സ്റ്റീവനേജ്: ഒഡീഷയില്‍ ബാലസോര്‍ രൂപതയുടെ അദ്ധ്യക്ഷനായിരുന്ന ആദരണീയനായ മാര്‍ സൈമണ്‍ കൈപ്പുറം പിതാവിന്റെ ആകസ്മിക നിര്യാണത്തില്‍ സ്റ്റീവനേജ് ക്രൈസ്തവ സമൂഹം അഗാധമായ ദുംഖവും അനുശോചനവും രേഖപ്പെടുത്തി. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് സ്റ്റീവനേജിലെ വിശ്വാസി സമൂഹത്തിനു വിശുദ്ധവാരത്തിന്റെ അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്നിരുന്നു എന്നത് പിതാവും സ്റ്റീവനേജ് കേരള കത്തോലിക്കാ കമ്മ്യുണിറ്റിയുമായുള്ള അതീവ സ്നേഹബന്ധമാണ് ഉയര്‍ത്തിക്കാണിക്കുന്നത്.
2016 ല്‍ യു കെ യില്‍ ഹൃസ്യ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ സ്റ്റീവനേജിലെ ക്രൈസ്തവ സമൂഹത്തെ സന്ദര്‍ശിക്കുവാന്‍ സമയം കണ്ടെത്തിയ പിതാവ്, വിശുദ്ധ ബലി അര്‍പ്പിക്കുകയും ഏറെ ചിന്തോദ്ദീപകമായ സന്ദേശവും നല്‍കിയിരുന്നു. കൂടാതെ സ്റ്റീവനേജ് ക്നാനായ സമൂഹത്തിന്റെ കുടുംബ സംഗമത്തില്‍ പങ്കു ചേരുവാനും, തന്റെ തിരക്കിട്ട പര്യടനത്തിനിടയിലും സമയം കണ്ടെത്തിയിരുന്നു.
വിശ്വാസവും പൈതൃകവും സ്നേഹവും മുറുകെ പിടിച്ചു മുന്നേറുവാനും, പാശ്ചാത്യമണ്ണില്‍ മക്കളുടെയും കുടുംബത്തിന്റെയും ഭദ്രതക്കും, സംരക്ഷണത്തിനും പ്രാര്‍ത്ഥനയുടെയും, പരമാവധി വിശുദ്ധ കുര്‍ബ്ബാനകളില്‍ ഉള്ള പങ്കാളിത്തവും അനിവാര്യമാണെന്ന് മാര്‍ സൈമണ്‍ കൈപ്പുറം ഉദ്ബോധിപ്പിക്കുകയും ചെയ്തത് ഷാജി മഠത്തിപ്പറമ്പില്‍ അനുസ്മരിച്ചു.
ശക്തനായ അജപാലകനും , അക്രൈസ്തവര്‍ക്കിടയില്‍ സമാധാനത്തിന്റെയും, സഹായത്തിന്റെയും സ്നേഹദൂതനും, ക്രൈസ്തവ മൂല്യങ്ങള്‍ക്കും, കത്തോലിക്കാ സഭയുടെ വിവിധ മേഖലകളിലും, സെമിനാരികളിലും, പേപ്പല്‍ മിഷനിലും സജീവമായി സേവനങ്ങള്‍ ചെയ്തു പോന്നിരുന്ന സൈമണ്‍ കൈപ്പുറം പിതാവിന്റെ അകാല വിയോഗം സഭയുടെ ആത്മീയ-കര്‍മ്മ മേഖലകളില്‍ വലിയ ശൂന്യതയാണ് വരുത്തിവെച്ചിരിക്കുന്നത് എന്ന് അനുസ്മരണ ചടങ്ങില്‍ ഓര്‍മ്മിച്ചു.
സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി പിതാവിനോടുള്ള ആദരസൂചമായി പ്രത്യേക പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു. അപ്പച്ചന് കണ്ണഞ്ചിറ, ജിമ്മി തോമസ്, ബെന്നി ഗോപുരത്തിങ്കല്‍, ജോണി കല്ലടാന്തി, പ്രിന്‍സണ്‍ പാലാട്ടി, ജോയി ഇരുമ്പന്‍, ജേക്കബ് കീഴങ്ങാട്ട് തുടങ്ങിയവര്‍ സൈമണ്‍ പിതാവിനെ അനുസ്മരിച്ചു അനുശോചനം രേഖപ്പെടുത്തി.
ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് സ്വന്തമായ ദേവാലയമെന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. ബര്‍മിങ്ഹാം സിറ്റിയോട് ചേര്‍ന്ന് എയര്‍പോര്‍ട്ടിന് സമീപത്തായി ഷീല്‍ഡണില്‍ മുക്കാലേക്കറോളം വരുന്ന സ്ഥലത്താണ് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് സ്വന്തമായി ഒരു ആരാധനാ സ്ഥലം ലഭിച്ചിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ദേവാലയത്തിന് 8000ല്‍ പരം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.ആരാധനാലയത്തിന് പുറമെ ഓഡിറ്റോറിയം സണ്‍ഡേ സ്കൂള്‍ റൂം തുടങ്ങിയ സൗകര്യങ്ങളും ഈ ദേവാലയത്തില്‍ ഉണ്ട്. ആറു കോടി രൂപയോളം ചിലവായ ഈ ദേവാലയം നാല്‍പ്പതോളം കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളോട് കൂടി സമചതുരാകൃതിയില്‍ റോഡിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്.
2002ല്‍ ബര്‍മിങ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡില്‍ ഒരു കോണ്‍ഗ്രിഗേഷനായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2007ല്‍ അന്നത്തെ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനി ഇടവകയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഇടവകയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ആത്മീയ വളര്‍ച്ചയ്ക്ക് വേണ്ട പുത്തന്‍ ഉണര്‍വും ദിശാബോധവും കാട്ടിത്തരുകയും ചെയ്തു. തിരുമേനിയുടെ സമയോജിതമായ ഇടപെടലും ഉപദേശവും ഈ ദേവാലയത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് നല്കിയ സംഭാവനകള്‍ നിര്‍ണായകവും, പ്രശംസനീയവുമാണ്. തിരുമേനി ഭരണസാരഥ്യം ഏറ്റെടുത്ത ശേഷം യുകെയില്‍ വാങ്ങുന്ന ഒന്‍പതാമത്തെ ദേവാലയമാണ് ഇതെന്നുള്ളതും ശ്രദ്ധേയമാണ്. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സജീവമായ പ്രവര്‍ത്തനവും ഇടപെടലും ഈ ദേവാലയത്തിന് മുതല്‍ക്കൂട്ടാണ്. ഇടവകാംഗങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് ദീര്‍ഘ വീക്ഷണത്തോടെയുള്ള അച്ചന്റെ പ്രവര്‍ത്തനമാണ്. ലക്ഷ്യപ്രാപ്തിക്ക് കാരണമായത്.
ഇടവക ട്രസ്റ്റി രാജന് വര്‍ഗീസിന്റെയും സെക്രട്ടറി ജെയ്സണ്‍ തോമസിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി മുന്നില്‍ നില്ക്കുന്നു.ഈ ദേവാലത്തിന്റെ രജിസ്ട്രേഷനും നിയമപരമായ നടപടികള്‍ക്കും മേല്‍നോട്ടം വഹിച്ചത് ഫ്രാന്‍സിസ് മാത്യു ആണ്. സ്റ്റെഫാനോസ് സഹദായുടെ മദ്ധ്യസ്ഥതയും അനുഗ്രഹവും ഇടവക ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇടയാക്കിയതെന്ന് ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റിയും അറിയിച്ചു.
ഷിബു മാത്യൂ
“നീതിയും സത്യവും എന്നാളും ഉയിര്ത്തെഴുന്നേല്ക്കും. അനുതപിക്കാതെ ദൈവമുമ്പാകെ നീതീകരണമില്ല. ലൗകീകത അല്മായരെപ്പോലെ തന്നെ വൈദീകരെയും ബിഷപ്പുമാരേയും ഒന്നുപോലെ വലയം ചെയ്തിരിക്കുന്നു. സഭയുടെ ആദ്ധ്യാത്മീക പരിശീലനത്തിന്റെ കുറവ് കൊണ്ടല്ല ഇത് സംഭവിക്കുന്നത്”. തുറന്നടിച്ച് അഭിവന്ദ്യ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മലയാളം യുകെ ന്യൂസിനോട്.
പീഠാനുഭവാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായി യുകെയിലെത്തിയ ഇടുക്കി ഭദ്രാസനം മെട്രോപ്പോളിറ്റന്‍ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മാഞ്ചെസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് മലയാളം യുകെ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
“സത്യത്തെ കുരിശില്‍ തറച്ചു. സത്യം ഉയര്‍ത്തെഴുന്നേറ്റു. നമുക്ക് തരുന്ന പ്രതീക്ഷയും അതുതന്നെയാണ്. ഈ നഗ്ന സത്യം വൈദീകരും സഭാനേതൃത്വവും ആഴത്തില്‍ മനസ്സിലാക്കണം. ലൗകീകമായ വലയത്തില്‍ നിന്നു ഇവര്‍ പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അസ്സമത്വത്തിലും അസ്സന്തുഷ്ടിയിലും പരസ്പരമുള്ള സ്നേഹ കൂട്ടായ്മയുടെ അഭാവത്തിലും ലോകം മുമ്പോട്ട് പോവുകയാണ്. അതവര് മനസ്സിലാക്കാതെ പോകുന്നു. മലിനമായി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹങ്ങളുടെയും കുടുംബങ്ങളെയും മേല്‍ എന്ത് ഉത്തരവാദിത്വമാണ് ഇവര്‍ക്കുള്ളത്”?
അപ്പസ്തോലന്മാര് ലോകത്തിനു നല്കിയ സന്ദേശം വെള്ളിയും പൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്കുള്ളത് നിനക്ക് തരുന്നു. ക്രൈസ്തവ സഭകളെല്ലാം തന്നെ സാമ്പത്തികമായി ശക്തമായ നിലയിലാണ്. ബിഷപ്പ്മാരും വൈദീകരും (എല്ലാവരുമില്ല) ഒരു പരിധിവരെ ലോകത്തോടുള്ള ലൗകീകമായ സമ്പത്തിനെ തേടിയുള്ള അന്വേഷണങ്ങള്‍, അത് നേടാനുള്ള വ്യഗ്രത ഇത് കത്തോലിക്കാ സമൂഹത്തില്‍ മാത്രമല്ല എല്ലാ സഭയിലും വൈദീക സമൂഹത്തിന്റെ അപചയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വേദനിപ്പിക്കുന്ന എത്രയെത്ര സംഭങ്ങളാണ് നിരന്തരം സഭകളില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. സഭയുടെ പേരുകള്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല.
കാലാകാലങ്ങളിലായിട്ടുണ്ടായിട്ടുള്ള സഭയുടെ ഓരോ പ്രശ്നങ്ങളിലും സഭാനേതൃത്വം എടുത്ത നിലപാടുകള്‍ ശരിയായിരുന്നോ എന്ന് ഓരോ സഭാ നേതൃത്വവും ചിന്തിക്കേണ്ടതുണ്ട്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടനിലക്കാര്‍ ആവശ്യമില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു തുടങ്ങിയതും ഇതേ നിലപാട് കാരണമായിരുന്നില്ലേ?? സഭയുടെ നിലപാടുകള്‍ മൂലം വിശ്വാസികള്‍ വേറിട്ടൊരു ചിന്തയിലേക്ക് തിരിയാന്‍ പാടില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിക്കുന്നതും അതുതന്നെയാണ്. ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് ഭാരതത്തിലെ എല്ലാ സഭകളും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതിന് മാറ്റം ഉണ്ടാവണം. ബഹുമാനപ്പെട്ട വൈദീക ഗണത്തിന്റെ ലളിതവും മാതൃകാപരവുമായ ജീവിതരീതിയും വിശ്വാസികള്‍ കണ്ടു പഠിക്കട്ടെ. മാറ്റം അവിടെ നിന്നാണ് തുടങ്ങേണ്ടത്.
ക്രൈസ്തവ സഭകള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പൗരന്റെ അവകാശത്തില്‍ സഭ കൈ കടത്താന്‍ പാടില്ല. ജോയിസ് ജോര്‍ജ്ജും ഡീന്‍ കുര്യാക്കോസും ഇടുക്കി ഭദ്രാസനത്തില്‍ എത്തിയിരുന്നു. ആഗ്രഹം അറിയിച്ച് അനുഗ്രഹം വാങ്ങിപ്പോയതിനപ്പുറം ഒന്നും അവിടെ സംഭവിച്ചില്ല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ബിഷപ്പുമാര്‍ വേദിയൊരുക്കി കൊടുക്കുന്നത് എന്തുകൊണ്ട്? ഭാരതത്തിന്റെ ഭരണ സംവിധാനങ്ങള്‍ അത് എഴുതപ്പെട്ടതുപോലെ തന്നെ പോകട്ടെ. സഭയുടേത് വിശുദ്ധലിഖിതത്തില്‍ എഴുതപ്പെട്ടതു പോലെയും.
പൂര്‍വ്വികര്‍ ചെയ്തു പോയ വീഴ്ചകള്‍ ഈ സമൂഹം ക്ഷമിക്കണമേ എന്ന് പറയുവാനുള്ള ആര്‍ജ്ജത്വവും നല്ല മനസ്സാക്ഷിയില്‍ ക്രിസ്തുവിനെ തേടിയുള്ള നിരന്തരമായ അന്വേഷണവും കത്തോലിക്കാ സഭയുടെ പിതാവായ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ നടത്തിയിട്ടുണ്ട്. അതിനുള്ള അടുത്ത കാലത്തെ എറ്റവും വലിയ ഉദാഹരണമാണ് വംശീയ കലാപം നടക്കുന്ന സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ പാദം ചുംബിച്ചുകൊണ്ട് അനുരജ്ഞനത്തിന്റെ പാത നിങ്ങള്‍ തുടരണമെന്ന് ഫ്രാന്‍സീസ് പാപ്പാ അവരോട് അഭ്യര്‍ത്ഥിച്ചത്. ഇത് വളരെ വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പരിശുദ്ധ പിതാവ് നല്കുന്ന ഈ വലിയ സന്ദേശം വൈദീക ഗണം ഉള്‍ക്കൊള്ളണം. സ്വയം മാറ്റപ്പെടാത്തവര്‍ എന്തു സന്ദേശമാണ് സഭയ്ക്കും സമൂഹത്തിനും നല്‍കുന്നത്?
ഭാരതത്തിലുള്ള എല്ലാ സഭകളുടേയും വേരോട്ടം മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യത്തിനുണ്ട്. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്സ് ചര്‍ച്ചിന് യുകെയില്‍ ഒത്തിരി സാക്ഷ്യം വഹിക്കുവാനുണ്ട്. ബഹുമാനപ്പെട്ട ഹാപ്പി അച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന ആത്മീയ പ്രവര്‍ത്തനങ്ങളെ സഭയൊന്നടങ്കം പ്രത്യേകിച്ച് ഞാനും അതീവസന്തുഷ്ടനാണ്. യുവതലമുറയുടെ വളര്‍ച്ചയില്‍ അച്ചന്റെ സാന്നിധ്യം വിലമതിക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ്.
ഹൃദയപരമാര്‍ത്ഥതയുള്ളവരില്‍ യേശു ജീവിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതത്തിലേയ്ക്ക് നമ്മളെ നാം തിരിച്ചു കൊണ്ടുവരണം. നമ്മുടെ തലമുറകള്‍ നമ്മെ മാതൃകയാക്കാന്‍ തക്കവണ്ണം നമ്മള് മാറണം. ഹൃദയത്തിലാണ് യേശു ആദ്യം ഉയിര്‍ക്കേണ്ടത്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും പുതുജീവന്‍ നല്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. യുകെയിലെ എല്ലാ നല്ലവരായ വിശ്വാസ സമൂഹത്തിനും ഈസ്റ്ററിന്റെ മംഗളങ്ങള്‍ നേരുന്നു.
ന്യൂപോര്‍ട്ട്: ത്യാഗസ്മരണ പുതുക്കി ന്യൂപോര്‍ട്ട് കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ റോജര്‍സ്റ്റോണ്‍ സിര്‍ഹൗവി കൗണ്ടി പാര്‍ക്ക് മലനിരകളില്‍ നടത്തിയ കുരിശിന്റെ വഴിയില്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ അണിനിരന്ന് ആത്മീയ നിര്‍വൃതി നേടി. സീറോ മലബാര്‍ ന്യൂപോര്‍ട്ട്, കാര്‍ഡിഫ്, ബാരി മിഷനുകളുടെ ഡയറക്ടര്‍ ആയ ഫാദര്‍ ജോയി വയലിന്റെ നേതൃത്വത്തില്‍ ആയിരുന്നു മല കയറ്റം.
യേശുക്രിസ്തുവിന്റെ കാല്‍വരി യാത്രയിലെ അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് മുന്പില് പ്രാര്‍ത്ഥന നടത്തിയാണ് പ്രയാണം മുന്നോട്ടു നീങ്ങിയത്. മുതിര്‍ന്നവരും കുട്ടികളും അണിനിരന്ന കുരിശിന്റെ വഴി പാര്‍ക്കിലെ കാനന പാതയെ ഭക്തിസാന്ദ്രമാക്കി. ദൈനദിന ജീവിതത്തില്‍ നമ്മക്കുണ്ടാകുന്ന ക്ലേശങ്ങള്‍ ഈശോയുടെ കുരിശിന്റെ യാത്രയില്‍ ചേര്‍ത്ത് വയ്ക്കുവാന്‍ നമുക്ക് കൃപയുണ്ടാവാന്‍ വേണ്ടി ഒരുമിച്ച് പ്രാര്‍ത്ഥിക്കാം എന്ന് ഫാദര്‍ ജോയി വയലില്‍ സമാപന സന്ദേശത്തില്‍ പറഞ്ഞു. കുരിശിന്റെ വഴി സമാപനത്തില്‍ കയ്പുനീര് രുചിക്കലും നേര്‍ച്ച കഞ്ഞിയും ഉണ്ടായിരുന്നു.
വാഗമൺ കുരിശുമലയിലേക്ക് ഭക്തിപൂർവ്വം ഒരു യാത്ര ഈരാറ്റുപേട്ട ടൗണിൽ നിന്നും 24 കിലോമീറ്ററുണ്ട് കുരിശുമലയിലേയ്ക്ക്. വിശ്വസികളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിത്. കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്ഷണങ്ങള്. ആത്മീയതയുമായി ബന്ധപ്പെട്ടല്ലാതെ എത്തുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ് കുരിശുമല. പ്രകൃതി രമണീയതയാണ് ഈ മലനിരകളെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. തേയിലത്തോട്ടങ്ങളും കാടുമെല്ലാം ചേര്‍ന്ന് അവാച്യമായ അനുഭൂതിയാണ് സഞ്ചാരികളിലുണ്ടാക്കുക.
കുരിശുമലയില്‍ നിന്നുനോക്കിയാല്‍ മുരുകന് പാറയുടെ കാഴ്ചയും കാണാം. കുരിശുമലയുടെ മുകളിലേയ്ക്ക് പോകുന്ന വഴിയില്‍ യൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച പഴയൊരു കെട്ടിടം കാണാം. ഇതിന് പിന്നിലാണ് മനുഷ്യനിര്‍മ്മിതമായ ഒരു തടാകവുമുണ്ട്. പ്രമുഖ വാസ്തുശില്പിയായിരുന്ന ലാറി ബക്കര്‍ നിര്‍മ്മിച്ചതാണ് ഈ കെട്ടിടവും തടാകവും.
കുരിശുമലയെന്നുപേരുള്ള മലയ്ക്ക് മുകളിലാണ് ഈ ആശ്രമം. കത്തോലിക്കര്‍ക്കും ഗാന്ധിയന്‍തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ആശ്രമം. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവരും ഈ ആശ്രമം കാണാനെത്താറുണ്ട്. ദുഖവെള്ളിയാഴ്ചയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ദിവസം. ഈ ദിവസം വിശ്വാസികള്‍ കൂറ്റന്‍ മരക്കുരിശുമേന്തി ഈശോ മിശിഹയുടെ ക്രൂശിത ദിവസത്തിന്റെ വേദനസ്വയം ഏറ്റുവാങ്ങുന്നതായി സങ്കല്‍പ്പിച്ച് ദീര്‍ഘദൂരം കാല്‍നടയായി മലകയറാറുണ്ട്.
പട്ടിണിയില്‍ക്കഴിയുന്ന അനേകം പാവപ്പെട്ടയാളുകള്‍ക്കുള്ള ഭക്ഷണവും മറ്റും ദിവസേന ആശ്രമത്തില്‍ നിന്നും കൊണ്ടുപോകുന്നുണ്ട്. അന്തേവാസികളും സന്ദര്‍ശകരും ഭക്ഷണം പാഴാക്കുന്നത് ഇവിടെ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആശ്രമത്തില്‍ വലിയൊരു പ്രാര്‍ത്ഥനാ ഹാളുണ്ട്. ഇവിടെ ആളുകള്‍ പ്രാര്‍ഥിയ്ക്കുന്നതും ധ്യാനിയ്ക്കുന്നതും കാണാം. ആശ്രമത്തോടുചേര്‍ന്നുള്ള ഫാമില്‍ ദിവസേന 1500 ലിറ്റല്‍ പാലാണ് ഉല്പാദിപ്പിയ്ക്കുന്നത്.
കുരിശുമലയില്‍ പന്ത്രണ്ടോളം ചെറുകുന്നുകളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഉയരം കൂടിയ കുന്നാണ് റെസ്ുറക്ഷന്‍ ഗാരന്‍ഡന്‍. ആത്മീയകേന്ദ്രമെന്നകാര്യം മാറ്റിനിര്‍ത്തിയാലും കുരിശുമല സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്, ഇവിടുത്തെ പ്രകൃതിഭംഗിതന്നെയാണ് ഇതിന് കാരണം.
കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കുരിശിന്റെ വഴി തീര്‍ത്ഥാടന കേന്ദ്രമാണ് വാഗമണ്ണിലെ കുരിശുമല. ദു:ഖവെള്ളിയാഴ്ചയും വലിയ നോയമ്പ് കഴിഞ്ഞുള്ള പുതുഞായറാഴ്ചയും ലക്ഷക്കണക്കിന് വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനായി ഇവിടെ എത്തിച്ചേരുന്നത്. പാലായില്‍ നിന്നും ഭരണങ്ങാനം-ഈരാറ്റുപേട്ട-തീക്കോയി-വെള്ളികുളം വഴിയാണ് കുരിശുമലയില്‍ എത്തുവാന്‍ സാധിക്കുക. പാലായില്‍ നിന്നും 37.7 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.
സീറോ മലങ്കര കത്തോലിക്ക ചര്‍ച്ചിന്റെ കീഴിലാണ് കുരിശുമല ആശ്രമം ഉള്ളത്. മലയുടെ മുകളിലെ അതിമനോഹരമായ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമം വാഗമണ്‍ സന്ദര്‍ശകരുടെ പ്രിയ സ്ഥലം കൂടിയാണ്.
മുന്‍പ് പല തവണ ഇന്നേ ദിവസം ഇവിടെ പോയപ്പോഴും, പ്രായം കൂടും തോറും നമ്മുടെ ഉള്ളിലെ വിശ്വസവും കൂടി കൂടി വരും. വാഗമൺ പോകാറുള്ള എല്ലാ യാത്രികരും
കണ്ടുമടങ്ങാറുള്ള വാഗമണ്‍ മീടോസും(മൊട്ട കുന്നുകള്‍) പൈന്‍ ഫോറെസ്റും
സൂയിസൈഡ് പൊയന്റും ആയിരിക്കുമല്ലോ. എന്നാല്‍ വിശ്വസികൾക്ക് പോകാൻ പറ്റി കുരിശുമല വാഗമണിലെ ഏറ്റവും സുന്ദരമായ സ്ഥലം…
വാഗമണ്‍ പോകുന്നവര്‍ കുരിശുമല കയറാതെ തിരിച്ചു പോകരുതെന്നെ എനിക്ക് പറയാനുള്ളൂ.
കാരണം വാഗമണിലെ സുഖശീതളമായ കാറ്റും തണുപ്പും ഏറ്റവും അനുഭവ ഹൃദ്യമാകുന്നത്
ഈ കുന്നുകള്‍ കയറിയെത്തുമ്പോഴാണ്.
