ജോണ്സണ് ജോസഫ്
വിശ്വാസത്തില് ഉറപ്പിക്കപ്പെട്ട ഗാര്ഹിക സഭകളാണ് തിരുസഭയുടെ അടിസ്ഥാനമെന്ന് മലങ്കര കാത്തോലിക്കാസഭയുടെ തലവനും പിതാവും ഭാരതത്തിലെ കത്തോലിക്കാ മെത്രാന് സംഘത്തിന്റെ അധ്യക്ഷനുമായ കര്ദ്ദിനാള് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ ആറാമത് യു.കെ. നാഷണല് കണ്വെന്ഷന് ലിവര്പൂളിലെ മാര് തെയോഫിലോസ് നഗറില് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസമെന്നത് പ്രമാണങ്ങളുടെ ആവര്ത്തിച്ചുള്ള ഓര്മ്മയല്ല, മറിച്ച്, ദൈവമാണ് എന്റെ ജീവിതത്തിന്റെ ഉറവിടവും കാവല്ക്കാരനും സംരക്ഷകനും വിധികര്ത്താവുമെന്നുള്ള അടിസ്ഥാനപരമായ ചിന്തയില് നിന്നും രൂപപ്പെടുന്ന രക്ഷയുടെ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മലങ്കര കത്തോലിക്കാസഭയുടെ യുകെയിലുള്ള പതിനാല് മിഷനുകളിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ദ്വിദിന നാഷണല് കണ്വെന്ഷന് ജൂണ് 17-ന് രാവിലെ 9 മണിക്ക് ഫാ. തോമസ് മടുക്കമൂട്ടില് കാതോലിക്കാ പതാക ഉയര്ത്തിയതോടെ തുടക്കമായി. തുടര്ന്ന് നടന്ന വിശുദ്ധ കുര്ബാനയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ അയര്ലന്റ് കോര്ഡിനേറ്റര് ഫാ. ഏബ്രഹാം പതാക്കല് കാര്മ്മികത്വം വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിനായി നഗറിലെത്തിയ കര്ദ്ദിനാള് ക്ലീമിസ് കതോലിക്കാ ബാവയെ, വൈദികരും നാഷണല് കൗണ്സില് അംഗങ്ങളും ചേര്ന്ന് സ്വീകരിച്ചു. സഭാപിതാവ് അരികിലെത്തിയപ്പോള് വിശ്വാസികളുടെ ഹൃദയങ്ങളില് ആഹ്ളാദവും സ്നേഹവും ആര്ത്തിരമ്പി.
ഉദ്ഘാടന സമ്മേളനത്തിന് മലങ്കര കത്തോലിക്കാ സഭയുടെ ചാപ്ലെന് ഫാ. രഞ്ജിത്ത് മഠത്തിപ്പറമ്പില് സ്വാഗതം ആശംസിച്ചു. നാഷണല് കോര്ഡിനേറ്റര് ഫാ. തോമസ് മടുക്കമൂട്ടിലിന്റെ ആമുഖ പ്രസംഗത്തെത്തുടര്ന്ന് കര്ദ്ദിനാള് ക്ലീമിസ് കതോലിക്കാ ബാവ 6-ാമത് നാഷണല് കണ്വെന്ഷന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഫാ. ഏബ്രഹാം പതാക്കല്, ജോജി മാത്യൂ (നാഷണല് കൗണ്സില് വൈസ് പ്രസിഡന്റ്) എന്നിവര് ആശംസകള് നേര്ന്ന് സംസാരിച്ചു. ആതിഥേയരായ ലിവര്പൂള് സെന്റ് ബേസില് മലങ്കര കാത്തലിക് മിഷന് സെക്രട്ടറി സാജു തോമസ് നന്ദി പ്രകാശിപ്പിച്ചു.
തുടര്ന്ന് വ്യത്യസ്ത ഹാളുകളിലായി നടത്തപ്പെട്ട മാതാപിതാക്കളുടെയും കുട്ടികളുടെയും ശുശ്രൂഷകള്ക്ക് യഥാക്രമം കര്ദ്ദിനാള് ക്ലീമിസ് കാതോലിക്കാ ബാവയും സെഹിയോന് മിനിസ്ട്രീസും നേതൃത്വം നല്കി.
ഉച്ചകഴിഞ്ഞ് നടത്തപ്പെട്ട പാനല് പ്രസന്റേഷന് ‘ജോയ് ഓഫ് ലവ് ഇന് ഫാമിലി”, ആശയത്തിലെ പുതുമകൊണ്ടും അവതരണ ശൈലികൊണ്ടും ബഹുമുഖ പങ്കാളിത്തം കൊണ്ടും ഹൃദ്യമായി. കെയ്റോസ് ടീമിലെ ബ്രദര് റെജി കൊട്ടാരവും ഗായകന് പീറ്റര് ചേരാനെല്ലൂരും ചേര്ന്ന് നയിച്ച മ്യൂസിക്കല് വര്ഷിപ്പ് ദൈവാനുഭവത്തിന്റെ നീര്ച്ചാലുകളായി മാറി. സഭയിലെ വിവിധ മിഷനുകള് മാറ്റുരച്ച ”സോഫിയാ 2017” ബൈബിള് ക്വിസിന് ഫാ. രഞ്ജിത്ത് മഠത്തിറമ്പില് നേതൃത്വം നല്കി. വൈവിധ്യമാര്ന്ന കലാപരിപാടികളുമായി കുട്ടികള് മുതല് മുതിര്ന്നവര് വരെ അണിനിരന്ന കലാ സാംസ്കാരിക സായാഹ്നം ”ബഥാനിയാ 2017” – നോടു കൂടി ആദ്യദിനത്തിലെ കണ്വെന്ഷന് സമാപനമായി.
സമാപന ദിവസമായ ജൂണ് 18 ഞായറാഴ്ച രാവിലെ ഒന്പത് മണിക്ക് വിശിഷ്ടാതിഥികളായ കര്ദ്ദിനാള് ക്ലീമിസ് കാതോലിക്കാ ബാവ, ലിവര്പൂള് ആര്ച്ച് ബിഷപ്പ് മാല്ക്കം മക്മഹന്, സീറോ മലബാര് സഭയുടെ ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് എന്നിവര്ക്ക് മാര് തെയോഫീലോസ് നഗറിന്റെ കവാടത്തില് പ്രൗഢഗംഭീരമായ സ്വീകരണം നല്കി. തുടര്ന്ന് നടന്ന വര്ണ്ണോജ്ജ്വലവും ഭക്തിനിര്ഭരവുമായ പ്രേഷിത റാലിയില് നൂറുകണക്കിന് വിശ്വാസികള് പങ്കുചേര്ന്നു. വിശ്വാസ സംഗീതത്തോടൊപ്പം ഐറിഷ് ബാന്ഡിന്റെ സംഗീത സാന്നിധ്യം ശ്രാവ്യസുന്ദരമായി.
നാഷണല് കണ്വെന്ഷന്റെ കേന്ദ്ര ബിന്ദുവായ പൊന്തിഫിക്കല് വിശുദ്ധ കുര്ബാനയ്ക്ക് കര്ദ്ദിനാള് ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ മുഖ്യകാര്മ്മികത്വം വഹിച്ചു. ആര്ച്ച് ബിഷപ്പ് മാല്ക്കം മക്മഹന്, ബിഷപ്പ് മാര് ജോസഫ് സ്രാമ്പിക്കല് എന്നിവര് സഹകാര്മ്മികരായി. വിവിധ റീജിയണുകളിലെ വൈദികര് വിശുദ്ധ ബലിയില് പങ്കുചേര്ന്നു.
