ഫാ. ഹാപ്പി ജേക്കബ്ബ്
തിരുപ്പിറവിയുടെ ദിനം സമാഗതമായി. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആ ധന്യ മുഹൂർത്തത്തെ കണ്ട് മനം നിറയുവാൻ സമയമായി. നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും. അവൻ അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും”. യെശയ്യാവ് 9: 6.
പേരിൽ എന്തിരിക്കുന്നു എന്നത് സാധാരണ ചോദ്യമാണ്. എന്നാൽ ഓരോ പേരും ഓരോ ജീവിത ദൃഷ്ടാന്തങ്ങൾ കൂടി ആകുമ്പോൾ അതിനെ വ്യാപ്തി ഏറും . പ്രപഞ്ച സൃഷ്ടിയുടെ ഓരോ ഏടുകളിലും പേരിട്ട് വിളിക്കുന്ന സംഭവങ്ങൾ നാം കാണുന്നുണ്ട്. അതേ പോലെ തന്നെ വ്യക്തികൾ പേര് സ്വീകരിക്കുമ്പോഴും അതിൻറെ പിന്നിൽ ഉള്ള സംഭവങ്ങളും യാഥാർഥ്യങ്ങളും ചേർന്നു വരാറുണ്ട്. ദൈവപുത്രന്റെ ജനന അരുളപ്പാട്ടിൽ മാലാഖ അരുളി ചെയ്തു. “അവന് യേശു എന്ന് പേർ വിളിക്കണം”. അർത്ഥം യഹോവ രക്ഷിക്കുന്നു. മറ്റൊരുവനിലും രക്ഷയില്ല… നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല. പ്രവൃത്തി 9 :12
അവൻ അത്ഭുത മന്ത്രി
അവൻറെ ജനനം അത്ഭുതം, ജീവിതം, പഠിപ്പിക്കലുകൾ, പ്രവൃത്തികൾ എല്ലാം അത്ഭുതം നിറഞ്ഞത് തന്നെ . മരണം വരിച്ചതും പുനരുത്ഥാനം ചെയ്തതും സർഗാരോഹണം ചെയ്തതും അത്ഭുതമല്ലാതെ മറ്റെന്താണ് ‘ ഏതവസ്ഥയിലും ചേർത്ത് നിർത്തുന്ന, ഏത് ദുഃഖത്തിനും ആശ്വാസം നൽകുന്ന ഏത് രോഗവും ശമിപ്പിക്കുന്ന ഏത് അന്ധകാരത്തിലും പ്രകാശമായി വഴി നടത്തുന്നവൻ അല്ലേ അത്ഭുതമന്ത്രി.
വീരനാം ദൈവം
പേരിൽ തന്നെ വ്യക്തം ജയം അവനുള്ളത്. സർവ്വ അധികാരങ്ങളും അവനുള്ളത്. ഞാൻ ആൽഫയും ഒമേഗായും ആകുന്നു, ഇരിക്കുന്നവനും ഇരുന്നവനും വരുവാൻ ഉള്ളവനുമാകുന്നു അവൻ . വെളിപാട് 1:8 . പരിശുദ്ധ കന്യകാ മറിയം ദൈവത്തെ പുകഴ്ത്തി പാടി. തന്റെ ഭുജം കൊണ്ട് അവൻ ജയം ഉണ്ടാക്കി, അഹങ്കാരികളെ അവൻ ചിതറിച്ചു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നിറക്കി താണവരെ ഉയർത്തിയിരിക്കുന്നു. വി. ലൂക്കോസ് 1 : 50 – 53 . നമ്മുടെ ഏത് ബലഹീനതയിലും കൈ പിടിച്ച് നടത്തുവാൻ ആശ്രയം വയ്ക്കുവാൻ മറ്റേത് നാമം നമുക്കുണ്ട്.
നിത്യപിതാവ്
ഈ ജനത്തിൽ ക്രിസ്തുവിനെ അറിയുമെങ്കിൽ അയച്ച പിതാവിനെയും അറിയും. അവൻ പിതാവിൻറെ സന്നിധിയിൽ ദൈവമായിരിക്കെ സൃഷ്ടിയെ വീണ്ടെടുപ്പിനായി പാപം ഒഴികെ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു . ഫിലിപ്യർ 2:8 അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദാസരൂപം എടുത്ത് വേഷത്തിൽ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു. ആദി മുതൽ ഇന്ന് വരേയും കരുതലോടെ പരിപാലിക്കുന്ന ആ പിതൃ സ്നേഹം. അതുകൊണ്ടല്ലേ സ്വന്തം പുത്രനെ തന്നെ മനുഷ്യകുലത്തെ വീണ്ടെടുപ്പാൻ തക്കവണ്ണം ലോകത്തിലേക്ക് അയച്ചത്.
