Spiritual

ബിനോയ് എം. ജെ.

ആദ്ധ്യാത്മികതയെയും ലൗകികതയെയും എങ്ങനെ തിരിച്ചറിയാം? അവ തമ്മിലുള്ള വ്യത്യാസം എന്താണ്? എല്ലാവരും ലോകത്തിന് പിറകെ ഓടുന്നു. അതുകൊണ്ട് അവർക്ക് എന്തെങ്കിലും നേട്ടമുണ്ടോ? ഇനി ലോകത്തിന് പിറകെ ഓടാതിരുന്നാൽ എന്തെങ്കിലും നേട്ടമുണ്ടോ? ലോകം മുഴുവൻ ഭൗതികതയെ കുറിച്ച് ചർച്ച ചെയ്യുന്നു. ഭൗതികതയിൽ നിന്നും ലൗകികത ജന്മം കൊള്ളുന്നു. മതങ്ങൾ ആദ്ധ്യാത്മികത ചർച്ച ചെയ്യുന്നു. എന്നാൽ ഇത് വെറും ചർച്ചയിലും സംസാരത്തിലും ഭംഗിവാക്കുകളിലും ഒതുങ്ങുന്നു. ലോകത്തിന് ആദ്ധ്യാത്മികത കൈമോശം വന്നു പോയിരിക്കുന്നു.

നിങ്ങൾക്ക് സന്തോഷിക്കുവാൻ ബാഹ്യമായ കാരണങ്ങളുടെ ആവശ്യമുണ്ടെങ്കിൽ നിങ്ങൾ ബാഹ്യലോകത്ത് ജീവിക്കുന്ന വ്യക്തിയാണ്. നിങ്ങൾക്ക് സന്തോഷം കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. കാരണം ബാഹ്യലോകം നിങ്ങളുടെ പിടിയിലല്ല; ആവുകയും ഇല്ല. അതൊരുതരം ചൂതാട്ടം മാത്രം. ചിലപ്പോൾ നിങ്ങൾ നേടുന്നു; മറ്റു ചിലപ്പോൾ നഷ്ടപ്പെടുത്തുന്നു. നേടുമ്പോൾ നിങ്ങൾ അത്യധികം സന്തോഷിക്കുന്നു. നഷ്ടപ്പെടുമ്പോൾ കുത്തിയിരുന്നു കരയുകയും ചെയ്യുന്നു. ഇത് അർത്ഥവ്യത്തായ ഒരു ജീവിത വീക്ഷണമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇതിനെ ലൗകികത എന്ന് വിളിക്കുന്നു.

എന്നാൽ ഇനി അൽപം മന:ശ്ശാസ്ത്രപരമായി ചിന്തിക്കാം. നിങ്ങൾ ഒരഭിമാനിയാണെന്ന് കരുതുക. നിങ്ങൾ പലതിലും- സമ്പത്തിലും, സ്ഥാനമാനങ്ങളിലും,പേരിലും പ്രശക്തിയിലും, എന്നുവേണ്ട നിരവധി കാര്യങ്ങളിൽ- അഭിമാനിക്കുന്നു. ലോകം അത്തരക്കാരെകൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങളെക്കാൾ സത്പേരും സമ്പത്തും ഉള്ള ഒരാളെ (നിങ്ങളെക്കാൾ ശ്രേഷ്ഠനായ ഒരാളെ)കാണുമ്പോൾ നിങ്ങൾക്ക് അപകർഷതയും ദു:ഖവും തോന്നുന്നു. മറിച്ച് നിങ്ങളേക്കാൾ താണ ഒരാളെ കാണുമ്പോൾ നിങ്ങൾക്ക് ഉത്കർഷതയും സന്തോഷവും തോന്നുന്നു. അതായത് നിങ്ങളുടെ സുഖവും ദു:ഖവും ബാഹ്യലോകത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ അത്യന്തം വിനയമുള്ള ഒരാളാണെന്ന് സങ്കൽപിക്കുക. നിങ്ങൾ എല്ലാവരെയും നിങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതുന്നു. ധനവാനും ഭിക്ഷക്കാരനും നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരുപോലെ ശ്രേഷ്ഠരാണ്. നിങ്ങൾ ആളുകളെ തരം തിരിക്കുന്നില്ല. നിങ്ങൾക്ക് അതിന്റെ ആവശ്യവുമില്ല. എല്ലാവരും നിങ്ങളെക്കാൾ ശ്രേഷ്ഠരാണ്. അങ്ങിനെയെങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ ദു:ഖം അനുഭവപ്പെടുമോ? എല്ലാ സാഹചര്യത്തിലും നിങ്ങൾ അത്യധികം സന്തോഷിക്കുന്നു. സന്തോഷം നിങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുന്നു. നോക്കൂ..മനോഭാവം പറ്റിക്കുന്ന പണി!

ഇപ്രകാരം ശാശ്വതമായ സന്തോഷം പകർന്നു തരുന്ന മനോഭാവങ്ങളെകുറിച്ച് ആദ്ധ്യാത്മിക മണ്ഠലത്തിൽ ചൂടേറിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. അവയിൽ ചിലതൊക്കെ കാലഹരണപ്പെട്ടതുപോലെ ഇരിക്കുന്നു. അതേസമയം പുതിയ പുതിയ ആശയങ്ങൾ രംഗപ്രവേശം ചെയ്തുകൊണ്ടുമിരിക്കുന്നു. മന:ശ്ശാസ്ത്രത്തിനാണ് ആധുനിക ആദ്ധ്യാത്മികതയിൽ പ്രസക്തി കൂടുതൽ ഉള്ളതായി കാണപ്പെടുന്നത്. പ്രാചീന കാലങ്ങളിൽ ധർമ്മശാസ്ത്രത്തിനായിരുന്നു പ്രസക്തി. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്കാണ് ആദ്ധ്യാത്മിക കാര്യങ്ങളിൽ വിജയസാധ്യത കൂടുതൽ കാണപ്പെടുന്നത്. കാരണം വളരെകാലമായി കർമ്മ മണ്ഡലത്തിൽ കഴിയുകമൂലം ലോകത്തിന്റെ പ്രകൃതം ഇവർക്ക് മനസ്സിലായിരിക്കുന്നു! ലോകത്തിന്റെ പിറകെ ഓടിയിട്ട് വലിയ കാര്യമില്ല എന്ന് ഇവർക്കറിയാം. അതുകൊണ്ടാണ് ഈ കാലങ്ങളിൽ അവർ ആഗ്രഹം കുറഞ്ഞവരും കർമ്മവിമുഖരുമായി കാണപ്പടുന്നത്. ഇതിനെ വിരക്തി എന്ന് വിളിക്കുന്നു. വിരക്തി ആന്തരിക ലോകത്തിലേക്കും ആദ്ധ്യാത്മികതയിലേക്കും ഉള്ള പ്രവേശന കവാടമാണ്. എന്നാൽ സ്ത്രീകളുടെ കാര്യം നേരെ മറിച്ചുമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