മറ്റുസഭകളും റീത്തുകളും പുതുമകള് തേടിപ്പോകുമ്പോള് പാരമ്പര്യത്തിലും വിശ്വാസത്തിലും അടിയുറച്ച്, മാറ്റപ്പെടാത്ത ആരാധനാ ക്രമവുമായി അഭിമാനത്തോടെ നിലകൊള്ളുന്ന മലങ്കര കത്തോലിക്കാസഭ അതിവേഗം ഒരു ആഗോള സഭയായി വളരുന്നതില് തനിക്ക് സന്തോഷവും ആനന്ദവുമുണ്ടെന്ന് വചന സന്ദേശം മധ്യേ സീറോ മലബാര് സഭയുടെ ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് പ്രസ്താവിച്ചു. മാര് തെയോഫീലോസ് നഗറിലെ പ്രധാന ഹാളില് തിങ്ങിനിറഞ്ഞ നൂറ് കണക്കിന് വിശ്വാസികള്ക്ക് മൂന്ന് റീത്തുകളിലെ മേലധ്യക്ഷന്മാര് ഒന്ന് ചേര്ന്ന ദിവ്യബലി അവിസ്മരണീയമായി.
വിശുദ്ധ കുര്ബാനയ്ക്ക് ശേഷം അനുഗ്രഹ പ്രഭാഷണത്തില് ആര്ച്ച് ബിഷപ്പ് മാല്ക്കം, മലങ്കര കത്തോലിക്കാസഭയുടെ, വിശ്വാസ ദര്ശനത്തിലും കെട്ടുറപ്പിലും വിശ്വാസികള് പ്രകടിപ്പിക്കുന്ന ദൈവാരാധനയുടെ ആഭിമുഖ്യത്തിലും തനിക്കുള്ള അതീവ സന്തോഷവും സന്തുഷ്ടിയും വ്യക്തമാക്കി.
ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളനത്തില് കര്ദ്ദിനാള് ക്ലീമിസ് കതോലിക്കാ ബാവ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളെ അനുമോദിക്കുകയും സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്യുകയും ചെയ്തു. വിവിധ മത്സരവിജയികള്ക്കുള്ള മെഡലുകളും അവാര്ഡുകളും കണ്വെന്ഷന് തീം സോംഗ് രചിച്ച പ്രകാശ് ഉമ്മനുള്ള മെമന്റോയും വിതരണം ചെയ്തു. ആറാമത് നാഷണല് കണ്വെന്ഷന് സുവനീര് – ഈത്തോ 2017- ശ്രീ ചാക്കോ കോവൂരിന് ആദ്യ പ്രതി നല്കി കര്ദ്ദിനാള് ക്ലീമിസ് പ്രകാശനം ചെയ്തു.
ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് പകര്ന്നു കൊടുക്കുന്ന ഗാര്ഹിക സഭകളായി ഓരോ കുടുംബങ്ങളും നവീകരിക്കപ്പെടണമെന്നുള്ള സഭാ പിതാവിന്റെ സമാപന സന്ദേശത്തെ നെഞ്ചിലേറ്റി പുനരൈക്യ പ്രസ്ഥാനത്തിന്റെ പിന്തലമുറ ആറാമത് നാഷണല് കണ്വെന്ഷന്റെ സമാപനത്തിന് സാക്ഷ്യം വഹിച്ചു.
സംഘാടകത്വത്തിലെ മികവുകൊണ്ടും കൃത്യതകൊണ്ടും ഉള്ളടക്കം കൊണ്ടും ഏറെ പ്രശംസിക്കപ്പെട്ട കണ്വെന്ഷന് ചുക്കാന് പിടിച്ചത് നാഷണല് കോര്ഡിനേറ്ററായ ഫാ. തോമസ് മടുക്കമൂട്ടിലും, സഭാ ചാപ്ലൈന് ഫാ. രഞ്ജിത് മഠത്തിറമ്പിലുമാണ്. ലിവര്പൂള് സെന്റ് ബേസില് മിഷനിലെ കുടുംബങ്ങള് വിശ്രമമില്ലാതെ പ്രയത്നിക്കുകയും, ഒപ്പം എല്ലാ സഹായങ്ങളുമായ നാഷണല് കൗണ്സില് അംഗങ്ങള് കൂടെ ചേരുകയും ചെയ്തപ്പോള് 6-ാമത് മലങ്കര കത്തോലിക്കാ യു.കെ. നാഷണല് കണ്വെന്ഷന് സഭാ ചരിത്രത്തില് തങ്കലിപികളാല് എഴുതപ്പെട്ട ഒരു സമ്മേളനമായി.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
കവന്ട്രി: ബലിയര്പ്പണത്തില് പങ്കെടുക്കാന് ദേവാലയത്തില് വരുന്ന ഓരോ അനസരത്തിലും മനസിലുണ്ടാവേണ്ട ഏറ്റവും പ്രധാന ചിന്ത ഈശോ ദൈവപുത്രനാണെന്ന വിശ്വാസമായിരിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് പറഞ്ഞു. രൂപതയില് ഒക്ടോബറില് നടക്കാനിരിക്കുന്ന അഭിഷേകാഗ്നി ബൈബിള് കണ്വെന്ഷന് മുന്നൊരുക്കമായി വിശ്വാസികളെ ആത്മീയമായി സജ്ജമാക്കുന്ന ഒരുക്ക ഏകദിന കണ്വെന്ഷനില് കവന്ട്രിയില് ദിവ്യബലിയര്പ്പിച്ച് വചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ഒറ്റുകാരന്റെ മനസുമായി നടന്നതുകൊണ്ട് ബാക്കി ശിഷ്യന്മാരെല്ലാം കര്ത്താവിന്റെ ശരീരവും രക്തവും സ്വീകരിച്ചപ്പോള് യൂദാസ് സ്വീകരിച്ചത് വെറും അപ്പക്കഷണം മാത്രമായിരുന്നുവെന്നും മാര് സ്രാമ്പിക്കല് അനുസ്മരിച്ചു.
ബര്മിങ്ങ്ഹാം, നോട്ടിംഗ്ഹാം, നോര്ത്താംപ്റ്റണ് എന്നീ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കവന്ട്രി റീജിയണില് നിന്ന് നൂറുകണക്കിനാളുകള് ഈ ഏകദിന ഒരുക്ക കണ്വെന്ഷനില് പങ്കെടുക്കാനെത്തി. ദൈവവുമായി വ്യക്തിപരമായ ബന്ധം ഉണ്ടാക്കുന്നതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും ജീവിതാന്ത്യത്തെ ഓര്ത്തുവേണം ഈ ഭൂമിയില് ജീവിക്കുവാനെന്നും നേരത്തെ വചന ശുശ്രൂഷ നടത്തിയ ബ്രദര് റെജി കൊട്ടാരം പറഞ്ഞു. ദിവ്യകരുണ ആരാധനയ്ക്കും മറ്റു തിരുക്കര്മ്മങ്ങള്ക്കും റവ. ഫാ. സോജി ഓലിക്കല്, റവ. ഫാ. സെബാസ്റ്റ്യന് നാമറ്റത്തില്, റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ഫാന്സ്വാ പത്തില് തുടങ്ങിയവര് നേതൃത്വം നല്കി. പീറ്റര് ചേരാനെല്ലൂരിന്റെ നേതൃത്വത്തില് ഗായകസംഘം സംഗീത ശുശ്രൂഷ നടത്തി.
ഏകദിന ഒരുക്ക കണ്വെന്ഷനിലെ അവസാന കണ്വെന്ഷന് ഇന്ന് സൗത്താംപ്റ്റണ് റീജിയണില് നടക്കും. Immaculate Conception Catholic Church, Stubington, Bells Lane, PO14 2P L- ല് വെച്ച് രാവിലെ 9 മുതല് വൈകിട്ട് 5 മണി വരെയാണ് കണ്വെന്ഷന് നടക്കുന്നത്. സൗത്താംപ്റ്റണ് റീജിയണ് പ്രീസ്റ്റ് ഇന് ചാര്ജ് റവ. ഫാ. റ്റോമി ചിറയ്ക്കല് മണവാളന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില് ധ്യാനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്ത്തിയായി.
ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ 8 റീജിയണുകളിലായി ഒക്ടോബറില് നടക്കുന്ന രൂപതാതല ധ്യാനം അട്ടപ്പാടി സെഹിയോന് മിനിസ്ട്രീസ് ഡയറക്ടര് റവ. ഫാ. സേവ്യര് ഖാന് വട്ടായിലാണ് നയിക്കുന്നത്. അഭിഷേകാഗ്നി ധ്യാനത്തിനായി ഇനിയുള്ള മാസങ്ങളില് പ്രാര്ത്ഥിച്ചൊരുങ്ങുന്നതായി തയ്യാറാക്കിയ പ്രത്യേക പ്രാര്ത്ഥനാ കാര്ഡുകള് എല്ലാ വി. കുര്ബാന കേന്ദ്രങ്ങളിലും ഉടനെ തന്നെ എത്തിക്കുമെന്ന് ബിഷപ്പിന്റെ സെക്രട്ടറി ഫാ. ഫാന്സ്വാ പത്തില് അറിയിച്ചു.
മറിയാമ്മ ജോഷി
ഒഴുക്കിനൊപ്പമല്ല, ഒഴുക്കിനെതിരെ നീന്തി ബ്രിട്ടനെ സ്വന്തമാക്കാന് ദൈവം നിയോഗിച്ച ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് സഭ – ഇടയന്റെ കീഴില് അണിനിരക്കുന്നു. സിദ്ധാന്തങ്ങളുടെ സങ്കീര്ണതയില് നഷ്ടമായിക്കൊണ്ടിരിക്കുന്ന ബ്രിട്ടനെ തിരികെ പിടിക്കുവാന് ഇനിയും കാനായില് കല്ഭരണികള് നിറയേണ്ടിയിരിക്കുന്നു. ഇവിടുത്തെ പച്ചവെള്ളമെല്ലാം വീര്യമുള്ള വീഞ്ഞാകേണ്ടിയിരിക്കുന്നു. മരണത്തെ നിദ്രയെന്നു വിശേഷിപ്പിച്ച മറ്റൊരു ഗുരു ഇല്ല. യേശുമാത്രം ”ലാസര് ഉറങ്ങുകയാണ്, ബാലിക ഉറങ്ങുകയാണ്” ഉറങ്ങുന്നവരെ ദൈവത്തിന്റെ മടിത്തട്ടില് ഉണര്ത്തുവാന് ദൈവം ബ്രിട്ടനു കനിഞ്ഞു നല്കിയ സ്വര്ഗീയ കനല് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് സഭ ബിഷപ്പ് മാര് ജോസഫ് സ്രാമ്പിക്കലിനോടൊപ്പം, ദൈവാത്മാവിന്റെ ചിറകുകളില് സഞ്ചരിച്ച് യൂറോപ്പിനകത്തും പുറത്തുമായി അനേകായിരങ്ങളെ നന്മ നിറഞ്ഞ ദൈവത്തിന്റെ വഴിയിലെത്തിക്കുവാന് വിശ്രമ രഹിതനായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ ദൈവീക ശബ്ദമായി ദൈവം ഉയര്ത്തിയ സെഹിയോന് യൂറോപ്പ് ഡയറക്ടറും, യൂറോപ്പ് ഇവാഞ്ചലസേഷന് കോര്ഡിനേറ്ററുമായ ബഹു. ഫാ. സോജി ഓലിക്കല്, കേരളത്തിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും പ്രവചനങ്ങളിലൂടെയും ദര്ശനങ്ങളിലൂടെയും പുകയ്ക്കുന്ന അനേകം നെഞ്ചുകളെ നിറവിന്റെ ഇടമായ ആത്മീയ കാനായിലേക്കു നയിക്കുവാന് കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമായി ദൈവം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധ വചന പ്രഘോഷകനും കെയ്റോസ് മിഷന് യു.കെ. ആന്റ് യു.എസ്.എ ഡയറക്ടറുമായ ബ്രദര് റെജി കൊട്ടാരം കൂടാതെ കേരള ക്രിസ്തീയ ഭക്തിഗാന ചരിത്രത്തിന്റെ ഗതിമാറ്റിക്കുറിച്ചു കൊണ്ട് മരണമില്ലാത്ത ശ്രുതി താളവുമായി അള്ത്താരയിലെ വിശുദ്ധ ധൂപം പോലെ അനേകരുടെ ഹൃദയതാളങ്ങളില് ദിവ്യ സൗരഭ്യം പടര്ത്തിയ അനുഗ്രഹീത ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ പീറ്റര് ചേരാനെല്ലൂര് എന്നിവര് അള്ത്താരകളില് ഒന്നിക്കുന്നു. അഭിഷേകത്തിന്റെ പെരുമഴ ഒഴുകുന്നു.
ഒക്ടോബര് 22 മുതല് 29-ാം തീയതി വരെ യുകെയുടെ നാനാ ഭാഗങ്ങളിലായി സെഹിയോന് മിനിസ്ട്രീസ് ഡയറക്ടര് ഫാ. സേവ്യര് ഖാന് വട്ടായിലച്ചന്റെ നേതൃത്വത്തില് നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്വെന്ഷന്റെ മുന്നോടിയായി നടക്കുന്ന ഒരുക്ക ധ്യാനമായ റീജിയണല് കണ്വെന്ഷന്സ് ഇതിനോടകം മാഞ്ചസ്റ്റര്, ഗ്ലാസ്ഗോ, പ്രെസ്റ്റണ്, കവന്ട്രി എന്നിവിടങ്ങളില് ഭക്തിസാന്ദ്രമായി ജനഹൃദയങ്ങള് ഏറ്റുവാങ്ങി, ധ്യാനമധ്യേ നല്കപ്പെട്ട ദൈവീക സന്ദേശങ്ങള് ദൈവ ജനത്തെ ആത്മീയ ആഴങ്ങളിലേക്ക് നയിക്കുന്നവ ആയിരുന്നു.
ആത്മാവും ശരീരവും തമ്മിലുള്ള നിത്യ സംഘര്ഷത്തില് നമുക്ക് തെറ്റുപറ്റാതിരിക്കുവാന്, മികവിന്റെ ഒരു വിശ്വാസിയാകുവാന് നടത്തുന്ന ആത്മീയ യുദ്ധങ്ങളില് നമ്മെ സഹായിക്കുവാന് ദൈവം ഒരുക്കുന്ന ഇത്തരം അവസരങ്ങള് പാഴായിപ്പോകാതിരിക്കട്ടെ. ബിഷപ്പ് ജോസഫ് സ്രാമ്പിക്കലും വട്ടായിലച്ചനും സോജിയച്ചനും ടീം മുഴുവന് ചേര്ന്ന് പ്രാര്ത്ഥനാപൂര്വം ഏവരേയും ഒക്ടോബറില് നടക്കുന്ന അഭിഷേകാഗ്നി കണ്വെന്ഷനിലേക്ക് ആത്മാര്ത്ഥമായി സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ ധ്യാനാത്മക വേളകളില് കണ്വെന്ഷനെക്കൂടി ഓര്ക്കുവാന് അപേക്ഷിക്കുന്നു.
അപ്പച്ചന് കണ്ണഞ്ചിറ
ബ്രോംലി: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ കുര്ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലി സെന്ററിലെ പാരീഷംഗങ്ങള് സംഘടിപ്പിച്ച റോം-അസ്സീസ്സി തീര്ത്ഥാടനം തങ്ങളുടെ വിശ്വാസത്തിലും, ആത്മീയതയിലും ഊര്ജ്ജവും പോഷണവും പകരുന്നവയും അനുഗ്രഹദായകവുമായി. റോം,കൊളോസ്സിയം, കാറ്റകൊംബ്, സ്കാല സാന്റ, അസ്സീസ്സി തുടങ്ങിയ പ്രമുഖ തീര്ത്ഥാടക കേന്ദ്രങ്ങള് സന്ദര്ശിച്ച ബ്രോംലി കുടുംബാംഗങ്ങള്ക്ക് ഓരോരോ തീര്ത്ഥാടക കേന്ദ്രങ്ങളിലും ദിവ്യബലികളിലും പ്രാര്ത്ഥനകളിലും പങ്കു ചേരുവാനുള്ള അവസരങ്ങളും ലഭിച്ചിരുന്നു.
കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ ഫ്രാന്സീസ് മാര്പാപ്പയെ നേരില്കാണുന്നതിനും അനുഗ്രഹം തേടുന്നതിനും മഹാ ഭാഗ്യം ലഭിച്ച ബ്രോംലി തീര്ത്ഥാടകര്ക്ക്, ആഗോള കത്തോലിക്കാ സഭയുടെ കേന്ദ്രവും വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്നതുമായ സെയിന്റ് പീറ്റേഴ്സ് ബസിലിക്കായില് മലയാളത്തില് വിശുദ്ധ ബലി അര്പ്പിക്കുവാനും സാധിക്കുകയുണ്ടായി.
റോമന് സിറ്റിക്ക് പുറത്തു സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെയിന്റ് പോള്സ് ബസിലിക്കയില് വിശുദ്ധ ബലിയില് പങ്കുചേരുവാനും തീര്ത്ഥാടകര്ക്ക് അനുഗ്രഹീത അവസരം ലഭിക്കുകയും ചെയ്തു.
വിശുദ്ധരുടെ വിശുദ്ധനെന്നും രണ്ടാം ക്രിസ്തുവെന്നും വിളിക്കപ്പെടുന്ന വി.ഫ്രാന്സീസ് അസ്സീസ്സി ജനിച്ചുവളര്ന്ന അസ്സീസ്സി സന്ദര്ശിക്കുകയും, കുരിശില് കിടന്നുകൊണ്ട് ഒരു കൈ തോളില് ചാര്ത്തി ക്രിസ്തു സ്നേഹം പങ്കിട്ടിരുന്ന വിശുദ്ധന്റെ പ്രസിദ്ധമായ പ്രാര്ത്ഥനായിടമായ ചാപ്പലില് മലയാളത്തില് പരിശുദ്ധ കുര്ബാന അര്പ്പിക്കുവാനുള്ള മഹാനുഗ്രഹ അവസരവും ബ്രോംലി തീര്ത്ഥാടക സംഘത്തിന് ലഭിക്കുകയുണ്ടായി. വിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളി സന്ദര്ശിക്കുകയും അതുപോലെ വിശുദ്ധ ഫ്രാന്സിസ് അസ്സീസ്സിയുമായി ബന്ധപ്പെട്ട മറ്റു പള്ളികള് സന്ദര്ശിക്കുവാനും പ്രാര്ത്ഥനകള് നടത്തുവാനും സാധിച്ചത് ബ്രോംലിക്കാര്ക്ക് അനുഗ്രഹദായകമായി.
അഭിവന്ദ്യ മാര് ജോസഫ് സ്രാമ്പിക്കല് പിതാവിന്റെ ഇടയ സന്ദര്ശനത്തിനു ശേഷം കുര്ബ്ബാന കേന്ദ്രത്തിന്റെ പ്രവര്ത്തനങ്ങള്ക്കു പുതിയ ചൈതന്യവും ദിശാബോധവും കൈവന്നിരിക്കവെയാണ് പാരീഷംഗങ്ങള് മുന്നിട്ടിറങ്ങി ഈ തീര്ത്ഥാടനം ഒരുക്കിയത്.
2017 ജൂലൈ 15 ശനിയാഴ്ച ഭക്തിനിര്ഭരമായി ആഘോഷിക്കു വാനിരിക്കുന്ന ഭാരത അപ്പസ്തോലന് വിശുദ്ധ തോമാശ്ളീഹായുടെയും,വിശുദ്ധരായ ചാവറ പിതാവിന്റെയും, അല്ഫോന്സാമ്മയുടെയും, എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുന്നാളിന്റെ ആല്മീയ ഒരുക്കങ്ങളുടെ ആരംഭമായാണ് ബ്രോംലി പരീഷംഗങ്ങള് നേതൃത്വം എടുത്ത് ഈ തീര്ത്ഥാടനം സംഘടിപ്പിച്ചത്.
ബ്രോംലി സീറോ മലബാര് കുര്ബ്ബാന കേന്ദ്രത്തിന്റെ ചാപ്ലൈനും,സെന്റ് ജോസഫ്സ് ദേവാലയത്തിലെ പാരീഷ് അസിസ്റ്റന്റ് പ്രീസ്റ്റും കപ്പുച്ചിന് സന്യാസ സഭാംഗവുമായ ഫാ.സാജു പിണക്കാട്ട് കപ്പുച്ചിന് ആണ് ഈ തീര്ത്ഥാടനത്തിനു നേതൃത്വം നല്കുകയും തീര്ത്ഥാടന കേന്ദ്രങ്ങളില് പ്രാര്ത്ഥനകളിലൂടെയും തിരുക്കര്മ്മങ്ങളിലൂടെയും ദൈവീക അനുഭവം പകരുന്നതില് അനുഗ്രഹീതമായ അജപാലന ശുശ്രുഷകള് നിര്വ്വഹിച്ചതും.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രസ്റ്റണ്: കുടുംബ ജീവിതത്തിനൊരുങ്ങുന്ന യുവതീയുവാക്കാള്ക്ക് ആത്മീയ മാനസിക ഒരുക്കം നല്കുന്ന വിവാഹ ഒരുക്ക സെമിനാര് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയില് ജൂണ് 23-25 (വെള്ളി- ഞായര്), സെപ്തംബര് 20-22 (ബുധന്, വെള്ളി), ഡിസംബര് 15-17 (വെള്ളി – ഞായര്) ദിവസങ്ങളില് നടക്കും. ആദ്യദിനം രാവിലെ 10.30-ന് ആരംഭിക്കുന്ന സെമിനാര് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് : Savio House, Ingersley Road, Bollington, SK 10 SRW.
മൂന്ന് ദിവസം താമസിച്ചു പങ്കെടുക്കുന്ന രീതിയില് ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനത്തില് പൂര്ണമായും പങ്കെടുക്കുന്നവര്ക്ക് കോഴ്സിന്റെ അംഗീകാര സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. ധ്യാനത്തില് പങ്കെടുക്കാന് വരുന്നവര് ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോയും മുഖചിത്രം ഉള്പ്പെടുന്ന പാസ്പോര്ട്ട് പേജിന്റെ ഒരു കോപ്പിയും കൊണ്ടുവരേണ്ടതാണ്. ട്രെയിന് മാര്ഗം വരുന്നവര്ക്ക് മാക്ലസ് ഫീല്ഡ് സ്റ്റേഷനാണ് സെമിനാര് നടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്തുള്ളത്. അവിടെ നിന്ന് ടാക്സിയില് Savio Homeല് എത്തിച്ചേരാവുന്നതാണ്. സ്വന്തം വാഹനങ്ങളില് വരുന്നവര്ക്ക് വാഹനങ്ങള് പാര്ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.
ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതകളും വിവാഹം ആശീര്വദിക്കുന്നതിന് മുമ്പ് ദമ്പതികള് ഈ വിവാഹ സെമിനാറില് സംബന്ധിച്ചിരിക്കണമെന്ന് കര്ശനമായി നിഷ്കര്ഷിക്കപ്പെടാറുണ്ട്. ഈ സെമിനാറില് ലഭിക്കുന്ന അറിവുകളും പരിശീലനവും ഭാവി ജീവിതത്തില് ഏറെ ഉപകാരപ്രദമാണെന്നാണ് കോഴ്സില് പങ്കെടുത്തിട്ടുള്ളവര് നല്കുന്ന പ്രതികരണം. കുടുംബ ജീവിതത്തില് ഭാവിയില് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാന് യുവതി – യുവാക്കളെ ആത്മീയമായും മാനസികമായും ഒരുക്കുകയാണ് വിവാഹ ഒരുക്ക സെമിനാറിന്റെ ലക്ഷ്യമെന്ന് രക്ഷാധികാരിയും ഗ്രേറ്റ് ബ്രിട്ടണ് രൂപതാ മെത്രാനുമായ മാര് ജോസഫ് സ്രാമ്പിക്കല് പറഞ്ഞു.
