ഷിബു മാത്യു
യോര്‍ക്ഷെയര്‍ : ലീഡ്സ് സീറോ മലബാർ ചാപ്ലിൻസിയിൽ പെസഹാ ആചരിച്ചു. ഇന്നലെ വൈകുന്നേരം 5.15ന് ലീഡ്സ് സെന്റ്: വിൽഫ്രിഡ്സ് ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയോടെ പെസഹായുടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. “ ദിവ്യകാരുണ്യത്തിലൂടെ നാം ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. അങ്ങനെ അവിടുത്തോടുകൂടെ മരണത്തില്‍നിന്നും ജീവിനിലേയ്ക്കും പ്രവേശിക്കുന്നു. ” ഫ്രാൻസീസ് പാപ്പാ പറഞ്ഞു
ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം ലീഡ്സ് സീറോ മലബാർ ചാപ്ളിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തിൽ സമൂഹബലി ആരംഭിച്ചു. ഫാ. സ്കറിയാ നിരപ്പേൽ സഹകാർമ്മികത്വം വഹിക്കുകയും പെസഹായുടെ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് കാലുകഴുകൽ ശുശ്രൂഷ നടന്നു.സ്നേഹ ശുശ്രൂഷയുടെ പ്രതീകമായ പരസ്പരം കാൽകഴുകലും സ്നേഹ കൂദാശയായ പരിശുദ്ധ കുർബാന അർപ്പിക്കാനുള്ള കല്പനയും നല്കപ്പെട്ട പുണ്യദിനം. ഫാ. മുളയോലിൽ ലീഡ്സ് ചാപ്ളിൻസിയിൽനിന്നുമുള്ള പന്ത്രണ്ട് പേരുടെ കാലുകൾ കഴുകി. തികച്ചും ഭക്തിനിർഭരമായ ശുശ്രൂഷയ്ക്ക് ചാപ്ലിൻസിയിലെ മുഴുവൻ കുടുംബങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു. കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശേഷം വിശുദ്ധ കുർബാന തുടർന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രത്യേകം സജ്ജമാക്കിയ അൾത്താരയിൽ വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവെച്ചു. തുടർന്ന് ചാപ്ലിൻ റവ. ഫാ. മാത്യൂ മുളയോളിയോടൊപ്പം ലിഡ്സ് സമൂഹം പെസഹാ ആചരിച്ചു.
പുതിയ പെസഹായായ മിശിഹായിലൂടെ രക്ഷയുടെ രാജ്യത്തിലേയ്ക്ക് ആനയിക്കപ്പെടാനും മന്നായുടെ പൂർത്തീകരണമായ പരി. കുർബാനയിലൂടെ നിത്യജീവൻ പ്രാപിക്കാനും നമ്മെ ഒരുക്കുന്ന തിരുനാൾ. ലീഡ്സിലെ ഒട്ടുമിക്ക കുടുംബങ്ങളിൽ നിന്നും കൊണ്ടുവന്ന പെസഹാ അപ്പം ആശീർവദിച്ച് മുറിച്ച് ഫാ. മുളയോലിൽ വിശ്വാസികൾക്ക് നൽകി. മാർത്തോമ്മാ നസ്രാണികളുടെ കുടുംബങ്ങളിൽ നടക്കുന്ന ഇണ്ടറിയപ്പം മുറിക്കൽ പെസഹായുടെ ചൈതന്യം ഓരോ കുടുംബവും ഏറ്റുവാങ്ങുന്ന പുരാതനമായ അനുഷ്ഠാനമാണ്.
