ഷിജോ ഇലഞ്ഞിക്കൽ
അവർ പ്രണയിച്ചുതുടങ്ങിയിട്ട് അന്നേക്ക് ഇരുപത്തിയഞ്ചുവര്ഷം പൂർത്തിയാകുകയായിരിന്നു …
മെഴുകുതിരിവെളിച്ചത്തിൽ അത്താഴ0 കഴിച്ചു, പതിവിലുംകൂടുതൽനേരം വർത്തനമാനം പറഞ്ഞു …
രാവേറെയായ് …ഇനിയുറങ്ങാം: അവൾ പറഞ്ഞു.
അവൻ്റെ നെഞ്ചോടുചേർന്ന്അവൾക്കിടന്നു …
ചേട്ടന്റ്റെഹൃദയമിടിപ്പിന് എന്തോരുശബ്ദമാണ്, എനിക്കിതുകേട്ടിട്ട് ഉറങ്ങാൻപറ്റുന്നില്ല: അവൾ പരിഭവം പറഞ്ഞു.
ഒരൊറ്റദീർഘശ്വാസത്തിൽ അവൻ ഹൃദയമിടിപ്പ്നിറുത്തി; കാരണം അവൻ അവളെ അത്രമേൽ സ്നേഹിച്ചിരുന്നു …
അവൾ സുഖമായി ഉറങ്ങി …
അവനും !!!
ഷിജോ തോമസ് ഇലഞ്ഞിക്കൽ
ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ്
Email: [email protected]
Mobile: 07466520634
ജോൺ കുറിഞ്ഞിരപ്പള്ളി
കാറിൽ വന്ന ആ സ്ത്രീ ആരാണെങ്കിലും എനിക്ക് എന്താ?അതായിരുന്നു എന്റെ ചിന്ത.പക്ഷേ ഇന്റർവ്യൂ ചെയ്യുന്ന സ്ഥലത്തെങ്ങാനും അവർ എന്നെ കണ്ടാൽ നാ ണക്കേടാകും എന്ന് ഒരു ചിന്ത മനസ്സിനെ അലട്ടാതിരുന്നുമില്ല
ഞാൻ റിസപ്ഷനിൽ റിപ്പോർട്ട് ചെയ്തു.ജോൺ സെബാസ്റ്റ്യൻ ഗേറ്റിൽ ഞാൻ തിരിച്ചുവരുന്നതുവരെ കാത്തു നിൽക്കാം എന്നും തീരുമാനിച്ചു.
ഞാൻ വിചാരിച്ചതിലും വലിയ ഒരു സ്ഥാപനമായിരുന്നു NGEF.റിസപ്ഷനിൽ ഏതാണ്ട് ഇരുപതോളം പേർ ഇന്റർവ്യൂ ന് എത്തിയിട്ടുണ്ട്.എല്ലാവരുടെയും മുഖത്ത് പരിഭ്രമവും ഭയവും തെളിഞ്ഞു കാണാം.എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ ഇന്റർവ്യൂ ആണ്.കിട്ടിയാൽ കിട്ടി,പോയാൽ പോട്ടെ എന്ന ഒരു ആറ്റിട്യൂട് ആയിരുന്നു മനസ്സിൽ.
നാട്ടിലെ ക്ലബും ചീട്ടുകളിയും മറ്റുമായിരുന്നു എനിക്ക് ഈ ജോലിയെക്കാൾ പ്രധാനം.
ഒരു ക്ലാർക്ക് വന്ന് എല്ലാവരുടെയും CV വാങ്ങി അകത്തേക്ക് പോയി.
കുറച്ചുകഴിഞ്ഞു ഓരോരുത്തരെയായി ഇന്റർവ്യൂ ന് വിളിച്ചു തുടങ്ങി.
എനിക്ക് മനസ്സിൽ ഭയം ഇല്ലാതില്ല.ഞങ്ങളെ കാറിൽ കയറ്റി ഇവിടെ എത്തിച്ച ആ സ്ത്രീ ഞാൻ ഇവിടെ ഇരിക്കുമ്പോൾ കയറി വന്നാൽ ആകെ നാണക്കേടാകും.അഥവാ അവർ കയറി വന്നാൽ എന്തുചെയ്യണം ?അവരിൽ നിന്നും രക്ഷപ്പെടുന്നത് പ്ലാൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ക്ലർക്ക് വന്ന് എന്റെ പേരുവിളിച്ചു.
“മാത്യു എം.എ.”
രക്ഷപെട്ടു.ഇനി അവരെ പേടിക്കണ്ട .തമ്മിൽ കണ്ടാൽ എന്തെങ്കിലും തരികിട കാണിച്ചു രക്ഷപെടാം.
ഞാൻ വാതിൽ തുറന്ന് അകത്തുകയറി.
അഞ്ചുപേരടങ്ങുന്ന ഒരു ഗ്രൂപ് ആയിരുന്നു ഇന്റർവ്യൂ ബോർഡ് .നടുഭാഗത്തെ സീറ്റിൽ ഒരു സ്ത്രീ ഇരിക്കുന്നു.ഞാനൊന്നേ നോക്കിയുള്ളൂ.അത് അവരായിരുന്നു, ഞങ്ങളെ കാറിൽ കയറ്റി കൊണ്ടുവന്ന ആ യുവതി.
അവർ യാതൊരു പരിചയവും കാണിച്ചില്ല.പുരുഷന്മാരിൽ ഒരാൾ ഇരിക്കാൻ പറഞ്ഞു.ഞാൻ കസേരയുടെ ഒരറ്റത്തിരുന്നു.
അവർ എന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഒന്നും മനസ്സിലാകുന്നില്ല.ഒരാൾ എന്റെ ബയോ ഡാറ്റ നോക്കിയിട്ട് മദ്ധ്യത്തിൽ ഇരിക്കുന്ന സ്ത്രീയുടെ കയ്യിലേക്ക് കൊടുത്തു.ആരൊക്കെയോ എന്തൊക്കെയോ ചോദ്യങ്ങൾ ചോദിച്ചു.എന്തൊക്കെയോ ഉത്തരങ്ങൾ പറഞ്ഞു.
എങ്ങിനെയെങ്കിലും ഇത് അവസാനിപ്പിച്ചിട്ട് രക്ഷപ്പെട്ടാൽ മതിയെന്നായി.ഇനി ബോർഡ് ചെയർമാന്റെ ഊഴമാണ്.അവർ മലയാളി അല്ലാത്തത്.ഭാഗ്യമായി.ഞങ്ങൾ മലയാളത്തിൽ അവരെക്കുറിച്ചു തമ്മിൽ പറഞ്ഞ വളിച്ച കോമഡി ഏതായലും അവർക്ക് മനസിലായിട്ടില്ല.
പിന്നെ ഒരു ലിഫ്റ്റ് കിട്ടാൻ ഒരു ചീപ് കളി കളിച്ചു.
സാരമില്ല.
ഞാൻ സ്വയം സമാധാനിച്ചു.
അല്ലെങ്കിൽ ഞാൻ എന്തിന് പേടിക്കണം?ഇത് കൊലപാതക കേസ് ഒന്നുമല്ലല്ലോ.
കൂടിവന്നാൽ ഈ ജോലി കിട്ടില്ല. അത്ര തന്നെ.
എന്റെ ബയോ ഡാറ്റയിൽ നിന്ന് മുഖമുയർത്തി അവർ ഒരുചോദ്യം.
“മാത്യു ,പാലാക്കാരൻ ആണ് അല്ലെ”?
ഈശ്വര ഇവർ മലയാളി ആണോ ?വായിലെ ഉമിനീർ വറ്റിപോയി.”കൂട്ടുകാരൻ എവിടെ,?നിങ്ങളുടെ അസിസ്റ്റന്റ്?”
ഒന്നും പറയാതെ ഞാൻ സീറ്റിൽ നിന്നും എഴുനേറ്റു.ഇനി ഇവിടെ ഇരുന്നിട്ട് പ്രയോജനമില്ല.
അവർ പറഞ്ഞു.”ഇരിക്കൂ”
ഞാൻ അറിയാതെ ഇരുന്നുപോയി.അപ്പോൾ ഞാൻ തീരുമാനിച്ചു,ഇവരെ അങ്ങിനെ ജയിക്കാൻ അനുവദിക്കരുത്.
“അല്ല.കാഞ്ഞിരപ്പള്ളിയാണ്”ഞാൻ വെറുതെ തട്ടിവിട്ടു.
“അവിടെ?”
“കൊട്ടാരത്തിൽ ജോസഫ് എന്ന് കേട്ടിട്ടുണ്ടോ?”അറിയുന്ന ഏറ്റവും വലിയ പണക്കാരന്റെ പേര് വെറുതെ പറഞ്ഞതാണ്.
“കേട്ടിട്ടുണ്ട് ,എന്നുമാത്രമല്ല അടുത്തറിയും എൻ്റെ പപ്പയാണ്”അവർ തുടർന്നു.
“പപ്പാ വലിയ തമാശക്കാരനാണ്.”
ഞാൻ ശരിക്കും വിയർത്തുപോയി.അവരെ പറ്റിക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും ധനികനായി അറിയപ്പെടുന്ന ആളിന്റെ പേര് പറഞ്ഞതാണ്.
“എൻ്റെ പപ്പയുടെ ഓരോ താമാശുകൾ..അതുപോകട്ടെ ,അപ്പോൾ എന്റെ ജോലിയുടെ കാര്യം എങ്ങിനെ?”
ഇത്രയുമായപ്പോൾ ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു
“പേരെന്താ?”
“നിങ്ങളുടെ തരികിട കളി കണ്ടപ്പോഴേ എനിക്ക് മനസ്സിലായി നിങ്ങൾ മലയാളികളാണെന്ന്”അവർ പറഞ്ഞു.അടുത്ത ചോദ്യത്തിൽ ശരിയ്ക്കും ഞാൻ ചമ്മി.
.”നിങ്ങളുടെ സ്റ്റീയറിങ് കൂട്ടുകാരന്റെ കയ്യിലാണോ?”
“അത് വെറുതെ.വഴി അറിഞ്ഞുകൂടാത്തതുകൊണ്ട് ലോഡ്ജിൽ നിന്നും കൂട്ടികൊണ്ടു വന്നതാണ് അയാളെ..”
അവർ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.ബോർഡിൽ ഉള്ളവർ ഞങ്ങൾ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നതുകൊണ്ടായിരിക്കണം.
ഇന്റർവ്യൂ കഴിഞ്ഞുപുറത്തിറങ്ങിയപ്പോൾ കാഞ്ഞിരപ്പള്ളിയിലുള്ള എൻ്റെ അടുത്ത ഒരു സുഹൃത്ത് ,ജെയിംസിനെ ഓർമ്മ വന്നു.ഏതായാലും അവനെ ഒന്ന് വിളിച്ചു നോക്കാം.
സംസാരമദ്ധ്യേ അവനോട് കാര്യം പറഞ്ഞു,”എടാ നീ കൊട്ടാരത്തിൽ ജോസഫ് ചേട്ടനെ അറിയുമോ?”
“അറിയും.ഞങ്ങളുടെ അടുത്ത ബന്ധു ആണ്”.
“പുള്ളിക്കാരന്റെ മകളെ ഇന്ന് പരിചയപ്പെട്ടു”
“മകളെ?”
“അതെ.ബാംഗ്ലൂരിൽ വച്ച്”
“അതിന് അങ്കിളിന് മകളില്ലല്ലോ”
“നീ എന്താ പറഞ്ഞത്?.മകൾ ഇല്ലന്നോ?”
“അങ്കിളിന് പെണ്മക്കളില്ല.രണ്ട് ആണ്കുട്ടികളേയുള്ളു.”
അപ്പോൾ ഞാൻ വെറും മത്തായി .
ശശി വീണ്ടും ശശി ആയി എന്ന് പറയുന്നതുപോലെ മത്തായി വീണ്ടും വെറും മത്തായി.
എന്നാൽ പോസ്റ്റിൽ അടുത്ത ദിവസം വന്ന ലെറ്റർ തുറന്നു നോക്കിയപ്പോൾ ഞാൻ വീണ്ടും ഞെട്ടിപ്പോയി.
N.G.E.F.ൽ HR ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് ആയി ജോലിക്കുള്ള ഓഫർ ലെറ്റർ ആയിരുന്നു അത്.
(തുടരും)
ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ” നോവൽ അദ്ധ്യായം -2
ജോൺ കുറിഞ്ഞിരപ്പള്ളി
കാരൂർ സോമൻ
ആമുഖം
ഉത്തരേന്ത്യയില്‍ ജോലി നോക്കിയിരിന്ന കാലത്ത് സാമൂഹിക സേവന രംഗത്ത് പൂര്‍ണമായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ധാരാളം കന്യാസ്ത്രീകളുണ്ട്. ദൈവത്തിനുവേണ്ടി മാത്രമല്ല സമൂഹത്തിനായും പ്രവര്‍ത്തിച്ച്, താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിലൂടെ കൃതാര്‍ത്ഥരാകുന്നു കന്യാസ്ത്രീകള്‍. ഇവരോടൊപ്പം സഞ്ചരിച്ച് പ്രവര്‍ത്തിക്കുവാന്‍ എനിക്കും പഞ്ചാബില്‍ വെച്ച് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിലൂടെ അവരുടെ നിസ്വാര്‍ത്ഥസേവനങ്ങള്‍ കണ്ടറിഞ്ഞതുമുതല്‍ ഒരു നോവല്‍ എഴുതണമെന്ന ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു. ഇന്ത്യ വിട്ട് വിദേശവാസം ചെയ്യുമ്പോഴാണ് ഒരു മലയാളി കന്യാസ്ത്രീ ബ്രിട്ടനില്‍ ലൈഗീക തൊഴിലാളികള്‍ക്ക് താങ്ങും തണലുമാകുന്ന ഒരു വാര്‍ത്ത കണ്ടത്. അത് ഒരു നോവലിലേക്ക്് എന്നെ നയിച്ചു.
കാര്‍മേല്‍ എന്ന കന്യാസ്ത്രീ കേരളത്തിലെ അനാഥാലയത്തില്‍ വളര്‍ന്ന് റോമിലെത്തി വൈദ്യശാസ്ത്രം പഠിച്ചു ലോകത്ത് പല ഭാഗങ്ങളിലായി അവര്‍ കണ്ടെത്തിയ ലൈഗീക തൊഴിലാളികള്‍ക്ക് സ്‌നേഹവും കരുണയും പകര്‍ന്നു നല്‍കി ആരോഗ്യകരമായ ഒരു ജീവിതത്തിലേക്ക്, യഥാര്‍ത്ഥ ജീവിത സൗന്ദര്യങ്ങളിലേക്ക് വഴിനടത്തുന്ന കാര്‍മേലിന്റ ധന്യജീവിതമാണ് പ്രമേയം.
അത്മീയതയും ഭൗതികതയും തമ്മിലുള്ള സഘര്‍ഷങ്ങളിലൂടെയായാണ് യാത്ര. ഗണിതശാസ്ത്രത്തില്‍ കാലത്തിനൊപ്പം വീണുപോകാത്ത ചില കണക്കുകള്‍ എപ്പോഴും ബാക്കിയുണ്ടാകുമെല്ലോ? ജനിതക വൈകൃതങ്ങള്‍ മറയ്ക്കാതെ തന്നെ ആദര്‍ശത്തിന്റ ഏണിപ്പടിയിലൂടെ ഉയരങ്ങളില്‍ അവരെ പ്രതിഷ്ഠിക്കാനാണ് എന്റെ എളിയ ശ്രമം.
നിത്യമായി നടന്നു പോകുന്ന,അല്ലെങ്കില്‍ സംഭവിക്കുന്ന,അതുമല്ലെങ്കില്‍ ഒരിക്കലും സംഭവിക്കരുതെന്ന് നന്മ മനസ്സുകള്‍ കൊതിക്കുന്ന സംഭവങ്ങളും കഥാപാത്രങ്ങളും സവിനയം സമര്‍പ്പിക്കുന്നു. സ്വീകരിച്ചാലും.
സ്‌നേഹപൂര്‍വം,
കാരൂര്‍സോമന്‍
അദ്ധ്യായം – ഒന്ന്
കനലെരിയും വഴിത്താരകള്‍
സാഗരം
ജനസാഗരം
അതൊരു വലിയ സാഗരം പോലെ തോന്നിച്ചു.
പല നിറത്തിലുള്ള മനുഷ്യര്‍ പലഭാഗങ്ങളില്‍ നിന്ന് തിരകളായി തിരയടിക്കുന്ന ഒരു മഹാ സമുദ്രം. ഒന്നിച്ച് യാത്രചെയ്തവരെങ്കിലും പലതീരങ്ങളില്‍ അണയേണ്ടവരെന്നപോലെ പരസ്പരം ശ്രദ്ധിക്കാതെ തിരക്കിട്ട് കടന്നുപോകുന്നു. പേരില്ലാത്തവരുടെ കാലാള്‍പ്പട. പല രാജ്യങ്ങളില്‍ നിന്നു മണിക്കൂറുകളോളം സഞ്ചരിച്ചെത്തിയവര്‍. കറുത്തവര്‍, വെളുത്തവര്‍, ഇരുനിറക്കാര്‍, ആകര്‍ഷകമായി അരമുറി വസ്ത്രം ധരിച്ച സുന്ദരിമാര്‍, അവരുടെ ചുവന്നചുണ്ടുകള്‍ക്കും മിഴികള്‍ക്കും വിടരുന്ന പൂക്കളുടെ മനോഹാരിതയാണ്. അതില്‍ ചിലര്‍ തനത് നാടിന്റെ പ്രാദേശിക സുചകമായി ഉടയാടയണിഞ്ഞവരുണ്ട്. ഒരോ നിമിഷവും ആ സാഗരം പല മടങ്ങായി പലയിടത്തും വലുതായികൊണ്ടിരിന്നു.
ലണ്ടനിലെ പ്രമുഖ ഹിത്രു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതുമുതല്‍ ജാക്കി ഏതോ സ്വപനലോകത്തിലകപ്പെട്ടതുപോലെയായിരുന്നു. ജാക്കിയെന്ന് വിളിപേരുള്ള ഹരിഹരന്‍. താന്‍ തന്നെ സ്വയം മറന്നുപോയ തന്റെ സ്വന്തം പേര് – ഹരിഹരന്‍-ങ്ഹാ! അതൊരു രസാവഹമായ കഥയാണ്.
ഹിത്രു വിമാനത്താവളമെന്ന മായാലോകം. എവിടെ നോക്കണം എങ്ങനെ നോക്കണമെന്നറിയാതെ ജാക്കി മിഴിച്ചുനിന്നു. പച്ചപ്പുകള്‍ കരിഞ്ഞുണങ്ങാത്ത നാട്ടില്‍ നിന്നുമെത്തിയവന്‍. മിനിറ്റുകള്‍ക്കിടയില്‍ എത്രയെത്ര അതിമനോഹരങ്ങളായ തിളക്കമാര്‍ന്ന വിമാനങ്ങളാണ് ചിറക് വിടര്‍ത്തി പറന്നെത്തുന്നതും പറന്നുയുരുന്നതും. അവിടെയും സമുദ്രം അലയടിക്കുന്ന ശബ്ദം. ഓരോരോ രാജ്യങ്ങളുടെ കീര്‍ത്തിമുദ്രകളായി നീണ്ടുകിടക്കുന്ന വിമാനങ്ങളെ കൗതുകത്തോടെ നോക്കികൊണ്ട് ജാക്കി എമിഗ്രേഷനിലേക്ക് നടന്നു. അപ്പോഴും മനസ്സില്‍ നിറയെ നിരനിരയായി കിടക്കുന്ന വിമാനങ്ങളായിരുന്നു. ദുബൈ എയര്‍പോര്‍ട്ടിലും ഇത്രമാത്രം വിമാനങ്ങള്‍ കണ്ടില്ല. മുന്നിലൂടെ പ്രണയസമുദ്രത്തിലിളകി മറിഞ്ഞുകൊണ്ട് ഒരു യുവതിയും യുവാവും നടക്കുന്നു. മനസ്സില്‍ നിറയെ പരിഭ്രമമാണ്. ആവശ്യമായ പേപ്പറുകളെല്ലാം കൈവശമുണ്ട്. എങ്കിലും ഇനിയും എന്തൊക്കെ ചോദ്യങ്ങളായിരിക്കുമവര്‍ ചോദിക്കുകയെന്നറിയില്ല. പഠിക്കാന്‍ വന്ന ഒരു വിദ്യാര്‍ത്ഥിയോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുമോ? ഞാനിവിടെ വന്നത് പഠിക്കാനാണ്, മതവികാരവും മതതീവ്രതയും വളര്‍ത്താനല്ല. എമിഗ്രേഷനിലും തിരമാല വരുന്നതുപോലെ ജനമെത്തുന്നു. ബ്രിട്ടീഷ് – യൂറോപ്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അധികനേരം നില്‍ക്കേണ്ടി വരുന്നില്ല. അവര്‍ക്കെല്ലാം വ്യത്യസ്ഥവാതിലുകളാണ്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ളവര്‍ക്കു അഞ്ചു പ്രത്യേക ഗ്ലാസ് മുറികളില്‍ മെഷിനുകളുണ്ട്. ആ മെഷിനുകളാണ് എമിഗ്രേഷന്‍ ജോലി ചെയ്യുന്നത്. പാസ്‌പോര്‍ട്ടിലെ പ്രധാന പേജ് മെഷീനില്‍ അമര്‍ത്തുമ്പോള്‍ മുന്നിലെ സ്ക്രീനില്‍ മുഖം തെളിയുന്നു. പുറത്തേക്ക് പോകാന്‍ വാതില്‍ തുറക്കുന്നു. അതിന്റെ ഒരു ഭാഗത്ത് ഒരു കറുത്ത സ്ത്രീ സഹായത്തിനായി നില്പുണ്ട്. ക്യാമറകണ്ണുകള്‍ ഓരോരുത്തരുടെയും ചലനങ്ങള്‍ ഒപ്പിയെടുക്കുന്നു. ചില ഭാഗങ്ങളില്‍ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. ബ്രിട്ടിഷുകാരന്‍ ഒരു മിനിറ്റുകൊണ്ട് പുറത്തേക്ക് പോകുമ്പോള്‍ മറ്റു രാജ്യക്കാര്‍ ഒരു മണിക്കൂറിലധികം നില്‌ക്കേണ്ടി വരുന്നു. ബ്രിട്ടീഷ് – അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടുള്ളവര്‍ക്ക് ധാരാളം രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാമെന്നാണ് വിമാനത്തില്‍ എന്റെയടുത്തിരുന്ന സായിപ്പ് പറഞ്ഞത്. മനുഷ്യര്‍ ജാതി പിശാചിന്റെ ക്രൂരതയില്‍ ദുരിതമനുഭവിക്കുന്നത് ഓര്‍മ്മയിലെത്തി. അതുപോലെ ദരിദ്രരാജ്യങ്ങള്‍ അവര്‍ണ്ണവരും സമ്പന്ന രാജ്യങ്ങള്‍ സവര്‍ണ്ണവരുമാണോ? യേശുകൃസ്തു, ഗുരുദേവന്റെ വാക്കുകള്‍ ഓര്‍ത്തു. “” നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക” “” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”. മനുഷ്യ മനസ്സിന്റെ ജീര്‍ണ്ണതകളെ തുടച്ചുമാറ്റാന്‍ ഇതിനപ്പുറം ആഴവും അഴകുമുള്ള ആത്മാനന്ദം നല്കുന്ന കര്‍മ്മങ്ങളുണ്ടോ.? ബ്രിട്ടീഷ് അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടുപോലെ എല്ലാ രാജ്യക്കാര്‍ക്കും എല്ലായിടത്തും സഞ്ചരിക്കാന്‍ തുല്യ നീതി, സ്വാതന്ത്ര്യം ലഭിച്ചാലേ യേശുവിന്റെ സ്‌നേഹം, ഗുരുദേവന്റെ ഒരു ജാതി, രാമന്റെ നന്മയുമൊക്കെ ആഘോഷിക്കാന്‍ സാധിക്കും. ഇല്ലെങ്കില്‍ കാലത്തിന്റ, ജാതിയുടെ അന്തേവാസികളായി തടവുമുറികളില്‍ പാര്‍ക്കേണ്ടിവരുമെന്ന് ജാക്കിക്ക് തോന്നി.
എമിഗ്രേഷന്‍ കഴിഞ്ഞ് മറ്റുള്ളവര്‍ക്കൊപ്പം പെട്ടിയെടുക്കാന്‍ താഴേക്ക് കണ്‍വെയര്‍ ബെല്‍റ്റിലൂടെ പോയി. അപ്പോള്‍ ഒന്നു മനസ്സിലായി. വെള്ളപ്പൊക്കം വന്നാലും ഈ ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കും. പെട്ടികളുടെ വരവും കാത്ത് യാത്രികര്‍ നില്ക്കുന്നു. എല്ലായിടത്തും വിമാനത്തിന്റെ നമ്പരും മറ്റും വെളിപ്പെടുത്തുന്നു. ദുബൈയില്‍ നിന്നുള്ള വിമാനത്തിന്റെ നമ്പര്‍ നോക്കി ആ ഭാഗത്തേക്ക് നടന്നു. അല്പസമയത്തിനുള്ളില്‍ പെട്ടിയെടുത്ത് പുറത്തേക്ക് നടക്കുന്നതിനിടയില്‍ എയര്‍പോര്‍ട്ടിനുള്ളിലെ കടകള്‍ നോക്കിനിന്നു. എന്തും വാങ്ങിപുറത്തേക്ക് കൊണ്ടുപോകാം. വ്യത്യസ്ഥങ്ങളായ ധാരാളം കടകള്‍. ഒരു പുസ്തക കടയില്‍ ഏറ്റവും വലിയ തിരക്ക് കണ്ടു. നൂറ്റാണ്ടുകളായി വായിച്ചു വായിച്ചു വളരുന്നവരാണ് ബ്രിട്ടീഷുകാര്‍. ആ സാഹിത്യം അവര്‍ ലോകമെങ്ങും എത്തിക്കുകയും ചെയ്തു. അവരുടെ സംസ്കൃതിയില്‍ പുസ്തവായനക്ക് പ്രധാന പങ്കാണുള്ളത്. ആറു നീന്തിയവനെ ആഴമറിയു എന്നതുപോലെ അറിവുള്ളവനെ ജീവിത പുരോഗതിയുണ്ടാകു.
യാത്രക്കാരെ സ്വീകരിക്കാനായി കാത്തു നില്ക്കുന്നവരിലേക്ക് ജാക്കി മെല്ലെ നടന്നു നീങ്ങി. സഞ്ചാരികളെ സ്വീകരിക്കാനായി പേരെഴുതിയ കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നവരെ കണ്ടു. പലരുടെയും കൈകളില്‍ പൂക്കൂടകളുമുണ്ട്. അവിടെ എല്ലാ രാജ്യക്കാരേയും കണ്ടു. പെട്ടന്നുപിറകില്‍ നിന്നൊരു വിളികേട്ടു. “” ജാക്കി ” പെട്ടന്നവന്‍ തിരിഞ്ഞുനോക്കി. ജാക്കിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു. അവന്‍ വിനയപൂര്‍വ്വം ചോദിച്ചു. “” ഡാനിയല്‍ സാറല്ലേ” ഡാനിയല്‍ എന്ന ഡാനി “” അതെ ഞാന്‍ തന്നെ ” സ്ഫുടതയുള്ള മലയാളത്തില്‍ മന്ദഹാസത്തോടുള്ള മറുപടി. ജാക്കി ആദരവോടെ ഡാനിയല്‍ സാറിന്റെ ഇരു കരങ്ങളും കവര്‍ന്നു.
കണ്ണട ധരിച്ച മദ്ധ്യവയസ്ക്കന്‍. കണ്ടാല്‍ ബഹുമാനം തോന്നിപ്പോകുന്ന പ്രസന്ന മുഖഭാവം. ജാക്കിയുടെ തോളില്‍ തട്ടിപറഞ്ഞു. “” വരൂ……പോകാം……..” അവര്‍ മുന്നോട്ട് നടന്ന് ലിഫ്റ്റില്‍ കയറി കാര്‍പാര്‍ക്കിലെത്തി. കാറ് മൂന്നോ നാലോ വളവുകള്‍ താണ്ടി താഴെ വരുമ്പോഴാണ് മനസ്സിലായത് കാര്‍പാര്‍ക്ക് വളരെ ഉയരത്തിലാണന്ന്. ജാക്കിയുടെ യാത്ര, കുടുംബം, കേരളത്തില്‍ ഈ നൂറ്റാണ്ടിലുണ്ടായ പ്രളയവും പേമാരിയും എല്ലാറ്റിനെപ്പറ്റിയും ചോദിച്ചുകൊണ്ടിരിന്നു. അതില്‍ വേദനാജനകമായി പറഞ്ഞത് വെള്ളപ്പൊക്കത്തിലും മണ്ണിടിഞ്ഞുവീണും ധാരാളം ജനങ്ങള്‍ മരിച്ചതാണ്. ചാരുംമൂട്ടിലും താമരക്കുളത്തും ജലപ്രളയമില്ലായിരുന്നു. ജാക്കിയും കൂട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ചെങ്ങന്നൂരില്‍ പോയിരുന്നു. അതിന് ഡാനി അഭിനന്ദനമറിയിച്ചു. ദുരന്തവേളകളില്‍ യൗവ്വനക്കാര്‍ ഇറങ്ങണം. ഒരു മഹാജലപ്രളയം വേണ്ടിവന്നു ജാതിയും മതവും രാഷ്ട്രിയവും മറന്ന് മലയാളി ഒന്നാകാന്‍. ഇപ്പോള്‍ ജന്മനാടിനെയോര്‍ത്തു വിദേശ മലയാളികള്‍ക്ക് സന്തോഷമുണ്ടു, വെറുതെ ദൈവത്തിന്റ നാട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അവിടെ കാണുന്ന അനീതി, അക്രമം തുടങ്ങിയ അശുദ്ധി ഇപ്പോള്‍ വെള്ളത്താല്‍ ശുദ്ധി ചെയ്്‌തെടുത്തിരിക്കുന്നു. ഈ മഹാദുരന്തത്തിന് ജാക്കിയുടെ കണക്കുകൂട്ടല്‍ ഇങ്ങനെയാണ്. “” മനുഷ്യര്‍ പ്രകൃതിയോട് കാട്ടുന്ന ക്രൂരത, സമ്പത്തിലും അഹങ്കാരത്തിലും നീന്തിത്തുടിച്ചവരെ നദി തന്നെ നിലയല്ലാക്കയങ്ങളില്‍ മുക്കി.” ഡാനിയും അതിനെപ്പറ്റിയാണ് ചിന്തിച്ചത്. പ്രകൃതി ഇത്രമാത്രം സംഹാരഭാവത്തോടെ എന്തിനുവന്നു? പ്രകൃതിരമണീയമായ അതീവഭംഗിയുള്ള പച്ചിലകളാല്‍ സമൃദ്ധമായ ഈ ചേതോഹരദേശത്തെ സംഹരിച്ചത് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ദൈവത്തിന്റെ സ്വന്തം നാട് എത്രവേഗത്തിലാണ് പിശാച് ശൂന്യമാക്കിയത്. സ്വന്തം പ്രാണനെ രക്ഷിപ്പാന്‍ കഴിയാതെ നിലവിളിച്ചവരുടെ പ്രാണഭീതി കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കെ ജാക്കിയോട് പറഞ്ഞു.
“”ഇത് കലികാലമാണ.് ബാബേല്‍ രാജാവായിരുന്ന നെബുഖദ് നേസര്‍ രാജാവിന്റെ കാലത്ത് യിസ്രായേലിലെ യിരെമ്യാവു പ്രവാചകന്‍ ഫെലിസ്ത്യയിലെ ജനതയോട് യഹോവയിങ്കല്‍ നിന്നുണ്ടായ അരുളപ്പാട് പറയുന്നു. വടക്കു നിന്നും വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദി ദേശത്തിന്‍മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്‍മേലും അതില്‍ പാര്‍ക്കുന്നവരില്‍മേലും കവിഞ്ഞൊഴുകും. അപ്പോള്‍ മനുഷ്യര്‍ നിലവിളിക്കും. ദേശനിവാസികളൊക്കയും അലമുറയിടും. ദൈവത്തിന്റെ ദാസനായ യാക്കോബിനോട് പറയുന്നു. യാക്കോബേ നീ ഭയപ്പെടേണ്ട. യിസ്രായേലേ നീ ഭയക്കേണ്ട. നിന്റെ സന്തതിയെ ഞാന്‍ രക്ഷിക്കും. ഞാന്‍ നിന്നോടു കൂടെയുണ്ട് ”. മലയാളികള്‍ ഫെലിസ്ത്യയിലെ ജനങ്ങളെപോലെ ദൈവ ഭയമില്ലാത്തവരും ധിക്കാരികളുമായോ?. ദൈവത്തിന്റ സ്വന്തം നാട്ടില്‍ യാക്കോബേ എന്ന വിളി കേള്‍ക്കാന്‍ എത്രപേരുണ്ടായിരുന്നു? ഇന്ത്യയില്‍ ധാരാളം ദൈവങ്ങളുള്ള നാടായിട്ടും ഈ പ്രളയത്തില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്താന്‍ ഒരു പ്രവാചകനെയും കണ്ടില്ല. ജാതി-മത-അധികാരശക്തികള്‍ സുഖലോലുപരായി ജീവിക്കുന്ന നാടുകളിലാണ് ദുഃഖ-ദുരിതങ്ങള്‍ കുടുതലും പേമാരിയായി പെയ്തിറങ്ങുന്നത്. ആദ്യം ഒരു ദുരന്തം വരാതിരിക്കാനാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. രണ്ടാമത് ഒരു ദുരന്തം വന്നാല്‍ അതിനെ എങ്ങനെ നേരിടാമെന്നത് അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ കണ്ടുപഠിക്കണം. ഇവിടെ ഒരു വീട് വെക്കുന്നതുപോലും പ്രകൃതിക്ക് ഇണങ്ങും വിധമാണ്. അധികാരികള്‍ക്ക് കിട്ടുന്ന കൈക്കൂലിയുടെ കനത്തില്‍ ഓരോരുത്തരുടെ ഇഷ്ടത്തിന് വീടുവെക്കാന്‍ അനുവദിക്കില്ല. നമുക്കുണ്ടായ ഈ അനുഭവങ്ങള്‍ കേരളത്തെ ഒരു നവകേരളമാക്കി മാറ്റുമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. ഈ ദുരന്തത്തില്‍ കണ്ട കരുതലും കൂട്ടായ്മയും തുടര്‍ന്നുമുണ്ടായാല്‍ കേരളം ലോകത്തിനു തന്നെ മാതൃകയാകും അല്ലേ ജാക്കി?” അവനും അത് ശരിവെച്ചു.
“” ഈശ്വരന് ഒരു ദേശത്തേയോ നഗരത്തെയോ നശിപ്പിക്കാന്‍ അധികസമയം വേണ്ട. ഈശ്വരന്റെ പ്രതികാര ദിവസങ്ങളാണ് കണ്ടത്. എന്നാലും മലയാളി പഠിക്കില്ല സാറെ”
യാതൊരു പൊങ്ങച്ചങ്ങളും ജാടകളുമില്ലാത്ത ആത്മീയ സ്വഭാവമുള്ള ഒരു സാധാരണ മനുഷ്യനെ ജാക്കി ഡാനിസാറില്‍ കണ്ടുപിടിച്ചു. യാത്രയില്‍ ജാക്കി സുന്ദരമായ വഴിയോര കാഴ്ചകളില്‍ മയങ്ങിയിരുന്നു. അടുത്തുകൂടി ഒരു പോലീസ് വാഹനം സൈറണ്‍ മുഴക്കി പാഞ്ഞുപോയി. രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ഈ മഹാനഗരം ഇത്രമാത്രം ആകര്‍ഷകമെന്ന് കരുതിയില്ല. ആകാശനീലിമയില്‍ നിന്ന് മണ്ണില്‍ പരന്നൊഴുകുന്നത് ചന്ദ്രകിരണങ്ങളോ സൂര്യകിരണങ്ങളോ എന്നതറിയില്ല. എങ്ങും ഒരു നിലാവിന്റെ പ്രതീതി പരന്നു കിടക്കുന്നു.
എയര്‍പോര്‍ട്ടില്‍നിന്നു ഒന്നരമണിക്കൂര്‍ യാത്ര ചെയ്‌തെത്തിയത് പുഞ്ചിരിതൂകി നില്ക്കുന്ന പൂക്കളുടെ ഉദ്യാനത്തിലാണ്. ചുറ്റിലും പച്ചപ്പുകള്‍ നിറഞ്ഞ മരങ്ങളുടെയിടയില്‍ രണ്ടും മൂന്നും നിലകളുള്ള ഏതാനം കെട്ടിടങ്ങള്‍, ഒരു ഭാഗത്ത് പച്ചക്കറിതോട്ടം. മറ്റൊരു ഭാഗത്ത് ഓറഞ്ച,് ആപ്പിള്‍, പിയേര്‍സും വിവിധ നിറങ്ങളില്‍ കണ്ടു. പ്രകൃതി സൗന്ദര്യം തുളുമ്പി നില്ക്കുന്ന കാഴ്ചകള്‍. ശ്രദ്ധാപൂര്‍വ്വം നോക്കി നടത്തുന്ന കായ്കറി വിള നിലങ്ങളാണ്. അവിടേക്ക് ഏതാനം സ്ത്രീകള്‍ നടന്നുനീങ്ങുന്നു.
മനോഹരമായ ഒരു വലിയ കെട്ടിടത്തിന് മുന്നില്‍ കാര്‍ നിന്നു. ജാക്കി കാറില്‍ നിന്നിറങ്ങി ഉത്സാഹത്തോടെ ചുറ്റും നോക്കി. എങ്ങും കൗതുകകാഴ്ചകള്‍ മാത്രം. എല്ലാ കെട്ടിടങ്ങളുടെയും മുന്‍ഭാഗം സുന്ദരവും കണ്ണുകള്‍ക്ക് ആനന്ദം പകരുന്നതുമാണ്. ജനാലകള്‍ ഗ്ലസ്സുകള്‍ പതിച്ചവയാണ്. കാര്‍ പാര്‍ക്കില്‍ ഏതാനം കാറുകള്‍ കിടക്കുന്നു. മറ്റൊരു ഇരുനില കെട്ടിടത്തിന്റെ ജനാലയിലൂടെ ഏതാനും സ്ത്രീകള്‍ താഴെയെത്തിയ ഞങ്ങളെ ശ്രദ്ധയോടെ നോക്കുന്നു. അടുത്തുള്ള ജനാലയിലൂടെ നോക്കുന്നവരുടെ കണ്ണുകളില്‍ എന്തോ ഒരു അപാകത. പറഞ്ഞു കേട്ടതു ഇവിടെയെല്ലാം വേശ്യകളെന്നാണ്. അവരുടെ അംഗചലനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. കണ്ണുകളിലും ചുണ്ടുകളിലും ഒരു പുരുഷനെ ചുംബിക്കാനും മാറോടണക്കാനുമുള്ള വെമ്പലുണ്ട്.
