ലഭിച്ചിട്ടുണ്ട്. ഒരേസമയം വെല്ലുവിളിയും അതേ സമയം നമ്മളുടെ നിര്‍ദ്ദേശങ്ങള്‍ അവര്‍ പോസിറ്റീവ് ആയി എടുക്കുന്നത് വഴി അവര്‍ക്ക് നേട്ടങ്ങള്‍ വരുന്നത് കാണുമ്പോള്‍ അഭിമാനവും തോന്നുന്ന ഒന്നാണ് ബിസിനസ് സൈക്കോളജിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍.

ഷിബു : വീണ്ടും ഞാന്‍ ചോദ്യം മാറ്റുകയാണ്. യുവാക്കളില്‍ മയക്കു മരുന്ന് പ്രയോഗം, മദ്യപാനം, വഴിവിട്ട ജീവിതം ഇതെല്ലാം വളരെയധികം പ്രശ്‌നമായിട്ടിരിക്കുന്ന ഒരു കാലത്താണ് നമ്മളുള്ളത്. യുവാക്കള്‍ക്ക് അവരുടെ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ മനസിലാകാത്ത ഒരു അവസ്ഥയിലാണ്. യുവാക്കളുടെ പ്രശ്‌നങ്ങള്‍ കൂടുതലായും പരിഹരിക്കുന്ന മനഃശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ താങ്കളുടെ കാഴ്ചപ്പാടില്‍ യുകെ യിലെ യുവാക്കളെ നമുക്ക് എങ്ങനെയാണ് സഹായിക്കാന്‍ സാധിക്കുക?

ഡോ. വിപിന്‍ റോള്‍ഡന്റ്: ഇന്നത്തെ കാലത്ത് ഇതൊരു പ്രാധാന്യം അര്‍ഹിക്കുന്ന വിഷയം തന്നെയാണ്. മനഃശാസ്ത്ര പരിശീലനത്തിന്റെയും ചികിത്സയുടെയും ഭാഗമായി കേരളത്തിലും വിദേശത്തുമെല്ലാം കണ്‍സള്‍ട്ടേഷന്‍ നടത്തുമ്പോള്‍ എന്റെ മുന്നില്‍ കൂടുതലായും വന്നിട്ടുള്ള പ്രശ്‌നങ്ങളില്‍ ഒന്നാണ് കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ പോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്ന യുവാക്കളുടെ പ്രശ്‌നങ്ങള്‍. യുവാക്കളെ സംബന്ധിച്ചു അവരാണ് ലോകത്തിന്റെ ഭാവി എന്നു തന്നെ പറയാം. അവരിലാണ് ലോകം മുഴുവന്‍ പ്രതീക്ഷയും പ്രത്യാശയും അര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് അവരെ പൂര്‍ണമായും സപ്പോര്‍ട്ട് ചെയേണ്ടുന്നതുണ്ട്. യുവാക്കള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലാണ്. എല്ലാ നിയമങ്ങള്‍ക്കും അപ്പുറത്തേക്ക് തങ്ങള്‍ ചെയ്യുന്നതാണ് ശരിയെന്നും, മനസു പറയുന്നത് ചെയ്യുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്നു വിശ്വസിക്കുകയും ചെയ്യുന്നവരാണ് എല്ലാ യുവാക്കളും. പുകവലി, മദ്യപാനം, മയക്കുമരുന്ന് പ്രയോഗം, വഴിവിട്ട ജീവിതം തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള സ്വാതന്ത്ര്യത്തില്‍ പെടുന്നവയാണെന്നു തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് ഇവിടെ. താന്‍ എന്തിനു ജനിച്ചു എന്നതും തന്റെ ജനനത്തിലൂടെ ഈ ലോകത്തിനു എന്ത് സംഭാവന ചെയ്യാന്‍ പറ്റും എന്നുള്ള തിരിച്ചറിവാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഈ തിരിച്ചറിവ് ലഭിക്കുവാനും തന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് അവരെ എത്തിക്കുവാനും തീര്‍ച്ചയായും ഒരു മനഃശാസ്ത്രജ്ഞന്റെ സപ്പോര്‍ട്ട് അവര്‍ക്ക് എടുക്കാവുന്നതാണ്. ഏതു രാജ്യത്തെ യുവാക്കളാണെങ്കിലും അവരു സ്വയം മനസിലാക്കി മുന്നോട്ട് പോയി ജീവിതത്തില്‍ വിജയം വരിക്കാന്‍ ശ്രമിക്കുന്ന രീതിയിലേക്കുള്ള സ്വാതന്ത്രം ആര്‍ജിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. യുവാക്കളെ കേന്ദ്രികരിച്ചുള്ള മോഡേണ്‍ മൂഡിലുള്ള യൂത്ത് മോട്ടിവേഷന്‍ പ്രോഗ്രാമുകള്‍ ലോകമെങ്ങും ഇപ്പോള്‍ നടന്നു വരുന്നുണ്ട്. അവര്‍ വഴി തെറ്റിപ്പോയി എന്ന് പറഞ്ഞു ഉപേക്ഷിക്കുന്നതിനു പകരം തിരികെ കൊണ്ടുവരാന്‍ കുടുംബങ്ങളും പൊതുസമൂഹവും കര്‍മ പദ്ധതികള്‍ തയ്യാറാക്കണം. അത് ലക്ഷ്യം കാണും. തീര്‍ച്ച.

ഷിബു : അതേപോലെ സ്‌ക്രീന്‍ അഡിക്ഷന്‍, മൊബൈല്‍ അഡിക്ഷന്‍, ഗെയിം അഡിക്ഷന്‍ തുടങ്ങി പലതരത്തിലുള്ള അഡിക്ഷനുകളാണ് ഇന്നത്തെകാലത്ത് കുട്ടികളും യുവാക്കളും, അതേപോലെ മുതിര്‍ന്നവരും നേരിടുന്ന പ്രശ്‌നങ്ങള്‍. അതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്.

ഡോ. വിപിന്‍ റോള്‍ഡന്റ് :
മൊബൈല്‍ ഫോണിന്റെ വരവോടു കൂടിത്തന്നെ നമുക്ക് പലതിലും ഉള്ള നിയന്ത്രണം നഷ്ടപെട്ടിട്ടുണ്ട്. ലോകത്തുള്ള എന്തും നമ്മളുടെ വിരല്‍ത്തുമ്പില്‍ ആക്‌സസിബിള്‍ ആയിക്കഴിഞ്ഞു. പുറത്തിറങ്ങി ദേഹമനങ്ങി കളിച്ചിരുന്ന പല കളികളും മൊബൈല്‍ വഴി കളിക്കാമെന്നായി. അതുപോലെ തന്നെ പണ്ടുകാലത്ത് പാടത്തും പറമ്പിലും ചെളിയിലും മഴയത്തുമെല്ലാം കുട്ടികള്‍ക്കു കളിക്കാന്‍ അനുവാദമുണ്ടായിരുന്നു. ഇന്നാ സാഹചര്യമില്ല. പല കുട്ടികളും വീട്ടിനുള്ളില്‍ അടച്ചിടപ്പെട്ടിരിക്കുകയാണ്. ഒരു കുട്ടി ജനിച്ചു വരുമ്പോഴേ അവന്റെ കയ്യില്‍ മാതാപിതാക്കള്‍ കൊടുക്കുന്നത് മൊബൈല്‍ ഫോണ്‍ ആണ്. ´യൂട്യൂബ് ഇട്ടു കൊടുത്താലേ ചോറ് കഴിക്കൂ, സെല്‍ ഫോണിലെ അല്ലെങ്കില്‍ കംപ്യൂട്ടറിലെ സകലതും അവനറിയാം´ എന്നിങ്ങനെ അഭിമാനത്തോടെ പറഞ്ഞിരുന്ന മാതാപിതാക്കള്‍ പിന്നീട് കുട്ടികളിലെ മൊബൈലിനോടുള്ള ശീലം മാറ്റാനായി ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ശരീരം അനങ്ങാതെയുള്ള കളികള്‍ ശാരീരിക പ്രശ്‌നങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നത്‌കൊണ്ട് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ മൂന്നു മണിക്കൂര്‍ കൂടുതല്‍ മൊബൈല്‍ ഗെയിമില്‍ ഇരിക്കുന്ന ആളുകളില്‍ പഠനം നടത്തി ഒരു ഗെയിമിംഗ് ഡിസോര്‍ഡര്‍ ആണ് ഇതെന്ന് കണ്ടെത്തുകയുണ്ടായി. ശരി എന്താണ് തെറ്റെന്താണ് എന്നു കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിനായി ലോകമെമ്പാടും നടക്കുന്ന പാരന്റിങ് പരിശീലന പരിപാടികളില്‍ പങ്കെടുക്കുകയും അവരു തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടേണ്ടതും ഉണ്ട്. പൊട്ടിത്തെറിക്കുന്നതിനു പകരം എങ്ങനെയാണ് കുട്ടികളിലെ അഡിക്ഷന്‌സ് മാറ്റിയെടുക്കേണ്ടത് അതിനായി തങ്ങള്‍ എന്തു മുന്‍കരുതല്‍ എടുക്കണം, എന്തെല്ലാം ചെയ്യണം തുടങ്ങിയവയെല്ലാം മാതാപിതാക്കള്‍ മനസിലാക്കേണ്ടുന്നത് അത്യാവശ്യമാണ്. ടെക്‌നോളജി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അതിനോട് നോ പറയാന്‍ നമുക്കാവില്ല. പക്ഷെ അതൊരു അഡിക്ഷന്‍ ആകാത്ത രീതിയില്‍ കൃത്യമായ സ്‌ക്രീന്‍ ടൈമിംഗ് പാലിച്ചു കുട്ടികളെ അതു ശീലിപ്പിച്ചെടുത്തുകൊണ്ടെല്ലാം നമുക്ക് മുന്നോട്ട് പോകാവുന്നതാണ്.

ഷിബു : നമ്മളുടെ കുട്ടികളോട്, കൗമാരക്കാരോട് എന്താണ് പറയാനുള്ളത്?

ഡോ. വിപിന്‍ റോള്‍ഡന്റ് : പറയാനുള്ള ആശയങ്ങള്‍ വളരെ സിമിലര്‍ ആണ്. പ്രിയപ്പെട്ട കുട്ടികളെ മലയാളികള്‍ ആണെങ്കിലും നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വലിയൊരു അവസരമാണ് മറ്റൊരു രാജ്യത്ത് പഠിക്കാന്‍ സാധിക്കുക അവിടുത്തെ സാഹചര്യങ്ങള്‍ ഉപയോഗിക്കുവാന്‍ പറ്റുക എന്നതൊക്കെ. ഏറ്റവും നന്നായി പഠിക്കുക നമ്മളുടെ കഴിവുകള്‍ പൂര്‍ണമായും മനസിലാക്കി അതിനു ചേരുന്ന കരിയര്‍ തിരഞ്ഞെടുക്കുവാനായിട്ട് ശ്രമിക്കുക. കരിയര്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായാല്‍ നമ്മളുടെ ജീവിതത്തില്‍ പരാജയം വന്നു ഭവിച്ചേക്കാം. കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകള്‍ ചെയ്യുകയും അതുവഴി നമ്മളുടെ അഭിരുചി കണ്ടെത്തി മികച്ച രീതിയില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയും ചെയുക. പഠനത്തോടൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കുക. ജീവിക്കാനായി പഠിക്കുക. അതിനായി ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്ന ലൈഫ് സ്‌കില്‍സ് പ്രോഗ്രാമുകള്‍ അറ്റന്‍ഡ് ചെയ്യുക. എങ്ങനെയാണ് ആത്മവിശ്വാസം മെച്ചപ്പെടുത്തേണ്ടത്, എങ്ങനെയാണ് ആശയവിനിമയം നടത്തേണ്ടത്, റിലേഷന്‍ഷിപ് ബില്‍ഡ് ചെയേണ്ടതും അതു നിലനിര്‍ത്തേണ്ടതും എങ്ങനെയാണ്, പ്രശ്‌നങ്ങളെ എങ്ങനെ നോക്കി കാണാം പരിഹരിക്കാം, പ്രതിസന്ധികളില്‍ നിന്നെങ്ങനെ കര കയറാം, മാതാപിതാക്കളോട് ദേഷ്യമോ വഴക്കോ കൂടാതെ എങ്ങനെ മുന്നോട്ട് പോകാം എന്നു തുടങ്ങി ജീവിതത്തില്‍ വേണ്ടുന്നതായ പല കാര്യങ്ങളിലും പരിശീലനം സിദ്ധിക്കേണ്ടതുണ്ട്. പോസിറ്റീവ് ആയി ചിന്തിച്ചു, അവസരങ്ങള്‍ പാഴാക്കാതെ, നന്മയുള്ള വ്യക്തികളായി വളരാന്‍ ശ്രമിക്കുക. ബൈബിളിലെ ഒരു വചനം പോലെ ‘ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവരാന്‍ സാധിച്ചാല്‍ അതാണ് അത്യുത്തമം

ഷിബു : യുവാക്കളോട് എന്താണ് പറയാനുള്ളത് ?

ഡോ. വിപിന്‍ റോള്‍ഡന്റ് : യുവാക്കളുടെ കയ്യിലാണ് ഈ ലോകം. അവരാണ് സത്യത്തില്‍ നമ്മളെ നയിക്കേണ്ടുന്നത്. അവര്‍ക്ക് വേണ്ടിയാണ് ഈ ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ യുവജനങ്ങള്‍ ഏറ്റവും പോസിറ്റീവ് ആയ രീതിയില്‍ തന്നെ അവരുടെ അവസരങ്ങള്‍ തിരിച്ചറിയണം, അതിലൂടെ സഞ്ചരിക്കാന്‍ സാധിക്കണം, ദുശീലങ്ങള്‍ ആ അവസരങ്ങള്‍ നിഷേധിക്കുന്നുണ്ടെങ്കില്‍ അവ മാറ്റി തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം കൃത്യമായി കണ്ടെത്തി, ജീവിതത്തില്‍ എന്താണ് വേണ്ടതെന്നു തിരിച്ചറിഞ്ഞു മുന്നോട്ട് പോകണം. ലഹരിയിലേയ്‌ക്കോ തെറ്റായ കൂട്ടുകെട്ടിലേക്കോ അകപ്പെട്ടു പോകാത്ത രീതിയില്‍ മാതാപിതാക്കള്‍ പറയുന്ന നന്മകള്‍ ജീവിതത്തില്‍ സ്വീകരിച്ചു നന്മയുള്ള വ്യക്തിത്വങ്ങളായി മാറ്റത്തിന്റെ ശക്തിയിലേക്ക് നയിക്കാന്‍ പറ്റുന്ന യൗവനമായി മാറണം. മറ്റു ലഹരികളോട് സലാം പറഞ്ഞു ഒഴിവാക്കി ആത്മവിശ്വാസം ലഹരിയായികണ്ടു മുന്നോട്ട് പോകണം. തോല്‍വികള്‍ ഊര്‍ജമായി സ്വീകരിക്കണം. വലിയ സ്വപ്‌നങ്ങള്‍ കാണണം. അവ നേടാന്‍ അത്യധ്വാനം ചെയ്യണം. സ്വജീവിതം ധന്യമാക്കാന്‍, അനേകര്‍ക്ക് ഉപകാരപ്പെടുന്നവ ആക്കാന്‍ ആഗ്രഹിച്ചു മുന്നേറണം. ജീവിതത്തെ പ്രണയിക്കണം.

ഷിബു: ആശയങ്ങള്‍ എല്ലാം ഉജ്ജ്വലമായിരിക്കുന്നു. നല്ലൊരു കുടുംബാന്തരീക്ഷത്തില്‍ നിന്നും കടന്നു വന്നതിന്റെ ഒരു ശക്തി ഫീല്‍ ചെയ്യുന്നു. കുടുംബത്തെ ഒന്ന് പരിചയപ്പെടുത്താമോ?

ഡോ. വിപിന്‍ റോള്‍ഡന്റ് : ഭാര്യ രണ്ടു മക്കള്‍ അടങ്ങിയതാണ് ഞങ്ങളുടെ കുടുംബം. മൂന്നാമത്തെ ആള്‍ ഉടന്‍ എത്തും.. ഭാര്യ മായാറാണി, ഹയര്‍ സെക്കന്ററി മാത്!സ് ടീച്ചര്‍ ആണ്. ടെലിവിഷന്‍ അവതാരക, അഭിനേത്രി, എഴുത്തുകാരി എന്ന നിലയിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. മൂത്ത മകള്‍ ഒലിവിയ മെറി റോള്‍ഡന്റ്, ഇളയ മകള്‍ ജെനീലിയ ക്ലെയര്‍ റോള്‍ഡന്റ് രണ്ടുപേരും രാജഗിരി ക്രിസ്തു ജയന്തി സ്‌കൂളില്‍ പഠിക്കുന്നു. കോട്ടയം ജില്ലയിലെ രാമപുരം മേതിരി കുണിഞ്ഞി ആണ് സ്വന്തം നാട്. നാട്ടില്‍ അമ്മയും സഹോദരനും ഒരു ചേച്ചിയും ഉണ്ട്. എല്ലാക്കാര്യത്തിലും ഊര്‍ജ്ജമായി നിന്നിരുന്ന, ആത്മവിശ്വാസത്തിന്റെയും വാത്സല്യത്തിന്റെയും ആള്‍രൂപമായിരുന്ന ഡാഡി ആറു കൊല്ലം മുമ്പ് മരിച്ചു. ചേച്ചി വിന്നി, മുന്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ആയിരുന്ന പാലായിലുള്ള കെ എം ചാണ്ടി സാറിന്റെ ഇളയമകന്‍ സിബിയാണ് വിവാഹം കഴിച്ചിരിക്കുന്നത്. സഹോദരന്‍ വിവിഷ് റോള്‍ഡന്റ്, സ്‌കൂള്‍ അധ്യാപകനാണ്, പ്രഭാഷകനും മനഃശാസ്ത്രജ്ഞനും ഒക്കെയായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാത്തിനും എന്നെ സഹായിച്ചത് എന്റെ പേരെന്റ്‌സ് ആണ്. ചെറുപ്പത്തില്‍ ആദ്യമായി എന്നെ പ്രസംഗിക്കാന്‍ പഠിപ്പിച്ചത് എന്റെ ചേച്ചിയാണ്. മനഃശാസ്ത്ര മേഖലയിലേക്ക് കൈചൂണ്ടി നയിച്ചത് സഹോദരനാണ്.

എന്റെ പല കാര്യങ്ങള്‍ക്കും മുന്നിലും പിന്നിലും സൈഡിലും നിന്ന് എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് എന്റെ ഭാര്യ മായാറാണി. കുടുംബത്തിലെ എല്ലാ കാര്യങ്ങളും വളരെ സ്മാര്‍ട്ട് ആയി ഉത്തരവാദിത്വത്തോട് കൂടി ചെയ്യുന്ന ഒരാളാണ് മായ. കുട്ടികളും അതുപോലെ തന്നെ അവരുടേതായ രീതിയിലുള്ള എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. അമ്മ പ്രാര്‍ത്ഥനയുടെ വലിയൊരു ശക്തിയാണ്. ഏതൊരു കാര്യത്തിലും പ്രാര്‍ത്ഥനാപൂര്‍വ്വം ചേര്‍ത്ത് നിര്‍ത്തി നീ എന്റെ മകനാണ് നിനക്ക് ഏതുകാര്യവും വിജയിക്കാന്‍ പറ്റും എന്നു പറഞ്ഞു എനിക്ക് ശക്തി നല്‍കുന്നത് അമ്മയാണ്. എനിക്ക് തോന്നുന്നത് മക്കളുടെ ഏതൊരു വിജയത്തിനും പിന്നില്‍ മാതാപിതാക്കളുടെ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ട്. ഭാര്യയുടെ മാതാപിതാക്കളായാലും വളരെയധികം സപ്പോര്‍ട്ടും എനെര്‍ജിയും തരുന്നവരാണ്.

അങ്ങനെ എല്ലാ രീതിയിലും വളരെയധികം പിന്തുണക്കുന്ന ഒരു കുടുംബമാണ് എന്റെത്. അനേക കുടുംബങ്ങളെ സഹായിക്കാന്‍ എനിക്ക് കരുത്തു തരുന്നതും എന്റെ കുടുംബത്തില്‍ നിന്നു കിട്ടുന്ന ശക്തിയും എന്റെ ബന്ധുജനങ്ങളുടെ പിന്തുണയും സുഹൃത്തുക്കളുടെ പ്രോത്സാഹനവുമൊക്കെയാണ്.

ഷിബു : വ്യത്യസ്ത മേഖലകളില്‍ മനഃശാസ്ത്ര സേവനങ്ങള്‍ താങ്കള്‍ നടത്തിവരുന്നുണ്ട്. താങ്കളുടെ ബിഹേവിയര്‍ സ്റ്റുഡിയോ വഴിയുള്ള സേവനങ്ങള്‍ ഒന്ന് വിശദീകരിക്കാമോ.

