Spiritual

ബാബു മങ്കുഴിയിൽ

ഫാ . ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 17 വർഷമായി സെന്റ്മേരീസ് എക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ് . കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി.

ഓശാന ഞായറാഴ്ചയും പെസഹാ വ്യാഴാഴ്ചയും ഫാ. ജോമോൻ പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത് . ദുഃഖ വെള്ളിയും,ഉയിർപ്പിന്റെ ശുശ്രൂഷകളും ബെൽഫാസ്റ്റിൽ നിന്നുള്ള റവ ഫാ . എൽദോയുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് .

റവ ഫാ . ജോമോൻ പുന്നൂസിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ്‌ അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന,പെസഹ ശുശ്രുഷകളും ഭക്തി സാന്ദ്രമായ പ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി .

വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രൂഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു .

പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർത്ഥം ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ നടത്തപ്പെട്ടത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു.

ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും ,പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 300 ഓളം പേര്‍ക്ക് നേര്‍ച്ചഭക്ഷണമായി കഞ്ഞിയും പയറും നല്‍കി ഉത്തവണ ചരിത്രം കുറിച്ചു.

വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിർപ്പിന്റെ ശുശ്രുഷകൾക്കു റവ .ഫാ . എൽദോ നേതൃത്വം നൽകി .

ഉയര്‍പ്പിന്റെ ചടങ്ങുകള്‍ക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെഹൃദ്യവും ആകർഷകവുമായുള്ള മനോഹരമായ സന്ദേശം നല്‍കിയ റവ .ഫാ . എൽദോ യുടെ പ്രസംഗം ഏവർക്കും നവ്യാനുഭവമായി .

എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെതിരുന്നാളിന് ഏവര്‍ക്കും മംഗളാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം ബെല് ഫാസ്റ്റിലേക്ക് മടങ്ങിയത്.

നിരവധി വിശ്വാസികള്‍ പങ്കെടുത്ത ഹാശാ ആഴ്ച്ചയിലെ ശുശ്രുഷകൾക്കു ട്രസ്റ്റിബാബു മത്തായി,സെക്രട്ടറി ജെയിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകിചടങ്ങുകൾ ഏകോപിപ്പിച്ചു .

ശുശ്രൂഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം, ശുശ്രൂഷക്കാരുടെയും, കമ്മറ്റിഅംഗങ്ങളുടേയും, ഗായക സംഘത്തിന്റെയും, സർവ്വോപരി സഹകരിച്ച എല്ലാവിശ്വാസികളുടെയും സാന്നിധ്യ സഹായങ്ങൾക്കും ,
നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും ,ദുഃഖ വെള്ളിയാഴ്ചയിൽ ഭക്ഷണം ക്രമീകരിച്ച കമ്മിറ്റി അംഗങ്ങളോടും , ട്രസ്റ്റി ബാബു മത്തായി ,സെക്രട്ടറിജെയിൻ കുര്യാക്കോസ് എന്നിവർ നന്ദി രേഖപ്പെടുത്തി.

ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ പരിസമാപ്തി. ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മിശിഹായുടെ പീഡാസഹനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും അനുസ്മരണ ചടങ്ങുകള്‍ നടന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാല്‍ ഫാ. ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കാര്‍മികനായിരുന്നു. എസ്എംസിസി വികാരി ഫാ. ജിബിന്‍ വാമറ്റത്തില്‍ ചിക്കന്‍പോക്‌സ് ബാധിതനായി വിശ്രമത്തിലായിരുന്നു. അതിനാല്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ. ജോബിന്‍ എസ്.ബി.ഡിയുടെ കാര്‍മികത്വത്തിലാണ് ഓശാന തിരുകര്‍മ്മങ്ങള്‍ ആഘോഷിച്ചത്. പെസഹവ്യാഴാഴ്ചയും ദുഖവെള്ളിയാഴ്ചയും ഫാ. ബിജു ചിറ്റുപറമ്പന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്കും പെസഹ ആചരണത്തിനും ശേഷം ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയും പീഡാനുഭവ വായനയും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഗ്ലോസ്റ്റര്‍ സമൂഹം ഏകദേശം 550 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി ഉത്തവണ ചരിത്രം കുറിച്ചു. ശനിയാഴ്ച രാവിലെ നടന്ന തിരു കര്‍മ്മങ്ങള്‍ക്ക് ഫാ. ജോബി വെള്ളപ്ലാക്കൽ സി.എസ്.ടി നേതൃത്വം നല്‍കി. വൈകിട്ട് നാലു മണിയോടെ നടന്ന ഉയിര്‍പ്പിന്റെ തിരു കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ആന്റണി ചുണ്ടെലിക്കാട്ട് നേതൃത്വം നല്‍കി. ഉയര്‍പ്പിന്റെ ചടങ്ങുകള്‍ക്ക് ശേഷം ഏവര്‍ക്കും മനോഹരമായ സന്ദേശം നല്‍കി. പേരെടുത്ത് വിളിക്കുന്ന ദൈവത്തിന്റെ ശക്തി അനുഭവിച്ചറിയാന്‍, എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മംഗളാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.

ചെറുപുഷ്പം മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ റാഫിള്‍ സമ്മാനത്തിന്റെ നറുക്കെടുപ്പും നടന്നു.
ഗ്ലോസ്റ്ററിലെ എല്ലാ ദിവസവും നടന്ന വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ ഏകദേശം അഞ്ഞൂറിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി എന്നിവര്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ചു. കമ്മറ്റി അംഗങ്ങളുടേയും ഗായക സംഘത്തിന്റെയും വിമണ്‍സ് ഫോറത്തിന്റെയും സഹായം എടുത്തുപറയേണ്ടതാണ്. ദുഃഖവെള്ളിയാഴ്ച നേര്‍ച്ച ഭക്ഷണം ഒരുക്കാനും കമ്മറ്റിയ്ക്ക് കഴിഞ്ഞു.