ഞങ്ങൾ സംഘം ബന്ധുക്ക വീട്ടിൽ നിന്നും രാവിലെ ഒൻപതു മണിയോടെ യാത്ര ആരംഭിച്ചു ഈരാറ്റുപേട്ട തീക്കോയി വാഗമൺ റൂട്ടിൽ സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പാത. അന്ന് പാറകൾ തുരന്നു പണിത റോഡിൽ നിന്നും ഭാഗികമായി ചെറിയ മാറ്റങ്ങൾ വരുത്തിയതൊഴിച്ചാൽ അതെ വീതിയിൽ വലിയ ഒരു വാഹനം വന്നാൽ പലയിടത്തും കഷ്ടി ഒരു വാഹനം കടന്നു പോകാനുള്ള വീഥി മാത്രം ഈരാറ്റുപേട്ടയിൽ നിന്നും വാഗ്മണിലേക്കുള്ള ഇന്നേ ദിവസത്തെ തിരക്കുള്ള യാത്രയിൽ പലയിടത്തും ട്രാഫിക്ക് ബ്ലോക്കിൽ പെട്ട് ഞങ്ങളുടേത് ഉൾപ്പെട വാഹനങ്ങൾ നിരയായി കിടന്നു
വാഗമണ്‍ സിറ്റിയില്‍ നിന്നും 15 മിനിറ്റ് യാത്ര ചെയ്താല്‍ നമ്മെ സ്വാഗതം ചെയ്യുന്നത്
കുരിശുമലയിലേക്കുള്ള കവാടമാണ്. വലത്തോട്ട് തിരിഞ്ഞാല്‍ കുരിശുമാലയിലെക്കുള്ള
യാത്ര തുടങ്ങാം. പോകുന്ന വഴിനീളെ യേശുദേവന്റെ “കുരിശിന്റെ വഴിയിലെ” പ്രസിദ്ധങ്ങളായ
“14 സ്ഥലങ്ങള്‍” സ്മരിക്കുന്ന നിര്‍മ്മിതികള്‍ കാണാം.
ഞങ്ങൾ മറ്റു പല സംഘത്തിനൊപ്പം മലകയറ്റം ആരംഭിച്ചു കാനനപാതയിൽ കുരിശിന്റെ വഴി ചൊല്ലിയുള്ള യാത്ര.കൈകുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ ആയിരക്കണക്കിന് നന്നാമത വിശ്വസികൾ മലകയറുകയും ഇറങ്ങുകയും ചെയുന്നു.കഴിഞ്ഞ ദിവസങ്ങൾ പെയ്ത ശക്തമായ മഴ മൂലം യാത്രയിൽ തണുത്ത കാറ്റും കോടയും നമ്മളെ തട്ടി തഴുകി പോകുന്നതിനാൽ മലകയറ്റം ആർക്കും ഒരു മടുപ്പും ഉണ്ടാകില്ല. കൈ കുഞ്ഞുങ്ങളുമായി മലകയറുന്നവർ,സന്ന്യാസി സന്യാസിനികൾ കുഞ്ഞുകുട്ടികൾ എല്ലാവരും ഭക്തി നിർഭലമായി കുരിശിന്റെ വഴി ചൊല്ലി മലമുകളിലേക്ക് നടന്നു കയറുമ്പോള്‍ വേറൊരു ലോകത്തേക്ക് കയറുകയാണോ എന്ന് തോന്നും.നാല് ദിക്കിലും മേഘാവൃതമായ ആകാശവും അനന്തതയും മാത്രം.
കുരിശുമലയുടെ
ഏറ്റവും മുകളില്‍ എത്തുമ്പോൾ അവിടെ കാണുന്ന കാഴ്ച
വാക്കുകള്‍ക്കതീതമാണ്. ഭൂമിയുടെ നെറുകയില്‍ കയറി ആകാശത്തെ തൊടാന്‍
ചെന്നെത്തിയ ഒരു കൊച്ചു കുട്ടിയെ പോലെ നമ്മള്. കിതച്ചെത്തിയ നമ്മളെ
അവിടുത്തെ കാഴ്ചകള്‍ ശാന്തമാക്കും. ചിന്തകളും മനസ്സും ശാന്തം, ലാളിത്യത്തിന്റെ
പ്രതീകം പോലെ ഒരു ചെറിയ പള്ളി ഏറ്റവും മുകളില്‍, ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെയും കൂറ്റൻ ഈശോയുടെ മൺ പ്രതിമയും … ആ കൊച്ചു മലമുകളിലെ ജന നിബിഡം. ആ മലമുകളില്‍ നില്ക്കുമ്പോള്
ഈ അനന്തതയില്‍ മനുഷ്യന് എത്രയോ നിസ്സാരനെന്നു
ദേവാലയത്തിന് മുന്പില് ആരോ കത്തിച്ചുവച്ച മെഴുകു തിരികള്‍
വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു…
തുടർന്ന് ഞങ്ങൾ വരിവരിയായി പള്ളിയിലേക്ക് പ്രവേശിച്ചു ഈശോയുടെ രൂപത്തിൽ ചുംബിച്ചു നേര്‍ച്ച ഇട്ടു മുട്ടിൽമേൽ നിന്ന് പ്രാത്ഥിച്ചു. പിന്നെ നീണ്ട ഒരു നിരയുടെ പിന്നിലേക്ക് അണി നിരന്നു നേര്‍ച്ച കഞ്ഞി കുടിക്കാൻ വര്‍ഷങ്ങളായി കുരിശുമല കയറുമ്പോളും ഇന്നേ ദിവസം എവിടുന്നു കുടിക്കുന്ന കഞ്ഞിയുടെ സ്വാദ് മറ്റൊരു ഭക്ഷണത്തിനും കിട്ടില്ലെന്ന് ഓര്‍ത്തു പോകും. എന്റെ ഒപ്പം കയറിയ എന്റെ ഏഴുവയസ്സുകാരി മകളും അത് സാക്ഷ്യം വയ്ക്കുന്നു. കാരണം വീട്ടിൽ കഞ്ഞി കൊടുത്താൽ അവൾ കഴിക്കാറില്ല…
പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും, വാഗമണ്‍ മലനിരയിലെ തണുപ്പും,
സഹ്യന്റെ കവിളിണ തഴുകി വരുന്ന കുളിര് കാറ്റും ഏറ്റുകൊണ്ട് എത്രനേരം വേണമെങ്കിലും
അവിടെ ഇരിക്കാം..
കുരിശുമലയുടെ തുടക്കത്തിൽ ഒരു കൂട്ടം സന്യാസിമാര്‍ താമസിക്കുന്ന ആശ്രമം ഉണ്ട്
ഇവിടം പരിപാലിക്കുന്നതും ഇവരാണ്. ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഇനിയുമുണ്ട് ഇതുപോലുള്ള ഉയരങ്ങള്‍ ഈ വാഗമണില്‍.ഡിസംബര്‍ ജനുവരി മാസമാണ് വാഗമണ്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പലരും
ഒരു ദിവസത്തെ യാത്രയില്‍ ഒതുക്കി തിരികെ വരുന്ന ഇടമാണ് ഇവിടെ,
പക്ഷെ ഇനി പോകുമ്പോള്‍ ഒരു രാത്രിയെങ്കിലും അവിടെ താങ്ങണം.
മൊട്ടക്കുന്നുകളും പൈന്‍ മരങ്ങളും മതിവരുവോളം കണ്ട് കുരിശുമലയും കയറി,
തേയില തോട്ടങ്ങളുടെ വശ്യത നുകര്‍ന്ന്
കുളിര്കാറ്റില് മഞ്ഞിന്റെ മേമ്പൊടിയില്‍ ഒരുപിടി ദിനങ്ങള്‍ അവിടെ ചിലവിടണം എന്ന സ്വപ്നത്തിൽ ഞങ്ങൾ മലയിറങ്ങി……
ഫാ. ഹാപ്പി ജേക്കബ്
മനുഷ്യകുലത്തെ വീണ്ടെടുക്കാന്‍ മനുഷ്യപുത്രന് കാല്‍വരിയില്‍ യാഗമായി തീര്‍ന്ന ദിവ്യാനുഭവം ഓര്‍ക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ദിനമാണ് ദുഃഖവെള്ളി. മാനുഷികമായി നാം ചിന്തിക്കുമ്പോള്‍ ഒരു മനുഷ്യന്റെ ശരീരത്തില്‍ ഏല്ക്കുവാന് സഹിക്കുവാനും പറ്റാവുന്നതിന്റെ പരമാവധി ഏല്ക്കുകയും കാല്‍വരിയില്‍ സ്വന്തം ജീവന് തന്നെ നല്‍കുകയും ചെയ്തു. ആ സ്നേഹാത്മാവിന്റെ ബലിയും കാഴ്ച്ചയും പോലെ ദൈവ സന്നിധിയില്‍ സ്വീകാര്യ ബലിയായി ദൈവപുത്രന് കുരിശില്‍ യാഗമായി.
ആദ്യ മനുഷ്യനാല്‍ ലോകത്തിലേക്ക് വന്ന പാപം തീര്‍ക്കാന്‍ ദൈവം സ്വന്തം പുത്രനെ തന്നെ കാല്‍വരിയില്‍ ഏല്‍പ്പിച്ചു. ഈ ബലിയില്‍ ബലി വസ്തുവും, ബലി കര്‍ത്ാവും സ്വീകാര്യമാകണം. എല്ലാം കര്‍ത്താവ് തന്നെ. ഒരു തെറ്റും ചെയ്യാത്ത കര്‍ത്താവ് നമ്മുടെ തെറ്റുകളില്‍ നിന്ന് നമ്മെ സ്വതന്ത്രമാക്കാന്‍ സ്വയം കുരിശ് മരണത്തിന് ഏല്‍പ്പിച്ചു. നമ്മുടെ ശരീരവും നമ്മുടെ സൗന്ദര്യവും നിലനിര്‍ത്തുവാന്‍ നമ്മുടെ കര്‍ത്താവ് വിരൂപനായി. മോറിയ മലയില്‍ ബലിപീഠവുമായി പോയ ഇസഹാക്കിനെ അനുസ്മരിക്കാന്‍ തക്കവണ്ണം സ്വയം കുരിശുമായി കാല്‍വരിയിലേക്ക് അവന് യാത്രയായി.
ഇന്നേ ദിവസം ആ കുരിശിന്റെ ഭാരത്ത് നാം നില്ക്കുമ്പോള് അനേകം ഭാവങ്ങള്‍ നാം ദര്‍ശിക്കുകയും ആ രക്ഷാപ്രവര്‍ത്തനത്തിന്റെ ആഴവും പരപ്പും നാം മനസിലാക്കുകയും ചെയ്യുന്നു. ധാരാളം ആളുകള്‍ അവനെ പിന്‍പ്പറ്റി. ശിഷ്യന്മാര് ഉണ്ടായിരുന്ന അവന്റ വാക്കുകള്‍ കേട്ടവര്‍, അത്ഭുതങ്ങള്‍ ദര്‍ശിച്ചവര്‍, സൗഖ്യം പ്രാപിച്ചവര്‍ ഇങ്ങനെ ജനസമുദ്രം അവന് പിന്നാലെ നടന്നു. എന്നാല്‍ യാത്രയുടെ ഓരോ ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍, യാതനയുടെ കാഠിന്യം ഏറിയപ്പോള്‍ മരണ ഭയത്തിന്റെ മുന്‍പിലെത്തി ചേര്‍ന്നപ്പോള്‍ ഒരോരുത്തര് അവനെ വിട്ട് ഓടിയൊളിച്ചു. അവസാനം അവന്റെ അമ്മയും താന്‍ ഏറ്റവും സ്നേഹിത്ത ശിഷ്യനും മാത്രം അവന്റെ കുരിശിന്റെ ചുവട്ടില്‍ അവശേഷിച്ചു.
ഒരുവന് നശിച്ചുപോകാതെ ജീവന് പ്രാപിക്കുവാന്‍ ലോകത്തെ സ്നേഹിത്തു ആ ദൈവ സ്നേഹത്തെ തിരിച്ചറിയാന്‍ നാം വൈകിപ്പോയി. കാഴ്ച്ചക്കാരന്റെ ആഹാരം പിന്‍പറ്റുവാനല്ല. ദൈവ സ്നേഹത്തെ തിരിച്ചറിയുവാനാണ് നാം ഇന്ന് കാല്‍വരിയില്‍ നാട്ടിയ കുരിശിന്റെ ഭാരത്ത് ഇരുന്ന് വ്യാഖ്യാനിക്കുന്നത്.
അങ്ങനെ ക്രൂശിക്കും എന്നോര്‍ത്ത ജനത്തിന്റെ വൈരാഗ്യം കാണുവാനും കേള്‍ക്കുവാനും വയ്യാതെ പ്രകൃതി പോലും വിറച്ചു. സൂര്യന് അ്ന്ധകാരപ്പെട്ടു. ഇനിയെങ്കിലും ഈ തിരിച്ചരിവ് നാം നേടേണ്ടിയിരിക്കുന്നു. ആരെങ്കലും പ്രസംഗിച്ചു ഒരു കാല്‍വരിയല്ല എന്റെ ദൈവം എനിക്ക് വേണ്ടി യാഗമായ കാല്‍വരിയാണ് നാം കാണേണ്ടതും പിന്‍പറ്റേണ്ടതും. ദുഃഖത്തേയും നിരാശയേയും രോഗത്തെയും മരണത്തേയും തോല്‍പ്പിച്ച് ജീവന് നല്കിയ ഈ ബലി അനുഭവത്തില്‍ നമുക്ക് പങ്കുകാരാകാം.
ജന്മം നല്‍കുന്നതിനും ജീവന് നല്കുന്നതിനുമായി വി. കഷ്ടാനുഭവമേ സമാധാനത്താലെ വരിക.
സി. ഗ്രേസ് മേരി SDS
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജയണില്‍ പ്രമുഖ വചന പ്രഘോഷകനും വറ്റിനാട് മൗന്‍ഡ് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറും തിരുവനന്തപുരം മലങ്കര നേജര്‍ അതീരൂപത വൈദികനുമായ ബഹുമാനപ്പെട്ട ദാനിയേല്‍ പൂവണ്ണത്തില്‍ അച്ചന് യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തുന്ന പരിശുദ്ധാത്മ നവീകരണ ധ്യാനം ബ്രിസ്റ്റോല്‍ ഫിഷ്ഫോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് ഏപ്രില്‍ 24,25 തിയതികളില്‍ വൈകുന്നേരം 5.30 മുതല്‍ 9.30 വരെ നടത്തുന്നതാണ്.
ഈ വര്‍ഷം GCSC, A ലെവല്‍ തുടങ്ങിയ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
കുരിശിന് ചുവട്ടിലെ ചോരക്കളത്തില്‍ നിന്നും സെഹിയോന്‍ ശാലയിലെ അഗ്നി അഭിഷേകത്തില്‍ നിന്നും പിറവികൊണ്ട ക്രിസ്തുവിന്റെ സഭയ്ക്ക് അന്നും ഇന്നും ഒറ്റ നിയോഗമെ ഉണ്ടായിരുന്നുള്ളു സാക്ഷ്യമാകുക. സാക്ഷ്യം നല്‍കേണ്ടവരുടെ സംഗമമായ സഭയെ നവീകരിക്കുക. പുത്തന്‍ ശോഭയും ഉണര്‍വ്വും നല്‍കുക എന്ന നടത്തുന്ന ഈ നവീകരണ ധ്യാനത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജയന് കീഴിലുള്ള എല്ലാ മിഷന് സെന്ററില്‍ നിന്നുമുള്ളഴര്‍ പങ്കെടുത്ത അനുഗ്രഹം പ്രാപിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് അഭ്യര്‍ത്ഥിച്ചു.
ഫ്രീ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.
വിലാസം:
St. Joseph Cathelic Church
232 Forest Road
BS 16 3 QT
Bristol
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ഫിലിപ്പ് കണ്ടോത്ത്(റീജണല്‍ ട്രെസ്റ്റി : 07703063836
റോയി സെബാസ്റ്റിയന്(ജോയിന്റ് ട്രെസ്റ്റി): 07862701046
ന്യൂസ് ഡെസ്ക്
“ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ… ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു”… ലോകമെങ്ങും ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഗുരോ സ്വസ്തി… മുപ്പത് വെള്ളിക്കാശിനായി യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്തുവിനെ കുരിശു മരണത്തിന് വിധിച്ച ദിനം… ലോകത്തിന്റെ പാപങ്ങൾക്കായി മനുഷ്യപുത്രൻ വിധിക്കപ്പെട്ട ദിനം… ഇന്നലെ യുകെയിലടക്കം ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും നടന്നു… ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മാർ ജോസഫ് സ്രാമ്പിക്കലും വിവിധ കുർബാന സെൻററുകളിൽ വൈദികരുടെ നേതൃത്വത്തിലും പെസഹാ അപ്പം മുറിക്കലും പ്രാർത്ഥനകളും നടന്നു. നൂറു കണക്കിന് വിശ്വാസികളാണ് നോമ്പിന്റെ അരൂപിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. വിശുദ്ധവാരത്തിലെ അതിപ്രധാനമായ ദിനമാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്ക്കരണവും കുരിശിന്റെ വഴിയും വിശ്വാസികളെ ആത്മീയയോട് അടുപ്പിക്കുന്നു. ഇന്ന് ഉപവാസ ദിനം കൂടിയാണ്.
ക്രിസ്തുവിന്റെ ഗാഗുൽത്താമലയിലേയ്ക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴികൾ ലോകമെമ്പാടും ഇന്ന് നടക്കുന്നു. യാത്രയിലെ 14 സ്ഥലങ്ങളിൽ വിശ്വാസികളിൽ കുരിശുമേന്തി ക്രിസ്തുവിന്റെ കുരിശിലെ പീഡയെ ജീവിതത്തിൽ പകർത്തും. വിവിധ സ്ഥലങ്ങളിൽ സഭകൾ ഒരുമിച്ച് എക്യുമെനിക്കൽ പ്രാർത്ഥനകളും നടക്കുന്നുണ്ട്. അമ്പതു നോമ്പിന്റെ പൂർണതയിലേയ്ക്ക് അടുക്കുമ്പോൾ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റോമിലും ഇസ്രയേലിലും നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നിരിക്കുന്നത്.
പള്ളികളിൽ പീഡാനുഭ തിരുക്കർമ്മങ്ങൾക്കു ശേഷം വിശ്വാസികൾ പ്രാർത്ഥനയിലും പീഡാനുഭവ ചിന്തകളിലും ചിലവഴിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ പാനവായനയും ദുഃഖവെള്ളിയോടനുബന്ധിച്ച് വിശ്വാസികൾ നടത്താറുണ്ട്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജർമ്മൻ ജെസ്യൂട്ട് മിഷനറി വൈദികനായ ജോഹാൻ ഏണസ്റ്റ് ഹാൻക് സ്ളേഡൻ ആണ് പുത്തൻപാന രചിച്ചത്. ഇന്ത്യൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട ഈ പദ്യം രചിക്കപ്പെട്ടത് 1721-1732 കാലഘട്ടത്തിലാണ്. ക്രിസ്തുവിന്റെ ജീവിതമാണ് 14 പദങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പ് അന്റോണിയോ പിമെൻറലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. ലളിതമായ മലയാളത്തിൽ ക്രിസ്ത്യൻ മാർഗദർശനത്തിൽ എഴുതപ്പെട്ട ആദ്യ പദ്യങ്ങളിലൊന്നാണ് പുത്തൻ പാന. സുറിയാനി ക്രിസ്ത്യാനികൾ ഇന്നും നോമ്പുകാലത്തും പെസഹാ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങളിൽ പാന വായിക്കുന്ന പതിവുണ്ട്. പാനയിലെ പന്ത്രണ്ടാം പദം ദൈവമാതാവിന്റെ വ്യാകുല പ്രലാപമാണ്.
പുത്തന്‍പാന
ദൈവമാതാവിന്റെ വ്യാകുല പ്രലാപം.
അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ
എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കയുമില്ലാ
അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷ്യർക്കുവന്ന സർവ്വദോഷോത്തരത്തിന്നായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം
സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടൂ
സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനേ നോക്കീ
കുന്തമമ്പ് വെടിചങ്കിൽ കൊണ്ടപോലെ മനം വാടി
തൻ തിരുക്കാൽക്കരങ്ങളും തളർന്നു പാരം
ചിന്തവെന്തു കണ്ണിൽ നിന്നൂ ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്ക
അന്തമറ്റ സർവ്വനാഥൻ തൻ തിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങീ ദുഃഖം
എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ
ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ
പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാനായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചൂ
ഹേതുവതിൻ ഉത്തരം നീ ചെയ്തിതോ പുത്രാ
നന്നു നന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ
മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ
വന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്രാ
വാർത്ത മുൻപേ അറിയിച്ചു യാത്ര നീ എന്നോടു ചൊല്ലീ
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്രാ
മാനുഷ്യർക്ക് നിൻ പിതാവ് മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്രാ
ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോര വിയർത്തു നീ കുളിച്ചോ പുത്രാ
വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തീ
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ
ഭൂമിദോഷവലഞ്ഞാകെ സ്വാമി നിന്റെ ചോരയാലേ
ഭൂമിതന്റെ ശാപവും നീ ഒഴിച്ചോ പുത്രാ
ഇങ്ങനെ നീ മാനുഷ്യർക്ക് മംഗളം വരുത്തുവാനായ്
തിങ്ങിന സന്താപമോട് ശ്രമിച്ചോ പുത്രാ
വേലയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായി
കാലമീപ്പാപികൾ നിന്നെ വളഞ്ഞോ പുത്രാ
ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ
എത്രനാളായ് നീ അവനെ വളർത്തുപാലിച്ച നീചൻ
ശത്രുകൈയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്രാ
നീചനിത്ര കാശിനാശ അറിഞ്ഞെങ്കിൽ ഇരന്നിട്ടും
കാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്രാ
ചോരനെപ്പോലെപിടിച്ചു ക്രൂരമോടെ കരം കെട്ടി
ധീരതയോടവർ നിന്നെ അടിച്ചോ പുത്രാ
പിന്നെ ഹന്നാൻ തന്റെ മുൻപിൽവെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപി അടിച്ചോ പുത്രാ
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കൈയ്യേപ്പാടെ മുൻപിൽ
നിന്ദ ചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്രാ
സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടിസ്ഥിതി നാഥാ
സർവ്വനീചൻ അവൻ നിന്നെ വിധിച്ചോ പുത്രാ
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം
കാരിയക്കാരുടെപക്കൽ കൊടുത്തോ പുത്രാ
പിന്നെ ഹെറോദേസു പക്കൽ നിന്നെ അവർ കൊണ്ടുചെന്നൂ
നിന്ദചെയ്തു പരിഹസിച്ചു അയച്ചോ പുത്രാ
പിന്നെ അധികാരിപക്കൽ നിന്നെ അവർ കൊണ്ടു ചെന്നൂ
നിന്നെ ആക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ
എങ്കിലും നീ ഒരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്ക് എന്തിതു പുത്രാ
പ്രാണനുള്ളോനെന്നു ചിത്തേസ്മരിക്കാതെ വൈരമോടെ
തൂണുതന്നിൽ കെട്ടി നിന്നെ അടിച്ചോ പുത്രാ
ആളുമാറി അടിച്ചയ്യോ ചൂളിനിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ
ഉള്ളിലുള്ള വൈര്യമോടെ യൂദർ നിന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെൻ ഉള്ളിലെന്തു പറവൂ പുത്രാ
തലതൊട്ടങ്ങടിയോളം തൊലിയില്ലാ മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ
നിൻ തിരുമേനിയിൽ ചോരകുടിപ്പാനാ വൈരികൾക്ക്
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്രാ
നിൻ തിരുമുഖത്തു തുപ്പീ നിന്ദചെയ്തു തൊഴുതയ്യോ
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ
നിന്ദവാക്ക് പരിഹാസം പല പല ദൂഷികളും
നിന്നെ ആക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലംചെയ്തിട്ടെടുപ്പിച്ച് നടത്തിയോ പുത്രാ
തല്ലി നുള്ളി അടിച്ചുന്തീ തൊഴിച്ചുവീഴിച്ചിഴച്ചൂ
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ
ചത്തുപോയ മൃഗം ശ്വാക്കൾ എത്തിയങ്ങു പറിക്കും പോൽ
കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ
ദുഷ്ടരെന്നാകിലും കണ്ടാൽ മനം പൊട്ടും മാനുഷ്യർക്ക്
ഒട്ടുമേയില്ലനുഗ്രഹം ഇവർക്ക് പുത്രാ
ഈ അതിക്രമങ്ങൾ ചെയ്യാൻ നീ അവരോടെന്തു ചെയ്തൂ
നീ അനന്തദയയല്ലോ ചെയ്തത് പുത്രാ
ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂര കൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്രാ
ഭൂമിമാനുഷർക്ക് വന്ന ഭീമഹാദോഷം പൊറുക്കാൻ
ഭൂമിയേക്കാൾ ക്ഷമിച്ചൂ നീ സഹിച്ചോ പുത്രാ
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവർ നിന്നെ
ജറുസലേം നഗരം നീളെ നടത്തീ പുത്രാ
വലഞ്ഞുവീണെഴുന്നേറ്റു കൊലമരം ചുമന്നയ്യോ
കൊലമല മുകളിൽ നീ അണഞ്ഞോ പുത്രാ
ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ
ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്രാ
ആദമെന്ന പിതാവിന്റെ തലയിൽ വൻമരം തന്നിൽ
ആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്രാ
ആണിയിന്മേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദന ആസകലം സഹിച്ചോ പുത്രാ
ആണി കൊണ്ട് നിന്റെ ദേഹം തുളച്ചതിൽ കഷ്ടമയ്യോ
നാണക്കേട് പറഞ്ഞതിന്ന് അളവോ പുത്രാ
വൈരികൾക്കു മാനസത്തിൽ എൻ മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ
അരിയകേസരികളെ നിങ്ങൾ പോയ ഞായറിലെൻ
തിരുമകൻ മുന്നിൽ വന്ന് ആചരിച്ചു പുത്രാ
അരികത്ത് നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി
പരിചിൽ കൊണ്ടാടി ആരാധിച്ചു നീ പുത്രാ
അതിൽ പിന്നെ എന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ
അതിക്രമം ചെയ്തുകൊൾവാൻ എന്തിതു പുത്രാ
ഓമനയേറുന്ന നിന്റെ തിരുമുഖഭംഗി കണ്ടാൽ
ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ
കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ
കണ്ണിനാനന്ദകരനാം ഉണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്രാ
കണ്ണുപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്രാ
അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ
നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ട കുത്തുടൻ വേലസു
എന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്രാ
മാനുഷന്റെ മരണം കൊണ്ടു നിന്റെ മരണത്താൽ
മാനുഷർക്ക് മാനഹാനി ഒഴിച്ചോ പുത്രാ
സൂര്യനും പോയ്മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ
ഭൂമിയിൽ നിന്നേറിയോരു ശവങ്ങളും പുറപ്പെട്ടു
ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ
പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖം എന്തിതു പുത്രാ
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട്
അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ
കല്ലിനേക്കാൾ ഉറപ്പേറും യൂദർ തന്റെ മനസ്സയ്യോ
തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ
സർവ്വലോകനാഥനായ നിൻ മരണം കണ്ടനേരം
സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ
നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൻ
എൻ മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്രാ
നിൻ മനസ്സിൻ ഇഷ്ടമെല്ലാം സമ്മതിപ്പാനുറച്ചൂ ഞാൻ
എൻ മനസ്സിൽ തണുപ്പില്ലാ നിർമ്മല പുത്രാ
വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീനർ പ്രിയമല്ലൊ നിനക്കു പുത്രാ
നിൻ ചരണ ചോരയാദം തൻ ശിരസ്സിൽ ഒഴുകിച്ചൂ
വൻ ചതിയാൽ വന്ന ദോഷം ഒഴിച്ചോ പുത്രാ
മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്ന ദോഷം
നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ
ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്ക് തുറന്നോ പുത്രാ
ഉള്ളിലേതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ
മുൻപുകൊണ്ട കടമെല്ലാം വീട്ടി മേലിൽ നീട്ടുവാനായ്
അൻപിനോട് ധനം നേടി വച്ചിതോ പുത്രാ
പള്ളിതന്റെ ഉള്ളകത്തു വെച്ച നിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ
പള്ളിയകത്തുള്ളവർക്കു വലയുമ്പോൾ കൊടുപ്പാനായ്
പള്ളിയറക്കാരനേയും നീ വിധിച്ചോ പുത്രാ
എങ്ങനെ മാനുഷർക്കു നീ മംഗള ലാഭം വരുത്തീ
തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ
അമ്മ കന്യേ നിന്റെ ദുഃഖം പാടിവർണ്ണിച്ചപേക്ഷിച്ചു
എൻ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ
നിൻ മകന്റെ ചോരയാലെ എൻ മനോദോഷം കഴുകി
വെണ്മനൽകീടേണമെന്നിൽ നിർമ്മല തായേ
നിൻ മകന്റെ മരണത്താൽ എന്റെ ആത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂപ്പുക തായേ
നിൻ മഹങ്കലണച്ചെന്നെ നിർമ്മല മോക്ഷം നിറച്ച്
അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസ്മാൻ
ഫാ. ഹാപ്പി ജേക്കബ്
ഹൃദയ സപര്‍ശിയായ രണ്ട് സംഭവങ്ങളാണ് പ്രധാനമായും ഇന്ന് നാം അനുസ്മരിക്കുന്നത്. വിചാരണയും അട്ടഹാസങ്ങളും പുറത്ത് അരങ്ങ് തകര്‍ക്കുമ്പോള്‍ വിരിച്ചൊരുക്കിയ മാളിക മുറിയില്‍ രക്ഷകന് പ്രാണ വേദനയില്‍ നൊന്ത് തന്റെ ശിഷ്യന്മാരുമായി പെസഹ ഭക്ഷിക്കുന്നു. ഭവിക്കുവാന്‍ പോകുന്ന കഷ്ടാനുഭവങ്ങള്‍ ശിഷ്യരുമായി പങ്കുവെയ്ക്കുമ്പോള്‍ അതിന്റെ തീവ്രത അവര്‍ ഗ്രഹിക്കുന്നില്ല. അത്താഴ വിരുന്നില്‍ എല്ലാവരും ഇരുന്നപ്പോള്‍ നമ്മുടെ കര്‍ത്താവ് അവരോട് പങ്കുവെയ്ക്കുന്ന ഭാഗം നാം വായിക്കുമ്പോള്‍ തന്നെ കഠിനഹൃദയനും മനസലിവ് തോന്നുന്ന അനുഭവം വി. യോഹന്നാന്റെ സുവിശേഷം 13-ാം അദ്ധ്യായം ഒന്ന് മുതല്‍ ഇരുപത് വരെയുള്ള ഭാഗങ്ങള്‍.
അവന് എഴുന്നേറ്റ് തൂവാല അരയില്‍ ചുറ്റി അവരുടെ പാദങ്ങള്‍ കഴുകുവാന്‍ തുടങ്ങി. താന്‍ ഇനി ഗുരുവായല്ല സ്നേഹിതനായി അവസ്ഥയാല്‍ ഞാന്‍ നിങ്ങളുടെ പാദം കഴുകി. ദാസ്യത്തിന്റെയും താഴ്മയുടെയും അനുഭവങ്ങള്‍ പങ്കുവെച്ച് ആരും ഉന്നതരല്ല നിങ്ങള്‍ തമ്മില്‍ തമ്മില്‍ പാദങ്ങള്‍ കഴുകണം എന്ന് പഠിപ്പിച്ചു. ഉന്നതിയും അഹങ്കാരവും നമ്മുടെ മനസിനെ കീഴടക്കുമ്പോള്‍ മിശിഹാ കര്‍ത്താവ് തന്ന പാഠം നാം ഓര്‍ക്കുക. ആരെങ്കിലും ഉന്നതനാകുവാന്‍ ആഗ്രഹിച്ചാല്‍ അവന് ദാസനെ പോലെ പ്രവര്‍ത്തിക്കണം. ഇക്കാലത്തില്‍ ഈ പാഠം പ്രസംഗവിഷയമാണ്. ജീവിതത്തില്‍ ഒട്ടും പ്രതിഫലിക്കുന്നില്ല. അതാകാം ഇതിന്റെ പ്രശ്നങ്ങളും അവസാനിക്കാതെ ഇരിക്കുന്നത്.
പിന്നീട് അവന് അപ്പം വാഴ്ത്തി അവര്‍ക്ക് കൊടുത്തു. ഇത് എന്റെ ശരീരം പാനപാത്രം എടുത്ത് വാഴ്ത്തി, രകതമായി രൂപാന്തരപ്പെടുത്തി അവര്‍ക്ക് കൊടുത്തു. ഗോഗുല്‍ത്തായില്‍ തനിക്ക് ഭവിക്കുന്ന യാതനകള്‍ ആക്ഷരികമായി അവര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ ഇത് അവന് പ്രവര്‍ത്തിച്ചു. തന്റെ ശരീരം ഇതുപോലെ ഭിന്നിക്കപ്പെടുമെന്നും തന്റെ രക്തം ഇത് പോലെ പകര്‍ന്ന് ഒഴുകുമെന്നും ഇതിനാല്‍ അവന് ദൃഷാടാന്തരീകരിച്ചു. ഒരു പുതിയ ഉടമ്പടിയാണ് കര്‍ത്താവ് ഇതുമൂലം നമുക്ക് നല്‍കിയത്. അവനവന് ചെയ്ത പാപങ്ങള്‍ക്ക് ഒത്തവണ്ണം ആടോ, മാടോ യാഗ വസ്തുവായി ദേവാലത്തില്‍ സമര്‍പ്പിക്കുന്ന അവസ്ഥ മാറ്റി ഇനി താന്‍ വരുന്നത് വരെയും ഈ അനുഭവത്തിനായി ഇപ്രകാരം നീ വര്‍ത്തിക്കുവാന്‍ അവന് കല്പ്പിച്ചു. അയോഗ്യമായി ഇതില്‍ പങ്കുകൊള്ളുമ്പോള്‍ നാം അനുഗ്രഹത്തിന് പകരം ശാപം വരുത്തിവെക്കുന്നു. ആയതിനാല്‍ പ്രിയ സഹോദരങ്ങലെ വി. കുര്‍ബാന അനുഭവം നിസാരമായി എടുക്കരുതേ. പാപമോചനം നേടി അനുതാപത്തോടെ കാല്‍വറിയിലെ യാഗം ധ്യാനിച്ച മാത്രമെ വി. കുര്‍ബാന അനുഭവം നടത്താവൂ. തന്റെ രണ്ടാം വരവില്‍ അവന് നമ്മെ ചേര്‍ക്കും വരെയും ജീവന്റെ ആഹാരമാണ് വി. കുര്‍ബാന. കടമയല്ല കടപ്പാടുമല്ല ജീവിത്തിന്റെ ഓരോ അനുഭവങ്ങളാകണം ഓരോ വി. കുര്‍ബാന സംബന്ധവും.
പരസ്പരം സ്നേഹിക്കുവാനും കരുതുവാനും ഏക മനസുള്ളവരായി തീരുവാനും ഈ ദിവസത്തെ ചിന്തകള്‍ നമ്മെ ഭരിക്കുന്നു. ഒരേ അപ്പത്തിന്റെ ഭാഗമായി ഞാനും നിങ്ങളും ഇതില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. ദാസനും യജമാനനുമെല്ലാം ക്രിസ്തു ശരീരത്തിന്റെ അംശികളാണ് നാം ഓരോരുത്തരും ആത്മീയ തലത്തില്‍ മാത്രമല്ല നമ്മുടെ സാമൂഹിക ജീവിതത്തിലും ഈ ചിന്ത നമുക്ക് പാലിക്കാം. സ്നേഹം അതാണ് ദൈവം. ആ സ്നേഹമാണ് നമുക്ക് കാല്‍വരിയില്‍ യാത്രയായ ക്രിസ്തുവിനെ നമുക്ക് കാട്ടിത്തരുന്നത്.
പ്രിയരെ ഇന്ന് നാം ഈ തിരുബലിയില്‍ പങ്കുകാരായി തിരികെ വരുമ്പോള്‍ സ്നേഹവും കരുതലും നമ്മുടെ ജിവിത്തില്‍ നിറഞ്ഞു നില്ക്കട്ടെ. നമ്മുടെ ഓരോ ജീവീതാനുഭവവും അത് സന്തോഷമാകട്ടെ സങ്കടമാകട്ടെ എല്ലാം എനിക്ക് വേണ്ടി യാഗമായ ക്രിസ്തു പാതയില്‍ സഞ്ചരിക്കുവാനുള്ള ബലം ഈ ദിനത്തിലെ ചിന്തകള്‍ നമുക്ക് നല്കട്ടെ
ലണ്ടന്‍: അനുതാപത്തിന്റെയും, ജീവിത നവീകരണത്തിന്റെയും വിശുദ്ധ വാരത്തിലേക്കു കടന്നിരിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് അനുതപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലണ്ടനില്‍ നിന്നും അതിമനോഹരമായഒരു ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആരാധന ക്രമസംഗീതത്തിന്റെ ചുമതലയുള്ള റവ.ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല രചന നിര്‍വഹിച്ചു ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകള്‍ ഇല്ലാത്ത അയ്യായിരത്തോളം ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ചങ്ങനാശേരി അതിരൂപതയുടെ സെഹിയോന്‍ ധ്യാന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ ഷാജി തുമ്പേചിറയില്‍ സംഗീതം നിര്‍വഹിച്ചു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയിയും, ചലച്ചിത്ര പിന്നണി ഗായകനുമായ നജീം അര്‍ഷാദ് ആലപിച്ച’ അഴുകാന്‍ മനസ്സാകും ധാന്യ മണികളെ പുതുജീവന്‍ അവകാശമായി നുകരൂ’ എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഈസ്റ്റര്‍ മെലഡി വിശ്വാസികള്‍ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നു, എളിമയുടെയും, വിനയത്തിന്റെയും സന്ദേശം വളരെ ലളിതമായി മനുഷ്യ മനസിലേക്ക് പകര്‍ന്നു നല്കുന്ന ഈ ഗാനം സെലിബ്രന്റ്സ് ഇന്ത്യക്കു വേണ്ടി പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് യു കെ മലയാളിയായ ഷൈമോന്‍ തോട്ടുങ്കല്‍ ആണ്.
അമ്മെ അമ്മെ തായേ , അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല , എന്നമ്മയെ ഓര്‍ക്കുമ്പോള്‍.. ഉള്‍പ്പടെ പ്രശസ്തമായ നിരവധി ഭക്തി ഗാനങ്ങള്‍ക്ക് ജന്മം നല്കിയ ഷാജി തുമ്പേച്ചിറ അച്ചനും , കഴിഞ്ഞ ക്രിസ്മസിന് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രവിച്ച ‘ബേത് ലഹേം താഴ്വര തഴുകി വരുന്ന’ , വൈദിക വര്‍ഷത്തില്‍ പുറത്തിറങ്ങിയ ദി പ്രീസ്റ് എന്ന ആല്‍ബത്തിലെ ശാന്തിതന്‍ തീരം അണയുന്നു , ഉള്‍പ്പടെ നിരവധി ഗാനങ്ങളുടെ സൃഷ്ടാവായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല യും ഒരുമിച്ചു ഒരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ നല്ല പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത് . ഷാജി തുമ്പേച്ചിറ അച്ചന്റെ തന്നെ ഏറെ പ്രശസ്തമായ പളുങ്കുകടല്‍ എന്ന ആല്‍ബത്തിലെ സങ്കടങ്ങള്‍ എന്ന ആല്‍ബത്തിലും , മറ്റു ചില ക്രിസ്തീയ ആല്‍ബങ്ങളിലും പാടി അഭിനയിച്ചിട്ടുള്ള യു കെ യിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ നിര്‍മ്മാണവും നിര്‍വഹിച്ച ഈ ഗാനം യു കെ മലയാളികള്‍ ഈ വിശുദ്ധ വാരത്തില്‍ ഏറ്റെടുക്കുമെന്ന് നിസംശയം പായാം .
പാട്ടിന്റെ വീഡിയോ ആല്‍ബം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .