ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിങ്ങാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം സെപ്തംബര്‍ 29 ഈ ശനിയാഴ്ച്ച ക്രമീകരിച്ചിരിക്കുന്നു. 88ാമത് പുനരൈക്യ വാര്‍ഷികവും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു. യു.കെയിലെ മലങ്കര കത്തോലിക്കാ സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു.

തീര്‍ത്ഥാടന ദിനം ഏറ്റഴും അനുഗ്രഹപ്രദമായക്കുന്നതിന് വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ഇത്തവണത്തെ തീര്‍ത്ഥാടനം നയിക്കുന്നതിനും വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനുമായി മലങ്കര കത്തോലിക്ക സഭയുടെ യൂറോപ്പിലെ അപ്പോസ്‌തോലിക് വിസ്‌റ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എത്തിച്ചേരും. പതിനൊന്ന് മണിക്ക് വാല്‍സിങ്ങാമിലെ മംഗള വാര്‍ത്ത ദേവാലയില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടും ധ്യാന ചിന്തയോടും കൂടെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവം വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന യാത്ര. 2.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്ടണ്‍, ഗ്ലാസ്‌ഗോ, കവന്‍ട്രി, ലൂട്ടണ്‍, ആഷ്‌ഫോര്‍ഡ്, നോട്ടിംങ്ഹാം, ഫെഫീല്‍ഡ്, ക്രോയിഡോണ്‍, വിലര്‍പൂള്‍, ഗ്ലോസ്റ്റര്‍, ബ്രിസ്‌റ്റോള്‍ എന്നീ മിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുചേരലായിരിക്കും വാല്‍സിങാം തീര്‍ത്ഥാടനം.

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാര്‍ഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്തംബര്‍ 20ന് ദൈവ ദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യ നടന്നത്. കഴിഞ്ഞ 88 വര്‍ഷങ്ങള്‍ സഭയെ വഴി നടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയുവാനുള്ള അവസരമാകും മലങ്കര സഭാംഗങ്ങളുടെ കൂടി വരവ്. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പിതാവ് നയിക്കുന്ന തീര്‍ത്ഥാടനത്തിലെ വിവിധ ശുശ്രൂഷകളില്‍ സഭയുടെ യു.കെ കോര്‍ഡിനേറ്റര്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോണ്‍സണ്‍ മനയില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികം ആഘോഷങ്ങള്‍ക്ക് ചെലവിടുന്ന തുക പ്രളയ ബാധിത കുടുംബങ്ങളുടെ പുരനരുദ്ധാരണത്തിനായി മാറ്റിവെയ്ക്കാന്‍ മലങ്കര സഭ തീരുമാനമെടുത്തിരുന്നു.