ബിനോയ് എം. ജെ.
മതം ഒരു പൗരാണിക വിഷയമാണ്. അത് എന്തിനു വേണ്ടി നിലകൊള്ളുന്നു? വ്യക്തിയുടെ ക്ഷേമമാണ് മതത്തിന്റെ ലക്ഷ്യം. ഒരു പക്ഷേ വ്യക്തിയുടെ ക്ഷേമത്തെക്കുറിച്ച് ആധുനിക മനുഷ്യന് അറിയാവുന്നതിലൂം കൂടുതൽ കാര്യങ്ങൾ പൗരാണിക മനുഷ്യന് അറിയാമായിരുന്നു എന്നതാണ് സത്യം. മതത്തിൽ നിന്നും ആദ്ധ്യാത്മികതയിൽ നിന്നും ആധുനിക ലോകം വ്യതിചലിച്ചിരിക്കുന്നു. ഇതാണ് ആധുനിക ലോകത്തിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാനപരമായ കാരണം. അതീന്ദ്രിയ അനുഭവങ്ങളും, ദർശനങ്ങളും, സമാധിയും മറ്റും ഉള്ളതായി പോലും ആധുനിക സമൂഹം സമ്മതിക്കുന്നില്ല. മന:ശ്ശാസ്ത്രം ഇനിയും വളരെയധികം വളരുവാൻ കിടക്കുന്നു. മതത്തിന്റെ ശ്രദ്ധാകേന്ദ്രം ധർമ്മശാസ്ത്ര(Ethics)മാകുന്നു. എന്നാൽ ആധുനിക കാലങ്ങളിൽ മതത്തിന്റെ(ആദ്ധ്യാത്മികതയുടെ) ശ്രദ്ധാകേന്ദ്രം മന:ശ്ശാസ്ത്രത്തിലേക്ക് തിരിയുന്നു എന്നുള്ളത് കൂടുതൽ പ്രതീക്ഷകൾക്ക് വക നൽകുന്ന കാര്യമാണ്. കാരണം ഇവിടെ മതം കൂടുതൽ ശാസ്ത്രീയമാകുവാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നു. ഓഷോയും സദ്ഗുരുവും മറ്റും പ്രഗത്ഭരായ മന:ശ്ശാസ്ത്രജ്ഞന്മാരാണ്.
ആദ്ധ്യാത്മികതയെ മതത്തിൽ നിന്നും ധർമ്മശാസ്ത്രത്തിൽനിന്നും വേർപെടുത്തി, മറ്റു മാനവിക വിഷയങ്ങൾക്ക് വീതിച്ചു നൽകുക എന്നത് കാലത്തിന്റെ ആവശ്യമാകുന്നു. ഇപ്രകാരം ആദ്ധ്യാത്മികതയെ ശാസ്ത്രവുമായി ബന്ധിപ്പിക്കുമ്പോൾ അത് അന്ധവിശ്വാസജഡിലമായ പഴയ മേഖലകളിൽനിന്നും മോചനം നേടി യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന വാദഗതികളെ സ്വീകരിക്കുകയും മാനവസംസ്കാരത്തിൽ പുതിയ ഒരു യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യും. അപ്പോൾ ശാസ്ത്രം ആദ്ധ്യാത്മികതയിലൂടെയും ആദ്ധ്യാത്മികത ശാസ്ത്രത്തിലൂടെയും പുനർജ്ജനിക്കുന്നു. ഇത് സംഭവിക്കുമ്പോൾ മനുഷ്യജീവിതത്തിൽ ഗംഭീരമായ കുതിച്ചു ചാട്ടം ഉണ്ടാകുന്നു എന്നതിൽ സംശയമില്ല.
ഇനി ആദ്ധ്യാത്മികതയെ സൂഹശാസ്ത്രത്തിലേക്ക് എങ്ങനെ പരിവർത്തനം ചെയ്യാമെന്ന് നോക്കാം. ഇത് കൂടുതൽ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. സമൂഹത്തിന്റെ നന്മ രാഷ്ട്രതന്ത്രം ചർച്ച ചെയ്യുന്നു. കാറൽ മാർക്സിന്റെ സോഷ്യലിസവും കമ്മ്യൂണിസവുമൊക്കെ ആദ്ധ്യാത്മികതയെ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഗംഭീരമായ പരിശ്രമങ്ങൾ ആകുന്നു. ഈശ്വരവിശ്വാസവും ആദ്ധ്യാത്മികതയും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ലെന്നുള്ളതാണ് സത്യം. ശാസ്ത്രം ഈശ്വരനെ അംഗീകരിച്ചാലും നിഷേധിച്ചാലും അത് ശാസ്ത്രത്തിന്റെ ആദ്ധ്യാത്മികതയിലേക്കുള്ള പുരോഗതിക്ക് തടസ്സമാകുന്നില്ല എന്ന് സാരം. ഏറ്റവും സങ്കുചിതമായ രീതിയിൽ പറഞ്ഞാൽ സ്വാർത്ഥതയെ വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ തുരത്തുക എന്നതാണ് ആദ്ധ്യാത്മികതയുടെ കാതൽ. ഈയർത്ഥത്തിൽ സ്വകാര്യ സ്വത്തും അസമത്വവും ആദ്ധ്യാത്മികതയെ തകർക്കുന്ന ശക്തികളാണ്.