എയ്‌ൽസ്‌ഫോർഡ്: കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്‌ൽസ്‌ഫോഡിൽ കഴിഞ്ഞ മാസം ആരംഭം കുറിച്ച ആദ്യബുധനാഴ്ച ശുശ്രൂഷയ്ക്ക് അനുഗ്രഹം തേടിയെത്തിയത് നിരവധി പേർ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6 ന് തുടക്കം കുറിച്ച് എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്‌ൽസ്‌ഫോർഡിലെ ഔർ ലേഡി ഓഫ് മൌണ്ട് കാർമ്മൽ സീറോ മലബാർ മിഷൻ ആണ് നേതൃത്വം നൽകുന്നത്.

ഈ മാസത്തെ ആദ്യബുധനാഴ്ച ശുശ്രൂഷ ഓഗസ്റ്റ് 3 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കും. എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടക്കുന്ന സൗഖ്യ ജപമാല ശുശ്രൂഷയോടുകൂടി തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് ചാപ്പലിൽ വിശുദ്ധകുർബാനയും തുടർന്ന് കർമ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക് പരിശുദ്ധകുർബാനയുടെ ആശീർവാദത്തോടുകൂടി ശുശ്രൂഷകൾക്ക് സമാപനമാകും.

ഏലിയാ പ്രവാചകൻ തപസ്സനുഷ്ഠിക്കുകയും ബാലിൻറെ പ്രവാചകരെ തോൽപിച്ച് ഇസ്രായേലിൽ സത്യദൈവവിശ്വാസം തിരികെക്കൊണ്ടുവരികയും ചെയ്ത സ്ഥലമാണ് കാർമ്മൽ മല. ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ ക്രൈസ്തവ സന്യാസികൾ ഏകാന്തതയിൽ പ്രാർത്ഥനാജീവിതം നയിക്കാനായി കാർമ്മൽ മലയിൽ എത്തിയിരുന്നു. ഇന്നത്തെ ഇസ്രായേലിൽ ഹൈഫ പട്ടണത്തിനു സമീപമായി മെഡിറ്ററേനിയൻ കടലിനു അഭിമുഖമായി സ്ഥിതിചെയ്യുന്ന കാർമ്മൽ മല ഇന്നും കർമ്മലീത്താ സന്യാസിമാരുടെ ഒരു പ്രധാന ആത്മീയ കേന്ദ്രമാണ്.

1251 ൽ എയ്‌ൽസ്‌ഫോർഡിലെ സൈമൺ സ്റ്റോക്ക് കർമ്മലീത്ത സന്യാസിക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും ഉത്തരീയം (വെന്തിങ്ങ) നൽകുകയും ചെയ്തു. വെന്തിങ്ങ പതിവായി ധരിക്കുകയും മാതാവിൻറെ സംരക്ഷണം തേടുകയും ചെയ്യുന്നവർ ഒരിക്കലും നിത്യനാശമടയുകയില്ല എന്നത് നൂറ്റാണ്ടുകളായുള്ള നമ്മുടെ വിശ്വാസമാണ്. അതുപോലെ തന്നെ മരണത്തിനു ശേഷമുള്ള ആദ്യത്തെ ശനിയാഴ്ച മാതാവിൻറെ പ്രത്യേക മധ്യസ്ഥത്തിലൂടെ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ മോചിക്കപ്പെടും എന്ന വിശാസവും കർമ്മലമാതാവിനോടുള്ള ഭക്തിയുമായി ബന്ധപ്പെട്ടു സഭയിൽ നിലനിന്നിരുന്നു.

ഉത്തരീയം (വെന്തിങ്ങ) കർമ്മലമാതാവിൻറെ സംരക്ഷണത്തിൻറെ അടയാളമാണ്. അമ്മയുടെ സവിശേഷമാം വിധം തെരഞ്ഞെടുക്കപ്പെട്ട മക്കളുടെ സമൂഹത്തിൽ നാമും അംഗങ്ങളാണെന്നതിൻറെ അടയാളവുമാണത്. അതോടൊപ്പം തന്നെ ഉത്തരീയം ഒരു പ്രതിജ്ഞയുമാണ്. അമ്മ ആഗ്രഹിക്കുന്നതുപോലെ ജീവിച്ചുകൊള്ളാം എന്നും നമ്മെത്തന്നെ അമ്മയ്ക്ക് എന്നേയ്ക്കുമായി പ്രതിഷ്ഠിച്ചുകൊള്ളാം എന്നുമുള്ള പ്രതിജ്ഞയുടെ അടയാളം. ഉത്തരീയം ധരിക്കുന്നവരിൽ നിന്ന് മാതാവ് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും അമ്മയുടെ ജീവിതത്തിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ അനുകരിച്ചുകൊണ്ടുള്ള ഒരു വിശുദ്ധജീവിതമാണ്. എളിമയും ശുദ്ധതയും നിരന്തര പ്രാർത്ഥനയും ആണ് അമ്മയിൽ നിന്നു നാം പഠിക്കേണ്ട പാഠങ്ങൾ. 1917 ൽ ഫാത്തിമയിലും അതിനും അര നൂറ്റാണ്ടിനുശേഷം ഗരബന്ദാളിലും പ്രത്യക്ഷപ്പെട്ടപ്പോൾ അമ്മ തന്നെത്തന്നെ കർമ്മലമാതാവെന്നു പരിചയപ്പെടുത്തിയിരുന്നു.

