പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗാരോഹണത്തിന്റെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ആഗസ്റ്റ് മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14 ന് നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക.
പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന , കൺവെൻഷനിൽ ആഴമാർന്ന സഭാ സ്നേഹത്തെ പ്രഘോഷിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു കാസർകോഡ് , അഭിഷേകാഗ്നി യുകെയിൽനിന്നും ബ്രദർ കൊളീൻ മക്ഗ്രാത് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും .
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് ഈ വരുന്ന ആഗസ്റ്റ് 14ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം , ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , കുട്ടികൾക്കും ടീനേജുകാർക്കുമായി സ്കൂൾ അവധിക്കാലത്ത് 2021 ആഗസ്റ്റ് 23 മുതൽ 26 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിൽ ഓൺലൈനിൽ സൂം പ്ലാറ്റ് ഫോമിൽ രണ്ട് ധ്യാനങ്ങൾ നടത്തുന്നു.
www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികളുടെ ധ്യാനം . വൈകിട്ട് 4 മുതൽ രാത്രി 7 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877508926.
സുധീഷ് തോമസ്
സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മിഷനുകളിൽ ഒന്നായ ഓൽഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷനിൽ ആഗസ്റ്റ് എട്ടാം തീയതി ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകിട്ട് 8. 30 pm വരെ ഓൽഫ് മിഷൻ സീനിയർ സ്റ്റുഡൻറ് കൗൺസിലിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ തിരുനാൾ ആഘോഷ പൂർവ്വം നടത്തപ്പെട്ടു. ഒരു പക്ഷെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായിരിക്കും കുട്ടികളുടെ തിരുനാൾ കുട്ടികൾ തന്നെ രൂപകൽപ്പന ചെയ്ത് അവർ തന്നെ ഫണ്ട് സമാഹരിച്ച് കുട്ടികൾ തന്നെ വിവിധ കലാ പരിപാടികൾ ആസൂത്രണം ചെയ്തു തിരുനാൾ ആഘോഷിക്കുന്നത്. കൂടാതെ തികച്ചും കുട്ടിയായ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസിൻ്റെ നാമധേയത്തിലാണ് തിരുനാൾ നടത്തപ്പെട്ടത് .

367 -ഓളം കുട്ടികൾ മതബോധനം അഭ്യസിക്കുന്ന ഓൽഫ് മിഷനിലെ ഭൂരിപക്ഷം കുട്ടികളും അവരുടെ മാതാപിതാക്കളും സ്റ്റോക്ക് ഓൺ ട്രെൻഡിലെ സെൻ്റ് ജോസഫ് ദേവാലയത്തിൽ നടന്ന കുട്ടികളുടെ തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നപ്പോൾ ദേവാലയം വിശ്വാസികളെക്കൊണ്ട് നിറയുകയുണ്ടായി. ഇത് പുത്തൻ ഒരു ആത്മീയ വിശ്വാസ വളർച്ചയ്ക്ക് പ്രചോദനകരമായി. സീറോ മലബാർ സഭയുടെ വിശ്വാസ, പാരമ്പര്യ ആചാര അനുഷ്ഠാനങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കുവാനും അതോടൊപ്പം അവരെ സാമൂഹിക-സാംസ്കാരിക, നേതൃത്വം ആത്മീയ, വിശ്വാസ വളർച്ചയ്ക്ക് യോജ്യമായ രീതിയിൽ ഒരു കൂട്ടായ്മയായി വളർത്തി സഭയ്ക്കും സമൂഹത്തിനും കുടുംബങ്ങൾക്കും മാതൃകയാക്കി വളർത്തുക എന്നതാണ് ഈ തിരുനാൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
മിഷൻ വികാരി ജോർജ് എട്ടു പറയിൽ അച്ചൻ്റെ ശിക്ഷണത്തിൽ കഴിഞ്ഞ കുറെ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വിവിധ ശുശ്രൂഷകളുടെയും പരിപാടികളുടെയും ഫലമായിട്ടാണ് ഈ തിരുനാൾ വിജയപ്രദമായി നടത്തുവാൻ സാധിച്ചത്. അതോടൊപ്പം അച്ചൻ്റെ ദീർഘവീക്ഷണവും സഭയോടുള്ള തീഷ്ണതയും പ്രാർത്ഥനാ ജീവിതവും കൂടാതെ അനുഭവസമ്പത്തും കുട്ടികളെ വാർത്തെടുക്കുന്നതിൽ പ്രചോദനകരമായി എന്ന കാര്യത്തിൽ സംശയമില്ല .

സീനിയർ സ്റ്റുഡൻറ് കൗൺസിൽ ലീഡർമാരായ മോൻസി ബേബി , മെൽവിൻ ബേബി എന്നിവരുടെ നേതൃത്വപാടവവും കുട്ടികളോടുള്ള അവരുടെ സമീപനവും അതിലെല്ലാം ഉപരി ദിവ്യബലിയോടും സഭയോടും ഉള്ള അവരുടെ സ്നേഹവും പ്രാർത്ഥന ജീവിതവും ഒരു പരിധിവരെ കുട്ടികളെ കൂട്ടായ്മയിലും വിശ്വാസത്തിലും വളർത്തുന്നതിനും പ്രചോദനകരമായി . കഴിഞ്ഞ കുറേ മാസങ്ങളായി ഇവരുടെ നേതൃത്വത്തിൽ വിവിധയിനം കമ്മിറ്റികളുടെ പരിപാടികളും ഈ മിഷനിൽ നടത്തിക്കൊണ്ടിരിക്കുന്നു.