ഡോ. വിപിന്‍ റോള്‍ഡന്റ് :
റോള്‍ഡന്റ്‌സ് എന്നതാണ് ഞങ്ങളുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേര്. ആറു കൊല്ലം മുന്‍പ് ഞങ്ങളോട് വിടപറഞ്ഞ എന്റെ പിതാവിന്റെ പേരിലാണ് ഈ സ്ഥാപനം ഉള്ളത്. അതിന്റെ ഒരു ശാഖയായ റോള്‍ഡന്റ് റെജുവിനേഷന്‍ എന്ന ബിഹേവിയര്‍ സ്റ്റുഡിയോയെക്കുറിച്ചു നേരത്തെ പറഞ്ഞിരുന്നുവല്ലോ. കൊച്ചിയില്‍ ആണതിന്റെ ഹെഡ്ഓഫീസ്. കൊച്ചിയില്‍ തന്നെ കാക്കനാടും കളമശ്ശേരിയിലും അതുപോലെ കോട്ടയം ജില്ലയില്‍ പാലാ യിലും ആണ് ബിഹേവിയര്‍ സ്റ്റുഡിയോസ് ഉള്ളത്. ഏതാണ്ട് 38 ഓളം രാജ്യങ്ങളില്‍ നിന്നും ക്ലൈന്റ്‌സ് ഇപ്പോള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്. ഈ മൂന്നിടത്തും എന്റെയും മറ്റു മനഃശാസ്ത്ര വിദഗ്ധരുടെയും സേവനം ലഭ്യമാണ്. അതുപോലെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ യൂണിവേഴ്‌സിറ്റിയുടെ തന്നെ ഭാഗമായി നമ്മുടെ ബിഹേവിയര്‍ സ്റ്റുഡിയോയുടെ ഒരു അനെക്‌സ് മൈന്‍ഡ് ബിഹേവിയര്‍ സ്റ്റുഡിയോ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹുമാനപെട്ട ഡോ. ലത വൈസ് ചാന്‍സിലര്‍ ആയിരുന്ന സമയത്താണ് ഇങ്ങനെ ഒരു സംരംഭം അവിടെ തുടങ്ങുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി ആദ്യമായിട്ടായിരിക്കും ഒരുപക്ഷെ ഒരു യൂണിവേഴ്‌സിറ്റി ഇങ്ങനൊരു സംരംഭം തുടങ്ങിയത്. ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്, കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്‌റ്, ഓര്‍ഗനൈസേഷണല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, പേര്‍സണല്‍ കോച്ച് എന്നു തുടങ്ങി വ്യത്യസ്തമായ മേഖലകള്‍ കൈകാര്യം ചെയുന്ന മനഃശാസ്ത്രജ്ഞരുടെ ഒരു ടീം നമ്മളുടെ ബിഹേവിയര്‍ സ്റ്റുഡിയോയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ട്ട് തെറാപ്പി, മ്യൂസിക് തെറാപ്പി, ഡാന്‍സ് തെറാപ്പി, സൈക്കോതെറാപ്പി തുടങ്ങിയവയുടെയൊക്കെ സമന്വയമായ സേവനങ്ങളാണ് ഇവിടെ ലഭ്യമാകുക. അതുപോലെ തന്നെ കോര്‍പൊറേറ്റ എന്ന ഒരു പരിശീലന ശാഖയും റോള്‍ഡന്റ്‌സിന്റെ ഭാഗമായുണ്ട്. കൊച്ചിയിലുള്ള സണ്‍റൈസ് ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിഭാഗത്തില്‍ 12 വര്‍ഷത്തോളമായുള്ള സര്‍വീസ് തുടരുന്നുമുണ്ട്.

ഷിബു: വളരെ വേറിട്ടൊരു ചോദ്യം ചോദിക്കാനുണ്ട്. പത്മഭൂഷണ്‍ മോഹന്‍ലാലിനെ പോലെ ഒരു മെഗാ സ്റ്റാര്‍ സ്വയം പരിശീലനത്തിനായിട്ട് വിളിക്കുക… ആരാധകര്‍ ഒന്ന് കാണാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനുമൊക്കെ ആഗ്രഹിക്കുന്ന അങ്ങനൊരാള്‍ വളരെ താല്പര്യപൂര്‍വം മനഃശാസ്ത്ര പരിശീലനത്തില്‍ സ്വയം വിധേയനായിട്ട് മുമ്പിലിരിക്കുക. ആ പരിശീലനത്തെത്തുടര്‍ന്നു അദ്ദേഹം നേതൃത്വം കൊടുത്ത ടീം വിജയിക്കുക, ആലോചിച് കഴിഞ്ഞാല്‍ വളരെ അദ്ഭുതകരമായ ഒരു കാര്യമാണ്. എങ്ങനെയായിരുന്നു ആ ഒരു അനുഭവം?. താങ്കളെപ്പോലെ ഇത്തരത്തിലുള്ള ഏതൊരു വലിയ ജോലിയും ഏറ്റെടുക്കാന്‍ വേണ്ട ആത്മവിശ്വാസം യുകെ യിലെ നമ്മുടെ കുട്ടികളിലും യുവാക്കളിലും നിറക്കാന്‍ ചെറുപ്പം മുതലേ മക്കളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ്?

ഡോ. വിപിന്‍ റോള്‍ഡന്റ് : പദ്മഭൂഷണ്‍ ഭരത് മോഹന്‍ലാല്‍ പരിശീലനത്തിനെത്തിയതും അവിടെ ഉണ്ടായ അനുഭവങ്ങളും തീര്‍ച്ചയായും മറക്കാനാവാത്ത ഒന്നാണ്. അതിലേക്കു അദ്ദേഹത്തെയും നായക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമാ താരങ്ങളെയും നയിച്ച സാഹചര്യങ്ങളും ഉണ്ടായ വിജയകഥകളുമെല്ലാം വളരെ ആവേശകരമാണ്. നമ്മുടെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതും കുട്ടികളും യുവാക്കളും തിരിച്ചറിയേണ്ടതുമായ ഒട്ടനവധി നല്ല ആശയങ്ങള്‍ അതില്‍ നിന്നും പങ്കു വക്കാനുണ്ട്.

ഷിബു: എനിക്ക് തോന്നുന്നു. പ്രവാസി കളുടെ യുവതലമുറക്ക് ആന്തരികോര്‍ജ്ജം പകര്‍ന്നു നല്‍കുന്ന ആ ആശയങ്ങളും സംഭവങ്ങളും വിശദമായി അടുത്ത തവണ നമുക്കുള്‍ക്കൊള്ളിക്കാം. സ്ഥല പരിമിതിമൂലം ഇന്നത്തെ ഇന്റര്‍വ്യൂ അവസാനിപ്പിക്കുകയാണ്. ഇന്ന് പങ്കു വച്ച എല്ലാ ആശയങ്ങള്‍ക്കും ഒരുപാടു നന്ദി.

സമയം രാവിലെ ഏഴു മണി കഴിഞ്ഞതേയുള്ളൂ. മാക്‌ഫാസ്റ്റ് കോളേജിൽ നിന്ന് അതിരാവിലെ യാത്ര പുറപ്പെട്ട 20 വിദ്യാർഥികളും നാല് അധ്യാപകരും അടങ്ങുന്ന ഞങ്ങളുടെ സംഘം കോന്നി ഫോറസ്റ്റ് ഡിവിഷൻ ഭാഗമായ ഞള്ളൂരിൽ എത്തിച്ചേർന്നിരിക്കുകയാണ്. അവിടെ ഞങ്ങളെയും കാത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ ജി .ശ്രീജിത്തും വാച്ചർ മാരായ രഘുവും മണിയനും കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇനി ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ഇവരുടെ നേതൃത്വത്തിലാണ്.

ഫോറസ്റ്റ് ഓഫീസർ ജി .ശ്രീജിത്തും സംഘാങ്ങളും

ഞങ്ങൾ കാട്ടുവഴികളിലൂടെ കാടിനെ അനുഭവിച്ചും ശ്വസിച്ചും കിളികളുടെ കളകൂജനം കാതോർത്ത് നടന്നു. വേഴാമ്പൽ ഉൾപ്പെടെയുള്ള അപൂർവ്വ ഇനം കിളികളെ കണ്ടതിലുള്ള ആവേശത്തിൽ ഞങ്ങളുടെ സ്വരം കാടിന്റെ നിശബ്ദതയെ ഇടയ്ക്കിടെ ഭജ്ഞിക്കുമ്പോൾ രഘു ഞങ്ങളെ വിലക്കുന്നുണ്ടായിരുന്നു. “കാടിനുള്ളിലേക്ക് നമ്മൾ യാത്ര ചെയ്യുന്നത് ഒരു തീർത്ഥാടനം പോലെ ആകണം. നമ്മുടെ പ്രവർത്തികളൊ സ്വരമോ ഇവിടുത്തെ സ്ഥിരതാമസകാർക്ക് ഒരു രീതിയിലും അലോസരം ഉണ്ടാകാൻ പാടില്ല “ശ്രീജിത്ത് പറഞ്ഞു.

കുന്തിരിക്കമരത്തിന് ചുറ്റും

യാത്രയുടെ ഇടയ്ക്ക് ഞങ്ങളുടെ പാത കടന്നുപോകുന്നത് ചെങ്ങറ സമര ഭൂമിയുടെ സമീപത്തുകൂടി ആയിരുന്നു. ചെങ്ങറ സമരഭൂമിയിലെ ചെറിയ ചെറിയ കൂരകളിൽ നിന്ന് ഞങ്ങളെ വീക്ഷിക്കുന്ന സമരക്കാർ. അവിടെ കാടിന്റെ അതിർവരമ്പുകൾ നിർണയിക്കുന്ന ജിൻഡ വാച്ചർ മണിയൻ ഞങ്ങളെ പരിചയപ്പെടുത്തി.

വാച്ചർ രഘുവിന്റെ കാട്ടറിവുകൾ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. ദന്തപാല എന്ന ത്വക്ക് രോഗങ്ങൾക്ക് പ്രതിവിധി ആയി ഉപയോഗിക്കുന്ന ഔഷധഗുണമുള്ള ചെടിയെക്കുറിച്ച്, എങ്ങനെ അത് ഉപയോഗിച്ച് മരുന്നുകൾ ഉണ്ടാക്കാം എന്നത് ഉൾപ്പെടെ ഒരു നീണ്ട വിവരണം തന്നെ അയാൾ നൽകി. ചെറിയ പ്രാണികളുടെ ഒരു കൂട്ടത്തെ കണ്ടപ്പോൾ അയാൾ പറഞ്ഞു. “ഇതാണ് പൂത അടുത്ത് എവിടെയോ കാട്ടുപന്നി ഉണ്ട്”.

കാട്ടറിവുകളുടെ സർവകലാശാല : വാച്ചർ രഘുവിനൊപ്പം

വർഷങ്ങൾകൊണ്ട് ആർജ്ജിച്ച കാടിന്റെ തിരിച്ചറിവുകൾ. കുട്ടികളുടെ സ്വരം ഇടയ്ക്കൊക്കെ ഉയരുമ്പോൾ രഘു അസ്വസ്ഥനാകുന്നത് എനിക്ക് കാണാമായിരുന്നു. ഇടയ്ക്കൊക്കെ ചെവികൂർപ്പിച്ചു കാതോർത്ത് നിന്ന് രഘു പറഞ്ഞു “നമ്മുടെ സ്വരം കേട്ടാൽ ചെവിയടി നിൽക്കും ” ആനകൾ സ്വൈര്യമായി വിഹരിക്കുമ്പോൾ ചെവി വിശറിപോലെ വീശുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ ആണ് രഘു ചെവിയടി എന്ന് പറഞ്ഞത്. ആനയുടെ സാമീപ്യം അറിയാൻ രഘുവിന്റെ കാട്ടറിവാണ് ചെവിഅടിക്ക് വേണ്ടി കാതോർക്കുക എന്നത്. മനുഷ്യന്റെ സാമീപ്യം ശബ്ദത്തിലൂടെയോ ഘ്രാണത്തിലൂടെയോ ജന്മസിദ്ധമായ ചോദനകളോടെ മനസ്സിലാക്കുന്ന കാട്ടാനകൾ ചെവി അടി നിർത്തി നിശബ്ദമാകുമ്പോൾ അവരുടെ സാമീപ്യം നമുക്ക് തിരിച്ചറിയാൻ കഴിയില്ല എന്നതാണ് രഘുവിനെ തിയറി. കിലോമീറ്ററുകളോളം ഉൾവനത്തിൽ ആണ് ഞങ്ങൾ. വഴിയിലുടനീളം ആനപ്പിണ്ടത്തിൽ സാന്നിധ്യം. ഉടനെ തന്നെ ഞങ്ങളുടെ പാതയിൽ ഒരു കരിവീരൻ വരുമോ എന്ന ഉൾഭയം എല്ലാവരിലും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള രഘുവിൻെറ ഉത്കണ്ഠ അയാളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ എനിക്ക് പറ്റുമായിരുന്നു .

കാട്ടുപൂവിന്റെ മനോഹാരിത

പടുകൂറ്റൻ മരങ്ങൾ ,നൂറ്റാണ്ടുകൾ പഴക്കമുള്ളത് . കാലഘട്ടം ഏതായിരിക്കും ? ഒരുപക്ഷെ മാർത്താണ്ഡ വർമയേക്കാൾ പ്രായം ഉള്ള വൃക്ഷങ്ങൾ (1758 AD ) . ശ്രീജിത്ത് പറഞ്ഞപ്പോൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ഒരു യാത്ര പോലെ , പടുകൂറ്റൻ മരങ്ങളെ സ്പർശിക്കുപ്പോൾ ഏതോ ഒരു ജന്മാന്തര ബന്ധത്തിന്റെ കണ്ണികൾ ആകും പോലെ . കൂട്ടത്തിൽ ഒരു കുന്തിരിക്ക വൃക്ഷത്തിനുചുറ്റും ഞങ്ങൾ ഒട്ടേറെനേരം ചിലവഴിച്ചു . എങ്ങനെ ആണ് കുന്തിരിക്കം , ഇഞ്ച തുടങ്ങിയ വന വിഭവങ്ങൾ ശേഖരിക്കുന്നത് എന്ന് മണിയൻ ഞങ്ങൾക്ക് പറഞ്ഞുതന്നു.

 

കല്ലാറിൽ അല്പം വിശ്രമം

അഞ്ചു കിലോമീറ്ററോളം കഴിഞ്ഞപ്പോൾ ഞങ്ങളുടെ യാത്ര കല്ലാറിലെ കരയിലൂടെ ആയി. പിന്നെ ആറ്റിലിറങ്ങി ശരീരവും മനസ്സും തണുപ്പിച്ച് ഒരു ചെറു വിശ്രമം . വംശനാശഭീഷണി നേരിടുന്ന അപൂർവയിനം മത്സ്യങ്ങളുടെ കലവറയാണ് കല്ലാർ എന്ന് ശ്രീജിത്ത് പറഞ്ഞു. കെഎസ്ഇബി യിലും വാട്ടർ അതോറിറ്റിയിലും ജോലി ഉപേക്ഷിച്ച് കാടിനോടുള്ള സ്നേഹം മൂലം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജോലിക്കു ചേർന്ന ശ്രീജിത്തിനോട് അതിയായ ബഹുമാനം തോന്നി. കഴിഞ്ഞ പ്രളയത്തിൻെറ അവശേഷിപ്പായി രണ്ടാൾ പൊക്കത്തിൽ ആറ്റുതീരത്തെ മരക്കൊമ്പുകളിൽ പ്ലാസ്റ്റിക് മാലിന്യം നൊമ്പര കാഴ്ചയായി. ഒരു കിലോമീറ്ററോളം ഞങ്ങളുടെ യാത്ര ആറ്റിലൂടെ ആയിരുന്നു. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കല്ലാറിൽ നിറയെ കല്ലുകൾ ആണ്. ആറ്റിലൂടെ ഉള്ള നടത്തം വേഗത കുറച്ചപ്പോൾ പിന്നെ എല്ലാവരും നടത്തം കാട്ടുപാതയിലൂടെ ആക്കി. പിന്നീടുള്ള സമയം ശരീരത്തിൽ നിന്ന് രക്തം കുടിക്കുന്ന അട്ടയായിരുന്നു താരം. മിക്കവരുടെയും കാലുകളിൽ രക്തം കുടിച്ചു വീർത്ത അട്ടകൾ. കയ്യിൽ കരുതിയിരുന്ന ഉപ്പ് പ്രയോജനപ്പെട്ടു .

ഉച്ചയോടടുത്ത സമയം അടവിയിൽ എത്തിച്ചേരുമ്പോൾ ഞള്ളൂരിൽ തുടങ്ങി ഉടുമ്പന്നൂര് കല്ലാറ് മുണ്ടുകമുഴി വഴി ഏകദേശം 8 കിലോമീറ്റർ ഞങ്ങൾ പിന്നിട്ടിരുന്നു. യാത്ര അവസാനിക്കുമ്പോൾ എല്ലാവരുടെയും മുഖത്ത് ക്ഷീണത്തെകാൾ ഉപരി കാടിൻെറ നിശബ്ദതയിലും സൗന്ദര്യത്തിലും ആവാഹിച്ച ഊർജ്ജവും സന്തോഷവും നിറഞ്ഞുനിന്നിരുന്നു.

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

 

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.

 

 

പെരിയാർ ഞങ്ങൾ കടുങ്ങല്ലൂർകാർക്ക് എന്നും ഒരു കളിക്കൂട്ടുകാരൻ ആയിരുന്നു. കുട്ടിക്കാലം മുതൽ എല്ലാ വീട്ടിലും കേൾക്കുന്ന ഒരു പല്ലവിയുണ്ട് . ‘അമ്മേ ഞങ്ങൾ പുഴേപ്പോണൂ’ എന്നത് . അത്രയും സുരക്ഷിതമായ ഒരു കളിസ്ഥലമായിരുന്നു ശാന്തമായി ഒഴുകിയിരുന്ന പെരിയാർ .

2018 ആഗസ്ത് 14 .സ്വാതന്ത്ര ദിനത്തലേന്ന് രാത്രിയാണ് പുഴയിൽ വെള്ളം കയറുന്നു എന്ന ‘ സന്തോഷകരമായ ‘ വാർത്ത ഞങ്ങൾ അറിയുന്നത് . റോഡുകളിൽ, ഇടവഴികളിൽ മുട്ടോളം വെള്ളവുമായി വന്ന് പുഴ ഞങ്ങളെ വീട്ടിൽ വന്നു കണ്ട് തിരിച്ചുപോകുന്നത് ഒരു സ്ഥിരം പരിപാടി ആയത്കൊണ്ട് എല്ലാവരും സാധാരണ മട്ടിൽ ഒരുങ്ങിയിരുന്നു . പക്ഷേ , ഇത്തവണ കാര്യങ്ങൾ പന്തിയല്ലെന്ന് 15 – )൦ തീയതി പകലോടെ മനസ്സിലായി തുടങ്ങി . 99 ലെ വെള്ളപ്പൊക്കത്തിലെ വീരകഥകളും ദയനീയ സ്ഥിതിയും പുതുക്കി എഴുതുന്ന പ്രളയമാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങൾ ഓരോരുത്തരും ഭീതിയോടെ തിരിച്ചറിഞ്ഞു തുടങ്ങി . അപ്പോഴേക്കും പ്രദേശത്തെ വൈദ്യുതിബന്ധം വിശ്ചേദിക്കപ്പെട്ടിരുന്നു .

ഒരു നില മാത്രം ഉള്ള എന്റ്റെ വീടിനുള്ളിൽ വെള്ളം ഇരച്ചു കയറിയതോടെ ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ ഞങ്ങൾ ആറ൦ഗസംഘം തൊട്ടടുത്ത് ഇരുനിലയുള്ള തറവാട്ട് വീട്ടിലേക്ക് മാറി . അടുത്തുള്ള സ്വന്തക്കാരുടെ വീടുകളിലെ ഒരു ചെറുസംഘം കൂടി അങ്ങോട്ടെത്തി . 99 ലെ വെള്ളപ്പൊക്കത്തിൽ നടവരെ മാത്രം വെള്ളം കയറിയിരുന്ന ആ വീടിന്റെ രണ്ടാം നിലയിൽ ഇനിയെന്തുചെയ്യും എന്ന് കരുതി ഞങ്ങൾ കൂടിയിരുന്നു , സ്ത്രീകളും കുട്ടികളും അടക്കം 13 പേർ . എന്റ്റെ ചെറിയ മകൾ മുതൽ 82 വയസ്സുള്ള അച്ഛനും ഉൾപ്പെട്ട സംഘത്തിൽ യുവാക്കളായി ഞാനും ജേഷ്ഠനും മാത്രമാണുള്ളത് .

ഒരു എണ്ണവിളക്കിന്റെ വെളിച്ചത്തിൽ രാത്രി എല്ലാവരും വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പുഴ പല പുതിയ കൈവഴികളായി വീടിന്റെ നാലുവശവും പരക്കുകയായിരുന്നു .മതിലുകൾ ഓരോന്നായി ഇടിഞ്ഞു വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം ഭീതിയോടെ ഞങ്ങൾ കേട്ടു . മൂന്നാം ദിവസം കുടിക്കാൻ ശേഖരിച്ചുവെച്ച മഴവെള്ളവും തീർന്നതോടെ എല്ലാവരുടെയും മുഖത്തും ഭീതിയുടെ നിഴലുകളായി . രണ്ടു പറമ്പുകൾക്കപ്പുറമായിരുന്ന പുഴ ഇതാ വീടിനു മുന്നിലൂടെ അനേകം ചുഴികളായി ഒഴുകുന്നത് നടുക്കത്തോടെ നോക്കി നിന്നു . രക്ഷാപ്രവർത്തകരുടെ വള്ളങ്ങൾ ദൂരെ റോഡിനെ മൂടിയ വെള്ളത്തിലൂടെ കണ്ട് കടും നിറത്തിലുള്ള ഉടുപ്പുകൾ ഉയർത്തി വീശി ഞങ്ങൾ കൂവി വിളിച്ചു .

