ഗോപിക. എസ്
സാക്ഷര കേരളത്തിന്റെ ശിരസ്സ് കുനിയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൊതുസമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അറിവിന്റെ വെളിച്ചം തേടി വിദ്യാലയങ്ങളിൽ എത്തുന്ന പിഞ്ചോമനകൾ അനാസ്ഥയുടെയും നിരുത്തരവാദിത്വത്തിന്റെയും ഇരുൾ നിറഞ്ഞ മാളങ്ങളിൽ പെട്ട് മറഞ്ഞു പോകുന്നു. ആരാണ് ഇതിനു കാരണം? പൊതു വിദ്യാഭ്യാസ നിലവാരത്തിൽ കേമന്മാരായ കേരളത്തിന് ഇതെന്ത് പറ്റി..? വാദപ്രതിവാദങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം വിടരും മുൻപേ കൊഴിഞ്ഞു പോയ ആ പനിനീർപ്പൂക്കൾ എന്തു പിഴച്ചു..??
ഫാത്തിമയിൽ തുടങ്ങാം. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കി. മദ്രാസ് ഐ ഐ ടി യിൽ ഇന്റഗ്രേറ്റഡ് എം എ ക്ക് പഠിക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്യുന്നു. അദ്ധ്യാപകന്റെ മാനസിക പീഡനങ്ങളും ജാതീയ വിവേചനവും സഹിക്കാനാവാതെ നമുക്കിടയിൽ നിന്നും ഓടിപ്പോയവൾ.. അജ്‍ഞതയിൽ നിന്നു അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചുയർത്തേണ്ടവർ തന്നെ തല്ലികെടുത്തിയതല്ലേ ഫാത്തിമയെ..? വർണവും വർഗ്ഗവും നോക്കാതെ തന്റെ ശിഷ്യക്കു പ്രചോദനമാകേണ്ടവൻ തന്നെ അവളുടെ നാശത്തിനു ഹേതുവായി. ആരെ പഴിക്കണം? തന്റെ മകൾക്ക് മരണശേഷമെങ്കിലും നീതി വേണമെന്ന് ആവർത്തിച്ചുറപ്പിക്കുന്ന അബ്ദുൽ ലത്തീഫിനൊപ്പം നിന്നു ഇനിയൊരു ഫാത്തിമ ഉണ്ടാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.
ഫാത്തിമക്കു വേണ്ടി മലയാളി കരഞ്ഞു തീർന്നിരുന്നില്ല. അതിനു മുൻപ് തന്നെ ഒരുവൾ കൂടി -ഷെഹ്‌ല ഷെറിൻ. പത്തു വയസേ ഉണ്ടായിരുന്നുള്ളു. കളിചിരി മാറിയിട്ടില്ല. നിഷ്കളങ്കത നിറഞ്ഞ ആ പുഞ്ചിരിക്കുന്ന മുഖം കേരള മനസാക്ഷിയെ ഇന്നു പൊള്ളിച്ചു കൊണ്ടിരിക്കുന്നു. വയനാട് ബത്തേരിയിലുള്ള സർവജന സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി.. ക്ലാസ്സ്മുറിയിലെ പൊത്തിൽ കാലു പെടുകയും മുറിവേൽക്കുകയും ചെയ്യുന്നു. സ്വപ്നത്തിൽ പോലും നമുക്ക് പ്രതീക്ഷിക്കാനാകുമോ അനാസ്ഥയുടെ കൊടും വിഷമേറ്റ് ആ കുഞ്ഞില്ലാതാകുമെന്നു.. അതും സംഭവിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വിദ്യാലയങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിൽ ഉണ്ടെന്നുള്ളത് ലജ്ജയോടെ മാത്രമേ നമുക്ക് ഉൾക്കൊള്ളാനാകു. പ്രതീക്ഷയോടെ സ്കൂളിലേക്ക് അയച്ച പിഞ്ചോമന തിരിച്ചുവന്നത് ചേതനയറ്റ ശരീരമായി. ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും..? പരസ്പരം പഴിചാരിയും ന്യായാന്യായങ്ങൾ നിരത്തിയും അധികൃതർ കൈമലർത്തുമ്പോൾ ഉണ്ടായ ഗുരുതര വീഴ്ചയ്ക്ക് ആരു സമാധാനം പറയും.. ‘”നഷ്ടം ഞങ്ങളുടേതാണ് പരാതി പറഞ്ഞിട്ട് എന്തുകാര്യം.? ” ഒരു അഭിഭാഷകൻ കൂടിയായ അബ്ദുൽ അസീസ് ഇത് പറയണമെങ്കിൽ ആ ചങ്ക് പിടയുന്നത് എത്രത്തോളം എന്ന് ചിന്തിക്കാൻ പോലുമാകില്ല. അവശയായ കുഞ്ഞിനെയുംകൊണ്ട് 4 ആശുപത്രികൾ കയറിയിറങ്ങിയിട്ടും വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാഞ്ഞത് ആ പിതാവിനെ എത്രമാത്രം തളർത്തിയിരിക്കും.
ബത്തേരിയിൽ നിന്ന് ഷഹല ക്ക് വേണ്ടി നിലവിളികൾ ഉയരുമ്പോൾ തന്നെ അങ്ങു മാവേലിക്കരയിലും കണ്ടു മറ്റൊരു നീറുന്ന കാഴ്ച. അതും വിദ്യാലയമുറ്റത്തു വച്ചുതന്നെ. ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ കൊണ്ട് നവനീത് എന്ന പന്ത്രണ്ടു വയസ്സുകാരൻ നമ്മെ വിട്ടുപോയി. മുതിർന്ന കുട്ടികൾ ‘പലക കഷ്ണം’ ബാറ്റാക്കി ക്രിക്കറ്റ് കളിക്കവെ പിന്നിലൂടെ വന്ന നവനീതിനെ ആരും കണ്ടില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അക്ഷരാർത്ഥത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ലേ ആ കുഞ്ഞിനെ അടിച്ചു വീഴ്ത്തിയത്. കുട്ടികൾക്ക് കളിക്കാൻ പ്രത്യേകമായൊരു ഗ്രൗണ്ടും അതിനുവേണ്ട സാധനസാമഗ്രികളും വേണമെന്നിരിക്കെ പലക കഷ്ണം ബാറ്റാക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ നിസ്സഹായതയുടെ പ്രതിഫലനമല്ലേ നവനീത്. ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമെർ തലയിൽ വീണു മരിച്ച അഫീൽ ജോൺസണു പിന്നാലെ പോയി ഈ കുരുന്നും.
ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പിലാക്കണം. ഇടിഞ്ഞുവീഴാറായ മേൽക്കൂരകളും പൊട്ടിപ്പൊളിഞ്ഞ നിലങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും കേരളത്തിലെ ഒരു വിദ്യാലയത്തിലും ഇനി ഉണ്ടാകരുത്. സർക്കാർ മാത്രമല്ല സ്കൂൾ അധികൃതരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണം. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഒപ്പിടാൻ വേണ്ടി കൂടുന്ന പിടിഎ മീറ്റിങ്ങുകളല്ല, രക്ഷിതാക്കൾ കാണണം, വിലയിരുത്തണം തന്റെ കുട്ടി പഠിക്കുന്ന ക്ലാസ് മുറികളും സാഹചര്യങ്ങളും. പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനുവേണ്ടി കോടികൾ മുടക്കുന്ന സർക്കാർ ആ കോടികൾ ഏതു മാളങ്ങളിലേക്കാണ് കുമിഞ്ഞു കൂടുന്നത് എന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം പുറമേ പരിമിതികളും പ്രശ്നങ്ങളും ഉറക്കെ വിളിച്ചു പറയാൻ ധൈര്യം ഉള്ളവർ ആക്കി മക്കളെ വളർത്തണം. അവനവനു വേണ്ടി സംസാരിക്കാൻ അവനവൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് ബാല്യത്തിൽ തന്നെ പകർന്നു നൽകണം. അനാസ്ഥയുടെ ചിതൽപ്പുറ്റുകളിൽ പെട്ട് ജീവൻ പൊലിഞ്ഞ അഫീൽ, ഫാത്തിമ, ഷെഹ്‌ല, നവനീത്… ഈ നിരയിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കട്ടെ.. വാക്ക് കൊണ്ടല്ല മറിച്ചു ഉത്തരവാദിത്വ പരമായ ഇടപെടലുകളിലൂടെ നമ്മുടെ മക്കളെ നമുക്ക് കാക്കാം….
ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
കോട്ടയം : മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചു . 25 , 000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
പ്രൗഢഗംഭീരമായ സാഹിത്യസദസ്സിൽവച്ച് ആനന്ദ് നീലകണ്ഠൻ തന്റെ എഴുത്തിന്റെ രസതന്ത്രം പ്രേക്ഷകരുമായി പങ്കുവച്ചു. ഭാഷ അല്ല പ്രധാനം കഥയാണ് എന്ന് അദ്ദേഹം തന്റെ എഴുത്തിന്റെ രീതിയെ വിലയിരുത്തികൊണ്ടു അഭിപ്രായപ്പെട്ടു.
അവാർഡ് ദാന ചടങ്ങിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ തേക്കിൻകാട് ജോസഫ് ” സഫലം സഹൃദം സഞ്ചാരത്തെ” സദസ്സിന് പരിചയപ്പെടുത്തി. നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തികൊണ്ട് പുതുതലമുറയ്ക്ക് വായനയുടെ നവ വസന്തം തീർത്ത ആനന്ദ് നീലകണ്ഠനിൽ നിന്ന് പ്രൊഫ.ബാബു തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. മുതിർന്ന പത്രപ്രവർത്തകരായ പ്രൊഫ. മാടവന ബാലക ഷ്ണപിള്ള , ഡോ .പോൾ മണലിൽ പുസ്തകത്തിന്റെ പ്രസാധകരായ മാത്യൂസ് ഓരത്തേൽ, മലയാളം യുകെയെ പ്രതിനിധീകരിച്ച് റ്റിജി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സംഘാടകനും പ്രസാധകനുമായ മാത്യൂസ് ഓരത്തേൽ സ്വാഗതം ആശംസിക്കുകയും ആനന്ദ് നീലകണ്ഠനെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു . കോട്ടയം വര ആർട്ട് ഗാലറിയുടെ ആദ്യ പുസ്തകം തന്നെ സമ്മാനാർഹമായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു .
ഓൺലൈൻ മാധ്യമരംഗത്ത് ബ്രിട്ടനിൽ ഏറ്റവും പ്രചാരമുള്ള മലയാളം യുകെ കേരള മാധ്യമരംഗത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണെന്ന് തന്റെ മറുപടി പ്രസംഗത്തിൽ പ്രൊഫ. ബാബു തോമസ് പറഞ്ഞു. യുകെയിൽ മലയാളികൾക്കിടയിൽ വാർത്തയിൽ മാത്രം ഒതുങ്ങിനിൽക്കാതെ സാഹിത്യത്തിനും മലയാളഭാഷയ്ക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് മലയാളം യുകെ പിന്തുടരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ ഡോ.ജോർജ് ഓണക്കൂർ ഉൾപ്പടെയുള്ള പ്രമുഖരുടെ രചനകൾ മലയാളം യുകെയിൽ സ്‌ഥാനം പിടിച്ചിരുന്നു. വ്യത്യസ്തമായ രീതിയിൽ ഭാഷയ്ക്കും സാഹിത്യത്തിനും മലയാളം യുകെ നൽകുന്ന പ്രാധാന്യത്തിന് പ്രൊഫ.ബാബു തോമസ് നന്ദി പറഞ്ഞു. സഫലം സഹൃദം സഞ്ചാരത്തിന്റെ ഏതാനും അധ്യായങ്ങൾ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്റെ ശിഷ്യരും സുഹൃത്തുക്കളും അഭിനന്ദിച്ചതിന്റെ ഓർമകൾ അദ്ദേഹം സദസ്യരുമായി പങ്കു വച്ചു.
മലയാളം യുകെയുടെ ആദ്യ അവാർഡു ദാനം തന്നെ തികച്ചും അവിസ്മരണീയവും സ്വപ്ന തുല്യവുമായ ചടങ്ങായി മാറി . ഒന്നാം കിട മാധ്യമങ്ങൾക്കൊപ്പം മലയാളം യുകെയുടെ പേരും കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയിൽ മുന്നിട്ടു നിന്നു . വായിച്ചിരിക്കേണ്ട നൂറു പുസ്തകങ്ങളുടെ കൂട്ടത്തിൽ ആമസോൺ തിരഞ്ഞെടുത്ത എഴുത്തുകാരനായ ആനന്ദ് നീലകണ്ഠൻെറ സാന്നിധ്യം മലയാളം യുകെ യുടെ അവാർഡ് ദാന ചടങ്ങിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു . ഒന്നാംനിര മാധ്യമങ്ങളുടെ നിരയിലേക്ക് മലയാളം യുകെ വളർന്നിരിക്കുന്നു എന്ന സത്യം കേരളത്തിന്റെ അക്ഷരനഗരിയിൽ എല്ലാവരും എടുത്തു പറയുകയും ചെയ്തു. ആനന്ദ് നീലകണ്ഠനെന്ന മഹാപ്രതിഭയെ കാണാനും ശ്രവിക്കാനും പുസ്തകങ്ങളിൽ കൈയൊപ്പ് ചാർത്താനും ആയിരങ്ങളാണ് കോട്ടയത്ത് തടിച്ചു കൂടിയത്. ആ പ്രൗഢഗംഭീരമായ സദസ്സിൽ പ്രൊഫസർ ബാബു തോമസിന് അവാർഡ് കൊടുക്കുവാൻ സാധിച്ചത് മലയാളം യുകെയുടെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാവുന്ന നേട്ടമായി .
റ്റിജി തോമസ്
വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് അസസ്ഥമായിരുന്നു . നഷ്ടപ്പെടലുകൾ എപ്പോഴും ദുഃഖം സമ്മാനം തരുന്നവയാണ് .
എൻെറ ചെരുപ്പുകൾ നഷ്ടപെട്ടിരിക്കുന്നു .
വഴിയിലെ ഓരോ കൂർത്തകല്ലും അത് ഓർമ്മപ്പെടുത്തികൊണ്ടിരുന്നു . പുതിയ ചെരുപ്പുകളാണ് , അതു കൊണ്ടു തന്നെ മനസ്സ് കൂടുതൽ വിഷമത്തിലേക്ക് എടുത്തു ചാടി.
എന്തോ പ്രേരണയാൽ തിരിച്ചു നടന്ന് ചെരുപ്പുകൾ അഴിച്ചു വെച്ചിരുന്ന സ്ഥലമാകെ ഒന്നുകൂടി തിരഞ്ഞു
.
ഒരു പൊട്ടിച്ചിരി . . . ..
കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വരം . ചുററിനും നോക്കി ആരെയും കാണാനില്ല . തേഞ്ഞുതീരാറായ ഒരു ജോഡി പഴയ ചെരുപ്പുകൾ മാത്രം അവിടെ കിടപ്പുണ്ട് .
ആരെയും കാണുന്നില്ല . ആരാണ് ചിരി ച്ചത് ? ചെരുപ്പാണോ ചിരിക്കുന്നത് . എൻറ പരിഭ്രമം വർദ്ധിച്ചു .
ഞാൻ ദേഷ്യത്തോടെ നോക്കി . ചിലപ്പോൾ എൻറ ചെരുപ്പുകളുടെ മോഷ്ടാവിൻെറതായിരിക്കും ആ ചിരി .
” എന്താ ഇത്ര തുറിച്ചുനോക്കുന്നത് ? ” വീണ്ടും പൊട്ടിച്ചിരി അതെ ചെരുപ്പാണ് ചോദിച്ചത് . എനിക്ക് ഉത്തരം മുട്ടി .
പുതിയ ചെരുപ്പുകൾ വാങ്ങിക്കുന്ന സമയം വരെ എനിക്ക് അവയെ ആവശ്യമായിരുന്നു . ആ പഴയ ചെരുപ്പുകൾ ഞാൻ കാലിലണിഞ്ഞു ;
“ ആ . . . അയ്യോ , അമ്മേ .. ”
സത്യത്തിൽ പരിഭ്രമിച്ചുപോയി .
” നിങ്ങൾക്ക് ഞാൻ പാകമാവില്ല …! ”
ശരിയാണ്. എൻെറകാലുകൾക്ക് ആ ചെരുപ്പുകൾ ചെറുതായിരുന്നു . നിഷ്‌ഠൂരനായ ചെരുപ്പുമോഷ്ടാവിനോടുള്ള പകയാൽ ചെരുപ്പുകളെ ദേഷ്യത്തോടെയാണ് ചവിട്ടിയത് .
ഞാൻ ചെരുപ്പുകളെ അനുകമ്പാപൂർവ്വം നോക്കി . എൻെറ നോട്ടത്തിന് കണ്ണീരിൻറ നനവുണ്ടായിരുന്നു . കരച്ചിൽ അതാരുടെയാണെങ്കിലും എന്നെ വികാരഭരിതനാക്കിയിരുന്നു .
ഞാൻ സൂക്ഷിച്ച് മെല്ലെ ചവിട്ടി വീട്ടിലേയ്ക്ക് നടന്നു . മനസ്സിൻെറ ഭാരം പകുതി കുറഞ്ഞിരിക്കുന്നു .
. – – ” എന്തൊരു പരുപരുത്ത കാലുകളാ ! ”
അപ്പോഴാണ് എൻെറ ചെളിപുരണ്ട പരുപരുത്ത കാലുകൾ ഞാൻ ശ്രദ്ധിച്ചത് . ചെരു പ്പുകളോടു തോന്നിയ അനുകമ്പ വഴിമാറി . നഷ്ട പ്പെടൽ വീണ്ടും ചിന്തയിൽ കടന്നു വന്നു .
– ” ആ കുട്ടിയുടെ അടുത്തായിരുന്നെങ്കിൽ . . . എന്തുചെയ്യാം യോഗം ഇല്ല . ”
” ഏത് കുട്ടിയുടെ ? ” – .
“ സുന്ദരി – ഭയങ്കരിയാ കേട്ടോ .. അല്ലേല് എന്നെ മറക്ക്വോ … ”
“ കാണാൻ കൊളളാമോ ” പെട്ടെന്ന് ഞാൻ ചോദിച്ചു …”
“പിന്നെ സുന്ദരിയെ കാണാൻ കൊളളുകയില്ലെ ? വീണ്ടും ചിരി …. .പരിഹസിക്കുന്നതുപോലെ.
കഥയുടെ ചുരുളഴികയാണ് . മനസ്സ് പലതും ഊഹിച്ചു .
ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ അലങ്കരിച്ച സൗഭാഗ്യവതികളാണ് എനിക്ക് കിട്ടിയ ചെരുപ്പുകൾ . സുന്ദരിയുടെ കൊലുസിട്ട , ചായം തേച്ച നഖങ്ങളുളള മാർദ്ദവമേറിയ രണ്ടു കാലടികൾ മനസ്സിൽ തെളിഞ്ഞു .
മനസ്സിൽ ഉടലെടുത്ത വെറുപ്പ് മാഞ്ഞു പോയി . ചെരുപ്പുകളെപ്പററി ചിന്തിച്ചപ്പോൾ കൊലുസുകളുടെ മാനാഹര ശബ്ദം ശദ്ധിച്ചു .
ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ താലോലിച്ചു .
രാത്രിയിൽ ഉറങ്ങാൻ നേരം ചെരുപ്പ് പറഞ്ഞു .
“….ഒററയ്ക്കിരിക്കാൻ പററില്ല . പേടിയാ…. ”
ഞാൻ ചെരുപ്പുകളെ മുറിയിലെടുത്തു വച്ചു .
“ യ്യോ തണുക്കുന്നു… ”
അതിശയം തോന്നിയില്ല . നല്ല തണുപ്പുളള രാത്രിയാണ് .സുഖമുള്ള കുളിരാണ് . പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടെന്ന് തോന്നുന്നു .
ഞാൻ പുതപ്പെടുത്ത് ചെരുപ്പുകളെ പുതപ്പിച്ചു . കൈകൾ പിണച്ചുവെച്ച് കൊലുസുകളുടെ നിശബ്ദ സംഗീതവും ശ്രദ്ധിച്ച് ഞാനുറങ്ങി .
ചെരുപ്പുകൾ ഇട്ടുകൊണ്ടു നടക്കുമ്പാൾഅഭിമാനം തോന്നി . മനസ്സിൽ പ്രത്യേകമായൊരു അനുഭൂതി തോന്നുന്നു . കൊലുസുകളുടെ സംഗീതം എൻെറ ഇടവേളകളെ ധന്യമാക്കി . നീല ഞരമ്പുകൾതെളിഞ്ഞു കാണുന്ന മൈലാഞ്ചി ചുവപ്പിച്ച പാദങ്ങൾ എൻെറ ആരാധനാ പാത്രങ്ങളായി.
കാലിൽ എന്തൊ തട്ടുന്നതു പോലെ തോന്നിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് . എൻെറ ചെരുപ്പിൻെറ വളളികൾ പൊട്ടിയിരിക്കുന്നു . ചുററും പരിചയമുളള മുഖങ്ങളാണ് . എവിടെ നിന്നൊക്കയോ പൊട്ടിച്ചിരികളുയരുന്നു .
” – എവിടുന്നു കിട്ടി ഈ ചെരുപ്പ് ….” .
” നിനക്ക് ചേരും…. ”
“കൊണ്ടെ കളയെടോ ”
ഞാൻ ചെരുപ്പിൻറ വളളികൾ ശരിയാക്കി ചമ്മിയ ചിരിയോടെ ചുററും നോക്കി .
” ടാ ഇതാരുടെ ചെരുപ്പാണന്നറിയ്യാമോ… ? ഒരു സുന്ദരിയുടെ”.
വിളിച്ചു കൂവണമെന്നു തോന്നി . പക്ഷേ വിവരമറിഞ്ഞാൽ ആരെങ്കിലും ചെരുപ്പുകൾ മോഷ്ടിച്ചാലോ ? തിരി ഞ്ഞു നടന്നു . എതിരെ ചില സുന്ദരികൾ വരുന്നുണ്ട് .അവരുടെ ആരുടെയെങ്കിലും ആയിരിക്കുമോ ചെരുപ്പുകൾ . മുഖം ആവുന്നത്ര പ്രസന്നമാക്കി ഞെളിഞ്ഞു നടന്നു .
തട്ടി വീഴാൻ തുടങ്ങും പോലെ – ചെരുപ്പിൻെറ വള്ളികൾ പൊട്ടിയിരിക്കുന്നു .
അമർത്തിയ പൊട്ടിച്ചിരികൾ . . . . . ഏതോ വലിയ ഗർത്തത്തിൽ പതിച്ചതുപോലെ തോന്നി .
വീട്ടിൽ ചെന്നപ്പോൾ ഞാൻ ദേഷ്യപ്പെട്ടു .
” എന്താദ് എപ്പോഴും വളളി പൊട്ടുന്നത് ? ” – ”
“വല്ലടത്തും നോക്കി നടന്നാൽ ഇങ്ങനെയിരിക്കും ”
ധിക്കാരം മിഴിച്ചു നിൽക്കുന്ന മറുപടി . എൻെറ കോപം പമ്പകടന്ന് പരിഭ്രമമായി . എന്തെങ്കിലും പറയാൻ സാധിക്കുന്നില്ല . കൂടുതൽ ദേക്ഷ്യപ്പെട്ടാൽ ഇനിയിതാവർത്തി ച്ചാലോ ?
” നിലത്തപ്പിടി തണുപ്പാ ” അന്നു കിടക്കാൻ നേരത്തു ചെരുപ്പു പറഞ്ഞു .
അർത്ഥം വ്യക്തമായിരുന്നു . ചെരുപ്പുകളെ കട്ടിലിലെടുത്തു വച്ച് കിടന്നുറങ്ങി . പയ്യെയാണ് ഇപ്പോൾ ഞാൻ നടക്കുന്നത് . ഓരോ കാലടി വയ്ക്കുമ്പോഴും അകാരണമായ ഭയം എന്നെ പിടികൂടി .
എതിരെ ഒരു പെൺകുട്ടി വരുന്നതുകണ്ട് ഞാൻ പേടിയാടെ നടന്നു . . .
വീണിടത്തുനിന്നും സാവധാനം എഴുന്നേൽക്കാൻ ശ്രമിച്ചു . കൈ കൊണ്ട് തടവി നോക്കി. ചോര പൊടിഞ്ഞിട്ടുണ്ട് . പാവം പെൺകുട്ടി പേടിച്ചെന്നു തോന്നുന്നു .
വളളി പൊട്ടിയ ചെരുപ്പ് കുലുങ്ങി കു ലുങ്ങിച്ചിരിക്കുകയാണ് .
എനിക്ക് കരയണമെന്നു തോന്നി . എഴുന്നേററ് നടക്കാൻ പേടി യായിരുന്നു . ഞാൻ അവിടെ കുത്തിയിരുന്ന് കരഞ്ഞു . ആരൊക്കെയോ നോക്കി . ചിലർ ചില്ലറകളിട്ടു തന്നു . അവസാനം ചെരുപ്പൂരി തലയിൽ വച്ച് ഞാൻ വീട്ടിലേയ്ക്ക് നടന്നു .
പുറത്തയ്ക്ക് ഇറങ്ങാൻ എനിക്ക് മടിയായി . പൊട്ടിച്ചിരികളുടെയും അമർത്തിയ ചിരികളുടെയും കിലുകിലാരവം ഞാൻ ഭയ പ്പെട്ടു .
എപ്പോഴോ ഞാനുണർന്നത് പൊട്ടിച്ചിരി കേട്ടാണ് , ഒപ്പം കൊലുസിട്ട പാദങ്ങളുടെ സംഗീതവും . . ചെരുപ്പുകൾ എന്നെ നോക്കി ചിരിച്ചു . വേശ്യയുടെ പോലെ . മനസ്സിൽ തിരമാലകളുതിർ ക്കുന്ന വശ്യമായ ചിരി .
ഞാൻ പുറത്തയ്ക്കു നടന്നു . പൊട്ടിച്ചിരികൾ . . . . ചുററും ആരൊക്കെയോ പൊട്ടിച്ചിക്കുന്നു . അപ്പോഴാണ് ഞാൻ ഓർമ്മിച്ചത് . എൻെറ തലയിൽ സുന്ദരിയുടെ ചെരുപ്പുകൾ .
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് . [email protected]
ചിത്രീകരണം : അനുജ കെ
കാരൂര്‍ സോമന്‍
പഠനകാലത്ത് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐ.എസ്.ടി) എന്നും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.ടി) എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് സമയത്തെ ചുറ്റിപറ്റിയാണ് മറ്റുലോക രാജ്യങ്ങളുടെ സമയം നിശ്ചയിച്ചിരുന്നതെന്നും മനസ്സിലാക്കിയിരുന്നു. ഗള്‍ഫിലും യു,എസിലും, യു.കെയിലുമൊക്കെ യാത്രചെയ്യുമ്പോള്‍ സമയത്തില്‍ വന്ന മാറ്റവും ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രീന്‍വിച്ചിലെ റോയല്‍ ഒബ്‌സര്‍വേറ്ററിയിലെ സമയമാണ് ജി.എം.ടി. . ഇന്ത്യയിലെ സമയത്തേക്കാള്‍ അഞ്ചരമണിക്കൂര്‍ പിന്നിലാണ്. അതനുസരിച്ചാണ് നാട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഫോണില്‍ ബന്ധപ്പെടുന്നത്.
ലോകരാജ്യങ്ങളുടെ സമയങ്ങള്‍ കേന്ദ്രീകരിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം കാണാന്‍ കഴിയുമെന്ന് അന്നൊക്കെ സ്വപനത്തില്‍ പോലും വിചാരിച്ചില്ല. എല്ലാം ഭാഗ്യം. ഭൂലോകത്തെ സമയ കേന്ദ്രവും യുനെസ്‌ക്കോയുടെ പൈതൃക കേന്ദ്രവുമായ ഗ്രീന്‍വിച്ച് റോയല്‍ ഒബ്‌സര്‍വേറ്ററിയിലേക്കാണ് ഞങ്ങളുടെ കുടുംബ യാത്ര. ഞാന്‍ താമസ്സിക്കുന്ന ന്യൂഹാം ബൊറോയുടെ അടുത്ത പ്രദേശമാണ് ബോറോഓഫ് ഗ്രീന്‍വിച്ച്. കാറില്‍ അരമണിക്കൂര്‍ യാത്ര. ശാസ്ത്ര-സാങ്കേതിക രംഗത്തു പഠിക്കുന്ന കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥാപനമാണിത്. കാറില്‍ വരുന്നവര്‍ക്ക് അകത്തും പുറത്തും പാര്‍ക്ക് ചെയ്യാം. വീല്‍ ചെയറില്‍ വരുന്നവര്‍ക്കും യാത്ര ചെയ്യുവാനുള്ള വഴിയുണ്ട്. ഇതിനടുത്തായി യൂണിവേഴ്‌സിറ്റി ഓഫ് ഗ്രീന്‍വിച്ച്, പുരാതന നോവല്‍ കോളേജ് എന്നിവയും കാണാം. മുന്‍മ്പ് ഞാനിവിടെ വന്നത് ഈസ്റ്റ്ഹാമില്‍ നിന്നുള്ള വുള്‍വിച്ച് ബസ്സ് കയറി ഇവിടുത്തെ ഫെറി കടന്നാണ്. ഉല്ലാസ കപ്പലല്ല തേംസ് നദിയിലൂടെ വാഹനങ്ങളും യാത്രക്കാരെ അക്കരെയിക്കര എത്തിക്കുന്ന ചെറിയ കടത്തു കപ്പലുകളാണിത്. ഒഫ്‌സര്‍വേറ്ററിയിലേക്ക് എത്താന്‍ പലവഴികളുണ്ട്. കോളേജ് ഓഫ് നേവല്‍ ബേസിനടുത്താണ് ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തത്. അവിടെ നിന്ന്് പത്ത് മിനിറ്റ് നടന്നെത്തുന്നത് കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പച്ചപ്പാര്‍ന്ന മൈതാനത്തേക്കാണ്. ആദ്യം കാണുന്നത് വലത്തുഭാഗത്തായി ചെറിയ ഒരു തടാകമാണ്. അതില്‍ കുട്ടികള്‍ ചെറിയ ബോട്ടുകളില്‍ മത്സരിച്ച് കളിക്കുന്നു. കരക്ക് ഇരുന്ന നായ് ബോട്ടിനൊപ്പം ഓടുന്നു. ആ ബോട്ട് മടങ്ങി വരുമ്പോള്‍ നായും തിരികെയോടുന്നു. ബോട്ട് വെള്ളത്തില്‍ ഓടാതെ കിടക്കുമ്പോള്‍ നായ് അത് നോക്കിയിരിക്കുന്നു. ആ ബോട്ടിലോടുന്ന കുട്ടിയുടെ രക്ഷകര്‍തൃസ്ഥാനം ഈ നായ്ക്കാണോ എന്ന് തോന്നി. വീട്ടിലെ വളര്‍ത്തു നായിലും ഉത്തരവാദിത്വബോധം വെളിപ്പെടുത്തുന്നു. പലപ്പോഴും കണ്ടിട്ടുള്ളത് മനുഷ്യര്‍ക്കൊപ്പം നടക്കുന്ന നായ് മനുഷ്യരുടെ കാവല്‍ക്കാരായിട്ടാണ്. മനസ്സിന് സംതൃപ്തി നല്‍കുന്നതായിരുന്നു ആ നായുടെ ഓരോ ചലനങ്ങളും. ഞങ്ങള്‍ നടന്നകന്നു.
അകലെ കുന്നിന്‍ മുകളില്‍ ഉയര്‍ന്നുനില്ക്കുന്ന റോയല്‍ ഒഫ്‌സര്‍വേറ്ററി മ്യൂസിയം സൂര്യപ്രഭയില്‍ തിളങ്ങുന്നു. അവിടുത്തെ പച്ചപ്പാര്‍ന്ന മൈതാനത്തുകൂടി നടന്നപ്പോള്‍ ഒരു ഗ്രാമപ്രദേശത്തിന്റെ ഭംഗിയും സൗന്ദര്യവും കണ്ടു. നീണ്ടു നീണ്ടു കിടക്കുന്ന നടപ്പാതകള്‍. അതിലൂടെ സൈക്കിള്‍ സവാരിക്കാര്‍ ആണും പെണ്ണും മത്സരിച്ച് ചവുട്ടിപോകുന്നു. നിരനിരയായി നില്ക്കുന്ന വന്‍മരങ്ങള്‍ കാണാനഴകാണ്.
കല്ലു പാകിയ പടികള്‍ ചവിട്ടി കയറുമ്പോള്‍ ക്ഷീണിച്ചു വെള്ളം കുടിക്കുന്ന ഒരു വയോധികയെ കണ്ടു. ഈ പടികള്‍ ചവിട്ടികയറാന്‍ വല്ല നേര്‍ച്ചയുണ്ടോ എന്ന് തോന്നി. ഒറ്റ നോട്ടത്തില്‍ എഴുപത് വയസ്സിന് മുകളില്‍ പ്രായം വരും. ഏത് രാജ്യക്കാരിയെന്ന് നിശ്ചയമില്ല. ഒരു പക്ഷെ മരണത്തിന് മുന്‍മ്പുള്ള ആഗ്രഹനിര്‍വൃതിയാകാം ഈ അന്വേഷണ യാത്ര. മലകയറ്റം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ എന്റെ നെറ്റിത്തടങ്ങളും നനഞ്ഞു. മുകളിലും കാര്‍പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. യാത്രക്കാരില്‍ കൂടുതലും അത് വഴിയാണ് വരുന്നത്. ഈ മലമുകളില്‍ നിന്ന് നോക്കിയാല്‍ മദ്ധ്യലണ്ടനില്‍ ഉയര്‍ന്ന നില്ക്കുന്ന പല കെട്ടിടങ്ങള്‍ കാണാം. താഴെത്തേക്ക് നോക്കിയാല്‍ താഴ്‌വാരങ്ങളില്‍ പ്രകൃതി രമണീയവും വൃക്ഷ നിബിഡവുമായ പ്രദേശം. മനസ്സിന് ആനന്ദം നല്കുന്ന കാഴ്ചകള്‍.
എ.ഡി 1675 മാര്‍ച്ച് 4 നാണ് ചാള്‍സ് രണ്ടാമന്‍ രാജാവിന് ലോകത്തെ നിയന്ത്രിക്കുന്ന സമയവും ദേശവും നിരീക്ഷിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൊടുക്കുന്നത്. അതിന്റെ പ്രധാനകാരണം ലോകത്ത് പല കടലിടുക്കുകളിലും ബ്രിട്ടീഷ് യുദ്ധകപ്പലുകള്‍ സഞ്ചരിക്കുന്നുണ്ട്. സമയക്രമങ്ങള്‍ അവരെ വല്ലാതെ അലട്ടി. കടലിലെയും കരയിലെയും സമയക്രമങ്ങള്‍ ഇവിടുത്തെ ഒബ്‌സര്‍വേറ്ററി വഴി നടത്താന്‍ അവര്‍ തീരുമാനിച്ചു. അത് ഡിസൈന്‍ ചെയ്തത് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ജോതി ശാസ്ത്രം, സമയം, സഞ്ചാരം കണക്കിലെടുത്താണ്. കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചു. ഓരോ മുറികളിലൂടെ കടന്നുപോകുമ്പോള്‍ നേവി ഗവേഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും, ലോക ഭൂപടങ്ങളും, വിവിധ രൂപത്തിലുള്ള ചെറുതും വലുതുമായ ക്ലോക്കുകള്‍, ഡ്രോയിങ്ങുകള്‍, കോംമ്പസ്സുകള്‍, കാറ്റലോഗുകള്‍, ടെലിസ്‌കോപ്പുകള്‍, ഓഫ്‌സര്‍വേറ്ററി ഫോട്ടോഗ്രാഫുകള്‍, സ്‌പെക്റ്ററോ സ്‌കോപ്പുകള്‍, കോറോണോ മീറ്ററുകള്‍, റെഗുലേറ്ററുകള്‍, ചെറിയ ചിത്രങ്ങള്‍ ഇങ്ങനെ എഴുതിയാല്‍ തീരാത്തവിധമുള്ള ശാസ്‌ത്രോപകരണങ്ങളാണ് ദൃശ്യവസ്തുക്കളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരു പഴയ ടെലക്‌സ് മെഷിനിലേക്ക് ഞാന്‍ അല്പനിമിഷം നോക്കി. 1985 കളില്‍ ഡല്‍ഹിയിലായിരുന്നപ്പോള്‍ ടെലക്‌സ് ഓപ്പറേറ്റായി ജോലി ചെയ്തത് ഓര്‍മ്മയിലെത്തി. ഇതെല്ലാം കണ്ടു നടക്കുന്നതില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിയിനികളാണ് കൂടുതല്‍ താല്പര്യം കാണിക്കുന്നത്. ഈ മ്യൂസിയം കണക്കും സയന്‍സും പഠിക്കുന്ന കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ ഉപകരണങ്ങളെപ്പറ്റി വിവരിച്ചുകൊടുക്കുന്നവരും പലഭാഗങ്ങളിലായി കണ്ടു. ചിലയിടത്ത് വിശദമായി എഴുതിവെച്ചിട്ടുണ്ട്. അവിടുത്തെ കുട്ടികളില്‍ കണ്ട ഒരു പ്രത്യേകത അവര്‍ കണ്ട ഉപകരണത്തെപ്പറ്റി മൂന്ന് നാലു പേരടങ്ങുന്ന സംഘമായി നിന്ന് ഗൗരവമായി ചര്‍ച്ചചെയ്യുന്നു. അതിലൂടെ പുതിയ പുതിയ അറിവുകളും ആശയങ്ങളും അവര്‍ പരസ്പരം കൈമാറുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. പല രൂപത്തിലുള്ള ഘടികാരങ്ങളില്‍ പല രാജ്യങ്ങളിലെ സമയമാണുള്ളത്.