മിഷൻ വികാരി ജോർജ് അച്ചൻറെ കാർമികത്വത്തിൽ നടന്ന കുട്ടികളുടെ തിരുനാൾ തിരുക്കർമ്മങ്ങൾ പൂർണമായും ഇംഗ്ലീഷ് ഭാഷയിലുള്ള സീറോ മലബാർ കുർബാനയായിരുന്നു. നമ്മുടെ ആരാധനാക്രമ ത്തിൻറെ മനോഹാരിതയും മഹിമയും അർഥവും കുട്ടികളെ മനസ്സിലാക്കി അവരെ സഭയോടും വിശ്വാസത്തോടും ചേർത്ത് നിർത്തുന്നതിനു വേണ്ടിയായിരുന്നു. തിരുകർമ്മങ്ങൾക്ക് കുട്ടികൾ തന്നെ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു. കുട്ടികൾ തന്നെയാണ് അൾത്താര അലങ്കാരം, കൊയർ, അൾത്താര ശുശ്രൂഷ എന്നിങ്ങനെ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുകയും അതോടൊപ്പം ഇംഗ്ലീഷ് ഭാഷയിലുള്ള സിറോ മലബാർ കുർബാന പൂർണമായി പ്രൊജക്ടർ വഴിയായ വലിയ സ്ക്രീനിൽ തൽസമയത്ത് കാണിച്ചത് കുട്ടികൾക്കും മാതാപിതാക്കൾക്കും പൂർണമായി കുർബാന ഉൾക്കൊള്ളുവാൻ കാരണമായി.

കുട്ടികൾക്ക് വേണ്ടി തിരുനാൾ സന്ദേശം നൽകുന്നതിനുവേണ്ടി സ്‌റ്റോക്ക് ഓൺ ട്രെന്റ് വെയിൽ സെന്റ് ട്രീസാ ചർച്ച് വികാരി ഫാ. മൈക്കിളിനെ ക്ഷണിക്കുകയും അദ്ദേഹം തന്റെ സന്ദേശത്തിൽ കുട്ടികളുടെ ഗണത്തിൽ നിന്ന് വാഴ്ത്തപ്പെട്ടവനായ കാർലോ അക്യൂട്ടീസിന്റെ നാമധേയത്തിൽ കുട്ടികളുടെ തിരുനാൾ നടത്തുന്നത് തികച്ചും ഉചിതമാണെന്നും കൂടാതെ ദിവ്യകാരുണ്യത്തെ അതിയായി സ്നേഹിച്ച കാർലോയുടെ നാമധേയത്തിൽ നടക്കുന്ന തിരുനാളിന് ദിവ്യകാരുണ്യപ്രദക്ഷിണം നടക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് അറിയിച്ചു. വാഴ്ത്തപ്പെട്ട കാർലോയുടെ ജീവിതത്തെ കുറിച്ച് വിശദമായി വിവരിക്കുകയും അതുപോലെ നമ്മുടെ ജീവിതത്തിൽ നമുക്ക് വിശുദ്ധരായി ജീവിക്കാൻ സാധിക്കുമെന്ന മൈക്കിളച്ചൻെറ ഉപദേശം എല്ലാവരും ഹൃദയത്തിലേറ്റെടുത്തു .നമ്മൾ എല്ലാവരും ജനിക്കുന്നത് ഒറിജിനൽ ആയിട്ടാണ് എന്നാൽ ജീവിതത്തിൽ വിവിധഘട്ടങ്ങളിൽ നമ്മൾ തെറ്റായ കാര്യങ്ങൾ കോപ്പി ചെയ്യുന്നത് കൊണ്ടാണ് നമ്മൾ യഥാർഥത്തിൽ വ്യതിചലിക്കുന്നത് എന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുകയുണ്ടായി. കൂടാതെ അദ്ദേഹത്തോടൊപ്പം ക്ഷണിക്കപ്പെട്ട നവ വൈദികനായ ഫാ. യൂജിൻ ജോസഫിൻ്റെ സാന്നിധ്യം കുട്ടികൾക്കും യുവാക്കൾക്കും ആത്മീയ വിശ്വാസവളർച്ചയ്ക്ക് പ്രചോദനമായി.

തിരുനാൾ കുർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും തുടർന്ന് ജസ്റ്റിൻ സാർ, ജാസ്മിൻ ടീച്ചർ തുടങ്ങിയവരുടെ ശിക്ഷണത്തിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾ സ്വരൂപിച്ച 480 പൗണ്ട് കൂടാതെ ദൈനംദിന ജീവിതത്തിന് വേണ്ട വസ്തുവകകൾ സ്റ്റോക്ക് ഓൺ ട്രെൻ്റ് ബെർസലേം കാത്തലിക് ചർച്ച് ചാരിറ്റിയുടെ ഫണ്ടിലോട്ടും അതുപോലെ ഫുഡ് ബാങ്കിലോട്ടും കുട്ടികൾ തന്നെ കൈമാറ്റം ചെയ്തു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവരുടെ പ്രായത്തിനും അഭിരുചിക്കും യോജിച്ച വിധത്തിൽ നടത്തപ്പെടുകയുണ്ടായി. കുട്ടികൾക്കുവേണ്ടി ബൗൺസി കാസ്റ്റിൽ ഒരുക്കിയിരുന്നു. കൂടാതെ നെയിൽപോളിഷ്, ക്വിസ്, ആർട്ട് കോമ്പറ്റീഷൻ, ഹെന്നാ , സ്കാവഞ്ചർ ഹൻഡ്, ബൗളിങ് തുടങ്ങിയ ഒട്ടനവധി പരിപാടികൾ കുട്ടികൾ ആസൂത്രണം ചെയ്യുകയും പങ്കെടുക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും കുട്ടികൾ തന്നെ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് രുചികരമായ ബിരിയാണി വിതരണം ചെയ്തു. സ്റ്റോക്ക് ഓൺ ട്രെൻ്റ് മിഷനിലെ വിമൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ് സ്റ്റാളിൽ നിന്ന് അതീവ രുചികരമായ ഹോം മെയ്ഡ് ഭക്ഷണപാനീയങ്ങൾ ലഭ്യമായത് തിരുനാളാഘോഷങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇടയാക്കി.

വൈകിട്ട് 8 .30 ന് തിരുനാളും മറ്റു പരിപാടികൾക്കും തിരശ്ശീല വീഴുകയും മിഷൻ വികാരി ജോർജ് എട്ടുപറയിൽ അച്ചൻ തൻ്റെ നന്ദി പ്രകാശനത്തിൽ കുട്ടികളുടെ തിരുനാളിന് നേതൃത്വം നൽകിയ സീനിയർ സ്റ്റുഡൻറ് കൗൺസിൽ ലീഡർ മോൻസിബേബി, മെൽവിൻ ബേബി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. അതോടൊപ്പം മാതാപിതാക്കന്മാർക്കും സൺഡേസ്കൂൾ അധ്യാപകർക്കും മറ്റ് കമ്മിറ്റി അംഗങ്ങൾക്കും നന്ദി പറയുകയുണ്ടായി. നമ്മുടെ ക്ഷണം സ്വീകരിച്ച് തിരുനാൾ സന്ദേശം നൽകാൻ എത്തിയ മൈക്കിൾ അച്ചൻ , യൂജിൻ ജോസഫ് എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കുകയുണ്ടായി .
മാർത്തോമ്മാ ശ്ലീഹായിൽ നിന്നും വിശ്വാസം നേരിട്ട് സ്വീകരിച്ച് മാർത്തോമയുടെ മാർഗത്തിൽ സഞ്ചരിക്കുന്ന നമുക്ക് ഇത് അഭിമാനത്തിന്റെ നിമിഷം .നസ്രാണി ചരിത്ര പഠന മത്സരത്തിൽ നസ്രാണി കുടുംബപട്ടം നേടി കേംബ്രിഡ് ജ് റീജിയൻ . രണ്ടാം സ്ഥാനം പങ്കുവച്ച് മാഞ്ചസ്റ്റർ , പ്രെസ്റ്റൺ റീജിയനുകളും മൂന്നാം സ്ഥാനം നേടി ലണ്ടൻ ഗ്ലാസ്‌ഗോ റീജിയനുകളും. ഭാരതത്തിന്റെ മണ്ണിൽ വളർന്ന്, ഇന്ന് ലോകം മുഴുവനും വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്ന ഭാരതസഭയ്ക്ക് അഭിമാനിക്കാം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മണ്ണിൽ സഭയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വിശ്വാസ സമൂഹം വളർന്നുവരുന്നതിൽ. കുടുംബങ്ങൾക്കായി നടത്തിയ ചരിത്രപഠന മത്സരം പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു.
കേംബ്രിഡ്ജ് റീജിയനിലെ ഔർ ലേഡി ഓഫ് വാൽസിഗ്ഹാം മിഷനിലെ ജോണി ജോസഫ് ആൻഡ് ഫാമിലിയാണ് ഒന്നാം സ്ഥാനം നേടിയത് . രണ്ടാം സ്ഥാനം പങ്കുവച്ചത് മാഞ്ചസ്റ്റർ റീജിയനിലുള്ള ഹള്ളിൽ താമസിക്കുന്ന സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷനിലെ സജു പോൾ ആൻഡ് ഫാമിലിയും പ്രെസ്റ്റൻ റീജിയനിലുള്ള സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയിലെ ഷിബു വെളുത്തേപ്പിള്ളി ആൻഡ് ഫാമിലിയുമാണ് . മൂന്നാം സ്ഥാനം പങ്കുവച്ചത് ലണ്ടൻ റീജിയണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ ടെൻഹമിലെ അനുമോൾ കോലഞ്ചേരി ആൻഡ് ഫാമിലിയും ഗ്ലാസ്‌ഗോ റീജിയണിലെ സെന്റ് അൽഫോൻസാ ആൻഡ് അന്തോണി, എഡിൻബറോയിലുള്ള ഷോണി തോമസ് ആൻഡ് ഫാമിലിയുമാണ് . വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ബൈബിൾ അപ്പസ്റ്റോലെറ്റിന്റ എല്ലാവിധ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും അറിയിക്കുന്നു . അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹാശംസകളോടെ ആരംഭിച്ച മത്സരം സഭാ സ്നേഹികൾക്കും ചരിത്രപഠനാർത്ഥികൾക്കും വളരെ ഉപകാരപ്രദമായ രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത് . അവതരണമികവുകൊണ്ടും നൂതനസാങ്കേതിക വിദ്യകളുടെ ഉപയോഗംകൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ മത്സരമാണ് ഇന്നലെ നടന്നത് . രൂപതയുടെ യു ട്യൂബ് ചാനലിലൂടെ ലൈവ് ആയിട്ടാണ് മത്സരങ്ങൾ നടത്തിയത് .
ബിനോയ് എം. ജെ.
മനസ്സ് എന്ന പ്രതിഭാസം ആശയക്കുഴപ്പത്തിന്റെ (conflict)പര്യായം ആകുന്നു. ആശയക്കുഴപ്പത്തിൽ നിന്നും ചിന്ത ഉദിക്കുന്നു. ഈ കാണുന്ന പ്രപഞ്ചം മുഴുവൻ മനസ്സിന്റെയും ആശയക്കുഴപ്പത്തിന്റെയും ചിന്തയുടെയും സൃഷ്ടിയാകുന്നു. അതിനാൽ തന്നെ രാജയോഗത്തിന്റെ ആരംഭത്തിൽ പതഞ്ജലി മഹർഷി ഇപ്രകാരം പറയുന്നു.” യോഗശ്ചിത്തവൃത്തിനിരോധ:” അതായത് മനസ്സിന്റെ പ്രവൃത്തികളെ നിർമ്മാർജ്ജനം ചെയ്യുന്നത് ആകുന്നു ‘യോഗ’.
ആശയക്കുഴപ്പങ്ങൾ എങ്ങിനെ ഉണ്ടാകുന്നു? നിങ്ങളുടെ കുട്ടിയെ നിങ്ങൾ തല്ലുകയോ ശകാരിക്കുകയോ ചെയ്താൽ അത് സ്വാഭാവികമായും കരയുന്നു. തല്ലിന്റെ ശാരീരിക വേദന കൊണ്ടല്ല അത് കരയുന്നത് എന്ന് വ്യക്തം. അതിന്റെ പിറകിൽ ഒരു ആശയക്കുഴപ്പം കിടക്കുന്നു. തന്റെ മാതാപിതാക്കൾ തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്ന് അതുവരെ കുട്ടി കരുതിയിരുന്നു. എന്നാൽ ഇപ്പോൾ മനസ്സിലായി അത് അങ്ങിനെയല്ല എന്ന്. ആയിരുന്നുവെങ്കിൽ അവർ തന്നെ തല്ലുകയോ ശകാരിക്കുകയോ ചെയ്യുമായിരുന്നില്ല. പരസ്പരവിരുദ്ധങ്ങളായ ഈ ആശയങ്ങൾ മനസ്സിൽ പ്രവേശിക്കുമ്പോൾ കുട്ടിക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു. അതിന് ദുഃഖമുണ്ടാകുന്നു.
ഭാരതീയ തത്ത്വചിന്തകന്മാർ മനുഷ്യന്റെ ദുഃഖത്തിനു കാരണം അന്വേഷിക്കുന്നു. അത് ആശയക്കുഴപ്പം തന്നെ എന്ന് പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞന്മാർ അടിവരയിട്ട് പറയുകയും ചെയ്യുന്നു. ആശയ കുഴപ്പങ്ങളിൽ നിന്നും കര കയറിയാൽ ദുഃഖങ്ങളിൽ നിന്നും കര കയറാം. ലളിതമായ ആശയക്കുഴപ്പങ്ങളിൽ തുടങ്ങി സങ്കീർണമായ ആശയക്കുഴപ്പങ്ങൾ വരെ ജീവിതം എന്നും ആശയക്കുഴപ്പങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്നു. ആശയക്കുഴപ്പങ്ങൾ മനസ്സിനെ പ്രക്ഷുബ്ധമാക്കുകയും അതിന്റെ സുതാര്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അപ്പോൾ ഉള്ളിലുള്ള ഈശ്വരന്റെ പ്രകാശം നമ്മളിൽ എത്താതെ പോകുന്നു. സദാ ദുഃഖത്തിൽ കഴിയുന്നവർക്ക് അറിവു കുറയുന്നതിന്റെ കാരണം ഇതാണ്.
നിങ്ങൾ ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും അതിനുള്ള ഓരോ പരിശ്രമത്തിലും നിങ്ങൾ വീണ്ടും വീണ്ടും അതേ പ്രശ്നത്തിൽ വന്നു വീഴുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ഗുരുതരമായ ആശയക്കുഴപ്പത്തിൽ ആണെന്ന് പറയാം. ജീവിതം തന്നെ ഒരു ആശയക്കുഴപ്പമാണ്. നാം ഈ ജീവിതത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുമ്പോൾ, ഈ ശരീരത്തെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ , ഒരു ആശയക്കുഴപ്പത്തിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്. ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുന്ന മനുഷ്യൻ അതിനുള്ള ഓരോ പരിശ്രമത്തിലും വീണ്ടും വീണ്ടും ജീവിത പ്രശ്നങ്ങളിലേക്ക് തന്നെ വഴുതിവീഴുന്നു. ഇത് വിചിത്രമായ ഒരു പ്രതിഭാസമാണ്. എന്നാൽ അതാണ് സദാ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമുക്ക് ജീവിതപ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം വേണം. പ്രശ്നത്തെ കൃത്രിമമായി സൃഷ്ടിക്കാതെ അതിന് പരിഹാരം കണ്ടുപിടിക്കുവാൻ ആവില്ല. ഇപ്രകാരം നാം ഓരോ നിമിഷവും ജീവിതപ്രശ്നങ്ങളെ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ തന്നെ ജീവിതപ്രശ്നങ്ങൾ നൈസർഗ്ഗികമല്ലെന്ന് അനുമാനിക്കാം. സ്വാർത്ഥത കൊണ്ട് വിചാരിക്കുന്നു. വാസ്തവത്തിൽ സ്വാർത്ഥതാ പരിത്യാഗമാകുന്നു ആനന്ദത്തിലേക്കുള്ള വാതിൽ. ജീവിത പ്രശ്നങ്ങൾക്ക് ഉണ്മയില്ല. ഇതൊരുതരം ആശയക്കുഴപ്പം മാത്രമാണ്. ഇതാണ് ഏറ്റവും അടിസ്ഥാനപരമായ ആശയക്കുഴപ്പം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
സ്പിരിച്ച്വൽ ഡെസ്ക്.
