Specials

പ്രൊഫ . ഫിലിപ്പ് എൻ തോമസ് , മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ്‌ പ്രസിഡന്റ് 

ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ യുവൽ നോവ ഹരാരി രചിച്ച “21 Lessons for the 21 century” എന്ന ഗ്രന്ഥത്തിൽ  ഇന്നത്തെ സമൂഹം നേരിടുന്ന പ്രതിസന്ധി വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇരുപതാംനൂറ്റാണ്ട് മൂന്ന് വലിയ പ്രത്യയ ശാസ്ത്രങ്ങൾക്ക് വേദിയായിരുന്നു. ഫാസിസം, കമ്മ്യൂണിസം, ലിബറലിസം. ഫാസിസം ആദ്യം തന്നെ ചരിത്രത്തിന്റെ ഭാഗമായി, കമ്മ്യൂണിസം 1990-കളുടെ ആരംഭത്തിൽ തിരോധാനം ചെയ്തു. ലിബറലിസം ആഗോളവൽക്കരണത്തിലൂടെ അതിന്റെ ഉച്ചകോടിയിൽ എത്തി 21 ആം നൂറ്റാണ്ടിലേക്ക് കടന്നു. പക്ഷേ ഇന്ന് ലിബറലിസം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ലിബറലിസത്തിന്റെ തന്നെ ഉൽപ്പന്നങ്ങളായ ഇൻഫർമേഷൻ ടെക്നോളജിയും ബയോടെക്നോളജി യും ചേർന്ന് രൂപപ്പെടുത്തിയ വിപ്ലവാത്മക മുന്നേറ്റത്തിൽ ആഗോളവത്കരിക്കപ്പെട്ട ലിബറലിസം ഏറ്റവും വലിയ വൈതരണിയിൽ എത്തിപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ചിന്തകളെ നിരാകരിച്ച് അനേകായിരങ്ങളെ തൊഴിൽരഹിതരാക്കി പൂർണ്ണ അധികാരം കൈയാളുന്ന ഡിജിറ്റൽ ഡിക്റ്റേറ്റർഷിപ്പിന് വഴി മാറുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ബഹുഭൂരിപക്ഷം ചൂഷണത്തിന് വിധേയരാകുന്നതല്ല  മറിച്ച് സംഗതരല്ലാതെ (irrelavent) ആകുമെന്ന് അദ്ദേഹം വിഭാവനം ചെയ്യുന്നു. സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴത്തെ മാന്ദ്യം തൊഴിൽരംഗത്തെ അതിഭീമമായ കുറവ്, കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ സാംസ്കാരിക സംഘടനകൾ, തീവ്രവാദം സൂക്ഷ്മതലത്തിൽ ബന്ധങ്ങളുടെ തകർച്ച, യാന്ത്രികത, വ്യക്തികളുടെ ആത്മഹത്യ തുടങ്ങിയവയെല്ലാം മുകളിൽ വിവരിച്ച ഭയാശങ്കകൾ സാധൂകരിക്കുന്നതാണ്.
ചുരുക്കത്തിൽ ചരിത്രത്തിന്റെ പ്രയാണം പ്രകാശമില്ലാത്ത വിദൂര കാഴ്ചയില്ലാത്ത അകത്തളങ്ങളിൽ എത്തിപ്പെട്ടിരിക്കുന്നു. ഇവിടെയാണ് ഗാന്ധി ദർശനത്തിന്റെ കാലിക പ്രസക്തി നമ്മുടെ മുൻപിൽ ചർച്ചയാകുന്നത്

ഗാന്ധിജി എന്ന പ്രകാശഗോപുരം.

ഹറാരിയുടെ വിശകലനത്തിൽ മുൻപിൽ മന്ദസ്മിതനായി കടന്നുവരുന്നത് ഗാന്ധിജി എന്ന പ്രകാശഗോപുരമാണ് അഥവാ ഗാന്ധിദർശനം ആണ്. ചരിത്രത്തിലെ അപൂർവ്വ പ്രതിഭാസമാണ് ആളത്തവും ദർശനവും വേർതിരിക്കാനാവാത്ത വിധം സംഭവിക്കുന്ന ലയം. ഗാന്ധിജിയിൽ ഈ ലയം പൂർണമാണ്. അർദ്ധനഗ്നനായി സഹപ്രവർത്തകരുടെ തോളിൽ കൈകളിട്ട് ചിരിച്ചുകൊണ്ട് മുമ്പോട്ട് നടക്കുന്ന ഗാന്ധിജിയുടെ രൂപം, ഹരാരിയുടെ മുന്നറിയിപ്പുകൾക്കിടയിലൂടെ വെളിച്ചവും ദൂരകാഴ്ചയും നൽകുന്നു. ഗാന്ധി ദർശനം ആണ്, അല്ല ഗാന്ധിജി തന്നെയാണ് നമ്മുടെ പ്രതീക്ഷ.

ചർക്ക എന്ന പ്രതീകം.

ലിബറലിസത്തിന്റെ ഉൽപാദന വിതരണ അധീശത്വത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ചർക്കയുടെ പ്രസക്തി ഏറെയാണ്. ഉത്പാദനവും ,വിപണനവും ,ഉപയോഗവും എല്ലാം പങ്കാളിത്തത്തിന്റെ മണ്ണിൽ മാത്രമേ സ്ഥായിഭാവമുള്ളതാകു എന്ന് ഗാന്ധിജി വിശ്വസിച്ചു. അതിന്റെ പ്രതീകമായിരുന്നു ചർക്ക. പരുത്തി കൃഷി ചെയ്യുന്നവർ, പഞ്ഞി ശേഖരിക്കുന്നവർ, തിരി ആക്കുന്നവർ നൂൽ നൂൽക്കുന്നവർ , വസ്ത്രത്തിന് നിറം നൽകുന്നവർ, വിപണനം ചെയ്യുന്നവർ, ഉപഭോക്താക്കൾ എല്ലാവരും ചേർന്ന ശൃംഖല വലുതാണ്. അതിലെ ഓരോ കണ്ണിയും തുല്യ പ്രാധാന്യമുള്ളതാണ് . ഒരിടത്തും അമിതലാഭം ഇല്ല. എല്ലാവർക്കും എല്ലാതലങ്ങളിലും ബഹുമാനവും, അംഗീകാരവും പങ്കാളിത്ത സംവിധാനത്തിൽ അന്തർലീനമാണ്. പങ്കാളിത്തം നിഷേധിച്ചുള്ള സംവിധാനം വിഭവങ്ങളുടെയും ,അധികാരത്തിന്റെയും കേന്ദ്രീകരണത്തിലേക്ക് നയിക്കും. ഫലമോ ചൂഷണവും അന്തരവും. ചുരുക്കത്തിൽ ഹരാരിയുടെ തൊഴിൽ രാഹിത്യവും ഡിജിറ്റൽ ഡിക്ടേറ്റർ ഷിപ്പിനും പരിഹാരം പങ്കാളിത്തത്തിന്റെ ഗാന്ധിദർശനം തന്നെ. ചർക്ക എന്ന പ്രതീകത്തിന്റെ പുനരാവിഷ്കരണം ഇന്ന് എങ്ങനെ സാധിക്കും എന്നുള്ളത് തീർച്ചയായും ഗൗരവമായി പരിചിന്തനം ചെയ്ത് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

ചാക്രിക പ്രക്രിയ

പ്രകൃതിവിഭവങ്ങളുടെ രേഖീയ ചൂഷണം (leniar exploitation) ഗാന്ധിദർശനത്തിലില്ല, ഇത് ചാക്രിക പ്രക്രിയയാണ്. പ്രകൃതിയിൽ നിന്നും സ്വീകരിക്കുന്ന വിഭവങ്ങളുടെ ഒരു പങ്ക് എങ്കിലും പ്രകൃതിക്ക് തിരിച്ചു കൊടുക്കുവാൻ ഉപഭോക്താവ് ബാധ്യസ്ഥനാണ്. ചാക്രിക പ്രക്രിയയുടെ ഏറ്റവും വലിയ പ്രതീകം ഗോബർ ഗ്യാസ് പ്ലാൻഡ് ആണ്. പ്രകൃതിയിൽ നിന്ന് പുല്ല് , വൈക്കോൽ , സസ്യ അവശിഷ്ടങ്ങൾ , വെള്ളം തുടങ്ങിയവ ആഹാരമായി സ്വീകരിക്കുന്ന കന്നുകാലികൾ പാൽ , തൈര് തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾകൊപ്പം വളമായി ചാണകവും നൽകുന്നു. ചാണകം ഉപയോഗിച്ചുള്ള ഗോബർ ഗ്യാസ് പ്ലാന്റ് പാചകത്തിന് ഗ്യാസ് ലഭ്യമാക്കുന്നു. അതോടൊപ്പം പുറംതള്ളുന്ന അവശിഷ്ടം പ്രകൃതിയിലേക്ക് സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് വളമായി മാറ്റപ്പെടുന്നു. പ്രകൃതിയെ സമ്പുഷ്ടമാക്കുന്നു. പ്രകൃതിയുടെ മേലുള്ള ചൂഷണം വിഭവങ്ങൾ കുറയ്ക്കുകയും അന്തിമമായി ഇല്ലാതാക്കുകയും ചെയ്യും. മാത്രവുമല്ല അവശിഷ്ടങ്ങൾ മലിനീകരണത്തിന് ഉറവിടം ആകുന്നു. വിഭവശോഷണം മലിനീകരണവും മുഖമുദ്രകൾ ആയുള്ള രേഖീയ വികാസന പ്രക്രിയ തിരുത്തേണ്ടത് നിലനിൽപ്പിനു കൂടിയേതീരൂ. ഗാന്ധി ദർശനം അതാണ്. വ്യവസായങ്ങളുടെ പങ്കാളിത്ത ചാക്രിക സ്വഭാവം വീണ്ടെടുക്കണം എന്ന് ഗാന്ധിമാർഗ്ഗം അനുശാസിക്കുന്നു.

സൗഹൃദ വിപണി

വിപണിയിലെ മത്സരമാണ് ലിബറലിസത്തിന്റെ അടിസ്ഥാനതത്വം. മത്സരത്തിലൂടെ ലാഭം, ലാഭം വീണ്ടും വിപണിയിലെത്തുന്നു. ചുരുക്കത്തിൽ ലാഭം കൊയ്യുന്നവരുടെ പിടിയിൽ വിപണി അമരും. സ്വതന്ത്ര കമ്പോളം എന്നത് മിഥ്യ സങ്കല്പം ആയി മാറുന്നു . വിപണി കയ്യടക്കുന്ന വൻകിടക്കാർ വിഭവങ്ങളുടെയും അധികാരത്തിന്റെയും കടിഞ്ഞാൺ പിടിക്കും. വിപണിയിൽ ഇടപെടുന്നതിന് ഉപഭോക്താവിന് ശേഷി ഇല്ലാതെ വരുമ്പോൾ വിപണി തകർച്ചയിലേക്ക് മാറും. ഇപ്പോഴത്തെ മാന്ദ്യം അതാണ്. ഗാന്ധിദർശനത്തിൽ ലാഭം അടിസ്ഥാനപ്രമാണം അല്ല. മത്സരം ലാഭത്തിനല്ല ഗുണമേന്മക്ക് വേണ്ടിയുള്ള സൗഹൃദ ഇടപെടൽ മാത്രമാണ്. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും വേദികളാണ്.

ഗ്രാമസ്വരാജ് / ആഗോളഗ്രാമം.

ഗാന്ധിദർശനം ആണല്ലോ സ്വാശ്രയ ഗ്രാമങ്ങൾ. നീതിയുടെയും, സുസ്ഥിരത യുടെയും ചെറിയ സാമൂഹ്യ ഇടങ്ങൾ ആകണം ഓരോ ഗ്രാമവും എന്ന് ഗാന്ധിജി വിഭാവനം ചെയ്തു. വിഭവങ്ങളുടെ സ്വഭാവവും ലഭ്യതയും അനുസരിച്ചാവണം ഓരോ ഗ്രാമവും ഗ്രാമസ്വരാജ് ആയി രൂപപ്പെടേണ്ടത്. ഉല്പാദക രെയും ഉൽപ്പന്നങ്ങൾ ആയും അടിസ്ഥാനപ്പെടുത്തിയുള്ള വേർതിരിവോ മേധാവിത്വമോ ഗാന്ധിദർശനത്തിലില്ല.

വാർത്താ വിനിമയത്തിലൂടെയും വിവിധ യാത്രാമാർഗങ്ങളിൽ കൂടിയും ലോകം ഒരു ഗ്രാമമായി മാറിയിട്ടുണ്ട് (ഗ്ലോബൽ വില്ലേജ് ). ഗാന്ധി ദർശനം ആഗോള ഗ്രാമത്തെ ഒരു ഗ്രാമസ്വരാജായി മാറ്റുന്നതിന് കെൽപുള്ളതാണ്. അത് സാധിക്കുമോ? എന്തായാലും ഹരാരിയുടെ പ്രതീക്ഷ യറ്റ ഇടം ഗാന്ധിജിയുടെ പ്രസക്തി വലുതാക്കുന്നു.

 

 

പ്രൊഫ . ഫിലിപ്പ് എൻ തോമസ്

ലേഖകൻ മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ്‌ ന്റെ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. തിരുവല്ല മാർത്തോമാ കോളേജിൽ പ്രൊഫസറായും കേരള കൗൺസിൽ ഓഫ് ചർചിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

 

 

 

 

ജോജി തോമസ്

കേരളചരിത്രം കണ്ട മഹാപ്രളയത്തിൻെറ ഓർമകൾക്ക് മലയാളിയുടെ മനസ്സിലെ ആയുസ്സ് കേവലം ഒരു വർഷത്തിൽ താഴെ മാത്രമായിരുന്നെങ്കിൽ , പ്രകൃതിയോടു കാണിക്കുന്ന ക്രൂരതയ്ക്ക് അനിവാര്യമായ പരിണിതഫലങ്ങളും ,തിരിച്ചടികളുമുണ്ടാകും എന്ന ഓർമപ്പെടുത്തലുകളുമായി മഹാപ്രളയത്തിൻെറ വാർഷികത്തിൽ തന്നെ വീണ്ടുമൊരു പ്രകൃതി ദുരന്തം നേരിട്ടപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിൻെറ ആവശ്യകതയാണ് . മഹാപ്രളയത്തിൽ നിന്ന് നമ്മൾ പഠിച്ച പാഠങ്ങളും , തിരുത്തൽ നടപടികളുമെന്താണെന്ന് പരിശോധിച്ചാൽ ഒരു പക്ഷെ ചാനൽ ചർച്ചകളിലും ,പത്ര താളുകളിലെ എഴുത്തിനുമപ്പുറം നമ്മൾ ഒരു പടി പോലും മുന്നോട്ടു പോയിട്ടില്ലാ എന്നുള്ളതാണ് വാസ്തവം . പ്രകൃതിയേയും പശ്‌ചിമഘട്ട മലനിരകളേയും സംരക്ഷിക്കാതുള്ള വികസനപ്രവർത്തനങ്ങൾ സർവ്വനാശത്തിലേയ്ക്കേ പരിണമിക്കൂ എന്ന തിരിച്ചറിവുണ്ടാകുന്നടത്താണ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൻെറ പ്രസക്തിയുദിക്കുന്നത് .

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നെന്നും ഇനിയും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് ഏതാനും വർഷങ്ങൾ മാത്രം മതിയെന്ന ആശങ്ക 2012 – ൽ മാധവ് ഗാഡ്ഗിൽ എന്ന പശ്‌ചിമഘട്ട പരിസ്ഥിതി വിദഗ്ധൻ മുന്നറിയിപ്പു നൽകിയപ്പോൾ അതിന് പരിഹസിച്ചു തള്ളിയവരാണ് രാഷ്ട്രീയക്കാരും ഉദ്യോഗവൃന്ദങ്ങളും അടങ്ങുന്ന സമൂഹത്തിലെ ബഹുഭൂരിപക്ഷവും . എന്നാൽ തുടർച്ചയായ രണ്ടാം വർഷവും കേരളം പ്രകൃതി ദുരന്തങ്ങൾ കൊണ്ട് വലഞ്ഞപ്പോൾ മാധവ് ഗാഡ്ഗിൽ എന്ന പ്രകൃതി സ്നേഹിയായ പരിസ്ഥിതി വിദഗ്ധൻെറ മുന്നറിയിപ്പ് യഥാർത്ഥ്യമാകുകയായിരുന്നു .

2011 ആഗസ്റ്റിൽ സമർപ്പിച്ച മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ അതീവ പരിസ്ഥിതി സംവേദക മേഖലകളായി കേരളത്തിൽ 18 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും ഈ മേഖലകളിലെല്ലാം ക്വാറികളും , നിർമാണപ്രവർത്തനങ്ങളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടരുന്നതിൻെറ പരിണിതഫലമാണ് കേരളം നേരിടുന്ന ദുരന്തങ്ങളുടെ പ്രധാന കാരണം . നാല്പതിലധികം പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തത്തിലടക്കം പ്രകൃതിക്കുമേലുള്ള നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾക്കു നേരേ വളരെ സാധാരണക്കാരായ പൊതുജനങ്ങളടക്കം മുന്നറിയിപ്പു നല്കിയിരുന്നെങ്കിലും സർക്കാരടക്കമുള്ള ബന്ധപ്പെട്ട ഏജൻസികൾ ഗൗനിച്ചില്ലാ എന്നുള്ളത് ഇവിടെ പ്രസക്തമാണ് .

പശ്ചിമഘട്ട സംരക്ഷണത്തിൽ കാലാകാലങ്ങളായി നമ്മൾ വരുത്തിയ വീഴ്‌ചയാണ് പ്രളയ , ഉരുൾപൊട്ടൽ ദുരന്തങ്ങൾക്ക് കാരണമെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിയ്ക്കുവാൻ അടിയന്തരനടപടിയാണ് ആവശ്യം . പരിസ്ഥിതിലോല പ്രദേശങ്ങളിൽ ക്വാറികൾ ഇപ്പോഴും ഒരു നിയന്ത്രണവും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് . വളരെ ചെറിയ വിഭാഗം വരുന്ന നിർമ്മാണ ലോബിയുടെ താത്പര്യ സംരക്ഷണത്തിനായി കേരള ജനതയെ മുഴുവൻ ആപത്തിലേയ്ക്ക് തള്ളി വിടാൻ സാധിക്കില്ല .പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചാൽ വിദേശമലയാളികളിൽനിന്നടക്കമുള്ള നിക്ഷേപങ്ങളെ അത് പ്രതികൂലമായി ബാധിക്കുകയും കേരളത്തിൻെറ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാകുകയും ചെയ്യും .അതുകൊണ്ടു തന്നെ മനുഷ്യനും പ്രകൃതിയ്ക്കും ദോഷം വരാത്ത സന്തുലിതവികസനനയം രൂപികരിക്കാൻ ഇനിയും നാം വൈകി കൂടാ . മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും ,മലയാളത്തിൻെറ തിലകമായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതിനും , പരിസ്ഥിതിമേഖലകളിലെ അറിവിൻ ലോകത്തു തന്നെ മുൻനിരയിൽ നിൽക്കുന്ന മാധവ് ഗാഡ്ഗിൽ ൻെറ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട് നടപ്പാക്കാൻ നാമിനിയും അമാന്തിച്ചു കൂടാ .

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

 

വിശാഖ് എസ് രാജ്‌

ശ്രീനാരായണ ഗുരുവിനെ വർഷത്തിൽ രണ്ടു തവണ നാം ഓർക്കാറുണ്ട്. ജയന്തി ദിനത്തിലും സമാധി ദിനത്തിലും. നവോത്ഥാനത്തിന്റെ അമരക്കാരനെ ക്കുറിച്ച് രാഷ്ട്രീയ നേതാക്കൾ സുദീർഘമായ പ്രസംഗങ്ങൾ ചെയ്യും. പത്രങ്ങളിൽ ലേഖനങ്ങൾ ഉണ്ടാകും. ആര് എഴുതുന്നുവോ , അയാൾ വിശ്വസിക്കുന്ന ആശയമേതാണോ , ആ നിലവാരത്തിലേക്ക് ഗുരു ഉയരുകയോ താഴുകയോ ചെയ്യും. ദേശാഭിമാനിയിൽ ഗുരുവിന് വിപ്ലവകാരിയുടെ രൂപമായിരിക്കും.ജന്മഭൂമിയിൽ ഗുരു ഹിന്ദു സന്ന്യാസിയായി ദീക്ഷയെടുക്കും. ചില മാധ്യമങ്ങൾ സന്ന്യാസിമാരെയോ ആത്മീയ വ്യക്തിത്വങ്ങളെയോ വെച്ച് ലേഖനമെഴുതിക്കും. അവർ ഗുരുദേവ കൃതികളിലെ ആത്മീയ രഹസ്യം ചുരുളഴിക്കും.  ആ രണ്ടു ദിവസം ഗുരു ഇങ്ങനെ പ്രപഞ്ച മായ പോലെ ആപേക്ഷികമായി കാണപ്പെടും. പക്ഷെ അപ്പോളും എല്ലാവരും പൊതുവായി ഒരു ഗുരു വാക്യം ഏറ്റു ചൊല്ലും : ‘ഒരു ജാതി , ഒരു മതം ,ഒരു ദൈവം മനുഷ്യന് ‘.

ഗുരു വാക്യങ്ങൾ മനുഷ്യൻ ഉള്ളിടത്തോളം പ്രസക്തമാണെന്ന് ഒരു രാഷ്ട്രീയ നേതാവ് പ്രസംഗിക്കുമ്പോൾ , അയാൾ കൂടുതൽ ഉദ്ധരിക്കുക പ്രസ്തുത വാചകമായിരിക്കും. ശരിയാണ് സമൂഹത്തിൽ ജാതി/മത ചിന്തകൾ ഏറി വരികതന്നെയാണ്. ഭേദ ചിന്ത കുറയുകയല്ല , കൂടുകയാണ്. ഒരു ജാതി, ഒരു മതം , ഒരു ദൈവമെന്ന് ഉറക്കെയുറക്കെ പറയേണ്ട കാലം തന്നെ. പക്ഷെ ഇത് മാത്രമാണോ നാരായണ ഗുരു ലോകത്തോട് പറഞ്ഞത് ? ബാക്കിയുള്ള ഗുരുവചനങ്ങൾ കാലഹരണപ്പെട്ടതോ? യുക്തിയ്ക്ക് നിരക്കാത്തതോ ? ഒന്നു ചിന്തിക്കാം.

മദ്യം വിഷമാണെന്നും അത് കുടിക്കരുതെന്നും ഗുരു താക്കീത് ചെയ്തിട്ടുണ്ട്. വെറുതെ ഒരു സദാചാര മൂല്യത്തിന്റെ പേരിലുള്ള ഉപദേശം മാത്രമായിരുന്നില്ല അത്. ഗുരു വൈദ്യം പഠിച്ചിരുന്നു. മദ്യം ശരീരത്തെ ഏതുവിധം ദുഷിപ്പിക്കുമെന്ന വ്യക്തമായ ബോധ്യം ഗുരുവിനുണ്ടായിരുന്നു. നവോത്ഥാന നായകനെക്കുറിച്ചുള്ള പ്രസംഗങ്ങളിൽ ഒന്നിലെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് മദ്യപാനത്തെക്കുറിച്ചുള്ള ഗുരുവാക്യം പറഞ്ഞു കേട്ടിട്ടുണ്ടോ? മദ്യം വിറ്റ്‌ നിലനിൽപ്പ് കണ്ടെത്തുന്ന ഭരണസംവിധാനത്തിന് അതിനുള്ള ധൈര്യമുണ്ടാകുമോ? ഇക്കഴിഞ്ഞ ഓണദിവസങ്ങളിൽ മാത്രം മലയാളി കുടിച്ച മദ്യത്തിന്റെ കണക്ക് നമ്മൾ കണ്ടതാണ്. 400 കോടി രൂപയുടെ മദ്യം. മംഗൾയാൻ വിക്ഷേപണത്തിന് രാജ്യം ചിലവാക്കിയ തുകയുടെ അടുത്തെത്തിയിരിക്കുന്നു. റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ എന്ന് ഇനി ആരും ചോദിക്കരുത്.

ഇപ്പോൾ ഒരാൾ ചോദിച്ചേക്കാം , ഒരു ജാതി ,ഒരു മതം ,ഒരു ദൈവം എന്ന് നാടു നീളെ പ്രസംഗിച്ചത് കൊണ്ട് ജാതി ചിന്തയും മത ചിന്തയും ഇലാതെയായോ എന്ന്. പരസ്യമായി ജാതി പറയാതെയിരിക്കുവാനുള്ള ജാഗ്രതയെങ്കിലും മലയാളി ഇപ്പോൾ കാണിക്കാറുണ്ട് (ഉള്ളിലുണ്ടെങ്കിൽ പോലും).  അതൊരുപക്ഷേ ഗുരുവിന്റെയും അന്നത്തെ നിരവധി ആചാര്യമാരുടേയും വാക്കുകൾ ഇന്നും മലയാളിയുടെ ചെവികളിൽ പ്രതിധ്വനിക്കുന്നതുകൊണ്ടാവാം.  കണ്ടാൽ അറിയില്ലയെങ്കിൽ പറഞ്ഞാൽ ജാതി അറിയുമോ എന്ന് ഗുരു ചോദിച്ച കഥയുടെ ഓർമകൾ പരസ്യമായി ജാതി ചോദിക്കുന്നതിൽ നിന്ന് മലയാളിയെ വിലക്കുന്നുണ്ടാകാം. അങ്ങനെയെങ്കിൽ ബോധവൽക്കരണത്തിലൂടെ മാത്രമേ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനാകൂ എന്ന് പറയുന്നവർക്ക് ഗുരുവിനോളം നല്ല മാതൃക എവിടെ? ഭേദ ചിന്തകളുടെ വിഷയത്തിൽ ഗുരു ലോകത്തിന് വെളിച്ചമാണെങ്കിൽ ലഹരിയുടെ കാര്യത്തിലും എന്തുകൊണ്ട് ആ വെളിച്ചം തെളിച്ചുകൂടാ?

വിശാഖ് എസ് രാജ്‌

യു.കെ : ആഗോളതാപനത്തിന് പ്രധാന കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള മാർഗങ്ങൾ മുന്നോട്ട് വെച്ച് ശാസ്ത്രജ്ഞമാർ. നിലവിലുള്ള സാങ്കേതികവിദ്യകളും ജീവിത രീതികളും ചെറിയ മാറ്റങ്ങൾക്ക് വിധേയമാക്കുന്നപക്ഷം 2030 ആകുമ്പോൾ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം ഇപ്പോൾ ഉള്ളതിൻെറ പകുതിയായി കുറയ്ക്കാനാകുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. സാമൂഹികമായ ഇടപെടലുകൾ മറ്റെന്തിനേക്കാളും ഗുണം ചെയ്യുമെന്നാണ് യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പറ്റം ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കൃത്യമായി കുറച്ചു കൊണ്ടു വരികയാണ് ആദ്യ ലക്ഷ്യം. സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജോത്പാദനം കൂട്ടുക വഴി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനാകും. ഉൽപ്പാദന ചിലവ് താരതമ്യേന കുറവാണെന്നതിനാൽ കൂടുതൽ രാജ്യങ്ങൾ ഇത്തരം ഊർജോൽപ്പാദന മാർഗങ്ങൾ സ്വീകരിക്കാനിടയാകും .

ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുകയാണ് മറ്റൊരു പരിഹാരമായി പറയപ്പെടുന്നത്. വാഹന വിപണിയുടെ ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ പത്ത് വർഷം കഴിയുമ്പോൾ 90% വാഹനങ്ങളും വൈദ്യുതോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായിരിക്കും.

വനനശീകരണമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ജനസംഖ്യ കൂടി വരുന്തോറും വനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കും. പാർപ്പിടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനുഷ്യൻ പ്രകൃതിയെ ഉപയോഗിക്കുംതോറും മനുഷ്യന്റെ ആയുസിനും കോട്ടം തട്ടുന്നു . ജനസംഖ്യ നിയന്ത്രിച്ചു നിർത്തുകയാണ് ഇതിനുള്ള ആദ്യ പ്രതിവിധി. പ്രകൃതിവിഭവങ്ങളുടെ ക്രമബന്ധിതമായ വിതരണമാണ് അടുത്തതായി ചെയ്യാനാകുക. വിഭവങ്ങൾ കുറച്ചു പേരിലേക്ക് മാത്രം ചുരുങ്ങുന്ന പ്രവണത കുറയ്ക്കുക , പല ഇടങ്ങളിലായി താമസിക്കുന്നതിന് പകരം കുറഞ്ഞ സ്ഥല പരമിതിയിൽ കൂടുതൽ പേർ ഒത്തു കൂടി ജീവിക്കുക , അതിനനുസരിച്ചുള്ള നഗര സംവിധാനങ്ങൾ ആസൂത്രണം ചെയ്യുക , കപ്പൽ മാർഗമുള്ള ചരക്ക് ഗതാഗതം വർധിപ്പിക്കുക തുടങ്ങിയ നിരവധി പദ്ധതികളാണ് ശാസ്ത്രജ്ഞർ ഭാവിയിലേയ്ക്കായി മുന്നോട്ട് വെയ്ക്കുന്നത് .

ഹരിതഗൃഹ പ്രഭാവം എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ഓവൻ ഗാഫണി പറയുന്നത് പൊതുജനത്തിന് ശാസ്ത്രത്തിനെക്കാൾ വലിയ സംഭാവന ഈ വിഷയത്തിൽ നൽകാനുണ്ട് എന്നാണ്. സോഷ്യൽ മീഡിയ വഴിയുള്ള ബോധവൽക്കരണമാണ് ഇതിൽ പ്രധാനം. കുറച്ചു മനുഷർ എവിടെയെങ്കിലും ഒത്തുകൂടിയാൽ ഉണ്ടാകുന്നതിലും വലിയ മാറ്റങ്ങൾ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾ വഴി സാധ്യമാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

വിശാഖ് എസ് രാജ്‌

വാഹന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.വലിയ പിഴ സമ്പ്രദായം ആശാസ്ത്രീയമാണെന്ന വാദമാണ് അവർ പ്രധാനമായും ഉന്നയിച്ചത്.അഴിമതിയ്ക്ക് വഴിവെക്കും,മോട്ടോർ വാഹന തൊഴിലാളികളുടെ ജീവിതം നരകതുല്യമാകും തുടങ്ങിയ ആരോപണങ്ങൾ ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ പുതിയ നിയമത്തിനെതിരെ ഉന്നയിച്ചത്.നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണമെന്ന ‘നൂതന’മായ ആശയവും അവർ മുന്നോട്ടു വെച്ചു.ശോച്യാവസ്ഥയിൽ ഉള്ള റോഡുകൾ നന്നാക്കിയിട്ടേ പിഴത്തുക കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നുകൂടി ഒരു നേതാവ് പറഞ്ഞുകളഞ്ഞു.റോഡുകൾ നല്ലതാവണമെന്ന ബോധ്യം ചിലർക്ക് വരാനെങ്കിലും പുതിയ നിയമം ഉപകരിച്ചു എന്നത് നല്ല കാര്യം.

പ്രതിദിനം 98 ബൈക്ക് യാത്രികർ ഹെൽമറ്റ് ഉപയോഗിക്കാത്തതിനാൽ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ.സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ ജീവൻ വെടിയുന്നവർ പ്രതിദിനം 79 പേർ.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ച് അപകടമുണ്ടായവർ ഒൻപത് പേർ.ജീവൻ നഷ്ടമായരുടെ കണക്കുകൾ ആണിത്.ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവർ ഈ കണക്കുകളിലും മുകളിൽ ആയിരിക്കും.

ബോധവൽക്കരണമോ ഉപദേശമോകൊണ്ട് കണക്കുകളിൽ കുറവുണ്ടാകുമെന്ന് കരുതാനാവില്ല.നിയമം എന്തിനാണെന്നും ആർക്കുവേണ്ടിയാണെന്നും കൃത്യമായി ബോധ്യമുള്ള പൗരന്മാർ തന്നെയാണ് ഇവിടുള്ളത്.അനുസരിക്കാൻ മടിയാണെന്ന് മാത്രം. ചെറിയ തുക അടച്ചാൽ കുറ്റത്തിൽ നിന്ന് ഒഴിവാകുമെങ്കിൽ ആ കുറ്റം തുടർന്നുകൊണ്ടേയിരിക്കും.5000 രൂപ പിഴ കിട്ടുമെന്ന് ഭയന്ന് ഹെൽമറ്റ് വെയ്ക്കാതെ/ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിക്കാൻ മടി കാണിച്ച പരിചയക്കാർ നമ്മുക്കിടയിൽ ഉണ്ടാവില്ലേ?ഇതേ കുറ്റത്തിന് 100 രൂപ പിഴ ആണെങ്കിലോ?അഥവാ പിടിക്കപ്പെട്ടാലും 100 കൊടുത്ത് രക്ഷപെടാം എന്നു ചിന്തിക്കുന്ന കുറേയധികം പേരെ നമ്മുക്ക് അറിയാം. ഉയർന്ന പിഴ ചുമത്തുന്നതിനെ ഒരു രാഷ്ട്രീയ നേതാവ് എതിർക്കുമ്പോൾ ജനങ്ങളുടെ കുറ്റം ചെയ്യാൻ ഉള്ള വാസനയെ അയാൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.അയാളുടെ ഉന്നം കിട്ടാനിടയുള്ള കുറച്ചു വോട്ടുകൾ ആണ്.ദിവസം 98 ജീവനുകൾ എന്നത് അയാളുടെ വിഷയമേ അല്ല ജനങ്ങൾക്ക് ഒപ്പം നിന്നു എന്ന തോന്നാലുണ്ടാക്കുകയാണ് ലക്ഷ്യം.എത്ര വലിയ ജനാധിപത്യം ആണെങ്കിലും ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും അംഗീകരിച്ചുകൊണ്ട് ഭരിക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല.അത് നാടിന് ഗുണം ചെയ്യുകയുമില്ല.വിദേശ രാജ്യങ്ങൾ ചെല്ലുമ്പോൾ ഇത്തരം നിയമങ്ങൾ കണ്ടാൽ നാം അനുസരണാ ശീലമുള്ളവരായി മാറും.നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന അധികാരികളെ നാം വാഴ്ത്തും.പക്ഷെ സ്വന്തം നാട്ടിൽ അതൊന്നും വേണ്ടാ എന്ന നിലപാട് എടുക്കുകയും ചെയ്യും.


റോഡുകൾ നന്നാക്കിയിട്ട് മതി പുതിയ നിയമം നടപ്പിലാക്കാൻ എന്ന സന്ദേശമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണാം. നല്ല റോഡുകൾ വേണ്ടത് തന്നെ. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കടമയാണതെന്ന കാര്യം വിസ്മരിക്കുന്നില്ല. ആ കടമ നിറവേറ്റാത്ത പക്ഷം ഏത് സർക്കാരിനെയും പാർട്ടിയെയും ട്രോളുന്നതിൽ തെറ്റുമില്ല.പക്ഷേ റോഡ് നന്നായാൽ ഉടനെ വാഹന നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെടും എന്നുള്ളതിന് എന്താണുറപ്പ്?. ഇപ്പോൾ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾ നല്ല റോഡുകൾ ഇല്ലാത്തതിനോടുള്ള പ്രതിഷേധ പ്രകടനങ്ങൾ ആണോ?. അതോ മോശപ്പെട്ട റോഡുകളിൽ മാത്രം ആണോ ആളുകൾ ഹെൽമറ്റ് ഇല്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത്?. മോശം റോഡിൽ നിന്ന് നല്ല റോഡിലേയ്ക്ക് വണ്ടി കയറുമ്പോൾ ഹെൽമറ്റ് വെക്കുമായിരിക്കും. കുടിച്ച കള്ളിന്റെ കെട്ടിറങ്ങുമായിരിക്കും. x-നോട് നന്നാവാൻ പറയുമ്പോൾ Y നന്നായിട്ട് നോക്കാം എന്ന് പറയുമ്പോലെ ഉള്ള ഒരു വാദം മാത്രമാണ് തകർന്ന് റോഡുകളോടുള്ള ഈ സ്നേഹം. മറ്റൊന്ന് അഴിമതി കൂടും എന്നുള്ള ആരോപണമാണ്. അഴിമതി നാട്ടിൽ ഇപ്പോൾ ഒട്ടും ഇല്ലാത്തതാണെങ്കിൽ അംഗീകരിക്കാമായിരുന്ന വാദഗതി ആണിത്. അഴിമതി ഉണ്ടെങ്കിൽ തടയാൻ ആർജവം ഉള്ള ഭരണം സംവിധാന വേണം. റോഡിൽ മാത്രമല്ലല്ലോ നമ്മുടെ നാട്ടിൽ അഴിമതിയുള്ളത്. പഴയ അഴിമതി അവിടെ നിൽക്കട്ടെ ,പുതിയത് വരാതെ നോക്കാമെന്നുള്ള ഉദ്ദേശശുദ്ധി മഹത്തരംതന്നെ.

 

 

 

വിശാഖ് എസ് രാജ്‌, മുണ്ടക്കയം

ഷിബു മാത്യൂ
ലോകത്തെവിടെയായാലും മലയാളികള്‍ തങ്ങളുടെ പതിവ് ശൈലികള്‍ പുറത്തെടുക്കുന്നത് പതിവാണ്. ‘മലയാളിയോടാ കളി’ എന്ന് തമാശയ്ക്കാണങ്കില്‍ പോലും പഴമക്കാര്‍ പറയാറുള്ളത് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് യുകെയിലെ ഡെര്‍ബിയില്‍ താമസിക്കുന്ന മലയാളി കുടുംബം. ‘കറിയിലെ കറിവേപ്പില പോലെ, അവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്നത്’ എന്ന പേരുദോഷം പരമ്പരാഗതമായി കറിവേപ്പിലയ്ക്കുണ്ടെങ്കിലും യൂറോപ്യന്‍ മാര്‍ക്കറ്റില്‍ കറിവേപ്പിലയ്ക്കിപ്പോള്‍ കിലോയ്ക്ക് നൂറ് പൗണ്ട് കടന്നു. ഏകദേശം പതിനായിരം രൂപയോളും വരും. വില വളരെ കൂടുതലും ലഭ്യത വളരെ കുറവും ആയതു കൊണ്ട് വീടുകളില്‍ തന്നെ കറിവേപ്പ് നട്ട് വളര്‍ത്താം എന്ന ഒരു പുതിയ പരീക്ഷണത്തിലേയ്ക്ക് അടുത്ത കാലത്തായി മലയാളികള്‍ തിരിഞ്ഞു. കൃഷിയേക്കുറിച്ചുള്ള പരിമിതമായ അറിവ് മൂലം പല സംരഭങ്ങളും പരാജയപ്പെടുക മാത്രമാണുണ്ടായിട്ടുളളത്. എന്നാല്‍ വളരെ ഫലപ്രദമായി തന്നെ യൂറോപ്പിലെ അതിശൈത്യത്തിലും കറിവേപ്പ് വളരും എന്ന് തെളിയിച്ചിരിക്കുകയാണ് ഡെര്‍ബിയില്‍ താമസിക്കുന്ന ബിജോയും സിനിയും.

ഇന്ന് തിരുവോണം. ഭക്ഷണപ്രിയരായ മലയാളികള്‍ കറികളാല്‍ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്ന ദിവസം. ഉപ്പിലും ഉപ്പേരിയിലും തുടങ്ങി അടപ്രഥമനില്‍ അവസാനിക്കുന്ന ഓണസദ്യ. എല്ലാ കറികളിലും കറിവേപ്പിലയുടെ സാന്നിധ്യം. അടുക്കളയില്‍ വളരുന്ന കറിവേപ്പില്‍ നിന്ന് ഇലകള്‍ പറിച്ചെടുത്ത് ഓണസദ്യയ്ക്ക് രുചി കൂട്ടാനൊരുങ്ങുകയാണ് ബിജോയും സിനിയും. സ്വന്തം അടുക്കള തോട്ടത്തിലെ കറിവേപ്പില ഉപയോഗിച്ചുള്ള ആദ്യ ഓണം എന്ന പ്രത്യേകതകൂടിയും ഇവരുടെ ഓണാഘോഷത്തിനുണ്ട്.

കേരളത്തില്‍ കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയില്‍ തെക്കേപ്പുറം കുടുംബാംഗമാണ് ബിജോ. പാരമ്പര്യമായി പച്ചക്കറിയുമായി വളരെയടുത്ത ബന്ധമാണ് ബിജോയുടെ കുടുംബത്തിനുള്ളത്. വര്‍ഷങ്ങളായി അതിരമ്പുഴയില്‍ പച്ചക്കറി ബിസിനസ്സ് നടത്തുകയാണ് ബിജോയുടെ പിതാവ് ജേക്കബ്ബ്. രണ്ടായിരത്തിയേഴില്‍ ബിജോയും സിനിയും യുകെയിലെത്തി. ഇപ്പോള്‍ ഡെര്‍ബിയിലാണ് താമസം. രണ്ട് മക്കള്‍ ഇവര്‍ക്കുണ്ട്. അനീനയും അനികയും. വളരെ യാതൃശ്ചികമായി, തഴച്ചുവളരുന്ന കറിവേപ്പ് ചെടികളാണ് ബിജോയുടെ വീട്ടില്‍ ഞങ്ങള്‍ മലയാളം യുകെ ന്യൂസ് ടീം കണ്ടത്. ഞങ്ങള്‍ നേരിട്ട് കണ്ട കറിവേപ്പിന്റെ വിശേഷങ്ങള്‍ ഈ ഓണക്കാലത്ത് പ്രിയ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ്.

കേരളത്തിലെ പറമ്പുകളില്‍ വളരുന്നതിനെക്കാള്‍ വളരെ നന്നായിട്ടാണ് ബിജോയുടെ വീട്ടിലെ ചെടിചട്ടിയില്‍ കറിവേപ്പ് ചെടികള്‍ വളരുന്നത്. ഒന്നല്ല. ഒരു പാട്. വളര്‍ന്ന് വലുതായി വീടിന്റെ സീലിംഗില്‍ കറിവേപ്പ് മുട്ടിയപ്പോള്‍ ചെടികളുടെ മുകള്‍ ഭാഗം മുറിച്ചു. പിന്നീട് അത് പൊട്ടി തളിര്‍ത്ത് ശിഖരങ്ങളായി വളരാന്‍ തുടങ്ങി. ഇപ്പോള്‍ അടുക്കളയ്ക്കുളളില്‍ ഒരു അടുക്കളത്തോട്ടം. എണ്ണയൊഴിച്ച് കടുക് മൂക്കുമ്പോള്‍ അടുക്കളയ്ക്കുള്ളില്‍ വളരുന്ന കറിവേപ്പ് മരത്തില്‍ നിന്ന് കറിവേപ്പില നേരിട്ട് പറിച്ച് കടുക് പൊട്ടിച്ച് രുചികരമായ കറികള്‍ ഉണ്ടാക്കുകയാണ് ബിജോയുടെ ഭാര്യ സിനി ബിജോ. സിനിയുടെ പരിശ്രമവും താല്പര്യവും ഒന്നു മാത്രം കൊണ്ടു തന്നെയാണ് ഇങ്ങനെ ഒരു സംരഭം വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചത് എന്ന് ബിജോ പറയുന്നു. ആദ്യകാലങ്ങളില്‍ അവധിക്കാലത്ത് നാട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ധാരാളം കറിവേപ്പില കൊണ്ടു വരുമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കറിവേപ്പിലയ്ക്ക് യുകെയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ മുതല്‍ നാട്ടില്‍ നിന്ന് കൊണ്ടുവരുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറി. സെക്യൂരിറ്റി ചെക്കിംഗില്‍ പലപ്പോഴും പിടിക്കപ്പെടും. ഇതെല്ലാം കൂടുതല്‍ ബുദ്ധിമുട്ടായതു കൊണ്ട് നാട്ടില്‍ നിന്ന് കൊണ്ടുവരുന്നത് അവസാനിപ്പിച്ചു എന്ന് സിനി പറയുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത് എന്ന ഞങ്ങളുടെ ചോദ്യത്തോട് സിനി പ്രതികരിച്ചത് ഇങ്ങനെ. ‘കിട്ടാന്‍ പ്രയാസമുള്ളത് വളര്‍ത്താന്‍ ശ്രമിച്ചു’ എന്നാണ്. നാട്ടിലെ സുഹൃത്തുക്കള്‍ പറഞ്ഞു യൂറോപ്പിലെ തണുത്ത കാലാവസ്ഥയില്‍ കറിവേപ്പ് പിടിക്കത്തില്ല എന്ന്. സത്യത്തില്‍ അതായിരുന്നു പ്രചോദനം. ഒന്നു പരീക്ഷിക്കാമെന്നു തോന്നി. പരീക്ഷണമല്ലേ, അതു കൊണ്ട് തന്നെ ആരോടും പറഞ്ഞതുമില്ല. അവധിക്കാലം കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ നാല് കറിവേപ്പിന്‍ തൈകള്‍ മണ്ണോടു കൂടി പറിച്ച് പ്ലാസ്റ്റിക് കൂടിലാക്കി നന്നായി പൊതിഞ്ഞ് ആരും കാണാതെ ഡ്രസ് വെയ്ക്കുന്ന പെട്ടിയിലാക്കി. മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ എല്ലാ ചെക്കിംഗും കഴിഞ്ഞ് ഏയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്നു. വീട്ടില്‍ വന്നപ്പോഴാണ് സത്യത്തില്‍ ബിജോയും ഇക്കാര്യം അറിയുന്നത്. എങ്കിലും പിന്നീട് എല്ലാ സഹായവും ചെയ്തു തന്നത് ബിജോ ആയിരുന്നു. എല്ലാ ചെടികളേയും ചെറുചട്ടികളിലാക്കി സൂര്യപ്രകാരം നേരിട്ടടിക്കാത്ത അടുക്കളയുടെ ജനാലക്കരികില്‍ സ്ഥാപിച്ചു. മള്‍ട്ടിപര്‍പ്പസ് കംബോസ്റ്റ് വാങ്ങി അതിലായിരുന്നു എല്ലാ ചെടികളും കുഴിച്ച് വെച്ചത്. ഉണങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു എല്ലാ കറിവേപ്പിന്‍ചെടികളും. രണ്ടു മൂന്നു ദിവസം കൂടുമ്പോള്‍ വെള്ളമൊഴിക്കും. അങ്ങനെ ആഴ്ചകള്‍ പിന്നിട്ടു. കിളിര്‍ക്കാന്‍ തുടങ്ങുന്ന ചില പച്ചപ്പുകള്‍ തണ്ടില്‍ കണ്ടു തുടങ്ങി. ക്രമേണ അത് ഇലകളായി.. ഇതളുകളായി. ആറ് മാസങ്ങള്‍ കൊണ്ട് ഉണങ്ങാന്‍ തുടങ്ങിയ കറിവേപ്പിന്‍ തണ്ട് ഒരു കറിവേപ്പിന്‍ചെടിയായി മാറി. കൃത്യമായ പരിചരണമായിരുന്നു കറിവേപ്പിന്‍ ചെടിയെ ഇതു പോലെ വളരാന്‍ സഹായിച്ചതെന്ന് സിനി പറയുന്നു. കൃത്യമായി വെള്ളമൊഴിച്ചു കൊടുക്കുക. ചുവട് ഇളക്കിക്കൊടുക്കുക. പ്ലാന്റ് ഫുഡ് അതിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളത്തില്‍ ലയിപ്പിച്ച് മാസത്തില്‍ രണ്ടു പ്രാവശ്യം വളമായി മണ്ണിലൊഴിച്ച് കൊടുക്കുക. വളമായ ഈ മിശ്രിതം ചെടികള്‍ വളരുന്ന കംമ്പോസ്റ്റിലല്ലാതെ ഇലയിലോ തണ്ടിലോ പറ്റാതെ ശ്രദ്ധിക്കുക. അങ്ങനെയുള്ള കൃത്യമായ പരിചരണത്തിലൂടെ ചെടികള്‍ വളര്‍ന്നുതുടങ്ങി.

ആറു മാസം കഴിഞ്ഞു. ചെടികളുടെ വളര്‍ച്ചയില്‍ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങി. വളരുന്ന ചട്ടികള്‍ പോരാതെ വന്നു. എല്ലാ ചെടികളെയും വലുപ്പം കൂടിയ ചട്ടികളിലേയ്ക്ക് മാറ്റി. എങ്കിലും പരിചരണങ്ങള്‍ പതിവ് പോലെ തന്നെയായിരുന്നു. പക്ഷേ പിന്നീടുള്ള വളര്‍ച്ച കൂടുതല്‍ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. ഇതളുകള്‍ പറിച്ചെടുത്താല്‍ ഉണങ്ങിപ്പോകുമോ എന്ന ആശങ്കയായിരുന്നു ആദ്യമുണ്ടായിരുന്നത്. അതു കൊണ്ട് അതിന് തുനിഞ്ഞില്ല. പക്ഷേ ഉയരം കൂടിയപ്പോള്‍ വെട്ടി വിടാം എന്നു തീരുമാനിച്ചു. ആദ്യം വെട്ടിമാറ്റിയ കറിവേപ്പിന്റെ ഇതളുകളാണ് ആദ്യമായി കറിക്ക് ഉപയോഗിച്ചതും.

വര്‍ഷം രണ്ട് കഴിഞ്ഞു. അടുക്കള ഇപ്പോള്‍ ഒരു കറിവേപ്പിന്‍ തോട്ടമായി മാറി. ഒരു വീട്ടമ്മ എന്ന നിലയില്‍ അടുക്കളയില്‍ എത്താന്‍ ഉത്സാഹമാണെന്ന് സിനി പറയുന്നു. ദിവസവും ധാരാളം സമയം കറിവേപ്പിന്‍ചെടികളുമായി ചെലവഴിക്കാറുണ്ട്. അതിനെ തൊടുക, പരിചരിക്കുക, കറികള്‍ക്ക് കടുക് പൊട്ടിക്കുമ്പോള്‍ ഇലകള്‍ നേരിട്ട് പറിച്ച് ചീന ചട്ടിയില്‍ ഇടുക. കറികള്‍ ഉണ്ടാക്കുക. വീട്ടിലുള്ളവര്‍ക്ക് അത് വിളമ്പുക. ഇതിലപ്പുറം എന്ത് സന്തോഷമാണുണ്ടാകേണ്ടത്. സിനി ചോദിക്കുന്നു.

കറിവേപ്പിന് അടുക്കളയുമായി ഒരു മാനസീക ബന്ധമുണ്ട് എന്നാണ് സിനി അഭിപ്രായപ്പെടുന്നത്. അടുക്കളയിലെ ചൂടും ആഹാരം പാകം ചെയ്യുമ്പോള്‍ അടുക്കളയില്‍ ഉണ്ടാകുന്ന ഈര്‍പ്പവും മനുഷ്യര്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡും സൂര്യപ്രകാശത്തില്‍ നിന്നു കിട്ടുന്ന ഊര്‍ജ്ജവുമാണ് കറിവേപ്പിന്‍ചെടികളുടെ വളര്‍ച്ചയ്ക്ക് കാരണം. ആ രീതിയില്‍ | കറിവേപ്പിന്‍ചെടികളെ പരിചരിക്കാന്‍ മലയാളികള്‍ തയ്യാറാകാത്തതു കൊണ്ടാണ് യൂറോപ്പില്‍ കറിവേപ്പിന്‍ചെടികള്‍ പിടിക്കാതെ പോകുന്നത്.

വീട്ടിലെത്തുന്ന പല മലയാളി സുഹൃത്തുക്കളും വളര്‍ന്ന് നില്ക്കുന്ന കറിവേപ്പിന്‍ചെടികളെ കണ്ട് അഭിനന്ദിക്കാറുണ്ട്. അത് ഒരു പാട് സന്തോഷത്തിന് കാരണമാകുന്നുണ്ട്. കറിവേപ്പിന്‍ചെടികള്‍ ചോദിച്ചെത്തുന്നവരും ധാരാളം. ഒരിക്കല്‍, ഞാന്‍ കൊടുത്തു വിട്ട കറിവേപ്പിന്‍ചെടി ഉണങ്ങാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചേല്പിച്ചു. കാരണം പറഞ്ഞതിങ്ങനെ! ഞങ്ങള്‍ നോക്കിയിട്ട് നടക്കുന്നില്ല എന്ന്. പക്ഷേ, എന്റെ അടുക്കളയില്‍ തിരിച്ചെത്തിയപ്പോള്‍ അത് വീണ്ടും വളര്‍ന്നുതുടങ്ങി.

യൂറോപ്പിലെ നേരിട്ടുള്ള സൂര്യപ്രകാശം കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് യോചിച്ചതല്ല. എന്റെ വീട്ടില്‍ വളര്‍ന്ന കറിവേപ്പിനെ സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ ഇലകള്‍ വാടുന്ന അവസ്ഥയിലേയ്ക്ക് ചെടികള്‍ മാറുകയായിരുന്നു. പിന്നീട് ഞങ്ങള്‍ ചെടികളെ സൂര്യപ്രകാശം നേരിട്ട് കിട്ടാത്ത അടുക്കളയിലേയ്ക്ക് മാറ്റുകയായിരുന്നു.

അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍, യുകെയില്‍ കറിവേപ്പ് വളരും. ആവശ്യമായ പരിചരണമാണ് പ്രധാനം. ഇന്ത്യയില്‍ നിന്നുള്ളതാണെന്ന ലേബലില്‍ പതിനഞ്ച് ഗ്രാം പോലുമില്ലാത്ത ഒരു കറിവേപ്പില പായ്ക്കറ്റിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കൊടുത്തത് ഒരു പൗണ്ട് മുപ്പത്തൊമ്പത് പെന്‍സ്. അതായിരുന്നു എന്റെ പ്രചോദനം. അടുക്കളയില്‍ കറിവേപ്പ് തോട്ടം വളര്‍ത്തി വിജയിച്ച സിനിയുടെ വാക്കുകളാണിത്. തികഞ്ഞ കര്‍ഷക കുടുംബമായ അതിരമ്പുഴ പുതുശേരില്‍ വീട്ടില്‍ വളര്‍ന്ന സിനിയുടെ വാക്കുകള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാന്‍ യൂറോപ്പിലെ മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.

മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.

നിഷ ജോസ് കെ മാണി

അച്ചാച്ചനും അമ്മയ്ക്കും ഒപ്പം

അച്ചാച്ചനുമായിട്ടുള്ള ഓണം എന്നും മനോഹര സ്മരണകൾ നിറഞ്ഞതായിരുന്നു .അതുകൊണ്ടു തന്നെ അച്ചാച്ചൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ആദ്യ ഓണത്തിന് ആ ഓർമകളുടെ ഒക്കെ വേലിയേറ്റം എൻെറ മനസ്സിലുണ്ട്. വിവാഹത്തിന് മുൻപുള്ള ഓണത്തിന് അവധിക്കാലം എന്നതിനപ്പുറമുള്ള ഓർമ്മകളൊന്നും എൻെറ മനസിലില്ല. എല്ലാവരും കൂടി അവധിക്കാലത്തു വരുന്നു അത്രയൊക്കയേ ഉള്ളൂ. പക്ഷെ കല്യാണം കഴിഞ്ഞുള്ള ഓരോ ഓണവും അച്ചാച്ചൻറെ സ്നേഹത്തിൻെറയും വാത്‌സല്യത്തിൻെറയും ഓർമകളാണ് ഞങ്ങളുടെ മനസ്സിൽ. ഓരോ ഓണവും അച്ചാച്ചൻ ഞങ്ങൾ കുടുംബാംഗങ്ങൾക്കു വേണ്ടി സ്‌പെഷ്യൽ ആക്കുമായിരുന്നു. എവിടെയെങ്കിലും ഞങ്ങൾ എല്ലാവരും കൂടി പോകുമായിരുന്നു .ഇനി ഒരിടത്തും പോയില്ലെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ചായിരിക്കും. ഏല്ലാവരുംകൂടി ഓണസദ്യ ഉണ്ട് .എൻെറ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ഓണസദ്യ കഴിഞ്ഞാൽ അച്ചാച്ചനും ജോയും കുട്ടികളും എല്ലാവരുംകൂടി ഇരുന്ന് കുറേനേരം വർത്തമാനം പറയും അമ്മയും കാണും…..അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് …….. എവിടെയാണെങ്കിലും …

ഒരു പഴയകാല ഓർമ ചിത്രം

ഒരു ജൂണിലാണ് ഹെയർ ഫോർ ഹോപ് ഇന്ത്യാ ക്യാംപയിൻെറ ഭാഗമായി ക്യാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാനായി എൻെറ തലമുടി ഞാൻ നൽകിയത് . തലമുടി മുറിച്ചു കഴിഞ്ഞും ക്ലാസൊക്കെ എടുക്കുവാൻ ഞാൻ പോകുമായിരുന്നു. അങ്ങനെയിരിക്കെയാണ് ആഗസ്റ്റ് സെപ്റ്റംബർ ആയപ്പോൾ ഓണക്കാലം വന്നത്. അപ്പോൾ എൻെറ തലമുടി ഒട്ടും വളർന്നിട്ടില്ല ചെറിയ തലമുടി അങ്ങനെ ആണുങ്ങളുടെ തലമുടി പോലെ ….ശരിക്കും അത്രയും പോലും ആയിട്ടില്ലായിരുന്നു. എനിക്കാണേൽ കേരളസാരി ഒക്കെ ഉടുക്കുമ്പോൾ മുല്ലപൂ ചൂടാൻ വലിയ ഇഷ്ടവുമാണ്. എല്ലാവർക്കും അങ്ങനെ ആയിരിക്കുമല്ലോ . എനിക്ക് ഭയങ്കര സങ്കടമായി കാരണം മുല്ലപൂ കുത്താനിയിട്ട് തലമുടി ഇല്ല . അതുപോലെ തന്നെ അച്ചാച്ചൻ ഞങ്ങൾ എല്ലാവരുമായി ഓണം സെലിബ്രേറ്റ് ചെയ്യാൻ ആലോചിക്കുകയും ചെയ്തു. പക്ഷെ എനിക്കൊരു ധൈര്യം ഇല്ലായിരുന്നു. ക്ലാസെടുക്കാൻ പോവുമ്പോൾ തലമുടി ഇല്ലേലും കുഴപ്പമില്ലായിരുന്നു .പക്ഷെ അച്ചാച്ചനും എല്ലാവരുമായി ഓണം ആഘോഷിക്കാൻ …..

അന്ന് ഓണത്തിന് എല്ലാവരും ഒരുങ്ങി കേരളം സാരി ഒക്കെ ഉടുത്തപ്പോൾ ഞാൻ മാത്രം വിഷമിച്ചിരിക്കുകയായിരുന്നു . തലമുടി മുറിച്ചതിൽ പിന്നെ ഞാൻ അച്ചാച്ചനെയോ ആരെയോ കണ്ടിട്ടില്ലാ . അങ്ങനെ ഞങ്ങൾ എല്ലാവരും തിരുവന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിക്കാനായി എത്തി . തലമുടി ഇല്ലാത്ത എന്നെ കണ്ടപ്പോൾ അച്ചാച്ചൻെറ മുഖത്ത് ഇത്തിരി വിഷമം ഉണ്ടായിരുന്നു . പക്ഷെ പുറമെ കാണിക്കാതെ ചിരിച്ചുകൊണ്ട് അച്ചാച്ചൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു . ആ ചിരിയിലും അച്ചാച്ചൻെറ വിഷമം എനിക്കു കാണാമായിരുന്നു . പക്ഷെ ആ സമയം അച്ചാച്ചൻ എന്നോടു പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിൻെറ വലിയ മനസ്സിൻെറ ധൃഷ്ട്ടാന്തമായിരുന്നു . അച്ചാച്ചൻ പറഞ്ഞു മോളേ  “യു ആർ ദ മോസ്റ്റ് ബ്യൂട്ടിഫുൾ പേഴ്സൺ ഇൻ ദ വേൾഡ്.  നമ്മൾ നോക്കുന്ന ബ്യൂട്ടി എന്നു പറയുന്നത് ഒന്നും പുറമേ ഉള്ള ബ്യൂട്ടി അല്ല ബട്ട് ദ തിങ്ക്സ് ദാറ്റ് വി ഡു . . ഐ ആസ് യുവർ ഫാദർ ഇൻ ലോ റിയലി അപ്പ്രീഷിയേറ്റ് ദി ഫാക്ട് ദാറ്റ് യു ഹാവ് റിയലി ടൺ സംതിങ് ഗ്രെയ്റ്റ് …”. അച്ചാച്ചന്റെ വാക്കുകൾ എനിക്ക് പകർന്നു നൽകിയ സന്തോഷവും അഭിമാനവും വളരെ ഏറെയായിരുന്നു .

അച്ചാച്ചനും കുടുബാംഗങ്ങളും

അതിനുശേഷം അന്ന് തന്നെ എൻെറ മനസിനു വളരെ സന്തോഷം തന്ന് ഇരട്ടി മധുരം പോലെ ഞാൻ മുടി കൊടുത്ത ആൾ എന്നെ വിളിച്ചു, നന്ദി പറയാനും ഓണം ആശംസിക്കാനും. അത്രയും നാളുകൾക്കു ശേഷം അന്നാണവർ എന്നെ വിളിക്കുന്നത് . അവർ പറഞ്ഞു ചേച്ചി ഞാൻ ഇങ്ങനെ കീമോ ഒക്കെ കഴിഞ്ഞ് എന്തു ചെയ്യും എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ചേച്ചി എനിക്കു മുടി തന്നത്. ആ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കു തോന്നി ഇതാണ് എൻെറ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണമെന്ന്. അച്ചാച്ചൻ തന്ന ആ മെസേജുകളും ആ കുട്ടിയുടെ ഓണാശംസകളും കൂടി ആയപ്പോൾ ആ ഓണം എൻെറ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു ….

മലയാളം യുകെ യുടെ എല്ലാ വായനക്കാർക്കും സന്തോഷത്തിൻെറയും , സംതൃപ്തിയുടെയും , സഹോദര്യത്തിൻെറയും ഓണാശംസകൾ .

നിഷ  ജോസ് കെ മാണി

‘മലയാളം യുകെ’ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ രാജ്യാന്തര പ്രശസ്തനായ സൈക്കോളജിസ്റ്റും ഫാമിലി തെറാപ്പിസ്റ്റും പ്രചോദനത്മക പരിശീലകനുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ മായി നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗം

ഷിബു : നമസ്‌കാരം.. ഇന്റര്‍വ്യൂവിന്റെ ആദ്യ ഭാഗത്തിന് ആവേശകരമായ സ്വീകരണമാണ് യൂറോപ്പിലെങ്ങും ലഭിച്ചത്. ഒട്ടനവധി ആളുകള്‍ നേരിട്ടും അല്ലാതെയും എഡിറ്റോറിയല്‍ ടീമിലേക്കു തങ്ങളുടെ സന്തോഷം അറിയിക്കുകയുണ്ടായി. വായനക്കാരോടുള്ള മലയാളം യുകെ യുടെ നന്ദി അറിയിച്ചു കൊള്ളുന്നു. ഒട്ടനവധി ആളുകള്‍ വ്യക്തിപരമായ അന്വേഷണം അറിയിക്കുവാന്‍ ഏല്പിച്ചിട്ടുണ്ട്. അതും സ്‌നേഹപൂര്‍വ്വം സൂചിപ്പിക്കട്ടെ.

ഡോ. വിപിന്‍ റോള്‍ഡന്റ്: വളരെ സന്തോഷം. വായനക്കാരുടെ പ്രതികരണത്തോടുള്ള എന്റെ സന്തോഷവും രേഖപ്പെടുത്തട്ടെ. അറിയാന്‍ താല്പര്യമുള്ളവരോട് സംസാരിക്കുക എന്നതും ആവേശകരമാണ്. ഏവര്‍ക്കും നന്ദി.

ഷിബു : കഴിഞ്ഞ തവണ ചോദിച്ചു നിര്‍ത്തിയ ചോദ്യത്തില്‍ നിന്നാരംഭിക്കാം. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന മറ്റൊരു ഒരു പ്രതിസന്ധി അവരുടെ മക്കള്‍ ഏതു രാജ്യത്താണോ താമസിക്കുന്നത് ആ രാജ്യത്തിന്റെ കള്‍ച്ചര്‍ അഡാപ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി വിദേശ ശൈലിയിലേക്ക് മാറുന്നതും ഒക്കെയാണ്. എന്നാല്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കളും തങ്ങളെപോലെ കേരളീയ ശൈലിയില്‍ തന്നെ വളരണം എന്നുമാണ്. ഇങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം മാതാപിതാക്കളും കുട്ടികളും തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്താണ് ഒരു പരിഹാരമുള്ളത്?

ഡോ. വിപിന്‍ റോള്‍ഡന്റ്: ഇത്തരം പ്രശ്‌നങ്ങള്‍ എന്നെ കാണാന്‍ വരുന്ന വിദേശ കുടുംബങ്ങള്‍ മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. അവരോടു ഞാന്‍ പറയാറുള്ളത് വഴക്കിട്ടതുകൊണ്ട് പ്രയോജനം ഇല്ല എന്നതാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ഒരു കുട്ടി ജനിച്ചു വളരുമ്പോള്‍ ചുറ്റും കാണുന്ന ശൈലികള്‍ അവരെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. ചെറുപ്പം മുതല്‍ക്കു തന്നെ നമ്മുടെ നാടിന്റെ നന്മകളും ജനിച്ചു വളരുന്ന നാടിന്റെ നന്മകളും അവര്‍ക്ക് മനസിലാക്കികൊടുക്കണം. കൂടാതെ ആ നാടിന്റെ നന്മ തിന്മകള്‍ മനസിലാക്കി നമുക്ക് ദോഷം വരുന്ന രീതിയിലുള്ള ശൈലികള്‍ തീര്‍ത്തും മാറ്റിനിര്‍ത്താനുള്ള ഒരു ശീലം കൂടി അവരില്‍ വളര്‍ത്തിയെടുക്കണം. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മളുടെ മക്കളുടെ ലോകം അവരുടെ കൂട്ടുകാരായിരിക്കും. കൂട്ടുകാരുടെ വാക്കുകള്‍ക്കും അവരുടെ ശൈലികള്‍ അനുകരിക്കുന്നതിലും ആയിരിക്കും അവര്‍ക്ക് കൂടുതല്‍ താല്പര്യം. മാതാപിതാക്കള്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മക്കളെ എതിര്‍ക്കുന്നതായും അവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതായും അവര്‍ തെറ്റിദ്ധരിക്കും. പൊട്ടിത്തെറിക്കലുകളും ഏറ്റുമുട്ടലുകളും പ്രശ്‌നപരിഹാരമാകില്ല. അതുകൊണ്ട് തന്നെ അവരെ എതിര്‍ത്തു സംസാരിക്കുന്നതിനും കലഹിക്കുന്നതിനും പകരം അവരുടെ പ്രവര്‍ത്തിയില്‍ അല്ലെങ്കില്‍ ശൈലിയില്‍ ഉള്ള തെറ്റുകള്‍ മനസിലാക്കാന്‍ അവരെ കൂടെ നിന്നു സഹായിക്കുകയാണ് വേണ്ടത്. ദീര്‍ഘ ക്ഷമയോടു കൂടി വേണ്ടിവരും ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയേണ്ടത്. വിദേശ രാജ്യത്തിന്റെ നന്മകള്‍ ഉള്‍ക്കൊള്ളുകയും മാതാപിതാക്കളുടെ മൂല്യാധിഷ്ഠിത ജീവിതരീതി പുലര്‍ത്തുകയും ചെയ്യുന്ന യുവജനങ്ങളും പ്രവാസികള്‍ക്കിടയിലുണ്ട്. നാം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളാണ് പ്രധാന പ്രശ്‌നം.

ഷിബു : സ്വത്തപ്രതിസന്ധി എന്നു പറയുന്നത് പ്രവാസി മലയാളികള്‍ നേരിടുന്ന വലിയ ഒരു ചോദ്യമാണ്. വീടിനുള്ളില്‍ കാണുന്ന സംസ്‌കാരം ഒന്ന്. പുറത്ത് കാണുന്നത് മറ്റൊന്നും. ആ ഒരു തലത്തില്‍ മുകളില്‍ പറഞ്ഞ ചോദ്യം വളരെ പ്രസക്തമാണ്. ഇതിനിടയില്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം എങ്ങനെ പരിഹരിക്കപ്പെടാനാകും.?

ഡോ. വിപിന്‍ റോള്‍ഡന്റ്: മാതാപിതാക്കളുടെ ശൈലിയും കുട്ടികള്‍ പുറത്തു കാണുന്ന ശൈലിയും തമ്മിലുള്ള വ്യത്യാസം തീര്‍ച്ചയായും കുട്ടികള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണര്‍ത്തുന്ന ഒന്നാണ്. ഏതു പിന്തുടരണം എന്ന സംശയം അവര്‍ക്ക് ഉണ്ടാകാം. കുട്ടികളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഈ മാനസിക സംഘര്‍ഷം മനസിലാക്കി അവര്‍ക്ക് ശരിയായ പാത കാണിച്ചു കൊടുക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കാണ്. കുട്ടികള്‍ എന്നും വീട്ടിനകത്തു വളരേണ്ടവരല്ല. പുറത്തിറങ്ങി കൂട്ടുകാരോടും മറ്റുള്ള ആളുകളോടും ഇടപഴകുമ്പോള്‍ അവര്‍ക്കിടയില്‍ ഒറ്റപെട്ടു പോകാനുള്ള സാഹചര്യം നമ്മുടെ മക്കള്‍ക്കുണ്ട്. ആ ഒറ്റപ്പെടലില്‍ നിന്ന് മോചനം നേടാന്‍ കുട്ടികള്‍ അവരോടു ഇടപഴകുന്നവരുടെ സംസ്‌കാരത്തിലേക്ക് മാറി ചിന്തിക്കുന്നു. ഏതു സംസ്‌കാരത്തിനും നന്മകളും തിന്മകളും ഉണ്ട്. നേരത്തെ ഞാന്‍ പറഞ്ഞത് പോലെ ഏതു നാട്ടില്‍ ചെന്നാലും അവിടുത്തെ നന്മകള്‍ മാത്രം ശീലിക്കാന്‍ നമ്മുടെ മക്കളെ ചെറുപ്പത്തില്‍ തന്നെ നമ്മള്‍ പരിശീലിപ്പിക്കണം. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കാന്‍ ആകില്ല. കാലം ഒരുപാട് മാറിയിരിക്കുന്നു. നമ്മള്‍ ജനിച്ചു വളര്‍ന്ന സാഹചര്യം അല്ല ഇന്നുള്ളത് എന്ന കാര്യം നമ്മള്‍ മാതാപിതാക്കളും മനസിലാക്കണം. നന്മയേത് തിന്മയേത്, എവിടെ നോ പറയണം, ഏതു തിരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങള്‍ സ്വയം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ നമ്മളുടെ മക്കളെ ചെറുപ്പത്തിലേ പ്രാപ്തരാക്കുക. ആത്മീയമായ അടിത്തറയില്‍ വളര്‍ത്തപ്പെടുന്നവര്‍ക്കു ആ വഴികള്‍ കരുത്തു പകരാറുണ്ട്. ആത്മീയ നിയമങ്ങളും വഴികളും രാജ്യത്തിനനുസരിച്ചു മാറുന്നവയല്ലല്ലോ. മൂല്യ ബോധവും മാതൃകയും കിട്ടേണ്ടത് വീട്ടില്‍ നിന്നു തന്നെയാണ്. മാതാപിതാക്കള്‍ക്ക് പിഴച്ചാല്‍ ‘ആശാന്റക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ശിഷ്യന്‍’ എന്ന കുഞ്ചന്‍ നമ്പ്യാര്‍ കവിത പോലാകും മക്കളുടെ ജീവിതം.

ഷിബു : കുടുംബബന്ധങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ള ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. താങ്കളുടെ ഏറ്റവും പ്രധാനപ്പെട്ട സ്‌പെഷ്യലൈസേഷന്‍ ഫാമിലി സൈക്കോളജിസ്റ്റ് എന്ന നിലയിലാണെന്ന് പറഞ്ഞിരുന്നുവല്ലോ. സത്യത്തില്‍ എന്താണ് നമ്മളുടെ കുടുംബ ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഡോ. വിപിന്‍ റോള്‍ഡന്റ് : കുടുംബങ്ങള്‍ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് സത്യത്തില്‍ പോയ്‌കൊണ്ടിരിക്കുന്നത് എന്നു തന്നെ പറയാം. പണ്ടുകാലത്ത് കുടുംബത്തിലെ അച്ഛനും അമ്മയ്ക്കും ഓരോ റോള്‍ ആയിരുന്നു. അതു വൃത്തിയായി ചെയ്യാന്‍ അവര്‍ ശ്രമിച്ചിരുന്നു. ഇന്ന് പക്ഷെ തുല്യ പങ്കാളിത്തമാണ്. അതു മൂലം തുല്യമായ ടെന്‍ഷനുകളും പ്രെഷറുകളും ആണ്. സ്വയം പ്രശ്‌നത്തില്‍ ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ സാധിക്കണം എന്നില്ല. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്നാണല്ലോ. പക്ഷെ ഇന്നത്തെ കാലത്ത് ദമ്പതികള്‍ക്കിടയിലുള്ള പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുടുംബജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. പരസ്പരം സ്‌നേഹമില്ലാതെ ഇടപെടുന്നവരും തീരെ മിണ്ടാതിരിക്കുന്നവരും ഉണ്ട്. പരസ്പരം പോര്‍വിളിക്കുന്നവരും ഏറ്റുമുട്ടുന്നവരും സംസാരിക്കുന്നവരും വര്‍ദ്ധിക്കുന്നു.ഒരു ദമ്പതികള്‍ ഒരു ടീം പോലെ പ്രവര്‍ത്തിക്കേണ്ടവരാണെങ്കിലും ഒരു കാര്യത്തിലും പരസ്പര വിശ്വാസമോ സഹകരണമോ ഇല്ലാതെ വെറുതെ ജീവിച്ചു പോകുന്ന അവസ്ഥ. അതുകൊണ്ട് തന്നെ കൂടുമ്പോള്‍ ഇമ്പമില്ലാതെ ആയിട്ടുണ്ട് പല കുടുംബങ്ങളും.

ഷിബു: പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്ലന്നല്ലേ പറയാറ്. പ്രവാസി കുടുംബങ്ങളെ എങ്ങനെ സഹായിക്കാം. ഫാമിലി കൗണ്‍സിലിംഗ് ഫലപ്രദമാണോ?


ഡോ. വിപിന്‍ റോള്‍ഡന്റ് : നമ്മളൊരു വാഹനം വാങ്ങിക്കുമ്പോള്‍ അതിനെ ഓരോ ആറ് മാസത്തിലും സര്‍വീസ് ചെയ്യാറുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ പതുക്കെ പതുക്കെ ഓരോരോ ഭാഗങ്ങളായി പണിമുടക്കികൊണ്ടിരിക്കും. ഇതുപോലെ തന്നെ വിവാഹജീവിതത്തിലും പ്രോപ്പര്‍ ആയ ഒരു സെര്‍വീസിങ് പ്രോസസ്സ് ആവശ്യമുണ്ട്. രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ വ്യത്യസ്ത മനസിന് ഉടമകളായ വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന വ്യക്തികള്‍ വിവാഹത്തിലൂടെ ഒന്നിക്കുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. അതു അതാത് സമയത്തു തന്നെ പരിഹരിച്ചു മുന്നിട്ട് പോയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകാനും കുടുംബബന്ധങ്ങള്‍ ശിഥിലമാകാനുമുള്ള സാധ്യതകളുണ്ട്. പ്രൊഫഷണല്‍ ആയ മനഃശാസ്ത്ര വിദഗ്ധരുടെ ഫാമിലി കൗണ്‍സിലിംഗ് ഇന്ന് ലോകമെങ്ങും കുടുംബങ്ങളെ സന്തോഷത്തിലേക്കു നയിക്കുന്നുണ്ട്. കൗണ്‍സിലിംഗ് എന്ന വാക്ക് അരോചകമായി തോന്നുന്നവര്‍ക്കായി ഫാമിലി എന്റിച്ച്‌മെന്റ് പ്രോഗ്രാം എന്ന നിലയിലാണ് ഞങ്ങളുടെ ബിഹേവിയര്‍ സ്റ്റുഡിയോയില്‍ ഫാമിലി സപ്പോര്‍ട്ട് നല്‍കുന്നത്. ഞാന്‍ മനഃശാസ്ത്രജീവിതം തുടങ്ങുമ്പോള്‍ ഉള്ളതിനേക്കാള്‍ ആളുകള്‍ ഇന്ന് എന്നെ കാണാനായി വരുന്നുണ്ട്. പ്രശ്‌നങ്ങള്‍ കൂടിയത് കൊണ്ട് മാത്രല്ല അത്. ഒരു പക്ഷേ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അവ പരിഹരിക്കാന്‍ അന്നത്തെ കാലത്തേക്കാള്‍ ഇന്ന് ആളുകള്‍ക്ക് ആഗ്രഹമുണ്ട് എന്ന നല്ല സൂചനയാകാം കുടുംബങ്ങള്‍ മുന്‍പോട്ടു വരുന്നതിനു പ്രചോദനമാകുന്ന കാരണങ്ങള്‍.

ഷിബു : കേരളത്തില്‍ നിന്നും വ്യത്യസ്തമായി, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ഒരു പോലെ ജോലി ചെയ്‌തെങ്കില്‍ മാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളു. അത് സാധ്യമാകുന്നത് രണ്ടു പേരും ഓപ്പസിറ്റ് ഷിഫ്റ്റ് ചെയ്തിട്ടാണ് താനും. പ്രകൃതി അനുവദിച്ചിട്ടുള്ള ബയോളജിക്കലായുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇത് പലപ്പോഴും കാരണവുമാകുന്നുണ്ട്. ഇത്തരത്തിലുള്ള വലിയ കുടുംബ പ്രശ്‌നങ്ങള്‍ക്ക് എന്താണ് പരിഹാരം?

ഡോ. വിപിന്‍ റോള്‍ഡന്റ്: പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല സത്യത്തില്‍ ഈയൊരു പ്രശ്‌നം ഉള്ളത്. കേരളത്തിലും ഇന്നത്തെ സാഹചര്യങ്ങള്‍ ഇങ്ങനെതന്നെയാണ്. ജീവിതച്ചിലവുകള്‍ കേരളത്തിലും കൂടുന്ന സാഹചര്യമാണ്. അതിനനുസരിച്ചു ഭാര്യയും ഭര്‍ത്താവും ഒരു പോലെ ജോലി ചെയ്യേണ്ടി വരുന്നു. ഒരിക്കല്‍ എന്നെ കാണാന്‍ ഒരു ഭാര്യയും ഭര്‍ത്താവും വന്നു. ഐ ടി മേഖലയില്‍ ജോലിചെയ്യുന്ന ദമ്പതികള്‍ ആയിരുന്നു അവര്‍. മക്കളില്ലാത്ത സങ്കടം ആണ് അവരെ എന്റെ മുന്നില്‍ എത്തിച്ചത്. കല്യാണം കഴിഞ്ഞു എട്ടു കൊല്ലം ആയെങ്കിലും ജോലി ഷിഫ്റ്റ് ശരിയല്ലാത്തതു കാരണം വളരെ ചുരുക്കം സമയമേ അവരു തമ്മില്‍ അടുത്തിടപഴകിയിട്ടുള്ളൂ എന്നു അവരുമായി സംസാരിച്ചപ്പോള്‍ എനിക്ക് വ്യക്തമായി. എല്ലാ തിരക്കുകളും മാറ്റിവച്ചു അവരുടേതായ കുറച്ചു സമയം കണ്ടെത്താനും ഒരുമിച്ചൊരു യാത്ര പോകാനും അവരോടു ഞാന്‍ നിര്‍ദ്ദേശിച്ചു. ജോലിയും ജീവിതവും ക്രമപ്പെടുത്താന്‍ വേണ്ട വര്‍ക്ക് ലൈഫ് ബാലന്‍സ് കോച്ചിംഗ് ആണ് ഞാന്‍ അവര്‍ക്കു നല്‍കിയത്. പിന്നീട് കുറച്ചു നാളു കഴിഞ്ഞു അവരെന്നെ കാണാന്‍ വരുമ്പോള്‍ കൂടെ ഒരു കുഞ്ഞുകൂടി ഉണ്ടായിരുന്നു. ഇതേകാര്യം തന്നെയാണ് എനിക്കിവിടെയും പറയാനുള്ളത്. ജീവിക്കാന്‍ വേണ്ടിയാണ് നമ്മളെല്ലാം ജോലി ചെയ്യുന്നത്. ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കുക എന്ന അവസ്ഥയിലേക്കാണ് പക്ഷെ ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. ഏതു തിരക്കുകള്‍ ഉണ്ടെങ്കിലും കുറച്ചു സമയം നമുക്കായി കണ്ടെത്തണം. ‘ഫാമിലി ടൈം’ എന്നാണ് ഞങ്ങള്‍ ആ സമയത്തെ വിശേഷിപ്പിക്കുന്നത്. ഓരോ കുടുംബവും അവരുടേതായ ഫാമിലി ടൈം കണ്ടെത്തുക തന്നെ ചെയ്യണം. രണ്ടു പേരുടെയും തിരക്കുകള്‍ പരസ്പരം മനസിലാക്കാനും എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാനും മനസു തുറന്നു സന്തോഷിക്കാനും ഈ സമയം വിനിയോഗിക്കണം. പരസ്പര ധാരണയും ഐക്യവുമാണ് ഓരോ കുടുംബത്തിന്റെയും കെട്ടുറപ്പ്.

ഷിബു : കുടുംബ പ്രശ്‌നങ്ങളില്‍ നിന്നുണ്ടാകുന്ന മാനസിക സംഘര്‍ഷം ഇവരുടെ ജോലിയെ തന്നെ വളരെ ഗൗരവപരമായി ബാധിക്കാറുണ്ട്. പിരിച്ചുവിടലിന്റെ ഭീഷണിയില്‍ നില്ക്കുന്ന പല വ്യക്തികളേയും നേരിട്ടറിയാം. യൂറോപ്പില്‍ ഇത് ഒരു സാധാരണ സംഭവമായി മാറി കൊണ്ടിരിക്കുകയാണ്. ഈ സംഭവങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ഡോ. വിപിന്‍ റോള്‍ഡന്റ് : കുടുംബ പ്രശ്‌നങ്ങള്‍ ജോലിയെ ബാധിക്കുമെന്നത് ഉറപ്പായ കാര്യമാണ്. നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ വിദേശത്തെത്തിയ പലരും ജോലിയും ജീവിതവും പരുക്കേല്‍പ്പിച്ചതിന്റെ നൊമ്പരങ്ങളില്‍ മനസ് തളര്‍ന്നിരിക്കുന്നവരാണ്.

ഒരേ ഒരു ജീവിതമേ നമുക്കുള്ളൂ. അത് സന്തോഷകരമായി കൊണ്ടുപോകാന്‍ വേണ്ട കഴിവുകളും മനോഭാവവും നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഈഗോ കാണിക്കേണ്ട സ്ഥലമല്ല വീടെന്നു തിരിച്ചറിഞ്ഞു തിരുത്താന്‍ തയ്യാറാകണം കുടുംബങ്ങള്‍. കുടുംബ ജീവിതവും ജോലിയും രണ്ടായി തന്നെ മുന്നോട്ട് കൊണ്ട് പോകേണ്ടതാണ്. അതു രണ്ടും ശരിയായ രീതിയില്‍ ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഘീകരിക്കേണ്ടി വരും എന്നതില്‍ തര്‍ക്കമില്ല. ദമ്പതികള്‍ പരസ്പരം മനസിലാക്കുക എന്നതാണ് ആദ്യത്തെ പടി. നേരത്തെ സൂചിപ്പിച്ച ഫാമിലി ടൈം കണ്ടെത്തുകയാണ് അടുത്തതായി ചെയേണ്ടത്. പ്രശ്‌നങ്ങള്‍ പരസ്പരം പങ്കുവെക്കുക. കുടുംബവുമൊത്ത് പുറത്തുപോകാനും യാത്രകള്‍ക്കുമായി സമയം കണ്ടെത്തുക. പ്രാര്‍ത്ഥന, മെഡിറ്റേഷന്‍ പോലുള്ള മനസിന് ശാന്തത നല്‍കുന്ന കാര്യങ്ങള്‍ പ്രാക്ടീസ് ചെയ്യുക. അമിതമായ സമ്മര്‍ദ്ദം മൂലം മനസ് കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകുവാണെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുക. നിലവിലുള്ള ജോലി തൃപ്തികരമല്ലെങ്കില്‍ ഇപ്പോഴുള്ള ജോലിയില്‍ ഇരുന്നുകൊണ്ട് തന്നെ കുറച്ചുകൂടി സൗകര്യപ്രദമായ ജോലിക്കായി ശ്രമിക്കുക എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ഷിബു : ഇവിടങ്ങളില്‍ ബിസിനസ് ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. ബിസിനെസ്സ്‌കാര്‍ക്ക് ശരിക്കും സൈക്കോളജിസ്റ്റിന്റെ സപ്പോര്‍ട്ട് വേണ്ടതുണ്ടോ അതോ അവരു സ്വയം പര്യാപ്തരാണോ?

ഡോ. വിപിന്‍ റോള്‍ഡന്റ് :
ഇന്ത്യയിലെയും വിദേശത്തെയും കാര്യങ്ങള്‍ എടുത്തു നോക്കുകയാണെങ്കില്‍ ഇപ്പോള്‍ മാര്‍ക്കറ്റ് ഡൗണ്‍ ആണ്. പല ഇന്‍ഡസ്ട്രികളും തകരുകയാണ്. നമ്മുടെ നാട്ടില്‍ തന്നെ ഈ അടുത്ത കാലത്ത് നടന്ന പ്രമുഖ ബ്രാന്‍ഡ് ആയ ‘കഫെ കോഫി ഡേ’ യുടെ എംഡി യുടെ ആത്മഹത്യ പോലുള്ള സംഭവങ്ങള്‍ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒന്നാണ്. വിവിധ രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്ന ഒട്ടേറെപ്പേരെ ബിസിനസ് കോച്ചിങ്ങിലൂടെ സഹായിക്കാനും ബിസിനസ് ലാഭകരമാക്കികൊടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. നാം തിരിച്ചറിയേണ്ട കാര്യം മറ്റെല്ലാവരെയും പോലെ ബിസിനെസ്സ്‌കാരും മനുഷ്യരാണ് എന്നതാണ്. അനേകരെ നയിക്കുന്നവരും പലരെയും മോട്ടിവേറ്റ് ചെയേണ്ടവരുമാണ്. പക്ഷെ അവരെ കേള്‍ക്കാനും മനസിലാക്കാനും സപ്പോര്‍ട്ട് ചെയ്യാനും ആരുമില്ല എന്നതാണ് വസ്തുത. അവര്‍ക്കും മറ്റുളവരെപോലെ ഒരുപക്ഷെ അതിനേക്കാള്‍ ഉപരി സ്‌ട്രെസ്സും ഡിപ്രെഷനും ആന്‍സെറ്റിയും പോലുള്ള പല പ്രശ്‌നങ്ങളും ഉണ്ടാകാം.ആ പ്രശനങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോയാല്‍ മാത്രമാണ് അവരുടെ സ്ഥാപനത്തെ വിജയത്തിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. തീര്‍ച്ചയായും അത്തരത്തില്‍ അവര്‍ക്ക് മനഃശാസ്ത്രജ്ഞന്റെ സപ്പോര്‍ട്ട് ആവശ്യമാണ്.

ഷിബു : സ്‌പോര്‍ട്‌സ് രംഗത്ത് വ്യത്യസ്തരായ ടീമുകളെ മികച്ച വിജയത്തിലേക്കെത്തിച്ചതു പോലെതന്നെയാണോ ബിസിനെസ്സ്‌കാരുടെ കണ്‍സോര്‍ഷ്യം ആയ കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറിയുടെ (CII) കണ്‍സല്‍ട്ടന്റ് എന്ന നിലയിലും സി ഇ ഒ സിന്റെ കോച്ച് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനങ്ങളൊന്നും വിവരിക്കാമോ?

ഡോ. വിപിന്‍ റോള്‍ഡന്റ് :
എന്റെ എം.ഫില്‍. പഠന സമയത്തെ സ്‌പെഷ്യലൈസഷന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജി ആണ്. ശരിക്കു പറഞ്ഞാല്‍ ബൈ അക്കാഡമിക്‌സ് ആന്‍ഡ് പ്രൊഫെഷന്‍ ഞാനൊരു കോര്‍പ്പറേറ്റ് സൈക്കോളജിസ്റ്റ് ആണ്. ഒരു ബിസിനസ് അല്ലെങ്കില്‍ ഒരു ഓര്‍ഗനൈസെഷനെ വിജയത്തിലേക്ക് എത്തിക്കാനായിട്ട് അവരുടെ സ്റ്റാഫ് മെമ്പേഴ്‌സിനും മേലധികാരികള്‍ക്കുമെല്ലാം പേര്‍സണല്‍ കണ്‍സള്‍ട്ടേഷനും ട്രെയിനിംഗ് പ്രോഗ്രാമുകളും നടത്തി വരുന്നുണ്ടായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ അഞ്ഞൂറ് കൊടിയും അതിനു മീതെയും ആസ്തിയുള്ള സിഇഒ സിന്റെ സിഇഒ റിട്രീറ് (CEO Rtereat) എന്ന പരിപാടിയില്‍ സ്ഥിരം ക്ഷണിതാവും പരിശീലകനും ആവാനുള്ള അവസരങ്ങള്‍ പല തവണ ലഭിച്ചിട്ടുണ്ട്. ഒരേസമയം വെല്ലുവിളിയും അതേ സമയം നമ്മളുടെ നിര്‍ദ്ദേശങ്ങള്‍ അവര്‍ പോസിറ്റീവ് ആയി എടുക്കുന്നത് വഴി അവര്‍ക്ക് നേട്ടങ്ങള്‍ വരുന്നത് കാണുമ്പോള്‍ അഭിമാനവും തോന്നുന്ന ഒന്നാണ് ബിസിനസ് സൈക്കോളജിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍.

ഷിബു : വീണ്ടും ഞാന്‍ ചോദ്യം മാറ്റുകയാണ്. യുവാക്കളില്‍ മയക്കു മരുന്ന് പ്രയോഗം, മദ്യപാനം, വഴിവിട്ട ജീവിതം ഇതെല്ലാം വളരെയധികം പ്രശ്‌നമായിട്ടിരിക്കുന്ന ഒരു കാലത്താണ് നമ്മളുള്ളത്. യുവാക്കള്‍ക്ക് അവരുടെ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ മനസിലാകാത്ത ഒരു അവസ്ഥയിലാണ്. യുവാക്കളുടെ പ്രശ്‌നങ്ങള്‍ കൂടുതലായും പരിഹരിക്കുന്ന മനഃശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ താങ്കളുടെ കാഴ്ചപ്പാടില്‍ യുകെ യിലെ യുവാക്കളെ നമുക്ക് എങ്ങനെയാണ് സഹായിക്കാന്‍ സാധിക്കുക?

ഡോ. വിപിന്‍ റോള്‍ഡന്റ്: ഇന്നത്തെ കാലത്ത് ഇതൊരു പ്രാധാന്യം അര്‍ഹിക്കുന്ന വിഷയം തന്നെയാണ്. മനഃശാസ്ത്ര പരിശീലനത്തിന്റെയും ചികിത്സയുടെയും ഭാഗമായി കേരളത്തിലും വിദേശത്തുമെല്ലാം കണ്‍സള്‍ട്ടേഷന്‍ നടത്തുമ്പോള്‍ എന്റെ മുന്നില്‍ കൂടുതലായും വന്നിട്ടുള്ള പ്രശ്‌നങ്ങളില്‍ ഒന്നാണ് കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ പോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്ന യുവാക്കളുടെ പ്രശ്‌നങ്ങള്‍. യുവാക്കളെ സംബന്ധിച്ചു അവരാണ് ലോകത്തിന്റെ ഭാവി എന്നു തന്നെ പറയാം. അവരിലാണ് ലോകം മുഴുവന്‍ പ്രതീക്ഷയും പ്രത്യാശയും അര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് അവരെ പൂര്‍ണമായും സപ്പോര്‍ട്ട് ചെയേണ്ടുന്നതുണ്ട്. യുവാക്കള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലാണ്. എല്ലാ നിയമങ്ങള്‍ക്കും അപ്പുറത്തേക്ക് തങ്ങള്‍ ചെയ്യുന്നതാണ് ശരിയെന്നും, മനസു പറയുന്നത് ചെയ്യുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്നു വിശ്വസിക്കുകയും ചെയ്യുന്നവരാണ് എല്ലാ യുവാക്കളും. പുകവലി, മദ്യപാനം, മയക്കുമരുന്ന് പ്രയോഗം, വഴിവിട്ട ജീവിതം തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള സ്വാതന്ത്ര്യത്തില്‍ പെടുന്നവയാണെന്നു തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് ഇവിടെ. താന്‍ എന്തിനു ജനിച്ചു എന്നതും തന്റെ ജനനത്തിലൂടെ ഈ ലോകത്തിനു എന്ത് സംഭാവന ചെയ്യാന്‍ പറ്റും എന്നുള്ള തിരിച്ചറിവാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഈ തിരിച്ചറിവ് ലഭിക്കുവാനും തന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് അവരെ എത്തിക്കുവാനും തീര്‍ച്ചയായും ഒരു മനഃശാസ്ത്രജ്ഞന്റെ സപ്പോര്‍ട്ട് അവര്‍ക്ക് എടുക്കാവുന്നതാണ്. ഏതു രാജ്യത്തെ യുവാക്കളാണെങ്കിലും അവരു സ്വയം മനസിലാക്കി മുന്നോട്ട് പോയി ജീവിതത്തില്‍ വിജയം വരിക്കാന്‍ ശ്രമിക്കുന്ന രീതിയിലേക്കുള്ള സ്വാതന്ത്രം ആര്‍ജിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. യുവാക്കളെ കേന്ദ്രികരിച്ചുള്ള മോഡേണ്‍ മൂഡിലുള്ള യൂത്ത് മോട്ടിവേഷന്‍ പ്രോഗ്രാമുകള്‍ ലോകമെങ്ങും ഇപ്പോള്‍ നടന്നു വരുന്നുണ്ട്. അവര്‍ വഴി തെറ്റിപ്പോയി എന്ന് പറഞ്ഞു ഉപേക്ഷിക്കുന്നതിനു പകരം തിരികെ കൊണ്ടുവരാന്‍ കുടുംബങ്ങളും പൊതുസമൂഹവും കര്‍മ പദ്ധതികള്‍ തയ്യാറാക്കണം. അത് ലക്ഷ്യം കാണും. തീര്‍ച്ച.

ഷിബു : അതേപോലെ സ്‌ക്രീന്‍ അഡിക്ഷന്‍, മൊബൈല്‍ അഡിക്ഷന്‍, ഗെയിം അഡിക്ഷന്‍ തുടങ്ങി പലതരത്തിലുള്ള അഡിക്ഷനുകളാണ് ഇന്നത്തെകാലത്ത് കുട്ടികളും യുവാക്കളും, അതേപോലെ മുതിര്‍ന്നവരും നേരിടുന്ന പ്രശ്‌നങ്ങള്‍. അതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്.

ഡോ. വിപിന്‍ റോള്‍ഡന്റ് :
മൊബൈല്‍ ഫോണിന്റെ വരവോടു കൂടിത്തന്നെ നമുക്ക് പലതിലും ഉള്ള നിയന്ത്രണം നഷ്ടപെട്ടിട്ടുണ്ട്. ലോകത്തുള്ള എന്തും നമ്മളുടെ വിരല്‍ത്തുമ്പില്‍ ആക്‌സസിബിള്‍ ആയിക്കഴിഞ്ഞു. പുറത്തിറങ്ങി ദേഹമനങ്ങി കളിച്ചിരുന്ന പല കളികളും മൊബൈല്‍ വഴി കളിക്കാമെന്നായി. അതുപോലെ തന്നെ പണ്ടുകാലത്ത് പാടത്തും പറമ്പിലും ചെളിയിലും മഴയത്തുമെല്ലാം കുട്ടികള്‍ക്കു കളിക്കാന്‍ അനുവാദമുണ്ടായിരുന്നു. ഇന്നാ സാഹചര്യമില്ല. പല കുട്ടികളും വീട്ടിനുള്ളില്‍ അടച്ചിടപ്പെട്ടിരിക്കുകയാണ്. ഒരു കുട്ടി ജനിച്ചു വരുമ്പോഴേ അവന്റെ കയ്യില്‍ മാതാപിതാക്കള്‍ കൊടുക്കുന്നത് മൊബൈല്‍ ഫോണ്‍ ആണ്. ´യൂട്യൂബ് ഇട്ടു കൊടുത്താലേ ചോറ് കഴിക്കൂ, സെല്‍ ഫോണിലെ അല്ലെങ്കില്‍ കംപ്യൂട്ടറിലെ സകലതും അവനറിയാം´ എന്നിങ്ങനെ അഭിമാനത്തോടെ പറഞ്ഞിരുന്ന മാതാപിതാക്കള്‍ പിന്നീട് കുട്ടികളിലെ മൊബൈലിനോടുള്ള ശീലം മാറ്റാനായി ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ശരീരം അനങ്ങാതെയുള്ള കളികള്‍ ശാരീരിക പ്രശ്‌നങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നത്‌കൊണ്ട് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ മൂന്നു മണിക്കൂര്‍ കൂടുതല്‍ മൊബൈല്‍ ഗെയിമില്‍ ഇരിക്കുന്ന ആളുകളില്‍ പഠനം നടത്തി ഒരു ഗെയിമിംഗ് ഡിസോര്‍ഡര്‍ ആണ് ഇതെന്ന് കണ്ടെത്തുകയുണ്ടായി. ശരി എന്താണ് തെറ്റെന്താണ് എന്നു കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിനായി ലോകമെമ്പാടും നടക്കുന്ന പാരന്റിങ് പരിശീലന പരിപാടികളില്‍ പങ്കെടുക്കുകയും അവരു തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടേണ്ടതും ഉണ്ട്. പൊട്ടിത്തെറിക്കുന്നതിനു പകരം എങ്ങനെയാണ് കുട്ടികളിലെ അഡിക്ഷന്‌സ് മാറ്റിയെടുക്കേണ്ടത് അതിനായി തങ്ങള്‍ എന്തു മുന്‍കരുതല്‍ എടുക്കണം, എന്തെല്ലാം ചെയ്യണം തുടങ്ങിയവയെല്ലാം മാതാപിതാക്കള്‍ മനസിലാക്കേണ്ടുന്നത് അത്യാവശ്യമാണ്. ടെക്‌നോളജി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അതിനോട് നോ പറയാന്‍ നമുക്കാവില്ല. പക്ഷെ അതൊരു അഡിക്ഷന്‍ ആകാത്ത രീതിയില്‍ കൃത്യമായ സ്‌ക്രീന്‍ ടൈമിംഗ് പാലിച്ചു കുട്ടികളെ അതു ശീലിപ്പിച്ചെടുത്തുകൊണ്ടെല്ലാം നമുക്ക് മുന്നോട്ട് പോകാവുന്നതാണ്.

ഷിബു : നമ്മളുടെ കുട്ടികളോട്, കൗമാരക്കാരോട് എന്താണ് പറയാനുള്ളത്?

ഡോ. വിപിന്‍ റോള്‍ഡന്റ് : പറയാനുള്ള ആശയങ്ങള്‍ വളരെ സിമിലര്‍ ആണ്. പ്രിയപ്പെട്ട കുട്ടികളെ മലയാളികള്‍ ആണെങ്കിലും നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വലിയൊരു അവസരമാണ് മറ്റൊരു രാജ്യത്ത് പഠിക്കാന്‍ സാധിക്കുക അവിടുത്തെ സാഹചര്യങ്ങള്‍ ഉപയോഗിക്കുവാന്‍ പറ്റുക എന്നതൊക്കെ. ഏറ്റവും നന്നായി പഠിക്കുക നമ്മളുടെ കഴിവുകള്‍ പൂര്‍ണമായും മനസിലാക്കി അതിനു ചേരുന്ന കരിയര്‍ തിരഞ്ഞെടുക്കുവാനായിട്ട് ശ്രമിക്കുക. കരിയര്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായാല്‍ നമ്മളുടെ ജീവിതത്തില്‍ പരാജയം വന്നു ഭവിച്ചേക്കാം. കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകള്‍ ചെയ്യുകയും അതുവഴി നമ്മളുടെ അഭിരുചി കണ്ടെത്തി മികച്ച രീതിയില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയും ചെയുക. പഠനത്തോടൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കുക. ജീവിക്കാനായി പഠിക്കുക. അതിനായി ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്ന ലൈഫ് സ്‌കില്‍സ് പ്രോഗ്രാമുകള്‍ അറ്റന്‍ഡ് ചെയ്യുക. എങ്ങനെയാണ് ആത്മവിശ്വാസം മെച്ചപ്പെടുത്തേണ്ടത്, എങ്ങനെയാണ് ആശയവിനിമയം നടത്തേണ്ടത്, റിലേഷന്‍ഷിപ് ബില്‍ഡ് ചെയേണ്ടതും അതു നിലനിര്‍ത്തേണ്ടതും എങ്ങനെയാണ്, പ്രശ്‌നങ്ങളെ എങ്ങനെ നോക്കി കാണാം പരിഹരിക്കാം, പ്രതിസന്ധികളില്‍ നിന്നെങ്ങനെ കര കയറാം, മാതാപിതാക്കളോട് ദേഷ്യമോ വഴക്കോ കൂടാതെ എങ്ങനെ മുന്നോട്ട് പോകാം എന്നു തുടങ്ങി ജീവിതത്തില്‍ വേണ്ടുന്നതായ പല കാര്യങ്ങളിലും പരിശീലനം സിദ്ധിക്കേണ്ടതുണ്ട്. പോസിറ്റീവ് ആയി ചിന്തിച്ചു, അവസരങ്ങള്‍ പാഴാക്കാതെ, നന്മയുള്ള വ്യക്തികളായി വളരാന്‍ ശ്രമിക്കുക. ബൈബിളിലെ ഒരു വചനം പോലെ ‘ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവരാന്‍ സാധിച്ചാല്‍ അതാണ് അത്യുത്തമം

ഷിബു : യുവാക്കളോട് എന്താണ് പറയാനുള്ളത് ?

ഡോ. വിപിന്‍ റോള്‍ഡന്റ് : യുവാക്കളുടെ കയ്യിലാണ് ഈ ലോകം. അവരാണ് സത്യത്തില്‍ നമ്മളെ നയിക്കേണ്ടുന്നത്. അവര്‍ക്ക് വേണ്ടിയാണ് ഈ ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ യുവജനങ്ങള്‍ ഏറ്റവും പോസിറ്റീവ് ആയ രീതിയില്‍ തന്നെ അവരുടെ അവസരങ്ങള്‍ തിരിച്ചറിയണം, അതിലൂടെ സഞ്ചരിക്കാന്‍ സാധിക്കണം, ദുശീലങ്ങള്‍ ആ അവസരങ്ങള്‍ നിഷേധിക്കുന്നുണ്ടെങ്കില്‍ അവ മാറ്റി തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം കൃത്യമായി കണ്ടെത്തി, ജീവിതത്തില്‍ എന്താണ് വേണ്ടതെന്നു തിരിച്ചറിഞ്ഞു മുന്നോട്ട് പോകണം. ലഹരിയിലേയ്‌ക്കോ തെറ്റായ കൂട്ടുകെട്ടിലേക്കോ അകപ്പെട്ടു പോകാത്ത രീതിയില്‍ മാതാപിതാക്കള്‍ പറയുന്ന നന്മകള്‍ ജീവിതത്തില്‍ സ്വീകരിച്ചു നന്മയുള്ള വ്യക്തിത്വങ്ങളായി മാറ്റത്തിന്റെ ശക്തിയിലേക്ക് നയിക്കാന്‍ പറ്റുന്ന യൗവനമായി മാറണം. മറ്റു ലഹരികളോട് സലാം പറഞ്ഞു ഒഴിവാക്കി ആത്മവിശ്വാസം ലഹരിയായികണ്ടു മുന്നോട്ട് പോകണം. തോല്‍വികള്‍ ഊര്‍ജമായി സ്വീകരിക്കണം. വലിയ സ്വപ്‌നങ്ങള്‍ കാണണം. അവ നേടാന്‍ അത്യധ്വാനം ചെയ്യണം. സ്വജീവിതം ധന്യമാക്കാന്‍, അനേകര്‍ക്ക് ഉപകാരപ്പെടുന്നവ ആക്കാന്‍ ആഗ്രഹിച്ചു മുന്നേറണം. ജീവിതത്തെ പ്രണയിക്കണം.

ഷിബു: ആശയങ്ങള്‍ എല്ലാം ഉജ്ജ്വലമായിരിക്കുന്നു. നല്ലൊരു കുടുംബാന്തരീക്ഷത്തില്‍ നിന്നും കടന്നു വന്നതിന്റെ ഒരു ശക്തി ഫീല്‍ ചെയ്യുന്നു. കുടുംബത്തെ ഒന്ന് പരിചയപ്പെടുത്താമോ?

ഡോ. വിപിന്‍ റോള്‍ഡന്റ് : ഭാര്യ രണ്ടു മക്കള്‍ അടങ്ങിയതാണ് ഞങ്ങളുടെ കുടുംബം. മൂന്നാമത്തെ ആള്‍ ഉടന്‍ എത്തും.. ഭാര്യ മായാറാണി, ഹയര്‍ സെക്കന്ററി മാത്!സ് ടീച്ചര്‍ ആണ്. ടെലിവിഷന്‍ അവതാരക, അഭിനേത്രി, എഴുത്തുകാരി എന്ന നിലയിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. മൂത്ത മകള്‍ ഒലിവിയ മെറി റോള്‍ഡന്റ്, ഇളയ മകള്‍ ജെനീലിയ ക്ലെയര്‍ റോള്‍ഡന്റ് രണ്ടുപേരും രാജഗിരി ക്രിസ്തു ജയന്തി സ്‌കൂളില്‍ പഠിക്കുന്നു. കോട്ടയം ജില്ലയിലെ രാമപുരം മേതിരി കുണിഞ്ഞി ആണ് സ്വന്തം നാട്. നാട്ടില്‍ അമ്മയും സഹോദരനും ഒരു ചേച്ചിയും ഉണ്ട്. എല്ലാക്കാര്യത്തിലും ഊര്‍ജ്ജമായി നിന്നിരുന്ന, ആത്മവിശ്വാസത്തിന്റെയും വാത്സല്യത്തിന്റെയും ആള്‍രൂപമായിരുന്ന ഡാഡി ആറു കൊല്ലം മുമ്പ് മരിച്ചു. ചേച്ചി വിന്നി, മുന്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ആയിരുന്ന പാലായിലുള്ള കെ എം ചാണ്ടി സാറിന്റെ ഇളയമകന്‍ സിബിയാണ് വിവാഹം കഴിച്ചിരിക്കുന്നത്. സഹോദരന്‍ വിവിഷ് റോള്‍ഡന്റ്, സ്‌കൂള്‍ അധ്യാപകനാണ്, പ്രഭാഷകനും മനഃശാസ്ത്രജ്ഞനും ഒക്കെയായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാത്തിനും എന്നെ സഹായിച്ചത് എന്റെ പേരെന്റ്‌സ് ആണ്. ചെറുപ്പത്തില്‍ ആദ്യമായി എന്നെ പ്രസംഗിക്കാന്‍ പഠിപ്പിച്ചത് എന്റെ ചേച്ചിയാണ്. മനഃശാസ്ത്ര മേഖലയിലേക്ക് കൈചൂണ്ടി നയിച്ചത് സഹോദരനാണ്.

എന്റെ പല കാര്യങ്ങള്‍ക്കും മുന്നിലും പിന്നിലും സൈഡിലും നിന്ന് എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് എന്റെ ഭാര്യ മായാറാണി. കുടുംബത്തിലെ എല്ലാ കാര്യങ്ങളും വളരെ സ്മാര്‍ട്ട് ആയി ഉത്തരവാദിത്വത്തോട് കൂടി ചെയ്യുന്ന ഒരാളാണ് മായ. കുട്ടികളും അതുപോലെ തന്നെ അവരുടേതായ രീതിയിലുള്ള എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. അമ്മ പ്രാര്‍ത്ഥനയുടെ വലിയൊരു ശക്തിയാണ്. ഏതൊരു കാര്യത്തിലും പ്രാര്‍ത്ഥനാപൂര്‍വ്വം ചേര്‍ത്ത് നിര്‍ത്തി നീ എന്റെ മകനാണ് നിനക്ക് ഏതുകാര്യവും വിജയിക്കാന്‍ പറ്റും എന്നു പറഞ്ഞു എനിക്ക് ശക്തി നല്‍കുന്നത് അമ്മയാണ്. എനിക്ക് തോന്നുന്നത് മക്കളുടെ ഏതൊരു വിജയത്തിനും പിന്നില്‍ മാതാപിതാക്കളുടെ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ട്. ഭാര്യയുടെ മാതാപിതാക്കളായാലും വളരെയധികം സപ്പോര്‍ട്ടും എനെര്‍ജിയും തരുന്നവരാണ്.

അങ്ങനെ എല്ലാ രീതിയിലും വളരെയധികം പിന്തുണക്കുന്ന ഒരു കുടുംബമാണ് എന്റെത്. അനേക കുടുംബങ്ങളെ സഹായിക്കാന്‍ എനിക്ക് കരുത്തു തരുന്നതും എന്റെ കുടുംബത്തില്‍ നിന്നു കിട്ടുന്ന ശക്തിയും എന്റെ ബന്ധുജനങ്ങളുടെ പിന്തുണയും സുഹൃത്തുക്കളുടെ പ്രോത്സാഹനവുമൊക്കെയാണ്.

ഷിബു : വ്യത്യസ്ത മേഖലകളില്‍ മനഃശാസ്ത്ര സേവനങ്ങള്‍ താങ്കള്‍ നടത്തിവരുന്നുണ്ട്. താങ്കളുടെ ബിഹേവിയര്‍ സ്റ്റുഡിയോ വഴിയുള്ള സേവനങ്ങള്‍ ഒന്ന് വിശദീകരിക്കാമോ.

ഡോ. വിപിന്‍ റോള്‍ഡന്റ് :
റോള്‍ഡന്റ്‌സ് എന്നതാണ് ഞങ്ങളുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേര്. ആറു കൊല്ലം മുന്‍പ് ഞങ്ങളോട് വിടപറഞ്ഞ എന്റെ പിതാവിന്റെ പേരിലാണ് ഈ സ്ഥാപനം ഉള്ളത്. അതിന്റെ ഒരു ശാഖയായ റോള്‍ഡന്റ് റെജുവിനേഷന്‍ എന്ന ബിഹേവിയര്‍ സ്റ്റുഡിയോയെക്കുറിച്ചു നേരത്തെ പറഞ്ഞിരുന്നുവല്ലോ. കൊച്ചിയില്‍ ആണതിന്റെ ഹെഡ്ഓഫീസ്. കൊച്ചിയില്‍ തന്നെ കാക്കനാടും കളമശ്ശേരിയിലും അതുപോലെ കോട്ടയം ജില്ലയില്‍ പാലാ യിലും ആണ് ബിഹേവിയര്‍ സ്റ്റുഡിയോസ് ഉള്ളത്. ഏതാണ്ട് 38 ഓളം രാജ്യങ്ങളില്‍ നിന്നും ക്ലൈന്റ്‌സ് ഇപ്പോള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്. ഈ മൂന്നിടത്തും എന്റെയും മറ്റു മനഃശാസ്ത്ര വിദഗ്ധരുടെയും സേവനം ലഭ്യമാണ്. അതുപോലെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ യൂണിവേഴ്‌സിറ്റിയുടെ തന്നെ ഭാഗമായി നമ്മുടെ ബിഹേവിയര്‍ സ്റ്റുഡിയോയുടെ ഒരു അനെക്‌സ് മൈന്‍ഡ് ബിഹേവിയര്‍ സ്റ്റുഡിയോ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹുമാനപെട്ട ഡോ. ലത വൈസ് ചാന്‍സിലര്‍ ആയിരുന്ന സമയത്താണ് ഇങ്ങനെ ഒരു സംരംഭം അവിടെ തുടങ്ങുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി ആദ്യമായിട്ടായിരിക്കും ഒരുപക്ഷെ ഒരു യൂണിവേഴ്‌സിറ്റി ഇങ്ങനൊരു സംരംഭം തുടങ്ങിയത്. ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്, കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്‌റ്, ഓര്‍ഗനൈസേഷണല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, പേര്‍സണല്‍ കോച്ച് എന്നു തുടങ്ങി വ്യത്യസ്തമായ മേഖലകള്‍ കൈകാര്യം ചെയുന്ന മനഃശാസ്ത്രജ്ഞരുടെ ഒരു ടീം നമ്മളുടെ ബിഹേവിയര്‍ സ്റ്റുഡിയോയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ട്ട് തെറാപ്പി, മ്യൂസിക് തെറാപ്പി, ഡാന്‍സ് തെറാപ്പി, സൈക്കോതെറാപ്പി തുടങ്ങിയവയുടെയൊക്കെ സമന്വയമായ സേവനങ്ങളാണ് ഇവിടെ ലഭ്യമാകുക. അതുപോലെ തന്നെ കോര്‍പൊറേറ്റ എന്ന ഒരു പരിശീലന ശാഖയും റോള്‍ഡന്റ്‌സിന്റെ ഭാഗമായുണ്ട്. കൊച്ചിയിലുള്ള സണ്‍റൈസ് ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിഭാഗത്തില്‍ 12 വര്‍ഷത്തോളമായുള്ള സര്‍വീസ് തുടരുന്നുമുണ്ട്.

ഷിബു: വളരെ വേറിട്ടൊരു ചോദ്യം ചോദിക്കാനുണ്ട്. പത്മഭൂഷണ്‍ മോഹന്‍ലാലിനെ പോലെ ഒരു മെഗാ സ്റ്റാര്‍ സ്വയം പരിശീലനത്തിനായിട്ട് വിളിക്കുക… ആരാധകര്‍ ഒന്ന് കാണാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനുമൊക്കെ ആഗ്രഹിക്കുന്ന അങ്ങനൊരാള്‍ വളരെ താല്പര്യപൂര്‍വം മനഃശാസ്ത്ര പരിശീലനത്തില്‍ സ്വയം വിധേയനായിട്ട് മുമ്പിലിരിക്കുക. ആ പരിശീലനത്തെത്തുടര്‍ന്നു അദ്ദേഹം നേതൃത്വം കൊടുത്ത ടീം വിജയിക്കുക, ആലോചിച് കഴിഞ്ഞാല്‍ വളരെ അദ്ഭുതകരമായ ഒരു കാര്യമാണ്. എങ്ങനെയായിരുന്നു ആ ഒരു അനുഭവം?. താങ്കളെപ്പോലെ ഇത്തരത്തിലുള്ള ഏതൊരു വലിയ ജോലിയും ഏറ്റെടുക്കാന്‍ വേണ്ട ആത്മവിശ്വാസം യുകെ യിലെ നമ്മുടെ കുട്ടികളിലും യുവാക്കളിലും നിറക്കാന്‍ ചെറുപ്പം മുതലേ മക്കളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ്?

ഡോ. വിപിന്‍ റോള്‍ഡന്റ് : പദ്മഭൂഷണ്‍ ഭരത് മോഹന്‍ലാല്‍ പരിശീലനത്തിനെത്തിയതും അവിടെ ഉണ്ടായ അനുഭവങ്ങളും തീര്‍ച്ചയായും മറക്കാനാവാത്ത ഒന്നാണ്. അതിലേക്കു അദ്ദേഹത്തെയും നായക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമാ താരങ്ങളെയും നയിച്ച സാഹചര്യങ്ങളും ഉണ്ടായ വിജയകഥകളുമെല്ലാം വളരെ ആവേശകരമാണ്. നമ്മുടെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതും കുട്ടികളും യുവാക്കളും തിരിച്ചറിയേണ്ടതുമായ ഒട്ടനവധി നല്ല ആശയങ്ങള്‍ അതില്‍ നിന്നും പങ്കു വക്കാനുണ്ട്.

ഷിബു: എനിക്ക് തോന്നുന്നു. പ്രവാസി കളുടെ യുവതലമുറക്ക് ആന്തരികോര്‍ജ്ജം പകര്‍ന്നു നല്‍കുന്ന ആ ആശയങ്ങളും സംഭവങ്ങളും വിശദമായി അടുത്ത തവണ നമുക്കുള്‍ക്കൊള്ളിക്കാം. സ്ഥല പരിമിതിമൂലം ഇന്നത്തെ ഇന്റര്‍വ്യൂ അവസാനിപ്പിക്കുകയാണ്. ഇന്ന് പങ്കു വച്ച എല്ലാ ആശയങ്ങള്‍ക്കും ഒരുപാടു നന്ദി.

സമയം രാവിലെ ഏഴു മണി കഴിഞ്ഞതേയുള്ളൂ. മാക്‌ഫാസ്റ്റ് കോളേജിൽ നിന്ന് അതിരാവിലെ യാത്ര പുറപ്പെട്ട 20 വിദ്യാർഥികളും നാല് അധ്യാപകരും അടങ്ങുന്ന ഞങ്ങളുടെ സംഘം കോന്നി ഫോറസ്റ്റ് ഡിവിഷൻ ഭാഗമായ ഞള്ളൂരിൽ എത്തിച്ചേർന്നിരിക്കുകയാണ്. അവിടെ ഞങ്ങളെയും കാത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ ജി .ശ്രീജിത്തും വാച്ചർ മാരായ രഘുവും മണിയനും കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇനി ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ഇവരുടെ നേതൃത്വത്തിലാണ്.

ഫോറസ്റ്റ് ഓഫീസർ ജി .ശ്രീജിത്തും സംഘാങ്ങളും

ഞങ്ങൾ കാട്ടുവഴികളിലൂടെ കാടിനെ അനുഭവിച്ചും ശ്വസിച്ചും കിളികളുടെ കളകൂജനം കാതോർത്ത് നടന്നു. വേഴാമ്പൽ ഉൾപ്പെടെയുള്ള അപൂർവ്വ ഇനം കിളികളെ കണ്ടതിലുള്ള ആവേശത്തിൽ ഞങ്ങളുടെ സ്വരം കാടിന്റെ നിശബ്ദതയെ ഇടയ്ക്കിടെ ഭജ്ഞിക്കുമ്പോൾ രഘു ഞങ്ങളെ വിലക്കുന്നുണ്ടായിരുന്നു. “കാടിനുള്ളിലേക്ക് നമ്മൾ യാത്ര ചെയ്യുന്നത് ഒരു തീർത്ഥാടനം പോലെ ആകണം. നമ്മുടെ പ്രവർത്തികളൊ സ്വരമോ ഇവിടുത്തെ സ്ഥിരതാമസകാർക്ക് ഒരു രീതിയിലും അലോസരം ഉണ്ടാകാൻ പാടില്ല “ശ്രീജിത്ത് പറഞ്ഞു.

കുന്തിരിക്കമരത്തിന് ചുറ്റും

യാത്രയുടെ ഇടയ്ക്ക് ഞങ്ങളുടെ പാത കടന്നുപോകുന്നത് ചെങ്ങറ സമര ഭൂമിയുടെ സമീപത്തുകൂടി ആയിരുന്നു. ചെങ്ങറ സമരഭൂമിയിലെ ചെറിയ ചെറിയ കൂരകളിൽ നിന്ന് ഞങ്ങളെ വീക്ഷിക്കുന്ന സമരക്കാർ. അവിടെ കാടിന്റെ അതിർവരമ്പുകൾ നിർണയിക്കുന്ന ജിൻഡ വാച്ചർ മണിയൻ ഞങ്ങളെ പരിചയപ്പെടുത്തി.

വാച്ചർ രഘുവിന്റെ കാട്ടറിവുകൾ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. ദന്തപാല എന്ന ത്വക്ക് രോഗങ്ങൾക്ക് പ്രതിവിധി ആയി ഉപയോഗിക്കുന്ന ഔഷധഗുണമുള്ള ചെടിയെക്കുറിച്ച്, എങ്ങനെ അത് ഉപയോഗിച്ച് മരുന്നുകൾ ഉണ്ടാക്കാം എന്നത് ഉൾപ്പെടെ ഒരു നീണ്ട വിവരണം തന്നെ അയാൾ നൽകി. ചെറിയ പ്രാണികളുടെ ഒരു കൂട്ടത്തെ കണ്ടപ്പോൾ അയാൾ പറഞ്ഞു. “ഇതാണ് പൂത അടുത്ത് എവിടെയോ കാട്ടുപന്നി ഉണ്ട്”.

കാട്ടറിവുകളുടെ സർവകലാശാല : വാച്ചർ രഘുവിനൊപ്പം

വർഷങ്ങൾകൊണ്ട് ആർജ്ജിച്ച കാടിന്റെ തിരിച്ചറിവുകൾ. കുട്ടികളുടെ സ്വരം ഇടയ്ക്കൊക്കെ ഉയരുമ്പോൾ രഘു അസ്വസ്ഥനാകുന്നത് എനിക്ക് കാണാമായിരുന്നു. ഇടയ്ക്കൊക്കെ ചെവികൂർപ്പിച്ചു കാതോർത്ത് നിന്ന് രഘു പറഞ്ഞു “നമ്മുടെ സ്വരം കേട്ടാൽ ചെവിയടി നിൽക്കും ” ആനകൾ സ്വൈര്യമായി വിഹരിക്കുമ്പോൾ ചെവി വിശറിപോലെ വീശുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ ആണ് രഘു ചെവിയടി എന്ന് പറഞ്ഞത്. ആനയുടെ സാമീപ്യം അറിയാൻ രഘുവിന്റെ കാട്ടറിവാണ് ചെവിഅടിക്ക് വേണ്ടി കാതോർക്കുക എന്നത്. മനുഷ്യന്റെ സാമീപ്യം ശബ്ദത്തിലൂടെയോ ഘ്രാണത്തിലൂടെയോ ജന്മസിദ്ധമായ ചോദനകളോടെ മനസ്സിലാക്കുന്ന കാട്ടാനകൾ ചെവി അടി നിർത്തി നിശബ്ദമാകുമ്പോൾ അവരുടെ സാമീപ്യം നമുക്ക് തിരിച്ചറിയാൻ കഴിയില്ല എന്നതാണ് രഘുവിനെ തിയറി. കിലോമീറ്ററുകളോളം ഉൾവനത്തിൽ ആണ് ഞങ്ങൾ. വഴിയിലുടനീളം ആനപ്പിണ്ടത്തിൽ സാന്നിധ്യം. ഉടനെ തന്നെ ഞങ്ങളുടെ പാതയിൽ ഒരു കരിവീരൻ വരുമോ എന്ന ഉൾഭയം എല്ലാവരിലും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള രഘുവിൻെറ ഉത്കണ്ഠ അയാളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ എനിക്ക് പറ്റുമായിരുന്നു .

കാട്ടുപൂവിന്റെ മനോഹാരിത

പടുകൂറ്റൻ മരങ്ങൾ ,നൂറ്റാണ്ടുകൾ പഴക്കമുള്ളത് . കാലഘട്ടം ഏതായിരിക്കും ? ഒരുപക്ഷെ മാർത്താണ്ഡ വർമയേക്കാൾ പ്രായം ഉള്ള വൃക്ഷങ്ങൾ (1758 AD ) . ശ്രീജിത്ത് പറഞ്ഞപ്പോൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ഒരു യാത്ര പോലെ , പടുകൂറ്റൻ മരങ്ങളെ സ്പർശിക്കുപ്പോൾ ഏതോ ഒരു ജന്മാന്തര ബന്ധത്തിന്റെ കണ്ണികൾ ആകും പോലെ . കൂട്ടത്തിൽ ഒരു കുന്തിരിക്ക വൃക്ഷത്തിനുചുറ്റും ഞങ്ങൾ ഒട്ടേറെനേരം ചിലവഴിച്ചു . എങ്ങനെ ആണ് കുന്തിരിക്കം , ഇഞ്ച തുടങ്ങിയ വന വിഭവങ്ങൾ ശേഖരിക്കുന്നത് എന്ന് മണിയൻ ഞങ്ങൾക്ക് പറഞ്ഞുതന്നു.

 

കല്ലാറിൽ അല്പം വിശ്രമം

അഞ്ചു കിലോമീറ്ററോളം കഴിഞ്ഞപ്പോൾ ഞങ്ങളുടെ യാത്ര കല്ലാറിലെ കരയിലൂടെ ആയി. പിന്നെ ആറ്റിലിറങ്ങി ശരീരവും മനസ്സും തണുപ്പിച്ച് ഒരു ചെറു വിശ്രമം . വംശനാശഭീഷണി നേരിടുന്ന അപൂർവയിനം മത്സ്യങ്ങളുടെ കലവറയാണ് കല്ലാർ എന്ന് ശ്രീജിത്ത് പറഞ്ഞു. കെഎസ്ഇബി യിലും വാട്ടർ അതോറിറ്റിയിലും ജോലി ഉപേക്ഷിച്ച് കാടിനോടുള്ള സ്നേഹം മൂലം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജോലിക്കു ചേർന്ന ശ്രീജിത്തിനോട് അതിയായ ബഹുമാനം തോന്നി. കഴിഞ്ഞ പ്രളയത്തിൻെറ അവശേഷിപ്പായി രണ്ടാൾ പൊക്കത്തിൽ ആറ്റുതീരത്തെ മരക്കൊമ്പുകളിൽ പ്ലാസ്റ്റിക് മാലിന്യം നൊമ്പര കാഴ്ചയായി. ഒരു കിലോമീറ്ററോളം ഞങ്ങളുടെ യാത്ര ആറ്റിലൂടെ ആയിരുന്നു. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കല്ലാറിൽ നിറയെ കല്ലുകൾ ആണ്. ആറ്റിലൂടെ ഉള്ള നടത്തം വേഗത കുറച്ചപ്പോൾ പിന്നെ എല്ലാവരും നടത്തം കാട്ടുപാതയിലൂടെ ആക്കി. പിന്നീടുള്ള സമയം ശരീരത്തിൽ നിന്ന് രക്തം കുടിക്കുന്ന അട്ടയായിരുന്നു താരം. മിക്കവരുടെയും കാലുകളിൽ രക്തം കുടിച്ചു വീർത്ത അട്ടകൾ. കയ്യിൽ കരുതിയിരുന്ന ഉപ്പ് പ്രയോജനപ്പെട്ടു .

ഉച്ചയോടടുത്ത സമയം അടവിയിൽ എത്തിച്ചേരുമ്പോൾ ഞള്ളൂരിൽ തുടങ്ങി ഉടുമ്പന്നൂര് കല്ലാറ് മുണ്ടുകമുഴി വഴി ഏകദേശം 8 കിലോമീറ്റർ ഞങ്ങൾ പിന്നിട്ടിരുന്നു. യാത്ര അവസാനിക്കുമ്പോൾ എല്ലാവരുടെയും മുഖത്ത് ക്ഷീണത്തെകാൾ ഉപരി കാടിൻെറ നിശബ്ദതയിലും സൗന്ദര്യത്തിലും ആവാഹിച്ച ഊർജ്ജവും സന്തോഷവും നിറഞ്ഞുനിന്നിരുന്നു.

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

 

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.

 

 

പെരിയാർ ഞങ്ങൾ കടുങ്ങല്ലൂർകാർക്ക് എന്നും ഒരു കളിക്കൂട്ടുകാരൻ ആയിരുന്നു. കുട്ടിക്കാലം മുതൽ എല്ലാ വീട്ടിലും കേൾക്കുന്ന ഒരു പല്ലവിയുണ്ട് . ‘അമ്മേ ഞങ്ങൾ പുഴേപ്പോണൂ’ എന്നത് . അത്രയും സുരക്ഷിതമായ ഒരു കളിസ്ഥലമായിരുന്നു ശാന്തമായി ഒഴുകിയിരുന്ന പെരിയാർ .

2018 ആഗസ്ത് 14 .സ്വാതന്ത്ര ദിനത്തലേന്ന് രാത്രിയാണ് പുഴയിൽ വെള്ളം കയറുന്നു എന്ന ‘ സന്തോഷകരമായ ‘ വാർത്ത ഞങ്ങൾ അറിയുന്നത് . റോഡുകളിൽ, ഇടവഴികളിൽ മുട്ടോളം വെള്ളവുമായി വന്ന് പുഴ ഞങ്ങളെ വീട്ടിൽ വന്നു കണ്ട് തിരിച്ചുപോകുന്നത് ഒരു സ്ഥിരം പരിപാടി ആയത്കൊണ്ട് എല്ലാവരും സാധാരണ മട്ടിൽ ഒരുങ്ങിയിരുന്നു . പക്ഷേ , ഇത്തവണ കാര്യങ്ങൾ പന്തിയല്ലെന്ന് 15 – )൦ തീയതി പകലോടെ മനസ്സിലായി തുടങ്ങി . 99 ലെ വെള്ളപ്പൊക്കത്തിലെ വീരകഥകളും ദയനീയ സ്ഥിതിയും പുതുക്കി എഴുതുന്ന പ്രളയമാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങൾ ഓരോരുത്തരും ഭീതിയോടെ തിരിച്ചറിഞ്ഞു തുടങ്ങി . അപ്പോഴേക്കും പ്രദേശത്തെ വൈദ്യുതിബന്ധം വിശ്ചേദിക്കപ്പെട്ടിരുന്നു .

ഒരു നില മാത്രം ഉള്ള എന്റ്റെ വീടിനുള്ളിൽ വെള്ളം ഇരച്ചു കയറിയതോടെ ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ ഞങ്ങൾ ആറ൦ഗസംഘം തൊട്ടടുത്ത് ഇരുനിലയുള്ള തറവാട്ട് വീട്ടിലേക്ക് മാറി . അടുത്തുള്ള സ്വന്തക്കാരുടെ വീടുകളിലെ ഒരു ചെറുസംഘം കൂടി അങ്ങോട്ടെത്തി . 99 ലെ വെള്ളപ്പൊക്കത്തിൽ നടവരെ മാത്രം വെള്ളം കയറിയിരുന്ന ആ വീടിന്റെ രണ്ടാം നിലയിൽ ഇനിയെന്തുചെയ്യും എന്ന് കരുതി ഞങ്ങൾ കൂടിയിരുന്നു , സ്ത്രീകളും കുട്ടികളും അടക്കം 13 പേർ . എന്റ്റെ ചെറിയ മകൾ മുതൽ 82 വയസ്സുള്ള അച്ഛനും ഉൾപ്പെട്ട സംഘത്തിൽ യുവാക്കളായി ഞാനും ജേഷ്ഠനും മാത്രമാണുള്ളത് .

ഒരു എണ്ണവിളക്കിന്റെ വെളിച്ചത്തിൽ രാത്രി എല്ലാവരും വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പുഴ പല പുതിയ കൈവഴികളായി വീടിന്റെ നാലുവശവും പരക്കുകയായിരുന്നു .മതിലുകൾ ഓരോന്നായി ഇടിഞ്ഞു വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം ഭീതിയോടെ ഞങ്ങൾ കേട്ടു . മൂന്നാം ദിവസം കുടിക്കാൻ ശേഖരിച്ചുവെച്ച മഴവെള്ളവും തീർന്നതോടെ എല്ലാവരുടെയും മുഖത്തും ഭീതിയുടെ നിഴലുകളായി . രണ്ടു പറമ്പുകൾക്കപ്പുറമായിരുന്ന പുഴ ഇതാ വീടിനു മുന്നിലൂടെ അനേകം ചുഴികളായി ഒഴുകുന്നത് നടുക്കത്തോടെ നോക്കി നിന്നു . രക്ഷാപ്രവർത്തകരുടെ വള്ളങ്ങൾ ദൂരെ റോഡിനെ മൂടിയ വെള്ളത്തിലൂടെ കണ്ട് കടും നിറത്തിലുള്ള ഉടുപ്പുകൾ ഉയർത്തി വീശി ഞങ്ങൾ കൂവി വിളിച്ചു .

പുഴയുടെ വളരെ അടുത്ത് ആയതിനാൽ വലിയ കുത്തൊഴുക്കോടെയാണ് വീടിനു മുന്നിലൂടെ കരയിലേക്കുവന്ന് പെരിയാർ രൗദ്ര ഭാവം പൂണ്ടത് . കുത്തൊഴുക്ക് കാരണം ഞങ്ങളുടെ വഴിയിലേക്ക് വള്ളം അടുപ്പിക്കാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രെമം വിഫ ലമാകുന്നതും നോക്കി നിന്നു നെടുവീർപ്പിട്ടു .അടുത്ത വീടുകളിൽ നിന്ന് ഭക്ഷണവും വെള്ളവും തീർന്ന നില വിളികൾ ഞങ്ങൾ പുരപ്പുറത്തിരുന്നു കണ്ടും കെട്ടും അറിഞ്ഞു .എല്ലാവരും തീർത്തും നിസ്സഹായരായിരുന്നു, ദിവസങ്ങൾക്ക് ശേഷം പ്രദേശത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകരും ഹെലികോപ്റ്ററുകളും വള്ളങ്ങളും എത്തിത്തുടങ്ങി .

മത്സ്യത്തൊഴിലാളികളും തീരദേശപോലീസും ഉൾപ്പെടെയുള്ളവർ രക്ഷകരായെത്തി . ഇതിനിടെ എഞ്ചിൻ ഘടിപ്പിച്ച ഫൈബർ വള്ളങ്ങൾ ഒഴുക്കിൽപ്പെട്ട് മതിലിൽ ഇടിച്ചു തകർന്നു . വഞ്ചിക്കാരുടെയും ഹെലികോപ്ടറിന്റെയും ശ്രെദ്ധ കിട്ടാനായി ഞങ്ങൾ കൂടുതൽ സമയവും ടെറസിനു മുകളിൽ ആയിരുന്നു . ഞങ്ങളെക്കാൾ പുഴയോട് അടുത്തുള്ള ഉളിയന്നൂർ, ഏലൂക്കര ഭാഗങ്ങളിലെ വീടുകളിൽ ഹെലികോപ്റ്റർ മരങ്ങൾക്കിടയിലൂടെ അപകടകരമായ വിധത്തിൽ താഴ്നിറങ്ങി ഭക്ഷണപ്പൊതികൾ ഇട്ടുകൊടുക്കുന്നതും എയർ ലിഫ്റ്റ് ചെയ്യുന്നതും കണ്ടിരുന്നു .
നാലാം ദിവസം മത്സ്യത്തൊഴിലാളികളുടെ ഒരു വള്ളം ഞങ്ങളെ രക്ഷിക്കാനുള്ള ശ്രെമങ്ങൾ തുടങ്ങി . വള്ളം വീട്ടിലേക്ക് എത്തിക്കാനാവില്ലെന്നു ഉറപ്പായതോടെ വള്ളം റോഡിൽ കെട്ടിയിട്ട് ഒരു വലിയ വടം വീട്ടിലേക്ക് നീട്ടിക്കെട്ടി .വലിയ റബ്ബർ ട്യൂബിൽ ഓരോരുത്തരെ ഇരുത്തി അവർ വടത്തിൽ പിടിച്ച് നീന്തി വള്ളത്തിലെത്തിച്ചു . നാം പേരറിയാത്ത ഒരുപാട് പേരോട് ജീവിതം കൊണ്ട് കടപ്പെട്ടിരിക്കുന്നു എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത് . ഈ ഒഴുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രം സാധ്യമായ വഴക്കത്തോടെ ഓരോ വളവുകളും തിരിവുകളും പിന്നിട്ട് അവർ ഞങ്ങളെ ആലുവയിൽ എത്തിച്ചു .മൊബൈൽ ഫോൺ ചാർജ് ചെയ്തതോടെയാണ് ഞങ്ങളുടെ പരിസരങ്ങളിൽ ഇനിയും കൂടുതൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന വിവരം അരിഞ്ഞത് . കടുങ്ങല്ലൂരിലെ ‘എസ് ‘ വളവ് എന്ന് വിളിപ്പേരുള്ള വളവിലൂടെ വള്ളം കൊണ്ടുപോകാൻ പറ്റുന്നില്ലെന്നു അറിഞ്ഞതോടെ അവിടെയുള്ളവരുടെ കാര്യം ഓർത്ത് കൂടുതൽ ഭീതിയിലായി .പലരെയും പിറ്റേദിവസം ഹെലികോപ്റ്ററുകളിലും നാവികസേനയുടെ ബോട്ടുകളിലും രക്ഷപ്പെടുത്തിയതായി പിറ്റേന്ന് അറിഞ്ഞു .

വെള്ളം സാവധാനം ഇറങ്ങിത്തുടങ്ങിയപ്പോൾ ഞാനും ജേഷ്ഠനും കടുങ്ങല്ലൂരിലേക്ക് മുട്ടോളം വെള്ളത്തിൽ നീന്തിയെത്തി .അപ്പോഴുള്ള കാഴ്ചയായിരുന്നു മനസ്സിന് കൂടുതൽ നടുക്കം തന്നത് . ആകാശത്തിലൂടെ ചില പക്ഷികൾ പറന്നു പോകുന്നത് ഒഴിച്ചാൽ ജീവനുള്ള ഒരാളെയോ ജീവിയെയോ അടുത്തെങ്ങും കാണാനില്ല . ഭയാനകമായ ഒരു നിശബ്ദത ആയിരുന്നു ചുറ്റിനും .ഭയം എന്ന വികാരം എന്താണെന്നു തിരിച്ചറിഞ്ഞ നിമിഷം . അകലെ കേട്ടറിവ് പോലും ഇല്ലാത്ത സ്ഥലത്തു സൃഷ്ടിച്ചെടുക്കുന്ന സയൻസ് ഫിക്ഷൻ കഥകളിൽ മാത്രം വായിച്ചതും , ‘അണു ബോംബിങ്ങിനു ശേഷം ‘ എന്ന അടിക്കുറിപ്പോടെ വന്ന ചിത്രങ്ങളിൽ മാത്രം കണ്ടതുമായ , മനസ്സിനെ നോവിപ്പിക്കുന്ന ആ വിജനതയുടെ രംഗം ഇതാ സ്വന്തം കണ്മുന്നിൽ .


പ്രളയം മുഴുവനായി മുക്കിക്കളഞ്ഞ് സർവ്വതും നാശമാക്കപ്പെട്ട എന്റെ വീടിനു ചുറ്റും കുഴഞ്ഞു മറിഞ്ഞ ചെളിയിൽ നടന്ന് ഞാൻ തറവാട് വീടിന്റെ ടെറസിനു മുകളിൽ കയറി. ചുറ്റും നോക്കി . എല്ലാ വീടുകളും അതുപോലെ തന്നെ നില്കുന്നു .ആരും അകത്തോ പുറത്തോ ഇല്ലെന്നു മാത്രം . മിക്ക വീടുകളിലും അകത്തും പുറത്തുമായി ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് .മൊബൈലിൽ വന്ന സന്ദേശങ്ങൾ ഓരോന്നായി വായിച്ചു .

ആദ്യത്തെ അമ്പരപ്പിനും നിസ്സംഗതക്കും ശേഷം ഒന്നാലോചിച്ചപ്പോൾ മനസ്സിൽ ഒരുപാടുകാര്യങ്ങൾ ഇരച്ചുവന്നു . വില കൊടുത്തു വാങ്ങാവുന്ന സാധനങ്ങളേ പ്രളയത്തിൽ നഷ്ടമായിട്ടുള്ളൂ . വിലമതിക്കാനാകാത്ത കുടുംബം കൂട്ടുകാർ നാട്ടുകാർ എല്ലാം സുരക്ഷിതർ .നന്ദി എന്ന വാക്ക് ഒരാത്മഗതം പോലെ മനസ്സിൽ നിറഞ്ഞു തുളുമ്പി . അച്ഛൻ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിലേക്ക് എത്താൻ റബ്ബർ ട്യൂബിൽ കയറാൻ നേരം അഴിച്ചിട്ട വെള്ളമുണ്ട് അടുത്ത് കിടപ്പുണ്ട്.  അതെടുത്തു കീറി THANKS എന്ന് ടെറസിനു മുകളിൽ എഴുതി . ആരോടെന്നില്ലാതെ ആയിരങ്ങളുടെ മനസ്സിൽ നിറഞ്ഞ നന്ദിയോടെ ഉള്ള പ്രാർത്ഥന എന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതായിരിക്കണം. ആ പ്രാർത്ഥനകളെയാണ്‌ നമ്മൾ ദൈവം എന്നു വിളിക്കുന്നതെങ്കിൽ അത് ദൈവത്തിനും കൂടിയുള്ള നന്ദിയായിരുന്നു .

ആ അക്ഷരങ്ങളിൽ നമ്മുടെ മത്സ്യതൊഴിലാളികൾക്കും നാവിക സേനക്കും പോലീസുകാർക്കും പിന്നെ പേരും പദവിയും അറിയാത്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഉള്ള നന്ദിയുണ്ട് .
നല്ല നാളെകളിലേക്ക് നോക്കിയിരിക്കാൻ ആ നന്ദിയുടെ പ്രകാശം നമ്മൾ മലയാളിയുടെ ചുറ്റും കൂടുതൽ തിളങ്ങിനിൽക്കട്ടെ …..

ധനപാൽ : ആലുവ കടുങ്ങല്ലൂരിൽ താമസം. എറണാകുളത്ത് ഐ.  ടി   കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ്‌ . ഭാര്യ ദീപ ചേർത്തല എൻ .എസ് .എസ് കോളേജിൽ അദ്ധ്യാപിക  . 2 മക്കൾ, മൂത്ത മകൻ അർജുൻ 8 – ) o ക്ലാസ്സിൽ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ കാക്കനാടിൽ പഠിക്കുന്നു , ഇളയ മകൾ ഐശ്വര്യ   3 വയസ്സ്   .

ധനപാൽ THANKS എന്ന് ടെറസിനു മുകളിൽ എഴുതിയത് നേവി ഫോട്ടോയെടുത്തു ഒഫീഷ്യൽ വെബ്സൈറ്റിറ്റിൽ നൽകിയിരുന്നത് ബിബിസി ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ മാധ്യമങ്ങൾ വളെരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെതിരുന്നു

 

 

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.

RECENT POSTS
Copyright © . All rights reserved