Spiritual

പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ യൂത്ത് അപ്പൊസ്‌തൊലെറ്റുമായ റവ. ഫാ.സിറില്‍ ജോണ്‍ ഇടമന SDB നയിക്കുന്ന ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ നാളെ ഷെഫീല്‍ഡില്‍ നടക്കും. നാളെ ഷെഫീല്‍ഡില്‍ എത്തുന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരന്‍ ഫാ. ജോസ് ആലഞ്ചേരിയും നൈറ്റ് വിജിലില്‍ സംബന്ധിക്കും.

ഷെഫീല്‍ഡില്‍ എല്ലാ മാസവും ആദ്യ വെള്ളിയാഴ്ചകളില്‍ ഏറെ ആത്മീയ നവോന്മേഷമേകിക്കൊണ്ട് നടന്നുവരുന്ന നൈറ്റ് വിജില്‍ സെന്റ് പാട്രിക് പള്ളിയില്‍ വൈകിട്ട് 6ന് ജപമാലയോടെ ആരംഭിച്ച് രാത്രി 9.30 നോടുകൂടി സമാപിക്കും. വി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമായി ഉണ്ടാകും.

ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിന്‍ റവ. ഫാ. മാത്യു മുളയോലില്‍ തിരുക്കര്‍മ്മങ്ങളിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വിലാസം
ST.PATRICKS CHURCH
851. BARNSLEY ROAD
SHEFFIELD
S5 70QF .

ഷെഫീല്‍ഡ്: പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തെ ഏറ്റവും ആഘോഷപൂര്‍വ്വം കൊണ്ടാടിക്കൊണ്ട് മെയ് 1 മുതല്‍ ഷെഫീല്‍ഡില്‍ നടന്നുവരുന്ന വണക്കമാസ ആചരണം 31 ന് വിവിധ തിരുക്കര്‍മ്മങ്ങളോടെ സമാപിക്കും. മെയ് 1 മുതല്‍ വിവിധ കുടുംബങ്ങളിലായിട്ടാണ് ജപമാലയും വണക്കമാസം പ്രാര്‍ത്ഥനയും നടന്നുവരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാവരും വളരെ ഒത്തൊരുമയോടെ പരിശുദ്ധ അമ്മയുടെ മെയ് മാസ വണക്കത്തിനോടനുബന്ധിച്ചു പ്രാര്‍ത്ഥിക്കുന്നത് ഷെഫീല്‍ഡിന്റെ പ്രത്യേകതയാണ്.

ചാപ്ലയിന്‍ ഫാ.മാത്യു മുളയോലില്‍, ട്രസ്റ്റീ ബിജു മാത്യു, കമ്മിറ്റിയംഗങ്ങളായ കൊച്ചുറാണി ജോര്‍ജ്, വിന്‍സെന്റ്, ജോസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് വണക്കമാസ ആചരണം നടക്കുന്നത്. 31ന് വൈകിട്ട് സെന്റ് പാട്രിക് പള്ളിയില്‍ നടക്കുന്ന സമാപന ശുശ്രൂഷകള്‍ക്ക് ചാപ്ലയിന്‍ റവ. ഫാ. മാത്യു മുളയോലില്‍ നേതൃത്വം നല്‍കും. വൈകിട്ട് 6.30ന് വി. കുര്‍ബാന, ജപമാല പ്രദക്ഷിണം തുടര്‍ന്ന് പാച്ചോര്‍നേര്‍ച്ച എന്നിങ്ങനെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. വണക്കമാസ സമാപന തിരുക്കര്‍മ്മങ്ങളിലേക്ക് ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിന്‍ ഫാ. മാത്യു മുളയോലില്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

അഡ്രസ്

ST. PATRICKS CATHOLIC CHURCH
851 BARNSLEY ROAD
SHEFFIELD
S5 0QF.

ഷിബു മാത്യൂ
പ്രസ്റ്റണ്‍. പ്രസ്റ്റണില്‍ കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ അന്തിമോപചാരമര്‍പ്പിച്ചു. പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് രൂപതാ റെക്ടര്‍ റവ. ഫാ. വര്‍ഗീസ് പുത്തന്‍പുരക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും , പരേതയുടെ ആത്മ ശാന്തിക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകളും നടന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചാന്‍സിലര്‍ റവ. ഫാ. മാത്യൂ പിണക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. മാത്യൂ പിണക്കാട്ട് അനുശോചന സന്ദേശം നല്‍കി. കര്‍ത്താവിന്റെ പുനരുദ്ധാനത്തോട്ടത്തിലേയ്ക്ക് യാത്രയാകുവാന്‍ ആത്മീയമായി ഒരുങ്ങി വിശുദ്ധ കുര്‍ബാന സ്വീകരിച്ചാണ് ജയ കടന്നു പോയത്. മാതൃകയായ ഒരു കുടുംബിനിയായിരുന്നു ജയയെന്നും ക്രൈസ്തവരായ നമ്മള്‍ അത് മാതൃകയാക്കണമെന്നും തന്റെ അനുശോചന സന്ദേശത്തില്‍ ഫാ. മാത്യൂ പിണക്കാട്ട് പറഞ്ഞു. ജയ ചേച്ചി കണ്ണുകളടച്ചത് സമൂഹത്തിലെ തിന്‍മകള്‍ക്ക് നേരെ, സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനായിരുന്നുവെന്ന് ഫാ. പിണക്കാട്ട് കൂട്ടിച്ചേര്‍ത്തു. ഫാ. മാത്യൂ മുളയോലില്‍ദേവാലയ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ ശുശ്രൂഷകള്‍ക്ക് ശേഷം ജയയുടെ മക്കളായ നിമിഷയും നോയലും ജയ അമ്മയുമായുള്ള  തങ്ങളുടെ അനുഭവം പങ്കുവെച്ചു.

തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിവരെ ജയ നോബിയുടെ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെയ്ച്ചു. ബന്ധുക്കളും , സുഹൃത്തുക്കളുമായി സമൂഹത്തിന്റെ നാനാതുറയിലുള്ള നൂറുകണക്കിനാളുകള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്കു കാണാന്‍ യുകെയുടെ പല ഭാഗത്തു നിന്നും നിരവധിയാളുകള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നേരത്തേ തന്നെ എത്തിച്ചേര്‍ന്നിരുന്നു. അത്യധികം ദുഃഖകരമായ മുഹൂര്‍ത്തത്തിന് കത്തീഡ്രല്‍

ദേവാലയം സാക്ഷിയായി. സെന്റ്. അല്‍ഫോന്‍സായുടെ നാമത്തില്‍ ഈ ദേവാലയം കത്തീഡ്രല്‍ ദേവാലയമായി ഉയര്‍ത്തപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ ദു:ഖകരമായ ചടങ്ങായിരുന്നു ഇന്ന് നടന്നത്. പ്രസ്റ്റണിലെ മലയാളി കുടുംബങ്ങള്‍ ജാതി മത ഭേതമെന്യേ ഒരു കൂട്ടായ്മയായി ഒന്നുചേര്‍ന്ന് തങ്ങളുടെ പ്രിയ സഹോദരിക്ക് യാത്ര നല്‍കി.

ഇടുക്കി ജില്ലയില്‍ തൊടുപുഴക്കടുത്തു അറക്കുളത്ത് കുപ്പോടയ്ക്കല്‍ കുടുംബാംഗമായ നോബി ജോസഫിന്റെ ഭാര്യയാണ് പരേതയായ ജയ. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമുണ്ട്. ഈരാറ്റുപേട്ടക്കടുത്തുള്ള കളത്തുക്കടവാണ് ജയയുടെ ജന്മദേശം. വലിയ മംഗലം കുടുംബാംഗമാണ്. 2003ലാണ് ജയയും കുടുംബവും യുകെയിലെത്തിയത്. പ്രസ്റ്റണിലെ റോയല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കി വരികയായിരുന്നു. രണ്ട് മക്കളാണിവര്‍ക്കുള്ളത്. മൂത്ത മകള്‍ നിമിഷ നോബി (16 വയസ്സ്) ലെങ്കാസ്റ്റര്‍ ഗേള്‍സ് ഗ്രാമര്‍ സ്‌ക്കൂളില്‍ GCSE വിദ്യാര്‍ത്ഥിനിയാണ്. നിമിഷയുടെ സഹോദരന്‍ നോയല്‍ നോബി (10 വയസ്സ് ) സെന്റ് ഗ്രിഗൊറിസ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മൂന്നു വര്‍ഷമായി ജയ ക്യാന്‍സറിന്റെ പിടിയിലായിരുന്നുവെങ്കിലും അടുത്തകാലത്ത് രോഗം ഭേദമായിവന്ന അവസ്ഥയില്‍ എത്തിയിരുന്നു . അതിനു ശേഷം സെന്റ് കാതറിന്‍ ഹോസ്പിറ്റലിന്റെ പ്രതേക പരിചരണത്തില്‍ ആയിരുന്നു .

അറക്കുളം സെന്റ് തോമസ്സ് ഓള്‍ഡ് ചര്‍ച്ചില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും. സംസ്‌കാര ചടങ്ങുകളുടെ തീയതിയും സമയക്രമവും മൃതദേഹം നാട്ടിലേയ്ക്ക് അയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമേ തീരുമാനിക്കുകയുള്ളുവെന്ന് ബന്ധുക്കള്‍ അറിയ്ച്ചു.

എയില്‍സ്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ഭക്തി സാന്ദ്രമായി. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് വെന്തിങ്ങ നല്‍കിയതിലൂടെ അനുഗ്രഹീതമായ ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റില്‍ സ്ഥിതി ചെയ്യുന്ന എയില്‍സ്ഫോര്‍ഡിലെ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടന്ന തീര്‍ഥാടനത്തില്‍ ഗ്രെയിറ്റ്ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുറവുകള്‍ ഓരോന്നായി നികത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തീര്‍ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

മറിയത്തിന്റെ സാനിധ്യം അനുഭവിക്കുകയാണ് ഒരു വിശ്വാസിക്ക് ഈ ഭൂമിയില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്ന് എന്ന് ചോദിച്ച എലിസബെത്തിനോട് ചേര്‍ന്ന് നമുക്കും മറിയത്തെ പ്രകീര്‍ത്തിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടനത്തോടനുബന്ധിച്ചു മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. സതക് അതിരൂപത സഹായ മെത്രാന്‍ മാര്‍ പോള്‍ മേസണ്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ സുവിശേഷ സന്ദേശം നല്‍കി. പ്രയര്‍ ഫ്രാന്‍സിസ് കെംസ്ലി, ഫാ. ഹാന്‍സ് പുതിയകുളങ്ങര എം.എസ്.റ്റി, ഫാ. ജോസ് കൂനന്‍പറമ്പില്‍ സി.എം.എഫ്, ഫാ. ജോസ് അന്തയാംകുളം എം.സി.ബി.എസ്, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ഫാ. ഫാന്‍സ്വാ പത്തില്‍, ഫാ. ഷിജോ ആലപ്പാടന്‍, ഫാ. റോയ് മുത്തുമക്കല്‍ എം.എസ്.റ്റി, എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.

ജപമാല റാലിയോട് കൂടിയാണ് തീര്‍ഥാടനം ആരംഭിച്ചത്. വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങളുമായി കൊടി തോരണങ്ങളുടെയും, മുത്തുക്കുടകളുടെയും, നാടന്‍ ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ രീതിയില്‍ ഉള്ള ഭക്തി നിര്‍ഭരമായ പ്രദക്ഷിണം, ലദീഞ്ഞു എന്നിവയോടെയാണ് തീര്‍ഥാടനം അവസാനിച്ചത്.

ബാംഗ്ലൂര്‍. മാണ്ടിയ രൂപതയുടെ മതബോധന വാര്‍ഷികാഘോഷം ഇന്നലെ നടന്നു. രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില്‍ നിന്നുമായി അഞ്ഞൂറിലധികം ആളുകള്‍ വാര്‍ഷീകാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. വിശ്വാസ പരിശീലനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു വാര്‍ഷിക ആഘോഷത്തിന്റെ ലക്ഷ്യം.

വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം സേവനമനുഷ്ഠിച്ച മാണ്ടിയ രൂപതയുടെ മതബോധന കമ്മീഷനംഗവും മത്തിക്കര സെന്റ് സെബാസ്റ്റ്യന്‍ ഫൊറോനായിലെ മതബോധന അദ്ധ്യാപകനുമായ ജോസ് വേങ്ങത്തടത്തിന്റെ 25 വര്‍ഷത്തെ മതബോധന അദ്ധ്യാപനത്തിനെ ആദരിക്കുന്ന ചടങ്ങും പ്രസ്തുത ആഘോഷവേളയില്‍ നടന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി രൂപതയ്ക്കും കത്തോലിക്കാ സഭയ്ക്കും ജോസ് വേങ്ങത്തടം നല്കികൊണ്ടിരിക്കുന്ന ആദ്ധ്യാത്മീക ഊര്‍ജ്ജത്തെ രൂപത സ്മരിച്ചു. അഭിവന്ദ്യ പിതാവ് മാര്‍ ആന്റണി കരിയില്‍ ജോസ് വേങ്ങത്തടത്തിനെ പൊന്നാടയണിയിച്ചു. വികാരി ജനറാള്‍ മോണ്‍. മാത്യൂ കോയിക്കര CMI, രൂപതാ ചാന്‍സിലര്‍ ഫാ. ജോമോന്‍

മാര്‍ ജോസഫ് പൗവ്വത്തില്‍

കോലഞ്ചേരി, മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ. സിറിയക് മഠത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ചങ്ങനാശ്ശേരി അതിരൂപതയില്‍ കോട്ടയ്ക്കുപുറം ഇടവകയില്‍ വേങ്ങത്തടം കുടുംബത്തിലെ ജോസഫ് കത്രീന ദമ്പതികളുടെ അഞ്ച് മക്കളില്‍ രണ്ടാമത്തെയാളാണ് ജോസ് വേങ്ങത്തടം. സ്വന്തം ഇടവകയിലായിരുന്ന കാലത്തും മതബോധന പരിശീലനത്തിന് നേതൃത്വം വഹിച്ചിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തിലിന്റെ പ്രശംസയ്ക്ക് പാത്രമായ ജോസ് വേങ്ങത്തടം ഇപ്പോള്‍ ദീപികയുടെ ബാംഗ്ലൂര്‍ റീജണല്‍ മാനേജരായി സേവനമനിഷ്ഠിക്കുകയാണ്. ലിസിയാണ് ഭാര്യ. അഭിജിത് മകനാണ് ഇളയ സഹോദരന്‍ ജോണ്‍സണ്‍ വേങ്ങത്തടം ദീപികയുടെ ഇടുക്കി ജില്ലാ ബ്യൂറോ ചീഫായി സേവനമനുഷ്ഠിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രക്ഷാധികാരി ആയ മരിയന്‍ മിനിസ്ട്രി യുകെയുടെ സ്പിരിച്വല്‍ ഡറക്ടറായി ഫാദര്‍ ടോമി എടാട്ട് ചുമതലയേറ്റു. ഫാദര്‍ ടോമി എടാട്ടിനെ സീറോ മലബാര്‍ രൂപത ലണ്ടന്‍ റീജിയണ്‍ Bromley, Catford-lee, Dartford, Thomden Heath (Part of) എന്നി ഇടവകയുടെ ചാപ്ലിനായും അഭിവന്ദ്യ പിതാവ് നിയമിച്ചിട്ടുണ്ട്.

രുപതയോടും അഭിവന്ദ്യ പിതാവിനോടും ചേര്‍ന്നു നിന്നുകൊണ്ട് ഇംഗ്ലണ്ടില്‍ സീറോ മലബാര്‍ സഭയെ ആത്മീയമായി പടുത്തുയര്‍ത്തുക എന്നതായിരിക്കും മരിയന്‍ മിനിസ്ട്രിയുടെ പ്രഥമ ലക്ഷ്യമെന്ന് ഫാദര്‍ ടോമി എടാട്ട് പറഞ്ഞു.

മരിയന്‍ മിനിസ്ട്രിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജിനോടൊപ്പം നേതൃത്വം നല്‍കാന്‍ ബ്രദര്‍ ചെറിയാന്‍ സാമുവലിനെ ഡയറക്ടറായും, ബ്രദര്‍ ഡാനി ഇന്നസെന്റിനെ മ്യൂസിക് മിനിസ്ട്രി കോ-ഓര്‍ഡിനേറ്ററായും ഫാദര്‍ ടോമി എടാട്ട് നിയമിച്ചു.

ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: കഴിഞ്ഞ ബുധനാഴ്ച്ച പ്രസ്റ്റണില്‍ നിര്യാതയായ ജയനോബിയുടെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും ഒപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

തന്റെ ജീവിതകാലം മുഴുവന്‍ സന്തോഷത്തിലും ദുഖത്തിലും നസ്രായനായ ഈശോയെ ജയനോബി മുറുകെ പിടിച്ചെന്നും അതിലൂടെ നിത്യതയില്‍ അവര്‍ ഈശോയുടെ കൂട്ടായ്മയിലായിരിക്കുമെന്നും വി. കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ജയ സ്വര്‍ഗ്ഗത്തിലേക്കാണ് ജനിച്ചിരിക്കുന്നതെന്നും അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്കെല്ലാവര്‍ക്കും വേണ്ടി മധ്യസ്ഥ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്റ് അല്‍ഫോന്‍സാ സെമിനാരി റെക്ടര്‍ റവ. ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. ഫാ. ഫിന്‍സ്വാ പത്തില്‍ എന്നിവര്‍ വി. കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. ഇന്നലെ നടന്ന അനുസ്മരണ കുര്‍ബാനയില്‍ ജയയുടെ ഭര്‍ത്താവ് നോബി, മക്കളായ നിമിഷ, നോയേല്‍ എന്നിവരടക്കം ധാരാളം വിശ്വാസികള്‍ പങ്കുചേര്‍ന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്‍വെഷന് ഒരുക്കമായി, റീജിയണല്‍ തലത്തില്‍ കണ്‍വെന്‍ഷനുകളും മധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മകളും സംഘടിപ്പിക്കുന്നു. രൂപതയിലെ എട്ടു റീജിയണകളിലായി ജൂണ്‍ 4 മുതല്‍ 14 വരെയാണ് ഒരുക്കശുശ്രൂഷകള്‍. റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ടെറിന്‍ മുള്ളക്കര, ബ്രദര്‍ സന്തോഷ് കരുമത്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ശുശ്രൂഷകള്‍ ഒരേ സ്ഥലങ്ങളിലും വൈകീട്ട് 5.30 മുതല്‍ 9.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ജൂണ്‍ 4 തിങ്കളാഴ്ച്ച ലണ്ടന്‍, 5 ചൊവ്വ സൗത്താംപ്റ്റണ്‍, 6 ബുധന്‍ ബ്രിസ്റ്റോള്‍-കാര്‍ഡിഫ്, 7 വ്യാഴം കേംബ്രിഡ്ജ്, 11 തിങ്കള്‍ ഗ്ലാസ്‌ഗോ, 12 ചൊവ്വ പ്രസ്റ്റണ്‍, 13 ബുധന്‍ മാഞ്ചസ്റ്റര്‍, 14 വ്യാഴം കവന്‍ട്രി എന്നിവിടങ്ങളില്‍ നടക്കുന്ന ഏകദിന ഒരുക്കധ്യാനത്തിന് റവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, റവ. ഫാ. ടോമി ചിറക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി, റവ. ഫാ. ഫിലിപ് പന്തമാക്കല്‍, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ, റവ. ഫാ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ.സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഫാ. ജയ്‌സണ്‍ കരിപ്പായി തുടങ്ങിയവര്‍ യഥാക്രമം വിവിധ സ്ഥലങ്ങളില്‍ ഏകദിന കണ്‍വെന്‍ഷന് ആതിഥ്യമരുളും.

രൂപതാധ്യക്ഷന്‍ മാര്‍ ജോസ്ഫ് സ്രാമ്പിക്കല്‍ അര്‍പ്പിക്കുന്ന വി. കുര്‍ബാനയോടെയായിരിക്കും ഒരോ ദിവസവും ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. എല്ലാ റീജിയണുകളിലും പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുന്ന എല്ലാവരുടെയും സാന്നിധ്യം അതാത് സ്ഥലത്തെ കണ്‍വെന്‍ഷനുകളില്‍ പ്രതീക്ഷിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഒക്ടോബറില്‍ നടക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത് വചന പ്രഘോഷകനായ റവ. ഫാ. സേവ്യര്‍ ഖാന്‍ വാട്ടായില്‍ ആണ്.

ഏകദിന ഒരുക്ക കണ്‍വെന്‍ഷന്റെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ;

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

സ്‌കന്ദോര്‍പ്പ്: സ്‌കന്ദോര്‍പ്പ് വിശ്വാസസമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിവസങ്ങള്‍ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിവന്ന ഇടയസന്ദര്‍ശനം പൂര്‍ത്തിയായി. കഴിഞ്ഞ ഞായറാഴ്ച്ച സ്‌കന്ദോര്‍പ്പ് സെന്റ് ബര്‍ണ്ണഭീത്ത് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് വചന സന്ദേശം നല്‍കി. രൂപതാധ്യക്ഷനോടപ്പം ഇടയസമൂഹം പന്തക്കുസ്താ തിരുനാളും പരി. ക്‌ന്യാമറിയത്തിന്റെയും ഭാരത വിശുദ്ധരുടെയും നാമത്തില്‍ ഇടവകനിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു.

ത്രത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണ് ഇന്ന് നാം സഭയില്‍ കാണുന്നതെന്നും പരിശുദ്ധാത്മാവില്ലാതെ സഭയില്ലെന്നും ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. വി. കുര്‍ബായെ തുടര്‍ന്ന് നടന്ന ലദീത്തു പ്രാര്‍ത്ഥനയ്ക്കും തിരുനാള്‍ പ്രദക്ഷിണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. വിശ്വാസികള്‍ക്ക് നിരുനാള്‍ കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷനോടപ്പം സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

കുട്ടികള്‍ക്കും ഇടവകയിലെ വിവിധ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക സമ്മേളനം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌നേഹവിരുന്നും തയ്യാറാക്കിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌കന്ദോര്‍പ്പ്, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ, സ്‌കോട്ടര്‍, ബ്രിഗ് എന്നിവിടങ്ങളിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിശ്വാസികളെ ആശീര്‍വദിച്ചു. വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍, ഗായകസംഘം, വിമന്‍സ് ഫോറം, വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: സ്‌ക്ടോലന്റിലെ മലങ്കര കത്തോലിക്കാ സഭാ ശുശ്രൂഷകള്‍ക്കായി പുതിയ ചാപ്ലയിന്‍ നിയമിതനായി. ഫാ. ജോണ്‍സണ്‍ മനയിലാണ് സഭാ ശുശ്രുഷകള്‍ക്കായി നിയമിതനായിരിക്കുന്നത്. ഗ്ലാസ്‌ഗോ അതിരൂപത കേന്ദ്രമായാണ് ഫാ. ജോണ്‍സണ്‍ പ്രവര്‍ത്തിക്കുക. ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ സെന്റ് ആന്‍ഡ്രൂസ് മലങ്കര കത്തോലിക്കാ മിഷന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മലങ്കര കത്തോലിക്കാ സഭ യുകെ കോഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ പുതിയ ചാപ്ലയിന്‍ ഫാ. ജോണ്‍സണ്‍ മനയിലിനെ ഒദ്യോഗികമായി സ്വാഗതം ചെയ്തു.

നിലവില്‍ ഫാ. തോമസ് മടക്കംമൂട്ടില്‍ ലണ്ടന്‍ കേന്ദ്രമായും ഫാ. രഞ്ചിത്ത് മഠത്തിറമ്പില്‍ മാഞ്ചസ്റ്റര്‍ കേന്ദ്രമായും ഫാ. ജോണ്‍ അലക്‌സ് പുത്തന്‍ വീട് നോട്ടിംങ്ഹാം കേന്ദ്രമായും പ്രവര്‍ത്തിക്കുന്നു.പതിനഞ്ച് മിഷന്‍ കേന്ദ്രങ്ങളാണ് സഭയ്ക്ക് നിലവിലുള്ളത്.

ഗ്ലാസ്‌ഗോ അതിരൂപതയിലെ പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് ഫാ. തോമസ് മടുക്കം മൂട്ടിലും ഫാ. ജോണ്‍സണും അതിരൂപാതാ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പിനെയും മറ്റ് രൂപതാധികാരികളെയും സന്ദര്‍ശിച്ചു.

Copyright © . All rights reserved