ഗ്രേറ്റ് ബ്രിട്ടണ് രൂപതയില് ഫാമിലി അപ്പോസ്തലേറ്റിന്റെ ചുമതല വഹിക്കുന്ന റവ. ഡോ. സെബാസ്റ്റിയന് നാമറ്റത്തില്, രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ്, റവ. ഡോ. തോമസ് പാറയടിയില് എം.എസ്.ടി എന്നിവരാണ് സെമിനാറിന് നേതൃത്വം നല്കുന്നത്.
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടേണ്ട അഡ്രസ്സ് :
Rev. Dr. Sebastian Namattathil
Director, Family Apostolate
Syro Malabar Eparchy of Great Britain
St. Ignatius Squire
Preston, PR1 1IT, UK
Mobile – 0044 – 07481796817, email : [email protected]
ഫാ.ബിജു കുന്നയ്ക്കാട്ട്. പിആര്ഒ
ബോളിംഗ്ടണ്: ദൈവവിളി കണ്ടെത്താനും അത് സ്വീകരിക്കാന് മനസിനെ പ്രാപ്തമാക്കാനുമായി ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ ആഭിമുഖ്യത്തില് ദൈവവിളി വിവേചന ബോധവല്ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 3-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് 4-ാം തിയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമികഘട്ടം എന്ന നിലയില് ഇപ്പോള് ആണ്കുട്ടികള്ക്ക് മാത്രമായിട്ടായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുന്നത്. 18ഉം അതിനു മുകളിലേക്കും പ്രായമുള്ള ആണ്കുട്ടികളെയാണ് ക്യാമ്പില് പ്രതീക്ഷിക്കുന്നത്.
ദൈവവിളി പരിശീലന രംഗത്ത് ഏറെ പരിചയം സിദ്ധിച്ച റവ.ഫാ.ഡേവിഡി ഒ’മാലി എസ്ഡിബിയും സംഘവുമാണ് ക്യാമ്പിന് നേതൃത്വം നല്കുന്നത്. എല്ലാ ജീവിതാന്തസിലേക്കുമുള്ള വിളി ദൈവവിളി തന്നെയാണെന്നും അത് ഏതാണ് ഓരോരുത്തര്ക്കും ദൈവം നല്കിയിരിക്കുന്നതെന്ന് തിരിച്ചറിയാന് സഹായിക്കുകയാണ് ഈ ക്യാമ്പിന്റെ ലക്ഷ്യമെന്നും ഗ്രേറ്റ് ബ്രിട്ടന് രൂപതാ വൊക്കേഷന് പ്രമോട്ടര് റവ.ഫാ. ടെറിന് മുല്ലക്കര പറഞ്ഞു. ഈ ക്യാമ്പില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് രൂപതാ വൊക്കേഷന് പ്രമോട്ടര് ഫാ. ടെറിന് മുല്ലക്കരയുമായി ബന്ധേെപ്പടണ്ടതാണ്.
മൊബൈല് നമ്പര്: 07985695056 ഇമെയില്: [email protected]
പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് ജൂണ് 30ന് മുമ്പായി വിവരം അറിയിക്കേണ്ടതാണ്. ക്യാമ്പില് പങ്കെടുക്കുന്നതിന് രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. മക്കളുടെ നല്ല ഭാവിക്കായി അഹോരാത്രം കഷ്ടപ്പെടുന്ന മാതാപിതാക്കള് അവരുടെ ദൈവവിളി കണ്ടെത്താന് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് ഓര്മിപ്പിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
കവന്ട്രി: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ എട്ട് റീജിയണുകളിലായി ഒക്ടോബറില് നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടണ് അഭിഷേകാഗ്നി’ കണ്വെന്ഷന് വിശ്വാസികളെ സജ്ജമാക്കുന്ന ഏകദിന ഒരുക്ക കണ്വെന്ഷന് നാളെ (തിങ്കള് – 19) കവന്ട്രി റീജിയണില് നടക്കും. Holy Cross & St. Francis Church, 1 Signal Hayes Road, Walmley, B 76 2 RS- Â വച്ച് രാവിലെ 9 മുതല് വൈകിട്ട് 5 വരെയാണ് കണ്വെന്ഷന്.
ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് കണ്വെന്ഷനില് ദിവ്യബലിയര്പ്പിച്ച് വചന സന്ദേശം നല്കും. റവ. ഫാ. സോജി ഓലിക്കല്, റവ. ബ്രദര് റെജി കൊട്ടാരം, പീറ്റര് ചേരാനെല്ലൂര്, ഫാ. ജെയ്സണ് കരിപ്പായി, ഫാ. ഫാന്സ്വാ പത്തില് തുടങ്ങിയവര് ശുശ്രൂഷകള്ക്കു നേതൃത്വം നല്കും. ഏകദിന കണ്വന്ഷനുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായും കവന്ട്രി റീജിയണു കീഴിലുള്ള എല്ലാ വി. കുര്ബാന കേന്ദ്രങ്ങളില് നിന്നും വിശ്വാസികളേവരേയും യേശുനാമത്തില് സ്വാഗതം ചെയ്യുന്നതായും ജനറല് കണ്വീനര് റവ. ഫാ. ജെയ്സണ് കരിപ്പായി അറിയിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
വാല്സിംഹാം: കഴിഞ്ഞ പത്തുവര്ഷത്തോളമായി യുകെയുടെ വിവിധ ഭാഗങ്ങളില് നിന്ന്, ‘ഇംഗ്ലണ്ടിന്റെ നേ്രസത്താ’യ വാല്സിംഹാമിലേക്ക് ഒഴുകിയെത്തിയിരുന്ന കേരള ക്രൈസ്തവര് ഇത്തവണ മുതല് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ നേതൃത്വത്തില് ഒന്നായി മാതൃസന്നിധിയിലേയ്ക്കെത്തുന്നു. രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില് ഈ വര്ഷം ജൂലൈ 16-ാം തീയതിയാണ് കേരള ക്രൈസ്തവര് വാല്സിംഹാമില് ഒരു ദിവസം മുഴുവന് പരിശുദ്ധ അമ്മയോടൊപ്പം ചിലവിടുന്നതിനായി എത്തിച്ചേരുന്നത്. രാവിലെ 9 മണിക്ക് റവ. ഫാ. സോജി ഓലിക്കലും സെഹിയോന് യുകെ ടീമും നേതൃത്വം നല്കുന്ന ധ്യാനത്തോടെ ആരംഭിക്കുന്ന അനുഗ്രഹീതദിനം സമാപിക്കുന്നത് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാര് സ്രാമ്പിക്കലിന്റെ മുഖ്യകാര്മ്മികത്വത്തില് അര്പ്പിക്കപ്പെടുന്ന ആഘോഷമായ വി. കുര്ബാനയോടു കൂടിയാണ്.
രാവിലെ നടക്കുന്ന ധ്യാന ശുശ്രൂഷകള്ക്കുശേഷം 11.30 മുതല് 1.30 വരെ ഉച്ചഭക്ഷണത്തിനായും അടിമ സമര്പ്പണ പ്രാര്ത്ഥനയ്ക്കായും വ്യക്തിപരമായ പ്രാര്ത്ഥനയ്ക്കായും മാറ്റിവച്ചിരിക്കുന്ന സമയമാണ്. ഉച്ചകഴിഞ്ഞ് 1.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തില് ഉപയോഗിക്കുന്നതിനായി സാധിക്കുന്നിടത്തോളം മുത്തുക്കുടകള്, കൊടികള്, പൊന്, വെള്ളി കുരിശുകള്, ബാനറുകള്, മെഗാഫോണ് എന്നിവയും ജപമാലകളും കൊണ്ടുവരണമെന്ന് കോര്ഡിനേഷന് കമ്മിറ്റി കണ്വീനര് റവ. ഫാ. ടെറിന് മുല്ലക്കര ഓര്മ്മിപ്പിച്ചു. കോച്ചുകളില് വാല്സിംഹാമിലേക്ക് വരുന്നവര് തങ്ങള് വരുന്ന കോച്ചുകളുടെ എണ്ണം ജൂണ് 26-ാം തീയതിക്ക് മുമ്പായി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മിതമായ നിരക്കില് ലഭിക്കുന്ന ഉച്ചഭക്ഷണ പായ്ക്കറ്റുകള് ആവശ്യമുള്ളവരും കണ്വീനറെ അറിയിക്കേണ്ടതാണ്.
അന്വേഷണങ്ങള്ക്ക് : റവ. ഫാ. ടെറിന് മുല്ലക്കര, കണ്വീനര് – 07985695056, ബിബിന് ആഗസ്തി – 07530738220.
എല്ലാ വി. കുര്ബാന കേന്ദ്രങ്ങളില് നിന്നും വാല്സിംഹാമിലേക്ക് വരുന്നതിന് സൗകര്യമൊരുക്കുന്നതിനായി ജൂലൈ 17-ാം തീയതി സീറോ മലബാര് വി. കുര്ബാന കേന്ദ്രങ്ങളില് വി. കുര്ബാന ഉണ്ടിയിരിക്കുന്നതല്ലെന്ന് വിശ്വാസികളെ അറിയിക്കാന് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് വൈദികര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇത്തവണത്തെ തീര്ത്ഥാടനത്തിന് നേതൃത്വം നല്കുന്ന സഡ്ബറി കൂട്ടായ്മയുടെയും മറ്റു വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തില് ഒരുക്കങ്ങളും ക്രമീകരണങ്ങളും പുരോഗമിക്കുകയാണെന്ന് ജനറല് കണ്വീനര് റവ. ഫാ. ടെറിന് മുല്ലക്കര അറിയിച്ചു.
ഷിബു മാത്യൂ.
വാല്സിംഹാം തീര്ത്ഥാടനത്തിന് ഇനി ദിവസങ്ങള് മാത്രം ബാക്കി. ജൂലൈ പതിനാറ്. യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നുമായി പതിനായിരത്തോളം വരുന്ന മലയാളി ക്രൈസ്തവ വിശ്വാസികള്
പരിശുദ്ധ അമ്മയുടെ പുണ്യ ഭൂമിയിലെത്തി അനുഗ്രഹം പ്രാപിക്കുമ്പോള് അവരെ സ്വീകരിക്കാന് ഭാഗ്യം ലഭിച്ചത് ഫാ. ടെറിന് മുള്ളക്കരയ്ക്കാണ്. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപത രൂപികൃതമായതിനു ശേഷമുള്ള ആദ്യ തീര്ത്ഥാടനത്തില് തന്നെ ഇത്രയും വലിയ ഒരു ജനസമൂഹം എത്തിച്ചേരുന്നത് ഗ്രേറ്റ് ബ്രിട്ടണ് രൂപതയോടുള്ള വിശ്വാസികളുടെ താല്പര്യവും അതിലുപരി പരിശുദ്ധ അമ്മയോടുള്ള ഭക്തിയുമാണെന്നുള്ളതില് തെല്ലും തര്ക്കമില്ലന്ന് വാല്സിംഹാം തീര്ത്ഥാടനത്തിന്റെ കോര്ഡിനേറ്ററും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര് ചാപ്ലിനുമായ റവ. ഫാ. ടെറിന് മുള്ളക്കര പറയുന്നു. തീര്ത്ഥാടനത്തിന്റെ സ്ഥിതിഗതികളെക്കുറിച്ചറിയുവാന് മലയാളം യുകെയുടെ പ്രതിനിധികള് ഫാ. മുളളക്കരയുമായി നടത്തിയ ചര്ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
റവ. ഫാ. ടെറിന് മുള്ളക്കര
പരിശുദ്ധ അമ്മയുടെ ഒരു തികഞ്ഞ ഭക്തനാണ് ഫാ. ടെറിന് മുള്ളക്കര. അദ്ദേഹം ജനിച്ചതും പരിശുദ്ധ അമ്മയുടെ ജനന ദിവസമായ സെപ്റ്റംബര് എട്ടിന് തന്നെ. തൃശൂര് സെന്റ് മേരീസ് മൈനര് സെമിനാരിയില് വൈസ് റെക്ടറായിരിക്കുന്ന കാലത്താണ് യുകെയിലെത്തുന്നത്. കാനന് മാത്യൂ വണ്ടാളക്കുന്നേല് പതിനൊന്നു വര്ഷങ്ങള്ക്ക് മുമ്പ് നേതൃത്വം കൊടുത്താരംഭിച്ച വാല്സിംഹാം തീര്ത്ഥാടനത്തിന്റെ കോര്ഡിനേറ്ററാകാന് സാധിച്ചതില് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തീര്ത്ഥാടനത്തിന്റെ ഒരുക്കങ്ങള് ഏറെക്കുറെ പൂര്ത്തിയായിക്കഴിഞ്ഞു.
തീര്ത്ഥാടനത്തിന്റെ പൂര്ണ്ണ വിജയത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് കഴിഞ്ഞ ആറ് മാസമായി സുഡ്ബറിയില് വിശുദ്ധ കുര്ബാനയും മറ്റു പ്രാര്ത്ഥനകളും നടന്നു വരുന്നു. അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്മ്മികത്വത്തില് ഇന്നലെ നടന്ന സമൂഹബലിയില് സഡ്ബറിയിലെ കുടുംബങ്ങളും കമ്മറ്റി മെമ്പേഴ്സും പങ്കെടുത്തു. പിതാവിന്റെ നേതൃത്വത്തില് നിരവധി മീറ്റിംഗുകളും ഇതിനോടകം നടന്നു കഴിഞ്ഞു.
പതിനായിരത്തിലധികം തമിഴ് ക്രൈസ്തവ വിശ്വാസികള് പങ്കെടുത്ത തീര്ത്ഥാടനമാണ് വാല്സിംഹാമില് നടന്നതില് വെച്ചേറ്റവും വലിയ തീര്ത്ഥാടനം. യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നുമായി പതിനായിരത്തിലധികം മലയാളി ക്രൈസ്തവ വിശ്വാസികളും ഈ വര്ഷത്തെ തീര്ത്ഥാടനത്തില് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. ടെറിന് മുള്ളക്കര പറഞ്ഞു.
തീര്ത്ഥാടനത്തിന്റെ വിജയത്തിനായി വലിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോളന്റിയേഴ്സിനെ ഒരു വലിയ നിര തന്നെയുണ്ട്. കൂടാതെ ഫസ്റ്റ് എയിഡ്, ആംബുലന്സ് സര്വ്വീസ്, ഫയര്ഫോഴ്സ് എന്നീ വിഭാഗങ്ങളുടെ സേവനവും ഉറപ്പുവരുത്തിയിരിക്കുന്നു. കൂടാതെ അല്മായ സംഘടകളും ആത്മാര്ത്ഥമായി പ്രവര്ത്തിക്കുന്നു. സഡ്ബറി ക്രിസ്റ്റ്യന് കമ്മ്യൂണിറ്റിയാണ് പ്രധാനമായും തിരുന്നാള് ഏറ്റെടുത്തു നടത്തുന്നത്. ജൂലൈ പതിനാറിന് രാവിലെ 8 മണി മുതല് വിശ്വാസികള് എത്തിത്തുടങ്ങും.
ഒമ്പതു മണി മുതല് ശുശ്രൂഷകള് ആരംഭിക്കും. ഒമ്പതു മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില് സെഹിയോന് ടീമിന്റെ ധ്യാനം നടക്കും. പതിനൊന്നരയോടെ ധ്യാനം അവസാനിക്കും. തുടര്ന്ന് ഉച്ചഭക്ഷണത്തിനുള്ള സമയമാണ്. ഈ സമയത്ത് പരിശുദ്ധ അമ്മയ്ക്കായി വിശ്വാസികള് അടിമ വെയ്ക്കുന്നതിനുള്ള അവസരമാണ്. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് പതിനായിരങ്ങള് പങ്കെടുക്കുന്ന ഭക്തിനിര്ഭരമായ ജപമാല പ്രദക്ഷിണം ആരംഭിക്കും. മൂന്ന് മണിക്ക് പ്രദക്ഷിണം കപ്പേളയില് തിരിച്ചെത്തിയാലുടന് ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്മ്മീകത്വത്തില് ആഘോഷമായ സമൂഹബലി നടക്കും. തദവസരത്തില് അഭിവന്ദ്യ പിതാവ് ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ സീറോ മലബാര് വിശ്വാസികളെ അഭിസംബോധന ചെയ്യും. ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ ഔദ്യോഗീക പ്രഖ്യാപനവും മാര് ജോസഫ് സ്രാമ്പിക്കല് ബിഷപ്പായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്ഷിക ദിനമെന്ന പ്രത്യേകത കൂടിയുണ്ട് ജൂലൈ പതിനാറിന്. മെത്രാഭിഷേക ശുശ്രൂഷകള്ക്ക് ശേഷം ഇത്രയും വലിയ ഒരു ജനസമൂഹത്തെ അഭിവന്ദ്യ പിതാവ് അഭിസംബോധന ചെയ്യാനൊരുങ്ങുന്നത് ഇതാദ്യമാണ്. രൂപത രൂപികൃതമായതിനു ശേഷം സഭാ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും ഒരു കുടക്കീഴിലാക്കാന് വളരെയധികം പ്രതിസന്ധികള് അഭിമുഖീകരിക്കുന്ന പിതാവിന്റെ ‘വാല്സിംഹാമിലെ പ്രസംഗത്തെ’ വളരെ ആകാംക്ഷയോടെയാണ് മാധ്യമങ്ങള് നോക്കിക്കാണുന്നത്.
രൂപതയില് നിന്നും പുറത്തു നിന്നുമായി മുപ്പതിലധികം വരുന്ന വൈദീകരും വിശുദ്ധ കുര്ബാനയ്ക്ക് സഹകാര്മ്മീകത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ മെത്രാഭിഷേക ശുശ്രൂകള് ഉള്പ്പെടെ നിരവധി ശുശ്രൂഷകള്ക്ക് സംഗീതം പൊഴിച്ച റവ. ഫാ. സെബാസ്റ്റ്യന് ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘമാണ് വാല്സിംഹാമിലെ വിശുദ്ധ കുര്ബാനയിലും സ്വര്ഗ്ഗീയ സംഗീതം പൊഴിക്കുന്നത്.
റവ. ഫാ. സെബാസ്റ്റ്യന് ചാമക്കാല
വാല്സിംഹാം തീര്ത്ഥാടനത്തിന് ഗ്രേറ്റ് ബ്രിട്ടണ് രൂപത ഒരുങ്ങിക്കഴിഞ്ഞു. രൂപതയുടെ കീഴിലുള്ള ചാപ്ലിന്സികളിലും വിശുദ്ധ കുര്ബാന കേന്ദ്രങ്ങളിലും അന്നേ ദിവസം വിശുദ്ധ കുര്ബാനയോ സണ്ഡേസ്ക്കൂളോ ഉണ്ടായിരിക്കുന്നതല്ല. തീര്ത്ഥാടനത്തില് പങ്കെടുക്കുന്നതിനായി ഒട്ടുമിക്ക ചാപ്ലിന്സികളില്കളില് നിന്നും കോച്ചുകളിലാണ് വിശ്വാസികള് എത്തുന്നത്. കൂടാതെ സ്വന്തം കാറുകളിലും കൂട്ടമായി വിശ്വാസികള് എത്തും. പാര്ക്കിംഗിന് പ്രത്യേക സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര് അറിയിച്ചിട്ടുണ്ട്. തീര്ത്ഥാടനം നടക്കുന്ന വാല്സിംഹാമില് വളരെ വിപുലമായ ഭക്ഷണക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള നാല് ഗ്രൂപ്പാണ് വളരെ മിതമായ നിരക്കില് കേറ്ററിംഗ് സര്വ്വീസ് നടത്തുന്നത്. രാവിലെ മുതല് തീര്ത്ഥാടനം തീരുന്ന സമയം വരെ ഭക്ഷണ പദാര്ത്ഥങ്ങള് ലഭ്യമാണ്.
ജൂലൈ പതിനാറിന് നടക്കുന്ന വാല്സിംഹാം തീര്ത്ഥാടനവും രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിന്റെ പ്രസംഗവും മലയാളം യുകെ നേരിട്ട് റിപ്പോര്ട്ട് ചെയ്യും. കൂടാതെ തീര്ത്ഥാടനവുമായി ബന്ധപ്പെട്ട് ‘മാതൃ തീര്ത്ഥങ്ങളിലേയ്ക്ക്’ എന്ന തലക്കെട്ടില് തീര്ത്ഥാടനത്തിന്റെ കൂടുതല് വിശേഷങ്ങള് വരും ദിവസങ്ങളില് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
തീര്ത്ഥാടനം നടക്കുന്ന വാല്സിംഹാമിലുള്ള ദേവാലയത്തിന്റെ അഡ്രസ്..
Catholic National Shrine of our Lady
Walsingham, Houghton St Giles,
Norfolk NR22 6AL
Contact.
Rev. Fr. Terin Mullakkara
Mob # 07985695056
Mr. Bibin August
Mob # 07530738220
ലെസ്റ്ററിലെ മദര് ഓഫ് ഗോഡ് പള്ളിയില് പത്ത് വര്ഷത്തിലധികമായി നടന്ന് വന്നിരുന്ന സീറോമലബാര് കുര്ബാനകള് നിര്ത്തലാക്കിയ നടപടിക്കെതിരെ ഇവിടുത്തെ സീറോമലബാര് വിശ്വാസ സമൂഹം രംഗത്ത്. നിരവധി വര്ഷങ്ങളായി നൂറു കണക്കിന് വിശ്വാസികള് ഭക്തിനിര്ഭരം പങ്കെടുത്തിരുന്ന മലയാളം കുര്ബാനകള് യാതൊരു മുന്നറിയിപ്പുമില്ലാതെ മെയ് മാസം മുതല് നിര്ത്തലാക്കിയ നടപടിയാണ് വിശ്വാസികളെ അമ്പരപ്പിച്ചത്. ഏകദേശം മുന്നൂറോളം കുടുംബങ്ങള് പങ്കെടുത്തിരുന്ന കുര്ബാനകള് എല്ലാ ഞായറാഴ്ചകളിലും പതിനൊന്നര മണിക്കായിരുന്നു ലെസ്റ്റര് മദര് ഓഫ് ഗോഡ് പള്ളിയില് നടന്നു വന്നിരുന്നത്. പലപ്പോഴും പള്ളിക്കുള്ളില് സ്ഥലമില്ലാത്ത വിധം വിശ്വാസികള് ഈ കുര്ബാനയില് പങ്കെടുത്തിരുന്നു. കുര്ബാനയോടനുബന്ധിച്ച് ഇരുനൂറോളം കുട്ടികള്ക്ക് വേദപഠനവും ഇവിടെ നടന്നിരുന്നു. മലയാളിയായ ഇവിടുത്തെ ഇടവക വികാരി തന്നെയായിരുന്നു കുര്ബാനയ്ക്ക് കാര്മ്മികത്വം വഹിച്ചിരുന്നത്.
എന്നാല് ഇക്കഴിഞ്ഞ മെയ് മാസം ആദ്യ ആഴ്ചയിലെ മലയാളം കുര്ബാനയ്ക്ക് ശേഷം ഇനി മുതല് ഇവിടെ മലയാളം കുര്ബാനകളും അനുബന്ധ സേവനങ്ങളും എല്ലാ ആഴ്ചയും നടന്ന് വന്നിരുന്നത് ഉണ്ടാവില്ല എന്ന് ഇടവക വികാരി പ്രഖ്യാപിക്കുകയായിരുന്നു. പകരം മലയാളം കുര്ബാന നടന്നിരുന്ന സമയങ്ങളില് ഇനി ഇംഗ്ലീഷ് കുര്ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും താത്പര്യമുള്ളവര് മാത്രം പങ്കെടുത്താല് മതിയെന്നും വിശ്വാസികളെ അറിയിച്ചു. മാസത്തില് ഒരു മലയാളം കുര്ബാന തുടരുന്നതായിരിക്കുമെന്നും അറിയിപ്പില് പറയുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ലെസ്റ്ററിലേക്ക് കുടിയേറിയ വിശ്വാസികള് വളരെ കഷ്ടപ്പാടുകള് സഹിച്ച് ആരംഭിച്ച മലയാളം കുര്ബാനകളാണ് ഒറ്റയടിക്ക് നിര്ത്തലാക്കിയത് എന്നത് ഇവിടുത്തെ വിശ്വാസി സമൂഹത്തെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ജനിച്ച് വളര്ന്ന നാടും വീടും ഉപേക്ഷിച്ച് മറുനാട്ടില് എത്തിയെങ്കിലും തങ്ങളുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന കാര്യത്തില് മുന്പന്തിയില് നില്ക്കുന്ന ഈ വിശ്വാസികള്ക്ക് കുര്ബാനകള് നിര്ത്തലാക്കിയ നടപടി അവിശ്വസനീയമായിരുന്നു.
സാമ്പത്തികമായി തകര്ന്ന് മുന്പോട്ടു കൊണ്ടുപോകാന് ബുദ്ധിമുട്ടിയിരുന്ന പള്ളി മലയാളികളായ വിശ്വാസികളുടെ പിന്ബലത്തില് നടത്തിയ സാമ്പത്തിക സഹകരണത്തോടെ ആയിരുന്നു തകര്ച്ചയില് നിന്നും കര കയറിയത്. ഇതിനായി അകമഴിഞ്ഞ് സഹകരിച്ച ഇവിടുത്തെ സീറോമലബാര് വിശ്വാസികള് പള്ളിയുടെ അറ്റകുറ്റപ്പണികള് നടത്തി നവീകരിക്കുകയും, പള്ളിയുടെ ഹാള് പുനരുദ്ധരിക്കുകയും, പള്ളിക്ക് പുതിയ സൗണ്ട് സിസ്റ്റം, സിസി ടിവി, അലാറം തുടങ്ങിയവ വാങ്ങി നല്കുകയും ചെയ്തിരുന്നു. കൂടാതെ ഒന്ന് മുതല് പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി വേദപഠനവും ഇവിടെ മുടങ്ങാതെ നടന്നിരുന്നു.
യുകെയിലെ സീറോമലബാര് വിശ്വാസികള്ക്കായി പുതിയ രൂപത നിലവില് വരികയും പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ട അഭിവന്ദ്യ സ്രാമ്പിക്കല് പിതാവിന്റെ നേതൃത്വത്തില് വിശ്വാസ വളര്ച്ച പ്രാപിക്കുകയും ചെയ്ത് വരുന്ന അവസരത്തില് യുകെയില് ഏറ്റവുമധികം സീറോമലബാര് വിശ്വാസികള് ഉള്ള ലെസ്റ്ററില് ഉണ്ടായിരുന്ന കുര്ബാന നിര്ത്തലാക്കിയ നടപടി അപ്രതീക്ഷിതമായിരുന്നു. ഇതിനോടുള്ള പ്രതികരണത്തിന്റെ ഭാഗമായി മെയ് മാസം അവസാനം ലെസ്റ്ററില് നടന്ന ആള് യുകെ ജീസസ് യൂത്ത് കണ്വെന്ഷനില് പങ്കെടുക്കാനെത്തിയ മാര് ജോസഫ് സ്രാമ്പിക്കല് പിതാവിന് ഒരു നിവേദനം നല്കി ഇവിടുത്തെ വിശ്വാസികള് കുര്ബാന പുനസ്ഥാപിച്ച് കിട്ടാനുള്ള നടപടികള്ക്ക് തുടക്കം കുറിച്ചിരുന്നു.
എന്നാല് കുര്ബാന നിഷേധിക്കപ്പെട്ട് രണ്ട് മാസങ്ങള് പൂര്ത്തിയാകാന് പോകുമ്പോഴും ഇത് പുനസ്ഥാപിക്കപ്പെടും എന്ന കാര്യത്തില് പ്രതീക്ഷാ നിര്ഭരമായ നടപടികള് ഒന്നും ഉണ്ടായിട്ടില്ല എന്നതിനാല് കൂടുതല് പരിശ്രമങ്ങള് നടത്താനാണ് വിശ്വാസി സമൂഹത്തിന്റെ നീക്കം. അടുത്ത പടിയായി ലെസ്റ്റര് മദര് ഓഫ് ഗോഡ് പള്ളിയുടെ രൂപതാദ്ധ്യക്ഷനായ നോട്ടിംഗ്ഹാം ബിഷപ്പിന് നിവേദനം നല്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള് ഇപ്പോള്. ഇതിനായി തുടങ്ങിയ ഓണ്ലൈന് പെറ്റീഷന് വന് പിന്തുണയാണ് ഉണ്ടായിരിക്കുന്നത്. നോട്ടിംഗ്ഹാം രൂപതയില് നിന്നും അനുകൂല നിലപാടുണ്ടായാല് മാത്രമേ മലയാളം കുര്ബാന പുനസ്ഥാപിക്കപ്പെടുന്ന കാര്യത്തില് തീരുമാനമാകൂ എന്നതിനാല് പരമാവധി ആളുകള് ഈ പെറ്റീഷനില് ഒപ്പിടണമെന്ന് ലെസ്റ്റര് സീറോമലബാര് വിശ്വാസി സമൂഹം അഭ്യര്ത്ഥിക്കുന്നു. പെറ്റീഷനില് ഒപ്പിടാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
പെറ്റീഷന്റെ പൂര്ണ്ണരൂപം വായിക്കുന്നതിന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്യുക
https://docs.google.com/document/d/1AuMeW2557rqBOG32pDiFxZ2y3WfRBNlHB6wu88tQFRE/edit
എഴുനൂറോളം വിശ്വാസികള് എല്ലാ ആഴ്ചകളിലും പങ്കെടുത്തിരുന്ന മലയാളം കുര്ബാന പുനസ്ഥാപിച്ച് കിട്ടുന്നതിനായി പ്രാര്ത്ഥനയില് മുറുകെ പിടിച്ച് മുന്പോട്ടു പോകുമെന്ന് ദൃഡനിശ്ചയം ചെയ്ത് ആണ് ഇവിടുത്തെ വിശ്വാസികള് നില കൊള്ളുന്നത്. വ്യക്തിപരമായ പ്രശ്നങ്ങള് ഒരു സമൂഹത്തിന്റെയാകെ വിശാസത്തെ ഹനിക്കുന്ന നിലയിലേക്ക് എത്തിക്കുന്ന നിലപാടില് നിന്നും ബന്ധപ്പെട്ടവര് പിന്വാങ്ങണമെന്നും ഇവിടുത്തെ വിശാസികള് അഭ്യര്ത്ഥിക്കുന്നു.