മാത്യൂ ചെമ്പുകണ്ടത്തിൽ

യോര്‍ദ്ദാന്‍ നദിയില്‍ സ്നാനം സ്വീകരിക്കാന്‍ വന്ന ജനക്കൂട്ടത്തിനു മധ്യേ നില്‍ക്കുന്ന ഈശോമിശിഹായേ നോക്കി സ്നാപക യോഹന്നാന്‍ പറഞ്ഞു “ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” ഒരു കുഞ്ഞാടിനേപ്പോലെ യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടാനായി അവതാരംചെയ്ത ഈശോമിശിഹായേ മനുഷ്യവംശത്തിന് വെളിപ്പെടുത്തിക്കൊടുക്കുക എന്നതായിരുന്നു സ്നാപകയോഹന്നാന്‍റെ ദൗത്യം.

ഏദെനില്‍ വീഴ്ച സംഭവിച്ച മനുഷ്യവംശത്തിൻ്റെ രക്ഷയ്ക്കായി ദൈവിക വാഗ്ദത്തം എന്ന നിലയിൽ വിശുദ്ധഗ്രന്ഥത്തിന്‍റെ താളുകളില്‍ പലയിടത്തും ഈശോമിശിഹായേ ഒരു കുഞ്ഞാടായി പ്രതീകവൽക്കരിച്ചിരിക്കുന്നതു കാണാം. ഉൽപ്പത്തിയിൽ ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ടവനായി നില്‍ക്കുന്ന കുഞ്ഞാട്, പുറപ്പാടിൽ പെസഹാ രാത്രിയില്‍ അറുക്കപ്പെട്ട അനേകായിരം കുഞ്ഞാടുകളുടെ പ്രതീകം, ഏശയ്യാ പ്രവചനത്തില്‍ കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാട്, വെളിപാടു പുസ്തകത്തില്‍ ദൈവസന്നിധിയില്‍ കാണപ്പെടുന്ന കുഞ്ഞാട്… എന്നിങ്ങനെ മനുഷ്യന്‍റെ വീണ്ടെടുപ്പിനായി യാഗമാകുവാന്‍ മനുഷ്യവംശത്തിലേക്കു വന്ന ദൈവകുഞ്ഞാടായി ക്രിസ്തു നിറഞ്ഞുനില്‍ക്കുന്നു. ബലിവസ്തു തയ്യാറായി നില്‍ക്കുമ്പോഴും ഇവിടെയെല്ലാം ഉയരുന്ന ഒരു ചോദ്യമുണ്ട്, ആരാണ് ഈ കുഞ്ഞാടിനേ യാഗമാക്കുന്ന പുരോഹിതന്‍ ?

ലേവ്യയാഗങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ (ലേവ്യര്‍ 1-12 അധ്യായങ്ങള്‍) ദേവാലയത്തിലേക്കു കൊണ്ടുവരുന്ന ബലിമൃഗങ്ങളെ പുരോഹിതന്‍ പരിശോധിക്കുകയും അതിനെ നിശ്ചിത സ്ഥലത്തു വച്ച് കൊല്ലുകയും നല്‍കിയിരിക്കുന്ന വ്യവസ്ഥകൾപ്രകാരം പുരോഹിതൻ അതിനെ യാഗമര്‍പ്പിക്കുകയും വേണം. പുരോഹിതനല്ലാതെ യാഗമര്‍പ്പിക്കുവാന്‍ മറ്റാര്‍ക്കും അവകാശവുമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ദൈവത്തിന്‍റെ കുഞ്ഞാടായി ഭൂമിയില്‍ അവതരിച്ച ദൈവപത്രന്‍ മാനവകുലത്തിനായി യാഗമായപ്പോള്‍ ആരായിരുന്നു ഇവിടെ പുരോഹിതൻ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ക്രിസ്തു: പുരോഹിതനും യാഗവസ്തുവും

എല്ലാ പുരോഹിതന്മാരും മറ്റൊരു വസ്തുവിനെ അല്ലെങ്കില്‍ മൃഗത്തേ യാഗമാക്കുമ്പോള്‍ ക്രിസ്തു തന്നെത്തന്നെ യാഗമാക്കിയ പുരോഹിതനായിരുന്നു. “നിത്യാത്മാവുമൂലം കളങ്കമില്ലാത്ത രക്തം ദൈവത്തിന് സമര്‍പ്പിച്ച” ക്രിസ്തുവിനെ ഹെബ്രായ ലേഖനം 9:14 ല്‍ വായിക്കുന്നു. ഒരേസമയം പുരോഹിതനും അതേസമയം യാഗവസ്തുവുമായിത്തീരുക എന്ന സമാതനകളില്ലാത്ത ശുശ്രൂഷയായിരുന്നു ദൈവപുത്രന്‍ മനുഷ്യവംശത്തിനുവേണ്ടി നിര്‍വ്വഹിച്ചത്. കാൽവരിയിൽ യാഗമായിത്തീര്‍ന്ന ദൈവത്തിന്‍റെ കുഞ്ഞാടിനേയും അതിനെ യാഗമാക്കിയ പുരോഹിതനേയും കാത്തലിക് ബിഷപ്പും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായിരുന്ന ഫുള്‍ട്ടന്‍ ജോണ്‍ ഷീനിന്‍റെ Those Mysterious Priests എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

പരസ്യശുശ്രൂഷാ കാലത്ത് ഒരു പുരോഹിതന്‍ എന്ന നിലയില്‍ ഈശോ തന്നെത്തന്നേ പരിചയപ്പെടുത്തിയിരുന്നില്ല. എന്നാല്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് തന്നിലെ പൗരോഹിത്യത്തേക്കുറിച്ചും യാഗാര്‍പ്പണത്തേക്കുറിച്ചും വിവിധ സന്ദര്‍ഭങ്ങളില്‍ അവിടുന്നു വ്യക്തമായ സൂചനകൾ നല്‍കിയിരുന്നു. ഈ അവബോധമായിരുന്നു അന്തിമപെസഹായില്‍ തന്‍റെ ശരീരവും രക്തവും അവിടുന്ന് അര്‍പ്പിക്കുന്ന വേളയില്‍ അതില്‍ പങ്കാളികളാകാന്‍ ശിഷ്യന്മാരേ ശക്തരാക്കിയത്.

ഈശോമശിഹായില്‍ നിറവേറിയ പൗരോഹിത്യശുശ്രൂഷയുടെ പരിപൂര്‍ണ്ണത ഹെബ്രായലേഖനത്തില്‍ വ്യക്തമാകുന്നു. “ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മേപ്പോലെ പരീക്ഷിക്കപ്പെട്ടവനായിരുന്നു നമ്മുടെ മഹാപുരോഹിതന്‍” (ഹെബ്രായര്‍ 4:14-16). “നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും” (യോഹ 8:46) എന്ന് യേശു ചോദിക്കുന്നതിലൂടെ തന്നിലെ പാപരഹിതനായ പുരോഹിതനേയാണ് പ്രത്യേകമായി ക്രിസ്തു വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായി വെളിപ്പെട്ടത് അവിടുത്തെ മരണത്തിനും പുനഃരുത്ഥാനത്തിനും ശേഷം മാത്രമായിരുന്നു.

ഗാഗുല്‍ത്താ മലയിലെ ദിവ്യബലിവേദിയില്‍ തകര്‍ക്കപ്പെടുന്ന ദൈവകുഞ്ഞാടിനേ നാം കാണുന്നു. മനുഷ്യവംശത്തിന്‍റെ പാപം മുഴുവന്‍ ഈശോമശിഹായുടെ മേല്‍ ചുമത്തപ്പെട്ടു. “അവനില്‍ നാമെല്ലാവരും ദൈവത്തിൻ്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി”. (2 കൊരി 5:21). അവനിൽ പാപം ഇല്ലായിരുന്നു, നമുക്കു വേണ്ടി അവിടുന്ന് പാപമാക്കപ്പെടുകയായിരുന്നു.

ഒരേസമയം പുരോഹിതനും അതേസമയം യാഗവസ്തുവുമായി ജീവിതത്തിലും മരണത്തിലും ക്രിസ്തു ദൈവത്തിനും മനുഷ്യനും മധ്യേ നില്‍ക്കുന്ന മഹാത്ഭുതമായിരുന്നു. പുരോഹിതന്‍ എന്ന നിലയില്‍ പാപരഹിതനും കുഞ്ഞാട് എന്ന നിലയില്‍ പാപമാക്കപ്പെട്ടവനുമായിരുന്നു കാല്‍വരിയില്‍ ക്രിസ്തു. വ്യക്തിപരമായി അവന്‍ പാപരഹിതനായിരുന്നു; എന്നാല്‍ അന്നാസിന്‍റെയും പിലാത്തോസിന്‍റെയും കോടതികളില്‍ ഔദ്യോഗികമായി ഒരു കുറ്റവാളിയായി ആദാമ്യകുലത്തിനുവേണ്ടി അവന്‍ നിന്നു.

ക്രിസ്തുവിൽ വെളിപ്പെട്ട പുരോഹിതനെയും കുഞ്ഞാടിനേയും ബിഷപ് ഫുള്‍ട്ടന്‍ ജോണ്‍ ഷീന്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്.

♦️പുരോഹിതന്‍ എന്ന നിലയില്‍ ദൈവത്തിന്‍റെ വിശുദ്ധിയോടെ അവന്‍ നിലകൊണ്ടു, കുഞ്ഞാട് എന്ന നിലയില്‍ അവന്‍ പാപമാക്കപ്പെട്ടവനായിരുന്നു.
♦️പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ ലോകത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടവനായിരുന്നു, കുഞ്ഞാട് എന്നനിലയില്‍ ഈ ലോകത്തിന്‍റെ പ്രഭുവിനോട് അവന് ഏറ്റുമുട്ടേണ്ടതായി വന്നു.
♦️പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ കുരിശില്‍ നിവര്‍ന്നുനിന്നപ്പോൾ, കുഞ്ഞാട് എന്ന നിലയില്‍ അവന്‍ കുരിശില്‍ നിസ്സഹായനായി തളര്‍ന്നുകിടന്നു.
♦️പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ പിതാവിന്‍റെ മുമ്പാകെ മധ്യസ്ഥനായി നിന്നു, കുഞ്ഞാട് എന്ന നിലയില്‍ മനുഷ്യന്‍റെ പാപത്തിനായി അവൻ സമര്‍പ്പിക്കപ്പെട്ടു.
♦️ഇടയനും പുരോഹിതനുമായി ഏഴു പ്രാവശ്യം പീലാത്തോസിനോട് അവൻ സംസാരിച്ചു, യാഗംചെയ്യപ്പെടുന്ന ഒരു കുഞ്ഞാടിനേപ്പോലെ പീലാത്തോസിന്‍റെ ഏഴു ചോദ്യങ്ങള്‍ക്കു മുമ്പാകെ അവന്‍ നിശ്ശബ്ദനായിരുന്നു.
♦️പുരോഹിതന്‍ എന്ന നിലയില്‍ അവൻ സ്വര്‍ഗ്ഗത്തിനു മുമ്പാകെ കുരിശില്‍ കിടന്നു, ഒരു കുഞ്ഞാട് എന്ന നിലയില്‍ ഭൂമിയില്‍ സമാന്തരമായി അടക്കപ്പെട്ടു.
♦️പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ കുരിശിലും പ്രതാപവാനായിരുന്നു, ഒരു കുഞ്ഞാട് എന്ന നിലയില്‍ അപമാനിതനായിരുന്നു.
♦️ഒരു പുരോഹിതന്‍ എന്ന നിലയില്‍ ആ ശുശ്രൂഷയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് അവന്‍ ജീവിച്ചു, ഒരു കുഞ്ഞാട് എന്ന നിലയില്‍ നിശ്ശബ്ദതയോടെ സകല പീഡനത്തിനും വിധേനായി അവന്‍ കൊല്ലപ്പെട്ടു.
♦️താന്‍ കുടിക്കാനിരിക്കുന്ന പാനപാത്രം ഒഴിഞ്ഞുപോകുവാന്‍ ഒരു പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ പിതാവിനോടു പ്രാര്‍ത്ഥിച്ചു, ഒരു കുഞ്ഞാട് എന്ന നിലയില്‍ ദൈവകോപത്തിന്‍റെ പാനപാത്രം അവന്‍ മട്ടോളം കുടിച്ചു

മനുഷ്യവംശത്തിന്‍റെ അന്ത്യമില്ലാത്ത തൃഷ്ണകള്‍ക്കു പ്രാശ്ചിത്തമായി അവന്‍ ദരിദ്രനാക്കപ്പെട്ടു, നിഷിദ്ധഫലത്തോടുള്ള നമ്മുടെ ആര്‍ത്തിയുടെ പ്രാശ്ചിത്തമായി അവന്‍ വിശപ്പും ദാഹിവും സഹിച്ചു.

തന്‍റെ ജീവിതത്തിലും ശുശ്രൂഷയിലും വേര്‍തിരിക്കാനാവാത്ത വിധം പുരോഹിതനും ബലിപീഠത്തിലെ കുഞ്ഞാടുമായിരുന്നു അവന്‍. വ്യക്തിപരമായി നിഷ്കന്മഷനായിരുന്നു, ഔദ്യോഗികമായി ഒരു കുറ്റവാളിയായി അവൻ കാണപ്പെട്ടു.

ഫാ. ഹാപ്പി ജേക്കബ്ബ്

ന്യായപ്രമാണ സൂചനകളെ നിറവേറ്റുവാൻ മാളിക മുറിയിൽ നമുക്ക് വേണ്ടി സ്വയം പെസഹ ആയി ഭവിച്ച ദിവ്യബലിയിൽ നമുക്കും പങ്കാളികളാകാം. അതുവരെയും പിന്തുടർന്ന ന്യായപ്രമാണ ആചരണം കാളകൾ, കാളക്കുട്ടികൾ, ആട്ടിൻകുട്ടികൾ/ മുട്ടാടുകളെ എല്ലാറ്റിനേയും നീക്കി പുതിയ ഉടമ്പടി സ്ഥാപിക്കുന്നു.

ആ സന്ധ്യയിൽ ഗുരു പുതിയ രീതി അവരെ പഠിപ്പിക്കുന്നു. ഹൃദയവേദനയിൽ അവൻ എഴുന്നേറ്റ് തൂവാല എടുത്ത് അരിയിൽ ചുറ്റി അവരെ ശുശ്രൂഷിക്കാൻ ആരംഭിക്കുന്നു. കൂടെ ഉള്ളവർക്ക് തീരെ ഉൾക്കൊള്ളുവാൻ പറ്റാത്ത പുതിയ ആചരണം . അവൻ ഓരോരുത്തരുടെയും പാദങ്ങൾ കഴുകി. അവരെ പഠിപ്പിച്ചു ഒരുവൻ നേതാവാകാൻ ആഗ്രഹിച്ചാൽ അവൻ ശുശ്രൂഷകനാകണം. ഇത് ഒരിക്കൽ സംഭവിച്ചതാണ് എന്ന് വിശ്വസിക്കുന്ന നാം തിരിച്ചറിയണം ഇന്നും ഇതിൻറെ പ്രസക്തി. ഈ ദിനത്തിൽ അവിശ്വാസത്തിൽ നിന്ന് വിശ്വാസത്തിലേക്കും വഴിതെറ്റിൽ നിന്നും സത്യവഴിയിലേയ്ക്കും ഉള്ള ആത്മീയ മാറ്റം നമുക്ക് ഉണ്ടാകണം. കഴിഞ്ഞ നാളുകളിലെ ആചരണങ്ങൾ മാറി പക്ഷേ അക്ഷയമായ യഥാർത്ഥ ജീവനെ കണ്ടെത്തുവാനുള്ള ദിനമായി നാം മാറ്റുക എന്നതാണ് പ്രധാന സന്ദേശം.

ആ സന്ധ്യയിൽ താൻ സ്വയം ബലിയായി അവർക്കായി സമർപ്പിച്ചു. മലയുടെ മുകളിൽ വച്ച് ഇസഹാക്കിന് പകരം ബലിയായി തീർന്ന കുഞ്ഞാടും നമ്മുടെ കർത്താവ് തന്നെ അല്ലേ. ആ സംഭവം തന്നെ അല്ലേ ഇന്നും അനുസ്മരിക്കുന്നത്. രഹസ്യം എന്നു വിളിക്കുന്ന മർമ്മം ഇന്ന് നീ ഞങ്ങൾക്ക് വെളിപ്പെടുത്തി തന്നു. തിരുക്കരങ്ങളിൽ അപ്പം എടുത്ത് വാഴ്ത്തി മുറിച്ച് തന്റെ ബലിയായി ദൃഷ്ടാന്തികരിച്ചു. വീഞ്ഞും വെള്ളവും ചേർന്ന് കലർത്തിയ കാസ അവർക്കായി നൽകി കാൽവരിയിൽ ചൊരിഞ്ഞ രക്തത്തെ നീ ഞങ്ങൾക്ക് കാട്ടിത്തന്നു. ഞാൻ വീണ്ടും വരുന്നത് വരെ ഇപ്രകാരം ചെയ്യും എന്ന് അവിടുന്ന് നമ്മെ ഭരമേൽപ്പിച്ചു.

പുതിയത് ഭരമേൽപ്പിച്ചത് പോലെ പല പഴയ രീതികളും അവൻ മാറ്റിമറിച്ചു. അത് വരെയും പിന്തുടർന്ന മൃഗബലി നിർത്തലാക്കപ്പെട്ടു. പുളിപ്പില്ലാത്ത അപ്പത്തിന്റെയും കയ്പ് ചീരയുടെയും പെരുന്നാൾ കത്തൃ ശരീര രക്തങ്ങളുടെ സ്വീകരണമായി മാറ്റി. ഒരിക്കലായി നൽകിയ അനുഭവം ദൈവിക ജീവിത നാളുകളിലെ ദിവ്യ ആഹാരമായി – വിശുദ്ധ കുർബാനയായി രൂപാന്തരപ്പെടുത്തി.

ഈ ദിവസം ഞങ്ങളും പ്രാർത്ഥിക്കുന്നു. ഈ പെസഹായാൽ നിൻറെ ഭവനാവകാശത്തിൽ ഞങ്ങളേയും ചേർക്കണമേ . ബഹിഷ്കരിക്കപ്പെട്ട , ഒരൊറ്റുകാരനായ യൂദയുടെ അനുഭവത്തിൽനിന്ന് ഞങ്ങളുടെ ജീവിതങ്ങളെ ഈ പെസഹായ ഈ പെസഹായാല്‍ രൂപാന്തരപ്പെടുത്തണമേ. ഈ പെസഹായാല്‍ ഞങ്ങളുടെ രോഗങ്ങളെ സുഖപ്പെടുത്തണമേ. ദുഃഖിതരെ ആശ്വസിപ്പിക്കേണമേ. ഇതായിരിക്കണം നമ്മുടെ പ്രാർത്ഥന. പെസഹ വിരുന്നു മാത്രമല്ല പെസഹ ബലി ആയി നാം മനസ്സിലാക്കണം.

പുതിയ ഉടമ്പടി ആയി നമുക്ക് ലഭിച്ച ഈ പെസഹ അനുഭവം പഴയ പെസഹാ യെ മാറ്റുന്ന തിരുശരീര രക്തങ്ങളുടെ അനുഭവം നൽകുന്ന പുതിയ അനുഭവം ആയി നാം സ്വീകരിക്കുന്നു . ഇത് ആവർത്തിക്കുവാനുള്ള അനുവാദമായി. നാമോരോരുത്തർക്കും പുതിയ നിയമ പൗരോഹിത്യം നമുക്കായി അവൻ തന്നു .

ആയതിനാൽ ഈ ശ്രേഷ്ഠദിനം അതിശ്രേഷ്ഠമായി നാം ആചരിക്കുക. നിത്യജീവനിലേയ്ക്കുള്ള യാത്രയ്ക്കുള്ള നിത്യാഹാരമായി നമുക്ക് ഇത് കൈക്കൊള്ളാം. ദൈവം അനുഗ്രഹിക്കട്ടെ.

പ്രാർത്ഥനയിൽ

ഹാപ്പി അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സെന്റ് സേവ്യർ പ്രോപോസ്ഡ് മിഷൻ, സ്റ്റീവനേജിൽ വിശുദ്ധ വാര ശുശ്രൂഷകൾക്കു തുടക്കമായി. മിഷൻ പ്രീസ്റ്റും, ലണ്ടൻ റീജണൽ കുടുംബ കൂട്ടായ്‌മ്മ പാസ്റ്ററൽ ചാർജുമുള്ള ഫാ. അനീഷ് നെല്ലിക്കൽ ഓശാന തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു.

ജെറുസലേം നഗരിയിലേക്ക് കഴുതപ്പുറത്ത് വിനയാന്വിതനായി ആഗതനാകുന്ന യേശുവിനെ ഒലിവിൻ ശിഖരങ്ങളും, തുണികളും നിലത്തു വിരിച്ചും, പനയോലകളും, ഒലിവിൻ ശിഖരങ്ങളും വീശി ഓശാന പാടിക്കൊണ്ട് ഒരുക്കിയ രാജകീയ വരവേൽപ്പ് അനുസ്മരിക്കുന്ന ഓശാന തിരുന്നാൾ സ്റ്റീവനേജിൽ ഭക്തിനിർഭരമായി.

ഏപ്രിൽ 6 നു വ്യാഴാഴ്ച്ച പെസഹാ ആചരണം നടത്തപ്പെടും. യേശു സെഹിയോൻ ഊട്ടുശാലയിൽ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി, അന്ത്യത്താഴ വിരുന്നൊരുക്കി, വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാ തിരുക്കർമ്മങ്ങൾ രാവിലെ 11:30 നു ആരംഭിക്കും

ഏപ്രിൽ 7 നു ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കർമ്മങ്ങൾ ഉച്ചകഴിഞ്ഞു ഒരു മണിക്കാരംഭിക്കും. കുരിശിന്റെ വഴി, പീഡാനുഭവ വായന, നഗരി കാണിക്കൽ പ്രദക്ഷിണം തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ലോകത്തിന് പ്രത്യാശയുടെയും,പ്രതീക്ഷയുടെയും, രക്ഷയുടെയും വാഗ്ദാനമായ ഉത്ഥാനത്തിരുന്നാൾ തിരുക്കർമ്മങ്ങൾ ഏപ്രിൽ 8 നു ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ആരംഭിക്കും.

ഫാ.അനീഷ് നെല്ലിക്കൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു സന്ദേശങ്ങൾ നൽകും.

ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂർണ്ണതയിൽ, മാനവ കുലത്തിന്റെ രക്ഷയ്ക്ക് ആഗതനായ ദൈവ പുത്രന്റെ പീഡാനുഭവ യാത്രയിൽ പങ്കാളികളായി, ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങൾ ആർജ്ജിക്കുവാൻ ഏവരെയും പള്ളിക്കമ്മിറ്റി സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

സാംസൺ ജോസഫ് – 07462921022

പള്ളിയുടെ വിലാസം:

St.Josephs RC Church, Bedwell Crescent, Stevenage, SG1 1LW

യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ എട്ടാമത് കൺവെൻഷൻ 2023 ജൂൺ മാസം 23,24,25 തീയതികളിൽ വെയില്സിലുള്ള കഫൻലീ പാർക്കിൽ വെച്ച് നടത്തപ്പെടും. സഭയുടെ പരമാധ്യക്ഷൻ ബസ്സേലിയോസ് കർദ്ദിനാൾ ക്ളീമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കും. കൺവെൻഷൻ നഗറിനു സഭയുടെ മുൻ അധ്യക്ഷൻ കാലം ചെയ്ത മോറോൻ മാർ സിറിൾ ബസ്സേലിയോസ് കാതോലിക്ക ബാവായുടെ നാമധേയം ആണ് നൽകിയിരിക്കുന്നത്.
യുകെയിലെ 19 മിഷൻ സെന്ററുകളിൽ നിന്നുള്ള വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുക്കും. സണ്ടേസ്കൂൾ, യുവജന സംഘടനയായ എം സി വൈ എം, മാതൃവേദി പിതൃവേദി സുവിശേഷസംഘം മുതലായ വിഭാഗങ്ങളുടെ സെമിനാറുകൾ, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം പ്രാർത്ഥനകൾ വിശുദ്ധ കുർബാന എന്നിവയായിരിക്കും നടത്തപ്പെടുക. പ്രഗത്ഭരായ വ്യ്കതികൾ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യും.

ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡൻഷ്യൽ കൺവെൻഷന് യുകെയിലെ സ്പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ നേതൃത്വത്തിലുള്ള മലങ്കര നാഷണൽ കൗൺസിലാണ്‌ ചുക്കാൻ പിടിക്കുക. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് വിവിധ വൈദീകരുടെ ചുമതലയിൽ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഷിബു മാത്യൂ. സീനിയർ അസ്സോസിയേറ്റ് എഡിറ്റർ, മലയാളം യുകെ ന്യൂസ്

നാട് വിട്ടെങ്കിലും നാട്ടിലെ ഓർമ്മകൾ അസ്തമിച്ച ഒരു മലയാളിയേയും യുകെയിൽ കാണുവാൻ സാധിക്കില്ല. യുകെയിലെന്നല്ല. ലോകത്തെവിടെയും.! മലയാളികൾ ചെന്നെത്താത്ത സ്ഥലം ഭൂമിയിൽ വിരളമാണ്. കേരളത്തിൽ നിന്നും ഒരു പറ്റം മലയാളികൾ കൂട്ടത്തോടെ എത്തിച്ചേർന്ന യുകെയുടെ സൗന്ദര്യമായ യോർക്ഷയറിലെ ലീഡ്സ് എന്ന പട്ടണത്തിൽ സീറോ മലബാർ സഭയുടെ ഇടവക ദേവാലയമായ സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രഡ് ദേവാലയത്തിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകളുടെ വിശേഷങ്ങളാണ് മലയാളം യുകെ ന്യൂസ് വായനക്കാരുമായി പങ്കുവയ്ക്കുന്നത്.

ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഓശാന ഞായർ തിരുകർമ്മങ്ങൾ ആരംഭിച്ചു. നിമിഷ നേരങ്ങൾ കൊണ്ട് ദേവാലയം തിങ്ങിനിറഞ്ഞു. പിന്നീട് ഞങ്ങൾ കണ്ട സംഭവങ്ങളുടെ നേർകാഴ്ച്ചയാണ് ഈ വാർത്തയ്ക്കാധാരം.

ഇനി ഞങ്ങൾ പറയാൻ ശ്രമിക്കുന്നത് ചിത്രങ്ങളിലൂടെയാണ്. ഈ ചിത്രങ്ങൾ ഞങ്ങൾ മലയാളം യുകെ ന്യൂസിലൂടെ പബ്ളീഷ് ചെയ്യുകയാണ്. പല ചിത്രങ്ങളിലും നിങ്ങളുണ്ടാകാം. നാടുവിട്ട് വന്ന മലയാളത്തിൻ്റെ തനിനിറമാണ് ഈ ചിത്രങ്ങളിലൂടെ പ്രതിഫലിക്കുന്നത്. എവിടെ ചെന്നാലും മലയാളി തിളങ്ങും.. മലയാളിക്ക് പകരം മലയാളി തന്നെ..
ചിത്രങ്ങൾ കാണുക..

ഷിബു മാത്യൂ

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ ലീഡ്സ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ്സ് ഇടവകയിൽ ഓശാന തിരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി റവ. ഫാ. ജോസ് അന്ത്യാംകുളത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന ആരംഭിച്ചു. കുർബാന മദ്ധ്യേ ഫാ. ജോസ് അന്ത്യാംകുളം കുരുത്തോലകൾ വെഞ്ചരിച്ച് വിശ്വാസികൾക്ക് നൽകി. തുടർന്ന് കുരുത്തോലകളുമേന്തി ആഘോഷമായ പ്രദക്ഷിണം നടന്നു. തുടർന്ന് ഫാ. അന്ത്യാംകുളം വിശ്വാസികൾക്ക് സന്ദേശം നൽകി.

വിശുദ്ധ കുർബാനയ്ക്കൊടുവിൽ തമുക്ക് നേർച്ച നടന്നു. ഫാ. ജോസ് അന്ത്യാംകുളം തമുക്ക് നേർച്ച ആശീർവദിച്ച് വിശ്വാസികൾക്ക് നൽകി. 2011 ൽ അന്നത്തെ ചാപ്ലിനായിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങി വച്ചതായിരുന്നു പരമ്പരാഗതമായി കുറവിലങ്ങാട്ടുകാർ തുടർന്നു പോന്നിരുന്ന തമുക്കു നേർച്ച. പന്ത്രണ്ട് വർഷം പിന്നിടുമ്പോഴും പവിത്രത നഷ്ടപ്പെടാതെ അതിപ്പോഴും തുടരുന്നു.

പതിവിലും വിപരീതമായ ജനതിരക്കായിരുന്നു ഇത്തവണ ഓശാന ഞായറിൽ . 700 ൽപ്പരം വിശ്വാസികളാണ് ഓശാന ഞായറാഴ്ച്ച ശുശ്രൂഷകൾക്കെത്തിയത്. ദിനംതോറും വിശ്വാസികളെ കൊണ്ട് നിറയുകയാണ്.

ഈസ്റ്ററിനോട് അനുബന്ധിച്ച് വിശ്വാസികളുടെ സൗകര്യാർത്ഥം ഏപ്രിൽ 8 – ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്കും 9 മണിക്കും, ഏപ്രിൽ 9 -ന് ഈസ്റ്റർ ഞായറാഴ്ച രാവിലെ 10 -നും വിശുദ്ധ കുർബാനയും ഈസ്റ്റർ ആഘോഷവും ഉണ്ടായിരിക്കും. ലീഡ്സിലും പരിസരപ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും വിശുദ്ധ വാരത്തിലേ തിരുകർമ്മങ്ങളിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു. വിശുദ്ധ വാരത്തിലേ തിരുകർമ്മങ്ങളുടെ സമയക്രമീകരണം താഴെപ്പറയുന്ന വിധത്തിൽ വിധത്തിലായിരിക്കും.

മാർച്ച് 31, നാൽപതാം വെള്ളിയാഴ്ച 6 .30 P. M
ഏപ്രിൽ 2 , ഓശാന ഞായറാഴ്ച -10 A . M & 4 P. M .
ഏപ്രിൽ 6, പെസഹാ വ്യാഴം – 6 P. M
ഏപ്രിൽ 7 , ദുഃഖവെള്ളി – 10 A. M
ഏപ്രിൽ 8, ദുഃഖശനി – 10 A. M

ഈസ്റ്റർ വിജിൽ

ഏപ്രിൽ 8 – 5 P . M & 9 P . M
ഏപ്രിൽ 9 – 10 A . M
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ

ഫാ. ജോസ് അന്ത്യാംകുളം (വികാരി) : 0747280157
ജോജി തോമസ് (പി ആർ ഒ): O7728374426

ലണ്ടൻ• ക്രിസ്തു യേശുവിന്റെ പീഡാനുഭവത്തിന്റെ ഓർമ്മ പുതുക്കി ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ വിശുദ്ധ വാരാചരണം ആരംഭിച്ചു. ക്രിസ്തുവിന്റെ കുരുത്തോല പ്രദക്ഷിണം, പീഡാനുഭവം, കുരിശു മരണം, ഉയിർത്തെഴുനേൽപ്പ് എന്നിവയുടെ ഓർമ്മകൾ പുതുക്കുന്ന ഓശാന, പെസഹ, ദുഃഖ വെള്ളി, ഈസ്റ്റർ ശ്രുശൂഷകളാണ് നടക്കുന്നത്. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ വിവിധ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ വിശുദ്ധ വാരാചാരണം ആരംഭിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു.

ആഫ്രിക്കയിലെ നൈജീരിയ, സൗത്ത് ആഫ്രിക്കയിലെ മിഡ്‌റാന്റ്, ഓസ്ട്രിയയിലെ വിയന്ന, ജർമ്മനിയിലെ ബിലെഫെൽഡ്, ബോൺ കോളൺ, സ്റ്റട്ട് ഗാർട്ട്, ഗോട്ടിൻഗെൻ, ബെർലിൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലും മാൾട്ടയിലും വിശുദ്ധ വാരാചാരണ ശ്രുശൂഷകൾ നടക്കും. സ്വിറ്റ്സർലൻഡിലെ ഗാചനങ്, അയർലൻഡിലെ കോർക്, ഡ്രോഗെഡാ, ഡബ്ലിൻ, ഗാൽവേ, ജൂലൈൻസ്ടൗൺ സൗത്ത്, ലിമെറിക്ക്, ലുകാൻ, മുള്ളിങ്കർ, വാട്ടർഫോർഡ് എന്നിവിടങ്ങളിലും വിശുദ്ധ വാരാചാരണ ശ്രുശൂഷകൾ ക്രമീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ ബെർമിങ്ഹാം, ബ്രിസ്റ്റോൾ, കേംബ്രിജ്, കാന്റർബറി, കവന്ററി, ക്രാവ് ലെ, കിങ്‌സ് ലൈൻ, ലെസ്റ്റർ, ലിവർപൂൾ, ലണ്ടൻ, മെയ്ഡ്സ്റ്റോൺ, മാഞ്ചസ്റ്റർ, മാൻസ് ഫീൽഡ്, നോർത്താംപ്റ്റൺ, ഓക്സ്ഫോർഡ്, പീറ്റർബോറോ, പൂൾ, പോർട്സ്മൗത്ത്, പ്രെസ്റ്റൺ, ഷെഫീൽഡ്, സൗത്താംപ്റ്റൺ, സൗത്തെൻഡ് ഓൺസീ, സ്റ്റോക് ഓൺ ട്രെൻഡ്, സന്ദർലാൻഡ്, സ്വിണ്ടൻ, വോക്കിങ് എന്നിവിടങ്ങളിലും വിശുദ്ധ വാരാചാരണ ശ്രുശൂഷകൾ നടക്കും.

സ്കോട് ലാൻഡിലെ അബർധീൻ, ഗ്ലാസ്ഗോ, വെയിൽസ് എന്നിവിടങ്ങളിലും നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിലും വിശുദ്ധ വാരാചാരണ ശ്രുശൂഷകൾ ക്രമീകരിച്ചിട്ടുണ്ട്. ശ്രുശൂഷകൾ നടക്കുന്ന ദേവാലയങ്ങളുടെ പേര് വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പരുകളും ഇന്ത്യൻ ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ താഴെ കാണുന്ന വെബ്സൈറ്റ് ലിങ്കിൽ നിന്നും ലഭ്യമാണ്.

ലിവർപൂൾ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഓശാന പെരുന്നാൾ ശ്രുശ്രൂഷകൾ ഇടവക വികാരിയും, ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് സെക്രട്ടറിയും ആയ ഫാദർ ഹാപ്പി ജേക്കബിന്റെ കർമ്മികത്വത്തിൽ നടത്തപ്പെട്ടു. രാവിലെ 8.30 ന് പ്രഭാത പ്രാർഥനയോടെ ആരoഭിച്ച ഓശാന തിരുനാൾ തിരുകർമ്മങ്ങളിൽ വിശാസികൾ കുരുത്തോലയും, മുത്തുകുടകളും, നാട പന്തലും ആയി പള്ളിക്ക് ചുറ്റും പ്രദിക്ഷണം നടത്തി. തുടർന്ന് കൈ മുത്തിയും പള്ളിയുടെ നേർച്ച കഞ്ഞിയും കഴിച്ചു വിശാസികൾ പിരിഞ്ഞു. സെൻറ് തോമസ് പള്ളിയുടെ സെക്രട്ടറി ഷാജൻ മാത്യുവും, ട്രസ്റ്റി സുനിൽ കോശിയുമാണ്.

https://indianorthodoxuk.org/passion-week-services

വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ എപ്രില്‍ 2 മുതല്‍ ഏപ്രില്‍ 9 വരെയുള്ള തീയതികളില്‍ ബ്രിസ്റ്റോള്‍ എസ് ടിഎസ്എംസിസി ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു.
ഇശോയുടെ രാജകീയ പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന ഓശാന ഞായറിന്റെ തിരു കര്‍മ്മങ്ങള്‍ ഏപ്രില്‍ 2-ാം തീയതി തുടങ്ങും. തിരക്കു മൂലം രണ്ടു കുര്‍ബാനകളാണ് പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 7.45 നും 2 മണിക്കും വിശുദ്ധ കുര്‍ബാനയുണ്ട്.

വെസ്‌റ്റേണ്‍ സൂപ്പര്‍മേയറില്‍ മൂന്നു മണിക്കാണ് കുര്‍ബാന. പെസഹ വ്യാഴാഴ്ച വൈകിട്ട് നാലു മണിയ്ക്ക് കാലു കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും തുടര്‍ന്ന് പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ 9.15നും 5 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ദുഃഖവെള്ളിയുടെ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും തിരു സ്വരൂപം മുത്തലും ഉണ്ടായിരിക്കും. ദുഃഖശനിയാഴ്ച രാവിലെ പത്തു മണിക്ക് വിശുദ്ധ കുര്‍ബാനയുണ്ടാകും.

ഈസ്റ്റര്‍ വിജില്‍ ശനിയാഴ്ച രാത്രി പത്തുമണിക്ക് ,പാതിരാ കുര്‍ബാനയും തിരു കര്‍മ്മങ്ങളുമുണ്ടാകും.
ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 7.45ന് ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫാ. ആന്റണി ചുണ്ടിക്കാട്ടിലാണ്. വെസ്റ്റേണ്‍ സൂപ്പര്‍മേയറില്‍ രണ്ടുമണിക്കാണ് കുര്‍ബാന. വിശുദ്ധ കുര്‍ബ്ബാനയിലും പീഡാനുഭവ വാര ശുശ്രൂഷയിലും വന്ന് പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും പ്രത്യേകം ക്ഷണിക്കുന്നതായി ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റിമാരായ സിജി സെബാസ്റ്റ്യൻ , ബിനു ജേക്കബ്, മെജോ ജോയ് തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

RECENT POSTS
Copyright © . All rights reserved