ഡാനി സാര്‍ കെട്ടിടത്തിന്റെ മുന്‍ വാതിലിലെ കോളിങ്ങ് ബെല്‍ അമര്‍ത്തി. പതിമൂന്ന് മണിക്കൂറിലധികം യാത്ര ചെയ്തുവന്ന ക്ഷീണം ജാക്കിയുടെ മുഖത്ത് കണ്ടില്ല. പ്രസന്നഭാവമാണ്.
മുന്നിലെ ഗ്ലാസിട്ട കതകിന് പിന്നില്‍ ഒരു നിഴല്‍ കണ്ടു. ആദ്യം കരുതിയത് സിസ്റ്റര്‍ കാര്‍മേല്‍ ആയിരിക്കുമെന്നാണ്. പക്ഷെ കതക് തുറന്നത് മദാലസയായ ഒരു മദാമ്മയാണ്. വടിവൊത്ത ശരീരപ്രകൃതി. കൈകളിലും സ്തനങ്ങളുടെ മുകളിലും ഏതോ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. പ്രായം മുപ്പതോ മുപ്പത്തിയഞ്ചോ തോന്നും. കഴുത്തില്‍ രുദ്രാക്ഷമാല പോലുള്ള ഒരു മാല തൂക്കിയിട്ടിരിക്കുന്നു. കാതുകളില്‍ കമ്മലുകളില്ല. പുരികങ്ങളുമെഴുതിയിട്ടില്ല. തലമുടി ചെമ്പിച്ചതാണ്. ശരീര സൗന്ദര്യം ആകര്‍ഷകമാണ്. ആംഗ്യ ഭാഷ കാട്ടിയപ്പോഴാണ് സംസാരിക്കാന്‍ കഴിവില്ലാത്തവള്‍ എന്നറിഞ്ഞത്. ഓമനത്തമുള്ള ആ മുഖത്ത് കടുത്ത നിരാശ. അവളുടെ ജീവിതം ആരെങ്കിലും ചവുട്ടിമെതിച്ചതാണോ?
ഞങ്ങളെ മനസ്സിലാക്കിയതുപോലെ അകത്തേക്ക് ക്ഷണിച്ചു. മുറിക്കുള്ളിലെത്തിയപ്പോള്‍ അവിടുള്ള കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാട്ടി. ഞങ്ങള്‍ ഇരുന്നു. മുറിക്കുള്ളില്‍ യേശുകൃസ്തുവിന്റെ ക്രൂശിത രൂപം. മെര്‍ളിന്‍ പുറത്തേക്ക് നടന്നു. ജാക്കിയോട് ഡാനി മെര്‍ളിനെപറ്റി വിവരിച്ചു. സിസ്റ്റര്‍ കാര്‍മേലിന്റെ സെക്രട്ടറിയാണ്. ഇവിടുത്തെ എല്ലാ ഓഫീസ് കാര്യങ്ങളും ചെയ്യുന്നത് ഇവരാണ്. “”മെര്‍ളിന്‍ പോയത് നമ്മള്‍ വന്നകാര്യം സിസ്റ്ററെ അറിയിക്കാനാണ്.” ഡാനിയേല്‍ സാര്‍ പറഞ്ഞു. ജാക്കി ടിപോയില്‍ കിടന്ന ഇംഗ്ലീഷ് പത്രങ്ങള്‍ മറിച്ചുനോക്കിയിരുന്നു.
ഡാനി മൊബൈല്‍ ജാക്കിക്ക് കൊടുത്തിട്ട് പറഞ്ഞു “” ഇവിടെ എത്തിയ വിവരം വീട്ടിലുള്ളവരെ അറിയിക്ക് ” ജാക്കി ഭവ്യതയോടെ ഫോണ്‍ വാങ്ങി നാട്ടിലേക്ക് വിളിച്ചു. അച്ഛനോടും അമ്മയോടും സംസാരിച്ചു. ഫോണ്‍ മടക്കി കൊടുത്ത സമയം അവരുടെ മുന്നിലേക്ക് നിറപുഞ്ചിരിയുമായി മാലാഖയെപ്പോലെ ഒരു കന്യാസ്ത്രീ കടന്നു വന്നു. ആ തിളങ്ങുന്ന കണ്ണുകള്‍ ഒരു ദീപംപോലെ ജാക്കിക്ക് തോന്നി. ആ നെഞ്ചത്ത് തൂങ്ങികിടന്ന കുരുശ് സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. നിലാവിന്റെ ഭംഗിയുള്ള വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. അവര്‍ എഴുന്നേറ്റ് നിന്ന് വണങ്ങി. അവരോട് ഇരിക്കാന്‍ ആംഗ്യംകാട്ടി കന്യാസ്ത്രീയും ഇരുന്നു. ജാക്കിയെ മന്ദഹാസത്തോടെ നോക്കി.
“” ങ്ഹാ ! ജാക്കി എത്തിയല്ലോ. ഞാന്‍ സിസ്റ്റര്‍ കാര്‍മേല്‍. യാത്ര സുഖമായിരുന്നോ? ”
“” സുഖമായിരുന്നു ” ജാക്കി മറുപടി പറഞ്ഞു.
ഒരമ്മയുടെ മുന്നിലിരിക്കുന്ന പ്രതീതിയാണ് ജാക്കിക്ക് അനുഭവപ്പെട്ടത്. ദിവ്യതേജസുള്ള ആ മുഖത്തേക്ക് അവന്‍ ഉറ്റുനോക്കിയിരുന്നു. പ്രായമുണ്ടെങ്കിലും ആ കണ്ണുകള്‍ക്ക് എന്ത് തിളക്കമാണ്. ആ നോട്ടം ആരുടെ ഹൃദയത്തിലും ശാന്തി പകരുന്നതാണ്. ആ കണ്ണുകള്‍, ചുണ്ടുകള്‍ എന്തിനൊക്കയോ ആശ്വാസം പകരുന്നതായി തോന്നുന്നു. കുളിര്‍മ്മയുള്ള മനസ്സുമായി ജാക്കി ഇരുന്നു. പക്ഷെ സിസ്റ്റര്‍ കാര്‍മേലിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമുണ്ടായില്ല. നിറഞ്ഞ ചെറു മന്ദഹാസത്തോടെയുള്ള അതേ ഭാവം. ആ മന്ദഹാസത്തിന് ഒരു കടലിന്റെ ആഴവും പരപ്പുമുണ്ടായിരുന്നു. കടുത്ത മൂടല്‍ മഞ്ഞില്‍ കിടന്നാലും അവിടെമാകെ പ്രകാശപൂരിതമാകും. ധ്യാനവും മൗനവും കൂട്ടിയിഴക്കപ്പെട്ട നിമിഷങ്ങള്‍. മരുഭൂമിയിലും മഞ്ഞുമലകളിലുമിരുന്ന് മറ്റുള്ളവരുടെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്ന മണ്ണിലെ ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രങ്ങള്‍.
“” എന്റെ അതിഥിയായി ജാക്കിക്ക് ഏതാനം ആഴ്ചകള്‍ ഇവിടെ കഴിയാം. അതിനിടയില്‍ ഒരു ചെറിയ ജോലി, താമസസൗകര്യം കണ്ടെത്താന്‍ ഡാനിസാറിന്റെ സഹായം വേണം ”
“” തീര്‍ച്ചയായും ശ്രമിക്കാം- ജാക്കി നമ്മുടെ കുട്ടിയല്ലേ ? എന്നാല്‍ ഞാനിറങ്ങട്ടെ സിസ്റ്റര്‍ ”
അവര്‍ എഴുന്നേറ്റു. ജാക്കി ഡാനിസാറിന്റെ ഇരു കരങ്ങളും ചേര്‍ത്തു പിടിച്ചു പറഞ്ഞു.
“” വളരെ നന്ദിയുണ്ട് സാര്‍….. വളരെ നന്ദി ”
ഡാനി യാത്ര പറഞ്ഞു പിരിഞ്ഞു. അപ്പോള്‍ മെര്‍ളിന്‍ ഒരു ഫയലുമായി അവിടേക്കുവന്നു. അ ഫയല്‍ മേശപ്പുറത്ത് വെച്ചിട്ട് അവളുടെ കസേരയിലിരുന്നു.
“” ങ്ഹാ ” ജാക്കി ഇതാണ് മെര്‍ളിന്‍. ഇവിടുള്ളവരുടെ ഏക സഹായിയാണ്. ഇവള്‍ക്കൊപ്പം പഠിച്ചവര്‍ പലരും ജോലി ചെയ്യുന്നുണ്ട്. സ്വന്തം കുടുംബത്തിലെ രണ്ടാനച്ഛനില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ രക്ഷപ്പെട്ടെത്തിയത് ഇവിടെയാണ്. രണ്ടാനച്ഛന്‍ ഇപ്പോള്‍ ജയിലിലാണ്. സ്ത്രീപീഡകര്‍ക്ക് കഠിന ശിക്ഷയാണ് ഈ രാജ്യത്തുള്ളത്. ഈ സ്ഥാപനത്തിന്റെ പേര് അറിയാമോ? ലേഡീസ് കെയര്‍ ഹോം. ഇവിടെ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല. അറിയാമല്ലോ?
“” അറിയാം സിസ്റ്റര്‍” ജാക്കി ഭവ്യതയോടെ പറഞ്ഞു.
“” ഇതൊരു ചാരിറ്റി സ്ഥാപനമാണ്. അറിഞ്ഞും അറിയാതെയും കടുത്ത സാഹചര്യത്തില്‍പ്പെട്ടും വഴിതെറ്റിപോകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ ആരോഗ്യജീവിത സംരക്ഷണത്തിനായി അഭയം നല്കുന്ന സ്ഥാപനമാണ്. തെറ്റുകളും പാപങ്ങളും മാത്രം തലച്ചോറില്‍ ഉടക്കിനിര്‍ത്തിയവരെ തിരുത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാലും മാനസികവും ശാരീരികവുമായി അവരെ ഒപ്പം നിറുത്താനും ചികിത്സ, പഠനം, തൊഴില്‍, പ്രാര്‍ത്ഥന മുതലായ കാര്യങ്ങളില്‍ മുന്നോട്ട് നയിക്കുന്നു. ഇവിടെ നിന്ന് പഠിച്ച് തൊഴില്‍ കിട്ടിയ പലരും കുടുംബജീവിതം നയിക്കുന്നുണ്ട്. ഞാനൊരു ഡോക്ടറായും ശുശ്രൂഷകയായും ഇവിടെ സേവനം ചെയ്യുന്നു. ഇതാണ് ഈ സ്ഥാപനത്തെപ്പറ്റി ചുരുക്കത്തില്‍ പറയാനുള്ളത്.”
സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞതിന്റെ സാമൂഹ്യശാസ്ത്രം മനസ്സിലാക്കി ഉദ്വോഗത്തോടെ ജാക്കി പറഞ്ഞു. “” തീര്‍ച്ചയായും പാവപ്പെട്ട സ്ത്രീകള്‍ക്ക് സിസ്റ്റര്‍ ഒരു രക്ഷകയാണ്.” ചെറു പുഞ്ചിരിയോടെ സിസ്റ്റര്‍ പറഞ്ഞു.
“” രക്ഷകരായാല്‍ മാത്രം പോര. ആ രക്ഷയിലേക്ക് കടന്നുവരണം. കേരളത്തിലുണ്ടായ ജല പ്രളയത്തില്‍ എല്ലാവരും രക്ഷകരായി മുന്നോട്ട് വന്നത് ഞാനിവിടെയിരുന്ന് സന്തോഷത്തോടെയാണ് കണ്ടത്. എനിക്ക് ശമ്പളമില്ല എന്നാലും ഒരു ദിവസം ഉപവാസമെടുത്ത് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്റെ ജനത്തെ ഈ മഹാ പ്രളയത്തില്‍ നിന്ന് രക്ഷിക്കണമെന്ന്. ”
ജാക്കിയും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയതും മറ്റും വിവരിച്ചു “” എല്ലാം ദൈവഹിതമാണ്. ജാക്കിയെ ഇവിടെയെത്തിച്ചതും ദൈവഹിതം. മോന്റെ കാര്യം എന്നോട് പറഞ്ഞത് ഇറ്റലിയില്‍ മെഡിസിന് എന്നോടൊപ്പം പഠിച്ച ഫാദര്‍ മൈക്കിളാണ്. മറ്റാരും ഇവിടെ സഹായത്തിനില്ലെന്നറിഞ്ഞപ്പോള്‍ രണ്ടാഴ്ച ഇവിടെ ഷെല്‍ട്ടര്‍ കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. ഇവിടെ ഗസ്റ്റായി വരുന്നത് സന്യാസജീവിതം നയിക്കുന്നവരാണ്. ജാക്കി മെര്‍ളിനൊപ്പം പോയി എന്തെങ്കിലും കഴിച്ചിട്ട് ഒന്നു കുളിച്ച് ഫ്രഷാകുക. എനിക്കൊരു ക്ലാസിന് പോകണം. നമുക്ക് പിന്നീട് കാണാം. ഓകെ”
സിസ്റ്റര്‍ കാര്‍മേല്‍ കമ്പ്യൂട്ടറില്‍ എന്തോ റ്റൈപ്പ് ചെയ്തുകൊണ്ടിരിക്കുന്ന മെര്‍ളിനോട് ആംഗ്യഭാഷയില്‍ ജാക്കിയുടെ കാര്യം പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.
സമൂഹത്തില്‍ വഴിതെറ്റി സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കായി ജീവിതം മാറ്റിവെച്ച, ഒരു മാലാഖയുടെ മനസ്സുള്ള അമ്മയുടെ മുന്നിലിരിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ജനിച്ചുവളര്‍ന്ന മണ്ണില്‍ ഒരപകടമുണ്ടായപ്പോള്‍ ജന്മം നല്കിയ മണ്ണിനെയോര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന അമ്മ. അതുവെറും പ്രര്‍ത്ഥനയല്ല. ഉപവാസ പ്രാര്‍ത്ഥന. എത്ര സന്യാസി വേഷക്കാര്‍ക്ക് ഇതുപോലെ ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.? ഇതിനൊക്കെ നന്ദി പറയേണ്ടത് ഷാരോണിനോടാണ്. അവളുടെ അമ്മാവന്‍ ഫാദര്‍ മൈക്കിള്‍ ഇറ്റലിയില്‍ ഉള്ളതുകൊണ്ടാണല്ലോ ഇങ്ങനെ ഒരവസരം ലഭിച്ചത്. ആള്‍ ദൈവങ്ങളുടെ അനുഗ്രഹങ്ങള്‍ തേടി ഒരു കൂട്ടര്‍ അലയുമ്പോള്‍ ജാക്കിയുടെ ശിരസ്സ് അഭിമാനം കൊണ്ടുയരുകയാണ്. ഈശ്വരന്റെ ചൈതന്യം തുടിച്ചുനില്‍ക്കുന്ന ഒരു മലയാളി കന്യാസ്ത്രീ, പാപത്തിന്റെ താഴ്‌വാരങ്ങളില്‍ വഴുതിവീണവരെ വിദേശ രാജ്യങ്ങളില്‍ രക്ഷപ്പെടുത്തുന്നു. മറ്റുള്ളവര്‍ക്കായി സ്വയം ഉരുകിയുരുകിതീരുന്ന മെഴുകുതിരികള്‍!
മെര്‍ളിന്‍ അടുത്തുവരുമ്പോഴാണ് ജാക്കിയുടെ ചിന്തകളകന്നത്. അവള്‍ ആംഗ്യംകാട്ടി വിളിച്ചുകൊണ്ട് കാന്റീനിലേക്ക് നടന്നു. അവിടുത്തെ വലിയൊരു ഹാളില്‍ കുറേപേര്‍ ഭക്ഷണം കഴിക്കുന്നു. അവിടെ നടക്കുന്ന ചില സ്ത്രീകള്‍ അര്‍ദ്ധനഗ്നരെക്കാള്‍ നഗ്നരെന്ന് പറയുന്നതാകും നല്ലത്. പാപ ജീവിതം മാത്രം പങ്കിട്ടെടുത്ത വാസവദത്തമാര്‍ക്ക് ഏതു വസ്ത്രം ധരിച്ചാലെന്താണ്? ആ മതിമോഹിനിമാര്‍ ജാക്കിയെ തറപ്പിച്ചുനോക്കി. ഇതിനുള്ളില്‍ ആദ്യമായിട്ടായിരിക്കും ഇവര്‍ ഒരു പുരുഷനെ കാണുന്നത്. മനസ്സ് അസ്വസ്ഥമായി. കാമാര്‍ത്തിയുള്ള അവരുടെ നോട്ടത്തിലും ഭാവത്തിലും മുഖം ചുളിഞ്ഞു. സ്വന്തം ശരീരഭാഗങ്ങള്‍ പുറം ലോകത്തിന് നല്‍കി സമ്പത്തുണ്ടാക്കിയവര്‍, പൂമണം പരത്തുന്ന പട്ടുമെത്തയില്‍ ഒരുങ്ങികിടന്ന് ദീര്‍ഘശ്വാസം വലിച്ചവര്‍. ദീര്‍ഘായുസ്സിനായി പാപകര്‍മ്മങ്ങളില്‍ നിന്നും മാറി വിശുദ്ധ ജീവിതം നയിക്കാനെത്തിയവര്‍. അപ്പോള്‍ ആ കാമ നോട്ടത്തിന് എന്ത് പ്രസക്തിയാണുള്ളത് ?. സ്വന്തം ജീവിതത്തിന്റെ പച്ചപ്പുകള്‍, സൗന്ദര്യം ആത്മഹനനത്തിലൂടെ ഉണക്കിയെടുത്ത് മരുഭൂമി തീര്‍ത്തവരുടെ കണ്ണുകളില്‍ ഇന്ന് കാണുന്നത് ഒരു മരുപച്ചയാണ്. ആ എത്തിനോട്ടം തീവ്രവേദനയുടെ കുണ്ടും കുഴിയും നിറഞ്ഞ നോട്ടമായി കണ്ടാല്‍ മതി.
മെര്‍ളിന്‍ നടന്നെത്തിയത് ഒരു മുറിക്കുള്ളിലാണ്. മനസ്സില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ അപ്പോഴാണ് മാറിയത്. മുറിക്കുള്ളിലിരുന്നു. അങ്ങുമിങ്ങും നില്ക്കുന്ന അര്‍ദ്ധനഗ്നരായ സ്ത്രീകളെ കാണാം. മെര്‍ളിന്‍ ഇരിക്കാന്‍ ആംഗ്യം കാട്ടിയിട്ട് അടുക്കള ഭാഗത്തേക്ക് പോയി. മുറിയാകെ കണ്ണോടിച്ചു. വേശ്യകളുടെ തീന്‍മേശകള്‍ അവരുടെ പാപങ്ങളെ കഴുകുംവിധം പരിശുദ്ധി നിറഞ്ഞതാണ്. ഓരോ നിമിഷവും തന്നിലെ ജിജ്ഞാസ വര്‍ദ്ധിക്കുകയാണ്. എല്ലാം പുതുമനിറഞ്ഞ കാഴ്ചകള്‍.
അല്‍പനേരം കഴിഞ്ഞ് ഒരു വെളുത്ത ട്രേയില്‍ ആഹാരവുമായി മെര്‍ളിനെത്തി. കഴിക്കൂ എന്നാംഗ്യം കാട്ടിയിട്ട് അവള്‍ പുറത്തേക്ക് പോയി. ജാക്കി ഭക്ഷണത്തിലേക്ക് നിമിഷങ്ങള്‍ നോക്കിയിരുന്നു. ങേ! ഇതെന്ത് ഭക്ഷണം ! അതില്‍ കുത്തികഴിക്കാനുള്ള മുള്ളുപകരണവുമുണ്ട്. സ്വന്തം വീട്ടില്‍ കിട്ടുന്ന ഭക്ഷണം വേണമെന്ന് വാശിപിടിക്കാനാവില്ലല്ലോ. അതില്‍ പച്ചിലകളും പുഴുങ്ങിയ മത്സ്യവും ഉരുളന്‍ കിഴങ്ങുമുണ്ട്. മറ്റുള്ളവ എന്തെന്നറിയില്ല. നല്ല വിശപ്പുണ്ട്. ജാക്കി ഒളി കണ്ണിട്ട് വാതിലിലൂടെ നോക്കി. മുള്ളുപകരണമുപയോഗിച്ച് കഴിക്കാനറിയില്ല. ആരും കാണാതെ പുറത്തേക്ക് നോക്കികൊണ്ട് അതിവേഗതയില്‍ കൈകൊണ്ട് എല്ലാം അകത്താക്കി. ചേര തവളയെ വിഴുങ്ങുന്ന അനുഭവമായിരുന്നു അപ്പോഴുണ്ടായത്. ആരും കാണാതിരുന്നത് ഒരാശ്വസമായി. ഭക്ഷണവും ജ്യൂസും കുടിച്ചു കഴിഞ്ഞതോടെ എല്ലാ വിശപ്പും ദാഹവും മാറി. മെര്‍ളിനെത്തി എന്തോ ആഗ്യം കാട്ടി കാണിച്ചു പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും പുഞ്ചിരിച്ചു കാണിച്ചു. കാന്റീനില്‍ നിന്നും ഓഫിസിലെത്തി പെട്ടികളുമെടുത്ത് ഗസ്റ്റ് റൂമിലെത്തി. സിസ്റ്റര്‍ ഇല്ലെങ്കിലും ആവശ്യമായ സഹായം ചെയ്തു തരാന്‍ മെര്‍ളിന്‍ എന്ന യുവ സുന്ദരി ഒപ്പമുണ്ട്. അവള്‍ ജാക്കിയെ മുറിയിലെത്തിച്ചിട്ട് മടങ്ങിപോയി. കതകടച്ചിട്ട് മുറിയിലാകെ ഒരു നിരീക്ഷണം നടത്തി. വേശ്യകളുടെ താവളമാണ് ശ്രദ്ധയോടിരിക്കണം. കണ്ടവരൊക്കെ തേജസുള്ള സുന്ദരിമാരാണ്. ഭയക്കേണ്ടതില്ല. അവരെ നയിക്കുന്നത് അപൂര്‍വ്വ ദിവ്യതേജസുള്ള കന്യാസ്ത്രീയാണ്.
മുറിയാകെ ഒന്നുകൂടി നോക്കി. രണ്ട് പേര്‍ക്ക് കിടക്കാനുള്ള രണ്ടു ബെഡ്ഡുകള്‍. ഭംഗിയുള്ള സോഫയും മൂന്ന് കസേരകളും ഒരു ഭംഗിയുള്ള മേശപ്പുറത്ത് പുഷ്പകുംഭവും. ഭിത്തിയോട് ചേര്‍ന്ന് രണ്ടു അലമാരകള്‍. ഭിത്തിയുടെ ഒരു ഭാഗത്ത് യേശുകൃസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ചിത്രമുണ്ട്. വളരെ മനോഹരങ്ങളായ മറ്റ് പല ചിത്രങ്ങളും ഭിത്തികളില്‍ നിറമാര്‍ന്നു കിടക്കുന്നു. സ്യൂട്ട് കേസില്‍ നിന്ന് തോര്‍ത്തും കൈലിമുണ്ടുമെടുത്ത് കുളിമുറിയിലേക്ക് കടന്നു.
കുളികഴിഞ്ഞപ്പോള്‍ ആകെയൊരു ഉന്മേഷം തോന്നി. ടി.വി ഓണ്‍ ചെയ്തു. ബി.ബി.സി ലോക വാര്‍ത്തകള്‍ ടി.വിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മനസ്സാകെ നാട്ടിലായിരുന്നു. അച്ഛനോടും അമ്മയോടും സംസാരിച്ചെങ്കിലും തന്നെ ഇവിടെയെത്തിച്ച ഷാരോണിനോട് എത്തിയ വിവരം പറഞ്ഞില്ല. മനസ്സിന് വല്ലാത്ത കുറ്റബോധമുണ്ട്. പുതിയൊരു ഫോണ്‍ എങ്ങനെയും നാളെത്തന്നെ വാങ്ങണം. ടി.വി ഓഫ് ചെയ്ത് ബെഡ്ഡില്‍ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒന്ന് കണ്ണടക്കാന്‍ കഴിഞ്ഞില്ല. ഷാരോണ്‍ ആണ് അതിന് തടസ്സം നില്ക്കുന്നത്. ചിന്താശകലങ്ങള്‍ തലച്ചോറില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. പക്ഷെ ഷാരോണ്‍ മാത്രം മനസ്സില്‍ തങ്ങിനില്ക്കുന്നു. മനസ്സുമാത്രമല്ല തൊണ്ടയും വല്ലാതെ വരളുന്നു. മേശപ്പുറത്തിരുന്ന ജഗ്ഗില്‍നിന്ന് വെള്ളമെടുത്ത് കുടിച്ചു. ഈ വേശ്യകളുടെ ആശ്രമവും പരിസരങ്ങളും എല്ലാം ആകര്‍ഷകമാണ്. എന്നിട്ടും മനസ്സാകെ കലങ്ങിമറിയുന്നു. സിസ്റ്റര്‍ വരുമ്പോള്‍ നാട്ടിലൊന്ന് വിളിക്കണമെന്ന് പറയണം. മനസ്സില്‍ നിനച്ചതുപോലെ ആരോ കതകില്‍ മുട്ടുന്നു. അത് സിസ്റ്റര്‍ തന്നെയെന്ന് ഉറപ്പുവരുത്തി ചെന്ന് വാതില്‍ തുറന്നു.
പുഞ്ചിരിയോടെ സിസ്റ്റര്‍ കാര്‍മേല്‍ മുന്നില്‍. സിസ്റ്റര്‍ അകത്തു കടന്നു സോഫയിലിരുന്നിട്ട് ചോദിച്ചു.
“” ഭക്ഷണം കഴിച്ചോ?”
“” ഓ…… കുളിയും കഴിഞ്ഞു സിസ്റ്റര്‍ ” ജാക്കി വിനയപൂര്‍വ്വം പറഞ്ഞു. സിസ്റ്റര്‍ അവനോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ജാക്കി ഇരുന്നു. “” മോനേ ജാക്കി നാളെത്തന്നെ മെര്‍ളിനെകൂട്ടി യൂണിവേഴ്‌സിറ്റിയില്‍ പോകണം. ഞാനവളോട് പറഞ്ഞിട്ടുണ്ട്. എല്ലാ സര്‍ട്ടിഫിക്കേറ്റുകളും എടുത്തുകൊള്ളണം.” ജാക്കി വിനീതനായി സമ്മതം മൂളി. “” ങ്ഹാ! പിന്നെ സാധാരണ ജീവിതത്തിലേക്ക് വരാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും. നാട്ടിലേക്ക് വിളിച്ചോ?… ഇതാ ഫോണ്‍ വിളിച്ചോളു ”. മാനം വേണമെങ്കില്‍ മൗനം വെടിയണം എന്ന പഴഞ്ചൊല്ല് ഇവിടെ വേണ്ടി വന്നില്ല. നല്ല മനസ്സോടെ സിസ്റ്റര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. ആ മധുരമുള്ള വാക്കില്‍ മനസ്സ് സംതൃപ്തമായി.
“” ഡാനി സാറിന്റെ ഫോണില്‍ നിന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നു. ഇനിയും വിളിക്കാനുളള്ളത് കൊട്ടാരം കോശിസാറിനെയും അദ്ദേഹത്തിന്റെ മകള്‍ ഷാരോണിനെയുമാണ്”
കൊട്ടാരം എന്ന പേര് കേട്ടപ്പോള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ തലച്ചോറില്‍ ഒരു ഭൂചലനം, മനസ്സിലെന്നും പ്രകാശിച്ചു നില്ക്കുന്ന പേരാണത്. സിസ്റ്റര്‍ ജാക്കിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
“” എന്താ വീട്ടുപേര്? കൊട്ടാരമോ? സിസ്റ്റര്‍ കാര്‍മേലിന്റെ മനസ്സ് ഗതകാല സ്മരണകള്‍ കൊത്തിവലിച്ചു. ഉദ്വേഗത്തോടെ വീണ്ടും ചോദിച്ചു.
“” വീട്ടുപേര് കൊട്ടാരമെന്നാണോ? ”
“” അതേ…… കൊട്ടാരം വീട്. കൊട്ടാരം കോശിസാര്‍ ഞങ്ങള്‍ക്ക് കാണപ്പെട്ട ദൈവമാണ് ”
ജാക്കി പറഞ്ഞു നിറുത്തിയപ്പോള്‍ സിസ്റ്ററുടെ ശബ്ദം നിശ്ശബ്ദമായി. ഹൃദയമിടിപ്പുകള്‍ കൂടി. പൂര്‍വ്വ ജന്മ ബന്ധങ്ങള്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. നിര്‍മ്മലമായ ആ മൂഖം മൗനത്തിലാണ്ടിരുന്നു. ആ കണ്ണുകളില്‍ നിറഞ്ഞത് ആനന്ദമോ ? അതോ സങ്കടമോ ?
അഖിൽ മുരളി
ചിതറി തെറിച്ചിടും
ഓർമ്മകളിലെപ്പോഴോ
എൻ ഹൃത്തിൽ
സൂചികൾ
കുത്തിനിന്നു.
നിനക്കാതെ പോയെൻ
നേരത്തെ ഞാനിന്നു
വിരഹമാർന്ന
കൈകളാൽ
ഓമനിച്ചു.
ഉമ്മറപ്പടിമേലെ എത്തിയെൻ
നേരത്തെ
തട്ടിമാറ്റിയവൻ ഞാനതല്ലോ.
ചിന്നിച്ചിതറിയ വർഷത്തിനിന്നു
എൻ ചാരെ അണയാൻ
ഭയമെന്തിന്
ചന്ദനഗന്ധം നുകർന്നൊരു
മാരുതൻ
അവയേകാൻ ഇന്നെന്തേ മടിച്ചിടുന്നു.
ഭൂതകാലത്തിൻ നിർവൃതിയിൽ
വർഷം എന്തോ
എൻ കാതിൽ
മൊഴിയാനണഞ്ഞു
വർഷകാലത്തിൻ ഗർജനം
ഇന്ന് പ്രാക്കുകൾ ഏറ്റതു
പോലെയായി.
മതിമറന്നു പോയൊരു
കാലത്തിൻ ചേഷ്ഠകൾ
എൻ മുന്നിലായി
പരിഹാസമാടിടുന്നു.
ഇരുകാലു ഉള്ളതിൽ
നാൽക്കാലി പോലെ
വിലസിയ മാത്രകൾ
മൂകമായി.
നിലാവിന്റെ നെഞ്ചിൽ
ചോരവാർന്നൊഴുകുന്ന
നിലവിളികൾ ഏറെ കേൾപ്പിച്ച നാളുകൾ.
ജീവിതമേകിയ ജനനിയെപോലും
നിന്ദിച്ചു നിന്നൊരു
ശാപകാലം
നാമുന്മാദമാടിയ നടനകാലം.
കത്തിജ്വലിച്ചൊരു
കാഴ്ചകളൊക്കയും
ഇന്ന് കത്തിക്കരിഞ്ഞു
കണ്ടിടുന്നു.
ആർത്തിരമ്പിടും പുഴകളും
തിരയും
ശ്രോതസ്സ് വറ്റുമ്പോൾ
വരണ്ടിടുന്നു.
നേരം പലതു കടന്നു
പോയെന്നാകിലും
നേരായി നീങ്ങുവാൻ
ശ്രമിക്കരുതോ?
ഇന്നുനാമാടുന്നീ
വിഡ്ഢി വേഷങ്ങളൊക്കെയും
നാളെയുടെ കഥകളിൽ
നായകനായിടും.
ക്രൂരത എന്നിൽ
വിരൽചൂണ്ടി
ഗർജ്ജിച്ചു
ആരാണ് ഞാനെന്ന് ചൊല്ലിടുക.
ഞാനെന്ന വാക്കിനാൽ
ചെയ്തൊരു തെറ്റുകൾ
എൻ ശിരസ്സിനെ
മണ്ണിൽ സ്പർശിച്ചു നിർത്തി.
നേരമെന്നതു മിഴിചിമ്മിടും
വേഗത്തിൽ
യാത്രയായിടും
പല ചേഷ്ഠകൾക്കായ്.
നേരം ചൊല്ലുന്നേ
കേൾക്കുക മർത്യരെ
നന്മചെയ്യുവാൻ വെക്കുക
എന്നെ നീ…….
ചോരപ്പൂക്കൾ വിരിഞ്ഞൊരു
മാറതിൽ
പനിനീർപുഷ്പത്ത പുഷ്ടിച്ചു
നിർത്തൂ……………….
അഖിൽമുരളി
മൿഫാസ്റ് കോളേജ് തിരുവല്ലയിൽ എംസിഎ അവസാനവർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻനായർ, അമ്മ കൃഷ്ണകുമാരി ,ജ്യേഷ്ഠൻ അരുൺമുരളി . കാവ്യാമൃതം, പാരിജാതം തുടങ്ങിയ കവിതാസമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. കവിമൊഴി, ഗ്രന്ഥലോകം തുടങ്ങിയ ആഴ്ചപതിപ്പുകളിൽ സ്ഥിരമായി കവിതകൾ എഴുതാറുണ്ട്. താളിയോലഓൺലൈൻ പ്ബ്ലിക്കേഷന്സിന്റെയും, മലയാളമനോരമ ഓൺലൈൻ പ്ബ്ലിക്കേഷന്സിന്റെയും തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് അഖിൽ മുരളി .
ജോൺ കുറിഞ്ഞിരപ്പള്ളി
ബാംഗ്ലൂരിൽ ജോലി തേടി എത്തുന്ന പലരുടേയും ആദ്യത്തെ അഭയകേന്ദ്രം ആണ് ശിവാജിനഗറിലുള്ള മലബാർ ലോഡ്‌ജ് എന്ന് പറയാം.എനിക്ക് ഒരു ജോലിവേണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല.തൽക്കാലം ഒരു താമസസ്ഥലം വേണം.പിന്നെ ജോലി കിട്ടിയാൽ നോക്കാം എന്ന ഒരു ചിന്തയായിരുന്നു.
മലബാർ ലോഡ്ജിൽ വച്ച് പരിചയപ്പെട്ടവരിൽ ഉണ്ണികൃഷ്ണൻ വളരെ ഡീസൻറ് ആയിരുന്നു.അതിനുംകൂടി തരികിടയായിരുന്നു ഒന്നിച്ചു താമസിക്കുന്ന ജോൺ സെബാസ്റ്റ്യൻ.
എന്റെ കഥ കേട്ട ഉണ്ണികൃഷ്ണൻ പറഞ്ഞു,അവൻ ജോലിചെയ്യുന്ന കമ്പനിയിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന്.അങ്ങിനെ അവൻ പറഞ്ഞ ജോലിയും കാത്തിരിക്കുമ്പോളാണ് ജോൺ സെബാസ്റ്റ്യൻ ഡെക്കാൻ ഹെറാൾഡിൽ വന്ന ഒരു പരസ്യവും ആയി വരുന്നത്.
“മാഷേ ഇതൊന്ന് പരീക്ഷിച്ചു നോക്ക്”.
ഡൊമലൂറിലുള്ള NGEF. ൽ നാളെ സ്പോട് ഇന്റർവ്യൂ നടക്കുന്നു.
ഡീറ്റെയിൽസ് നോക്കുമ്പോൾ കൊള്ളാം എന്ന് തോന്നി.ജോലി HR division ൽ അസിസ്റ്റന്റ് ആയിട്ടാണ്.CV യുമായി ഇന്റർവ്യൂ ന് നേരിട്ടു ഹാജരാകണം.
സ്ഥലപരിചയം ഇല്ലാത്തതുകൊണ്ട് ജോൺ സെബാസ്റ്റ്യൻ കൂടെ പോരാം എന്ന് സമ്മതിച്ചു..
കാലത്തുതന്നെ ഞങ്ങൾ റെഡി ആയി, ശിവാജി നഗറിൽ നിന്നും ബസ്സ് കയറി ഡൊമലൂരേക്ക്.
നിർഭാഗ്യവശാൽ ഡൊമലൂരെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനുപകരം HAL സ്റ്റോപ്പിലാണ് ഞങ്ങൾ ഇറങ്ങിയത്.ഒരു ഒരു ഓട്ടോ പിടിച്ചു പോകാനുള്ള ദൂരമേയുള്ളൂ.തിരക്കുള്ള സമയമാണ്.എത്ര ശ്രമിച്ചിട്ടും ഒന്നും നിർത്തുന്നുമില്ല.
“നമുക്ക് വല്ല കാറിനും കൈ കാണിച്ചു നോക്കാം ഇനി അരമണിക്കൂറേയുള്ളു,പിന്നെ അവർ ഗേറ്റ് ക്ളോസ്സ് ചെയ്യും”
വേവലാതിപ്പെട്ടു നിൽക്കുമ്പോളാണ് ഒരു പ്രൈവറ്റ് കാർ വരുന്നത് കണ്ടത്.ഒരു ഭാഗ്യപരീക്ഷണം നടത്തിനോക്കുക തന്നെ.ജോൺ സെബാസ്റ്റ്യൻ റോഡിന് നടുവിലേക്ക് കയറി നിന്നു.
കാർ നിന്നു.വണ്ടി ഓടിച്ചിരുന്നത് ഒരു സുന്ദരിയായ ചെറുപ്പക്കാരി ആയിരുന്നു.ദേഷ്യപ്പെട്ടു അവർ ചോദിച്ചു.
“വാട്ട് ടു യു വാണ്ട്?”
“മാഡം ഞങ്ങൾക്ക് അടിയന്തിരമായി ഒന്ന് ഡൊമലൂർ വരെ പോകണം.ഞങ്ങളുടെ കാർ ബ്രേക് ഡൌൺ ആയിപോയി. മാഡം ആ വഴിയാണ് പോകുന്നതെങ്കിൽ ഞങ്ങളെ ഒന്ന് ഡൊമലൂർ വിടാമോ?.”അവൻ നല്ല ഫ്ലുവൻറ് ആയി ഇംഗ്ലീഷിൽ സംസാരിക്കും,എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്.
ഇതുപറഞ്ഞിട്ട് അവൻ എന്നെ ആ സ്ത്രീ കാണാതെ കണ്ണിറുക്കികാണിച്ചു.
“എന്നിട്ട് നിങ്ങളുടെ കാർ ഏവിടെ?”
“അതുകണ്ടില്ലേ അവിടെ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത്.”
ആരുടെയോ ഒരു കാർ റോഡരുകിൽ പാർക്ക് ചെയ്തിരിക്കുന്നത് അവൻ ചൂണ്ടി കാണിച്ചു.
“എന്താ അത്യാവശ്യം?”.അവർ വിടുന്ന ലക്ഷണമില്ല.
“നോക്കു മാഡം ഇദ്ദേഹം NGEF ൽ HR മാനേജർ ആണ്”.
എന്നെ ചൂണ്ടി അവൻ പറഞ്ഞൂ.”ഞാൻ അസിസ്റ്റന്റും .ഇന്ന് അവിടെ ഒരു ഓപ്പൺ റിക്രൂട്ടിറ്മെന്റ് ഉണ്ട്.ഞങ്ങൾ താമസിച്ചാൽ റിക്രൂട്ട്മെന്റ് എല്ലാം കുഴയും.”
“നിങ്ങൾ HR ൽ മാനേജർ ആണ്?”
“അതെ.”
അല്ലാതെ ഇനിഎന്തുപറയാനാണ്?ആ ദ്രോഹി വായിൽ വരുന്നതുപോലെ തട്ടി വിടുകയാണ്.
അവർ ഒരു കറുത്ത വലിയ കണ്ണട ധരിച്ചിരിക്കുന്നതു കൊണ്ട് അവരുടെ മുഖഭാവം മനസിലാക്കാൻ വിഷമമായിരുന്നു.
“ശരി ,കയറിക്കോളൂ,ഞാൻ കൊണ്ടുപോയി വിടാം.”
താങ്ക്സ് പറഞ്ഞു ഞങ്ങൾ കാറിൽ കയറി ഇരുന്നു
.”ഒരു HR manger ആയി ജോലിചെയ്യുന്ന ആൾ റോഡിന്റെ നടുക്കുകയറി നിന്ന് മറ്റുള്ളവരുടെ വാഹനം തടഞ്ഞു നിർത്തുന്നത് അത്ര മരിയാദയൊന്നുമല്ല ”
“സോറി മാഡം,അത്യാവശ്യം കാരണം ചെയ്തു പോയതാണ്.സോറി”ഞാൻ പറഞ്ഞു.
പെട്ടന്നാണ് ആ യുവതിയുടെ അടുത്ത ചോദ്യം,”NGEF എന്ത് ഫാക്ടറി ആണ്?എന്താണ് നിങ്ങളുടെ പ്രോഡക്ട്?”
“അത് ഒരു ടെക്സ്റ്റയിൽ മിൽ ആണ്.ലോകത്തിലെ തന്നെ ഏറ്റവും മോഡേൺ ടെക്സ്റ്റെയ്ൽ മിൽ ആണ് ഞങ്ങളുടേത് .”ജോൺ സെബാസ്റ്റ്യൻ പറഞ്ഞു.
“നിങ്ങൾ HR മാനേജർ ആണ് എന്നല്ലേ പറഞ്ഞത്?എനിക്ക് അവിടെ വല്ല ജോലിയും കിട്ടാൻ സാധ്യതയുണ്ടോ?”
ചോദ്യം എന്നോടായിരുന്നെങ്കിലും ജോൺ സെബാസ്റ്റ്യൻ ആണ് മറുപടി പറഞ്ഞത്.
“നിങ്ങൾ CV തരു.ഞാൻ ശ്രമിക്കാം.”ജോൺ സെബാസ്റ്റ്യൻ വിടുന്ന ലക്ഷണമില്ല.
“മാഡം രാവിലെ എവിടെപോകുന്നു?”
“ഷോപ്പിംഗ്”.
“നിങ്ങൾ എന്ത് ലക്കി ആണ് .കാലത്തുതന്നെ ഷോപ്പിങ്”
“ഷോപ്പിംഗ് എന്ന് പറഞ്ഞെങ്കിലും പച്ചക്കറി വാങ്ങാൻ പോകുകയാണ്.”
“ഡാ,തള്ള നമ്മളെ ഒന്ന് വാരിയതാണെന്നു തോന്നുന്നു.ഏതായാലും മലയാളം മനസ്സിലാകില്ലാത്തത് നന്നായി.”
“വാട്ട് ?”
“നതിങ് മാഡം .”
“ശരി ദാ ,ഡൊമലൂർ എത്തി ആ കാണുന്നതല്ലേ NGEF?”അവർ ബോർഡ് ചൂണ്ടി കാണിച്ചു.
“അതെ,താങ്ക്സ് മാഡം .”
“നിങ്ങളുടെ വിസിറ്റിംഗ് കാർഡ് തരൂ.ഞാൻ കോൺടാക്ട് ചെയ്യാം”അവർ എന്റെ നേരെ കൈ നീട്ടി.
ഞാൻ വെറുതെ പോക്കറ്റിൽ തപ്പിയിട്ടു പറഞ്ഞു.
“കൈയ്യിൽ കാർഡ് ഒന്നും ഇല്ല.ജോലിക്ക് HR ൽ വന്ന് എന്നെ കോൺടാക്ട് ചെയ്താൽ മതി.”
“തള്ളക്ക് വിസിറ്റിംഗ് കാർഡ് കിട്ടിയേ അടങ്ങു.”അവൻ ഒന്നു തോണ്ടി.
ഞങ്ങൾ കാറിൽ നിന്നിറങ്ങി. അവർ വണ്ടി ഓടിച്ചുപോയി
ഞൻ നോക്കുമ്പോൾ അവിടെ ഗെയ്റ്റിൽ NGEF (New Government Electric Factory collabration with AEG ) എന്ന് വെണ്ടയ്ക്ക വലിപ്പത്തിൽ എഴുതി വച്ചിട്ടുണ്ട്.
അതാണ് അവൻ ടെക്സ്റ്റയിൽ മിൽ ആക്കി കളഞ്ഞത്.
അവർ ആ ബോർഡ് കണ്ടോ ആവോ?
ഭാഗ്യത്തിന് അവർ ഗേറ്റിലേക്ക് കാർ കൊണ്ടുവരാതിരുന്നത് നന്നായി.
ഞാൻ ഒരു മിടുക്കനല്ലേ എന്ന ഭാവത്തിൽ അവൻ ചിരിച്ചു.
ആ ചിരി അധികസമയം നീണ്ടു നിന്നില്ല.ഞങ്ങളെ കാറിൽ കയറ്റികൊണ്ടുവന്ന ആ സ്ത്രീ ഗേറ്റിലേക്ക് കാറുമായി വന്നു.
“ചതിച്ചെടാ അവൾ ജോലിക്ക് നിന്നെ അന്വേഷിച്ചു വരുന്നതാണ്.കയ്യിൽ CV യും ഉണ്ട് എന്ന് തോന്നുന്നു.
ഞാൻ വിളറി വെളുത്തു.
“എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയിട്ട് അവൻ പറഞ്ഞു.
“ഇനി എല്ലാം നിൻറ്റെ തലവര പോലെയിരിക്കും”
(തുടരും)
ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ നോവൽ അദ്ധ്യായം -1
ചിത്രീകരണം- അനുജ. കെ
മലയാളികൾക്കിടയിൽ ആളിപടർന്നുകൊണ്ടിരിക്കുന്ന ഒരു ഭീതിയാണ് പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന ഭീകര മരണങ്ങൾ. പീരുമേട് പോലീസ് സ്റ്റേഷനിൽ രാജ് കുമാർ എന്ന മനുഷന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഇരുണ്ട നാളുകൾ എന്നറിയപ്പെട്ട അടിയന്തരാവസ്ഥ നമ്മുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്തിയതിന്റ നാല്പത്തിനാലാം വാർഷികദിനത്തിലാണ് പോലീസ് സ്റ്റേഷനിലേക്ക് ആരോഗ്യമുള്ള ഒരു മനുഷ്യൻ നടന്നുപോയിട്ട് ജീവശ്ശവമായി ധാരാളം മുറിവുകളോടെ പുറത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥയുടെ മാറാലകൾ ഇന്നും കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലുണ്ടെന്നുള്ളതിന്റ് തെളിവാണിത്. അവിടെ ശുദ്ധി ചെയ്യാൻ ഭരണകൂടത്തിനാകുന്നില്ല. പോലീസ്‌കാരുടെ ഇഷ്ടവിഭങ്ങളാണ് ഇടി, തോഴി, ഉരുട്ടിക്കൊല, ലാത്തി, തോക്കു മുതലായവ. മദ്ദളംപോലെ മാനുഷന്റ ശരീരവും മർദ്ദനോപകരണമാകുന്നു. ഇത് അധികാര-ചൂഷകവർഗ്ഗത്തിന്റ രക്ഷാകവചങ്ങളാണ്. പോലീസിന്റ് ബോധമണ്ഡലത്തെ മരവിപ്പിക്കുന്നത് ചൂഷകവർഗ്ഗം തന്നെയാണ്. ഇംഗ്ലണ്ടിലെ സാഹിത്യകാരൻ ജോർജ് ബർണാഡ്ഷാ പറഞ്ഞത് “ജീവിതത്തിൽ രണ്ട് ദുരന്തങ്ങളെ ഉണ്ടാകാനുള്ള. ഒന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടുക, രണ്ട് നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടാതിരിക്കുക”. ഇതിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റ കൈവശമുണ്ടായിരുന്ന 300 കോടി ആരാണ് ആഗ്രഹിച്ചത്?
ഒരു ഡോക്ടർക്ക് എങ്ങനെ രോഗികളോടെ ഉത്തരവാദിത്വമുണ്ടോ അത് തന്നെയാണ് പൊലീസ് കുറ്റവാളികൾ എന്ന് മുദ്രകുത്തിയവരോടും കാട്ടേണ്ടത്. അവർക്ക് എന്ത് മരുന്നുകൊടുക്കണം, എന്ത് ശസ്ത്രക്രിയ നടത്തണമെന്നൊക്കെ തിരുമാനിക്കുന്നത് കോടതിയാണ് പൊലീസല്ല. പക്ഷെ സംഭവിക്കുന്നത്പോലീസ് സ്റ്റേഷനിൽ അവർ തന്നെ ശസ്തക്രിയ ചെയ്യുന്നു. അത് ഹിംസയാണ്. ആ ഹിംസ വേട്ടനായ്കളെപ്പോലെ വഴിയിൽ മാത്രമല്ല വീട്, ഓഫീസ്, പോലീസ് സ്റ്റേഷനിലേക്കും അതിക്രമിച്ചു കടന്ന് നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്നു. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നത് അത്യാഗ്രഹങ്ങൾ തന്നെയാണ്. ഒരു ഭരണകൂടത്തിന് പൗരന്മാർക്ക് പൂർണ്ണ സംരക്ഷണം കൊടുക്കാൻ സാധിക്കില്ലെങ്കിൽ ഈ ക്രൂരന്മാരായ പോലീസ് കൊലയാളികളെ ജനങ്ങൾ എന്തിന് തീറ്റിപ്പോറ്റണം? പോലീസ് സമീപനങ്ങൾ, കൈക്കൂലി, ലോക്കപ്പ് മരണം അസഹനീയമാംവിധം ക്രൂരമായിക്കൊണ്ടിരിക്കുന്നു. പോലീസ് വകുപ്പിനെ നിയന്ത്രിക്കാൻ ആരുമില്ലാതെ പോകുന്നു. സത്യസന്ധരായ പോലീസ്‌കാർക്കും ഇതൊക്കെ അപമാനകരമാണ്. ഭരണത്തിലുള്ളവർ എന്തിനാണ് കുറ്റവാളികൾക്ക് കുടപിടിക്കുന്നത്? നിയമങ്ങളെ പിഴുതെറിയാൻ ഈ കാക്കിധാരികൾക്ക് എന്തവകാശം? മനുഷ്യ നന്മകളെ മുൻനിർത്തി 1958 ൽ മുഖ്യമന്ത്രിയായിരുന്ന ഈ.എം.എസ്. ഭരണപരിഷ്കര കമ്മീഷന് ശുപാർശ ചെയ്തു. 1996 ൽ ജനകിയ ആസൂത്രണ പരിപാടികളും അധികാരം ജനങ്ങളിലെത്തിക്കാൻ ശ്രമം തുടർന്നു. ഒരു ഫലവുമുണ്ടായില്ല. പോലീസ് രാജ് പോലെ ഓരോ സർക്കാർ സ്ഥാപനങ്ങളിലും ഓരോരോ രാജ് നിലവിലുണ്ട്.
പാകിസ്താനിലെ ജിഹാദികളു൦ നമ്മുടെ പോലീസുമായി ഒരു വിത്യാസമാണുള്ളത്? അവർ തലവെട്ടുന്നു. നമ്മൾ ഉരുട്ടിക്കൊല്ലുന്നു. തല്ലികൊല്ലുന്നു. ഗൾഫ് രാജ്യങ്ങളിൽ ഒരാളെ കൊലപ്പെടുത്തിയാൽ അയാളെ അതുപോലെ കൊലപ്പെടുത്തും. അതിനാൽ കുറ്റവാളികളുടെ എണ്ണം കുറവാണ്. സൗദി ദമ്മാമിൽ ഒരു വെള്ളിയാഴ്ച ദിവസം കൊലക്കുറ്റത്തിന് ഒരു സൗദി-പാകിസ്ഥനിയടക്കം കഴുത്തറക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഗൾഫ് -പാശ്ചാത്യ രാജ്യങ്ങളിലേക്ക് പാവപെട്ടവന്റ് നികുതി പണംമെടുത്ത് സർക്കാരുകൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കും മറ്റും പല പേരുകളിൽ ധൂർത്തു നടത്തുന്നത്. ഇത്രമാത്രം യാത്രകൾ നടത്തിയിട്ടും നമ്മുടെ ഭരണാധികാരികൾ അവിടുത്തെ നിയമങ്ങൾ എങ്ങനെ പരിപാലിക്കപെടുന്നു, നഗരങ്ങൾ എങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു, പുരോഗതി എങ്ങനെയുണ്ടാകുന്നു, വിടും പരിസരങ്ങളും, നദികളും എങ്ങനെ സുന്ദരമായി കിടക്കുന്നു അതൊക്കെ എങ്ങനെ നമ്മുക്ക് ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി യാതൊരു ചിന്തയുമില്ല. ഇത്തരത്തിൽ സാമൂഹ്യ-രാഷ്ട്രീയ ജീർണ്ണതയിലമർന്നുപോയവർക്ക് മർദ്ദനത്തിന് ഇരയാകുന്നവന്റ് വേദനകളു൦ ഞരക്കങ്ങളും അറിയണമെന്നില്ല. മനുഷ്യത്വ൦ നിത്യവും ചവുട്ടിമെതിക്കപ്പെടുന്നു. ഇതങ്ങനെ ജനകിയജനാധിപത്യമാകും?
ഇടത്തു-വലത്തു ഭരണകാലത്തു കസ്റ്റഡി മരണം, ഉരുട്ടികൊലപാതകം കേരളത്തിൽ സുഗമമായി നടക്കുന്ന യോഗമുറകളാണ്. ഈ കൊലയാളികൾ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. വീണ്ടും അവർക്കു ശ്രെഷ്ടമായ പദവികൾ ലഭിക്കുന്നു. കുരക്കും പട്ടി കടിക്കില്ല എന്നപോലെ അപ്പോൾ കുറെ ബഹളങ്ങൾ. അതിനപ്പുറം ഒന്നും നടക്കുന്നില്ല. പോലീസ് സേന ജനങ്ങളുടെ ഘാതകരായി മാറുന്നത് അധികാരകേന്ദ്രങ്ങളിൽ നടക്കുന്ന ഗുഡാലോചനകളുടെ ഫലമായിട്ടാണ്. അവർ എന്തെല്ലാം ത്വാത്തികമായ വാദങ്ങൾ, വിഴുപ്പലക്കലുകൾ നടത്തിയാലും, വൻമ്പിച്ച ജാഥ നയിച്ചാലും ചുമതലപ്പെട്ട പൊലീസുകാരെ വെള്ളപ്പൂശിയാലും പോലീസ് കസ്റ്റഡിയിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നത് ഭരണകൂടഭീകരത തന്നെയാണ്. ഇതൊക്കെ ആത്മാഭിമാനമുള്ള പൗരബോധമുള്ള ഏതൊരു മലയാളിയുടെ ജീവിതത്തിലും ഭീതിയുളവാക്കുന്നു. ഏത് പാർട്ടി ഭരിച്ചാലും എത്രമാത്രം പുരോഗമനവാദികളായാലും അവിടെയെല്ലാം നിലനിൽക്കുന്നത് സാംസ്‌കാരിക അധ:പതനമാണ്. ലോകത്തു് മൂർച്ചയേറിയ തൊഴിലാളി വർഗ്ഗസമരങ്ങൾ നടന്നിട്ടുണ്ട് അതൊന്നും ഉട്ടോപ്യൻ സോഷ്യലിസമായിരുന്നില്ല. ഈ പിൻതിരിപ്പൻ പ്രവണതകളെ സ്‌നേഹസഹോദര്യത്തോടെ പ്രതിരോധിക്കാൻ ബുദ്ധിജീവികൾക്കിടയിൽ നിന്നും ആരും വരുന്നില്ലയെന്നതും ഈ കൂട്ടരുടെ പിടിയിലമർന്നതിന്റ തെളിവാണ്. അവരും ഈ സമ്പന്ന വർഗ്ഗ അധികാരികളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരായി മാറുന്നു. ഇവിടെയെല്ലാം നടക്കുന്നത് സമ്പത്തും അധികാരവും തമ്മിലുള്ള സംഘര്ഷങ്ങളാണ്.
പല കേസുകളും ബോധപൂർവ്വമായി അട്ടിമറിക്കുന്നു, മുടിവെക്കപ്പെടുന്നു. അതിൽ ചിലത് മാത്രം മാധ്യമങ്ങൾ കുത്തിപൊക്കിയെടുക്കുന്നു. അവരറിയാത്ത എത്രയോ കദനകഥകൾ അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. ഭരണാധികാര ദുർവിനിയോഗം, സാമ്പത്തിന്റ കരുത്തു, . സത്യം മുടിവെക്കുക, സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുക, ബൂർഷ്വസികളുടെ വക്കാലത്തുകാരാകുക, കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുക തുടങ്ങി എണ്ണമറ്റ നീതിനിഷേധങ്ങൾ കാലാകാലങ്ങളിലായി കേരളത്തിൽ നടക്കുന്നു. ക്രൂരതയുടെ ഈ മാർഗ്ഗം സമൂഹത്തിൽ ഭീതിയുടെ അന്തരീഷം സൃഷ്ട്രിക്കുന്നു. പാവങ്ങൾ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ഇടിയുടെ വേദനയാൽ അലറിക്കരയുന്നു. സ്വന്തം കാര്യസാധ്യത്തിനുവേണ്ടി പൊതു നിയമത്തെ ബലികഴിക്കുന്ന കുറെ സ്വാർത്ഥന്മാർ രാഷ്ട്രീയ-സാംസ്‌കാരിക -മത-പോലീസ് രംഗത്തുള്ളത് ജനാധിപത്യത്തിന് കളങ്കമാണ്. ഒരു പരാതിക്കാരൻ പോലീസ് സ്റ്റേഷനിൽ ചെന്നാൽ ആ വ്യക്തിയോട് സ്നേഹപുരസ്സരം പെരുമാറാൻ അറിയില്ലെങ്കിൽ അവർക്ക് പരിശീലനം കൊടുക്കേണ്ടത് കേരളാപോലീസല്ല. അവരെ നന്നാക്കിയെടുക്കാൻ നിയമ രംഗത്ത് മിടുക്കന്മാരുണ്ട്.
ബ്രിട്ടനിൽ നിന്നോ, അമേരിക്കയിൽ നിന്നോ പോലീസ് അച്ചടക്കം എന്തെന്നറിയാവുന്ന അധ്യാപകരെയാണ് അവരുടെ പഠനപരിശീലകരാക്കേണ്ടത്. അല്ലാതെ പാർട്ടികളുടെ ഗുണ്ടകളല്ല. നമ്മുടെ നിയമവ്യവസ്ഥിതിയിൽ ധാരാളം സംഭാവനകൾ ബ്രിട്ടീഷ്‌കാരുടെത് ഇപ്പോഴുമുണ്ട്. ഗൾഫ് രാജ്യങ്ങളെ ഇത്രമാത്രം സമ്പന്നതയിലെത്തിച്ചത് ബ്രിട്ടീഷ് അമേരിക്കൻസ്സാണ്. ഇപ്പോഴു൦ അവർ പല സ്ഥാപനങ്ങളിലും മേധാവികളായിരിക്കുന്നു. നമ്മുടെ പോലീസ് സേനയെ നന്നാക്കാൻ പോലീസ് രംഗത്തുള്ളവരെ കൊണ്ടുവന്ന് പരിശീലനം കൊടുക്കുന്നതും ഒരു തെറ്റല്ല.. പോലീസ് കസ്റ്റഡി മരണങ്ങൾ, ഉരുട്ടിക്കൊലകൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകളൊന്നും അവരുടെ മുന്നിൽ വിലപ്പോവില്ല. ഗൾഫ് പാശ്ചാത്യ നിയമങ്ങൾ വളരെ കർക്കശമാണ്. ഒരു ഭരണാധികാരിക്കും, രാഷ്ട്രീയ വാലാട്ടികൾക്കും അവിടേക്ക് എത്തിനോക്കാൻ അത്രയെളുപ്പമല്ല. അവർ വന്നാൽ നിയമം എന്തെന്ന് നമ്മളറിയും. അത് നല്ലൊരു സമൂഹത്തെ രൂപാന്തരപ്പെടുത്തു൦. പോലീസ് സേനയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നവർ, പുരോഗമന൦ വരാൻ ആഗ്രഹിക്കുന്നവർ ഇതിനെപ്പറ്റി ചിന്തിക്കണം. ഇതിങ്ങനെ എത്രനാൾ തുടരും.?
പ്രവാസി സാജൻറ് ആത്മഹത്യക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. നെടുങ്കണ്ടം പീരുമേട് കസ്റ്റഡി മരണത്തിന്റ തിരക്കഥക്ക്
പിന്നിലെ ബിനാമികൾ ആരാണ്? അത് സത്യമാണോ? ഇതൊക്കെ ജനങ്ങൾ അറിയേണ്ട കാര്യമാണ്. ഒരാൾ അധികാരത്തിൽ വന്നാൽ, കാക്കി കുപ്പായമിട്ടാൽ ജങ്ങളോടെ ഇത്ര പുച്ഛഭാവം എന്താണ്? ഇത് വെളിപ്പെടുത്തുന്നത് സാമൂഹ്യ- സാംസ്‌കാരിക അരാജകത്വമാണ്. ഹിംസ, അഴിമതി, അനീതി നടത്തുന്ന പാർട്ടികളെ ജനങ്ങൾ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നത്? ഇത് കേരളജനത ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതാണ്. ജനങ്ങൾ അധികാരമേല്പിക്കുന്നത് പൗരന്മാരുടെ പൗര അവകാശങ്ങൾ സംരക്ഷിക്കാനാണ് അല്ലാതെ ഗുണ്ടകളുടെ, കള്ളകടത്തുകാരുടെ, സമ്പന്നരുടെ, ഓശാന പാടുന്ന പോലീസ്‌കാരുടെ സംരക്ഷകരാകാനല്ല. അതല്ല പുരുഷമേധാവിത്വംപോലെ അധികാര വ്യാപാരമാണോ?
രാജ്രാ കുമാറിന്റ കസ്റ്റഡിമരണത്തിൽ രാഷ്ട്രീയപാർട്ടികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് എന്താണ്. ഈ കൊലപാതകത്തിന് പിന്നിൽ വലിയൊരു ഗുഡാലോചനയുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഇടത്-വലത് രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ ഉരുട്ടിക്കൊലപോലെ ഉരുണ്ടു കളിച്ചിട്ട് കാര്യമില്ല. . ഇന്നും ഇന്നലെയും എത്രയോ ഭരണകൂടങ്ങൾ എത്രയോ പാവങ്ങളെ പോലീസ് നരനായാട്ടിൽ കൊലപ്പെടുത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കരുണാകരൻ രാജൻ കൊലപാതകത്തിൽ മന്ത്രി കസേര നഷ്ടപ്പെട്ടില്ലേ? അതിന് ശേഷം പോലീസ് കൊലപാതകത്തിൽ ഒരു മന്ത്രിയും രാജിവെച്ചു പുറത്തുപോയതായി അറിവില്ല. അധികാരവും ചൂഷണവും ഇവരുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. കൊല്ലുന്ന രജാവിനെ തിന്നുന്ന മന്ത്രിപോലെ കുറെ ജനങ്ങൾ വോട്ടു കൊടുത്തു ജയിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജനാധിപത്യത്തിൽ വോട്ടുകൊടുക്കുന്നവർക്ക് കൊലയാനകളുടെ സ്ഥാനമാണുള്ളത്. വോട്ടു കൊടുത്തുകഴിഞ്ഞാൽ അധികാരത്തിലെത്തി ജനങ്ങളെ കുഴിയാനകളാക്കുന്നുവെങ്കിൽ അവർ പത്തിവിടർത്തിയാടാൻ ഒരിക്കലും അനുവദിക്കരുത്. അങ്ങനെയെങ്കിൽ പാവങ്ങൾ വേട്ടയാടപ്പെടില്ല.
പോലീസ് പാവങ്ങളെ കൊല്ലുന്നു. സർക്കാർ വകുപ്പുകൾ പാവങ്ങളെ അഴിമതിയിൽ മുക്കികൊല്ലുന്നു അല്ലെങ്കിൽ ആത്മഹത്യയിൽ എത്തിക്കുന്നു. ധാരാളം പാവങ്ങൾ പോലീസ് കസ്റ്റഡിയിൽ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ആ കേസുകളിൽ ആരും ശിക്ഷിച്ചതായി അറിയില്ല. കേരളത്തിലെ പോലീസ്,ഭരണകൂടങ്ങളുടെ ഗുണ്ടകളാണോ അതോ പോലീസ് യൂണിയനുകളോ? കേരളാപോലീസ് നല്ല പോലീസ് എന്നൊക്കെ നമ്മൾ മേനി പറയാറുണ്ട്. ഒറ്റപ്പെട്ട സംഭവം എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാറുണ്ട്. അതിലൂടെ അവരുടെ കപട മുഖങ്ങളാണ് വെളിപ്പെടുന്നത്. പാവങ്ങളുടെ ജീവനെടുത്തൽ ഭരണകൂടം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചെയ്യുന്ന ഒരു കാര്യമാണ് സ്ഥലം മാറ്റം അല്ലെങ്കിൽ സസ്പെൻഷൻ. ഓരോ യൂണിയനുകളും പോലീസും രാഷ്ട്രീയപാർട്ടികളുടെ പാദ സേവകരാകയാൽ ഏതാനം മാസങ്ങൾ കഴിയുമ്പോൾ ഒരു ശിക്ഷയുമില്ലാതെ അവർ ജോലിയിൽ പ്രവേശിക്കും. ഇവിടെ പരാജയപ്പെടുന്നത് അധികാരികൾ മാത്രമല്ല ഭരണഘടനയും നിയമങ്ങളുമാണ്. ഇതിനെ പെറ്റിബൂർഷ്വാ ജനാധിപത്യമെന്ന് വിളിക്കാം. അധികാരികളുടെ രാഷ്ട്രിയതാപം എരിച്ചുതീർക്കേണ്ടത് പാവങ്ങളുടെ ജീവൻ എടുത്തുകൊണ്ടല്ല. കാട്ടിലെ വേടർ ഭക്ഷണത്തിനായി കാടിനുള്ളിൽ ഇരകളെത്തേടുമ്പോൾ നാട്ടിലെ വേട്ടനായ്ക്കൾ പാവങ്ങളുടെ ജീവനെ ഇരകളാക്കുന്നു.
അധികാരികളുടെ കൂരമ്പുകളേറ്റു എത്രയോ കുടുംബങ്ങൾ തകർന്നു. എത്രയോ പാവങ്ങൾ മിണ്ടാപ്രാണികളെപോലെ ജീവിക്കുന്നു. മുൻകാലങ്ങളിൽ പാടത്തും വരമ്പത്തും വരേണ്യവർഗ്ഗത്തിന്റ പീഡനങ്ങളേറ്റ് ഹൃദയനൊമ്പരങ്ങൾ അനുഭവിച്ചതുപോലെയാണ് ഭരണത്തിലുള്ളവർ പോലീസിനെ കയറൂരി വിട്ടിരിക്കുന്നത്. തെരുവുഗുണ്ടകളെപോലെ നിയമങ്ങളുടെ ബാലപാഠമറിയാത്ത കുറെ കാക്കിധാരികൾ. ഇന്ത്യൻ നിയമത്തിൽ ഒരിടത്തും പറയുന്നില്ല കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളുടെ ശരീരത്തുതൊടാൻ. ഒരു കുറ്റവാളിയെ കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം, ഉയർന്ന പോലീസ് അധികാരിയെ അറിയിക്കണം, വൈദ്യപരിശോധന അങ്ങനെ എന്തെല്ലമുണ്ട്. കേരളാപോലീസിനു അതൊന്നും ബാധകമല്ല. ഗുണ്ടകളെപോലെ പണത്തിന്റ കനമനുസരിച്ചു കാലൊടിക്കണോ, കൊല്ലണോ അതവർ ചെയ്തുകൊള്ളും. രാജ്‌കുമാറിനെ വീട്ടുകാരുടെ മുന്നിൽവെച്ച് ഇടിക്കുക പിന്നീട് ധാരാളം മുറിവുകൾ കാണുക ഇതെല്ലം ഓരോ മലയാളിയുടെ ആത്മഭിമാനത്തെ ചോദ്യം ചെയ്യുന്ന കാര്യങ്ങളല്ലേ?
കേരളത്തിലെ പോലീസ് കാട്ടിലെ കടുവാകളാണോ? ഇത് എന്തുകൊണ്ട് തുടർക്കഥയാകുന്നു. കേരളീയർ ധാരാളം ഭീഷണികൾ നേരിടുന്നുണ്ട്. ജനങ്ങളുടെ ആകെയുള്ള പ്രതീക്ഷയാണ് പോലീസ്, ഭരണകൂടങ്ങൾ. ജനങ്ങളുടെ ജീവിതം സങ്കീർണ്ണമാക്കിയാൽ എല്ലാവരും മൗനികളാകില്ല. പ്രവാസികളടക്കമുള്ളവർക്ക് വേണ്ടത് സുരക്ഷിതത്വമാണ് അല്ലാതെ അരക്ഷിതത്വമല്ല. പോലീസ് സേനയിൽ മാത്രമല്ല എല്ലാ രംഗത്തും സമഗ്രമായ ഒരു മാറ്റം, അഴിച്ചുപണി കേരളത്തിനാവശ്യമാണ് അത് സംഭവിച്ചില്ലെങ്കിൽ ദൈവത്തിന്റ സ്വന്തം നാട്, സാക്ഷരതയിൽ ഒന്നാമത് എന്നൊക്കെ പൊങ്ങച്ചം പറഞ്ഞു നടന്നിട്ട് കാര്യമില്ല. ഭാവി തലമുറകളെ ഇരുളിലേക്ക് തള്ളിവിടുന്നു. . ഭയവും ജാഗ്രതയും ജനത്തിന് മാത്രമല്ല ഭരണകൂടങ്ങൾക്കും വേണം. അതിന് ആദ്യം ചെയ്യേണ്ടത് കടുവകളായ പോലീസിനെ കൂട്ടിലടക്കുക (പിരിച്ചുവിടുക), കുറ്റവാളികളെ ശിക്ഷിക്കുക. ആ കുടുംബത്തിന്റ സംരക്ഷണം ഏറ്റെടുക്കുക.
കേരള രാഷ്ട്രീയ സാമൂഹിക ചരിത്രം പരിശോധിച്ചാൽ കേരള സമൂഹം മതനിരപേക്ഷ സ്വഭാവം കൈ വരച്ചതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നൽകിയ വലിയ സംഭാവന മനസ്സിലാക്കാൻ സാധിക്കും. സാമൂഹികമായി പിന്നോക്കം നിന്ന വലിയ ഭൂരിപക്ഷമായ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിന് ഉണ്ടായ സാമൂഹിക മുന്നേറ്റത്തിനും ഇടതുപക്ഷ ആശയങ്ങളും പ്രസ്ഥാനങ്ങളും നൽകിയ സംഭാവനയെ ചോദ്യം ചെയ്യാൻ സാധിക്കില്ല.
” നമ്മൾ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ” എന്ന് വയലാർ പാടിയപ്പോൾ അത് ഒരു സാമൂഹിക നവോദ്ധാനത്തിൻെറ ഉണർത്തുപാട്ടായി . ഇടതുപക്ഷ ആശയങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ സാമൂഹിക മുന്നേറ്റത്തിന്റെ സംഭാവനകൾ വിശദമായ പഠനത്തിനും ഒരു സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാക്കേണ്ടതാണ്. കേരളത്തിന്റെ മതനിരപേക്ഷത സുഗമമായി നിലനിർത്താൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നൽകുന്ന പങ്കിന്റെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ തെളിവാണ് ഇടതുപക്ഷം ഭരണത്തിൽ എത്തുമ്പോൾ മത-രാഷ്ട്രീയ സംഘടനകളുടെ ദുർബലമാകുന്ന വിലപേശൽ ശേഷി.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച തിരിച്ചടി കേരളത്തിന്റെ മതനിരപേക്ഷിത സ്വഭാവത്തിനു സംഭവിച്ച അപചയത്തിന് തെളിവാണ്. സാമൂഹിക നവോത്ഥാനത്തിന് നൂറ്റാണ്ടിലെ ഏറ്റവും വലിയ നേർക്കാഴ്ചയായി പുരോഗമന ചിന്താഗതിക്കാർ ഉയർത്തിക്കൊണ്ടുവന്ന ശബരിമല വിഷയം ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിക്ക് കാരണമായെങ്കിൽ കേരളത്തിന്റെ പ്രമുഖമായ രാഷ്ട്രീയ സാമൂഹിക ‘പ്രബുദ്ധതയ്ക്ക്’ എന്തൊക്കെയോ വ്യതിയാനങ്ങൾ സംഭവിക്കുന്നു എന്ന് കരുതണം.
ഇവിടെയാണ് കേരളം ബംഗാളിൻെറ വഴിക്കാണോ സഞ്ചരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. ജാതിമത ശക്തികൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു ബംഗാൾ. ഇന്ത്യ വിഭജനത്തെത്തുടർന്ന് ഉണ്ടായ വർഗീയകലാപങ്ങളും അഭയാർഥി പ്രവാഹവും എല്ലാം ജാതിമത ശക്തികൾക്ക് ബംഗാളിൽ പിടിമുറുക്കാനുള്ള അന്തരീക്ഷം ഒരുക്കിയിരുന്നു. എന്നാൽ ജാതിമതചിന്തകൾക്ക് ഉപരിയായി മാനവികതയ്ക്ക് പ്രാധാന്യം നൽകിയിരുന്ന ഒരു പറ്റം നേതാക്കൾ ബംഗാളിനെ മതേതര ഇന്ത്യയുടെ കളിത്തൊട്ടിലായി വളർത്തിക്കൊണ്ടുവന്നു. ഡോക്ടർ ബി സി റോയ്, അജയ് മുഖർജി, ജ്യോതിബസു, പ്രഫുല്ല ചന്ദ്രസെൻ തുടങ്ങിയ നേതാക്കളുടെ ശ്രമങ്ങൾ ബംഗാളിനെ വർഗീയ കോമരങ്ങളിൽ നിന്ന് അകറ്റിനിർത്തി. മാനവികതയ്ക്ക് പ്രാധാന്യം നൽകിയ ഈ നേതാക്കന്മാർ ബംഗാളിൽ ഉയർത്തിയ സംരക്ഷണഭിത്തി ആണ് തകർന്നടിഞ്ഞിരിക്കുന്നത്. ബംഗാളിലെ പോലെ കേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടി നേരിടുകയാണെങ്കിൽ പകരം ഉയർന്നു വരുന്നത് വർഗീയശക്തികൾ ആയിരിക്കും എന്ന് നിസ്സംശയം പറയാം. ഇതാണ് കേരളവും ബംഗാളിന്റെ വഴിക്കാണോ എന്ന് സംശയിക്കാൻ കാരണം.
വലതുപക്ഷ ഭരണകാലത്ത് മതജാതി ശക്തികൾക്ക് ഭരണ-രാഷ്ട്രീയ മേഖലകൾ ലഭിക്കുന്ന സ്വാധീനം ഇടതുഭരണത്തിൽ ഇല്ലാത്തതും ഇന്നത്തെ കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്കിന്റെ തെളിവാണ്. വലതുപക്ഷ ഭരണം കൈയാളുമ്പോൾ സർവ്വകലാശാലകളും മന്ത്രി നിയമനങ്ങളിലും തൊട്ടു സർവതിലും കൈകടത്താൻ ജാതിമത ശക്തികൾക്ക് സാധിച്ചിരുന്നു. ഇത്തരത്തിലുള്ള കൈകടത്തലുകൾക്ക് അതിർവരമ്പിടാനും സർവോപരി മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെ താങ്ങി നിർത്താനും ഇടതുപക്ഷത്തിന്റെ നിലനിൽപ്പ് അത്യന്താപേഷിതമാണ് .
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ഒന്ന്
ജീവിതം എന്നത് സ്വപ്നങ്ങളുടെ ഒരു ചീട്ട് കൊട്ടാരമാണ്.അവിടെ വേണമെങ്കിൽ രാജാവാകാം.അല്ലങ്കിൽ മന്ത്രിയോ സേവകനോ ഭടനോ എന്തുവേണമെങ്കിലും ആകാം. നമ്മളുടെ ഇഷ്ടം പോലെ വേഷങ്ങൾ തിരഞ്ഞെടുക്കാം.ഞാനും ഒരു വേഷം തിരഞ്ഞെടുക്കുന്നു.
എന്നെ ചിലർക്കെങ്കിലും പരിചയം കാണും.അറിഞ്ഞുകൂടാത്തവർക്കുവേണ്ടി ,എൻ്റെ പേര് മത്തായി.
പൊതുവെ മത്തായിമാർ മണ്ടന്മാർ ആയിരിക്കും എന്നൊരു വിശ്വാസം ഉണ്ട്.അത് ശരിയാണോ എന്ന് നിങ്ങൾ തീരുമാനിക്കുക
മുഴുവൻ പേരും പറഞ്ഞില്ല,എം.എ.മാത്യു എം.എ.
രണ്ടാമത്തെ എം.എ.എൻ്റെ ഡിഗ്രിയും ആദ്യത്തെ എം.എ. ഇനിഷ്യലും ആണ്.ഇപ്പോൾ മനസിലായല്ലോ ഞാൻ ഒരു വെറും “മത്തായി” അല്ല എന്ന്.
നാട്ടിൽ ഞങ്ങളുടെ ക്ലബും അതിനോട് ചേർന്ന് അല്പം നാടകവും കലാസാംസ്കാരിക പരിപാടികളുമായി നടക്കുന്ന സമയത്താണ് ബാംഗ്ലൂരിൽ ജോലിയുള്ള ഒരു സുഹൃത്ത് നാട്ടിൽ വരുന്നത്. ബാംഗ്ലൂരിൽ ടാജ് റസിഡൻസി എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജർ ആണ് അവൻ.
അങ്ങിനെ ചെത്തിനടക്കുന്നതിനിടയിൽ അവൻ എന്നോട് ഒരു ചോദ്യം.
“മത്തായി ഇങ്ങിനെ നടന്നാൽ മതിയോ?ഒരു ജോലിയൊക്കെ വേണ്ടെ?എൻ്റെ കൂടെ ബാംഗ്ലൂർ ക്ക് പോരെ ജോലി ഞാൻ ശരിയാക്കി തരാം.”
ക്ലബ്ബിൽ കൂട്ടുകാരുടെ മുമ്പിൽ വച്ച് അവൻ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.
“മത്തായി ,ഒന്ന് ശ്രമിച്ചു നോക്കട”,
കൂട്ടുകാരുമായി ചീട്ടും കാരംസും കളിച്ചു സുഖമായി ഞാൻ ജീവിക്കുന്നത് അവന് സഹിക്കുന്നില്ല.
“എനിക്ക് ജോലി വേണ്ട “,എന്ന് പറയാൻ പറ്റില്ലല്ലോ.അതും ഒരു സുഹൃത്ത് ജോലി ശരിയാക്കി തരാം എന്ന് പറയുമ്പോൾ.
അങ്ങിനെ എല്ലാവരുടേയും പ്രോത്സാഹനവും നിർബന്ധവും സഹിക്കവയ്യാതെ ഞാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറി.ഞാൻ തീരുമാനം എടുക്കാൻ താമസിച്ചതുകൊണ്ട് അവൻ നേരത്തെ പോയിക്കഴിഞ്ഞിരുന്നു..
മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുന്നൂറ്റി മുപ്പത്തി മൂന്നാം ബസ്സിൽ കയറി അവൻ പറഞ്ഞതനുസരിച്ച് മാറത്തഹള്ളിയിൽ ഇറങ്ങി.
പക്ഷെ അവൻ എഴുതിത്തന്ന അഡ്രസ്സും വീടും കണ്ടുപിടിക്കുക അത്ര എളുപ്പമായിരുന്നില്ല.രസകരമായ വസ്തുത മൊബൈൽ നാവിഗേറ്ററിലോ മാപ്പിലോ ഒന്നും അവൻ പറഞ്ഞ സ്ഥലമില്ല.ബസ്സ് സ്റ്റോപ്പിന് അടുത്താണു എന്ന് അവൻ പ്രത്യേകം പറഞ്ഞിരുന്നു പക്ഷെ മാറത്തഹളളിയിൽ പല ബസ്സ് സ്റ്റോപ് കൾ ഉണ്ട്.വിളിക്കുമ്പോൾ അവൻ്റെ മൊബൈൽ സ്വിച് ഓഫ്.ഇനി മുൻപിലുള്ള വഴി ആരോടെങ്കിലും ചോദിക്കുക എന്നതാണ്
പലരോടും ചോദിച്ചു. അപ്പോൾ ഒരു കാര്യം വ്യക്തമായി.അവൻ തന്ന പേരിൽ ഒരു റോഡ് മാറത്തഹള്ളി പ്രദേശത്തില്ല.
ഇത്തരം സന്ദർഭങ്ങളിൽ ഞാൻ ഉപയോഗിക്കുന്ന ഒരു ട്രിക് ഉണ്ട്.ചെറിയ പെട്ടിക്കടകൾ,ബാർബർ ഷാപ്പുകൾ മുതലായവയുടെ ബോർഡ്‌കൾ വായിച്ചുനോക്കും.പേരുകൊണ്ട് മനസിലാക്കാം മലയാളികളുടെ കടകൾ.
ഇത്തരം കടകൾ പ്രാദേശിക ഇൻഫർമേഷനുകൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും.
അങ്ങിനെ ബോർഡുകൾ വായിച്ചു നടക്കുമ്പോളാണ് സുപ്രിയ ഹെയർ സലൂൺ എന്ന് മലയാളത്തിൽ എഴുതിയ ഒരു ബോർഡ് കാണുന്നത്.
എൻ്റെ നിഗമനം എത്ര ശരിയായി എന്ന് നോക്കൂ.സദാനന്ദൻ എന്ന വടകരക്കാരൻ ആയിരുന്നു സുപ്രിയ സലൂണിൻ്റെ പ്രൊപ്രൈറ്റർ.
.സദാനന്ദൻ പറഞ്ഞു,”ഇരുപതു വർഷമായി ഞാൻ ഇവിടെ ഈ ഷോപ് തുടങ്ങിയിട്ട്.ഇവിടെ ഇങ്ങിനെ ഒരു റോഡ് ഇല്ല”.
കാര്യങ്ങൾ ഏതാണ്ട് മനസിലായിത്തുടങ്ങി.അവനെ തേടി നടക്കുന്നതുകൊണ്ട് ഇനി വലിയ പ്രയോജനമില്ല.
ഏതായാലും ഇനി അല്പം വിശ്രമിക്കുക തന്നെ എന്ന് തീരുമാനിച്ചു.
വിശന്നിട്ട് കണ്ണുകാണാൻ വയ്യ.മുമ്പിൽ കണ്ട സാമാന്യം വലിയ ഒരു ഹോട്ടലിലേക്ക് കയറി.ഒരു ചായ കുടിക്കണം,വല്ലതും കഴിക്കണം.
എന്നിട്ട് ബാക്കി കാര്യം.
ഹോട്ടലിൽ സാമാന്യം നല്ല തിരക്കുണ്ട്. അരികിലായി ആളൊഴിഞ്ഞ ഒരു വിൻഡോ സീറ്റ് പിടിച്ചു.
ഒരു സപ്ലയർ വന്നു,
“ഏനു ബേക്കു സർ”
“എന്താ..?”
ഒന്നും മനസിലായില്ല.ഞാൻ അയാളുടെ മുഖത്തേക്കു നോക്കി.
ഞാനും അയാളും ഒന്നിച്ചു ഞെട്ടി.
“എടാ,നീയോ?”
“എടാ,മത്തായി..”
“ഇതാണോടാ നിൻ്റെ ടാജ് റെസിഡൻസി”?
“നീ എന്തിനാടാ ഇങ്ങോട്ട് വന്നത്?അന്നു വെറുതെ ഞാൻ ഒന്നു ഷൈൻ ചെയ്യാൻ പറഞ്ഞതല്ലേ………………? നീ ഒരു മത്തായി തന്നെ “.
അപ്പോൾ കുഴപ്പം എൻ്റെത് ആണ്.
“ഫൈവ് സ്റ്റാർ…………മാനേജർ……………….ജോലി മേടിച്ചു തരും…….എന്തെല്ലാം ആയിരുന്നു …?”
“ഏതായാലും നീ ചായ കുടിക്ക് “,
അവൻ ഒരു ചായയും മസാലദോശയും കൊണ്ടുവന്നു എൻ്റെ മുമ്പിൽ വച്ചു.
“നീ എങ്ങിനെ ഈ ഹോട്ടൽ കണ്ടുപിടിച്ചു?”
ഞാൻ വെറുതെ ചിരിച്ചു.
“ഇനി എന്താ നിൻ്റെ പരിപാടി?”
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ്റെ ചോദ്യം.
“ഏതായാലും വന്നതല്ലെ?കുറച്ചുദിവസം നിൻ്റെ കൂടെ താമസിച്ചു ബാംഗ്ലൂർ ഒന്ന് കാണണം”.
അവൻ്റെ മുഖത്തെ ദൈന്യത ഞാൻ കണ്ടില്ലന്നു വച്ചു .
“മോനെ നിൻ്റെ വീട്ടിൽ അത്യാവശ്യം ചുറ്റുപാട് ഒക്കെ ഉള്ളതല്ലേ?വല്ല റവറും (റബ്ബർ )വെട്ടിയാണങ്കിലും നിനക്ക് ജീവിക്കാം.എൻ്റെ സ്ഥിതി അതല്ല. അതുകൊണ്ട് തിരിച്ചുപോകാൻ നോക്ക്”.
“അത് വെറുതെ,നീ എന്നെ തിരിച്ചു നാട്ടിലയാക്കാം എന്ന് വിചാരിക്കേണ്ട”.
“മോനെ ഞാൻ പറയുന്നത് ഒന്ന് കേൾക്കു,അല്ല ഞാൻ ഒന്നും പറയുന്നില്ല.എൻ്റെ താമസസ്ഥലം കാണുമ്പൊൾ നിനക്ക് എല്ലാം മനസിലാകും.”
“സുഖമായി നാട്ടിൽ കഴിഞ്ഞ എന്നെ നീ വിളിച്ചുവരുത്തി……………ഇതിൻ്റെ വല്ല ആവശ്യവും നിനക്കുണ്ടായിരുന്നോ?ഏതായാലും വന്നു. നനഞ്ഞിറങ്ങിയാൽ കുളിച്ചുകേറുന്നവനാ ഈ മത്തായി.”
“നീ ആദ്യം ഈ മത്തായി എന്ന് പേരുതന്നെ മാറ്റണം.”.
“എൻ്റെ പേര് മാറ്റണോ?”
“നിൻ്റെ സർട്ടിഫിക്കറ്റിൽ പേര് മാത്യു എന്നല്ലേ? ആ പേര് ഇവിടെ പറഞ്ഞാൽ മതി.മനസിലായൊടാ മത്തായി?.പേര് കേൾക്കുമ്പോൾ ഒരു വെയിറ്റ് ഒക്കെ വേണ്ടേ?”..
ഇന്നുമുതൽ നീ മാത്യു എന്ന് അറിയപ്പെടും എന്ന തിരുവെഴുത്തു അങ്ങിനെ പൂർത്തിയായി.
അവൻ പറഞ്ഞതിലും ദയനീയമായിരുന്നു അവൻ്റെ വാസസ്ഥലം.
ഒരു ഒറ്റമുറി. വെള്ളം ടോയിലറ്റ് മുതലായ കാര്യങ്ങൾ പറയാതിരിക്കുകയാണ് ഭേദം എൻ്റെ വരവോടുകൂടി അവൻ്റെ പ്രസരിപ്പ് നഷ്ട്ടപെട്ടോ എന്ന് എനിക്ക് സംശയമായി.
പതിവുപോലെ കാലത്തേ ഞാൻ എഴുന്നേറ്റു.നോക്കുമ്പോൾ വെള്ളമില്ല.പുറത്തേക്കുനോക്കുമ്പോൾ ഏതാനുംപേർ ബക്കറ്റുകളുമായി ക്യു നിൽക്കുന്നു.ഞാനും ഒരു ബക്കറ്റെടുത്തു പോയി ക്യുവിൽ നിന്നു.
മുൻപിൽ നിന്നിരുന്ന പെൺകുട്ടി എന്നെനോക്കി ചിരിച്ചു. ഞാനും ചിരിച്ചു.
അവൾ ചോദിച്ചു,”വാട് ഈസ് യൂവർ നെയിം?”
“എന്താ?”
“ഓ ഇംഗ്ലീഷ് അറിയില്ല,അല്ലെ?”
“ഉം.”
“എന്താ പേര് എന്ന്”?
“മാത്ത്……………മാത്യു.”
“ചേട്ടൻ എത്ര വരെ പഠിച്ചു ?”
“എട്ടിൽ പൊട്ടി.”
“കഷ്ടം,ഞാൻ എസ്.എസ്.എൽ.സിയാ .പ്രസാദ് ചേട്ടൻ്റെ വീട്ടിൽ വന്നതാ അല്ലെ.”
“ഉം “.
“ഇത് ഞങ്ങൾ സ്ത്രീകളുടെ ക്യു ആണ്.പുരുഷന്മാർ അപ്പുറത്തെ ലൈനിൽ നിൽക്കണം
“എന്തിൻ്റെ ക്യു?”
അവൾ ചിരിച്ചു.”ടോയ്‌ലെറ്റിൽ പോകാൻ”
അവിടെ നിന്നും ഞാൻ രക്ഷപെട്ടു
രണ്ടാം ദിവസം അവൻ പറഞ്ഞു,”മത്തായി നിനക്ക് ഞാൻ ഒരു താമസസ്ഥലം കണ്ടുപിടിച്ചു തരാം”.
ശിവാജിനഗർ ബസ് സ്റ്റാന്റിനടുത്തു മലയാളികൾനടത്തുന്ന ഒരു മെസ്സും ഒരു ലോഡ്‌ജിയും ഉണ്ട്.മലബാർ ലോഡ്ജ് .അവിടെ ഒന്ന് ശ്രമിച്ചുനോക്കാം.
എന്നേക്കാൾ കൂടുതൽ ആവശ്യം അവനായിരുന്നു,ഞാൻ ഒരു നല്ല നിലയിൽ എത്താൻ എന്ന് തോന്നുന്നു. അങ്ങിനെ ഞാൻ മലബാർ ലോഡ്ജിലേ അന്തേവാസിയായി..
ഞാൻ ലോഡ്ജിലേക്ക് മാറുമ്പോൾ അവൻ പറഞ്ഞു,” നീ ഇതെല്ലം നാട്ടിൽ ചെന്ന് പറഞ്ഞേക്കരുത്.എൻ്റെ വിവാഹം ഉറപ്പിച്ചുവച്ചിരിക്കുന്നതാണ്.”
“ആ പെണ്ണിൻറെ കഷ്ടകാലം.ചൊവ്വ ദോഷം കാണും ജാതകത്തിൽ “ഞാൻ പറഞ്ഞൂ.
“എന്താ?”
“ഇല്ല സത്യമായിട്ടും പറയില്ല.”
അവന് ആശ്വാസമായി.
പിന്നീട് ഓർത്തു ചിരിക്കാൻ നല്ലൊരു വിഷയമായി ആ സത്യം ചെയ്യൽ.
ഒരാളോട് “സത്യം ഞാൻ പറയില്ല”, എന്ന് സത്യം ചെയ്യുക.
മലബാർ ലോഡ്ജിലെ താമസത്തിനിടയിലാണ് ഞാൻ ഉണ്ണികൃഷ്ണനെയും ജോൺ സെബാസ്റ്റ്യനേയും പരിചയപ്പെടുന്നത്.
അത് ജീവിതത്തിൽ ഒരു വല്ലാത്ത വഴിത്തിരിവിൽ എന്നെ എത്തിച്ചു.
(തുടരും )
കാരൂർ സോമൻ
ആന്തുർ നഗര സഭയുമായി ബന്ധപ്പെട്ട സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഒരു ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. ഇത്ര ദാരുണമായ മരണം പ്രവാസികളുടെ ഹ്ര്യദയത്തിനേറ്റ മുറിവും നൊമ്പരവുമാണ്. കോടതി ഇടപെട്ടതുപോലെ ലോകമെങ്ങുമുള്ള പ്രവാസികൾ കുറ്റവാളികൾ രക്ഷപ്പെടുമോയെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വർഷങ്ങൾ നൈജീരിയയിൽ ജീവിതം പടുത്തുയർത്താൻ കഷ്ടപ്പെട്ട സത്യസന്ധനായ ഒരു പാവം പ്രവാസിയുടെ ആത്മഹത്യ ആരുടെ സൃഷ്ട്രിയാണ്? നൈജീരിയ എന്ന രാജ്യത്തു ഓരോ മലയാളിയും ഭയന്ന് തന്നെയാണ് ദിനങ്ങൾ കടന്നുപോകുന്നത്. ശീതികരിച്ച ആഡംബര മുറികളിലിരിന്നു ജീവിതം ഉല്ലസിക്കുന്നവർക്ക് പ്രവാസികളുടെ നൊമ്പരങ്ങൾ അറിയണമെന്നില്ല. നൈജീരിയയിലെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ജന്മനാട്ടിലെത്തി ആർക്കോവേണ്ടി ജീവൻ ബലികഴിച്ച ഹതഭാഗ്യൻ. ഒരു രാഷ്ട്രീയ പാർട്ടിയേക്കാൾ ഇവിടെ നടന്നത് ചൂഷകനും മർദ്ദകനും തമ്മിലുള്ള പോരാട്ടമാണ്. മനുഷ്യരെപ്പോലെ ചിന്തിക്കുന്ന കഴുതകളെ നമ്മുക്ക് കാണാൻ സാധിക്കില്ല എന്നാൽ ഇന്ത്യയിൽ നടക്കുന്ന ചില സംഭവങ്ങൾ കണ്ടാൽ കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യരെ ആൾക്കൂട്ടത്തിനിടയിൽ കാണുന്നുണ്ട്. ഈ വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നവരും പലവട്ടം പ്രതിക്കൂട്ടിൽ നിന്നവരാണ്. സത്യം പറയുന്നവരെ വലത്തു- ഇടത്തു പക്ഷ വിരുദ്ധർ എന്ന് വിളിച്ചിട്ടും കാര്യമില്ല.
ഒരു ഭരണകൂടത്തെ ജനങ്ങൾ വിലയിരുത്തുന്നത് സത്യവും നീതിയും മാത്രമല്ല അവരുടെ നാക്കും വാക്കും നോക്കും ജനങ്ങൾക്ക് പ്രസാദകരമാകണം. ഗുരുദേവൻ പറഞ്ഞ ഒരു വാചകമുണ്ട്. “അധർമ്മപക്ഷത്തു നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മപക്ഷത്തു നിന്ന് തോൽക്കുന്നതാണ്”. ഇത് തിരിച്ചറിയേണമെങ്കിൽ അധികാര അഹങ്കാരത്തെക്കാൾ, പൊന്നിനേക്കാൾ, പരിജ്ഞാനം സമ്പാദിക്കാനുള്ള മനസ്സുണ്ടാകണം. അധികാരസമ്പത്തിനേക്കാൾ ജ്ഞാനസമ്പത്തുള്ളവരാകണം. രാഷ്ട്രീയ മേഖലയാകുമ്പോൾ അവർ ത്യാഗസമ്പന്നന്മാരാകണം, മറ്റുള്ളവർക്ക് കെണി വെക്കുന്നവരാകരുത്. ഒരാവശ്യവുമായി ഒരാൾ സർക്കാർ സ്ഥാപനത്തിൽ ചെന്നാൽ അവിടെ നടക്കുന്നത് ഗാന്ധിയൻ സിദ്ധന്തമാണോ അതോ ജന്മികുടിയാൻ സിദ്ധന്തമോ? ഭരണാധികാരികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊലീസ് വകുപ്പുകൾ, കളക്ടർ ഇവരെയൊക്കെ തീറ്റിപോറ്റുന്നത് ജനങ്ങളുടെ നികുതി പണംകൊണ്ടാകുമ്പോൾ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. നീതി നിഷേധങ്ങൾ നടന്നാൽ ലോകത്തിന്റ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങളുയരും. ചൂഷകർക്കതിരെ പടപൊരുതേണ്ടവർ അവരുടെ സംരക്ഷകരായി മാറാൻ പാടില്ല.
ഇരുപത് വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തു ഇത്രമാത്രം ജീർണ്ണതകൾ മലയാളികൾ കണ്ടുകാണില്ല. രാഷ്ട്രീയ കുത്തക മുതലാളിമാരെയും കണ്ടിട്ടില്ല. ഇന്നു കാണുന്ന പ്രവണതകൾ ജന്മി-കുടിയാൻ വ്യവസ്ഥിതി വീണ്ടും വരുമോ എന്നതാണ്. ജനങ്ങൾ കുടിയാന്മാരും അധികാരത്തിലുള്ളവർ ജന്മിമാരായും മാറുന്നു. ഒരാൾ രാഷ്ട്രീയ നേതാവായാൽ അയാളുടെ കുടുംബത്തിലുള്ളവരും, ബന്ധുക്കളും അവർക്ക് ഓശാന പാടുന്നവരും അധികാരത്തിലെത്തുന്നത് വളരെ വേഗത്തിലാണ്. ഈ സുഖാനുഭവ നിമിഷങ്ങളിൽ നീതി ലഭിക്കാതെ ഒരു കൂട്ടർ മറുഭാഗത്തും നിൽക്കുന്നത് ഇവർ മറക്കുന്നു. ഒരു കുറ്റത്താലാണ് അവരെ അകറ്റിയത്. പാർട്ടി അനുഭാവിയല്ല. മരണംവരെ അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുക, മക്കൾ രാഷ്ട്രീയം, സങ്കുചിത താല്പര്യങ്ങൾ, ആന്തരികമായ അധികാരദാർഷ്ട്യം, ധൂർത്തു്, അധികാരത്തെ തൻകാര്യത്തിനായി ഉപയോഗിക്കുക, രാഷ്ട്രീയം നോക്കി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുക, പുരസ്‌കാരം-പദവികൾ നൽകുക, രാഷ്ട്രിയക്കാരല്ലാത്തവരെ പുറം തള്ളുക, സർക്കാർ സ്ഥാപങ്ങളിലെ വെള്ളാനകളായ സെക്രട്ടറി അടക്കമുള്ളവരുടെ ധിക്കാരം, നീതി നിഷേധങ്ങൾ, സ്ഥലംമാറി പോകാതെ രാഷ്ട്രിയക്കാര്ക്ക് സമ്മാനപ്പൊതികൾ നൽകി വര്ഷങ്ങളായി ഒരേ കസേരയിലിരിക്കുക, കൈക്കൂലി വാങ്ങി രക്ഷപ്പെടുക, ഇങ്ങനെ എണ്ണിയാൽ തീരാത്ത അധികാര ദുർവിനിയോഗമാണ് കുറെ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്. ഇതെല്ലാം താഴെക്കിടയിലുള്ളവർ കണ്ടുപഠിക്കുന്നത് മുകളിരിക്കുന്ന ജന്മിമാരിൽ നിന്നാണ്. ഒരല്പം മനുഷത്വവും ജ്ഞാനവും വിവേകവും ജനസേവനവും മനസ്സിലുണ്ടായിരുന്നെങ്കിൽ ഒരു പാവം പ്രവാസി തൻ്റെ സമ്പാദ്യമെല്ലാം ചിലവാക്കിയിട്ട് ആത്മഹത്യ ചെയ്യില്ലായിരുന്നു. കാപട്യം നിറഞ്ഞ ഈ ജനാധിപത്യത്തിൽ നിന്നും മാനസിക പീഡനം ഏറ്റുവാങ്ങിയതുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ഇതുപോലെ എത്രയെത്ര നിരപരാധികൾ പീഡനങ്ങൾ അനുഭവിക്കുന്നത്, ആത്മഹത്യ ചെയ്യുന്നത് മാലോകരറിയുന്നില്ല.
മലയാളക്കരയെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളെ കാലാകാലങ്ങളായി എങ്ങനെ കാണുന്നു എന്നുള്ളതിന്റ് തെളിവാണ് സാജൻ തൻറെ ഭാര്യയോട് പറഞ്ഞ മരണമൊഴികൾ. അതിന്റ ഓഡിയോ വിഡിയോ ചോദിക്കുമെന്നറിയില്ല. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ കൈക്കൂലി കൊടുത്തില്ലെങ്കിൽ മനുഷ്യരുടെ മനസ്സിലും ശരീരത്തും റേഡിയേഷൻ കൊടുക്കുന്ന മനുഷ്യ യന്ത്രങ്ങൾ എല്ലായിടവുമുണ്ട്. കൈക്കൂലി കൊടുത്തില്ലെങ്കിൽ യന്ത്രരാജൻ പണിമുടക്കും. കൈക്കൂലി കൊടുത്തിട്ടുള്ളവർക്ക് അറിയാവുന്ന കാര്യമാണത്. മരണപ്പെട്ടു കഴിഞ്ഞാൽ യന്ത്രരാജൻ റീത്തുമായിട്ടെത്തും. ഈ കാര്യത്തിൽ അചഞ്ചലമായ മനോധൈര്യം അവർക്കുണ്ട്. ഇതുപോലെ ആത്മഹത്യ ചെയ്ത പുനലൂർക്കാരൻ സുഗതന്റെ മകനും പരാതികളുണ്ട്. ഇങ്ങനെ എത്രയോ പ്രവാസികൾക്ക് നാട്ടിലെ രാഷ്ട്രീയക്കാർ ശല്യക്കാരായി മാറുന്നു. ഇന്ത്യയിൽ പണിയെടുക്കാതെ ജീവിക്കാനുള്ള ഏക മാർഗ്ഗം രാഷ്ട്രിയകൃഷിയായി കൊണ്ടുനടക്കുന്നവരാണിവർ. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവർക്ക് ഒരു തൊഴിലും ലഭിക്കാതിരിക്കുമ്പോഴാണ് ഈ മടിയൻമാർ അധികാരികളായി മാറി സമൂഹത്തിന് ഒന്നും ചെയ്യാതെ വെറും ബിംബങ്ങളായി കാലഘടികാരത്തിനുള്ളിൽ സുഖഭോഗികളായി മദിച്ചു ജീവിക്കുന്നത്. ഇവരെ മാലോകരറിയുന്നത് ഏതെങ്കിലും പദവികളിൽ വരുമ്പോഴാണ്. ബാക്കി കാര്യങ്ങൾ മാധ്യമങ്ങൾ ചെയ്തുകൊള്ളും.
സത്യത്തിൽ പ്രവാസികൾക്ക് നമ്മുടെ ഏതെങ്കിലും സർക്കാർ എന്തെങ്കിലും അനുകുല്യങ്ങൾ നൽകിയിട്ടുണ്ടോ? കേരളത്തെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളുടെ സമ്പത്തു് മാത്രം മതിയോ? വിദേശ രാജ്യങ്ങളിൽ പലവിധത്തിൽ ദുരിതദുഃഖങ്ങൾ അനുഭവിക്കുന്ന ധാരാളം പ്രവാസികളുണ്ട്. അവരുടെ നീറുന്ന വിഷയങ്ങളിലോ പ്രവാസം കഴിഞ്ഞു നാട്ടിൽ മടങ്ങി ചെന്നാലും സർക്കാരിന് അവരുടെ ഭാവിയെപ്പറ്റി ഒരു ഉത്കണ്ഠയുമില്ല. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന ദയനീയാവസ്ഥ. സാജൻറ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില പ്രവാസി സംഘടനകൾ രംഗത്തു വന്നെങ്കിലും ഉപരിവർഗ്ഗത്തോട് വിധേയത്വമുള്ള പല സംഘടനകളും രംഗത്ത് വന്നില്ല. സർക്കാർ തലത്തിൽ പ്രവാസികൾക്കായി നടത്തുന്ന പല പേരിലുള്ള ഷോകൾ, മെഗാഷോകൾ കാണാറുണ്ട്. ഇതിലൂടെ പ്രവാസികൾക്ക് എന്തെങ്കിലും ഗുണം ലഭിച്ചോ? ധൂർത്തടിക്കുന്ന പണമെങ്കിലും കിട്ടുന്നുണ്ടോ? ഇന്ത്യൻ എംബസ്സികൾക്ക് ഇന്ത്യക്കാർ എത്രയുണ്ടെന്നുള്ള കൃത്യമായ കണക്കില്ല. കുറ്റം പറയരുതല്ലോ റബ്ബർ സ്റ്റാമ്പാടിച്ചു് തരാൻ അവർ ഒപ്പമുണ്ട്. ഈ അടുത്ത സമയത്തു് ഒരു സുകൃത്തു ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിൽ ഇരുപത് പേജുകൾ എംബസ്സി സ്റ്റാമ്പ് ചെയ്യിക്കാൻ പോയി. ഒരു പേപ്പർ എംബസ്സി സീൽ ചെയ്യുന്നതിന് പതിനെട്ടു പൗണ്ട് കൊടുക്കണം. അത് നൂറു പേപ്പർ സ്റ്റാമ്പ് ചെയ്യ്താലും ഒരു പേപ്പറിന് പതിനെട്ടു പൗണ്ടാണ്. പൗണ്ടിന്റെ വിലയറിയാത്ത പാവങ്ങളെ ചുഷണം ചെയ്യുന്ന ഇതുപോലുള്ള എംബസികൾ ലോകത്തെമ്പാടുമുണ്ട്. തൊഴിൽ രംഗത്ത് അവർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പരിഹാരം കാണാനോ, മരുന്ന് വാങ്ങാൻ പണമില്ലാത്തവന് എന്തെങ്കിലും സഹായം ചെയ്യാനോ ഇവർക്കാകുന്നില്ല. കേരളത്തിൽ മറ്റൊരു സുകൃത്തു അവരുടെ വില്ലേജ് ഓഫീസിൽ കുട്ടികളുടെ പേരിലേക്ക് വീട് എഴുതിവെക്കാൻ പതിനഞ്ചു ദിവസത്തെ അവധിക്ക് പോയി. പേരിൽ കുട്ടൻ കുറഞ്ഞത് മുന്ന് മാസമെടുക്കും. പെട്ടെന്ന് ചെയ്യണമെങ്കിൽ കൈക്കൂലി കൊടുക്കണം. സുകൃത്തു ശപിച്ചുകൊണ്ട് നല്ലൊരു തുക കൈക്കൂലി കൊടുത്തിട്ടാണ് അത് കുട്ടികളുടെ പേരിലാക്കിയത്. എങ്ങും വെള്ളാനകളാണ്. ഈ കള്ളപണംകൊണ്ടാണല്ലോ ഇവർ മകൾക്ക് ആഹാരം കൊടുക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. ഇവരുടെ തൊലിക്കട്ടി കാണ്ടമൃഗത്തെയും തോൽപ്പിച്ചുകളയും. കൈക്കൂലിയുടെ വിളനിലമാണ് കേരളം. സാജനും കൈക്കൂലികൊടുക്കാൻ തയ്യാറായില്ല എന്നത് ഇതിനോട് കുട്ടിവായിക്കണം. ജന്മിമാർക്കായി അവരുടെ സർക്കാർ വേലിക്കുള്ളിൽ പശുക്കളെ മേയ്ക്കുന്ന കുടിയാന്മാരായി പാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഇവരെ നിയന്ത്രിക്കാനോ ഇവരുടെ വാർഷിക വരുമാന വർദ്ധനവ് നോക്കാനോ ഒരു സംവിധാനവുമില്ല. ജന്മിമാർക്ക് ലക്ഷങ്ങൾ കൈക്കൂലി കൊടുത്തു് ജോലി തരപ്പെടുത്തിയപ്പോൾ കൈക്കൂലി വാങ്ങാതിരിക്കുമോ? എന്തൊരു ജനാധിപത്യം.
കമ്മൂണിസ്റ്റ് ആശയങ്ങളുള്ള പാവങ്ങളുടെ ഒപ്പം നിൽക്കേണ്ട പാർട്ടി ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് കൈക്കൂലിയും, സ്വജന പക്ഷപാതവും സങ്കുചിത പ്രവർത്തനങ്ങളും നടക്കുന്നത്? ഇത് ഈ പാർട്ടി മാത്രം ചെയ്യുന്ന കാര്യമല്ല എല്ലാവരും കൈക്കൂലി, അഴിമതിക്ക് ബിരുദമെടുത്തു് പാലം പണിയാനും പൊളിക്കാനും അത് പുതിയ പാർട്ടിക്ക് കൊടുത്തു് കമ്മീഷൻ വാങ്ങാനും ഉപരിപഠനം നടത്തികൊണ്ടരിക്കുന്നവരാണ്. പഠനരംഗത്തെല്ലാം ഒന്നാം റാങ്ക് വാങ്ങിയ ഉന്നതനായ രാജു നാരായണസ്വാമി ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഐ എ എസ് ഉദ്യോഗസ്ഥൻ ലോകത്തോട് പറഞ്ഞത് ഇതിനൊക്കെ അടിവരയിടുന്ന കാര്യങ്ങളാണ്. ആയിരകണക്കിന് അഴിമതി കഥകൾ അദ്ദേഹത്തിനറിയാം അതിൽ മൂന്നെണ്ണമാണ് പുറത്തുകൊണ്ടുവന്നത്. അഴിമതി വീരന്മാരായ ജന്മിമാർ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്ന കഥകൾ കേൾക്കുമ്പോൾ നമ്മൾ അന്തംവിട്ടു നിന്നുപോകും. അണിയറയിലും അരങ്ങത്തും നടക്കുന്നു ഈ അഴിമതി ദൈവത്തിന്റ സ്വന്തം നാടിന് എത്ര അപമാനകരമാണ്. യൗവനക്കാർ ഇതൊന്നും കാണുന്നില്ലേ? അവരും ഫ്യൂഡൽ മാടമ്പി സംസ്കാരത്തിന്റ ഇരകളായി മാറിയോ?
പ്രവാസിയെ, പാവങ്ങളെ, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, വിദ്യാസമ്പന്നരെ നാടുകടത്തുന്ന ഈ തട്ടിപ്പ് ജനാധിപത്യം ഇന്ത്യക്ക് വേണമോയെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഗോഥയിൽ പോകുന്നവർ ചിന്തിക്കേണ്ട കാര്യമാണ്. ഭരണഘടനയിൽ എടുത്തുപറയുന്ന കാര്യമാണ് പൗരന് തൊഴിൽ ലഭിക്കുക. ഓരോ മലയാളിയെ പ്രവാസികളാക്കുന്നത് ഭരണത്തിലുള്ളവരാണ്. ജനാധിപത്യത്തിന്റ പേരും പറഞ്ഞു മരണംവരെ അധികാരത്തിലിരിക്കുന്ന ഈ ജന്മി-മുതലാളിമാർ നിത്യവും മലയാളികളെ നാടുകടത്തികൊണ്ടരിക്കുന്നു. ഒടുവിൽ കര്ഷകരെപ്പോലെ പ്രവാസികളെയും ആത്മഹത്യയിലേക്കും തള്ളി വിടുന്നു. പാവങ്ങളുടെ, ന്യൂനപക്ഷങ്ങളുടെയിടയിൽ ആഴത്തിൽ വേരോടിയിട്ടുള്ള ഒരു പാർട്ടിയിൽ ജന്മിമാർ കൊഴുത്തുതടിക്കുന്നതും വിമർശനങ്ങളെ അസഹിഷ്ണതയോട് കാണുന്നതും കമ്മൂണിസ്റ്റ് പ്രത്യശാസ്ത്രത്തിനും സദാചാരത്തിനും സംസ്കാരത്തിനും ചേർന്നതാണോയെന്ന് പരിശോധിക്കേണ്ടതാണ്. മുമ്പുള്ളതിനേക്കാൾ ഈ പാർട്ടിയിൽ ധാരാളം പുഴുക്കുത്തുകൾ കടന്നുകൂടിയിട്ടുണ്ട്. അതിൽ കുറെ വാലാട്ടികളുമുണ്ട്. വരണ്ടുകിടന്ന മണ്ണിൽ വിയർപ്പൊഴുക്കി വസന്തം കൊണ്ടുവന്നവരെ ഇവർ മറക്കുന്നു. ദേശാഭിമാനി പത്രമാകട്ടെ സത്യത്തെ വളച്ചൊടിച്ചു വായനക്കാരിൽ ആശങ്കയുണർത്തുന്നു. സമൂഹത്തിന് നീതി നല്കാൻ, സത്യം പറയാൻ കരുത്തില്ലാത്ത ഒരു പാർട്ടിയെയും ജനങ്ങൾ അംഗീകരിക്കില്ല. ഇതിനൊന്നും പരിഹാരം കണ്ടില്ലെങ്കിൽ, തെറ്റുകൾ തിരുത്തിപോകില്ലെങ്കിൽ സോഷ്യലിസ്റ്റു ദര്ശനമോ വസന്തകാന്തിപ്പുക്കളോ കേരളത്തിൽ വിരിയില്ല അതിന് പകരം വിരിയുക താമരയായിരിക്കുമെന്നോർക്കുക.
പ്രവാസി സമൂഹം ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്ത സാജന് നീതി കിട്ടണമെന്നാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ജീവിതത്തിലായാലും സാഹിത്യ-സാംസ്‌കാരിക രംഗത്തായാലും പ്രവാസികളോട് കാട്ടുന്ന ക്രൂരവിനോദങ്ങൾ, ചിറ്റമ്മ നയം അവസാനിപ്പിക്കണം. വിപ്ലവകാരികളിലെ വിപ്ലവകാരിയും രക്തസാക്ഷികളിലെ രക്തസാക്ഷിയുമായ ചെഗുവേരയെ ഓർക്കുമ്പോൾ നിരപരാധിയായിരുന്ന സാജന്റെ രക്തവും അദ്ദഹത്തിന്റ ഭാര്യ, പിഞ്ചോമനകളുടെ മുഖങ്ങളാണ് മുന്നിലേക്ക് വരുന്നത്. അവരുടെ സുരക്ഷിതത്വ൦ സർക്കാർ ഏറ്റടുക്കണം. അവരും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് വരട്ടെ.
കാരൂർ സോമൻ
ഒരു വരി കൂടിയെഴുതാൻ എന്നുള്ളിൽ
നീരുറവയായി നീ നിറയുന്നു
നിന്നിലലിയാൻ ഞാനൊരു വെളിച്ചമാവുന്നു
ഇരുട്ടിൻ കിരാതമെഴുത്തിൽ
പുകയുന്ന ഹൃദയത്തിൻ ഏഴുതാളങ്ങളിൽ
നീ നിറയുന്നു , നീരുറവയായി
എൻെറ ഹൃദയതന്ത്രികളിൽ ഞാനൊരു
പഴമ്പാട്ടിനുറവ തിരയുമ്പോൾ
നിന്റെ ഹൃദയതന്ത്രികളിൽ ഞാനൊരു
പഴുതാരപ്പടം നിറയ്ക്കുന്നു
രാവെഴുന്നു, പൂനിലാവിൽ നീ നിറയുന്നു
ഞാനെഴുതുന്നു വരികളിൽ
നിന്റെ കദനവും ചെമ്പടപ്പുറപ്പാടിൻ
ചതുരവേഗങ്ങളും കലിയെഴും
കഥ പോലെ നിന്റെ നാവിൻചുവട്ടിൽ
ഞാൻ നിറയുന്നു , നിന്നരുവിയായി
ഒരിക്കലെൻ ചേതനകൾ മറുത്തെറിഞ്ഞില്ലേ
മലർപ്പൊടിയിൽ വേദനകൾ
പൂമുഖപ്പടിയിൽ ഭൂപടമെഴുതിയില്ലേ
നിറനിലാവിൽ കതിരൊളി മറച്ചതറിഞ്ഞില്ലേ
മലർക്കിനാവിൽ മറപിടിച്ചലറിയില്ലേ
നിന്റെ നിലാവുമെൻ കറുപ്പും
കറുപ്പിലഴകായിയെൻ കദനവും
നിൻ മൊഴിയിൽ ഞാനെന്റെ കഥയൊഴുക്കുന്നു
കവിതയിൽ നിനക്കൊരു വൃത്തമൊരുക്കുന്നു
പാട്ടെഴുത്തിൽ പുലരി പൂമ്പാറ്റയാവുന്നു
പലരെഴുത്തിൽ നീയൊരു പനയോലയാവുന്നു
നിന്റെ ചിത്രങ്ങളിലെന്റെ കവിതയിറക്കുന്നു
നിന്റെ ചേദനകളിലെന്റെ കരളിലിറക്കുന്നു
ഇനി -ഒരു ചോദ്യമിവിടെ അവശേഷിക്കുന്നു
ഇനി – ഒരു മറുചോദ്യമിവിടെ മറുനാദമാവുന്നു
അതെന്റെയും നിന്റെയും ഭൂപടത്തിൽ
പിറക്കാതെ പോയൊരു കുഞ്ഞുമാത്രം !!
വിലാസം:
കാരൂര്‍ സോമന്‍
ചാരുംമൂട് പി.ഒ, മാവേലിക്കര, 690 505
E-Mail: [email protected]