Spiritual

സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് സ്ലീഹാ യുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മുന്നാം ഞായറാഴ്ച്ച കുർബ്ബാന ജനുവരി മാസം പതിനാറാം തിയ്യതി ഞായറാഴ്ച നടത്തപ്പെടുന്നു. ഇടവക വികാരി റെവ: ഫാദർ ഗീവർഗ്ഗീസ്‌ തണ്ടായതിന്റെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനാ യും തുടർന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓൺ ട്രെന്റ് പരിസരത്തെ എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്ക്എടുത്ത് അനുഗ്രഹം പ്രാപിപ്പാൻ സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന പള്ളി കമ്മറ്റി ഭാരവാഹികളുടെ നമ്പറിൽ വിളിക്കാവുന്നതാണ്.
റൈനോ തോമസ്‌ (സെക്രട്ടറി )
07916 292493
ബിനോയി കുര്യൻ
(ട്രസ്റ്റീ)
07525 013428
ബിജു തോമസ്‌
07727 287693

കുർബ്ബാന നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
High St, Talke Pits, Stoke-on-Trent ST7 1PX

ബിനോയ് എം. ജെ.

സഹസ്രാബ്ദങ്ങളിലൂടെ കോടാനുകോടി ജനങ്ങൾ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമന്വേഷിക്കുന്നു. നാമും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ നാം എന്തെങ്കിലും പരിഹാരത്തിൽ എത്തിച്ചേരുന്നുണ്ടോ? എത്തിച്ചേരുന്നില്ല എന്ന് നിസ്സംശയം പറയാം. ഈ രീതിയിൽ പോയാൽ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവില്ല എന്ന് സമ്മതിച്ചേ തീരൂ..എന്നിട്ടും നാമെന്തിനാണ് അതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ?അതിന് തീർച്ചയായും ഒരു പരിഹാരമുണ്ടാവുമെന്ന് ഉള്ളിലുള്ള ആത്മാവ് മന്ത്രിക്കുന്നു. എന്നാൽ നാമതിൽ വിജയിക്കുന്നുമില്ല. സഹസ്രാബ്ദങ്ങളായി നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണിതിന്റെ കാരണം ?

സത്യത്തിൽ ജീവിതപ്രശ്നങ്ങളുടെ കാരണവും അതിനാൽതന്നെ അവയ്ക്കുള്ള പരിഹാരവും നമ്മുടെ ഉള്ളിൽ തന്നെയാണ് കിടക്കുന്നത്. നമ്മിൽ ഭൂരിപക്ഷവും അതിനെ ബാഹ്യലോകത്തന്വേഷിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് നാം പരാജയപ്പടുന്നതും. ബാഹ്യലോകത്തെ തിരുത്തുവാൻ ശ്രമിച്ചിട്ട് കാര്യമില്ല. ഒരു പ്രശ്നം പരിഹരിക്കുമ്പോൾ മറ്റൊരു പ്രശ്നം ജൻമമെടുക്കുന്നു. ശാസ്ത്രം ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ സ്വാഭാവികമായും തൊണ്ണൂറ്റി ഒൻപത് പുതിയ ചോദ്യങ്ങൾ ഉത്ഭവിക്കുന്നു. ഇത് അന്തമില്ലാത്ത ഒരു പ്രതിഭാസമാണ്. ഇതിനെ ആപേക്ഷികത(relativity) എന്ന് വിളിക്കാം.ഒരു വശം ഉയരുമ്പോൾ മറുവശം താഴുന്നു. ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ അവ മന:സ്സിലേക്ക് പരക്കുന്നു. ദാരിദ്ര്യം സമ്പത്തിന് വഴിമാറുമ്പോൾ മന:സ്സിന് അതിന്റെ ശാന്തിയും പ്രതീക്ഷകളും ഉൻമേഷവും നഷ്ടപ്പെട്ടുപോവുന്നു. ഇത് നമുക്ക് അറിവുള്ള വസ്തുതയാണ്.

വാസ്തവത്തിൽ എന്താണ് നമ്മുടെ പ്രശ്നം? നാം പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നു എന്നത് തന്നെയാണ് നമ്മുടെ പ്രശ്നം. നാമതല്ല ചെയ്യേണ്ടിയിരുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നതിന്പകരം നാമവയെ വലിച്ചെറിയുകയാണ് ചെയ്യേണ്ടിയിരുന്നത്. നിങ്ങൾക്ക് എന്ത് തോന്നുന്നു? ദുർഗന്ധം വമിക്കുന്ന ഒരു വസ്തു നിങ്ങളുടെ മുറിയിലുണ്ടെങ്കിൽ അതിനെ വലിച്ചെറിയുക മാത്രമാണ് ദുർഗന്ധത്തിൽ രക്ഷനേടുവാനുള്ള ഏകമാർഗ്ഗം. അതിനുപകരം നാമെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ദുർഗന്ധത്തെ കുറിച്ച് നാമൊരു പഠനം തന്നെ തുടങ്ങിവയ്ക്കുന്നു. അതിന്റെ കാരണമെന്താണെന്നും പരിഹാരം എന്താണെന്നും നാം ഗവേഷണാത്മകമായ ഒരന്വേഷണം തുടങ്ങുന്നു. കുറേ നാൾ കഴിയുമ്പോൾ ആ വസ്തുവിന്റെ ദുർഗന്ധം പ്രകൃത്യാ തന്നെ തിരോഭവിക്കുന്നു. പക്ഷെ നമ്മുടെ ഗവേഷണത്തിനുള്ള ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ദുർഗന്ധം മാറ്റുവാനുള്ള ശാസ്ത്രീയമായ ഒരു മാർഗ്ഗമാണ് നമുക്ക് വേണ്ടത്. അത് കണ്ടുപിടിക്കുവാൻ വേണ്ടി നാം ദുർഗന്ധം വമിക്കുന്ന മറ്റൊരു വസ്തുവിനെ മുറിയിൽ കൊണ്ട് വച്ചു കൊണ്ട് പരീക്ഷണം തുടരുന്നു. ഇത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഫലമോ, നാമെന്നും ദുർഗന്ധത്തിൽ തന്നെ കഴിയുന്നു.ദുർഗന്ധം വമിക്കുന്ന വസ്തു മുറിയിലുള്ളിടത്തോളം നാം ദുർഗന്ധത്തിൽ ആയിരിക്കും.

ഇപ്രകാരം നമ്മുടെ പരീക്ഷണങ്ങൾ അനന്തതയിലേക്ക് നീളുന്നു. അതിന് ഒരിക്കലും ഉത്തരം കിട്ടുകയില്ല. നാമീ പ്രക്രിയയെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ദുർഗന്ധം വമിക്കുന്ന വസ്തുവിനെ എടുത്തു കളയുക മാത്രമല്ല ആ സ്ഥാനത്ത് ദുർഗന്ധം വമിക്കുന്ന മറ്റൊന്നിനെയും കൊണ്ടുവന്ന് വയ്ക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു പ്രശ്നം കുറെനാൾ കഴിയുമ്പോൾ താനേ മാറിയേക്കാം. ആ സ്ഥാനത്ത് പുതിയ പ്രശ്നങ്ങളെ നാം പ്രതിഷ്ഠിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാമൊന്ന് മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതം നാം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.

പ്രശ്നസങ്കലിതവും വിരൂപവുമായ ഒരു മുഖത്തിനപ്പുറം പ്രശ്നങ്ങളുടെ ലാഞ്ചനപോലും ഏൽക്കാത്ത സുന്ദരവും അതിഗംഭീരവുമായ ഒരു മുഖം കൂടി ജീവിതത്തിന് ഉണ്ടെന്നും, അവിടെ താൻ ഈശ്വരതുല്യനാണെന്നും അവിടെ എത്തിച്ചരുക അത്ര ക്ലേശകരമൊന്നുമല്ലെന്നും, മനോഭാവത്തിൽ അൽപം മാറ്റം വരുത്തിയാൽ അത് സാധിക്കുമെന്നും മന:സ്സിലാക്കുന്ന വ്യക്തി, സകല പ്രശ്നങ്ങളെയും അവയുടെ ഭാണ്ഡക്കെട്ടുകളെയും വലിച്ചെറിഞ്ഞുകൊണ്ട്, പ്രശാന്തസുന്തരവും അത്യന്തം ഭാവാത്മകവും അനന്താനന്ദപരവുമായ ആ മനോഭാവത്തിലേക്ക് എടുത്തുചാടുന്നു. അയാൾ നിർവ്വാണത്തിലെത്തുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ : 917034106120

കോവിഡ് , ഒമിക്രോൺ ഭയാശങ്കകളിൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ഓൺലൈനിൽ നടത്തപ്പെടുന്നു. .റവ .ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ(08/01/2022) നടക്കും . സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണയും വൈകിട്ട് 4 നാണ് ആരംഭിക്കുക . രാത്രി 8.30 ന് അവസാനിക്കും .

പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകൻ റവ ഫാ. സെബാസ്റ്റ്യൻ ക്രിസ്റ്റി ,ബർമിങ്ഹാം അതിരൂപതയിലെ ഡീക്കൻ റവ. ഡേവിഡ് പാമെര്‍ എന്നിവർ ഇത്തവണ പങ്കെടുക്കും . മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം വൈകിട്ട് 4 മുതൽ കുട്ടികളുടെ ശശ്രൂഷയോടെ ആരംഭിക്കും .5 മണിക്ക് ഇംഗ്ലീഷ് ശുശ്രൂഷയും 6 മുതൽ രാത്രി 8.30 വരെ മലയാളം കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന സൂം പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ ശനിയാഴ്ച്ച വൈകിട്ട് 4 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

ബിനോയ് എം. ജെ.

മനുഷ്യൻ സദാ പ്രശ്നങ്ങളെ താലോലിച്ചുകൊണ്ടിരിക്കുന്നു. അതവന്റെ ശീലവും പ്രകൃതവും ആയിപ്പോയി. ഒരു ദിവസത്തെ നിങ്ങളുടെ മാനസിക വ്യാപാരങ്ങളെ ഒന്നു നിരീക്ഷിക്കുവിൻ. എന്താണ് നിങ്ങളുടെ മനസ്സിൽ നടന്നുകൊണ്ടിരിക്കുന്നത്? നിങ്ങൾ പ്രശ്നങ്ങളെ ഓരോന്നോരോന്നായി വിശകലനം ചെയ്തു കൊണ്ടിരിക്കുന്നു ! ഒരു പ്രശ്നം മാറുമ്പോൾ നിങ്ങൾ സ്വതന്ത്രരാവുമെന്ന് നിങ്ങൾ മിഥ്യാ വിചാരിക്കുന്നു. വാസ്തവത്തിൽ ഒരു പ്രശ്നം മാറുമ്പോൾ ആ സ്ഥാനത്ത് മറ്റൊരു പ്രശ്നം പ്രവേശിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? കാരണം നിങ്ങൾ പ്രശ്നങ്ങളെ സദാ നിങ്ങളിലേക്ക് ആകർഷിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾ അങ്ങനെ ചെയ്യുന്നിടത്തോളം കാലം പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും. അതിൽ അത്ഭുതമില്ല.

നിങ്ങൾ എന്തുകൊണ്ട് പ്രശ്നങ്ങളെ ഇങ്ങനെ ആകർഷിച്ചു കൊണ്ടേയിരിക്കുന്നു? അതിന്റെ ബീജം മൃഗജന്മങ്ങളിലൂടെ പുറകോട്ട് പോകുവാനാണ് സാധ്യത. മൃഗങ്ങൾ മരണത്തെ ഭയപ്പെടുന്നു. അതൊരു ഭയപ്പെടുത്തുന്ന ഓർമ്മയായി പരിണാമത്തിലൂടെ മനുഷ്യമനസ്സിലും സ്ഥാനം കണ്ടെത്തുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം മരണത്തെ ഭയപ്പെടേണ്ട കാര്യമില്ല. കാരണം അവന് മരണത്തിന്റെ അപ്പുറംപോകുവാനുള്ള കഴിവുണ്ട്. അവന് നിർവ്വാണത്തിലേക്ക് വരുവാൻ കഴിയും. എന്നിരുന്നാലും മരണത്തിന്റെ പേടിപ്പിക്കുന്ന ഓർമ്മകൾ അവന്റെയുള്ളിൽ കിടപ്പുണ്ട്. ഈ ആശയക്കുഴപ്പത്തിൽനിന്നും ചിന്ത ഉദിക്കുന്നു. ചിന്തയാവട്ടെ പ്രശ്നങ്ങളെ തിരയുന്നു. അതുകൊണ്ടാണ് പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തുന്നത്. നിങ്ങൾ അവയെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.

പ്രശ്നങ്ങളെ ആകർഷിക്കുന്ന ഈ ശീലത്തിന് വിരാമമിട്ടാൽ നിങ്ങൾ നിർവ്വാണത്തിലേക്ക് വരും. പ്രശ്നങ്ങളെ ആകർഷിക്കുന്നതിന് പകരം അവയെ വികർഷിക്കുവിൻ. അപ്പോൾ അവ ദൂരെയകലും. ഒരിക്കൽ നിങ്ങൾ അവയെ ദൂരെയെറിഞ്ഞാൽ പിന്നീടവ വരികയില്ല. കാരണം അപ്പോഴേക്കും നിങ്ങൾക്ക് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായിക്കഴിഞ്ഞിരിക്കും. നിങ്ങൾക്ക് നിർണ്ണായകമായ ആ ഉൾകാഴ്ച (insight) കിട്ടിക്കഴിഞ്ഞിരിക്കും. ഞാൻ സ്വതവേ ആനന്ദസ്വരൂപനാണെന്നും പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ട ആവശ്യമൊന്നും എനിക്കില്ലെന്നും ആ പ്രശ്നങ്ങൾ തന്നെയാണ് എന്നെ ദുഷിപ്പിക്കുന്നതെന്നും ഒരിക്കൽ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഞാൻ പ്രശ്നങ്ങളെ ആകർഷിക്കുകയോ അവയുടെ പിറകെ ഓടുകയോ ഇല്ല. അപ്പോൾ നാം പരിപൂർണ്ണരാവുന്നു. നമ്മിലെ അനന്താനന്ദം പ്രകാശിക്കുന്നു.

നിഷേധാത്മക ചിന്തകളെ(പ്രശ്നങ്ങളെ) ആകർഷിക്കുന്നതിന് പകരം ഭാവാത്മക ചിന്തകളെ ആകർഷിക്കുവിൻ. അപ്പോൾ നിങ്ങളുടെ മനസ്സ് പ്രകാശിച്ചു തുടങ്ങും. ഭാവാത്മക ചിന്തകൾ കൂടുതൽ കൂടുതൽ മനസ്സിൽ ചേക്കേറട്ടെ. നിങ്ങൾ എന്ത് ചിന്തിച്ചാലും അത് ഭാവാത്മകമാവട്ടെ. നിങ്ങൾക്ക് അസാധ്യമായി യാതൊന്നും ഇല്ലെന്ന് അറിഞ്ഞുകൊള്ളുവിൻ. ദിവാസ്വപ്നം കാണുന്നതിൽ തെറ്റൊന്നുമില്ല. അതൊരു തരം ഭാവാത്മക ചിന്തയാണ്. നിഷേധാത്മക ചിന്തകൾ മനസ്സിൽ ആശയക്കുഴപ്പം ജനിപ്പിക്കുമ്പോൾ ഭാവാത്മക ചിന്തകൾ അവയെ തിരുത്തുന്നു. നിങ്ങളുടെയുള്ളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഈശ്വരൻ നിഷേധാത്മകമായ ഒരു സത്തയല്ല. മറിച്ച് അത് അത്യന്തം ഭാവാത്മകമായ ഒരു സത്തയാണ്. അതുകൊണ്ടാണ് നിഷേധാത്മക ചിന്തകളല്ല, ഭാവാത്മക ചിന്തകളാണ് നിങ്ങളുടെ പ്രകൃതത്തിന് യോജിച്ചവയെന്ന് പറയുന്നത്. ഭാവാത്മകമായ ഓരോ ചിന്തയും അവിടവിടെയായി തങ്ങിനിന്ന് നിങ്ങളിലെ ആശയക്കുഴപ്പങ്ങളെ ഓരോന്നോരോന്നായി തകർക്കുന്നു. ഒടുവിൽ നിങ്ങൾ യാതൊരു സംശയവും ,ക്ലേശങ്ങളും, പ്രാരാബ്ധങ്ങളും ഇല്ലാത്ത സാക്ഷാൽ ഈശ്വരനായി പ്രകാശിക്കുന്നു. അതുവരെ നിങ്ങൾ സാധന ചെയ്യണ്ടിയിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ : 917034106120

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിൽ ഉൾപ്പെട്ട സൗത്താപ്റ്റൺ പ്രദേശത്ത് വിശ്വാസികളുടെ ആവശ്യപ്രകാരം പുതിയ ഒരു കോൺഗ്രിഗേഷന് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി കൽപ്പന മുഖാന്തരം അനുമതി നൽകി .

ധാരാളം ആളുകൾ യുകെയിലേക്ക് കുടിയേറുന്ന സാഹചര്യത്തിൽ യുകെയിലെ സൗത്താപ്റ്റണിൻ്റെ സമീപപ്രദേശങ്ങളായ ഹെഡ്‌ജെൻഡ്, വെസ്റ്റെൻഡ്, ഹംബിൾ, റോംസി, ഈസ്റ്റ്‌ലീ, വിൻചെസ്റ്റർ, സാലിസ്‌ബറി, ആൻഡോവർ, ബേസിംഗ്‌സ്റ്റോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന വിശ്വാസികൾക്ക് എത്തിച്ചേരുവാൻ സൗകര്യപ്രദമായി ഒരു ഇടവക വേണമെന്ന വിശ്വാസികളുടെ ആഗ്രഹം പരിഗണിച്ച് അഭിവന്ദ്യ തിരുമേനി കപ്പദോക്യൻ പിതാക്കന്മാരായ മാർ ബസേലിയോസ് ഗ്രിഗോറിയോസ് പിതാക്കന്മാരുടെ നാമധേയത്തിൽ ഇടവക ആരംഭിക്കുന്നതിന് ബഹുമാനപ്പെട്ട അനൂപ് എബ്രഹാം അച്ചനെ ചുമതലപ്പെടുത്തുകയായിരുന്നു .

ബഹുമാനപ്പെട്ട ഇടവക വികാരി അനൂപ് എബ്രഹാം അച്ചൻ്റെ നേതൃത്വത്തിൽ 2022 ജനുവരി ഒന്നിന് മാർ ബസേലിയോസ്, ഗ്രിഗോറിയോസ് പിതാക്കന്മാരുടെ ഓർമപ്പെരുനാൾ ആഘോഷിച്ചു. അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ കൽപ്പന വായിച്ച് കോൺഗ്രിഗേഷൻ രൂപീകൃതമായതായി പ്രഖ്യാപിച്ചു.

 

തുടർന്ന് നടന്ന യോഗത്തിൽ ഇടവകയുടെ 2022 മാർച്ച് 31 വരെയുള്ള സുഗമമായ നടത്തിപ്പിനായി സുനിൽ ചാക്കോയെ ട്രസ്റ്റിയായും സിനാഷ് തോമസ് ബാബുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

എല്ലാമാസവും ഒന്നാം ശനിയാഴ്ചകളിൽ രാവിലെ 9 മണിക്ക് വി. കുർബാന ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :
Rev. Fr. Anoop Abraham (vicar )
07454190013
Mr.sunil Chacko (Trustee)
07710618432
Mr. Cinash Thomas Babu (Seeratory)
07903094545

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വുമൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പുതു വർഷ ദിനമായ ജനുവരി ഒന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിമുതൽ നാലേകാൽ വരെ പ്രത്യേക ന്യൂ ഇയർ പ്രയർ സെഷൻ സംഘടിപ്പിക്കുന്നു . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിക്കുന്ന പ്രാർഥനയിൽ പ്രശസ്ത കരിസ്മാറ്റിക് വചന പ്രഘോഷകയായ ശ്രീമതി മിഷേൽ മോറൻ വചന പ്രഘോഷണം നടത്തുകയും ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യും ,ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വുമൺസ് ഫോറം പ്രസിഡന്റ് ഡോ . ഷിൻസി മാത്യു സ്വാഗതം ആശംസിക്കുകയും , ശ്രീമതി ഷൈനി സാബു നന്ദിയർപ്പിക്കുകയും ചെയ്യും , സൂം പ്ലാറ്റ് ഫോമിൽ കൂടി എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ പ്രാർഥനകൂട്ടായ്മയിൽ പങ്കെടുക്കുവാനും , പുതിയ വര്ഷം കൂടുതൽ ദൈവാനുഗ്രഹ പ്രദമാക്കുവാൻ വേണ്ടി പ്രാർത്ഥിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വുമൺസ് ഫോറം ഭാരവാഹികൾ അറിയിച്ചു .

 

ബിനോയ് എം. ജെ.

എപ്പോഴൊക്കെ ധർമ്മത്തിന് ച്യുതിയും അധർമ്മത്തിനു ഉയർച്ചയും ഉണ്ടാകുന്നുവോ അപ്പോഴെല്ലാം സാധുക്കളെ സംരക്ഷിക്കുന്നതിനും, ദുഷ്ടരെ ഹനിക്കുന്നതിനും, ധർമ്മം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഈശ്വരൻ യുഗം തോറും അവതരിക്കുന്നതായി ഭഗവത്ഗീതയിൽ പറയുന്നു. ഈശ്വരൻ സർവ്വശക്തനാണല്ലോ, അവനൊന്ന് കൽപിച്ചാൽ എന്തും സംഭവിക്കുമല്ലോ പിന്നെന്തിനാണ് ക്ലേശങ്ങൾ സഹിച്ചു കൊണ്ട് ഈശ്വരൻ അവതരിക്കുന്നത് എന്ന് പലരും ചോദിച്ചേക്കാം.. അതിനുള്ള ഉത്തരം ലളിതമാണ്- മുങ്ങിച്ചാകുന്നവനെ കരക്കിരുന്നുകൊണ്ട് രക്ഷിക്കുവാൻ ആവില്ല. അതിനു വേണ്ടി കുളത്തിലേക്ക് ചാടുക തന്നെ വേണം.

ഈശ്വരന്റെ മനുഷ്യാവതാരത്തെക്കുറിച്ച് വിവിധ മതങ്ങളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് കാണുന്നത്. സർവ്വവും പടച്ച അള്ളാഹുവിന് മനുഷ്യനായി ജനിക്കാൻ ആവില്ല, അതിന്റെ ആവശ്യവുമില്ല എന്ന് ഇസ്ളാമിൽ പറയുന്നു. ലോക രക്ഷയ്ക്കുവേണ്ടി ഈശ്വരൻ മനുഷ്യനായി അവതരിക്കുമെന്ന് വീണ്ടും വീണ്ടും പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും സാക്ഷാൽ ദൈവപുത്രൻ ഭൂമിയിൽ അവതരിപ്പിച്ചപ്പോൾ അവിടുത്തെ അറിയുവാനോ ശ്രവിക്കുവാനോ യഹൂദന്മാർക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല താൻ ദൈവപുത്രനാണ് എന്ന് പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ അവിടുത്തെ കുരിശിൽ തറയ്ക്കുവാനും അവർ മടി കാട്ടിയില്ല എന്നതിൽ നിന്നും അവരുടെ അവതാര സങ്കൽപത്തിന്റെ പൊള്ളത്തരം നമുക്ക് തിരിച്ചറിയാൻ കഴിയും. ക്രിസ്തുമതത്തിൽ യേശു മാത്രമാണ് ഈശ്വരന്റെ അവതാരം എന്നും മറ്റൊരു അവതാരം ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല എന്ന് ശക്തമായി വാദിക്കുമ്പോൾ ഹിന്ദുമതത്തിൽ അവതാരങ്ങളുടെ ഒരു വലിയ നിര തന്നെ കാണുന്നു.

ഈ രീതിയിൽ ചിന്തിക്കുമ്പോൾ അവതാര സങ്കല്പം വളരെയധികം നിഗൂഢമായ ഒരു ആശയം ആണെന്ന് കാണുവാൻ കഴിയും . ഈശ്വരൻ പലതവണ അവതരിച്ചിട്ടുണ്ടെങ്കിലും യേശുക്രിസ്തുമാത്രമാണ് പൂർണ്ണ അവതാരമെന്ന് പലതുകൊണ്ടും സമ്മതിച്ച് കൊടുത്തേ തീരൂ. മറ്റ് അവതാരങ്ങൾക്കെല്ലാം തന്നെ പൂർവ ജനങ്ങളുടെയും മൃഗ ജന്മങ്ങളുടെയും ഒരു ചരിത്രം ഉള്ളപ്പോൾ യേശു മിശിഹായ്ക്ക് അങ്ങനെ ഒരു പൂർവജന്മ ചരിത്രമില്ല. അവിടുന്ന് ഒരിക്കൽ മാത്രമേ ജനിച്ചിട്ടുള്ളൂ. അതും അജ്ഞാനത്തെ ഒട്ടും തീണ്ടാതെ. പാപി അല്ലാതിരുന്നിട്ടും അവിടുന്ന് ഏറ്റവും വലിയ പാപിയെപ്പോലെ മരിച്ചു. മൂന്നു നാൾക്ക് ശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. യേശുക്രിസ്തു വഴിയാണ് മാനവരാശിക്ക് മോക്ഷം കിട്ടിയതെന്നും പ്രസ്തുത മോക്ഷം നേടിയെടുത്തതല്ല; മറിച്ച് മനുഷ്യന് ദാനമായി കിട്ടിയതാണെന്നും ക്രിസ്തുമതം ലോകസമക്ഷം പ്രഖ്യാപിക്കുന്നു.

ഏതൊരു മനുഷ്യനും മോക്ഷം കിട്ടിയ ശേഷം അയാൾ വീണ്ടും ജനിക്കുകയാണെങ്കിൽ ആ ജനനം അയാൾക്ക് വേണ്ടി അല്ല മറിച്ച് ലോകഹിതാർത്ഥം ആണെന്നും അതിനാൽ തന്നെ അത് അവതാരമാണെന്നും സാമാന്യമായി പറയാം. ലോകത്തിന് മോക്ഷം ലഭിച്ചത് യേശുദേവൻ വഴിയാണെങ്കിൽ ആ മോക്ഷത്തിലെത്തിയ ലക്ഷക്കണക്കിനാളുകൾ ലോകത്ത് ഇതുവരെ ഉണ്ടായിരുന്നു എന്നും അവരിൽ ആയിരക്കണക്കിനാളുകൾ മോക്ഷപ്രാപ്തിക്ക് ശേഷം വീണ്ടും ജനിച്ചിട്ടുണ്ട് എന്നും അതിനാൽ തന്നെ അവരെല്ലാം തന്നെ അവതാരങ്ങൾ ആണെന്നും സമ്മതിച്ചേ തീരൂ . അവരെ ‘അംശാവതാരങ്ങൾ’ എന്ന് വിളിക്കാം. യേശു ജനിക്കുന്നതിനു മുമ്പ് തന്നെ ധാരാളം അവതാരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും നിങ്ങൾ ചോദിച്ചേക്കാം. ഉത്തരം ലളിതമാണ് -ഈശ്വരനിൽ സമയമില്ല . ചലനം ഉള്ളിടത്തേ സമയം ഉള്ളൂ .ഈശ്വരനിൽ എല്ലാം നിത്യതയിൽ സംഭവിക്കുന്നു.

ഈശ്വരന് മനുഷ്യനായി ഭൂമിയിൽ അവതരിക്കണമെങ്കിൽ അവിടുത്തേക്ക് അജ്ഞാനത്തിന്റെ മൂടുപടമണിഞ്ഞേ തീരൂ . ഈ അജ്ഞാനത്തെ അവർ തപസ്സിലൂടെ നീക്കിക്കളയുന്നു. അജ്ഞാനത്തിന്റെ മൂടുപടം അണിയാതെ ഒരു അവതാരം മാത്രമേ ഉണ്ടായിട്ടുള്ളൂ- അത് യേശുക്രിസ്തുവും ആകുന്നു. അവിടുത്തേക്ക് എല്ലാം തുടക്കം തൊട്ടേ അറിയാമായിരുന്നു .അതിനാൽ തന്നെ യേശുക്രിസ്തു മറ്റ് അവതാരങ്ങളിൽ നിന്നും ഭിന്നനും ആകുന്നു. മറ്റ് അവതാരങ്ങൾ ജീവിക്കുവാൻ വേണ്ടി അവതരിച്ചപ്പോൾ യേശുദേവൻ ആകട്ടെ മരിക്കുവാൻ വേണ്ടിയാണ് അവതരിച്ചത്.

‘നിർവിതർക്കസമാധി’യിൽ നിന്നും മടങ്ങി വരുവാൻ അവതാരങ്ങൾക്കേ കഴിയൂ. സാധാരണക്കാർക്ക് അതിനുള്ള കഴിവില്ല. സാധാരണക്കാർ നിർവിതർക്കസമാധിയിൽ ശാശ്വതമായി ലയിച്ചു പോകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

സ്പിരിച്ച്വല്‍ ഡെസ്‌ക്.
തിരുപ്പിറവി കഴിഞ്ഞുള്ള ആദ്യ ഞായര്‍. ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്കിയ വചന സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്. തിരുക്കുടുംബം. ഇത്രയും സുന്ദരമായ ഒരുക്കം ലോകത്ത് എവിടെയെങ്കിലും നടന്നതായി കാണുന്നുണ്ടോ??
ആകാശവും ഭൂമിയും ജീവജാലങ്ങളും വായുവും പ്രകാശവും സൃഷ്ടിച്ചു. കരയും കടലുമായി മാറ്റി നിര്‍ത്തി സസ്യലതാതികള്‍ സൃഷ്ടിച്ചു. ജീവജാലങ്ങളെ സൃഷ്ടിച്ചതിന് ശേഷമാണ് ദൈവം സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചത്. അവന് വേണ്ടി ഒരുക്കപ്പെട്ട പ്രചഞ്ചം എത്ര സുന്ദരമാണ്.
സൃഷ്ടിക്കല്ല സൃഷ്ടാവിനാണ് വില കൊടുക്കേണ്ടത്.

തിരുക്കുടുംബം എന്താണ് എന്ന് വ്യക്തമാക്കുകയായിരുന്നു റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയിനിയില്‍.
തിരുകുടുംബം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒരു കുടുംബം ഈ ഇടവകയില്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ വികാരിയച്ചന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്റെയടുത്തു വരുവിന്‍. ഇടവകയുടെ സമസ്ത സമ്പത്തും അവര്‍ക്കു വേണ്ടി കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. തിരുക്കുടുംബം അനുഭവിച്ച കഷ്ടപ്പാട് ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല എന്ന ഉത്തമ ബോധ്യം എനിക്കുള്ളതുകൊണ്ടാണ് ഞാനിത് പറയുന്നത്.

തിരുക്കുടുംബത്തേക്കുറിച്ച്
ആധികാരീകമായി സംസാരിച്ച ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയിലിന്റെ സന്ദേശം പൂര്‍ണ്ണമായി കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഫാ. ഹാപ്പി ജേക്കബ്

ഏവർക്കും തിരുജനനത്തിന്റെ പുണ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. കാത്തിരുന്ന ദിനം ആഗതമായി. ഈ ആഴ്ചകളിൽ നാം ചിന്തിച്ച വേദ ചിന്തകളുടെ അടിസ്ഥാനത്തിൽ ഏവരും ക്രിസ്തുയേശുവിൽ വളരുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു ചിന്ത മാത്രം ഏവരും ഉൾക്കൊള്ളുവാൻ ഞാൻ ആഗ്രഹിക്കുന്നു.  പാതിരാ കുർബാന കഴിഞ്ഞ് ദേവാലയത്തിൽ നിന്നും ഇറങ്ങി വരുന്ന ഏവരും ക്രിസ്തുവിനെ കൂടെ കൂട്ടുവാൻ മറക്കല്ലേ. കാത്തിരുന്ന ദിനം , സന്തോഷം ,കൂട്ടായ്മ എല്ലാം ലഭ്യമാകുന്നത് ക്രിസ്തുവിനെ കൂടെ കൂട്ടുമ്പോഴാണ് . അതില്ലാതെ  ഒരു  അനുഭവം നമുക്ക് ഉണ്ടാകരുതേ. കാരണം മറ്റൊന്നുമല്ല. പല കുടുംബങ്ങളുടെയും ഒരുക്കം കാണുമ്പോൾ ഏതോ വലിയ ആഘോഷം എന്ന് തോന്നിപ്പോകുന്നു . വിശുദ്ധ കുർബാന കഴിയുവാൻ സമയം നോക്കിയിരിക്കുവാണ് മിക്കവരും.

ദൂതൻ അവരോട്; ഭയപ്പെടേണ്ട ; സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാൻ നിങ്ങളോട്            സുവിശേഷിക്കുന്നു . കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. വി. ലൂക്കോസ് 2:10-11.

എല്ലാ ഭയാശങ്കകളും നീങ്ങി സന്തോഷ അനുഭവത്തിലേക്ക് നമ്മെ  എത്തിക്കുന്ന  ദിവ്യമായ ത്യാഗം. നോമ്പ് നോറ്റ് ഈ ജനനം സ്വീകരിപ്പാൻ ഒരുക്കത്തോടെ ഇരിക്കുന്ന ഏവർക്കും സന്തോഷം ലഭിക്കുന്ന തിരുജനനം.         ക്രിസ്തുവിന്റെ ജനനം ആണല്ലോ ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. എന്നാൽ ഒന്നോർക്കുക. കേവലം ആഘോഷത്തിനു വേണ്ടി ഒരു ദിനം മാറ്റി വയ്ക്കാതെ ഈ ജനനത്തെ  നമ്മുടെ ജീവിതവുമായി ചേർത്തുവയ്ക്കുക. അവൻ നമ്മിൽ  ജനിക്കട്ടെ , നമ്മളിൽ വളരട്ടെ. എന്റെ  ഇമ്മാനുവേൽ എന്നിൽ എന്ന് നമുക്ക് തീരുമാനിക്കാം .

മാലാഖമാരും ആട്ടിടയന്മാരും ജ്ഞാനികളും എല്ലാം ക്രിസ്തുവിനെ കാണുന്നത് നമുക്ക് പ്രചോദനങ്ങളാണ്. മാലാഖമാർ ദിവ്യ സന്ദേശവാഹകർ ആയതുപോലെ ഈ തിരുജനനത്തിൻെറ  സന്തോഷം വഹിച്ച് അന്ധകാരത്തിലും മരണ  നിഴലിലും ആയിരിക്കുന്ന അനേകർക്ക്   എത്തിക്കുവാൻ നാം ഒരുങ്ങണം . കഷ്ടതയുടെയും, വേദനയുടെയും, രോഗത്തിൻെറയും   നടുവിൽ കഴിയുന്ന നമ്മുടെ ഓരോരുത്തരുടെയും പ്രതീകമായിട്ടാണ് തണുപ്പ്  ഏറ്റ്  കാത്തിരിക്കുന്ന ആട്ടിടയന്മാർ. ബൗദ്ധികമായ  നേട്ടങ്ങളല്ല, സമർപ്പണമാണ് ഉന്നതിയുടെ ഭാവം എന്ന് വിശിഷ്ട സമ്മാനങ്ങൾ നൽകി ജ്ഞാനികൾ നമ്മെ പഠിപ്പിച്ചു. എന്നാൽ ആണ്ടോടാണ്ട് നാം ഈ  ശുശ്രൂഷകളിൽ പങ്കുകാരായിട്ടും നമ്മിൽ ഒരു ചലനവും ഉണ്ടായിട്ടില്ല എങ്കിൽ നാം ഇനിയും ക്രിസ്തുവിനെ സ്വീകരിച്ചിട്ടില്ല എന്നർത്ഥം. രാജത്വവും ധനവും ദാനവും എല്ലാം ശിശുവിനെ വന്നുകണ്ട്  സമർപ്പിച്ചപ്പോൾ അത് ധന്യതയുടെ അനുഭവം ആയി മാറിയ പോലെ നമുക്കും നമുക്കുള്ളതും  തിരുമുമ്പാകെ സമർപ്പിച്ചുകൊണ്ട് ഈ ജനനത്തിരുനാളിനെ വരവേൽക്കാം.

ക്രിസ്തുവിൻ്റെ ആശയങ്ങൾ പ്രസംഗിക്കുന്നവരെ അല്ല പ്രാവർത്തികമാക്കുന്നവരെയാണ് ലോകം ഇന്ന്  ആവശ്യപ്പെടുന്നത്. ജീവിതത്തിലൂടെയും പ്രവർത്തനത്തിലൂടെയും ഈ  സദ്വർത്തമാനം  നമുക്ക് മറ്റുള്ളവരെയും അറിയിക്കാം. അനേകം ആത്മാക്കളെ  നേടുന്നവരും അനേക ജീവിതങ്ങളെ സ്വാധീനിക്കുന്നവരും ആയി തീരാം നമുക്ക്. പ്രത്യേകിച്ചും കിടപ്പാടം  നഷ്ടപ്പെട്ടും  ഉപജീവനമാർഗങ്ങൾ ഇല്ലാതെയും, രോഗികളായും അനാഥരായും  തീർന്നവർ ഈ       മഹാവ്യാധി  മൂലം നമ്മുടെ ഇടയിൽ ധാരാളം ഉണ്ട്. അവരുടെ മുൻപിൽ ആർഭാടവും അഹന്തയും ആയി ഈ പെരുന്നാളിൽ  നാം ആയിത്തീരുന്നെങ്കിൽ ഈ ക്രിസ്തുമസും യാതൊരു മാറ്റവും നമുക്ക് തന്നില്ല എന്ന് മനസ്സിലാക്കാം .

ഈ സദ്വർത്തമാനം ദൂതരിൽ  നിന്ന്  ശ്രവിച്ച ആട്ടിടയർ ” നാം ബെത്ലഹേമോളം ചെന്ന് കർത്താവ് നമ്മോട്  അറിയിച്ച ഈ സംഭവം ചെന്ന് കാണണം എന്ന് പറഞ്ഞു” ആയതുപോലെ ആശംസകാർഡിലും , കരോളിലും  ആരാധനയിലും നാം മനസ്സിലാക്കിയ ഉണ്ണിയേശുവിനെ ദർശിച്ച് സായൂജ്യം അടയാം. ആചരണങ്ങളേക്കാളും മഹത്തരമാകട്ടെ നമ്മുടെ ഇനിയുള്ള ജീവിതം. പ്രതീകങ്ങളേക്കാൾ  പ്രശംസനീയമാകട്ടെ നമ്മുടെ ജീവിതം.
“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ;ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” . ഇത് തന്നെയാകട്ടെ നമ്മുടെ ക്രിസ്മസും .

ഏവർക്കും ആശംസകൾ നേർന്നുകൊണ്ട് പ്രാർത്ഥനയോടെ
ഫാ. ഹാപ്പി ജേക്കബ്ബ്

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം

മാർ ജോസഫ് സ്രാമ്പിക്കൽ

ദൈവം തന്നെത്തന്നെ ശിശുവാക്കുന്ന വലിയ രഹസ്യമാണ് ക്രിസ്മസില്‍ നമ്മള്‍ ധ്യാനവിഷയമാക്കുന്നത്. എല്ലാ മനുഷ്യരെയും അദ്ഭുതപ്പെടുത്തി ക്കൊണ്ടാണ് വചനമായ, സ്രഷ്ടാവായ ദൈവം പരിശുദ്ധ റൂഹായാല്‍ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായത്. ”ശിശുവായ ദൈവത്തെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയില്‍ കിടത്തി”(ലൂക്കാ 2:7). പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ”പിള്ളക്കച്ചകൊണ്ടുപൊതിഞ്ഞ് മറിയം ഉണ്ണീശോയെ പുല്ത്തൊ ട്ടിയില്‍ കിടത്തിയപ്പോള്‍ നമ്മള്‍ കാണുന്നത് ബലിവേദിയിലെ ബലിവസ്തുവിനെയാണ്; ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിനെയാണ്.”

അപ്പത്തിന്റെ ഭവനമായ ബേത്‌ലെഹേമില്‍ കാലിത്തൊഴുത്തില്‍ നമ്മള്‍ കാണുന്ന ശിശു ആരാണെന്നു തിരിച്ചറിയുമ്പോള്‍ മാത്രമാണ് ക്രിസ്മസ് അർത്ഥപൂർ ണനമാകുന്നത്. ഉണ്ണീശോ ഒരേ സമയം സ്രഷ്ടാവിന്റെയും ദാസന്റെയും സാദൃശ്യത്തിലാണ്. പിതാവായ ദൈവവുമായി ഗാഢബന്ധം പുലർത്തു ന്ന ദൈവംതന്നെയായ ഏകജാതനാണ് (യോഹ. 1:8).

ഏശയ്യ പ്രവാചകന്‍ ഈ രഹസ്യം മുൻകൂട്ടി പറയുന്നുണ്ട്: നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്. സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധർമത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍ തന്നെ. സൈന്യങ്ങളുടെ കർത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും(ഏശ. 9:6-7).

ദൈവത്തിന്റെ മനുഷ്യാവതാരവും മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ പ്രവൃത്തിയും സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയാണ്, സുവിശേഷമാണ്. ഈ സുവിശേഷം അറിയിക്കുന്ന പ്രവൃത്തിയും ദൈവത്തിന്റെതുതന്നെയാണ്. സുവിശേഷം ആദ്യം കേട്ട ആട്ടിടയരിലൂടെ ഇക്കാര്യം നമ്മള്‍ മനസ്സിലാക്കുന്നു: നമുക്ക് ബേത്‌ലഹേംവരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം (ലൂക്കാ. 2:15).

ആട്ടിടയന്മാരോടും ജ്ഞാനികളോടും ഈശോയെ ആരാധിച്ച എല്ലാവരോടുമൊപ്പം ബേത്‌ലഹേമിലേക്കു പോകാനും ദൈവം പ്രവർ ത്തിച്ചതും അറിയിച്ചതും കാണാനും കേൾക്കാനും അനുഭവിക്കാനും പങ്കുവയ്ക്കാനും നമുക്കു സാധിക്കുന്നതും വിശുദ്ധ കുർബാ‍നയില്‍ നമ്മള്‍ പങ്കെടുക്കുമ്പോഴാണ്. യഥാർത്ഥ ക്രിസ്മസ് എന്നു പറയുന്നത് വിശുദ്ധ കുർബാനയാണ്. ഓരോ വിശുദ്ധ കുർബാനയും ക്രിസ്മസിന്റെ അനുഭവമാണ് നമുക്കു നല്കുന്നത്. ക്രിസ്മസ് ദിനത്തിലെ വിശുദ്ധ കുർ ബാനയില്‍ പ്രധാനമായും ബേത്‌ലഹേമില്‍ സംഭവിച്ച കാര്യങ്ങളില്‍ നമ്മുടെ ഹൃദയവും മനസ്സും ആത്മാവും ശരീരവും കേന്ദ്രീകരിക്കുന്നു. ആട്ടിടയര്‍ തിടുക്കത്തില്‍ ബേത്‌ലഹേമിലേക്കു പോയതായി നമ്മള്‍ കാണുന്നു. ”അവര്‍ അതിവേഗം പോയി മറിയത്തെയും യൗസേപ്പിനെയും പുൽത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു” (ലൂക്കാ. 2:16).

ആട്ടിടയന്മാരുടെ തിടുക്കവും, അവര്‍ കണ്ട കാര്യങ്ങള്‍ കാണാനും കേൾക്കാനും അനുഭവിക്കാനുമുള്ള താഴ്മയും നമുക്കുണ്ടാകണം. ദൈവികകാര്യങ്ങളില്‍, പ്രത്യേകിച്ചു വിശുദ്ധ കുർബാനയില്‍ പങ്കെടുക്കാനുള്ള താത്പര്യം നമ്മളില്‍ ഉണ്ടാകുന്നത് നമ്മള്‍ എളിയവരായി ദൈവഭയത്തോടെ ജീവിക്കുമ്പോഴാണ്. ദൈവികകാര്യങ്ങളില്‍ വലിയ തിടുക്കമുണ്ടായിരുന്ന ഈശോയുടെ അമ്മയായ അമലോദ്ഭവമറിയം ഇക്കാര്യം നമ്മെ പഠിപ്പിക്കുന്നു: ”അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു” (ലൂക്കാ. 1:48). ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു (ലൂക്കാ. 1:39).

പരിശുദ്ധ കന്യകാമറിയവും ആട്ടിടയരും ശിമയോനും അന്നയും നമ്മെ പഠിപ്പിക്കുന്ന മറ്റൊരു യഥാർത്ഥ്യം , നാം സുവിശേഷം കേൾക്കു കയും സ്വീകരിക്കുകയും ചെയ്താല്‍ അതു പങ്കുവച്ചിരിക്കും എന്നതാണ്. ”അനന്തരം ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു” (ലൂക്കാ. 2:18). അവള്‍ അപ്പോൾത്തന്നെ മുന്നോട്ടുവന്നു ദൈവത്തെ സ്തുതിക്കുകയും ജറുസലേമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു (ലൂക്കാ 2:38).

2023 ല്‍ റോമില്‍ വച്ചു നടത്തപ്പെടുന്ന മെത്രാൻ സൂനഹദോസിന്റെ ഒരുക്കത്തില്‍ ആചരിക്കുന്ന ഈ ക്രിസ്മസ് കാലത്ത്, എളിമയോടും ദൈവഭയത്തോടുംകൂടി നമുക്കു പങ്കുചേരാം. സൂനഹദോസിന്റെ ചൈതന്യത്തില്‍ എല്ലാവരെയും ക്രിസ്മസില്‍ പങ്കുചേർക്കാന്‍ നമുക്കു പരിശ്രമിക്കാം. അതുപോലെതന്നെ, സന്തോഷത്തിന്റെ സദ്വാർത്തയായ തിരുപ്പിറവി എല്ലാവരെയും അറിയിക്കാം. ഏവർക്കും പിറവിത്തിരുന്നാളിന്റെയും പുതുവർഷത്തിന്റെയും മംഗളങ്ങള്‍ പ്രാർത്ഥ നാപൂർവം ആശംസിക്കുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved