മാർ ജോസഫ് സ്രാമ്പിക്കൽ
കരുണയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ 2025 ഏപ്രിൽ 21-നു നിത്യപിതാവിൻ്റെ സന്നിധിയിലേക്കു ജീവൻ്റെ കിരീടം നേടാനായി കടന്നുപോയി.
2016 ജൂലൈ 16-ാം തീയതി കരുണയുടെ അസാധാരണ ജൂബിലിവർഷത്തിൽ പൗരസ്ത്യ പാരമ്പര്യങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് പാപ്പായാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സ്ഥാപിച്ചതും അതിൻ്റെ പ്രഥമ മെത്രാനായി എന്നെ നിയമിച്ചതും. പൗരസ്ത്യസുറിയാനി ആരാധനക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും ശിക്ഷണക്രമവും സംസ്കാരവും ഗ്രേറ്റ് ബ്രിട്ടണിൽ വളർന്നു പന്തലിക്കുന്നതിനാണ് പാപ്പാ നമ്മുടെ രൂപത സ്ഥാപിച്ചത്. പരിശുദ്ധ പിതാവുമായി വ്യക്തിപരമായി നടത്തിയ ഏഴു കൂടിക്കാഴ്ചകൾ ദൈവകരുണയുടെ അവിസ്മരണീയവും അവാച്യവുമായ അനുഭവമാണ് സമ്മാനിച്ചത്. പരിശുദ്ധ പിതാവ് നിത്യതയിലേക്കു പ്രവേശിക്കുന്ന ഈ സമയത്ത് കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ആ സുകൃതജീവിതത്തെ അനുസ്മരിക്കുകയും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രാർത്ഥനകൾ സമർപ്പിക്കുകയും ചെയ്യുന്നു.
മിശിഹായിൽ സ്നേഹപൂർവ്വം,
യൗസേപ്പ് സ്രാമ്പിക്കൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ
യൂറോപ്പിലെമ്പാടും പരിശുദ്ധാത്മാവിന്റെ ആത്മാഭിഷേകത്തിനായും പരിശുദ്ധാത്മ തീയാല്‍ ജ്വലിച്ചു സുവിശേഷത്തിനു സാക്ഷികളാകുവാനും, കര്‍ത്താവ് കല്പിച്ച സുവിശേഷദൗത്യമായ
പ്രഘോഷണകര്‍മ്മത്തില്‍ ഭാഗവാക്കുകളാകുവാനുമായി ഷെക്കെയ്‌ന യൂറോപ്പിന്റെ നേതൃത്വത്തില്‍ ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന താമസിച്ചുള്ള ധ്യാനം 2025 മെയ് 23, 24, 25 തിയതികളില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ വെച്ച് നടത്തപ്പെടുന്നു.
അനുദിനം മാറ്റം നേരിടുന്ന ഈ സൈബര്‍ യുഗത്തില്‍, കര്‍ത്താവിനായുള്ള മാധ്യമ ശുശ്രൂഷയും, ക്രിസ്തുവിശ്വാസത്തിലൂന്നിയ വാര്‍ത്താധിഷ്ഠിത പരിപാടികളും, ഏറ്റവും പുതിയ ക്രൈസ്തവ വാര്‍ത്താ വിശേഷങ്ങളും ലോകത്താകമാനം നേരിട്ടെത്തിക്കുന്നതിനായി ഷെക്കെയ്‌ന ന്യൂസ് ചാനല്‍ നടത്തി വരുന്ന അക്ഷീണ പ്രയത്‌നങ്ങള്‍ ഈ കാലഘട്ടത്തിന് അത്യന്താപേക്ഷിതമാണ്. ഷെക്കെയ്‌ന മീഡിയ ടീമിനൊപ്പം ചേര്‍ന്ന് കര്‍ത്താവിനെ സ്തുതിക്കുവാനും ആത്മീയ വരദാനങ്ങള്‍ പ്രാപിക്കുവാനും, തുടര്‍ന്ന് ദൈവവേലയില്‍ ഏര്‍പ്പെട്ടുകൊണ്ട് യേശുവിനു സാക്ഷികളാകുവാനും ഏവരെയും, ഈ ത്രിദിന ശുശ്രൂഷയിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. നമ്മുടെ സ്‌നേഹ ബഹുമാനപ്പെട്ട ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ പ്രാര്‍ത്ഥന ശുശ്രൂഷയും, തുടര്‍ന്നുള്ള പ്രത്യേക അനുഗ്രഹാശീര്‍വ്വാദവും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്.
റിട്രീറ്റ് ബുക്കിങ്ങിനായും മറ്റു അന്വേഷണങ്ങള്‍ക്കായും താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ ബന്ധപ്പെടുക 07908772956, 07872 628016
മാത്യൂസ് മാർ സെറാഫിം എപ്പിസ് ക്കോപ്പാ
വിശ്വാസ സമൂഹത്തെ ‘ഉയർത്തെഴുന്നേൽപ്പിന്റെ ജനത’ എന്നാണ് വിളിക്കുന്നത്, ഒരു പുതിയ യുഗത്തിൻ്റെ പിറവിയുടെ ആഘോഷമാണ് ഈസ്റ്റർ. പ്രത്യാശ നഷ്ടപ്പെട്ട ശിഷ്യസമൂഹത്തിന് പുത്തൻ പ്രതീക്ഷ പകരുന്ന അനുഭവമായിരുന്നു ഈസ്റ്റർ. ഉയർത്തെഴുന്നേൽപ്പിൻ്റെ സാക്ഷികൾ ആവാൻ അവർക്ക് എല്ലാവർക്കും സാധിച്ചു. ‘പോയി പറയുക’ ‘അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു’ എന്നീ വർത്തമാനങ്ങൾ ആയിരുന്നു അവർക്ക് ലഭിച്ചത്. താൻ പറഞ്ഞതുപോലെ അവൻ ഉയർത്തെഴുന്നേറ്റു. മരണത്തിൻമേലുള്ള ജീവന്റെ ആഘോഷമാണ് ഈ വാർത്തയിലൂടെ വെളിവാകുന്നത്. പുനരുത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ കാതലാണ്. ഏതു വൈഷമ്യങ്ങളെയും മറികടക്കുവാനും പ്രതിസന്ധികളെ അതിജീവിക്കുവാനുമുള്ള പ്രത്യാശയാണത് മുന്നോട്ടുവക്കുന്നത്. മനം ഇടറാതെ യേശുവിൻറെ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിച്ച വിശ്വാസികൾ ഉയർത്തെഴുന്നേൽപ്പിൻ്റെ സന്തോഷത്തിൽ പങ്കുചേരുകയും ലോകത്തോടത് പ്രസ്‌താവിക്കുകയും ചെയ്‌തു എതിർപ്പുകളുടെ മധ്യത്തിലും ഈ സന്തോഷവാർത്ത അവരെ നിരുത്സാഹപ്പെടുത്തിയില്ല ജീവനിലേക്കുള്ള തിരിച്ചുവരവാണ് ഉയർപ്പ്.
മരിച്ചവർക്ക് പുനരുത്ഥാനമെന്നു ദൈവവചനം നമ്മെ ഓർമിപ്പിക്കുന്നു യേശുവിന്റെ പുനരുദ്ധാനം അതിനു മുന്നോടിയാണ് യേശുവിൻ്റെ ഉയർപ്പിന് സാക്ഷികളായ ശിഷ്യ സമൂഹം ആണ് തുടർന്നുള്ള സഭയുടെ വളർച്ചയ്ക്ക് കാരണഭൂതരായവർ മുറിവുകളും വേദനകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ഈസ്റ്ററിൻ്റെ പ്രത്യാശ അവയെല്ലാം രൂപാന്തരപ്പെടുത്തുന്നു. ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ടെങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന് നമ്മെ ധൈര്യപ്പെടുത്തുന്ന കർത്താവാണ് നമ്മുടെ യാത്രയിലെ ആശയും പ്രത്യാശയും.
ഉയർത്തെഴുന്നേൽപ്പിൻ്റെ പ്രത്യാശ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പ്രകാശം പകരട്ടെ എന്ന പ്രാർഥനയോടെ
മാത്യൂസ് മാർ സെറാഫിം എപ്പിസ് ക്കോപ്പാ
യൗസേപ്പ് സ്രാമ്പിക്കൽ
പരിശുദ്ധ സഭയുടെ ഉന്നത തിരുനാളായ ക്യംതാ (ഉയിർപ്പ്) യുടെ പ്രകാശവും സമാധാനവും സന്തോഷവും നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസിക്കുന്നു. മരണത്തെ തന്റെ മരണത്തിലൂടെ പരാജയപ്പെടുത്തി നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹാ തിരുസഭയുടെ ശിരസ്സാകുന്നു. ഈ ശിരസ്സിനോട് ഐക്യപ്പെടാനാണ് പ്രഘോഷിക്കപ്പെട്ട സുവിശേഷം നമ്മൾ വിശ്വസിച്ചതും മാമ്മോദീസാ നമ്മൾ സ്വീകരിച്ചതും. മിശിഹാ ഉയിർക്കപ്പെട്ടില്ലെങ്കിൽ ശ്ലീഹന്മാരുടെ / തിരുസ്സഭയുടെ പ്രസംഗം വ്യർത്ഥമാണ്. നമ്മുടെ വിശ്വാസവും വ്യർത്ഥം (1 കോറി. 15:14). തിരുസ്സഭയുടെ സുവിശേഷപ്രഘോഷണ വിഷയവും നമ്മൾ വിശ്വസിച്ചതും ക്രൂശിതനും ഉത്ഥിതനുമായ ഈശോയെ / മാർ സ്ലീവായെയാണ്. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത മിശിഹാ ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് (റോമാ 6:9) നമുക്കറിയാവുന്നതുകൊണ്ടാണു നമ്മൾ മാമ്മോദീസാ സ്വീകരിച്ചു മിശിഹായുടെ ശരീരത്തിന്റെ ഭാഗമാകുന്നത്. രക്ഷാകര ചരിത്രത്തിന്റെ മുഴുവൻ ലക്ഷ്യം നിത്യജീവനായ ദൈവികജീവനിൽ (അഗാപ്പെ) മനുഷ്യവർഗ്ഗത്തെ പങ്കുചേർക്കുക എന്നുള്ളതാണ്. തിരുസ്സഭാംഗങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായി ജീവിക്കുമ്പോൾ നമുക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ് (റോമ. 6:22). പാപത്തെയും മരണത്തെയും സാത്താനെയും ലോകത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ ഈശോമിശിഹായുടെ ദൗത്യം ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുക എന്നുള്ളതാണ് (നടപടി 3:28).
തിരുസഭാംഗങ്ങളായ നമുക്കെല്ലാവർക്കും ഉത്ഥിതനായ ഈശോയുടെ പരിശുദ്ധിയും മഹത്ത്വവും സന്തോഷവും സമാധാനവും അവന്റെ അനുഗ്രഹത്തിലൂടെ ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.
മിശിഹായിൽ സ്നേഹപൂർവ്വം,
യൗസേപ്പ് സ്രാമ്പിക്കൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ
ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യുണിറ്റിയുടെ വിഷു ആഘോഷം രാധാകൃഷ്ണ ക്ഷേത്ര സന്നിധിയിൽ ആഘോഷിച്ചു പൂജാരി കൃഷൻ ജോഷി ഭദ്രദീപം തെളിച്ച് വിഷു കണി യോടെ ആരംഭിച്ച ആഘോഷങ്ങളിൽ മിഴിവേകി ശ്രീ വിശ്വജിത്ത് തൃക്കാക്കര സോപാന സംഗീതം ആലപിച്ചു തുടർന്ന് അംഗങ്ങൾ അവതരിപ്പച്ച കലാപരി പാടികൾ വിഷു സദ്യ ഭക്തി ഗാനസുധ എന്നിവ നടന്നു ശ്രീ സുധീർ, ശ്രീജിത്ത് നായർ, വിനോദ് ചന്ദ്രൻ, ഹരികുമാർ , ചന്ദ്രശേഖരൻ നായർ , ബിജു നായർ , വരുൺ കണ്ണൂർ , ഷാജി മോൻ , അനി രുദ്ധൻ , രാഗേഷ് നായർ സിജി സുധീർ , സിനി ബിജു എന്നിവർ നേതൃത്വം നൽകി.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ലണ്ടൻ വിഷു വിളക്ക് സംഘടിപ്പിക്കുന്നു. ഏപ്രിൽ 26-ാം തീയതി വൈകുന്നേരം 5.30 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.ലൈവ് ഓർക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ഉപഹാർ സ്കൂൾ ഓഫ് ഡാൻസ്, ശങ്കരി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തങ്ങൾ ,അകാലത്തിൽ ലണ്ടൻ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓർമകളിൽ ഹരിയേട്ടൻ , ശേഷം ദീപാരാധന,വിഷുസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ് .സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കും.ഈ സായം സന്ധ്യയിലേക്കു എല്ലാ വിഭാഗം ആളുകളെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു .
ഫാ. ഹാപ്പി ജേക്കബ്ബ്
ഈ ആഴ്ചയിൽ 4 പ്രധാന സംഭവങ്ങളാണ് ചിന്തയായ് വന്ന് ഭവിക്കുന്നത്. ദാവീദിന്റെ വംശത്തിലെ രാജാവായി അഭിഷിക്തനും രക്ഷിതാവുമായി കർത്താവിനെ ആനയിക്കുന്ന ഓശാന പെരുന്നാൾ. പിന്നീട് നന്ദി സൂചകമായ പെസഹാ പെരുന്നാളും, ദുഃഖവെള്ളിയും ഉയിർപ്പ് പെരുന്നാളും. സാധാരണ ചിന്തയിൽ ദുഃഖവെള്ളിയും ഈസ്റ്ററും പ്രാധാന്യം ഏറെ കൽപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥമായും പെസഹായുടെ ഈ ദിനം വളരെ സൂക്ഷ്മതയോടെ നാം ആചരിക്കുമ്പോൾ അതിവേദനയുടെയും, ചതിവിന്റെയും ഇതെല്ലാം അറിഞ്ഞിട്ടും ശുശ്രൂഷ എന്താണെന്നും കാൽവരിയിൽ അനുഭവിപ്പാൻ പോകുന്ന ബലി മനസ്സിലാകുന്ന ഭാഷയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ദിനമാണ്. ആദ്യം ശിഷ്യഗണത്തിൽ ചേർക്കപ്പെട്ട പത്രോസും കൂടെ ഇരുന്ന് ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച യൂദാസും ഒക്കെ തന്റെ ഗുരുവിനെ ഒറ്റുകയും തള്ളി പറയുകയും ചെയ്യുമ്പോൾ അനുഭവിച്ച വേദന കൂർത്ത മുള്ളുകളെക്കാൾ വേദനാജനകമായിരുന്നു. ഞാൻ വരുന്നതുവരെയും നിങ്ങൾക്ക് ആത്മീയ ആഹാരമായി ഈ ശരീരവും രക്തവും ആത്മീയ ഭക്ഷണം ആയി അവർക്ക് നൽകപ്പെട്ടു. വി. ലൂക്കോസ് 22: 7- 23. ദൈവം തൻറെ ജനത്തെ നൂറ്റാണ്ടുകളുടെ അടിമത്വത്തിൽ നിന്നും വിടുവിച്ചതിന്റെ നന്ദി സമർപ്പണം ആയിരുന്നു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ. പ്രായപൂർത്തിയായ ഏതൊരു യഹൂദനും തൻറെ പാപത്തിന്റെ പ്രായശ്ചിതമായി ആടുകളെയും, പ്രാവിനെയും ചെങ്ങാലികളേയും പാപപരിഹാര ബലിയായി സമർപ്പിക്കപ്പെടുന്ന ദിവസം തന്നെ രക്ഷകനെ ഒറ്റി കൊടുക്കുന്നു. വിടുതൽ ആണ് പെസഹായെങ്കിൽ വീണ്ടെടുക്കും പെസഹാ തന്നെ. പുറപ്പാട് : 12: 1- 14. മരണത്തിൽ നിന്നും മക്കളെ വീണ്ടും കൊള്ളുവാൻ കട്ടളപ്പടിമേൽ പൂശിയ രക്തം ഇടയാക്കി. ഇന്നിതാ പുതിയ കുഞ്ഞാട് ബലി ആകുന്നു. ഒറ്റുകാരും ചതിയന്മാരും നീചന്മാരും ആയ നമുക്ക് രക്ഷ നൽകുവാൻ, സംഹാര ദൂതനിൽ നിന്ന് മുദ്ര ഇടുവാൻ ദൈവത്തിൻറെ കുഞ്ഞാട് അറുക്കപ്പെടുന്നു . ഇതാ ലോകത്തിൻറെ പാപത്തെ ചുമക്കുന്ന ദൈവത്തിൻറെ കുഞ്ഞാട്’ യോഹന്നാൻ 1 : 29 . അപ്പം എടുത്ത് അവർക്ക് കൊടുക്കുമ്പോഴും വീഞ്ഞ് കൊടുക്കുമ്പോഴും വരും ദിവസങ്ങളിൽ തന്റെ ശരീരം ഇത് പോലെ ഭാഗിക്കപ്പെടുമെന്നും അവർക്ക് അറിയിപ്പ് കൊടുക്കുന്നു. എന്നിട്ടും അവരിൽ യാതൊരു ഭാവ വ്യത്യാസവും കാണുന്നില്ല. ഓരോ വിശുദ്ധ കുർബാന നാം അനുഭവിക്കുമ്പോഴും വീണ്ടെടുപ്പിന്റെയും വിടുതലിന്റെയും പുതിയ ഉടമ്പടി ആയും വ്യക്തിപരമായി രക്ഷകൻ അനുഭവിച്ച വേദനയും മരണവും ആണ് തന്നെ നിലനിർത്തുന്ന വസ്തുത എന്ന് നാം തിരിച്ചറിയുക.
ഈ പെസഹ വിശുദ്ധ സംസർഗത്തിലേയ്ക്കുള്ള വിളിയാണ്. കർത്താവ് തന്നെ മുന്നമേ ഒരുക്കിയിട്ടുള്ള വിരുന്നിലേക്കാണ് ക്ഷണിക്കുന്നത്. സാധാരണ സുഹൃത്തുക്കളും സ്നേഹിതന്മാരും നമ്മെ വിളിക്കുമ്പോൾ എന്തെങ്കിലും ഒരു പങ്ക് നാം കൊണ്ട് പോകാറുണ്ട്. ഒന്നും ആവശ്യമല്ലെങ്കിൽ ഒരു പൂവോ ഒരു സമ്മാനമോ നാം കരുതും. എന്നാൽ ഈ വിരുന്നിന് നാം കടന്ന് വരുമ്പോൾ നമ്മുടെ പാപങ്ങളും, ഭാരങ്ങളും രോഗങ്ങളും വേദനകളും എല്ലാം ആ മേശമേൽ വയ്ക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മെ തന്നെ സമർപ്പിക്കുക. ഉദയം അസ്തമയത്തോടെ അകന്നിരിക്കുന്നത് പോലെ അവൻ നമ്മുടെ പാപങ്ങളെ അകറ്റും. സങ്കീർത്തനം 103: 12 . സകല സമൃദ്ധിയെയും കവിയുന്ന ദൈവ സമാധാനം ഫിലിപ്പിയർ 4 : 7 , നമുക്ക് വേണ്ടി ക്രിസ്തു മരിച്ച് ദൈവസ്നേഹം നമ്മിൽ നിറച്ചു. റോമര്‍ 5 : 8.
ഒറ്റിക്കൊടുത്തവനേയും നമ്മേയും കർത്താവ് അറിയുന്നു. നാം എല്ലാവരെയും പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു . നാല്പത് ദിവസം നോമ്പും ഉപവാസവും ആത്മ തപനത്തിന് നമുക്ക് ഇടയായെങ്കിൽ ഈ പെസഹാ വീണ്ടെടുപ്പ് ആയിരിക്കും. അല്ലാത്തപക്ഷം ഒറ്റുകാരോടും അവിശ്വാസികളോടും ഉള്ള കൂട്ടായ്മ ആയിത്തീരും. സർവ്വ ജനത്തേയും വീണ്ടെടുക്കുവാൻ മാനവേഷൻ ധരിച്ച ദൈവപുത്രൻ വേദനയും നിരാശയും അല്ല ദൈവഹിതവും മാനവ സ്നേഹവും ആണ് കാട്ടി തന്നത്. ആ സ്നേഹം പറയുന്നത് നീ സ്വീകരിച്ചാൽ ഇനിമുതൽ പാപി അല്ല ദൈവ മക്കളാണ്. അന്നത്തെ പോലെ തന്നെ ആ വിരിച്ചൊരുക്കിയ മാളിക ഇന്നും നമ്മെ വിളിക്കുന്നു. ക്ഷമിക്കുവാൻ, ശുശ്രൂഷിക്കുവാൻ, ദൈവമക്കളാകുവാൻ.
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
അപ്പച്ചൻ കണ്ണഞ്ചിറ
ഹെമൽ ഹെംസ്റ്റഡ്: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഇടവക വികാരി റവ. ഫാ. അനൂപ് മലയിൽ എബ്രഹാമിന്റെ കാർമ്മികത്വത്തിൽ കൊണ്ടാടിയ ആഘോഷമായ ഓശാന ഞായർ ആചരണം ഭക്തിസാന്ദ്രമായി. നോമ്പുകാലത്തിന്റെ അവസാന ഞായറാഴ്ചയും, വിശുദ്ധവാരത്തിന്റെ ആരംഭവുമായ ഓശാന ഞായർ തിരുക്കർമ്മങ്ങളിലും അനുബന്ധ ശുശ്രുഷകളിലും നിരവധി വിശ്വാസികളാണ് പങ്കുചേർന്നത്.
ക്രൂശീകരണത്തിന് ഏതാനും ദിനങ്ങൾക്ക് മുമ്പ് കഴുതക്കുട്ടിയുടെ പുറത്തുകയറി വിനയാന്വിതനായി നടത്തിയ യാത്രയും ജെറുശലേമിലേക്കുള്ള യേശുവിന്റെ രാജകീയമായ പ്രവേശനവും അവിടെ വരവേൽക്കുവാൻ വീഥികളിൽ തടിച്ചു കൂടിയവർ ഒലിവു ശിഖരങ്ങളും, പനയോലകളും വീശിക്കൊണ്ട് ‘ഹോശാന, ഇസ്രായേലിന്റെ രാജാവായ കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു ആർത്തുവിളിച്ചു കൊണ്ടും, വസ്ത്രങ്ങളും, ചില്ലകളും നിരത്തിൽ വിരിച്ചു കൊണ്ടും പ്രൗഢിയോടെ വരവേറ്റതിന്റെ അനുസ്മരണം ഉണർത്തുന്നതായി ഓശാന ദിന ശുശ്രുഷകളും, തിരുന്നാൾ സന്ദേശവും.
ദേവാലയത്തിൽ ഒരുക്കിവെച്ചിരുന്ന കുരുത്തോലകൾ അനൂപ് അച്ചൻ വെഞ്ചിരിച്ചു വാഴ്ത്തി വിശ്വാസികൾക്ക് നൽകുകയും തുടർന്ന് ദേവാലയത്തിനു ചുറ്റും കുരുത്തോലകൾ വീശി ഓശാന കീർത്തനങ്ങൾ ആലപിച്ച് ഘോഷയാത്ര നടത്തുകയും ചെയ്തു. ദേവാലയത്തിന്റെ പ്രധാനകവാടം യേശുവിന്റെ പ്രവേശനം അനുസ്മരിച്ചു കൊണ്ട് അച്ചൻ ആചാരപ്രകാരം മുട്ടിത്തുറന്നുകൊണ്ടു വിശ്വാസികളോടൊപ്പം ദേവാലയത്തിനകത്തു പ്രവേശിച്ച് തുടർ തിരുക്കർമ്മങ്ങളും,അനുബന്ധ വായനകളും ശുശ്രുഷകളും നടത്തി. ഫാ. അനൂപ് മലയിൽ നൽകിയ ഓശാനത്തിരുന്നാൾ സന്ദേശം ചിന്തോദ്ധീപകവും ആൽമീയോർജ്ജം പകരുന്നതുമായി.
വിശുദ്ധവാരത്തിലേക്കു പ്രവേശിക്കുന്നതിന് ആമുഖമായി ധ്യാനവും അനുതാപ ശുശ്രുഷക്ക് അവസരവും ഒരുക്കിയിരുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പാസ്റ്ററൽ ഹൌസ് സന്ദർശനവും, സന്ധ്യാ പ്രാർത്ഥനാ നമസ്ക്കാരവും ഉണ്ടായിരിക്കും. ഏപ്രിൽ 16 ബുധനാഴ്ച പെസഹാ തിരുക്കർമ്മങ്ങളും അനുബന്ധ ശുശ്രുഷകളും നടക്കും. ഏപ്രിൽ 18 ന് ദുംഖവെള്ളി ശുശ്രുഷകളും പീഡാനുഭവ വായനകളും തിരുക്കർമ്മങ്ങൾക്ക് ശേഷം നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 19 ന് ശനിയാഴ്ച ശുശ്രുഷകൾ രാവിലെ എട്ടു മണിക്ക് വലിയ ശനിയാഴ്ച തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം ആറരക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും മുഖമുദ്രയായ ഉത്ഥാനത്തിരുന്നാൾ ആരംഭിക്കും.
വിശുദ്ധ വാര തിരുക്കർമ്മങ്ങളിൾ പങ്കു ചേർന്ന് ക്രൂശിതന്റെ പീഡാനുഭവ യാത്രയോട് ചേർന്ന് അനുതാപത്തിലൂന്നിക്കൊണ്ട് പ്രാർത്ഥനാനിർഭരം ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും ഏവരെയും തിരുക്കർമ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും സ്നേഹപൂർവ്വം അനൂപ് അച്ചനും പള്ളിക്കമ്മിറ്റിയംഗങ്ങളും ക്ഷണിക്കുന്നു.
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വർണ്ണാഭമായി. കെന്റിലെ റോചെസ്റ്റർ എന്ന സ്ഥലത്തുള്ള അമ്പലത്തിൽ വച്ചാണ് വിഷു ആഘോഷിച്ചത്. വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ വിഷു ആഘോഷങ്ങൾക്ക് പകിട്ടേകി. ക്ഷേത്രം പൂജാരി വിഷ്ണു രവി, വാണി സിബികുമാർ, സിന്ധു രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെന്റ് ഹിന്ദു സമാജം കൂട്ടായ്മയിലെ കുടുംബങ്ങൾ അവരവരുടെ വീടുകളിൽ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന സദ്യ വട്ടങ്ങൾ ആഘോഷത്തിന് മാറ്റു കൂട്ടി. വിഷു ആഘോഷങ്ങൾക്ക് ശേഷം എല്ലാ മാസവും നടത്തി വരാറുള്ള അയ്യപ്പ പൂജയും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി പേർ വിഷു ആഘോഷങ്ങളിൽ പങ്കെടുത്തു.