ഇപ്രകാരം ആദ്ധ്യാത്മികതയെ മന:ശ്ശാസ്ത്രത്തിലേക്കും സമൂഹശാസ്ത്രത്തിലേക്കും പരിവർത്തനപ്പെടുത്തിയെടുക്കുക എന്നതാകുന്നു ആധുനിക ശാസ്ത്ര ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്രകാരം മന:ശ്ശാസ്ത്രവും സാമൂഹശാസ്ത്രവും പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുമ്പോൾ മതത്തിനും ധർമ്മശാസ്ത്രത്തിനും മുമ്പുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടു പോകുന്നു. പരീക്ഷണ-നിരീക്ഷണങ്ങൾക്കും യുക്തി ചിന്തക്കും ചേക്കേറുവാനുള്ള പുതിയ ഒരു മേഖലയായി ആദ്ധ്യാത്മികത മാറുന്നു.
ആധുനിക മനുഷ്യന്റെ ബുദ്ധിശക്തി മാത്രമേ ഉണർന്നിട്ടുള്ളൂ, ആദ്ധ്യാത്മികത ഉണർന്നിട്ടില്ല. ബുദ്ധിക്കും അപ്പുറം പോകുവാൻ മനുഷ്യന് കഴിയും. ബുദ്ധിക്കും അപ്പുറം പോകുമ്പോൾ ആദ്ധ്യാത്മികതയിലേക്കുള്ള വാതിൽ തുറന്ന് കിട്ടുന്നു. അവനിലെ അനന്തശക്തി ഉണരുന്നു. അനന്തശക്തി എന്ന് കേൾക്കുമ്പോൾ അതെന്താണെന്ന് ശാസ്ത്രലോകം ചോദിക്കുന്നു. ബുദ്ധിക്കും അപ്പുറം പോകുവാനുള്ള ഇച്ഛാശക്തിയും മന:ക്കരുത്തുമാണ് മനുഷ്യന് ഇന്നാവശ്യം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ലണ്ടൻ : വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെയും , വിശുദ്ധ മരിയ ഫൗസ്റ്റീനയുടെയും ജന്മ നാടായ പോളണ്ടിലേക്ക് ജൂലൈ 25 മുതൽ 29 വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന തീർഥയാത്ര സംഘടിപ്പിക്കുന്നു , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജെനെറൽ മോൺ . ജിനോ അരീക്കാട്ട് എം. സി .ബി എസ് . പ്രശസ്ത വചന പ്രഘോഷകയായ സി. ആന്മരിയ എസ് . എച്ച് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ തീർത്ഥയാത്രയിൽ ജോൺ പോൾ പാപ്പയുടെ ജന്മ സ്ഥലം , ഡിവൈൻ മേഴ്‌സി സാൻച്വറി , ക്രാക്കോവിലെ മ്യൂസിയം , മറ്റ് തീർഥാടന സ്ഥലങ്ങൾ എന്നിവ സന്ദർശിക്കും .
കൂടുതൽ വിവരങ്ങൾക്കും , സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 07859824279( ലിൻറ്റോ ) എന്ന നമ്പറിൽ ബന്ധപ്പെടുക. മാഞ്ചെസ്റ്റെർ , ബിർമിംഗ് ഹാം , ലൂട്ടൻ എന്നീ എയർപോർട്ടുകളിൽ നിന്നാണ് തീർഥയാത്ര പുറപ്പെടുന്നത് .
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ ഗ്രേറ്റ് ബ്രിട്ടൻ സീക്കോ മലബാർ രൂപതയുടെ കത്തീഡ്രൽ ദേവാലയമായ പ്രെസ്റ്റണിൽ സെന്റ് അൽഫോൻസാ പള്ളിയിൽ മൂറോൻ കൂദാശ പാരികർമ്മം ചെയ്തു , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന വൈദികർ , അല്മായ പ്രതിനിധികളും പങ്കെടുത്തു .സഭാഗാത്രത്തിന്റെ ഏകനാവായി വിശ്വാസ സമൂഹം മാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അഭിവന്ദ്യ പിതാവ് തന്റെ വചന സന്ദേശത്തിൽ പ്രബോധിപ്പിച്ചു .
ഒരാൾക്കും ഒഴുകഴിവില്ലാത്ത ദൗത്യ നിർവഹണമാണിതെന്നും തങ്ങളുടെ ഭാഗധേയം നിർവഹിക്കുന്നതിൽ ഓരോരുത്തരും ഉത്സാഹികൾ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ്മാരായ റെവ. ഫാ. ജോർജ് ചേലക്കൽ , റെവ. ഫാ. ജിനോ അരിക്കാട്ട് എം. സി. ബി . എസ് . കത്തീഡ്രൽ വികാരി റെവ. ഡോ . ബാബു പുത്തൻപുരക്കൽ തുടങ്ങിയവർ സഹകാർമികരായിരുന്നു .
ലണ്ടൻ: ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ജൂൺ നാലാം തീയതി ശനിയാഴ്ച കാന്റർബറിയിൽ നടത്തപ്പെടും. തിരുവചനോത്സവത്തിനു കാന്റർബെറിയിൽ വേദിയൊരുങ്ങുമ്പോൾ അഭിഷിക്തരായ ധ്യാന ഗുരുക്കളുടെ നേതൃത്വത്തിൽ വി.കുർബ്ബാനയും, ശുശ്രൂഷകളും , ദിവ്യകാരുണ്യ ആരാധനയും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക പ്രാർത്ഥനാ ശുശ്രുഷകളും തത്സമയം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുമ്പസാരത്തിനും, കൗൺസിലിംഗിനും ഉള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരിജനറാളും, കുടുംബകൂട്ടായ്മ, ഇവാഞ്ചലൈസേഷൻ കമ്മീഷനുകളുടെ വീ ജി ചുമതലയുമുള്ള മോൺ. ജോർജ്ജ് തോമസ് ചേലക്കൽ വിശുദ്ധബലി അർപ്പിച്ചു മുഖ്യ സന്ദേശം നൽകും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മീഡിയ കമ്മീഷന്‍ ചെയര്‍മാനും,സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട് തിരുവചന ശുശ്രുഷകൾക്കു നേതൃത്വം വഹിക്കും.
കുടുംബ കൂട്ടായ്‌മ കമ്മീഷൻ ചെയർമാനും, ആഷ്‌ഫോർഡ് മാർ ശ്ലീവാ മിഷൻ വികാരിയുമായ ഫാ. ഹാൻസ് പുതിയകുളങ്ങര, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്റർ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷണനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത വചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ ബൈബിൾ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.
കാന്റർബറി ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് രാവിലെ പത്തു മണിമുതൽ വൈകുന്നേരം നാല് മണിവരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേരുവാൻ എത്തുന്ന നൂറുകണക്കിന് വിശ്വാസികൾക്ക് ദൈവാനുഗ്രഹ വരദാനങ്ങൾക്കും, പരിശുദ്ധാല്മ കൃപകൾക്കും അനുഭവ വേദികൂടിയാവും ബൈബിൾ കൺവെൻഷൻ.
ബൈബിൾ കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മനോജ് തയ്യില്‍, ഡോൺബി ജോണ്‍ എന്നിവർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07515863629, 07939539405
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
CANTERBURY HIGH SCHOOL , KNIGHT AVENUE, CT2 8QA
ഫാ. ടോമി എടാട്ട്
എയ്‌ൽസ്‌ഫോർഡ്: കർമ്മലയിലെ സൗന്ദര്യപുഷ്പത്തിന്റെ പരിമളം എയ്‌ൽസ്‌ഫോർഡിലെ വിശുദ്ധരാമത്തിലെ വായുവിൽ നിറഞ്ഞു നിന്നു. അവളുടെ സംരക്ഷണവലയത്തിൽ ഉൾച്ചേർന്നു നിന്നവർ അഗാധമായ ആത്മീയ അനുഭൂതിയിൽ ലയിച്ചു ചേർന്നു. ഉത്തരീയ നാഥയുടെ സന്നിധിയിലേക്ക് തീർത്ഥാടനമായി എത്തിയവർ പരിവർത്തനത്തിന്റെ വായു ശ്വസിച്ചു മടങ്ങി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനമാണ് അവാച്യമായ ആത്മീയ ആനന്ദം തീർത്ഥാടകർക്ക് സമ്മാനിച്ചത്.
2022 മെയ് 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന പതാക ഉയർത്തിയതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്‌ൽസ്‌ഫോർഡിലെ പ്രസിദ്ധമായ ജപമാലരാമത്തിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള ജപമാലപ്രദിക്ഷണം നടന്നു. രൂപതാധ്യക്ഷനോടൊപ്പം ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ മരിയഭക്തർ ജപമാലയിൽ പങ്കുചേർന്നു. ഉച്ചക്ക് 1.20 ന് വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി ആരംഭിച്ച പ്രദിക്ഷണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാലന്മാരും, കാർമ്മികരായ വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേർന്നു. പ്രസുദേന്തി വാഴ്ചയ്ക്ക് ശേഷം അഭിവന്ദ്യ പിതാവിനോടൊപ്പം എയ്‌ൽസ്‌ഫോർഡ് പ്രയറി പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്‌ലി, വികാരി ജനറാൾ മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ റവ. ഫാ. ടോമി എടാട്ട്, രൂപതയിലെ വൈദികർ, പിൽഗ്രിമേജ് കോ-ഓർഡിനേറ്റർമാർ എന്നിവർ ചേർന്ന് തീർത്ഥാടനത്തിന്റെ തിരി തെളിയിച്ചു.
ഉച്ചക്ക് 1 .30 ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാന നടന്നു. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്‌ക്ക് മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾക്കൊപ്പം എത്തിയ വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.
വിശുദ്ധകുർബാനയ്ക്കു ശേഷം 3.30 ന് ലദീഞ്ഞും തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി മുത്തുക്കുടകളുടെയും കൊടികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണവും നടന്നു. ലണ്ടൻ റീജിയണിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള പ്രതിനിധികൾ പ്രദിക്ഷണത്തിനു നേതൃത്വം നൽകി. വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദിക്ഷണം അനിർവചനീയമായ ഗൃഹാതുരത്വവും അളവറ്റ ആത്മീയ അനുഭൂതിയുമാണ് വിശ്വാസികൾക്ക് സമ്മാനിച്ചത്. പ്രദിക്ഷണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യകം തയാറാക്കിയ കുരിശുംതൊട്ടിയിൽ സ്ലീവാവന്ദനവും തുടർന്ന് സമാപനാശീർവാദവും നടന്നു.
റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള ക്വയർ അംഗങ്ങൾ തിരുക്കർമങ്ങൾ സംഗീത സാന്ദ്രമാക്കി. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദിക്ഷണത്തിനു ശേഷം വിതരണം ചെയ്തു. നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, അടിമ എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൂടാതെ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ ലഘു ഭക്ഷണശാലയും ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്കൊടുവിൽ തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലാവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
എയ്‌ൽസ്‌ഫോർഡിലെ വിശുദ്ധഭൂമിയിൽ ഊർജ്ജം തേടിയെത്തിയവർ കർമ്മലനാഥയുടെ അനുഗ്രഹനാമം ഹൃദയങ്ങളിൽ പേറി മടങ്ങിയപ്പോൾ അഞ്ചാമത് മരിയൻ തീർത്ഥാടനം ഫലപ്രാപ്തിയിൽ എത്തിയതായി ചീഫ് കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട് പറഞ്ഞു. തീർത്ഥാടന കോ-ഓർഡിനേറ്റർമാരായ റോജോ കുര്യൻ, വിനീത ജോയ്, ലിജോ സെബാസ്റ്റ്യൻ കൂടാതെ വിവിധ കമ്മറ്റികളുടെ ഭാരവാഹികൾ, ലണ്ടൻ റീജിയനിൽ നിന്നുള്ള ട്രസ്ടിമാർ, സണ്ടേസ്കൂൾ അധ്യാപകർ, ഭക്ത സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി. അടുത്തവർഷത്തെ എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം 2023 മെയ് 27 ശനിയാഴ്ച ആയിരിക്കും.
ബിനോയ് എം. ജെ.
ഒരർത്ഥത്തിൽ ചിന്തിച്ചാൽ ഭൂമിയിലെ ജീവിതം സ്വർഗ്ഗത്തിലേതിനേക്കാൾ ആനന്ദപ്രദമാകേണ്ടതാണ്. കാരണം സ്വർഗ്ഗത്തിലേതിനേക്കാൾ വൈജാത്യങ്ങൾ ഈ ഭൂമിയിലുണ്ട്. ഭൂമിയിലെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. ഇവിടെ എന്താണില്ലാത്തത്? ഭൂമിയിൽ ഇല്ലാത്തതായി യാതൊന്നുമില്ല. നമുക്കറിയാവുന്നതുപോലെ സമ്പത്ത് മാത്രമല്ല ഭൂമിയിലുള്ളത്; ഇവിടെ ദാരിദ്ര്യവുമുണ്ട്. അതുപോലെ പ്രകാശവും അന്ധകാരവും ഇവിടെയുണ്ട്. ജനനവും മരണവുമുണ്ട്. മൂല്യവും മൂല്യച്യുതികളുമുണ്ട്. അറിവും അജ്ഞാനവും ഉണ്ട്. സാമൂഹിക ജീവിതവും ഏകാന്തതയും ,ആരോഗ്യവും രോഗവും, ആശയും നിരാശയും, പുരോഗതിയും അധോഗതിയും, വിജയവും പരാജയവും, ശരിയും തെറ്റും, പ്രശസ്തിയും ദുഷ്കീർത്തിയും , കരച്ചിലും പുഞ്ചിരിയും ഇങ്ങനെ അനന്തമായി നീളുന്നു ഭൂമിയിലെ വൈജാത്യങ്ങൾ. ആ അർത്ഥത്തിൽ ഭൂമിയിലെ ജീവിതം പരിപൂർണ്ണമാണ്.
എന്നാൽ ഈ പരിപൂർണ്ണതയുമായി നാമെത്രമാത്രം പൊരുത്തപ്പെടുന്നു? അതാണിവിടുത്തെ ചോദ്യം. നാമതിലമ്പേ പരാജയപ്പെട്ടുപോകുന്നു. അതാണ് നമ്മുടെ പ്രശ്നം. നാം ജീവിതം ആസ്വദിക്കുവാൻ വേണ്ടി വന്നു; എന്നാൽ നാം ജീവിതം ആസ്വദിക്കുന്നില്ല. നാം വാക്ക് മാറുവാൻ പാടില്ല. സമ്പത്തിനെ ആസ്വദിക്കുന്നവൻ ദാരിദ്ര്യത്തെയും ആസ്വദിച്ചേ തീരൂ. അത് പ്രകൃതിയുടെ നിയമമാണ്.
നമുക്ക് പൊരുത്തപ്പെടുവാൻ ആകുന്ന കാര്യങ്ങളെ മാത്രം കൂട്ടിയിണക്കി നാമൊരു ലോകം സൃഷ്ടിക്കുന്നു. അതാണ് സ്വർഗ്ഗം. അങ്ങനെ ഒന്നുണ്ടോയെന്ന് ദൈവത്തിന് മാത്രമേയറിയൂ. ഉണ്ടെങ്കിൽ തന്നെ അത് പരിപൂർണ്ണമാവില്ലെന്ന് ഞാൻ ശക്തമായി വാദിക്കുന്നു. കാരണം വൈജാത്യങ്ങൾ ഉള്ളിടത്തേ പൂർണ്ണതയും ഉള്ളൂ. ജനനവും മരണവുമുണ്ടെങ്കിലേ ജീവിതത്തിന് പൂർണ്ണതയുള്ളൂ. ഭൂമിയിൽ കൊതി തീരുവോളം ഒരാൾക്ക് ജനിക്കുകയും മരിക്കുകയും ചെയ്യാം. അതിന്റെ മധുരിമ ഒന്നു വേറേതന്നെയാണ്. സ്വർഗ്ഗത്തിൽ അതിന് സാധ്യതയില്ല. അതുപോലെ തന്നെയാണ് മറ്റു കാര്യങ്ങളും. രണ്ട് വശങ്ങൾ ഇല്ലാത്ത ഒരു നാണയം നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?
ആനന്ദത്തെയും സന്തോഷത്തെയും മറ്റും നാം നിർവ്വചിക്കുവാൻ ശ്രമിക്കുന്നു. ഉദാഹരണമായി സമ്പത്ത് ആനന്ദം തരുന്നു എന്ന് നാം നിർവ്വചിച്ചാൽ ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയാതെ പോകുന്നു. ഇത്തരം നിർവചനങ്ങൾ അനന്താനന്ദത്തെ നമ്മിൽ നിന്നകറ്റുന്നു. ഏത് സാഹചര്യത്തിലും ആനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയേണ്ടതാണ് . ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുന്നതിൽ വിജയിച്ചവരാണ് ഫ്രാൻസിസ് അസ്സീസ്സിയും മഹാത്മാഗാന്ധിയും മറ്റും. വിശാലമനസ്കതയാണ് ഇവിടെ ആവശ്യം. നമുക്കൊരു ജീവിതം കിട്ടിയിട്ടുണ്ടെങ്കിൽ അതിനെ പൂർണ്ണമായും ആസ്വദിക്കുക എന്നതാണ് നമ്മുടെ കടമ. അത് സാധ്യവുമാണ്. ടോട്ടാലിറ്റിയും പെർഫെക്ഷനും മറ്റും ഇവിടെത്തന്നെയുണ്ട്. കണ്ണ് തുറന്നു നോക്കുവിൻ! ജീവിത യാഥാർഥ്യങ്ങളിലല്ല പ്രശ്നം കിടക്കുന്നത്; നമ്മുടെ മനസ്സിൽ ആണ് പ്രശ്നം കിടക്കുന്നത്.
പൂർണ്ണതയാണ് മനുഷ്യന് വേണ്ടത്. അതാണ് അവൻ അന്വേഷിക്കുന്നതും. ആ പൂർണ്ണത ഇവിടെ, ഈ ഭൂമിയിൽ തന്നെയുണ്ട്. വേറെ ഒരിടത്തും അത് ലഭ്യമല്ല. മോക്ഷം പൂർണ്ണതയാകുന്നു. ദേവന്മാർക്കു പോലും പൂർണ്ണതയും മോക്ഷവും വേണമെങ്കിൽ ഈ ഭൂമിയിൽ മനുഷ്യനായി ജനിക്കേണ്ടിയിരിക്കുന്നു. പൂർണ്ണതയുടെ സ്ഥാനത്ത് അപൂർണ്ണതയെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്താൽ അത് പ്രശ്നത്തിലേക്കേ നയിക്കൂ. മനുഷ്യൻ ഒരു കാലത്തും അപൂർണ്ണതയെ തേടുവാൻ പാടില്ല. എന്നാൽ നാം അപൂർണ്ണതയെ തന്നെ തേടുന്നു! ജീവിതത്തിൽ ഒരു ലക്ഷ്യമോ ആഗ്രഹമോ ഉണ്ടായാൽ നമ്മുടെ ജീവിതം അപൂർണ്ണമാകുന്നു. അത് പരിമിതമാകുന്നു. പൂർണ്ണതയെ സ്നേഹിക്കുന്നവന് ലക്ഷ്യമുണ്ടാകൂവാൻ പാടില്ല. കാരണം ലക്ഷ്യം പരിമിതിയെ സൂചിപ്പിക്കുന്നു. അതിനാൽ ഭൂമിയിൽ ജീവിക്കുമ്പോൾ പൂർണ്ണതയെ അന്വേഷിക്കുവിൻ. നിങ്ങൾ അതിൽ തീർച്ചയായും വിജയിക്കും. അതിന് വേണ്ടിയാണല്ലോ നാം ഭൂമിയിൽ ജനിച്ചു വീണിരിക്കുന്നത്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
മാതാവിനോട് സവിശേഷമായ ഭക്തിയും സ്നേഹവും ആദരവും പുലർത്തുന്നവരാണല്ലോ നാമെല്ലാവരും. ഭൗതിക ജീവിതത്തിൽ അമ്മയ്ക്കുള്ള സ്ഥാനം പോലെയാണ് ആത്മീയ ജീവിതത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്ഥാനം. അമ്മയോടു ചേർന്ന് നിൽക്കുമ്പോൾ പുണ്യത്തിന്റെ പാതയിലൂടെയുള്ള നമ്മുടെ പ്രയാണം ആയാസരഹിതമായി തീരുന്നു. അമ്മയോടുള്ള എല്ലാ പ്രാർത്ഥനകളും ഏറെ ഫലദായകമാണ്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയും, വി. മദർ തെരേസയുമെല്ലാം പ്രാർത്ഥിച്ചിരുന്ന വളരെ ശക്തിയുള്ളതും അനുഗ്രഹീതവുമായ ഒരു ചെറിയ പ്രാർത്ഥനയാണ് പരിശുദ്ധ മറിയമെ ദൈവ മാതാവേ എന്നും എൻ്റെ അമ്മയായിരിക്കണമെ എന്നുള്ളത്. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയിൽ അപേക്ഷിച്ചാൽ ഒന്നും ഉപേക്ഷിക്കുകയില്ലാത്തവളാണെന്ന് നമ്മെ ബോധ്യപ്പെടുത്തുമ്പോൾ ഈ ചെറിയ സുകൃതജപം അമ്മയുടെ മുഖത്ത് നോക്കി സ്നേഹത്തോടെ ഉച്ചരിക്കുമ്പോൾ പരിശുദ്ധ മറിയം സ്വന്തം അമ്മയായി തീരുന്ന അനുഭവം ഉണ്ടാകാറുണ്ട്. 2011-ൽ സ്വന്തം അമ്മ ഈ ലോകം വിട്ട് സ്വർഗ്ഗീയ സന്നിധിയിലേക്ക് യാത്രയായതിനുശേഷമാണ് ഈ പ്രാർത്ഥന അനുഭവദായകമായിത്തീർന്നത്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മറ്റ് രണ്ട് പ്രാർത്ഥനകളാണ് എൻ്റെ അമ്മേ എന്റെആശ്രയമേ എന്നുള്ളതും, പരിശുദ്ധ മറിയമേ ഞാൻ പൂർണ്ണമായും നിന്റേതാണ് എന്നതും. ഇവയെല്ലാം സുകൃതജപങ്ങളാണെങ്കിലും ശക്തിദായകമാണ്.
പരിശുദ്ധ മറിയം സ്നേഹ മാതാവാണ്. സ്നേഹത്തോടെ അമ്മയുടെ ചാരെ അണയുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്തവളാണ് പരിശുദ്ധ മറിയം. ഈയൊരു ബോധ്യവും വിശ്വാസവും നാം ആർജ്ജിച്ചെടുക്കണം. എങ്കിൽ മാത്രമേ ഈ പ്രാർത്ഥനകളുടെ സവിശേഷമായ മൂല്യം തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. സ്നേഹത്തിലുള്ള നവീകരണമാണ് നമ്മുടെ രക്ഷ. ഒരാത്മാവിന്റെ സമ്പൂർണ്ണ രക്ഷയ്ക്ക് ആവശ്യമായിട്ടുള്ളത് സ്നേഹ മാതാവിൽ നിന്നും ലഭിക്കുവാൻ ഈ പ്രാർത്ഥന സഹായകരമാണ്. ഇന്നുമുതൽ തീഷ്ണതയോടെ അതിരറ്റ വാൽസല്യത്തോടെ അമ്മയുടെ മുഖത്തു നോക്കി , അവളുടെ സ്നേഹ സാന്നിധ്യം അനുഭവിച്ച് പ്രാർത്ഥിക്കാം. പരിശുദ്ധ മറിയമേ എന്നും എൻ്റെ അമ്മയായിരിക്കണമെ എന്നും പ്രാർത്ഥിച്ചാൽ പരിശുദ്ധ അമ്മ യഥാർത്ഥത്തിൽ അമ്മയായിരുക്കുക തന്നെ ചെയ്യും.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും അനുഗ്രഹം പരിശുദ്ധ അമ്മയിലൂടെ ലോകത്തിലെ എല്ലാ മക്കൾക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. “അമ്മയെ മഹത്വപ്പെടുത്തുന്ന വൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു (പ്രഭാഷകൻ 3:4)
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
പരി. ദൈവമാതാവിൻ്റെ വണക്കമാസം കാലം കൂടാൻ ഇനി ഒരു ദിവസം മാത്രം. കഴിഞ്ഞ ഒരു മാസമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മരിയഭക്തിയേക്കുറിച്ച് ആധികാരീകമായി സംസാരിക്കുന്ന നിരവധി കന്യാസ്ത്രീകൾ ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ എന്ന മലയാളം യുകെ ന്യൂസിൻ്റെ വണക്കമാസ പംക്തിയിൽ എഴുതിയിരുന്നു. അതിൽ നിന്നും വിഭിന്നമായി മാതാവിനെ ആദരിക്കുന്ന ഒരു ഓഡിയോ സന്ദേശം മലയാളം യുകെ ന്യൂസിന് ലഭിച്ചു. കൂടുതൽ പഠിച്ചപ്പോൾ അതിൻ്റെ ആധികാരികതയിൽ നിന്നും ഞങ്ങൾക്ക് പുറത്ത് പോകാൻ സാധിക്കില്ല എന്ന് മനസ്സിലായി. അതിൻ്റെ വെളിച്ചത്തിൽ ഞങ്ങൾക്ക് ലഭിച്ച ഓഡിയോ ഒരു വീഡിയോ ആക്കി പബ്ളീഷ് ചെയ്യാൻ ഞങ്ങളിൽ പ്രേരണ ഉണ്ടായി.
ഇന്ന് മെയ് മുപ്പത് പരി. ദൈവമാതാവിൻ്റെ വണക്കമാസ കാലത്ത് ഞങ്ങൾക്ക് ലഭിച്ച സന്ദേശം മലയാളം യുകെ ന്യൂസ് വീഡിയോ രൂപത്തിലാക്കുകയാണ്.
വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുമല്ലോ..!
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
ഈശോയുടെ ജീവിത വഴികളിലൂടെ സഞ്ചരിക്കുവാൻ ഈശോയുടെ അമ്മ ഉണ്ടായിരുന്നു. പരിശുദ്ധ അമ്മയെ കുറിച്ച് അങ്ങനെ പറയുവാനാണ് എനിക്കിഷ്ടം. കാരണം ഏറെയുണ്ട് എൻ്റെ ജീവിതത്തിൽ. ഒരു കുഞ്ഞിന് ഈ ഭൂമിയിൽ ജന്മം നൽകുന്നവളാണ് സ്ത്രീ. ആ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീയെ അമ്മ എന്ന് വിളിക്കും. അമ്മയെയും കുഞ്ഞിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണു പുക്കിൾകൊടി ബന്ധം. ഈ ഭൂമിയിലെ ഒന്നിനും ഈ ബന്ധത്തെ തിരുത്തി എഴുതുവാനും സാധിക്കുകയില്ല. ഇതുപോലെയാണ് പരിശുദ്ധ അമ്മയുമായുള്ള എൻ്റെ ആത്മീയ ബന്ധം.
പരിശുദ്ധ അമ്മയെ കുറിച്ച് ചിന്തിക്കുമ്പോൾ, പരിശുദ്ധഅമ്മയുടെ ഹൃദയവും എൻ്റെ ഹൃദയവും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണു ഈശോ. ഈ ഭൂമിയിലെ ഒന്നിനും ഞാനും ഈശോ വഴി പരിശുദ്ധ അമ്മയുമായുള്ള ബന്ധം തിരുത്തി എഴുതുവാൻ സാധിക്കുകയില്ല. സന്ധ്യാ വേളയിൽ ഇടവകപള്ളിയിലെ മണി നാദം കേൾക്കുമ്പോൾ എൻ്റെ വല്യപ്പച്ചൻ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും ഒന്നിച്ചു കൂട്ടി ജപമാല ചൊല്ലുകയും എല്ലാവരോടുമായി പറയുമായിരുന്നു. ഒരു കുടുംബത്തിന്റെ കെട്ടുറപ്പും ഭദ്രതയും ഒന്നിച്ചുള്ള ജപമാല പ്രാർത്ഥനയാണ് എന്ന്. ജപമാല ചൊല്ലി പ്രാർത്ഥിക്കാതെ അത്താഴം കഴിക്കരുത്, കിടന്നുറങ്ങരുത്. എൻെറ കുഞ്ഞു നാളിൽ വല്യപ്പച്ചൻ പറയുമായിരുന്നു ഈശോയ്ക്ക് ആഹാരം കൊടുത്തിട്ടേ നമ്മൾ ആഹാരം കഴിക്കാവൂ എന്ന്. ജപമാല ചൊല്ലി പ്രാർത്ഥിച്ച് ആഹാരം കൊടുക്കണം. എന്നിട്ട് വേണം നമ്മൾ ആഹാരം കഴിക്കുവാൻ.
കുഞ്ഞുന്നാളിൽ വീട്ടിൽ നിന്നും ലഭിച്ച പ്രാർത്ഥന ജീവിതവും ജപമാലഭക്തി സന്യാസ ജീവിതത്തിൽ വർഷങ്ങൾ പിന്നിട്ടിട്ടും ജപമാല പ്രാർത്ഥനയോടും പരിശുദ്ധ അമ്മയോടും ഉള്ള ബന്ധം ഓരോ ദിവസവും ജീവിതത്തിന് ശക്തിയും ഊർജ്ജവുമാണ്. വിശുദ്ധ അൾത്താരയിൽ ഈശോയുടെ സജീവസാന്നിധ്യം കുടികൊള്ളുന്ന പരിശുദ്ധ സക്രാരിയിൽ നോക്കി ജപമാല കൈകളിലെടുത്ത് ഓരോ ജപമാല മുത്തുകൾ എണ്ണി 53 മണി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന സമയം ഈശോയുടെ പരിശുദ്ധ അമ്മയുടെ ശക്തമായ സംരക്ഷണം അനുഭവിച്ച് അറിയുകയാണ്.
സന്യാസജീവിത യാത്രയിൽ ഒത്തിരി പേരെ പരിചയപ്പെടുവാൻ ദൈവം അവസരം തന്നു. അതിൽ ചിലരെങ്കിലും പറയും സിസ്റ്റർ ഞങ്ങൾക്ക് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന്. അങ്ങനെ അവരുടെ നിയോഗങ്ങൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഈ സന്യാസജീവിതം കൊണ്ട് സാധിച്ചു. പിതാവായ ദൈവത്തിന്റെ മകളും ,പുത്രനായ ഈശോയുടെ അമ്മയും, പരിശുദ്ധാത്മാവിന്റെ മണവാട്ടിയും ആയ പരിശുദ്ധ കന്യകാമറിയത്തെ കുറിച്ച് സുവിശേഷത്തിൽ കാണുവാൻ സാധിക്കും(L K.1:28) “ദൈവകൃപ നിറഞ്ഞവളേ സ്വസ്തി , കർത്താവു നിന്നോടുകൂടെ”.പരിശുദ്ധ കന്യകാമറിയത്തിന് ഗബ്രിയേൽ ദൂതൻ്റെ സന്ദേശം.
പരിശുദ്ധ അമ്മയെ ദൈവ കൃപ നിറഞ്ഞവൾ ആക്കി മാറ്റുവാൻ പരിശുദ്ധ അമ്മയുടെ മാതാപിതാക്കളായ യൊവാക്കിമിനേയും അന്നയേയും ദൈവം വാർദ്ധക്യത്തിൽ തിരഞ്ഞെടുത്ത് അവർക്ക് ദൈവം കൊടുത്ത വാത്സല്യ മകളായിരുന്നു പരിശുദ്ധ കന്യകാമറിയം. ഈശോയുടെ ജനത്തിനു വേണ്ടി ദൈവം വിശദീകരിച്ചു ഒരുക്കുകയായിരുന്നു.. ഇതുപോലെയാണ് ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും. ഓരോ മനുഷ്യൻ്റെ ജന്മത്തിനും ഒരു ജീവിത നിയോഗം ഉണ്ട്. ഈ വണക്കമാസത്തിൽ പരിശുദ്ധ അമ്മയോടും അവിടുത്തെ പുത്രനായ ഈശോയോടും നമുക്ക് പ്രാർത്ഥിക്കാം. എൻെറ ഈ മനുഷ്യ ജന്മം കൊണ്ട് ദൈവം എന്താണ് ആഗ്രഹിക്കുന്നത്. എൻെറ ജീവിതം കൊണ്ട് ഞാൻ ചെയ്തുതീർക്കേണ്ട കടമകൾ എന്തെല്ലാം എന്ന് എനിക്ക് കാണിച്ചു തരണമെ.
സുകൃതജപം
പരിശുദ്ധ അമ്മേ, മാതാവേ എൻ്റെ ജീവിത നിയോഗം എന്ത് എന്ന് എനിക്ക് വെളിപ്പെടുത്തി തരുവാൻ അവിടുത്തെ പുത്രനായ ഈശോയോട് അപേക്ഷിക്കണമേ!
പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.
സ്പിരിച്വൽ ഡെസ്ക് മലയാളം യുകെ.
വണക്കമാസ നാളിൽ എൻ്റെ കൊച്ചുവീട്ടിൽ ഞങ്ങൾ സഹോദരങ്ങൾ എല്ലാവരും ചേർന്ന് പൂക്കൾ പറിച്ച് മാതാവിൻ്റെ രൂപം അലങ്കരിക്കുമായിരുന്നു. എല്ലാ ദിവസവും വണക്കമാസം ചൊല്ലി ” നല്ല മാതാവേ മരിയേ.. ” എന്ന ഗാനം പാടുന്നത് മനസ്സിന് ഒത്തിരി ആനന്ദം പകരുമായിരുന്നു . ആ പാട്ട് ഒത്തിരി ഭക്തിയും സന്തോഷവും പകർന്നിരുന്നു. ഇപ്പോഴും ആ ഗാനം എൻ്റെ അധരങ്ങളിൽ നിന്നും വിട്ടുപോയിട്ടില്ല!
മാസാവസാനം എല്ലാ കുടുംബാംഗങ്ങളും ചേർന്ന് വണക്കമാസം കാലം കൂടുമായിരുന്നു. അന്നേദിവസം പാച്ചോറ് ഉണ്ടാക്കുന്നതും ചക്കപ്പഴവും കൂട്ടി വാഴയിലയിൽ ഇട്ട് കഴിക്കുന്നതും നല്ല രസകരമായിരുന്നു. ഇപ്പോഴും എന്റെ ചില സഹോദരങ്ങൾ ഈ ആചാരം തുടർന്ന് ചെയ്യുന്നുണ്ട്. ഈ കൊച്ചു ഓർമ്മകൾ വെറും ഓർമ്മകൾ മാത്രമല്ല. അതെൻ്റെ വിശ്വാസത്തിൻ്റെ ഉറച്ച വേരുകൾ തന്നെയാണ്. ഏതൊരു ക്രിസ്ത്യാനിയുടെയും ആദ്യവിദ്യാലയം സ്വന്തം ഭവനം തന്നെയാണ്. എന്റെ ദൈവവിളിയുടെ അടിസ്ഥാനവും അതുതന്നെ.
പരിശുദ്ധ അമ്മ ഒരു ശക്തി തന്നെയാണ്. മാതാവിൻ്റെ ദിവസം മെയ് 13-ാം തീയതി ഞാൻ സ്വപ്നം കണ്ട എൻ്റെ ദൈവവിളി എനിക്ക് സഫലമാക്കാൻ സാധിച്ചു. പുണ്യഭൂമിയായ സ്പെയിനിൽ അന്നേദിവസം എനിക്ക് എത്തിച്ചേരാൻ സാധിച്ചതിൽ മാതാവിനോട് വലിയ കടപ്പാടാണ്. ഈ അമ്മ ഒരിക്കലും എന്നെ കൈവെടിയുകയോ അപേക്ഷകൾ നിരസിക്കുകയോ ചെയ്തിട്ടില്ല. അമ്മയുടെ ജപമാല കയ്യിലിരുന്ന് ഈശോയോട് ദിവ്യരഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ മനസ്സിൽ ശാന്തിയും സമാധാനവും സ്നേഹവും സന്തോഷവും നിറയുന്നു. മാതാവിലൂടെ മാത്രമേ നമുക്ക് യേശുവിനെ അടുത്തറിയുവാൻ സാധിക്കുകയുള്ളൂ. നമുക്ക് ഒരു “അമ്മ ” ഉണ്ട്. നമ്മെ എന്നും എപ്പോഴും മാറോടുചേർത്തു നിൽക്കുന്ന അമ്മ . എൻ്റെ അമ്മ മരിച്ചപ്പോൾ മാതാവിനെയാണ് എൻ്റെ അമ്മയായിട്ട് ഞാൻ പൂർണ്ണമായിട്ടും സ്വീകരിച്ചിരിക്കുന്നത്.
മെയ് മാസം പരിശുദ്ധ അമ്മയുടെ മാസമെന്ന് കുട്ടിക്കാലത്ത് എൻ്റെ അമ്മ എന്നെ പഠിപ്പിച്ച് തന്നതാണ്. കുടുംബത്തിൽ രൂപം അലങ്കരിക്കുന്ന സ്ഥിരം ജോലി എന്റേതായിരുന്നു. അതിൽ ഞാൻ ആനന്ദം കണ്ടിരുന്നു. എൻ്റെ അമ്മ എപ്പോഴും സുകൃതജപം ചൊല്ലുന്നത് ഞാൻ ശ്രദ്ധിക്കുമായിരുന്നു. എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ! അമ്മ മാതാവിന് ഇഷ്ടപ്പെട്ട സുകൃതജപം. പരിശുദ്ധ അമ്മയ്ക്കു മാത്രമേ മക്കളെ യേശുവിൻ്റെ അടുക്കലേയ്ക്ക് നയിച്ച് അവരുടെ ഹൃദയദാഹം ശമിപ്പിക്കാൻ കഴിയൂ.
സുകൃതജപം.
ഓ.. അമ്മേ മാതാവേ, അങ്ങയുടെ മക്കളെ കാത്തുകൊള്ളേണമേ.
എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ . അങ്ങയുടെ ദാസിയായി മരണം വരെ അമ്മയോടൊപ്പം വസിക്കാനുള്ള അനുഗ്രഹവും നൽകേണമേ..
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.