ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം : ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ആറാമത് രൂപതാ ബൈബിൾ കലോത്സവ മത്സരങ്ങളുടെ നിയമാവലി പുറത്തിറക്കി . കഴിഞ്ഞ വർഷങ്ങളിൽ എട്ട് റീജിയണുകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് മത്സരിച്ചതെങ്കിൽ ഇപ്രാവശ്യം പുതിയ റീജിയണുകൾ ഉൾപ്പെടെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത് .
ഒക്ടോബർ 31 ന് മുൻപായി റീജിയൺ മത്സരങ്ങൾ നടത്തി നവംബർ 18 ന് രൂപതാ കലോത്സവം നടത്തക്ക രീതിയിലാണ് ക്രമീകരങ്ങൾ നടത്തിയിരുക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ചില മാറ്റങ്ങൾ നിയമാവലിയിൽ വരുത്തിയിട്ടുണ്ട് . ഓരോ റീജിയണുകളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന മത്സരാർത്ഥികളായിരിക്കും രൂപതാ മത്സരത്തിൽ പങ്കെടുക്കുക. ബൈബിൾ കലോത്സവ വേദി പിന്നീട് അറിയിക്കുന്നതായിരിക്കും . മത്സരാത്ഥികളുടെയും വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടിയ രൂപത കലോത്സവം ഏറ്റവും വിജയകരമായി നടത്തി വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാൻ ഈ കലോത്സവമത്സരങ്ങൾ ഉപകരിക്കട്ടെ.
സഭയുടെ പ്രബോധങ്ങൾക്കനുസരിച്ചും വിശുദ്ധ ഗ്രന്ഥത്തിനുമനുസരിച്ചു നടത്തുന്ന ഈ വചന സാക്ഷ്യം വലിയൊരു വിശ്വാസപ്രഘോഷണമാക്കാം . രൂപതാ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് ബൈബിൾ കലോത്സവം നടത്തുന്നത്. കലോത്സവ മത്സരങ്ങളെക്കുറിച്ചും നിയമാവലിയെക്കുറിച്ചും അറിയാൻ രൂപതാ ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കുവാൻ ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
ബിനോയ് എം. ജെ.
യഥാർത്ഥത്തിൽ ജീവിതം ക്ലേശകരമാണോ? ആണെങ്കിൽ ഈശ്വരൻ കുറ്റക്കാരൻ തന്നെ. അവിടുന്നാണല്ലോ ജീവിതത്തെ ഈ വിധത്തിൽ സൃഷ്ടിച്ചത്. എന്നാൽ ഈശ്വരൻ ജീവിതത്തെ ക്ലേശകരമായിട്ടല്ല സൃഷ്ടിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലേശങ്ങൾ നമ്മുടെ തന്നെ സൃഷ്ടിയാണ്! ഈശ്വരൻ മനുഷ്യനെയും പ്രകൃതിയെയും അത്യന്തം മനോഹരമായി സൃഷ്ടിച്ചിരിക്കുന്നു. എന്നാൽ നാമതിലെ മനോഹാരിതയും പരിപൂർണ്ണതയും കാണുന്നതിന് പകരം വൈരൂപ്യത്തെയും അപൂർണ്ണതയെയും മാത്രം കാണുന്നു . പണ്ടെങ്ങോ ഏദൻ തോട്ടത്തിൽ വച്ച് പാപം ചെയ്തതുകൊണ്ടല്ല മനുഷ്യന് ഈ ഗതിയുണ്ടായത്. മറിച്ച് സ്വന്തം മനസ്സ് സൃഷ്ടിക്കുന്ന മായാബന്ധനത്തിൽ സദാ വീഴുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്. ഇതിൽ നിന്നും കരകയറുവാൻ ലോകാവസാനം വരെ കാത്തിരിക്കേണ്ട ആവശ്യവുമില്ല. ഏത് നിമിഷവും നമുക്കതിൽനിന്നും കര കയറാം. അനന്താനന്ദത്തിലേക്ക് പ്രവേശിക്കുവാൻ ഒരു നിമിഷം മതി! അതിന് നമ്മുടെ മനോഭാവം ഒന്ന് മാറ്റിയാൽ മാത്രം മതി.
പ്രശ്നം മുഴുവൻ കിടക്കുന്നത് നമ്മുടെ മനോഭാവത്തിൽ ആണ്. അത്യന്തം ഭാവാത്മകമായ ഈശ്വരൻ ആണ് ഏക സത്ത. ആ ഈശ്വരനെ നിഷേധാത്മകമായി കാണുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കുന്നു. നമുക്ക് ജീവിതത്തെ രണ്ട് രീതിയിൽ നോക്കികാണുവാൻ കഴിയും. അതിനെ വലിയ ഒരവസരമായിട്ടും ആനന്ദലഹരിയായും നോക്കിക്കാണാം. അതിനെ ഒരു വലിയ പ്രശ്നമായിട്ടും ക്ലേശമായിട്ടും നോക്കിക്കാണാം. നാമെല്ലാവരും ജീവിതത്തെ ഒരു വലിയ പ്രശ്നമായിത്തന്നെ നോക്കിക്കാണുന്നു. അതുകൊണ്ടാണ് നാമെവിടേക്ക് തിരിഞ്ഞാലും പ്രശ്നങ്ങൾ തന്നെ അനുഭവപ്പെടുന്നത്. തേടുന്നതേ കിട്ടൂ. നാം പ്രശ്നങ്ങളെ തേടുന്നു; അവയെ കണ്ടെത്തുകയും ചെയ്യുന്നു. എന്നിട്ട് എനിക്ക് ജീവിതത്തിൽ മുഴുവൻ പ്രശ്നങ്ങളാണേ എന്ന് നിലവിളിക്കുന്നതിൽ എന്തർത്ഥമിരിക്കുന്നു ?
ഈ പ്രശ്നങ്ങളിൽനിന്നെല്ലാം ഒരു മോചനമുണ്ട്! ഈ കൂരാകൂരിരുട്ടിൽനിന്നും ഒരു മോചനമുണ്ട്. ഒന്നൊഴിയാതെ ഈ പ്രശ്നങ്ങൾ എല്ലാം തിരോഭവിക്കുന്ന ഒരു കാലം വരും. അന്ന് നിങ്ങൾ ഈശ്വരനിൽ ലയിക്കും. ഈ പ്രശ്നങ്ങൾ എല്ലാം നമ്മുടെ തന്നെ മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ തീർച്ചയായും നമുക്കതിൽ നിന്ന് മോചനം നേടുവാനാവും. അതിന് പ്രശ്നങ്ങളെ കൂലംകഷമായി വിശകലനം ചെയ്യുകയല്ല വേണ്ടത്. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ വാസ്തവത്തിൽ നിങ്ങൾ പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ തെറ്റായ മനോഭാവം മാനവരാശിയെ ആശയക്കുഴപ്പത്തിന്റെയും അന്ധകാരത്തിന്റെയും പടുകുഴിയിലേക്ക് തള്ളിവിടുന്നു. നാം പ്രശ്നങ്ങളെ പരിഹരിക്കുവാൻ ശ്രമിക്കുന്നു. അതിന് വേണ്ടി നാം പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ചിന്തിക്കുന്തോറും പ്രശ്നങ്ങളുടെ ഗൗരവം കൂടി കൂടി വരുന്നു. ചിന്തിക്കാതിരുന്നാലോ പ്രശ്നങ്ങൾ താനെ തിരോഭവിച്ചു കൊള്ളും. ജീവിതത്തിൽ നിന്നും അവശ്യം പഠിച്ചിരിക്കേണ്ട പാഠമാണിത്. ഇതിനെ വേണ്ടവിധത്തിൽ മനസ്സിലാക്കിയാൽ പിന്നീട് പ്രശ്നങ്ങൾ നമ്മെ ബാധിക്കുകയില്ല .
ഒരു നിസ്സാര കാര്യത്തെപോലും നമുക്ക് വലിയ പ്രശ്നമായിട്ട് എടുക്കാം. ഒരു വലിയ പ്രശ്നത്തെ നിസ്സാരമായി തള്ളിക്കളയുകയും ചെയ്യാം. ഇതിൽ ഏത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്. ഒരു വശത്ത് അനന്ത ദുഃഖം വച്ചിരിക്കുന്നു; മറുവശത്ത് അനന്താനന്ദവും വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പ്രശ്നങ്ങൾക്ക് ഗൗരവം കൊടുക്കുന്തോറും നമ്മുടെ മനസ്സ് കൂടുതൽ കൂടുതൽ അസ്വസ്ഥമായിക്കൊണ്ടേയിരിക്കും. അവയെ തള്ളിക്കളയുമ്പോൾ മനസ്സ് അതിന്റെ തനതായ ശാന്തി വീണ്ടെടുക്കുകയും ചെയ്യുന്നു. ശാന്തിയാകുന്നു മനസ്സിന്റെ സ്വാഭാവികവും യഥാർത്ഥവുമായ പ്രകൃതം. എന്നാൽ നാമാശാന്തിയെ തകർക്കുന്നു. ഇത് നമുക്ക് പറ്റിയിരിക്കുന്ന അടിസ്ഥാനപരമായ ഒരാശയക്കുഴപ്പത്തിന്റെ പരിണതഫലം മാത്രം. ഇതിൽ നിന്നും കരകയറുന്നവൻ ജീവിതത്തിൽ ആത്യന്തികമായ വിജയം കരസ്ഥമാക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ജോർജ് മാത്യു
ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 7ന് ഞായറാഴ്ച്ച ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
രാവിലെ 9 മണിക്ക് പ്രഭാതനമസ്കാരം,വി .കുർബാന ,പ്രസംഗം ,റാസ,തുടർന്ന് നേർച്ച വിളമ്പ് എന്നിവയും നടക്കും .പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ.മാത്യൂ എബ്രഹാം കാർമികത്വം വഹിക്കും .
2002-ൽ ബിർമിങ്ഹാമിലെ സട്ടൻകോൾഡ്ഫീൽഡിൽ കോൺഗ്രിഗേഷൻയായി തുടങ്ങിയ കൂട്ടായ്മ ,2019-ൽ സ്വന്തമായ ഒരു ആരാധനാലയം എന്ന ചിരകാലസ്വപ്നം സാക്ഷാൽകരിക്കപെട്ടു .ഇതുവരെ മാസത്തിൽ രണ്ട് ഞായറാഴ്ച്ചകളിലാണ് ആരാധന നടന്നുവന്നത് .പൊതുയോഗ തീരുമാന പ്രകാരം ഇനി മുതൽ എല്ലാ ഞായറാഴ്ച്ചകളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.മാത്യൂ എബ്രഹാം ,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി ലിജിയ തോമസ് എന്നിവർ അറിയിച്ചു.
ഷൈമോൻ തോട്ടുങ്കൽ
മാഞ്ചസ്റ്റർ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മാതാധ്യാപക ദിനം നടത്തി . രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള മതാദ്ധ്യാപകരും , വൈദികരും പങ്കെടുത്ത മതാദ്ധ്യാപക ദിനത്തോടടനുബന്ധിച്ചു നടന്ന സമ്മേളനം മാഞ്ചെസ്റ്റെർ ഫോറം സെന്ററിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . ഈശോ മിശിഹാ സഭയെ ഭരമേല്പിച്ച പഠിപ്പിക്കൽ എന്ന ഉത്തരാവാദിത്വത്തിന്റെ നിർവഹണത്തിൽ വ്യാപൃതരായിരിക്കുന്നവർ ആണ് വിശ്വാസ പരിശീലകർ .
തിരുസഭയിൽ ഒരു അല്മായന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ ശുശ്രൂഷയാണിതെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു . വിശ്വാസ പരിശീലന രംഗത്തെ സമകാലിക വെല്ലുവിളികൾ എന്ന വിഷയത്തെ സംബന്ധിച്ച് റെവ. ഫാ. ജോസഫ് ഇലഞ്ഞിമറ്റം , വിളിയും ദൗത്യവും എന്ന വിഷയം സംബന്ധിച്ച് വികാരി ജെനെറൽ റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് എന്നിവർ ക്ളാസുകൾ നയിച്ചു . രൂപതാ മത ബോധന കമ്മീഷൻ ചെയർമാൻ റെവ. ഡോ . ബാബു പുത്തൻപുരക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വികാരി ജനറൽ മാരായ മോൺ . ജിനോ അരീക്കാട്ട് എം സി ബി എസ് .മോൺ . സജിമോൻ മലയിൽ പുത്തൻപുരയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു .
വിശ്വാസപരിശീലനകേന്ദ്രത്തിന്റെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രെട്ടറി ആൻസി ജോൺസൺ അവതരിപ്പിച്ചു . രൂപതയിൽ നടപ്പിലാക്കുന്ന പുതിയ മതബോധന രീതികളുടെ വിവിധ വശങ്ങളെപ്പറ്റി ജിമ്മി മാത്യു , ഷാജുമോൻ ജോസഫ് ,ജയ്മോൻ ജോസഫ് എന്നിവർ പ്രെസൻറ്റേഷനുകൾ അവതരിപ്പിച്ചു , സി എൽ റ്റി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ആഗോള തലത്തിൽ നടത്തിയ മിഷൻ ക്വിസ് മത്സരത്തിന്റെ രൂപതാ തല വിജയികൾക്കുള്ള സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്തു , ബിജോയ് ജോസഫ് സമ്മേളനത്തിന് നന്ദി അർപ്പിച്ചു ,അടുത്ത വർഷത്തെ മതാധ്യാപക ദിനം അടുത്ത വർ ഷം മെയ് ആറിന് ബിർമിംഗ് ഹാം റീജിയനിൽ വച്ച് നടത്തുവാനും തീരുമാനം എടുത്തു .
ബിജു കുളങ്ങര
ലണ്ടൻ: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മർത്തമറിയം വനിത സമാജം യുകെ റീജിയൻ സൗത്ത് സോണൽ ഏകദിന സമ്മേളനം ലണ്ടനിൽ നടന്നു. ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടന്ന സമ്മേളനം എംഎംവിഎസ് വൈസ് പ്രസിഡന്റ് ഫാ. ജോൺ വർഗീസ് മണ്ണഞ്ചേരിൽ ഉദ്ഘാടനം ചെയ്തു.
‘ദൈവ വിളിയും വിശ്വാസ സ്ഥിരതയും’ എന്ന വിഷയത്തിൽ ഫാ. രെഞ്ചു സ്കറിയ മുഖ്യ പ്രഭാഷണം നടത്തി. ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി, ഫാ. പി. ജെ. ബിനു, ഫാ. തോമസ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു. എംഎംവിഎസ് യൂണിറ്റ് സെക്രട്ടറി സൂസൻ ജോസ് സ്വാഗതവും സോണൽ സെക്രട്ടറി ബെറ്റ്സി ജോഷ്വ ജോൺ കൃതജ്ഞതയും പറഞ്ഞു. എംഎംവിഎസ് ജനറൽ സെക്രട്ടറി റൂബി ഡെനിൻ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.
ലണ്ടൻ പള്ളി മുൻ വികാരി ഫാ. എബി പി വർഗീസ്, ട്രസ്റ്റി സിസൻ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുനുണ്ണി, എംഎംവിഎസ് യൂണിറ്റ് ഭാരവാഹികളായ സാലി ജേക്കബ്, മിനി മാത്യു എന്നിവർ ഉൾപ്പടെ വിവിധ ഇടവകകളിൽ നിന്നുള്ള നൂറ്റിയമ്പതിൽപ്പരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിന്റെ കൂടുതൽ ഫോട്ടോകൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ കാണാവുന്നതാണ്
https://drive.google.com/drive/folders/1XEwcmXdMyYGcISmcCqHxaI-kxHTwmuv4
അദിലാബാദ് രൂപത ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ മെയ് 13 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കാർമികത്വം വഹിച്ച് വചന ശുശ്രൂഷ നയിക്കും . AFCM (അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി )നു വേണ്ടി ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കുന്ന കൺവെൻഷൻ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും . യൂറോപ്പിലെ പ്രശസ്‌തമായ കോർ എറ്റ് ലുമെൻ മിനിസ്ട്രിയുടെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ആൻഡ്രൂ ഫവ കൺവെൻഷനിൽ പങ്കെടുക്കും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW
ബിനോയ് എം. ജെ.
നിങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുവാൻ പഠിക്കുവിൻ എന്ന് പറയുമ്പോൾ ഇതെന്തൊരസംബന്ധമാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് നാമെങ്ങിനെ ജീവിക്കും. നമുക്ക് ഭ്രാന്ത് പിടിക്കില്ലേ?പക്ഷേ ശരിക്കും നാം കാട്ടിക്കൂട്ടുന്ന അസംബന്ധത്തെക്കുറിച്ച് ബോധവാന്മാരാവുമ്പോൾനാം ഞെട്ടും. നാം കാണുന്ന ഈ ജീവിതവും അതിലെ പ്രശ്നങ്ങളും നമുക്ക് പണിയൊന്നുമില്ലാത്തത്കാരണം നാം കാട്ടിക്കൂട്ടുന്ന അസംബന്ധങ്ങൾ മാത്രം. ജീവിതം എന്ന് ഒന്നവിടെ സംഭവിക്കുന്നില്ല. പ്രശ്നങ്ങൾക്കാവട്ടെ സാധുതയുമില്ല. എല്ലാം കൃത്രിമം! എല്ലാം നമ്മുടെ തന്നെ സൃഷ്ടി.
ഈ പ്രപഞ്ചത്തിന് രൂപം കൊടുക്കുന്നത് നമ്മുടെ മനസ്സ് തന്നെയാണെങ്കിൽ മനസ്സ് എന്തുകൊണ്ട് അത്തരം ഒരു സാഹസത്തിന് മുതിരണം? അതിന് അതിൽനിന്നും വിട്ടുനിന്നുകൂടേ? എത്രയോ അർത്ഥവ്യത്തായ ചോദ്യം! എന്നാൽ കാര്യത്തോടടുക്കുമ്പോൾ കളി മാറുന്നു. മനസ്സിന് അതിനൊട്ടും തന്നെ താത്പര്യമില്ല. പ്രശ്നം മനസ്സിലാണ് കിടക്കുന്നത്. മനസ്സ് പറയുന്നു “ഈ പ്രശ്നങ്ങളൊക്കെ യാഥാർഥ്യമാണ്. നീയവക്ക് പരിഹാരം കണ്ടുപിടിക്കുക. അപ്പോൾ അവ തിരോഭവിക്കും” വാസ്തവത്തിൽ മനസ്സിന് വേണ്ടത് പ്രശ്നങ്ങളേക്കാളുപരി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. പരിഹാരം കണ്ടുപിടിക്കുന്നതിനുവേണ്ടി പ്രശ്നങ്ങൾ തുടരെ തുടരെ മനസ്സിൽ സൃഷ്ടിക്കപ്പെടുന്നു. ഇപ്രകാരം പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെ മനസ്സിൽ സംഭവിക്കുന്നു. എന്നാൽ ശരിക്കുമുള്ള പരിഹാരമുണ്ടോ കണ്ടുപിടിക്കപ്പെടുന്നു! പ്രശ്നം കപടമാണെങ്കിൽ പിന്നെ പരിഹാരം എങ്ങനെയാണ് സത്യമാകുന്നത്? പരിഹാരം എപ്പോഴും അപൂർണ്ണവും അസത്യവും കപടവും ആയിരിക്കും. അപൂർണ്ണതയുമായി പൊരുത്തപ്പെടുവാൻ മനസ്സിനാവില്ല. അതിനാൽതന്നെ ഈ പ്രക്രിയ അനന്തമായി നീളുന്നു.
ഇവിടെയാണ് പ്രശ്നങ്ങളെ അവഗണിച്ച് തുടങ്ങേണ്ടുന്നതിന്റെ ആവശ്യകതയിലേക്ക് ഞാൻ വിരൽ ചൂണ്ടുന്നത്. കപടമായ പ്രശ്നങ്ങളെ താലോലിക്കുവാനുള്ള വാസന മനസ്സിനുണ്ടെങ്കിൽ ആദ്യമേ തന്നെ അതിനൊരു വിരാമമിടുക. പ്രശ്നങ്ങളുടെ തള്ളിക്കയറ്റവും പരിഹാരങ്ങൾ കണ്ടുപിടിക്കുവാനുള്ള വ്യഗ്രതയും മൂലം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന മനസ്സിന് അൽപം ശാന്തി കിട്ടട്ടെ!നാം തന്നെയാണ് മനസ്സിനെ പ്രക്ഷുബ്‌ധമാക്കുന്നത്. അതിനാൽതന്നെ പ്രക്ഷുബ്ധതയുടെ പരിഹാരവും നമ്മുടെ കയ്യിൽ തന്നെയാണ് ഇരിക്കുന്നതും. ഇവിടെയാണ് പ്രശ്നങ്ങളെ അവഗണിച്ച് തുടങ്ങേണ്ടുന്നതിന്റെ ആവശ്യകത കുടികൊള്ളുന്നതും. പ്രശ്നങ്ങൾ നാം തന്നെ സൃഷ്ടിക്കുന്നതാണെങ്കിൽ അതിനൊരു വിരാമമിടുവാനും നമുക്ക് കഴിയും. ഇപ്രകാരം എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം സമ്പാദിച്ച് അനന്താനന്ദത്തിലേക്ക് വരുവാൻ മനുഷ്യന് കഴിയും.
എല്ലാ പ്രശ്നങ്ങളെയും ദൂരെയെറിയുവിൻ. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ബാധിക്കുവാൻ ഒരു പ്രശ്നത്തിനും കഴിയുകയില്ല! നിങ്ങൾ ശുദ്ധമായ ആത്മാവാണ് അല്ലെങ്കിൽ ഈശ്വരനാണ്. ഈശ്വരനെ പ്രശ്നങ്ങൾ ബാധിക്കുകയെന്നോ? ഒരിക്കലും ഇല്ല. ബാധിക്കുന്നതായി തോന്നുക മാത്രം ചെയ്യുന്നു. അതിനാൽ നിങ്ങളുടെ പ്രശ്നങ്ങളെയെല്ലാം കുടഞ്ഞ് കളയുവിൻ! ഒരിക്കൽ നിങ്ങളതിൽ വിജയിച്ചാൽ നിങ്ങൾ പ്രശ്നങ്ങളാകുന്ന മായാബന്ധനത്തിൽ നിന്നും എന്നെന്നേക്കുമായി മോചനം നേടുന്നു. തെറ്റായ ശീലമാണ് മനുഷ്യന് ക്ലേശങ്ങൾ കൊടുക്കുന്നത്. പ്രശ്നങ്ങൾ യഥാർത്ഥമാണെന്ന് അവൻ ധരിച്ച് വച്ചിരിക്കുന്നു. മറിച്ച് അത് വെറും മായയാണ്. പ്രശ്നങ്ങൾക്കുള്ള യഥാർത്ഥമായ പരിഹാരം അത്തരം ഒരു പരിഹാരം അന്വേഷിക്കുവാതിരിക്കുമ്പോൾ മാത്രമാണ് ലഭിക്കുന്നത്. പരിഹാരം അന്വേഷിക്കുന്നിടത്തോളം കാലം പ്രശ്നങ്ങൾ മനസ്സിലേക്ക് വന്നുകൊണ്ടിരിക്കും
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷിബു മാത്യൂ. മലയാളം യുകെ ന്യൂസ്
പുതുമകൾ തേടുന്ന യോർക്ഷയറിലെ കീത്തിലി മലയാളി അസ്സോസിയേഷൻ്റെ (KMA) ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച ഈസ്റ്റർ സ്കിറ്റ് “അമ്മ വിലാപം” ജനശ്രദ്ധ നേടുന്നു. ഈസ്റ്ററുമായി ബന്ധപ്പെട്ട് സാധാരണ അവതരിപ്പിക്കുന്ന സ്കിറ്റുകളിലധികവും കർത്താവിൻ്റെ ഉയിർപ്പാണ് ആധാരം. എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായി മിശിഹാ ഉയിർക്കുന്നതിന് മുമ്പ് കാൽവരിയുടെ നെറുകയിൽ നടന്ന സംഭവ കഥയുടെ ദൃശ്യാവിഷ്കാരമാണ് സിമ്പോളിക്കായി കീത്തിലി മലയാളി അസ്സോസിയേഷൻ അവതരിപ്പിച്ചത്.
സ്ത്രീയേ, ഇതാ നിൻ്റെ മകൻ എന്ന് മറിയത്തോടും, ഇതാ നിൻ്റെ അമ്മയെന്ന് യോഹന്നാനോടും ജീവൻ വെടിയുന്നതിന് തൊട്ട്മുമ്പുള്ള കർത്താവിൻ്റെ വാക്കുകൾ. അനന്തരം പടയാളികൾ ഈശോയുടെ തിരുശരീരം കുരിശ്ശിൽ നിന്നിറക്കി മാതാവിൻ്റെ മടിയിൽ കിടത്തി. ഈ രണ്ട് സംഭവങ്ങളെയും കോർത്തിണക്കി സംസാരമില്ലാതെ അവതരിപ്പിച്ച സ്കിറ്റാണ് ജനശ്രദ്ധ നേടുന്നത്. കർത്താവിനെ കുരിശിൽ നിന്നിറക്കുന്ന, അധികമാരും കാണാത്ത രംഗമായിരുന്നു സ്കിറ്റിന്റെ കാതലായ ഭാഗം. ആണികളിൽ നിന്നും കൈകൾ വേർപെടുത്തിയ കർത്താവിൻ്റെ തിരുശരീരം പടയാളികളിലൊരുവൻ്റെ തോളിലേയ്ക്ക് വീണത് ഞെട്ടലോടെയാണ് പ്രേക്ഷകർ കണ്ടത്. തുടർന്ന് പടയാളികൾ ചേതനയറ്റ മകനെ മാതാവിൻ്റെ മടിയിൽ കിടത്തി. മടിയിൽ കിടക്കുന്ന മകനെ മൗന ഭാഷയിൽ തലോടുമ്പോൾ മാതാവിൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇത് കണ്ടു നിന്ന പ്രേക്ഷകരുടെ കണ്ണുകളും നിറഞ്ഞൊഴുകി. മാതാവിൻ്റെ മടിയിൽ നിന്നും പടയാളികൾ കർത്താവിനെയെടുത്ത് വെള്ളക്കച്ചയിൽ പൊതിഞ്ഞ് കല്ലറയിലേയ്ക്ക് കൊണ്ടു പോകുന്ന രംഗം ഏതൊരു അമ്മമാരുടെയും ഹൃദയം നുറുങ്ങുന്നതായിരുന്നു.
കേവലം വെറുമൊരു സ്കിറ്റായിരുന്നെങ്കിലും അവതരണ ശൈലി കൊണ്ട് കാണികളും അഭിനേതാക്കളും അഭിനയത്തേക്കാളുപരി, നടന്ന ഒരു സംഭവത്തോടൊപ്പം ജീവിക്കുകയായിരുന്നു. കർത്താവ് ഉയിർത്തു എന്ന നഗ്ന സത്യം ലോകത്തിലുള്ള എല്ലാവർക്കുമറിയാം. എന്നാൽ കർത്താവിൻ്റെ അമ്മയുടെ ദു:ഖം എത്രമാത്രമെന്ന് ലോകത്തെയറിയ്ക്കാനാണ് ഇങ്ങനെയൊരു ശ്രമം നടത്തിയതെന്ന് സ്കിറ്റിൻ്റെ സംവിധായകൻ സോജൻ മാത്യൂ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ലോക പ്രശസ്തനായ മൈക്കളാഞ്ചലോയുടെ “പിയാത്ത” എന്ന അത്ഭുതകരമായ കലാസൃഷ്ടിയിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഇങ്ങനെയൊരു സൃഷ്ടി രൂപപ്പെട്ടതെന്ന് സോജൻ മാത്യൂ കൂട്ടിച്ചേർത്തു.
ഡോ. അഞ്ചു ഡാനിയേൽ, ഗോഡ്സൺ ആൻ്റോ, ജോയൽ ജേക്കബ്, തോമസ്സ് മാത്യൂ, നേഥൻ ജോസഫ് എന്നിവർ പ്രധാന വേഷമണിഞ്ഞു. രംഗപടം ഫെർണാണ്ടെസ് വർഗ്ഗീസും, റോബി ജോൺ, ബാബു സെബാസ്റ്റ്യൻ, പൊന്നച്ചൻ തോമസ്സ്, ടോം ജോസഫ് എന്നിവർ സാങ്കേതിക നിയന്ത്രണം നിർവ്വഹിച്ചു. നൂതന സാങ്കേതിക വിദ്യകളൊന്നുമില്ലാതെ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവ കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് സംവിധായകൻ സോജൻ മാത്യുവും ടീമും അമ്മ വിലാപമെന്ന സ്കിറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
അമ്മ വിലാപം സ്ക്കിറ്റിൻ്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ലണ്ടൻ : സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത, നോട്ടിങ്ഹാം സെയ്ന്റ് ജോൺ മിഷന്റെ ഭാഗമായ ചെസ്റ്റർഫീൽഡ് കൂട്ടായ്‌മയിൽ ഈസ്റ്റർ സമുചിതമായി ആഘോഷിച്ചു. ഏപ്രിൽ 23 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വി. കുർബാനക്കു ശേഷം ആരംഭിച്ച ആഘോഷങ്ങൾ, കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയോടെ കൂടുതൽ മനോഹരമായി. ഫാ. ജോബി ഇടവഴിക്കൽ, കമ്മിറ്റി അംഗങ്ങൾ, മതാദ്ധ്യപകർ എന്നിവർ നേതൃത്വം നൽകിയ ഈസ്റ്റർ സായാഹ്നം ചെസ്റ്റർഫീൽഡ് സീറോ മലബാർ കൂട്ടായ്‌മക്ക് കൂടുതൽ ഉണർവ്വും ആവേശവും നൽകിയ അവസരമായിമാറി.
ലണ്ടൻ ● ആകമാന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ 2023 മെയ് 12 മുതൽ 15 വരെ UK (യുണൈറ്റഡ് കിങ്ഡം) സന്ദർശിക്കും.
ഇഗ്ലണ്ടിലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ മെയ് 11 വ്യാഴാഴ്ച എത്തുന്ന പരിശുദ്ധ പിതാവിന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരും, MSOC യുകെ കൗൺസിലും, മാഞ്ചസ്റ്റർ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേർന്ന് ആവേശോജ്ജ്വലമായ സ്വീകരണം നൽകും. മെയ് 12-ാം തീയതി പരിശുദ്ധ പിതാവ് മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകാംഗങ്ങളുമായി സ്നേഹ സംഗമം നടത്തും.
മെയ് 13-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് UK യിലെ യാക്കോബായ സുറിയാനി വിശ്വാസികൾക്ക് വേണ്ടി യൂണിവേഴ്സിറ്റി ഓഫ് ബോൾട്ടൻ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച വിശുദ്ധ മദ്ബഹായിൽ പരിശുദ്ധ പിതാവ് വിശുദ്ധ കുർബ്ബാന അർപ്പിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് UK യിലെ സഭയുടെ 36 പള്ളികളിൽ നിന്നും പങ്കെടുക്കുന്ന ആത്മീയ മക്കളുമായി കുടിക്കാഴ്ച നടത്തും.
13 ന് വൈകിട്ട് 4 മണിയോട് കൂടി മാഞ്ചസ്റ്റർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പളളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്കുള്ള ആരംഭം കുറിക്കുകയും ഏകദേശം 9 മണിയോട് കൂടി പ്രാർത്ഥനാ ശുശ്രൂഷകൾക്ക് വിരാമം കുറിക്കുകയും ചെയ്യും.
മെയ് 14-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കപ്പെടും. തുടർന്ന് പൊതുസമ്മേളനം നടക്കും. മെയ് 14 ഞായറാഴ്ച വൈകിട്ട് പരിശുദ്ധ പിതാവിൻ്റെ അധ്യക്ഷതയിൽ MS0C യുകെ കൗൺസിൽ യോഗം ചേരും.
പരിശുദ്ധ പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാവിധ ആത്മീയ-സാമൂഹിക പരിപാടികൾക്കു ശേഷം മെയ് 15-ാം തീയതി ശ്ലൈഹീക സന്ദർശനം പൂർത്തിയാക്കും
യു.കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ശ്ലൈഹീക സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലെ വൈദികരും കൗൺസിൽ അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകും.