ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള.

എടത്വാ: ഇന്ത്യയിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സഭകളിലൊന്നായ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.) വിശ്വാസ ധാരയില്‍ ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ആംഗ്ലിക്കന്‍ സഭ, മെഥഡിസ്റ്റ് സഭ, പ്രെസ്ബിറ്റീരിയന്‍ സഭ, കോണ്‍ഗ്രിഗേഷണല്‍ സഭ എന്നിങ്ങനെ വ്യത്യസ്ത പാരമ്പര്യങ്ങളിലുള്ള ക്രൈസ്തവ സഭകള്‍ 1947-ല്‍ ഭാരതത്തിന്റെ സ്വാതന്ത്യാനന്തരം ഒന്നു ചേര്‍ന്നതു വഴിയാണ് ദക്ഷിണേന്ത്യ ഐക്യസഭ ഉദയം ചെയ്തത്. ഇവയില്‍ പ്രെസ്ബിറ്റീരിയന്‍ സഭയും കോണ്‍ഗ്രിഗേഷണല്‍ സഭയും 1908-ല്‍ തന്നെ ഒത്തുചേര്‍ന്ന് സൗത്ത് ഇന്ത്യ യുണൈറ്റഡ് ചര്‍ച്ച്(എസ്.ഐ.യു.സി) എന്ന സഭ രൂപവത്കരിച്ചിരുന്നു. അതിനാല്‍ 1947-ല്‍ നടന്നത് ആംഗ്ലിക്കന്‍സഭ, മെഥഡിസ്റ്റ് സഭ, എസ്.ഐ.യു.സി എന്നിവയുടെ ലയനമായിരുന്നു. സി.എസ്.ഐ രൂപംകൊണ്ട കാലത്തു സാമ്പത്തിക സഹായത്തിനും നേതൃത്വത്തിനും വിദേശസഭകളെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇന്ന് സഭ സ്വയംപര്യാപ്തമാണ്. വിദേശീയരായി ആരും അധികാര സ്ഥാനങ്ങളിലില്ല.

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, ചര്‍ച്ച് ഓഫ് പാകിസ്താന്‍, ചര്‍ച്ച് ഓഫ് ബംഗ്ലാദേശ് തുടങ്ങിയ ഐക്യസഭകള്‍ സി.എസ്.ഐയുടെ ചുവടുപിടിച്ചു രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്. ചെന്നൈയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വെച്ചാണ് 1947 ല്‍ സി.എസ്.ഐയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

1910-ല്‍ എഡിന്‍ബറോയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷനറി സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം മിഷനറി സഭകളുടെ ഐക്യത്തെക്കുറിച്ചായിരുന്നു. ആ സമ്മേളനത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട വി.എസ്. അസീറിയയെപ്പോലുള്ളവര്‍ സഭകളുടെ ഐക്യത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തു. പിന്നീടദ്ദേഹം ആംഗിക്കന്‍ സഭയിലെ ആദ്യത്തെ ഇന്ത്യന്‍ ബിഷപ്പായി. 1919ല്‍ ആംഗ്ലിക്കന്‍, മെഥഡിസ്റ്റ്, എസ്.ഐ.യു.സി. സഭകളുടെ പ്രതിനിധികള്‍ അനൗപചാരികമായി നടത്തിയ ചര്‍ച്ചകളാണ് ദക്ഷിണേന്ത്യയില്‍ സഭൈക്യത്തിനുള്ള വഴി തുറന്നത്.

സി.എസ്.ഐ സഭയിലുള്ള കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയാണ് ഇന്ത്യയിലെ ഏറ്റവും പുരാതനമായ യൂറോപ്യന്‍ നിര്‍മ്മിത പള്ളി. മദ്രാസിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ 1947 സെപ്റ്റംബര്‍ 27-ന് അന്നത്തെ തിരുവിതാംകൂര്‍ -കൊച്ചി ആംഗ്ലിക്കന്‍ മഹായിടവക ബിഷപ്പ് സി.കെ. ജേക്കബ് ആണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പിറവി പ്രഖ്യാപിച്ചത്. എപ്പിസ്‌കോപ്പസി,സഭയുടെ ഭരണക്രമത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതാണ് സി.എസ്.ഐയുടെ രൂപീകരണത്തിലെ പ്രധാന നാഴികക്കല്ലായത്. ബിഷപ്പ് എന്ന സ്ഥാനം സഭയുടെ ആദിമകാലം മുതല്‍ ഉണ്ടായിരിക്കുന്നതാണെന്നും അതു സഭയുടെ ഭരണ സംവിധാനത്തിന്റെ ഒരു ഭാഗമായി അംഗീകരിക്കാമെന്നും എപ്പിസ്‌കോപ്പല്‍ അല്ലാത്ത സഭകള്‍ അംഗീകരിച്ചതുകൊണ്ടാണ് ഈ ഐക്യം സാധ്യമായത്. സഭകളുടെ ലോക കൗണ്‍സില്‍ സ്ഥാപിക്കപ്പെടുന്നതിനും ഒരു വര്‍ഷം മുന്‍പായി നടന്ന സി.എസ്.ഐ.സഭയുടെ രൂപീകരണം സഭകളുടെ ഏകീകരണ ശ്രമങ്ങളിലെ ശ്രദ്ധേയമായ കാല്‍വെയ്പ്പുകളൊന്നാണ്.

എപ്പിസ്‌കോപ്പലായതും അല്ലാത്തതുമായ സഭകള്‍ ചേര്‍ന്ന് ഒരു സംയുക്ത എപ്പിസ്‌കോപ്പല്‍ സഭക്ക് രൂപം നല്‍കപ്പെട്ട ഈ സംഭവം ക്രൈസ്തവസഭാ ചരിത്രത്തിലാദ്യത്തേതായി കരുതപ്പെടുന്നു. ക്രൈസ്തവ സഭകള്‍ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂര്‍ണമായ യോജിപ്പ് ആവശ്യമില്ലെന്ന് സി.എസ്.ഐ. രൂപീകരണം തെളിയിച്ചു. അടിസ്ഥാന വിശ്വാസ കാര്യങ്ങള്‍ ഭരണഘടനയില്‍ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളില്‍ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങള്‍ വരുത്തുവാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സി.എസ്.ഐ., സി.എന്‍.ഐ., മാര്‍ത്തോമ്മാ സഭ എന്നിവ ഉള്‍ക്കൊള്ളുന്ന ജോയിന്റ് കൗണ്‍സില്‍ നിലവില്‍ വന്നു. ഇവ മൂന്നും ഒറ്റ സഭയായി തീര്‍ന്നില്ലെങ്കിലും വിശ്വാസപരമായ കാര്യങ്ങളില്‍ പരസ്പര ഐക്യത്തില്‍ പ്രവര്‍ത്തിക്കുന്നു.

ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്നാട്, ശ്രീലങ്ക എന്നീ പ്രദേശങ്ങളില്‍ 24 മഹായിടവകകളിലായി 16,000 ഇടവകകളും 40 ലക്ഷം അംഗങ്ങളും ഈ സഭയിലുണ്ട് . സി. എസ്.ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പ് കൂടിയായ മോസ്റ്റ്. റവ.തോമസ്.കെ.ഉമ്മന്‍ ആണ് സഭയുടെ അദ്ധ്യക്ഷന്‍ (മോഡറേറ്റര്‍ ).സി.എസ്.ഐ. മധ്യകേരള മഹായിടവകയില്‍ നിന്നും ആദ്യമായിട്ടാണ് ഒരു ബിഷപ്പ് മോഡറേറ്റര്‍ സ്ഥാനത്തേക്ക് എത്തിയത്. തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക അംഗമാണ് മോഡറേറ്റര്‍ മോസ്റ്റ്. റവ.തോമസ്.കെ.ഉമ്മന്‍.
സി.എസ്.ഐ സഭയ്ക്ക് രണ്ട് ബിഷപ്പുമാരെയും ഒരു മോഡറേറ്ററെയും സംഭാവന ചെയ്ത ഇടവകയാണ് തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക. റൈറ്റ്. റവ. ബിഷപ്പ് തോമസ് സാമുവേല്‍ ആണ് മറ്റൊരു ബിഷപ്പ്.

ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും രാഷ്ട്ര പുരോഗതിയില്‍ സമഗ്ര സംഭാവനകള്‍ നല്കുന്ന സി.എസ്.ഐ സഭ ഇന്ന് ആഗോള സഭയായി മാറ്റപെട്ടിരിക്കുകയാണ്. പ്രളയ ദുരിത ബാധിത പ്രദേശങ്ങളില്‍ സഭ നടത്തി കൊണ്ടിരിക്കുന്ന സാമൂഹ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.