സമാധാന പ്രഭു
ചതഞ്ഞ ഓട അവൻ ഒടിക്കുകയില്ല, പുകയുന്ന തിരി അവൻ കെടുത്തുകയുമില്ല. യെശയ്യാ 42 : 3 വരണ്ട കൈയ്യുള്ള ഒരുവൻ ദേവാലയത്തിൽ സൗഖ്യത്തിനായി കടന്നുവന്നപ്പോൾ പരീശന്മാർ ശബ്ബതിൽ അവൻ പ്രവർത്തിക്കുമോ എന്ന് നോക്കിയിരുന്നു. അവരുടെ മനോഭാവത്തെ മാനിക്കാതെ സൗഖ്യം പ്രദാനം ചെയ്യുന്നു. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു. നിത്യമായ സമാധാനം നേടിത്തരുവാൻ ലോകത്തിൻ്റെ എല്ലാ അനുഭവങ്ങളെയും മാറ്റി സ്ഥാപിച്ചു.
ദൈവം നമ്മോടുകൂടെ ‘ഇമ്മാനുവേൽ’
” ദൈവം നമ്മോട് കൂടെ ” എത്ര ദൃഢമായ ബന്ധം. സൃഷ്ടാവിനൊപ്പം സൃഷ്ടിയും ചേർന്ന് വരുന്ന ഗാഢത. ഇത് ക്രിസ്തുമസ് കാലയളവിൽ മാത്രം ഓർക്കേണ്ട ഒരു കാര്യം അല്ല. എന്നാളും ബലപ്പെടേണ്ട ബന്ധം തന്നെയാണ് ഇമ്മാനുവേൽ. മേൽ പറഞ്ഞ എല്ലാ നാമങ്ങളും ചേർന്നിരിക്കുന്ന പൂർത്തീകരിക്കപ്പെട്ട നാമം. ക്രിസ്തുമസ് അനുഗ്രഹമാകുന്നത് ക്രിസ്തുവിനെ അറിയുമ്പോഴാണ്. ആ രക്ഷകൻ തന്ന വാഗ്ദത്തമാണ് ഇമ്മാനുവേൽ. ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ല. ഏതെല്ലാം ദൈവീക ഭാവങ്ങൾ പേരിലൂടെ ലഭിച്ചു എന്നതാകട്ടെ ക്രിസ്തുമസിന്റെ അനുഗ്രഹം.
ഏവർക്കും ക്രിസ്തുമസ് ആശംസകൾ.
പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദൈവശാസ്ത്രത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ നാളെ ഡിസംബർ 22-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയും തലശ്ശേരി രൂപതയുടെ കീഴിലുള്ള ആൽഫ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കോഴ്സുകൾ സംഘടിപ്പിച്ചത്. തദവസരത്തിൽ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ റവ ഡോക്ടർ റ്റോം ഓലിക്കരോട്ടും ബ്രദർ തോമസ് പോളും സന്നിഹിതനായിരിക്കും.
ബിർമിങ്ഹാമിലെ Yewsep Pastoral Centre -ലാണ് ബിരുദ ദാന കർമ്മങ്ങൾ നടക്കുന്നത്. നാലുപേരാണ് ബിരുദാനന്തര (MTH) കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയത്. 15 പേർ ദൈവശാസ്ത്രത്തിൽ ബിരുദവും (BTH) പൂർത്തിയാക്കി. ഇദംപ്രഥമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ദൈവശാസ്ത്ര കോഴ്സിന്റെ ബിരുദാനന്തര ചടങ്ങുകൾaക്കായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
ബിരുദ ദാന ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ആൻസി ജോൺസന്റെയും ജിൻസ് പാറശ്ശേരിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റി പ്രവർത്തിച്ച് വരുന്നു
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷൻ അടിസ്ഥാനമായി 150 ൽ അധികം കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമ്മങ്ങളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പി.ആർ.ഒ അറിയിച്ചു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമം , മിഷൻ ഡയറക്ടര്മാരുടെ കോൺടാക്ട് ഡീറ്റെയിൽസ് തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം എന്നിവ റീജിയൻ തിരിച്ചു തയ്യാറാക്കിയത് താഴെ നൽകുന്നു .
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദുഐക്യവേദിയും , മോഹൻജി ഫൗണ്ടഷനും എല്ലാ വർഷവും നടത്തി വരാറുള്ള മണ്ഡലചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിരയും ഈ വർഷവും വളരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.ഈ വരുന്ന ഡിസംബർ 28 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ക്രോയ്ഡോൺ വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ അരങ്ങേറും. നീരാഞ്ജനം, ലണ്ടൻ ഹിന്ദു ഐക്യവേദി ടീം അവതരിപ്പിക്കുന്ന അയ്യപ്പ ഭജന, തിരുവാതിര കളി, പടിപൂജ, ദീപാരാധന, സമൂഹ ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
മറ്റ് ആഘോഷ പരിപാടികൾക്ക് പുറമെ സമൂഹ ഹരിവരാസന കീർത്തനാലാപനം ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. 1923ല് കൊന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസന കീർത്തനം രചിച്ചത്. 1923 ലാണ് എഴുതിയെങ്കിലും 1975ല് പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെ ആണ് ഹരിവരാസനം പ്രസിദ്ധി നേടിയത്. 1950 കളുടെ തുടക്കം മുതല് ശബരിമലയില് ക്ഷേത്രം തുറന്ന് പൂജ ചെയ്യുന്നദിവസങ്ങളില് അത്താഴപൂജക്കുശേഷം ഹരിവരാസനം ആലപിച്ചുവരുന്നതായും, അയ്യപ്പധര്മ്മം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതില് പ്രധാന പങ്കുവഹിച്ച സ്വാമി വിമോചനാനന്ദയുടെ അഭ്യര്ഥന മാനിച്ചാണ് ഈ ആചാരം ആരംഭിച്ചതെന്നും പറയപ്പെടുന്നു.
ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ ധര്മശാസ്താവിന്റെയും ചൈതന്യം നിറഞ്ഞു നില്ക്കുന്ന ഈ ധന്യ മുഹൂര്ത്തത്തിന് സാക്ഷിയാകുവാന് എല്ലാ ഭക്തജനങ്ങളെയും, സഹൃദയരായ കലോപാസകരേയും ലണ്ടന് ഹിന്ദു ഐക്യവേദി ഭഗവത് നാമത്തില് ഈ ഭക്തി നിര്ഭരമായ വേദിയിലേക്ക് സഹര്ഷം സ്വാഗതം ചെയ്യുന്നു.
Those who wish to perform “Neeranjanam” may please bring a coconut and inform any of the officials below.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –
Suresh Babu: 07828137478, Ganesh Sivan: 0740551326, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536
Date and Time: 28/12/2024 – 6:00 pm onwards
Venue: West Thornton Community Centre, 731-735 London Road, Thornton Heath, CR7 6AU
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
ബെന്നി മേച്ചേരിമണ്ണിൽ
റെക്സം രൂപതയിലെ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടുകുർബാന ഡിസംബർ 29 – തീയതി ഞായറാഴ്ച 2.30- ന് റെക്സം സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തപ്പെടുന്നു.
ഞായറാഴ്ച 2.30-നു നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് റെക്സം രൂപതയിലുള്ള എല്ലാ മലയാളി അച്ചൻമാരും പങ്കെടുക്കുന്നതും കുർബാനയ്ക്ക് ഫാദർ ജോൺസൺ കാട്ടിപ്പറമ്പിൽ സി.എം.ഐ മുഖ്യകാർമ്മികനാകുന്നതും കുർബാന മദ്ധ്യേ ബഹുമാനപ്പെട്ട റെക്സം രൂപതാ ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകുന്നതുമാണ് . കുർബാന മദ്ധ്യേ രൂപതയിലുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും കാഴ്ച സർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നമുക്ക് കഴിഞ്ഞ ഒരുവർഷക്കാലമായി ദൈവം നൽകിയ നന്മകൾക്ക് നന്ദി നേരുന്നതിനുള്ള അവസരമാണിത്.
ആഘോഷമായ മലയാളം പാട്ടുകുർബാനയിലും മറ്റു പ്രാത്ഥന ശുശ്രൂഷകളിലും രൂപതയിലുള്ള മറ്റു കുർബാന സെന്ററുകളിൽ നിന്നും അയൽ ഇടവകളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുന്നതാണ് . കുർബാനക്ക് ശേഷം പള്ളി ഹാളിൽ ക്രിസ്റ്മസ് കേക്ക് മുറിക്കൽ കേക്ക് വൈൻ വിതരണവും ഉണ്ടായിരിക്കുന്നതാണ് .
ആഘോഷമായ ക്രിസ്മസ് പാട്ടുകുർബാനയിലും പുതുവത്സര പ്രാർത്ഥനകളിലും പങ്കു ചേർന്ന് പുൽക്കൂട്ടിൽ പിറന്ന ഉണ്ണി യേശുവിന്റെ അനുഗ്രഹം പ്രാപിക്കുവാനും ശാന്തിയും സമാധാനവും നിറഞ്ഞ ഒരുപുതു വത്സരത്തെ പ്രാർത്ഥനാ പൂർവം വരവേൽക്കുവാൻ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്നേഹത്തോടെ സെന്റ് മേരീസ് കത്തീഡ്രലിലേയ്ക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ കാർപാർക്ക് ഫ്രീ പാർക്കിങ് ആണ്. പാർക്ക് ചെയ്ത ശേഷം കാർ നമ്പർ പള്ളിയുടെ ഉള്ളിലുള്ള കമ്പ്യൂട്ടറിൽ എന്റർ ചെയ്യേണ്ടതാണ്.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ്
St Mary’s Cathedral
Regent St, Wrexham LL11 1RB.
ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസ് ആചരണത്തിന്റെ എല്ലാ സാധ്യതകളും കരകവിഞ്ഞ് ഒഴുകുന്ന ദിവസങ്ങളിലാണ് നാം എത്തിച്ചേർന്നിരിക്കുന്നത്. കാണുന്നതും കേൾക്കുന്നതും ഭക്ഷിക്കുന്നതും അനുഭവിക്കുന്നതും എല്ലാം ക്രിസ്തുമസ് മയം ലോകമെമ്പാടും ആ ദിനത്തിന്റെ ഒരുക്കങ്ങളിൽ ആണ്. എന്നാൽ എൻറെ നോട്ടത്തിൽ ചുരുക്കം ചില ഇടങ്ങളിലും വ്യക്തികളിലും ആണ് ക്രിസ്തു ഉള്ള ക്രിസ്തുമസിന്റെ ഒരുക്കങ്ങൾ നടക്കുന്നത്. അതിനാൽ തന്നെ ക്രിസ്തുമസ് ഈ ദിനങ്ങളിൽ മാത്രമല്ല നമ്മുടെ അതിജീവനത്തിന്റെ ഓരോ നാളിലും അർത്ഥപൂർണ്ണമാകണം എന്ന ചിന്തയോടെ ചില കാഴ്ചകൾ വരികളിൽ ആക്കട്ടെ .
വിശുദ്ധ വേദപുസ്തകത്തിൽ ആദ്യ പുസ്തകം മുതൽ ഈ രക്ഷകന്റെ വിവരണം നൽകുകയും പ്രവചനങ്ങളിൽ മുഴങ്ങുകയും യാഥാർത്ഥ്യമായും മനുഷ്യ നേത്രങ്ങൾക്ക് ദർശനം നൽകുകയും ചെയ്ത അത്ഭുതമാണ് ഈ ജനനം. ദൂതൻ ആട്ടിടയന്മാരോടായി അരുളി ചെയ്തു. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” , നിങ്ങൾക്കടയാളമോ, ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും . ഇതാണ് ക്രിസ്തുമസ് യാഥാർത്ഥ്യം. ഈ ആഘോഷ ദിനങ്ങളിൽ എത്ര ഭവനങ്ങളിൽ ഇത് യാഥാർത്ഥ്യമായി ഭവിക്കും. ഈ രക്ഷണ്യമായ അനുഭവത്തെ ആണ് ഒരു പാട്ടും ; അലങ്കാരവും, സമ്മാനവും ആയി നാം പരിമിതപ്പെടുത്തുന്നത്. ആയതിനാലാണ് പരിമിതികൾക്കതീതമായി തിരുജനന ചിന്തകൾ നമ്മെ സ്വാധീനിക്കണമെന്ന് ആഗ്രഹിക്കുന്നത്.
നക്ഷത്രം – പ്രകാശവും വഴികാട്ടിയും
അലങ്കാരത്തിലെ നക്ഷത്രം നമുക്ക് തരുന്ന അർത്ഥങ്ങൾ ഏതൊക്കെയാണ്? തന്റെ ജീവിതത്തിലൂടെ “ഞാൻ സാക്ഷാൽ പ്രകാശം ആകുന്നു ” എന്ന് പഠിപ്പിച്ച ക്രിസ്തു (വി.മത്തായി 5:14 – 16) നിങ്ങൾ ലോകത്തിൻറെ പ്രകാശം ആകുന്നു എന്നും, വിളക്ക് കത്തിച്ച് പറയിൻ കീഴിലല്ല തണ്ടിന്മേൽ അത്രേ വയ്ക്കേണ്ടത് എന്നും വീട്ടിലുള്ള എല്ലാവർക്കും നിങ്ങൾ പ്രകാശം ആകേണ്ടവർ ആകുന്നു എന്നും പഠിപ്പിച്ചു. അന്ധകാരം ഭയവും അജ്ഞതയും , പൈശാചികവും ആയാൽ അതിലുള്ളവർക്ക് പ്രകാശം നൽകുവാൻ വിളിക്കപ്പെട്ടവർ ആണ് നാം എന്ന് ക്രിസ്തുമസ് പഠിപ്പിക്കുന്നു. അത് മാത്രമല്ല രക്ഷകനെ കാണുവാൻ ഇറങ്ങി പ്പുറപ്പെട്ട ജ്ഞാനികൾക്ക് മുൻപേ നക്ഷത്രം സഞ്ചരിച്ചു. അത് അവർക്ക് വഴി കാട്ടിയായിരുന്നു. ശിശു കിടന്ന ഇടം വരെയും അത് അവർക്ക് വഴികാട്ടിയായി. ഇന്നും അനേകം ആളുകൾ വഴി അറിയാതെ രക്ഷകനെ തിരിച്ചറിയാതെ അലഞ്ഞു നടക്കുമ്പോൾ നമ്മൾ ഭവനങ്ങളിൽ തൂക്കുന്ന നക്ഷത്രത്തിന് ധാരാളം അർത്ഥം നൽകുവാനുണ്ട്. ആരെങ്കിലും ആ നക്ഷത്രം കണ്ട് വന്നാൽ നമ്മുടെ ഭവനത്തിൽ ക്രിസ്തുവിനെ കാണുവാൻ പറ്റുമോ?യഥാർത്ഥമായ ക്രിസ്തുമസിൽ അവരെ ചേർക്കുവാൻ പറ്റുമോ? വഴികാട്ടുന്നവർ ആകണം , വഴിതെറ്റിക്കുന്നവർ ആകരുത് .
കാഴ്ചകൾ – ജ്ഞാനികളും അവരുടെ സമർപ്പണവും ആരാധനയുടെ പ്രതീകം
ക്രിസ്തുവിൻറെ ജനനത്തിങ്കൽ കടന്നുവന്ന ജ്ഞാനികളെ കുറിച്ച് ധാരാളം ഐതിഹ്യങ്ങൾ നാം കേട്ടിട്ടുണ്ട്. അതിലല്ല അവരുടെ നിശ്ചയദാർഢ്യവും കാരകശ്യവും, സമർപ്പണവും , സമ്മാനവും എല്ലാം സ്വർഗ്ഗീയ രാജാവിനുള്ള ആരാധനയും സമർപ്പണവും ആയിരുന്നു. കേവലം ഉള്ളതിൽ നിന്നൊരു അംശം അല്ല എല്ലാം മുഴുവനായും സമർപ്പിപ്പാൻ ക്രിസ്തു നമുക്ക് പാഠമായി ക്രിസ്തുമസിൽ നൽകി. റോമർ 12 : 1 നിങ്ങൾ സമൃദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സമ്മാന പൊതികൾ നാം ഒരുക്കുമ്പോൾ ചിന്തിക്കുക ഞാനും ഒരു സമ്മാനമായി സമർപ്പിക്കപ്പെടേണ്ടതാണ്. ഓരോ ആരാധനയും സമർപ്പണമാണ്. നമ്മെ തന്നെയാണ് സമർപ്പിക്കപ്പെടേണ്ടതും .
മാലാഖമാർ – പ്രഖ്യാപനവും പ്രേക്ഷിതവും
അറിഞ്ഞ സന്തോഷം ലഭിച്ച കൃപ അനേകരിൽ പകരണം എന്നത് ക്രിസ്തുമസ് നൽകുന്ന മറ്റൊരു പാഠം. അത്യുന്നതങ്ങളിൽ മാലാഖമാർ ആർത്ത് പാടി “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി , ഭൂമിയിൽ മനുഷ്യ പ്രീതിയുള്ളവർക്ക് സമാധാനം”. ഇതൊരു ക്രിസ്തുമ സന്ദേശം മാത്രമല്ല. നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. നാം അറിഞ്ഞ സത്യം , നാം അനുഭവിച്ച സന്തോഷം, നാം പുലർത്തുന്ന വിശ്വാസം, നാം കാത്തുസൂക്ഷിക്കുന്ന പ്രത്യാശ ഇതെല്ലാം പ്രഘോഷിക്കപ്പെടുവാനുള്ളതാണ്. മാലാഖമാരെ പോലെ നാമം ഈ ഉദ്യമം ഏറ്റെടുക്കണം. ദൈവത്തിൻറെ സന്ദേശ വാഹകരാകുവാൻ വിളിക്കപ്പെട്ടവരും ഒരുക്കപ്പെട്ടവരും ആണ് എന്നുള്ള പാഠം ക്രിസ്തുമസ് നമുക്ക് തരുന്നു.
ആട്ടിടയന്മാർ – അനുസരണവും വിധേയത്വവും
വി. ലൂക്കോസ് 2: 15 – 20. ദൂതന്മാരുടെ പ്രഘോഷണം കഴിഞ്ഞ ശേഷം വെളിമ്പ്രദേശത്തെ ആടുകളുമായി പാർത്തിരുന്ന ആട്ടിടയന്മാർ തമ്മിൽ പങ്കുവയ്ക്കുന്നത് ആശ്ചര്യവും അതിശയവും ആയിരുന്നില്ല. പകരം അവർ അറിഞ്ഞ യാഥാർത്ഥ്യം ആയിരുന്നു. നമുക്ക് ബേത്ലഹേമിൽ ചെന്ന് കർത്താവ് അറിയിച്ച ഈ സംഭവം കാണണം എന്ന് തമ്മിൽ പറഞ്ഞു. അവർ പോയി മറിയത്തെയും ജോസഫിനെയും ഉണ്ണിയേശുവിനെയും കണ്ടു. എത്ര അനുഗ്രഹിക്കപ്പെട്ട ജീവിതം. തങ്ങളുടെ ജീവിത പ്രാരാബ്ദവും ഇല്ലായ്മകളും വല്ലായ്മകളും എല്ലാം മാറിപ്പോകുന്ന അവസരം. ലക്ഷ്യത്തിലേയ്ക്കുള്ള ഒരു തീർത്ഥയാത്ര . ലക്ഷ്യം കണ്ടെത്തും വരെയും ഉള്ള യാത്ര. ക്രിസ്തുവിനെ കണ്ടെത്തുക എന്നുള്ളതാണ് നമ്മുടെ ജീവിതയാത്ര എന്ന് ക്രിസ്തുമസ് പഠിപ്പിക്കുന്നു.
ക്രിസ്തുമസ് ട്രീ – കുരിശിന്റെ പ്രതീകം
എല്ലാ ഇടങ്ങളിലും ഭവനങ്ങളിലും ക്രിസ്തുമസ് പ്രതീകത്തിന്റെ ഏകഭാവ അടയാളമാണ് ക്രിസ്തുമസ് ട്രീ. നന്നായി അലങ്കരിക്കുകയും സമ്മാനങ്ങൾ പൊതിഞ്ഞ് ഈ മരത്തിന്റെ ചുവട്ടിൽ വയ്ക്കുന്ന പതിവ് നമുക്ക് അറിയാമല്ലോ. ശൈത്യത്തിന്റെ കഠിനതയിൽ സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ബാക്കി ചെടികളും മരങ്ങളും എല്ലാം ഇല പൊഴിച്ച് ഉറക്കത്തിലേക്ക് പോകുമ്പോൾ ജീവന്റെയും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പച്ചപ്പ് മാറാത്ത പൈൻ കോണിഫറസ് മരങ്ങളാണല്ലോ പ്രതീകമായി നാം അണിയിച്ചൊരുക്കുന്നത്. എന്നാൽ ഈ ക്രിസ്തുമസ് ട്രീ തന്റെ ജനനത്തിന്റെ ഉദ്ദേശത്തിന്റെ പ്രതീകം എന്ന് പറഞ്ഞാൽ ഈ അവസരത്തിൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുമോ . കൊലോസ്യർ 1: 30 അവൻ കുരിശിൽ ചൊരിഞ്ഞ രക്തം കൊണ്ട് അവൻ മുഖാന്തിരം സമാധാനം ഉണ്ടാക്കി ” . അത്ഭുതകരമായ ജനനത്തിന്റെ ലക്ഷ്യം മരത്താൽ ഉയർത്തപ്പെട്ട കുരിശിലേക്കാണ് എന്ന് ഉള്ള ഓർമ്മപ്പെടുത്തൽ ക്രിസ്തുമസ് നൽകുന്നു. ആ മരത്തിന്മേൽ യാഗമായി അർപ്പിതമായ തന്റെ ശരീരവും രക്തവും ആണ് ഏറ്റവും വലിയ വിലയുള്ള സമ്മാനം എന്നുള്ള ഓർമ്മ ക്രിസ്തുമസ് ട്രീയുടെ ചുവട്ടിലുള്ള സമ്മാനപ്പൊതിയും നമ്മെ ഓർമിപ്പിക്കുന്നു.
പ്രിയ സ്നേഹിതരെ, ഓരോ പ്രതീകങ്ങളും അലങ്കാരങ്ങളും കടന്നുവന്നത് ഓരോ കാലങ്ങളിൽ അതിന് അർത്ഥം ഉള്ളത് കൊണ്ടായിരുന്നു. എന്നാൽ ഇന്ന് എല്ലാ ആഘോഷങ്ങളും മറന്ന് ആഘോഷവും ആചാരവും ആയി നമ്മുടെ ക്രിസ്തുമസ് മാറ്റപ്പെടുന്നുവെങ്കിൽ നാം ചിന്തിക്കുക. “ക്രിസ്തു” ഇല്ല എങ്കിൽ ക്രിസ്തുമസ് ഇല്ല. നമുക്ക് വേണ്ടി യാഗമാകുവാൻ ജാതം ചെയ്ത ക്രിസ്തുവിനെ കണ്ടെത്തുക – അതാവണം നമ്മുടെ ക്രിസ്തുമസ് .
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
യുകെ മലയാളികളുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ എന്ന ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു മനോഹരമായി ഈണം നൽകിയത് ഗോഡ്വിൻ തോമസ് ആണ്.ബിനോയ് ജോസഫ് നിർമ്മിച്ച ഈ ഗാനത്തിൽ ക്യാമറ ജെയ്ബിൻ തോളത്ത് ,എഡിറ്റിംഗ് അരുൺ കൂത്താടത് ,ഓർക്കസ്ട്രേഷൻ ഷാൻ ആന്റണി പാടിയത് മരിയ ഡാവിനാ എന്നിവരാണ്. ഷൈൻ മാത്യു , ഏബിൾ എൽദോസ് ,ജിയോ ജോസഫ് ഷിജോ ജോസ്,അഭിലാഷ് ആന്റണി,രതീഷ് തോമസ് ബിജു തോമസ്,ബിബിൻ ബേബി,അന്ന ജോസഫ് കുന്നേൽ,ബിജി ബിജു,സീനിയ ബോസ്കോ അശ്വതി മരിയ,ഐവി അബ്രഹം ,രേഷ്മ സാബു,മെറിൻ ചെറിയാൻ,ഡാലിയ സജി,തുടങ്ങി കൂടെ നല്ലവരായ കുട്ടികളും വീഡിയോ ഗാനത്തിൽ പങ്കാളികളായി…
വീണ്ണിന്റെ മഹിമ പ്രതാപങ്ങൾ എല്ലാം വെടിഞ്ഞു മണ്ണിലേക്കു ഇറങ്ങിവന്ന് മനുഷ്യനോളം താഴ്ന്നിറങ്ങിയ ദൈവ പുത്രൻ.മനുഷ്യരെ പുണ്യമുള്ളവരാക്കുവാൻ ,ലാളിത്യത്തിന്റെ പുൽതൊട്ടിലിൽ,കാലിതൊഴുത്തിലെ പുൽമെത്തയിൽ പിറന്നു സ്നേഹ സമ്പന്നനായ ഉണ്ണി ഈശോ.. കുറവുകളെ നിറവുകൾ ആക്കാൻ പുൽക്കൂട്ടിലെ തിരുപിറവി നമ്മെ പഠിപ്പിക്കുന്നു.ഉണ്ണിയേശു പിറന്നപ്പോൾ അവിടെ കേട്ട ആ സ്നേഹ ഗീതം ഇന്നും നമ്മുടെ കാതുകളിൽ മുഴങ്ങി കേൾക്കുന്നു.‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം‘ നമുക്കെന്നും നല്ല മനസ്സുള്ളവരായിരിക്കാം.
ദേവദൂതര് ആര്ത്തുപാടിയ ആമോദരാവിന്റെ അനുസ്മരണം. വിണ്ണില് നിന്നും മണ്ണില് അവതരിച്ച ദൈവസുതന്റെ തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചു കൊണ്ടുള്ള കരോള് സന്ധ്യ – ‘ജോയ് ടു ദി വേള്ഡ് ‘ ന്റെ ഏഴാം പതിപ്പില് ഉയര്ന്നു കേട്ടത് സന്തോഷത്തിന്റയും പ്രത്യാശയുടെയും സുവര്ണ്ണഗീതങ്ങള്. കരോള് സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങള് സമ്മാനിച്ച് ഡിസംബര് ഏഴിന് ശനിയാഴ്ച കവന്ട്രി വില്ലന്ഹാള് സോഷ്യല് ക്ലബില് ഒരുക്കിയ ജോയ് ടു ദി വേള്ഡ് എക്യൂമെനിക്കല് കരോള് ഗാന മത്സരത്തിന്റെ ഏഴാം പതിപ്പില് നിറഞ്ഞു നിന്നത് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ക്രിസ്മസ് കിരണങ്ങള്.
യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നും വിവിധ പള്ളികളെയും സംഘടനകളെയും ക്വയര് ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ച് എത്തിയ ഗായകസംഘങ്ങള് മാറ്റുരച്ചപ്പോള് കിരീടം ചൂടിയത് ബിര്മിങ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര് മിഷന്. ഹെര്മോന് മാര്ത്തോമാ ചര്ച്ച് മിഡ്ലാന്ഡ്സ് രണ്ടാം സ്ഥാനവും, കവന്ട്രി സെന്റ് ജോസഫ് സീറോ മലബാര് മിഷന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനായ് മാര്ത്തോമാ ചര്ച്ച് ലണ്ടന് നാലാം സ്ഥാനവും, സഹൃദയ ടണ്ബ്രിഡ്ജ് വെല്സ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്റ്റ് അപ്പിയറന്സ്’ അവാര്ഡിന് ലെസ്റ്റര് സെന്റ് ജോര്ജ് ഓര്ത്തഡോക്സ് ചര്ച്ച് അര്ഹരായി. ഒന്നാം സ്ഥാനം നേടിയ ടീമിന് ആയിരം പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും, നാലും അഞ്ചും സ്ഥാനത്ത് എത്തിയവര്ക്ക് ട്രോഫികളും സമ്മാനിച്ചു.
കവന്ട്രി സെന്റ്. ജോണ് വിയാനി കാത്തലിക് ചര്ച്ച് വികാരി ഫാ. സെബാസ്റ്റ്യന് നാമറ്റത്തില് ‘ജോയ് ടു ദി വേള്ഡ്- 7’ ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്വഹിച്ചു സംസാരിച്ചു. ഈ വര്ഷത്തെ പ്രോഗ്രാമിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ആശംസകള് അര്പ്പിച്ചത് യുകെ മലയാളികളുടെ അഭിമാനമായി മാറിയ റോയല് കോളേജ് ഓഫ് നഴ്സിംഗ് (ആര്സിഎന്) ന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന് ആയിരുന്നു. സ്റ്റോക്ക്-ഓണ്-ട്രെന്റ് സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് ഇന്ത്യന് ഓര്ത്തഡോക്ള്സ് പള്ളി വികാരി ഫാ. ടോം ജേക്കബ് ക്രിസ്തുമസ് സന്ദേശം നല്കി. കരോള് മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി അവതരിപ്പിച്ച ലൈവ് മ്യൂസിക്കല് നൈറ്റ് ഏറെ ശ്രദ്ധേയമായി.
മത്സരങ്ങള്ക്ക് ശേഷം നടന്ന സമാപന സമ്മേളനത്തില് വിജയികള്ക്ക് ഫാ. ടോം ജേക്കബ്, ബിജോയ് സെബാസ്റ്റ്യന്, ഫ്രാന്സിസ് മാത്യു കവളക്കാട്ടില്, ദീപേഷ് സ്കറിയ, മനോജ് തോമസ്, ജോമോന് കുന്നേല്, ബിനു ജോര്ജ്, സുനീഷ് ജോര്ജ്, ജോയ് തോമസ്, ജോഷി സിറിയക്, സുമി സണ്ണി, പ്രവീണ് ശേഖര്, ടെസ്സ ജോണ്, ജെയ്സ് ജോസഫ് എന്നിവര് സമ്മാനങ്ങള് വിതരണം ചെയ്തു. ജോയ് ടു ദി വേള്ഡിന്റെ എട്ടാം സീസണ്, 2025 ഡിസംമ്പര് ആറിനു നടക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.
സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ബുധനാഴ്ച (11/12/24 ) മരിയൻ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6:45pm നു പരിശുദ്ധ ജപമാല പ്രാർഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുർബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടർന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു.
നമ്മുടെ എല്ലാ പ്രാർത്ഥനാ നിയോഗങ്ങളെയും പലവിധ രോഗങ്ങളാൽ വിഷമിക്കുന്നവവരെയും, മാതാ പിതാക്കളെയും, ജോലിയില്ലാത്തവരെയും, ഭവനം ഇല്ലാത്തവരെയും ഓർത്തു നമുക്ക് പ്രാർത്ഥിക്കാം. നാട്ടിൽ ഭൂമി പ്രശ്നത്തിൽ വിഷമിക്കുന്ന കുടുംബങ്ങളെയും, ലോക സമാധാനത്തിനായും പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ച് വിശുദ്ധ ബലിയിൽ നമുക്ക് പ്രാർത്ഥിക്കാം.
For more information please visit our website: www.smbkmlondon.co.uk
For more details please contact.
Mission Director,
Fr. Shinto Varghese Vaalimalayil CRM.
Kaikkaranmaar
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
ഷൈമോൻ തോട്ടുങ്കൽ
ലെസ്റ്റർ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ “കൻദിഷ് ” ഒന്നാം സ്ഥാനം ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷൻ കരസ്ഥമാക്കി . രണ്ടാം സ്ഥാനം മാൻസ് ഫീൽഡ് ആൻഡ് സട്ടൻ മാർ യൗസേഫ് കമ്മ്യൂണിറ്റി യും , മൂന്നാം സ്ഥാനം ലിവർപൂൾ മാർ സ്ലീവാ മിഷനും കരസ്ഥമാക്കി .
ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി ഹാളിൽ നടന്ന കരോൾ ഗാന മത്സരത്തിൽ രൂപതയുടെ വിവിധ ഇടവക മിഷനുകളെ പ്രതിനിധീകരിച്ച് പതിനാല് ടീമുകൾ ആണ് പങ്കെടുത്തത്. വിജയികൾക്ക് രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് ക്യാഷ് പ്രൈസും , സമ്മാനങ്ങളും വിതരണം ചെയ്തു .
കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റെവ ഫാ പ്രജിൽ പണ്ടാരപ്പറമ്പിൽ , ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരി റെവ ഫാ ഹാൻസ് പുതിയകുളങ്ങര , കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ , കമ്മീഷൻ ഫോർ ക്വയർ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി , ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വിമൻസ് ഫോറം അംഗങ്ങൾ , പള്ളി കമ്മറ്റി അംഗങ്ങൾ എന്നിവരും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സഹായകമായി .