ദൈവം കൊടുത്ത കുഞ്ഞുങ്ങളെ സ്വീകരിക്കണമെന്ന് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതിൽ തെറ്റ് എന്തെങ്കിലുമുണ്ടോ?
ക്രിസ്ത്യാനികളുടെ കുടുംബത്തിൽ നിർബന്ധമായും അഞ്ച് കുട്ടികൾ ഉണ്ടായിരിക്കണം എന്ന കല്പന പിതാവ് നൽകിയോ? പിന്നെ എന്താണ് കുഴപ്പം? ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ ചോദിക്കുന്നു. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദേഹം.
പ്രാർത്ഥനയുടെ സമയത്തെ ഇല്ലായ്മ ചെയ്യുന്ന ചാനൽ ചർച്ചകൾ കാണരുത്. സ്വർഗ്ഗത്തിൽ പോകാൻ അതൊന്നും വേണ്ട. അത് കേട്ടാൽ സ്വർഗ്ഗത്തിൽ പോകാതിരുന്നുവെന്നും വരാം. സഭ എന്ത് പറഞ്ഞാലും അതെടുത്ത് അമ്മാനമാടുന്ന സന്തോഷമാണ് ചാനലുകാർക്ക്.
കത്തോലിക്കാ സഭ നടത്തുന്ന ഒരു പ്രസ്ഥാനവും ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമുള്ളതല്ല. അക്രൈസ്തവരായ ആളുകൾ എത്രയോ നമ്മുടെ ദേവാലയത്തിൽ വന്ന് പ്രാർത്ഥിക്കുന്നു. അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നത് മനുഷ്യത്വത്തിൻ്റെ പേരിലാണ്.
മാധ്യമങ്ങളിലൂടെ വിജാരണ ചെയ്യപ്പെടുന്ന വിജാരണയ്ക്ക് നിന്ന് കൊടുക്കേണ്ടവരല്ല കത്തോലിക്കർ.
മാധ്യമങ്ങൾ ഒന്നോർക്കണം. വർഗ്ഗീയത പ്രചരിപ്പിക്കുന്നവരല്ല ക്രിസ്ത്യാനി. പക്ഷേ, വർഗ്ഗ ബോധമുള്ളവരാണ്.
പാലാ രൂപതാധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയെ വളച്ചൊടിച്ച മാധ്യമങ്ങൾക്ക് നൽകിയ മറുപടിയായിരുന്നു കുറവിലങ്ങാട്ട് മർത്തമറിയം ഫൊറോനാ പള്ളിയിൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനിയിൽ നടത്തിയ വചന സന്ദേശം.
പൂർണ്ണരൂപം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ബിനോയ് എം. ജെ.
‘പ്രകൃതി’ എന്നാൽ നിയമങ്ങളുടെ പര്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രകൃതിയിൽ ഉള്ളതെല്ലാം നിയമ ബദ്ധമാണ്. നിയമം കൂടാതെ യാതൊന്നും ഇവിടെ സംഭവിക്കുന്നില്ല. ഈ നിയമങ്ങൾ കണ്ടെത്തുമ്പോഴാണ് പ്രകൃതിയുടെ മേൽ മനുഷ്യന് നിയന്ത്രണം കിട്ടുക. അങ്ങിനെ മാത്രമേ പ്രകൃതിയെ ജയിക്കുവാൻ മനുഷ്യന് കഴിയൂ. അതുകൊണ്ട് മനുഷ്യൻ പ്രകൃതിയെ കുറിച്ച് പഠിച്ചു കൊണ്ടേയിരിക്കുന്നു. പഠിച്ചേ തീരൂ… അപ്പോൾ മാത്രമാണ് മനുഷ്യജീവിതം അർത്ഥവ്യത്താകുന്നത്. പ്രകൃതി ആകട്ടെ മനുഷ്യന് പഠിക്കുവാനുള്ള ഒരു പാഠപുസ്തകം മാത്രവുമാണ്.
അതിനാൽ തന്നെ മനുഷ്യന്റെ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്നതിനായി നൈസർഗികമായ ധാരാളം പ്രകൃതിനിയമങ്ങൾ ഉണ്ടെന്ന് സാമാന്യമായി ഊഹിക്കാം .സമൂഹം പ്രകൃതിയുടെ ഭാഗമാകുന്നു. ഉറങ്ങി കിടക്കുന്ന ഈ സാമൂഹിക നിയമങ്ങളെ കണ്ടെത്തുക മാത്രമാണ് മനുഷ്യന്റെ ധർമ്മം .ഫ്രോയ് ഡും, മാർക് സും മാലിനോസ്കിയും മറ്റും ഇത്തരം നിയമങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ചവരാണ് . പോരാ ! നാമെല്ലാവരും തന്നെ അപ്രകാരം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങൾ ഒരു മനുഷ്യൻ ആണെങ്കിൽ നിങ്ങൾ അത് ചെയ്തേ തീരൂ. അല്ലാതെ മറ്റെന്താണ് നിങ്ങൾക്ക് ചെയ്യുവാനുള്ളത്? മനുഷ്യൻ ആണെന്ന് പറയുകയും മൃഗങ്ങളെപ്പോലെ ജീവിക്കുകയും ചെയ്തിട്ടെന്ത് കാര്യം? അന്വേഷണത്വരയും സർഗ്ഗശേഷിയും എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. അവയുടെ അഭാവത്തിൽ നമ്മുടെ ജീവിതം യാന്ത്രികമാകുന്നു. നമ്മുടെ ജീവിതം അധ:പ്പതിക്കുന്നു.
ഉദാത്തവും അന്വേഷണത്തിൽ അധിഷ്ഠിതവുമായ ഒരു ജീവിതം നയിച്ചുകൊണ്ട് , സമൂഹത്തിൽ മറഞ്ഞു കിടക്കുന്നതും എന്നാൽ അത്യന്തം പ്രാധാന്യമർഹിക്കുന്നതും ആയ നിയമങ്ങളെ കണ്ടുപിടിക്കുക വഴി , സമൂഹത്തിന്റെ ക്ഷേമത്തിനും സ്വന്തം ആത്മസാക്ഷാത്കാരത്തിനും വേണ്ടി പ്രവർത്തിക്കുന്നതിൽ ആധുനികമനുഷ്യൻ പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ പരിണതഫലമായി മനുഷ്യന്റെ സാമൂഹ്യജീവിതം അധംപതിച്ചു കൂപ്പ് കൂത്തിയിരിക്കുന്നു.
ഇന്ന് നാം തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ് ചെയ്തുകൂട്ടുന്നത്. നിയമങ്ങൾ കണ്ടെത്തുന്നതിനു പകരം നാം നിയമങ്ങൾ നിർമ്മിക്കുന്നു. നമ്മുടെ ഭരണാധികാരികളുടെ ഏക ജോലി നിയമങ്ങൾ നിർമിക്കുകയാണ്. ഇവിടെ ഞാൻ ലളിതവും ഗൗരവമുള്ളതുമായ ഒരു ചോദ്യം ഉന്നയിക്കട്ടെ . നിയമങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം മനുഷ്യന് ആരാണ് കൊടുത്തത്? ഈശ്വരനാണ് സമൂഹത്തെയും പ്രകൃതിയേയും സൃഷ്ടിച്ചതെങ്കിൽ, അതിൽ ഈശ്വരൻ നിയമങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. മനുഷ്യന്റെ സാമൂഹ്യജീവിതം തീർച്ചയായും നിയമബദ്ധമാണ്. നമുക്ക് അജ്ഞാതമായ പല നിയമങ്ങളും ഈ സമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അവയെ ലംഘിക്കുവാൻ ആർക്കും കഴിയുകയുമില്ല. അപ്പോൾ കൃത്രിമമായ ഈ നിയമങ്ങൾ ആർക്കുവേണ്ടി? എന്തിനുവേണ്ടി?
ഇത് കുത്തക ശക്തികൾ തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതിനു വേണ്ടി മാത്രം ചെയ്യുന്നതാണെന്ന് കാറൽ മാർക്സും മറ്റും വാദിക്കുന്നു .അത് ശരിയുമാണ്. സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയിൽ ഇതിന്റെ പത്തിലൊന്നുപോലും നിയമങ്ങളുടെ ആവശ്യമില്ല . കമ്യൂണിസത്തിൽ ആകട്ടെ യാതൊരുവിധ നിയമങ്ങളും ആവശ്യമില്ല. കൃത്രിമമായ നിയമങ്ങൾ തിരോഭവിക്കുന്നിടത്ത് നൈസർഗ്ഗികമായ നിയമങ്ങൾ കണ്ടുപിടിക്കാനുള്ള വ്യഗ്രത കൂടും. അവിടെ മനുഷ്യൻ പ്രകൃതിയുമായി രമ്യതയിലും താളത്തിലും നീങ്ങുന്നു. ഇതാകുന്നു മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം. കൃത്രിമ നിയമങ്ങൾ ഓരോന്നോരോന്നായി എടുത്തുകളയണം എന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. അത്തരം സമൂഹത്തിൽ സ്വാതന്ത്ര്യവും അച്ചടക്കവും സ്വമേധയാ വന്നുചേരുന്നു. അവിടം സ്വർഗ്ഗതുല്യമാകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
സൗത്തെൻഡ് ഓൺ സീ: ലോകം നേരിട്ട മഹാമാരിയിൽ നിന്ന് കാത്തു രക്ഷിച്ച ദൈവത്തിനു നന്ദിയേകികൊണ്ട് ഇന്നലെ സൗത്തെൻഡ് ഓൺ സീയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും കഴിഞ്ഞ ശനിയാഴ്ച്ച കുഞ്ഞുങ്ങളുടെ ദിവ്യകാരുണ്യ സ്വീകരണവും ഫാദർ ജോസഫ് മുക്കാട്ടിന്റെയും ഫാദർ ജോഷി തുമ്പക്കാട്ടിന്റെയും മുഖ്യ കാർമികത്വത്തിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.
ഇത്രയും നാൾ ആപത്തൊന്നുമേശാതെ നോക്കി നടത്തിയ നല്ല നാഥന്റെ കാരുണ്യവും സ്നേഹവുമെല്ലാം ഉച്ചത്തിൽ പ്രഖ്യാപിച്ചുകൊണ്ട് സൗത്തെൻഡ് ഓൺ സീയിൽ അനുഗ്രഹ പെരുമഴയിൽ പങ്കെടുക്കുവാൻ പരിശുദ്ധാത്മാവിന്റെ സ്നേഹവായ്പ്പിൽ മുങ്ങി നിവർന്ന് കുഞ്ഞുണ്ണികളുടെ മാമ്മോദീസ സ്വീകരണവും യേശുവാകുന്ന മുന്തിരിച്ചെടിയുടെ ശാഖകളിലേക്ക് ഒട്ടിച്ചേർക്കപെട്ടു കൂടുതൽ ഫലം നൽകുവാനായി ഒത്തുചേർന്ന കുഞ്ഞുമക്കളുടെ കുർബാന സ്വീകരണവും എല്ലാത്തിനും താളവും മേളവും തിളക്കവും നൽകാനായി വിശുദ്ധ അൽഫോൻസമ്മയുടെ പെരുന്നാളും ഭക്തിയാദരപൂർവ്വം കൊണ്ടാടി.
റീനു ട്രീസ റോയി, ജോവിറ്റ സാബു സെബാസ്റ്റ്യൻ, മെറിൻ അഞ്ചാണ്ടിൽ, ആൻഡ്രിൻ സെബാൻ ജെയ്‌സൺ, ആരോൺ മാത്യു ടോജി, ആഷെർ എനോച് കുറ്റിക്കാടൻ തോമസ് ……. എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങി എത്തിയത്. ഇതിടൊപ്പം റൂബൻ കുറ്റിക്കാടൻ തോമസിന്റെ മാമ്മോദീസായും നടക്കുകയുണ്ടായി.

വല്യപ്പന്മാരുടേയും വല്യമ്മമാരുടെയുമൊക്കെ അനുഗ്രഹാശിസുകളോടെ നടത്തപെടാൻ ഏറെ ആഗ്രഹിച്ചിരുന്ന കുഞ്ഞുങ്ങൾക്ക് നമ്മുടെ നാടിൻറെ വീര്യം ഒട്ടും തന്നെ കളയാതെ വേദോപദേശങ്ങൾ അതിന്റെതായ ചൈതന്യത്തിൽ പകർന്നു കൊടുക്കാൻ യത്നിച്ച ജിഷ നൈസും ഈ ഒരു നിമിഷത്തെ സ്വർഗ്ഗതുല്യമാക്കാൻ ശ്രുതിമധുരഗാനമാലപിച്ച ഗായഗസംഗത്തിനും ജോലിഭാരമെല്ലാം മാറ്റിവച്ചു എല്ലാ ഇടവക അംഗങ്ങളുടെയും സാരധിയായ് നിന്ന് യെത്നിച്ച ട്രസ്റ്റി ടീമിനും ഏറ്റവുമുപരി എല്ലാത്തിനും ചുക്കാൻ പിടിച്ചു മുന്നോട്ടു നടത്തിയ ഞങ്ങളുടെ ബഹുമാനപെട്ട ജോസഫ് അച്ഛനും ഞങ്ങൾ ഇടവകയുടെ സ്‌നേഹാദരവുകൾ…..
വാർത്ത
ജോസ്‌ന സാബു സെബാസ്റ്റ്യൻ
സ്റ്റോക്ക് ഓണ്‍ ട്രെന്ഡ്: സ്റ്റോക്ക് ഓൺ ട്രെന്റിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ചിരകാല അഭിലാഷത്തിന് സാക്ഷാൽക്കാരം. യുകെയിലേക്കുള്ള പ്രവാസജീവിത നാളുകലും വർഷങ്ങളും കടന്നു പോയിട്ടും തങ്ങളുടെ വിശ്വാസ ജീവിത സാഹചര്യങ്ങൾക്ക് ഒരു പള്ളി വേണം എന്ന ചിന്തയും അതിനുള്ള ശ്രമങ്ങളുമാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്.
യുകെ – അയർലൻഡ് ഇടവകകളുടെ പാത്രിയാർക്കൽ വികാരി അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയാണ് ഇതിനുള്ള അനുമതി കൊടുത്തിരിക്കുന്നത്. ‘സെന്റ് കുര്യയാക്കോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കോൺഗ്രിഗേഷൻ’ എന്നാണ് സ്റ്റോക്ക് ഓൺ ട്രെന്റ് ഇടവകയെ നാമകരണം ചെയ്‌തിരിക്കുന്നത്. ഇരുപതോളം കുടുംബങ്ങൾ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇപ്പോൾ ഉള്ളത്. ഇടവക ഇൻചാർജ് ആയി ഫാദർ ഗീവർഗ്ഗീസ് തണ്ടായതിനാണ് ഇപ്പോഴുള്ള താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശ്വാസികളുടെ നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ആകെതുകയാണ് സ്റ്റോക്ക് വിശ്വാസ സമൂഹത്തിന് ഉണ്ടായ ഇപ്പോഴത്തെ ആഗ്രഹ സഫലീകരണം. മാസത്തിലെ എല്ലാ മൂന്നാം ഞായറാഴ്ച്ചയും സ്റ്റോക്ക് ഓൺ ട്രെന്റിൽ കുർബാന ഉണ്ടാകുന്നതാണ്.
വിശ്വാസികൾ ആയിരിക്കുന്ന സ്ഥലത്തു തന്നെ ഒരു പള്ളി ലഭിച്ചപ്പോൾ അതിയായ സന്തോഷം ഇടവക അംഗങ്ങൾ പങ്കുവെക്കുന്നു. കേരളത്തിലെ സാമൂഹിക ചുറ്റുപാടുകളിൽ നിന്നും പ്രവാസികളായി യുകെയിലേക്കു പറിച്ചു നടപ്പെട്ട ആദ്യകാലങ്ങളിൽ ആര്ക്കും ഇല്ലാതിരുന്ന ആശങ്കകൾക്ക് തുടക്കം കുറിച്ചത് കുട്ടികൾ ഉണ്ടാകുകയും, അവരുടെ വളർച്ചയിൽ മാതാപിതാക്കൾ പിന്തുടർന്ന് വളർന്ന ജീവിത സാഹചര്യങ്ങളും മൂല്യങ്ങളും എങ്ങനെ പകർന്നു നൽകും എന്ന ചിന്ത ഉടലെടുത്തതോടെയാണ്.

കുട്ടികളുടെ ജീവിതത്തിൽ സ്വാധീനിക്കുന്നത് അവർ കാണുന്നതും ജീവിക്കുന്നതുമായ സമൂഹത്തിലെ സാമൂഹിക ചുറ്റുപാടുകൾ ആണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും നല്ലതേത് ചീത്തയേത് എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ഒരു പരിധിവരെ വിശ്വാസങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ട വസ്തതുതയാണ്.
പള്ളിയുടെ ട്രസ്റ്റിയായി ബിനോയി കുര്യനും (07525013428) സെക്രട്ടറി ആയി റെയ്‌നു തോമസും (07916292493) സേവനം ചെയ്യുന്നു. എല്ലാ ശിശ്രുഷകൾക്കും സ്റ്റാഫോർഡ് ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും അംഗങ്ങളെയും പ്രാർത്ഥനാപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായും പള്ളി കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജെനറൽ മോൺ . ജിനോ അരീക്കാട്ട് എം.സി.ബി.എസ്. എഴുതിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനം “തൂവെള്ളയപ്പത്തിൽ” എന്ന ഗാനം നവമാധ്യമങ്ങളിൽ വൈറൽ ആയി മുന്നേറുന്നു , ക്രിസ്തീയ ഭക്തിഗാന രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഫാ. മാത്യൂസ് പയ്യപ്പിള്ളിൽ എം.സി.ബി.എസ് സംഗീതം നിർവഹിച്ച ഈ ഗാനം ഒരാഴ്ച കൊണ്ട് തന്നെ യൂട്യൂബിൽ ഇരുപത്തി ഒരായിരത്തിലേറെ ആളുകളാണ് കേട്ടത് .
കെസ്റ്ററിന്റെ സ്വർഗീയ ശബ് ദത്തിൽ റെക്കോർഡ് ചെയ്തിരിക്കുന്ന മനോഹരമായ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫാ. ബിബിൻ ഏഴുപാക്കൽ എം.സി.ബി.എസ് ആണ് , വിശുദ്ധ കുർബാന സ്വീകരണത്തിന് ആലപിക്കാവുന്ന ഭക്തി നിർഭരമായ രീതിയിൽ ലളിതമായ വരികളും , സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കരണവും ഏറെ ശ്രദ്ധേയമായിട്ടുണ്ട് .
യു കെ മലയാളിയായ ജോബി സൈമൺ താഴത്തെറ്റ് നിർമ്മിച്ച ഈ ആൽബത്തിൽ ഫാ. ജോബി തെക്കേടത്ത് , ടിജോ ജോസ് , സ്കറിയ ,ജെറി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത് , ഒട്ടേറെ ക്രിസ്തീയ ഗാനങ്ങൾക്ക് ഓർക്കസ്‌ട്രേഷൻ നിർവ ഹിച്ചിട്ടുള്ള പ്രതിഭാ ധനനായ സംഗീതജ്ഞൻ ബിനു മാതിരമ്പുഴ ആണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത് , സോഷ്യൽ മീഡിയയിൽ ഇതിനോടകം ഹിറ്റായ ഈ ഗാനത്തിന്റെ കരോക്കെയും യു ട്യൂബിൽ ലഭ്യമാണ് . പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ശുശ്രൂഷകളിൽ ഒക്കെ ഗായകസംഘങ്ങൾ ആലപിക്കുവാൻ തുടങ്ങിയ ഈ ഗാനം ഒട്ടേറെ ഹൃദയങ്ങൾക്ക് ശാന്തിയും സമാധാനവും പകർന്നു നൽകും എന്നുറപ്പാണ്.