Specials

കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ  അക്രമങ്ങളുണ്ടാായാല്‍ ആദ്യം പ്രതികരിക്കുന്ന കലാകാരന്മാരിലൊരാളാണ് അലന്‍സിയര്‍. സംവിധായകന്‍ കമല്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് ആര്‍എസ്എസ്സുകാര്‍ പറഞ്ഞപ്പോള്‍  പ്രതികരണവുമായെത്തിയ ഈ നടന്‍ ഇത്തവണയും പതിവ് കൈവിട്ടില്ല. സിപിഎമ്മുകാരുടെ കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന ബിജെപി നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കു പ്രതിഷേധവുമായാണ് അദേഹം കണ്ണ് കെട്ടി ചവറയിലെ പോലീസ് സ്‌റ്റേഷനിലെത്തിയത്.

കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ എത്തിയത്. എന്നാല്‍ പോലീസ് സ്‌റ്റേഷനിലെത്തിയ അലന്‍സിയറോട് താങ്കള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് പോലീസുകാര്‍ ചോദിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അലന്‍സിയര്‍ പ്രതികരണം നടത്തിയിട്ടില്ല. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയും അലന്‍സിയര്‍ ഒറ്റയാന്‍ പ്രതിഷേധം നടത്തിയിരുന്നു. മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ അലന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചു. കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

അതസേമയം നവമാധ്യമങ്ങളിലാകെ ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ സിപിഎം അണികള്‍ രൂക്ഷമായ പ്രതികരണമാണ് ഉയര്‍ത്തുന്നത്. ‘ഗൗജ് ഗാ’ എന്ന ഹാഷ് ടാഗുമായിട്ടാണ് പ്രചരണം.

മീ ടൂ ക്യാമ്പയിന്‍ കൂടുതല്‍ കൂടുതല്‍ തുറന്നു പറച്ചിലുമായി മുമ്പോട്ടു പോയിക്കോണ്ടിരിക്കുകയാണ്. പീഡനത്തിന് ഇരയായവരുടെ മാത്രമല്ല അതിജീവിച്ചവരുടെയും തുറന്നു പറച്ചിലുകള്‍ മീ ടു ക്യാമ്പയിനെ കൂടുതല്‍ ശക്തമാകുകയാണ്. അരുണിമ ജയലക്ഷ്മി എന്ന് പെണ്‍കുട്ടിയുടെ തുറന്നു പറച്ചിലാണ് ഇത്. തനിക്കു നേരിട്ട് അതിക്രമത്തെക്കുറിച്ചും അതിനെ ധീരമായി അതീജീവിച്ചതിനെക്കുറിച്ചുമാണ് ഈ പെണ്‍കുട്ടി പറയുന്നത്. എന്നു മാത്രം എഴുതിയിട്ടിട്ടു പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ നേരിട്ട, പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ദുരനുഭവത്തിന്റെ ഓര്‍മ്മയാണിത്. ഭയമായും വിഷാദമായും സങ്കടമായും ഇടക്കിടെയെത്തി എന്നെ ഇപ്പോഴും ഭ്രാന്തു പിടിപ്പിക്കുന്ന ദിവസങ്ങളുണ്ട് പിറകില്‍.. സംഭവിച്ചതെല്ലാം അതിന്റെ തീവ്രതയില്‍ തുറന്നു പറയാന്‍ കഴിയാതെ ഒരു പുഴുത്ത വ്രണം പോലെ മനസ്സിലിട്ടു നീറ്റി നടന്ന ഒരു പെണ്‍കുട്ടിയുണ്ട് പിറകില്‍ ..

ധീരമായ അതിജീവനത്തിന്റെ ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തലുകൾ……

uploads/news/2017/10/156603/meetoo.gif

എന്റെ ഒമ്പതാം ക്ലാസ്സ് കാലം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ ഇന്നുള്ളതിനേക്കാള്‍ കട്ടികൂടിയ കാടുണ്ടായിരു അന്ന് .. സ്‌കൂള്‍ ഗ്രൗണ്ടിനെ ചുറ്റിയുള്ള കാട്ടിലൂടെ സ്‌കൂളിലേക്ക് ചെറിയ വെട്ടുവഴികളുണ്ട്. വീട്ടില്‍ നിന്നും വൈകിയിറങ്ങിയ ഒരുദിവസം ആ വഴികളിലൊന്നിലൂടെ ഓടിയിറങ്ങുന്ന എന്നെ ഒരാള്‍ തടഞ്ഞു നിര്‍ത്തുന്നു.. വായ് പൊത്തിപ്പിടിച്ചു കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുന്നു .. എനിക്ക് ആര്‍ത്തവം ആരംഭിച്ച കാലമായിരുന്നു അത് . ശരീരത്തെ കുറിച്ചും അത് നേരിട്ടേക്കാവുന്ന അതിക്രമങ്ങളെ കുറിച്ചും വലിയ ധാരണയില്ലാത്ത പെണ്‍കുട്ടി, ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന ബോധത്തില്‍ നിന്നുകൊണ്ട് അവള്‍ക്കാവുംപോലെ ചെറുത്തു.. ഉരുണ്ടു മറിഞ്ഞു നിലത്തു വീണുപോയ എനിക്ക് മുമ്പില്‍ അയാളുടെ ഉദ്ധരിച്ച ലിംഗം കണ്ടു . പ്രണയിക്കുന്ന പുരുഷന്റെയല്ലാതുള്ള ഒരു ലിംഗം എത്രത്തോളം വലിയ വൃത്തികേടാണെന്നു ഇപ്പോഴെനിക്കറിയാം.

അന്ന് ജീവിതത്തിലാദ്യമായി ഒരു പുരുഷ ലിംഗം കണ്ട്, അതിന്റെ സ്പര്‍ശത്തെ ഭയന്ന് അറപ്പോടെ പിന്നോട്ട് മറിഞ്ഞു വീണു.. മുടിക്ക് കുത്തിപ്പിടിച്ച് അയാള്‍ എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു.. പിടിവലിക്കിടയില്‍ യൂണിഫോമിന്റെ തുന്നലുകള്‍ വിടുന്നതും പിന്നിപ്പോകുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്റെ കഴുത്തില്‍ പിടി മുറുകുകയാണ്.. അയാളുടെ കൈകള്‍ എന്റെ പാവാടയുടെ അടിയിലേക്ക് ഇഴയുകയാണ് ( ഇതു വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയില്‍ പ്രകോപനം ഉണ്ടാവുന്നെങ്കില്‍ ക്ഷമിക്കുക . എനിക്കിതു പറയാതെ വയ്യ. പറയാനുള്ള ആര്‍ജ്ജവത്തിലേക്കു ഞാനെത്തിയത് ഇപ്പോഴാണ്).

അയാളുടെ മുതുകില്‍ ദുര്‍ബലതയുടെ അങ്ങേയറ്റത്തു നിന്നുകൊണ്ടുതന്നെ ഞാന്‍ ആഞ്ഞു കടിച്ചു. ഒരു നിമിഷം അയാള്‍ പിടിവിട്ടതും ഞാനോടി … പിടഞ്ഞോടി രക്ഷപ്പെടുകയായിരുന്നു .. ശരീരം മുഴുവന്‍ നൊന്തിരുന്നു.. രക്തം പൊടിഞ്ഞിരുന്നു..

ആരോടെങ്കിലും പറയാവുന്ന ഒരു കാര്യമല്ലെന്ന് ധരിച്ച് മനസ്സിലിട്ടു കൊണ്ടുനടന്നു… ഭീകരമായ ഇന്‍സെക്യൂരിറ്റി അനുഭവിച്ച കാലം. ഉണര്‍വ്വിലും ഉറക്കത്തിലും ഞെട്ടിക്കൊണ്ടിരുന്ന ദിവസങ്ങള്‍. ചിരിയും വര്‍ത്തമാനവും മുറിഞ്ഞും മാഞ്ഞും പോയി. മനുഷ്യരെ മുഴുവന്‍ പേടിയായി. ഒറ്റക്കിരിക്കാന്‍ മാത്രം ഇഷ്ട്ടപ്പെടുന്ന കുട്ടിയായി… പത്താം ക്ലാസ്സിന്റെ കാല്‍ ഭാഗം വരയെ സ്‌കൂളില്‍ തുടരാനായുള്ളൂ. സഹപാഠികള്‍ക്കിടയില്‍ പോലും ഇരിക്കാന്‍ കഴിയാത്ത വിധത്തിലേക്ക് മാറിപ്പോയി. കൂട്ടുകാര്‍ ഇല്ലാണ്ടായി. തീര്‍ത്തും ഒറ്റയായി.. എന്റെ ക്ലാസ്സിന്റെ മുന്‍വാതില്‍ കടന്ന് എന്റെ ബെഞ്ച് വരെ കുട്ടികള്‍ക്കിടയിലൂടെ നടന്നെത്താന്‍ എനിക്ക് പറ്റുമായിരുന്നില്ല.

അപകര്‍ഷതയും ഭയവും വിഷാദവും. ആ കൊല്ലത്തെ SSLC പരീക്ഷ എഴുതിയില്ല . ഡിപ്രഷന്റെ ഏറ്റവും മാരകമായ ഒരു വേര്‍ഷന്‍ അനുഭവിച്ചുകൊണ്ട് വീട്ടിലെ ഒരു മുറിക്കുള്ളിലായിരുന്നു ഞാന്‍ .
പിന്നീട് നിരന്തരമായ കൗണ്‍സിലിംഗുകള്‍.. മരുന്നുകള്‍ .. എന്നെ മറികടന്നു പോകുന്നവരില്‍ ആ മനുഷ്യന്റെ മുഖം മാത്രം തിരഞ്ഞുകൊണ്ടേയിരുന്നു.
കോളേജ് കാലം അവസാനിക്കും വരെയും വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. സഭാകമ്പവും ആള്‍ക്കൂട്ടത്തോടുള്ള ഭയവും ഒരു മാറാ വ്യാധിപോലെ ഈയടുത്ത കാലം വരെയും എനിക്കൊപ്പം ഉണ്ടായിരുന്നു.

പിജി ചെയ്യാന്‍ വീണ്ടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ എത്തിയപ്പോള്‍ ആ പഴയ വഴികളിലൂടെ ഞാന്‍ നടന്നുകൊണ്ടിരുന്നു . ഇപ്പോഴും ഞാന്‍ തിരഞ്ഞെടുക്കാറ് ആ വഴിയാണ്. ആ വഴിയില്‍ അയാളെ വെട്ടിനുറുക്കുന്ന ചിലപ്പോള്‍ വെടിവെച്ചു വീഴ്ത്തുന്ന എന്നെ ഇതിനകം എത്രയോ തവണ ഞാന്‍ കണ്ടിരിക്കുന്നു …

ഭ്രാന്തിന്റെയും വിഷാദത്തിന്റെയും ചുഴികള്‍ എന്നില്‍ തുടങ്ങിവെച്ച അജ്ഞാതാ.., എന്റെ കൗമാര ദശയുടെ പുള്ളിച്ചിറകുകള്‍ അരിഞ്ഞുകളഞ്ഞവനെ.., ഞാനിന്നു ആ പഴയ പെണ്‍കുട്ടിയല്ല. നിന്നെയെനിക്ക് കാണുകയും വേണ്ട . പകയല്ല , പകരം പുച്ഛമാണ്. ഇനി ഭയപ്പെടുകയുമില്ല. നീയെന്നില്‍ കുത്തിനിറച്ച പേടിയും അപകര്‍ഷതയുമെല്ലാം ഞാന്‍ എന്നോട് തന്നെ പടവെട്ടി തൂത്തെറിഞ്ഞിരിക്കുന്നു.. വേദനയുടെ കാലത്ത് എന്നെ വിടാതെ ചേര്‍ത്ത് നിര്‍ത്തിയ ചുരുക്കം പേരുണ്ട് .. അച്ഛന്‍ , അമ്മ , ചേച്ചി , ബാലകൃഷ്ണന്‍ ഡോക്ടര്‍, എന്റെ സഭാകമ്പം പൊടിക്കൈ മരുന്ന് തന്നു മാറ്റിയ രാജന്‍ ഡോക്ടര്‍ … സ്‌നേഹത്തിന്റെ ആ കൈകള്‍ക്കു ഒരു നൂറുമ്മകള്‍ .. ❤️❤️

കാരൂര്‍ സോമന്‍
ഒരു ചെറുഗ്രാമത്തിലേക്കുള്ള വഴി പോലെയാണ് അതു തോന്നിച്ചത്. തികഞ്ഞ നിശബ്ദത തളം കെട്ടി നില്‍ക്കുകയായിരുന്നു എങ്ങും. ഒരിടത്തും വലിയ തിരക്ക് അനുഭവപ്പെട്ടതേയില്ല. ഒരു ചെറിയ ഡാബയില്‍ നിന്നും ചായ തിളപ്പിക്കുന്നതിന്റെ പുക ഉയരുന്നു. വൃത്തിയില്ലാത്ത ആ സമോവര്‍ തന്നെയായിരുന്നു, ഇതൊരു ടൂറിസ്റ്റ് കേന്ദ്രം അല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്.

പുതിയ ഇരുനൂറു രൂപ നോട്ടിന്റെ മുറതലയ്ക്കല്‍ സാഞ്ചി സ്തൂപം കണ്ടപ്പോള്‍ മുതല്‍ക്കു തോന്നിയ ആഗ്രഹമായിരന്നു ഇവിടേക്കുള്ള വരവ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭോപ്പാലിനു വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുവിനു പിന്‍പ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമായിരുന്നുവത്രേ ഈ പുണ്യസ്ഥലം, സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളില്‍ സ്തൂപങ്ങളും, മറ്റു ബൗദ്ധസ്മരകങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നു.

ഭോപ്പാലില്‍ നിന്നും ഇത്താര്‍സി വരെ പോകുന്ന വിന്ധ്യാചല്‍ എക്‌സ്പ്രസ് സാഞ്ചി സ്റ്റേഷനില്‍ നിര്‍ത്തും. പിന്നെ ചില പ്രാദേശിക വണ്ടികളും. ഗോതമ്പ് പാടങ്ങള്‍ പടര്‍ന്നു നില്‍ക്കുന്ന പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെറു റോഡിലൂടെ ഹൈവേയിലേക്ക് കയറാം. അതിനു മുന്‍പ് തന്നെ ശ്രീലങ്കയെ മഹാബോധി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ശ്രീലങ്കന്‍ മഹാബോധി ക്ഷേത്രം കാണാം. ഗുപ്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വിദിഷയിലേക്കുള്ള ഹൈവേ മറി കടന്നുവേണം സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നിടത്തേക്കു പോകാന്‍. സാഞ്ചിയില്‍ നിന്നും വെറും പത്തു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിദിഷയില്‍ എത്താം. മദ്ധ്യകാലഘട്ടത്തില്‍ ഭെല്‍സ എന്നും വിളിച്ചിരുന്ന വിദിഷയ്‌ക്കൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ജനങ്ങളുടെ സാക്ഷരത 86.88 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 74.04 ശതമാനത്തേക്കാള്‍ കൂടുതലാണ്. പുരുഷന്മാരുടെ സാക്ഷരത 92.29 ശതമാനവും സ്ത്രീകളുടേത് 80.98 ശതമാനവുമാണ്. വിദിഷയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേര്‍ ആറുവയസിനു താഴെയുള്ളവരാണ്. ഗുപ്തകാലത്തിന്റെ പെരുമ പേറുന്ന വിദിഷയില്‍ നിന്നും സാഞ്ചിയിലേക്ക് വരാം.


റോഡ് മറികടന്ന് വീണ്ടും ഗോതമ്പ് പാടത്തിനു നടുവിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ വഴി. നല്ല വെയില്‍ക്കാറ്റ്. ഒരു പെരുവഴിയമ്പലം പോലെ പോസ്റ്റോഫീസ് പതുങ്ങി തളര്‍ന്നു കിടക്കുന്നു.

ബേത്വ നദിയില്‍ നിന്നാണ് കാറ്റ് വരുന്നത്. സാഞ്ചി സ്തൂപം നില്‍ക്കുന്ന ചെറിയ കുന്ന് ദൂരെ നിന്നേ കാണാം. അതിനപ്പുറത്താണ് വേത്രാവതി, ശുക്തിവതി എന്നീ പേരുകളിലും അറിയപ്പെടുന്ന യമുനാ നദിയുടെ ഒരു പോഷനദിയായ ബേത്വ ഒഴുകുന്നത്. ഭോപ്പാല്‍ നഗരത്തിന് പുറത്തുള്ള മാന്‍ഡിദീപ് വ്യവസായ മേഖലയിലാണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ഹംരിപൂറിനടുത്ത്‌വച്ച് യമുനയോട് ചേരുന്നു. ഇതിഹാസമായ മഹാഭാരതത്തില്‍ ചര്‍മന്‍വതി നദിയോടൊപ്പം ബേത്വ നദിയേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇവ രണ്ടും യമുനയുടെ പോഷകനദികളാണ്. ചേദി രാജവംശത്തിന്റെ തലസ്ഥാനം ബേത്വ നദിയുടെ തീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇന്ത്യയുടെ നദീ സംയോജനപദ്ധതിയുടെ ആദ്യപടിയായി ബേത്വാ നദിയെ മദ്ധ്യപ്രദേശിലെ തന്നെ കെന്‍ നദിയുമായി യോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


മുന്നില്‍ ഇന്ത്യന്‍ സാംസ്‌ക്കാരിക പൈതൃകത്തിന്റെ പൊന്‍വെളിച്ചം തൂവി സാഞ്ചി സ്തൂപം. ആകാശത്തിന് ഭൂമിയുടെ സന്ദേശം നല്‍കുന്നതു പോലെ, ചെറു കാറ്റിനു പോലും അളന്നു കുറിച്ചെടുക്കുന്ന മൗനത്തിന്റെ വലിയൊരു വില സമ്മാനിക്കുന്നതു പോലെ അന്തരീക്ഷം ധ്യാനത്തിലാണ്ടിരിക്കുന്നു. ഇവിടെ ശ്രീബുദ്ധന്റെ നിശ്വാസഗതികള്‍ തീര്‍ത്ത വിദിശയില്‍നിന്ന് പടര്‍ന്നു പന്തലിക്കുന്ന ആദ്ധ്യാത്മീക തേജസ് പ്രകടം.

