Spiritual

സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിലുള്ള പ്രധാന തീർത്ഥാടനങ്ങളിൽ ഒന്നായ എയ്ൽസ് ഫോർഡ് തീർത്ഥാടനം മെയ് 25-ാം തീയതി നടത്തപ്പെടും. മെയ് 25-ാം തീയതി രാവിലെ 11 മണി മുതൽ 5 മണി വരെയാണ് തീർത്ഥാടനവും അതിനോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങളും ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ബ്രിട്ടണിലെ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടന്ന എയ്ൽസ് ഫോർഡ് തീർത്ഥാടനത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത് . ഈ വർഷത്തെ തീർത്ഥാടനത്തിന് ഫാ. മാത്യു കുരിശുമൂട്ടിലിൻ്റെ നേതൃത്വത്തിൽ എയ്ൽസ് ഫോർഡ് കമ്മ്യൂണിറ്റിയാണ് ഒരുക്കങ്ങൾ നടത്തുന്നത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സാബിക്കൽ തീർത്ഥാടനത്തിനും മറ്റു തിരുകർമ്മങ്ങൾക്കും നേതൃത്വം നൽകും.

 

മെയ് 25-ാം നടക്കുന്ന എയ്ൽസ് ഫോർഡ് തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാവിക്കാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ജനറാൾ ഫാ. ജിനോ അരിക്കാട്ട് MCBS അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബക്കൂട്ടായ്‌മ പ്രതിനിധികളുടെ വാർഷിക സമ്മേളനം ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഏപ്രിൽ 13, ശനിയാഴ്ച നടത്തപ്പെടും .രൂപതയുടെ പന്ത്രണ്ട് റീജിയനുകളിൽ നിന്നുമുള്ള ഇടവക ,മിഷൻ ,പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള കുടുംബ കൂട്ടായ്മകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം വിശുദ്ധ കുര്ബാനയോടെയാണ് ആരംഭിക്കുന്നത് .

രാവിലെ 10 മണിക്ക് രൂപതാ ദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും . രൂപതാ കുടുംബക്കൂട്ടായ്‌മ കമ്മീഷൻ ചാർജുള്ള സിഞ്ചേലൂസ് പെരിയ ബഹു. ഫാ ജോർജ്ജ് ചേലെയ്‌ക്കൽ കമ്മീഷൻ ചെയർമാൻ ബഹു. ഹാൻസ് പുതിയാകുളങ്ങര എന്നിവരോടൊപ്പം രൂപതയുടെ 12 റീജിണൽ ഡയറക്ടർ മാരായ വൈദികരും മിഷൻ ഡയറക്ടർ മാരായ വൈദികരും സഹ കാർമ്മികൻ ആകും എല്ലാ റീജിയനുകളിൽ നിന്നുള്ള 300 ൽ പരം പ്രതിനിധികളും വൈദികരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വൈകുന്നേരം 4.00 മണിയോടെ പര്യവസാനിക്കുന്ന കാര്യപരിപാടികൾക്ക് രൂപതാ കുടുംബക്കൂട്ടായ്‌മ കമ്മീഷൻ അംഗങ്ങൾ നേതൃത്വം നൽകും.

ബിനോയ് എം. ജെ.

ജീവിതത്തെ ഗൗരവത്തിൽ എടുക്കുന്നവരാണ് നമ്മിൽ എല്ലാവരും തന്നെ. ചെറിയ കാര്യങ്ങൾക്കുപൊലും നാം അർഹിക്കാത്ത ഗൗരവം കൊടുക്കുന്നു. അത് ജീവിതവിജയത്തിന് അത്യാവശ്യമാണെന്ന് നാം കരുതുകയും ചെയ്യുന്നു. ഇപ്രകാരം ജീവിതത്തിനും അതിലെ സംഭവങ്ങൾക്കും ആവശ്യമില്ലാതെ ഗൗരവം കൊടുക്കുമ്പോൾ നാം മനോസംഘർഷങ്ങളിലേക്ക് വഴുതി വീഴുന്നു. ഇതാണ് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രക്ഷുബ്‌ധതകൾക്കും കാരണം. മറിച്ച് ഒരു തമാശയോ ഫലിതമോ കേൾക്കുമ്പോൾ നമ്മുടെ മനസ്സ് സന്തോഷിക്കുന്നത് എന്തുകൊണ്ട്? ഗൗരവമുള്ള ഒരു കാര്യത്തിന് പൊടുന്നനവേ അതിന്റെ ഗൗരവം നഷ്ടപ്പെടുമ്പോഴാണ് ഒരു ഫലിതം ജനിക്കുന്നത്. ഇപ്രകാരം എത്ര ഗൗരവമുള്ള വിഷയത്തെയും നമുക്ക് നിസ്സാരമായി ചിരിച്ചു തള്ളാവുന്നതേയുള്ളൂ.

ജനനം, മരണം, വിജയം, പരാജയം, സുഖം, ദുഃഖം എല്ലാം നമുക്ക് ഗൗരവമുള്ള കാര്യങ്ങൾ തന്നെ. എന്താണിവയ്ക്ക് ഗൗരവം കൊടുക്കുന്നത്? നമ്മുടെ ആഗ്രഹങ്ങളും നമ്മുടെ നിലനിൽപും തന്നെ. ഒരുപക്ഷേ മരണം അവിടെ ഇല്ലായിരുന്നുവെങ്കിൽ ജീവിതത്തിന് ഇത്രയും ഗൗരവം സിദ്ധിക്കുമായിരുന്നില്ല. താനീ കാണുന്ന ശരീരമാണെന്ന് ചിന്തിക്കുമ്പോൾ അതിനെ സംരക്ഷിക്കേണ്ടത് അനുപേക്ഷണീയമാവുകയും ജീവിതം നിലനിൽപ്പിനുവേണ്ടിയുള്ള ഒരു സമരമായി അധ:പതിക്കുകയും ചെയ്യുന്നു. മരണം നമ്മുടെ പടിവാതിൽക്കൽ മുട്ടിവിളിക്കുമ്പോൾ നമുക്ക് ജീവിതം എങ്ങനെ ആസ്വദിക്കുവാൻ കഴിയും? അതിനാൽ തന്നെ ജീവിതം ആസ്വദിക്കണമെന്ന് ആഗ്രഹം ഉള്ളവർ താനീകാണുന്ന ശരീരമല്ലെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനന മരണങ്ങൾ തനിക്കൊരു നേരമ്പോക്ക് മാത്രമാണെന്ന് ചിന്തിച്ച് തുടങ്ങുമ്പോൾ താനീശരീരത്തിനും ഉപരിയായ മറ്റെന്തോ ആണെന്ന ബോദ്ധ്യം മനസ്സിൽ പൊട്ടിമുളക്കുന്നു. അഥവാ താൻ സർവ്വവ്യാപിയാണെന്ന ചിന്ത മനസ്സിൽ രൂഢമൂലമാവണമെങ്കിൽ താൻ അൽപമായ ഈ ശരീരമാണെന്ന ചിന്തയെ പരിത്യജിക്കേണ്ടിയിരിക്കുന്നു. ഒരേസമയം താനീ ശരീരവും പരബ്രഹ്മവും ആണെന്ന് ചിന്തിക്കുവാൻ ആർക്കും കഴിയുകയില്ല. താനീ ശരീരമാണെന്ന് ചിന്തിക്കുമ്പോൾ താൻ ബ്രഹ്മമാണെന്ന സത്യത്തെ നാം മറക്കുന്നു. താനാബ്രഹ്മമാണെന്ന് ചിന്തിക്കുമ്പോൾ ശരീരാവബോധവും തിരോഭവിക്കുന്നു. ഞാനീ കാണുന്ന ശരീരമാണെങ്കിൽ, കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും നിറഞ്ഞ അനന്തമായ ഈ പ്രപഞ്ചത്തിൽ അതിൽ കേവലം ഒരു നക്ഷത്രമായ സൂര്യനു ചുറ്റും തിരിയുന്ന മൺതരിപോലെയുള്ള ഈ ഭൂമിയിലെ നമ്മുടെ ഈ കൊച്ചു ജീവിതത്തിലെ ജനന മരണങ്ങൾക്കും സുഖദു:ഖങ്ങൾക്കും എന്തു പ്രാധാന്യമാണ് നമുക്കവകാശപ്പെടുവാനുള്ളത്? ഈ നഗ്നസത്യത്തെ നാം സമ്മതിച്ചു കൊടുക്കുമ്പോൾ നാമീ ശരീരമല്ലെന്നും മറിച്ച് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സത്തയാണെന്നുമുള്ള ബോധ്യം മനസ്സിൽ വേരോടുന്നു.

അതിനാൽ തന്നെ നാം കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് ഈ കാണുന്ന ശരീരത്തേക്കാൾ ഉപരിയായി ഈ കാണുന്ന ബാഹ്യലോകത്തിനാണ്. നാമീ ശരീരത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ നമ്മിൽ സ്വാത്ഥത വളരുന്നു. വാസ്തവത്തിൽ നമ്മെ കൂടുതൽ സന്തോഷിക്കുന്നത് ഈ ശരീരത്തേക്കാൾ ഉപരിയായി ഈ ബാഹ്യപ്രപഞ്ചമല്ലേ? അതിൽ നിന്നും മനസ്സിലാക്കേണ്ടത് നാമീ ശരീരമല്ലെന്നും മറിച്ച് ബാഹ്യപ്രപഞ്ചം തന്നെ ആണെന്നുമാണ്. ഈ ശരീരത്തെ ഉപേക്ഷിക്കുവാൻ മടിയുള്ളതുകൊണ്ടല്ല നമുക്ക് മരണഭയം അനുഭവപ്പെടുന്നത്, മറിച്ച് ഈ പ്രപഞ്ചത്തെ ഉപേക്ഷിക്കുവാൻ മടിയുള്ളതുകൊണ്ടാണ്. ഈ ശരീരം പോയാൽ കൂട്ടത്തിൽ പ്രപഞ്ചവും തിരോഭവിക്കുമെന്ന് നാം മൂഢമായി വിചാരിക്കുന്നു. അതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവിൻ! മൂഢമായ ഓരോ ചിന്തയും ദുഃഖത്തെ ജനിപ്പിക്കുക തന്നെ ചെയ്യും. നിങ്ങൾക്ക് ഈ പ്രപഞ്ചത്തോട് അനുരാഗം തോന്നുന്നതിൽ തെറ്റില്ല. കാരണം നിങ്ങൾ ഈ പ്രപഞ്ചം തന്നെയാണ്. അതിനാൽ തന്നെ ഈ ശരീരം പോയാലും അതിനെ ഗൗനിക്കേണ്ട കാര്യമില്ല. കാരണം അപ്പോൾ മാത്രമേ നമുക്ക് ഈ പ്രപഞ്ചത്തോട് വേണ്ടവണ്ണം താദാത്മ്യം പ്രാപിക്കുവാനാകൂ. ഈ ശരീരം പോയാൽ അത് നമ്മുടെ തലയിലെ ഒരു മുടി കൊഴിയുന്നപോലേ ഉള്ളൂ. ഈ ശരീരത്തെ സംരക്ഷിക്കുവാനായി പാടുപെടേണ്ട ആവശ്യവുമില്ല. അവിടെ ഭയവും അൽപത്വവും നമ്മെ വിട്ടു പിരിയുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

മാത്യൂ ചെമ്പു കണ്ടത്തിൽ

നമ്മുടെ കര്‍ത്താവീശോ മശിഹായുടെ തിരുവിലാവില്‍ സ്പര്‍ശിച്ചുകൊണ്ട് “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം നടത്തിയ തോമാസ്ലീഹായെ വര്‍ണ്ണിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിന്‍റെ വീണ” എന്നറിയപ്പെടുന്ന പരിശുദ്ധ സുറിയാനി സഭയുടെ മധുരഗായകനും നാലാം നൂറ്റാണ്ടിലെ (എഡി 306-373) ദൈവശാസ്ത്രജ്ഞനും കവിയുമായിരുന്ന മാര്‍ അപ്രേം എഴുതിയ കവിത.
വിദ്വാന്‍ ഫാ ജോണ്‍ കുന്നപ്പള്ളിയുടെ വിവര്‍ത്തനത്തെ ആസ്പദമാക്കി സംക്ഷിപ്തമായി തയ്യാറാക്കിയത്.

തോമായേ, നീ
അനുഗ്രഹീതനാകുന്നു!

🔹1. തോമായേ, നീ അനുഗ്രഹീതനാകുന്നു! ശിഷ്യന്മാര്‍ക്കു പ്രിയങ്കരനായവനേ, സുകൃതങ്ങളുടെയും നന്മകളുടെയും കലവറയേ, മുഴുലോകത്തിനും ജീവന്‍ ഒഴുക്കുന്ന ഉറവിടത്തെ നിന്‍റെ കരം സ്പര്‍ശിച്ചു. ലോകത്തെ സംരക്ഷിക്കുന്ന നിധികളാല്‍ സമ്പന്നമായ ഭണ്ഡാഗാരത്തെ തൊടുവാന്‍ നിന്‍റെ സ്നേഹം ധൈര്യപ്പെട്ടു. നിന്‍റെ ഭാഗ്യം വളരെ വലുതാകുന്നു. എന്തെന്നാല്‍ അത്യുന്നത സൂര്യനെ നീ കരങ്ങളാല്‍ തൊട്ടറിഞ്ഞു.

🔹2. സ്വസഹോദരന്മാരുടെ അലങ്കാരമായ പ്രേഷിതാ, നീ അനുഗ്രഹീതനാകുന്നു! നിന്‍റെ സഹോദന്മാരുടെ അലങ്കാരമായിരിക്കുമ്പോഴും ദൈവപുത്രന്‍റെ പാര്‍ശ്വം സ്പര്‍ശിച്ചുംകൊണ്ട് നീ ഏറെ അലങ്കൃതനായി. അഗ്നിമയന്‍ തന്‍റെ ശരീരം സ്പര്‍ശിക്കാന്‍ നിനക്ക് അനുവാദം നല്‍കി, താന്‍ സ്പര്‍ശിക്കപ്പെടാന്‍ അവിടുന്നു തിരുമനസ്സായി, അവിടുന്നു ഘനീഭവിച്ചു. ലോകത്തിനു താങ്ങാനാവാത്ത നിധിയില്‍ നിന്‍റെ കരങ്ങള്‍ വയ്ക്കപ്പെട്ടു!

🔹3. വിശ്വാസത്താല്‍ സമ്പന്നനായ തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ കൂട്ടുകാരെ നീ വിശ്വസിക്കാതിരുന്നത്, അവര്‍ നുണപറയുന്നെന്നു കരുതിയല്ല, നിന്‍റെ സ്നേഹം ജ്വലിച്ചതുകൊണ്ടാണ്. കരങ്ങളാല്‍ സ്പര്‍ശിച്ചുകൊണ്ട് ആ രത്നത്തെ സമീപിക്കാന്‍ സ്നേഹം നിന്നെ പ്രേരിപ്പിച്ചു. നേരിട്ടുകണ്ട് യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനുവേണ്ടി സ്പര്‍ശനത്തില്‍ ആനന്ദിക്കാന്‍ നീ ആഗ്രഹിച്ചില്ല.

🔹4. കര്‍ത്താവ് ഉയിര്‍ത്തുവെന്നും തങ്ങള്‍ക്ക് കാണപ്പെട്ടുവെന്നും ശിഷ്യന്മാരില്‍നിന്നു ശ്രവിച്ച തോമായേ നീ അനുഗ്രഹീതനാകുന്നു! നീ സംശയിച്ചതു യഥാര്‍ത്ഥമായ സംശയത്താലല്ല, അവിടുന്നു വരുമ്പോള്‍ അവുടുത്തെ ഉത്ഥിതനായി കണ്ടു സന്തോഷിക്കാന്‍വേണ്ടി ബുദ്ധിപൂര്‍വ്വം നീ സംശയിച്ചു.

🔹5. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ വിശ്വാസം മരിച്ചവരുടെ ഉത്ഥാനത്തിന് ഒരു കണ്ണാടിയായിരുന്നു. അതുവഴി ഉത്ഥാനത്തിന്‍റെ ദിവസത്തിനായി ശരീരം സൂക്ഷിക്കപ്പെടുമെന്ന് സര്‍വ്വലോകത്തുമുള്ള ജനതകള്‍ ഗ്രഹിച്ചു! ഉത്ഥാനം നിഷേധിക്കുന്ന അവിശ്വാസികളുടെ വായ് അടയ്ക്കുവാനും അവര്‍ ലജ്ജിതരാകുവാനുമായി നിന്‍റെ കരങ്ങളാല്‍ സ്പര്‍ശിക്കപ്പെടുന്നതിന് അവിടുന്നു തന്‍റെ ശരീരം നല്‍കി.

🔹6. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ സൂര്യന്‍ നിന്‍റെ അടുക്കലേക്കു വന്നു, തന്നെത്തന്നെ നിനക്കു വെളിപ്പെടുത്തുകയും നിന്‍റെ കണ്ണുകള്‍കൊണ്ട് നീ അവിടുത്തെ കാണുകയും കരംകൊണ്ട് സ്പര്‍ശിക്കുകയും നീ ഗ്രഹിക്കുകയും ചെയ്തു. ഗബ്രിയേലിന്‍റെ ഗണങ്ങള്‍ അകലെ നില്‍ക്കുന്നു, മീഖായേലിന്‍റെ സൈന്യങ്ങള്‍ ദൂരെനിന്നു സ്തുതിപാടുന്നു, ആഗ്നേയസമൂഹങ്ങള്‍ ആരാധിക്കുന്നു, എന്നാല്‍ നീയോ, അവിടുത്തെ സ്പര്‍ശിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നു!

🔹7. തോമായേ നീ അനുഗ്രഹീതനാകുന്നു! സ്രാപ്പേ മാലാഖാമാര്‍ക്ക് അസൂയപ്പെടാന്‍ സാധിക്കുമായിരുന്നെങ്കില്‍ നിന്നെക്കുറിച്ച് അവര്‍ അസൂയപ്പെടുമായിരുന്നു! എന്തെന്നാല്‍ അവിടുന്ന് ആഗ്നേയനാകയാല്‍ സ്രാപ്പേന്മാര്‍ക്ക് അവിടുത്തെ സ്പര്‍ശിക്കുക സാധ്യമല്ല! സ്രാപ്പേന്മാര്‍ വിറയലോടെ കൊടില്‍കൊണ്ടു തീക്കനല്‍ സ്പര്‍ശിച്ചുവെങ്കില്‍ (ഏശയ്യ 6:6) നീയാകട്ടെ, മാംസബദ്ധമായ കരങ്ങള്‍കൊണ്ട്, ഭയരഹിതനായി അഗ്നിജ്വാലയെ സ്പര്‍ശിച്ചു!

🔹8. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ സ്രാപ്പേന്മാര്‍ തന്‍റെ ചിറകുകള്‍കൊണ്ടു (യൂദായുടെ) സിംഹത്തെ (വെളിപാട് 5:5) നിന്നില്‍നിന്നു മറച്ചില്ല, എന്തെന്നാല്‍ അവിടുന്നവര്‍ക്ക് ഗുപ്തമായിരിക്കുന്നു, അവര്‍ നിരീക്ഷിക്കാതിരിക്കത്തക്കവിധം അവിടുന്ന് അവരില്‍നിന്നു മറഞ്ഞിരിക്കുന്നു, ക്രേവേന്മാര്‍ അവിടുത്തെ സ്തുതിക്കുന്നു, സ്രാപ്പേന്മാര്‍ അവിടുത്തെ പരിശുദ്ധനെന്നു വാഴ്ത്തുന്നു, എന്നാല്‍ സ്പഷ്ടമായി കാണുകയും ഇമ്പകരമായി സ്പര്‍ശിക്കുകയും ചെയ്ത നീ ഭാഗ്യവാനാകുന്നു.

🔹9. തോമായേ നീ ഭാഗ്യവാനാകുന്നു! എന്തെന്നാല്‍ ശൂലത്താല്‍ തുറക്കപ്പെട്ട ഏകജാതന്‍റെ പാര്‍ശ്വത്തിലും പരിശുദ്ധമായ ആണിപ്പഴുതുകളിലും ലോകത്തെ സുഖപ്പെടുത്തിയ മുറിവുകളിലും നിന്‍റെ കരം വിശ്രമിച്ചു! നീ സ്നേഹിച്ചു, കരങ്ങള്‍കൊണ്ടു ഗ്രഹിച്ചു, ബോധ്യപ്പെട്ടു, ഇതെല്ലാം വിജാതിയരുടെയിടയില്‍ പ്രസംഗിക്കുകയും ചെയ്തു.

🔹10. തോമായേ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ പന്ത്രണ്ടു ശിഷ്യന്മാരോടൊന്നിച്ചു നിനക്കു മഹത്വത്തിന്‍റെ സിംഹാസനമുണ്ട്. ഭൂമിയില്‍ ദൈവകുമാരന്‍റെ സുവിശേഷം അറിയിക്കുന്നതില്‍ നിന്‍റെ സ്വരം ഉച്ചൈസ്തരമായിരുന്നു. അവസാനം നീ വിധിയാളനോടൊത്തു മഹനീയനായിരിക്കും. സുവിശേഷം അറിയിക്കുന്നവരുടെയിടയില്‍ നീ വിശ്രുതനായിരിക്കും. ആരുടെ അധരങ്ങള്‍ക്കാണ്, ആരുടെ നാവുകള്‍ക്കാണ് നിന്‍റെ മനോഹരമായ വ്യാപരങ്ങളെ വര്‍ണ്ണിക്കാനാവുക!

🔹11. ഇരട്ടപിറന്നവനായ തോമായേ, നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ നിന്‍റെ ആധ്യാത്മികസമ്പത്ത് പ്രസിദ്ധങ്ങളും നിരവധിയുമാണ്, നിന്‍റെ നാമം ശ്രേഷ്ഠരായ ശ്ലീഹന്മാരുടെയിടയില്‍ അറിയപ്പെടുന്നു, എന്‍റെ അയോഗ്യമായ അധരങ്ങളിലൂടെ നിന്നെ പ്രകീര്‍ത്തിക്കാന്‍ കൃപലഭിച്ചിരിക്കുന്നു.

🔹12. പ്രകാശമായവനെ നീ അനുഗ്രഹീതനാകുന്നു! എന്തെന്നാല്‍ ബലികളുടെ പുകയാല്‍ ഇരുണ്ടയിടങ്ങളിലേക്ക് സൂര്യന്‍ നിന്നെ അയച്ചു, മാമ്മോദീസായാല്‍ നീയവരെ കഴുകി വെണ്മയുള്ളവരാക്കി, മലിനതയെ തോമാ ധവളിമയാക്കി!

🔹13. തോമായേ നീ അനുഗ്രഹീതനാകുന്നു! സ്ലീവായില്‍നിന്നെടുത്ത സ്നേഹത്താല്‍ ഇന്ത്യയുടെ ഇരുളിമിയ പ്രകാശിപ്പിച്ച ദീപമായിരുന്നു നീ, ആ പന്ത്രണ്ടു ദീപങ്ങളിലൊന്ന് !

🔹14. തോമായേ നീ അനുഗ്രഹീതനാകുന്നു! മഹാരാജാവു നിന്നെ ഇന്ത്യയിലേക്കയച്ചു, ഇന്ത്യയെ നീ ഏകജാതന്‍റെ മണവാട്ടിയാക്കി, അവളെ വെണ്മഞ്ഞിനെയും ആട്ടിന്‍രോമത്തെയുംകാള്‍ വെണ്മയുള്ളവളാക്കി, അവള്‍ ലാവണ്യവതിയും പ്രശോഭിതയുമായ തന്‍റെ മണവാളന്‍റെയരികിലേക്കു പോകാന്‍ തക്കവിധം സൗന്ദര്യവതിയായി, നീ അനുഗ്രഹീതനാകുന്നു!

🔹15. നീ അനുഗ്രഹീതനാകുന്നു! അന്ധകാരശക്തികള്‍ അടിമയാക്കിവച്ചിരുന്ന കാവ്യമതത്തില്‍നിന്നു നീ മോചിപ്പിച്ച ആ മണവാട്ടിയില്‍ നിനക്കു വിശ്വാസമുണ്ടായിരുന്നു. അനുഗ്രഹീതമായ ക്ഷാളനത്താല്‍ അവളെ നീ വെണ്മയുള്ളവളാക്കി, സ്ലീവായാല്‍ അവള്‍ പ്രഭ വിതറുന്നവളായി!

(എഡി 232-ല്‍ തോമാസ്ലീഹായൂടെ ഭൗതികാവശിഷ്ടം എഡേസ്സയിലേക്ക് കൊണ്ടുവന്നതിനെ അനുസ്മരിച്ച് എഴുതിയ വരികള്‍).

🔹16. വണികശ്രേഷ്ഠാ, നീ ഭാഗ്യമുള്ളവനാകുന്നു! എന്തെന്നാല്‍ നിധിയില്ലാതിരുന്ന സ്ഥലത്തേക്കു നീ നിധി കൊണ്ടുവന്നു. അമൂല്യമായ രത്നം കണ്ടെത്തിയതിനു ശേഷം അതു കരസ്ഥമാക്കുവാന്‍ വേണ്ടി തനിക്കുള്ളതെല്ലാം വിറ്റ ബുദ്ധിമാനായ മനുഷ്യന്‍ നീയാകുന്നു.

🔹17. നിധിയെ സ്വീകരിച്ച, ആശീര്‍വദിക്കപ്പെട്ട നഗരീയേ (എഡേസ്സ) നിനക്കു ഭാഗ്യം! എന്തെന്നാല്‍ നീ രത്നം കണ്ടെത്തി, ഇന്ത്യയില്‍ ഇതല്ലാതെ വേറെ രത്നമുണ്ടായിരുന്നില്ല. നിന്‍റെ നിക്ഷേപാലയത്തില്‍ ഏറ്റവു വിലയുള്ള രത്നം നീ സൂക്ഷിച്ചിരിക്കുന്നു!
തന്‍റെ ആരാധകരെ സകലനന്മകളാലും നിറയ്ക്കുന്ന നല്ലവനായ ദൈവപുത്രാ നിനക്കു സ്തുതി!

ബാബു മങ്കുഴിയിൽ

ഫാ . ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 18 വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ് . കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെതിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

വിശുദ്ധ കർമങ്ങൾക്ക് വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി.

ഓശാന ഞായറാഴ്ചയും പെസഹാ വ്യാഴാഴ്ചയും ഫാ. ജോമോൻ പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്.

ദുഃഖ വെള്ളിയും,ഉയിർപ്പിന്റെ ശു ശ്രുഷകളും ബെൽഫാസ്റ്റിൽ നിന്നുള്ള റവ. ഫാ. എൽദോയുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് .

റവ. ഫാ. ജോമോൻ പുന്നൂസിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ്‌അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന,പെസഹ ശുശ്രുഷകളും ഭക്തി സാന്ദ്രമായപ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി .

വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ് സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രുഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു .

പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർത്ഥം ദുഃഖ വെള്ളിയുടെ ശുശ്രുഷകൾ നടത്തപ്പെട്ടത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു. ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും ,പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 200 ഓളം പേര്‍ക്ക് നേര്‍ച്ചഭക്ഷണമായി കഞ്ഞിയും പയറും നല്‍കി .

ഉയര്‍പ്പിന്റെ ചടങ്ങുകള്‍ക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഹൃദ്യവും ആകർഷകവുമായുള്ള മനോഹരമായ സന്ദേശം നല്‍കിയ റവ. ഫാ. എൽദോ യുടെ പ്രസംഗം ഏവർക്കും നവ്യാനുഭവമായി .

എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും മംഗളാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം ബെൽഫാസ്റ്റിലേക്ക് മടങ്ങിയത്.

നിരവധി വിശ്വാസികള്‍ പങ്കെടുത്ത ഹാശാ ആഴ്ച്ചയിലെ ശുശ്രുഷകൾക്കു ട്രസ്റ്റി ബാബു മത്തായി,സെക്രട്ടറി ജെയിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി ചടങ്ങുകൾ ഏകോപിപ്പിച്ചു .

ശുശ്രുഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം,ശുശ്രുഷക്കാരുടെയും,കമ്മറ്റി അംഗങ്ങളുടേയും,ഗായക സംഘത്തിന്റെയും,സർവ്വോപരി സഹകരിച്ച എല്ലാവിശ്വാസികളുടെ യും സാന്നിധ്യ സഹായങ്ങൾക്കും ,

നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും ,ദുഃഖ വെള്ളിയാഴ്ചയിൽ ഭക്ഷണം ക്രമീകരിച്ച എല്ലാവരോടും ട്രസ്റ്റി ബാബു മത്തായി സെക്രട്ടറി ജെയിൻ കുര്യാക്കോസ് എന്നിവർ നന്ദി രേഖപ്പെടുത്തി.

സീറോ മലബാർ മിഷൻ ബിർമിങ്ഹാം സെന്റ് ബെനഡിക്‌ മിഷൻ ഇടവക വികാരി ഫാ . ടെറിൻ മുല്ലക്കരയുടെ നേതൃത്വത്തിൽ ദുഃഖ വെള്ളി പീഡാനുഭവ തിരുന്നാൾ നടന്നു. നൂറ് കണക്കിന് വിശാസികൾ പങ്കെടുത്തു.

ബെഡ്ഫോർഡ് സെയിന്റ് അൽഫോൻസാ മിഷനിൽ പെസഹാ തിരുനാളും, കാൽ കഴുകൽ ശിശ്രൂഷയും,അപ്പം മുറിക്കൽ ശിശ്രൂഷയും നടന്നു. മിഷൻ ഡയറക്ടർ ഫാ.എബിൻ നീരുവെലിൽ VC തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും ,മിഷൻ കേന്ദ്രങ്ങളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾ നടന്നു , ഇന്നു രാത്രിയിലും നാളെയുമായി നടക്കുന്ന ഉയിർപ്പ് തിരുനാൾ തിരുക്കർമ്മങ്ങളോടെ സമാപിക്കുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ കേന്ദ്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

വിവിധ ഇടവകകളിലും ,മിഷൻ കേന്ദ്രങ്ങളിലുമായി നടന്ന പെസഹാ, ദുഃഖ വെള്ളി കർമ്മങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്കു ചേർന്നത് , പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പെസഹാ വ്യാഴം , പീഡാനുഭവ വെള്ളി തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . പെസഹാ തിരുക്കർമ്മങ്ങളോടനുബന്ധിച്ചു നടന്ന കാൽ കഴുകൽ ശുശ്രൂഷക്കും അദ്ദേഹം കാർമികത്വം വഹിച്ചു . ദുഃഖ ശനിയായഴ്ച വൈകുന്നേരം ആറ് മുപ്പതിന് ജ്ഞാനസ്നാന വൃത നവീകരണവും , പുത്തൻ തീയും വെള്ളവും വെഞ്ചരിപ്പ് ശുശ്രൂഷയും നടക്കും , തുടർന്ന് ഉയിർപ്പ് തിരുക്കർമ്മങ്ങളും നടക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും . ഞായറാഴ്ച രാവിലെ 9 . 30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും , രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന വിശുദ്ധ വാര തിരുക്കർമ്മങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെയുള്ള രൂപത വെബ്സൈറ്റിൽ നിന്നും ലഭ്യമാണ് .

https://eparchyofgreatbritain.org/%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%ba-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%ae-2/

 

ബിനോയ്‌ തേവർക്കുന്നേൽ

ഈശോയുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മ ആചരിക്കുന്ന വലിയ ആഴ്ചയിൽ ഈശോയുടെ ആഹ്വാനം അനുസരിച്ച് പന്ത്രണ്ട് പേരുടെ കാലുകൾ കഴുകിക്കൊണ്ട് ഈശോയുടെ സ്നേഹം വിശ്വാസികളെ ഓർമ്മപ്പെടുത്തി മിഷൻ ഡയറക്ടർ ഫാദർ ജോബി ഇടവാഴിക്കൽ തന്റെ സന്ദേശത്തിലൂടെ വിശുദ്ധ കുർബാന സഥാപിച്ചതിന്റെ ഓർമ്മ പുതുക്കുന്നതിനോടൊപ്പം വൈദികരെയും ഓർമ്മിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമുള്ള അവസരം കൂടിയാണ് ഈ പെസഹ തിരുനാൾ എന്ന പൗരോഹത്യം സ്ഥാപിക്കപ്പെട്ട ഈ ദിവസം നമുക്ക് പ്രയോജനപ്പെടുത്താം എന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. മിഷന്റെ കൈക്കാരന്മാരായ രാജു ജോസഫ്, ഷാജു തോമസ് കാറ്റികിസം ഹെഡ് ടീച്ചർ ജെയിൻ സെബാസ്റ്റ്യൻ അൾത്താര ശുശ്രുഷകരുടെ ലീഡർ സോയി, കമ്മിറ്റി അംഗങ്ങൾ. കമ്മിറ്റി അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണവും നേതൃത്വവും വിശ്വാസികൾക്ക് ഏറ്റവും പ്രചോദനവും സഹായവുമായി.

 രാജേഷ് ജോസഫ് ലെസ്റ്റർ

നല്ല വെള്ളിയുടെ പ്രഭാതത്തിന്റ നിശബ്ദതയിൽ, ഇതാ വലിയ ത്യാഗത്തിന്റ കഥ വീണ്ടും പറഞ്ഞു തുടങ്ങുന്നു. സമർപ്പണത്തിന്റെ, ഉപാധികളില്ലാത്ത സ്നേഹത്തിന്റ മനുഷ്യന് സങ്കല്പിക്കാവുന്നതിലും അപ്പുറമുള്ള ധീരതയുടെ കഥ.
കൂരിരുൾ വീണ ഹൃദയങ്ങളെ ആർദ്രമാക്കിയ സായംസന്ധ്യയിൽ അങ്ങ് അകലെ നിശബ്ദമായ ഒരു കുരിശ് ഉയരത്തിൽ കുന്നിൻ മുകളിൽ മാനവ രാശിയുടെ പ്രശ്നങ്ങൾ പേറി നിലനിൽക്കുന്നു. കൃപയുടെ പ്രതീകമായ കുരിശ് . രക്ഷകൻ ജീവൻ നൽകി നമുക്കുവേണ്ടി, വീണ്ടെടുക്കാനും രക്ഷിക്കാനും.

പ്രതീക്ഷകൾ വീണ്ടും വാനോളം ഉയർത്തിയ ഉയിർപ്പിന്റെ പുതിയ പുലരി നയനങ്ങൾക്ക് കുളിർമയും മനസിന് സന്തോഷവും നൽകുന്നു. ആ കല്ല് അവിടെ ഇനി ഇല്ല , കല്ലറ ഇപ്പോൾ ശൂന്യമായി , ഈ സുദിനത്തിൽ ഹൃദയ വയലുകളിലെ കല്ലുകൾ ഉരുട്ടിമാറ്റി മാറ്റി ശൂന്യമാക്കാം. ഉത്തരം ഇല്ലാത്ത കഥയിലെ വലിയ ചോദ്യം തുടരുന്നു അവൻ മരണത്തെ കീഴടക്കി ഉയിർത്തെഴുന്നേറ്റ് വിജയശ്രീ ലാളിതനായി. സന്തോഷത്തോടെയും സ്നേഹത്തോടെയും ഒത്തുകൂടാം. ത്യാഗത്തിലും മരണത്തിനുമപ്പുറം ജീവിത്തിന്‌ പ്രത്യാശ ഉണ്ടെന്ന് പഠിപ്പിച്ച പുതിയ കഥ.

വസന്തം അതിന്റ വർണ വൈവിധ്യ നിറ ചാർത്തു പെയുന്ന ഈ ഈസ്റ്റർ ദിനത്തിൽ വിശ്വാസത്തിൽ നവീകരിക്കപ്പെട്ടു രക്ഷകന്റ ശുദ്ധമായ സ്നേഹത്തിൽ പ്രതീക്ഷയോടെ നടന്നു നീങ്ങാം. ഈ അനുഗ്രഹീത ദിനത്തെ നന്ദിസൂചകമായി വിലമതിക്കാം. നമ്മുടെ ഹൃദയങ്ങൾ സന്തോഷിക്കട്ടെ. ദുഃഖവെള്ളിയാഴ്ചയുടെ വേദനയ്ക്കുമപ്പുറം ഈസ്റ്ററിൻ കൃപ നമ്മളിലെ നമ്മെ കണ്ടെത്താൻ സഹായിക്കട്ടെ. കൃപ, ക്ഷമ, പ്രതീക്ഷ, അതിരുകളില്ലാത്ത സ്നേഹം. ഉയിർപ്പ് നല്കന്ന പുതിയ പ്രഭാതത്തിന്റ കഥ തുടരുന്നു…..

 

RECENT POSTS
Copyright © . All rights reserved