Spiritual

ഇടവക ജനങ്ങളെ ഒന്നടങ്കം ആത്മീയ ഉണര്‍വില്‍ ആനന്ദിപ്പിച്ച്, നവീകരണത്തിന്റെ പുത്തന്‍ ചൈതന്യം പകര്‍ന്നുകൊണ്ട് മരിയന്‍ മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ കുടുംബനവീകരണ ധ്യാനം പോര്‍ട്ട്സ്മത്തില്‍ സമാപിച്ചു.

മോശ മുള്‍പ്പടര്‍പ്പില്‍ കണ്ട ഒരു വേറിട്ട കാഴ്ചയായ, അഗ്‌നിയെ സ്വീകരിക്കാന്‍ പ്രവാസ ജീവിതത്തില്‍ കടന്ന്പോയ തെറ്റായ വഴികള്‍ തിരിച്ചറിഞ്ഞ്, സഭയോട് ചേര്‍ന്ന് നവീകരണത്തിന്റെ പാത തെരഞ്ഞെടുക്കുവാന്‍ ധ്യാനത്തിന് നേതൃത്വം കൊടുത്ത മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി എടാട്ട് ഇടവക ജനങ്ങളെ ഉദ്ബോദിപ്പിച്ചു.

ദൈവസ്നേഹം ശിക്ഷിക്കാത്ത സ്നേഹം തന്നെയാണ് എന്ന് തന്റെ ജീവിത സാക്ഷ്യങ്ങളിലൂടെ മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജ് പങ്കുവെച്ചത് വിശ്വാസികള്‍ക്ക് വലിയ അനുഭവമായി മാറി.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയോട് ചേര്‍ന്ന് നടത്തുന്ന മരിയന്‍ മിനിസ്ട്രിയുടെ ധ്യാനങ്ങളും പ്രവര്‍ത്തനങ്ങളും രൂപതക്ക് മുഴുവനും പ്രയോജനകരമായി മാറട്ടെ എന്ന് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബഹുമാനപ്പെട്ട രാജേഷ് അബ്രഹാം അച്ചന്‍ ആശംസിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ നടത്തിയ സെഹിയോന്‍ കിഡ്സ് ടീമിന് അച്ചന്‍ പ്രത്യേകം നന്ദി പറഞ്ഞു.

അടുത്ത വര്‍ഷത്തേക്കും ഈ ധ്യാനം ബുക്ക് ചെയ്യുവാന്‍ ഇടവക ജനങ്ങള്‍ തന്നോട് ആവശ്യപ്പെട്ടത് മരിയന്‍ മിനിസ്ട്രിയുടെ കുടുംബ നവീകരണ ധ്യാനം ഏവര്‍ക്കും പ്രയോജനകരമായി എന്നതിനാലാണ് എന്ന് പാരിഷ് സെക്രട്ടറി ശ്രീമാന്‍ ജോസ് അറിയിച്ചു.

ഷെഫീല്‍ഡ്: പ്രശസ്ത വചനപ്രഘോഷകനും ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രത്തിന്റെ ശുശ്രൂഷകളിലൂടെ അനേകം കുട്ടികളെയും യുവജനങ്ങളെയും യേശുവില്‍ അണിചേര്‍ത്തുകൊണ്ടിരിക്കുന്ന സുവിശേഷ പ്രവര്‍ത്തകനും കുടുംബ പ്രേഷിതനുമായ ബ്രദര്‍. സന്തോഷ്. ടി നയിക്കുന്ന ഏകദിന ശുശ്രൂഷ നാളെ വെള്ളിയാഴ്ച (23/11/18) വൈകിട്ട് 5.30മുതല്‍ രാത്രി 9 വരെ ഷെഫീല്‍ഡില്‍ നടക്കും.

മാതാപിതാക്കള്‍ കുട്ടികളോടൊത്ത് ഈ ക്ളാസ്സില്‍ പങ്കുചേരുവാന്‍ ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിന്‍ റവ. ഫാ. മാത്യു മുളയോലില്‍ ക്ഷണിക്കുന്നു.

വിലാസം;

ST.PATRICK CHURCH
851.BARNSLEY ROAD
SHEFFIELD
S5 0QF.

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റണ്‍: സുപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദിലേക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. 2019 മേയ് 30, 31 തീയതികളിലായി നടക്കുന്ന ഈ പ്രാര്‍ത്ഥനാ യാത്രയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. തിരുസഭയില്‍ മാതാവിനോടു സവിശേഷമായ ഭക്തി വിശ്വാസികള്‍ പ്രകടിപ്പിക്കുന്ന മാസമാണ് മേയ് മാസം. അതുകൊണ്ടുതന്നെ, മെയ്മാസവണക്കത്തിന്റെ ഏറ്റവും അനുയോജ്യമായ സമാപനമാകും ഈ പ്രാര്‍ത്ഥനാ യാത്ര.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍, യൂവജന വര്‍ഷമായി ആചരിക്കുന്ന 2019- ല്‍ നടത്തപ്പെടുന്ന ഈ തീര്ഥയാത്രയില്‍ യൂവജന സാന്നിധ്യം കൂടുതലായി പ്രതീക്ഷിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. തീര്‍ത്ഥാടനമായി ലൂര്‍ദ്ദിലെത്തുമ്പോള്‍ രൂപതയെയും എല്ലാ കുടുംബങ്ങളെയും പരി. മാതാവിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഈ പുണ്യയാത്രയിലേക്കു പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു. തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

വല്‍ത്താം സ്റ്റോ: സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനായി യു.കെ.യില്‍ എത്തുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടത്തുന്നതാണ്.

രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള വല്‍ത്താംസ്റ്റോ, എഡ് മണ്ടന്‍, എന്‍ഫീല്‍ഡ്, ഹാര്‍ലോ എന്നീ വിശുദ്ധ കുര്‍ബ്ബാനാ സെന്ററുകള്‍ ചേര്‍ന്ന് വല്‍ത്താംസ്റ്റോ കേന്ദ്രമായി രൂപീകൃതകുന്ന മിഷന്റെ പ്രഖ്യാപനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഡിസംബര്‍ മാസം 5ന് ബുധനാഴ്ച 6.00pm മരിയന്‍ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്‍ശനത്തിന്റെ ഒരുക്കത്തിനായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം MCBSന്റെയും ഈ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കു വഹിക്കുന്ന കൈക്കാരന്‍മാര്‍ക്കും മതാധ്യാപകര്‍ക്കും ആത്മീയ-ബൗദ്ധിക നവോന്മേഷം പകരുക എന്ന ലക്ഷ്യത്തോടെ ത്രിദിന വളര്‍ച്ചാധ്യാനം സംഘടിപ്പിക്കുന്നു. 2019 ഫെബ്രുവരി 22ന് നാല് മണിക്ക് ആരംഭിച്ചു 24ന് ഉച്ചകഴിഞ്ഞു നാല് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും ‘പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്സി’യുടെ സഹ സ്ഥാപകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറുമായ റവ. ഫാ. ബിനോയി കരിമരുതിങ്കല്‍ റവ. സി. എയ്മി എ. എസ്. ജെ. എംമുമാണ് ധ്യാനം നയിക്കുന്നത്.

Academy of St. Albans & All Saints Pastoral Center, Shenely Lane, London Colney, Herts, AL2 1AF – ല്‍ വച്ച് നടക്കുന്ന ഈ ധ്യാനത്തില്‍ ഓരോ ഇടവകയില്‍ നിന്നും മിഷനില്‍ നിന്നും വി. കുര്‍ബാന സെന്ററില്‍ നിന്നുമുള്ള കൈക്കാരന്‍മാരും മിഷന്‍ ആഡ് ഹോക്ക് കമ്മറ്റി അംഗങ്ങളും കാറ്റക്കിസം ഹെഡ്ടീച്ചേഴ്‌സും ഈ ധ്യാനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ 2018 ഡിസംബര്‍ 11 നു മുന്‍പായി രൂപതാകേന്ദ്രത്തില്‍ പേരും അഡ്രസ്സും അറിയിക്കേണ്ടതാണ് ([email protected]). ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ തീക്ഷണതയുള്ള അല്‍മായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് ഈ ത്രിദിന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതിയിലെ ആദ്യ വര്‍ഷമായി ആചരിച്ചുവരികയായിരുന്ന’ കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ ഒന്നിന് ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഔദ്യോഗിക സന്ദര്‍ശനം നനടത്തുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പരിപാടിയുടെ കോ ഓര്‍ഡിനേറ്ററും വികാരി ജനറാളുമായ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

ഏഴുമുതല്‍ മുകളിലേക്കുള്ള ക്ലാസ്സുകളില്‍ മതപഠനം നടത്തുന്ന കുട്ടികളെയും അദ്ധ്യാപകരെയും മാതാപിതാക്കളെയുമാണ് അന്നേ ദിവസം പ്രധാനമായും പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ്, ഓല സ്‌റ്റൈന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപത ബൈബിള്‍ കലോത്സവത്തില്‍ വിജയികളായവരുടെ കലാപ്രകടനങ്ങളും പരിപാടികള്‍ക്ക് മാറ്റ് കൂട്ടും. അന്നേദിവസം മറ്റു വി. കുര്‍ബാന കേന്ദ്രങ്ങളിലെ തിരുക്കര്‍മങ്ങള്‍ മാറ്റി വയ്ക്കണമെന്നും രൂപതയുടെ ഈ പൊതു പരിപാടിയില്‍ സംബന്ധിക്കണമെന്നും രൂപതാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം കുറിക്കുന്നതോടൊപ്പം, യൂവജനവര്‍ഷത്തിന്റെ ഉദ്ഘാടനവും മാര്‍ ആലഞ്ചേരി നിര്‍വഹിക്കും. രൂപത മൈനര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍ ആണ് യൂവജന വര്‍ഷത്തിന് രൂപതാതലത്തില്‍ നേതൃത്വം കൊടുക്കുന്നത്. കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാനെത്തുന്ന എല്ലാ കുട്ടികളുടെയും പേരുവിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്ന് രൂപതാകേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കോ-ഓര്‍ഡിനേറ്റര്‍, റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റണ്‍: അമ്പതു ലക്ഷത്തിലധികം വരുന്ന സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആചാര്യന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ യു.കെയിലെത്തുന്നു. രണ്ടു വര്‍ഷം മുന്‍പ് സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ നാല്‍പ്പത്തി അയ്യായിരത്തിലധികം വിശ്വാസികളെ കാണാനും പ്രവാസി ജീവിതസാഹചര്യങ്ങളില്‍ വിശ്വാസജീവിതത്തിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമാണ് സഭാതലവന്‍ എത്തുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വളര്‍ച്ചയുടെ ശ്രദ്ധേയമായ ചുവടുവെയ്പായ ‘മിഷന്‍’ കേന്ദ്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളും വിവിധ സ്ഥലങ്ങളില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഭാതലവനെ സന്ദര്‍ശനങ്ങളില്‍ അനുഗമിക്കും.

അതേസമയം, മറ്റന്നാള്‍ മുതല്‍ ആരംഭിക്കുന്ന വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനങ്ങളുടെ സമയക്രമം രൂപത പുറത്തിറക്കി. നാളെ വൈകിട്ട് ഗ്ലാസ്‌ഗോയില്‍ വിമാനമിറങ്ങുന്ന മാര്‍ ആലഞ്ചേരി, ഇരുപത്തി മൂന്നാം തിയതി അബര്‍ഡീന്‍ ഹോളി ഫാമിലി ദേവാലയത്തില്‍ ഫാ. ജോസഫ് പിണക്കാട്ടും വിശ്വാസികളുമൊരുക്കുന്ന കൂട്ടായ്മയിലാണ് ആദ്യം സംബന്ധിക്കുന്നത്. ഡിസംബര്‍ ഒന്‍പതു വരെ നീളുന്ന സന്ദര്‍ശനങ്ങളില്‍ ഇരുപതിലധികം സ്ഥലങ്ങളില്‍ അഭിവന്ദ്യ പിതാവ് വി. കുര്‍ബാനയര്‍പ്പിക്കുകയും വചനസന്ദേശം നല്‍കുകയും വിവിധ വി. കുര്‍ബാന സ്ഥലങ്ങള്‍ ഒത്തുചേരുന്ന ‘മിഷന്‍’ കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടത്തുകയും ചെയ്യും. സഭാതലവനെ എതിരേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാര്‍, വിവിധ സ്ഥലങ്ങളിലെ ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുന്ന വൈദികര്‍,സന്യാസിനികള്‍, മിഷന്‍ ആഡ് ഹോക്ക് കമ്മറ്റികള്‍, വി.കുര്‍ബാന കേന്ദ്രങ്ങളിലെ കമ്മറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

രണ്ടു വര്‍ഷം മുന്‍പ്, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത സ്ഥാപനത്തിനും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കലിനെ അഭിഷേകം ചെയ്യുന്നതിനായി യൂകെയിലെത്തിയതിനു ശേഷം ഇതാദ്യമായാണ് രണ്ടാഴ്ചയിലധികം നീളുന്ന സന്ദര്‍ശനത്തിന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈ പ്രവാസി മണ്ണിലെത്തുന്നത്. ഡിസംബര്‍ ഒന്നാം തിയതി ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ‘കുട്ടികളുടെ വര്‍ഷത്തിന്റെ സമാപന ചടങ്ങുകളിലും യുവജന വര്‍ഷത്തിന്റെ ആരംഭ’ച്ചടങ്ങുകളിലും മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡിസംബര്‍ എട്ടാം തിയതി ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ‘സെഹിയോന്‍ മിനിസ്ട്രിസ് ഒരുക്കുന്ന ‘രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷ’നിലും കര്‍ദ്ദിനാള്‍ തിരുമേനി പങ്കെടുക്കും.

അനുഗ്രഹദായകമായ ഈ അവസരത്തില്‍, സാധിക്കുന്ന എല്ലാ വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. ഈ വര്ഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ബൈബിള്‍ കലോത്സവത്തിനും അഭിഷേകാഗ്‌നി പെയ്തിറങ്ങിയ ബൈബിള്‍ കണ്‍വെന്‍ഷനും ശേഷം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആത്മീയ നേതൃത്വം നല്‍കുന്ന ഏറ്റവും വലിയ വിശ്വാസകൂട്ടായ്മയ്ക്കായിരിക്കും അഭിവന്ദ്യ വലിയ പിതാവിന്റെ സന്ദര്‍ശനത്തില്‍ യു.കെ സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്. സന്ദര്‍ശനത്തിന്റെ പൂര്‍ണ ലിസ്റ്റ് ചുവടെ:

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നവംബര്‍ മാസം 21-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ കാഴ്ച്ചവെപ്പ് തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു;

6.30pm ജപമാല, 7.00pm ആഘോഷമായ വി.കുര്‍ബ്ബാന, നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church,
132 Shernhall Street,
Walthamstow,
E17 9HU

സ്റ്റോക്ക് ഓൺ ട്രെൻഡ്: പ്രവാസജീവിതങ്ങൾ വളെരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതാണ് എന്ന് പറഞ്ഞാൽ ഒരുപക്ഷെ അനുഭനിക്കുന്ന പ്രവാസികളല്ലാതെ ആരും വിശ്വസിക്കുക പ്രയാസം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി സകുടുംബം ജീവിക്കുന്ന യൂറോപ്പ്യൻ നാടുകളിൽ ജീവിത പ്രതിസന്ധികൾ കൂടുതൽ ആണ് എന്ന് പറയുമ്പോൾ അതിൽ അൽപം കാര്യമുണ്ട്. കൊച്ചുകേരളത്തിൽ നിന്നും പല രാജ്യങ്ങളിൽ  പ്രവാസികളായി എത്തിച്ചേർന്നിരിക്കുന്ന കുടുംബങ്ങൾ തങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഉയർച്ചക്കും കുട്ടികളുടെ ഉന്നമനത്തിനുമായി ജീവിതം മാറ്റി വച്ചവരാണ് അധികവും എന്നത് ഒരു സത്യമാണ്. തങ്ങളുടെ കുട്ടികൾക്ക്  നല്ല ജീവിത സാഹചര്യങ്ങൾ  ഒരുക്കികൊടുക്കാൻ കഠിനാധ്വാനം ചെയ്യുന്ന പ്രവാസി മലയാളികൾ ഉള്ള ഒരു സ്ഥലമായി യുകെ മാറിയിരിക്കുന്നു. യൂറോപ്പ്യൻ ജീവിത രീതികളിൽ വഴുതി വീഴാതെ കാത്തു സൂക്ഷിക്കുന്ന ജീവിത മൂല്യങ്ങൾ പകർന്നു നൽകുവാൻ സദാ ഉണർന്നു പ്രവർത്തിക്കുന്ന ഒരു സമൂഹമായിട്ടാണ് യുകെ മലയാളികൾ വളർന്നുകൊണ്ടിരിക്കുന്നത്.വിശ്വാസജീവിതത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്ന മലയാളികൾ ഇവിടെയായാലും അതിനു ഭംഗം വരുത്തുന്നില്ല എന്നത് നല്ല കാര്യമായി തന്നെ കരുതാം. കുട്ടികളെ മതപരമായ കാര്യങ്ങളിൽ വളർച്ച പ്രാപിക്കുന്നതിന് ഓരോ കുടുംബവും മാസ്സ് സെന്ററുകളോട് ചേർന്ന് നിന്ന് പരിശ്രമിക്കുന്ന കാഴ്ച സ്റ്റോക്ക് ഓൺ ട്രെൻഡിലും പ്രകടമാണ്. കുട്ടികളിൽ ബൈബിൾ വായനാശീലം വളർത്തുന്നതിനൊപ്പം രക്ഷകനായ യേശുവിനെ തന്റെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഒന്നായിരുന്നു ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിൽ ഉൾപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ നടന്ന ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്  മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയില്‍ നേതൃത്വത്തില്‍ ഉള്ള കമ്മറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.ഇന്നലെ രാവിലെ പറഞ്ഞതുപോലെ തന്നെ സമയക്ലിപ്തത പാലിച്ചുകൊണ്ട്‌ പത്തുമണിക്കുതന്നെ റെജിസ്ട്രേഷൻ  ആരംഭിച്ചു. പതിനൊന്നുമണിക്ക് തന്നെ യോഗം ആരംഭിച്ചു. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ ഇൻചാർജ് ആയ ഫാദർ ജോർജ് എട്ടുപറയില്‍ എല്ലാവര്ക്കും സ്വാഗതമോതി. ഉത്ഘാടനകർമ്മം നിർവഹിച്ചത് ഫാദർ നോബിൾ. ചുരുങ്ങിയ വാക്കുകളിൽ ഉത്ഘാടനം പൂത്തിയാക്കി മത്സരത്തിലേക്ക്. മത്സരം നിയന്ത്രിച്ചത് ഫാദർ ടെറിൻ മുല്ലക്കര, ഡോക്ടർ മാത്യു എന്നിവരടങ്ങിയ ക്വിസ് ടീം ആണ്. കൂടെ മാസ്സ് സെന്ററിലെ ട്രസ്റ്റികളായ  സുദീപ് എബ്രഹാം, റോയി ഫ്രാൻസിസ്, ഹെഡ് ടീച്ചർ ആയ തോമസ് വർഗീസ്, ബിജു പിച്ചാപ്പിള്ളിൽ, സിറിൽ ഐക്കര, ശാലു, ഷിജി റെജിനോൾഡ്, സോഫി ജോയി, ഷിൻസി ഡേവിഡ്, ബെറ്റി ബെന്നി, ജെയ്‌മോൾ സൈജു എന്നിവരും ഒത്തുചേർന്നപ്പോൾ മാസ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങൾ വൻ വിജയം നേടുകയായിരുന്നു.യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 58 ടീമുകളാണ്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിച്ചേർന്നത്. പല ഘട്ടങ്ങളിൽ ആയി 25, 13, എന്നീ ക്രമത്തിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ ഫൈനലിൽ എത്തിച്ചേർന്നത് നാല് ടീമുകൾ. അവസാന വിസിൽ മുഴങ്ങിയപ്പോൾ ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ഇടവക അംഗങ്ങള്‍ ആയ ആല്‍വിന്‍ സാലന്‍, മിലന്‍ ടോം എന്നിവര്‍ സിബി പൊടിപ്പാറ സ്പോൺസർ ചെയ്ത 250 പൗണ്ടും റെവ. ഡോ. പ്ലാസിഡ് പൊടിപ്പാറ മെമ്മോറിയൽ  ട്രോഫിയും കരസ്ഥമാക്കി. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ജോയേല്‍ ജോര്‍ജ് , പാട്രിക് ജോസഫ് എന്നിവരങ്ങുന്ന ടീം സോജൻ ജോസ് സ്പോൺസർ ചെയ്ത 150 പൗണ്ടും സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും നേടിയെടുത്തു. ബിര്‍മിംഗ്ഹാമിലെ ആല്‍വിന്‍ സെബാസ്റ്റ്യന്‍, ലീവിയ മരിയ മനോ എന്നിവര്‍ ദീപ ജോബി സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനമായ 100 പൗഡും ട്രോഫിയും കരസ്ഥമാക്കി കരുത്തു തെളിയിച്ചു.അവസാന റൗണ്ടിൽ എത്തിയ പത്തു പേർക്ക് ഇരുപത്തിയച്ചു പൗഡും മെഡലുകളും അടങ്ങുന്ന പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് മിടുക്കരായ മത്സരാത്ഥികളെ മടക്കിയയച്ചത്. സമ്മാനങ്ങൾ നേടിയവർ ഇവരാണ് സെറീന ഫിലോ ഐയ്ക്കര & ജൊവാൻ ജോസഫ്, ഡോൺ മാത്യു & അലൻ ജോബി, ജോയൽ ടോമി & അൽഫി സാജൻ, ജേക്കബ് ജോസഫ് & മരിയ റീത്ത, ആരോൺ സെയിൽസ് & ആൽവിൻ എബ്രഹാം, റിജുൻ റൺസുമോൻ & അൻസിൽ സൈജു, ടാനിയ ക്രിസ്‌റ്റി & സിജിൻ ജോസ്, ആഞ്‌ജലീന സിബി & സീയോൻ സോണി, തെരേസ മാത്തച്ചൻ & ജോർജ് മാത്തച്ചൻ, ലിസ് ജോസ് & മാത്യു എബ്രഹാം ജോസ് എന്നീ ടീമുകൾ ആണ്.

സമ്മാനാർഹരായ കുട്ടികൾക്ക് ഡിസംബര്‍ ഒന്നിന് ബിര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന കുട്ടികളുടെ വര്ഷം സമാപനത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. യു കെ യിലെ വിവിധ സെന്ററുകളില്‍ നിന്നെത്തിയ 58 ടീമുകളില്‍ ആയി 116 കുട്ടികള്‍ പങ്കെടുത്തു.

ബര്‍മിങ്ഹാം: സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന് അനുഗ്രഹ ആശീര്‍വാദമേകിക്കൊണ്ട് സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി 8ന് നടക്കുന്ന ഡിസംബര്‍ മാസ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ ഇത്തവണ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, മാഞ്ചസ്റ്റര്‍ റീജിയണ്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അഞ്ചാനി, അയര്‍ലണ്ടില്‍ നിന്നുമുള്ള സുവിശേഷപ്രവര്‍ത്തകന്‍ ജോമോന്‍ ജോസഫ് എന്നിവരും വചനശുശ്രൂഷ നയിക്കും.

കണ്‍വെന്‍ഷനില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹ വര്‍ഷത്തിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങുകയാണ്. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും.
ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും ഡിസംബര്‍ 8ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍ മാത്യു: 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപ്പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍: 07737935424
ബിജു എബ്രഹാം: 07859 890267

RECENT POSTS
Copyright © . All rights reserved