പുഴയുടെ വളരെ അടുത്ത് ആയതിനാൽ വലിയ കുത്തൊഴുക്കോടെയാണ് വീടിനു മുന്നിലൂടെ കരയിലേക്കുവന്ന് പെരിയാർ രൗദ്ര ഭാവം പൂണ്ടത് . കുത്തൊഴുക്ക് കാരണം ഞങ്ങളുടെ വഴിയിലേക്ക് വള്ളം അടുപ്പിക്കാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രെമം വിഫ ലമാകുന്നതും നോക്കി നിന്നു നെടുവീർപ്പിട്ടു .അടുത്ത വീടുകളിൽ നിന്ന് ഭക്ഷണവും വെള്ളവും തീർന്ന നില വിളികൾ ഞങ്ങൾ പുരപ്പുറത്തിരുന്നു കണ്ടും കെട്ടും അറിഞ്ഞു .എല്ലാവരും തീർത്തും നിസ്സഹായരായിരുന്നു, ദിവസങ്ങൾക്ക് ശേഷം പ്രദേശത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകരും ഹെലികോപ്റ്ററുകളും വള്ളങ്ങളും എത്തിത്തുടങ്ങി .

മത്സ്യത്തൊഴിലാളികളും തീരദേശപോലീസും ഉൾപ്പെടെയുള്ളവർ രക്ഷകരായെത്തി . ഇതിനിടെ എഞ്ചിൻ ഘടിപ്പിച്ച ഫൈബർ വള്ളങ്ങൾ ഒഴുക്കിൽപ്പെട്ട് മതിലിൽ ഇടിച്ചു തകർന്നു . വഞ്ചിക്കാരുടെയും ഹെലികോപ്ടറിന്റെയും ശ്രെദ്ധ കിട്ടാനായി ഞങ്ങൾ കൂടുതൽ സമയവും ടെറസിനു മുകളിൽ ആയിരുന്നു . ഞങ്ങളെക്കാൾ പുഴയോട് അടുത്തുള്ള ഉളിയന്നൂർ, ഏലൂക്കര ഭാഗങ്ങളിലെ വീടുകളിൽ ഹെലികോപ്റ്റർ മരങ്ങൾക്കിടയിലൂടെ അപകടകരമായ വിധത്തിൽ താഴ്നിറങ്ങി ഭക്ഷണപ്പൊതികൾ ഇട്ടുകൊടുക്കുന്നതും എയർ ലിഫ്റ്റ് ചെയ്യുന്നതും കണ്ടിരുന്നു .
നാലാം ദിവസം മത്സ്യത്തൊഴിലാളികളുടെ ഒരു വള്ളം ഞങ്ങളെ രക്ഷിക്കാനുള്ള ശ്രെമങ്ങൾ തുടങ്ങി . വള്ളം വീട്ടിലേക്ക് എത്തിക്കാനാവില്ലെന്നു ഉറപ്പായതോടെ വള്ളം റോഡിൽ കെട്ടിയിട്ട് ഒരു വലിയ വടം വീട്ടിലേക്ക് നീട്ടിക്കെട്ടി .വലിയ റബ്ബർ ട്യൂബിൽ ഓരോരുത്തരെ ഇരുത്തി അവർ വടത്തിൽ പിടിച്ച് നീന്തി വള്ളത്തിലെത്തിച്ചു . നാം പേരറിയാത്ത ഒരുപാട് പേരോട് ജീവിതം കൊണ്ട് കടപ്പെട്ടിരിക്കുന്നു എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത് . ഈ ഒഴുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രം സാധ്യമായ വഴക്കത്തോടെ ഓരോ വളവുകളും തിരിവുകളും പിന്നിട്ട് അവർ ഞങ്ങളെ ആലുവയിൽ എത്തിച്ചു .മൊബൈൽ ഫോൺ ചാർജ് ചെയ്തതോടെയാണ് ഞങ്ങളുടെ പരിസരങ്ങളിൽ ഇനിയും കൂടുതൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന വിവരം അരിഞ്ഞത് . കടുങ്ങല്ലൂരിലെ ‘എസ് ‘ വളവ് എന്ന് വിളിപ്പേരുള്ള വളവിലൂടെ വള്ളം കൊണ്ടുപോകാൻ പറ്റുന്നില്ലെന്നു അറിഞ്ഞതോടെ അവിടെയുള്ളവരുടെ കാര്യം ഓർത്ത് കൂടുതൽ ഭീതിയിലായി .പലരെയും പിറ്റേദിവസം ഹെലികോപ്റ്ററുകളിലും നാവികസേനയുടെ ബോട്ടുകളിലും രക്ഷപ്പെടുത്തിയതായി പിറ്റേന്ന് അറിഞ്ഞു .

വെള്ളം സാവധാനം ഇറങ്ങിത്തുടങ്ങിയപ്പോൾ ഞാനും ജേഷ്ഠനും കടുങ്ങല്ലൂരിലേക്ക് മുട്ടോളം വെള്ളത്തിൽ നീന്തിയെത്തി .അപ്പോഴുള്ള കാഴ്ചയായിരുന്നു മനസ്സിന് കൂടുതൽ നടുക്കം തന്നത് . ആകാശത്തിലൂടെ ചില പക്ഷികൾ പറന്നു പോകുന്നത് ഒഴിച്ചാൽ ജീവനുള്ള ഒരാളെയോ ജീവിയെയോ അടുത്തെങ്ങും കാണാനില്ല . ഭയാനകമായ ഒരു നിശബ്ദത ആയിരുന്നു ചുറ്റിനും .ഭയം എന്ന വികാരം എന്താണെന്നു തിരിച്ചറിഞ്ഞ നിമിഷം . അകലെ കേട്ടറിവ് പോലും ഇല്ലാത്ത സ്ഥലത്തു സൃഷ്ടിച്ചെടുക്കുന്ന സയൻസ് ഫിക്ഷൻ കഥകളിൽ മാത്രം വായിച്ചതും , ‘അണു ബോംബിങ്ങിനു ശേഷം ‘ എന്ന അടിക്കുറിപ്പോടെ വന്ന ചിത്രങ്ങളിൽ മാത്രം കണ്ടതുമായ , മനസ്സിനെ നോവിപ്പിക്കുന്ന ആ വിജനതയുടെ രംഗം ഇതാ സ്വന്തം കണ്മുന്നിൽ .


പ്രളയം മുഴുവനായി മുക്കിക്കളഞ്ഞ് സർവ്വതും നാശമാക്കപ്പെട്ട എന്റെ വീടിനു ചുറ്റും കുഴഞ്ഞു മറിഞ്ഞ ചെളിയിൽ നടന്ന് ഞാൻ തറവാട് വീടിന്റെ ടെറസിനു മുകളിൽ കയറി. ചുറ്റും നോക്കി . എല്ലാ വീടുകളും അതുപോലെ തന്നെ നില്കുന്നു .ആരും അകത്തോ പുറത്തോ ഇല്ലെന്നു മാത്രം . മിക്ക വീടുകളിലും അകത്തും പുറത്തുമായി ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് .മൊബൈലിൽ വന്ന സന്ദേശങ്ങൾ ഓരോന്നായി വായിച്ചു .

ആദ്യത്തെ അമ്പരപ്പിനും നിസ്സംഗതക്കും ശേഷം ഒന്നാലോചിച്ചപ്പോൾ മനസ്സിൽ ഒരുപാടുകാര്യങ്ങൾ ഇരച്ചുവന്നു . വില കൊടുത്തു വാങ്ങാവുന്ന സാധനങ്ങളേ പ്രളയത്തിൽ നഷ്ടമായിട്ടുള്ളൂ . വിലമതിക്കാനാകാത്ത കുടുംബം കൂട്ടുകാർ നാട്ടുകാർ എല്ലാം സുരക്ഷിതർ .നന്ദി എന്ന വാക്ക് ഒരാത്മഗതം പോലെ മനസ്സിൽ നിറഞ്ഞു തുളുമ്പി . അച്ഛൻ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിലേക്ക് എത്താൻ റബ്ബർ ട്യൂബിൽ കയറാൻ നേരം അഴിച്ചിട്ട വെള്ളമുണ്ട് അടുത്ത് കിടപ്പുണ്ട്.  അതെടുത്തു കീറി THANKS എന്ന് ടെറസിനു മുകളിൽ എഴുതി . ആരോടെന്നില്ലാതെ ആയിരങ്ങളുടെ മനസ്സിൽ നിറഞ്ഞ നന്ദിയോടെ ഉള്ള പ്രാർത്ഥന എന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതായിരിക്കണം. ആ പ്രാർത്ഥനകളെയാണ്‌ നമ്മൾ ദൈവം എന്നു വിളിക്കുന്നതെങ്കിൽ അത് ദൈവത്തിനും കൂടിയുള്ള നന്ദിയായിരുന്നു .

ആ അക്ഷരങ്ങളിൽ നമ്മുടെ മത്സ്യതൊഴിലാളികൾക്കും നാവിക സേനക്കും പോലീസുകാർക്കും പിന്നെ പേരും പദവിയും അറിയാത്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഉള്ള നന്ദിയുണ്ട് .
നല്ല നാളെകളിലേക്ക് നോക്കിയിരിക്കാൻ ആ നന്ദിയുടെ പ്രകാശം നമ്മൾ മലയാളിയുടെ ചുറ്റും കൂടുതൽ തിളങ്ങിനിൽക്കട്ടെ …..

ധനപാൽ : ആലുവ കടുങ്ങല്ലൂരിൽ താമസം. എറണാകുളത്ത് ഐ.  ടി   കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ്‌ . ഭാര്യ ദീപ ചേർത്തല എൻ .എസ് .എസ് കോളേജിൽ അദ്ധ്യാപിക  . 2 മക്കൾ, മൂത്ത മകൻ അർജുൻ 8 – ) o ക്ലാസ്സിൽ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ കാക്കനാടിൽ പഠിക്കുന്നു , ഇളയ മകൾ ഐശ്വര്യ   3 വയസ്സ്   .

ധനപാൽ THANKS എന്ന് ടെറസിനു മുകളിൽ എഴുതിയത് നേവി ഫോട്ടോയെടുത്തു ഒഫീഷ്യൽ വെബ്സൈറ്റിറ്റിൽ നൽകിയിരുന്നത് ബിബിസി ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ മാധ്യമങ്ങൾ വളെരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെതിരുന്നു

 

 

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.

ലോകത്തിലെ ആദ്യത്തെ ബിഹേവിയര്‍ മേക് ഓവര്‍ (Behaviour Makeover) സ്റ്റുഡിയോയുടെ (ROLDANT REJUVENATION, A Mind Behaviour Studio) സ്ഥാപനത്തിലൂടെ ലോകമനഃശാസ്ത്ര ഭൂപടത്തില്‍ വ്യത്യസ്തമായ ഒരു വഴി വെട്ടിത്തുറന്ന ആഗോളപ്രശസ്തനായ മനഃശാസ്ത്രജ്ഞന്‍…
100 വര്‍ഷത്തിലേറെ പഴക്കമുള്ള ലോകപ്രശസ്തമായ റിയല്‍ മാഡ്രിഡ് (Real Madrid) ഫുട്‌ബോള്‍ ക്ലബിന് അവരുടെ മങ്ങിപ്പോയിരുന്ന പ്രകടനം തിരികെ പിടിക്കുവാന്‍ പര്യാപ്തമായ മനഃശാസ്ത്ര പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ച ആദ്യ ഏഷ്യന്‍ വംശജന്‍…
ആദ്യ ഭാരതീയന്‍ ..
അതിലുമുപരി ആദ്യ മലയാളി!, വെള്ളിത്തിരയിലൂടെയെത്തി നമ്മെ മോഹിപ്പിക്കുകയും നമ്മുടെ ആരാധനാപാത്രമാവുകയും ചെയ്യുന്ന ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍ കാണുവാനും വ്യക്തിപരമായി സംസാരിക്കുവാനും താല്പര്യമെടുക്കുന്ന അവരുടെ സെലിബ്രിറ്റി സൈക്കോളജിസ്റ്റ്…
ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിംഗ് താരമടക്കം ഇന്ത്യക്കു വേണ്ടി രാജ്യാന്തര മത്സരങ്ങള്‍ കളിച്ച മൂന്നു മലയാളി ക്രിക്കറ്റ് താരങ്ങള്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാസ്മരികമായ പ്രകടനം കാഴ്ചവെച്ച നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്കും തങ്ങളുടെ പ്രകടനം മെച്ചപ്പെടുവാന്‍ വേണ്ട മാനസിക പരിശീലനം നല്‍കിയ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്….
ഇന്ത്യയിലും വിദേശത്തുമായി പരന്നു കിടക്കുന്ന മള്‍ട്ടി മില്യണ്‍ ബിസിനസ് സാമ്രാജ്യത്തിനുടമകളായ ഒട്ടനവധി വ്യവസായ പ്രമുഖരുടെ പേഴ്‌സണല്‍ കോച്ചും ബിസിനസ്സ് സൈക്കോളജിസ്റ്റും….
തെറ്റിപ്പിരിയേണ്ടിയിരുന്ന ദമ്പതികളെ രമ്യതയിലേക്കെത്തിച്ചു ഭവനാന്തരീക്ഷം സമാധാനം നിറഞ്ഞതാക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന ഫാമിലി കൗണ്‍സിലറും തെറാപ്പിസ്റ്റും …
ആവേശം അണപൊട്ടിയൊഴുകുന്ന അനേകമനേകം വേദികളിലൂടെ ആര്‍ത്തിരമ്പുന്ന കൗമാര യുവജന മനസുകളില്‍ ആത്മവിശ്വാസത്തിന്റെ കരുത്തു പകര്‍ന്നു കൊടുക്കുന്ന പ്രഭാഷകനും പ്രചോദനാത്മക പരിശീലകനും…
പഠനമികവ് വര്‍ദ്ധിപ്പിച്ചു പരീക്ഷകളില്‍ ഉന്നത വിജയം നേടാനും, ശരിയായ കരിയര്‍ കണ്ടെത്തി ജീവിതത്തില്‍ വിജയിക്കുവാനും, മികച്ച വ്യക്തിത്വമുള്ളവരാകുവാനും അനേകായിരം സ്‌കൂള്‍ കോളേജ് എന്‍ട്രന്‍സ് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന അവരുടെ അക്കാഡമിക് ആന്‍ഡ് കരിയര്‍ ഗുരുവും പെര്‍ഫോമന്‍സ് കോച്ചും ….
പട്ടികകള്‍ അമ്പരപ്പുളവാക്കി നീളുകയാണ് ..
ഒരു മനഃശാസ്ത്രഞ്ജന്റെ വ്യത്യസ്ത മേഖലകളിലുള്ള അപാരമായ വേഷപ്പകര്‍ച്ച മലയാളം യൂകെയുടെ എഡിറ്റോറിയല്‍ ടീമിന് വലിയൊരു ആവേശമായി. മനഃശാസ്ത്രത്തിന്റെ വിവിധങ്ങളായ സാദ്ധ്യതകള്‍ ജനമധ്യത്തിലേക്കെത്തിച്ചു മനഃശാസ്ത്ര മേഖലയെ സമൂഹത്തിനിടയില്‍ തരംഗമാക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ആധുനിക മനഃശാസ്ത്രത്തിന്റെ ശോഭയേറിയ മുഖം. കലാ സാഹിത്യ പ്രഭാഷണ അഭിനയ സംഗീത നൃത്ത മേഖലകളിലെ തന്റെ താല്പര്യവും മിടുക്കും മനഃശാസ്ത്ര സിദ്ധാന്തങ്ങളുമായി ചേര്‍ത്തിണക്കി അതി നൂതനമായ വിദ്യാഭ്യാസ കോര്‍പറേറ്റ് പരിശീലന പദ്ധതി വികസിപ്പിച്ചെടുത്ത ശരിക്കും പത്തു തലയുള്ള രാവണന്‍. പ്രതിഭയൊട്ടും ചോരാതെ മുന്നിട്ടിറങ്ങിയിടത്തെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച, നാം മനസിരുത്തി മനസിലാക്കാന്‍ വൈകിപ്പോയ ഹ്യൂമന്‍ റിസോഴ്‌സ് പരിശീലന രംഗത്തെ അതികായനും, അന്താരാഷ്ട്ര പരിശീലകനുമായ മലയാളി മനഃശാസ്ത്രഞ്ജന്റെ മനസ് തേടിയുള്ള യാത്രയാണിത് .

ഷിബു: യുകെ മലയാളത്തിന്റെ പ്രീയപ്പെട്ട വായനക്കാര്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു ഓണസമ്മാനമാണ് ഈ ഇന്റര്‍വ്യൂ. പിന്നിട്ട വഴികളെക്കുറിച്ചാലോചിക്കുമ്പോള്‍ എന്തു തോന്നുന്നു. അഭിമാനമാണോ??
അതോ അത്ഭുതമാണോ ??

ഡോ. വിപിന്‍ റോള്‍ഡന്റ്: രണ്ടും ഉണ്ട്, ഉണ്ടാകാറുമുണ്ട്. പാരമ്പര്യത്തിന്റെ നന്മകള്‍ വിനയപൂര്‍വം അനുസ്മരിക്കുന്ന ഒരു സാധാരണ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു മലയാളിക്ക് ലോകത്തെവിടെയും സധൈര്യം കടന്നു ചെല്ലാന്‍ കരുത്തുണ്ട് എന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞ വര്‍ഷങ്ങളിലൂടെയാണ് ഇക്കാലമത്രയും കടന്നു വന്നത് . അഹങ്കരിക്കാന്‍ ഒന്നുമില്ല എല്ലാം ദൈവത്തിന്റെ ദാനം.. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ദൈവം തന്നതല്ലാതൊന്നും ഇല്ല എന്‍ ജീവിതത്തില്‍ എന്ന ഗാനം പോലെയാണ് എന്റെ ജീവിതം. അതുകൊണ്ട്, നന്ദി നിറഞ്ഞ മനസ്സോടെ പ്രപഞ്ചം എനിക്കായി കരുതി വെച്ചിരിക്കുന്ന പുത്തന്‍ അത്ഭുതങ്ങള്‍ കാത്തിരിക്കുകയാണ്.

ഷിബു: മനസ്സിന്റെ അസ്വസ്ഥതകള്‍ പരിഹരിക്കപ്പെടുന്ന മേഖലകളായ മാനസികാരോഗ്യകേന്ദ്രം, റീഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങി നിലവിലുള്ള ചികിത്സ സംവിധാനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുകയാണ് മനഃശാസ്ത്ര രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തിയ ബിഹേവിയര്‍ സ്റ്റുഡിയോ, പെര്‍ഫോമന്‍സ് സ്റ്റുഡിയോ തുടങ്ങിയ താങ്കളുടെ നൂതന സംരംഭങ്ങള്‍. എന്താണിതിന്റെ പ്രത്യേകത?

ഡോ. വിപിന്‍ റോള്‍ഡന്റ്: പരമ്പരാഗത ചികിത്സാ രീതികളില്‍ നിന്നും ഞങ്ങളുടെ ബിഹേവിയര്‍ സ്റ്റുഡിയോ വ്യത്യസ്തമാണ് എന്നത് തന്നെയാണ് പ്രത്യേകത. മാനസിക അസ്വസ്ഥതകള്‍ വന്നാല്‍ മനഃശാസ്ത്രജ്ഞനെ പോയി കാണൂ എന്നു പറയുമ്പോള്‍, എനിക്ക് വട്ടില്ല ഭ്രാന്തില്ല എന്നീ മറുപടികളാണ് നമുക്ക് കിട്ടുക. മനഃശാസ്ത്ര രംഗം എന്നാല്‍ വട്ട്, ഭ്രാന്ത് എന്ന രീതിയില്‍ നമ്മുടെ സമൂഹം ചിന്തിക്കാനുള്ള കാരണം സിനിമകള്‍ പോലുള്ള മാധ്യമങ്ങളാണ് എന്നുതന്നെ പറയാം. ഇങ്ങനെയുള്ള ചിന്തകള്‍ വരാതെ ഏതൊരു വ്യക്തിക്കും തന്റെ കാര്‍ഡിയോളജിസ്റ്റിന്റെ അല്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോകാന്‍ സാധിക്കുന്നത് പോലെതന്നെ തന്റെ സൈക്കോളജിസ്റ്റ്‌നെയും കാണാന്‍ പോകാന്‍ പറ്റുന്ന രീതിയിലുള്ള ഒരു അന്തരീക്ഷമാണ് ബിഹേവിയര്‍ സ്റ്റുഡിയോയില്‍ ഒരുക്കിയിട്ടുള്ളത്. ഒരു ക്ലിനിക്കില്‍ വന്നു മനഃശാസ്ത്രജ്ഞനെ കാണുക എന്ന രീതിയില്‍ ഒഴുവാക്കി ഒരു ഫൈവ് സ്റ്റാര്‍ അന്തരീക്ഷത്തില്‍, തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് താന്‍ അനുഭവിക്കുന്ന മാനസ്സിക പ്രയാസങ്ങള്‍ പങ്കുവെച്ചു പരിഹാരം കണ്ടെത്തി സന്തോഷത്തോടെ തിരിച്ചു പോകുന്ന രീതിയിലാണ് ഇവിടുത്തെ സര്‍വ്വീസസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 38 രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും ഞങ്ങളുടെ സേവനം സ്വീകരിച്ചു വരുന്നുണ്ടിപ്പോള്‍.അവരുടെ രാജ്യത്തു കിട്ടുന്നതിലും പ്രൊഫഷണല്‍ ആയിട്ടും, വ്യക്തിപരമായ കരുതല്‍ നിലനിര്‍ത്തിക്കൊണ്ടും രഹസ്യാത്മകത പൂര്‍ണമായും പുലര്‍ത്തിക്കൊണ്ടും നടക്കുന്ന മനഃശാസ്ത്ര സേവനങ്ങള്‍ ഞങ്ങളില്‍ നിന്നു കിട്ടുന്നുണ്ട് എന്ന സംതൃപ്തി നിറഞ്ഞ ഫീഡ്ബാക്ക് നമ്മുടെയും ശക്തിയാണ്.

ഷിബു : മലയാളി മനഃശാസ്ത്രജ്ഞരെ തന്നെ കിട്ടുമോ എന്ന് യൂറോപ്യന്‍ മലയാളി കുടുംബങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാറുണ്ടോ?.

ഡോ. വിപിന്‍ റോള്‍ഡാന്റ് : പലപ്പോഴും ഉണ്ട്. ഞങ്ങളുടെ ബിഹേവിയര്‍ സ്റ്റുഡിയോ എന്ന ആശയത്തോടുള്ള പ്രവാസികളുടെ താല്പര്യവും അത് തന്നെയാണ്.അവരുടെ വിദേശ രാജ്യത്തെ ജീവിതാവസ്ഥയെക്കുറിച്ചും മലയാളി കുടുംബങ്ങള്‍ നേരിടുന്ന സാംസ്‌കാരികമായ ചില ആശയക്കുഴപ്പങ്ങളെക്കുറിച്ചും വ്യക്തതയുള്ള മലയാളി മനഃശാസ്ത്രജ്ഞരാണ് യൂറോപ്പിലുള്ളവര്‍ക്കു പലപ്പോഴും അതാതു രാജ്യത്തു കിട്ടാതെ പോകുന്നത്.അത് കൊച്ചിയിലും കോട്ടയത്തുമൊക്കെ കിട്ടുക എന്നത് അവര്‍ക്കു സന്തോഷമുള്ള കാര്യമാണ്.നാട്ടിലേക്കുള്ള വരവും ഞങ്ങളുടെ അടുത്തു വരേണ്ടതുമെല്ലാം വിളിച്ചു സംസാരിച്ചു ക്രമീകരിച്ചിട്ടാണ് പല കുടുംബങ്ങളും എത്താറുള്ളത്.

ഷിബു : ശരിക്കും ശാരീരിക അസ്വസ്ഥതകള്‍ പോലെതന്നെ തുല്യ പ്രാധാന്യം നല്‍കേണ്ടുന്ന ഒന്നല്ലേ മാനസിക അസ്വസ്ഥതകളും? പിന്നെ എന്തുകൊണ്ടായിരിക്കാം ആളുകള്‍ അതത്ര കാര്യമായി കാണാത്തതും പരിഹരിക്കാന്‍ ശ്രമിക്കാത്തതും? താങ്കളുടെ പത്തൊന്‍മ്പതു വര്‍ഷക്കാലത്തെ മനഃശാസ്ത്ര സേവന രംഗത്തിലെ അനുഭവത്തിലൂടെ താങ്കള്‍ക്ക് ഇതേപ്പറ്റി എന്താണ് അഭിപ്രായം? എന്തു കാരണങ്ങള്‍ കൊണ്ടായിരിക്കാം ആളുകളില്‍ ഇങ്ങനെയൊരു മനോഭാവം വളര്‍ന്നു വന്നത് ?

ഡോ. വിപിന്‍ റോള്‍ഡന്റ്: ഞാന്‍ നേരത്തെ സൂചിപ്പിച്ചത്‌പോലെതന്നെ സിനിമകള്‍ ഇതിനകത്ത് ഒരുപാട് ദോഷം ചെയ്തിട്ടുണ്ട്. കഥയുടെ ഇമ്പം കിട്ടുന്നതിനായി മനോരോഗങ്ങളെ മസാല പുരട്ടി അതി തീവ്രമായി അവതരിപ്പിക്കുന്ന രീതിയിലാണ് പല സിനിമകളും ചിത്രീകരിച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താളവട്ടം പോലുള്ള പല സിനിമകളും . നമ്മുടെ ജീവിത ക്രമത്തില്‍ നിന്നും ഉല്‍ക്കണ്ഠ, ആകുലത, വിഷാദാവസ്ഥ, മനോസമ്മര്‍ദ്ദങ്ങള്‍, അമിത ദേഷ്യം തുടങ്ങി പലതും വളരെ സ്വാവാഭികമായി നമ്മുടെ മനസ്സില്‍ ഉണര്‍ന്നു വരാവുന്നതേയുള്ളു. മറ്റുള്ളവര്‍ അറിഞ്ഞാല്‍ അത് മാനസിക രോഗമായി മുദ്രകുത്തും എന്ന മുന്‍വിധിയോടെ ചെറു പ്രശ്‌നങ്ങളെ മൂടിവെക്കുകയും പിന്നീടത് പൊട്ടിത്തെറിക്കുന്ന തലത്തിലേക്കെത്തുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും ചിലര്‍ അറിഞ്ഞോ അറിയാതെയോ വച്ചു പുലര്‍ത്തുന്നുണ്ട്. സിനിമകള്‍ മനപ്പൂര്‍വ്വമായ തെറ്റുകള്‍ ചെയ്തു എന്നല്ല, സമൂഹത്തിനു ഏറ്റവുമധികം പ്രയോജനപ്പെടേണ്ടിയിരുന്ന മനഃശാസ്ത്ര മനോരോഗ വിദഗ്ദ്ധരെ തമാശക്കഥാപാത്രങ്ങളായി അവതരിപ്പിച്ചതിന്റ പരിണിത ഫലമായി സമൂഹം ചെറിയൊരു മാനസിക അസ്വസ്ഥത വന്നാല്‍ പോലും അതു തുറന്നു പറയാനോ വിദഗ്ദ്ധ ചികിത്സ നേടാനോ ആളുകള്‍ മടികാണിക്കുകയും ചെറിയ പ്രശ്‌നങ്ങള്‍ വലുതായി അത് വ്യക്തിയെയും കുടുംബ ജീവിതത്തെയും ബാധിക്കുന്ന തരത്തിലേക്ക് മാറുകയും ചെയ്യപ്പെടുന്നു.

ഷിബു :എങ്ങനെ മാറ്റാം ഈ അവസ്ഥയെ… മലയാളി മനസ് മാറ്റുമോ?

ഡോ. വിപിന്‍ റോള്‍ഡന്റ് :
ഈ ഒരു അവസ്ഥക്ക് മാറ്റമുണ്ടാകണമെങ്കില്‍ മനഃശാസ്ത്രത്തിന്റെ നൂറിലധികം വരുന്ന വ്യത്യസ്ത സ്‌പെഷ്യലിറ്റികള്‍ ജനങ്ങള്‍ തിരിച്ചറിയണം.മനഃശാസ്ത്ര സേവനങ്ങള്‍ എന്റെ അവകാശമാണെന്ന് തിരിച്ചറിയുന്ന കുടുംബങ്ങള്‍ മുന്നോട്ടു വരണം.പഠനത്തിലും കലയിലും സ്‌പോര്‍ട്‌സിലും കരിയര്‍ കണ്ടെത്തുന്നതിലും എന്‍ട്രന്‍സ് വിജയത്തിലും, ശരിയായ പാരന്റിംഗ് രീതികള്‍ സ്വായത്തമാക്കാനും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും ബിസിനെസ്സില്‍ വിജയിക്കുന്നതിലും ആരോഗ്യം മെച്ചമാക്കുന്നതിലും മനസ്സില്‍ കണ്ട സ്വപ്ന നേട്ടങ്ങള്‍ ഇച്ഛാശക്തിയോടെ സ്വന്തമാക്കുന്നതിലുമെല്ലാം കൂടെ നില്‍ക്കുന്ന ഉത്തമ സുഹൃത്താണ്, ബഡ്ഡി യാണ് എന്റെ മനഃശാസ്ത്രജ്ഞന്‍ എന്ന് തിരിച്ചറിയുന്ന ആത്മവിശ്വാസമുള്ള തലമുറയെ ഓരോ മേഖലയിലും വളര്‍ത്തിയെടുത്തു മുന്നേറുകയാണ് ബിഹേവിയര്‍ സ്റ്റുഡിയോ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമാന മനസ്‌കരെ അണിചേര്‍ത്തു 100ലധികം രാജ്യങ്ങളിലേക്ക് ഞങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഷിബു: ജയിലുകളില്‍ മനഃശാസ്ത്ര സേവനങ്ങള്‍ പലരും ചെയ്തിട്ടുണ്ടാകാം ചെയുന്നുണ്ടാകാം. പക്ഷേ, അവരില്‍ നിന്നും വ്യത്യസ്തനായി കേരളത്തിലെ അഞ്ചു തലത്തില്‍പെട്ട ജയിലുകളിലും സേവനം അനുഷ്ടിച്ചിട്ടുള്ള മനഃശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ കുറ്റവാളികളുടെ മാനസിക പരിവര്‍ത്തന അനുഭവങ്ങള്‍ ഒന്ന് വിവരിക്കാമോ.

ഡോ. വിപിന്‍ റോള്‍ഡന്റ്: തീര്‍ച്ചയായും, എന്നെ സംബന്ധിച്ചു അതൊരു വ്യത്യസ്തമായ അനുഭവം ആയിരുന്നു.മനഃശാസ്ത്രത്തില്‍ പി. ജി. കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് കേരള ഗവണ്‍മെന്റിന്റെ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെയും പ്രിസണ്‍ ഡിപ്പാര്‍ട്‌മെന്റിന്റെയും പ്രോജക്ടിന്റെ ഭാഗമാവാന്‍ സാധിച്ചത്. ഒരു uk ബന്ധവും ഈ ജോലിക്ക് ഉണ്ടായിരുന്നു.ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് (DfID, UK)ന്റെ പങ്കാളിത്തം ഉള്ള നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ organizationte ഒരു പ്രൊജക്റ്റ് ആയിരുന്നു ഇത്. ആറ്റിങ്ങല്‍ സബ്ജയിലിലെ ഏതാനും കുറ്റവാളികള്‍ ആയിരുന്നു ആദ്യം ലഭിച്ചത്. ക്ലാസ്സ് എടുക്കാനൊന്നും ജയിലില്‍ സൗകര്യങ്ങളിലായിരുന്നു. സെല്ലിനകത്ത് ഒരു ക്ലാസ്സ് റൂം പോലെ സജീകരിച്ച് അവിടെ വച്ചാണ് കുറ്റവാളികളുടെ കൂടെ ഇടപെട്ടത്. സംസാരിച്ചു വന്നപ്പോഴാണ് അവരെല്ലാം തന്നെ കോട്ടേഷന്‍ സംഘത്തില്‍ പെട്ട ആളുകളാണെന്നു മനസിലായത്. പിന്നീട് അട്ടകുളങ്ങര , പൂജപ്പുര , വനിതാ ജയില്‍, തുറന്ന ജയില്‍ തുടങ്ങിയ ജയിലുകളിലെ കുറ്റവാളികള്‍ക്കും മനഃശാസ്ത്ര പരിശീലനം നല്‍കി. ഇതില്‍ നിന്നെല്ലാം മനസ്സിലായ ഒരു കാര്യം, പലരും ജയിലില്‍ ആയത് അവരുടെ സ്വഭാവം നല്ലതല്ലാത്തതുകൊണ്ടല്ല, മറിച്ച് അവരുടെ ചില സമയങ്ങളിലെ പെരുമാറ്റങ്ങളോ നിയന്ത്രിക്കാന്‍ കഴിയാതെ പോയ ദേഷ്യം കാരണമോ മദ്യപാന ശീലം കാരണമോ ഒക്കെയാണ്. ഇവരെല്ലാം തന്നെ ഉള്ളിന്റെയുള്ളില്‍ നന്മയുള്ളവരും ദൈവീക സാന്നിധ്യമുള്ളവരൊക്കെ തന്നെയാണ്. പലരും പരിതപിക്കുന്നുണ്ട്. അകത്തായിപോയതില്‍ ദുഖിക്കുന്നവരുമുണ്ട്. കൊടും കുറ്റവാളികള്‍ എന്നു നമ്മള്‍ വിളിക്കപ്പെടുന്ന ഇവരുടെ ഇടയില്‍ മൂന്നു വര്‍ഷത്തെ സേവനം ഏതൊരു ബുദ്ധിമുട്ട് നിറഞ്ഞ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തക്ക രീതിയിലുള്ള ഒരു പരിശീലനം എന്നിലെ കൗണ്‍സിലിംഗ് കഴിവുകളെ ആഴത്തില്‍ ഉറപ്പിക്കാന്‍ സഹായമായി.എന്റെ കാരിയെറില്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.

ഷിബു: ചോദ്യത്തിന്റെ ഗതി ഞാന്‍ അല്പം മാറ്റുകയാണ്.മലയാളം UK യുടെ വായനക്കാര്‍ കാത്തിരുന്ന ചോദ്യം ഇനി ഞാന്‍ ചോദിക്കട്ടെ. കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തു നിന്നും ലോകകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ശക്തിയായ റിയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബിന് അവരുടെ പ്രകടനം മെച്ചപ്പെടുത്തുവാന്‍ വേണ്ടുന്ന ആശയങ്ങള്‍ നല്‍കണം എന്നു ചിന്തിക്കാന്‍ പോലും ആരും ധൈര്യപ്പെടാത്ത സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ടി ഒരു ആശയം തയ്യാറാക്കി സമര്‍പ്പിക്കുക എന്നത് തീര്‍ത്തും അസാധ്യമായ കാര്യമാണ്. അതിലേക്ക് താങ്കളെ നയിച്ച പ്രചോദനം എന്തായിരുന്നു?

ഡോ. വിപിന്‍ റോള്‍ഡന്റ്:
ചോദ്യം എനിക്കിഷ്ടപ്പെട്ടു. അതു തികച്ചും അസ്വാഭാവികത തന്നെയാണ്. കാരണം കേരളത്തിലെ ഒരു ടീമിന് വേണ്ടിയോ ഇന്ത്യയിലെ ഒരു ടീമിന് വേണ്ടിയോ പരിശീലന പരിപാടി ആവിഷ്‌കരിക്കുന്നതിന് മുന്‍പ് തന്നെ എങ്ങനെ അതിലേക്ക് എത്തി എന്നു പറഞ്ഞാല്‍ തീര്‍ച്ചയായും ദൈവത്തിലുള്ള വിശ്വാസവും നമ്മളെകൊണ്ടത് പറ്റും എന്ന ആത്മവിശ്വാസവും കൊണ്ട് തന്നെയാണ്. 2010 മുതല്‍ ഞാന്‍ അവരുടെ കളി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ താരങ്ങളാണ് അവിടെ കളിക്കുന്നത്. അവര്‍ തമ്മിലുള്ള ഒത്തിണക്കമില്ലായ്മ, പടല പിണക്കങ്ങള്‍, മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ തുടങ്ങിയവയെല്ലാം എന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി. ഇവരെല്ലാം നമ്മളെ പോലെ തന്നെ സാധാരണ മനുഷ്യര്‍ തന്നെയാണ് !! ഏതൊരു ടീമില്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങളൊക്കെതന്നെയേ അവര്‍ക്കിടയിലുമുള്ളൂ. പക്ഷെ, അതവരുടെ പ്രകടനത്തെ ബാധിക്കുകയും വിജയത്തെ പിന്നിലേക്ക് വലിക്കുകയും ചെയ്തു. അപ്പോള്‍ എന്തുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഒരു മനഃശാസ്ത്ര പരിഹാര പാക്കേജ് ആയി സമര്‍പ്പിച്ചു കൂടാ എന്ന ചിന്ത എന്നിലേക്ക് വന്നു. 2011ഇല്‍ ഒരു വേള്‍ഡ് ടൂറിന്റെ ഭാഗമായി ഞാന്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഒരു സമയവും കൂടിയായിരുന്നു. അതില്‍ ഒന്നായ പോപ്പിന്റെ നേതൃത്വത്തില്‍ ഉള്ള ഒരു വേള്‍ഡ് യൂത്ത് ഡേ നടന്നത് അത്തവണ സ്‌പെയിനില്‍ ആയിരുന്നു. ഞാനതിലേക്ക് പോകാനുള്ള ഒരു ഡെലിഗേറ്റ് ആയി നില്‍ക്കുന്ന സമയവും ആയിരുന്നു. അസാധ്യമെന്നു കരുതിയിരുന്നു എങ്കിലും അപ്പോയ്ന്റ്‌മെന്റ്‌സ് കിട്ടുകയും സാന്റിയാഗോ ബാര്‍ണ്ണbebu സ്റ്റേഡിയം ത്തില്‍ ഉള്ള ഓഫീസില്‍ മീറ്റിംഗ് നായി ചെല്ലുകയും ചെയ്തു.

ഷിബു : ഇടയ്ക്ക് ഒന്ന് ചോദിച്ചോട്ടെ… ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും നേര്‍ക്കു നേരെ എത്രയോ തവണ ഏറ്റു മുട്ടിയിട്ടുള്ള ആ സ്റ്റേഡിയം എന്ത് അനുഭവമാണ് സമ്മാനിച്ചത്.

ഡോ. വിപിന്‍ റോള്‍ഡന്റ്: അതൊരു അപാരമായ ഒരു ഫീല്‍ ആണ്. ഇപ്പോഴും ഉള്ളില്‍ ആവേശം ഉണരും അതാലോചിക്കുമ്പോള്‍. കായിക പ്രേമികള്‍ക്ക്
അത് മനസിലാകും. ഞാന്‍ ഇഷ്ടപ്പെടുന്ന റിയല്‍ മാഡ്രിഡ് ടീമിനെ വിജയപാതയിലേക്ക് തിരികെ എത്തിക്കാന്‍ എന്റെ എളിയ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് സാധിക്കും എന്ന ശക്തമായ ഒരു ചിന്തയാണ് സധൈര്യം അവിടേക്കു എത്താന്‍ എനിക്ക് ശക്തിയായത്. ജയിലില്‍ ലഭിച്ച ഉള്‍ക്കരുത്ത് ഇവിടെയും കൂട്ടായി. കൂടാതെ ബൈബിളില്‍ ഡേവിഡ് ഗോലിയാത്തിനെ കീഴടക്കിയപ്പോള്‍ ആ സാദാ പയ്യനെ ശക്തിപ്പെടുത്തിയ അതെ ആത്മാവ് എന്നിലും നിറഞ്ഞു, എന്നെ ശക്തിപ്പെടുത്തുന്ന അനുഭവം വളരെ വലുതായിട്ട് ഞാന്‍ കേരളത്തില്‍ നിന്നും പോകുമ്പോള്‍ മുതല്‍ എനിക്ക് അനുഭവിച്ചു മുന്നേറാന്‍ സാധിച്ചു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ദൈവീക ശക്തിയും ആയി കൈ കോര്‍ത്തിണക്കി ചിന്തിച്ചാല്‍ നമുക്ക് ഒന്നും തടസം ആവില്ല. നമ്മുടെ മനസിന് അത്ര മാത്രം ശക്തിയും കപ്പാസിറ്റിയും ഉണ്ട്.

ഷിബു : ഫുട്ബാള്‍ കളിയില്‍ ഒന്നുമല്ലല്ലോ നമ്മള്‍. പിന്നെങ്ങിനെ ഒരു ഭാരതീയ മനഃശാസ്ത്രനെ അവര്‍ അംഗീകരിക്കും എന്ന് ചിന്തിച്ചുവോ?

ഡോ. വിപിന്‍ റോള്‍ഡന്റ്:
അത് സ്വാഭാവികം. പക്ഷെ മറുപടി നമുക്കുണ്ട് ഇവിടെ തന്നെ. പ്രകടനം മെച്ചപ്പെടുത്താനുള്ള ഭാരതീയ മനഃശാസ്ത്ര വിദ്യകളും ഫുട്‌ബോള്‍ സൈക്കോളജി യും ചേര്‍ത്തിണക്കിയ ‘Yes Minds’എന്ന മാനസിക പരിശീലനം നല്‍കാന്‍ വേണ്ട തന്ത്രങ്ങള്‍ ആണ് റഫറന്‍സ് മാറ്റര്‍ ആയി ഞാന്‍ തയ്യാറാക്കിയത്. ദൈവസഹായത്താല്‍ ഞാന്‍ തയ്യാറാക്കിയ മാനസിക പരിശീലന പദ്ധതി അവര്‍ സ്വീകരിക്കുകയും അവര്‍ക്കുള്ള 32 ഓളം ടീമുകള്‍ക്ക് റഫറന്‍സ് മെറ്റീരിയല്‍ ആയി അത് മാറ്റാന്‍ വേണ്ട നിലയില്‍ ഉപയോഗിക്കാം എന്ന ഉറപ്പ് ലഭിക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി വരുകയും ചെയ്തു. ഒപ്പം, കേരളത്തില്‍ അത് വലിയ വാര്‍ത്തയാവുകയും ചെയ്തു. ഈ ഒരു മുന്നേറ്റം എന്റെ സ്‌പോര്‍ട്‌സ് സൈക്കോളജി കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഷിബു: ഫുട്‌ബോളില്‍ നിന്നും ആധുനിക കാലഘട്ടത്തിനാവശ്യമായ പരമപ്രധാനമായ ഒരു വിഷയത്തിലേയ്ക്ക് ചോദ്യമൊന്ന് മാറ്റുകയാണ്. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒരു പ്രതിസന്ധി അവരുടെ മക്കള്‍ ഏതു രാജ്യത്താണോ താമസിക്കുന്നത് ആ രാജ്യത്തിന്റെ കള്‍ച്ചര്‍ അഡാപ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി വിദേശ ശൈലിയിലേക്ക് മാറുന്നതും ഒക്കെയാണ്. എന്നാല്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കളും തങ്ങളെപോലെ കേരളീയ ശൈലിയില്‍ തന്നെ വളരണം എന്നുമാണ്. ഇങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം മാതാപിതാക്കളും കുട്ടികളും തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്താണ് ഒരു പരിഹാരമുള്ളത്?

ഡോ. വിപിന്‍ റോള്‍ഡന്റ്: ഈ കാലഘട്ടത്തിലെ വളരെ പരമപ്രധാനമായ ഒരു ചോദ്യമാണ് ഇത്! ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്പരപ്പുളവാക്കുന്ന സംഭവങ്ങളാണ് പ്രവാസി കുടുംബങ്ങളില്‍ നിന്ന് ദിനംപ്രതി പുറത്തു വരുന്നത്… ഒറ്റവാക്കില്‍ തീരില്ല. പറയാന്‍ ധാരാളമുണ്ട് !

പ്രിയ വായനക്കാരോട്…
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളുമായി ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും അതുമായിട്ടുള്ള പ്രശ്‌നങ്ങളും അതീവ ഗൗരവ സ്വഭാവമുള്ളതുകൊണ്ടും ദൈര്‍ഘ്യം കൂടുതലായതു കൊണ്ടും ഈ പ്രാവശ്യം ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. ഇതിന്റെ രണ്ടാം ഭാഗം അടുത്ത ഞായറാഴ്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ജോജി തോമസ്

അടുത്ത കാലത്തു കേന്ദ്ര ഗവൺമെന്ററിൻെറ ഭാഗത്തുനിന്നുണ്ടായ രണ്ട് നിർണ്ണായ നീക്കങ്ങൾ വളരെ ശ്രദ്ധേയമായി . ആദ്യത്തേത് ജമ്മു കാശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞു കൊണ്ട് വിഘടന വാദത്തിനതിരെയുള്ള ശക്തമായ നീക്കമായിരുന്നെങ്കിൽ രണ്ടാമത്തേത് പ്രമുഖ കോൺഗ്രസ് നേതാവും യു .പി .എ ഗവൺമെന്റിൽ നിർണ്ണായ സ്ഥാനങ്ങൾ വഹിച്ചതുമായ പി . ചിദംബരത്തെ അഴിമതികേസിൽ സി .ബി .ഐ അറസ്റ്റ് ചെയ്തതുമാണ് . ഈ രണ്ടു സംഭവങ്ങളിലൂടെ രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളായ അഴിമതിക്കും , വിഘടനാവാദത്തിനുമെതിരെ വളരെ വ്യക്തമായ സന്ദേശമാണ് ഇന്ത്യൻ ഗവൺമെന്ററിൻെറ ഭാഗത്തുനിന്ന് ഉണ്ടായത് .

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഉണങ്ങാത്ത മുറിവാണ് കാശ്മീരിലെ വിദേശ പിന്തുണയോടുള്ള വിഘടനവാദ പ്രസ്ഥാനങ്ങൾ . കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ കാശ്മീരിലെ വിഘടന വാദപ്രസ്ഥാനങ്ങൾ  ഇന്ത്യൻ ജനതയ്ക്ക് ഉണ്ടാക്കിയ ആൾ , ധന നഷ്ടത്തിൻെറ കണക്ക് അതിഭീകരമാണ് .ജമ്മു കാശ്മീർ നയത്തിൽ കാലാകാലങ്ങളായുള്ള സർക്കാരുകൾ ഇരുട്ടിൽ തപ്പുന്ന പ്രതീതിയാണ് ഉണ്ടായിരുന്നത് .എന്നാൽ അടുത്തയിടെ ഉണ്ടായ കേന്ദ്ര സർക്കാർ നടപടി കാശ്മീർ നയത്തിൽ വ്യക്തമായ ദിശാബോധം നൽകുന്നതും കാശ്മീരിലെ വിഘടനവാദത്തോടുള്ള പ്രീണനനയം അവസാനിപ്പിക്കുന്നതുമാണ് . ഭരണഘടനയുടെ 370 -)o വകുപ്പ് റദ്ദാക്കി ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാവ്യവസ്ഥകളും ജമ്മു കശ്‌മീരിനും ബാധകമാകും . ജമ്മു കാശ്മീരിനെ ലഡാക്ക് ,കാശ്മീർ എന്നായി വിഭജിച്ച കേന്ദ്ര സർക്കാർ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി മാറ്റുകയും ചെയ്തു .1950 -ൽ ഭരണഘടന നിലവിൽ വന്നതു മുതൽ ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭ്യമായിരുന്നു .ഭരണഘടനാ അസംബ്ലിയുടെ കാലാവധി 6 വർഷം , കാശ്മീരിനു പുറത്തുള്ള ഇന്ത്യക്കാർക്ക് സ്ഥാവര ജംഗമവസ്തുക്കൾ കാശ്മീരിൽ വാങ്ങാൻ സാധിക്കാത്ത സാഹചര്യമെല്ലാം ഭരണഘടനയുടെ 370 -)o വകുപ്പ് റദ്ദാക്കിയതിലൂടെ ഇല്ലാതാകും .ഇന്ത്യൻ പീനൽ കോഡിനു പകരം രൺബീർ സിങ്ങ് രാജാവിൻെറ കാലത്തേ രൺബീർ പീനൽകോഡ്‌ ആയിരുന്നു കാശ്മീരിൽ നിലവിൽ ഉണ്ടായിരുന്നത് .

കാശ്മീർ നയത്തിലുള്ളതു പോലെ തന്നെ കേന്ദ്ര സർക്കാരിൻെറ ഭാഗത്തുനിന്ന് ഉണ്ടായ ശ്രദ്ധേയമായ നീക്കമാണ് കടുത്ത അഴിമതി ആരോപണം നേരിടുന്ന പി . ചിദംബരത്തിൻെറ അറസ്റ്റിലൂടെ ഉണ്ടായത് .കേന്ദ്ര ഗവൺമെന്ററിൽ യു . പി . എ ഭരണകാലത്ത് ധനകാര്യ ആഭ്യന്തര വകുപ്പുകൾ കൈയ്യാളിയിരുന്ന ചിദംബരത്തിൻെറ അറസ്റ്റ് അഴിമതിക്കെതിരെയുള്ള പോരാട്ടമായി മാറണമെങ്കിൽ മോദി ഗവൺമെന്റ് വളരെയധികം മുന്നോട്ട്പോകേണ്ടിയിരിക്കുന്നു . സമൂഹത്തിൻെറയും ഭരണത്തിൻെറയും താഴെത്തട്ടിൽ നിന്ന് ഉന്നതങ്ങളിൽ വരെ വ്യാപിച്ചിരിക്കുന്ന അഴിമതി ഇല്ലാതാക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാകണം . കഴിഞ്ഞ കാലഘട്ടങ്ങളിൽ ഉണ്ടായ വിവിധ അഴിമതി ആരോപണങ്ങളുടെ മേൽ ശക്തമായ നടപടികൾ ആവശ്യമാണ് .അല്ലെങ്കിൽ ചിദംബരത്തിനെതിരായ നടപടികൾ രാഷ്ട്രീയ പക പോക്കലിനപ്പുറം മറ്റൊരു സന്ദേശവും സമൂഹത്തിന് നൽകില്ല .

അഴിമതിയും , വിഘടനവാദവുമാണ് ദശകങ്ങളായി ഇന്ത്യയുടെ പുരോഗതിയേ പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങൾ . ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിലാണ് അഴിമതിയുടെയും , വിഘടനവാദത്തിൻെറയും വളർച്ച .കേരളം കണ്ട മഹാപ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സർക്കാരിൽ നിന്ന് അനുവദിച്ച സഹായധനം കിട്ടുന്നതിനു പോലും ഉദ്യോഗവൃന്ദത്തിന് പടി കൊടുക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തി നിൽക്കുന്നു അഴിമതിയുടെ ഭീകരത .അതുകൊണ്ടു തന്നെ അഴിമതിയുടെയും വിഘടന വാദത്തിൻെറയും ഭീകരത തിരിച്ചറിഞ്ഞ് ഇന്ത്യൻ ജനത ഒന്നിച്ചു നിൽക്കേണ്ട അവസരമാണിത് .

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

കാരൂർ സോമൻ

കമ്മ്യൂണിസ്റ്റ് പാർട്ടി (സി.പി.എം) സർവ്വ- മത- മർമ്മ- തൈലവുമായി അമ്പല-പള്ളികളിൽ ദർശനങ്ങൾ നടത്താൻ അണികളെ അനുവദിച്ചിരിക്കുന്നു. ജനങ്ങളെ ആകർഷിക്കപ്പെടുകയും അധീനപ്പെടുത്തുകയും ചെയ്യുന്നവർ ലോക ശക്തികൾ മാത്രമല്ല അനന്തതയിൽ ജീവിക്കുന്ന ദൈവ ശക്തികളുമുണ്ടെന്ന് പാർട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ദൈവങ്ങളെ സമ്പന്ന രാഷ്ടങ്ങൾ ദരിദ്ര രാഷ്ടങ്ങൾക്ക് ദാനമായി നൽകിയതാണ്. ഇന്നിവർക്ക് ഈ ദൈവങ്ങളുടെ ആവശ്യമില്ല. ഇപ്പോൾ നടക്കുന്നത് ആരാധനയെക്കാൾ ആചാരങ്ങളാണ്. കയ്യിൽ കിട്ടിയ ദൈവങ്ങളെ മതങ്ങളും രാഷ്ട്രീയ പാർട്ടികളും വീതിച്ചെടുത്തു. ഏറ്റവും കൂടുതൽ സമ്പത്തു൦ ആൾപെരുപ്പവുമുള്ള ദൈവങ്ങൾ വലിയ മതമായും, അത്ര വലുപ്പമില്ലാത്ത ദേവി-ദേവ-ഗുരുക്കന്മാർ കൊച്ചുമതങ്ങളായും മണിമന്ദിരങ്ങൾ കെട്ടിപൊക്കി ആരാധനകൾ നടത്തുന്നു. ആദ്യകാലത്തു ഈ ദൈവങ്ങളെ ഒപ്പം കൂട്ടിയത് ചക്രവർത്തിമാരും രാജാക്കന്മാരുമായിരുന്നെങ്കിൽ ഇന്ന് അവരുടെ അവകാശികൾ ദരിദ്ര രാജ്യങ്ങളിലെ ജനാധിപത്യ വിശ്വാസികളാണ്. ഭൂമിയിൽ ശാന്തി വേണോ അതോ അരാജകത്വം വിതക്കണോയെന്നു തീരുമാനിക്കുന്നത് ഈ ദൈവങ്ങളാണ്. ഇതിനിടയിൽ ദൈവം വലിച്ചെറിഞ്ഞ കുറെ പിശാചുക്കളും പാവങ്ങളുടെ ജീവനെടുക്കാൻ ചാവേറുകളായി മണ്ണിൽ കാണപ്പെട്ടു. ഇസ്രായേൽ പോലും അമേരിക്കൻ പ്രസിഡന്റ്നെ വിളിക്കുന്നത് ദൈവമെന്നാണ്. ഈ ദൈവങ്ങളുടെ നാട്ടിൽ സി.പി.എം.പിന്നോക്കം പോകാൻ തയ്യാറല്ല. ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരിക്കുന്ന പാർട്ടിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത് ആശാവഹമായ കാര്യമാണ്. കഴിഞ്ഞ കാല തെറ്റുകൾ ഈ കാലം തിരുത്തുന്നു. ആ കാഴ്ചപ്പാട് ആരും അംഗീകരിക്കും. ആ തിരുത്തൽ മനുഷ്യ മാനസ്സിന് സംതൃപ്തി നൽകുന്നതിനൊപ്പം സമൂഹത്തിന് ബോധ്യപ്പെടുക കുടി വേണമെന്നു മാത്രം. എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവായത് ഭാഷാസിദ്ധി കൊണ്ടു മാത്രമല്ല ത്യാഗ-ഭാവശുദ്ധികൊണ്ടുകൂടിയാണ്. ഇത് രാഷ്ട്രീയ പ്രവർത്തകർക്കും മാതൃകയാക്കാം. നീതിനിഷേധങ്ങൾ പൊലീസിൽ മാത്രമല്ല. പലയിടത്തും നടക്കുന്നുണ്ട്. അതിലൊന്ന് സർക്കാർ പുസ്തകശാലകളിൽ നീണ്ട വര്ഷങ്ങളായി കോൺട്രാക്ട് സൈൻ ചെയ്‌ത പുസ്തകങ്ങൾ പുറത്തിറക്കാതെ പൊടി പിടിച്ചുകിടന്നിട്ടും സ്ഥാപിതതാല്പര്യക്കാരുടെ പുസ്തകങ്ങൾ പെട്ടെന്ന് പുറത്തിറക്കുന്നു. സി.പി.എം. ആശങ്കപ്പെടുന്നത് കേരളത്തിൽ ഭൂരിപക്ഷ വർഗ്ഗിയതയും ന്യൂനപക്ഷ വർഗ്ഗിയതയും വളരുന്നുവെന്നാണ്. അങ്ങനെയെങ്കിൽ ഈ സ്ഥാപനങ്ങളിൽ വളരുന്നത് വർഗ്ഗിയതയാണോ? അതോ വർഗ്ഗ വാഴ്ചയോ?

നല്ല ഭരണാധിപന്മാർ മാനുഷത്വമുള്ളവരും വിവേകികളുമായി മാറുന്നത് ജീർണ്ണതയുടെ പടുകുഴിയിൽ നിന്നും, അനീതി അക്രമങ്ങളിൽ നിന്നും ജനത്തെ വിടുവിച്ചു അഭയവും ആശ്വാസവും നൽകുമ്പോഴാണ്. ജനസേവകർ വർഗ്ഗ താല്പര്യത്തേക്കാൾ സാമുഹ്യ താല്പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നതുകൊണ്ടാണ് ജനപ്രിയരാകുന്നത്. അവർക്ക് ശത്രുക്കളുണ്ടെങ്കിലും ഒപ്പം മിത്രങ്ങളുമുണ്ട്. സാഹിത്യ ലോകത്തും ഈ ശത്രുത കാണാറുണ്ട്. അസൂയക്കാരെ മാറ്റിനിർത്തിയാൽ അത് എഴുത്തുകാരനും നിരൂപകനും തമ്മിലുള്ള ശത്രുതയാണ്. ഒരു പുസ്തകത്തിന്റ കുറവുകളെ ചുണ്ടി കാട്ടുന്ന നിരൂപകൻ ഒരിക്കലും സാഹിത്യകാരന്റ ശത്രുവല്ല. അതുപോലെ ഭരണകൂടങ്ങൾ ഒരു തുറന്ന പുസ്തകമാണ്. അതിലെ താളുകൾ മറിച്ചു നോക്കി തെറ്റുകുറ്റങ്ങൾ സൂഷ്മമായി പരിശോധിച്ചു തുറന്നു പറഞ്ഞാൽ അത് സമൂഹത്തിന്റ സാംസ്‌കാരിക കാലവറയായി മാറുക മാത്രമല്ല അഹന്താധിഷ്ഠിതമായ സങ്കിർണ്ണതകളിൽ നിന്നും വിടുതൽ പ്രാപിച്ചു് ശിരസ്സുയർത്തി ആഹ്‌ളാദം ശത്രുക്കളുമായി പങ്കിടാനും സഹായിക്കും. തെറ്റ് തിരുത്തൽ രേഖയിൽ ഇതുകൂടി ഉൾപ്പെടുത്തണം. “നേതാക്കന്മാർ പരിസരബോധമില്ലാതെ പ്രസംഗിക്കരുത്. ജനങ്ങളുടെ ഭാഷ സംസാരിക്കണ൦”. ചിലരുടെ മുഖം കണ്ടാൽ രക്തദാഹികളെപോലെയാണ് നോക്കുന്നത്”. അധികാരത്തിൽ വന്നതിന്റ ധാർഷ്‌ട്യാമാണോയെന്നു തോന്നാം. വോട്ടിനു യാചന നടത്തിയപ്പോൾ സ്‌നേഹ ചാരുതകൾ നിറഞ്ഞൊരു മുഖമായിരുന്നു ജനങ്ങൾ കണ്ടത്. വന്ന കാറിന്റ ഡോർ ആരും തുറന്നുകൊടുത്തും കണ്ടില്ല. അധികാരിയായപ്പോൾ രാജാവായതുപോലെ എത്രയോ സേവകർ. ഇതായിരിക്കാം ജനങ്ങൾ അഹന്ത, അഹംങ്കാരം, ധൂർത്തു, ദാർഷ്ട്യം എന്നൊക്കെ വിളിക്കുന്നത്. എന്തായാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഓർത്തെങ്കിലും ഒന്ന് പുഞ്ചിരിക്കണമെന്ന് ജ്ഞാന -വിവേകമുള്ള എം.എ. ബേബി, ബിനോയ് വിശ്വം, സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഡോ.തോമസ് ഐസക്ക്, ശൈലജ ടീച്ചർ ആരെങ്കിലുമൊന്ന് ധരിപ്പിക്കുന്നത് നല്ലതാണ്. മറ്റ് പാർട്ടികളിലും ഇതുപോലെ ആകാശത്തു നിന്നും പൊട്ടിവീണ വിദ്വാന്മാരുണ്ട്. ഇതിനൊന്നും മാറ്റം വരില്ലെങ്കിൽ നുണക്കഥകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ, സോഷ്യൽ മീഡിയ അതിൽ മത്സരം നടത്തി വേതാളപാട്ടുകൾ പാടി നടക്കും.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ കാല നയനിലപാടുകളിൽ വന്ന മാറ്റം അണികളിൽപോലും ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പണവും സ്വാധിനവും, തൊഴിലാളി മുതലാളിയാകുന്നു തുടങ്ങിയ ആശങ്കകളുയരുന്നു. ഭരണത്തിൽ തിരിച്ചടികളും തിരിച്ചുവരവും നടത്തിയിട്ടുള്ള പാർട്ടി കാറൽമര്കസിന്റ പുസ്തകങ്ങൾ വായിച്ചു വളർന്ന ലോകം കണ്ട മഹാ പ്രതിഭയും, വിപ്ലവകാരിയും, എഴുത്തുകാരനും റഷ്യയുടെ പിതാവുമായിരുന്ന ലെനിനെ ഓർക്കുന്നത് നല്ലതാണ്. തൊഴിലാളി നേതാവായ അദ്ദേഹം വെറുമൊരു തൊഴിലാളിയെപോലെയാണ് ജീവിച്ചു മരിച്ചത്. അന്ന് നൂറുകണക്കിന് തൊഴിലെടുക്കുന്ന ഫാക്ടറികളും മുതലാളിമാരുമുണ്ടായിരുന്നു. അവർക്കൊപ്പം ചേർന്നിരുന്നെങ്കിൽ ഒരു വൻ കിട മുതലാളിയായി മാറാമായിരിന്നു. കുടുംബം സമ്പന്നർക്കൊപ്പം പാർക്കുമായിരുന്നു. ധീരന്മാരയ ആദർശശാലികൾ ഒരിക്കലും ആ വഴി ചിന്തിക്കില്ല. അതിന് നമ്മുടെ ഗാന്ധിജി, സർദാർ പട്ടേൽ, എ.കെ.ജി, ഇ.എം.എസ്, ആർ.ശങ്കർ, ജോസഫ് മുണ്ടശേരി അങ്ങനെ എത്രയോ മഹത്‌വ്യക്തികൾ. ഇപ്പോഴ്രും ഈ പാർട്ടിയിൽ ദരിദ്ര നേതാക്കന്മാരുണ്ട്. ലെനിൻ സോവിയറ്റ് റഷ്യയുടെ പരമാധികാരിയായി ജീവിച്ചപ്പോഴു൦ സ്വാജനപക്ഷപാത൦ നടത്തിയില്ല. സ്വന്തമായി മണി മാളികകൾ തീർത്തില്ല. കള്ളപ്പണകച്ചവടക്കാരുമായി കുട്ടു കൃഷി നടത്തിയില്ല. വിനയം, അറിവ്, ഇച്ഛാശക്തി, ദൃഢനിഞ്ചങ്ങൾ, സത്യസന്ധത ഇതെല്ലം അദ്ദേഹത്തിന്റ മുഖമുദ്രകളായിരുന്നു. എതിർത്തവരെപ്പോലും ഹ്ര്യദയവിലോലതയോട് കണ്ട മനുഷ്യ സ്‌നേഹി. മരണകിടക്കയിൽ പോലും ശത്രുത പുലർത്തിയവർ അദ്ദേഹത്തിന്റ നിത്യ സന്ദർശകരായിരുന്നു. ആശയ സംഘട്ടനങ്ങളെ മാത്രമല്ല തനിക്കതിരെ എഴുതുന്നവരെപ്പോലും നിരുത്സാഹപ്പെടുത്തിയില്ല. റഷ്യൻ മാധ്യമങ്ങൾ ലെനിനെ പാടിപുകഴ്ത്തിയപ്പോൾ അവരെ ശാസിച്ചു. അദ്ദേഹം മാധ്യമ ശ്രദ്ധക്കും പ്രശസ്തിക്കുമല്ല അരനൂറ്റാണ്ടിലധികം ജനത്തിനായി ത്യാഗങ്ങൾ സഹിച്ചത്. സ്വന്തമായി പത്രം നടത്തിയപ്പോഴു൦ റഷ്യയിലെ പാവങ്ങളുടെ പുരോഗതിക്കായി എഴുതുക മാത്രമല്ല സർ ചക്രവർത്തിമാരുടെ ദുർഭരണവും തകർത്തു. അടിമ ദരിദ്ര ജീവിത൦ അവസാനിപ്പിച്ചു. രോഗികളുടെ പഴുത്ത വ്രണങ്ങൾ ഉണക്കി. തൊഴിലാളികൾക്കൊപ്പം പണിചെയ്തു. ലെനിന്റ മരണശേഷമല്ല മുതലകണ്ണീരൊഴുക്കി മഹാനായ ലെനിനെന്നു വാഴ്ത്തപ്പെട്ടത്. അദ്ദേഹം ജീവിച്ചരിക്കുമ്പോൾ തന്നെയാണ് റഷ്യൻ ജനതയുടെ ദൈവമായത്. നന്മകൾ, പുണ്യപ്രവർത്തികൾ ആര് ചെയ്താലും അവരെല്ലാം മണ്ണിലെ കാണപ്പെട്ട ദൈവങ്ങളാണ്.

സി.പി.എം തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ആ പാർട്ടിയുടെ അടിത്തറ ബംഗാൾ, ത്രിപുരപോലെ ഇളകുമെന്ന് ആർക്കുമറിയാം. പാർട്ടിയുടെ തിരുത്തൽ രേഖയിൽ ആദ്യം തിരുത്തേണ്ടത് അണികളല്ല മുകൾത്തട്ടിലുള്ളവരാണ്. ആ കുട്ടത്തിൽ ഓരോ കേസുകളിലും എറിഞ്ഞവനെ പിടിക്കാതെ എറിഞ്ഞത് കിട്ടിയതുകൊണ്ടു നടക്കുന്ന പൊലീസിനെ കുടി തിരുത്താൻ ശ്രമിക്കണം. ഈ പൊലീസ് ഒന്നാം റാങ്കിൽപ്പെട്ട മിടുക്കരോ അതറിയില്ല. ഏത് പാർട്ടി ഭരിച്ചാലും അന്വഷണ ഏജൻസികൾ പാർട്ടികളുടെ ചട്ടുകങ്ങളാണ്. . സർക്കാരുകൾ കൂടുതൽ വിമർശനകൂരമ്പുകൾ ഏൽക്കാതിരിക്കണമെങ്കിൽ അടിയന്തര ചികിത്സ വേണ്ടത് അന്വഷണ എജൻസികൾക്കാണ്. എല്ലും തൊലിയുമായ നമ്മുടെ ഭരണഘടന പൊളിച്ചെഴുതണം. തെറ്റ് തിരുത്തൽ, പൊളിച്ചെഴുത്തോ നടന്നില്ലെങ്കിൽ പൂച്ച എലിയെ കളിപ്പിക്കുംപോലെ സർക്കാരുകളും, പൊലീസും പാവങ്ങളെ തട്ടിക്കളിച്ചുകൊണ്ടരിക്കും. അവിടെയാണ് നീതിനിഷേധങ്ങൾ നടമാടുന്നത്, യാഥാർഥ്യങ്ങൾ തമസ്കരിക്കപ്പെടുന്നത്.

കേരളത്തെ പ്രളയ ഭൂമികയാക്കുന്നതിൽ രാഷ്ട്രീയക്കാർക്ക് പങ്കില്ലെന്ന് പറയാൻ പറ്റുമോ? ഒരു നേതാവിന്റ അറിവില്ലാതെ പാറമല തുടങ്ങുമോ? കുന്നിടിക്കുമോ? മണൽ മാഫിയ, ഗുണ്ട മാഫിയ വളരുമോ? അനധികൃത കെട്ടിടനിർമ്മാണങ്ങൾ നടക്കുമോ? വനഭൂമി കയ്യേറുമോ? ഭക്ഷണങ്ങളിൽ മായം ചേർക്കുമോ? അഴിമതി നടത്തുന്നതിൽ ഇവരുടെ പങ്ക് ആരെങ്കിലും അന്യഷിക്കാറുണ്ടോ? ഒരാപത്തു വന്നാൽ, അനീതി നടത്തിയാൽ അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ചു രക്ഷപ്പെടുക എല്ലാ പാർട്ടികളും ചെയ്യാറുണ്ട്. അതിപ്പോൾ എത്തിനിൽകുന്നത് പ്രക്ർതി വിഭവങ്ങൾ ആഴത്തിൽ കുഴിച്ചെടുക്കുന്നതിലാണ്. മനുഷ്യനായി ഭൂമിദേവി പലതും സംഭാവന ചെയ്തിട്ടുണ്ട്. അതൊക്കെ ചൂക്ഷണം ചെയ്താൽ ഭൂമി പ്രളയഭൂമിയല്ല പ്രേതഭൂമിയായി മാറും. പൊലീസ് നയം മാറേണ്ടതുപോലെ പരിസ്ഥിതി നയവും മാറ്റേണ്ടതാണ്. ശാസ്ത്രജ്ഞർ തന്ന റിപ്പോർട്ടുകൾ എവിടെ? അത് മുക്കി രാഷ്ട്രീയക്കാരെ സമ്പന്നരാക്കുന്ന സൽപ്രവർത്തി അവസാനിപ്പിക്കണം. മനുഷനെ ദുഃഖ ദുരിതത്തിലേക്ക് തള്ളിവിടുന്ന സമ്പന്നർക്ക് കൂട്ടുനിൽക്കുന്ന വികസന പദ്ധതികൾ വരുത്തുന്ന അത്യാപത്തുകൾ സർക്കാർ കണ്ണുമടച്ചു കണ്ടിരിക്കരുത്. ഇതൊക്കെ കണ്ടും കേട്ടും ഒരക്ഷരം പറയാതെ ഇങ്കിലാബ് വിളിക്കുന്ന മത-അധികാര ദൈവങ്ങൾക്ക് പുറകെ പോകുന്ന ജനം ഇന്നും അന്ധന്മാരാണ്. ഭരണ വിരുദ്ധ വികാരങ്ങൾ പാർട്ടിയുടെ സമീപനങ്ങളുമായി തുലനം ചെയ്യേണ്ടതാണ്. ഇച്ഛാശക്തിയുള്ള സർക്കാരിനെ ആരും പ്രതിക്കൂട്ടിലാക്കുമെന്ന് കരുതുന്നില്ല. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും നല്ലത് ചെയ്താൽ അവരെ പ്രശംസിക്കണം.

ഇടത്തു പക്ഷ ദൈവങ്ങൾ തെരഞ്ഞെടുപ്പിൽ ആരാധന നടത്തുമ്പോൾ ആകാശത്തു വെള്ളിവെളിച്ചമായിരിന്നു. ആരാധകർ ഇടത്തു ദൈവങ്ങളുടെ ചെവിട്ടത്തടിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഇടതുപക്ഷ ദൈവങ്ങളെല്ലാം പ്രവചിച്ചതാണ് ഇരുപതിൽ പത്തൊൻമ്പത് സീറ്റ് കിട്ടുമെന്ന്. ചുരുക്കത്തിൽ ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയതുപോലെ വലതുപക്ഷ ദൈവങ്ങൾ ഇടത്തു ദൈവങ്ങളെ നീലാകാശത്തിലാക്കി വെള്ളിവെളിച്ചത്തിലൂടെ പറന്ന് പറന്നു ഡൽഹിയിൽ പ്രതിഷ്ട നടത്തി ആരാധന തുടങ്ങി. പാർട്ടിക്കുള്ളിലെ നയനിലപാടുകളിൽ, സമുഹത്തിൽ കാട്ടികൂട്ടികൊണ്ടിരിക്കുന്ന വെറുപ്പും അറപ്പും നിറഞ്ഞ പ്രവർത്തനശൈലിയിൽ ഇടത്തു ദൈവങ്ങൾ തലകുത്തി വീണു. ഒരാപത്തു വന്നാൽ, അനീതി നടത്തിയാൽ അത് മറ്റുള്ളതിന്റ് തലയിൽ കെട്ടിവെച്ചു രക്ഷപ്പെടുക എല്ലാ പാർട്ടികളും ചെയ്യാറുണ്ട്. അത് വിവാദത്തിന് കളമൊരുക്കുന്നു. ജനം ആഗ്രഹിക്കുന്നത് സത്യം പറയുന്നവരും ഹ്ര്യദയ വിശാലതയുള്ളവരെയുമാണ്. എന്തിനാണ് പ്രളയം മഴയുടെ, ആഗോളതാപനത്തിന്റ മണ്ടയിൽ കെട്ടിവെക്കുന്നത്? എല്ലാം വർഷവും കുറച്ചും കുടുതലുമായി മഴ പെയ്യുന്നു. നദികൾ കവിഞ്ഞൊഴുകുന്നു. ഇനിയും ഒരു പ്രളയം വന്നാൽ എങ്ങനെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാം, ഇതൊക്കെ എന്തുകൊണ്ടുണ്ടാകുന്നു അതിനല്ലേ മുൻഗണന കൊടുക്കേണ്ടത്. മറ്റൊന്ന് തെരെഞ്ഞെടുപ്പ് പരാജയം ശബരിമല അയ്യപ്പ സന്നിധിയിൽ കെട്ടിവെച്ചു. അവിടെ മാത്രമല്ലല്ലോ വോട്ടു കുറഞ്ഞത്. അത് പല കാരണങ്ങളിൽ ഒന്നുമാത്രം. കോടതി വിധി ഭരണഘടനപരമായ ഉത്തരവാദിത്വം സർക്കാർ ചെയ്തു. വിശ്വാസ വിഷയമായതിനാൽ പ്രതിപക്ഷ൦ ചോദിച്ചത് എത്രയോ സുപ്രിം കോടതി വിധികൾ മുന്നിലുണ്ട്. ഇതുമാത്രം നടപ്പാക്കാൻ എന്താണീ തിടുക്കം?

ഇടതുപക്ഷത്തിന്റ ഉത്തരവാദിത്വം വളരെ വലുതാണ്. അവിടെ രാഷ്ട്രീയം നോക്കാതെ നിലപാടുകൾ, തുല്യ നീതി നടപ്പാക്കാനുള്ള ആർജ്ജവമാണ് വേണ്ടത്. രാഷ്ട്രീയ ഫാസിസം പോലെ സാംസ്‌കാരിക ഫാസിസവും വളരുന്നുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകൾ പോലെ സാഹിത്യസാംസ്കാരിക രംഗത്തും തെറ്റ് തിരുത്തൽ രേഖ ആവശ്യമാണ്. അധികാര ഫാസിസം പൊലീസിലേതുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തു പലരെയും കുത്തിനിറച്ചിട്ടുണ്ട്. അത് സ്വാദേശ-വിദേശങ്ങളിലും തെളിഞ്ഞു കാണാം. സാഹിത്യത്തിന് രാഷ്ട്രീയമില്ല, മതമില്ല. അവരുടെ രാഷ്ട്രീയം മധുര മലയാള ഭാഷയാണ്. അതിനപ്പുറം നടക്കുന്നതെല്ലാം സ്വാർത്ഥതാല്പര്യങ്ങളും വഴിവിട്ട മാർഗ്ഗങ്ങളുമാണ്. ഈ അടുത്ത ദിവസങ്ങളിൽ എം.ടി.വാസുദേവൻ നായർ പറഞ്ഞത് സമൂഹത്തിന് വേണ്ടി എഴുതാത്തവർ എഴുത്തുകാർ അല്ലെന്നുള്ളതാണ്. മണ്മറഞ്ഞ എഴുത്തുകാർ ആ ഗണത്തിൽപെട്ടവരായിരിന്നു. സർക്കാരിന്റ അപ്പക്കഷണങ്ങൾ ഭക്ഷിച്ചു സസുഖം വാഴുന്നവർ പോലും അനീതികളെ ചോദ്യം ചെയ്യുന്നില്ല. പാർട്ടി ചെയ്യുന്ന നല്ല കാര്യങ്ങൾപോലും എഴുതുന്നില്ല. സഖാവ് എന്നാൽ നല്ലൊരു സുകൃത്തു എന്നാണ്? വിത്യസ്ത ആശയങ്ങൾ തമ്മിൽ പോരാടുമ്പോഴും ഏത് പാർട്ടിയിലുള്ളവരായാലും അവർ സുകൃത്തുക്കളെന്നു ഈ പാർട്ടിയുടെ ഗുണഭോക്താക്കൾ എന്താണ് മനസ്സിലാക്കാത്തത്?

  കാരൂർ സോമൻ 

പാകിസ്ഥാൻറ് നുഴഞ്ഞു കയറ്റംപോലെ പ്രളയം നുഴഞ്ഞു കയറിയപ്പോൾ മനുഷ്യരുടെ ആരാധനാലയങ്ങൾ വെള്ളത്തിൽ ഒലിച്ചുപ്പോകുക മാത്രമല്ല മണ്ണിനടിയിലുമായി. സഹ്യപർവ്വതങ്ങളുടെ നിറപുഞ്ചിരിയുമായി നിന്ന ദൈവത്തിന്റ സ്വന്തം നാട്ടിൽ ചെകുത്താനായി ആകാശ മേഘങ്ങൾ ഇടിഞ്ഞു വീണ് ഭൂമി പിളർന്ന് പ്രളയമായത് മഴയെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെട്ടാൽ മതിയോ? അതിൽ മനുഷ്യരുടെ അശുദ്ധി നിറഞ്ഞ ജീവിതവും പ്രകൃതിയോട് കാട്ടുന്ന പരാക്രമങ്ങളും പരമപ്രധാനമാണ്. ഏറ്റവും കൂടുതൽ ദൈവങ്ങളെ കണ്ടത് റോമൻ സാമ്പ്രാജ്യത്തിലാണ്. യൂറോപ്പിൽ പലയിടത്തും സിറിയയിലും അവരുടെ ദേവാലയങ്ങൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടു. അത് പ്രളയത്തിൽ നശിച്ചതല്ല. ആ ദൈവങ്ങളിൽ പ്രധാനികളായിരുന്നു ജുപിറ്റർ, ജുനോ, സിയൂസ്, ഇസിസ്, ഡയാന, അദേന, മിത്രയിസം, സിബൽ, മെർക്കുറി, ടിയനോസിസ്, വീനസ് അങ്ങനെ ധാരാളം ദൈവങ്ങൾ. ആ കുട്ടത്തിൽ നായും പാമ്പും ചക്രവർത്തിമാരും രാജാക്കന്മാരും അവരുടെ ഭാര്യമാരും മക്കളും ദൈവങ്ങളായി. അധികാരത്തിലിരുന്നു അഹന്തയും അഹംങ്കാരവും ധൂർത്തും നടത്തിയ ചക്രവർത്തിമാർക്കൊപ്പം ദൈവങ്ങളെയും പ്രകൃതി മണ്ണിൽ കെട്ടിത്താഴ്ത്തിയെന്ന് പറഞ്ഞതാണ്. നൂറ്റാണ്ടുകളായി ഈ ദൈവങ്ങൾക്ക് മനുഷ്യ-മൃഗങ്ങളുടെ ചോരയും നീരും സുഗന്ധദ്രവ്യങ്ങളും ഇഷ്ടവിഭവങ്ങളായിരുന്നു. നമ്മുടെ ആൾദൈവങ്ങളെപ്പോലും ജനരക്ഷക്ക് ഇവിടെ കണ്ടില്ല. ശാസ്ത്ര -ഭരണവകുപ്പുകൾ എവിടെയായിരുന്നു? ആരാധകർക്ക് അവരോടൊന്നും യാതൊരു പ്രതിഷേധവുമില്ലേ?

പ്രകൃതിയുടെ നിശ്വാസമെന്തെന്നറിയാത്തവർ വികലമായ കാഴ്ചപ്പാടിലൂടെ ആധുനികസമൂഹത്തെ രക്ഷിക്കാനെന്ന ഭാവത്തിൽ വർഗ്ഗ സ്വാർത്ഥ താല്പര്യമനുസരിച്ചു് ഭൂമിയെ പിളർത്തുന്ന കാഴ്ചകൾ കേരളത്തിലെ കടലോര-മലയോര മേഖലകളിൽ കാണാറുണ്ട്. ഞെരിഞ്ഞമരുന്ന ഭൂമിയുടെ ഞരക്കം നുഴഞ്ഞുകയറുന്നവനറിയില്ല. ഖനനത്തിന്റ ആഴംപോലെ കള്ള പണത്തിന്റ ആഴവും കുടും. ഗ്രാമവാസികളിൽ ചിലർ പറയുന്നുണ്ട്. ഭൂമിക്കടിയിൽ നിന്നും മൂളലുണ്ട്, ഇളക്കമുണ്ട്. അധികാരത്തിലുള്ളവർക്ക് ധീരമായ ഒരു നിലപാടോ, കാഴ്ചപ്പാടോ ഇല്ലാത്തതിനാൽ ശാസ്ത്രജ്ഞർ കൊടുത്ത വിലയേറിയ ശാസ്ത്രീയ പഠന റിപ്പോർട്ടുകളേക്കാൾ അവർ വിലമതിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഇവിടെയും ദൈവങ്ങളുടെ പങ്കുണ്ട്. അതൊക്കെ പൊടിപുരണ്ടിരിക്കുമ്പോഴാണ് ഭൂമിയും ആകാശവും മഴയും മിന്നലും ഒന്നടങ്കം ഉണർന്നെഴുന്നേറ്റ് മനുഷ്യരെ ആക്രമിച്ചു കിഴ്‌പ്പെടുത്തിയത്. പ്രളയപാച്ചിലിൽ ഭൂമി മലർന്നടിച്ചു. മണ്ണിൽ മനുഷ്യരും സർവ്വ ജീവജാലങ്ങളും പുഴുക്കളെപ്പോലെ ചത്തൊടുങ്ങി. എല്ലാം നഷ്ടപ്പെട്ട മനുഷ്യർ വാവിട്ടു കരഞ്ഞു. അവരുടെ ദീനരോദനങ്ങൾക്ക് കാരണക്കാർ അധികാര- ശാസ്ത്ര രംഗത്തുള്ളവർ പോറ്റിവളർത്തുന്ന സാമൂഹ്യവിരുദ്ധരായ പണച്ചാക്കുകളല്ലെന്ന് പറയാൻ എത്രപേർക്ക് സാധിക്കും. ഈ പാപഭാരത്തിൽ നിന്നും ഇവർക്ക് ഒഴിഞ്ഞു മാറാൻ സാധിക്കുമോ? ഒരു മുടക്കവുമില്ലാതെ എല്ലാ മാസവും ശമ്പളം പറ്റുന്ന ശാസ്ത്രലോകത്തോടും പല ചോദ്യങ്ങളുണ്ട്. ഉത്തരം പറയാൻ ഈ രണ്ടു കൂട്ടരും ബാധ്യസ്ഥരാണ്. മനുഷ്യ ജന്മങ്ങൾ പാഴാക്കിയ, സാമ്പത്തിനുവേണ്ടി എന്തും ചെയ്യുന്നവർ നേരിടുന്ന ചോദ്യങ്ങൾ ആഴത്തിൽ മുറിവേല്പിക്കുന്നതാണ്. എല്ലാം പ്രകൃതിയുടെ തലയിൽ കെട്ടിവെച്ചു് ഈ വിലാപയാത്രയിൽ പങ്കെടുത്താൽ മാത്രം മതിയോ? നമ്മുടെ സൂക്ഷ്മനിരീക്ഷണ പ്രക്രിയയിൽ വന്ന പാളിച്ചകൾക്ക് ആരാണുത്തരവാദി? വെറും പ്രതിഷേധങ്ങൾ കൊണ്ട് തൃപ്‌തിപ്പെടാവുന്നതാണോ ബലികഴിച്ച ജീവനും ജീവിതങ്ങളും? ഇങ്ങനെയാണോ പുരോഗതി തഴച്ചു വളരേണ്ടത്? പുനരധിവാസമെന്ന പേരിൽ ധനസഹായം ചെയ്ത് വിശുദ്ധന്മാരായാൽ കൈയിൽ പുരണ്ട ചോരക്കറ മാറിപോകുമോ? എത്രയെത്ര കുടുംബങ്ങൾ താറുമാറായി. ഓരോ കുടുംബത്തിന്റ സംരക്ഷണം സർക്കാർ ഏറ്റെടുക്കേണ്ടതല്ലേ? ജീവൻ നഷ്ടപ്പെട്ടവർക്ക് ഒരു കോടിയെങ്കിലും കൊടുക്കേണ്ടതല്ലേ? കോടതികൾപോലും ശിക്ഷ വിധിക്കുമ്പോൾ സാഹചര്യ തെളിവുകൾ നോക്കാറുണ്ട്. പൊലീസ് തെളിവുകൾ നശിപ്പിക്കുമ്പോലെ ഇവിടെ തെളിവുകൾ നശിപ്പിക്കാൻ സാധിക്കില്ല. മണ്ണിലും മരച്ചുവട്ടിലും വള്ളികുടിലുകളിലും ജലതീരങ്ങളിലും അതൊരു തുറന്ന പുസ്തകമാണ്. ഇതുപോലുള്ള ദുരന്തമുഖത്തു ആരും രാഷ്ട്രീയം കളിക്കരുത്. ഇവിടെ കുറ്റവും ശിക്ഷയും നടപ്പാക്കുകയാണ് വേണ്ടത്. എത്രയോ നാളുകളായി മഴയെ, ഉരുള്പൊട്ടലിനെ പഴിചാരി ഈ രംഗത്തുള്ളവർ രക്ഷപ്പെടുന്നു. ഇനിയെങ്കിലും ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. ഇതിലെ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ആർജ്ജവമുണ്ടോ?

സുനാമിയടക്കം 2018 ലെ മഹാപ്രളയത്തിൽ നിന്നും ഭരണാധികാരികൾ, ജിയോളജി വകുപ്പ്, ഇറിഗേഷൻ, കാലാവസ്ഥ നീരിക്ഷണ കേന്ദ്രം, ദുരന്ത നിവാരണ വകുപ്പ്, വാട്ടർ അതോറിറ്റി, ചുഴലിക്കാറ്റ് കേന്ദ്രം, ഭൂമി നീരിക്ഷണ കേന്ദ്രം, ഡാം വകുപ്പ്, വൈദുതി തുടങ്ങി എത്രയോ വകുപ്പുകൾ. വകുപ്പുകൾക്കൊന്നും യാതൊരു പഞ്ഞവുമില്ല. പഠിക്കുന്ന വിദ്യാർത്ഥികൾ പഠിച്ചിട്ടാണ് പരീക്ഷയെഴുതുന്നത്. ഈ വകുപ്പുകൾ കഴിഞ്ഞ സുനാമിയിൽ നിന്നും പ്രളയത്തിൽ നിന്നെങ്കിലും കുറെ പഠിക്കേണ്ടതല്ലേ? എന്ത് പഠിച്ചു? അതിലൂടെ ജനത്തിന് എന്ത് നേട്ടമുണ്ടായി? എന്തെങ്കിലും പഠിച്ചിരുന്നെങ്കിൽ നൂറിലധികം ജീവൻ കൊല്ലപ്പെടുകയോ ഇത്രമാത്രം നാശനഷ്ടങ്ങൾ സംഭവിക്കില്ലായിരുന്നു. ഇവർ മാത്രമല്ല ഓരോ പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും ഈ ദുരന്തങ്ങൾക്ക് ഉത്തരം പറയേണ്ടവരാണ്. ഇപ്പോളവർ മുതലക്കണ്ണീരൊപ്പുന്നു. സ്വന്തം ഭൂമിയുടെ സ്വഭാവമറിയാത്തവരാണോ ഗ്രാമപഞ്ചായത്തു ഭരിക്കുന്നത്? പാവങ്ങളുടെ നികുതിപണംകൊണ്ടു ജീവിക്കുന്ന ഈ വകുപ്പുകളെല്ലാം ഒരു നാടിന്റ തറവാടാണ്. ആ തറവാട്ടിലെ നായകൻ വഴിതെറ്റി ജീവിച്ചാൽ മനുഷ്യനു മാത്രമല്ല മണ്ണിനും നാശമുണ്ടാകും. സുഖലോലുപതയുടെ മടിത്തട്ടിൽ തണുത്ത മുറിയിലെ ചാരുകസേരിയിലിരുന്നവർ നാടിന്റ ദുരന്തം ടീവിയിൽ കണ്ടു രസിച്ചാൽ മതിയോ? കാട്ടിലെ മരം തേവരുടെ ആന, പാവം ജനങ്ങളും വിവിധ സേനകളും മണ്ണിനടിയിൽപ്പോയവരെ പുറത്തെടുക്കാൻ കഷ്ടപ്പെടുന്നു. ഈ വകുപ്പുകളിൽപ്പെട്ട എത്രപേർ പ്രളയബാധിത ദുരന്തമുഖത്തുണ്ടായിരുന്നു.ജനസേവകർ ദുരന്തഭൂമിയിൽ പ്രാണത്യാഗം ചെയ്യാൻ മനസ്സുള്ളവരാകണം. അത് രാജ്യത്തിന്റ അതിരുകൾ കാക്കുന്ന പട്ടാളക്കാരും ചെയ്യുന്നു. നിര്ഭാഗ്യവശാൽ രാജ്യത്തിനായി അവരുടെ ജീവനും നഷ്ടപ്പെടാറുണ്ട്. ഇവിടെ നിരപരാധികൾ കൊല്ലപ്പെട്ടുകൊണ്ടരിക്കുന്നു. അതിനെത്തുടർന്ന് മാധ്യമങ്ങളുടെ മുന്നിൽ കുറെ ദുരന്തമുഖ വർണ്ണനകൾ നടത്തി സംതൃപ്തിയടയുന്നു. അവിടെയും കൊടികളുടെ നിറം നോക്കി കൊടി ഉയരത്തിൽ കെട്ടണോ അതോ താഴ്ത്തികേട്ടണോയെന്ന് തിരുമാനിക്കുന്നത് വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമങ്ങളാണ്. ഇതുവരെ നമ്മുടെ ഭൂമിക്ക് ഒരു ശാസ്ത്രീയ നിർമ്മാണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ? ഒരു പഞ്ചായത്തിലെങ്കിലും അവരുടെ ഭൂമിയുടെ ഭൂമി ശാസ്ത്ര കോഡുകളോ, മാപ്പ് തുടങ്ങി എന്തെങ്കിലും രേഖകൾ കിട്ടുമോ? വില്ലേജ് ഓഫീസിൽ പറഞ്ഞുവിടരുത്. ലോകമെങ്ങും കലാവസ്ഥക്കനുസരിച്ചു മാറ്റങ്ങൾ വരുത്തുമ്പോൾ നമ്മുടെ നഗര-ഗ്രാമ തദ്ദേശീയ ഭരണത്തിലുള്ളവർക്ക് കെട്ടിട നിർമ്മിതിയെപ്പറ്റി, ഭുമിയെപ്പറ്റി ഒരു ബോധവത്കരണ ക്ലാസ്സയെങ്കിലും എടുക്കാനുള്ള യോഗ്യതയുണ്ടോ? കൊടിയുടെ നിറം നോക്കി പ്രതിഷ്ഠിച്ചാൽ പോരാ പ്രവർത്തിക്കാൻ പ്രാപ്തിയുണ്ടാകണം. അവർ കടലിരമ്പിയാലും പ്രളയമൊഴുകിയാലും പകച്ചുപോകുന്നവരല്ല. ഇവരെ പരിസ്ഥിതി ജാഗ്രതയില്ലാത്തവരായി മാറ്റിയതിൽ ആരാണുത്തരവാദി? ഇനിയെങ്കിലും ഈ കൂട്ടരേ കുന്നിടിച്ചു പണമുണ്ടാക്കുന്നതിൽ നിന്നകറ്റി ഭൂമി ശാസ്ത്രം പഠിപ്പിക്കേണ്ടതല്ലേ?

ശാസ്ത്രജ്ഞർ മുന്നോട്ട് വെക്കുന്ന ശാസ്ത്ര പഠന റിപ്പോർട്ടുകൾ കളക്ടർ അടക്കം ജനപ്രതിനിധി സഭകൾ പോലും തുറന്ന് നോക്കാറില്ലെന്നുള്ള പരാതികളുയരുന്നു. മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ട്, കസ്തുരി രംഗംൻ റിപ്പോർട്ടുകൾ അതിനുദാഹരങ്ങളാണ്. അരക്കിട്ടുറപ്പിച്ചതുപോലെ അധികാരത്തിലിരിക്കുന്നവർ മടിയിലിരുത്തി താലോലിക്കുന്നത് മുതലാളിമാരാകുമ്പോൾ പ്രകൃതിയെ ഒരു വില്പനച്ചരക്കാക്കി ജീവിക്കുന്നവർക്ക് ശാസ്ത്ര പഠനങ്ങൾ ക്വാറി മുതലാളിമാർക്കും, റിസോർട്ട് മുതലാളിമാർക്കും അനധികൃത കൈയേറ്റക്കാർക്കും അനുവദിച്ചുകൊടുക്കാൻ സാധിക്കില്ല. അധികാരം പോയാലും അവരുടെ മണിത്തിണ്ണയിലെ മനോഹരമായ മട്ടുപ്പാവിൽ ഇരിക്കേണ്ടവരാണ്. മാധ്യമങ്ങൾ കുറച്ചുനാളുകൾ അതിട്ട് അലക്കുമെങ്കിലും ലജ്ജിക്കേണ്ടതില്ല. അടുത്ത തലമുറക്കുള്ള സമ്പാദ്യമാണ് ലഭിച്ചത്. അതിന്റ പ്രത്യാഘതങ്ങളാണ് ഇപ്പോൾ പാവങ്ങൾ അനുഭവിക്കുന്നത്. ഇതിന്റ തുടക്കം പഞ്ചായത്തുകളാണ്. മടിശ്ശില നോക്കി എന്തിനും ലൈസൻസ് കൊടുക്കുന്ന പ്രവണത. ഒരു ഭൂമി ഉരുള്പൊട്ടലിന് സാധ്യതയുണ്ടോ, അവിടെ ക്വാറികൾ, കെട്ടിടങ്ങൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, കൃഷി നടത്താൻ സാധിക്കുമോ തുടങ്ങി ഒരു ശാസ്ത്രീയ പരിശോധനയും നടത്താതെ അനുവദിക്കുന്നു. ആ ഭാഗത്തു ദുരന്തമുണ്ടാകുമ്പോൾ പുരപ്പുറത്തു കയറി രക്ഷാപ്രവർത്തനത്തിന് ജനങ്ങളെ വിളിക്കുന്ന കാഴ്ചകൾ കാണുമ്പൊൾ ഒരു മരവിപ്പാണ് തോന്നുക. ആദ്യം ജയിലഴികൾ എണ്ണേണ്ടത് ഇവരല്ലേ? കാര്യക്ഷമമായി ഇടപെടാതെ നിർമ്മാണത്തിന് അനുമതി കൊടുത്തിട്ട് ഞാനൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തിൽ മാധ്യമങ്ങളുടെ മുന്നിൽ ധർമ്മസങ്കടങ്ങൾ നിരത്തുന്നവർ. റോമിലെ രക്തപ്പുഴയൊഴുക്കിയ കൊളീസിയത്തെക്കാൾ, ഇറ്റലിയിലെ പോംപെയി അഗ്നിപർവ്വത പാതാളക്കുഴികളേക്കാൾ എത്രയോ ആഴത്തിലാണ് ഭൂമിയെ പിളർത്തി പാറകൾ പൊട്ടിച്ചെടുക്കുന്നത്. ഭൂമിയെ കിറിമുറിക്കുന്നതിൽ യാതൊരു ശാസ്ത്രീയ പഠനങ്ങളും നടത്തുന്നില്ല. ഇവർ വികസിത രാജ്യങ്ങളിലോ, ജപ്പാനിലോ, നെതെർലാൻന്റിലോ പോയി കുറെ പഠനങ്ങൾ നടത്തുന്നത് നല്ലതാണ്. ഇവിടെയുള്ള ശാസ്ത്രജ്ഞമാർ മുന്നോട്ട് വെക്കുന്ന യാഥാർഥ്യങ്ങളെ തള്ളിക്കളയാൻ ഒരു ഭരണാധിപനും തയ്യാറാകില്ല. കാരണം ശാസ്ത്രം കണ്ടെത്തുന്ന കണ്ടെത്തലുകളെ അപഗ്രഥിക്കാൻ ഭരണാധിപനറിയില്ല. അവരെ ചെണ്ടകൊട്ടാൻ ശ്രമിച്ചാൽ ആ കസേരയിൽ അധികനാൾ ഇരിക്കില്ല. എന്തുകൊണ്ടെന്നാൽ ശാസ്ത്ര -സാഹിത്യ രംഗത്തുള്ളവർ ആരെന്നുള്ള തിരിച്ചറിവ് അവർക്കുണ്ട്. ഇവരൊന്നും രാഷ്ട്രീയപാർട്ടികളുടെ വാലാട്ടികളല്ല. ഇന്ത്യയിൽ ഈ ചെണ്ടകൊട്ട് ശാസ്തജ്ഞന്മാരിൽ നടത്തുന്നത് അല്ലെങ്കിൽ ജ്ഞാനികളിൽ നടത്തുന്നത് അറിവില്ലായ്‌മ മാത്രമല്ല അർഹതയില്ലാത്തവർ അധികാരത്തിൽ വരുന്നതുകൊണ്ടാണ്. ഇവിടെ അപമാനിക്കപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യം കൂടിയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും നടത്തിയില്ലെങ്കിൽ ശാസ്ത്രലോകത്തെ തളച്ചിടാൻ ശ്രമിച്ചാൽ ഇനിയും ദുരന്തങ്ങൾ കൂടുക തന്നെ ചെയ്യും.

ഭരണ രംഗത്തുള്ളവർ അനുമതി കൊടുത്തു് മലകൾ ഇടിച്ചു നിരത്തുമ്പോൾ, ക്വാറികൾ വരുമ്പോൾ, വനമേഖലയിലെ വന്മരങ്ങൾ വെട്ടി നശ്ശിപ്പിക്കുമ്പോൾ, നിലം നികത്തുമ്പോൾ, കണ്ടൽക്കാടുകൾ നശിപ്പിക്കുമ്പോൾ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധമുയർത്താറുണ്ട്. അതൊന്നും ഭരണത്തിലുള്ളവർ മുഖവിലക്ക് എടുക്കാറില്ല. ആഗോളതലത്തിൽ വന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും ഒരു ഘടകമാണ്. പെട്രോൾ, പ്ലാസ്റ്റിക് മുതലായവയുടെ ഉപയോഗം കുറയ്ക്കണമെന്ന് ശാസ്ത്രജ്ഞർ പറയുന്നത് വെറുതെയല്ല. അതുകൊണ്ട് ഈ ദുരിതത്തിന് മനുഷ്യനിർമ്മിതി ഇല്ലെന്നു പറയാൻ സാധിക്കില്ല. തീവ്ര മഴയുണ്ടായാൽ വെള്ളപൊക്കം, മണ്ണിടിച്ചിലുണ്ടാകുമെന്ന് ശാസ്ത്രജ്ജർ പറയാതെ തന്നെ പലർക്കുമറിയാം. എന്നാൽ പരിസ്ഥിതി ലോല മേഖലകളിൽ ക്വാറി വന്നാൽ സാധാരണക്കാരന് അതിലൊളിഞ്ഞിരിക്കുന്ന അപകടമറിയില്ല. ഈ വൻകിട മുതലാളിമാരും കുറെ മതദൈവങ്ങളും മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ട് സർക്കാരിന് നൽകിയപ്പോൾ അദ്ദേഹത്തെ ശവം തീനിയെന്ന് വിളിച്ചധിക്ഷേപിച്ചു. ആ കുട്ടത്തിൽ ചിലരുടെ ശവമഞ്ചവും ചുമന്നു. രാഷ്ട്രീയപാർട്ടികൾ അവർക്ക് ഓശാന പാടി. ആ ശാസ്ത്രഞ്ജന്റെ റിപ്പോർട്ട് നടപ്പാക്കാനോ, ജനങ്ങളിലെത്തിക്കാനോ ആരും ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം ജനങ്ങൾക്കിടയിൽ കുറെ ബോധവല്കരണമെങ്കിലും നടത്തമായിരുന്നു. അതിനാൽ ശവം തീനിയെന്നു വിളിച്ചവരും അവർക്ക് കൂട്ടുനിന്ന ഭരണകൂടങ്ങളും ഈ ശവപ്പറമ്പുണ്ടാക്കുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ്. അതിന്റ ഉത്തരവാദിത്വത്തിൽ നിന്നും ആർക്കും ഒഴിഞ്ഞു നില്ക്കാൻ സാധിക്കില്ല. പശ്ചിമഘട്ട റിപ്പോർട്ട് അട്ടിമറിച്ചവരുടെ പേരിൽ ഒഴുക്കിൽപ്പെട്ട ഓടംപോലെയൊഴുകുന്ന രാഷ്ട്രീയ പാർട്ടികൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്? അവരുടെ നിലപാടുകൾ എന്താണ്?

ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രി തന്നെ പറയുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയക്കരുതെന്നുള്ള നുണപ്രചാര വേലകൾ നടത്തുന്നു. ദുരിതത്തിൽ നിന്നും കരകയറണമെങ്കിൽ കൈകോർക്കാതെ കൈ മലർത്തിയിട്ട് കാര്യമില്ല. അതിൽ പങ്കാളികളാകുകയാണ് വേണ്ടത്. കൊതുകുതിയാൽ വിളക്ക് കെടില്ല എന്നത് ഈ കൂട്ടർ ഓർക്കണം. മനുഷ്യ ഹൃദയങ്ങളെ വൃണപ്പെടുത്തുന്ന കാര്യങ്ങൾ കണ്ടാൽ ശരംപോലെ മനുഷ്യത്വമുള്ളവർ ആക്രോശിക്കും. ചോദ്യം ചെയ്യും. എന്നാൽ സോഷ്യൽ മീഡിയയെന്ന വായു സേന വന്നതോടെ കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുമ്പോലെ എന്തും ആരെപ്പറ്റിയും എഴുതിവിടാം. യൂട്യൂബിൽ വിഡിയോ ഇറക്കാം. എന്നിട്ട് അത് കണ്ട് രസിക്കാം. ഈ പണി ചെയ്യുന്നതിൽ ഒരു പാർട്ടിക്കാരനും അവരുടെ മാധ്യമങ്ങളും ഒട്ടും പിന്നിലല്ല. കിട്ടുന്ന അവസരങ്ങൾ അവരും ചെണ്ടകൊട്ടാറുണ്ട്. ചില മാധ്യമങ്ങൾക്ക് പണം കൊടുത്താൽ എന്തും എഴുതി വിടും. ഞാനും അതിന് ഇരയായിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന പണം സർക്കാർ ധൂർത്തടിക്കുവെന്ന് ചിലർ കരുതുന്നുവെങ്കിൽ അതിന്റ കാരണങ്ങൾ അവർക്കും പറയാനുണ്ട്. സുനാമിയടക്കം 2018 ൽ കിട്ടിയ പണം ദുരിതമേഖലകളിൽ ചിലവാക്കിയോ? ഇപ്പോഴു൦ പണം കിട്ടാത്തവരും, വിടില്ലാത്തവരും ദുരിതാശ്വാസ ക്യാംപുകളിൽ പാർക്കുന്നവരുമില്ലേ? സർക്കാർ പുതിയ തസ്‌തികകൾ നിർമ്മിച്ച് ഈ പണം ധൂർത്തടിക്കയാണോ? സുനാമി ഫണ്ട്, ആദിവാസി ഫണ്ട് ഇങ്ങനെ പല പേരുകളിൽ കാലാകാലങ്ങളിലായി കോടാനുകോടികൾ ധൂർത്തടിച്ച, അട്ടിമറിച്ചവരെ നല്ല കണക്കന്മാരായി എല്ലാവരും കാണണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ല. എല്ലാവരും ആഗ്രഹിക്കുന്നത് എല്ലാം സുതാര്യമായി നടക്കണമെന്നാണ്. അഴിമതി നിറഞ്ഞ ഈ ജനാധിപത്യ ഭരണത്തിൽ ഈ സുതാര്യത നടക്കുമോ?

മലയാളിക്ക് പരമ്പരാഗതമായി കിട്ടിയ അനുഗ്രഹമാണല്ലോ അസ്സുയ, പരദൂഷണം തുടങ്ങിയ നല്ല ശീലങ്ങൾ. ഇതൊക്കെ സർക്കാർ കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നതുപോലെ നുണപ്രചാരണ കണക്കു പുസ്തകത്തിൽ എഴുതിച്ചേർക്കുന്നതാണ് നല്ലത്. അതിനപ്പുറം മതസഹിഷ്ണതയും സ്‌നേഹവും നിലനിൽക്കുന്ന ഒരു നാട്ടിൽ ദൈവ-രാഷ്ട്രീയത്തെക്കാൾ മനുഷ്യർ പരസ്പര സഹകരണത്തിൽ ജീവിക്കയാണ് വേണ്ടത്. ഈ പണം അനർഹരായവർക്ക് ദുർവിനിയോഗം ചെയ്യുന്നുവെങ്കിൽ രേഖമൂലം ചോദിക്കാനുള്ള അവകാശം എല്ലാ പൗരനുമുണ്ട്. സാധാരണ കമ്പനികൾപോലും അവരുടെ ബാലൻസ് ഷീറ്റ് വളരെ കൃത്യമായി വരവ് ചിലവിനത്തിൽ രേഖപ്പെടുത്താറുണ്ട്. എത്ര ഓഡിറ്റ് നടത്തിയാലും അതിന്റ അടിയൊഴുക്കുകൾ ആർക്കും കണ്ടെത്താൻ സാധിക്കില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനും ആ പ്രളയഭൂമികയിൽ കഷ്ടപ്പെടുന്ന സന്നദ്ധപ്രവർത്തകർക്കൊപ്പം നമുക്കും കഴിയുന്ന വിധം പങ്കാളിയാകാം. മണ്ണിൻറ് തൊലിപ്പുറ ചികിത്സ മാറ്റി മഹത്തായൊരു ഹരിതകേരള വിപ്ലവത്തിന് ഒരുങ്ങുകയാണ് വേണ്ടത് ഇല്ലെങ്കിൽ പ്രളയം അതിന്റ കൊയ്ത്തു തുടരുക തന്നെ ചെയ്യും.

 

ശോശാമ്മ ജേക്കബ്   

വാടകവീടിന്റെ ചിതലുകയറിയ വാതിൽപ്പടികൾക്കിടയിലൂടെ ഇരമ്പി കയറി നാസിക തകർത്ത മുല്ലപ്പൂഗന്ധം പെയ്തുതോർന്ന അവന്റെ കണ്ണുകളെ പതിയെ വിളിച്ചുണർത്തി. ഈവിധ ഗന്ധത്തോട് എന്തെന്നില്ലാത്ത ഒരുവിധ അഭിനിവേശം ഈയിടെയായി അവനിൽ ഉണർന്നുവരുന്നത് ആശ്ചര്യംമുളവാക്കുന്നതായിരുന്നു. സൂര്യരശ്മികൾ കടന്നുവന്ന ജനൽപ്പാളികളെ നോട്ടമിട്ട് പതിയെ കിടക്കയിൽ നിന്നും തലപൊക്കി. എഴുന്നേൽക്കുവാൻ മടികാട്ടി കിടക്കും വിധം ശരീരം തളർന്നിരിക്കുന്നു. എങ്കിലും ആ ഗന്ധം അവനെ വല്ലാതെ ഉത്തേജിപ്പിച്ചു ; പ്രകാശകണികകൾക്കു നേരെ എഴുന്നേറ്റു ഇഴഞ്ഞു നടന്ന് ജനൽപ്പടിയിൽ തൂങ്ങി മുറ്റത്തേക്ക് നോക്കി… പുതുമഴയിൽ വന്നുവീണ മഞ്ചാടിക്കുരുവും മാങ്ങാഞ്ചിമൊട്ടുകളും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. ക്ഷീണിച്ച് കറുത്ത് തൂങ്ങിയ കണ്ണുകൾ തിരയുന്നുണ്ടായിരുന്നത് ഇവയൊന്നുമല്ല! രൂക്ഷമായ മുല്ലപ്പൂഗന്ധഉറവിടമാണ്. ചുറ്റുതറകളാൽ ഭംഗിയായി കെട്ടിനിർത്തിയ ഇഷ്ടിക കൂട്ടങ്ങൾക്കിടയിൽ അവയുടെ വേര് കാൺമാറായി. അവൻ കണ്ണുകളെ വികസിപ്പിച്ച് കൂട്ടിത്തിരുമ്മി ഊർജവത്താക്കി, കൺമുമ്പിൽ നിറഞ്ഞുനിൽക്കുന്ന കുഞ്ഞിവെള്ള നിറങ്ങൾ മുല്ലപ്പൂക്കളും അവയുടെ മൊട്ടുകളും ആണെന്ന് അവൻ മനസ്സിലാക്കിയപ്പോഴേക്കും അവനിൽ ഉളവായ ജിജ്ഞാസ പലതിനെയും ഓർമ്മിപ്പിക്കുന്നവയായിരുന്നു.

ഒരുയിർത്തെഴുന്നേല്പിനായി ശ്രമിച്ചുകൊണ്ടിരുന്ന അവനിലേക്ക് ഉണർന്നുവന്ന ശ്രീദേവിയുടെ ഓർമ്മകൾ ഒരു പുൽകൊടി നാമ്പിന്റെ നീർച്ചാർത്തുപോലെ മൃദുലമായിരുന്നു. ലോകസത്യങ്ങൾക്കുപോലും പകരം വെക്കാൻ മറ്റൊന്നില്ലാത്ത അത്രമേൽ ആഴമേറിയ അവരുടെ ബന്ധത്തിന്റെ ശേഷിപ്പായി ഇപ്പോൾ കുറെ ഓർമ്മകൾ മാത്രമാണ് ബാക്കിപത്രം. മുന്തിരിങ്ങയോളം കറുപ്പും, വലിപ്പമുള്ളതുമായ കണ്ണുകൾ. നനവാർന്നതും പതുപതുത്തതുമായ മേൽതൊലികൾ, ആകർഷണ വിധേയമായി നീണ്ടു എടുത്തുകാട്ടാത്തക്കവിധത്തിലുമായി നിൽക്കുന്ന മൂക്ക്, കടുത്ത നിറത്തിൽ അത്രമേൽ വലിപ്പമർഹിക്കാതെ നിലകൊണ്ട ചുണ്ടുകൾ, നല്ല തുടുത്ത കവിളുകളാൽ അല്പം നീണ്ടുകാണപ്പെട്ട മുഖാകൃതി, തെളിഞ്ഞ വെള്ളത്തിനടിയിൽ കാണപ്പെടുന്ന മുറ്റകല്ലിന്റെ നിറവും ശ്രീദേവിക്ക് സ്വന്തമായവയായിരുന്നു. അവന്റെ മനസ്സിൽ ബന്ധിക്കപ്പെട്ടുകിടന്ന മുഖത്തെ തട്ടി മാറ്റും വിധത്തിൽ കതകിൽ കൊട്ട് കേട്ടു. ഞെട്ടിയുണർന്ന് അവൻ മന്ദം മന്ദം നടന്ന് വാതിലുകൾ തുറന്നു.

“ഇതെന്നാവോ? ഈ കതകിന് അകമേ നിന്നും കുറ്റിയിടരുതെന്ന് പറഞ്ഞിട്ടില്ലയോ മ്മള് പുറത്തേക്ക് പോയത്” നസിറുദ്ദീൻ ആരോടെന്നില്ലാതെ കയർത്തു. ഇതൊന്നുമേ തനിക്ക് ബാധകമല്ല എന്ന മട്ടിൽ അവൻ തിരികെ നടന്ന് കട്ടിലിന്മേൽ സ്ഥാനമുറപ്പിച്ചു.
” ശിവാ ! ഇങ്ങളോടല്ലേ മ്മള് പറയുന്നത് ഇജ്ജ് കേക്കണുണ്ടോ? ” നസിറുദ്ദീൻ കട്ടിലിന്റെയരുകിൽ ചെന്ന് നിലത്ത് കുത്തിയിരുന്നു.
“കൂടിയാ ഒന്നോ രണ്ടോ ദീസം. അതിനുമേലെ ഈ വാടകകൂരേല് നിക്കാൻ പറ്റുല്ലാട്ടാ. ഇയ്യ് എന്ത് ചെയ്യും? ”
ശിവ ജാള്യത നിറച്ച ഒരു ചെറു പുഞ്ചിരി ചുണ്ടിൽ വിരിയിച്ച് തലയുയർത്തി നസിറുദ്ദീനെ നോക്കി.
“ഇയ്യ് എത്ര ദീസമായി ഈ കിടപ്പ് കിടക്കണത്? അനക്ക് എടുക്കാനുള്ളതെല്ലാം പെറുക്കി പൂട്ടിക്കോ! ഇങ്ങള് പോര് ഞമ്മള് പെരെലോട്ട് കൊണ്ടുപോകാം. അവിടെ ഞമ്മളും ബാപ്പയും അല്ലാ ഉളള്. ഇങ്ങള് ബന്നാ അവിടെ കൂടാം. എന്തായാലും ഞമ്മടെ പെരെന്ന് ഇങ്ങളെ ആരും ഇറക്കിവിടൂല്ല. ”

നസിറുദ്ദീന്റെ ഈവിധ വാക്കുകൾ ശിവയുടെ മനസ്സിനെ പിടിച്ചുപൂട്ടുന്നവയായിരുന്നു. നസിറുദ്ദീൻ മെല്ലെ എഴുന്നേറ്റ് അകമുറി ലക്ഷ്യമാക്കി നടന്നു. പഴയ ഡ്രംഗ് പെട്ടി വലിച്ചു തുറക്കുന്നതിന്റെയും മറ്റും മൃദുമൂർച്ചസംഗീതം ശിവയുടെ മുറി വരെ മുഴങ്ങിക്കേൾക്കാമായിരുന്നു.

ശിവ മെല്ലെ എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് തലേന്ന് കഴിച്ച് ബാക്കിവെച്ച മസാലക്കറി മണത്ത് പൂച്ചയുടെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു അധികം ഉപ്പു നൽകാതെ എരിവ് കൂട്ടി കഴിച്ച ശീലമാണ് ശിവയ്ക്ക്. അവന്റെ ജനനം മുതൽ ഈ നാൾ വരെയും ശ്രീദേവി അവനെ ആഹാരരീതിയുടെ ആവിധ ചട്ടക്കൂട്ടിൽ തളച്ചിട്ടിരുന്നു. എത്ര ദൂരെയായാലും ശ്രീദേവി ഉണ്ടാക്കുന്ന ആഹാരം കഴിച്ച് തൃപ്തിയടയാൻ ഓടിവന്ന ശിവയെ നസിറുദ്ദീന് നന്നായിട്ടറിയാം. ആ സമയങ്ങളിൽ മുത്തുകളും, ചിപ്പികളും, ലോലാക്കുകളും നിറഞ്ഞ കടൽക്കൊട്ടാരത്തെ മുത്തമിടാൻ ഒരുങ്ങുന്ന മത്സ്യകന്യകയ്ക്ക് തുല്യമായിട്ടവൻ മാറുമായിരുന്നു. തന്റെ മുമ്പിൽ കുന്നുകൂടിയ പാത്രക്കൊട്ടാരം പതിയെ ഒന്നൊന്നായി പെറുക്കിയെടുത്ത് കഴുകിയെടുക്കുവാൻ തുടങ്ങി. പുറത്ത് സൈക്കിൾ ബെൽ മുഴങ്ങിയ നേരം നസിറുദ്ദീൻ മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ട് ശിവ അവിടേക്ക് ചെന്നു. പോസ്റ്റ്മാൻ കീശയിൽ കൈയിട്ട് നീളൻ വെള്ള പേപ്പർ പുറത്തെടുത്തു.
” ഈ മാസത്തെ അമ്മയ്ക്കുള്ള കത്ത് വന്നൂട്ടോ……. ! ഇത് തൃശ്ശൂർ മേൽവിലാസമാണല്ലോ”
പോസ്റ്റുമാൻ കത്തിലൂടെ കണ്ണോടിച്ച് ശിവയ്ക്ക് മുമ്പിലേക്ക് നീട്ടി.
‘ശ്രീദേവി സേതുമാധവൻ’ കത്തിന്റെ പുറതൊലിയിൽ കാണപ്പെട്ട ആ പേരിൽ കണ്ണുടക്കി അവനൊറ്റനില് പാലെ നിന്നു. ഉണങ്ങിയ സിന്ദൂരം പോലെ പറ്റിനിൽകുന്ന ഒരു തരം കറയാണ് ശിവയുടെ ചിന്തയിൽ ശ്രീദേവിയുടെ ഓർമ്മകൾക്ക്. ഒരോവട്ടവും അവന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മുടിവിടർത്തി നിൽക്കുന്ന ശ്രീദേവിയുടെ രൂപം; അവന്റെ മുമ്പിൽ മലർന്ന് മരവിച്ച് ജഡമായി തീർന്നപ്പോഴും ശ്രീദേവിക്ക് മുല്ലപ്പൂഗന്ധമായിരുന്നു. പൂട്ടിയ കുഞ്ഞികണ്ണുകളും, ചുരുട്ടിപ്പിടിച്ച ചെറിയ കൈവിരലുകളും ശ്രീദേവി ചേർത്തുനിർത്തി താലോലിച്ചു വളർത്തിയ ശിവയെക്കുറിച്ച് ശ്രീദേവി നസിറുദ്ദീന്റെയടുക്കൽ ഇഴപൊട്ടാതെ പറഞ്ഞുകൊടുക്കുമായിരുന്നു. ഇരുവരുടെയും ദൃഢബന്ധം നസിറുദ്ദീനെ അസൂയാലുവാക്കിതീർത്തതിനെപ്പറ്റി ശ്രീദേവിയോട് ഒരിക്കൽ പറഞ്ഞപ്പോഴുണ്ടായ പ്രതികരണം നസിറുദ്ദീന്റെ മെയ്യും കാലും തളർത്തിയവയായിരുന്നു
” അമ്മാ…… ന്നുള്ള ശിവയുടെ നീണ്ട ആ വിളികൾ ഞാനർഹിക്കുന്ന ഒരു ശിക്ഷയാണ്.”
ആ വാക്കുകൾക്കുള്ളിലെ യാഥാർത്ഥ്യത്തെ ചൂഴ്ന്നെടുക്കുവാൻ നസിറുദ്ദീൻ തയ്യാറായിരുന്നില്ല.

“ത്.. ഫൂ… ” ഉപ്പേടെ നീട്ടിയ കാർക്കിച്ചുതുപ്പൽ കേട്ട് കണ്ണുതുറന്ന് നസിറുദ്ദീൻ ജനറൽപ്പാളിയിലെ വിരി വകഞ്ഞു മാറ്റി മുറ്റത്തേക്ക് നോക്കി പറഞ്ഞു.
“ഉപ്പാ….. ഇന്ന് ന്റെ
ചെങ്ങായി വരൂട്ടാ.”
” ഇജ്ജ് എത്രാമത്തെ ബട്ടമാ നസറൂ യിത് തന്നെ പറയണത്. ഇയ്യ് ധൈര്യമായിട്ട് കൊണ്ടുവരീ.. ആദ്യം ഇയ്യ് കിടക്കപ്പായേന്ന് പോയി പല്ല് ബൃത്തിയാക്ക് ”

നസിറുദ്ദീൻ കിടക്കയിൽനിന്നെഴുന്നേറ്റ് പുരയാകെ ചുറ്റിനടന്ന് വീക്ഷിച്ചു. ചങ്ങാതി വന്നു കയറുമ്പോൾ കുറവൊന്നും പറയാൻ പാടില്ലല്ലോ. പല്ലുതേച്ച്, കുളിച്ച് തലേന്ന് രാത്രി വെള്ളത്തിലിട്ടുവച്ചിരുന്ന പഴഞ്ചോറ് അപ്പാടെ വിഴുങ്ങി, കുപ്പായമിട്ട് നസിറുദ്ദീൻ കവലയിലോട്ട് ഒറ്റ നടത്തം നടന്നു. കവലയിൽ നിന്ന് മാണിക്യത്തിന്റെ പിക്കപ്പ് വാനിൽ കയറി നടക്കാവ് വീടിന്റെ വഴിയോരതെത്തി നീട്ടി ഹോണടിച്ചു. ആളനക്കമില്ലായെന്ന് കണ്ടപ്പോൾ വണ്ടിയിൽ നിന്നിറങ്ങി ഗേറ്റ്പാളി മലർക്കെ തുറന്നു. മാണിക്യം വാതിലിനോരം ചേർത്തു പിക്കപ്പ് നിർത്തി ഹോൺ വീണ്ടും നീട്ടിയടിച്ചു.

“ഈ പഹയനിത് പൊന്തീട്ടില്ലേ? ” നസിറുദ്ദീൻ പിറുപിറുത്തു. അടുക്കളവാതിലിന്റെ പിടിയിൽ പിടിച്ചതും വാതിൽ വലിയ വായാലെ തുറന്നു. മാണിക്യം വണ്ടിയിൽ നിന്നിറങ്ങി മുണ്ടുമടക്കിൽനിന്ന് സിഗരറ്റ് കത്തിച്ച് പുകയ്ക്കുവാൻ തുടങ്ങി. നസിറുദ്ദീൻ ഒച്ച കൂട്ടാതെ അകത്തേക്ക് കയറി. മുറിയിലാകെ മുല്ലപ്പൂഗന്ധം. ശിവയുടെ മുറിയിലേക്ക് കയറിചെന്നപ്പോൾ കണ്ടത് ശ്രീദേവിയുടെ ഒട്ടുമിക്ക തുണികളും അലസമായി കട്ടിന്മേൽ ഞാണുകിടക്കുന്നു. അവയോരോന്നായി വകഞ്ഞുമാറ്റികൊണ്ടിരുന്നപ്പോൾ വട്ടമേശമേൽ മൂന്നു മടക്കുകളായി കോർത്ത് കെട്ടി വച്ചിരിക്കുന്ന മുല്ലപ്പൂമാല നസിറുദ്ദീന്റെ കണ്ണിൽപ്പെട്ടു. കമ്പിനൂൽ പാലത്തിന്റെ രണ്ടറ്റത്ത് കല്ലുകൊണ്ട് ശക്തമായി പ്രഹരിക്കുമ്പോൾ ഉണ്ടാകുന്ന കമ്പനം പോലെ അവന്റേയുളള് പിടയ്ക്കുവാൻ തുടങ്ങി.

മറയ്ക്കുള്ളിൽ നിന്ന് വളയനക്കം കേട്ട് കുറച്ചുകൂടി മുന്നോട്ട് ചെന്ന് മറയുടെ ഒരുവശത്തായി കൈകൾ കൂട്ടിപ്പിടിച്ച് പതിയെ മുട്ടിനോക്കി.
ശംഖു കഴുത്തും നീൾചുണ്ടുകളിൽ കടുചുവപ്പുനിറം പൂശി, മയക്കുന്ന പുഞ്ചിരിയുമായി ചുവപ്പ് നിറം കലർന്ന ഒഴുക്കൻ സാരി അലസമായി ചുറ്റി രോമാവൃതമായ വയറുകൾ കാട്ടി സിന്ദൂരപടലത്താൽ പൊട്ടുകുത്തി മറ്റൊരു ശ്രീദേവി രൂപമായി മാറി ശിവ നസിറുദ്ദീന്റെ മുമ്പിൽ പ്രത്യക്ഷനായി.
അഴിച്ചിട്ട മുടിച്ചർത്തുകൾക്കു പകരം തലയൊട്ടി നിൽക്കുന്ന മുടികഷണങ്ങളിൽ ഓരോന്നായി പിടിച്ചു കറക്കി പാതികിറുങ്ങിയ കണ്ണുകളുമായി ശിവ രതിസംഗീതം മൂളിയങ്ങനെ നിന്നു. തനിക്കു ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഒരെത്തും പിടിയും കിട്ടാതെ നിന്ന നസിറുദ്ദീനോടായി ശിവ ചോദിച്ചു.

“നിനക്കറിയോ നസിറുദ്ദീനെ….. ഈ ലോകത്തിൽ പാലിനേക്കാൾ മൃദുവായതും, പ്രകാശത്തെക്കാൾ വന്യമായതും എന്താണെന്ന്? ”
നസിറുദ്ദീൻ കണ്ണുമിഴിച്ച് ചുണ്ട് വിറപ്പിച്ച് അറിയില്ലെന്നമട്ടിൽ തലയനക്കി. ചോരപൊടിയുമെന്ന വിധേന ചുവപ്പായി തീർന്ന കണ്ണുകളാൽ ശിവ മറുപടി പറഞ്ഞു.
“പെണ്ണിന്റെ ശരീരം.”!!!!
ഞാമ്പോവ്വാ നസിറുദ്ദീനെ….. നിനക്കെന്നെ വേണോ? ”
പെണ്ണിന്റെ രതികലർന്ന പുഞ്ചിരിയാൽ ശിവ നസിറുദ്ദീനെ നോക്കി…..
“എങ്ങട്ട്?? ”
മറുപടിയെന്നോണം…. മൂറിന്റെ മയക്കുന്ന മണമുള്ള കത്ത് നസിറുദ്ദീന് നേർക്ക് നീട്ടി ശിവ വട്ടമേശപ്പുറത്തെ മുല്ലപ്പൂമാലയ്ക്ക് നേരെ നടന്നു.
നസിറുദ്ദീൻ ആകാംക്ഷയോടെ കത്ത് തുറന്നു കണ്ണോടിച്ചു.
‘ സരോജം ലോഡ്ജ്
റൂം നമ്പർ : 22
(തയ്യൽ പരിശീലന ബ്ലോക്കിനെതിർവശം, തൃശ്ശൂർ കാളിയാക്കവല)’

 

ശോശാമ്മ ജേക്കബ്

തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളസാഹിത്യത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ഡിയർ അമ്മച്ചി, ആമി എന്നീ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ‘ ഡിയർ അമ്മച്ചി ‘ എന്ന ഹ്രസ്വചിത്രത്തിന്
നാഷണൽ ഹെൽത്ത്‌ മിഷൻ അവാർഡ് ലഭിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ ‘എ ‘ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൺടെന്റ് റൈറ്റർ, വിവർത്തക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു വരുന്നു.

ഷിജോ ഇലഞ്ഞിക്കൽ

ഒരു ക്യാംപസ്ക്കാലം മുഴുവൻ അവർ പ്രണയിച്ചു …
അവസാനം കാരിരുമ്പുതറച്ചപോലെ ആവാർത്ത അവളറിഞ്ഞു;
തൻ്റെ കാമുകന് ശ്വാസകോശത്തിന് ക്യാൻസറാണ് …
ഉള്ള ശ്വാസവും വലിച്ചുപിടിച് അവൾ അവനെ ഉപേക്ഷിച്ചോടിപ്പോയി…
വാർത്ത ക്യാംപസിൽ പരന്നു…
ദിവ്യപ്രേമത്തിനുകുടപിടിച്ച കൂട്ടുകാർ അവളെ ഹാഷ്‌ടാഗ്‌ ചെയ്തു: വഞ്ചകി!!!
രോഗവും വിരഹവും പുഞ്ചിരിയിലൊളിപ്പിച് കാമുകൻറ്റെ ബ്രേയ്ക്കിങ്‌ ന്യൂസ്:
തൻ്റെ പ്രണയിനിക്കും ക്യാൻസറാണ്!!!
മുറിയടച് മൊബൈലും തുറന്നിരുന്ന കാമുകിക്കുംകിട്ടി;
‘ഇപ്പോൾക്കിട്ടിയ വാർത്ത’
തന്നെക്കുറിച്ചു താൻപോലും അറിയാത്ത വാർത്ത!!!
നഗരത്തിലെ ഏറ്റവുംമുന്തിയ ആശുപത്രിയിൽ എക്സ്പെൻസീവും എക്സ്ക്ലുസീവുമായി നടത്തിയ ക്യാൻസർ ടെസ്റ്റ് റിപ്പോർട്ട് തെല്ലഹങ്കാരത്തോടെ അവൾ കൂട്ടുകാർക്ക് അയച്ചു – cancer negative.
കൂട്ടുകാർ റിപ്പോർട്ട് അവനെക്കാണിച്ചു…
ഡോക്ടർ അവളുടെ ശരീരം പരിശോധിച്ച റിപ്പോർട്ടല്ലേ ഇത്?
ഇത്രയുംപറഞ്ഞ് അവൻ ക്യാമ്പസിലെ വാകമരചുവട്ടിലേക്കുനടന്നു …
ക്യാംപസിലെ സന്നദ്ധ സംഘടനയായ നാഷണൽ സർവീസ് സ്കീംമിലെ ഒരുപറ്റം കൂട്ടുകാർ അവരുടെ തീംസോങ്ങ് പാടി പ്രാക്റ്റീസ് ചെയ്യുന്നു …
അവനും അവളും ചേർന്ന് ആ പാട്ട് ഒരുപാടുപാടിനടന്നിട്ടുണ്ട്…
അതിലെ ആദ്യവരി വാകമരത്തിലെ ചില്ലയിൽതട്ടി താഴെ അവനിരുന്നിടത്തുവന്ന് വീണു…
” മനസ്സ് നന്നാവട്ടെ…”
അവളിലെ ആ വരികളിലേക്ക് മഹാരോഗത്തിൻ്റെ അണുക്കൾ നുഴഞ്ഞു കയറുകയായിരുന്നു…

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ്

Email: [email protected]
Mobile: 07466520634

 

RECENT POSTS
Copyright © . All rights reserved