വിശ്വാസികളെ ഞെട്ടിച്ച് കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ദേഹാസ്വാസ്ഥ്യം എന്ന വാർത്ത പുറത്ത് വരുന്നത്.. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നോമ്ബ് കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്നു. റോമിലെ ബസിലിക്കയില്‍ നോമ്ബിന്റെ ഭാഗമായി മറ്റ് വൈദികര്‍ക്കൊപ്പം നിശ്ചയിച്ചിരുന്ന കുര്‍ബാനയാണ് മാര്‍പാപ്പ ഒഴിവാക്കിയത്. മറ്റു പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് നടത്തിയതായി വത്തിക്കാന്‍ അറിയിച്ചു.
ഇറ്റലിയില്‍ കൊറോണ വൈറസ് പടരുന്നതു മൂലം മാര്‍പാപ്പയുടെ ദേഹാസ്വാസ്ഥ്യം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച നടന്ന വിഭൂതി ചടങ്ങുകള്‍ക്കിടെ മാര്‍പാപ്പയുടെ സ്വരം ഇടറുകയും ചുമയ്ക്കുകയും ചെയ്തിരുന്നു. സാന്റ മാര്‍ത്തയിലെ വസതിയില്‍ തന്നെയാണ് അദ്ദേഹം കൂടുതല്‍ സമയവും ചിലവിടുന്നത്. മാര്‍പാപ്പയുടെ അസുഖം സംബന്ധിച്ച് വത്തിക്കാനില്‍ നിന്ന് കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും പുറത്തിവിട്ടിട്ടില്ല.
ബിനു ജോർജ്
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ പിആർഓ ആയി ഫാ. ടോമി എടാട്ട് നിയമിതനായി. രൂപതയുടെ സ്ഥാപനം മുതൽ പിആർഒ ആയി പ്രവർത്തിച്ചിരുന്ന ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സഹചര്യത്തിലാണ് പുതിയ പിആർഒ ആയി ഫാ. ടോമി എടാട്ടിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ, ലണ്ടൻ റീജിയണൽ കോ-ഓർഡിനേറ്റർ എന്നീ സുപ്രധാന പദവികൾ വഹിക്കുന്ന ഫാ. ടോമി എടാട്ട് എയ്‌ൽസ്‌ഫോർഡ് സെന്റ്. പാദ്രെ പിയോ മിഷൻ, ലണ്ടൻ സെന്റ് മാർക്ക് മിഷൻ എന്നിവയുടെ ഡയറക്ടർ കൂടിയാണ്. കൂടാതെ മരിയൻ മിനിസ്ട്രി യുകെയുടെ സ്പിരിച്വൽ ഡയറക്ടർ എന്ന നിലയിലും സേവനം അനുഷ്ഠിക്കുന്നു.
തലശേരി രൂപതാംഗമായ ഫാ. ടോമി എടാട്ട് 2016 ൽ ഉപരിപഠനത്തിനായാണ് യുകെയിലെത്തിയത്. യുകെയിൽ മനഃശാസ്ത്രത്തിൽ ബിരുദാനന്തരപഠനം പൂർത്തിയാക്കിയ ഫാ. ടോമി ഈ വിഷയത്തിൽ റിസർച്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. യുകെയിലെ പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ ഇദ്ദേഹം യുകെയിൽ അങ്ങോളമിങ്ങോളമായി നിരവധി വചനശുശ്രൂഷകൾക്ക് ആത്മീയ നേതൃത്വം കൊടുത്തുവരുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ടീനേജഴ്‌സിനുമായി ക്‌ളാസുകളും ട്രെയിനിംഗ് പ്രോഗ്രാമുകളും കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയ വ്യക്തിത്വം കൂടിയാണ് ഫാ. ടോമി. തലശേരി രൂപതയിൽ സേവനമനുഷ്ഠിക്കുന്ന സമയത്ത് മലബാർ മേഖലയിൽ നിരവധി കർഷക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള അച്ചൻ ഗാനരചയിതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനാണ്.
രൂപതയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വാർത്തകളും വിവരങ്ങളും ഇനി ലഭ്യമാകുന്നത് പുതിയ പിആർഒ വഴിയായിരിക്കുമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ അറിയിച്ചു. ഏറ്റെടുക്കുന്ന കാര്യങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ കുറ്റമറ്റതായി ചെയ്തു ഫലപ്രാപ്തിയിലെത്തിക്കുന്ന ടോമി അച്ചന്റെ പ്രവർത്തനശൈലി രൂപതയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ മുതൽകൂട്ടാകും എന്നതിൽ സംശയമില്ല.
സുധീഷ് തോമസ്
സ്റ്റോക്ക് ഓൺ ട്രെൻഡിലെ പരിശുദ്ധ നിത്യസഹായ മാതാവിന്റെ പള്ളിയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 24ന് . വൈകിട്ട് 6 മണിയ്ക്ക് സ്റ്റോക്ക് പള്ളിയിൽ വച്ച് ഇടവക വികാരി റവ. ഫാദർ ജോർജ് എട്ടുപറയിൽ ദിവ്യബലി അർപ്പിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ആദ്യമായി വലിയ നോമ്പുകാലത്ത് ഓൾഫ് സ്റ്റോക്ക് മിഷൻ സെന്ററിന്റെ കീഴിൽ 50 ദിവസവും സീറോമലബാർ ആരാധനക്രമത്തിലുള്ള ഇംഗ്ലീഷ് കുർബാന ഉണ്ടായിരിക്കുന്നതാണ്.
കുട്ടികൾ ആത്മീയതയിലും വിശുദ്ധിയിലും വളരുന്നതിനും നോമ്പുകാലത്തെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി 50 ദിവസവും സീറോ മലബാർ കുർബാന ഉണ്ടായിരിക്കുന്നതായി ഇടവകവികാരി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
എന്ന് ട്രസ്റ്റിമാർ
ജിജോ ജോസഫ്, സിബി ജോസ്, സിബി പൊടിപാറ, ബ്ലസൻ കോലഞ്ചേരി
സ്ഥലത്തിൻെറ വിലാസം : STOKE CHURCH
ST4 7LT
ഫാ. ഹാപ്പി ജേക്കബ്
പരമ കാരുണ്യവാനായ ദൈവം നമുക്ക് ഓരോരുത്തർക്കും ദൈവഹിതം അറിയുവാനും ശുദ്ധമുള്ള നോമ്പിലൂടെ ശുദ്ധീകരിക്കപ്പെടുവാനും ഒരു അവസരം കൂടി നൽകിയിരിക്കുകയാണ്. സാധാരണ ജീവിത ക്രമീകരണങ്ങളിൽ നിന്നും മാറി ആത്മീകതയെ പുൽകി ദൈവചൈതന്യത്തെ തിരഞ്ഞെടുക്കുവാൻ ഈ അവസരത്തെ നമുക്ക് വിനിയോഗിക്കാം.നോമ്പിന്റെ ആദ്യദിനത്തിൽ ചിന്തക്കും ധ്യാനത്തിനും ആയി ലഭിച്ചിരിക്കുന്ന വേദഭാഗം വി. യോഹന്നാൻ 3 :1 – 6. നമ്മുടെ കർത്താവ് ആദ്യമായി ചെയ്ത അടയാളമായി ഈ ഭാഗം നാം വായിക്കുന്നു. പരിവർത്തനത്തിലൂടെ അമൂല്യമായ തലത്തിലേക്ക് മാറ്റപ്പെടുന്ന ഒരു ചിന്തയാണ് ഈ ഭാഗം നമുക്ക് കാണിച്ചു തരുന്നത്. ഒരുപാട് അർത്ഥതലങ്ങൾ ഈ വേദചിന്തയിൽ നമുക്ക് മനസ്സിലാക്കാം. അതിനാൽ ചിലതും ഇന്ന് നാം ഓർക്കേണ്ടതുമായ ചില കാര്യങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു.
നമ്മുടെ വളർച്ചയും, സാമൂഹിക ഉന്നതിയും, ജീവിതനിലവാരവും ഒക്കെ ദൈവാനുഗ്രഹമായും കഴിവിന്റെ ഫലങ്ങളായും ഒക്കെ നാം കരുതാറുണ്ട്.അതിൽ യാതൊരു തെറ്റും കാണാനും ഇല്ല. എന്നാൽ ഓരോ പടി നാം കയറുമ്പോഴും പല അവസരങ്ങളിലും ദൈവിക ബോധ്യം നഷ്ടപ്പെടുകയും സ്വയം എന്ന ചിന്ത ഉയരുകയും ചെയ്യും. എല്ലാ സൃഷ്ടികളിൻ മേലും തനിക്ക് അധികാരം ഉണ്ടെന്നും വാക്ക് കൊണ്ട് പോലും അവസ്ഥകൾക്ക് മാറ്റം വരുത്തുവാൻ ദൈവത്തിനു കഴിയും എന്ന് നാം ഓർക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്ന് ഈ ഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവന്റെയും ആത്മാവിന്റെയും പ്രതീകമായി രൂപാന്തരത്തിലൂടെ ലഭിച്ച വീഞ്ഞിനെ നമുക്ക് കാണാം. ലോക മോഹങ്ങളിൽ ഉറ്റിരുന്ന ഓരോരുത്തരും നോമ്പിലൂടെ പുതുജീവൻ പ്രാപിക്കാനുള്ള ആഹ്വാനമായി നാം മനസ്സിലാക്കുക. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയത് കഴിഞ്ഞു പോയി ഇതാ അവൻ പുതുതായി തീർന്നിരിക്കുന്നു.2 കോരി 5 :17.
സാമാന്യ ബോധ ചിന്തയിൽ മാറ്റം എല്ലാ സൃഷ്ടികൾക്കും അനിവാര്യമാണ്. മാറ്റപ്പെടുവാൻ പറ്റാത്ത ഒന്നു മാത്രമേയുള്ളൂ മരണം. എന്നാൽ ഓരോ ദിവസവും നാം മാറ്റപ്പെട്ട് കൊണ്ടിരിക്കുന്നു. രൂപത്തിലും, പ്രായത്തിലും സംസാരത്തിലും – അതല്ല ഇവിടെ പ്രതിപാദിക്കുന്നത്. ആത്മീകമായ മാറ്റം. അതിന് നാം ആശ്രയിക്കേണ്ടത് ദൈവിക ധ്യാനവും പ്രാർഥനയും ആണ്. ആഗ്രഹം ഉണ്ട് എങ്കിലും ഈ മാറ്റത്തിന് വിഘാതമായി നിൽക്കുന്ന എല്ലാ സ്വഭാവങ്ങളും നോമ്പിലേക്ക് പ്രവേശിക്കും മുൻപ് തന്നെ നാം ഉപേക്ഷിക്കണം. അല്ല എങ്കിൽ അതൊക്കെ പ്രലോഭനങ്ങളായി നമ്മെ പിന്തുടരും.
ദൈവികമായ മഹത്വം വെളിപ്പെടുത്തി അനേകം ആളുകൾക്ക് നമ്മുടെ കർത്താവ് ദൈവീക പാത കാട്ടിക്കൊടുത്തു. ഈ ചിന്തകൾ കടന്നുവരുമ്പോഴും മനസ്സിനെ അലട്ടുന്ന ധാരാളം സംഭവങ്ങൾ ലോകത്തിന്റെ പല കോണുകളിലും നടമാടുന്നു.അല്പം ശ്രദ്ധ, അല്പം വീണ്ടുവിചാരം, അല്പം ക്ഷമ, അല്പം സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ സംഭവങ്ങളും കാണുമ്പോൾ ഓർമവരുന്നു. വളർത്തി വലുതാക്കിയ മാതാപിതാക്കളെ നൊന്തപ്പെറ്റ മക്കളെ ഒക്കെ കൊലയ്ക്ക് കൊടുക്കുവാൻ ഒരു ലജ്ജയും ഇല്ലാത്ത തലമുറ നമ്മുടെ ഇടയിൽ തന്നെ ഉണ്ട് എന്ന് വിസ്മരിക്കരുത്. എന്തിന് ഇത് ഇവിടെ പറഞ്ഞു എന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളൂ. പരിചാരകരോടെ അവൻ പറയുന്നത് പോലെ ചെയ്യുവിൻ എന്ന് പറഞ്ഞ പരിശുദ്ധ മാതാവ് ദൈവീക പ്രവർത്തനം നടക്കുവാൻ നാം ചെയ്യേണ്ടത് എന്താണ് എന്ന് പഠിപ്പിച്ച് തരുന്നു.
നാമും നമ്മുടെ കൂടെ ഉള്ളവരും വിശുദ്ധിയുടെ അടുത്തേയ്ക്ക് വരുവാൻ അവൻ (കർത്താവ് ) പറയും പോലെ അനുസരിക്കുക. നിന്റെ ഏതവസ്ഥ ആയാലും അതിൽ നിന്നും രൂപാന്തരപ്പെടുവാൻ വിശ്വാസത്തോടെ നോമ്പിലേക്ക് പ്രവേശിക്കാം. നോമ്പ് ശാരീരിക അഭ്യാസമല്ല ഭക്ഷണപദാർത്ഥങ്ങൾ വർജിക്കണം. ആത്മീകമായി ബലപ്പെടണം. നോമ്പ് ശത്രുവായ സാത്താന് എതിരായുള്ള യുദ്ധം ആണ്. പല പ്രലോഭനങ്ങളിലും പിശാച് നമ്മെ വീഴ്ത്തും. എന്നാൽ അവിടെ വീണു പോകാതെ നിലനിൽക്കണം എങ്കിൽ ആത്മീകമായ ബലം ധരിക്കണം.
ധ്യാനത്തിന്റേയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റേയും അമ്പത് ദിനങ്ങൾ ആരംഭിക്കുകയാണ്. ഓരോദിനവും മരിക്കപ്പെടുവാനല്ല പകരം പുതുക്കപ്പെടുവാൻ നമുക്ക് ഇടയാകണം. മനുഷ്യർ കാണുന്നതിനല്ല പകരം ദൈവം കരുണ കാണിക്കുവാനാകണം നോമ്പ് നോൽക്കേണ്ടത്. വീണ്ടെടുപ്പിന്റെ ദിനങ്ങളിലേയ്ക്ക് അടുത്തു വരുവാൻ ദൈവമേ എനിക്കും ഇടവരുത്തണമേ എന്ന് പ്രാർത്ഥിച്ച് ശുദ്ധമുള്ള ഈ നോമ്പിനെ നമുക്ക് സ്വാഗതം ചെയ്യാം. ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക. പ്രാർത്ഥനയിൽ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
ഷൈമോൻ തോട്ടുങ്കൽ
ഡെറി സെന്റ് മേരീസ് പള്ളിയിൽ നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മാതാവിന്റെ ദർശന തിരുനാൾ പൂർവാധികം ഭംഗിയോടെ ഫെബ്രുവരി 22 ന് ആഘോഷിക്കുമെന്ന് റെവ.ഫാ. ജോസഫ് കറുകയിൽ അറിയിച്ചു ,രാവിലെ പതിനൊന്നരക്ക് കൊടിയേറ്റ് ലദീഞ്ഞ് , പ്രസുദേതി വാഴ്ച , തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന , പ്രദിക്ഷിണം എന്നിവയും നടക്കും , ഫാ. ഫാൻസ്വാ പത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് കാർമികത്വം വഹിക്കും, തുടന്ന് അടിമവെക്കൽ , തിരുനാൾ ഏറ്റെടുക്കൽ , സ്നേഹ വിരുന്നു എന്നിവയും നടക്കും , കഴുന്ന് നേർച്ചക്കുള്ള പ്രത്യേക സംവിധാനവും തിരുനാളിനോട് അനുബന്ധിച്ചു ഉണ്ടായിരിക്കും .
മലയാളം യുകെ ന്യൂസ് ടീം.
മാഞ്ചെസ്റ്റർ. മാവേലിക്കരയിലുള്ള പൗലോസ് മാർ പക്കോമിയോസ് ശാലോം ഭവനിന് വേണ്ടി മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് നടത്തിയ ഫണ്ട് റെയ്‌സിംഗ് ഇവന്റ് “സ്നേഹസ്പർശം” ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച മാഞ്ചെസ്റ്ററിലെ ബോൾട്ടണിലുള്ള ഔവർ ലേഡി ഓഫ് ലൂർദ്ദ് ഹാളിൽ വച്ച് നടത്തപ്പെട്ടു. വൈകുന്നേരം നാല് മണിക്ക് മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടറിയും മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ന്യൂകാസിൽ സെൻറ് തോമസ്സ് ചർച്ച്, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ചർച്ച് എന്നീ ഇടവകകളുടെ വികാരിയുമായ റവ. ഫാ. ഹാപ്പി ജേക്കബ്ബ് ചാരിറ്റി ഇവന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ മലയാളം യുകെ ന്യൂസ് ഡയറക്ടർ ജോജി തോമസ്, സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി ബിനോയ് മാത്യൂ, സെക്രട്ടറി ലിറ്റോ ടൈറ്റസ്, ബോൾട്ടൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സോജി തേവര, മർത്തമറിയം സമാജം സെക്രട്ടറി സൂസൻ സജി, സൺഡേ സ്കൂൾ ഹെഡ് ടീച്ചർ ലിബി റോയ് എന്നിവർ സന്നിഹിതരായിരുന്നു. “ഹൃദയം” അത് മലിനമാകാതെ കാത്ത് സൂക്ഷിക്കണം. അതാവണം ഓരോ ക്രൈസ്തവന്റെയും ജീവിത ലക്ഷ്യം. വാക്കുകളിലുള്ള കരുണയല്ല വേണ്ടത്. പ്രവർത്തിയിലുള്ള കരുണയാണ് അഭികാമ്യം. ഉദ്ഘാടന പ്രസംഗത്തിൽ ഫാ. ഹാപ്പി ജേക്കബ്ബ് പറഞ്ഞു. മലയാളം യുകെ ന്യൂസ് ഡയറക്ടർ ജോജി തോമസ് ആശംസകളർപ്പിച്ച് സംസാരിച്ചു. യുകെയിലെ പ്രമുഖ ചാരിറ്റി ഗ്രൂപ്പായ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സെക്രട്ടറി ടോം ജോസ് തടിയംപാട് സ്നേഹസ്പർശത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് സിംഫണി ഓർക്കസ്ട്ര കീത്തിലിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ കലാവിരുന്ന് നടന്നു.
ഒരു രജിസ്‌ട്രേഡ് ചാരിറ്റി ആയ സെന്റ് ജോർജ് ഇടവക, മാസങ്ങൾക്കു മുൻപേ ഈ ചാരിറ്റി ഇവെന്റിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. വിവിധങ്ങളായ ധനസമാഹരണ പ്രവർത്തനങ്ങൾ ഇടവകാംഗങ്ങളുടെയും, സമീപ പ്രദേശങ്ങളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളുടെയും, സന്മനസ്സുള്ള വ്യക്തികളുടെയും അകമഴിഞ്ഞ സഹകരണത്തോടെ വളരെ വിജയകരമായി നടത്തുവാനായി എന്ന് ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു. “സ്നേഹ സ്പർശം” (a touch of love) എന്ന പേരിൽ അറിയപ്പെട്ട ചാരിറ്റി ഫണ്ട് റെയ്‌സിംഗ് പ്രവർത്തനങ്ങൾ ശനിയാഴ്ച്ച വൈകിട്ട് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് കലയുടെയും ഭക്ഷണത്തിന്റെയും വിർന്നുന്നൊരുക്കിയ ഒരു സന്ധ്യയോടെ സമാപിച്ചു.
എന്റർടൈൻമെന്റ് ഈവനിംങ്ങിന് സിംഫണി ഓർക്കസ്ട്ര കീത്തിലി നേതൃത്വം നൽകി. മധുരമായ സംഗീതവും അതോടൊപ്പം കാണികളേയും കൂടി ഉൾപ്പെടുത്തിയ വിവിധ പരിപാടികളിലൂടെയും സദസ്സിനെ കൈയ്യിലെടുക്കുവാൻ സിംഫണിക്കു കഴിഞ്ഞു എന്ന് പരിപാടിയുടെ മുഖ്യ കോഓർഡിനേറ്റർ ആയ ബൈജു ജോൺ പറഞ്ഞു. അതേസമയം ഇരുപതിൽ പരം രുചികരമായ കേരള തനിമയുള്ള നാടൻ ഭക്ഷണ വിഭവങ്ങൾ ഒരുക്കി സണ്ടർലാണ്ടിൽ നിന്നെത്തിയ റെജി തോമസ് അതിഥികൾക്ക് കേരള രുചിയിലുള്ള വിഭവസമൃദ്ധമായ ഒരു നല്ല സായാഹ്നം ഒരുക്കിയെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ചാരിറ്റി ഇവന്റിനെ പിന്തുണക്കുവാൻ വിവിധ ഡാൻസ് ഗ്രൂപ്പുകളിലെ പ്രതിഭകളും എത്തിയിരുന്നു. നൃത്ത വിസ്മയം ഒരുക്കുവാൻ പുഷ്പാഞ്ചലി ഡാൻസ്, Aimz Bolly ഡാൻസ്, ജൂം ബോൾട്ടൻ എന്നിവിടങ്ങളിലെ താരങ്ങളാണ് എത്തിയത്. പ്രവേശന ടിക്കറ്റ് വച്ച് നടത്തിയ ഈ പരിപാടിയുടെ ഏറ്റവും വലിയ വെല്ലുവിളി കാണികൾക്കു ആസ്വാദന മികവുള്ള കാര്യപരിപാടികൾ നൽകുക എന്നുള്ളതായിരുന്നു. അത് സാധ്യമാക്കുവാൻ സ്റ്റേജ് നിറഞ്ഞാടിയ കലാപ്രകടനങ്ങൾക്ക് അക്ഷരം പ്രതി കഴിഞ്ഞു എന്നത് പ്രശംസനാർഹമാണ്.
സെന്റ് ജോർജ് ചർച്ച് സ്ഥിതി ചെയ്യുന്ന ബോൾട്ടണിലെ മലയാളീ അസോസിയേഷൻ “സ്നേഹ സ്പർശം” ഇവന്റിനോട് അകമഴിഞ്ഞ് സഹകരിച്ചു. ഫണ്ട് റേസിങ്ങിന്റെ ഭാഗമായി റാഫിൾ ടിക്കറ്റുകൾ വിറ്റഴിക്കുവാൻ ഇടവക ജനങ്ങളോടൊപ്പം പല വ്യക്തികളും സ്ഥാപനങ്ങളും കൈ കോർത്തു. നറുക്കെടുക്കപെട്ട ടിക്കറ്റുകളുടെ നമ്പർ ഇവയാണ്: ഒന്നാം സമ്മാനം: 1221, രണ്ടാം സമ്മാനം: 2253, മൂന്നാം സമ്മാനം: 1370 എന്നിവയാണ് . വിജയികൾക്ക് സ്കോട്ലാന്റിൽ പ്രവർത്തിക്കുന്ന പോപ്പുലർ പ്രൊട്ടക്ട് ഇൻഷുറൻസ് ഡീലേഴ്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ഫാ. ഹാപ്പി ജേക്കബ് വിതരണം ചെയ്തു. അതോടൊപ്പം സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ച് ലിവർപൂൾ, സെന്റ് ജോർജ് ചർച്ച് പ്രെസ്റ്റൺ എന്നിവയും ഈ പരിപാടിയോട് സഹകരിച്ചു. സ്പോൺസേഴ്‌സ് (Royal Healthcare, Vivir Enterprises, Popular Protect, Allied Financial Services, etc) പരിപാടിയുടെ വിജയത്തിനായി സംഭാവനകൾ നൽകുകയുണ്ടായി.
ഇടവക ജനങ്ങളുടെ ഒത്തൊരുമിച്ചുള്ള കഠിന പ്രയത്നമാണ് ഈ സംരംഭത്തിന്റെ വിജയമെന്ന് സെക്രട്ടറി ശ്രീ ലിറ്റോ ടൈറ്റസ് പറഞ്ഞു. സ്വന്തമായി ഒരു പള്ളി എന്ന സ്വപ്നത്തിനു കൈ കോർത്ത് പിടിച്ച ഇടവക ജനങ്ങൾ, ഒരിക്കൽ കൂടി ഒരു ചാരിറ്റി ഇവന്റിന് വേണ്ടി തങ്ങളാലാവുന്ന എല്ലാ സഹകരണങ്ങളും നൽകി, പണമായും കഠിനാധ്വാനമായും. കമ്മിറ്റി അംഗങ്ങളോടൊപ്പം ഇടവകയിലെ വിവിധ പോഷക സഘടനകൾ ആയ MOMS, Youth എന്നിവ വേണ്ടും വിധം ഇതിനോട് സഹകരിച്ചു. ഫേസ്ബുക് ഫണ്ട് റേസിംഗ് വഴിയും ഒരു തുക സമാഹരിക്കുവാനായി. സ്നേഹസ്പർശത്തിന്റെ മീഡിയ പാർട്ണർ ആയ മലയാളം യുകെ, പ്രോഗ്രാമിന്റെ വിജയത്തിന് ആദ്യം മുതലേ നേതൃത്വം വഹിച്ചു. പരിപാടിക്ക് ആദ്യം മുതലേ എല്ലാവിധ സഹായങ്ങളും നൽകിയ മറ്റു സബ് കമ്മിറ്റി അംഗങ്ങളായ ശ്രീ സുരേഷ് ഡാനിയേൽ, രഞ്ചി വർഗീസ് , സൂസൻ സജിൻ, ആനി സാബു, ആനി സജി എന്നിവരെയും ഫാ ഹാപ്പി ജേക്കബ് അഭിനന്ദിച്ചു.
വരവ് ചെലവ് കണക്കുകൾ ചിട്ടപ്പെടുത്തന്നതേ ഉള്ളുവെങ്കിലും, നല്ലൊരു തുക സമാഹരിക്കുവാനായി എന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ട്രസ്റ്റി ബിനോയി മാത്യു പറഞ്ഞു. ശാലോം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കപ്പെടുക. ഒമ്പതു മണിയോടെ പരിപാടികൾ അവസാനിച്ചു. ഏപ്രിൽ ആദ്യവാരത്തോടെ സമാഹരിച്ച തുക മാവേലിക്കരയിലെ ശാലോം ഭവന് കൈമാറും.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നടത്തുന്ന ഗ്രാൻന്റ് മിഷൻ 2020 — നോമ്പുകാല കുടുംബ നവീകരണ ധ്യാനം ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിൽ ഫെബ്രുവരി 21 മുതൽ ഏപ്രിൽ 7 വരെ വിവിധ മിഷൻ സെന്ററുകളിലും പ്രൊപ്പോസ്ഡ് മിഷൻ സെന്ററുകളിലായും നടത്തപ്പെടും. പ്രശസ്ത വചനപ്രഘോഷകനും ബൈബിൾ പണ്ഡിതനുമായ റവ.ഫാ. മാത്യു പയ്യപ്പള്ളി MCBS ആയിരിക്കും ധ്യാനം നയിക്കുക.
നമ്മുടെ കർത്താവീശോമിശിഹാ തന്റെ പീഡാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും നമുക്ക് നേടിത്തന്ന നിത്യരക്ഷയെ വീണ്ടും ധ്യാനിക്കുന്ന കാലമാണ് നോമ്പുകാലം. ഉത്‌ഥാനത്തിന്റെ മഹത്വം നമുക്ക് നേടിത്തരുന്ന രക്ഷാകര സത്യങ്ങളെ ക്രൂശിതനോട് ചേർത്തുപിടിച്ച് നമുക്കു ധ്യാനിക്കാം. ഈ ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹം പ്രാപിക്കുവാൻ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോ-ഓർഡിനേറ്റർ റവ. ഫാ.പോൾ വെട്ടിക്കാട്ട് സിഎസ് ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ധ്യാനവിശദാംശങ്ങൾ താഴെ ചേർത്തിരിക്കുന്ന ലിസ്റ്റ് പ്രകാരം
റവ. ഫാ. പോൾ വെട്ടിക്കാട്ട് CST
ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ഫിലിപ്പ് കണ്ടോത്ത് – റീജിയണൽ ട്രസ്റ്റി
07703063836
റാംസ്‌ഗേറ്റ് . തിരുവചന വ്യാഖ്യാനത്തിന്റെ ഉറവിടം തിരുസഭയാണെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ മിഷനുകളിലെയും , പ്രപ്പോസ്ഡ് മിഷനുകളിലെയും കൈക്കാരൻമാർക്കും ,മതബോധനാധ്യാപകർക്കുമായി റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാനം ഉത്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .പ്രശസ്ത ധ്യാന ഗുരുവായ റെവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആണ് ധ്യാനം നയിക്കുന്നത് . രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുന്നൂറ്റി അൻപതോളം പ്രതിനിധികളാണ് ഈ ത്രിദിന ദാനത്തിൽ പങ്കെടുക്കുന്നത് . വെള്ളിയായാഴ്ച വൈകുന്നേരം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ ബലിയോടെയാണ് ധ്യാനം ആരംഭിച്ചത് . രൂപതാ വികാരി ജെനറൽമാരായ മോൺ . ആന്റണി ചുണ്ടെലിക്കാട്ട് , മോൺ . സജിമോൻ മലയിൽപുത്തന്പുരയിൽ ,ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റെവ. ഫാ. ജോർജ് പനക്കൽ , റെവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ,റെവ. ഫാ.ജോയി വയലിൽ , റെവ ഫാ. ജോബിൻ കോശാക്കൽ തുടങ്ങിയവർ സഹ കാർമ്മികരായിരുന്നു .വെള്ളിയാഴ്ച ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകുന്നേരം ആണ് അവസാനിക്കുന്നത് ,ധ്യാനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കൈക്കാരൻമാരുടെയും മതബോധാനാധ്യാപകരുടെയും പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും .
ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മെയ് 23 നു നടത്തുന്ന എയിൽസ്‌ഫോർഡ് മരിയൻ തീർഥാടനത്തോടനുബന്ധിച്ച് രൂപതാ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ യു കെ യിലെ സീറോ മലബാർ മിഷനുകളിലെയും , വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെയും ഗായകസംഘങ്ങൾക്കായി മരിയൻ സംഗീത മത്സരം സംഘടിപ്പിക്കുന്നു . ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും , രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും ,മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും , നാലും അഞ്ചും സമ്മാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ട്രോഫികളും ആണ് സമ്മാനമായി ലഭിക്കുക . ഇംഗ്ലീഷിലോ , മലയാളത്തിലോ ഉള്ള മരിയൻ ഗാനങ്ങൾ ആണ് മത്സരത്തിനായി പാടേണ്ടത് . മിനിമം പത്തു പേർ മുതൽ മാക്സിമം എത്ര പേർ വരെയും ഒരു ഗ്രൂപ്പിൽ മത്സരിക്കാവുന്നതാണ് .
പാട്ടിനു ആറ് മിനിറ്റ് ദൈർഘ്യ വും തയ്യാറെടുപ്പുകൾക്കായി രണ്ട് മിനിറ്റും ആണ് ഓരോ ടീമിനും നൽകുക , കരൊക്കെയുടെ കൂടെയോ ,ഓരോ ടീമിലും മാക്സിമം മൂന്നു ഇന്സ്ട്രുമെന്റ്സോട് കൂടെയോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . ഏറ്റവും നല്ല ഗായക സംഘത്തിന് ( best appearance ,dress code ,group strength എന്നിവയുടെ അടിസ്ഥാനത്തിൽ )പ്രത്യേക കാഷ് പ്രൈസും നൽകുന്നതാണ് . മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മിഷൻ സെന്ററുകളിലെയോ , വിശുദ്ധ കുർബാന സെന്ററുകളിലോ ഉള്ള ഗായക സംഘങ്ങൾ കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ആയി 07944067570 ,07720260194 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് രൂപതാ മീഡിയ കമ്മീഷൻ ചെയർമാൻ റെവ . ഫാ. ടോമി എടാട്ട് അറിയിച്ചു .
മലയാളം യുകെ ന്യൂസ് ടീം.
“സ്നേഹസ്പർശം”. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിലുള്ള സ്നേഹസ്പർശം ചാരിറ്റി ഇവന്റ് ഫെബ്രുവരി 15 ശനിയാഴ്ച (നാളെ) മാഞ്ചെസ്റ്ററിലെ ബോൾട്ടണിലുള്ള ഔവർ ലേഡീ ഓഫ് ലൂർദ് ഹാളിൽ (Our Lady Of Lourdes Hall) വച്ച് നടക്കും. ചാരിറ്റി ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയ്ച്ചു.
വൈകുന്നേരം നാല് മണിക്ക് മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയും മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ന്യൂകാസിൽ സെൻറ് തോമസ്സ് ചർച്ച്, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ചർച്ച് തുടങ്ങിയ ഇടവകകളുടെ വികാരിയുമായ റവ. ഫാ. ഹാപ്പി ജേക്കബ്ബ് നിലവിളക്ക് കൊളുത്തി ചാരിറ്റി ഇവന്റിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി ബിനോയി മാത്യൂ, സെക്രട്ടറി ലിറ്റോ ടൈറ്റസ്, ബോൾട്ടൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സോജി തേവരിൽ, സെക്രട്ടറി അനില കൊച്ചിട്ടി, മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാമൂഹിക നിരീക്ഷകനും മലയാളം യുകെ ന്യൂസ് ഡയറക്ടറുമായ ജോജി തോമസ്സ്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട് എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിക്കും. കൂടാതെ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖ വ്യക്തികൾ ചാരിറ്റി ഇവന്റിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും.
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിലെ കലാകാരികൾ അവതരിപ്പിക്കുന്ന വെൽക്കം ഡാൻസോടെ കാര്യപരിപാടികൾ ആരംഭിക്കും. തുടർന്ന് മാഞ്ചെസ്റ്ററിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നിറപ്പകിട്ടാർന്ന നിരവധി കലാസൃഷ്ടികൾ അരങ്ങേറും. ഇതേ സമയം തന്നെ ചാരിറ്റി ഇവന്റിന്റെ പ്രധാന ഇനമായ കേരളത്തിന്റെ തനതായ രുചിയിലുള്ള തനി നാടൻ ഭക്ഷണങ്ങളുടെ സ്റ്റാളുകൾ പ്രോഗ്രാമിലുടനീളം പ്രവർത്തിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വളരെ കുറഞ്ഞ നിരക്കിൽ കേരളത്തിന്റെ രുചി ആസ്വദിക്കാനുള്ള അവസരമാണ് സംഘാടകർ ഇവിടെ ഒരുക്കിയിട്ടുള്ളത്.
യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓർക്കസ്ട്രാ കീത്തിലി ഗാനമേള അവതരിപ്പിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധിയാളുകൾ പരിപാടിയിൽ സംബന്ധിക്കും.
ഇത്തവണ മാവേലിക്കരയിലുള്ള PMP ശാലേം ഭവനിനു വേണ്ടിയാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫണ്ട് റെയ്‌സിംഗ് ഇവന്റ് നടത്തുന്നത്. സമീപത്തും വിദൂരത്തുമുള്ള ഏറ്റവും അർഹരായ ആളുകൾക്ക് സൗജന്യവും സമഗ്രവുമായ മാനസികാരോഗ്യ സംരക്ഷണം നൽകുക എന്നതാണ് ശാലേം ഭവന്റെ പ്രധാന ലക്ഷ്യം. വിവിധ മാനസികാവസ്ഥകളിൽ കഷ്ടപ്പെടുന്ന പുരുഷന്മാരുടെ പരിചരണവും, പുനരധിവാസവും ഈ കേന്ദ്രത്തിന്റെ എടുത്തു പറയേണ്ട സേവനങ്ങളിൽ ചിലതാണ്.
സ്നേഹസ്പർശം ഇവന്റുമായി ബന്ധപെട്ടു മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുകയും, സമാഹരിക്കുന്ന ഫണ്ടുകളെല്ലാം ശാലേം ഭവനിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും.
ശാലേം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും ഈ ഫണ്ട് പ്രയോജനപ്പെടും എന്നതിൽ തർക്കമില്ല.
ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട് നടത്തിയ റാഫൽ ടിക്കറ്റിന്റെ നറക്കെടുപ്പ് പ്രോഗ്രാമിനൊടുവിൽ നടക്കും. യുകെയിലെ പ്രമുഖ ഇൻഷുറൻസ് ഡീലറായ ‘പോപ്പുലർ പ്രൊട്ടക്ട് ‘ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. വൈകിട്ട് എട്ടു മണിയോടെ പരിപാടികൾ അവസാനിക്കും. ജാതി മത ഭേദമെന്യേ എല്ലാ മതസ്തരെയും ചാരിറ്റി ഇവന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയ്ച്ചു.
ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-
Litto Titus (secretary) :07888828637
Benoyi Mathew(trustee) : 07533094770
Suresh Daniel (Coordinator) : 07912254835
Byju John(Coordinator) : 07863114021
വിലാസം.
Our Lady Of Lourdes RC Primary School
Beech Ave, Farnworth,
Bolton, BL4 OBP
Best Compliments…