പതിനാറ്-പതിനേഴാം നൂറ്റാണ്ടിലെ സമയം നിര്‍ണ്ണയിച്ചിരിക്കുന്നതും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.റ്റി)നോക്കിയായിരുന്നു. അതിന്റെ കണക്ക് ആഗോള പ്രൈം മെറിഡിയന്‍ ലോങ്റ്റിട്യൂട്് അനുസരിച്ചുള്ളതാണ്. ഭൂമി സൂര്യനെ ഒരു തവണ ചുറ്റാനുള്ള സമയമാണ് 365 ദിവസം. അതിനെ റോയല്‍ ഒബ്‌സര്‍വേറ്ററി 24 മണിക്കൂറുകളായി വീതിച്ചു. മാത്രവുമല്ല ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാനുള്ള സമയവും അവര്‍ നല്കുന്നു. ഇവര്‍ വികസിപ്പിച്ചെടുത്ത് സാങ്കേതിക വിദ്യ ഏത് സമുദ്രത്തില്‍ നിന്നാലു ഇവിടെയറിയാം. ഉപഗ്രഹ നിരീക്ഷണം പോലെ ഡിജിറ്റല്‍ ക്യാമറ ഡിവിഡി പ്ലെയറിനെ നിയന്ത്രിക്കുന്ന ലേസര്‍വരെ ഇവിടുത്തെ പരീക്ഷണ നിരീക്ഷണ ശാലയിലുണ്ട്. റോയല്‍ ഒബ്‌സര്‍വേറ്ററി ഗ്രീന്‍വിച്ചില്‍ നിന്ന് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അഞ്ചരമണിക്കൂര്‍ മുന്നിലാണെന്ന പറഞ്ഞല്ലോ. പടിഞ്ഞാറന്‍ രാജ്യങ്ങളിലോട്ട് പോകുമ്പോള്‍ അത്രയും സമയം പിറകോട്ടാണ്. ഭൂമിയെ 360 ഡിഗ്രിയില്‍ രണ്ടായി വിഭജിക്കുന്നു. അത് ഓരോരോ ദേശങ്ങളെ 15 ഡിഗ്രി ലോന്‍ങ്ങിട്യൂഡില്‍ നിറുത്തിയിരിക്കുന്നു. (3600 ഭാഗം 24 മണിക്കൂര്‍ = 150 ). പതിനാറാം നൂറ്റാണ്ടുവരെ ലോകത്ത് ഒരിടത്തും ശരിയായ സമയക്ലീപ്തതയില്ലായിരുന്നു. നമ്മുടെ പൂര്‍വ്വികരക്കൊ രാവിലെ എഴുന്നേറ്റിരുന്നത് കിളികളുടെ ശബ്ദം, പൂവന്‍കോഴി കൂവുന്ന സമയത്തെ നോക്കിയാണ്. അത് പ്രകൃതി മനുഷ്യന് നല്കിയ ഒരനുഗ്രഹം. ചില രാജ്യക്കാര്‍ സമയം ക്രമീകരിച്ചിരുന്നത് സൂര്യ ചലനങ്ങള്‍ നോക്കിയായിരുന്നു. കടല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടവരായിരുന്നു ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലായി ഫ്രഞ്ച്, സ്‌പെയിന്‍, പോര്‍ച്ചുഗീസ്സുകാരുമായി ബ്രിട്ടന്‍ ഏറ്റുമുട്ടി വിജയിച്ചതിന്റെ പിന്നില്‍ ഗ്രീന്‍വിച്ച് സമയവും വലിയയൊരു ഘടകമാണ്. ഏതൊരു യുദ്ധത്തിലും എതിരാളിയെ ആക്രമിക്കുന്നതില്‍ സമയത്തിനാണ് പ്രധാന പങ്കുള്ളത്. ഏ.ഡി 1660 കളില്‍ ബ്രിട്ടന്‍ ഭരിച്ച ചാള്‍സ് രണ്ടാമന്‍ രാജാവ് വിവിധ കടലുകളില്‍ കിടക്കുന്ന യുദ്ധകപ്പലുകളുടെ സമയം ഈ റോയല്‍ കമ്മീഷന്‍ വഴി തിരിച്ചറിയാന്‍ സാധിച്ചു. അതില്‍ പ്രധാനിയാണ് ഓക്‌സ്ഫഡ് പ്രൊഫസറും സര്‍വേയര്‍ ജനറലുമായിരുന്ന സര്‍ ക്രിസ്റ്റഫര്‍ റെന്‍, പ്രൊഫസറായിരുന്ന റോബര്‍ട്ട് ഹുക്ക്, ഗണിത ശാസ്ത്രജ്ഞനായിരുന്ന സര്‍ ജോനസ് മൂരി, യുവജോതി ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ ഫ്‌ളാംസ്റ്റീഡ്്. ഇതിനായി രാജ്യമാകെ ഭുമി പിരശോധിച്ചെങ്കിലും ഈ മലമുകളാണ് ലോകത്തിന്റെ സമയതലസ്ഥാനമായി ഇവര്‍ കണ്ടെത്തിയത്. 1675 ഓഗസ്റ്റ് 10 ന് ജോണ്‍ ഫ്‌ളാംസ്റ്റീഡ് തറക്കല്ലിട്ട് പണിതുടങ്ങി. പിന്നീട് ഫ്‌ളാം സ്റ്റീഡ് ഹൗസ് ഉണ്ടായി. ഇതിനെ കുട്ടികളുടെ ഭവനം എന്നറിയപ്പെടുന്നു. ലോകത്തെ കാലാവസ്ഥയുടെ കണക്കറിയിക്കുന്ന പുതിയ ക്ലോക്കുകളും മറ്റ് ഉപകരണങ്ങളുമുണ്ടായി. ബ്രിട്ടനിലെ ആദ്യ സര്‍ക്കാര്‍ ശാസ്ത്രസ്പാനമാണ് ദ് റോയല്‍ ഓഫ് സര്‍ വേറ്ററി. ഗാലറികളില്‍ പഴയ ക്ലോക്കുകള്‍, ലോക ഭൂപടങ്ങള്‍ ആരിലും കൗതുകമുണര്‍ത്തുന്നു. ഒരു മുറിക്കുള്ളില്‍ ആകാശനീലിമയിലേക്ക് കണ്ണും നട്ടുള്ള ഭീമന്‍ ടെലിസ്‌കോപ്പ് കണ്ടു. ചെറുതും വലുതുമായ ടെലിസ്‌കോപ്പുകള്‍ പലയിടത്തുമുണ്ട്.
ഒടുവില്‍ ഒരു വില്പനശാലയില്‍ എത്തി. വിവധ തരം ഭൂപടങ്ങള്‍, പുസ്തകങ്ങള്‍, ക്ലോക്കുകള്‍ മറ്റ് ശാസ്ത്ര സംബന്ധിയായ പലതും വില്പനക്കുണ്ട്. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കണ്ടതുപോലുള്ള തിരക്കാണ് ഇവിടേയും. അതില്‍ മുന്‍പന്തിയിലുള്ളത് വിദ്യാര്‍ത്ഥികളാണ്.
2000 ത്തില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദിഅറേബ്യയിലെ ആരാംകോയുടെ ഒരു പ്രോജക്റ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് ധാരാളം ബ്രിട്ടാഷ്-അമേരിക്കന്‍ എന്‍ജീനിയറന്മാരെ എണ്ണ പോകുന്ന പൈപ്പ് ലൈന്‍ ജോലിക്കായി നിയോഗിച്ചിരുന്നു. ദഹറാനിലെ ആരാംകോ അസ്ഥാനത്തു നിന്ന് ജിദ്ദയിലെ റിഫൈനറിയിലെത്താന്‍ ഒരു രാത്രി വേണം. ഇവിടെ നിന്ന് വൈകിട്ട് പുറപ്പെട്ടാല്‍ അതിരാവിലെയവര്‍ ജിദ്ദയിലെത്തു. അവര്‍ക്ക് കൊടുത്തുവിടുന്നത് ഒരു പിക്ക്അപ്പ് വാഹനം മാത്രം. ഒറ്റക്ക് പോകുമോ അതോ ഡ്രൈവറെ വിടണമോയെന്ന് ചോദിച്ചാല്‍ അവര്‍ ഒറ്റക്ക് പൊയ്‌ക്കൊള്ളാം എന്ന ഉത്തരം കേള്‍ക്കുമ്പോള്‍ ഞാനവരെ ആശ്ചര്യത്തോടെ നോക്കിയിട്ടുണ്ട്. ഇതേ സ്ഥാനത്ത് ഒരു ഏഷ്യക്കാരനെങ്കില്‍ വഴിയറിയാവുന്ന ഒരു ഡ്രൈവറെ ഒപ്പം വിടണം. വികസിത രാജ്യത്തു് നിന്നുള്ളവര്‍ നാവിഗേറ്റര്‍ ഉപയോഗിച്ചാണ് ഏത് മലയിലും മരുഭൂമിയിലും യാത്ര ചെയ്യുന്നത്. ബ്രിട്ടീഷ്കാരുടെ യുദ്ധവിജയങ്ങള്‍ക്ക് പിന്നിലും നാവിഗേറ്ററിന് വലിയൊരു സ്ഥാനമുണ്ട്.്. 2018 ല്‍ ഇത് കണ്ടുപിടിച്ച ഒഫ്‌സര്‍വേറ്ററിയില്‍ നിന്നപ്പോഴാണ് പാശ്ചാത്യന്റെ ബുദ്ധി നമ്മളേക്കാള്‍ എത്രയോ ഉയരങ്ങളിലെന്ന് മനസ്സിലായത്. പുറത്തിറങ്ങിയപ്പോള്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ക്ലോക്കിലെ മണിനാദം കേട്ടു. മ്യൂസിയത്തിന് മുന്നില്‍ മൂന്നാള്‍പൊക്കത്തിലുള്ള ജനറല്‍ ജയിംസ് വുള്‍ഫിന്റെ പ്രതിമയുണ്ട്. യാത്രികര്‍ അടിവാരങ്ങളിലെ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നു.
ഞങ്ങള്‍ ഗ്രീന്‍വിച്ച് മീന്‍ ടൈം എന്ത്, എങ്ങനെയെന്നറിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാച്ചില്‍ നോക്കി. പിന്നെ അഞ്ചരമണിക്കൂര്‍ കൂട്ടിനോക്കി. എന്റെ നാട്ടിലെ മാവേലിക്കര, താമരക്കുളത്ത്, ചാരുംമൂട്ടില്‍ സന്ധ്യയായിരിക്കുന്നു. ഇവിടെ പകല്‍ ഏറെ ബാക്കി. രാവിലത്തെ യാത്രക്ഷീണമകറ്റാന്‍ കുളിച്ചിട്ട് ഒന്ന് മയങ്ങാം. ഉന്മേഷം വീണ്ടെടുക്കുമ്പോള്‍ ഒരു സായാഹ്ന നടത്തം കൂടിയാകാം. ഒപ്പം ചിന്തിക്കാം അടുത്ത യാത്ര എപ്പോള്‍, എങ്ങോട്ട് വേണം. 2019 ല്‍ അത് റോം-പാരീസാണ്. അതെ, അന്വേഷങ്ങള്‍, യാത്രകള്‍ അവസാനിക്കുന്നില്ല. കണ്ടറിയാന്‍ ഇനിയും ഒത്തിരി കാര്യങ്ങള്‍ ബാക്കിയുണ്ട്.
പ്രൊഫ . ഫിലിപ്പ് എൻ തോമസ് , മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ് പ്രസിഡന്റ്
ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ യുവൽ നോവ ഹരാരി രചിച്ച “21 Lessons for the 21 century” എന്ന ഗ്രന്ഥത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന പ്രതിസന്ധി വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇരുപതാംനൂറ്റാണ്ട് മൂന്ന് വലിയ പ്രത്യയ ശാസ്ത്രങ്ങൾക്ക് വേദിയായിരുന്നു. ഫാസിസം, കമ്മ്യൂണിസം, ലിബറലിസം. ഫാസിസം ആദ്യം തന്നെ ചരിത്രത്തിന്റെ ഭാഗമായി, കമ്മ്യൂണിസം 1990-കളുടെ ആരംഭത്തിൽ തിരോധാനം ചെയ്തു. ലിബറലിസം ആഗോളവൽക്കരണത്തിലൂടെ അതിന്റെ ഉച്ചകോടിയിൽ എത്തി 21 ആം നൂറ്റാണ്ടിലേക്ക് കടന്നു. പക്ഷേ ഇന്ന് ലിബറലിസം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ലിബറലിസത്തിന്റെ തന്നെ ഉൽപ്പന്നങ്ങളായ ഇൻഫർമേഷൻ ടെക്നോളജിയും ബയോടെക്നോളജി യും ചേർന്ന് രൂപപ്പെടുത്തിയ വിപ്ലവാത്മക മുന്നേറ്റത്തിൽ ആഗോളവത്കരിക്കപ്പെട്ട ലിബറലിസം ഏറ്റവും വലിയ വൈതരണിയിൽ എത്തിപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ചിന്തകളെ നിരാകരിച്ച് അനേകായിരങ്ങളെ തൊഴിൽരഹിതരാക്കി പൂർണ്ണ അധികാരം കൈയാളുന്ന ഡിജിറ്റൽ ഡിക്റ്റേറ്റർഷിപ്പിന് വഴി മാറുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ബഹുഭൂരിപക്ഷം ചൂഷണത്തിന് വിധേയരാകുന്നതല്ല മറിച്ച് സംഗതരല്ലാതെ (irrelavent) ആകുമെന്ന് അദ്ദേഹം വിഭാവനം ചെയ്യുന്നു. സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴത്തെ മാന്ദ്യം തൊഴിൽരംഗത്തെ അതിഭീമമായ കുറവ്, കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ സാംസ്കാരിക സംഘടനകൾ, തീവ്രവാദം സൂക്ഷ്മതലത്തിൽ ബന്ധങ്ങളുടെ തകർച്ച, യാന്ത്രികത, വ്യക്തികളുടെ ആത്മഹത്യ തുടങ്ങിയവയെല്ലാം മുകളിൽ വിവരിച്ച ഭയാശങ്കകൾ സാധൂകരിക്കുന്നതാണ്.
ചുരുക്കത്തിൽ ചരിത്രത്തിന്റെ പ്രയാണം പ്രകാശമില്ലാത്ത വിദൂര കാഴ്ചയില്ലാത്ത അകത്തളങ്ങളിൽ എത്തിപ്പെട്ടിരിക്കുന്നു. ഇവിടെയാണ് ഗാന്ധി ദർശനത്തിന്റെ കാലിക പ്രസക്തി നമ്മുടെ മുൻപിൽ ചർച്ചയാകുന്നത്
ഗാന്ധിജി എന്ന പ്രകാശഗോപുരം.
ഹറാരിയുടെ വിശകലനത്തിൽ മുൻപിൽ മന്ദസ്മിതനായി കടന്നുവരുന്നത് ഗാന്ധിജി എന്ന പ്രകാശഗോപുരമാണ് അഥവാ ഗാന്ധിദർശനം ആണ്. ചരിത്രത്തിലെ അപൂർവ്വ പ്രതിഭാസമാണ് ആളത്തവും ദർശനവും വേർതിരിക്കാനാവാത്ത വിധം സംഭവിക്കുന്ന ലയം. ഗാന്ധിജിയിൽ ഈ ലയം പൂർണമാണ്. അർദ്ധനഗ്നനായി സഹപ്രവർത്തകരുടെ തോളിൽ കൈകളിട്ട് ചിരിച്ചുകൊണ്ട് മുമ്പോട്ട് നടക്കുന്ന ഗാന്ധിജിയുടെ രൂപം, ഹരാരിയുടെ മുന്നറിയിപ്പുകൾക്കിടയിലൂടെ വെളിച്ചവും ദൂരകാഴ്ചയും നൽകുന്നു. ഗാന്ധി ദർശനം ആണ്, അല്ല ഗാന്ധിജി തന്നെയാണ് നമ്മുടെ പ്രതീക്ഷ.
ചർക്ക എന്ന പ്രതീകം.
ലിബറലിസത്തിന്റെ ഉൽപാദന വിതരണ അധീശത്വത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ചർക്കയുടെ പ്രസക്തി ഏറെയാണ്. ഉത്പാദനവും ,വിപണനവും ,ഉപയോഗവും എല്ലാം പങ്കാളിത്തത്തിന്റെ മണ്ണിൽ മാത്രമേ സ്ഥായിഭാവമുള്ളതാകു എന്ന് ഗാന്ധിജി വിശ്വസിച്ചു. അതിന്റെ പ്രതീകമായിരുന്നു ചർക്ക. പരുത്തി കൃഷി ചെയ്യുന്നവർ, പഞ്ഞി ശേഖരിക്കുന്നവർ, തിരി ആക്കുന്നവർ നൂൽ നൂൽക്കുന്നവർ , വസ്ത്രത്തിന് നിറം നൽകുന്നവർ, വിപണനം ചെയ്യുന്നവർ, ഉപഭോക്താക്കൾ എല്ലാവരും ചേർന്ന ശൃംഖല വലുതാണ്. അതിലെ ഓരോ കണ്ണിയും തുല്യ പ്രാധാന്യമുള്ളതാണ് . ഒരിടത്തും അമിതലാഭം ഇല്ല. എല്ലാവർക്കും എല്ലാതലങ്ങളിലും ബഹുമാനവും, അംഗീകാരവും പങ്കാളിത്ത സംവിധാനത്തിൽ അന്തർലീനമാണ്. പങ്കാളിത്തം നിഷേധിച്ചുള്ള സംവിധാനം വിഭവങ്ങളുടെയും ,അധികാരത്തിന്റെയും കേന്ദ്രീകരണത്തിലേക്ക് നയിക്കും. ഫലമോ ചൂഷണവും അന്തരവും. ചുരുക്കത്തിൽ ഹരാരിയുടെ തൊഴിൽ രാഹിത്യവും ഡിജിറ്റൽ ഡിക്ടേറ്റർ ഷിപ്പിനും പരിഹാരം പങ്കാളിത്തത്തിന്റെ ഗാന്ധിദർശനം തന്നെ. ചർക്ക എന്ന പ്രതീകത്തിന്റെ പുനരാവിഷ്കരണം ഇന്ന് എങ്ങനെ സാധിക്കും എന്നുള്ളത് തീർച്ചയായും ഗൗരവമായി പരിചിന്തനം ചെയ്ത് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
ചാക്രിക പ്രക്രിയ
പ്രകൃതിവിഭവങ്ങളുടെ രേഖീയ ചൂഷണം (leniar exploitation) ഗാന്ധിദർശനത്തിലില്ല, ഇത് ചാക്രിക പ്രക്രിയയാണ്. പ്രകൃതിയിൽ നിന്നും സ്വീകരിക്കുന്ന വിഭവങ്ങളുടെ ഒരു പങ്ക് എങ്കിലും പ്രകൃതിക്ക് തിരിച്ചു കൊടുക്കുവാൻ ഉപഭോക്താവ് ബാധ്യസ്ഥനാണ്. ചാക്രിക പ്രക്രിയയുടെ ഏറ്റവും വലിയ പ്രതീകം ഗോബർ ഗ്യാസ് പ്ലാൻഡ് ആണ്. പ്രകൃതിയിൽ നിന്ന് പുല്ല് , വൈക്കോൽ , സസ്യ അവശിഷ്ടങ്ങൾ , വെള്ളം തുടങ്ങിയവ ആഹാരമായി സ്വീകരിക്കുന്ന കന്നുകാലികൾ പാൽ , തൈര് തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾകൊപ്പം വളമായി ചാണകവും നൽകുന്നു. ചാണകം ഉപയോഗിച്ചുള്ള ഗോബർ ഗ്യാസ് പ്ലാന്റ് പാചകത്തിന് ഗ്യാസ് ലഭ്യമാക്കുന്നു. അതോടൊപ്പം പുറംതള്ളുന്ന അവശിഷ്ടം പ്രകൃതിയിലേക്ക് സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് വളമായി മാറ്റപ്പെടുന്നു. പ്രകൃതിയെ സമ്പുഷ്ടമാക്കുന്നു. പ്രകൃതിയുടെ മേലുള്ള ചൂഷണം വിഭവങ്ങൾ കുറയ്ക്കുകയും അന്തിമമായി ഇല്ലാതാക്കുകയും ചെയ്യും. മാത്രവുമല്ല അവശിഷ്ടങ്ങൾ മലിനീകരണത്തിന് ഉറവിടം ആകുന്നു. വിഭവശോഷണം മലിനീകരണവും മുഖമുദ്രകൾ ആയുള്ള രേഖീയ വികാസന പ്രക്രിയ തിരുത്തേണ്ടത് നിലനിൽപ്പിനു കൂടിയേതീരൂ. ഗാന്ധി ദർശനം അതാണ്. വ്യവസായങ്ങളുടെ പങ്കാളിത്ത ചാക്രിക സ്വഭാവം വീണ്ടെടുക്കണം എന്ന് ഗാന്ധിമാർഗ്ഗം അനുശാസിക്കുന്നു.
സൗഹൃദ വിപണി
വിപണിയിലെ മത്സരമാണ് ലിബറലിസത്തിന്റെ അടിസ്ഥാനതത്വം. മത്സരത്തിലൂടെ ലാഭം, ലാഭം വീണ്ടും വിപണിയിലെത്തുന്നു. ചുരുക്കത്തിൽ ലാഭം കൊയ്യുന്നവരുടെ പിടിയിൽ വിപണി അമരും. സ്വതന്ത്ര കമ്പോളം എന്നത് മിഥ്യ സങ്കല്പം ആയി മാറുന്നു . വിപണി കയ്യടക്കുന്ന വൻകിടക്കാർ വിഭവങ്ങളുടെയും അധികാരത്തിന്റെയും കടിഞ്ഞാൺ പിടിക്കും. വിപണിയിൽ ഇടപെടുന്നതിന് ഉപഭോക്താവിന് ശേഷി ഇല്ലാതെ വരുമ്പോൾ വിപണി തകർച്ചയിലേക്ക് മാറും. ഇപ്പോഴത്തെ മാന്ദ്യം അതാണ്. ഗാന്ധിദർശനത്തിൽ ലാഭം അടിസ്ഥാനപ്രമാണം അല്ല. മത്സരം ലാഭത്തിനല്ല ഗുണമേന്മക്ക് വേണ്ടിയുള്ള സൗഹൃദ ഇടപെടൽ മാത്രമാണ്. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും വേദികളാണ്.
ഗ്രാമസ്വരാജ് / ആഗോളഗ്രാമം.
ഗാന്ധിദർശനം ആണല്ലോ സ്വാശ്രയ ഗ്രാമങ്ങൾ. നീതിയുടെയും, സുസ്ഥിരത യുടെയും ചെറിയ സാമൂഹ്യ ഇടങ്ങൾ ആകണം ഓരോ ഗ്രാമവും എന്ന് ഗാന്ധിജി വിഭാവനം ചെയ്തു. വിഭവങ്ങളുടെ സ്വഭാവവും ലഭ്യതയും അനുസരിച്ചാവണം ഓരോ ഗ്രാമവും ഗ്രാമസ്വരാജ് ആയി രൂപപ്പെടേണ്ടത്. ഉല്പാദക രെയും ഉൽപ്പന്നങ്ങൾ ആയും അടിസ്ഥാനപ്പെടുത്തിയുള്ള വേർതിരിവോ മേധാവിത്വമോ ഗാന്ധിദർശനത്തിലില്ല.
വാർത്താ വിനിമയത്തിലൂടെയും വിവിധ യാത്രാമാർഗങ്ങളിൽ കൂടിയും ലോകം ഒരു ഗ്രാമമായി മാറിയിട്ടുണ്ട് (ഗ്ലോബൽ വില്ലേജ് ). ഗാന്ധി ദർശനം ആഗോള ഗ്രാമത്തെ ഒരു ഗ്രാമസ്വരാജായി മാറ്റുന്നതിന് കെൽപുള്ളതാണ്. അത് സാധിക്കുമോ? എന്തായാലും ഹരാരിയുടെ പ്രതീക്ഷ യറ്റ ഇടം ഗാന്ധിജിയുടെ പ്രസക്തി വലുതാക്കുന്നു.
പ്രൊഫ . ഫിലിപ്പ് എൻ തോമസ്
ലേഖകൻ മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ് ന്റെ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. തിരുവല്ല മാർത്തോമാ കോളേജിൽ പ്രൊഫസറായും കേരള കൗൺസിൽ ഓഫ് ചർചിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജോജി തോമസ്
കേരളചരിത്രം കണ്ട മഹാപ്രളയത്തിൻെറ ഓർമകൾക്ക് മലയാളിയുടെ മനസ്സിലെ ആയുസ്സ് കേവലം ഒരു വർഷത്തിൽ താഴെ മാത്രമായിരുന്നെങ്കിൽ , പ്രകൃതിയോടു കാണിക്കുന്ന ക്രൂരതയ്ക്ക് അനിവാര്യമായ പരിണിതഫലങ്ങളും ,തിരിച്ചടികളുമുണ്ടാകും എന്ന ഓർമപ്പെടുത്തലുകളുമായി മഹാപ്രളയത്തിൻെറ വാർഷികത്തിൽ തന്നെ വീണ്ടുമൊരു പ്രകൃതി ദുരന്തം നേരിട്ടപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിൻെറ ആവശ്യകതയാണ് . മഹാപ്രളയത്തിൽ നിന്ന് നമ്മൾ പഠിച്ച പാഠങ്ങളും , തിരുത്തൽ നടപടികളുമെന്താണെന്ന് പരിശോധിച്ചാൽ ഒരു പക്ഷെ ചാനൽ ചർച്ചകളിലും ,പത്ര താളുകളിലെ എഴുത്തിനുമപ്പുറം നമ്മൾ ഒരു പടി പോലും മുന്നോട്ടു പോയിട്ടില്ലാ എന്നുള്ളതാണ് വാസ്തവം . പ്രകൃതിയേയും പശ്‌ചിമഘട്ട മലനിരകളേയും സംരക്ഷിക്കാതുള്ള വികസനപ്രവർത്തനങ്ങൾ സർവ്വനാശത്തിലേയ്ക്കേ പരിണമിക്കൂ എന്ന തിരിച്ചറിവുണ്ടാകുന്നടത്താണ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൻെറ പ്രസക്തിയുദിക്കുന്നത് .
പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നെന്നും ഇനിയും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് ഏതാനും വർഷങ്ങൾ മാത്രം മതിയെന്ന ആശങ്ക 2012 – ൽ മാധവ് ഗാഡ്ഗിൽ എന്ന പശ്‌ചിമഘട്ട പരിസ്ഥിതി വിദഗ്ധൻ മുന്നറിയിപ്പു നൽകിയപ്പോൾ അതിന് പരിഹസിച്ചു തള്ളിയവരാണ് രാഷ്ട്രീയക്കാരും ഉദ്യോഗവൃന്ദങ്ങളും അടങ്ങുന്ന സമൂഹത്തിലെ ബഹുഭൂരിപക്ഷവും . എന്നാൽ തുടർച്ചയായ രണ്ടാം വർഷവും കേരളം പ്രകൃതി ദുരന്തങ്ങൾ കൊണ്ട് വലഞ്ഞപ്പോൾ മാധവ് ഗാഡ്ഗിൽ എന്ന പ്രകൃതി സ്നേഹിയായ പരിസ്ഥിതി വിദഗ്ധൻെറ മുന്നറിയിപ്പ് യഥാർത്ഥ്യമാകുകയായിരുന്നു .
2011 ആഗസ്റ്റിൽ സമർപ്പിച്ച മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ അതീവ പരിസ്ഥിതി സംവേദക മേഖലകളായി കേരളത്തിൽ 18 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും ഈ മേഖലകളിലെല്ലാം ക്വാറികളും , നിർമാണപ്രവർത്തനങ്ങളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടരുന്നതിൻെറ പരിണിതഫലമാണ് കേരളം നേരിടുന്ന ദുരന്തങ്ങളുടെ പ്രധാന കാരണം . നാല്പതിലധികം പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തത്തിലടക്കം പ്രകൃതിക്കുമേലുള്ള നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾക്കു നേരേ വളരെ സാധാരണക്കാരായ പൊതുജനങ്ങളടക്കം മുന്നറിയിപ്പു നല്കിയിരുന്നെങ്കിലും സർക്കാരടക്കമുള്ള ബന്ധപ്പെട്ട ഏജൻസികൾ ഗൗനിച്ചില്ലാ എന്നുള്ളത് ഇവിടെ പ്രസക്തമാണ് .
പശ്ചിമഘട്ട സംരക്ഷണത്തിൽ കാലാകാലങ്ങളായി നമ്മൾ വരുത്തിയ വീഴ്‌ചയാണ് പ്രളയ , ഉരുൾപൊട്ടൽ ദുരന്തങ്ങൾക്ക് കാരണമെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിയ്ക്കുവാൻ അടിയന്തരനടപടിയാണ് ആവശ്യം . പരിസ്ഥിതിലോല പ്രദേശങ്ങളിൽ ക്വാറികൾ ഇപ്പോഴും ഒരു നിയന്ത്രണവും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് . വളരെ ചെറിയ വിഭാഗം വരുന്ന നിർമ്മാണ ലോബിയുടെ താത്പര്യ സംരക്ഷണത്തിനായി കേരള ജനതയെ മുഴുവൻ ആപത്തിലേയ്ക്ക് തള്ളി വിടാൻ സാധിക്കില്ല .പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചാൽ വിദേശമലയാളികളിൽനിന്നടക്കമുള്ള നിക്ഷേപങ്ങളെ അത് പ്രതികൂലമായി ബാധിക്കുകയും കേരളത്തിൻെറ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാകുകയും ചെയ്യും .അതുകൊണ്ടു തന്നെ മനുഷ്യനും പ്രകൃതിയ്ക്കും ദോഷം വരാത്ത സന്തുലിതവികസനനയം രൂപികരിക്കാൻ ഇനിയും നാം വൈകി കൂടാ . മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും ,മലയാളത്തിൻെറ തിലകമായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതിനും , പരിസ്ഥിതിമേഖലകളിലെ അറിവിൻ ലോകത്തു തന്നെ മുൻനിരയിൽ നിൽക്കുന്ന മാധവ് ഗാഡ്ഗിൽ ൻെറ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട് നടപ്പാക്കാൻ നാമിനിയും അമാന്തിച്ചു കൂടാ .
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
വിശാഖ് എസ് രാജ്
ശ്രീനാരായണ ഗുരുവിനെ വർഷത്തിൽ രണ്ടു തവണ നാം ഓർക്കാറുണ്ട്. ജയന്തി ദിനത്തിലും സമാധി ദിനത്തിലും. നവോത്ഥാനത്തിന്റെ അമരക്കാരനെ ക്കുറിച്ച് രാഷ്ട്രീയ നേതാക്കൾ സുദീർഘമായ പ്രസംഗങ്ങൾ ചെയ്യും. പത്രങ്ങളിൽ ലേഖനങ്ങൾ ഉണ്ടാകും. ആര് എഴുതുന്നുവോ , അയാൾ വിശ്വസിക്കുന്ന ആശയമേതാണോ , ആ നിലവാരത്തിലേക്ക് ഗുരു ഉയരുകയോ താഴുകയോ ചെയ്യും. ദേശാഭിമാനിയിൽ ഗുരുവിന് വിപ്ലവകാരിയുടെ രൂപമായിരിക്കും.ജന്മഭൂമിയിൽ ഗുരു ഹിന്ദു സന്ന്യാസിയായി ദീക്ഷയെടുക്കും. ചില മാധ്യമങ്ങൾ സന്ന്യാസിമാരെയോ ആത്മീയ വ്യക്തിത്വങ്ങളെയോ വെച്ച് ലേഖനമെഴുതിക്കും. അവർ ഗുരുദേവ കൃതികളിലെ ആത്മീയ രഹസ്യം ചുരുളഴിക്കും. ആ രണ്ടു ദിവസം ഗുരു ഇങ്ങനെ പ്രപഞ്ച മായ പോലെ ആപേക്ഷികമായി കാണപ്പെടും. പക്ഷെ അപ്പോളും എല്ലാവരും പൊതുവായി ഒരു ഗുരു വാക്യം ഏറ്റു ചൊല്ലും : ‘ഒരു ജാതി , ഒരു മതം ,ഒരു ദൈവം മനുഷ്യന് ‘.
ഗുരു വാക്യങ്ങൾ മനുഷ്യൻ ഉള്ളിടത്തോളം പ്രസക്തമാണെന്ന് ഒരു രാഷ്ട്രീയ നേതാവ് പ്രസംഗിക്കുമ്പോൾ , അയാൾ കൂടുതൽ ഉദ്ധരിക്കുക പ്രസ്തുത വാചകമായിരിക്കും. ശരിയാണ് സമൂഹത്തിൽ ജാതി/മത ചിന്തകൾ ഏറി വരികതന്നെയാണ്. ഭേദ ചിന്ത കുറയുകയല്ല , കൂടുകയാണ്. ഒരു ജാതി, ഒരു മതം , ഒരു ദൈവമെന്ന് ഉറക്കെയുറക്കെ പറയേണ്ട കാലം തന്നെ. പക്ഷെ ഇത് മാത്രമാണോ നാരായണ ഗുരു ലോകത്തോട് പറഞ്ഞത് ? ബാക്കിയുള്ള ഗുരുവചനങ്ങൾ കാലഹരണപ്പെട്ടതോ? യുക്തിയ്ക്ക് നിരക്കാത്തതോ ? ഒന്നു ചിന്തിക്കാം.
മദ്യം വിഷമാണെന്നും അത് കുടിക്കരുതെന്നും ഗുരു താക്കീത് ചെയ്തിട്ടുണ്ട്. വെറുതെ ഒരു സദാചാര മൂല്യത്തിന്റെ പേരിലുള്ള ഉപദേശം മാത്രമായിരുന്നില്ല അത്. ഗുരു വൈദ്യം പഠിച്ചിരുന്നു. മദ്യം ശരീരത്തെ ഏതുവിധം ദുഷിപ്പിക്കുമെന്ന വ്യക്തമായ ബോധ്യം ഗുരുവിനുണ്ടായിരുന്നു. നവോത്ഥാന നായകനെക്കുറിച്ചുള്ള പ്രസംഗങ്ങളിൽ ഒന്നിലെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് മദ്യപാനത്തെക്കുറിച്ചുള്ള ഗുരുവാക്യം പറഞ്ഞു കേട്ടിട്ടുണ്ടോ? മദ്യം വിറ്റ് നിലനിൽപ്പ് കണ്ടെത്തുന്ന ഭരണസംവിധാനത്തിന് അതിനുള്ള ധൈര്യമുണ്ടാകുമോ? ഇക്കഴിഞ്ഞ ഓണദിവസങ്ങളിൽ മാത്രം മലയാളി കുടിച്ച മദ്യത്തിന്റെ കണക്ക് നമ്മൾ കണ്ടതാണ്. 400 കോടി രൂപയുടെ മദ്യം. മംഗൾയാൻ വിക്ഷേപണത്തിന് രാജ്യം ചിലവാക്കിയ തുകയുടെ അടുത്തെത്തിയിരിക്കുന്നു. റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ എന്ന് ഇനി ആരും ചോദിക്കരുത്.
ഇപ്പോൾ ഒരാൾ ചോദിച്ചേക്കാം , ഒരു ജാതി ,ഒരു മതം ,ഒരു ദൈവം എന്ന് നാടു നീളെ പ്രസംഗിച്ചത് കൊണ്ട് ജാതി ചിന്തയും മത ചിന്തയും ഇലാതെയായോ എന്ന്. പരസ്യമായി ജാതി പറയാതെയിരിക്കുവാനുള്ള ജാഗ്രതയെങ്കിലും മലയാളി ഇപ്പോൾ കാണിക്കാറുണ്ട് (ഉള്ളിലുണ്ടെങ്കിൽ പോലും). അതൊരുപക്ഷേ ഗുരുവിന്റെയും അന്നത്തെ നിരവധി ആചാര്യമാരുടേയും വാക്കുകൾ ഇന്നും മലയാളിയുടെ ചെവികളിൽ പ്രതിധ്വനിക്കുന്നതുകൊണ്ടാവാം. കണ്ടാൽ അറിയില്ലയെങ്കിൽ പറഞ്ഞാൽ ജാതി അറിയുമോ എന്ന് ഗുരു ചോദിച്ച കഥയുടെ ഓർമകൾ പരസ്യമായി ജാതി ചോദിക്കുന്നതിൽ നിന്ന് മലയാളിയെ വിലക്കുന്നുണ്ടാകാം. അങ്ങനെയെങ്കിൽ ബോധവൽക്കരണത്തിലൂടെ മാത്രമേ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനാകൂ എന്ന് പറയുന്നവർക്ക് ഗുരുവിനോളം നല്ല മാതൃക എവിടെ? ഭേദ ചിന്തകളുടെ വിഷയത്തിൽ ഗുരു ലോകത്തിന് വെളിച്ചമാണെങ്കിൽ ലഹരിയുടെ കാര്യത്തിലും എന്തുകൊണ്ട് ആ വെളിച്ചം തെളിച്ചുകൂടാ?
വിശാഖ് എസ് രാജ്
യു.കെ : ആഗോളതാപനത്തിന് പ്രധാന കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള മാർഗങ്ങൾ മുന്നോട്ട് വെച്ച് ശാസ്ത്രജ്ഞമാർ. നിലവിലുള്ള സാങ്കേതികവിദ്യകളും ജീവിത രീതികളും ചെറിയ മാറ്റങ്ങൾക്ക് വിധേയമാക്കുന്നപക്ഷം 2030 ആകുമ്പോൾ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം ഇപ്പോൾ ഉള്ളതിൻെറ പകുതിയായി കുറയ്ക്കാനാകുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. സാമൂഹികമായ ഇടപെടലുകൾ മറ്റെന്തിനേക്കാളും ഗുണം ചെയ്യുമെന്നാണ് യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പറ്റം ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കൃത്യമായി കുറച്ചു കൊണ്ടു വരികയാണ് ആദ്യ ലക്ഷ്യം. സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജോത്പാദനം കൂട്ടുക വഴി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനാകും. ഉൽപ്പാദന ചിലവ് താരതമ്യേന കുറവാണെന്നതിനാൽ കൂടുതൽ രാജ്യങ്ങൾ ഇത്തരം ഊർജോൽപ്പാദന മാർഗങ്ങൾ സ്വീകരിക്കാനിടയാകും .
ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുകയാണ് മറ്റൊരു പരിഹാരമായി പറയപ്പെടുന്നത്. വാഹന വിപണിയുടെ ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ പത്ത് വർഷം കഴിയുമ്പോൾ 90% വാഹനങ്ങളും വൈദ്യുതോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായിരിക്കും.
വനനശീകരണമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ജനസംഖ്യ കൂടി വരുന്തോറും വനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കും. പാർപ്പിടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനുഷ്യൻ പ്രകൃതിയെ ഉപയോഗിക്കുംതോറും മനുഷ്യന്റെ ആയുസിനും കോട്ടം തട്ടുന്നു . ജനസംഖ്യ നിയന്ത്രിച്ചു നിർത്തുകയാണ് ഇതിനുള്ള ആദ്യ പ്രതിവിധി. പ്രകൃതിവിഭവങ്ങളുടെ ക്രമബന്ധിതമായ വിതരണമാണ് അടുത്തതായി ചെയ്യാനാകുക. വിഭവങ്ങൾ കുറച്ചു പേരിലേക്ക് മാത്രം ചുരുങ്ങുന്ന പ്രവണത കുറയ്ക്കുക , പല ഇടങ്ങളിലായി താമസിക്കുന്നതിന് പകരം കുറഞ്ഞ സ്ഥല പരമിതിയിൽ കൂടുതൽ പേർ ഒത്തു കൂടി ജീവിക്കുക , അതിനനുസരിച്ചുള്ള നഗര സംവിധാനങ്ങൾ ആസൂത്രണം ചെയ്യുക , കപ്പൽ മാർഗമുള്ള ചരക്ക് ഗതാഗതം വർധിപ്പിക്കുക തുടങ്ങിയ നിരവധി പദ്ധതികളാണ് ശാസ്ത്രജ്ഞർ ഭാവിയിലേയ്ക്കായി മുന്നോട്ട് വെയ്ക്കുന്നത് .
ഹരിതഗൃഹ പ്രഭാവം എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ഓവൻ ഗാഫണി പറയുന്നത് പൊതുജനത്തിന് ശാസ്ത്രത്തിനെക്കാൾ വലിയ സംഭാവന ഈ വിഷയത്തിൽ നൽകാനുണ്ട് എന്നാണ്. സോഷ്യൽ മീഡിയ വഴിയുള്ള ബോധവൽക്കരണമാണ് ഇതിൽ പ്രധാനം. കുറച്ചു മനുഷർ എവിടെയെങ്കിലും ഒത്തുകൂടിയാൽ ഉണ്ടാകുന്നതിലും വലിയ മാറ്റങ്ങൾ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾ വഴി സാധ്യമാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
വിശാഖ് എസ് രാജ്
വാഹന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.വലിയ പിഴ സമ്പ്രദായം ആശാസ്ത്രീയമാണെന്ന വാദമാണ് അവർ പ്രധാനമായും ഉന്നയിച്ചത്.അഴിമതിയ്ക്ക് വഴിവെക്കും,മോട്ടോർ വാഹന തൊഴിലാളികളുടെ ജീവിതം നരകതുല്യമാകും തുടങ്ങിയ ആരോപണങ്ങൾ ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ പുതിയ നിയമത്തിനെതിരെ ഉന്നയിച്ചത്.നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണമെന്ന ‘നൂതന’മായ ആശയവും അവർ മുന്നോട്ടു വെച്ചു.ശോച്യാവസ്ഥയിൽ ഉള്ള റോഡുകൾ നന്നാക്കിയിട്ടേ പിഴത്തുക കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നുകൂടി ഒരു നേതാവ് പറഞ്ഞുകളഞ്ഞു.റോഡുകൾ നല്ലതാവണമെന്ന ബോധ്യം ചിലർക്ക് വരാനെങ്കിലും പുതിയ നിയമം ഉപകരിച്ചു എന്നത് നല്ല കാര്യം.
പ്രതിദിനം 98 ബൈക്ക് യാത്രികർ ഹെൽമറ്റ് ഉപയോഗിക്കാത്തതിനാൽ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ.സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ ജീവൻ വെടിയുന്നവർ പ്രതിദിനം 79 പേർ.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ച് അപകടമുണ്ടായവർ ഒൻപത് പേർ.ജീവൻ നഷ്ടമായരുടെ കണക്കുകൾ ആണിത്.ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവർ ഈ കണക്കുകളിലും മുകളിൽ ആയിരിക്കും.
ബോധവൽക്കരണമോ ഉപദേശമോകൊണ്ട് കണക്കുകളിൽ കുറവുണ്ടാകുമെന്ന് കരുതാനാവില്ല.നിയമം എന്തിനാണെന്നും ആർക്കുവേണ്ടിയാണെന്നും കൃത്യമായി ബോധ്യമുള്ള പൗരന്മാർ തന്നെയാണ് ഇവിടുള്ളത്.അനുസരിക്കാൻ മടിയാണെന്ന് മാത്രം. ചെറിയ തുക അടച്ചാൽ കുറ്റത്തിൽ നിന്ന് ഒഴിവാകുമെങ്കിൽ ആ കുറ്റം തുടർന്നുകൊണ്ടേയിരിക്കും.5000 രൂപ പിഴ കിട്ടുമെന്ന് ഭയന്ന് ഹെൽമറ്റ് വെയ്ക്കാതെ/ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിക്കാൻ മടി കാണിച്ച പരിചയക്കാർ നമ്മുക്കിടയിൽ ഉണ്ടാവില്ലേ?ഇതേ കുറ്റത്തിന് 100 രൂപ പിഴ ആണെങ്കിലോ?അഥവാ പിടിക്കപ്പെട്ടാലും 100 കൊടുത്ത് രക്ഷപെടാം എന്നു ചിന്തിക്കുന്ന കുറേയധികം പേരെ നമ്മുക്ക് അറിയാം. ഉയർന്ന പിഴ ചുമത്തുന്നതിനെ ഒരു രാഷ്ട്രീയ നേതാവ് എതിർക്കുമ്പോൾ ജനങ്ങളുടെ കുറ്റം ചെയ്യാൻ ഉള്ള വാസനയെ അയാൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.അയാളുടെ ഉന്നം കിട്ടാനിടയുള്ള കുറച്ചു വോട്ടുകൾ ആണ്.ദിവസം 98 ജീവനുകൾ എന്നത് അയാളുടെ വിഷയമേ അല്ല ജനങ്ങൾക്ക് ഒപ്പം നിന്നു എന്ന തോന്നാലുണ്ടാക്കുകയാണ് ലക്ഷ്യം.എത്ര വലിയ ജനാധിപത്യം ആണെങ്കിലും ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും അംഗീകരിച്ചുകൊണ്ട് ഭരിക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല.അത് നാടിന് ഗുണം ചെയ്യുകയുമില്ല.വിദേശ രാജ്യങ്ങൾ ചെല്ലുമ്പോൾ ഇത്തരം നിയമങ്ങൾ കണ്ടാൽ നാം അനുസരണാ ശീലമുള്ളവരായി മാറും.നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന അധികാരികളെ നാം വാഴ്ത്തും.പക്ഷെ സ്വന്തം നാട്ടിൽ അതൊന്നും വേണ്ടാ എന്ന നിലപാട് എടുക്കുകയും ചെയ്യും.
റോഡുകൾ നന്നാക്കിയിട്ട് മതി പുതിയ നിയമം നടപ്പിലാക്കാൻ എന്ന സന്ദേശമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണാം. നല്ല റോഡുകൾ വേണ്ടത് തന്നെ. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കടമയാണതെന്ന കാര്യം വിസ്മരിക്കുന്നില്ല. ആ കടമ നിറവേറ്റാത്ത പക്ഷം ഏത് സർക്കാരിനെയും പാർട്ടിയെയും ട്രോളുന്നതിൽ തെറ്റുമില്ല.പക്ഷേ റോഡ് നന്നായാൽ ഉടനെ വാഹന നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെടും എന്നുള്ളതിന് എന്താണുറപ്പ്?. ഇപ്പോൾ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾ നല്ല റോഡുകൾ ഇല്ലാത്തതിനോടുള്ള പ്രതിഷേധ പ്രകടനങ്ങൾ ആണോ?. അതോ മോശപ്പെട്ട റോഡുകളിൽ മാത്രം ആണോ ആളുകൾ ഹെൽമറ്റ് ഇല്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത്?. മോശം റോഡിൽ നിന്ന് നല്ല റോഡിലേയ്ക്ക് വണ്ടി കയറുമ്പോൾ ഹെൽമറ്റ് വെക്കുമായിരിക്കും. കുടിച്ച കള്ളിന്റെ കെട്ടിറങ്ങുമായിരിക്കും. x-നോട് നന്നാവാൻ പറയുമ്പോൾ Y നന്നായിട്ട് നോക്കാം എന്ന് പറയുമ്പോലെ ഉള്ള ഒരു വാദം മാത്രമാണ് തകർന്ന് റോഡുകളോടുള്ള ഈ സ്നേഹം. മറ്റൊന്ന് അഴിമതി കൂടും എന്നുള്ള ആരോപണമാണ്. അഴിമതി നാട്ടിൽ ഇപ്പോൾ ഒട്ടും ഇല്ലാത്തതാണെങ്കിൽ അംഗീകരിക്കാമായിരുന്ന വാദഗതി ആണിത്. അഴിമതി ഉണ്ടെങ്കിൽ തടയാൻ ആർജവം ഉള്ള ഭരണം സംവിധാന വേണം. റോഡിൽ മാത്രമല്ലല്ലോ നമ്മുടെ നാട്ടിൽ അഴിമതിയുള്ളത്. പഴയ അഴിമതി അവിടെ നിൽക്കട്ടെ ,പുതിയത് വരാതെ നോക്കാമെന്നുള്ള ഉദ്ദേശശുദ്ധി മഹത്തരംതന്നെ.
വിശാഖ് എസ് രാജ്, മുണ്ടക്കയം
ഷിബു മാത്യൂ
ലോകത്തെവിടെയായാലും മലയാളികള്‍ തങ്ങളുടെ പതിവ് ശൈലികള്‍ പുറത്തെടുക്കുന്നത് പതിവാണ്. ‘മലയാളിയോടാ കളി’ എന്ന് തമാശയ്ക്കാണങ്കില്‍ പോലും പഴമക്കാര്‍ പറയാറുള്ളത് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് യുകെയിലെ ഡെര്‍ബിയില്‍ താമസിക്കുന്ന മലയാളി കുടുംബം. ‘കറിയിലെ കറിവേപ്പില പോലെ, അവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്നത്’ എന്ന പേരുദോഷം പരമ്പരാഗതമായി കറിവേപ്പിലയ്ക്കുണ്ടെങ്കിലും യൂറോപ്യന്‍ മാര്‍ക്കറ്റില്‍ കറിവേപ്പിലയ്ക്കിപ്പോള്‍ കിലോയ്ക്ക് നൂറ് പൗണ്ട് കടന്നു. ഏകദേശം പതിനായിരം രൂപയോളും വരും. വില വളരെ കൂടുതലും ലഭ്യത വളരെ കുറവും ആയതു കൊണ്ട് വീടുകളില്‍ തന്നെ കറിവേപ്പ് നട്ട് വളര്‍ത്താം എന്ന ഒരു പുതിയ പരീക്ഷണത്തിലേയ്ക്ക് അടുത്ത കാലത്തായി മലയാളികള്‍ തിരിഞ്ഞു. കൃഷിയേക്കുറിച്ചുള്ള പരിമിതമായ അറിവ് മൂലം പല സംരഭങ്ങളും പരാജയപ്പെടുക മാത്രമാണുണ്ടായിട്ടുളളത്. എന്നാല്‍ വളരെ ഫലപ്രദമായി തന്നെ യൂറോപ്പിലെ അതിശൈത്യത്തിലും കറിവേപ്പ് വളരും എന്ന് തെളിയിച്ചിരിക്കുകയാണ് ഡെര്‍ബിയില്‍ താമസിക്കുന്ന ബിജോയും സിനിയും.
ഇന്ന് തിരുവോണം. ഭക്ഷണപ്രിയരായ മലയാളികള്‍ കറികളാല്‍ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്ന ദിവസം. ഉപ്പിലും ഉപ്പേരിയിലും തുടങ്ങി അടപ്രഥമനില്‍ അവസാനിക്കുന്ന ഓണസദ്യ. എല്ലാ കറികളിലും കറിവേപ്പിലയുടെ സാന്നിധ്യം. അടുക്കളയില്‍ വളരുന്ന കറിവേപ്പില്‍ നിന്ന് ഇലകള്‍ പറിച്ചെടുത്ത് ഓണസദ്യയ്ക്ക് രുചി കൂട്ടാനൊരുങ്ങുകയാണ് ബിജോയും സിനിയും. സ്വന്തം അടുക്കള തോട്ടത്തിലെ കറിവേപ്പില ഉപയോഗിച്ചുള്ള ആദ്യ ഓണം എന്ന പ്രത്യേകതകൂടിയും ഇവരുടെ ഓണാഘോഷത്തിനുണ്ട്.
കേരളത്തില്‍ കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയില്‍ തെക്കേപ്പുറം കുടുംബാംഗമാണ് ബിജോ. പാരമ്പര്യമായി പച്ചക്കറിയുമായി വളരെയടുത്ത ബന്ധമാണ് ബിജോയുടെ കുടുംബത്തിനുള്ളത്. വര്‍ഷങ്ങളായി അതിരമ്പുഴയില്‍ പച്ചക്കറി ബിസിനസ്സ് നടത്തുകയാണ് ബിജോയുടെ പിതാവ് ജേക്കബ്ബ്. രണ്ടായിരത്തിയേഴില്‍ ബിജോയും സിനിയും യുകെയിലെത്തി. ഇപ്പോള്‍ ഡെര്‍ബിയിലാണ് താമസം. രണ്ട് മക്കള്‍ ഇവര്‍ക്കുണ്ട്. അനീനയും അനികയും. വളരെ യാതൃശ്ചികമായി, തഴച്ചുവളരുന്ന കറിവേപ്പ് ചെടികളാണ് ബിജോയുടെ വീട്ടില്‍ ഞങ്ങള്‍ മലയാളം യുകെ ന്യൂസ് ടീം കണ്ടത്. ഞങ്ങള്‍ നേരിട്ട് കണ്ട കറിവേപ്പിന്റെ വിശേഷങ്ങള്‍ ഈ ഓണക്കാലത്ത് പ്രിയ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ്.
കേരളത്തിലെ പറമ്പുകളില്‍ വളരുന്നതിനെക്കാള്‍ വളരെ നന്നായിട്ടാണ് ബിജോയുടെ വീട്ടിലെ ചെടിചട്ടിയില്‍ കറിവേപ്പ് ചെടികള്‍ വളരുന്നത്. ഒന്നല്ല. ഒരു പാട്. വളര്‍ന്ന് വലുതായി വീടിന്റെ സീലിംഗില്‍ കറിവേപ്പ് മുട്ടിയപ്പോള്‍ ചെടികളുടെ മുകള്‍ ഭാഗം മുറിച്ചു. പിന്നീട് അത് പൊട്ടി തളിര്‍ത്ത് ശിഖരങ്ങളായി വളരാന്‍ തുടങ്ങി. ഇപ്പോള്‍ അടുക്കളയ്ക്കുളളില്‍ ഒരു അടുക്കളത്തോട്ടം. എണ്ണയൊഴിച്ച് കടുക് മൂക്കുമ്പോള്‍ അടുക്കളയ്ക്കുള്ളില്‍ വളരുന്ന കറിവേപ്പ് മരത്തില്‍ നിന്ന് കറിവേപ്പില നേരിട്ട് പറിച്ച് കടുക് പൊട്ടിച്ച് രുചികരമായ കറികള്‍ ഉണ്ടാക്കുകയാണ് ബിജോയുടെ ഭാര്യ സിനി ബിജോ. സിനിയുടെ പരിശ്രമവും താല്പര്യവും ഒന്നു മാത്രം കൊണ്ടു തന്നെയാണ് ഇങ്ങനെ ഒരു സംരഭം വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചത് എന്ന് ബിജോ പറയുന്നു. ആദ്യകാലങ്ങളില്‍ അവധിക്കാലത്ത് നാട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ധാരാളം കറിവേപ്പില കൊണ്ടു വരുമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കറിവേപ്പിലയ്ക്ക് യുകെയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ മുതല്‍ നാട്ടില്‍ നിന്ന് കൊണ്ടുവരുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറി. സെക്യൂരിറ്റി ചെക്കിംഗില്‍ പലപ്പോഴും പിടിക്കപ്പെടും. ഇതെല്ലാം കൂടുതല്‍ ബുദ്ധിമുട്ടായതു കൊണ്ട് നാട്ടില്‍ നിന്ന് കൊണ്ടുവരുന്നത് അവസാനിപ്പിച്ചു എന്ന് സിനി പറയുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത് എന്ന ഞങ്ങളുടെ ചോദ്യത്തോട് സിനി പ്രതികരിച്ചത് ഇങ്ങനെ. ‘കിട്ടാന്‍ പ്രയാസമുള്ളത് വളര്‍ത്താന്‍ ശ്രമിച്ചു’ എന്നാണ്. നാട്ടിലെ സുഹൃത്തുക്കള്‍ പറഞ്ഞു യൂറോപ്പിലെ തണുത്ത കാലാവസ്ഥയില്‍ കറിവേപ്പ് പിടിക്കത്തില്ല എന്ന്. സത്യത്തില്‍ അതായിരുന്നു പ്രചോദനം. ഒന്നു പരീക്ഷിക്കാമെന്നു തോന്നി. പരീക്ഷണമല്ലേ, അതു കൊണ്ട് തന്നെ ആരോടും പറഞ്ഞതുമില്ല. അവധിക്കാലം കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ നാല് കറിവേപ്പിന്‍ തൈകള്‍ മണ്ണോടു കൂടി പറിച്ച് പ്ലാസ്റ്റിക് കൂടിലാക്കി നന്നായി പൊതിഞ്ഞ് ആരും കാണാതെ ഡ്രസ് വെയ്ക്കുന്ന പെട്ടിയിലാക്കി. മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ എല്ലാ ചെക്കിംഗും കഴിഞ്ഞ് ഏയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്നു. വീട്ടില്‍ വന്നപ്പോഴാണ് സത്യത്തില്‍ ബിജോയും ഇക്കാര്യം അറിയുന്നത്. എങ്കിലും പിന്നീട് എല്ലാ സഹായവും ചെയ്തു തന്നത് ബിജോ ആയിരുന്നു. എല്ലാ ചെടികളേയും ചെറുചട്ടികളിലാക്കി സൂര്യപ്രകാരം നേരിട്ടടിക്കാത്ത അടുക്കളയുടെ ജനാലക്കരികില്‍ സ്ഥാപിച്ചു. മള്‍ട്ടിപര്‍പ്പസ് കംബോസ്റ്റ് വാങ്ങി അതിലായിരുന്നു എല്ലാ ചെടികളും കുഴിച്ച് വെച്ചത്. ഉണങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു എല്ലാ കറിവേപ്പിന്‍ചെടികളും. രണ്ടു മൂന്നു ദിവസം കൂടുമ്പോള്‍ വെള്ളമൊഴിക്കും. അങ്ങനെ ആഴ്ചകള്‍ പിന്നിട്ടു. കിളിര്‍ക്കാന്‍ തുടങ്ങുന്ന ചില പച്ചപ്പുകള്‍ തണ്ടില്‍ കണ്ടു തുടങ്ങി. ക്രമേണ അത് ഇലകളായി.. ഇതളുകളായി. ആറ് മാസങ്ങള്‍ കൊണ്ട് ഉണങ്ങാന്‍ തുടങ്ങിയ കറിവേപ്പിന്‍ തണ്ട് ഒരു കറിവേപ്പിന്‍ചെടിയായി മാറി. കൃത്യമായ പരിചരണമായിരുന്നു കറിവേപ്പിന്‍ ചെടിയെ ഇതു പോലെ വളരാന്‍ സഹായിച്ചതെന്ന് സിനി പറയുന്നു. കൃത്യമായി വെള്ളമൊഴിച്ചു കൊടുക്കുക. ചുവട് ഇളക്കിക്കൊടുക്കുക. പ്ലാന്റ് ഫുഡ് അതിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളത്തില്‍ ലയിപ്പിച്ച് മാസത്തില്‍ രണ്ടു പ്രാവശ്യം വളമായി മണ്ണിലൊഴിച്ച് കൊടുക്കുക. വളമായ ഈ മിശ്രിതം ചെടികള്‍ വളരുന്ന കംമ്പോസ്റ്റിലല്ലാതെ ഇലയിലോ തണ്ടിലോ പറ്റാതെ ശ്രദ്ധിക്കുക. അങ്ങനെയുള്ള കൃത്യമായ പരിചരണത്തിലൂടെ ചെടികള്‍ വളര്‍ന്നുതുടങ്ങി.
ആറു മാസം കഴിഞ്ഞു. ചെടികളുടെ വളര്‍ച്ചയില്‍ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങി. വളരുന്ന ചട്ടികള്‍ പോരാതെ വന്നു. എല്ലാ ചെടികളെയും വലുപ്പം കൂടിയ ചട്ടികളിലേയ്ക്ക് മാറ്റി. എങ്കിലും പരിചരണങ്ങള്‍ പതിവ് പോലെ തന്നെയായിരുന്നു. പക്ഷേ പിന്നീടുള്ള വളര്‍ച്ച കൂടുതല്‍ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. ഇതളുകള്‍ പറിച്ചെടുത്താല്‍ ഉണങ്ങിപ്പോകുമോ എന്ന ആശങ്കയായിരുന്നു ആദ്യമുണ്ടായിരുന്നത്. അതു കൊണ്ട് അതിന് തുനിഞ്ഞില്ല. പക്ഷേ ഉയരം കൂടിയപ്പോള്‍ വെട്ടി വിടാം എന്നു തീരുമാനിച്ചു. ആദ്യം വെട്ടിമാറ്റിയ കറിവേപ്പിന്റെ ഇതളുകളാണ് ആദ്യമായി കറിക്ക് ഉപയോഗിച്ചതും.
വര്‍ഷം രണ്ട് കഴിഞ്ഞു. അടുക്കള ഇപ്പോള്‍ ഒരു കറിവേപ്പിന്‍ തോട്ടമായി മാറി. ഒരു വീട്ടമ്മ എന്ന നിലയില്‍ അടുക്കളയില്‍ എത്താന്‍ ഉത്സാഹമാണെന്ന് സിനി പറയുന്നു. ദിവസവും ധാരാളം സമയം കറിവേപ്പിന്‍ചെടികളുമായി ചെലവഴിക്കാറുണ്ട്. അതിനെ തൊടുക, പരിചരിക്കുക, കറികള്‍ക്ക് കടുക് പൊട്ടിക്കുമ്പോള്‍ ഇലകള്‍ നേരിട്ട് പറിച്ച് ചീന ചട്ടിയില്‍ ഇടുക. കറികള്‍ ഉണ്ടാക്കുക. വീട്ടിലുള്ളവര്‍ക്ക് അത് വിളമ്പുക. ഇതിലപ്പുറം എന്ത് സന്തോഷമാണുണ്ടാകേണ്ടത്. സിനി ചോദിക്കുന്നു.
കറിവേപ്പിന് അടുക്കളയുമായി ഒരു മാനസീക ബന്ധമുണ്ട് എന്നാണ് സിനി അഭിപ്രായപ്പെടുന്നത്. അടുക്കളയിലെ ചൂടും ആഹാരം പാകം ചെയ്യുമ്പോള്‍ അടുക്കളയില്‍ ഉണ്ടാകുന്ന ഈര്‍പ്പവും മനുഷ്യര്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡും സൂര്യപ്രകാശത്തില്‍ നിന്നു കിട്ടുന്ന ഊര്‍ജ്ജവുമാണ് കറിവേപ്പിന്‍ചെടികളുടെ വളര്‍ച്ചയ്ക്ക് കാരണം. ആ രീതിയില്‍ | കറിവേപ്പിന്‍ചെടികളെ പരിചരിക്കാന്‍ മലയാളികള്‍ തയ്യാറാകാത്തതു കൊണ്ടാണ് യൂറോപ്പില്‍ കറിവേപ്പിന്‍ചെടികള്‍ പിടിക്കാതെ പോകുന്നത്.
വീട്ടിലെത്തുന്ന പല മലയാളി സുഹൃത്തുക്കളും വളര്‍ന്ന് നില്ക്കുന്ന കറിവേപ്പിന്‍ചെടികളെ കണ്ട് അഭിനന്ദിക്കാറുണ്ട്. അത് ഒരു പാട് സന്തോഷത്തിന് കാരണമാകുന്നുണ്ട്. കറിവേപ്പിന്‍ചെടികള്‍ ചോദിച്ചെത്തുന്നവരും ധാരാളം. ഒരിക്കല്‍, ഞാന്‍ കൊടുത്തു വിട്ട കറിവേപ്പിന്‍ചെടി ഉണങ്ങാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചേല്പിച്ചു. കാരണം പറഞ്ഞതിങ്ങനെ! ഞങ്ങള്‍ നോക്കിയിട്ട് നടക്കുന്നില്ല എന്ന്. പക്ഷേ, എന്റെ അടുക്കളയില്‍ തിരിച്ചെത്തിയപ്പോള്‍ അത് വീണ്ടും വളര്‍ന്നുതുടങ്ങി.
യൂറോപ്പിലെ നേരിട്ടുള്ള സൂര്യപ്രകാശം കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് യോചിച്ചതല്ല. എന്റെ വീട്ടില്‍ വളര്‍ന്ന കറിവേപ്പിനെ സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ ഇലകള്‍ വാടുന്ന അവസ്ഥയിലേയ്ക്ക് ചെടികള്‍ മാറുകയായിരുന്നു. പിന്നീട് ഞങ്ങള്‍ ചെടികളെ സൂര്യപ്രകാശം നേരിട്ട് കിട്ടാത്ത അടുക്കളയിലേയ്ക്ക് മാറ്റുകയായിരുന്നു.
അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍, യുകെയില്‍ കറിവേപ്പ് വളരും. ആവശ്യമായ പരിചരണമാണ് പ്രധാനം. ഇന്ത്യയില്‍ നിന്നുള്ളതാണെന്ന ലേബലില്‍ പതിനഞ്ച് ഗ്രാം പോലുമില്ലാത്ത ഒരു കറിവേപ്പില പായ്ക്കറ്റിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കൊടുത്തത് ഒരു പൗണ്ട് മുപ്പത്തൊമ്പത് പെന്‍സ്. അതായിരുന്നു എന്റെ പ്രചോദനം. അടുക്കളയില്‍ കറിവേപ്പ് തോട്ടം വളര്‍ത്തി വിജയിച്ച സിനിയുടെ വാക്കുകളാണിത്. തികഞ്ഞ കര്‍ഷക കുടുംബമായ അതിരമ്പുഴ പുതുശേരില്‍ വീട്ടില്‍ വളര്‍ന്ന സിനിയുടെ വാക്കുകള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാന്‍ യൂറോപ്പിലെ മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.
മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.