സുഗതന്‍ തെക്കേപ്പുര

ഉറക്കം ഉണരുവാന്‍ അധികം സമയമില്ല മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുന്നു ചാടിയെണീറ്റു ഫോണെടുത്തു. കരച്ചിലാണ് ആദ്യം കേട്ടത് കരച്ചിലിനിടയില്‍ കാര്യം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഇവിടെയും തേങ്ങലായി തുടങ്ങി പിന്നീട് നീണ്ട കരച്ചിലായി. തുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്നു കൂട്ടക്കരച്ചിലായി. പിതാവിന്റെ വിയോഗ വാര്‍ത്ത അനാഥരായി എന്ന നഗ്‌ന സത്യത്തെ കരച്ചിലിലൂടെ ആശ്ലേഷിച്ചു. നാട്ടില്‍ പോകണം എല്ലാവര്‍ക്കും കൂടി. നല്ലൊരു തുകയാകും. അതൊരു പ്രശ്‌നമല്ല എങ്ങിനെയും പോയേ മതിയാവൂ. ബാങ്കിലെ ബാലന്‍സ് ഏറിയാല്‍ 500 പൗണ്ട് അതിനപ്പുറം പോകില്ല. ക്രെഡിറ്റ് കാര്‍ഡൊന്നും തരപ്പെട്ടില്ല. ചുറ്റിനും നോക്കി ഒരു രക്ഷയുമില്ല മലയാളികളുടെ ബ്ലേഡ് കമ്പനിയുടെ ഡയറക്ടറി എടുത്തു വിളിച്ചു ശ്രമം തുടരുന്നതിനിടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശ്രമവും തുടങ്ങി. ഒന്നും നടന്നില്ല.

ഭൂതകാലത്തെ സേവനത്തിന്റെ പ്രതിഫലമായി ഒരു പരിചയവുമില്ലാത്ത ട്രാവല്‍ എജന്റ് എന്നെ അനുഗ്രഹിച്ചു. അവര്‍ക്കുള്ള നന്ദി മരിക്കുമ്പോഴും കൂടെ കൊണ്ടുപോകേണ്ടുന്ന ബുക്കില്‍ കയറിപ്പറ്റി. മേല്‍പറഞ്ഞ ചിത്രം പുതു കുടിയേറ്റത്തിലെ ബഹുഭൂരിപക്ഷം മലയാളിക്കും സംഭവിക്കുന്ന സംഭവിക്കാവുന്നതുമാണ് അങ്ങിനത്തെ മലയാളിയാണ് കുടിയേറ്റ ഭാണ്ഡത്തില്‍ മറ്റു പല ചേഷ്ടകള്‍ക്കൊപ്പം ബ്ലേഡ് കൂടി എടുത്തത്. ഒരു പക്ഷെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ കടന്നു കയറേണ്ടുന്ന മറ്റൊരു അര്‍ത്ഥതലമാണ് ബ്ലേഡ് മലയാളികള്‍ അവരുടെ ജീവിതവും ജീവനും കൊടുത്തു പരികല്‍പ്പന നല്‍കിയത്.

ഇത് നമ്മുടെ മാത്രം കാര്യമല്ല പരിഷ്‌കൃത സമൂഹത്തിനും ഗവണ്‍മെന്റിന് അവരുടെ ആധുനിക കൃത്യനിര്‍വഹണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഇഹലോകം മുഴുവനും കാല്‍കീഴിലാക്കി എല്ലാം കൊള്ളയടിച്ചു നൂറ്റാണ്ടുകള്‍ വിരാജിച്ചിട്ടും ബ്രിട്ടന്റെ ദേശീയ കടം 1560 ബില്യനാണ്. അതിനുള്ള വാര്‍ഷിക പലിശ മാത്രം കൊടുക്കുന്നത് 34 ബില്യനാണ് (കടപ്പാട്: NOS.) പറഞ്ഞു വന്നത് കയ്യില്‍ ലഭ്യമല്ലാത്ത തുകക്ക് അപ്പുറം മലവെള്ളപ്പാച്ചില്‍ പോലെ ചെലവ് വരുന്നത് നേരിടുവാന്‍ കടം വാങ്ങുന്നത് ഒരു സാധാരണ പ്രക്രിയ മാത്രമാണ്.

പക്ഷെ അതിനോക്കെ പരിഷ്‌കൃത സമൂഹത്തിനു സ്വീകാര്യമായ നിയമവും വ്യവസ്ഥയുമുണ്ട്. അതിനപ്പുറത്തേക്ക് ഷൈലോക്കിനെപ്പോലെ ചില മലയാളികളുടെ അത്യാഗ്രഹം വളരുമ്പോളാണ് സിജോ എന്ന മലയാളിക്ക് പറ്റിയത് പോലെ അഴിക്കുള്ളില്‍ ആകുകയെന്ന അവസ്ഥ ഉണ്ടാകുന്നത്. ചിട്ടിയും വട്ടിപ്പലിശക്കാരും മലയാളികളുടെ വേള്‍ഡ് ബാങ്കും ഐഎംഎഫുമാണ്. അത് ഒഴിവാക്കി അവനൊരു ജീവിതമില്ല. മുട്ടിനു മുട്ടിനു മലയാളി സംഘടനകള്‍ ഉള്ള യൂകെ പൊതുസമൂഹം ചിന്തിക്കേണ്ട കാര്യം കടന്നുവരുന്നത്. പുരുഷന് വടംവലിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പാട്ടും ഡാന്‍സും മാത്രം മതിയോ? നമ്മുക്ക് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറിക്കൂടെ? ഇവിടെയാണ് യുക്മയുടെ ജാഗ്രതക്കുറവ് വെളിവാകുന്നത്. ഒരു പൊതുസമൂഹത്തിന്റെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സഘടന എന്ന നിലക്ക് ഇത്തരം കച്ചവട താല്‍പര്യക്കാരെ പ്രാദേശികമായിട്ട് പോലും നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമായിരുന്നു.

മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ ഒരു ഭാവമാണ് മറ്റൊരു ജീവന്‍ നിലനിര്‍ത്തുവാന്‍ സ്വന്തം അവയവം അറുത്തു കൊടുക്കുന്നത്. അങ്ങിനെയുള്ള ഒരു വ്യക്തിയെ (യുക്മയുടെ മുന്‍ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടില്‍) ഇത്തരം ഈ ഒരു കാര്യത്തില്‍ കരിവാരിത്തേക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഒരു പക്ഷെ എന്തെങ്കിലും ചെയിതിട്ടുണ്ടെങ്കില്‍ സഹജീവിയോടുള്ള സഹാനുഭൂതിയില്‍ സഹായം ചെയതത് ആയിരിക്കും. അത്തരം ഒരു ഭാവം നമ്മള്‍ കൈവെടിയാതിരിക്കുവാനായിരിക്കും മഗ്ദലന മറിയത്തെ ആ വിരുന്നിലേക്ക് ദൈവപുത്രന്‍ വിളിച്ചുവരുത്തിയത്. നമ്മള്‍ പരസ്പരം ആവോളം വിമര്‍ശിക്കുമ്പോഴും അത് നന്മയിലേക്കുള്ള വഴിതിരിച്ചു വിടലായി കാണണം. വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കാതിരിക്കാനുള്ള കാരണമാവരുത് വിമര്‍ശനം. യൂകെയില്‍ പലയിടത്തും സംഘടനകള്‍ പിളരുന്നതിന് കാരണം നമുക്ക് കൈമോശം വന്ന ബൈബിള്‍ കഥയിലെ സാരാംശം തന്നെ.

അപ്പോള്‍ സാമാന്യ ബുദ്ധിയില്‍ ഉദിക്കുന്ന മറു ചോദ്യം ഇത്തരം മനുഷ്യ സ്‌നേഹികള്‍, ഇരയ്ക്കു ഉണ്ടായ ദുരനുഭവത്തിലും അനുഭാവം പ്രകടിപ്പിക്കേണ്ടതല്ലേ. അങ്ങിനെ പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ സിജോ ജയിലില്‍ പോകേണ്ടി വരുമായിരുന്നില്ല. ചിട്ടിയും പലിശപ്രസ്ഥാനവും അത്രയ്ക്ക് കുറ്റകരമല്ല. നിയമപരമായി രജിസ്റ്റര്‍ ചെയ്തു നടത്തേണ്ട ഒരു സംഗതി അത് ഇല്ലാതെയാണ് ഇദ്ദേഹം നടത്തിയത്. അതുപോലെ ഒട്ടനവധി മലയാളികളും ഇപ്പോഴും ചിട്ടി പ്രസ്ഥാനം നടത്തുന്നതു നിയമ സാധുത ഇല്ലാതെയാണ്.

ഇവിടെ പരിഹാരമായോ പ്രായശ്ചിത്തമായോ യുക്മക്ക് ചെയ്യാവുന്ന ഒരു കാര്യം ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ അംഗീകാരത്തോടെ ഒരു മലയാളി ക്രെഡിറ്റ് സൊസൈറ്റി (മിനി ബാങ്ക് ) തുടങ്ങുന്നതായിരിക്കും. ഇതിലൂടെ മലയാളിയുടെ അവിഭാജ്യ ഘടകമായ ഇത്തരം ചിട്ടികളെ റെഗുലേറ്റ് ചെയ്തു കൊള്ള പലിശക്കാരെ ഒഴിവാക്കി അതില്‍ നിന്നുള്ള വരുമാനവും പ്രയോജനവും എല്ലാവരിലേക്കും നിയമ പരിരക്ഷയോടെ എത്തിക്കാവുന്നതുമാണ്. ഏകദേശം ഒന്നേകാല്‍ ലക്ഷം മലയാളികളില്‍ അന്‍പതിനായിരം പേര്‍ ചേര്‍ന്നാല്‍ തന്നെ മലയാളി ക്രെഡിറ്റ് സൊസൈറ്റിക്ക് വലിയ ഉയരങ്ങള്‍ താണ്ടുവാന്‍ കഴിയും.

ശരാശരി ആയിരം പൗണ്ട് വീതമുള്ള ട്രാന്‍സാക്ഷന്‍ മാസം നടത്തിയാല്‍ 600 മില്യണ്‍ ഒരു വര്‍ഷത്തില്‍ ട്രാന്‍സാക്ഷന്‍ നടത്താന്‍ പറ്റും. അങ്ങിനെ ഒരു ട്രാന്‍സാക്ഷന്‍ കപ്പാസിറ്റി ഒള്ള ക്രെഡിറ്റ് സൊസൈറ്റിക്ക് മലയാളിക്ക് സ്വപ്നം കാണാന്‍ കഴിയാത്ത നേട്ടം കൈവരിക്കാം. കേട്ടാല്‍ അതിഭാവുകത്വമാണെങ്കിലും അത്തരം ഒരു വിദേശ ഗുജറാത്തി കൂട്ടായ്മയാണ് ഒരു ഘട്ടത്തില്‍ തളര്‍ന്ന അംബാനിയെ അംബാനിയാക്കിയത് എന്നതും മറക്കണ്ട.