ഒശാന ഞായറാഴ്ചത്തെ കുരുത്തോല സ്ലീവായുടെ ആകൃതിയിൽ പതിപ്പിച്ച അപ്പം ഈശോയുടെയും പന്ത്രണ്ട് ശിഷ്യൻമാരുടെയും ഓർമ്മയാചരിച്ചു കൊണ്ട് 13 കഷണങ്ങളായി മുറിച്ച് പാലിൽ മുക്കി ആദ്യം ഗ്രഹനാഥൻ കഴിക്കുകയും തുടർന്ന് കുടുംബാംഗങ്ങൾക്ക് നൽകുകയും ചെയ്യുന്നു. ഈ അനുഷ്ഠാനം വിശ്വാസികളെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം എല്ലാ ഭവനങ്ങളിലും ഈ കർമ്മം നടത്താൻ ഫാ. മുളയോലിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഹാപ്പി ജേക്കബ് അച്ചന്‍
ഈജിപ്തില്‍ ഫറവോന്റ അടിമത്വത്തില്‍ നിന്നുള്ള വിടുതല്‍ തലമുറതോറും ഇസ്രായേല്‍ മക്കള്‍ ആചരിച്ച് വരുന്നു. പരദേശികളായി കഴിയുന്ന എല്ലാ യഹൂദന്മാരും ഈ ദിനം ആചരിക്കുവാന്‍ ദേവാലയത്തില്‍ വരുന്ന പതിവ് ഉണ്ടായിരുന്നു. അവിടെ വന്ന് തന്റെ പ്രാപ്തിക്ക് ഒത്തവണ്ണം പാപമോചനത്തിനായി കുറു പ്രാവിനെയോ, ആടിനെയോ ചെങ്ങാലിയേയോ ബലിയായി നല്‍കുന്ന പതിവും നിലനിന്നിരുന്നു. ഇസ്രായേല്‍ മക്കള്‍ അനുഭവിച്ച പത്താമത്തെ സാധയായ ആദ്യ ജാതന്മാരെ കൊല്ലുന്ന അനുഭവത്തില്‍ നിന്ന് യാഗപീഠത്തില്‍ നിന്നുള്ള രക്തം അവര രക്ഷിച്ച അനുഭവം ഇങ്ങനെ എല്ലാ ബന്ധങ്ങളും കഷ്ടതകളും മാറി പുതിയ അനുഭവത്തിലേക്ക് വരുന്ന ഓര്‍മ്മ. എല്ലാ വര്‍ഷവും അവര്‍ ഓര്‍ത്ത് പാടി ആവര്‍ത്തന പുസ്തകം 6-ാം അദ്ധ്യായം 4-9 വരെയുള്ള വാക്യങ്ങള്‍.
എന്നാല്‍ കര്‍ത്താവ് ഈ ദിവസം എല്ലാ ബലികളും അവസാനിപ്പിച്ച് സ്വയം ബലിയായി തീരുന്നു. തനിക്ക് സംഭവിക്കാനിരിക്കുന്ന കഷ്ടതയും ക്രൂരമരണവും തന്റെ ശിഷ്യന്മാര്‍ക്ക് പ്രതീകാത്മകമായി അവരെ പഠിപ്പിക്കുന്നു. അവന്‍ അപ്പം എടുത്ത് വാഴ്ത്തി നുറുക്കി അവരോട് ഇത് എന്റ ശരീരം. ഇത് പോലെ എന്റ ശരീരം നിങ്ങളുടെ മോചനത്തിനായി ഭാഗിക്കും. പാനപാത്രം എടുത്ത് നല്‍കി അവരോട് കാല്‍വരിയില്‍ തന്റെ രക്തം നിങ്ങളുട ശുദ്ധീകരണത്തിന് വേണ്ടി ഒഴുക്കപ്പെടേണ്ടതാണെന്ന് അവരെ പഠിപ്പിക്കുന്നു. നമ്മുടെ വിമോചനത്തിനായി ശുദ്ധീകരണത്തിനായി, വീണ്ടടുപ്പിനായി അവന്‍ നമുക്കായി തന്നു. വി. കുര്‍ബാന എന്ന രഹസ്യം ഈ ദിവസം നമുക്കായി ലഭിച്ചു. നിത്യമായ കത്തൃസംബന്ധം ഈ കൂദാശ വഴിയായി നമുക്ക് ലഭിച്ചു.
എന്നാല്‍ തന്റെ കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാര്‍ തങ്ങളുടെ ഇടയില്‍ വലിയവന്‍ ആരാണെന്ന് തമ്മില്‍ വാദിച്ചു. നുറുങ്ങിയ ഹൃദയവുമായി നമ്മുടെ കര്‍ത്താവ് എഴുന്നേറ്റ് മറ്റൊരു പാഠം അവരെ പഠിപ്പിക്കുന്നു. അവന്‍ എപ്പോഴും ഒരുക്കത്തിന്റെ പ്രതീകമായി തൂവാല അരയില്‍ ചുറ്റി അവരുടെ പാദങ്ങള്‍ കഴുകി ദാസ്യത്തിന്റേയും എളിമയുടേയും ശുശ്രൂഷയുടെയും പ്രതീകമായി മാറുന്നു.
ക്രിസ്തുവിന്റെ ശരീര രക്തങ്ങളില്‍ ഭാഗഭാക്കാകുന്ന നാം ജീവിതത്തില്‍ അവന് വിശുദ്ധരാകുന്നു. എളിമ പഠിപ്പിച്ച കര്‍ത്താവിന്റെ ശിഷ്യന്മാരായ നമ്മള്‍ ജീവിതത്തില്‍ അവന് വിശുദ്ധരാകുന്നു. എളിമ പഠിപ്പിച്ച കര്‍ത്താവിന്റെ ശിഷ്യന്മാരായ നമ്മള്‍ ജീവിതത്തില്‍ എവിടെയെങ്കിലും അത് പകര്‍ത്തുന്നുണ്ടോ നമുക്ക് വേണ്ടി ജീവന്‍ തന്നെ തന്ന ആ കര്‍ത്താവിന്റെ അല്പമെങ്കിലും അനുസരിക്കാനോ പിന്‍പറ്റുവാനോ നമുക്ക് കഴിയുന്നുണ്ടോ. വിശുദ്ധമായി കര്‍ത്തൃമേശയില്‍ പങ്കാളി ആവാന്‍ ഈ പെസഹാ പെരുന്നാളില്‍ കര്‍ത്താവ് നമ്മെ വീണ്ടും വിളിക്കുന്നു.
നമുക്ക് വേണ്ടിയുള്ള തന്റെ കഷ്ടാനുഭവം വാഴ്ത്തപ്പെട്ടതാകുന്നു എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥനയില്‍ നാം ചൊല്ലുമ്പോള്‍ നമുക്ക് വേണ്ടി അനുഭവിച്ച യാതനയും അതിനാല്‍ നല്‍കിയ വീണ്ടെടുപ്പും ഈ ദിനത്തില്‍ നമ്മുടെ ഹൃദയങ്ങളില്‍ മുഴങ്ങട്ടെ. നമ്മെ വീണ്ടെടുത്തിരിക്കുന്നത് അഴിഞ്ഞ് പോകുന്ന വസ്തുക്കളെ കൊണ്ടല്ല കുഞ്ഞാടിന്റെ നിര്‍മ്മലവും നിര്‍ദോഷവും ആയ രക്തത്താലത്രേ എന്ന് ഓരോ പ്രാവശ്യവും നാം അനുസ്മരിക്കുക.
ഇന്ന് അക്ഷരീകമായി പറഞ്ഞ ഈ വാക്കുകള്‍ നാളെ യാഥാര്‍ത്ഥ്യമായി ഭവിക്കുകയാണ്. വിശുദ്ധ വാരത്തിന്റെ ഈ അവസാന ദിനങ്ങള്‍ നമ്മുടെ വീണ്ടെടുപ്പിന്റ യാഥാര്‍ത്ഥ്യങ്ങളായി ഉള്‍കൊണ്ട് കൊണ്ട് നമുക്ക് ഒരുങ്ങാം.
ജീവദായകവും രക്ഷാകരവുമായ കഷ്ടാനുഭവമേ സമാധാനത്താലെ വരിക!
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
സന്ദര്‍ലാന്‍ഡ്: വചന ശുസ്രൂഷയിലൂടെ ലോകത്തിനു തന്നെ മാതൃകയായ മരിയന്‍ ടിവി ടീം നേതൃത്വം നല്‍കുന്ന ഫയര്‍ കോണ്‍ഫറന്‍സ്-2018 ധ്യാനശുസ്രൂഷ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് ഏപ്രില്‍ 6,7,8 തിയതികളില്‍ നടക്കും. ബഹു. ഫാ. ടോമി എടാട്ട് നേതൃത്വം നല്‍കുന്ന ശുസ്രൂഷകളില്‍ ബ്രദര്‍ സാബു ആറുതൊട്ടിയില്‍, ബ്രദര്‍. ഡൊമിനിക്, ബ്രദര്‍. തോമസ്സാജ്, ബ്രദര്‍. ജോമോന്‍തുടങ്ങിയവര്‍ തിരുവചനം പങ്കുവെക്കും. സന്ദര്‍ലാന്‍ഡ് സെ.അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാര്‍ഷീക ധ്യാനത്തില്‍ പങ്കെടുത്തു ആത്മവിശുദ്ധീകരണം പ്രാപിപ്പാന്‍ ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യവും, കുട്ടികള്‍ക്ക പ്രത്യേക ക്ലാസുകളും(ശനി, ഞായര്‍ ദിവസങ്ങളില്‍) ഉണ്ടായിരിക്കുന്നതാണ്.
ധ്യാനസമയം: ഏപ്രില്‍-6 (വെള്ളി) 7 .30pm to 9:30 pm, 7 (ശനി ) 9:30am to 3:30 pm 8 (ഞായര്‍) 11.30am to 6.30pm
ധ്യാനവേദി :സെ. ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് : SR4 6HP
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07590516672, 07846003328, 07889146098.
ബാബു ജോസഫ്
ബര്‍മിങ്ഹാം: നന്മ തിന്മകളെ യേശുമാര്‍ഗ്ഗത്തില്‍ വിവേചിച്ചറിയുകയെന്ന ലക്ഷ്യത്തോടെ റവ.ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നാളിതുവരെ നടത്തപ്പെട്ട സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷനില്‍ പങ്കെടുത്തിട്ടുള്ള ടീനേജുകാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഒരുക്കുന്ന ഏകദിന ധ്യാനം ‘ഇഗ്‌നൈറ്റ് ‘ഏപ്രില്‍ 2ന് തിങ്കളാഴ്ച്ച ബര്‍മിംഗ്ഹാമില്‍ നടക്കും. സെഹിയോന്‍ ടീം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുകെയിലെ നൂറുകണക്കിന് ടീനേജ് പ്രായക്കാരിലൂടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കള്‍ക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടുന്ന ധ്യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങള്‍,ക്ലാസ്സുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും പങ്കുവയ്ക്കുന്നു.
ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍ ഉപകാരപ്പെടും. ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ ഇതുവരെയും ധ്യാനത്തില്‍ പങ്കെടുത്തിട്ടുള്ള ടീനേജുകാരെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ സ്‌കൂള്‍ അവധി ദിവസമായ ഏപ്രില്‍ 2 ന് തിങ്കളാഴ്ച്ച ബര്‍മിങ്ഹാമിലേക്ക് ക്ഷണിക്കുന്നു.
സമയം: രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ
അഡ്രസ്സ്
ST. CUTHBERT’ S CHURCH
CASTLE VALE
BIRMINGHAM
B35 7 PC
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെസ്സി ബിജു 07747586844
തോമസ് 07877508926.
ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്താ ലണ്ടനില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഡെഗനത്തുള്ള സെന്റ് ആന്‍സ് മാര്‍ ഇവാനിയോസ് സെന്റര്‍ ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.30ന് പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളോട് ഒത്തുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു.
വിലാസം
St. Anne’s Church Mar Ivanios Centre
Dagenham RM 9 4 SU
ജോര്‍ജ് മാത്യൂ
യേശുക്രിസ്തു തന്റെ പീഡാസഹനത്തിനും കുരിശു മരണത്തിനും മുന്നോടിയായി ശിഷ്യന്മാര്‍ക്കൊപ്പം സെഹിയോന്‍ മാളികയില്‍ അന്ത്യഅത്താഴം ഭക്ഷിച്ചതിനെ അനുസ്മരിച്ച് ബെര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെസഹാ ആചരിച്ചു. സന്ധ്യാ നമസ്‌കാരം, പെസഹാ ശുശ്രൂഷകള്‍, വി. കുര്‍ബാന, പ്രസംഗം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് പെസഹാ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
മനുഷ്യരക്ഷയ്ക്ക് വേണ്ടി സ്വയം ബലിയായി നല്‍കിയ യേശുക്രിസ്തു നല്‍കുന്ന സന്ദേശവും മാതൃകയും സര്‍ഗാത്മകമായ സമര്‍പ്പണത്തിന്റേതാണെന്നും അതിന് ലോകചരിത്രത്തില്‍ സമാനതകളില്ലെന്നും ഫാ. മാത്യൂസ് കുര്യാക്കോസ് ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ ഊഷ്മളത നിറയാന്‍ ഈ ആചരണം സഹായിക്കുമെന്ന് അച്ഛന്‍ വ്യക്തമാക്കി. ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, നിയുക്ത ട്രസ്റ്റി രാജന്‍ വര്‍ഗ്ഗീസ്, സെക്രട്ടറി ഷിബു തോമസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ രാവിലെ 8.30ന് ആരംഭിക്കും. ദുഃഖശനിയാഴ്ച രാവിലെ 8-ന് പ്രഭാത നമസ്‌കാരം. തുടര്‍ന്ന് വി. കുര്‍ബാനയും നടക്കും. ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കും. പള്ളിയുടെ വിലാസം.
The Walker Memorial Hall,
Ampton Road, Birmingham,
B 15 2 UJ
ജോണ്‍സണ്‍ ജോസഫ്
ലണ്ടന്‍: ജറുസലേമിലേക്ക് യേശുക്രിസ്തുവിനെ രാജകീയമായി എതിരേറ്റ ജനം ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തിയിലൂടെ സാക്ഷ്യം വഹിച്ചു. ഇതുപോലെ ഈ കാലഘട്ടത്തില്‍ നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍. നാം യേശുക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാകണമെന്ന് മലങ്കര കത്തോലിക്കാ സഭ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്താ ആഹ്വാനം ചെയ്തു. ലൂട്ടണിലെ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ മിഷനില്‍ ഓശാന ശുശ്രൂഷയുടെ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂട്ടണിലെയും മാഞ്ചസ്റ്ററിലെയും ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ തിയഡോഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ആയതിനുശേഷമുള്ള പ്രഥമ സന്ദര്‍ശന ഭാഗമായാണ് മാര്‍ തിയഡോഷ്യസ് ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ ലൂട്ടണ്‍, മാഞ്ചസ്റ്റര്‍, ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, ഗ്ലോസ്റ്റര്‍, ക്രോയിഡോണ്‍, നോട്ടിംഗ്ഹാം എന്നീ മിഷനുകളിലും ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചു. വിവിധ മിഷന്‍ കേന്ദ്രങ്ങളിലെ ശുശ്രൂഷകള്‍ക്ക് സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ ചാപ്ലയിന്‍മാരായ ഫാ. രഞ്ചിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോഷി വാഴപ്പിള്ളേത്ത്, ഫാ. വര്‍ഗീസ് വലിയാന്റെ പറമ്പില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
രാജേഷ് ജോസഫ്, ലെസ്റ്റര്‍
പെസഹാ അഥവാ കടന്ന് പോകലിനെ തിരുവത്താഴമായി, അന്ത്യ അത്താഴമായി നാം കാണുന്നു. എന്നാല്‍ നമ്മുടെ അനുദിന ജീവിതം സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ, കരുണയുടെ, നല്ല സ്പന്ദനങ്ങളുടെ വിരുന്ന് മേശയാണ്. എളിമയുടെ മഹനീയ മാതൃക മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുണ്യദിനം നമ്മുടെ ജീവിതങ്ങളിലൂടെ സ്‌നേഹത്തിന്റെ വിരുന്ന് മേശയായി മാറണം. ഏത് ജീവിതാവസ്ഥയിലും സാഹചര്യങ്ങളിലും കര്‍മ്മ മണ്ഡലങ്ങളിലും നിസ്വാര്‍ത്ഥമായി പാദങ്ങള്‍ കഴുകാനും സ്‌നേഹ ചുംബനം നല്‍കാനും സാധിക്കുന്നുണ്ട് എങ്കില്‍ പെസഹാ ആവര്‍ത്തിക്കപ്പെടുന്നു. ജീവിതം വിശുദ്ധ കുര്‍ബാനയാകുന്നു. ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ ആരാണ് എന്നറിഞ്ഞിട്ടും നിസ്വാര്‍ത്ഥമായ സ്‌നേഹത്തിലൂടെ പാദം കഴുകി വിരുന്ന് മേശ പങ്കുവെച്ച ഗുരു സ്‌നേഹത്തിന്റെ അവസാന വാക്കാണ്.
ആവശ്യത്തിലധികം വരുമാനവും ജീവിത സൗകര്യങ്ങളും ഇന്ന് നമ്മുടെയൊക്കെ വിരുന്ന് മേശകളില്‍ നിന്ന് അര്‍ഹരായവരെ അകറ്റി നിര്‍ത്തുന്നു. മുറിക്കപ്പെടാനാകാതെ വിലപിക്കുന്ന ക്രിസ്തു അവന്റെ രോദനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാം കടന്നു ചെല്ലാം. സ്‌നഹത്തിന്റെ ത്യാഗത്തിന്റെ നല്ല സൗഹൃദങ്ങളുടെ, പരസ്പര സഹായത്തിന്റെ കരുതലിന്റെ വിരുന്ന് മേശ ഒരുക്കാം, മുറിച്ച് പങ്കുവെയ്ക്കാം. ഞാന്‍ നിന്റെ പാദങ്ങള്‍ കഴുകിയില്ല എങ്കില്‍ നീ ഇന്ന് എന്റെ കൂടെയല്ല എന്ന് ഏറ്റുപറയാം.
കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെയുള്ള ജീവിത സ്‌നേഹത്തിന്റെ പുതിയ സന്ദേശമാണ്. മാനവരാശിയുടെ അനുദിന ജീവിത ക്ലേശങ്ങളും സങ്കടങ്ങളും എല്ലാം നമ്മോട് ആവശ്യപ്പെടുന്നത് പരസ്പരം പാദങ്ങള്‍ കഴുകി സഹനത്തിന്റെ സമര്‍പ്പണത്തിന്റെ കുരിശ് യാത്രയിലൂടെ മുന്നോട്ട് നീങ്ങുന്നവനാണ്. കുരിശിന്റെ വഴിയില്‍ സഹജീവികളുടെ മുഖം തുടക്കാനും കണ്ണീരൊപ്പാനും ആശ്വസിപ്പിക്കാനും സാധിച്ചെങ്കില്‍ മാത്രമേ കാല്‍വരിയിലെ ബലിയര്‍പ്പണം അര്‍ത്ഥവത്താവുകയുള്ളൂ. അപ്പോള്‍ പൗലോസിനെപ്പോലെ നമുക്കും പറയാന്‍ സാധിക്കും ഞാന്‍ നല്ലവണ്ണം ഓടി, എന്റെ ഓട്ടം പൂര്‍ത്തിയാക്കി.
രാജേഷ് ജോസഫ്
ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലെമിലേയ്ക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന ‘ എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം ആചരിക്കുന്നു. യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.
അന്ത്യ അത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറിമുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളില്‍വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ‘പെസഹ പാലില്‍’ മുക്കി ഏറ്റവും പ്രായംകൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു.
കുരിശിനു മുകളില്‍ എഴുതുന്ന ‘INRI’ യെ (മലയാളത്തില്‍ ‘ഇന്രി’) അപ്പവുമായി കൂട്ടിവായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര്‍ ആയതാണെന്ന് പറയപ്പെടുന്നു. പെസഹ അടുത്തു വരുന്ന ഈ സമയത്ത് പെസഹ അപ്പവും പാലും ഉണ്ടാക്കുന്ന വിധം ഈയാഴ്ച ഉള്‍പെടുത്താം എന്ന് കരുതി.
ചേരുവകള്‍
അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്
പെസഹ അപ്പം ഉണ്ടാക്കുന്ന വിധം
രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.
പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍
ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ഷിബു മാത്യൂ
മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തേയും അനുസ്മരിപ്പിക്കുന്ന ഓശാന തിരുന്നാള്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ നടന്നു. സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 10.30ന് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സ്‌കറിയാ നിരപ്പേല്‍ സഹകാര്‍മ്മീകത്വം വഹിച്ചു. പാരീഷ് ഹാളില്‍ നിന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫാ. മാത്യൂ മുളയോലില്‍ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്‍കി. തുടര്‍ന്ന് കുരുത്തോലയും കുരിശും വഹിച്ചു കൊണ്ട് വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തിന്റെ പ്രധാന കവാടത്തിലെത്തി. തുടര്‍ന്ന് ദേവാലയ കവാടം മുട്ടിത്തുറക്കുന്ന കര്‍മ്മം നടന്നു. ഒരുങ്ങി നിന്ന കന്യകമാര്‍ മണവാളനോടൊത്ത് അകത്തു പ്രവേശിച്ചതിനേയും അല്ലാത്തവര്‍ കര്‍ത്താവേ, തുറന്നു തരണമേ എന്ന് അപേക്ഷിച്ചതിനേയും ഈ തിരുക്കര്‍മ്മം അനുസ്മരിപ്പിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്ന് സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റുപറയുവാനും ഈ ദിവസം തിരുസഭാ മാതാവ് ആഹ്വാനം ചെയ്യുന്നു. പ്രദക്ഷിണം ദേവാലയത്തിയതിനു ശേഷം ദിവ്യബലി തുടര്‍ന്നു.
ഫാ. സ്‌കറിയാ നിരപ്പേല്‍ ഓശാന തിരുന്നാള്‍ സന്ദേശം നല്‍കി. ഈശോയെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ കുടുംബങ്ങളില്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കത്തുള്ളൂ. കര്‍ത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. ആ തിരിച്ചറിവ് നമുക്കുണ്ടാകണം. ഫാ. സ്‌കറിയാ നിരപ്പേല്‍ തന്റെ ഓശാന തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേര്‍ച്ച നടന്നു. ഫാ. മാത്യൂ മുളയോലില്‍ തമുക്ക് നേര്‍ച്ച വെഞ്ചരിച്ചു.
ലീഡ്‌സ് ചാപ്ലിന്‍സിയിലെ തമുക്ക് നേര്‍ച്ച വളരെ പ്രസിദ്ധമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ചാപ്ലിന്‍ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ചതാണ് തമുക്ക് നേര്‍ച്ച. നിലവിലെ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഇപ്പോഴും പൂര്‍വ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിന്‍സിയുടെ കീഴിലുള്ള കുടുംബങ്ങളാണ് തമുക്ക് നേര്‍ച്ചയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.
ചാപ്ലിന്‍സിയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഇക്കുറി തമുക്ക് നേര്‍ച്ചയ്‌ക്കെത്തി. ചാപ്ലിന്‍സിയുടെ അകത്തു നിന്നും പുറത്തു നിന്നുമായി എത്തിച്ചേര്‍ന്ന എല്ലാ വിശ്വാസികള്‍ക്കും ഫാ. മാത്യൂ മുളയോലില്‍ നന്ദി പറഞ്ഞു..