പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ പ്രത്യേകമായി ധ്യാനിച്ചു പ്രാര്‍ത്ഥിക്കുന്ന മാസമാണല്ലോ മെയ് മാസം. ഇതിലൂടെ അമ്മയെ വണക്കുകയാണ് നാമോരോരുത്തരും. മാതാവിന്റെ വണക്കമാസത്തിലെ ചിന്തകള്‍ ഒരുപാട് ഉണര്‍വ്വുകള്‍ ചെറുപ്പ കാലം മുതലേ ലഭിച്ചിട്ടുണ്ട്.
ഇന്നത്തെ ചിന്ത പരിശുദ്ധ അമ്മയുടെ മരണത്തെപ്പറ്റിയാണ്. കന്യകാമറിയത്തിന്റെ മരണത്തെപ്പറ്റി സുവിശേഷങ്ങളില്‍ വ്യക്തമായ പരാമര്‍ശങ്ങളില്ല. ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ പരിശുദ്ധ അമ്മയുടെ ഉറക്കതിരുന്നാള്‍ പൗരസ്ത്യ സഭാ സമൂഹങ്ങളില്‍ ആഘോഷിച്ചിരുന്നതായി കാണാം. ഓഗസ്റ്റ് 15 ന് കൊണ്ടാടിയിരുന്ന ഈ തിരുന്നാള്‍ പാശ്ചാത്യ സഭയില്‍ സ്വര്‍ഗ്ഗാരോഹണ തിരുന്നാളായി ആചരിച്ചിരുന്നു. ജെറുസലേമിലെ സഭയില്‍ ഒരു പാരമ്പര്യം ഉണ്ടായിരുന്നു. അപ്പസ്‌തോലന്മാരുടെ സാന്നിധ്യത്തില്‍ മറിയത്തിന്റെ കബറടക്കം നടക്കുമ്പോള്‍ തോമസ്സ് അപ്പസ്‌തോലന്‍ അവിടെ ഇല്ലായിരുന്നു. തോമസ്സിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മൂന്നാം ദിവസം കല്ലറ തുറന്നപ്പോള്‍ കബറിടത്തില്‍ മറിയത്തിന്റെ ശരീരം കണ്ടില്ല. വിശ്വാസവും വസ്തുതയും ഭാവനയും കൂടിയ ഒരു വിവരണമാണിത്. എട്ടാം നൂറ്റാണ്ടില്‍ വി. ജോണ്‍ ഡമഫീന്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ജനതകളുടെ പ്രകാശം എന്ന പ്രമാണരേഖയില്‍ സഭയുടെ വിശ്വാസം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്. അമലോത്ഭവ മറിയം ഉദ്ഭവപാപക്കറയില്‍ നിന്ന് സ്വതന്ത്രയാക്കപ്പെട്ടു. തന്റെ ഭൗതീക ജീവിതത്തിന് ശേഷം സ്വര്‍ഗ്ഗീയ തെജസ്സിലേയ്ക്ക് ആത്മാവോടും ശരീരത്തോടും കൂടി എടുക്കപ്പെട്ടു. എല്ലാത്തിന്റെയും റാണിയായി നാഥന്‍ ഉയര്‍ത്തപ്പെട്ടു.
ഏതു തരം ശരീരമാണ് ഉത്ഥാനംചെയ്യുന്നത്? പൗലോസ് ശ്ലീഹാ ഇപ്രകാരം വിവരിക്കുന്നുണ്ട്. ‘നീ വിതയ്ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കില്‍ അത് പുനര്‍ജീവിക്കുന്നില്ല. ഇപ്രകാരം തന്നെയാണ് മരിച്ചവരുടെ പുനരുത്ഥാനവും. വിതയ്ക്കുന്നത് ഭൗതീക ശരീരം. പുനര്‍ജീവിക്കുന്നത് ആത്മീയ ശരീരവും’ ( 1 കൊറി. 15:4244) രൂപാന്തരപ്പെട്ട ശരീരമായതുകൊണ്ടാണല്ലോ ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ ശിഷ്യന്മാര്‍ അവരെ തിരിച്ചറിയാതെ പോയത്. യേശു മരിച്ച് രൂപാന്തരപ്പെട്ട് ഉത്ഥിതനായി. മറിയവും മരിച്ച് രൂപാന്തരപ്പെട്ട് സ്വര്‍ഗ്ഗാരോപിതനായി എന്ന് വിശ്വസിക്കാം.
നന്മ നിറഞ്ഞവളായി വചനം തന്നില്‍ രൂപം കൊള്ളാന്‍ സമ്മതം കൊടുത്തു. കര്‍ത്താവിന്റെ അമ്മ എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ ഗര്‍ഭസ്ഥ ശിശു യോഹന്നാന്‍ തുള്ളിച്ചാടി. യേശുവിന്റെ മനുഷ്യാവതാരം മുതല്‍ കുരിശുമരണം വരെ യേശുവിനോട് കൂടി സഞ്ചരിച്ചു. കുരിശില്‍ വെച്ച് മറിയത്തെ അമ്മയായി താന്‍ സ്‌നേഹിക്കുന്ന ശിഷ്യനു കൊടുത്തു. അതു കൊണ്ടായിരിക്കാം യേശു സ്‌നേഹിക്കുന്ന ശിഷ്യന്റെ പേര് ഒരിടത്തും പറയാത്തത്. നമ്മുടെ ഓരോരുത്തരുടെയും പേര് അവിടെ എഴുതണം. വിശ്വാസികളുടെ എല്ലാം സഭയുടെ അമ്മയായിരിക്കുകയാണ് മറിയം. ഈ വെളിപ്പെടുത്തലിലൂടെ യോഹന്നാന്റെ സുവിശേഷത്തിലെ വലിയ മരിയന്‍ രഹസ്യ മാണിത്. യേശുവിന്റെ കൂടെ ചിന്തിച്ച്, ധ്യാനിച്ച്, സഹിച്ച്, ദൈവതിരുമനസ്സ് നിറവേറ്റി നടന്നാല്‍ നാമും രൂപാന്തരപ്പെടും.
ഈ രൂപാന്തരപ്പെടലിന് നാം തയ്യാറാകുന്നുണ്ടോ? ക്രിസ്തു മരിയന്‍ രഹസ്യങ്ങള്‍ ധ്യാനിക്കുന്ന ഈ ദിവസങ്ങളില്‍ രൂപാന്തരപ്പെടാനായി നമുക്കും തയ്യാറെടുക്കാം. എന്റെ ശരീരവും ആത്മാവും അതിനുള്ളതാണ്. അത് വികലമാക്കാതിരിക്കാം. അനീതിയും വിദ്വേഷവും ശത്രുതയും അശുദ്ധിയും നമ്മുടെ ശരീരത്തേയും അത്മാവിനെയും കളങ്കിതമാക്കാതെ സൂക്ഷിക്കാം. പരിശുദ്ധ അമ്മയുടെ സഹായം യാചിക്കാം.
പ്രാര്‍ത്ഥന.
പ. കന്യകയെ, അങ്ങയുടെ മരണം ഒരു സ്‌നേഹ നിദ്രയായിരുന്നുവല്ലോ. അങ്ങയുടെ ദിവ്യകുമാരനോട് ഐക്യപ്പെടുവാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയുടെ പൂര്‍ത്തീകരണമായിരുന്നു. നാഥേ, ഞങ്ങള്‍ നല്ല മരണം ലഭിച്ച് അങ്ങയോടും അങ്ങേ
ദിവ്യകുമാരനോടും കൂടി സ്വര്‍ഗ്ഗീയ സൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കേണമേ. ഞങ്ങളുടെ നിത്യരക്ഷയുടെ പ്രതിബന്ധങ്ങള്‍ നിരവധിയാണ്. അവയെ വിജയപൂര്‍വ്വം തരണം ചെയ്തു നിത്യാനന്ദത്തില്‍ എത്തിച്ചേരുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ.
സുകൃതജപം.
ദൈവമാതാവേ, ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിനാലാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനമാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിനാലാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പന്തക്കുസ്ത തിരുന്നാളിന് ഒരുക്കമായിട്ട് ഉയിര്‍പ്പിലെ ഏഴാമത്തെ ഞായറാഴ്ചയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി.
ഇതുവരെയും മിശിഹാ എനിക്ക് സമാധമായിട്ടില്ലെങ്കില്‍ ഈ പന്തക്കുസ്ത തിരുന്നാളിലൂടെ മിശിഹാ എനിക്ക് സമാധാനമാകണമെന്ന് ഓരോ വ്യക്തിയും ചിന്തിക്കേണ്ട സമയമാണിതെന്ന് തന്റെ സന്ദേശത്തിലൂടെ അഭിവന്ദ്യ പിതാവ് വിശ്വസികളെ ഓര്‍മ്മപ്പെടുത്തി.
അഭിവന്ദ്യ പിതാവ് ഇന്ന് നല്‍കിയ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം. താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ഷിബു മാത്യൂ
പരിശുദ്ധ അമ്മയുടെ വണക്കമാസം കാലം കൂടാന്‍ ഇനി എട്ട് ദിവസം. മെയ് ഒന്നു മുതല്‍ മലയാളം യുകെ സ്പിരിച്വല്‍ ടീം തയ്യാറാക്കിയ ദൈവമാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനയിലുടനീളം കാണുവാന്‍ സാധിച്ചത് നല്ല മാതാവേ മരിയേ…എന്നുള്ള പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥനാ ഗാനമായിരുന്നു. ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. വല്യമ്മച്ചിമാര്‍ കൊച്ചു മക്കളെ മടിയിലിരുത്തി പാടി കേള്‍പ്പിച്ച ഗാനമാണിത്. ഇതവര്‍ പാടി കേള്‍പ്പിച്ചപ്പോള്‍, ഈ ഗാനത്തിന് വാദ്യോപകരണങ്ങളുടെ സംഗീതവും സൗന്ദര്യവും ഇല്ലായിരുന്നു. പല്ലു കൊഴിഞ്ഞ വല്യമ്മച്ചിമാര്‍ കൊച്ചു മക്കളെ മടിയില്‍ ഇരുത്തി തളര്‍ന്ന ഹൃദയം കുഞ്ഞു ഹൃദയത്തോട് ചേര്‍ത്ത് വെച്ച് പാടി കേള്‍പ്പിച്ചപ്പോഴുള്ള ഹൃദയത്തിന്റെ ചൂട് മാത്രമായിരുന്നു ഈ ഗാനത്തിന്റെ സംഗീതം.
ക്രൈസ്തവര്‍ക്ക് നിരവധി ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോജി കോട്ടയം വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ വണക്കമാസം കാലം കൂടുമ്പോള്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിക്കുകയാണ് നല്ല മാതാവേ മരിയേ എന്നുള്ള ഗാനം. അദ്ദേഹത്തോടൊപ്പം വിശ്വാസത്തിന്റെ സൗന്ദര്യത്തില്‍
പാടുകയാണ് കേരള ക്രൈസ്തവര്‍ ഈ ഗാനം.
വണക്കമാസനാളില്‍ മലയാളം യുകെ സ്പിരിച്വല്‍ ഡെസ്‌ക്ക് പ്രസിദ്ധീകരിക്കുന്ന ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ എന്ന ആദ്ധ്യത്മിക ശുശ്രൂഷയയില്‍ പങ്കുകൊള്ളുന്ന എല്ലാ വിശ്വാസികളിളേയും പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ..
വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ജോജി കോട്ടയം പാടിയ മാതാവിന്റെ പ്രാര്‍ത്ഥനാ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
വാദ്യോപകരണങ്ങളുടെ അകംപടിയോടെ ഈ ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
മോണ്‍. ഫാ. ജിനോ അരീക്കാട്ട് MCBS
പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും ചെറുപ്പം മുതലേ എനിക്ക് ലഭിക്കാനുള്ള കാരണം എന്റെ കുടുംബാന്തരീക്ഷം തന്നെയാണ്. അപ്പച്ചനുള്‍പ്പെടെ ഏഴ് മക്കള്‍ അടങ്ങുന്ന തറവാടു കുടുംബമാണെന്റെത്. കുടുംബ പ്രാര്‍ത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു ഞങ്ങളുടെ തറവാട്ടില്‍. വൈകിട്ട് ഏഴു മണി എന്ന സമയത്ത് മക്കളും കുഞ്ഞുമക്കളും എല്ലാം പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂടണമായിരുന്നു. അത് അമ്മാമയ്ക്ക് (വല്യമ്മ) നിര്‍ബന്ധമാണ്. വണക്കമാസ നാളുകള്‍, ഒക്ടോബറിലെ ജപമാലകള്‍ അങ്ങനെ പരിശുദ്ധ അമ്മയുടെ തിരുന്നാളുകള്‍ക്ക് പ്രത്യേകമായ ഒരു പ്രാധാന്യം ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളുടെ അമ്മാമ കൊടുക്കുന്നുണ്ടായിരുന്നു. മാതാവിനെ കൂട്ടുപിടിച്ചാണ് മക്കളെയെല്ലാം വളര്‍ത്തി വലുതാക്കിയതെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്ന അമ്മാമയുടെ സ്വരത്തിലാണ് ഇപ്പോഴും നല്ല മാതാവേ മരിയേ… എന്ന വണക്കമാസത്തിന്റെ ഗാനം എന്റെ ചെവിയില്‍ മുഴങ്ങുന്നത്..അത്രയേറെ പ്രാധാന്യത്തോട് കൂടി കുടുംബത്തെ മുഴുവനായി പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകളായിരുന്നു.
എന്റെ ഇടവക ദേവാലയം തന്നെ ജപമാല രാജ്ഞിയായിട്ടുള്ള പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ളതാണ്. സെന്റ് മേരി ഓഫ് റൊസറി കാരൂര്‍ അതാണ് എന്റെ ഇടവക ദേവാലയം. വണക്കമാസം, കൊന്ത നമസ്‌കാരം മുതലായ പ്രാര്‍ത്ഥനകള്‍ക്ക് വളരെ പ്രാധാന്യം കൊടുക്കുകയും മാതാവിന്റെ എല്ലാ തിരുന്നാളുകളും പ്രത്യേകിച്ച് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ അത് ഏറ്റവും അഘോഷമായി ഇടവക തിരുന്നാള്‍ പോലെ ആഘോഷിക്കുകയും അങ്ങനെ പരിശുദ്ധ അമ്മയെപ്പറ്റി ധാരാളം കേള്‍ക്കാന്‍ ഇടവരികയും ചെയ്തിട്ടുണ്ട്. അതുപോലെ കുട്ടിക്കാലത്ത് വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി CLC എന്ന ആത്മീയ സംഘടനയില്‍ അംഗമാകാനും, അമ്മയിലൂടെ ഈശോയിലേയ്ക്ക് എന്ന് ഞങ്ങളുടെ വിശ്വാസ പരിശീലകര്‍ പഠിപ്പിച്ച വാക്കുകളും ഇന്നും എന്റെ മനസ്സിലുണ്ട്. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയാണ് പരിശുദ്ധ അമ്മയെന്നും അമ്മ പറഞ്ഞു കഴിഞ്ഞാല്‍ നിരാകരിക്കാന്‍ ഈശോയ്ക്ക് പറ്റില്ല എന്നും ചെറുപ്പത്തിലെ പഠിപ്പിച്ച വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ നില്ക്കുന്നതുകൊണ്ടാണ് സെമിനാരി ജീവിതത്തിലും തുടര്‍ന്നുള്ള പരോഹിത്യ ജീവിതത്തിലുടനീളം പ്രത്യേകമായി പരിശുദ്ധ അമ്മയെ കൂട്ടു പിടിക്കാനുള്ള കാരണം. സെമിനാരി ജീവിതത്തില്‍ ഞങ്ങളുടെ ഗുരുഭൂതരിലൂടെ പൗരോഹിത്യ പരിശീലനത്തിന്റെ സമയത്ത് എപ്പോഴും കൂടെ നടക്കുന്ന ഒരു മദ്ധ്യസ്ഥയായി പരിശുദ്ധ അമ്മയെ തെരെഞ്ഞെടുക്കണം എന്ന് പഠിപ്പിച്ചതൊക്കെ ഇപ്പോഴും മനസ്സിലുണ്ട്.
വിശ്വാസവുമായും ആത്മീയ ജീവിതവുമായും ബന്ധപ്പെട്ട തളര്‍ച്ചകളിലേയ്ക്ക് പോകുമ്പോള്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ചാല്‍ അമ്മ ഈശോയിലേയ്ക്ക് കൊണ്ടു പോകും എന്ന ഉറപ്പ് ഗുരുഭൂതരിലൂടെ എനിക്ക് ലഭിച്ചിട്ടുണ്ട്. അതേ സമയത്ത് തന്നെ 1996ലാണ് എന്റെ അമ്മച്ചിയുടെ ഇളയ സഹോദരി കഞ്ചിക്കോടുള്ള റാണി ജോണ്‍, മേമ്മ എന്നാണ് ഞങ്ങള്‍ വിളിക്കുക. ആ മേമ്മയിലൂടെ പരിശുദ്ധ അമ്മയുടെ വെളിപാടുകളും സന്ദേശങ്ങളുമൊക്കെ വായിക്കാന്‍ ഇടവരുത്തിയിട്ടുമുണ്ട്. പല അത്ഭുതങ്ങളും നേരില്‍ കാണുവാനും സാധിച്ചിട്ടുണ്ട്. ഒത്തിരിയേറെ സാന്നിധ്യത്തിലൂടെയും സഹവാസത്തിലൂടെയും അവരുമായിട്ടുള്ള സംസാരത്തിലൂടെയുമൊക്കെ പരിശുദ്ധ അമ്മ എത്രമാത്രം ഈ ലോകത്തെ ഈശോയുമായി അടുപ്പിക്കാനായിട്ട് ശ്രമിക്കുന്നുണ്ട് എന്നുള്ളത് വലിയൊരറിവായിരുന്നു.. അതുപോലെ സെമിനാരിയില്‍ നാല് മണിക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്. അതിന്റെ അവസാനം ചൊല്ലുന്നത് ദിവ്യകാരുണ്യ നാഥേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ എന്നാണ്.. ആദ്യത്തെ സക്രാരിയായ പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യനാഥയായിട്ട് ഹൃദയത്തില്‍ സ്വീകരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുണ്ട്. പൗരോഹിത്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രായത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ ഞാന്‍ ആശ്രയിച്ചതും പരിശുദ്ധ അമ്മയില്‍ തന്നെയാണ്. കാരണം അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ലെന്നും അമ്മ പറഞ്ഞാല്‍ ഈശോയ്ക്കത് നിരാകരിക്കാനാകില്ല എന്ന വലിയൊരു വിശ്വാസത്തിലാണ് ഓരോ കാര്യവും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനായിട്ട് ഇടവന്നിട്ടുള്ളത്. തുടര്‍ന്നങ്ങോട്ട് യുകെയിലെ പ്രവാസ ജീവിതത്തിലും ഏതൊക്കെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ കൈയ്യിലുള്ള ജപമാലയില്‍ ഒരു പിടുത്തം എപ്പോഴും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ പരിശുദ്ധ അമ്മയോട് അത്രയേറെ സ്‌നേഹവുമുണ്ട്. അമ്മയേക്കുറിച്ച് എന്തുമാത്രം പറയാന്‍ പറഞ്ഞാലും അത്രയേറെ സന്തോഷത്തോടെ ഞാനത് ചെയ്യും. കാരണം ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ് ഞങ്ങളെടുത്തിരിക്കുന്ന വ്രതങ്ങള്‍ ബ്രഹ്മചര്യവും ദാരിദ്രവും അനുസരണവും ഒറ്റവരിയില്‍ സമര്‍പ്പിച്ച അമ്മയെ കൂട്ട് പിടിച്ച് ഈ സന്യസ്ത ജീവിതം മുന്നോട്ട് പോകുമ്പോള്‍ എത്രയേറെ വീണുപോയാലും തകര്‍ന്നും തളര്‍ന്നും പോയാലും പരിശുദ്ധ അമ്മയുടെ കരം പിടിക്കുവാനുള്ള ഒരു ശ്രമം നടത്തിയാല്‍ അമ്മ നമ്മളേയും കൊണ്ട് ഈശോയിലേയ്ക്ക് പൊയ്‌ക്കോളും. അത്രയേറെ വിശ്വാസമുള്ളതുകൊണ്ടുതന്നെ എല്ലാവരോടുമുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ്. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെയ്ക്ക് നിങ്ങളുടെ വ്യക്തി ജീവിതങ്ങളെയും കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും എല്ലാം സമര്‍പ്പിച്ച് കൊണ്ട് പ്രാര്‍ത്ഥിക്കുക. അമ്മ നമ്മളെ മുഴുവനായി സ്വീകരിച്ച് ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് സമര്‍പ്പിക്കും.
ഒരുമിച്ച് പ്രാര്‍ത്ഥിക്കാം.
അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മേ, എന്നും എപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ കാവലായിരിക്കേണമെ. വിശുദ്ധി ഞങ്ങളുടെ ജീവിതത്തില്‍ കുറഞ്ഞു പോകുമ്പോള്‍ പരിശുദ്ധ അമ്മേ അങ്ങ് ഞങ്ങള്‍ക്ക് കൂട്ടിനുണ്ടാകേണമെ. ദു:ഖങ്ങള്‍, ദുരിതങ്ങള്‍, രോഗങ്ങള്‍, അസ്വസ്തതകള്‍, മാനസിക സംഘര്‍ഷങ്ങള്‍, ജീവിത പ്രതിസന്ധികള്‍ എന്നിവ ഞങ്ങളെ അലട്ടുമ്പോള്‍ പരി. അമ്മേ ഞങ്ങള്‍ക്ക് വേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കാനുണ്ടാകേണമേ. നന്മ നിറഞ്ഞ പരിശുദ്ധ അമ്മേ എപ്പോഴും പാപികളായ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നീയുണ്ടാകേണമേ..
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും.
ആമ്മേന്‍.
സുകൃതജപം.
കൃപയുടെ നിറകുടമായ മറിയമേ! ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമേ…
എന്റെ അമ്മാമ എന്നെ പഠിപ്പിച്ച ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിരണ്ടാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. സഹ രക്ഷകയായ പരിശുദ്ധ അമ്മയെക്കുറിച്ചാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പറയുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിരണ്ടാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്വല്‍ ഡെസ്‌ക്ക്. മലയാളം യുകെ.
ക്രൈസ്തവര്‍ യേശുവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ആഘോഷിച്ചു. ഈശോയുടെ സ്വര്‍ഗ്ഗാരോഹണം ക്രിസ്ത്യാനികള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്? ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളില്‍ രൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തു. ഈശോയുടെ മഹത്വം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നിറഞ്ഞ് നില്‍ക്കുകയാണ്. ഈശോ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍ പിശാച്, പാപം, മരണം, ലോകം എന്നിവ പരാചയപ്പെടുകയാണ് ചെയ്തത്. ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിലൂടെ ശിരസ്സ് അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹത്വം ശരീരം കൂടി അനുഭവിക്കാന്‍ പോവുകയാണ്. സമാധാനത്തിന്റെ ദൈവമാണ് ഇതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നത്.
തിരുസഭയുടെ വാക്കും പ്രവര്‍ത്തിയും ഈശോയുടെ വാക്കും പ്രവര്‍ത്തിയുമാണെന്ന് സ്ഥിതീകരിക്കപ്പെടണം.
എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിന്‍ എന്ന് പറയുന്ന രൂപതാധ്യക്ഷന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ഷിബു മാത്യൂ
ഈശോ മിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ. മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ മിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മയ്ക്കുള്ള സ്ഥാനം പോലെ, നമ്മുടെ ജീവിതത്തിലും പരിശുദ്ധ അമ്മയുടെ സ്ഥാനം എന്താണ് എന്ന് വിശദീകരിക്കുകയാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത് എന്നാണ് ഫാ. ബിനോയിയുടെ അഭിപ്രായം. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ അതേ രൂപത്തില്‍ തന്നെയാണ് മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം തീയതി അവതരിപ്പിച്ചിരിക്കുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗര്‍ ഇടവകയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി സേവനമനിഷ്ഠിക്കുന്ന ഫാ. ബിനോയി ആലപ്പാട്ട് ക്ലരീഷ്യന്‍ മിഷിനറീസ് സഭാംഗമാണ്. കേരളത്തില്‍ കുട്ടനാട്ടിലെ തെക്കേക്കരയിലാണ് ഫാ. ബിനോയിയുടെ ജന്മദേശം. കരിസ്മാറ്റിക് ധ്യാനഗുരു കൂടിയാണദ്ദേഹം.
മരിയഭക്തി ആധുനിക തലമുറയിലും വളര്‍ത്തുക എന്ന ലക്ഷ്യവുമായി മലയാളം യുകെയുടെ സ്പിരിച്ച്വല്‍ ടീം ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ എന്ന തലക്കെട്ടില്‍ മെയ് ഒന്നു മുതല്‍ മാതാവിന്റെ വണക്കമാസം പ്രിയ വായനക്കാര്‍ക്കായി പ്രസിദ്ധീകരിച്ചു വരികയാണ്. വളരെ നല്ല പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിശുദ്ധ അമ്മയിലൂടെ ലഭിച്ച അനുഗ്രഹം വിശ്വാസികളുമായി പങ്കുവെയ്ക്കാന്‍ ബഹുമാനപ്പെട്ട വൈദീകര്‍ അടക്കം നിരവധിയാളുകള്‍ മലയാളം യുകെ സ്പിരിച്ച്വല്‍ ടീമിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം തീയതി ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകജനതയെ യേശുവിൽ ഐക്യപ്പെടുത്തുന്നതിനായി അഭിഷേകാഗ്നി കാത്തലിക്റ മിനിസ്ട്രിയുടെ നേതൃത്വത്തിൽ വ.ഫാ.സേവ്യർ ഖാൻ വട്ടായിലും സഹ വൈദികരും ശുശ്രൂഷകരും നയിക്കുന്ന പന്തക്കുസ്ത ഒരുക്ക ധ്യാനം “ഹോളി ഫയർ” മെയ് 21 ന് നാളെമുതൽ 30 വരെ പത്ത് ദിവസത്തേക്ക് ഓൺലൈനിൽ നടക്കും.
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ.സോജി ഓലിക്കൽ , ഫാ. സാജു ഇലഞ്ഞിയിൽ , ഫാ.റെനി പുല്ലുകാലായിൽ , ഫാ.സാംസൺ മണ്ണൂർ ,ഫാ. ജോയ് ചെമ്പകശ്ശേരിൽ , ഫാ. ഷൈജു നടുവത്താനിയിൽ ,ഫാ.ഷിനോജ് കളരിക്കൽ,ഫാ.നോബിൾ തോട്ടത്തിൽ,ഫാ.ക്രിസ്റ്റോ തെക്കനാത്ത് ,സിസ്‌റ്റർ എയ്‌മി എമ്മാനുവേൽ എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകളിൽ വട്ടായിലച്ചനൊപ്പം പങ്കെടുക്കും.
AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും, ഫേസ് ബുക്ക് പേജിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
മലയാളത്തിലുള്ള കൺവെൻഷൻ ഇന്ത്യൻ സമയം വൈകിട്ട് 4 മുതൽ 6 വരെയായിരിക്കും എല്ലാ ദിവസവും. യുകെ സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും . ഇന്ത്യൻ സമയത്തിനു ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് അത്ഭുത അടയാളങ്ങളും , രോഗശാന്തിയും ജീവിത നവീകരണവും വഴിയായി പുതിയ പന്തക്കുസ്‌ഥാനുഭവം സാധ്യമാക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
സാജു വർഗീസ് 07809 827074.