Specials

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുവാന്‍ ഗവണ്മെന്റുകളും സെന്‍ട്രല്‍ ബാങ്കുകളും നീക്കം നടത്തിയേക്കും എന്ന ആശങ്ക പലര്‍ക്കുമുണ്ട്. പക്ഷെ അവയെല്ലാം അസ്ഥാനത്താകുമെന്നുള്ള പ്രതീക്ഷകളാണ് പല സെന്‍ട്രല്‍ ബാങ്കുകളും സ്വന്തം ക്രിപ്‌റ്റോ കറന്‍സി ഇറക്കുവാനുള്ള ശ്രമങ്ങളിലാണ് എന്ന വാര്‍ത്ത നല്‍കുന്നത്.

സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച എസ്റ്റോണിയ ആണ് ഈ രംഗത്ത് പരീക്ഷണത്തിനൊരുങ്ങുന്നത്. ലോകത്താദ്യമായാണ് ഒരു രാജ്യം ഐസിഒ (ഇനീഷ്യല്‍ കോയിന്‍ ഓഫറിംഗ്) വഴി ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുന്നത്. എസ്റ്റ്‌കോയിന്‍സ് എന്ന പേരില്‍ എത്തുന്ന കറന്‍സി ഡിജിറ്റല്‍ നിക്ഷേപത്തിനു കരുത്തു പകരുന്നതാണ്. ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ എതേറിയത്തിന്റെ സ്ഥാപകന്‍ വിതാലിക് ബൂടെറിന്‍ ആണ് എസ്റ്റ്‌കോയിന്‍ ഐസിഒക്ക് ആവശ്യമായിട്ടുള്ള സാങ്കേതിക പിന്തുണകള്‍ നല്‍കുന്നത്.

ഇന്ത്യയിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വക്താവ് നല്‍കുന്ന സൂചന ഇന്ത്യയും ക്രിപ്‌റ്റോ കറന്‍സിയുടെ പാത പരീക്ഷിക്കും എന്ന് തന്നെയാണ്. ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ഇന്ത്യയില്‍ നിന്നും വ്യാപകമായ നിക്ഷേപം നടക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയും ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ലോകരാജ്യങ്ങള്‍ പലതും ബിറ്റ് കൊയിനിന് പിന്നാലെ പോകുമ്പോഴും ഭാവിയുടെ കറന്‍സിയായ ബിറ്റ് കോയിന്‍ എന്താണെന്ന് പോലും മനസ്സിലാകാത്തവര്‍ ആണ് സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും. ക്രിപ്റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി എന്നറിയപ്പെടുന്ന വിനിമയോപാധിയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് ബിറ്റ് കോയിന്‍. ഇത് സാധാരണ പണം പോലെ കൈ കൊണ്ട് കൈകാര്യം ചെയ്യുന്നതോ പഴ്സില്‍ കൊണ്ട് നടക്കാവുന്നതോ ആയ ഒന്നല്ല. ഈ കോയിന്‍ നിര്‍മ്മിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റല്‍ ആണ്.

വലിയ പ്രോസസിംഗ് ശേഷിയുള്ള കമ്പ്യൂട്ടറുകളില്‍ അനേകം പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നാണ് ബിറ്റ് കോയിന്‍ നിര്‍മ്മിക്കുന്നത്. ബിറ്റ് കോയിന്‍ ഡിജിറ്റല്‍ ലോകത്തെ പണമിടപാടുകള്‍ക്കാണ് ആദ്യം ഉപയോഗിച്ചിരുന്നത്. ക്രമേണ മറ്റ് മേഖലകളിലും മൂല്യം ഉണ്ടായതോടെ ബിറ്റ് കോയിന്‍ ഒരു മികച്ച നിക്ഷേപമാര്‍ഗ്ഗം എന്ന രീതിയിലും വളരുകയായിരുന്നു. റഷ്യയിലും മറ്റും ഇത്തരം കോയിന്‍ നിര്‍മ്മാണത്തിനായി ഒരുപാടു കംപ്യുട്ടര്‍കള്‍ ചേര്‍ന്ന ഡിജിറ്റല്‍ ഫാം തന്നെയുണ്ട്. മൈനിംഗ് എന്നാണ് ഈ പ്രക്രിയ ഡിജിറ്റല്‍ കറന്‍സി രംഗത്ത് അറിയപ്പെടുന്നത്.

ജപ്പാന്‍കാരനായ സതോഷി നകോമോട്ടോയാണ് ബിറ്റ് കൊയിനിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു വ്യക്തിയല്ല ഒരു കൂട്ടം ആളുകള്‍ ആണ് എന്നും ഒരഭിപ്രായമുണ്ട്.

 

ബെന്നി അഗസ്റ്റിന്‍

മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ നിത്യഹരിത സൃഷ്ടികളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാന’ പരമ്പര അഞ്ചാമത്തെ എപ്പിസോഡിലേക്കു കടക്കുകയാണ്. ഈ എപ്പിസോഡില്‍ പരിപാടിയുടെ ക്രിയേറ്റിവ് ഡയറക്ടറായ വിശ്വലാല്‍ റ്റി. ആര്‍ ‘അനുരാഗ ഗാനം പോലെ’ എന്ന മനോഹര ഗാനവുമായി നിങ്ങളുടെ മുമ്പിലെത്തുന്നു. 1967ല്‍ റിലീസായ ‘ഉദ്യോഗസ്ഥ” എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരി എഴുതി എം. എസ്. ബാബുരാജ് ഈണം നല്‍കി ഭാവഗായകനായ പി. ജയചന്ദ്രന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്തുവച്ചിട്ടുള്ള അനശ്വരങ്ങളായ ‘സുറുമയെഴുതിയ മിഴികളേ’, ‘പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍’, ‘ഇക്കരെയാണെന്റെ താമസം’, ‘കടലേ നീലക്കടലെ’ തുടങ്ങിയ ഗാനങ്ങള്‍ സാര്‍ത്ഥകമാക്കിയത് യൂസഫലി കേച്ചേരി-ബാബുരാജ് കൂട്ടുകെട്ടാണ്.

വയലാറിനും ഓ.എന്‍.വി ക്കും ശേഷം ഗാനരചന ദേശീയ പുരസ്‌ക്കാര നിറവിലേക്ക് ഉയര്‍ത്തപ്പെടുത്തുന്നത് യൂസഫലിയിലൂടെയാണ്. അഗാധ സംസ്‌കൃത പാണ്ഡിത്യം ആയിരുന്നു യൂസഫലിയെ തരളമധുരമായ ഗാനങ്ങള്‍ രചിക്കാന്‍ പ്രചോദനമാക്കി മാറ്റിയത്. ഏതാണ്ട് 140 ചിത്രങ്ങള്‍ക്കായി 660ല്‍ പരം ഗാനങ്ങളുടെ രചന നിര്‍വഹിച്ചിട്ടുണ്ട്.

ഈ ഗാനത്തോടൊപ്പം നൃത്തച്ചുവടുകള്‍ വെക്കുന്നത് കാര്‍ഡിഫിലെ നൃത്താദ്ധ്യാപികയായ കലാമണ്ഡലം ശില്‍പ്പാ ശശികുമാര്‍ ആണ്.
ക്രിയേറ്റീവ് ഡയറക്ടര്‍ : വിശ്വലാല്‍ രാമകൃഷ്ണന്‍, ആര്‍ട്, ക്യാമറ & എഡിറ്റിംഗ് : ജെയ്‌സണ്‍ ലോറന്‍സ്

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന യുകെയിലെ മലയാളികള്‍ക്കായി നാളെ പോര്‍ട്സ്മൗത്തില്‍ സംഗീത വിസ്മയം വിരിയുന്നു. യുകെയിലും കേരളത്തിലും ഉള്ള പ്രഗത്ഭ ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന സംഗീത മല്‍ഹാര്‍ എന്ന സംഗീത പരിപാടി നാളെ അഞ്ച് മണി മുതല്‍ ആണ് അരങ്ങേറുന്നത്. എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഗ്രേസ് മെലഡിയോസ് മ്യൂസിക്കല്‍ ബാന്‍ഡിന്‍റെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് സംഗീത മല്‍ഹാര്‍ അണിയിച്ചൊരുക്കുന്നത്. സ്വര രാഗ ലയങ്ങള്‍ സമ്മേളിക്കുന്ന മൂന്നാമത് സംഗീത മല്‍ഹാറിനാണ് നാളെ പോര്‍ട്ട്‌ചെസ്റ്റര്‍ കമ്മ്യൂണിറ്റി സ്കൂളില്‍ തിരശ്ശീല ഉയരുന്നത്.

കേരളത്തില്‍ നിന്നും പ്രശസ്ത ഗായകരായ ജൂനിയര്‍ എ. ആര്‍. റഹ്മാന്‍ , കപ്പ ടിവിയിലൂടെ പ്രശസ്തനായ യതീന്ദ്ര ദാസ് തുടങ്ങിയവര്‍ എത്തിച്ചേരുമ്പോള്‍ യുകെയില്‍ നിന്നും അറിയപ്പെടുന്ന യുവ ഗായകരും ഗായികമാരും ഒപ്പം പങ്കു ചേരുന്നു. ലൈവ് ഓര്‍ക്കസ്ട്രയ്ക്കൊപ്പം മികച്ച ഗായകരെ അണി നിരത്തിക്കൊണ്ടുള്ള ഈ പ്രോഗ്രാം തികച്ചും സൗജന്യമായാണ് ഒരുക്കിയിട്ടുള്ളത്.

ഗ്രേസ് മെലഡിയോസിന്റെ ബാനറില്‍ യുകെയിലും വിദേശത്തും അറിയപ്പെടുന്ന പോര്‍ട്സ് മൗത്തിലെ  നോബിള്‍ മാത്യുവിനും കൂട്ടുകാര്‍ക്കുമൊപ്പം സാലിസ്ബറിയിലെ ഹെവന്‍ലി വോയ്സില്‍ നിന്നും രാജേഷ്‌ ടോംസും ടീമും മേഘ വോയ്സ് സൌത്താം പ്ടനിലെ മാല്‍ക്കോമും സംഘവും, കേരള ബീറ്റ്സ്, സിംഫണി ചിചെസ്റ്റര്‍, സ്ട്രിംഗ് ഓര്‍ക്കസ്ട്ര ലൂട്ടന്‍ എന്നിവരും ചേരുമ്പോള്‍ യുകെ മലയാളികള്‍ ഇത് വരെ കേള്‍ക്കാത്ത സംഗീത വിരുന്ന് ആണ് നാളെ നടക്കുക. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച് രാത്രി പത്ത് മണിയോടെ അവസാനിക്കുന്ന ഈ പ്രോഗ്രാമില്‍ സംഗീതത്തിന് പുറമേ മറ്റ് മനോഹര പരിപാടികളും അരങ്ങേറും. പ്രോഗ്രാം കാണാന്‍ വരുന്നവര്‍ക്ക് രുചികരമായ നാടന്‍ ഭക്ഷണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം യുകെ മീഡിയ പാര്‍ട്ണര്‍ ആയിട്ടുള്ള സംഗീത മല്‍ഹാര്‍ പ്രോഗ്രാമിലേക്ക് എല്ലാ യുകെ മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

 

സ്റ്റോക്ക് ഹോം: മൈനിംഗ് എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും മനസ്സില്‍ ഓടിയെത്തുന്നത് ഇരുമ്പ്, സ്വര്‍ണ്ണം, കല്‍ക്കരി തുടങ്ങിയവ ഖനനം ചെയ്തെടുക്കുന്ന സംവിധാനം ആയിരിക്കും. എന്നാല്‍ സാമ്പത്തിക രംഗത്ത് ഇന്ന് ‘മൈനിംഗ്’ വഴി ഖനനം ചെയ്തെടുക്കുന്നത് യഥാര്‍ത്ഥ പണം തന്നെയാണ്. സാങ്കേതിക വിദ്യ വളര്‍ന്നതിലൂടെ ആണ് കറന്‍സി മൈന്‍ ചെയ്തെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നത്. ലോകമെമ്പാടും ബിറ്റ് കോയിന്‍ ഇടപാടുകള്‍ പ്രാബല്യത്തില്‍ വന്നതിലൂടെയാണ് കറന്‍സി ഖനനം ചെയ്തെടുക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.

ലോകത്തിലെ പ്രധാനപ്പെട്ട പല സാമ്പത്തിക സ്ഥാപനങ്ങളുടെയും ആസ്ഥാന കേന്ദ്രമായ സ്വീഡന്‍ തന്നെയാണ് ഈ പുതിയ സാമ്പത്തിക വിപ്ലവമായ ബിറ്റ് കോയിന്‍ ഖനനത്തിലും നമ്പര്‍ വണ്‍ സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആഗോള ബിറ്റ് കോയിന്‍ മാര്‍ക്കറ്റിലെ അതികായന്മാരായി സ്വീഡന്‍ വളര്‍ന്നത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. പരമ്പരാഗത കറന്‍സികള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ബിറ്റ് കോയിന്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ആദ്യം മടിച്ച് നിന്ന രാജ്യങ്ങള്‍ എല്ലാം ഇന്ന് ഈ ക്രിപ്റ്റോ കറന്‍സിക്ക് പിന്നാലെ പോകുന്ന കാഴ്ചയാണ് കാണുന്നത്. 

സ്റ്റോക്ക് ഹോം സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിറ്റ് കോയിന്‍ ആന്‍ഡ്‌ അദര്‍ ക്രിപ്റ്റോ കറന്‍സീസ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന ക്ലെയര്‍ ഇന്‍ഗ്രാം ബോഗസിന്റെ നിരീക്ഷണത്തില്‍ സ്വീഡന്‍ ഈ രംഗത്ത് ലോകരാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞു.

2009ല്‍ ആണ് ബിറ്റ് കോയിന്‍ എന്ന നൂതന ഡിജിറ്റല്‍ കറന്‍സി ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടത്. പിയര്‍ റ്റൂ പിയര്‍ നെറ്റ് വര്‍ക്കിംഗ് അടിസ്ഥാനമാക്കിയുള്ള ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെയാന്‍ ബിറ്റ് കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സി വിനിമയം ചെയ്യപ്പെടുന്നത്. ബ്ലോക്ക് ചെയിന്‍ ടെക്നോളജി കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങുന്നതോടെ ലോകവ്യാപകമായി ബിറ്റ് കോയിന്‍ വിനിമയോപാധിയായി മാറുമെന്ന് കരുതപ്പെടുന്നു. ഏതായാലും കറന്‍സി വിനിമയ രംഗത്തെ  പുതിയ വിപ്ലവത്തിന് ചുവപ്പ് പരവതാനി വിരിച്ച സ്വീഡന്‍ ഈ രംഗത്ത് വളരെയേറെ മുന്നേറിക്കഴിഞ്ഞു.

ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് സ്വീഡനുള്ള മേല്‍ക്കോയ്മ തന്നെയാണ് ക്രിപ്റ്റോ കറന്‍സി വിനിമയ രംഗത്ത് പെട്ടെന്ന് മുന്നേറാന്‍ സ്വീഡനെ സഹായിച്ചത്. സാങ്കേതിക കാര്യങ്ങളിലെ അറിവ് നിര്‍ണ്ണായകമായി മാറിയിരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ കറന്‍സി പോലുള്ള വിനിമയ മാര്‍ഗ്ഗത്തെ സാമ്പത്തിക രംഗത്ത് ഉപയോഗിക്കാതിരിക്കാന്‍ ഒരു ജനതയ്ക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെ നടത്തുന്ന ബിറ്റ് കോയിന്‍ വിനിമയം തിരുത്തുവാനോ പിന്‍വലിക്കുവാനോ കഴിയില്ല എന്നതിനാല്‍ ഇതിന് മറ്റ് തരത്തിലുള്ള വിനിമയ സംവിധാനങ്ങളെക്കാള്‍ വിശ്വാസ്യതയും  സുരക്ഷിതത്വവും ഉണ്ട് താനും. ബ്ലോക്ക് ചെയിന്‍ ടെക്നോളജിയെ ക്രിപ്റ്റോ കറന്‍സി വിനിമയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിംഗ് പോലുള്ള രംഗങ്ങളിലും ഉപയോഗിച്ച് സ്വീഡന്‍ സ്വീകരിച്ചിരിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പുത്തന്‍ കാല്‍വയ്പ് തന്നെയാണ്.

മലയാളം യു കെ ന്യൂസ് ടീം
പ്രവാസി മനസ്സുകളില്‍ കുളിര്‍മ പകര്‍ന്ന് രാഗസന്ധ്യ 2017 ഡെര്‍ബിയില്‍ നടന്നു. വോയ്‌സ് ഓഫ് ഡെര്‍ബിയാണ് ഈ സംഗീതനിശ സംഘടിപ്പിച്ചത്. ബ്രിട്ടന്റെ പല ഭാഗത്തു നിന്നുമുള്ള കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ രാഗ സന്ധ്യ 2017 നവംബര്‍ 18 ശനിയാഴ്ച വൈകിട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും മലയാളം യു കെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. പ്രവാസികളിലെ കലാകാരന്മാര്‍ പ്രോത്സാഹിക്കപ്പെടേണ്ടതിന്റെയും അവര്‍ക്ക് വേദികള്‍ ഉണ്ടാകേണ്ടതിന്റേയും ആവശ്യകത ജോജി തോമസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഡെര്‍ബി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് വില്‍സണ്‍ ബെന്നി മുന്‍ പ്രസിഡന്റ് സ്റ്റീവി ചാക്കോ, സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ മാനേജര്‍ ഷൈന്‍ കള്ളിക്കടവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡെര്‍ബിയിലെ റെയ് കണ്ട് കമ്മ്യൂണിറ്റി സെന്ററിലാണ് നൂറ് കണക്കിന് ആസ്വാദകരെ പങ്കെടുപ്പിച്ചു കൊണ്ട് രാഗസന്ധ്യ 2017 അരങ്ങേറിയത്. കലയും സംഗീതവും പ്രോത്സാഹിക്കപ്പെടുക എന്ന ലക്ഷ്യവുമായി സംഘടിക്കപ്പെട്ട രാഗ സന്ധ്യ 2017 ന്റെ മീഡിയ പാട്ണര്‍ മലയാളം യുകെ യാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് വോയ്‌സ് ഓഫ് ഡെര്‍ബിയുടെ നേതൃത്വത്തില്‍ സംഗീതനിശ സംഘടിപ്പിക്കുന്നത്.

വ്യത്യസ്ഥ ഭാഷകളിലായി അമ്പതില്‍പ്പരം ഗാനങ്ങള്‍ ആസ്വാദകരെ പുളകമണിയ്ച്ചു. മണ്‍മറഞ്ഞതുള്‍പ്പെടെ അറിയപ്പെടുന്ന ഒട്ടുമിക്ക സംഗീത സംവിധായകരുടെ ഗാനങ്ങളും അവതരിക്കപ്പെട്ടു. പഴയ കാല മലയാളഗാനങ്ങളാണ് കൂടുതല്‍ കൈയ്യടി നേടിയത്. വളരെ നല്ല പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിച്ചത്.
ജിനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ തട്ടുകട രാഗസന്ധ്യ 2017 ന് മാറ്റുകൂട്ടി. നാടന്‍ വിഭവങ്ങളുടെ കൂമ്പാരം തന്നെയായിരുന്നു തട്ടുകടയില്‍.

രാഗ സന്ധ്യ 2017 അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ വൈകിട്ട് 9 മണിയോടെ സമാപിച്ചു. പരിപാടിയുമായി സഹകരിച്ച ആസ്വാദകര്‍ക്കും കലാകാരന്മാര്‍ക്കും സംഘാടകരായ ബിജോ ജേക്കബും അനില്‍ ജോര്‍ജ്ജും നന്ദി അറിയ്ച്ചു. വളരെ വിപുലമായ രീതിയില്‍ വരും വര്‍ഷങ്ങളില്‍ രാഗ സന്ധ്യ നടത്താന്‍ സംഘാടകരൊരുങ്ങുന്നു.

സണ്ണിമോന്‍ മത്തായി

മലയാളികള്‍ക്ക് സുപരിചിതമായ ഒരു പേരാണ് ഇന്ന് സൂരജ് പാലാക്കാരന്‍ എന്നത്. അനീതിക്കും അഴിമതിക്കും എതിരെ പ്രതികരിച്ചും അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പിയും മലയാളി മനസ്സുകളില്‍ ഇടം കണ്ടെത്തിയ ചെറുപ്പക്കാരന്‍ ആണ് സൂരജ് പാലാക്കാരന്‍. സ്വന്തം നേട്ടങ്ങള്‍ക്കായി ആരെയും തട്ടി വീഴ്ത്തി മുന്നേറുന്ന യുവ തലമുറയ്ക്കിടയില്‍ തികച്ചും വ്യത്യസ്തനാണ് സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ ഉള്ളവരെ കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായി നിരന്തരം പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം.

സൂരജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയൊരു കൈത്താങ്ങാകാന്‍ യുകെയില്‍ നിന്നും ഒരു ചാരിറ്റബിള്‍ സംഘടന മുന്നോട്ട് വന്നിരിക്കുകയാണ്. ഇതിനു മുന്‍പും മാതൃകാ പരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃക ആയിട്ടുള്ള കെസിഎഫ് വാറ്റ്ഫോര്‍ഡ് എന്ന സംഘടനയാണ് സൂരജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ രംഗത്ത്. ഗോത്ര വര്‍ഗ്ഗ സമൂഹത്തിന് വേണ്ടി സൂരജ് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയൊരു സംഭാവന നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആണ് കെസിഎഫ് മുന്നോട്ട് വന്നിരിക്കുന്നത്.

കെസിഎഫിന്‍റെ ചാരിറ്റബിള്‍ അക്കൌണ്ട് വഴി യുകെ മലയാളികള്‍ക്ക് സൂരജ് പാലാക്കാരന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് അവസരം ഒരുങ്ങിയിരിക്കുന്നത്. തങ്ങളുടെ അക്കൌണ്ടിലേക്ക് വരൂ ദിവസങ്ങളില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും സൂരജിന്‍റെ നന്മ പ്രവര്‍ത്തികള്‍ക്ക് നല്‍കുക എന്ന തീരുമാനം ആണ് കെസിഎഫ് അടുത്തിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് ജാതിയുടെ മതത്തിന്റെയോ ഒന്നും വിശേഷണങ്ങള്‍ കൂടാതെ തന്നെ അരിയും, ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യുക എന്ന പ്രവര്‍ത്തനമാണ് സൂരജ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തി വരുന്നത്. എന്നാല്‍ ഇതിന് പറ്റിയ ഒരു വാഹനം ഇല്ലാത്തത് പലപ്പോഴും പ്രതിബന്ധമായി മാറുന്നു എന്ന് അദ്ദേഹം പറയുന്നു.

വീഡിയോ കാണുക

കെസിഎഫിന്‍റെ ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെയുള്ള ചാരിറ്റബിള്‍ അക്കൌണ്ടിലേക്ക് നിങ്ങള്‍ക്ക് കഴിയുന്ന ചെറിയ തുകകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്,

KCF
Account number: 10006777 
Sort code 20-44-91.
Ref – Suraj

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

 

Sunny Mathai 07727993229
Charles 07429522529.
Mathews 07475686408.

കാരൂര്‍ സോമന്‍

ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുര്‍ജ് ഖലീഫയും ബ്രിട്ടനിലെ സ്പിനാക്കര്‍ ടവറും നേരില്‍ കാണുമ്പോള്‍ ചരിത്രത്താളുകളില്‍ കപ്പല്‍ച്ചാദങ്ങളുടെയും കഥ പറയുന്ന പോര്‍ട്‌സ്മൗത്തിലെ സ്പനേക്കര്‍ ടവര്‍ എന്നില്‍ ഒരു പ്രത്യേക അനുഭൂതിയുണ്ടാക്കി. മാത്രവുമല്ല വിശ്വപ്രസിദ്ധനായ സാഹിത്യകാരന്‍ ചാള്‍സ് ഡിക്കന്‍സിന്റെ ജന്മദേശം കൂടിയാണിത്. ഈ പ്രദേശത്തിനു വലിയൊരു ചരിത്രവുമുണ്ട്. മുകളില്‍ കയറിയാല്‍ നല്ല തെളിഞ്ഞ സാഹചര്യത്തില്‍ കുറഞ്ഞത് 23 ല്‍ൈ ദൂരം വരെ കാണാമത്രേ. അവിടെ ഉയരത്തില്‍വച്ച് പാര്‍ട്ടികള്‍ മീറ്റിംഗുകള്‍ എല്ലാം നടത്താം. പക്ഷേ നല്ല പണച്ചിലവാണ്. മുകളിലേക്കു നോക്കുമ്പോള്‍ സുതാര്യമായ ഗാലറി ഫ്‌ളോറിലൂടെ ലില്ലിപ്പൂട്ടുകാരെപ്പോലെ ആളുകള്‍ നടക്കുന്നത് കാണാനാവും. ഇവിടെനിന്നു താഴെയിറങ്ങി അത്ഭുതദ്വീപില്‍ നിന്നുള്ള ഫെറിയില്‍ കയറിയാല്‍ അതു മറ്റൊരു അനുഭവമാണെന്നു പറയാതെ വയ്യ.

വാഹനങ്ങളും യാത്രക്കാരും ഒരുമിച്ചാണ് ബോട്ടില്‍ കയറുക, ഏതാണ്ട് ഒരു ഫെറി സര്‍വീസ് തന്നെ. പിന്നെ അര മണിക്കൂറോളം ഇംഗ്ലീഷ് ചാനലിലെ സോലന്റ് കടലിടുക്കിലൂടെ അത്ഭുത കാഴ്ചകള്‍ കണ്ട് കണ്ട് യാത്ര ചെയ്യാം. ഇതിനിടെ ഹോവര്‍ ക്രാഫ്റ്റുകള്‍ അതിവേഗതയില്‍ കടലിലൂടെ പാഞ്ഞുവന്ന് കരയിലൂടെ അതേ വേഗതയില്‍ പോകുന്നതു കാണാം. തിരിച്ചു പോകുന്നതും. അതുമൊരു അത്ഭുതം തന്നെ.

1545 ജൂലായ് 19നു സോലെന്റ് കടലിടുക്കിലാണ് മേരി റോസ് എന്ന കപ്പല്‍ മുങ്ങിത്താഴ്ന്നത്. തന്റെ പ്രിയപ്പെട്ട കപ്പല്‍ മുങ്ങിത്താഴുന്നതിന് പോര്‍ട്‌സ്മിത്ത് സൗത്ത്‌സി കൊട്ടാരത്തില്‍ നിന്ന ഹെന്റി എട്ടാമന്‍ രാജാവ് ദൃക്‌സാക്ഷിയായി. കടലില്‍ ഇടയ്ക്കിടെ കോട്ടകള്‍ കാണാമായിരുന്നു. യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ചതാണത്. ഡക്കിലും റസ്റ്റോറന്റിലും ഒന്നു കയറി ഇറങ്ങുമ്പോഴേയ്ക്കും ഫെറി ഫിഷ്‌ബോണ്‍ തീരമണഞ്ഞു. പലരും കാറിനു പുറത്ത് കുട്ടികള്‍ക്കു കളിക്കാനായി കൊച്ചു ബോട്ടുകളും മറ്റും വച്ചു കെട്ടിയാണ് അവധി ആഘോഷിക്കാന്‍ ദ്വീപിലെത്തിയത്.

ബീച്ച് തീരത്ത് ഏക്കറുകളോളം സ്ഥലമുള്ള തോണസ്സ് ബേയില്‍ താമസ സൗകര്യമുണ്ട്. ബഡ്ജറ്റിനനുസരിച്ച് താമസം സൗകര്യപ്പെടുത്താമെന്ന പ്രയോജനവും ഇവിടെയുണ്ട്. ഏറെയും ഇംഗ്ലീഷുകാര്‍ തന്നെ. ഫാമിലി ഔട്ടിങ്ങിനാണ് പലരും ഇവിടെ എത്തുന്നത്. അവിടെ നൂറിലധികം കാരവനുകളും ഷാലെകളും ഉണ്ട് താമസിക്കാന്‍. നമുക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാം. ഒരു കൊച്ചു വീടിനുള്ള സൗകര്യം എല്ലാമുണ്ടാവും. രണ്ടു കിടക്കമുറികളുള്ള ഷാലെകളുണ്ടാവും. ടെന്റ് കെട്ടി കിടക്കാന്‍ തയ്യാറെങ്കില്‍ അതിനുമുണ്ട് സൗകര്യം. തുറസ്സായ സ്ഥലത്ത് പാചകം ചെയ്യാം. കോമണ്‍ ബാത്ത്‌റൂമുകള്‍ ഉപയോഗിക്കാം. ഷാലെ ഒരു കോണ്‍ക്രീറ്റ് ബേസ്‌മെന്റില്‍ ഒരു വലിയ തടിപെട്ടി വച്ചതു പോലെയാണ്. വീഞ്ഞപ്പെട്ടിത്തടിപോലെ. പക്ഷേ ഒരു ചിതലും കയറാതെ അതങ്ങനെ ഇരിക്കും.

കാരീസ്ബ്രൂക്ക് ഗ്രാമത്തിലെ കൊട്ടാരത്തിലെത്തിയാല്‍ കാഴ്ചകള്‍ ഏറെയാണ്. ചുറ്റും കിടങ്ങുകളും വന്‍ കോട്ടയും കോട്ടമതിലിലൂടെ കൊട്ടാരത്തിനു ചുറ്റും വട്ടത്തില്‍ നടക്കുമ്പോള്‍ തോന്നാം, ഇങ്ങനെയാവും ചൈനയുടെ വന്‍മതിലിലൂടെ നടക്കുക എന്ന്. ഓരോ 10 മിനിറ്റിലും കൊട്ടാരചരിത്രത്തെപ്പറ്റി ചെറിയ ഫിലിം ഷോ ഉണ്ട്. ഇടയ്ക്കിടെ ഫിലിം ക്ലിപ്പിങ്ങുകളുടെ സഹായത്തോടെ ജൂപ്പിറ്റര്‍ എന്ന കഴുതയാണ് കഥ പറയുന്നത്. ഒരു ട്രെഡ് വീല്‍ ചവിട്ടി കറക്കിയാണ് കഴുതയുടെ കഥ പറച്ചില്‍.

1899-ല്‍ പുതുക്കി പണിത സെന്റ് നിക്കോളാസ് ചര്‍ച്ചിലേക്കും ഇവിടെനിന്നു പോകാം. ബിയാട്രീസ് രാജകുമാരിയുടെ മകന്‍, 1914-ല്‍ മരിച്ച മോറീസ് ഉള്‍പ്പെടെ ദ്വീപില്‍ യുദ്ധത്തില്‍ മരിച്ചവരുടെ സ്മാരകമാണ്. ഇന്നിത് ഒരു പള്ളിയായി പരിവര്‍ത്തനം ചെയ്‌തെടുത്തിരിക്കുന്നു. ഇസബെല്ലാ പ്രഭ്വിയുടെ കൊട്ടാരമായിരുന്നു ആദ്യം കാരിസ്ബ്രുക്ക് കാസില്‍. ഇംഗ്ലീഷ് ആഭ്യന്തര യുദ്ധ സമയത്ത് ചാള്‍സ് ഒന്നാമനെയും മകളെയും തടവിലാക്കിയിരുന്നത് ഇവിടെയാണ്. അവിടെ ജനലിലൂടെ ചാടി രക്ഷപ്പെടാനുള്ള ശ്രമം പാഴായതിനെ തുടര്‍ന്ന് 14 മാസ തടവിനുശേഷം 1649-ല്‍ അദ്ദേഹം വധിക്കപ്പെട്ടു. ആ ജനല്‍ പിന്നീട് അടച്ചു. 12 വയസ്സുകാരി രാജകുമാരി 1950 -ല്‍ തടവില്‍ വച്ചുതന്നെ മരിച്ചു. അദ്ദേഹത്തെയും രാജകുമാരിയെയും പാര്‍പ്പിച്ചിരുന്ന മുറികള്‍ കണ്ടു. വളരെ ഭംഗിയില്‍ ഫര്‍ണിച്ചര്‍ സഹിതം ഇട്ടിട്ടുണ്ട്. രാജകുമാരിയുടെ മുടിക്കഷണങ്ങള്‍ അവരുടെ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വിക്‌ടോറിയാ രാജ്ഞി സൂക്ഷിച്ചിരുന്ന മുടി പിന്നീട് അവര്‍ മ്യൂസിയത്തിനു നല്‍കിയതാണത്രെ.

പണ്ട് കോണ്‍വെന്റില്‍ പഠിപ്പിക്കാറുള്ള ഔവര്‍ ഫാദര്‍ ഹു ആര്‍ട്ട് ഇന്‍ ഹെവന്‍ എന്ന പ്രാര്‍ത്ഥനയുള്ള, പോക്കറ്റ് ബുക്ക് പേജ് ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. വളരെ പഴമയുണ്ട് അതിനും. ഇന്റര്‍ ആക്ടീവ് ഗെയിംസ് കുട്ടികള്‍ക്കു കളിക്കാന്‍ സൗകര്യമുണ്ട്. മുകള്‍ നിലയില്‍ ഈസ്റ്റ് കോവസ് കൊട്ടാരത്തില്‍നിന്നുകൊണ്ടുവന്ന വലിയ ക്ലോക്കിന്റെ ഡയല്‍ മാത്രല്ല, ക്ലോക്ക് മെക്കാനിസം മുഴുവന്‍ കാണാം. മൈസൂര്‍ കൊട്ടാരത്തിലെ ക്ലോക്ക് ഓര്‍മ്മിക്കും അത് ചിലപ്പോള്‍. എലിസബത്തന്‍കാല ഫര്‍ണീച്ചറുകള്‍ വൃത്തിയിലും വെടുപ്പിലും വച്ചിട്ടുണ്ട്. 1602-ലെ ഒരു സംഗീതോപകരണം ഉതിര്‍ക്കുന്ന സംഗീതവും ആസ്വദിക്കാം.

കവി, ലോഡ് ടെന്നിസണ്‍ 40 വര്‍ഷം താമസിച്ചിരുന്നത് ദ്വീപിലെ ഫ്രഷ് വാട്ടര്‍ ഗ്രാമത്തില്‍ ഫാരിംഗ് ഫോഡ് ഹൗസിലാണ്. ഇപ്പോള്‍ അതു ഹോട്ടലാണ്. ആലം ബേയില്‍നിന്നുള്ള യാത്രയില്‍ റോഡ് സൈഡില്‍ നിന്നു, വ്യക്തമല്ലാത്ത ദൂരദൃശ്യം കിട്ടും. ദ ചാര്‍ജ് ഓഫ് ദ ലൈറ്റ് ബ്രിഗേഡ് അദ്ദേഹം എഴുതിയത് ഇവിടെ വച്ചാണ്. ക്രോസിങ് ദ ബാര്‍ എഴുതിയത് മെയിന്‍ ലാന്‍ഡില്‍നിന്നു ദ്വീപിലേക്കുള്ള യാത്രാമദ്ധ്യേയാണ്. അദ്ദേഹത്തിന്റെ പല സാധനങ്ങളും മ്യൂസിയത്തിലുണ്ട്. ക്രോസിംഹ് ദ ബാറിന്റെ പിയാനോ നോട്ട്‌സ് ഉള്ള പഴയ പുസ്തകം അവിടെ വച്ചിട്ടുണ്ട്.

ഭൂമികുലുക്കങ്ങളെക്കുറിച്ചു പഠിച്ച, സിസ്‌മോഗ്രാഫ് കണ്ടു പിടിച്ച ഡോ. ജോണ്‍ മിന്‍ന്റെ പഠനങ്ങളും പഴയ പുസ്തകങ്ങളും അദ്ദേഹത്തിന്റെയും ജപ്പാന്‍കാരിയായ ഭാര്യയുടെയും മറ്റും ഫോട്ടോകളും കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചിരുന്നു. അദ്ദേഹം അറിയപ്പെട്ടിരുന്നത് ഭൂമികുലുക്ക മിന്‍ എന്നാണത്രേ. 1900-കളില്‍ ദ്വീപിലുള്ള അദ്ദേഹത്തിന്റെ വീട് ഒരു ഭൂമുകുലുക്ക പഠനകേന്ദ്രം തന്നെയായിരുന്നു.

കൊട്ടാരത്തില്‍ പണി ചെയ്തിരുന്നവര്‍ക്കു കൂടി കൊടുത്തിരുന്നതിന്റെ നാള്‍വരി കണക്ക് എഴുതിയ വളരെ പഴയ രജിസ്റ്റര്‍ അത്ഭുതമായിരിക്കുന്നു. നിവര്‍ത്തിവച്ചിരുന്ന പേജുകള്‍ വ്യക്തമായി വായിക്കാം.

ഡോങ്കി സെന്ററില്‍ കഴുതയുണ്ട്. പേര് വിളിച്ചാല്‍ മനസ്സിലാകുന്ന കഴുത. പഴയ കാലത്ത് കൊട്ടാരത്തില്‍ കിണറില്‍നിന്നു വെള്ളം കോരിയിരുന്നത് കഴുതകളായിരുന്നു. കഴുതകള്‍ ചവിട്ടി കറക്കുന്ന ട്രെഡ് വീല്‍ ആണ് ഉപയോഗിച്ചിരുന്നത്. 17 പ്രാവശ്യം കഴുത ചക്രത്തില്‍ കറങ്ങുമ്പോള്‍ കിണറ്റില്‍നിന്ന് കയര്‍ താഴെ പോയി വെള്ളം മുക്കി മുകളിലെത്തിക്കാനുള്ള ദൂരമാകും. വെല്‍ഹൗസ് ഇപ്പോഴുമുണ്ട്.

മറ്റു പല പൂന്തോട്ടങ്ങളും കണ്ടു കഴിഞ്ഞ് ഇവിടെ വന്നാല്‍ ബിയാട്രീസ് രാജകുമാരിയുടെ ഗാര്‍ഡന്‍ അത്രയൊന്നും ആകര്‍ഷകമായി തോന്നില്ല. പക്ഷേ ഗാര്‍ഡനു പുറത്ത് ഫ്രാന്‍സിസ് ബേക്കണ്‍ന്റെ ‘ഓഫ് ഗാര്‍ഡ’നിലെ ദൈവം ആദ്യം പൂന്തോപ്പുണ്ടാക്കി’ എന്നു തുടങ്ങുന്ന വരികള്‍ ഉദ്ധരിച്ചു വച്ചിരിക്കുന്നതു കാണാം.

ലണ്ടനിലെ ബിഗ് ബെന്‍, ലണ്ടന്‍ എയെക്കാള്‍ പൊക്കം കൂടുതലാണ് ഈ ആകാശ ഗോപുരത്തിന്. 170 മീറ്റര്‍ ഉയരം. യാത്രകള്‍ വെറും കൗതുക കാഴ്ചകള്‍ കണ്ടു പോകുന്നതല്ല മറിച്ച് അത് നമ്മില്‍ യാഥാര്‍ത്ഥ്യമായി പരിണമിക്കുന്നതുകൂടിയാകണം. ആ തിരിച്ചറിവ് നല്‍കുന്നത് സഞ്ചാരി ചരിത്രത്തില്‍ കൂടി യാത്ര ചെയ്യുമ്പോഴാണ്.

ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്

കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രെയിംസ് യുകെയും ചേര്‍ന്നൊരുക്കുന്ന ഓര്‍മ്മയില്‍ ഒരു ഗാനം പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡ് ശ്രോതാക്കള്‍ക്കായി സമര്‍പ്പിക്കുന്നു. മലയാള സിനിമാ ഗാനചരിത്രത്തില്‍ അതുല്യ പ്രതിഭകളുടെ നിറസാന്നിധ്യത്താല്‍ സമ്പുഷ്ടമായ കാലഘട്ടമാണ് എഴുപതുകള്‍. വയലാര്‍, ദേവരാജന്‍, പി.ഭാസ്‌കരന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങി ഇതിഹാസതുല്യരായ സംഗീത പ്രതിഭകള്‍ അരങ്ങു വാണിരുന്ന മേഖലയിലേയ്ക്ക് തുടക്കക്കാരായ കടന്നു വന്നവരാണ് ഗായകന്‍ യേശുദാസും അന്നത്തെ യുവകവികളില്‍ ശ്രദ്ധേയനായ ശ്രീകുമാരന്‍ തമ്പിയും. 1966ല്‍ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലുടെ സിനിമാരംഗത്തേക്ക് കടന്നുവന്ന ശ്രീകുമാരന്‍ തമ്പി ഒരുപക്ഷേ, ഛായാഗ്രഹണവും ഗാനാലാപനവുമൊഴികെയുള്ള എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് .

മലയാള ചലച്ചിത്ര സംഗീത തറവാട്ടിലെ കാരണവരായ ദക്ഷിണാമൂര്‍ത്തി സ്വാമികളും ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്നുള്ള കുട്ടുകെട്ടില്‍ പിറന്ന അനവദ്യസുന്ദരങ്ങളായ ഗാനങ്ങള്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരമാധുരിയിലുടെ അനശ്വരങ്ങളായി മാറി. അവയില്‍ എടുത്തുപറയാവുന്നതാണ് ‘ഉത്തരാസ്വയം വരവും’ ‘ഹൃദയസരസ്സിലെ പ്രണയ പുഷ്പവും. എഴുപതില്‍ പുറത്തിറങ്ങിയ ‘ലോട്ടറി ടിക്കറ്റ്’ എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച്, ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം നല്‍കി യേശുദാസ് ആലപിച്ച ‘മനോഹരി നിന്‍ മനോരഥത്തില്‍’ ഗാനമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്

ഈ ഗാനം ആലപിക്കുന്നത് മനോജ് ജോസ്. ന്യൂപോര്‍ട്ടില്‍ നേഴ്സായി ജോലി ചെയ്യുന്ന മനോജ് യു.കെ.യില്‍ നിരവധി സ്റ്റേജുകളില്‍ പാടിയിട്ടുണ്ട്. ന്യൂപോര്‍ട്ടില്‍ ചിത്രയോടൊപ്പം സ്റ്റേജില്‍ പാടുവാനും അവസരമുണ്ടായി.

ശ്രോതാക്കള്‍ നല്‍കുന്ന നിര്‍ലോഭമായ പ്രോത്സാഹനങ്ങള്‍ക്ക് ഹാര്‍ദ്ദവമായി നന്ദി. വിശ്വലാല്‍: (ക്രിയേറ്റിവ് ഡയറക്ടര്‍) ജൈസണ്‍ ലോറന്‍സ്: (ആര്‍ട്ട്, ക്യാമറ, എഡിറ്റിംഗ്)

കുർബാനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിശ്വാസികളെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മാർപാപ്പ തന്റെ വേദന പങ്കുവച്ചത്. ‘കുർബാന പ്രാർഥനയ്ക്കായുള്ളതാണ്. അതൊരു കലാപരിപാടിയല്ല. ഞാൻ ഇവിടെയോ ബസിലിക്കയിലോ കുർബാന അർപ്പിക്കുമ്പോൾ വളരെയധികം പേർ മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ചിരിക്കുന്നതു കാണുന്നു– വിശ്വാസികൾ മാത്രമല്ല, പുരോഹിതരും ബിഷപ്പുമാരും ആ കൂട്ടത്തിലുണ്ട്!’ സങ്കടത്തോടെ പാപ്പ പറഞ്ഞു.

Image result for pope-against-mobile-phones

തിരുക്കർമങ്ങൾക്കിടെ, നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയർത്തൂ എന്നു കാർമികൻ പറയുന്ന സന്ദർഭമുണ്ട്. അല്ലാതെ, മൊബൈൽ ഫോൺ ഉയർത്തി ഫോട്ടോ എടുക്കാനല്ല വൈദികൻ പറയുന്നത്. ഇതു വളരെ കഷ്ടമാണ്– അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സക്രിയമാണെങ്കിലും മാർപാപ്പയായശേഷം പൊതുജനമധ്യത്തിൽ മൊബൈലുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. തീർഥാടകരോടൊപ്പം സെൽഫിക്കായി നിൽക്കാറുമുണ്ട്. മൊബൈലിനു പകരം കയ്യിൽ ബൈബിൾ കൊണ്ടുനടക്കാൻ അദ്ദേഹം മുൻപൊരിക്കൽ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.

വര്‍ഗീസ് ഡാനിയേല്‍

ഷെഫീല്‍ഡ് ഇംഗ്ലീഷ് ഇന്‍സ്റ്റിട്യൂട്ടിന്റെ വോളിബോള്‍ കോര്‍ട്ടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടന്ന  രണ്ടാമത് യൂറോപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കെവിസി ബര്‍മിംഗ്ഹാം ചാമ്പ്യന്മാരായി. ശനിയാഴ്ച രാവിലെ പത്തുമണിക്ക് തുടങ്ങിയ മല്‍സരം വൈകിട്ട് എട്ടുമണിക്ക് അവസാനിച്ചപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു കൊണ്ടായിരുന്നു മുന്‍ വര്‍ഷത്തെ ജേതാക്കളായ കെ വി സി ബിര്‍മ്മിംഗ്ഹാം ‘ജോസ്‌കോ ജ്യൂവലേഴ്‌സ് കോട്ടയം’ എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടത്. മുന്‍ വര്‍ഷത്തെ റണ്ണര്‍ അപ്പായ ലിവര്‍പ്പൂള്‍ വോളിബോള്‍ ക്ലബ്ബ് ഇക്കുറിയും തല്‍സ്ഥാനം നില നിര്‍ത്തി.ഓസ്ട്രിയന്‍ ടീമായ വിയന്നക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

എസ് കെ സി എ പ്രസിഡന്റ് ശ്രീ. ബിജു മാത്യൂ സ്വാഗതം ആശംസിച്ച ശേഷം രാവിലെ പത്തുമണിക്ക് ക്ലബ്ബിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ശ്രീ. വിന്‍സന്റ് വര്‍ഗ്ഗീസ് തിരിതെളിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ച മല്‍സരത്തില്‍ എട്ടു ടീമുകള്‍ രണ്ടു വിഭാഗങ്ങളിലായി ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് കളികള്‍ വീതം ജയിച്ച് സെമിയില്‍ പ്രവേശിച്ച വിയന്നയും ബര്‍മ്മിംഗ്ഹാമും ഫൈനലില്‍ എത്തുമെന്ന ഏവരുടേയും പ്രതീക്ഷയെ തകര്‍ത്തു കൊണ്ട് വിയന്നക്കെതിരെ രണ്ടു സെറ്റ് ജയം നേടി ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പ്പൂള്‍ ഫൈനലില്‍ എത്തിയപ്പോള്‍ മല്‍സരത്തിന്റെ ആവേശം പതിന്മടങ്ങായി. ബിന്‍സു ജോണിന്‍റെ നേതൃത്വത്തില്‍ പോരാടിയ ബര്‍മ്മിംഗ്ഹാമും വംസിയുടെ നേതൃത്വത്തില്‍ കളിച്ച ലിവര്‍പൂളും ഇഞ്ചോടിഞ്ചു പോരാടിയപ്പോള്‍ കാണികള്‍ ആവേശഭരിതരായി. അത്യുജ്ജ്വലമായ പോരാട്ടം കാഴ്ച വച്ചെങ്കിലും മറുപടിയില്ലാത്ത രണ്ടു സെറ്റുകള്‍ക്ക് വഴങ്ങി ബര്‍മിംഗ്ഹാമിനോട്  ലിവര്‍പൂള്‍ അടിയറവുപറഞ്ഞു.

ആദ്യസെമിയില്‍ ബര്‍മിംഗ്ഹാമിനെതിരെ ഒരു സെറ്റ് നേടിയ ശേഷം പിന്നീടുള്ള രണ്ടു സെറ്റുകള്‍ പരാജയപ്പെട്ട കേംബ്രിഡ്ജും, ലിവര്‍പൂളിനോട് പരാജയപ്പെട്ട വിയന്നയും തമ്മില്‍ നടന്ന ലൂസേഴ്സ് ഫൈനലും ആവേശം നിറഞ്ഞതായിരുന്നു. ഈ മത്സരത്തില്‍ വിജയിച്ച വിയന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി ലിവര്‍പൂള്‍ ടീമിലെ വംസിയെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച തന്ത്രങ്ങളിലൂടെ ബര്‍മിംഗ്ഹാം ടീമിനെ വിജയത്തിലേക്ക് എത്തിച്ച കിരണ്‍ ജോസഫ് ആണ് മികച്ച ഡിഫന്റ്. പ്രോമിസിംഗ് ടീമിനുള്ള അവാര്‍ഡ് കാര്‍ഡിഫ് വോളിബോള്‍ ടീമിനാണ് ലഭിച്ചത്.

കളിക്കളത്തില്‍ രണ്ടു വൈദീകരും തങ്ങളുടെ വോളിബോള്‍ മികവ്  പരീക്ഷിക്കുവാന്‍ എത്തിയിരുന്നു. ലിവര്‍പ്പൂള്‍ ടീമംഗമായിരുന്ന ഫാ. റോയി, കാര്‍ഡിഫ് ടീമംഗമായ ഫാ. ആംബ്രോസ് എന്നിവരായിരുന്നു മികച്ച കളി കാഴ്ച വച്ച ആ വൈദീകര്‍.

മുന്‍ കസ്റ്റംസ് ടീമംഗവും തൊടുപുഴ ന്യൂമാന്‍ കോളേജ് വോളിബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന ജോസ് പരപ്പനാട്ട് ആയിരുന്നു ടൂര്‍ണ്ണമെന്റിലെ മെയിന്‍ റഫറി. തികച്ചും കുറ്റമറ്റ രീതിയില്‍ കളി നിയന്ത്രിച്ച അദ്ദേഹം ഈ ടൂര്‍ണ്ണമെന്റിന്റെ മികച്ച സംഘാടനത്തെ അഭിനന്ദിച്ചു. വിജയികളായ ബിര്‍മ്മിംഗ്ഹാം, ലിവര്‍പ്പൂള്‍, വിയന്ന ടീം ക്യാപ്റ്റന്മാരും പരാതിക്കിട നല്‍കാതെ നടത്തിയ സംഘാടന മികവിനെ അഭിനന്ദിച്ചു സംസാരിച്ചു.

അലൈഡ് ഫൈനാന്‍സിയേഴ്‌സും നീലഗ്ഗിരി റെസ്റ്റോറന്റും സ്‌പോണ്‍സേഴ്‌സ് ആയിരുന്ന ടൂര്‍ണ്ണമെന്റിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഡിനു വിന്‍സന്റിനും രണ്ടാം സമ്മാനം ഫാ. റോയിക്കും മൂന്നാം സമ്മാനം സ്റ്റാബിനും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം റവ. ഫാദര്‍ സന്തോഷ് വാഴപള്ളിയും കളിക്കളത്തില്‍ പോരാടിയ വൈദീകരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ ടീമംഗങ്ങള്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും, മല്‍സരം കാണാനെത്തിയവര്‍ക്കും, ക്ലബിന്റെ ഭാരവാഹികളായ ശ്രീ ഡോണി സ്‌കറിയ, ശ്രീ ജോജി ജോസഫ്, ശ്രീ വിന്‍സന്റ് വര്‍ഗ്ഗീസ് എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved