യേശുക്രിസ്തുവിന്റെ മുടിയുടെ തിരുശേഷിപ്പ് വരുന്ന വെള്ളിയാഴ്ച തങ്കി പള്ളിയിലെത്തിക്കും. പീഡാനുഭവ രൂപവുമായി ബന്ധപ്പെട്ട തങ്കി പള്ളിയിലെ വസ്തുതകളും പ്രത്യേകതകളും കേട്ടറിഞ്ഞ ഇറ്റലിയിലെ സേക്രഡ് ഹാർഡ് പള്ളി വികാരിയായ ഫാ. സ്റ്റെഫാനോയാണ് കൊച്ചി രൂപതാംഗമായ ഫാ. ജോണ്സണ് തൗണ്ടയിൽ വഴി തിരുശേഷിപ്പ് കേരളത്തിലേക്ക് എത്തിക്കുന്നത്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച തിരുശേഷിപ്പു പേടകം വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിലും വൈദികരും വിശ്വാസികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ തങ്കി ഫൊറോനയിൽപ്പെട്ട അർത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിച്ചു. വെള്ളിയാഴ്ച തങ്കിപ്പള്ളിയിലേക്കെത്തിക്കുന്ന തിരുശേഷിപ്പിനു ഭക്തിനിർഭരമായ വരവേല്പ് നൽകും.
ക്രിസ്തുവിന്റെ പീഡാനുഭവ തിരുസ്വരൂപ പ്രതിഷ്ഠയാൽ പ്രസിദ്ധമായതിനാലും തിരുരൂപത്തിലെ മുടിയുമായി ബന്ധപ്പെട്ട വിശ്വാസത്താലുമാണ് തങ്കിപ്പള്ളിയിൽ തിരുശേഷിപ്പ് എത്തിക്കുന്നതെന്നു വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ പറഞ്ഞു. വിശുദ്ധ ചാവറയച്ചനോടൊപ്പം വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട വിശുദ്ധ ലുഡ്വിനോ തന്റെ ജീവിതകാലത്ത് പീഡാനുഭവ സഭ ആരംഭിച്ചിരുന്നു.
അക്കാലത്ത് അവിടെ അനേകം വിശുദ്ധരാൽ അനുഗ്രഹീതമായ ഒരു കുടുംബത്തിലെ അംഗം സൂക്ഷിച്ചിരുന്ന ഈ തിരുശേഷിപ്പ് വിശുദ്ധ ലുഡ്വിനോയ്ക്കു കൈമാറി. പിന്നീട് ഇറ്റലിയിലെ ഒരു ആശ്രമത്തിൽ മറ്റു വിശുദ്ധരുടെ തിരുശേഷിപ്പുകൾക്കൊപ്പം പൂജ്യമായി സൂക്ഷിച്ചുവരുന്നതിനിടെ ചില കാരണങ്ങളാൽ ആശ്രമം അടച്ചുപൂട്ടി.
തുടര്‍ന്നു തിരുശേഷിപ്പുകൾ ലോകത്തിലെ മറ്റു പല ദേവാലയങ്ങളിലേക്കു കൊണ്ടുപോയി. ക്രിസ്തുവിന്റെ മുടി അടങ്ങിയ പേടകം ഇറ്റലിയിലെ പള്ളിവികാരിയായ ഫാ. സ്റ്റെഫാനോയ്ക്കു ലഭിക്കുകയായിരുന്നു. ഇതാണ് ഫാ. ജോണ്സണ് തൗണ്ടയലിന്റെ സഹായത്താൽ തങ്കിപ്പള്ളിയിലെത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച ആഘോഷിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനാകും. രാവിലെ 9 മണിക്ക് ജപമാലയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. 9.30ന് പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, 10 മണിക്ക് ടെസ്റ്റിമണി, 10.10ന് വി.കുര്‍ബാന, 11.30ന് സിംഗ് ഹല്ലേലുയ്യ പാട്ട് പുസ്തകത്തിന്റെ പ്രകാശനം, പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് കേക്ക് മുറിക്കല്‍ എന്നിവ നടക്കും. നാഷണല്‍ ആനിമേറ്റര്‍ ഫാ. റോബിന്‍സണ്‍ ചടങ്ങില്‍ സംസാരിക്കും. രാത്രി 12.15 മുതല്‍ 1 മണി വരെ ദൈവവചനം, 2 മണി വരെ അഡോറേഷന്‍, ഇന്റര്‍സെഷന്‍, അന്തിമാശീര്‍വാദം എന്നിവ നടക്കും.
ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട് പി.ആര്.ഒ
വാല്‍സിംഹാം: പ്രാര്‍ത്ഥനാ സ്തുതികളും മരിയ ഗീതങ്ങളും ഭക്തിസാന്ദ്രമാക്കിയ ആത്മീയ അന്തരീക്ഷത്തില്‍ വാല്‍സിംഹാം മാതാവിന്റെ തിരുനാള്‍ ഭക്തസഹസ്രങ്ങള്‍ക്ക് സ്വര്ഗ്ഗീയനുഭൂതിയായി. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ആയിരങ്ങളാണ് മാതൃസന്നിധിയിലേയ്ക്ക് ഒഴുകിയെത്തിയത്.
പരി. കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ടും സ്വര്‍ഗ്ഗീയ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമായ വാല്‍സിംഹാം പ്രദേശം എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പുണ്യദേശമാണെന്ന് തീര്‍ത്ഥാടനത്തിനും ദിവ്യബലിക്കും മുഖ്യകാര്‍മ്മികനായിരുന്ന ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. യു.കെയിലുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ‘ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത’ പ്രഖ്യാപിച്ച് പരി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന്റെ ഒന്നാം വാര്‍ഷികവും കര്‍മ്മല മാതാവിന്റെ തിരുനാളും ഒന്നിച്ചുവന്ന അപൂര്‍വ്വദിനം കൂടിയായിരുന്നു ഇന്നലെ പാപരഹാതിയും സ്വര്‍ഗ്ഗാരോപിതയുമായ പരി. മറിയം ദൈവത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളോടും ‘ ആമേന്‍’ എന്നു പറയാന്‍ കാണിച്ച സന്മനസ്സാണ് അവളെ സ്വര്ഗ്ഗീയറാണിയായി ഉയര്‍ത്താന്‍ കാരണമെന്നും ദൈവഹിതത്തിന് ആമേന്‍ പറയാന്‍ മാതാവിനെപ്പോലെ നമുക്കും ആവണമെന്നും തിരുനാള്‍ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ബ്രിട്ടണില്‍ സീറോ മലബാര്‍ സഭ നല്കുന്ന ഉത്തമ വിശ്വാസസാക്ഷ്യത്തിനു നന്ദി പറയുന്നതായി തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഈസ്റ്റ് ആംഗ്ലിയ രൂപതാ ബിഷപ്പ് അലന് ഹോപ്സും ഷ്റൈന്‍ റെക്ടറും പറഞ്ഞു.
ചൂടിന്റെ കാഠിന്യം കുറച്ച് മേഘത്തണലിന്റെ കുടയൊരുക്കി നല്ല കാലാവസ്ഥ നല്കി അനുഗ്രഹിച്ച് മാതാവിന്റെ മാധ്യസ്ഥം അറിഞ്ഞ് ദിനമാരംഭിച്ചത് രാവിലെ 9 മണിക്ക് തുടങ്ങിയ ജപമാല പ്രാര്‍ത്ഥനയോടെയായിരുന്നു. തുടര്‍ന്ന് റവ. ഫാ. സോജി ഓലിക്കലും റവ. ഫാ. അരുണ്‍ കലമറ്റവും മാതൃഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും തീര്‍ത്ഥാടനങ്ങളുടെ പ്രസക്തിയെക്കുറിച്ചും പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചരിച്ച് പ്രതിഷ്ഠിച്ച്് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. മറിയം സ്വര്‍ഗ്ഗീയ രാജ്ഞിയാണെന്ന സഭയുടെ പ്രബോധനത്തിന്റെ പ്രകാശനമായി മെത്രാന് മാതാവിന്റെ രൂപത്തില്‍ കിരീടധാരണവും നടത്തി. തുടര്‍ന്ന് നേര്‍ച്ച വെഞ്ചിരിപ്പും നടന്നു.
11.30 മുതല്‍ 1.30 വരെ അടിമ സമര്‍പ്പണത്തിനും വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും ഉച്ചഭക്ഷണത്തിനുമായി മാറ്റിവച്ചിരുന്നു. മിതമായ നിരക്കില്‍ സംഘാടക സമിതി ഒരുക്കിയിരുന്ന ഉച്ചഭക്ഷണം ഏറെപ്പേര്‍ക്ക് ആശ്വാസമായി. ഉച്ചകഴിഞ്ഞ് 1.30-ന് ആരംഭിച്ച പ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തില്‍ പൊന്‍-വെള്ളി കുരിശുകള്‍, മുത്തുക്കുടകള്‍, കൊടികള്‍ തുടങ്ങിയവയോടുകൂടി വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു. പ്രദക്ഷിണ സമാപനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായും 25-ല്‍ അധികം വൈദികര്‍ സഹകാര്ന്മികരായും പങ്കുചേര്‍ന്ന തിരുനാള്‍ ദിവ്യബലിയില്‍ എണ്ണായിരത്തിലധികം വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു. ഗ്രേറ്റ് ബ്രിട്ടണ് രൂപതയോടും സഭാപ്രവര്‍ത്തനങ്ങളോടും വിശ്വാസികള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്കും താല്പര്യത്തിനും നന്ദിപറയുന്നതായും യു.കെയിലെ സീറോ മലബാര്‍ കുടുംബങ്ങള്‍ മറ്റെല്ലാ ക്രൈസ്തവ കുടുംബങ്ങള്‍ക്കും വിശ്വാസകാര്യത്തില്‍ മാതൃകയാണെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.
ദിവ്യബലിയെത്തുടര്‍ന്ന് ഈ വര്‍ഷത്തെ തിരുനാളിന് നേതൃത്വം നല്കിയ റവ. ഫാ. ടെറിന്‍ മുല്ലക്കര, ഡസ്ബറി കമ്മ്യൂണിറ്റി അടുത്തവര്‍ഷത്തെ തിരുനാള്‍ ഏറ്റുനടത്തുന്ന കിംഗ്സ്ലിന്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ത്ഥന നടന്നു. റവ. ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കിംഗ്സ്ലിന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായിരിക്കും അടുത്ത വര്‍ഷത്തെ തിരുനാളിന് ആതിഥ്യമരുളുന്നത്. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. രൂപതാ വികാരി ജനറല്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലും തിരുനാള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ ഗാനങ്ങളാലപിച്ച ഗായകസംഘം ദിനത്തിന് സ്വര്‍ഗ്ഗീയനുഭൂതി സമ്മാനിച്ചു. തിരുനാളിന്റെ വിജയത്തിനുവേണ്ടി ഡസ്ബറി കമ്മ്യൂണിറ്റി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവന്ന ഒരുക്കങ്ങളെയും ത്യാഗങ്ങളെയും മാര്‍ സ്രാമ്പിക്കല്‍ പ്രത്യേകം അഭിനന്ദിച്ചു.
സംഘാടക മികവിന്റെ മറ്റൊരു നേര്‍ക്കാഴ്ച കൂടിയായി വാല്‍സിംഹാം തിരുനാള്‍. രൂപതാധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കരയും ഡസ്ബറി കമ്മ്യൂണിറ്റിയും കമ്മിറ്റിയംഗങ്ങളും മാസങ്ങളായി നടത്തിവന്ന ഒരുക്കങ്ങളാണ് തിരുനാള്‍ അനുഗ്രഹപ്രദമാകുന്നത് പ്രധാന പശ്ചാത്തലമൊരുക്കിയത്. രൂപതയുടെ വിവിധ വി. കുര്‍ബാന സെന്ററുകളില്‍ നിന്ന് ബഹു. വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ പരി. അമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ജൂലൈ 16 അവിസ്മരണീയമായി മാറി. ഭക്ഷണ ക്രമീകരണങ്ങളും വാഹന പാര്‍ക്കിംഗുകളും കൂടുതല്‍ സൗകര്യപ്രദമാക്കിയത് തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമായി. യു.കെയില്‍ പ്രവാസികളായി പാര്‍ക്കുന്ന എല്ലാവര്ക്കും എപ്പോഴും പരി. വാല്‍സിംഹാം മാതാവിന്റെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെയെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ജെഗി ജോസഫ്
ഈശോയെ ദൈവവും കര്‍ത്താവുമായി പ്രഖ്യാപിച്ച തോമാശ്ലീഹായുടെ ഓര്‍മ്മയാചരിച്ച് കൊണ്ട് യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ ദുക്റാന തിരുനാള്‍ ആഘോഷങ്ങളും യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്കൂളുകളില്‍ ഒന്നായ ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഷികാഘോഷങ്ങളും പ്രൗഢോജ്ജ്വലമായി ആഘോഷിച്ചു. ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചില്‍ ഉച്ചക്ക് ഒരു മണിയോടെ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ബിജു ചിറ്റുപറമ്പന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജിമ്മി പുളിയ്ക്കക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്കി.
റവ. ഫാ. ബെന്നി മരങ്ങോലില്‍ ങടഎട, റവ. ഫാ. ജോസ് പൂവനിക്കുന്നേല്‍ ഇടടഞ , റവ. ഫാ. സിറില്‍ ഇടമന, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭക്തിസാന്ദ്രമായ ലദീഞ്ഞും തുടര്‍ന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാശ്ലീഹായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപം എഴുന്നെള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടന്നു.
‘എന്റെ കര്‍ത്താവേ എന്റെ ദൈവമേ’ എന്നുള്ള വിശ്വാസ പ്രഖ്യാപനം പ്രവാസികളായി മാതൃനാട്ടില്‍ നിന്നും ഏറെ ദൂരെയാണെങ്കിലും തങ്ങള്‍ക്കു പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വിശ്വാസം പ്രൗഢോജ്ജ്വലമായി ഉയര്‍ത്തിപിടിക്കുവാന്‍ സീറോ മലബാര്‍ സഭയ്ക്കും വിശ്വാസികള്‍ക്കും കിട്ടിയ ഏറ്റവും മനോഹരമായ അവസരമായിരുന്നു വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍. കുട്ടികളും മുതിര്‍ന്നവരും അണിയണിയായി അണി ചേര്‍ന്ന പ്രദക്ഷിണത്തിനു ശേഷം എല്ലാ രൂപങ്ങളും ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചിന് മുന്നില്‍ ഒത്തു ചേരുകയും തുടര്‍ന്ന് എല്ലാവരും കൂടി ആഘോഷപൂര്‍വ്വം പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. STSMCC യുടെ ക്വയര്‍ സംഘത്തിന്റെ മനോഹരമായ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.
ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചില്‍ നിന്നും മാറിപ്പോകുന്ന ഫാ. ടോം ഫിനഗന് STSMCCയുടെ സ്നേഹോപഹാരം ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ജോയി വയലിലും ചേര്‍ന്ന് സമ്മാനിച്ചു. തുടര്‍ന്ന് കഴുന്ന് എടുക്കലും പാച്ചോര്‍ നേര്‍ച്ചയും നടന്നു. അതിനു ശേഷം ആറ് മണിയോട് കൂടി ഗ്രീന്‍ വേ സെന്ററില്‍ ഒന്നാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ ഏകദേശം 360 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്കൂളില്‍ ഒന്നായ സെന്റ്. തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വേദപാഠ സ്കൂളിന്റെ ഹെഡ്മാസ്റ്റര് ജെയിംസ് ഫിലിപ്പ് എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. സണ്‍ഡേ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സിജി വാധ്യാനത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അധ്യക്ഷനായിരുന്ന STSMCC വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് മുഖ്യാതിഥിയായിരുന്ന മാര്‍ സ്രാമ്പിക്കല്‍ പിതാവിനെയും സെക്രട്ടറി ഫാ. ഫാന്‍സുവാ പത്തില്‍, ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന എന്നിവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം പറഞ്ഞു. ബ്രിസ്റ്റോളില്‍ വളരെ മികച്ച രീതിയില്‍ നടന്നു പോകുന്ന സണ്‍ഡേ സ്കൂളിലെ വിദ്യാര്‍ത്ഥികളെയും അവരെ പഠിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളുടെ മാതാപിതാക്കളെയും നല്ല രീതിയില്‍ സഹകരിക്കുന്ന പിടിഎയെയും ആത്മാര്‍ത്ഥമായി അഭിനന്ദിച്ചു. പിതാവിന്റെ എല്ലാവിധ ഗൈഡന്‍സിനും ഫാ. പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബ്രിസ്റ്റോള്‍ ഇടവക സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനു നല്കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. ബ്രിസ്റ്റോളില്‍ ഓരോ തവണയും താന്‍ വരുമ്പോള്‍ ഏറെ കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നും യുകെയിലുള്ള ഈ സമൂഹത്തിന്റെ നന്നായി നടന്നു പോകുന്ന വേദപാഠ പ്രവര്‍ത്തനങ്ങള്‍ രൂപത മുഴുവന്‍ വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫാ. ജോയി വയലിനെ രൂപതാ മതബോധന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയി നിയമിച്ചതെന്നും അത് പോലെ തന്നെ ഈ ഇടവക യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് നല്കിയ വലിയ സംഭാവനകളില്‍ ഒന്നായ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം രൂപതയുടെ കീഴിലുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ നടത്തുന്ന ബൈബിള്‍ കലോത്സവത്തിനെ കുറിച്ച് എടുത്തു പറയുകയും നിരവധി പ്രശ്നങ്ങള്‍ക്കിടയിലും അതൊന്നും വകവയ്ക്കാതെ വേദപാഠ ക്ലാസില്‍ തങ്ങളുടെ കുട്ടികളെ അയക്കുന്ന മാതാപിതാക്കളെയും പഠിപ്പിക്കുന്ന അധ്യാപകരെയും പിതാവ് അഭിനന്ദിച്ചു.
സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും പിതാവ് നിര്‍വ്വഹിച്ചു. ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന, ഡീക്കന്‍ ജോസഫ് ഫിലിപ്പ്, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, ട്രസ്റ്റി ലിജോ പടയാറ്റില്‍, പിടിഎ പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍, വിദ്യാര്‍ത്ഥികളുടെ പ്രതിനിധി ഡോണാ ജിജി തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സിനി ജോമി എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്ന് ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഡാന്‍സും സ്കിറ്റും, മാര്‍ഗം കളിയും പരിചമുട്ട് കളിയുമൊക്കെയായി നാല് മണിക്കൂറോളം ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിനു അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. തങ്ങളുടെ കുഞ്ഞുങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച ഹൃദ്യമായ കലാപരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയേകി കൊണ്ട് സദസ്യരും നിറഞ്ഞ കൈയ്യടിയോടെയാണ് ഓരോ പരിപാടിയും ആസ്വദിച്ചത്. സമയപരിമിതി കാരണം വിജയികള്‍ക്കുള്ള സമ്മാനദാനം മറ്റൊരു അവസരത്തിലേക്ക് മാറ്റി വച്ചു. എന്നിരുന്നാലും മുഴുവന്‍ കുട്ടികളും തങ്ങളുടെ പ്രോഗ്രാമുകള്‍ വേദിയില്‍ അവതരിപ്പിക്കുകയും അതിനു ശേഷം നടന്ന സ്നേഹവിരുന്നോടെ പരിപാടികള്‍ക്ക് സമാപനമായി.
STSMCC യുടെ ട്രസ്റ്റിമാരായ ലിജോ പടയാറ്റില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു, വിവിധ കമ്മിറ്റിയംഗങ്ങള്‍, വേദപാഠ അധ്യാപകര്‍, ഫാമിലി യൂണിറ്റി കോഡിനേറ്റേഴ്സ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സണ്ണി അറയ്ക്കല്‍
7 മുതല്‍ 12 വയസ് വരെ പ്രായമുള്ളവര്‍ക്കായി നടത്തുന്ന ആത്മീയ ക്യാമ്പ് അലബാരെ 17 ജൂലൈ 28 മുതല്‍ 30 വരെ നടക്കും. സൗത്താംപ്ടണിലെ സെന്റ് ജോസപഫ്സിലാണ് ക്യാമ്പ് നടക്കുന്നത്. എസ്ആര്‍എം യുകെ സ്പിരിച്വല്‍ ഡയറക്ടര്‍മാരായ ഫാ.ഡെസ് കോണോലി, ഫാ. ജോസഫ് സേവിയര്‍, പോര്‍ട്സ്മൗത്ത് രൂപത പാസ്റ്ററല്‍ അസിസ്റ്റന്റ് ടീന ക്വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ചരച്ചകള്‍, സംഗീതം, വി.കുര്‍ബാന, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ഗെയിമുകള്‍, ക്യാമ്പ് ഫയര്‍ തുടങ്ങി വിവിധപരിപാടികള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
SERVICE CONTACTS : Mrs .Shirley Peter : 07737829479
Mrs . Lincy Santhosh : 07708159109
Mr. Sunny Arackal : 07702257822
FOR MORE DETAILS PLEASE VISIT OUR WEBSITE WWW.SRM-UK.ORG
രജിസ്റ്റര്‍ ചെയ്യാം
https://srm-uk.org/childrens-retreat/
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ യുകെ ഒരു ദിവസത്തെ ഉപവാസവും കത്തോലിക്കാ മലയാളം കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നു. ജൂലൈ 22 ശനിയാഴ്ച ഡഗെന്‍ഹാം, സെന്റ് പീറ്റേഴ്സ് ചര്‍ച്ചിലാണ് കണ്വെന്ഷന്. കുമ്പസാരം, ദൈവവചനം, സ്തുതിയും ആരാധനയും, കൊന്ത നമസ്കാരം തുടങ്ങിയവയ്ക്ക് സൗകര്യമുണ്ടായിരിക്കും. എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീം ആണ് കണ്വെന്ഷന് നയിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
SUNIL : 07527 432349 OR
MARY LITTA : 07738 752308
FOR MORE DETAILS VISIT OUR WEBSITE : WWW.SRM-UK.ORG
വിലാസം
St Peter Church , 52 Gores brook road , Dagenham , RM9 6UR.
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
വാല്‍സിംഹാം: യുകെയിലെമ്പാടുമുള്ള മലയാളി ക്രൈസ്തവരും മാതൃഭക്തരും വാല്‍സിംഹാം പുണ്യജനനിയുടെ തിരുനടയില്‍ നാളെ ഒത്തുകൂടുമ്പോള്‍ നിരവധി പ്രത്യേകതകള്‍ കൊണ്ട് വ്യത്യസ്തമാകും ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാള്‍. 2016 ഒക്ടോബര്‍ 9-ാം തിയതിയാണ് രൂപതാ ഉദ്ഘാടനവും മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നതെങ്കിലും രൂപത പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാന്‍ പുറത്തിറക്കിയ ആദ്യ ഔദ്യോഗിക പ്രഖ്യാപനം (ബൂളാ) ഉണ്ടായത് ജൂലൈ 16-ാം തിയതിയാണ്.
തിരുസഭയില്‍ ആഘോഷിക്കപ്പെടുന്ന മാതാവിന്റെ ഒരു പ്രധാന തിരുനാളായ കര്‍മ്മലമാതാവിന്റെ തിരുനാള്‍ ഈ വര്‍ഷം ജൂലൈ 16-ാം തിയതിയാണ് വരുന്നത്. ഗ്രേറ്റ് ബ്രിട്ടന് രൂപത സ്ഥാപിതമായതിനു ശേഷം രൂപതാ നേതൃത്വതം ഏറ്റെടുത്തു നടത്തുന്ന ആദ്യ വാല്‍സിംഹാം തിരുനാള്‍ എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങളായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തിലാണ് ഇത് നടന്നു വന്നിരുന്നത്. ഗ്രേറ്റ് ബ്രിട്ടന് രൂപതയ്ക്ക് സ്വന്തമായി മെത്രാനെ ലഭിച്ചതിനാല്‍ ഈ വര്‍ഷം ഇതാദ്യമായാണ് കേരളത്തില്‍ നിന്നൊരു സന്ദര്‍ശക മെത്രാന്റെ സാന്നിധ്യമില്ലാതെ തിരുനാള്‍ നടക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തേക്കാളേറെയായി ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുമെന്ന് വിവരം ലഭിച്ചിരിക്കുന്നതും ഈ വര്‍ഷമാണ്. അറുപതിനു മുകളില്‍ കോച്ചുകളിലും നിരവധിയായ സ്വകാര്യ വാഹനങ്ങളിലും ഈ വര്‍ഷം സന്ദര്‍ശകരെത്തും. മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായി അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ 30ലേറെ വൈദികരുടെ സാന്നിധ്യമുണ്ടാകുന്നതും വാല്‍സിംഹാമില്‍ ആദ്യമായിരിക്കും. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ അതിവിപുലമായ ഭക്ഷണ സൗകര്യങ്ങളാണ് സംഘാടക സമിതി ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. ഏഴായിരിത്തിലധികെ പ്രതീക്ഷിക്കപ്പെടുന്ന ഭക്തജനങ്ങളെ സ്വീകരിക്കുന്ന തിരുനാളിന് 7 കുടുംബങ്ങളാണ് ഇത്തവണ പ്രസുദേന്തിമാരാകുന്നത് എന്നതാണ് മറ്റൊരു വലിയ സവിശേഷത. രൂപതാ ക്വയര്‍ മാസ്റ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായകസംഘവും തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ഗാനങ്ങളാലപിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇങ്ങനെ ഒട്ടനവധി പ്രത്യേകതകളുമായി ഈ വര്‍ഷം വാല്‍സിംഹാം തിരുനാളിന് ഒത്തുചേരുന്ന എല്ലാവര്ക്കും രൂപതാ കുടുംബത്തോട് ചേര്‍ന്ന് ഒരു ജനമായി പരി.മറിയത്തിന്റെ മാധ്യസ്ഥം പ്രാര്‍ത്ഥിക്കാനും ദൈവാനുഗ്രഹം സമൃദ്ധമായി നേടാനും ഇടയാകട്ടെയെന്ന് ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
വാല്‍സിംഹാം: കാത്തുകാത്തിരുന്ന ദിവസത്തിലേക്ക് ഇനി ഒരു പകലിന്റെ ദൂരം മാത്രം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപരാജ്യങ്ങളില്‍ നിന്നും മലയാളി ക്രൈസ്തവര്‍ ഒരുമിച്ചു കൂടുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. തിരുനാളില്‍ പ്രസുദേന്തിമാരാല് നേതൃത്വം നല്കുന്ന സഡ്ബറി കമ്യൂണിറ്റിയും മറ്റ് വിവിധ കമ്മിറ്റികളും രക്ഷാധികാരി മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ജനറല്‍ കണ്‍വീനര്‍ റവ ഫാ.ടെറിന്‍ മുള്ളക്കരയുടെയും നേതൃത്വത്തില്‍ തയ്യാറായിക്കഴിഞ്ഞു. നാളെ രാവിലെ 9 മണിക്ക് ഫാ.സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രീസും നേതൃത്വം നല്കുന്ന മരിയന്‍ ധ്യാനചിന്തകളോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഉച്ച കഴിഞ്ഞ് 3.30ന് ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനാകുന്ന ദിവ്യബലിയോടെയാണ് സമാപിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരായി എത്തുന്ന വൈദികരുടെയും വിശ്വാസികളുടെയും ശ്രദ്ധയിലേക്ക് ചില സുപ്രധാന കാര്യങ്ങള്‍ സംഘാടക സമിതി ഓര്‍മിപ്പിക്കുന്നു. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന വൈദികല് അവരവരുടെ കുര്‍ബാനക്കുപ്പായം കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്. കോച്ചുകളില്‍ വരുന്നവര്‍ പ്രദക്ഷിണത്തിന് ഉപയോഗിക്കേണ്ട മുത്തുക്കുടകള്‍ പൊന്‍ വെള്ളിക്കുരിശുകള്‍, മെഗാഫോണുകള്‍, ബാനറുകള്‍, കൊടിതോരണങ്ങ മുതലായവ കരുതേണ്ടതാണ്. വി.കുര്‍ബാനയില്‍ സജിവമായി പങ്കു ചേരാന്‍ അതാത് സമൂഹങ്ങളില്‍ നിന്നും കുര്‍ബാന പുസ്തകവും കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്. തിരുക്കര്‍മ്മങ്ങളുടെ സമയക്രമീകരണങ്ങള്‍, വാല്‍സിംഹാമിലേക്ക് വരാനും തിരിച്ചു പോകാനുമുള്ള റൂട്ടുകളുടെ ക്രമീകരണങ്ങള്‍ അടങ്ങിയ മാപ്പുകള്‍ തുടങ്ങിയവ ചുവടെ ചേര്‍ത്തിരിക്കുന്നു. ഈ അനുഗ്രഹീത ദിനത്തിലേക്ക് വാല്‍സിംഹാം മാതാവിന്റെ തിരുസന്നിധിയിലേക്കും എല്ലാ ക്രൈസ്തവ വിശ്വാസികളെയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നു.
ബാബു ജോസഫ്
റവ. ഫാ സോജി ഓലിക്കല്‍ നേതൃത്വം നല്കുന്ന സെഹിയോന്‍ യൂറോപ്പ് ടീന്‍സ് ഫോര്‍ കിങ്ഡം ടീം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 4 വരെ പതിമൂന്ന് വയസ്സു മുതലുള്ള കുട്ടികള്‍ക്കായി അവധിക്കാല ധ്യാനം സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ലിവര്‍പൂളില്‍ വച്ച് നടത്തുന്നു. യേശുവിനെ ഏക രക്ഷകനായി ഹൃദയത്തില്‍ സ്വീകരിക്കുക വഴി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ദൈവമക്കളായിത്തീരാം എന്ന് പരിചയപ്പെടുത്തുന്ന, യൂറോപ്പിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി നവ സുവിശേഷ വത്ക്കരണരംഗത്ത് ശക്തമായ ദൈവികാനുഭവ വേദിയായി മാറിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളില്‍ പരിശുദ്ധാത്മ കൃപയാല്‍ ദൈവാശ്രയബോധം വളര്‍ത്തി മുന്നേറുന്ന സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ എന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു WWW.sehionuk.org എന്ന വെബ്സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷനെക്കുറിച്ചുള്ള പ്രോമോ വീഡിയോ കാണാം.
അഡ്രസ്സ്
CROSBY HALL EDUCATIONAL TRUST
LITTLE ACRE
LIVERPOOL
L31 , ENGLAND.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് ജോസഫ് 07877508926
മേരി ജോര്‍ജ് 07453276896
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
വാല്‍സിംഹാം: ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാള്‍ ഈ ഞായറാഴ്ച (16 ജൂലൈ) നടക്കുമ്പോള്‍ മാതൃഭക്തരുടെ ചുണ്ടുകള്‍ക്ക് ഇമ്പമേകാന്‍ അതിമനോഹരമായ പ്രാര്‍ത്ഥനാഗാനം. ”അമ്മേ കന്യകയേ, അമലോത്ഭവയേ ഇംഗ്ലണ്ടിന് നസ്രത്താം വാല്സിംഹാമിന് മാതാവേ” എന്നു തുടങ്ങുന്ന മനോഹരഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത് ഷൈജ ഷാജി (രചന), സോണി ജോണി (സംഗീതം), ജോഷി തോട്ടക്കര (ഓര്ക്കസ്ട്രേഷന്), വില്‍സണ്‍ പിറവം (ഗായകന്), ഫാ. ടെറിന്‍ മുല്ലക്കര (നിര്‍മ്മാണം) എന്നിവര്‍ ചേര്‍ന്നാണ്.
വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപത്തില്‍ ദൃശ്യമാകുന്ന കാര്യങ്ങള്‍ വര്‍ണിച്ചും ഹൃദയത്തിലുള്ള മാതൃഭക്തിയും സ്നേഹവും പ്രാര്‍ത്ഥനാ രൂപത്തിലാക്കി മാറ്റിയുമാണ് ഷൈജ ഷാജി രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഭക്തി ചൈതന്യം തുളുമ്പി നില്ക്കുന്ന സംഗീതവും അനുവാചകരെ പ്രാര്‍ത്ഥനാ ചൈതന്യത്തിലേയ്ക്കുണര്ത്തുന്ന പശ്ചാത്തല സംഗീതവും വില്‍സണ്‍ പിറവത്തിന്റെ ഭാവാത്മകവും ശ്രുതിമധുരവുമായ ആലാപനവും ഈ ഗാനത്തെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു.
വാല്‍സിംഹാം തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനകളിലും പിന്നീട് മറ്റ് കൂട്ടായ്മ പ്രാര്‍ത്ഥനകളിലും പാടി പ്രാര്‍ത്ഥിക്കാന്‍ ഉപകരിക്കുന്ന രീതിയിലാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നതെന്ന് തിരുനാള്‍ സംഘടാക സമിതി കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. മനോഹരമായ ദൃശ്യാവിഷ്ക്കാരം ചേര്‍ന്ന ഗാനത്തിന്റെ വീഡിയോ കാണാം, ചുവടെ.