ബിനോയ് എം. ജെ.

ബ്രിട്ടീഷുകാർ ഇന്ത്യക്കാരെകാളും വിദ്യാസമ്പന്നരും, കുലീനരും, കഠിനാദ്ധ്വാനികളും,സംസ്കാരസമ്പന്നരും, അച്ചടക്കം ഉള്ളവരും ആയിരുന്നു. അതുകൊണ്ട് തന്നെയാണല്ലോ അവരിവിടെ ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിച്ചതും. എന്നിട്ടും നാമവരോട് ഇന്ത്യ വിട്ടുപോകുവാൻ ശക്തമായി ആവശ്യപ്പെട്ടതിന്റെ പിറകിലത്തെ യുക്തിയും(Logic) സമൂഹശാസ്ത്രവും(Sociology) എന്താണ്? ഉപരിപ്ളവമായി അവർ നമ്മെക്കാൾ മിടുക്കരായി കാണപ്പെട്ടിരുന്നുവെങ്കിലും അവരുടെ മുന്നിൽ ഭാരതീയർ തല കുനിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ അത് നമുക്ക് ദോഷമേ ചെയ്യൂ എന്ന തിരിച്ചറിവാണ് അവർക്കെതിരായി ജീവൻ ത്യജിച്ചും സമരം ചെയ്തതിനും അതിൽ വിജയം വരിച്ചതിനും പിറകിൽ കിടന്ന പ്രചോദനം. അത് ശരിയായിരുന്നുവെന്നതിന് ചരിത്രം തന്നെ സാക്ഷി.

പാശ്ചാത്യർ ഇന്ത്യ വിട്ടുപോയെങ്കിലും അവർ കൊണ്ടുവന്ന സംസ്കാരം ഇനിയും ഇന്ത്യ വിട്ടുപോയിട്ടില്ല. മുൻപ് പറഞ്ഞതുപോലെ ഉപരിപ്ളവമായി നോക്കിയാൽ പാശ്ചാത്യ സംസ്കാരം ആർഷഭാരത സംസ്കാരത്തെക്കാൾ മെച്ചപ്പെട്ടതെന്ന് തോന്നാമെങ്കിലും അത് ശരിക്കും അങ്ങനെയല്ല എന്ന സത്യം നാം നന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമുദ്രം പോലെ അഗാധമായ ആർഷഭാരതസംസ്കാരം എവിടെ നിൽക്കുന്നു പുറമേ മാത്രമുള്ള തൂത്തു മിനുക്കൽ മാത്രമായ പാശ്ചാത്യ സംസ്കാരം എവിടെ കിടക്കുന്നു? ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ പാശ്ചാത്യ സംസ്കാരം ഭാരതീയരുടെ വളർച്ചയ്ക്ക് വിഘാതവും ഒരു വലിയ തടസ്സവും മാത്രമാണ്. അത് നമുക്ക് ഗുണം ചെയ്യുകയില്ലെന്ന് മാത്രമല്ല വളരെയധികം ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇത് ആരോഗ്യവാനായ ഒരാൾ പുകവലിക്കോ മദ്യപാനത്തിനോ അടിമയാകുന്നതുപോലയേ ഉള്ളൂ. താനിപ്പോൾ തെറ്റായ ഒരു പ്രവണതയിലാണെന്നും അത് തന്റെ ക്ഷേമത്തിനും പുരോഗതിക്കും വിഘാതമാണെന്നും മനസ്സിലാക്കുന്ന വ്യക്തി കഠിനപ്രയത്നത്തിലൂടെ അതിൽനിന്നും എങ്ങനെ മോചനം പ്രാപിക്കുന്നുവോ അപ്രകാരം ഭാരതീയർക്ക് വന്ന ഒരപചയം മാത്രമാണ് പാശ്ചാത്യസംസ്കാരത്തോടുള്ള ഈ ഭ്രമമെന്ന് മനസ്സിലാക്കി കഠിനപരിശ്രമത്തിലൂടെ തന്നെ അതിൽനിന്നും മോചനം പ്രാപിക്കുകയും ചെയ്യുമ്പോൾ ഭാരതീയർ പൂർവ്വമഹത്വം വീണ്ടെടുക്കുന്നു.

പാശ്ചാത്യർ പോലും തങ്ങളുടെ സംസ്കാരവും ജീവിതശൈലിയും എവിടേക്ക് പോകുന്നുവെന്ന് എന്നറിയാതെ ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന ഈ കാലത്ത് അവരിൽ ചുരുക്കം ചിലരെങ്കിലും ഭാരതത്തെയും അതിന്റെ പ്രൗഡഗംഭീരമായ സാംസ്കാരിക പാരമ്പര്യത്തെയും നോക്കി അസൂയപ്പെടുകയും അതിൽ അൽപമെങ്കിലും പഠിച്ചെടുത്ത് അതിൽ അൽപം മിനുക്ക്പണികൾ നടത്തി അതിനെ പാശ്ചാത്യ ലോകത്ത് അവതരിപ്പിച്ച് വലിയ കയ്യടി നേടുന്നത് നാം കാണുന്ന കാഴ്ചയാണ്. പാശ്ചാത്യരുടെ ഈ പ്രവണതയെ വിശേഷിപ്പിക്കുവാനും വിശദീകരണം കൊടുക്കുവാനും U – Turn Theory എന്ന ഒരു സിദ്ധാന്തം തന്നെ ഉണ്ടായി വരുന്നു. ഇപ്രകാരം പാശ്ചാത്യർ പോലും ഭാരതീയരിൽ നിന്നും പഠിക്കുവാൻ ശ്രമിക്കുമ്പോൾ നാം എന്തിനു വേണ്ടിയാണ് പാശ്ചാത്യരുടെ പിറകേ ഓടുന്നത്? അതോ സായിപ്പ് പറഞ്ഞാൽ മാത്രമേ നാം എന്തെങ്കിലും സ്വീകരിക്കൂ എന്ന് വാശി പിടിക്കുന്നത് എന്തിന്?

ആധുനിക ഭാരതീയർ അജ്ഞൻമാരും അപകർഷതയുള്ളവരുമാണ്. അപകർഷതയാവട്ടെ സ്വന്തം മഹത്വത്തെയും ശ്രേഷ്ഠതയെയും അംഗീകരിക്കവാൻ ആകാതെ അതിനെ അടിച്ചമർത്തുന്നവരിലാണ് കണ്ടുവരുന്നത്. ഭാരതീയരെപോലെ അപകർഷതയുള്ള ഒരു സമൂഹം ലോകത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. സ്വന്തം മഹത്വത്തെ അറിയുകയും അംഗീകരിക്കുകയും അതിനെ പിന്തുടരുകയും മാത്രമാണ് അപകർഷതയ്ക്കുള്ള പരിഹാരം. അപകർഷത ബാധിച്ച ഒരു ജനവിഭാഗത്തിന് തങ്ങളുടേതായ വലിയ നേട്ടങ്ങൾ ഒന്നും കൈവരിക്കുവാനാകില്ല എന്ന് സ്പഷ്ടം. അതിനാൽ തന്നെ സ്വന്തം അപകർഷതയെ ജയിക്കുക എന്നതാണ് ഭാരതത്തിനു മുൻപിലുള്ള ഏറ്റവും വലിയ കടമ്പ. അതിനുള്ള മാർഗ്ഗമാവട്ടെ സ്വന്തം പാരമ്പര്യത്തിൽ ഊറ്റം കൊള്ളുക എന്നതും. എന്തുകൊണ്ട് ഭാരതീയർ ഈ കാര്യത്തിൽ പരാജയപ്പടുന്നു? ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ സംസ്കാരം ആർഷഭാരത സംസ്കാരം തന്നെ. ആധുനിക പാശ്ചാത്യ സംസ്കാരം പോലും ഇവിടെനിന്ന് പോയതാണെന്ന് വാദിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ ലോകം ഭരിക്കുവാനുള്ള അർഹതയും അവകാശവും ഭാരതീയർക്ക് തന്നെ എന്ന് പുതിയ തലമുറ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പാശ്ചാത്യർ നമ്മെ അനുകരിക്കുവാൻ ശ്രമിക്കുമ്പോൾ നാമവരെ മറിച്ച് അനുകരിക്കുന്നത് എന്തുകൊണ്ടാണ്? നാം കഥയറിയാതെ ആട്ടം കാണുകയാണോ? ലോകം മുഴുവൻ ആന്തരിക ലോകത്തിലേക്ക് തിരിയുവാൻ വെമ്പൽ കൊള്ളുന്ന ഈ കാലത്ത് അങ്ങനെയൊരു സംസ്കാരത്തിന്റെ ചരിത്രം പേറുന്ന നാം എന്തിന്തുകൊണ്ട് അതിന് മടിച്ചുനിൽക്കുന്നു. അനുകരണം അവസാനിക്കുന്നിടത്ത് ആത്മബഹുമാനം ഉദിക്കുന്നു. വാസ്തവത്തിൽ അനുകരണം തന്നെയല്ലേ നമ്മുടെ പ്രശ്നം? പാശ്ചാത്യ സംസ്കാരത്തിന് നേരെ വിരൽ ചൂണ്ടി “ഇന്ത്യ വിട്ടുപോകുവിൻ(Quit India)” എന്ന് പറയുന്ന ആധുനിക ഭാരതീയനെയാണ് ഇന്ന് നമുക്ക് വേണ്ടത്.

അതെ! ആർഷഭാരതസംസ്കാരം ഒരേസമയം പൗരാണികവും ആധുനികവും ആണ്! അത് അത്യന്തം പഴക്കമുള്ളത് ആയതിനാൽ പൗരാണികവും, ആധുനിക ലോകം അതിലേക്ക് വരുവാൻ വെമ്പൽ കൊള്ളുന്നതിനാൽ ആധുനികവും ആണ്. വേദങ്ങൾക്ക് ആദിയും അന്തവും ഇല്ലെന്നാണ് പറയുന്നത്. ഒരേ സത്യം പലകാലങ്ങളിൽ പല രീതികളിൽ ആവിഷ്കരിക്കപ്പെടുന്നു. അകക്കാമ്പിൽ അത് ഒന്നുതന്നെ. ആപേക്ഷികമായ ബാഹ്യാവിഷ്കാരത്തിൽ മാത്രം വ്യത്യാസങ്ങൾ കാണുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120