Spiritual
ലീഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റ് മേരിസ് സീറോ മലബാർ മിഷനിലെ അംഗങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന സ്വന്തമായൊരു ദേവാലയമെന്ന ആഗ്രഹത്തിന് നവംബർ 28 ഞായറാഴ്ച സാക്ഷാത്കാരമാകും.  ഞായറാഴ്ച 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ ദേവാലയ ഉദ്ഘാടനം നിർവഹിക്കുകയും ഇടവകയായി ഉയർത്തുന്ന പ്രഖ്യാപനം നടത്തുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ  സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ടും വിവിധ മിഷനുകളുടെ ഡയറക്ടർമാരായുള്ള വൈദികർ , സന്യസ്തർ മറ്റ് അല്മായ നേതാക്കൾ തുടങ്ങിയവരും ഇടവകാംഗങ്ങൾക്കൊപ്പം തിരുകർമ്മങ്ങളിലും ദേവാലയ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളിലും സംബന്ധിക്കും.  ഇടവകയായി ഉയർത്തപ്പെടുന്ന ദേവാലയം സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്നാവും നാമകരണം ചെയ്യപ്പെടുക.
കഴിഞ്ഞ ആറ് വർഷങ്ങളായി ലീഡ്സ് കേന്ദ്രമായുള്ള സീറോമലബാർ സമൂഹം ഉപയോഗിച്ചിരുന്ന ദേവാലയം തന്നെയാണ് ലീഡ്സ് രൂപതയിൽ നിന്ന് വാങ്ങി സ്വന്തമാക്കിയിരിക്കുന്നത് .   ലീഡ്സ് രൂപത വെസ്റ്റ് യോർക്ക് ഷെയറിലെയും നോർത്ത്   യോർക്ക് ഷെയറിലെ ചില ഭാഗങ്ങളിലുമുള്ള സീറോമലബാർ  കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾക്കായി നൽകിയ ദേവാലയത്തിൽ കഴിഞ്ഞ 6 വർഷങ്ങളായി എല്ലാ ദിവസങ്ങളിലും സിറോമലബാർ ആരാധന ക്രമത്തിലുള്ള കുർബാനയും മറ്റ് തിരു കർമ്മങ്ങളും നടന്നു  വരുന്നു  . 2018 ഡിസംബർ 9 -ന് സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ്  കർദിനാൾ മാർ . ജോർജ് ആലഞ്ചേരി സെന്റ് മേരീസ് മിഷൻ പ്രഖ്യാപിച്ചതിനുശേഷമാണ് സ്വന്തമായൊരു ദേവാലയം സ്വന്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഞായറാഴ്ച 10 മണിക്ക് ആചാരപരമായ പ്രദക്ഷണത്തോടെ ചടങ്ങുകളും ,  തിരുകർമ്മങ്ങളും  ആരംഭിക്കും.  ദേവാലയ ഉദ്ഘാടനത്തിനും ഇടവക പ്രഖ്യാപനത്തിനുശേഷം എല്ലാവർക്കുമായി സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. യോർക്ക്‌ ഷെയറിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിൻറെ ചിരകാല അഭിലാഷമായ ദേവാലയത്തിന്റെ ഉദ്ഘാടനത്തിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മിഷൻ  ഡയറക്ടർ . ഫാദർ മാത്യു മുളയോലിൽ അഭ്യർത്ഥിച്ചു . ഇടവക പ്രഖ്യാപനത്തിനായി പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത് . ദേവാലയ ഉദ്ഘാടനവും, തിരുകർമ്മങ്ങളും ലൈവ് ആയി സംപ്രേഷണം ചെയ്യുന്നതാണ്. ലൈവ് സംപ്രേഷണം കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

 

മാത്യൂ ചെമ്പുകണ്ടത്തില്‍
………………………………….
സീറോ മലബാര്‍ സഭയിലെ പിതാക്കന്മാര്‍ സംയുക്തമായി കൈക്കൊണ്ട കുര്‍ബാന ഏകീകരണമെന്ന തീരുമാനത്തോടു വിയോജിച്ചുകൊണ്ട് ഒരു വിഭാഗം വൈദികര്‍ തെരുവിലിറങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ച് റാലി നടത്തി തീവ്രമായി പ്രതികരിക്കുന്നതു കണ്ടു. തെരുവുകളില്‍ വിവിധ നിലകളിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും കാണുന്ന സാമാന്യജനത്തിനും സാധാരണ വിശ്വാസികള്‍ക്കും വൈദികരുടെ പ്രതിഷേധപ്രകടനങ്ങളില്‍ പ്രത്യേകിച്ച് ഒന്നും തോന്നുകയില്ല. എന്നാല്‍ പൗരോഹിത്യത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു തിരുവചനത്തിന്റെയും സഭയുടെ പഠിപ്പിക്കലുകളുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഇന്ന് ചില വൈദികരെ ബാധിച്ചിരിക്കുന്ന ‘റിബല്‍ പ്രീസ്റ്റ് സിന്‍ഡ്രം’ (rebel priest ്യെിdrome) വളരെ ഗൗരവമേറിയ സ്ഥിതിവിശേഷമാണെന്നു നിസ്സംശയം പറയാന്‍ സാധിക്കും.

‘തിരുപ്പട്ട സ്വീകരണംവഴി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പുരോഹിതരൂപം കൈക്കൊള്ളുന്നവരാണ് വൈദികര്‍’ എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ ‘വൈദികരുടെ ജീവിതം’ എന്ന വിഷയത്തിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ (CCC 1548) പറയുന്നു:

‘തന്റെ ശരീരത്തിന്റെ ശിരസ്സും അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പു ബലിയുടെ മഹാപുരോഹിതനും സത്യത്തിന്റെ പ്രബോധകനും എന്ന നിലയില്‍ ക്രിസ്തുതന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകന്റെ സഭാശുശ്രൂഷയിലൂടെ തന്റെ സഭയില്‍ സന്നിഹിതനാകുന്നത്. തിരുപ്പട്ട കൂദാശയുടെ ശക്തിയാല്‍ പുരോഹിതന്‍ ശിരസ്സായ ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ (Persona Christi Capitis) പ്രവര്‍ത്തിക്കുന്നു’

ശുശ്രൂഷാ പൗരോഹിത്യത്തെക്കുറിച്ച് വി. തോമസ് അക്വിനാസിന്റെ ഒരു പ്രസ്താവന ഇപ്രകാരമാണ് ‘യേശുക്രിസ്തു എന്ന അതേ പുരോഹിതനിലെ വിശുദ്ധ വ്യക്തിയെയാണ് അവിടുത്തെ ശുശ്രൂഷകര്‍ യഥാര്‍ത്ഥത്തില്‍ സംവഹിക്കുന്നത്. ക്രിസ്തുവാണ് പൗരോഹിത്യത്തിന്റെ മുഴുവന്‍ ഉറവിടവും. പഴയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നു, പുതിയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിനു പകരം നിന്ന് പ്രവര്‍ത്തിക്കുന്നു’

നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പുരോഹിതരൂപമാണ് ഓരോ വൈദികനും പ്രതിനിധാനം ചെയ്യുന്നത് എന്നു പറയുമ്പോള്‍, ക്രിസ്തു എപ്രകാരമാണ് തന്റെ പൗരോഹിത്യ ശുശ്രൂഷ നിര്‍വ്വഹിച്ചത് എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. ഇതെക്കുറിച്ച് വിശുദ്ധഗ്രന്ഥം പറയുന്ന രണ്ട് സന്ദര്‍ഭങ്ങള്‍ പരിശോധിക്കാം.

ഒന്നാമതായി, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള അതുല്യനായ മഹാപുരോഹിതനാണ് യേശുക്രിസ്തു. അവിടുന്ന് ‘പരിശുദ്ധനും നിഷ്‌കളങ്കനും കുറ്റമറ്റവനുമാണ്’ (ഹെബ്രായര്‍ 7:26) എന്നു തിരുവചനത്തില്‍ വായിക്കുന്നത്. ക്രിസ്തുവിന്റെ മഹാപൗരോഹിത്യത്തെ പരാമര്‍ശിക്കിന്നിടത്ത് അവിടുത്തെ പൗരോഹിത്യത്തിലെ അതിശ്രേഷ്ഠ സ്വഭാവ ഗുണം വിവരിക്കുന്നത് ഇപ്രകാരമാണ്. ‘പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു'(ഹെബ്രാ.5:8).

മാനവരക്ഷയുടെ പൂര്‍ത്തീകരണത്തിനായി ഈശോമശിഹാ സഹനത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുത്തതിലൂടെ അവിടുന്നു പിതാവിനോടുള്ള തന്റെ സമ്പൂര്‍ണ്ണ അനുസരണമായിരുന്നു വെളിപ്പെടുത്തിയത്. അനുസരണത്തിന്റെ ആളത്വമായിരുന്നു യേശുക്രിസ്തു.

ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ശ്രേഷ്ഠത ഫിലിപ്പിയ ലേഖനത്തിലും രേഖപ്പെടുത്തിയിരിക്കുന്നു ‘മരണംവരെ, അതേ, കുരിശുമരണംവരെ അവിടുന്ന് അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി’ (2:8). പുത്രനായിരിക്കുമ്പോഴും സഹനത്തിലും കുരിശുമരണത്തിലും അനുസരണവും താഴ്മയും അഭ്യസിച്ചവനായിരുന്നു ക്രിസ്തു. ക്രിസ്തുവിന്റെ പുനഃരുത്ഥാനത്തെപ്പോലും അവിടുത്തെ അനുസരണത്തിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശിച്ചുകൊണ്ട് ഫിലിപ്പിയ ലേഖനം വിവരിക്കുന്നു: ‘ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു’ (ഫിലി 2:9) ക്രിസ്തുവിന്റെ നിഷ്‌കന്മഷ ജീവിതത്തിന്റെയും താഴ്മനിറഞ്ഞ അനുസരണത്തിന്റെയും ഫലമായിരുന്നു മരിച്ചവരില്‍നിന്നുള്ള അവിടുത്തെ പുനഃരുത്ഥാനം എന്നാണ് വചനം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്.

നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പൗരോഹിത്യ ആളത്വത്തെയാണ് താന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന ഉത്തമബോധ്യം ഒരു പുരോഹിതനിലുണ്ടെങ്കില്‍, പൗരോഹിത്യം അനുസരണത്തില്‍ അധിഷ്ഠിതമാണെന്ന മര്‍മ്മിക ബോധ്യമാണ് അടിസ്ഥാനപരമായി പുരോഹിതനില്‍ ഉണ്ടായിരിക്കേണ്ടത്. അനുസരണരാഹിത്യത്തില്‍ ശുശ്രൂഷാ പൗരോഹിത്യത്തിനു നിലനില്‍പ്പില്ല. യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ അടിസ്ഥാനം അനുസരണമായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ പുരോഹിതരൂപത്തെ പ്രതിനിധാനം ചെയ്യുന്നവരുടെയും പ്രഥമവും പ്രധാനവുമായ യോഗ്യത അനുസരണം തന്നെയാണ്.

പരസ്യശുശ്രൂഷാ കാലത്ത് യേശു തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി ഇപ്രകാരം പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ് (യോഹ 6:38). നിത്യപുരോഹിതനായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവരിലും ഈ അറിവാണ് അടിസ്ഥാനപരമായി ഉണ്ടാകേണ്ടത്. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും ബഹുമതി സ്വയം ഏറ്റെടുക്കുകയല്ല’ (ഹെബ്രാ 5:4).

ഓരോ പുരോഹിതനും നിത്യപുരോഹിതനായ ക്രിസ്തുവിന്റെ നിഴലില്‍ ശ്രേഷ്ഠതയേറിയ പൗരോഹിത്യ ശുശ്രൂഷയ്ക്കായി ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുകയാണ്, അതിനാല്‍ തന്റെ വിളി മനുഷ്യാതീതവും ദൗത്യം മഹത്വമേറിയതുമാണെന്ന് ഓരോ വൈദികനും തിരിച്ചറിയണം. ഈ തിരിച്ചറിവാണ് എല്ലാവിധ വിമതപ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഒരു വൈദികനെ പ്രേരിപ്പിക്കേണ്ടത്.

മദ്ബഹായില്‍ ബലിയര്‍പ്പണത്തിന് പ്രവേശിക്കുന്ന ഒരു പുരോഹിതനില്‍ നിറഞ്ഞിരിക്കേണ്ട ആന്തരികബോധം എത്രമേല്‍ തീവ്രമായിരിക്കണം എന്നതിന്റെ നേര്‍സാക്ഷ്യം ഓര്‍ത്തഡോക്‌സ് സഭയുടെ വിശുദ്ധ കുര്‍ബാനയില്‍ വിവരിക്കുന്നുണ്ട്. അനാഫൂറായ്ക്ക് മുമ്പുള്ള പ്രിമിയോന്‍ സെദറായില്‍ പുരോഹിതന്‍ തനിക്കുവേണ്ടിയും തന്റെ ജനത്തിനുവേണ്ടിയും ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു:

‘കണ്ടാലും, അഗ്‌നിമയമായ ഈ സ്ഥലത്ത് അഗ്‌നിജ്വാലയുടെ സിംഹാസനത്തിന് മുമ്പാകെ ഞാന്‍ നിന്ന്, നിന്റെ ജനത്തിന് പാപപരിഹാരവും നിന്റെ സകല സൃഷ്ടിക്കും മോചനവും യാചിക്കുന്നു. കര്‍ത്താവേ മാലാഖാമാര്‍പോലും സൂക്ഷിച്ചു നോക്കുവാന്‍ വാഞ്ജിക്കുന്നതായ ഈ പരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നിന്റെ കരുണമൂലം എന്നെ യോഗ്യനാക്കിത്തീര്‍ത്തിട്ടുള്ള കൃപയാലും കരുണയാലും നിന്റെ ജനത്തിന്റെ പാപങ്ങളെ നീ പരിഹരിക്കണമേ….’

തുടര്‍ന്ന് പുരോഹിതന്‍ വീണ്ടും പ്രാര്‍ത്ഥിക്കുന്നു:

‘ഞങ്ങളുടെ നാഥനായ കര്‍ത്താവേ ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി ഗോഗുല്‍ത്തായുടെ ഉന്നതങ്ങളില്‍ നീ ബലിയായിത്തീര്‍ന്നു. പരിശുദ്ധ മദ്ബഹായില്‍ ബലിയര്‍പ്പിക്കുവാന്‍ മണ്മയരെ നീ ഭരമേല്‍പ്പിച്ചു. മണ്ണില്‍നിന്നുള്ള മണ്‍കട്ട ഞാനായിരിക്കെ, നിന്റെ ദൈവിക രഹസ്യങ്ങളുടെ സാന്നിധ്യം അത് വസിക്കുന്നിയിടത്തേക്ക് പ്രവേശിക്കുവാന്‍ നിന്റെ കരുണമൂലം എന്നെ യോഗ്യനാക്കിത്തീര്‍ത്തിട്ടുള്ള കൃപയാലും കരുണയാലും നിന്റെ ജനത്തിന്റെ പാപങ്ങളെ നീ പരിഹരിക്കണമെ. നിന്നെ സ്തുതിക്കുന്ന ക്രോവേന്മാരുടെയും നിനക്ക് കാദീശ് പാടുന്ന സ്രോപ്പേന്മാരുടെയും കൂട്ടത്തില്‍ എന്നെ ചേര്‍ക്കുകയും ചെയ്തതിനായി ദൈവമേ നിന്നെ ഞാന്‍ സ്തുതിക്കുന്നു’

മദ്ബഹായില്‍ വിഭജിക്കപ്പെടുന്ന ദൈവപുത്രന്റെ ശരീരരക്തങ്ങളുടെ മഹനീയതയുടെ നിഴലിലാണ് ഓരോ പുരോഹിതനും ദിനംപ്രതി ശുശ്രൂഷ ചെയ്യുന്നത്. വിശുദ്ധസ്ഥലമായ മദ്ബഹായില്‍ നിന്നുകൊണ്ട്, അവ പരികര്‍മ്മം ചെയ്യുന്ന പുരോഹിതന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിക്കുന്ന ഒരു വിശുദ്ധകാവ്യം ഓര്‍ത്തഡോക്‌സ് ആരാധനക്രമത്തിലുണ്ട്.

‘അഗ്‌നിമയന്മാര്‍ ആരേ നോക്കി വിറച്ചീടുന്നു,
അവനേ മേശയിലപ്പം വീഞ്ഞായ് നീ കാണുന്നു
ആരേ മിന്നലുടുത്തവര്‍ നോക്കുകിലെരിയുന്നൂടനെ
അവനേ മണ്മയര്‍ ഭക്ഷിച്ചുമുഖം തെളിയുന്നേറ്റം’

തിരുപ്പട്ട കൂദാശയില്‍ നല്‍കപ്പെടുന്ന അഭിഷേകത്തിന്റെ ശക്തിയാല്‍ ശിരസ്സായ ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ നിന്നുകൊണ്ട് അപ്പവീഞ്ഞുകളെ പെസഹാദിനത്തിന്റെ ഓര്‍മ്മയില്‍ വിഭജിക്കുയും കാല്‍വരിയാഗത്തിന്റെ പശ്ചാത്തലത്തില്‍ അര്‍പ്പിക്കുകയും ചെയ്യുന്നതിന് ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ശ്രേഷ്ഠ വ്യക്തിത്വമാണ് ഓരോ വൈദികനും. അഗ്‌നിമയന്മാരും പ്രകാശധാരികളുമായ സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ ഭയഭക്തിയോടെ നോക്കിക്കാണുന്നവനെയാണ് ആദാമ്യസന്തതിയില്‍ നിന്നും കടന്നുവന്ന ഒരു പുരോഹിതന് മദ്ബഹായില്‍ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നത്!

അനുസരണത്തിന്റെയും വിനയത്തിന്റെയും ആളത്വമായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുകയും അവന്റെ പരിശുദ്ധ ശരീരരക്തങ്ങളെ കൈകളിലേന്തുകയും ചെയ്യുന്നവര്‍ മദ്ബഹായ്ക്ക വെളിയിലിറങ്ങി സംഘര്‍ഷം സൃഷ്ടിക്കുന്നതിനെ ഒരുവിധത്തിലും ദൈവവചനത്തിന്റെയും സഭയുടെ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ സാധിക്കില്ല. ക്രിസ്തുവിന്റെ മഹത്വം അനുസരണമായിരുന്നുവെങ്കില്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവരിലും ഈ അനുസരണവും താഴ്മയും ഉണ്ടാകണം. റോമാ ലേഖനത്തിലൂടെ ദൈവാത്മാവ് സഭയിലേ ഓരോ അംഗത്തോടും പറയുന്നു ‘ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും’
(റോമാ 13: 12)

ദൈവവചനത്തിന്റെയും സഭയുടെ പഠിപ്പിക്കലുകളുടെയും അടിസ്ഥാനത്തില്‍ പറയട്ടെ, rebel priest എന്നു വിളിക്കപ്പെടുന്നത് ഒരു ബഹുമതിയല്ല, അത് പൈശാചികമായ ഒരവസ്ഥയാണ്. നിത്യപുരോഹിതനായ ക്രിസ്തുവിനെ പ്രതിനിധനം ചെയ്യുന്ന വ്യക്തിക്ക് ‘റിബല്‍ പ്രീസ്റ്റ്’ ആകാന്‍ കഴിയില്ല. അറിവില്ലായ്മ മൂലം റിബല്‍ പ്രീസ്റ്റ് സ്വാധീനത്തില്‍ ഉള്‍പ്പെട്ടവര്‍ മാനസാന്തരപ്പെട്ട്, പാപങ്ങള്‍ ഏറ്റുപറഞ്ഞ് തങ്ങളെ ഈ ശുശ്രൂഷയിലേക്ക് വിളിച്ച ദൈവത്തോടു രമ്യതപ്പെടുക.

ഓര്‍മിക്കുക, നിങ്ങള്‍ റിബലുകളാകുന്നത് ഒരു മാനുഷിക വ്യവസ്ഥിതിയോടുമല്ല, ദൈവത്തോടും ദൈവിക വ്യവസ്ഥിതിയോടുമാണ്.

 

മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും മണ്ഡലകാല തീർത്ഥാടനം ഈ മാസം 27 (27/11/21) ശനിയാഴ്ച രാധാകൃഷ്ണ മന്ദിർ വിതിംഗ്ടൻ നിന്നും കെട്ട് നിറച്ച് ബർമിംഹാം അയ്യപ്പ ക്ഷേത്രത്തിലേക്ക് (ബാലാജി) പോകുകയാണ് . കലിയുഗ വരദനെ കാണാനുള്ള ഈ അസുലഭ നിമിഷത്തിനെകുറിച്ച് കൂടുതൽ അറിയാനും , പങ്കെടുക്കാനും ആഗ്രഹിക്കുന്നവർ താഴെ കൊടുക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക .

ഹരികുമാർ : 0743344590
ചന്ദ്രശേഖർ: 07865563926

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച ആരംഭിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടി മുൻനിരയിലെത്തിയത് പതിനൊന്നുപേർ.

ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ എട്ടുമുതൽ പത്തുവരെയുള്ള പ്രായക്കാരിലും മൂന്നുകുട്ടികൾ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയപ്പോൾ പതിനൊന്നുമുതൽ പതിമൂന്നു വയസ്സുവരെയുള്ള എയ്ജ് ഗ്രൂപ്പിൽ രണ്ടുകുട്ടികൾ മുൻ നിരയിലെത്തി.

പതിനാലുമുതൽ പതിനേഴുവരെയുള്ള ഗ്രൂപ്പിൽ ഒരു മത്സരാർത്ഥിയും മുതിർന്നവരുടെ ഗ്രൂപ്പിൽ അഞ്ച് മത്സരാത്ഥികളും മുൻ നിരയിലെത്തി. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നുമുള്ള അമ്പതു ശതമാനം കുട്ടികളാണ് സെമി ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്.

മത്സരാർത്ഥികൾക്ക് അവരുടെ മത്സരഫലം ഇതിനോടകം അവരുടെ റജിസ്റ്റേർഡ് ഈമെയിലിൽ അറിയിച്ചിട്ടുണ്ട് . സെമി ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അഞ്ച് മത്സരാർത്ഥികൾ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടും. കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കുക

http://smegbbiblekalotsavam.com/

ഇംഗ്ലണ്ടിന്റെ മധ്യപൂര്‍വ്വ ദേശമായ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷചാരണം 2020-21 ഔദ്യോഗിതമായ സമാപനത്തിനായി അണിഞ്ഞൊരുങ്ങുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബ്ബാനയോടുകൂടി നവംബര്‍ 27ന്, ശനിയാഴ്ച (27/11/2021) രാവിലെ 11 മണിക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ സമാപന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ ഹെല്‍പ് മിഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷന്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചു കിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബ കൂട്ടായ്മകളെ ഊര്‍ജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതല്‍ കരുത്തുറ്റതാക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആണ് കുടുംബകൂട്ടായ്മ വര്‍ഷാചരണം നടത്തപ്പെട്ടത്.

രൂപതയുടെ കര്‍മ്മ പദ്ധതിയായ ‘ലിവിങ് സ്റ്റോണ്‍’ ലെ നാലാമത്തെ വര്‍ഷമായ കുടുംബ കൂട്ടായ്മ വര്‍ഷം മികവുറ്റതാക്കി മാറ്റുവാന്‍ കഴിഞ്ഞതിലുള്ള ചാരിഥാര്‍ത്ഥ്യത്തിലാണ് കുടുംബകൂട്ടായ്മ കമ്മീഷന്‍ താഴെ പറയുന്ന വ്യക്തികളെ ഉള്‍ക്കൊണ്ടിരുന്നു രൂപതാ കുടുംബ കൂട്ടായ്മ കമ്മീഷന്‍. രക്ഷാധികാരി : മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സിന്‍ചേലൂസ് -ഇന്‍-ചാര്‍ജ്ജ്: റെവ.ഫാ. ജോര്‍ജ്ജ് തോമസ് ചേലയ്ക്കല്‍, ചെയര്‍മാന്‍: റെവ. ഫാ. ഹാന്‍ഡ് പുതിയകുളങ്ങര, കോര്‍ഡിനേറ്റര്‍: ഷാജി തോമസ്(നോര്‍ച്ച്) സെക്രട്ടറി: റെനി സിജു തോമസ് (എയില്‍സ്‌ഫോഡ്), പി.ആര്‍.ഒ വിനോദ് തോമസ്(ലെസ്റ്റര്‍) ആഡ് ഹോക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി: ഡീക്കന്‍ അനില്‍ ലൂക്കോസ്. മറ്റ് അംഗങ്ങള്‍;
1. ഫിലിപ്പ് കണ്ടൊത്ത്(ബ്രിസ്റ്റോള്‍- കാര്‍ഡിഫ്)
2. ജിനോ ജോസ് ജെയിംസ് (കേംബ്രിഡ്ജ്), 3. ക്രിസ്റ്റി സെബാസ്റ്റ്യന്‍(കവന്‍ട്രി),
4.ജെയിംസ് മാത്യു (ഗ്ലാസ്‌ഗോ)
5. തോമസ് ആന്റണി(ലണ്ടന്‍)
6. കെ.എം ചെറിയാന്‍ (മാഞ്ചസ്റ്റര്‍)
7. ജിതിന്‍ ജോണ്‍(സൗത്താംപ്റ്റണ്‍)
8. ആന്റണി മടുക്കകുഴി (പ്രെസ്റ്റണ്‍)
മേല്‍പറഞ്ഞ ഏവരെയും ശുശ്രൂഷാ മനോഭാവവും സേവന തത്പരതയുമാണ് കുടുംബകൂട്ടായ്മ വര്‍ഷാചരണം ഫലദായകമാകുവാന്‍ കാരണമായത്.

ശനിയാഴ്ചയിലെ കാര്യപരിപാടികള്‍
11.00 വി.കുര്‍ബ്ബാന: അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കര്‍മികത്വത്തില്‍. 13.00 മുതല്‍ 14.00 വരെ: ഉച്ച ഭക്ഷണം.

തുടര്‍ന്ന് സമാപന സമ്മേളനം:
14.00 പ്രാര്‍ത്ഥനാ ഗാനം/ വാദ്യോപകരണ സംഗീതം:സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ മിഷന്‍. 14.05 സ്വാഗതം: റെവ. ഫാ.ഹാന്‍സ് പുതിയകുളങ്ങര ചെയര്‍മാന്‍ കുടുംബ ക്കൂട്ടായ്മ കമ്മീഷന്‍.
14.15 റിപ്പോര്‍ട്ട് അവതരണം:
ശ്രീമതി. റെനി സിജു തോമസ്, സെക്രട്ടറി, കുടുംബക്കൂട്ടായ്മ കമ്മീഷന്‍. 14.25 ഉദ്ഘാടനം: രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രക്ഷാധികാരി, കുടുംബക്കൂട്ടായ്മകമ്മീഷന്‍.
14.40 പ്രഭാഷണം: റെവ.ഫാ.ടോമി എടാട്ട്, ചെയര്‍മാന്‍ മീഡിയ കമ്മീഷന്‍.
15.10 സംഘഗാനം: സെന്റ് അല്‍ഫോണ്‍സാ മിഷന്‍ ലെസ്റ്റര്‍. 15.15 പ്രഭാഷണം: റെവ.സി ആന്‍മരിയ (എസ്.എച്ച്), ചെയര്‍പേഴ്‌സണ്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍.
15.45 ആശംസകള്‍: റെവ മോണ്‍. ജോര്‍ജ്ജ് തോമസ് ചെലേയ്ക്കല്‍, സിന്‍ചേലൂസ് ഇന്‍ ചാര്‍ജ്, കുടുംബക്കൂട്ടായ്മ കമ്മീഷന്‍.
15.55 ആശംസകള്‍: റെവ .ഫാ ജോര്‍ജ്ജ് എട്ടുപറ, ഡയറക്ടര്‍, സ്റ്റോക്ക് ഓണ്‍ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ മിഷന്‍.
16.05 ഇടവകാ വര്‍ഷം 2021-22 ഉദ്ഘാടനം: രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
16.10 കൃതഞത: ശ്രീ. ഷാജി തോമസ്, കോര്‍ഡിനേറ്റര്‍ കുടുംബക്കൂട്ടായ്മ കമ്മീഷന്‍.
16.20 സമാപന അശ്ലീര്‍വാദം: രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
എല്ലാ മിഷന്‍/ പ്രൊപ്പോസ്ഡ് മിഷന്‍/ മാല്ല് ലെന്റര്‍ നിന്നുമുള്ള കുടുംബക്കൂട്ടായ്മ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഏകദേശം 500ഓളം പേരുടെ സാന്നിധ്യം സമാപന സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബർ 20 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് ,രജനി മനോജ് എന്നിവർക്കൊപ്പം ജെസ്സി ബിജു വചന ശുശ്രൂഷ നയിക്കും .

യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
മാസത്തിലെ എല്ലാ മൂന്നാമത്തെ ശനിയാഴ്ചയും
സൂം വഴി
https://us02web.zoom.us/j/86516796292

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am
Please note timings in your country.

This Saturday 20th November.

UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

നഗരത്തിൽ ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവായ മകനെ സ്വന്തം അമ്മ ദിവസം രണ്ടും മൂന്നും തവണ ഫോണിൽ വിളിക്കാറുണ്ട്. എന്തിനാണെന്ന് നിങ്ങൾ ചോദിച്ചേക്കാം? അവൻ രാവിലെ കാപ്പി കുടിച്ചോ ഉച്ചയ്ക്ക് ചോറുണ്ടോ രാത്രി അത്താഴം കഴിച്ചോ എന്നും മറ്റും ചോദിക്കുവാൻ വേണ്ടി! ഇതിനെ ഒരു സ്നേഹപ്രകടനം ആയി കരുതുന്നതിൽ തെറ്റില്ലായിരിക്കാം. എന്നിരുന്നാലും ഇതിന്റെ പുറകിൽ മറ്റൊരു മന:ശ്ശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. വാസ്തവത്തിൽ ഇങ്ങനെ ഒരു സ്നേഹ പ്രകടനത്തിന്റെ ആവശ്യമുണ്ടോ? എന്റെ ബന്ധത്തിൽ ഒരു പുരോഹിതൻ ഉണ്ടായിരുന്നു*. അദ്ദേഹം ഫാമിലി തെറാപ്പിയും മറ്റും ചെയ്യുന്ന പ്രഗത്ഭനായ ഒരു മന:ശ്ശാസ്ത്രജ്ഞനായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു കുടുംബത്തിൻറെ പ്രശ്നം പഠിക്കുവാൻ ഇടയായി. അവിടെ ഒരു ചെറുപ്പക്കാരന്റെ അമ്മ ഇങ്ങനെ പറയുകയുണ്ടായി-” ഞാൻ അവനെ വെളുപ്പിനെ വിളിച്ച് എഴുന്നേൽപ്പിക്കാറുണ്ട്; അവൻ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഞാൻ ഉറപ്പുവരുത്തും; രാത്രിയിൽ അവൻ ഉറങ്ങിയ ശേഷമേ ഞാൻ ഉറങ്ങാറുള്ളു. അമ്മ എന്ന നിലയിൽ ഇതൊക്കെ ചെയ്യേണ്ടത് എന്റെ കടമയല്ലേ?” അദ്ദേഹം മറുപടി പറഞ്ഞു “പോരാ അല്പം മുലപ്പാൽ കൂടി കൊടുക്കണം”

വാസ്തവത്തിൽ ഇത്തരം സ്നേഹപ്രകടനങ്ങൾ മക്കൾക്ക് ആവശ്യമില്ല. അവർക്ക് അത് ഒരു തലവേദന ആവാനേ വഴിയുള്ളൂ. എന്നിട്ടും എന്തിനാണ് മാതാപിതാക്കൾ ഇപ്രകാരം ചെയ്യുന്നത്? ഈ മാതാപിതാക്കൾക്ക് മറ്റ് പണിയൊന്നുമില്ലേ? കുട്ടികളെ അവരുടെ പാട്ടിന് വിടുന്നതിന് മാതാപിതാക്കൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല? മുതിർന്നവരെ മുലയൂട്ടുന്ന പ്രക്രിയ രണ്ടു കൂട്ടരെയും ദുഷിപ്പിക്കുകയല്ലേ ചെയ്യുകയുള്ളൂ ? മുമ്പു സൂചിപ്പിച്ചത് പോലെ ഇതിന്റെ പുറകിൽ ഒരു മന:ശ്ശാസ്ത്രം കിടപ്പുണ്ട്. മാതാപിതാക്കളുടെ ഇത്തരം സ്നേഹപ്രകടനങ്ങൾ ഒരു തരം കുറ്റബോധത്തിൽ നിന്ന് ഉണ്ടാകുന്നത്. എല്ലാ മാതാപിതാക്കളുടെയും ഉള്ളിൽ ഒരുതരം കുറ്റബോധം ഉറങ്ങിക്കിടക്കുന്നു(Parent’s Guilt Complex). അതിനെക്കുറിച്ച് അവർക്ക് ബോധമില്ല. എങ്കിലും അത് അവരിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ കുട്ടികളെ ചെറുപ്രായത്തിൽതന്നെ, അധ്യാപകരുടെയും, മുതിർന്നവരുടെയും, സമൂഹത്തിന്റെ മൊത്തത്തിലും സഹായത്താൽ അടിച്ചമർത്തി അവരെ കഴകംകെട്ടവരാക്കി മാറ്റിയത് തങ്ങൾ തന്നെയാണെന്ന കുറ്റബോധം മാതാപിതാക്കളുടെ ഉള്ളിൽ ഉറങ്ങിക്കിടപ്പുണ്ട്.

വാസ്തവത്തിൽ എന്താണ് നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്? കുട്ടികൾ കഴകം കെട്ടവരായി കാണപ്പെടുന്നു. വാസ്തവത്തിൽ അവർ കഴകം കെട്ടവരാണോ? ഒരിക്കലുമല്ല !സമൂഹം അവരെ കഴകം കെട്ടവരാക്കി മാറ്റുന്നു! ചെറുപ്രായം തൊട്ടേയുള്ള ശക്തമായ അടിച്ചമർത്തലിൽ അവർ കഴകംകെട്ടവരായി മാറുന്നു. അവിടം തൊട്ട് പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. അവരുടെ കാര്യങ്ങൾ ആര് നോക്കും? സ്നേഹമാണെന്ന വ്യാജേന കുട്ടികൾക്കു മാതാപിതാക്കൾ കൊടുക്കുന്നത് മധുരത്തിൽ പൊതിഞ്ഞ പാഷാണമാണ്. അതവരെ കൂടുതൽ വഷളാക്കുകയും ദുഷിപ്പിക്കുകയുമേ ചെയ്യുകയുള്ളൂ. ഞാൻ ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ. ചെറുപ്രായം തൊട്ടേ കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിനടത്തുന്നത് മാതാപിതാക്കളും മുതിർന്നവരും അധ്യാപകരും മറ്റും ആണല്ലോ .എന്നിട്ടും കുട്ടികൾ വഷളാകുന്നതിന്റെ ഉത്തരവാദിത്വം മുതിർന്നവർ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല? വാസ്തവത്തിൽ അവരെ വഷളാക്കുന്നത് ഈ മേൽനോട്ടം തന്നെ ആണെന്നുള്ളത് മുതിർന്നവർ അറിയുന്നില്ല. കുട്ടികൾ മുതിർന്നവരിൽ നിന്ന്- മാതാപിതാക്കളിൽനിന്ന് പോലും- സ്നേഹം ഒന്നും ആവശ്യപ്പെടുന്നില്ല. അവർ ഒരു കാര്യമേ ആവശ്യപ്പെടുന്നുള്ളൂ- സ്വാതന്ത്ര്യം… അത് നാം അവർക്ക് കൊടുക്കുന്നുമില്ല! എന്തുകൊണ്ട് നാം അവർക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല? കാരണം സ്വാതന്ത്ര്യം കൊടുത്താൽ അവർ നമ്മെ ഇട്ടേച്ചു പോകും എന്ന് നമുക്കറിയാം.

നാം അതിനെ ഭയപ്പെടുന്നു. പുറത്ത് പോയാൽ അവർക്ക് എന്തെങ്കിലും സംഭവിക്കുമോ? സമൂഹം ചീത്തയല്ലേ? അല്ലയോ മാന്യന്മാരെ.. സമൂഹം ചീത്തയാണെങ്കിൽ നിങ്ങൾ എന്തുകൊണ്ട് ആ സമൂഹത്തെ നന്നാക്കാൻ ശ്രമിക്കുന്നില്ല. അതിന് പകരം കുട്ടികളെ നന്നാക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങുവാൻ നിങ്ങൾക്ക് ലജ്ജയില്ലേ ? സമൂഹത്തിന്റെ തെറ്റുകളുടെ ഭാരം ചുമക്കേണ്ടത് പാവം കുട്ടികൾ ആണോ? നിങ്ങൾ എന്താണ് കരുതുന്നത് ? നിങ്ങളുടെ വീരശൂര പരാക്രമങ്ങൾ പാവം കുട്ടികളുടെയടുത്തല്ല കാണിക്കേണ്ടത്. സമൂഹത്തിൽ നിങ്ങളുടെ സമപ്രായക്കാരെ നന്നാക്കുവാൻ ഇറങ്ങിത്തിരിക്കുവിൻ. അപ്പോൾ കുട്ടികൾ താനെ നന്നായിക്കൊള്ളും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് സ്ലീഹാ യുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മൂന്നാം ഞായറാഴ്ച്ച കുർബാന നവംബർ മാസം 21 തീയതി ഞായറാഴ്ച നടത്തപ്പെടുന്നു. ഇടവക വികാരി റെവ: ഫാദർ ഗീവർഗ്ഗീസ്‌ തണ്ടായതിന്റെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓൺ ട്രെന്റ് പരിസരത്തുള്ള എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിപ്പാൻ കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന പള്ളി കമ്മറ്റി ഭാരവാഹികളുടെ നമ്പറിൽ വിളിക്കാവുന്നതാണ്.
റൈനോ തോമസ്‌ (സെക്രട്ടറി )
07916 292493
ബിനോയി കുര്യൻ
(ട്രസ്റ്റീ)
07525 013428
ബിജു തോമസ്‌
07727 287693

കുർബ്ബാന നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
High St, Talke Pits, Stoke-on-Trent ST7 1PX

മലങ്കര ഓർത്തഡോക്സ്‌ സഭയിലെ പ്രഖ്യാപിത പരിശുദ്ധനും, ഭാരതീയ ക്രൈസ്തവ സഭകളിലെ പ്രഥമ പരിശുദ്ധനുമായ പരുമല തിരുമേനിയുടെ 119- മത് ഓർമ്മപെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ആചരിച്ചു. പ്രഭാതനമസ്കാരം, വി.കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന, ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ഇടവക വികാരി ഫാ.എൽദോ വർഗീസ് പെരുന്നാൾ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ത്യാഗത്തിന്റെയും, സഹിഷ്ണതയുടെയും, സ്നേഹത്തിന്റെയും ആൾരൂപമായ പരുമല തിരുമേനിയുടെ കാലടിപ്പാടുകൾ പിന്തുടരേണ്ടതിന്റെ ആവശ്യകത , വർത്തമാനകാലത്തു വർധിച്ചിരിക്കുകയാണെന്ന് കുർബാനമധ്യയുള്ള പ്രസംഗത്തിൽ ഫാ.എൽദോ വര്ഗീസ് ചൂണ്ടികാട്ടി. മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിവൽ ശ്രെദ്ധേയമായി. ഇടവക ട്രസ്റ്റി രാജൻ വർഗീസ്, സെക്രട്ടറി എബ്രഹാം കുര്യൻ, മാനേജിങ് കമ്മിറ്റിഅംഗങ്ങൾ, അദ്ധ്യാൽമികസംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . 2023 ൽ റോമിൽ നടക്കുന്ന സാർവത്രിക സൂനഹദോസിനു മുന്നോടിയായി , സഭ മുഴുവനും സർവത്രിക തലത്തിൽ ദൈവജനത്തെ മുഴുവൻ ശ്രവിക്കുന്ന ഒരു പ്രക്രിയ (Synodality )നടത്തുവാൻ മാർപാപ്പ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇതിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആരംഭിച്ച നടപടികളുടെ ഭാഗമായി 2014 ൽ അന്തർ ദേശീയ ദൈവശാസ്ത്ര സമിതി തയ്യാറാക്കി പ്രസിദ്ധീകരിച്ച “സെൻസുസ് ഫിദെയ് ” അടിസ്ഥാനമാക്കി വിശ്വാസവബോധ സെമിനാർ നടത്തി , രൂപതയുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയും , സൂമിലൂടെയും നടത്തിയ സെമിനാറിന് റെവ ഡോ ജോസഫ് കറുകയിൽ( അയർലൻഡ് ) നേതൃത്വം നൽകി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെമിനാർ ഉത്‌ഘാടനം ചെയ്തു .

“ഹൃദയം ഈശോയ്ക്ക് കൊടുക്കുന്നവർ ആണ് വിശ്വാസികൾ ,വിശ്വാസം വഴി ഈശോയെ ഹൃദയത്തിലേയ്ക്ക് സ്വീകരിക്കാൻ കഴിയണം . വിശുദ്ധരിൽ ആണ് കർത്താവ് വസിക്കുന്നത് . മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു . അതുപോലെ നിത്യജീവനിലേയ്ക്കാണ് നാം യാത്ര ചെയ്യുന്നത് . ഭൗതികമായ സമ്പാദ്യങ്ങൾക്കപ്പുറം നിത്യതയിലേക്കുള്ള യാത്രയ്ക്കായി നാം എന്ത് സമ്പാദ്യം ആണ് കരുതിവച്ചിരിക്കുന്നത് എന്ന് നാം ആത്‌മശോധന ചെയ്യണം അദ്ദേഹം കൂട്ടിച്ചേർത്തു . സിനഡാലിറ്റി എന്ന ആശയം ഗൗരവമായി ചർച്ച ചെയ്യുന്ന ഈ നാളുകളിൽ വിശ്വാസവബോധത്തോടെ ഒരു ഹൃദയമായി , ഒന്നിച്ചു നടക്കലിൻറെ പാതയിൽ വിശ്വാസിസമൂഹം വിശ്വാസത്തിന്റെ വിധേയത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും , പ്രായോഗിക ജീവിതത്തിലും ,പ്രതികൂല സാഹചര്യങ്ങളിലും ,വിശ്വാസത്തിന്റെ വിവേചനം തിരിച്ചറിഞ്ഞു മുൻപോട്ടു പോകുവാൻ എന്ത് ചെയ്യണം എന്ന് “സെൻസസ് ഫിദെയ്” യുടെ അടിസ്ഥാനത്തിൽ റെവ ഡോ ജോസഫ് കറുകയിൽ സെമിനാറിൽ ഉത്‌ബോധിപ്പിച്ചു.

രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ റെവ ഫാ. സജിമോൻ മലയിൽ പുത്തൻപുര, റെവ ഫാ ജിനോ അരീക്കാട്ട് എം. സി. ബി. എസ് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , എന്നിവർ സന്നിഹിതരായിരുന്നു . പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു സ്വാഗതവും , ജോയിന്റ് സെക്രട്ടറി ജോളി മാത്യു നന്ദിയും അർപ്പിച്ചു .

RECENT POSTS
Copyright © . All rights reserved