Specials

ലണ്ടൻ∙  മിസ് ഇംഗ്ലണ്ട് സുന്ദരിപ്പട്ടത്തിനായി മാറ്റുരയ്ക്കാന്‍ ഒരു മലയാളി പെണ്‍കുട്ടിയും ഒരുങ്ങുന്നു. മേയ് 21-ന് ലീഡ്‌സിലെ ക്യൂന്‍സ് ഹോട്ടലില്‍ നടന്ന യോര്‍ക്ക്‌ഷെയര്‍ ബ്യൂട്ടി അവാര്‍ഡില്‍ മിസ് ലീഡ്‌സായി തിരഞ്ഞെടുക്കപ്പെട്ട ഗിഫ്റ്റി ഫിലിപ്പ് എന്ന മലയാളി സുന്ദരിയാണ് ജൂണ്‍ നാലിനു നടക്കുന്ന മിസ് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി മിസ് ഇംഗ്ലണ്ട് സെമിഫൈനലില്‍ എത്തുന്നത്. പത്തനംതിട്ട, നരിയാപുരം സ്വദേശിയാണു ഗിഫ്റ്റി.

ഇനിയങ്ങോട്ട് പ്രേക്ഷകരുടെ വോട്ടുകളും ഗിഫ്റ്റിക്കു തുണയാകും. 63333 എന്ന നമ്പരിലേക്ക് MISS SEMIFINAL 23 എന്ന സന്ദേശമയച്ച് തനിക്കു വോട്ട് ചെയ്യണമെന്ന് ഗിഫ്റ്റി ഫെയ്‌സ്ബുക്കില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഡ്‌സ് സര്‍വകലാശാലയില്‍ ഇലക്ട്രിക്ക് എന്‍ജിനീയറിഗ് വിത്ത് നാനോടെക്‌നോളജിക്കു പഠിക്കുന്ന ഗിഫ്റ്റി പരീക്ഷയ്ക്കിടയിലാണ് സൗന്ദര്യമത്സരത്തിനിറങ്ങുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

ഇത്തവണയും തോറ്റത് ഭീരുക്കളായ ഭീകരര്‍ തന്നെയാണ്. മാഞ്ചസ്‌ററര്‍ അരീനയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തെ ലോകം ഒന്നായി നേരിട്ടപ്പോള്‍ പതിയിരുന്ന് ആക്രമിക്കാനല്ലാതെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ തന്റേടമില്ലാത്തവരാണെന്ന് അവര്‍ ഒരിക്കല്‍കൂടി തെളിയിച്ചു. 22 നിരപരാധികള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുക തന്നെ ചെയ്തു. എന്നാല്‍ ഈ സംഭവം മനുഷ്യ സ്‌നേഹത്തിന്റെയും മഹാകരുണയുടെയും വേദി കൂടിയായി മാറി. മാഞ്ചസ്റ്റര്‍ ജനതയും യു.കെ സമൂഹവും മനുഷ്യ സേവനത്തിനായി കൈകോര്‍ത്തപ്പോള്‍ ഭീകരത മുഖം മറച്ച് തോറ്റോടി.

ചാവേറാക്രമണത്തില്‍ പരിക്കുപറ്റിയും ഭയചകിതരുമായി പുറത്തേക്കോടിയവര്‍ക്ക് അപ്രതീക്ഷിത കാരുണ്യപ്രവൃത്തികളിലൂടെ കൈത്താങ്ങായവരാണ് ഈ ദിവസങ്ങളില്‍ യുകെയിലെ ഹീറോകള്‍. നിസ്സഹായരായി തെരുവില്‍ അലഞ്ഞ 50 പെണ്‍കുട്ടികള്‍ക്ക് സ്വന്തം ചിലവില്‍ അഭയമൊരുക്കിയ 48 കാരിയായ പോളി റോബിന്‍സണ്‍, സൗജന്യ യാത്രാ സൗകര്യമൊകുക്കിയ ടാക്‌സി ഡ്രൈവര്‍മാരും സ്വകാര്യ കാറുമടകള്‍, വീടുകളിലേയ്ക്കും അപ്പാര്‍ട്ട്‌മെന്റുകളിലേയ്ക്കും ഓടിക്കയറിയ കുട്ടികള്‍ക്ക് അഭയം നല്‍കിയ പ്രദേശവാസികള്‍, പരിചയമില്ലാത്ത കുഞ്ഞുങ്ങള്‍ക്കും പോലീസുകാര്‍ക്കുമായി ചൂടു ചായ നിറച്ച ഫ്‌ളാസ്‌കുമായി വന്ന അമ്മമാര്‍, ലിഫ്റ്റ് കൊടുക്കാന്‍ തയ്യാറായി എത്തുന്ന മോട്ടോര്‍ ബൈക്കുകാര്‍, ആളുകളെ സുരക്ഷിതരാക്കാനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും സ്വയരക്ഷപോലും നോക്കാതെ ഇറങ്ങിത്തിരിച്ച ആയിരക്കണക്കായ പോലീസ് അധികാരികളും മെഡിക്കല്‍ സന്നദ്ധ പ്രവര്‍ത്തകരും …. ” ഇതു മാഞ്ചസ്റ്ററാണ്, ഞങ്ങള്‍ കരുത്തരാണ്, ഞങ്ങള്‍ ഒന്നാണ്” എന്നെഴുതി ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകള്‍ ഈ കരുണയുടെയും യോജിപ്പിന്റെയും അക്ഷര രൂപമായിരുന്നു.

അപ്രതീക്ഷിതമായി ഉണ്ടായ അടിയന്തരസാഹചര്യത്തില്‍ പിന്‍വലിയാനല്ല, കരുണയുടെ കരങ്ങളുമായി മുന്നോട്ട് വരാനാണ് മാഞ്ചസ്റ്റര്‍ ജനത ശ്രമിച്ചത്. അതിന് അവരെ പ്രേരിപ്പിച്ചതാകട്ടെ അവരുടെ ഉള്ളിലുള്ള കരുണയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും വറ്റാത്ത ഉറവയും. ഒരു വര്‍ഷക്കാലം നീണ്ട കരുണയുടെ ജൂബിലി വര്‍ഷം ലോകത്തിനു നല്‍കിയ പരിശീലനത്തിന്റെ ഫലങ്ങള്‍ ലോകത്തില്‍ തുടരുന്നു എന്നു കാണുന്നത് ആഹ്‌ളാദകരം തന്നെ.

ദൈവത്തിന്റെ മറ്റൊരു പര്യായമാണ് കരുണ. സ്‌നേഹവും സത്യവും നീതിയും ക്ഷമയുമൊക്കെ ദൈവത്തെത്തന്നെ ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങളാണെങ്കില്‍ കരുണ ദൈവം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവത്തിന്റെ ഗുണങ്ങളും കിട്ടിയിട്ടുണ്ട്. അതുവേണ്ട ഇടങ്ങളില്‍ പ്രകടിപ്പിക്കുമ്പോള്‍ മനുഷ്യന്‍ ദൈവതലത്തിലേയ്ക്കാണ് ഉയരുന്നത്. മനുഷ്യന്‍ ദൈവരൂപമെടുക്കുന്നത് കരുണ കാണിക്കുമ്പോഴും (ദൈവം മനുഷ്യരൂപമെടുക്കുന്നതും) മനുഷ്യന്‍ മനുഷ്യനാകുന്നത് ബുദ്ധിയും നീതിയും പ്രകടിപ്പിക്കുമ്പോഴും, മനുഷ്യന്‍ മൃഗമാകുന്നത് സ്വന്തം ഇഷ്ടത്തിനുവേണ്ടി മറ്റുള്ളവരെ കീഴ്‌പ്പെടുത്തുമ്പോഴും മനുഷ്യന്‍ മൃഗത്തിനും താഴെയാകുന്നത്, നിരപരാധികളെ നിഹനിക്കുന്ന ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴുമത്രേ. ഇതിനും താഴേയ്ക്ക് പിന്നെ പോകാനാവില്ല.

ആവശ്യപ്പെടാതെ കൊടുക്കുമ്പോഴും അര്‍ഹതയില്ലാത്തവര്‍ക്കും അപരിചിതര്‍ക്കും കൊടുക്കുമ്പോഴുമാണ് കരുണ ഏറ്റവും ഉദാത്തമാകുന്നത്. കാരണം അതു ഹൃദയത്തില്‍ നിന്നു വരുന്ന നന്മയാണ്. നമ്മുടെ കൈവശമുള്ളതെന്തെങ്കിലും മറ്റൊരാളുമായി പങ്കുവയ്ക്കുന്നത് നമുക്ക് അയാളോട് സഹതാപം (Sympathy) തോന്നിയിട്ടാവാം, അതു നല്ലതുതന്നെ. കരുണ കാണിക്കുന്നവന്‍ സഹതാപത്തിനപ്പുറത്തേയ്ക്കും സഞ്ചരിക്കുന്നു. സഹായമാവശ്യമുള്ള വ്യക്തിയുടെ സ്ഥാനത്ത് തന്നെത്തന്നെ കണ്ട് ഹൃദയത്തിന്റെ പ്രചോദനത്താല്‍ അവന്റെ ആവശ്യത്തിലേക്കിറങ്ങി ചെല്ലുന്നതാണ (Empathy) കരുണയുടെ അന്തഃസത്ത. ഇവിടെ സ്വയം പ്രേരിതമായി, സ്വയം മറന്നാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത്. വേദനിക്കുന്നവന്റെ വേദന സ്വന്തം ഹൃദയത്തില്‍ അനുഭവപ്പെടുന്നതിന്റെ പ്രതിഫലനമാണ് കരുണയുടെ പ്രവര്‍ത്തികള്‍.

വി. ബൈബിളിലെ നല്ല സമറിയാക്കാരന്റെ കഥയില്‍ ഒരു സാധാരണ സമറിയാക്കാരന്‍ ദൈവത്തിന്റെ കണ്ണില്‍ ‘നല്ല’ സമറിയാക്കാരനായത് അവന്റെ കരുണ നിറഞ്ഞ പ്രവര്‍ത്തിയിലൂടെയാണ്. സമറിയാക്കാരനും മുറിവേറ്റ് വഴിയില്‍ കിടന്നവനും തമ്മില്‍ ശത്രുതയുള്ള വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നെങ്കിലും ഒരു അടിയന്തരഘട്ടത്തില്‍ സമുദായ വിഭാഗങ്ങളുടെ വേലിക്കെട്ടുകള്‍ പരിഗണിക്കാതെ മുറിവേറ്റവനെ സഹായിക്കാന്‍ കാണിച്ച സന്മനസാണ് മുമ്പേ വന്നുപോയ പുരോഹിതനില്‍ നിന്നും ലേവായനില്‍ നിന്നും അവനെ വ്യത്യസ്ഥനാക്കിയത്. നാം ആരാണന്നല്ല, നാം മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നാം ദൈവസന്നിധിയില്‍ വിലയിരുത്തപ്പെടുന്നത്.

മാഞ്ചസ്റ്ററില്‍ സഹായത്തിനെത്തിയവരെല്ലാം നല്ല സമറിയാക്കാരന്റെ മനസ്സുള്ളവരായിരുന്നു. ഫ്‌ളാസ്‌കുകളില്‍ ചൂടുകാപ്പിയും അത്യാവശ്യ മരുന്നുകളുമായി ഓടിയെത്തിയ അമ്മമാര്‍ എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകള്‍ വച്ചുകെട്ടിയ നല്ല സമറിയാക്കാരന്റെ മനസുള്ളവരായിരുന്നു. സ്വകാര്യ വാഹനങ്ങളും ടാക്‌സി കാറുകളും തെരുവില്‍ അലഞ്ഞവര്‍ക്ക് സൗജന്യ യാത്ര നല്‍കി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചപ്പോള്‍ മുറിവേറ്റ് കിടന്നവനെ ചുമന്നു സത്രത്തിലെത്തിച്ച കഴുതയുടെ വിലയേറിയ സഹായം ചെയ്യുകയായിരുന്നു. അപ്പാര്‍ട്ടുമെന്റുകളും വീടുകളും ഓടിവന്നവര്‍ക്ക് അഭയം നല്‍കിയപ്പോള്‍ മുറിവേറ്റ മനുഷ്യന് അഭയം നല്‍കിയ സത്രത്തിന്റെ സുരക്ഷിതത്വം നല്‍കുകയായിരുന്നു. ഇനിയൊരാക്രമമുണ്ടാകാതെ എല്ലാ മുന്‍കരുതലുമെടുക്കുമെന്ന പ്രധാനമന്ത്രിയുടെയും മറ്റ് ഭരണാധികാരികളുടെയും വാക്കുകള്‍, മുറിവേറ്റവന് കൂടുതല്‍ ചിലവാകുന്നത് താന്‍ മടങ്ങിവരുമ്പോള്‍ തന്നുകൊള്ളാമെന്ന സമറിയാക്കാരന്റെ ഉറപ്പുള്ള വാക്കുകളുടെ പ്രതിഫലനമായിരുന്നു.

അലിവും ദയയും മൃഗങ്ങള്‍ പോലും പ്രകടിപ്പിക്കാറുണ്ട്. വിശേഷ ബുദ്ധിയുള്ള, ചിന്തിക്കുന്ന മൃഗമായ മനുഷ്യന്‍ ദയതോന്നി കയ്യിലുളളതു മാത്രം കൊടുക്കേണ്ടവനല്ല, സ്വന്തം ഹൃദയവും അതിലെ നന്മയും കൂടി കരുണയായി കാണിക്കേണ്ടവനാണ്. അതാണ് മനുഷ്യതലത്തിനും മുകളില്‍ അവനെ ദൈവതുല്യനാക്കുന്നത്. കരുണ കാണിക്കുന്നത് ദൈവത്തിന്റെ സ്വഭാവമാണ്. സീറോ മലബാര്‍ വി. കുര്‍ബാനയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു: ”അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ” എന്ന്. ”കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്കു കരുണ ലഭിക്കും” (മത്താ 5: 7) എന്ന് വി. ബൈബിളും പറയുന്നു. ‘ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് ‘ എന്നത് യേശുവിന്റെ ഒരു പ്രധാന ഓര്‍മ്മപ്പെടുത്തലത്രേ (മത്താ 9:13).

മാഞ്ചസ്റ്റര്‍ ആദ്യം വിറങ്ങലിച്ചു നിന്നത് ഭീകരതയുടെ അഴിഞ്ഞാട്ടത്തിലാണ്. എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ അത് കരുണയുടെ അത്ഭുതത്തിനു വഴിമാറി. ഏതു ഭീകരതയെയും തുരത്തുന്ന കരുണയും സ്‌നേഹവും എന്നും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കട്ടെ. ഇവ പുറപ്പെടുവിക്കുന്ന ശാന്തിയും സമാധാനവും നമ്മുടെ ഹൃദയങ്ങളെ എന്നും ഭരിക്കട്ടെ. ഹൃദയത്തിലും സംസാരത്തിലും പെരുമാറ്റത്തിലും കരുണയുടെ സന്ദേശവാഹകരും പ്രയോക്താക്കളുമാകാന്‍ നമുക്ക് സാധിക്കട്ടെ. തിന്മയുടെ താണ്ഡവം ഉണ്ടാക്കിയ മാഞ്ചസറ്ററിലെ മുറിവ് എത്രയും വേഗം സുഖപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെയും സ്‌ഫോടനത്തിന് ഇരായയവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നും എല്ലാവര്‍ക്കും നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വം ആശംസിക്കുന്നു.

സ്‌നേഹത്തോടെ
ഫാ. ബിജു കുന്നയ്ക്കാട്ട്‌

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

സുഗതന്‍ തെക്കേപ്പുര

ഉറക്കം ഉണരുവാന്‍ അധികം സമയമില്ല മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുന്നു ചാടിയെണീറ്റു ഫോണെടുത്തു. കരച്ചിലാണ് ആദ്യം കേട്ടത് കരച്ചിലിനിടയില്‍ കാര്യം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഇവിടെയും തേങ്ങലായി തുടങ്ങി പിന്നീട് നീണ്ട കരച്ചിലായി. തുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്നു കൂട്ടക്കരച്ചിലായി. പിതാവിന്റെ വിയോഗ വാര്‍ത്ത അനാഥരായി എന്ന നഗ്‌ന സത്യത്തെ കരച്ചിലിലൂടെ ആശ്ലേഷിച്ചു. നാട്ടില്‍ പോകണം എല്ലാവര്‍ക്കും കൂടി. നല്ലൊരു തുകയാകും. അതൊരു പ്രശ്‌നമല്ല എങ്ങിനെയും പോയേ മതിയാവൂ. ബാങ്കിലെ ബാലന്‍സ് ഏറിയാല്‍ 500 പൗണ്ട് അതിനപ്പുറം പോകില്ല. ക്രെഡിറ്റ് കാര്‍ഡൊന്നും തരപ്പെട്ടില്ല. ചുറ്റിനും നോക്കി ഒരു രക്ഷയുമില്ല മലയാളികളുടെ ബ്ലേഡ് കമ്പനിയുടെ ഡയറക്ടറി എടുത്തു വിളിച്ചു ശ്രമം തുടരുന്നതിനിടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശ്രമവും തുടങ്ങി. ഒന്നും നടന്നില്ല.

ഭൂതകാലത്തെ സേവനത്തിന്റെ പ്രതിഫലമായി ഒരു പരിചയവുമില്ലാത്ത ട്രാവല്‍ എജന്റ് എന്നെ അനുഗ്രഹിച്ചു. അവര്‍ക്കുള്ള നന്ദി മരിക്കുമ്പോഴും കൂടെ കൊണ്ടുപോകേണ്ടുന്ന ബുക്കില്‍ കയറിപ്പറ്റി. മേല്‍പറഞ്ഞ ചിത്രം പുതു കുടിയേറ്റത്തിലെ ബഹുഭൂരിപക്ഷം മലയാളിക്കും സംഭവിക്കുന്ന സംഭവിക്കാവുന്നതുമാണ് അങ്ങിനത്തെ മലയാളിയാണ് കുടിയേറ്റ ഭാണ്ഡത്തില്‍ മറ്റു പല ചേഷ്ടകള്‍ക്കൊപ്പം ബ്ലേഡ് കൂടി എടുത്തത്. ഒരു പക്ഷെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ കടന്നു കയറേണ്ടുന്ന മറ്റൊരു അര്‍ത്ഥതലമാണ് ബ്ലേഡ് മലയാളികള്‍ അവരുടെ ജീവിതവും ജീവനും കൊടുത്തു പരികല്‍പ്പന നല്‍കിയത്.

ഇത് നമ്മുടെ മാത്രം കാര്യമല്ല പരിഷ്‌കൃത സമൂഹത്തിനും ഗവണ്‍മെന്റിന് അവരുടെ ആധുനിക കൃത്യനിര്‍വഹണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഇഹലോകം മുഴുവനും കാല്‍കീഴിലാക്കി എല്ലാം കൊള്ളയടിച്ചു നൂറ്റാണ്ടുകള്‍ വിരാജിച്ചിട്ടും ബ്രിട്ടന്റെ ദേശീയ കടം 1560 ബില്യനാണ്. അതിനുള്ള വാര്‍ഷിക പലിശ മാത്രം കൊടുക്കുന്നത് 34 ബില്യനാണ് (കടപ്പാട്: NOS.) പറഞ്ഞു വന്നത് കയ്യില്‍ ലഭ്യമല്ലാത്ത തുകക്ക് അപ്പുറം മലവെള്ളപ്പാച്ചില്‍ പോലെ ചെലവ് വരുന്നത് നേരിടുവാന്‍ കടം വാങ്ങുന്നത് ഒരു സാധാരണ പ്രക്രിയ മാത്രമാണ്.

പക്ഷെ അതിനോക്കെ പരിഷ്‌കൃത സമൂഹത്തിനു സ്വീകാര്യമായ നിയമവും വ്യവസ്ഥയുമുണ്ട്. അതിനപ്പുറത്തേക്ക് ഷൈലോക്കിനെപ്പോലെ ചില മലയാളികളുടെ അത്യാഗ്രഹം വളരുമ്പോളാണ് സിജോ എന്ന മലയാളിക്ക് പറ്റിയത് പോലെ അഴിക്കുള്ളില്‍ ആകുകയെന്ന അവസ്ഥ ഉണ്ടാകുന്നത്. ചിട്ടിയും വട്ടിപ്പലിശക്കാരും മലയാളികളുടെ വേള്‍ഡ് ബാങ്കും ഐഎംഎഫുമാണ്. അത് ഒഴിവാക്കി അവനൊരു ജീവിതമില്ല. മുട്ടിനു മുട്ടിനു മലയാളി സംഘടനകള്‍ ഉള്ള യൂകെ പൊതുസമൂഹം ചിന്തിക്കേണ്ട കാര്യം കടന്നുവരുന്നത്. പുരുഷന് വടംവലിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പാട്ടും ഡാന്‍സും മാത്രം മതിയോ? നമ്മുക്ക് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറിക്കൂടെ? ഇവിടെയാണ് യുക്മയുടെ ജാഗ്രതക്കുറവ് വെളിവാകുന്നത്. ഒരു പൊതുസമൂഹത്തിന്റെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സഘടന എന്ന നിലക്ക് ഇത്തരം കച്ചവട താല്‍പര്യക്കാരെ പ്രാദേശികമായിട്ട് പോലും നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമായിരുന്നു.

മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ ഒരു ഭാവമാണ് മറ്റൊരു ജീവന്‍ നിലനിര്‍ത്തുവാന്‍ സ്വന്തം അവയവം അറുത്തു കൊടുക്കുന്നത്. അങ്ങിനെയുള്ള ഒരു വ്യക്തിയെ (യുക്മയുടെ മുന്‍ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടില്‍) ഇത്തരം ഈ ഒരു കാര്യത്തില്‍ കരിവാരിത്തേക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഒരു പക്ഷെ എന്തെങ്കിലും ചെയിതിട്ടുണ്ടെങ്കില്‍ സഹജീവിയോടുള്ള സഹാനുഭൂതിയില്‍ സഹായം ചെയതത് ആയിരിക്കും. അത്തരം ഒരു ഭാവം നമ്മള്‍ കൈവെടിയാതിരിക്കുവാനായിരിക്കും മഗ്ദലന മറിയത്തെ ആ വിരുന്നിലേക്ക് ദൈവപുത്രന്‍ വിളിച്ചുവരുത്തിയത്. നമ്മള്‍ പരസ്പരം ആവോളം വിമര്‍ശിക്കുമ്പോഴും അത് നന്മയിലേക്കുള്ള വഴിതിരിച്ചു വിടലായി കാണണം. വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കാതിരിക്കാനുള്ള കാരണമാവരുത് വിമര്‍ശനം. യൂകെയില്‍ പലയിടത്തും സംഘടനകള്‍ പിളരുന്നതിന് കാരണം നമുക്ക് കൈമോശം വന്ന ബൈബിള്‍ കഥയിലെ സാരാംശം തന്നെ.

അപ്പോള്‍ സാമാന്യ ബുദ്ധിയില്‍ ഉദിക്കുന്ന മറു ചോദ്യം ഇത്തരം മനുഷ്യ സ്‌നേഹികള്‍, ഇരയ്ക്കു ഉണ്ടായ ദുരനുഭവത്തിലും അനുഭാവം പ്രകടിപ്പിക്കേണ്ടതല്ലേ. അങ്ങിനെ പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ സിജോ ജയിലില്‍ പോകേണ്ടി വരുമായിരുന്നില്ല. ചിട്ടിയും പലിശപ്രസ്ഥാനവും അത്രയ്ക്ക് കുറ്റകരമല്ല. നിയമപരമായി രജിസ്റ്റര്‍ ചെയ്തു നടത്തേണ്ട ഒരു സംഗതി അത് ഇല്ലാതെയാണ് ഇദ്ദേഹം നടത്തിയത്. അതുപോലെ ഒട്ടനവധി മലയാളികളും ഇപ്പോഴും ചിട്ടി പ്രസ്ഥാനം നടത്തുന്നതു നിയമ സാധുത ഇല്ലാതെയാണ്.

ഇവിടെ പരിഹാരമായോ പ്രായശ്ചിത്തമായോ യുക്മക്ക് ചെയ്യാവുന്ന ഒരു കാര്യം ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ അംഗീകാരത്തോടെ ഒരു മലയാളി ക്രെഡിറ്റ് സൊസൈറ്റി (മിനി ബാങ്ക് ) തുടങ്ങുന്നതായിരിക്കും. ഇതിലൂടെ മലയാളിയുടെ അവിഭാജ്യ ഘടകമായ ഇത്തരം ചിട്ടികളെ റെഗുലേറ്റ് ചെയ്തു കൊള്ള പലിശക്കാരെ ഒഴിവാക്കി അതില്‍ നിന്നുള്ള വരുമാനവും പ്രയോജനവും എല്ലാവരിലേക്കും നിയമ പരിരക്ഷയോടെ എത്തിക്കാവുന്നതുമാണ്. ഏകദേശം ഒന്നേകാല്‍ ലക്ഷം മലയാളികളില്‍ അന്‍പതിനായിരം പേര്‍ ചേര്‍ന്നാല്‍ തന്നെ മലയാളി ക്രെഡിറ്റ് സൊസൈറ്റിക്ക് വലിയ ഉയരങ്ങള്‍ താണ്ടുവാന്‍ കഴിയും.

ശരാശരി ആയിരം പൗണ്ട് വീതമുള്ള ട്രാന്‍സാക്ഷന്‍ മാസം നടത്തിയാല്‍ 600 മില്യണ്‍ ഒരു വര്‍ഷത്തില്‍ ട്രാന്‍സാക്ഷന്‍ നടത്താന്‍ പറ്റും. അങ്ങിനെ ഒരു ട്രാന്‍സാക്ഷന്‍ കപ്പാസിറ്റി ഒള്ള ക്രെഡിറ്റ് സൊസൈറ്റിക്ക് മലയാളിക്ക് സ്വപ്നം കാണാന്‍ കഴിയാത്ത നേട്ടം കൈവരിക്കാം. കേട്ടാല്‍ അതിഭാവുകത്വമാണെങ്കിലും അത്തരം ഒരു വിദേശ ഗുജറാത്തി കൂട്ടായ്മയാണ് ഒരു ഘട്ടത്തില്‍ തളര്‍ന്ന അംബാനിയെ അംബാനിയാക്കിയത് എന്നതും മറക്കണ്ട.

തോമസ് ജോർജ്

കേൾക്കുവാൻ ബാഹ്യമായ ചെവിയും ആന്തരികമായ ഹൃദയവും ഉള്ളവർ മനസ്സിലാക്കുക… കൃപയുള്ളവർ മാത്രം വിവാഹ ജീവിതം സ്വീകരിച്ചു മരണം വരെ കാത്തു സൂക്ഷിക്കേണ്ട ഒന്നാണ് കുടുംബം… ‘കൂടുബോൾ ഇമ്പമുള്ളത് കുടുംബം’… നന്മചെയ്യാന്‍ സാബത്തോ മറ്റു നിയമങ്ങളോ തടസ്സമാകരുതെന്ന് ക്രിസ്തു സുവിശേഷത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. നമ്മൾ ചെയ്യുന്ന നന്മയും സൽപ്രവർത്തികളും മക്കളിലേക്ക്‌ നാമറിയാതെ ചെന്നെത്തുന്നു. അത് അവരുടെ ജീവിതത്തെ സ്വാധീനിക്കുബോൾ നന്മയുടെ വേരുകൾ അവരിൽ പൊട്ടിമുളക്കുന്നു. മനുഷ്യത്വത്തോളം വിലയുള്ളതല്ല നിയമങ്ങളും ചട്ടങ്ങളും എന്ന് തിരിച്ചറിയുക. കൂട്ടായ്മകൾക്ക് സ്‌നേഹത്തിന്റെ നിറവും, കരുണയുടെ തലോടലും, പരിഗണനയുടെ ചൂടും ലഭിക്കുമ്പോള്‍ അത് മനുഷ്യന് സുഖമുള്ളതാകുന്നതോടൊപ്പം ആ സുഖം അവന്റെ കുടുംബത്തിലേക്കും വ്യാപരിക്കുന്നു എന്നുള്ളത് ഒരു വസ്തുത.

ഇന്ന് യുകെയിൽ കൂട്ടായ്മയുടെ കാലഘട്ടം ആണ്.   ജില്ലാടിസ്ഥാനത്തിലും ഗ്രാമങ്ങളുടെയും ഇടവകകളുടെയും അടിസ്ഥാനത്തിലും ഒക്കെ ഇത് സംഘടിപ്പിക്കപ്പെടുന്നു. എന്നാൽ ഇത്തരം കൂട്ടായ്മയില്‍ നിന്നും വ്യത്യസ്തമായി ഒരുപക്ഷെ യുകെയില്‍ ആദ്യമായി ഒരേ കുടുംബങ്ങളില്‍ നിന്നും എത്തിയവരുടെ ഒരു കൂട്ടായ്മ ഒരുക്കി വ്യത്യസ്തമാവുകയാണ് ഞാവള്ളി കുടുംബ കൂട്ടായ്മ. ഞാവള്ളി കുടുംബത്തിന്റെ തായ് വഴി കുടുംബങ്ങളില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ള 28 കുടുംബങ്ങളാണ് പ്രഥമ സമ്മേളനത്തില്‍ എത്തിച്ചേരുന്നത്.

ജൂണ്‍ 10ന് വോള്‍വര്‍ഹാംപ്റ്റണില്‍ വച്ചാണ് ആദ്യ സംഗമം. നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന കൂട്ടുകുടുബം എന്ന സമ്പ്രദായം നിലനിൽക്കുബോൾ ഉണ്ടായിരുന്ന ഒരു ഊഷ്‌മളത തിരിച്ചുകൊണ്ടുവരുവാൻ ഇത്തരം കൂടിച്ചേരലുകൾ വഴിയൊരുക്കുകയും സ്വന്തക്കാരെ കുട്ടികൾക്ക് തിരിച്ചറിയുവാനും ഉള്ള ഒരു നല്ല അവസരമായി ഉപയോഗിക്കുമ്പോൾ കൂട്ടായ്‌മ അതിന്റെ ഉദ്ദേശ്യത്തിലെത്തുന്നു.

കുടുംബകൂട്ടായ്മക്ക് മുഖ്യ അതിഥിയായി എത്തുന്നത് യുകെയിലെ സീറോ മലബാര്‍ സഭയുടെ പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനും കൂടുതല്‍ പരിചയപ്പെടുന്നതിനുമായി ഒരുക്കിയിരിക്കുന്ന പ്രഥമ സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 1996 ല്‍ പാലായില്‍ സ്ഥാപിതമായ ഞാവള്ളി കുടുംബ കൂട്ടായ്മ എല്ലാ വര്‍ഷവും വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഏറെ ശ്രദ്ധ നേടുന്നു. ഇതുവരെ ഈ കമ്മിറ്റിയുമായി ബന്ധപ്പെടുവാൻ സാധിക്കാത്ത ഞാവള്ളി കുടുംബത്തിലെ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി ബന്ധപ്പെടുവാൻ ഇതിന്റെ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സഖറിയാസ് ഞാവള്ളി: 07939539405
ബെന്നി തെരുവൻകുന്നേൽ : 07398717843
മാത്യു അലക്‌സാണ്ടര്‍ ആണ്ടുകുന്നേൽ : 07904954471
സതീഷ് ഞാവള്ളി: 07538406263

 

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: വിശുദ്ധ കൂദാശകളുടെ പരികര്‍മ്മത്തിനും മറ്റുവിശുദ്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്കായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. തൈലം വെഞ്ചരിപ്പ് ശുശ്രൂഷ നടത്തി. രാവിലെ 11.30ന് അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കിടയിലായിരുന്നു തൈലം വെഞ്ചരിപ്പ് ശുശ്രൂഷ നടന്നത്.

പിതാവായ ദൈവത്താല്‍ അഭിഷിക്തനായി ലോകത്തിലേയ്ക്കു വന്ന ക്രിസ്തുവില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന മാമോദീസായില്‍ ഉപയോഗിക്കുന്ന ഈ തൈലം, ക്രിസ്തുവിനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ അവകാശം നേടിത്തരാന്‍ നമ്മെ സഹായിക്കുന്നുവെന്ന് ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കി ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കില്‍ ജി. കാംബെല്‍ പറഞ്ഞു. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തില്‍ നാമെല്ലാം പങ്കുകാരാകുന്നത് ഈ അഭിഷേക തൈലത്തില്‍ മുദ്രിതരാകുന്നതു വഴിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അഭിവന്ദ്യ പിതാക്കന്മാരൊടൊപ്പം പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി. വികാരി ജനറല്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍, റവ. ഡോ. മാത്യൂ പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ബഹു. വൈദികരും സിസ്റ്റേഴ്‌സും നൂറുകണക്കിനു അല്‍മായമാരും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. ലങ്കാസ്റ്റര്‍ രൂപതയിലെ ഏതാനും വൈദികരുടെ സാന്നിധ്യവും തിരുക്കര്‍മ്മങ്ങള്‍ക്ക് പുതുചൈതന്യം നല്‍കി.

സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ നാമത്തിലുള്ള ഏതെങ്കിലും തിരുനാള്‍ ദിവസമാണ് വി. തൈല ആശീര്‍വാദത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാളില്‍ തന്നെ ആദ്യ തൈല വെഞ്ചരിപ്പ് ശുശ്രൂഷ നടന്നത് സവിശേഷ ദൈവാനുഗ്രഹമായി കണക്കാക്കപ്പെടുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ വൈദികരുടെ സമ്മേളനവും വിവിധ കമ്മീഷനുകളുടെ വിലയിരുത്തലും നടന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

രൂപതാധ്യക്ഷന്‍ എല്ലാവര്‍ക്കും സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ മംഗളങ്ങള്‍ നേരുകയും നേര്‍ച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. രൂപതാധ്യക്ഷന്‍ ആശീര്‍വദിച്ച ഈ തൈലമായിരിക്കും ഇനിമുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ബഹു. വൈദികര്‍ ഉപയോഗിക്കുന്നത്.

 

ലണ്ടന്‍: ഗോള്‍ഡ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരത്തിന് മലയാളി വിദ്യാര്‍ത്ഥി റിയാന്‍ റോബിന്‍ അര്‍ഹനായി. ഇന്നലെ രാവിലെ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന മഹത്തായ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ വെച്ചാണ് കെന്റ് സ്വദേശിയായ റിയാന്‍ എഡ്വേര്‍ഡ് രാജകുമാരനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്. 14നും 25നും ഇടയിലുള്ള യുവതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അതിലൂടെ അവരുടെ ഭാവി ജീവിതം മഹത്തരമാക്കാനുമായി എഡിന്‍ബര്‍ഗ് പ്രഭു ഫിലിപ്പ് രാജകുമാരന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഗോള്‍ഡ് ഡ്യൂക്ക് പുരസ്‌കാരം. തന്റെ കഴിവിന്റേയും പരിശ്രമത്തിന്റേയും ഫലമായാണ് റിയാനെന്ന ഈ മലയാളി വിദ്യാര്‍ത്ഥിയുടെ പുരസ്‌കാര ലബ്ധി.

ഗോള്‍ഡ് ഡ്യൂക്ക് അവാര്‍ഡ് നേടിയതിന്റെ അനുഭവം തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്ന് റിയാന്‍ പറഞ്ഞു. ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കഴിവുകളെ വികസിപ്പിച്ച് എടുക്കുന്നതിലും, സേവന തല്‍പ്പരതയും, ശാരീരിക ശേഷി വികസനവും, എന്നിങ്ങനെ എല്ലാ മേഖലകളിലേയും കൃത്യമായ പരീക്ഷങ്ങളിലൂടെ കടന്നുവന്നാണ് റിയാന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. അതിനിടയില്‍ ഒട്ടേറെ പ്രയാസമേറിയ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നെങ്കിലും തന്റെ മികവിലൂടെയും കഠിനമായ പരിശ്രമത്തിലൂടെയുമാണ് അതിനെയെല്ലാം ഈ മലയാളി വിദ്യാര്‍ത്ഥി മറികടന്നത്.

പുരസ്‌കാരം ലഭിച്ചതില്‍ തനിക്ക് എന്നും പ്രചോദനമായിട്ടുള്ളത് തന്റെ പിതാവായ റോബിന്റെയും അമ്മ ലില്ലിയുടേയും പ്രാര്‍ത്ഥനയും പിന്തുണയുമാണെന്ന് റിയാന്‍ പറയുന്നു. കൂടാതെ സമാനമായ രീതിയില്‍ 2013ല്‍ ലണ്ടനിലെ സെന്റ് ജയിംസ് കൊട്ടാരത്തില്‍ നിന്നും ഗോള്‍ഡ് ഡോഫ് പുരസ്‌കാരത്തിനര്‍ഹയായ സഹോദരി റെനിഷ റോബിനും തനിക്ക് മികച്ച പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കിയതെന്നും റിയാന്‍ പറഞ്ഞു.

റിയാന്റെ പിതാവ് റോബിന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയും അമ്മ ലില്ലി കണ്ണൂരിലെ പയ്യന്നൂര്‍ സ്വദേശിയുമാണ്. ബഹ്‌റൈനിലായിരുന്ന റോബിനും കുടുംബവും 2000 ത്തിലാണ് യുകെയിലേക്ക് എത്തിയത്. പുരസ്‌കാരം ലഭിച്ചതിലൂടെ തന്റെ കരിയര്‍ മികച്ചതാക്കാനാവുമെന്നും ഭാവിയിലെ തന്റെ നേട്ടങ്ങള്‍ക്ക് ഗോള്‍ഡ് ഡ്യൂക്ക് പുരസ്‌കാരം ഏറെ സഹായിക്കുമെന്നും റിയാന്‍ പറഞ്ഞു. എന്‍ജിനീയറാകാന്‍ ആഗ്രഹിക്കുന്ന ഈ പതിമൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി മെഡ്‌വേ യുറ്റിസി തന്റെ സ്‌കൂളിലെ ഹെഡ് ബോയിയായും തന്റെ നേതൃപാടവം തെളിയിക്കുന്നു. പഠിത്തത്തോടും മറ്റു പ്രവര്‍ത്തനങ്ങളോടുമൊപ്പം റഗ്ബിയിലും നീന്തലിലും റിയാന്‍ മികവ് കാട്ടുന്നു കൂടാതെ ഗിത്താര്‍ വായനയും ഈ കൊച്ചുമിടുക്കന്റെ ഇഷ്ടവിനോദമാണ്.

ജോജി തോമസ്

മലയാളികളെന്നും കുടിയേറ്റത്തെ ഇഷ്ടപ്പെടുന്നവരാണ്. തങ്ങളുടെ പരിമിതികളില്‍ നിന്ന് സാധ്യതകളുടെ ലോകം തേടിപോകാനുള്ള ഒരു പ്രത്യേക വൈഭവം തന്നെ മലയാളികള്‍ക്കുണ്ട്. കുടിയേറിയ നാടുകളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടും, വെല്ലുവിളികള്‍ ഏറ്റെടുത്ത് ജീവിത സമരത്തില്‍ വിജയം വരിച്ച പ്രവാസികള്‍ വളരെയധികമുണ്ട്. അത്തരത്തിലൊരു മലയാളി വിജയത്തിന്റെ കഥയാണ് മലയാളം യുകെ ഇന്ന് ലെസ്റ്ററില്‍ നിന്നും നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. അത് മലയാളി സമൂഹം കടന്നുചെല്ലാത്ത ഒരു തൊഴില്‍ മേഖലയിലെ വിജയം കൂടിയാണ്.

പോലീസെന്നു കേള്‍ക്കുമ്പോള്‍ ലെസ്റ്ററുകാര്‍ ആദ്യം ഓര്‍ക്കുക ബിജു പൊലീസിനെയാണ്. ബിജു പോലീസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബിജു ചാണ്ടി 2007ല്‍ യു.കെയില്‍ എത്തിയ കാലം മുതല്‍ ലെസ്റ്ററുകാര്‍ ബിജു പോലീസെന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ലെസ്റ്ററുകാര്‍ ബിജു ചാണ്ടിയെ ബിജു പോലീസെന്ന് വിളിക്കാന്‍ കാരണം ബിജു കേരളാ പോലീസില്‍ നിന്നും തന്റെ ജോലി രാജിവെച്ചതിന് ശേഷമാണ് കുടുംബത്തോടൊപ്പം യുകെയിലേയ്ക്ക് കുടിയേറിയത് എന്നത് കൊണ്ടാണ്. ബിജു ചാണ്ടിയുടെ ജീവിതം മലയാളം യു.കെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതൊന്നുമല്ല കാരണം. മറിച്ച് തന്റെ ഓമനപ്പേര് അന്വര്‍ത്ഥമാക്കും വിധം തന്റെ ഇഷ്ടമേഖലയായ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ, അതും മലയാളികള്‍ അധികം കടന്നുചെല്ലാത്ത മേഖലയില്‍ ജോലി കണ്ടെത്തിയ ബിജു ചാണ്ടിയുടെ കഴിവ് മലയാളി സമൂഹം മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയാണ്.

ചെറുപ്പം മുതല്‍ തന്നെ ബിജു ചാണ്ടിയുടെ അഭിനിവേശവും താത്പര്യവുമായിരുന്നു സായുധ സേനയില്‍ ചേരുക എന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ചാണ്ടി കുര്യന്‍ കാണിച്ചുതന്ന മാതൃക ഇതിന് ഒരു പരിധിവരെ കാരണമായി. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, ബി.എഡും ഉള്ള ബിജു ചാണ്ടിക്ക് കേരളാ പോലീസില്‍ ചേരാനുള്ള അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കേരളാ പോലീസിലായിരിക്കുമ്പോള്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് പുതിയ സാധ്യതകള്‍ തേടി ബിജു കുടുംബത്തോടൊപ്പം യുകെയിലേക്ക് കുടിയേറിയത്. യുകെയില്‍ എത്തിയശേഷവും ബിജുവിന് പൊലീസിലും സായുധസേനയിലും ജോലി ചെയ്യുന്നതിനുള്ള താത്പര്യവും അഭിനിവേശവും നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണെങ്കിലും ഒരവസരം വന്നപ്പോള്‍ ബിജു ചാണ്ടി ബ്രിട്ടനിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ ചേര്‍ന്നതും ബിജു പോലീസെന്ന തന്റെ വിളിപ്പേര് അന്വര്‍ത്ഥമാക്കും വിധം ഒറിജിനല്‍ പൊലീസായതും. ലെസ്റ്ററിലെ പോലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറായാണ് ബിജു ചാണ്ടി ജോലി ചെയ്യുന്നത്.

മറുനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ഒരു പ്രധാന കാരണം ജോലി സാധ്യതകളാണ്. മലയാളികള്‍ കൈവെയ്ക്കാത്ത തൊഴില്‍ മേഖലകളില്ല. എന്നാല്‍ ബ്രിട്ടനിലെത്തിയ മലയാളികള്‍ക്ക് അപരിചിതമായ ഒരു തൊഴില്‍ മേഖലയില്‍ ജോലി കണ്ടെത്തിയെന്നതും, അവിടെ മികവ് തെളിയിച്ചു എന്നതുമാണ് ബിജു ചാണ്ടിയെ വ്യത്യസ്തനാക്കുന്നത്. ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ മൂന്നാം സ്ഥാനമാണ് മലയാളികള്‍ക്കുള്ളത്. ഗുജറാത്തികളും പഞ്ചാബികളും കഴിഞ്ഞാല്‍ അവിടെ മലയാളികളാണ് മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ അതിനനുസരിച്ചുള്ള പ്രാതിനിധ്യം മലയാളികള്‍ക്ക് ഇനിയും പല തൊഴില്‍മേഖലകളിലും ലഭിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ ബിജു ചാണ്ടി മുന്‍നിരയിലാണ്. ലെസ്റ്ററിലെ മലയാളി സംഘടനയും മലയാളം യുകെ നൈറ്റിന്റെ ആതിഥേയരുമായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഭാരവാഹിത്വം ബിജു ചാണ്ടി പലതവണ വഹിച്ചിട്ടുണ്ട്. മലയാളം യുകെ അവാര്‍ഡ് നൈറ്റിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്ന ടെല്‍സ്‌മോന്‍ തോമസ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ നയിച്ചപ്പോള്‍ ബിജു ചാണ്ടി ജോയിന്റ് സെക്രട്ടറിയായിരുന്നു.

കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ആയാംകുടി ഗ്രാമമാണ് ബിജു ചാണ്ടിയുടെ സ്വദേശം. മണിയത്തട്ട് വീട്ടില്‍ ചാണ്ടി കുര്യനും എല്‍സമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ ബിനി ബിജു സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു. കുട്ടികളായ ഐയോനയും, സ്‌റ്റെഫിനിയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. മലയാളി സമൂഹം പൊലീസ് മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത മലയാളം യുകെയോട് സംസാരിച്ചപ്പോള്‍ ബിജു എടുത്തുപറഞ്ഞു. തന്റെ ജോലിയെ ബിജു വളരെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും പൊതുജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ഒരവസരമായാണ് ജോലിയെ കാണുന്നതെന്ന് ബിജു പറഞ്ഞു. മലയാളികള്‍ എത്തപ്പെടാത്ത ഒരു മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും വളരാനുമുള്ള ഒരു മാതൃകയും പ്രചോദനവുമാണ് ബിജു ചാണ്ടിയുടെ ജീവിതം വരച്ചു കാട്ടുന്നത്.

ലോകത്തെ മികച്ച 17 ഹാക്കര്‍മാരില്‍ സൈബര്‍ കുറ്റാന്വേഷകനായ മലയാളിയും. വയനാട് സ്വദേശിയും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലെ അംഗവുമായ ബെനില്‍ഡ് ജോസഫാണ് ഈ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന്‍. സൈബര്‍ സുരക്ഷാ രംഗത്തെ നിരവധി പുസ്തകങ്ങള്‍ രചിച്ച റോജര്‍ എ. ഗ്രിന്‍സിന്റെ ഏറ്റവും ഒടുവിലത്തെ പുസ്തകമായ ഹാക്കിംഗ് ദി ഹാക്കര്‍ എന്ന സൈബര്‍ ബുക്കിലാണ് ഇന്ത്യയില്‍ നിന്നും 25കാരനുമായ വൈറ്റ് ഹാക്കര്‍ ബെനില്‍ഡ് ജോസഫിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Image may contain: 2 people, people standing and child

സര്‍ക്കാരിന്റെയും വിവിധ ഐ.ടി.അധിഷ്ഠിത കോര്‍പ്പറേറ്റ് കമ്പനികളുടേയും സൈബര്‍ സുരക്ഷാ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ആളാണ് ബെനില്‍ഡ് ജോസഫ്. ഇന്ത്യയിലും വിദേശത്തും നടക്കുന്ന അന്തര്‍ദേശീയ വിവരസാങ്കേതിക സുരക്ഷാ സമ്മേളനത്തിലെ സ്ഥിരം വക്താവാണ് ഇദ്ദേഹം. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, ഇന്ത്യന്‍ ഇഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ , ഇന്റര്‍നാഷണല്‍ സൈബര്‍ ത്രട്ട് ടാസ്‌ക് ഫോഴ്‌സ് എന്നിവയും സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലും അംഗമാണ്. സിസിസിഐ എന്ന ബുക്കിന്റെ രചയിതാവുകൂടിയാണ്.

Image result for worlds-top-ethical-hackers
ഒട്ടേറെ വെബ്‌സൈറ്റുകളുടേയും ഫേസ്ബുക്കിന്റേയും യാഹു, ബ്ലാക്ക്‌ബെറി, സോണി മ്യൂസിക്, ടെസ്‌കോ, ആസ്ട്രാസ് ഇനീഷ്യ, വോഡാഫോണ്‍, ഡോയിഷ് ടെലികോം തുടങ്ങിയവയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ് ഇദ്ദേഹം. സൈബര്‍ കുറ്റാന്വേഷണരംഗത്ത് സര്‍ക്കാരിനേയും കമ്പനികളേയും സഹായിക്കുന്നതോടൊപ്പം വിവരസാങ്കേതികരംഗത്തെ സുരക്ഷയ്ക്കുവേണ്ടിയുള്ള പ്രത്യേക ഡൊമെയ്‌നും തയ്യാറാക്കിയിട്ടുണ്ട്. വെബ് സുരക്ഷ, വെബ് ആപ്ലിക്കേഷന്‍, ഡാറ്റാ ഫോറന്‍സിക്, മൊബൈല്‍ സുരക്ഷ തുടങ്ങിയവയില്‍ ചെറുപ്പം മുതലേ താൽപര്യമുണ്ടായിരുന്നു.
ഇന്ത്യയ്ക്ക് നേരെ നടന്ന പ്രധാന സൈബര്‍ ആക്രമണങ്ങളില്‍ ശത്രുപക്ഷത്തെ ഹാക്കറെ കണ്ടെത്തുന്നതിന് നിര്‍ണായക തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ബെനില്‍ഡ് ജോസഫ് കൈമാറിയിട്ടുണ്ട്. സൈബര്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വര്‍ഷങ്ങളായി പരിശീലനവും നല്‍കിവരുന്നു. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ്, സൈബര്‍ കുറ്റം, ഡിജിറ്റല്‍ ഫോറന്‍സിക് തുടങ്ങിയവയില്‍ വന്‍കിട കമ്പനികള്‍ക്കുള്ള ഒരു കൗണ്‍സിലര്‍ കൂടിയാണിദ്ദേഹം. വിവരസാങ്കേതികാധിഷ്ഠിത സേവന സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏറെ തത്പരനായ ബെനിൽഡ് അത്തരത്തിലുള്ളവര്‍ക്ക് ഒരു മികച്ച ഉപദേശകന്‍കൂടിയാണ്.
Related image
അന്തര്‍ദേശീയതലത്തില്‍ ബെനില്‍ഡ് ഉള്‍പ്പെടെ 17 ഹാക്കര്‍മാരുടെ വിവരങ്ങളും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളുമാണ് റോജര്‍ എ ഗ്രിന്‍സിന്റെ ഹാക്കിങ് ദ ഹാക്കറില്‍ ഉള്ളത്. ഓണ്‍ലൈന്‍ വഴിയാണ് പുസ്തകം കഴിഞ്ഞയാഴ്ചയാദ്യം വിപണിയിലെത്തിയത്. പിന്നീട് ആഗോളതലത്തില്‍ പ്രമുഖ ബുക്സ്റ്റാളുകളില്‍ വില്‍പനയ്‌ക്കെത്തി. അടുത്തയാഴ്ച ഈ പുസ്തകം വില്‍പ്പനയ്ക്കായി ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ റാന്‍സംവെയര്‍ ആക്രമണംപോലുള്ള വന്‍കിട സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ആഗോള ബ്ലാക് ഹാക്കര്‍മാരുടെ നോട്ടപ്പുള്ളികൂടിയാണ് ബെനില്‍ഡ് ജോസഫ്. എന്നാല്‍ ഇന്ത്യയുടെ സൈബര്‍ സുരക്ഷാരംഗത്ത് ബെനില്‍ഡിന്റെ സംഭാവനകള്‍ ദേശീയതലത്തില്‍ പുസ്തകം പുറത്തിറങ്ങിയതോടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

No automatic alt text available.

സജീവ്‌ സെബാസ്റ്റ്യന്‍

കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ഓള്‍ യുകെ ചീട്ടുകളി മത്സരം ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ വേദി കെറ്ററിങ്ങിലേക്ക് മാറ്റിയത്. അതോടൊപ്പം കേരളാ ക്ലബ് നനീട്ടന്റെ മെംബേര്‍സ് ആയ സിബുവും മത്തായിയും കെറ്ററിങ് നിവാസികള്‍ ആണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫിയും പൂവന്‍ താറാവുമാണ് വിജയികളെ കാത്തിരിക്കുന്നത്.

കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ക്കു ആവേശം പകരാന്‍ ഈ വര്‍ഷം വീഡിയോ കോംപെറ്റീഷനും നടത്തപ്പെടുന്നു . വീഡിയോ കോംപെറ്റീഷനില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് ലഭിക്കുക . യു കെ യിലെ ചീട്ടുകളി പ്രേമികളെ ഏവര്‍ക്കും മത്സരത്തിന് മുന്‍പ് പരിചയപെടുവാന്‍ ഒരവസരം സൃഷ്ഠിക്കുക എന്നതാണ് ഈ മത്സരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് .മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പേര് സ്ഥലം ,നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരത്തിന് ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രണ്ടു മിനിറ്റില്‍ കൂടാത്ത ഒരു വീഡിയോ മൊബൈലില്‍ അല്ലെങ്കില്‍ ഏതെങ്കിലും റെക്കോര്‍ഡിങ് ഡിവൈസില്‍ റെക്കോര്‍ഡ് ചെയ്തു ഞങ്ങള്‍ക്കോ, അല്ലെങ്കില്‍ ഗ്ലാസ്‌ഗോ റമ്മി ബോയ്‌സ് ആരംഭിച്ചശേഷം മാഞ്ചസ്റ്റര്‍ സെവന്‍സ് അവരുടെ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുകയും ഇപ്പോള്‍ കേരളാ ക്ലബ് നനീട്ടന്‍ ഉപയോഗിക്കുന്നതുമായ യു കെ യിലെ ഒട്ടു മിക്ക ചീട്ടുകളി പ്രേമികളും അടങ്ങുന്ന വാട്‌സ് അപ്പ് ഗ്രൂപ്പിലേക്കോ അല്ലെങ്കില്‍ താഴെ കാണുന്ന ഏതെങ്കിലും വാട്‌സ് അപ്പ് നമ്പറിലേക്കോ അയച്ചു തരിക

കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി വീഡിയോ കോംപെറ്റീഷന്റെ നിയമാവലി

1 .ഒരാള്‍ക്ക് ഒരു വീഡിയോ മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളു
2 .രണ്ടു മിനിറ്റില്‍ കൂടുതല്‍ ഉള്ള വീഡിയോകള്‍ മത്സരത്തിനായി പരിഗണിക്കുന്നതല്ല
3 .റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോയില്‍ ഒരാള്‍ മാത്രമേ ഉണ്ടാകുവാന്‍ സാധിക്കുകയുള്ളു. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ആ വിഡിയോയില്‍ ഉണ്ടായാല്‍ അത് മത്സരത്തിന്നായി പരിഗണിക്കുന്നതല്ല
4 .എല്ലാ വിഡിയോയിലും നിങ്ങളുടെ പേര് സ്ഥലം ,നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവും ഉണ്ടാകണം
5 .മറ്റുള്ളവരെ അവഹേളിക്കുന്നതോ മോശമായ സംസാരങ്ങളോ വിഡിയോയില്‍ ഉണ്ടായിരിക്കാന്‍ പാടില്ല
6 .ഏത് തര്‍ക്കത്തിന്റെയും അവസാന തീരുമാനം കേരളാ ക്ലബ് നനീട്ടന്‍ കമ്മിറ്റിക്കായിരിക്കും
7 .മത്സരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി ജൂണ്‍ 30 ആണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് അല്ലെങ്കില്‍ വീഡിയോ അയച്ചുകൊടുക്കാന്‍ വേണ്ട വാട്‌സ് ആപ്പ് നമ്പറുകള്‍
07956616508, 07405193061, 07809450568, 09931329311

സ്വന്തം ലേഖകന്‍

ലെസ്റ്റര്‍ ലൈവ് കലാസമിതിയും സാബൂസ് സ്‌കൂള്‍ ഓഫ് മ്യൂസിക്കും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗ്ഗോദായം 2017 അനുഗൃഹീത ഗായകരുടെയും പ്രൊഫഷണല്‍ താളവൃന്ദ വാദകരുടെയും നിറ സാന്നിധ്യത്താല്‍ ധന്യമായി.

മാസങ്ങള്‍ നീണ്ട പരിശീലനത്തിനു ശേഷം അരങ്ങേറ്റം കുറിച്ച കുട്ടികള്‍ മലയാള സിനിമാ ഗാന ശാഖയില്‍ അവിസ്മരണീയ സ്ഥാനം അലങ്കരിക്കുന്ന ഏതാനും മനോഹര ഗാനങ്ങള്‍ക്കാണ് പശ്ചാത്തലത്തില്‍ ഈണമിട്ടത്.

ഗാനങ്ങള്‍ ആലപിച്ചത് ബ്രയാന്‍ ഏബ്രഹാം (ബ്ലാക്ക് പൂള്‍) സവിതാ മേനോന്‍ (ഷെഫീല്‍ഡ്), അഭിലാഷ് പോള്‍ (ലെസ്റ്റര്‍), ദിലീപ് രവി (നോര്‍ത്താംപ്ടണ്‍), മേല്‍ന പോള്‍സണ്‍, മെല്‍വിന്‍ പോള്‍സണ്‍ (കോവന്‍ട്രി), നെല്‍സണ്‍ ബൈജു (ലിങ്കണ്‍ഷെയര്‍), വര്‍ഗ്ഗീസ് വര്‍ക്കി, ബിനോ മാത്യു, ആന്‍മേരി തോമസ് (ലെസ്റ്റര്‍).

ഓര്‍ക്കസ്ട്ര നയിച്ചത് സാബു ജോസ് (ബേസ് ഗിറ്റാര്‍), ജോര്‍ജ്ജ് തോമസ്, ദീപേഷ് സ്‌കറിയ (തബല), രജീഷ് ചാലിയത്ത് (ഡ്രംസ്), ബേബി കുര്യന്‍ (റിഥം പാഡ്), സജി സൈമണ്‍ (റിഥം ഗിറ്റാര്‍), കീബോര്‍ഡ്: ഡെറിന്‍ ജേക്കബ്, മേബിള്‍ ലൂക്കോസ്, റിയോണ സുജിത്, സാനിയ ജോസഫ്, കാതറിന്‍ ജസ്റ്റിന്‍, മെവിന്‍ അഭിലാഷ്, ലിയോ സുബിന്‍, ഡൊമിനിക് എബ്രഹാം, പ്രണവ് സുരേഷ്, ശ്രുതി അനില്‍, റെജി ജോര്‍ജ്ജ് (അവതാരകന്‍), ജൈസന്‍ ലോറന്‍സ് (ക്യാമറ), ശ്രീനാഥ് (ജാസ് ലൈവ് ഡിജിറ്റല്‍ ശബ്ദ സംവിധാനം)

പരിപാടിയുടെ പ്രയോജകര്‍: എക്‌സലന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്സ്, ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സ്, ജാസ് ലൈവ് ഡിജിറ്റല്‍, പ്രണമ്യ ആര്‍ട്‌സ് ആന്‍ഡ് ഡാന്‍സ് അക്കാദമി, സി.സി.ടി. ട്രേഡിങ്ങ്, ട്രിനിറ്റി ഇന്റീരിയര്‍, ചിന്നാസ് കേറ്ററിംഗ്, ഷോയ് ചെറിയാന്‍ ആക്‌സിഡന്റ് ക്ലെയിം സര്‍വീസസ്സ്.

RECENT POSTS
Copyright © . All rights reserved