ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
വാല്‍സിംഹാം: സഡ്ബെറിയിലെ ഏഴ് ക്രൈസ്തവ കുടുംബങ്ങള്‍ ഈ വര്‍ഷം അതിരറ്റ സന്തോഷത്തിലാണ്. ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാളിന് പ്രസുദേന്തിമാരാകുന്നതും ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തില്‍ പരി. വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപമെടുക്കാനുമുള്ള അപൂര്‍വ്വഭാഗ്യം കൈവന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണവര്‍. ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ സീറോ മലബാര്‍ ചാപ്ലയന്‍സിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ഈ വലിയ തീര്‍ത്ഥാടനം ഈ വര്‍ഷം മുതല്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഏറ്റെടുത്ത് നടത്തുന്ന ആദ്യ വര്‍ഷത്തില്‍ തന്നെ ഇവര്‍ പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന ഈശോയുടെ ആദ്യ അത്ഭുതമായ കാനായിലെ കല്യാണ വിരുന്നില്‍ വീഞ്ഞു തികയാതെ വന്നതിന് പരിഹാരം കാണാന്‍ മുന്‍കൈ എടുത്തത് ആ ഭവനത്തിലുണ്ടായിരുന്ന പരിചാരകരോടു പറഞ്ഞു. ‘അവന്‍ നിങ്ങളോടു പറയുന്നത് ചെയ്യുവിന്‍’ ഈശോയുടെ നിര്‍ദ്ദേശപ്രകാരം കല്‍ഭരണികളില്‍ വെള്ളം കോരി നിറച്ചതും ആദ്യ അത്ഭുതം ഏറ്റവും അടുത്തുനിന്നു കണ്ടതും മാതാവിന്റെയും ഈശോയുടെയും നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ച പരിചാരകരായിരുന്നു. വാല്‍സിംഹാം തിരുനാളില്‍ മാതാവിന്റെ സ്വന്തം പരിചാരകരും വീട്ടുകാരുമായി നില്‍ക്കുന്ന ഈ ഏഴു കുടുംബങ്ങള്‍ക്കും ഇത് അപൂര്‍വ്വ സന്തോഷത്തിന്റെ അവസരമാണ്. വികാരി റവ. ഫാ. ടെറിന്‍ മുള്ളക്കരക്കൊപ്പം മണ്ണുംപുറത്ത് ബിബിന്‍ ആഗസ്തി, മാന്തുരുത്തില്‍ ബോബി ചെറിയാന്‍, പൂവ്വത്തിങ്കല്‍ ടോണി ജോര്‍ജ്, തൊട്ടിയില്‍ സാബു ജോസഫ്, അറക്കക്കുടിയേല്‍ ഷാജൂ വര്‍ഗീസ്, വഴുതനപ്പള്ളി പ്രദോഷ്, നാഞ്ചിറ മാത്യൂ ജോസി വര്‍ഗീസ് എന്നിവരും കുടുംബാംഗങ്ങളും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഏറ്റവും അനുഗ്രഹപ്രദമാകാന്‍ സഡ്ബറിയിലെ ഈ ഏഴു പ്രസുദേന്തി കുടുംബങ്ങളും കമ്മിറ്റിയംഗങ്ങളും ഫാ. ടെറിന്‍ മുള്ളക്കരയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം കഴിഞ്ഞ ദിവസം ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് ആത്മീയമായ ഒരുക്കം നടത്തി. ഇംഗ്ലണ്ടിലെ ‘നസ്രത്ത്’ എന്നറിയപ്പെടുന്ന വാല്‍സിംഹാമിലെത്തിച്ചേരുന്ന എല്ലാ മാതൃഭക്തര്‍ക്കും പരി. മാതാവിന്റെ മാധ്യസ്ഥ്യം വഴി നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിക്കാനിടയാകട്ടെയെന്നും മാതൃഭക്തി വഴി ഈ രാജ്യം ഈശോയിലേക്ക് തിരിയാന്‍ ഇടയാകട്ടെയെന്നും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലയിനും വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറുമായ റവ. ഫാ. ടെറിന്‍ മുള്ളക്കര പ്രത്യാശ പ്രകടിപ്പിച്ചു.
ബാബു ജോസഫ്
ബര്‍മിംങ്ഹാം: നവസുവിശേഷവത്കരണരംഗത്തെ ‘ജീവിക്കുന്ന അത്ഭുതം’ മഞ്ഞാക്കലച്ചന്‍ വീണ്ടും യുകെയില്‍. ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകന്‍ റവ.ഫാ. ജെയിംസ് മഞ്ഞാക്കല്‍ യുകെയിലെമ്പാടുമുള്ള നിരവധി പേരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും പ്രേഷിത ദൗത്യവുമായി വീണ്ടും യുകെയില്‍ എത്തുന്നു. സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ഓഗസ്റ്റ് 25 മുതല്‍ 28 വരെ തിയതികളിലായി ഒരുക്കുന്ന ധ്യാനം ഫാ. മഞ്ഞാക്കലും ഫാ. സോജി ഓലിക്കലും നയിക്കും.
നവ സുവിശേഷവത്കരണത്തിന്റെ പാതയില്‍ ദൈവിക സ്‌നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങള്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് നടക്കുക. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അന്യഭാഷാ സംസ്‌കാരങ്ങളില്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ സധൈര്യം കടന്നുകയറി യേശുക്രിസ്തുവില്‍ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങള്‍ കൈകോര്‍ക്കുന്ന ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് (2528 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
സെഹിയോന്‍ കുടുംബം ഫാ.സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു. കണ്‍വെന്‍ഷനില്‍ ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് 5 പൗണ്ട് നിരക്കില്‍ 20 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.
അഡ്രസ്സ്
St.TERESA OF THE INFANT JESUS CHURCH
WOLVERHAMPTON
WV46B2
കൂടുതല്‍ വിവരങ്ങള്‍ക്ക്.
സണ്ണി ജോസഫ്. 07877290779
പ്രോസ്പര്‍ ഡി ജോമൊ.07728921567
ടോം ജോസ് തടിയംപാട്
ചെല്‍ട്ടന്‍ഹാം റെയിസ് കോഴ്‌സ് സെന്ററില്‍ ഇന്നലെ രാവിലെ കൊടിയേറിയ യു കെ ക്‌നാനായ കണ്‍വെന്‍ഷന്‍ ജനസാന്ദ്രത കൊണ്ടും പരിപാടികളുടെ മേന്മകൊണ്ടും മുന്‍കാലങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകളെ കവച്ചുവെക്കുന്നതായിരുന്നുവെന്നു അവിടെ കൂടിയ എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന കണ്‍വെന്‍ഷന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായ ബിജു മടക്കക്കുഴി നേതൃത്വം കൊടുക്കുന്ന കമ്മറ്റി എല്ല കുറവുകളും പരിഹരിച്ചു ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ നൂറുശതമാനവും വിജയിച്ചു. രാവിലെ കൊടി ഉയര്‍ത്തിക്കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമിട്ടത്. പിന്നീട് നടന്ന വിശുദ്ധകുര്‍ബന്ക്ക് കോട്ടയം രൂപതയുടെ സഹായ മെത്രാന്‍ ജോസഫ് പണ്ടാരശ്ശേരിയും യു കെ സീറോ മലബാര്‍ സഭയുടെ മെത്രാന്‍ ജോസഫ് സ്രാമ്പിക്കലും നേതൃത്വം കൊടുത്തു. തുടര്‍ന്നു ഏകദേശം അഞ്ഞൂറോളം പേര്‍ പങ്കെടുത്ത വിവിധ കലാരൂപങ്ങളുടെ കൂട്ടായ നടനസര്‍ഗം എന്ന ഡാന്‍സ് പ്രോഗ്രാം കാണികളുടെ മുക്തകണ്ഠമായ പ്രശംസനേടി.
UKKCA യുടെ അമ്പതു യുണിറ്റുകള്‍ പങ്കെടുത്ത റാലിയില്‍ ക്‌നായി തൊമ്മനും കപ്പലും ആനപ്പുറത്ത് വധുവും വരനും ഭീകരരുടെ പിടിയില്‍ പെട്ടിരിക്കുന്ന ഫാദര്‍ ടോം കൊഴുവനാലും, കുടിയേറ്റവും. കേരളത്തിന്റെ കലാരൂപമായ കഥകളിയുെമാക്കെ നിശ്ചല ദൃശൃങ്ങളായി അവതരിപ്പിച്ചു. ഓരോ യുണിറ്റില്‍ നിന്നും പ്രത്യേകം തയ്യാര്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ സ്ത്രീകളും പുരുഷന്‍മാരും റാലിയെ മനോഹരമാക്കി. സ്റ്റീവനെജ് യുണിറ്റിന്റെ ചെണ്ടമേളം അതിമനോഹരമായിരുന്നു. ലിവര്‍പൂള്‍ യുണിറ്റിന്റെ റാലിയില്‍ ക്‌നായി തൊമ്മനും, ബിഷപ്പ്മാരും കപ്പലും ഒരേ ഡ്രസ്സ് അണിഞ്ഞ പുരുഷന്‍മാരും സ്ത്രീകളും അണിനിരന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആളുകളെ അണിനിരത്താന്‍ ലിവര്‍പൂള്‍ യുണിറ്റിനു നേതൃത്വം കൊടുക്കുന്ന പ്രസിഡണ്ട് സിന്റോ ജോണ്‍ , സെക്രട്ടറി സാജു ലൂക്കോസ്, ട്രഷര്‍ ബിജു അബ്രഹാം എന്നിവര്‍ നേതൃത്വം കൊടുക്കുന്ന കമ്മറ്റിക്കു കഴിഞ്ഞു.
റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് പണ്ടാരശ്ശേരിയും ബിഷപ്പ് സ്രാമ്പിക്കലും, മോന്‍സ് ജോസഫ് MLAയും യുകെകെസിഎ സെന്‍ട്രല്‍ കമറ്റി അംഗങ്ങളും അണിനിരന്നു. റാലി അവസാനിച്ച ശേഷം നടന്ന പൊതുസമ്മേളനത്തിന് യുകെകെസിഎ സെക്രെട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബിജു മടക്കക്കുഴി ആധ്യക്ഷം വഹിച്ചു. സമ്മേളനം മാര്‍ പണ്ടാരശ്ശേരി ഉത്ഘാടനം നിര്‍വഹിച്ചു. വംശനിഷ്ഠയില്‍ അധിഷ്ഠിതമായ സാമുദായിക സംവിധാനം നിലനിര്‍ത്തുന്നതിന് ഞങ്ങള്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്ന് ബിജു മടക്കകുഴി പറഞ്ഞു. കോട്ടയം അതിരൂപതയുടെ അതിരുകള്‍ ലോകം മുഴുവന്‍ വൃപിപ്പിക്കുവാന്‍ യുകെകെസിഎ നിരന്തര ശ്രമം നടത്തിക്കൊണ്ടിരിക്കുമെന്ന് സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുരയും പറഞ്ഞു.
പിന്നിട് സംസാരിച്ച ബിഷപ്പ് പണ്ടാരശ്ശേരി സീറോ മലബാര്‍ സഭയുമായി ചേര്‍ന്ന് നിന്നുകൊണ്ടാണ് നമ്മള്‍ വളര്‍ന്നതും നമ്മള്‍ തനിമ നിലനിര്‍ത്തി പോരുന്നതും അത്തരത്തില്‍ സീറോ മലബാര്‍ സഭയില്‍ ചേര്‍ന്നുനിന്നുകൊണ്ട് പോകുന്ന നമ്മള്‍ക്ക് എല്ലാ സഹായവും മാര്‍ സ്രാമ്പിക്കലില്‍ നിന്നും ലഭിക്കുന്നുണ്ട് എന്നും പറഞ്ഞു. തുടര്‍ന്നു സംസാരിച്ച മാര്‍ സ്രാമ്പിക്കല്‍ ക്‌നാനായ ക്കാരുടെ തനിമയില്‍ ഊന്നിയുള്ള സഭാസംവിധാനം യുകെയില്‍ വരുന്നതിനു ഞാന്‍ വ്യക്തിപരമായി എതിരല്ല എന്നു പറഞ്ഞു. ്‌നാനായക്കാരുടെ ആതിഥ്യമര്യാദേെയ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. യോഗത്തിനിടയില്‍ എല്ലാവരുടെയും മൊബൈല്‍ ഫോണില്‍ ഉള്ള ടോര്‍ച്ചു തെളിച്ച് ഉയര്‍ത്തിപ്പിടിച്ചു നടത്തിയ നട വിളി ശ്രദ്ധേയമായി.
യോഗത്തിനു ശേഷം നടന്ന വെല്‍ക്കം ഡാന്‍സ് കഴിഞ്ഞപ്പോള്‍ മൂവായിരത്തോളം വരുന്ന കാണികളുടെ നിലക്കാത്ത കരഘോഷംകൊണ്ട് സമ്മേളനഹാള്‍ മുഖരിതമായി. ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു പുതിയ ഉന്‍മേഷം പകരാന്‍ യുകെകെസിഎ നേതൃത്വത്തിനു കഴിഞ്ഞു എന്നതില്‍ തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയില്ല. അകെ ഒരു കുറവായി ചൂണ്ടികാണിക്കാനുള്ളത് ഭക്ഷണം ലഭിക്കാന്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടിവന്നു എന്നതാണ്.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
കവന്‍ട്രി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കമായി വിശ്വാസികളെ സജ്ജമാക്കാനും ഭാരവാഹികള്‍ക്ക് നേതൃത്വ പരിശീലനം നല്‍കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന റീജിയണ്‍ തലങ്ങളിലുള്ള ധ്യാനം നാളെ കവന്‍ട്രി റീജീയണില്‍ നടക്കും. St. Michael’s RC Church, 173 Coalway Road, Wolverhampton, WV3 7ND-യില്‍ വച്ച് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ദൈവശാസ്ത്രപണ്ഡിതനും വചന പ്രഘോഷകനുമായ റവ. ഫാ. അരുണ്‍ കലമറ്റം(റോം), കവന്‍ട്രി റീജിയണ്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ജയ്സണ്‍ കരിപ്പായി, വൈദികര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കവന്‍ട്രി റീജിയണിന്റെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നു പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യത്തെ പ്രതി വൈകിട്ട് 5.30 മുതല്‍ 9.30 വരെ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷകള്‍ക്കിടയില്‍ വി. കുര്‍ബാന, വചനപ്രഘോഷണം, വോളണ്ടിയേഴ്സ് മീറ്റിംഗ്, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടായിരിക്കും. മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ് റീജിയണുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടാംഘട്ട ഒരുക്ക ശുശ്രൂഷകള്‍ നടന്നിരുന്നു. ആദ്യ റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ വളരെ ഫലപ്രദമായിരുന്നു എന്നു കണ്ടതിനാലാണ് തുടര്‍ പരിശീലനമെന്ന നിലയിലും ദൈവശാസ്ത്ര-വിശ്വാസരഹസ്യങ്ങളില്‍ ആഴപ്പെടുന്നതിന് സൗകര്യമൊരുക്കുന്നതിനുമായി രണ്ടാംഘട്ട കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കവന്‍ട്രി റീജിയണില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്‍ ചാര്‍ജ് റവ. ഫാ. ജയ്സണ്‍ കരിപ്പായി അറിയിച്ചു.
പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ആകാംക്ഷയുടെയും ദിനങ്ങൾക്കറുതി വരുത്തി ഒട്ടും ആഗ്രഹിക്കാത്ത ആ വാർത്തയും കേൾക്കേണ്ടിവന്നു. ഫാ: മാര്‍ട്ടിനച്ചന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ വേര്‍പാട് മലയാളികളെ, പ്രത്യേകിച്ച് യുകെ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും’ എന്ന (ലൂക്കാ 2: 35) ശിമയോന്റെ പ്രവചനം പരി. മറിയം അനുഭവിച്ചതുപോലെയായി അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ മലയാളികളും. ദൈവപുത്രനായ ഈശോ ഈ ലോകത്തിലെ പരസ്യജീവിതം അവസാനിപ്പിച്ച് തന്റെ പിതാവിന്റെ പക്കലേയ്ക്ക് പോയ അതേ പ്രായത്തില്‍, തന്റെ 33-ാം വയസില്‍ മാര്‍ട്ടിനച്ചനും തന്റെ സ്വര്‍ഗീയ പിതാവിന്റെ ഭവത്തിലേയ്ക്ക് പോയിരിക്കുന്നു. അള്‍ത്താരയിലെ കൂട്ടുകാരന്റെ അപ്രതീക്ഷിത വിടപറച്ചിലിന്റെ വേദനയില്‍ തേങ്ങുന്ന വൈദിക ഗണത്തിലെ ഒരംഗമെന്ന നിലയില്‍ ശ്രേഷ്ഠമായ ആ പുരോഹിത ജീവിതത്തിനു മുമ്പില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ച് ചില പൗരോഹിത്യ ചിന്തകള്‍ കുറിക്കട്ടെ.
മനസില്‍ മൊട്ടിടുന്ന പൗരോഹിത്യ ജീവിതമെന്ന ഉല്‍ക്കടമായ ആഗ്രഹത്തെ പ്രാര്‍ത്ഥനയാകുന്ന വെള്ളമൊഴിച്ചും പരിശീലന കാലത്തിന്റെ വളവുമിട്ട് ഓരോ പുരോഹിതനും വളര്‍ത്തിയെടുക്കുന്നത് പത്തിലേറെ വര്‍ഷങ്ങളുടെ നിരന്തര അധ്വാനത്തിലാണ്. മറ്റൊരു ജീവിത രീതിക്കും ഇത്രയേറെ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ദൈര്‍ഘ്യമില്ലാത്തതിനാല്‍ ഒരാള്‍ പുരോഹിതനാകുന്നത് ആ വ്യക്തിക്കുമാത്രമല്ല, അവന്റെ കുടുംബത്തിനും നാടിനും സഭയ്ക്കും അത്യപൂര്‍വ്വ അഭിമാനത്തിന്റെ നിമിഷങ്ങളത്രേ. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ലാ’ത്തിനാലും (ഹെബ്രായര്‍ 5: 4) പൗരോഹിത്യമെന്ന ഈ ദൈവദാനത്തിന്റെ വിലയറിയുന്നവര്‍ അതിന്റെ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കും. ‘പുരോഹിതന്റെ മരണത്തില്‍ ഭൂവാസികളോടൊപ്പം സ്വര്‍ഗ്ഗവാസികളും മാലാഖമാരും കരയുന്നെന്ന്’ വൈദികരുടെ മൃതസംസ്‌കാര ശുശ്രൂഷയിലെ പ്രാര്‍ത്ഥനകള്‍ ഉദ്‌ഘോഷിക്കുന്നു. ‘പുരോഹിതനെക്കുറിച്ച് വി. ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ ഇങ്ങനെ; ”ഒരു പുരോഹിതന്‍ ആരാണെന്ന് അവന്‍ ഈ ഭൂമിയില്‍ വച്ച് മനസിലാക്കിയാല്‍, ഉടനെ തന്നെ അവന്‍ മരിച്ചുപോയെനെ; ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ട്. അവന്‍ ഉച്ചരിക്കുന്ന ഏതാനും വാക്കുകളില്‍ ദൈവം സ്വര്‍ഗം വിട്ട് ഈ ഭൂമിയില്‍ ഇറങ്ങി വന്ന് ഒരു ചെറിയ അപ്പത്തില്‍ സന്നിഹിതനാകുന്നു. ഓരോ പുരോഹിതനും അവന്റെ മഹിമ പൂര്‍ണമായി മനസിലാക്കുന്നത് അവന്റെ മരണശേഷം സ്വര്‍ഗത്തില്‍ വച്ച് മാത്രമായിരിക്കും”.
എല്ലാ മതസമ്പ്രദായങ്ങളിലും ദൈവസാന്നിധ്യത്തിന് മുമ്പില്‍ പ്രത്യേക അനുഷ്ഠാനവിധികളും ശുശ്രൂഷകളും ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ പൊതുവെ ‘പുരോഹിതര്‍’ എന്നാണ് അറിയപ്പെടുന്നത്. ‘പുരോ’ (കിഴക്ക്) ഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നു ആരാധന നയിക്കുന്നവന്‍, ‘പുര’ത്തിന്റെ (സ്ഥലത്തിന്റെ) ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുകയും നയിക്കുകയും ചെയ്യുന്നവന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നിന്നാണ് പുരോഹിതന്‍ എന്ന വാക്ക് ഉത്ഭവിക്കുന്നത്. ‘വേദം അറിയുന്നവന്‍’ എന്ന അര്‍ത്ഥത്തില്‍ നിന്ന് വൈദികനായും അവനെ ലോകം തിരിച്ചറിയുന്നു. വൈദികന്‍ ‘ദൈവികന്‍’ ആകുന്നിടത്ത് ആ സമര്‍പ്പണ ജീവിതം സഫലമാകുന്നു. വിശുദ്ധി ആദര്‍ശ ലക്ഷ്യമായ ഈ ജീവിതത്തിലും അപൂര്‍വ്വം ചില പുഴുക്കുത്തുകളുടെ അപസ്വരങ്ങള്‍ ഇക്കാലത്തും ഈശോയെ ഒറ്റിക്കൊടുക്കുമ്പോഴും ബാക്കി വരുന്ന ബഹുഭൂരിപക്ഷവും ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി (മത്താ 5: 13-16) മാറുന്നത് കാണാതെ പോകരുത്. പതിനൊന്ന് പേരും ദിവ്യഗുരുവിനൊപ്പം ഉറച്ചുനിന്നെങ്കിലും ഇടറിപ്പോയ ഒരുവന്റെ പതനത്തിലേയ്ക്ക് കൂടുതലായി ശ്രദ്ധിക്കുന്ന പ്രവണത നമ്മില്‍ നിന്ന് മാറേണ്ടതുണ്ട്. നല്ലത് കാണാനും നന്മകാണാനും നമുക്ക് കഴിയട്ടെ !. വിശുദ്ധ ബൈബിളിലെ നല്ല സമരിയാക്കാരന്റെ കഥയില്‍ വഴിയില്‍ വീണുകിടന്നവന്റെ അരികെ ആദ്യം വന്നത് ഒരു പുരോഹിതനാണെങ്കിലും അവനെ ശ്രദ്ധിക്കാതെ കടന്നുപോയെന്ന് വചനം പറയുന്നു. തിരുലിഖിതത്തിലെ ആ പുരോഹിതന്‍ വരുത്തിവെച്ച നാണക്കേടിനെ ഓരോ കാലത്തും തങ്ങളുടെ വിശുദ്ധമായ ജീവിതത്തിലൂടെ തിരുത്തിയ നിരവധി പുരോഹിത രത്‌നങ്ങള്‍ തിരുസഭയിലുണ്ട്. അത്തരമൊരു വൈദികഗണത്തില്‍ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനും ചേര്‍ന്ന് കാണാനിടയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല’ (ഉല്‍പ്പത്തി 2:18) എന്ന് പറഞ്ഞ് ദൈവം അവന് ഇണയും തുണയുമായി സ്ത്രീയെ നല്‍കി. അപ്പോള്‍, പൗരോഹിത്യജീവിതം സ്വീകരിച്ച് കുടുംബജീവിതം സ്വീകരിക്കാത്തവര്‍ ദൈവപദ്ധതിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നു ചിന്തിച്ച് നെറ്റി ചുളിക്കുന്നവരുണ്ട്. എന്നാല്‍ ദൈവനിയോഗത്തിനായി, സ്വര്‍ഗ്ഗരാജ്യത്തിനായി സ്വയം ഷണ്ഡരാകുന്നവരെക്കുറിച്ച് എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് (മത്തായി 19: 12) ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ വൈദികരെയോ സന്യസ്തരെയോ കുറിച്ച് ഉയരുമ്പോള്‍ പൊതുസമൂഹം എപ്പോഴും ഉയര്‍ത്തുന്ന പരിഹാരങ്ങളിലൊന്ന് ‘കല്യാണം കഴിക്കാനനുവദിച്ചാല്‍ ഈ പ്രശ്‌നം തീരില്ലേ’ എന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരവും ക്രിസ്തുനാഥന്‍ പറഞ്ഞതുതന്നെ; ഗ്രഹിക്കാന്‍ കഴിയുന്നവര്‍ മാത്രം ഇതിന്റെ രഹസ്യം ഗ്രഹിക്കട്ടെ”.
വൈദികരുടെയും സന്യാസ സമര്‍പ്പണ ജീവിതങ്ങളിലുള്ളവരുടെയും ജീവിതത്തില്‍, അവര്‍ ആരും തുണയില്ലാത്തവരല്ല. ദൈവമാണ് അവരുടെ തുണ. പ്രത്യേക നിയോഗം പേറുന്നവര്‍ക്ക് ‘മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നത് എത്ര നല്ലത് (സങ്കീര്‍ത്തനങ്ങള്‍ 118:8). ഈ ലോകത്തിന്റെ ബന്ധങ്ങളും സ്വത്തുക്കളുമല്ല, ‘കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന് ഓരോ പുരോഹിതനും വിശ്വസിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 16:5-6). ഈ ലോകത്തില്‍ ദൈവത്തിന്റെ മുഖവും സ്വരവും മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിതമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ് പുരോഹിതന്‍. മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളായ എല്ലാവരും അവന്റെ രാജകീയ പൗരോഹിത്യത്തില്‍ (1 പത്രോസ് 2:9) അംഗങ്ങളാണെങ്കിലും ലോകപാപങ്ങള്‍ക്ക് വേണ്ടി സ്വയം ബലിയര്‍പ്പിച്ച നിത്യപുരോഹിതനായ ഈശോയുടെ ജീവിതബലിയുടെ രക്ഷാകരഫലം ഈ കാലത്തിലും ലഭ്യമാക്കാന്‍ ദൈവം അനുഗ്രഹിക്കുന്നു. ഈ വിശിഷ്ടകാര്യം ചെയ്യാന്‍ ദൈവം തന്നെ ചിലരെ പുരോഹിതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു (ഹെബ്രായര്‍ 7: 24). ഈ പുരോഹിതരെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് തുണയാകുന്നതും മനുഷ്യരല്ല, ദൈവം തന്നെയത്രേ !
‘എന്നാല്‍ പരമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് (2 കോറിന്തോസ് 4:7). ”ലൗകിക മാനദണ്ഡമനുസരിച്ച് ഞങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. (1 കോറിന്തോസ് 1: 26-27). പുരോഹിത ജീവിതത്തിന്റെ മഹനീയതയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും മാനുഷിക ബലഹീനതകളുടെ കല്ലുകളില്‍ ചിലരെങ്കിലും തട്ടി വീഴാറുണ്ട്. കൈ കൊട്ടി ചിരിച്ചും മാറിനിന്ന് അടക്കം പറഞ്ഞും നവമാധ്യമങ്ങളില്‍ അതാഘോഷിക്കപ്പെടുമ്പോഴും വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല. ആകാശ വിതാനത്തില്‍ പറന്നുയരുന്ന ഭീമന്‍ വിമാനങ്ങളെ അദൃശ്യമെങ്കിലും വായുവിന്റെ സാന്നിധ്യം അന്തരീക്ഷത്തില്‍ താങ്ങിനിര്‍ത്തുന്നതുപോലെ, ലോകത്തിന്റെ നിരവധി അദൃശ്യ കോണുകളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയുടെ ശക്തമായ സാന്നിധ്യം ദൈവത്തിനായും ജനത്തിനായും മാറ്റിവയ്ക്കപ്പെട്ട ഈ പുരോഹിത ജീവിതങ്ങളെ ഉയരത്തില്‍ താങ്ങി നിര്‍ത്തുമെന്നതില്‍ സംശയം വേണ്ട. മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് വരുന്ന പ്രത്യേക ജീവികളല്ല വൈദ്യരും സന്യസ്തരും. നമ്മുടെ തന്നെ കുടുംബങ്ങളില്‍ ജനിച്ച്, വളര്‍ന്ന് കുടുംബ പാരമ്പര്യങ്ങളുടെയും സ്വഭാവ രീതികളുടെയും അംശങ്ങള്‍ സ്വീകരിച്ച് ജീവിതം കരുപിടിപ്പിച്ചവര്‍. അവരുടെ നന്മകള്‍ ആ കുടുംബത്തിന്റെയും നാടിന്റെയും നന്മകളാണ്; കുറവുകളും അതുപോലെ തന്നെ. അതിനാല്‍ ‘ദൈവം വചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കുവാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം (കൊളോസോസ് 4:3).
‘A priest is always wrong’ എന്ന തലക്കെട്ടില്‍ പ്രസിദ്ധമായ ഒരു കാഴ്ചപ്പാടുണ്ട്. കുര്‍ബാന നേരത്തെ തുടങ്ങിയാലും സമയത്ത് തുടങ്ങിയാലും താമസിച്ച് തുടങ്ങിയാലും വാഹനമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രസംഗം ചുരുക്കിയാലും ദീര്‍ഘിപ്പിച്ചാലും പുരോഹിതര്‍ ചെയ്യുന്നത് എല്ലാം തെറ്റുകള്‍ മാത്രം. (Search on google – ‘A priest is always wrong’ ). പക്ഷേ ആ ചിന്താധാര പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെ. ‘ജീവിച്ചിരിക്കുന്ന കാലത്ത് മുഴുവന്‍ പുരോഹിതന് കുറ്റങ്ങളാണെങ്കിലും അവന്‍ മരിച്ചാല്‍ അവന്റെ സ്ഥാനം ഏറ്റെടുക്കാന്‍ എല്ലാവരും ഭയക്കുന്നു!’ ഭൗതിക താല്‍പര്യങ്ങളെല്ലാം മനസ്സുകൊണ്ട് വേണ്ടെന്ന് വച്ച് ദൈവത്തിനും ദൈവമക്കള്‍ക്കുമായി ജീവിതം മാറ്റിവച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ദൈവം മാത്രമാണ് തങ്ങളുടെ തുണ’ എന്ന ബോധ്യത്തോടെ കര്‍മ്മശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നമ്മുടെ എല്ലാ വൈദിക – സമര്‍പ്പിത സഹോദരങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ ജീവിതങ്ങളിലെ ചില അപൂര്‍വ്വം അപരാധങ്ങളെ സ്‌നേഹപൂര്‍വ്വം തിരുത്തിക്കൊടുക്കാം, സ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ മുഖവും സ്വരവും ലോകത്തിന് കാണിച്ച് കൊടുക്കുന്ന സമര്‍പ്പിത ജീവിതങ്ങള്‍ക്കുവേണ്ടി, ‘നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസരായ വൈദികര്‍ക്കും സന്യസ്തര്‍ക്കും യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്‍കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാം.
പ്രിയ മാര്‍ട്ടിനച്ചാ, അങ്ങയുടെ അപ്രതീക്ഷിത വേര്‍പാട് അങ്ങയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. എങ്കിലും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഈ കാര്യത്തിലും ഞങ്ങള്‍ ദൈവത്തിന്റെ ഇഷ്ടം മാത്രം നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എപ്പോഴും സുസ്‌മേരവദനനായി, പാട്ടുപാടി തന്റെ ജനത്തെ ദൈവത്തോടടുപ്പിച്ച വന്ദ്യ പുരോഹിതാ, അങ്ങ് സമാധാനത്തോടെ പോവുക. സ്വര്‍ഗീയാകാശത്തിന്റെ തെളിഞ്ഞ മാനത്ത് പ്രഭയാര്‍ന്ന വെള്ളി നക്ഷത്രമായി അങ്ങ് ശോഭിക്കുമ്പോള്‍ അങ്ങയോട് ഞങ്ങളുടെ പ്രാര്‍ത്ഥന ഒന്നുമാത്രം; ” അങ്ങ് അങ്ങയുടെ രാജ്യത്തായിരിക്കുമ്പോള്‍ ഞങ്ങളെക്കൂടി ഓര്‍ക്കേണമേ” (ലൂക്കാ 23: 42). എങ്കിലും ‘ബാബിലോണ്‍ നദിയുടെ തീരത്തിരുന്നുകൊണ്ട് സെഹിയോനെ ഓര്‍ത്ത് ഞങ്ങള്‍ കരഞ്ഞു’ (സങ്കീര്‍ത്തനങ്ങള്‍ 137: 1) എന്ന വചനം പോലെ, മനസ്സുകൊണ്ട് ഞങ്ങളെല്ലാവരും ‘ഡര്‍ബന്‍ നദീതീരത്തിരുന്നുകൊണ്ട് ഞങ്ങളുടെ മാര്‍ട്ടിനച്ചനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുന്നു… ഇപ്പോഴും…
വേദനയോടെ, പ്രാര്‍ത്ഥനയോടെ നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു, ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
വാല്‍സിംഹാം: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തിലും ആതിഥേയത്തിലും നടന്നുവന്നിരുന്ന യു.കെ.മലയാളികളുടെ വാര്‍ഷിക വാല്‍സിംഹാം തീര്‍ത്ഥാടനം ഇത്തവണ മുതല്‍ പുതിയ സാരഥികളുമായി വിശ്വാസികളെ വരവേല്‍ക്കാനൊരുങ്ങുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ആത്മീയ നേതൃത്വത്തില്‍ ഇനി മുതല്‍ നടത്തപ്പെടുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ 16 (അടുത്ത ഞായര്‍) ന് സാഘോഷം നടത്തപ്പെടുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നതുപോലെ ഈ വര്‍ഷവും ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച തന്നെയാണ് തീര്‍ത്ഥാടനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
പരി. അമ്മയുടെ സന്നിധിയില്‍ മക്കള്‍ വന്നുചേരുന്ന ഈ അനുഗ്രഹീത ദിനം ആരംഭിക്കുന്നത് രാവിലെ 1 മണിക്ക് റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യു.കെ.ടീമും നേതൃത്വം നല്‍കുന്ന ധ്യാനചിന്തകളോടെയായിരിക്കും. 11.30 മുതല്‍ 1.30 വരെ ഉച്ചഭക്ഷണത്തിനും അടിമ സമര്‍പ്പണത്തിനും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കുമായി നീക്കി വച്ചിരിക്കുന്ന സമയമാണ്. ഉച്ചകഴിഞ്ഞ് കൃത്യം 1.30-ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തില്‍ ഉപയോഗിക്കുന്നതിനായി മുത്തുക്കുടകള്‍, പൊന്‍-വെള്ളി കുരിശുകള്‍, ബാനറുകള്‍, മെഗാഫോണുകള്‍, ജപമാലകള്‍ തുടങ്ങിയവ കൊണ്ടുവരണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. കോച്ചുകളും സ്വകാര്യവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിന് വെവ്വെറെ സ്ഥലങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഉച്ചഭക്ഷണ പായ്ക്കറ്റുകളും ലഭിക്കുന്നതായിരിക്കും. ജപമാല പ്രദക്ഷിണത്തിനുശേഷം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലിയര്‍പ്പണവും നടക്കും.
അടുത്ത ഞായറാഴ്ച (16ാം തീയതി) വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് എല്ലാവരും ചേരുന്നതിന് സൗകര്യമൊരുക്കുന്നതിനായി, അന്ന് സീറോ മലബാര്‍ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാധ്യക്ഷന്‍ അറിയിച്ചു. ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്ന ഡസ്ബറി കൂട്ടായ്മയുടെയും മറ്റു വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നതായി ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. മാതൃഭക്തി ചെറുപ്പം മുതലേ അഭ്യസിക്കുകയും നൊവേന, വണക്കമാസം, കൊന്തമാസം തുടങ്ങിയ ഭക്ത്യാഭ്യാസങ്ങളിലൂടെ മാതൃസ്നേഹം ആഴത്തില്‍ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള, കേരളത്തില്‍ നിന്ന് അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള, കേരളത്തില്‍ നിന്ന് യു.കെയിലേക്ക് കുടിയേറിയിട്ടുള്ള ക്രൈസ്തവര്‍ക്ക് ഗൃഹാതുരത്വത്തിന്റെ നിറമാര്‍ന്ന ഓര്‍മ്മയും അനുഭവവും കൂടിയാണ് ഈ വാല്‍സിംഹാം തീര്‍ത്ഥാടനം സമ്മാനിക്കുന്നത്.
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ആഘോഷിക്കപ്പെട്ട ദുക്രാന തിരുനാള്‍ തങ്ങളുടെ സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും ആര്‍ജ്ജിച്ച വിശ്വാസവും, പാരമ്പര്യവും, പൈതൃകവും വിളിച്ചോതുന്ന ആത്മീയോത്സവമായി. സ്റ്റീവനേജ് കേരളാ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട തിരുന്നാളിന് സൗത്വാര്‍ക്ക് അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ഹാന്‍സ് എം.എസ്.ടി. മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്തു.
ആഘോഷപൂര്‍വ്വമായ ദുക്റാന തിരുന്നാള്‍ കുര്‍ബ്ബാന ഏവര്‍ക്കും ദൈവീക അനുഗ്രഹസ്പര്‍ശാനുഭവം പകര്‍ന്നു. തിരുന്നാളിന് പ്രാരംഭമായി സഭാ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ രൂപം ബലിവേദിക്കരികെ പ്രതിഷ്ഠിച്ചു കൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
‘കത്തോലിക്കാ മക്കള്‍ തങ്ങളുടെ ഭക്തിയും, വിശ്വാസവും തീക്ഷ്ണമായി കാത്തു പരിപാലിക്കുവാന്‍ ഇന്നും സാധിക്കുന്നത് സഭാ പൈതൃകത്തിന്റെ ഉറവിടമായ മാര്‍ത്തോമ്മാശ്ലീഹ തലമുറയിലൂടെ പകര്‍ന്നു നല്‍കിയ ദൈവിക പദ്ധതികളുടെയും ഈശ്വര സ്നേഹത്തിന്റെയും അനന്ത രക്ഷയുടെയും പൂര്‍ണ്ണത നിറഞ്ഞ പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ്. ഉച്ചൈസ്തരം വിശ്വാസം പ്രഘോഷിക്കുവാനും, സഭയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിശ്വാസം ഊട്ടി ഉറപ്പിച്ചു കൊണ്ട് സ്വജീവനെ വരെ ഗൗനിക്കാതെ ദൈവീക ദൗത്വം ഏറ്റെടുക്കുകയും ചെയ്ത ശിഷ്യ ഗണങ്ങളില്‍ പ്രമുഖനാണ് തോമാശ്ലീഹാ.
യേശുവിന്റെ ഉയിര്‍പ്പ്,പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം തുടങ്ങിയ സഭയുടെ ഏറ്റവും വലിയ വിശ്വാസ സത്യങ്ങള്‍ക്കു പൂര്‍ണ്ണ ബോധ്യത്തോടെ നേര്‍ സാക്ഷിയാകുവാന്‍ കഴിയുകയും ചെയ്ത മാര്‍ത്തോമ്മാ ശ്ലീഹ ഭാരതത്തിനു വലിയ ദൈവീക കൃപയാണ് പകര്‍ന്നു നല്‍കിയത് ‘എന്ന് ചാപ്ലയിന്‍ ഹാന്‍സ് അച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
കുട്ടികളുള്‍ക്കൊള്ളുന്ന ക്വയര്‍ ഗ്രൂപ്പ് ഗാന ശുശ്രുക്ഷകള്‍ക്ക് മികവുറ്റ നേതൃത്വമാണ് നല്‍കിയത്. തോമാശ്ലീഹായുടെ രൂപം വഹിച്ചു കൊണ്ട് നടത്തിയ പ്രദക്ഷിണത്തിനു ശേഷം പരിശുദ്ധ ശ്ലീഹായുടെ സമാപന ആശീര്‍വ്വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.
സഖറിയ പുത്തന്‍കളം
ബര്‍മ്മിങ്ങ്ഹാം: യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ഇന്നലെ ഭക്തിസാന്ദ്രമായ തിരുക്കര്‍മ്മങ്ങളോടെ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി വെഞ്ചിരിച്ചു. ഫാ. സജിമലയില്‍ പുത്തന്‍പുര, മാത്യു കട്ടിയാങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള പ്രഥ ക്‌നാനായ ചാപ്പല്‍ വ്യാഴാഴ്ച വൈകുന്നേരം ആറരയ്ക്കാണ് വെഞ്ചിരിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദിവ്യകാരുണ്യാശീര്‍വാദവും നടന്നു.
ചാപ്പല്‍ നിര്‍മ്മാണം ഏറ്റെടുത്ത സുനില്‍ ട്രിനിറ്റി ഇന്റീരിയറിന് മാര്‍ ജോസഫ് പണ്ടാരശ്ശേരി അനുമോദന ഫലകം നല്‍കി. ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിന്‍, സെക്രട്ടറി അഭിലാഷ്, ട്രഷറര്‍ അഭിലാഷ്, യു,കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ബാബു ജോസഫ്
ബിര്‍മിങ്ഹാം: ആത്മാഭിഷേക നിറവിനായി യുകെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നുമുള്ള വിശ്വാസികള്‍ ദേശഭാഷാ വ്യത്യാസമില്ലാതെ നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ബിര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ ഒത്തുചെരും. യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന്‍ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഇവാന്‍ജലൈസേഷന്‍ കോ ഓര്‍ഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ഞായറാഴ്ചയിലെ സാബത്താചരണത്തിന്റെ അനുഗ്രഹത്തിന്റെയും വിടുതലിന്റെയും സുവിശേഷം പങ്കുവയ്ക്കാന്‍ ഇറ്റലിയില്‍നിന്നും പ്രമുഖ സുവിശേഷപ്രവര്‍ത്തകന്‍ ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍ എത്തുമ്പോള്‍ യുകെയുടെ തെരുവുകളില്‍ ഒരു പടയാളിയെപ്പോലെ ഒറ്റയ്ക്കും കൂട്ടായും യേശുക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കുന്ന സെഹിയോന്‍ യൂറോപ്പിന്റെ ജോസ് ബ്രദറും പങ്കുചേരുന്നു.
യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തകന്‍ ഗാരി സ്റ്റീഫനും കണ്‍വെന്‍ഷനില്‍ വചനപ്രഘോഷണം നടത്തും. പ്രായത്തിന്റെ പൂര്‍ത്തീകരണത്തില്‍ വന്നുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ എങ്ങനെ തരണംചെയ്യാമെന്നും ജീവിതവിശുദ്ധി യേശുക്രിസ്തുവിനെ മുന്‍നിര്‍ത്തി പ്രഘോഷിക്കുകയും ചെയ്യുന്ന ക്ലാസ്സുകള്‍ ഇത്തവണ ടീനേജുകാര്‍ക്കും കിഡ്‌സ് ഫോര്‍ കിംഗ്ഡം ഐറിഷ് ടീം നയിക്കുന്ന പ്രത്യേക ക്ലാസുകള്‍ കുട്ടികള്‍ക്കും ഉണ്ടായിരിക്കും.
അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും.
കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൌജന്യമായി നല്‍കിവരുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു.
കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
മലയാളംയുകെ ന്യൂസ് ടീം
സ്റ്റോക്ക് ഓണ്‍ ട്രെന്റ് : ‘വലിയൊരു ശൂലമെടുത്തൊരു ക്രൂരന്‍
ബലമായ് നെഞ്ചില്‍ ശ്ലീഹായെ
കുത്തികൊണ്ടവരോടിയൊളിച്ചു
എമ്പ്രാന്മാരായവരെല്ലാം
മാര്‍ത്തോമ്മാ കടലോരക്കാട്ടില്‍
കല്ലില്‍ വീണു പ്രാര്‍ത്ഥിച്ചു’
ഗുരുവിന്റെ മുറിവേറ്റ നെഞ്ചില്‍ തൊട്ടാലേ ഞാന്‍ വിശ്വസിക്കൂ എന്ന ശാഠ്യംപിടിച്ച തോമാ, ഗുരുവിനെപ്പോലെ കുന്തത്താല്‍ നെഞ്ചില്‍ മുറിവേറ്റുകൊണ്ട് തന്റെ രക്തത്താല്‍ ഉത്ഥിതനിലുളള വിശ്വാസത്തിന് പുതിയ സാക്ഷ്യം രചിച്ചതിന്റെ ഓര്‍മ്മയാണ് ദുക്‌റാന. ഒരു കാലത്ത് കേരളക്കരയില്‍ പ്രസിദ്ധമായിരുന്ന റമ്പാന്‍ പാട്ടില്‍ ഭാരതത്തിന്റെ ശ്ലീഹായായ മാര്‍ത്തോമ്മ ശൂലത്താല്‍ നെഞ്ചില്‍ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ‘തോരാതെ മഴപെയ്യുന്ന തോറാന’ എന്നു കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന ദുക്‌റാന, ലോകമെമ്പാടുമുളള മാര്‍ത്തോമാ നസ്രാണികളെ സംബന്ധിച്ചിടത്തോളം വെറുമൊരു ഓര്‍മ്മദിനമല്ല. മറിച്ച് അത് അവര്‍ക്ക് സ്വന്തം അപ്പന്റെ ഓര്‍മ്മതിരുനാളാണ്.
വിശ്വാസത്തില്‍ തങ്ങള്‍ക്ക് ജന്മം നല്കിയ, അതിനായ് ഭാരതമണ്ണില്‍ സ്വന്തം രക്തം ചിന്തി, വിശ്വാസത്തിന് സാക്ഷ്യം നല്കിയ അപ്പന്റെ തിരുനാളാണ് ദുക്‌റാന. പൗരസ്ത്യ സുറിയാനി യാമപ്രര്‍ത്ഥനയില്‍ തോമാശ്ലീഹയെ ഇന്ത്യക്കാരുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പന്റെ ഓര്‍മ്മദിനത്തില്‍ മക്കളെല്ലാവരും ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പനെകുറിച്ചുളള സ്‌നേഹസ്മരണകള്‍ പങ്കുവെയ്ക്കുകയും ചെയ്യുക എന്നത് നല്ല കുടുംബങ്ങളില്‍ ഉണ്ടായിരുന്ന ഒരു പാരമ്പര്യമാണ്.
ഇതുപോലെ ലോകമെമ്പാടുമുളള മാര്‍ത്തോമാ ക്രിസ്ത്യാനികൾ ദേവാലയത്തില്‍ ഒരുമിച്ചുകൂടി, വിശ്വാസത്തില്‍ തങ്ങളുടെ പിതാവായ തോമാശ്ലീഹായുടെ ധീരമായ രക്തസാക്ഷിത്വത്തിന്റെ ദീപ്ത സ്മരണകള്‍ പുതുക്കുന്ന, ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന, മാദ്ധ്യസ്ഥം യാചിക്കുന്ന, ആ നല്ല അപ്പന്‍ കാണിച്ചുതന്ന ധീരമായ മാതൃക പിന്‍തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്ന അവസരമാണ് ദുക്‌റാന തിരുന്നാള്‍.
ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ സംബന്ധിച്ചു അവർ തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അത് കുഞ്ഞുങ്ങളിലേക്ക് പകർന്നു നൽകുവാൻ എപ്പോഴും ശ്രമിക്കുന്നു എന്നത് ഒരു സത്യമാണ്. ഇത്തരത്തിൽ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സീറോ മലബാര്‍ മാസ് സെന്ററിൽ ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടത്. ഉച്ചകഴിഞ്ഞ് 2.15 ന് എത്തിച്ചേര്‍ന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഇടവക വികാരി റവ.ഫാ. ജെയ്‌സണ്‍ കരിപ്പായി, സ്റ്റോക്ക് ഓൺ ട്രെന്റ് ട്രസ്റ്റിമാരായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർക്കൊപ്പം ഇടവകാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ സ്വീകരിച്ചു. തുടര്‍ന്ന് തിരുന്നാൾ കൊടിയേറ്റ്.. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷപൂര്‍വമായ ദിവ്യബലി… ഫാ.ജയ്സണ്‍ കരിപ്പായി, ഫാ.അരുണ്‍ കലമറ്റത്തില്‍, ഫാ.ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
ദിവ്യബലിക്ക് ശേഷം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുട്ടികള്‍ക്കായി വി. ഡൊമിനിക് സാവിയോയുടെ പേരില്‍ പുതിയതായി രൂപീകരിച്ച സംഘടനയായ ‘സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടന്റെ ‘ രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. ‘പാപത്തേക്കാള്‍ മരണം ‘ എന്ന ഡൊമിനിക് സാവിയോയുടെ പ്രസിദ്ധമായ ആപ്ത വാക്യം ആണ് സംഘടനയുടെ ആപ്ത വാക്യവും ദര്‍ശനവും. ലദീഞ്ഞിനെ തുടർന്ന് കുരിശുകളുടെയും മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധന്റ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. നൂറ് കണക്കിനാളുകള്‍ ഭക്തിപൂര്‍വ്വം പ്രദക്ഷിണത്തില്‍ പങ്ക് ചേർന്നപ്പോൾ സി.വൈ.എം ന്റെ ബാന്റ്, സ്‌കോട്ടീഷ് ബാന്റ് എന്നിവ അകമ്പടിയേകി.
[ot-video][/ot-video]
പ്രദക്ഷിണശേഷം സമാപനാശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ചു. തുടര്‍ന്ന് പൊതുസമ്മേളനവും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, കുടുംബ യൂണിറ്റുകളുടെയും സംയുക്ത വാര്‍ഷികാഘോഷവും നടന്നു. റവ.ഫാ.ജയ്സണ്‍ കരിപ്പായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സിറിള്‍ മാഞ്ഞൂരാന്‍ സ്വാഗതം ആശംസിച്ചു. വാര്‍ഷികാഘോഷങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. റവ.ഫാ.അരുണ്‍ കലമറ്റത്തില്‍, സി.ലിന്‍സി, റോയി ഫ്രാന്‍സീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
[ot-video][/ot-video]
ഫാമിലി യൂണിറ്റ് ഓര്‍ഗനൈസര്‍ സിബി പൊടിപാറ, വിമന്‍സ് ഫോറം പ്രസിഡന്റ് ലിജിന്‍ ബിജു, സാവിയോ ഫ്രണ്ട്‌സ് ആനിമേറ്റര്‍ ജോസ് വര്‍ഗ്ഗീസ്, സൺഡേ സ്കൂൾ പ്രതിനിധിയായി മോന്‍സി ബേബി, തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സുദീപ് അബ്രഹാം നന്ദി പറഞ്ഞതോടുക്കൂടി പൊതുസമ്മേളനത്തിന് തിരശീലവീണു.
വെല്‍ക്കം ഡാന്‍സോട് കൂടി കലാപരിപാടികള്‍ക്ക് ആരംഭം കുറിച്ചു. സൺഡേ സ്‌കൂൾ കുട്ടികളുടെയും സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള കുടുംബ യൂണിറ്റുകളെയും ഉൾപ്പെടുത്തിയുള്ള ഡാന്‍സ്, സ്‌കിറ്റ്, പാട്ട് തുടങ്ങിയ കലാപരിപാടികള്‍… സൺഡേ സ്‌കൂൾ ക്ലാസുകളിൽ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കും, 100% ഹാജര്‍ ഉള്ളവർക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനദാനത്തിന് ശേഷം രുചികരമായ സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ സമാപനം കുറിച്ചു. തിരുനാൾ സാധാരണപോലെ നടത്തി നമ്മുടെ ജീവിതം പഴയപടി പോയാൽ തിരുനാളുകൾകൊണ്ട് ഒരു പ്രയോജനവും നമുക്ക് ലഭിക്കുകയില്ല. വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മനാളിൽ നമുക്കും ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിലും പകർത്തുമ്പോൾ പെരുന്നാൾ ആഘോഷങ്ങൾ അർത്ഥപൂർണ്ണമാകുന്നു.
കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചാല്‍ പ്രതിഫലമായി നമുക്കും ഒരു പുഞ്ചിരി ലഭിക്കും. ലോകത്തെ നോക്കി പുഞ്ചിരിച്ചാല്‍ അതു തന്നെ നമുക്കും പ്രതിഫലമായി ലഭിക്കാതിരിക്കയില്ല. മറ്റുള്ളവര്‍ക്കുനേരെ നാം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നമ്മുക്ക് നേരെ മൂന്നു വിരലുകളാണ് തിരിഞ്ഞിരിക്കുന്നതെന്ന സത്യത്തിന് നേരെ കണ്ണടക്കുന്നവരാണ് നമ്മള്‍. തെറ്റായ വിധിയെഴുത്തുകള്‍ക്ക് മറ്റുള്ളവരെ ഇരയാക്കിയിട്ടുള്ളവരും തെറ്റായ വിധിയെഴുത്തുകള്‍ക്ക് ഇരയായിട്ടുള്ളവരുമാണ് നമ്മള്‍ ഓരോരുത്തരും.
‘വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്’ (മത്തായി : 7:1)
എന്ന വളരെ സ്പഷ്ടമായ ഒരു കല്പനയാണ് നമുക്ക് നല്കുന്നത്.
ചിലര്‍ എല്ലാം കാര്യങ്ങളെയും പുഞ്ചിരിയോടെ സമീപിക്കുന്നവരാണ്. മറ്റുചിലരാകട്ടെ, വളരെ പൊട്ടിത്തെറിക്കുന്ന സ്വാഭാവക്കാരും. ഇതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ പ്രലോഭനങ്ങള്‍ അത്രയ്ക്ക് ശക്തമാണ്. കുറ്റം പറയാൻ മാത്രമല്ല മറിച്ച് നല്ല പ്രവർത്തികൾ ചെയ്‌ത് മറ്റുള്ളവർക്ക് നാം മാതൃകയാവണം.. നമ്മുടെ ജീവിതത്തിലെ പോരായ്മകളെ നമ്മുക്ക് തിരുത്താം. മറ്റുള്ളവരുടെ കുറവുകള്‍ ദൈവത്തിനു സമര്‍പ്പിക്കാം. നമുക്ക് നന്മ പറയുന്നവരും നന്മ കാണുന്നവരുമാകാം. അങ്ങനെ ക്രിസ്തീയതയുടെ മഹിമ നമ്മുടെ ജീവിതത്തിലും നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിലും പ്രതിഫലിക്കട്ടെ…
[ot-video][/ot-video]