അനേകം വിശുദ്ധർ കർമ്മലമാതാവിൻറെ ഭക്തരായിരുന്നു. അവരിൽ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെയും വിശുദ്ധ ഡോൺ ബോസ്‌കോയുടെയും പേരുകൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഈ വിശുദ്ധരുടെ മരണത്തിന് അനേക വർഷങ്ങൾക്കുശേഷം അവരുടെ കല്ലറകൾ തുറന്നുനോക്കിയപ്പോൾ അവർ അണിഞ്ഞിരുന്ന വെന്തിങ്ങകൾക്കു യാതൊരു കേടുപാടുകളും ഇല്ലായിരുന്നു. ദുരന്തങ്ങളുടെ മുൻപിൽ പകച്ചുനിൽക്കുന്ന ഈ ലോകത്തിനു വേണ്ടി പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ ആശ്രയം അർപ്പിച്ചുകൊണ്ട് നമുക്കു പ്രാർത്ഥിക്കാം.

 

 

സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കീത്തിലിയിലെ സെന്റ്. ആന്‍സ് കാത്തലിക് ദേവാലയത്തില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരം കൊണ്ടാടി. ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് റവ. ഫാ. ഷോണ്‍ എലിയറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലാറ്റിന്‍ റൈറ്റില്‍ ആഘോഷമായ ദിവ്യബലി നടന്നു. പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആരംഭിച്ച തിരുകര്‍മ്മള്‍ക്ക് മുന്നോടിയായി ഭാരത വിശുദ്ധയുടെ ജീവിത ചരിത്രം ഫാ. ഷോണ്‍ പാശ്ചാത്യ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ പ്രാദേശികരുള്‍പ്പെടെ നൂറ് കണക്കിന് മലയാളികള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയിലേയ്ക്ക് പ്രദക്ഷിണമാരംഭിച്ചു. തുടര്‍ന്ന് വിശുദ്ധയുടെ രൂപത്തിന്റെ മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.

ഭാരതത്തിലെ ആദ്യ വിശുദ്ധയോടുള്ള ഭക്തിസൂചകമായി വത്തിക്കാന്‍ സ്‌ക്വയറില്‍ ആദ്യമായി ആലപിച്ച ഗാനം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വീണ്ടും മുഖരിതമായി. കീത്തിലി മലയാളി സമൂഹം ഒന്നായി ആലപിച്ച മലയാളഗാനത്തിനെ നിര്‍ത്താതെയുള്ള കരഘോഷത്തോടെയാണ് പ്രാദേശീക സമൂഹം സ്വീകരിച്ചത്.

2001 ന്റെ ആരംഭ ദിശയിലാണ് കീത്തിലിയില്‍ മലയാളികള്‍ എത്തിതുടങ്ങിയത്. ഇരുപതോളം കുടുംബങ്ങളാണ് ആദ്യമെത്തിയത്. 2008 അവസാനത്തോടെ അത് അമ്പതോളം കുടുംബങ്ങളായി ഉയര്‍ന്നു. പിന്നീട് 2020 മുതലാണ് മലയാളികളുടെ രണ്ടാം വരവ് ആരംഭിച്ചത്. ഇരുന്നൂറില്‍പ്പരം കുടുംബങ്ങള്‍ ഇപ്പോള്‍ യോര്‍ക്ഷയറിലെ കൊച്ചു ഗ്രാമമായ കീത്തിലിയിലെത്തിക്കഴിഞ്ഞു. NHS ന്റെ ഭാഗമായ ഏയര്‍ഡേല്‍ ഹോസ്പിറ്റല്‍ കേന്ദ്രമായാണ് എല്ലാവരും ജോലി ചെയ്യുന്നത്.

നാടുവിട്ട് പുതുതായി കീത്തിലിയില്‍ എത്തിയ മലയാളികള്‍ക്ക് ജാതിമതഭേദമെന്യേ ആശ്രയമായി നിലകൊണ്ട ആദ്ധ്യാത്മിക ഭവനമാണ് കീത്തിലി സെന്റ് ആന്‍സ് ദേവാലയം. തുടക്കത്തില്‍ ഉണ്ടായിരുന്ന ഫാ. ഷോണ്‍ ഗില്ലിഗണും പിന്നീടെത്തിയ കാനന്‍ മൈക്കിള്‍ മക്രീടിയും മലയാളികള്‍ക്ക് എല്ലാ പിന്തുണയുമായി മുന്നോട്ടുവന്നു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ വൈദീകര്‍ തല്പരരായിരുന്നു. മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകളും മലയാളികള്‍ക്കായി പിന്നീട് നടത്തപ്പെട്ടു. സെന്റ് ആന്‍സ് ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്. സ്‌കൂളും കീത്തിലിയിലെത്തിയ മലയാളികള്‍ക്ക് ആദ്യ കാലങ്ങളില്‍ ആശ്വാസമായി നിലകൊണ്ടു.

2010 ല്‍ കാനന്‍ മൈക്കിള്‍ മക്രീഡിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍, അക്കാലത്ത് കീത്തിലിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്ന റവ. ഫാ. സജി തോട്ടത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് നൊവേന പ്രാര്‍ത്ഥനകളും തിരുന്നാളുകളും കാലാകാലങ്ങളില്‍ നടത്തിയിരുന്നു. ലീഡ്‌സ് രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടപ്പോള്‍ തിരുക്കര്‍മ്മങ്ങള്‍ ലീഡ്‌സിലേയ്ക്ക് മാറ്റിയെങ്കിലും വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ വളെരെ ലളിതമായി സെന്റ് ആന്‍സ് ദേവാലയത്തില്‍ നടത്തപ്പെട്ടിരുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലീഡ്‌സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്, സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി റവ. മാത്യൂ മുളയൊലില്‍ എന്നിവര്‍ കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ച അള്‍ത്താര സന്ദര്‍ശിച്ചവരില്‍ പ്രമുഖരാണ്.

ബിനോയ് എം. ജെ.

മനുഷ്യൻ ഒരേസമയം രണ്ട് ലോകങ്ങളിൽ ജീവിക്കുന്നു -ആന്തരിക ലോകത്തിലും ബാഹ്യലോകത്തിലും. ഈ രണ്ടു ലോകവും പരസ്പരസംഘട്ടനത്തിലാണ്. ഈ സംഘട്ടനം ആകുന്നു മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. ബാഹ്യ ലോകം പറയുന്നു-നീ തീർച്ചയായും മരിക്കും; ആന്തരിക ലോകം പറയുന്നു- എനിക്ക് മരണമില്ല. നാം ആശയക്കുഴപ്പത്തിലേക്ക് വഴുതി വീഴുന്നു. ആന്തരിക ലോകം ഭാവാത്മകമാണ്; ബാഹ്യ ലോകമാവട്ടെ നിഷേധാത്മകവും. ആന്തരിക ലോകമാവട്ടെ അനന്തസാധ്യതകളുടെ ലോകമാണ്, അവിടെ അസാധ്യമായി യാതൊന്നുമില്ല. ബാഹ്യലോകം പരിമിതികളുടെ ലോകമാണ്.

ഈ സംഘട്ടനം സദാ നടന്നുകൊണ്ടേയിരിക്കുന്നു. ഈ സംഘട്ടനത്തിൽ നിന്നുമാണ് മനസ്സും അതിന്റെ പ്രവർത്തനങ്ങളും ഉത്ഭവിക്കുന്നത്. എങ്കിലും അതിനെക്കുറിച്ച് അധികമാളുകൾ ബോധവാന്മാരല്ല എന്ന് തോന്നുന്നു. അതിനാൽതന്നെ അവർ അതിന് പരിഹാരം അന്വേഷിക്കുന്നുമില്ല. മനസ്സ് ഈ രണ്ടു ലോകങ്ങളെയും സമന്വയിപ്പിക്കുവാൻ സദാ പരിശ്രമിക്കുന്നു. എങ്കിലും അതതിൽ വിജയിക്കുന്നില്ല. ഈ പ്രക്രിയയാവട്ടെ അനന്തമായി നീളുന്നു. പ്രതിഭയും ചിന്താശീലവും ഇല്ലാത്തവർ ഈ പ്രതിഭാസത്തെക്കുറിച്ച് അധികം ബോധവാന്മാരല്ല. അവർ കഥയറിയാതെ ആടുകയാണ്. ജീവിതത്തെക്കുറിച്ച് അവർക്ക് വലിയ ഗ്രാഹ്യമില്ല. അനുകരണത്തിലൂടെയും അഭിനയത്തിലൂടെയും അവർ എങ്ങിനെയൊക്കെയോ ജീവിച്ചു പോകുന്നു. എന്നാൽ പ്രതിഭയും ചിന്താശീലവും ഉള്ളവർ ഈ സംഘട്ടനത്തെക്കുറിച്ച് അൽപമെങ്കിലും ബോധവാന്മാരാണ്. അവർ ബാഹ്യലോകത്തെ ആന്തരികലോകം കൊണ്ട് ജയിക്കുവാൻ ശ്രമിക്കുന്നു.

മാനവരാശിയുടെ ഇന്നേവരെയുള്ള എല്ലാ നേട്ടങ്ങളും ബാഹ്യലോകത്തിന് മേലുള്ള ആന്തരികലോകത്തിന്റെ വിജയത്തെ പ്രഘോഷിക്കുന്നു. അത് ചിന്താശീലമുള്ള ഏതാനും പ്രതിഭാശാലികളുടെ സംഭാവനയാണെന്ന് പറയേണ്ടതില്ലല്ലോ. ചിന്തതന്നെ ബാഹ്യലോകത്തെ ജയിക്കുവാനുള്ള ആന്തരിക ലോകത്തിന്റെ പ്രയത്നമാകുന്നു. ആന്തരിക ലോകം ഈശ്വരനെയും ബാഹ്യലോകം മായയെയും പ്രതിനിധാനം ചെയ്യുന്നു. മനുഷ്യരിലുറങ്ങുന്ന ഈശ്വരൻ ഉണരുമ്പോൾ മായയുടെ മേലുള്ള ആത്യന്തികമായ വിജയം സംഭവിക്കുന്നു. അത് അവന്റെ മോക്ഷവും ആകുന്നു.

അതിനാൽ ബാഹ്യലോകത്തിന്റെ അടിമത്തത്തിൽ നിന്നും മോചനം പ്രാപിക്കുവിൻ. പുറം ലോകത്തേക്കുള്ള ഓട്ടം അവസാനിപ്പിച്ചു കൊണ്ട് അന്തരംഗത്തേക്ക് പ്രവേശിക്കുവിൻ! അവിടെ നിങ്ങൾ ഈശ്വരനുമായി കണ്ടുമുട്ടുന്നു. അവിടെ നിങ്ങൾ പൂർണ്ണമായും സുരക്ഷിതനാണ്. ആധിക്കും വ്യാധിക്കും അവിടെ സ്ഥാനമില്ല. അസ്വസ്ഥതകൾക്ക് അവിടേക്ക് കടന്നു വരുവാനാവില്ല. അവിടെ നിങ്ങൾ മാത്രമേയുള്ളൂ. അവിടെ നിങ്ങൾ സർവ്വ ശക്തനാണ്. അവിടെ ബാഹ്യലോകം തിരോഭവിക്കുന്നു. ഒരേസമയം ഈശ്വരനെയും മായയെയും കൂടി പൂജിക്കുവാനാവില്ല. മായയെ തള്ളിക്കളയുമ്പോൾ ഈശ്വരദർശനം സാധ്യമാകുന്നു. മായയുടെ പിറകേ ഓടുമ്പോൾ ഈശ്വരൻ മറക്കപ്പെടുന്നു.

പാശ്ചാത്യ ചിന്താപദ്ധതി ബാഹ്യലോകത്തേക്ക് നോക്കിക്കൊണ്ടുള്ളതാണ്. ബാഹ്യലോകത്തെ ബാഹ്യോപായങ്ങൾ കൊണ്ട് നിയന്ത്രിക്കുവാൻ അവർ പരിശ്രമിക്കുന്നു. ഇതിൽ അൽപസ്വല്പം വിജയമുണ്ടെങ്കിൽ പോലും അന്തിമ വിശകലനത്തിൽ ഇതൊരു വൻ പരാജയമാണ്. സങ്കല്പിക്കുവാൻ പോലുമാവാത്ത വിധം അതിബൃഹത്തായ ഈ പ്രപഞ്ചത്തെ മനുഷ്യൻ എങ്ങനെയാണ് ബാഹ്യോപായങ്ങൾകൊണ്ട് നിയന്ത്രിക്കുക? എന്നാൽ ആന്തരിക ലോകത്തേക്ക് പിൻവാങ്ങുന്ന മനുഷ്യന്റെ ഇച്ഛാശക്തിയുടെ പിടിയിൽ ബാഹ്യലോകം ക്രമേണ അമരുന്നു. പ്രപഞ്ചം ഒരിക്കലും ഈശ്വരനേക്കാൾ വലുതല്ല. ഈശ്വരനാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. ഈശ്വരനിൽ ലയിച്ചവൻ പ്രപഞ്ചത്തിന്മേലുള്ള പൂർണ്ണമായ നിയന്ത്രണം ആർജ്ജിച്ചുകഴിഞ്ഞു. “സർവ്വാധിപത്യം” എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. അതിനാൽ ഈശ്വരനിൽ ലയിക്കുവാൻ ശ്രമിക്കുവിൻ. അത് മാത്രമാണ് ബാഹ്യലോകത്തെ ജയിക്കുവാനുള്ള ഏകമാർഗ്ഗം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ: ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ ഇടവകയിലെ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് സമാപിച്ചു. അവധിക്കാലം കുട്ടികൾക്ക് സന്തോഷത്തിൻ്റെ അനുഭവമാക്കുന്നതിനായി തയ്യാറാക്കിയ ക്യാമ്പ് ജൂലൈ 25, 26, 27 ദിവസങ്ങളിൽ പള്ളിയിലും പള്ളിയുടെ ഹാളിലുമായാണ് സംഘടിപ്പിച്ചത്. ഏഴ് മുതൽ പതിനൊന്ന് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് സലേഷ്യൻ സഭയിലെ വൈദികനായ ഫാ. സാജു, ബ്രദർ സിക്സ്റ്റസ്, ബ്രദർ ജാക്ക് എന്നിവരും ഒന്നു മുതൽ ആറുവരെയുള്ള കുട്ടികൾക്ക് ചാരിറ്റി കോൺവെൻ്റിലെ സിസ്റ്റർമാരായ സി വിമൽ ജോസ്, സി ജോസ് ലിൻ എന്നിവരുമാണ് ക്യാമ്പ് നയിച്ചത്.

കൂടാതെ മതബോധന അധ്യാപകരായ മഞ്ചു വിത്സൻ, മഞ്ചു എബിൻ, ഷോബി ജോ, ഷാലി വർഗ്ഗീസ്, റിൻസി ഷാജു, ടിജി ഷീൻ, വത്സമ്മ മാനുവൽ, ജിൻസി ആൻ്റണി, സ്വപ്ന ജോജോ, അലീറ്റ ജോയ് സ്, എന്നിവരും, സീനിയർ വിദ്യാർത്ഥികളായ മിൽട്ടൻ ടോം, മിലൻ ടോം, റിയ റോബർട്ട്, എൽവീന വർഗീസ് എന്നിവരും ചേർന്ന് ക്യാമ്പ് ദിനങ്ങൾ സജീവമാക്കി. വികാരി ഫാ. ആൻഡ്രൂസ് ചെതലനോടൊപ്പം ക്യാമ്പ് കോഡിനേറ്റർ ടോം ഫിലിപ്പ്, ട്രസ്റ്റിമാരായ വർഗ്ഗീസ് ആലുക്ക, ആൻ്റണി മടുക്കക്കുഴി, അനിൽ ജോസഫ്, എന്നിവർ ക്യാമ്പിൻ്റെ എല്ലാ ക്രമീകരണങ്ങളും ഒരുക്കി.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം രാമായണ മാസാചരണ ആഘോഷമായി ശനിയാഴ്ച്ച, ജൂലൈ 30-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ ആഘോഷിക്കും.

സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ വാല്മീകി മഹർഷി രചിച്ച രാമായണം. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ പാരായണം (വായന) ഈ മാസമാണ് നടത്താറുള്ളത്. അതിനാൽ കർക്കടകം രാമായണ മാസം എന്നും അറിയപ്പെടുന്നു.

രാമായണ മാസാചരണം സമുചിതമായി ആഘോഷിക്കാൻ ലണ്ടൻ ഹിന്ദു ഐക്യവേദിയും തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ശനിയാഴ്ച്ച, ജൂലൈ 30-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ വിവിധയിനം പരിപാടികളോടെ ആചരിക്കും.

പ്രശസ്ത പിന്നണി ഗായകൻ ശ്രീ ജയദീപ് വാരിയർ അവതരിപ്പിക്കുന്ന ഭക്തി ഗാന സുധയാണ് ഈ വർഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലെ പ്രധാന ആകർഷണം. ഇന്ത്യയിലും വിദേശത്തുമായി 700-ൽ അധികം സ്റ്റേജ് പെർഫോമൻസ് ചെയ്തിട്ടുള്ള ജയദീപ്, തെന്നിന്ത്യൻ സിനിമകളിലുൾപ്പടെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി അനേകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭക്തി ഗാന സുധ കൂടാതെ ശ്രീ സദാനന്ദൻ ദിവാകരൻ നേതൃത്വം നൽകുന്ന രാമായണ പാരായണം, LHA കുട്ടികളുടെ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.

ഈ വർഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടൻ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തിൽ സ്വാഗതം ചെയ്ത് കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി : Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601‬.

Event will be conducted in line with government and public health guidance.
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org

London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.

സ്റ്റോക്ക് ഓൺ ട്രെന്റ് :-പുതുതായി ആരംഭിച്ച യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഇടവകദിനവും വിശുദ്ധനായ കുര്യാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ജൂലൈ മാസം 16,17 തീയതികളിൽ (ശനി, ഞായർ ) ടോക്ക് പിറ്റ് കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേകം തയ്യാറാക്കിയ പള്ളിയിൽ വെച്ച് ആഘോഷപൂർവ്വം നടത്തപ്പെട്ടു. ജൂലൈ മാസം പതിനാറാം തീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ, ഡോ .അബ്രഹാം മോർ സേവേറിയോസ് തിരുമനസ്സുകൊണ്ട് കൊടി ഉയർത്തി പെരുന്നാൾ ആഘോഷങ്ങൾക്ക് പ്രാർത്ഥനപൂർവ്വം തുടക്കം കുറിച്ചും, ഇടവക വികാരി ഫാ .എൽദോ രാജൻ സന്നിഹിതൻ ആയിരുന്നു. അഭിവന്ദ്യ തിരുമേനിയുടെ കാർമികത്വത്തിൽ സന്ധ്യ പ്രാർത്ഥന നടത്തുകയും അനുഗ്രഹ പ്രസംഗവും നടത്തപ്പെട്ടു.

പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ മർത്തമറിയം വനിതാ സമാജം അംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ പലഹാര കടയും നടത്തപ്പെട്ടു.അതിനുശേഷം സ്നേഹവിരുന്നോടെ എല്ലാവരും പിരിഞ്ഞു.
ജൂലൈ മാസം പതിനേഴാം തീയതി (ഞായർ)രാവിലെ പത്തുമണിക്ക് പ്രഭാത പ്രാർത്ഥനയും, അഭിവന്ദ്യ മെത്രാപോലീത്ത ഡോ എബ്രഹാം മാർ സേവേറിയസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു, ഇടവക വികാരി ഫാദർ എൽദോ രാജൻ,ഫാദർ സിജൂ കാവുങ്ങമ്പിള്ളിയിൽ എന്നിവരുടെ സഹകാർമികത്വത്തിൽ ആയിരുന്നു വിശുദ്ധ കുർബാന.തുടർന്ന് അഭിവന്ദ്യ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി.

ആഗോള ക്രിസ്തീയ സഭകളിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനാണ് കുര്യാക്കോസ് സഹദാ എന്നും വളരെ ചെറുപ്രായത്തിൽ തന്നെ ക്രിസ്തീയ സഭയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ കുരിയാക്കോസ് സഹദായുടെ നാമധേയത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് പ്രവർത്തനം ആരംഭിച്ച ഇടവകയുടെ വളർച്ച വിശുദ്ധന്റെ പ്രാർത്ഥന ശക്തികൊണ്ടാണ് എന്ന് തിരുമനസ്സ് ഉണർത്തിച്ചു.തുടർന്ന് ചെണ്ടമേള ത്തിൻറെ അകമ്പടിയോടെ സുറിയാനി യാക്കോബായ സഭയുടെ പാരമ്പര്യം വിളിച്ചോതുന്ന ആഘോഷ പൂർവ്വമായ പ്രദിക്ഷണവും നടന്നു. അതിനെ ശേഷം ആദ്യ ഫലങ്ങളുടെ വാശിയേറിയ ലേലവും ഉണ്ടായിരുന്നു. ജാതി മത വ്യത്യസമില്ലാതെ പെരുന്നാളിൽ എത്തിച്ചേർന്ന എല്ലാവർക്കും സ്വാദിഷ്ടമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഈ വർഷത്തെ ഇടവക ദിനവും വിശുദ്ധ കുര്യാക്കോസ് സഹദായുടെ ഓർമ്മ പെരുന്നാൾ വൈകുന്നേരം 5 മണിക്ക് ചെണ്ട മേളത്തോടെ ഇടവക വികാരി കൊടി ഇറക്കിയതോടെ സമാപനമായി. പെരുന്നാൾ വിജയത്തിന് എല്ലാ രീതിയിലും സഹകരിച്ച എല്ലാ ഇടവക അംഗങ്ങൾക്കും പ്രത്യേകിച്ച് മർത്തമറിയം വനിതാ സമാജം അംഗങ്ങൾക്കും പള്ളി മാനേജിംഗ് കമ്മിറ്റിയുടെ പേരിൽ സെക്രട്ടറി ശ്രീ റൈനോ തോമസ് ട്രസ്റ്റി ബിനോയ് കുര്യൻ എന്നിവർ നന്ദി രേഖപ്പെടുത്തി.

ബിനോയ് എം. ജെ.

നിങ്ങൾക്ക് അമേരിക്കയ്ക്ക് പറക്കണമെന്ന് സങ്കല്പിക്കുക. എന്നാൽ നിങ്ങൾക്ക് അമേരിക്കയ്ക്ക് പോകുന്നത് ഇഷ്ടമില്ല. എന്നിരുന്നാലും നിങ്ങൾ പോയേ തീരൂ. നിങ്ങൾക്ക് പോകുവാൻ ഒട്ടും തന്നെ താത്പര്യമില്ല. പക്ഷെ പോകുവാനുള്ള തീയതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. നിങ്ങൾ ഒട്ട് പോവുകയുമില്ല. എന്തൊക്കെ തന്നെ വന്നാലും നിങ്ങൾ പോവുകയില്ല .പക്ഷേ നിങ്ങൾ പോയേ തീരൂ. ആ തീയതി അടുത്തുവരുന്തോറും നിങ്ങളുടെ മനസ്സ് അത്യന്തം വേദനിക്കുന്നു. നിങ്ങൾ മാത്രമല്ല നിങ്ങളുടെ ചുറ്റുമുള്ളവരും വേദനിച്ച് തുടങ്ങുന്നു. ഒടുവിൽ ആ ദിവസം വന്നുചേരുന്നു. നിങ്ങൾ ബോധം കെട്ടു നിലത്തുവീഴുന്നു. പിന്നീടുള്ള കാര്യങ്ങൾ നിങ്ങൾ അറിയുന്നുമില്ല. മറിച്ച് ചെറുപ്പം മുതലേ നിങ്ങൾ, അമേരിക്കയ്ക്ക് പോകുവാൻ കൊതിക്കുന്ന ആളാണ് എന്ന് സങ്കല്പിക്കുക. ക്രമേണ നിങ്ങൾക്ക് പോകുവാനുള്ള സമയമായി വരുന്നു. അതോർത്തുതുടങ്ങുന്നതോടെ നിങ്ങളുടെ മനസ്സും സന്തോഷിക്കുന്നു. ഓരോ ദിവസവും ചെല്ലുന്തോറും നിങ്ങളുടെ സന്തോഷവും കൂടികൂടി വരുന്നു. നിങ്ങളുടെ ചുറ്റുമുള്ളവരും നിങ്ങളോടൊത്ത് സന്തോഷിക്കുന്നു. ഒടുവിൽ ആ ദിവസം വന്നു ചേരുന്നു. നിങ്ങൾ ആനന്ദനിർവൃതിയിലേക്ക് കടക്കുന്നു .

ഏതാണ്ട് ഇതേപോലെയാണ് മരണത്തിന്റെ കാര്യവും. അത് ഒഴിവാക്കാനാവാത്ത ഒരു യാത്രയാണ്. ഒരു ശരീരം വിട്ട് മറ്റൊരു ശരീരത്തിലേക്കുള്ള യാത്ര; ഒരു സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര ; ഒരു ലോകം വിട്ടു മറ്റൊരു ലോകത്തിലേക്കുള്ള യാത്ര. ആ യാത്രയോട് നമുക്ക് രണ്ട് തരത്തിലുള്ള സമീപനം സ്വീകരിക്കാം. ആദ്യത്തേത് നിഷേധാത്മകമായത്; രണ്ടാമത്തേത് ഭാവാത്മകമായത്. നാമെല്ലാവരും മരണത്തോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് . മരണത്തെ ഒരിക്കലും ഒഴിവാക്കുവാൻ കഴിയുകയില്ല. എന്നാൽ നമുക്കത് വേണ്ടാ താനും. ഇത് മനസ്സിൽ വലിയ ആന്തരിക സംഘർഷം ഉണ്ടാക്കുന്നു. ഈ സംഘർഷം അത്രയധികം വലുതും ഗൗരവമുള്ളതും ആയതിനാൽ അത് നമ്മെ കണ്ടമാനം ഉലക്കുന്നു. നാം ദു:ഖത്തിന്റെ ആഴങ്ങളിലേക്ക് വീണു പോകുന്നു. സുബോധത്തോടെ നമുക്കതിനെ നേരിടാനാവുന്നില്ല. നാം അബോധാവസ്ഥയിലേക്ക് വീഴുന്നു.

എന്നാൽ മരണത്തോടുള്ള നമ്മുടെ സമീപനം ഭാവാത്മകമാണെങ്കിലോ? അത് സ്വാഭാവികമായും അങ്ങനെ ആവേണ്ടതാണ്. കാരണം അത് മനുഷ്യപ്രകൃതി ആവുന്നു. പക്ഷേ നമ്മുടെ സംസ്കാരം അതിനെ വേണ്ടാത്തതായി ഗണിക്കുന്നു. മാനവസംസ്കാരം പ്രകൃതിയിൽ നിന്നും അത്രമാത്രം അകന്ന് പോയിരിക്കുന്നു. ഓഷോ പറഞ്ഞതുപോലെ മരണത്തെ ആഘോഷിക്കേണ്ടതാണ്. നാം മരണത്തെ ചീത്തയായി പരിഗണിക്കുന്നു. ഒന്നു ചോദിച്ചുകൊള്ളട്ടെ, മരണം ഏതർത്ഥത്തിലാണ് ചീത്തയാകുന്നത്. പഴകിയ ഒരു ശരീരം മാറി പുതിയ ഒരു ശരീരം സ്വീകരിക്കുന്നതിനാലോ? പഴയ വ്യക്തിത്വം മാറ്റി പുതിയത് സ്വീകരിക്കുന്നതിനാലോ? അയോ പഴയ ജീവിത സാഹചര്യങ്ങൾ മാറ്റി പുതിയവയെ സ്വീകരിക്കുന്നതിലോ? ഇതെല്ലാം ജീവിതത്തിന്റെ തുടർച്ചക്ക് അനിവാര്യമായ കാര്യങ്ങളാണ്. അതായത് മരണം ഒരവസാനമല്ല മറിച്ച് ഒരു തുടർച്ച മാത്രമാണ്. അത് മധുരമായ ഒരു തുടർച്ച തന്നെയാണ്. അത് അത്രമാത്രം മധുരമായതിനാൽ നാമതിനെ സ്നേഹിക്കുകയും അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

എന്നാൽ മരണത്തെ നിഷേധാത്മകമായി കരുതിയാൽ അതുകൊണ്ട് പലതരം ദോഷങ്ങൾ സംഭവിക്കുന്നു. ഒന്നാമതായി അത് നമ്മുടെ ജീവിതത്തിൽ ആകമാനം കരിനിഴൽ വീഴ്ത്തുന്നു. അതും ജീവിതത്തിന്റെ ഭാഗമായതിനാൽ അതിനെ ത്യജിച്ചുകൊണ്ടുള്ള ജീവിതം എപ്പോഴും അപൂർണ്ണമാണ്. ജീവിതത്തെ പൂർണ്ണമായും ഉൾക്കൊള്ളാതെ ജീവിച്ചാൽ ജീവിതവുമായി നമുക്ക് വേണ്ടവിധം പൊരുത്തപ്പെടുവാൻ ആവാതെവരുന്നു. ഇത് കഠിനമായ ആന്തരിക സംഘർഷത്തിലേക്ക് നമ്മെ കൊണ്ടുവന്നെത്തിക്കുന്നു. ഇതാകുന്നു എല്ലാ ജീവിതദു:ഖങ്ങളുടെയും അടിസ്ഥാനപരമായ കാരണം. മരണത്തിൽനിന്നും സദാ ഓടിയൊളിച്ചുകൊണ്ടിരുന്നാൽ നമുക്കെങ്ങനെ സന്തോഷത്തോടെ ജീവിക്കുവാൻ കഴിയും?

മരണത്തിനു ശേഷം ഒരു പുനർജ്ജന്മം ഉണ്ടെന്നും ആ പുനർജ്ജന്മം അത്യന്തം മനോഹരമായിരിക്കുമെന്നും നാം മറക്കാതിരിക്കേണ്ടിയിരിക്കുന്നു. ജനിക്കുന്നവന് മരണം നിശ്ചയം, മരിക്കുന്നവന് ജനനം നിശ്ചയം. ഇനി മരണത്തെ മാത്രമായി എടുത്താലും അത് അത്യന്തം മനോഹരമാണ്. ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്ന ധന്യമായ മുഹൂർത്തമാണത്. അത് നമുക്ക് വേദനാജനകമായി അനുഭവപ്പെടുന്നത് അതിനെക്കുറിച്ചുള്ള നമ്മുടെ സമീപനം തെറ്റായതുകൊണ്ട് മാത്രമാണ്. മരണത്തെക്കുറിച്ച് നിങ്ങൾക്ക് അത്യന്തം ഭാവാത്മകമായ സമീപനമാണുള്ളതെങ്കിൽ നിങ്ങൾക്ക് മരണം സംഭവിക്കുകയില്ലെന്ന് ഞാൻ പറയുന്നു. ആ മരണം ‘സമാധി’ ആയിരിക്കും. അത് ഈശ്വരനിലുള്ള ശാശ്വതമായ ലയനമായിരിക്കും. നമ്മുടെ സമീപനത്തിലാണ് പ്രശ്നങ്ങൾ എല്ലാം കിടക്കുന്നത്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഷൈമോൻ തോട്ടുങ്കൽ

വാൽസിംഗ്ഹാം . പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ നസ്രത്ത്‌ എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം തീർഥാടന കേന്ദ്രത്തിലേക്ക് നടന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആറാമത് തീർഥാടനം ഭക്തിസാന്ദ്രമായി , രൂപത സ്ഥാപിതമായതിന്റെ ആറാം വാർഷികദിനത്തിൽ ജപമാല സ്തുതികളും , പ്രാർത്ഥനാ മഞ്ജരികളും നിറഞ്ഞു നിൽക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചാപ്പലിലേക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും വൈദികരും സന്യസ്തരും ഉൾപ്പടെ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത് .

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആറാം വാർഷികം ആഘോഷിക്കുമ്പോൾ രൂപതയിലെ അംഗങ്ങളുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആയിരിക്കുകയാണ് .ഈശോയോടും ,വിശുദ്ധ കുർബാനയോടും ദാഹമുള്ള ഒരു സമൂഹത്തെയാണ് രൂപതയോട് ദൈവം കൂട്ടിച്ചേർക്കുന്നത് .ഈ ഭൂമിയിൽ ദൈവത്തിന്റെ വാസസ്ഥലമായത് പരിശുദ്ധ മറിയത്തിലാണ് അതുകൊണ്ട് തന്നെ നിത്യതയിൽ ദൈവം മറിയത്തെ വഹിക്കുകയാണ് . മാംസമായ വചനത്തെ ഉദരത്തിൽ വഹിച്ച പരിശുദ്ധ മറിയത്തെ തിരിച്ചറിയുവാനും , അമ്മയെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ പാരമ്പര്യം തിരിച്ചറിയുന്നതും , സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ മനസിലാക്കുവാനും , ആരാധനാക്രമ ഗ്രന്ഥങ്ങളിൽ ഉള്ള പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസത്തിന്റെ രഹസ്യങ്ങൾ മനസിലാക്കുവാനും നമുക്ക് സാധിക്കണം . മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശാസികളെ ഉത്‌ബോധിപ്പിച്ചു .

രാവിലെ ജപമാല പ്രാർത്ഥനയോടെ ആരംഭിച്ച തീർഥാടനത്തിൽ റെവ ഫാ. ജോസഫ് അടാട്ട് വി . സി . മരിയൻ സന്ദേശം നൽകി . തുടർന്ന് സീറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിൽ നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി . തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമ്മികതത്വം വഹിച്ചു . രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ്മാരായ റെവ. ഫാ. ജോർജ് ചേലക്കൽ , റെവ. ഫാ. ജിനോ അരീക്കാട്ട് എം . സി . ബി എസ്‌ . ഫാ. ജോസ് അഞ്ചാനിക്കൽ , രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികർ എന്നിവർ സഹകാർമ്മികർ ആയി . കേംബ്രിഡ്ജ് റീജിയണൽ ഡയറക്ടർ ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിൽ തീർഥാടനത്തിന്റെ ജെനെറൽ കൺവീനർമാരായ ജോസഫ് ചെറിയാൻ , സോണി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റിയാണ് തീർഥാടനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിച്ചത് .

 

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 16ന് നടക്കും.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം സൂര്യ ജോൺസൻ വചന ശുശ്രൂഷയും ക്ലെമെൻസ് ബ്രിസ്റ്റോൾ ഗാനശുശ്രൂഷയും നയിക്കും .

യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am
Please note timings in your country.

This Saturday 20th November.

UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm
https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

RECENT POSTS
Copyright © . All rights reserved