മുന്നോട്ടു നോക്കുമ്പോള്‍ കാണാനാവുന്ന കുന്നിന്‍ മുകളിലാണ് മഹാസ്തൂപം പ്രകടമായി തലയെടുപ്പോടെ നില്‍ക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റന്‍ ശിലാനിര്‍മിതി. മൂന്നാം നൂറ്റാണ്ടിലായിരിക്കണം ഇതു നിര്‍മ്മിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ശിലാനിര്‍മ്മിതിയാണത്രേ ഇത്. അതു കൊണ്ടു തന്നെയാവണം, സാംസ്‌ക്കാരിക പൈതൃകത്തിന്റെ മുഖപത്രമായി സാഞ്ചിയില്‍ സ്തൂപം നിലകൊള്ളുന്നത്. ഭൂമിയെ ഉള്‍ക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിര്‍മ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയില്‍ ചതുരാകൃതിയില്‍ ഹര്‍മിക നിര്‍മ്മിച്ചിരിക്കുന്നു, അതിനു മുകളില്‍ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേല്‍ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകള്‍, ഛത്രാവലി എന്നാണ് ഇതിന്റെ പേര്.
കുന്ന് കയറി മുകളിലെത്തി. വിശാലമായ പുല്‍ത്തകിടി താഴെ കാണാം. ദൂരെ മാനവും ഭൂമിയും ആവേശത്തോടെ ആശ്ലേഷം ചെയ്യുന്നു. അണ്ഡത്തില്‍ നിന്ന് 16 അടി ഉയരത്തില്‍ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തില്‍ ദര്‍ശിക്കുന്ന ഒരു ദാര്‍ശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം.

മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ് ഈ ദുഃഖങ്ങള്‍ക്കു കാരണം എന്നും ബുദ്ധന്‍ പഠിപ്പിച്ചതിന്റെ സാരാംശം ഇവിടെ പ്രകടം. ഇത്തരം ആഗ്രഹങ്ങളെ ബുദ്ധന്‍ തന്‍ഹ എന്നു വിളിച്ചു. എല്ലാ കാര്യങ്ങളിലും മിതത്വം പുലര്‍ത്തി ഈ ആഗ്രഹങ്ങളില്‍ നിന്നും മോചനം നേടണമെന്നും അദ്ദേഹം ഉപദേശിക്കുന്നതിന്റെ പൊരുള്‍ ശിലാലിഖിതങ്ങളില്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള സഹജീവികളോട് ദയ കാണിക്കണമെന്നും അവരുടെ ജീവനെ ബഹുമാനിക്കണമെന്നും ബുദ്ധന്‍ പഠിപ്പിച്ചത് ഓര്‍മ്മിപ്പിക്കുന്ന ഒട്ടേറെ ശിലാചിത്രങ്ങളാല്‍ മുഖരിതമാണ് സ്തൂപിന്റെ ഭിത്തികളെല്ലാം തന്നെ. ജീവിതത്തില്‍ മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം, അവ നല്ലതോ ചീത്തയോ ആയാലും, അവ പിന്നീടുള്ള ജീവിതത്തിലും വരും ജന്മങ്ങളിലും അവനെ ബാധിക്കുമെന്നും അതു കൊണ്ട് തന്നെ നന്മ ചെയ്തു മാത്രം മുക്തി പ്രാപിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന രേഖാചിത്രങ്ങള്‍.

ധര്‍മ്മപദത്തില്‍ ഇരുപത്തിനാലദ്ധ്യായങ്ങളില്‍ അടങ്ങിയിരിയ്ക്കുന്ന ബുദ്ധമതത്തിന്റെ സാരം ഇവിടെയും കാണാം. ബുദ്ധമതം എന്നു വെച്ചാല്‍ ബുദ്ധന്‍ പ്രസംഗിച്ച പ്രകാരത്തിലുള്ള തത്ത്വങ്ങളും ആദികാലങ്ങളില്‍ ധര്‍മ്മം എന്ന വിശേഷനാമത്തോടുകൂടിയുള്ള മതവുമാകുന്നുവെന്നാണല്ലോ വെയ്പ്. സാഞ്ചിയിലെ സ്തൂപിന്റെ നടവഴികളിലൂടെ നടക്കുമ്പോള്‍ ബുദ്ധന്റെ പാത പിന്തുടര്‍ന്നെത്തിയ അശോക ചക്രവര്‍ത്തിയെ ഓര്‍ത്തുപോയി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം മുഴുവന്‍ ഭാഗവും ഇദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. അനേകം യുദ്ധങ്ങള്‍ ചെയ്ത അശോകന്‍ ഇപ്പോഴത്തെ ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങള്‍ വരെ സാമ്രാജ്യം വ്യാപിപ്പിച്ചു. തെക്കുഭാഗത്ത് ഉത്തരകേരളത്തിന്റെ ഭാഗവും അശോകസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. സ്‌നേഹം, സത്യം, ക്ഷമ, ശുദ്ധി, ഇവയോടും കൂടി ഇരിയ്ക്കുവാന്‍ ഉദ്‌ബോധിപ്പിച്ച ഈ അശോകചക്രവര്‍ത്തിയാണ് സാഞ്ചി ബുദ്ധമത സങ്കേതം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.

അശോകചക്രവര്‍ത്തിയുടെ മകനും ശ്രീലങ്കയിലെ ബുദ്ധമത പ്രചാരകനുമായിരുന്ന മഹേന്ദ്രന്റെ ചില കുറിപ്പുകളിലാണ് സാഞ്ചിയെക്കുറിച്ച് പരാമര്‍ശങ്ങളുള്ളത്.
ചന്ദ്രഗുപ്ത മൗര്യന്റെ കാലത്തിനു ശേഷം പ്രതാപമായി തുടര്‍ന്നിരുന്ന കലിംഗ രാജ്യം മാത്രം അശോകചക്രവര്‍ത്തിയെ അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ അശോകന്‍ കലിംഗയെ ആക്രമിച്ചെങ്കിലും അത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. പിന്നീടത് ഇന്ത്യയുടെയും ലോകത്തിന്റെയും തന്നെയും ചരിത്രത്താളുകളിലെ അവിസ്മരണീയ അധ്യായമായി മാറിയതിന് സാക്ഷ്യം കൂടിയാണ് സാഞ്ചിയിലെ സ്തൂപം.

മൗര്യ സാമ്രാജ്യത്തില്‍ നിന്നും ക്ഷാത്രപരും കുശാനന്മാരും മാള്‍വാ പ്രദേശം പിടിച്ചടക്കിയപ്പോള്‍ സാഞ്ചിയുടെ പ്രതാപം മങ്ങി. പിന്നീട് ക്രി.പി നാലാം നൂറ്റാണ്ടില്‍ ഗുപ്തവംശം ഭരണം പിടിച്ചടക്കിയതോടെയാണ് വീണ്ടും സാഞ്ചിക്ക് നല്ലകാലം വന്നത്. ഈ കാലഘട്ടത്തില്‍ ഇവിടെ കൂടുതല്‍ ക്ഷേത്രങ്ങളും സ്തൂപങ്ങളുമൊക്കെ സ്ഥാപിക്കപ്പെട്ടു. ഗുപ്തവംശത്തിനു ശേഷം പല രാജവംശങ്ങളും മാള്‍വ കീഴടക്കി ഭരിച്ചു. ഇതില്‍ ഹര്‍ഷവര്‍ദ്ധനന്റെ കാലത്തുമാത്രമാണ് (എ.ഡി. 606-647) സാഞ്ചിക്ക് പ്രത്യേകശ്രദ്ധ കിട്ടിയത്. ബ്രാഹ്മണ മതം ശക്തിപ്രാപിച്ചതോടെ ഇന്ത്യയിലെമ്പാടും ബുദ്ധമതത്തിനുണ്ടായ തളര്‍ച്ച തന്നെയാവണം സാഞ്ചിയെയും ബാധിച്ചത് എന്നു കരുതപ്പെടുന്നു.
നൂറ്റാണ്ടുകളോളം വിസ്മൃതിയിലാണ്ട് കിടന്ന സാഞ്ചിയിലെ മഹാസ്തൂപവും മറ്റ് അമൂല്യ സ്മാരകങ്ങളും വീണ്ടെടുത്തത് 1818ല്‍ ജനറല്‍ ടെയ്‌ലറാണ്. എങ്കിലും 1912 നും 1919 നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ സര്‍ ജോണ്‍ മാര്‍ഷലിന്റെ മേല്‍നോട്ടത്തിലാണ് സാഞ്ചിയിലെ സ്മാരകങ്ങള്‍ പുനരുദ്ധരിക്കപ്പെട്ടത് . ഇന്നിപ്പോള്‍ സാഞ്ചിയില്‍ ഏകദേശം അന്‍പതോളം സ്മാരകങ്ങളുണ്ട്, ഇവയില്‍ മൂന്നു സ്തൂപങ്ങളും ഏതാനും ക്ഷേത്രങ്ങളും ഉള്‍പ്പെടും. 1989 തൊട്ട് യുനസ്‌കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ സാഞ്ചിയുമുണ്ട്. ഏറെ കാണാനുണ്ട് സാഞ്ചിയില്‍. ഗോതമ്പ് പാടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചെറുഗ്രാമം ഒരു കാലത്ത് ലോകത്തിന്റെ തന്നെ സാംസ്‌ക്കാരിക തലസ്ഥാനമായിരുന്നുവെന്ന് ഓര്‍ത്തപ്പോള്‍ ശരീരത്തില്‍ ഒരു ചെറുകുളിര് അനുഭവപ്പെട്ടു. സ്തൂപത്തിനു സമീപം ഒട്ടനവധി ബുദ്ധക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇന്ന് അതില്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് കാലപഴക്കത്തെ അതിജീവിച്ചു നിലകൊള്ളുന്നത്. ടെംപിള്‍ 17, ടെംപിള്‍ 18 എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങള്‍. ഗുപ്തകാലത്തില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ആരാധനയില്ലാത്ത മറ്റൊരു ക്ഷേത്രം. ഒരു ബുദ്ധ മൊണാസ്ട്രിയും ഇതിനോടടുത്തു കാണാം. ശിലയില്‍ പാകിയെടുത്ത നിരവധി കെട്ടിടാവശിഷ്ടങ്ങള്‍ സാഞ്ചിയില്‍ ഉണ്ട്. ഓരോ ശിലയിലും കൊത്തിയെടുത്തിയിരിക്കുന്ന കരവിരുത് കാലത്തിന്റെ മുന്നില്‍ മുട്ടുമടക്കി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ബുദ്ധമത പ്രഭാവകാലത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങള്‍ സാഞ്ചിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ മിക്ക ബുദ്ധമതകേന്ദ്രങ്ങളും ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധമുള്ളവയാണ് പക്ഷേ സാഞ്ചി ശ്രീബുദ്ധന്‍ സന്ദര്‍ശിച്ചിട്ടു പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്തൂപത്തിന്റെ അടുത്തു നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ മാറിയാണ് ഗ്രാമം. തുടര്‍ന്നങ്ങോട്ട് കണ്ണെത്താദൂരത്തോളം പടര്‍ന്നു കിടക്കുന്ന സ്വര്‍ണ്ണമണികളോടു കൂടിയ ഗോതമ്പ് പാടങ്ങളുടെ വിശാലദൃശ്യം.

മടങ്ങുമ്പോള്‍, ‘നാശം എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്‌നംചെയ്യുക’ എന്ന ബുദ്ധവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങുന്നതായി തോന്നി. ‘ശരീരം മലിനവസ്തുക്കളാല്‍ നിറഞ്ഞതാണെന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. സുഖവും ദുഃഖവും തരുന്ന വസ്തുതകളെ തുടര്‍ച്ചയായി മനനം ചെയ്യുക. മമതാബന്ധങ്ങളില്‍ നിന്നുണ്ടാകുന്ന ദോഷങ്ങളെ വിലയിരുത്തുക. ഇതില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുക.’ സ്മൃതിവാക്യങ്ങള്‍ നിറഞ്ഞ ശിലാലിഖിതങ്ങള്‍ ഒരു നിമിഷം കൂടി ഓര്‍മ്മയില്‍ നിറയവേ, ഒരിക്കല്‍ കൂടി സാഞ്ചിയെ നോക്കി ഹൃദയത്തില്‍ വണങ്ങി.

രാജേഷ്‌ ജോസഫ് 

ഇണയും തുണയുമായി ദൈവം സൃഷ്ടിച്ച മനുഷ്യന് നന്മ തിന്മകളെ വേര്‍തിരിക്കാനുണ്ടായ വൃക്ഷമാണ് സഭ. സഭയുടെ അടിസ്ഥാന ശില പിതാ – പുത്ര- പരിശുദ്ധ ദൈവമാണ്. ഗോത്ര വര്‍ഗ പാരമ്പര്യങ്ങളില്‍നിന്നും ഇന്ന് കാണുന്ന സംഘടിതമായ സ്ഥിതിയിലേക്ക് എത്തിയതിന്റെ പിന്നിലെ ചരിത്രം വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതമാണ്.
തങ്ങളുടെ ഭാഷയും, പാരമ്പര്യങ്ങളും, ആരാധന രീതികളും, ആചാര അനുഷ്ടാനങ്ങളും നെഞ്ചോടു ചേര്‍ത്ത് പരിപാലിച്ചിരുന്ന ഒരു സമൂഹം പിറന്ന നാടും, മണ്ണും, ബന്ധുക്കളെയും ഉപേക്ഷിച്ച് കേരളത്തിന്റെ മണ്ണില്‍ കുടിയേറിയതിന്റെ പിന്നിലെ ചേതോവികാരം സഭയാകുന്ന വൃക്ഷത്തെ പടുത്തുയര്‍ത്താനാണ്.

സഭാ തരുവിനെ മറന്നുള്ള ഒരു മിഷനും തളിരിടില്ല എന്നുള്ളത് പരമമായ സത്യമാണ്. കാരണം അവ ദൈവ നിവേശിതമല്ല. 17 നൂറ്റാണ്ടുകളായി വിവിധതരം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോഴും 400പേര്‍ മാത്രമായി വന്നവര്‍ രണ്ടു ലക്ഷം വ്യക്തികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടങ്കില്‍ അത് സഭ ആത്മാവില്‍ അഗ്‌നിയായി സൂക്ഷിക്കുന്നതുകൊണ്ടാണ്. സ്വന്തം ഭാഷയും, ആരാധന രീതികളും ഒരു മടിയും കൂടാതെ തദ്ദേശീയരായ ജനതയ്ക്ക് നല്‍കിയ സമുദായം 17 നൂറ്റാണ്ടുകളും അപ്പുറം തങ്ങളുടെ പാരമ്പര്യങ്ങളില്‍ അടിയുറച്ച വിശ്വാസം സംരക്ഷിക്കാന്‍ ഇന്നും കുരിശുയുദ്ധം നടത്തിക്കൊണ്ടേയിരിക്കുന്നു.
സീറോ മലബാര്‍ സഭ എന്ന വിത്ത് പാകി നനച്ചു വളര്‍ത്തി ഇന്ന് വലിയ വൃക്ഷമാക്കാന്‍ സഹായിച്ച കോട്ടയം രൂപതയേയും ക്‌നാനായ സമുദായത്തെയും അവയുടെ വ്യതിരക്തതകളോടെ മനസിലാക്കി നിലനിര്‍ത്തിക്കൊണ്ടുള്ള പോകുവാനുള്ള ചുമതല സീറോ മലബാര്‍ സഭയ്ക്കുണ്ട്. നാനാത്വത്തില്‍ ഏകത്വം നാം ഇന്ന് എല്ലാ മേഖലകളിലും കാണുന്നു. ഓരോ വൃക്തികളെയും, സമുദായങ്ങളെയും, സംഘടനകളെയും അവയുടെ വ്യതിരക്തതകളോടെ അംഗീകരിക്കുമ്പോഴാണ് വളര്‍ച്ച ഉണ്ടാകുന്നത്. ഇത് തന്നെയാണ് സുവിശേഷത്തിലും പ്രതിപാദിക്കുന്നത്. തന്നോടുള്ള സമാനത നിലനിര്‍ത്തേണ്ടത് കാര്യമായി പരിഗണിക്കാതെ പരിപൂര്‍ണ മനുഷ്യനായി ക്രിസ്തു സ്ത്രീയില്‍നിന്നും ജാതനായി.
ഒരു വര്‍ഷം പിന്നിട്ട യുകെയിലെ സീറോ മലബാര്‍ സഭയുടെ മെല്ലെ പോക്കിന് ഒരു കാരണം ക്‌നാനായ സമുദായ അംഗങ്ങളുടെ പരോക്ഷമായ നിസ്സഹകരമാണ്.

സഭയോട് ചേര്‍ന്ന് മുന്നോട്ടു നീങ്ങുവാന്‍ സമുദായ അംഗങ്ങള്‍ മുന്നോട്ടു വരണം. ഏതൊരു വൃവസ്ഥിതിയില്‍ മാറ്റം ഉണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ ആ വ്യവസ്ഥിതിയുടെ ഭാഗം ആയി മാറണം. സഭാ നേതൃത്വം തുറന്ന മനസോടു കൂടി കാര്യങ്ങളെ സമീപിക്കണം. കാലാകാലങ്ങളായി കോട്ടയം രൂപതയും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും സിനഡ് എടുക്കുമ്പോള്‍ അവയൊക്കെ പരിശുദ്ധ സിംഹാസന കേന്ദ്രികൃതവും ഇതര രൂപത വികസന തീരുമാനങ്ങള്‍ സിനഡ് കേന്ദ്രികൃത രീതികളും ആകുമ്പോള്‍ ഉണ്ടാക്കുന്ന തുടര്‍ചലനങ്ങളാണ് ഈ പരോക്ഷമായ നിസ്സഹകരണത്തിനു അടിസ്ഥാനം.

തങ്ങള്‍ പൊന്നുപോലെ കാത്തുപരിപാലിച്ച ചില അനുഷ്ടാനങ്ങള്‍ (സ്വവംശ വിവാഹം ഒഴികെ) ഇതര സഭാ സമൂഹങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ സമുദായ അംഗങ്ങള്‍ ആശങ്കപ്പെടരുത്. അവ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. പങ്കു വെയ്ക്കാതെ വിഭജിക്കപ്പെടാതെ അപ്പം വിശുദ്ധ കുര്‍ബാന ആകില്ല.
സീറോ മലബാര്‍ സഭയെ വളര്‍ത്താന്‍ ക്‌നാനായ മിഷനുകള്‍ ഈ കാലഘട്ടത്തില്‍ ആവശ്യമാണ്. വ്യക്തി, കുടുംബ വളര്‍ച്ചയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ മിഷനുകള്‍ക്ക് സാധിക്കും. മക്കള്‍ക്ക് നല്ല മാതൃകകള്‍ നല്‍കി വിശ്വാസ ജീവിതത്തില്‍ അടിയുറച്ച ഉത്തമ പൗരന്മാരായി മാറുവാനുള്ള കളരിയായി കുടുംബങ്ങളെ പോലെ മിഷനുകളും മാറണം. സഭയെ ഒഴിവാക്കി ആത്മീയ നേതൃതത്തെ തിരസ്‌കരിച്ചുള്ള മിഷന്‍ പ്രവര്‍ത്തനം വെറും വ്യക്തി താല്പര്യം മുന്‍നിര്‍ത്തിയുള്ള ഇന്നത്തെ രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം പോലെ ആകും. എല്ലാവരെയും ഉള്‍കൊള്ളുന്ന, അംഗീകരിക്കുന്ന, നാനാത്വത്തില്‍ ഏകത്വം കാത്തു സൂക്ഷിക്കുന്ന മിഷനുകള്‍ ഉണ്ടാക്കട്ടെ എന്ന് പ്രത്യാശിക്കാം.

(ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ മാത്രം അഭിപ്രായമാണ്)

ഷാജി ഫ്രാന്‍സിസ്

കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രെയിംസും കൂടി ഒരുക്കുന്ന ‘ഓര്‍മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ പുതിയ എപ്പിസോഡിലേക്കു നിങ്ങള്‍ ഏവര്‍ക്കും സ്വാഗതം. ഞങ്ങള്‍ ഇന്നവതരിപ്പിക്കുന്നത് 1985 ല്‍ റിലീസായ ‘നിറക്കൂട്ട്’ എന്ന ചിത്രത്തില്‍ കെ. എസ്. ചിത്ര പാടിയ ‘പൂമാനമെ ഒരു രാഗമേഘം താ’ എന്ന മനോഹരമായ ഗാനം ആണ്. ഈ ഗാനം ആലപിക്കുന്നത് അനിറ്റ് ബെന്നി. കാര്‍ഡിഫില്‍ നിന്നുള്ള അനിറ്റ് സെന്റ് ഡേവിഡ്സ് കോളേജില്‍ എ ലെവല്‍ വിദ്യാര്‍ഥിനിയാണ്. ബെന്നി അഗസ്റ്റിന്റെയും റേസ്സിയുടെയും മൂത്ത പുത്രിയാണ് അനിറ്റ്. സംഗീതത്തിലെന്നപോലെ നൃത്തത്തിലും പ്രാവീണ്യം തെളിയിച്ച കലാകാരികൂടിയാണ് അനിറ്റ് ബെന്നി.

യുകെയിലെ പല വേദികളിലും ഗാനം ആലപിക്കുകയും തന്റെ കലാപരമായ കഴിവുകള്‍ കാഴ്ചവയ്ക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ എപ്പിസോഡില്‍ നിങ്ങള്‍ തന്ന നല്ല അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഞങ്ങള്‍ നന്ദി അര്‍പ്പിക്കുന്നു.

https://www.facebook.com/815773181831892/videos/vb.815773181831892/1464676773608193/?type=2&theater

കേരളത്തില്‍ അബ്രാഹ്മണരെയും ദളിതരെയും ശാന്തിക്കാരായി നിയമിച്ചതിന് എതിരെ സംഘപരിവാര്‍ സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 6 ദളിതരെ ഉള്‍പ്പെടെ 37 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമിച്ചത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനൊരു തീരുമാനമെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. പരശുരാമ സേന എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടന മധ്യപ്രദേശില്‍ നിന്നാണ് നിവേദനം നല്‍കിയിരിക്കുന്നത്.

ഇങ്ങനൊരു തീരുമാനം വന്നാല്‍ കോടികണക്കിന് ബ്രാഹ്മണരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുമെന്നും, സംസ്‌കാരത്തിന് കളങ്കമുണ്ടാകുമെന്നും അതിനാല്‍ ആ നിയമനം നിരോധിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.

നിയമനം നിരോധിക്കുന്നില്ല എങ്കില്‍ പരശുരാമ സേനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്

സമൂഹമാധ്യമങ്ങളില്‍ സ്വകാര്യ വീഡിയോകള്‍ പ്രചരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സ്വകാര്യതയുള്ള സ്വന്തം മുറിക്കുള്ളില്‍ നിന്നോ അല്ലെങ്കില്‍ അതുപോലെ മറ്റെവിടെ നിന്നെങ്കിലുമോ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും എങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലേക്കെത്തുന്നത്? ഇവിടെ വില്ലന്‍ സാങ്കേതിക വിദ്യ തന്നെയാണ്. അത് നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ആവാം അല്ലെങ്കില്‍ ക്യാമറയാവാം കംപ്യൂട്ടറാവാം. സ്വന്തം ക്യാമറയിലോ, സ്മാര്‍ട്‌ഫോണിലോ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രചരിക്കാന്‍ നിരവധി വഴികളുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തിയ ആളുകള്‍ തന്നെ അത് പുറത്ത് വിടുന്നതാണ് ആദ്യത്തേത്. മറ്റൊന്ന് ഉടമസ്ഥര്‍ അറിയാതെ ഉപകരണങ്ങളില്‍ നിന്നും മറ്റാരെങ്കിലും മറ്റെങ്ങിനെയെങ്കിലും ചോര്‍ത്തുന്നതാവാം.
എങ്ങിനെയെല്ലാം ഈ ചോര്‍ച്ച സംഭവിക്കാം?

ഉപകരണങ്ങളില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്താല്‍ അത് അവിടെ തീര്‍ന്നു എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരിക്കല്‍ നീക്കം ചെയ്ത ദൃശ്യങ്ങള്‍ എല്ലാം തന്നെ വീണ്ടും തിരിച്ചെടുക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇന്ന് ആര്‍ക്കും ലഭിക്കാവുന്നതേയുള്ളൂ. ഉപകരണങ്ങള്‍ നന്നാക്കുന്ന സ്ഥലങ്ങളില്‍ നിന്ന്, മോഷ്ടിക്കപ്പെടുന്ന ഫോണുകളില്‍ നിന്ന്, ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ നിന്നെല്ലാം നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു പോവാനുള്ള സാധ്യതയുണ്ട്.
വില്ലനായ റിക്കവറി സോഫ്റ്റ്‌വെയറുകള്‍ സ്മാര്‍ട്‌ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം നിങ്ങള്‍ ഒരിക്കല്‍ നീക്കം ചെയ്‌തെടുത്ത ചിത്രങ്ങളോ, വീഡിയോകളോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിവരങ്ങളോ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകളാണ് റിക്കവറി സോഫ്റ്റ് വെയറുകള്‍.

മോഷണം പോകുന്നതോ, വില്‍ക്കുന്നതോ ആയ ഇത്തരം ഉപകരണങ്ങള്‍ തീര്‍ച്ചയായും മറ്റൊരാളുടെ കയ്യിലെത്തിയേക്കാം ഒരു പക്ഷെ അത് നിങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിശ്വസിച്ച് നല്‍കിയതും ആവാം, ചിലപ്പോള്‍ ആര്‍ക്കെങ്കിലും കേടുപാടുകള്‍ തീര്‍ക്കാന്‍ നല്‍കിയതാവാം. എന്തായാലും അവിടെയൊന്നും നിങ്ങളുടെ വിവരങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല എന്നോര്‍ക്കുക. കുബുദ്ധികളായ ആരുടെയെങ്കിലും പക്കലാണ് അവയെത്തുന്നതെങ്കില്‍ കാര്യം കൈവിട്ട കളിയാവും.
മൊബൈല്‍ ആപ്പുകള്‍ പണി തരുമ്പോള്‍ സ്വകാര്യത എന്നത് ഇന്റര്‍നെറ്റ് യുഗത്തില്‍ ഒരു സങ്കല്‍പം മാത്രമാണ്. ഒരു പക്ഷെ സ്വകാര്യത എന്നതിന് മറ്റൊരര്‍ത്ഥം തന്നെ നല്‍കേണ്ടതായി വരും. അതുകൊണ്ടുതന്നെ സ്വകാര്യതയില്‍ ആശങ്കയുള്ളവര്‍ സ്മാര്‍ട്‌ഫോണുകളെ ഭയക്കേണ്ടിയിരിക്കുന്നു. സ്മാര്‍ട്‌ഫോണുകളില്‍ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുന്നവര്‍ പ്രത്യേകിച്ചും. സ്മാര്‍ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളാണ് മറ്റൊരു വില്ലന്‍. നിങ്ങളറിയാതെ നിങ്ങളുടെ വിവരങ്ങള്‍ ദൂരെയൊരിടത്തിരുന്ന മറ്റൊരാള്‍ക്ക് ചോര്‍ത്തിയെടുക്കാനുള്ള എല്ലാ സാധ്യതകളും ആപ്ലിക്കേഷനുകള്‍ ഒരുക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ള പല പ്രമുഖ ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ചില അനുവാദങ്ങള്‍ ചോദിക്കാറുണ്ട്. നിങ്ങളുടെ ക്യാമറ ഉപയോഗിക്കാന്‍, നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് പരിശോധിക്കാന്‍, ഗാലറിയും സ്‌റ്റോറേജിലേക്കും പ്രവേശിക്കാന്‍ എല്ലാമുള്ള അനുവാദം ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ആപ്ലിക്കേഷനുകള്‍ ആവശ്യപ്പെടാറുണ്ട്. ഫോണുകളില്‍ ആവശ്യമായ അനുവാദങ്ങളില്ലാതെ ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തികാനാവില്ല.

പലപ്പോഴും ആപ്പുകള്‍ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങളും നിബന്ധനകളും ആരും തന്നെ വായിച്ച് നോക്കാറില്ല. നമ്മുടെ വിവരങ്ങള്‍ എന്തിനെല്ലാം ഉപയോഗിക്കുമെന്ന വിവരങ്ങളെല്ലാം അതില്‍ ഉണ്ടാവും.
അനുവാദങ്ങളെല്ലാം നല്‍കി കഴിഞ്ഞാല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിങ്ങളറിയാതെ നിങ്ങളുടെ ഫോണില്‍ എവിടേയ്ക്കും കടന്നു കയറാനാവും. ഒരോ തവണ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുമ്പോഴും നിങ്ങളുടെ പല വിവരങ്ങളും ആപ്ലിക്കേഷനുകള്‍ ശേഖരിക്കുന്നുമുണ്ട്. എന്ത് വിവരമാണ് ശേഖരിക്കുന്നതെന്ന് നമ്മള്‍ അറിയുകയുമില്ല.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത നിരവധി ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ശേഷിയുള്ള കെണികള്‍ അത്തരം ആപ്ലിക്കേഷനുകളില്‍ ഉണ്ടാവാന്‍ സാധ്യയേറെയാണ്.

എന്ത് ചെയ്യണം?

സ്വകാര്യ നിമിഷങ്ങള്‍ ഓര്‍മിക്കാനെങ്കിലും നിങ്ങള്‍ നിങ്ങളുടെ തലച്ചോര്‍ ഉപയോഗിക്കുക എന്നതാണ് ഇന്റര്‍നെറ്റ് യുഗത്തില്‍ സ്വകാര്യത സംരക്ഷിക്കാനുള്ള ഏക മാര്‍ഗം.
സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്‌ഫോണുകളില്‍ പകര്‍ത്തരുത്. സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കരുത്. കംപ്യൂട്ടര്‍, സ്മാര്‍ട്‌ഫോണ്‍, മെമ്മറി കാര്‍ഡ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയിലൊന്നും സൂക്ഷിക്കരുത്. ഇതിനൊന്നും സാധിക്കില്ലെങ്കില്‍ സ്വകാര്യത ഒരു പ്രശ്‌നമല്ലെന്ന മനോഭാവം ഉള്ളവരായി മാറുക എന്നല്ലാതെ വേറൊരു വഴിയില്ല.

സുധീര്‍ മുഖശ്രീ

ബോക്‌സ് ഓഫീസില്‍ വിജയം കൊയ്ത ചില സിനിമകള്‍ പിന്നീട് പല ഭാഷകളിലും അല്‍പസ്വല്‍പം രൂപ ഭാവ രാഗ മാറ്റത്തോടെ അല്ലെങ്കില്‍ അതിന്റെ മൂലരൂപ തനിയാവര്‍ത്തനത്തോടെ തന്നെ തിരശീലയിലെ വെള്ളിവെളിച്ചത്തിലേയ്ക്ക് പുനര്‍ജനിച്ചിട്ടുണ്ട്. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത് അമല പോള്‍ പ്രധാന വേഷം ചെയ്ത 2016 ജൂണ്‍ 24ന് റിലീസ് ചെയ്ത ‘അമ്മ കണക്ക്’ എന്ന തമിഴ് ചിത്രത്തിനും ‘ഉദാഹരണം സുജാത’യിലൂടെ ഒരു പുനര്‍ജ്ജന്മം കിട്ടിയിരിക്കുന്നു എന്നുവേണം പറയാന്‍. (സുരഭിയ്ക്ക് ദേശീയഅവാര്‍ഡ് നേടിക്കൊടുത്ത ‘മിന്നാമിനുങ്ങും’ ‘അമ്മ കണക്ക്’ എന്ന സിനിമയുടെ പരിച്ഛേദമാണ്). പക്ഷെ ഇതിനൊരു പ്രത്യേകതയുണ്ട്. കഥയിലും കഥാപാത്രത്തിലുമൊക്കെ ഒരു തരിമ്പും വ്യത്യാസമില്ലാതിരുന്നിട്ടുകൂടി ഒരു തമിഴ് മുജ്ജന്മത്തിലെ അനുഷ്ഠാനങ്ങളും സൂക്ഷ്മ ഭാവങ്ങളും മലയാളി പ്രേക്ഷകന് ഒട്ടും അനുഭവപ്പെടുന്നില്ലായെന്ന് ഇതിന്റെ പുതുമുഖ സംവിധായകനായ ഫാന്റം പ്രവീണ്‍ കാട്ടിത്തരുമ്പോള്‍ തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ കൈയൊപ്പായിത്തന്നെ നമ്മുടെ മനസ്സില്‍ പതിയുന്നത് നിസ്സാരകാര്യമല്ല.

ഇതൊരു സ്ത്രീപക്ഷ സിനിമയല്ലേ? ഉത്തരം അതേ എന്ന് ലളിതമാവുമ്പോള്‍ ഇതിലെ സുജാത എന്ന സ്ത്രീയിലൂടെ സംവിധായകന്‍ നമുക്ക് പരിചയപ്പെടുത്തുന്നത് അതുമാത്രമല്ല. സുജാതയിലൂടെ ഇതള്‍വിരിയുന്നത് ഓരോ ശരാശരി കുടുംബത്തിന്റെയും ജീവസന്ധാരണപ്രക്രിയയുടെ അധികമാരും അറിയാത്ത പെടാപ്പെടലുകളും ആത്മനൊമ്പരങ്ങളും കൂടിയാണ്.

ചിത്രത്തിന്റെ തുടക്കംമുതല്‍തന്നെ നമ്മുടെ അല്ലെങ്കില്‍ നമുക്ക് പരിചിതമായ ചിലരുടെയൊക്കെ മുഖരൂപങ്ങള്‍ ഇതിലെ പല കഥാപാത്രങ്ങളുമായും സാദൃശ്യമുണ്ടാവുമ്പോള്‍ അത് തീര്‍ച്ചയായും നമ്മുടെ മനസ്സില്‍ വല്ലാതെ അനുരണനങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികം. ഈ സ്വാഭാവികതയാണ് ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷരുടെ നെഞ്ചിടിപ്പ് പലപ്പോഴും കൂട്ടിയതും മിഴി നനയിപ്പിച്ചതും ഒപ്പം മനസ്സറിഞ്ഞും അറിയാതേയും ചിരിപ്പിച്ചതും. ശക്തമായ തിരക്കഥയുടെ ഒരടയാളപ്പെടുത്തലാണ് ഇതെന്ന് പറയേണ്ടതില്ലല്ലോ. സെന്റിമെന്റ്‌സിന് പ്രാധാന്യം കൊടുത്തുകൊണ്ട് നിര്‍മിക്കുന്ന ഏതൊരു സിനിമയുടേയും ട്രീറ്റ്‌മെന്റില്‍ അല്പം കോമഡിയുടെ തൂവല്‍സ്പര്‍ശമേല്‍ക്കുമ്പോള്‍ അതിന്റെ പ്രഹരശേഷി പതിന്മടങ് വര്‍ധിക്കും എന്നതിന് നല്ലൊരുദാഹരണമാണ് ഈ ചിത്രം.

അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട സുജാതയുടെ ഒരേയൊരു സ്വപ്നവും ഉല്‍ക്കണ്ഠയും തന്റെ പത്താം ക്ലാസുകാരിയായ മകളിലാണ്. എത്ര കഷ്ടപ്പെട്ടിട്ടായാലും മകളെ ഏറ്റവും ഉന്നത സ്ഥാനത്ത് എത്തിക്കുക എന്നതുതന്നെയാണ് 9-ാം ക്ലാസ് വിദ്യാഭ്യാസംമാത്രം കൈമുതലായ ആ അമ്മയുടെ ലക്ഷ്യം. മകളാവട്ടെ പഠിത്തത്തില്‍ അല്‍പം പിറകിലുമാണ്. അമ്മയും മകളും തമ്മിലുള്ള പൊരുത്തക്കേടിലൂടെ മൊട്ടിടുന്ന കഥ പ്രേക്ഷകരെ പലപ്പോഴും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിതന്നെയാണ് വിരിയാന്‍ തുടങ്ങുന്നതും അവസാനം പതിവുരീതിയില്‍ ശുഭപര്യവസാനമാകുന്നതും. പക്ഷെ ഒന്ന് പറയാതിരിക്കാനാവില്ല. ക്‌ളീഷേയുടെ അതിപ്രസരം ഒരുപാട് അനുഭവപ്പെടാനുണ്ടായിരുന്നിട്ടും തികച്ചും കൈയടക്കത്തോടെ അതൊക്കെ മറികടന്ന് ഒരു പുത്തന്‍ ആസ്വാദന ചിന്തയുടെ മഴവില്‍കാഴ്ചകള്‍ പ്രേക്ഷകരില്‍ വിരിയിക്കാന്‍ ഇതിന്റെ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞു എന്നത് ഒട്ടും നിസ്സാര കാര്യമല്ല.

എഡിറ്റിംഗിന്റെ താളാത്മകതയ്ക്ക് സിനിമയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. എഡിറ്റര്‍ ഒരു കലാകാരന്‍കൂടിയാകുമ്പോഴേ ഈ താളാത്മകതയുടെ അടയാളപ്പെടുത്തലുകള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടൂ. അതിവിടെ സംഭവിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ രൂപഭാവത്തിനനുസൃതമായ വസ്ത്രാലങ്കാരവും കഥാ സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായ രംഗസജ്ജീകരണവും പശ്ചാത്തല സംഗീതവുമൊക്കെ ഏറ്റവും മികച്ചതു തന്നെ. തിയേറ്ററില്‍ നമുക്കനുഭവപ്പെടുത്തിത്തരുന്ന പാട്ടുകള്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഏറ്റുമൂളുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണ്. പ്രോമോ സോങ്ങായി റിലീസ് ചെയ്ത, ജനം ഏറ്റെടുക്കാന്‍ തുടങ്ങിയ ‘കാക്കക്കറുപ്പുള്ള…. ‘എന്ന് തുടങ്ങുന്ന ഗാനം ടിവിയിലും യൂ ട്യൂബിലും ഒക്കെ ആസ്വദിക്കാനാണ് നമ്മുടെ വിധി.

ഛായാഗ്രാഹണം തരക്കേടില്ലന്നേ പറയാനാവൂ. ഉപരി, മധ്യ, സാധാരണ പ്രേക്ഷകരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഈ സിനിമ അതുകൊണ്ടുതന്നെ പല കോംപ്രമൈസും സംവിധായകനെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. മനസ്സിനെ വിങ്ങിപ്പൊട്ടിപ്പിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ അറിഞ്ഞും അറിയാതെയും മിന്നി മറയുന്ന ഹാസ്യ സീക്വന്‍സുകള്‍ പ്രേക്ഷകര്‍ക്ക് പുതിയൊരനുഭവമാണ്, ആശ്വാസവും. ജോജു ജോര്‍ജ് ചെയ്ത അധ്യാപകന്‍ ഏറ്റവും നല്ല ഉദാഹരണം. പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയ്ക്കും യുക്തിയ്ക്കും നിരക്കാത്ത ചില കാണാക്കാഴ്ചകളും ഇതിലുണ്ട്. ഉദാഹരണത്തിന് മകളുടെ ക്ലാസ്സില്‍ തന്നെ പഠിക്കാനെത്തുന്ന അമ്മ. മറ്റൊന്ന് കളക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ തനിച്ച് യാത്രചെയ്യുന്ന സുജാത. സിനിമയുടെ വാണിജ്യവല്‍ക്കരണത്തില്‍ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ലല്ലോ.

സിനിമയില്‍ അഭിനയം എന്നൊന്നില്ല. കഥാപാത്രങ്ങളായി പെരുമാറുക അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ ആത്മാവുമായി ഒരു പകര്‍ന്നാട്ടം നടത്തുക എന്നതുമാത്രമാണുള്ളത്. അതിസമര്‍ത്ഥമായി ഒന്നും ചെയ്യാതിരിക്കുന്ന ഒരാളാണ് ഏറ്റവും നല്ല സ്‌ക്രീന്‍ ആക്ടര്‍. ഈ സിനിമയില്‍ മഞ്ജുവും നെടുമുടി വേണുവും ജോജു ജോര്‍ജും പുതുമുഖം അനശ്വര രാജനും സുധി കോപ്പും അരിസ്റ്റോ സുരേഷും അഭിജയും എന്തിനേറെ പറയുന്നു, സ്‌കൂള്‍ കുട്ടികള്‍ പോലും അതാതു കഥാപാത്രങ്ങളുമായി സ്വാഭാവിക പകര്‍ന്നാട്ടം നടത്തിയവരാണ്. 24 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു സ്വകാര്യ സംഭാഷണത്തിനിടയ്ക്ക് ‘നാന’യിലെ ശ്രീമതി കുമാരിയമ്മ പറഞ്ഞ വാക്കുകള്‍ വീണ്ടും കാതിലും മനസ്സിലും തിരി തെളിക്കുകയാണ്. ‘ഒരേ നിമിഷം എത്രയെത്ര ഭാവരാഗങ്ങളാണ് ആ കുട്ടിയുടെ മുഖത്ത് മിന്നിമറയുന്നത്…’.ആ കുട്ടിയാണ് ‘ഉദാഹരണം സുജാത’ എന്ന മഞ്ജു വാര്യര്‍. തന്റെ ആദ്യ സിനിമയില്‍ത്തന്നെ സംവിധാനകല എന്തെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത ഫാന്റം പ്രവീണിന് ഈ ചിത്രം ഒരു ഏണിപ്പടിതന്നെ. ഒപ്പം മലയാളിയുടെ അമ്മ മനസ്സിലും നന്മ മനസ്സിലും ഒരു താരാട്ടു പാട്ടും.

രാജന്‍ പന്തല്ലൂര്‍

ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായി ശ്രീ അശോക് കുമാര്‍ ചരിത്രം തിരുത്തിയെഴുതി. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരു മലയാളി സാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ ഒന്നിനും സമയം തികയില്ല എന്നു പറയുന്നവര്‍ക്ക് ഒരു പ്രചോദനം ആയിത്തീരും അശോക് കു മാറിന്റെ ജീവിതം.

ഈ കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ടാണ് അദ്ദേഹം ഈ നേട്ടത്തിലേക്കു ഓടികയറിയത്. 2014ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്നി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തരതലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നീ ഹാഫ് മരത്തോണുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു

ക്രോയ്‌ഡോണിലെ HMRC യില്‍ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. തന്റെ മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവര്‍ത്തനത്തിനായ് ചിലവഴിച്ചു. ഈ കഴിഞ്ഞ കാലയളവില്‍ ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ അദ്ദേഹം നല്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെയധികം എടുത്തുപറയേണ്ടതാണ്. 26 വര്‍ഷമായി ഭാരതീയ നൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൗര്‍ണ്ണമി ആര്‍ട്‌സ് എന്നപേരില്‍ ഒരു നൃത്തവിദ്യാലയവും ക്രോയ്‌ഡോണ്‍ കേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുണ്ട്.

B.M.E Forum വൈസ് ചെയര്‍മാന്‍. C.V.A ബോര്‍ഡ് മെമ്പര്‍, ക്രോയ്‌ഡോണ്‍ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ എന്നി നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്

യുക്മയുടെ  കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത്  ഇന്നും നിസംശയം പറയാൻ സാധിക്കും.. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ  സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ  കൂടിയാണ്.. അവിസ്മരണീയമായ ഓണാഘോഷപരിപാടികൾ കാഴ്ച്ച വച്ചതിന് ശേഷമാണ് കലാമേളക്കായി ഒരുങ്ങിയത്. റീജിണൽ, നാഷണൽ കലാമേളകൾക്ക് വേദി ഒരുക്കിയവർ, റീജിണൽ നാഷണൽ തലത്തിൽ പ്രസിഡന്റുമാരെ സംഭാവന നൽകിയിട്ടുള്ള അസോസിയേഷൻ…   മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ചു തുടക്കം മുതൽ വീറും വാശിയും കെമുതലായുള്ള മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അസോസിയേഷൻ…

ഇന്നലെ രാവിലെ ബര്‍മിംഗ്ഹാമിനടുത്തുള്ള ടിപ്ടന്‍ RSA അക്കാഡമിയിൽ മിഡ്‌ലാണ്ട്‌ കലാമേളയുടെ തുടക്കം.. ഔദ്യോഗികമായ ഉദ്ഘാടനം.. റീജിണൽ പ്രസിഡന്റ് ഡിക്‌സ് ജോസിന്റെ അദ്ധ്യക്ഷതയിൽ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചപ്പോൾ റീജിണൽ സെക്രട്ടറി സന്തോഷ്, ട്രെഷറർ പോൾ ജോസഫ് എന്നിവർക്കൊപ്പം നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് കുമാറും മറ്റ് റീജിണൽ ഭാരവാഹികളും സന്നിഹിതരായിരുന്നു… ഉദ്ഘാടനശേഷം മത്സരയിനങ്ങളിലേക്ക്..

പതിനൊന്ന് മണിയോടെ സ്‌റ്റേജ് ഒന്നിൽ മത്സരങ്ങൾക്ക്‌ തുടക്കം കുറിച്ചപ്പോൾ രണ്ടാമത്തെ സ്റ്റേജിൽ 12 മണിയോടുകൂടിയാണ് ആരംഭിക്കാൻ സാധിച്ചത്.. മൂന്നാമത്തെ സ്റ്റേജിൽ നൃത്തേതര ഇനങ്ങൾക്കും തുടക്കമായപ്പോൾ മത്സരങ്ങൾ മുന്നേറുകയായിരുന്നു..

ജോവാൻ റോസ് തോമസ്, ആഞ്ജലീന സിബി, സെറിൻ റെയ്‌നോ, അനീഷ വിനു, ആഷ്‌ലി ജേക്കബ്, സിജിൻ ജോസ്, ആഞ്ചെല മാഞ്ഞൂരാൻ, ക്ലിൻഡാ ജോണി, ജീന ജോണി, ബിജു തോമസ് എന്നിവർ പല മത്സര ഇനങ്ങളിൽ വ്യക്തിഗത നേട്ടങ്ങൾ വരിച്ചു.. തിരുവാതിര, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ എന്നീ ഗ്രൂപ്പുകളിലും മികവ് തെളിയിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ റീജിയണൽ, നാഷണൽ ചാംബ്യൻമാരായ എസ് എം എ ഒരിക്കൽ കൂടി കിരീടം നിലനിർത്തുകയായിരുന്നു. എസ്എംഎ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സന്റ് കുര്യാക്കോസ് തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വം എസ്എംഎയെ അഭിമാന നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചു.

ആദ്യമണിക്കൂറുകളിൽ ലെസ്റ്റർ എൽ കെ സി യുടെ മുന്നേറ്റം, 2017 റീജിണൽ കലാമേളയിൽ അവർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ആദ്യ മണിക്കൂറുകളിൽ പങ്കെടുക്കാൻ വന്ന മത്സരാർത്ഥികള്‍ അവിസ്സ്മരണീയ പ്രകടനം കാഴ്ച്ച വച്ചപ്പോൾ ഹുസൈൻ ബോൾട്ടിന്റെ മെയ്‌വഴക്കത്തോടെ ഉള്ള എസ് എം എ യുടെ കുട്ടികളുടെ തകർപ്പൻ പെർഫോമെൻസ്..  എസ് എം എ എന്ന അർജ്ജുനനെ മിഡ്‌ലാൻഡ്‌ കലാമേളയിലെ മൽസരഗോദയിൽ   ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു..

കഴിഞ്ഞ വർഷത്തെ നാഷണൽ കലാമേളയിൽ സ്റ്റോക്ക് ഓൺ ട്രെന്റ് എസ് എം എ യ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട ബി സി എം സി…  വീറുറ്റ പോരാട്ടത്തിൽ ഞങ്ങളും ഒട്ടും പിന്നിലല്ല എന്ന പോർവിളികളുമായി മുന്നേറിയപ്പോൾ മൂന്നാം  സ്ഥാനം ബിർമിങ്ഹാം ബി സി എം സി യുടെ ചുണക്കുട്ടികളിൽ എത്തപ്പെട്ടു.. യുക്മയുടെ അവസാന പ്രഖ്യാപനം പുറത്തുവന്നപ്പോൾ …

ടൈം ലാഗിന്റെ എല്ലാ പ്രശ്നങ്ങളും കൂട്ടമായി സമയത്തെ അപഹരിച്ചപ്പോൾ ബുക്ക് ചെയ്ത ഒൻപത് മണി എന്ന സമയക്രമം പാലിക്കാതെ വരികയും പിന്നീടുള്ള രണ്ട് മണിക്കൂർ നീട്ടികിട്ടിയിട്ടും അതിൽ തീർക്കാൻ സാധിക്കാതെ കുഴങ്ങുകയായിരുന്നു റീജിണൽ കമ്മിറ്റി… അങ്ങനെ റീജയന്റെ ചരിത്രത്തിൽ ആദ്യമായി കലാതിലക പട്ടങ്ങൾ, വ്യക്തിഗത ചാമ്പ്യന്മാര്‍   തുടങ്ങിയ ഗ്ലാമർ  റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കാതെ ഹാൾ ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു എന്നത് വേദനാജനകമായ ഒരു കാഴ്ചയായി.. ഇതിൽ റീജിണൽ കമ്മിറ്റി മാത്രം തെറ്റുകാരാണ് എന്ന് പറയുക അസാധ്യം… ഇതിന്റെ മൂലകാരണം എന്നത്.. ഇത്രയും വലിയ ഒരു റീജിയണിൽ എങ്ങനെ ഈ ആറു പേര് മാത്രം കലാമേളയുടെ ചുമതലക്കാരായ ഭാരവാഹികളായി വന്നു എന്നതാണ്.

പതിനെട്ട് അസോസിയേഷൻ ഉള്ള റീജിയൻ.. മുൻ വർഷങ്ങളിൽ എല്ലാം പതിനഞ്ചിനടുത്തു ഭാരവാഹികൾ..  എല്ലാ അസോസിയേഷനും റീജിണൽ കമ്മിറ്റിയിൽ പ്രതിനിധികൾ,  കൂട്ടായ പ്രവർത്തനം എന്നിവയായിരുന്നു  രണ്ട് വർഷങ്ങൾക്ക്‌ മുൻപ് വരെ റീജിയന്റെ വിജയങ്ങളുടെ അടിത്തറ…  കഴിഞ്ഞ കമ്മിറ്റിയിൽ മാത്രം എങ്ങനെ വെറും ആറു പേരായി കുറഞ്ഞു.. ചിലരെ ഒഴിവാക്കണമെന്നുള്ള വിരലിലെണ്ണാവുന്നവരുടെ മനോവൈകല്യം.. എല്ലാം എത്തിനിൽക്കുന്നത് കഴിഞ്ഞ ഇലക്ഷനിൽ… പൊതുയോഗത്തിൽ ഒരാൾ ചോദിച്ചു ” ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപം എന്ത് എന്ന്? പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞ ആ ചോദ്യം ഇന്നും പ്രസക്തം.. പിന്നീടുള്ളത് ചരിത്രം പറയും.. ഒന്ന് പറയാം എടുക്കാവുന്ന ഭരമേ തുമ്പിയെക്കൊണ്ട് എടിപ്പിക്കാവു.. അതുകൊണ്ടുതന്നെ റീജിണൽ കമ്മിറ്റി അതിന്റെ എല്ലാ ശ്രമവും നടത്തി എന്ന് പറയാതെ വയ്യ… എന്നാലും ഈ യുക്മ ഇലക്ഷൻ നിരീക്ഷകർ പഠിക്കുമോ.. ഒരു ചൊല്ല് … പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ … ബാക്കി നിങ്ങൾക്ക് ഉചിതമെങ്കിൽ പൂരിപ്പിക്കാം… നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു…

Also read: സൗത്ത് വെസ്റ്റ് റീജിയന്‍ കീഴടക്കികൊണ്ട് ജിഎംഎയുടെ കലാകാരന്‍മാര്‍ വിജയയാത്ര തുടരുന്നു : കലാതിലകം കൊച്ചുമിടുക്കി ഷാരോണ്‍ ഷാജി: ബിന്ദു സോമനും, ദിയ ബൈജുവും വ്യക്തിഗത ചാമ്പ്യന്മാര്‍

കൂടുതൽ വാർത്തകളും ചിത്രങ്ങളും പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ് 

[ot-video][/ot-video]

 

 

Copyright © . All rights reserved