Spiritual

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും. പ്രമുഖ വചന പ്രഘോഷകനും സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെ ഡയറക്ടറുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ്.മാർ. ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. വെസ്റ്റ് മിനിസ്റ്റർ രൂപത വൈദികൻ മോൺസിഞ്ഞോർ. ഷേമസ് ഒബോയിൽ ഇംഗ്ലീഷ് കൺവെൻഷനിൽ ശുശ്രൂഷകളിൽ പങ്കുചേരും.

മാനുഷിക ജീവിതാന്തരീക്ഷത്തെ തകിടംമറിക്കുന്ന വർത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവിൽ അതിജീവിച്ച്, വിവിധ ഭാഷാ ദേശക്കാരായ അനേകർക്ക് യേശുവിൽ പുതുജീവനും പ്രത്യാശയുമേകിക്കൊണ്ട് നടന്നുവരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലാണ് നടക്കുക .

മൾട്ടിക്കൾച്ചറൽ സംസ്ക്കാരം നിലനിൽക്കുന്ന യൂറോപ്പിൽ ലോകസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെയുടെ സ്ഥാപക ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനിൽ നടക്കുമ്പോഴും 8894210945 എന്ന നമ്പറിൽ സൂം ലിങ്ക് വഴി പ്രാർത്ഥിക്കുന്നതിനും സ്പിരിച് വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന ഈ കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ. 12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ഏപ്രിൽ 10 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യുകെ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

ബിനോയ് എം. ജെ.

സർഗ്ഗം എന്ന വാക്കിന്റെയർത്ഥം സൃഷ്ടി എന്നാണ്. സൃഷ്ടി എപ്പോഴും ഈശ്വരനുമായി ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെ ഉള്ളിലും ഈശ്വരൻ വസിക്കുന്നു. ആ ഈശ്വരനിൽ നിന്നും ആശയങ്ങളും അറിവും ശേഖരിക്കുമ്പോൾ നമ്മുടെ ഉള്ളിലെ സർഗ്ഗശേഷി ഉണരുന്നു. എല്ലാവരിലും സർഗ്ഗശേഷി ഉറങ്ങി കിടക്കുന്നു. പരിശ്രമത്തിലൂടെ അതിനെ ഉണർത്തിയെടുക്കുവാനാവും.

ഉള്ളിലെ ഈശ്വരനിൽ നിന്നും നാം ആശയങ്ങൾ സ്വീകരിക്കാൻ നമ്മുടെ ശ്രദ്ധ അൽപാൽപമായി ഉള്ളിലേയ്ക്ക് പോകേണ്ടിയിരിക്കുന്നു. സദാ ധ്യാനിച്ചു കൊണ്ടിരിക്കണമെന്നല്ല ഇതിനർത്ഥം. മറിച്ച് നമ്മുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും ചിന്തിക്കുമ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴും ഉള്ളിലേക്ക് ഒന്ന് നോക്കുക. വിജ്ഞാനം കുടികൊള്ളുന്നത് നമ്മുടെ പുറത്തല്ല മറിച്ച് അത് നമ്മുടെ ഉള്ളിൽ തന്നെയാണ് എന്ന ഒരു ബോധ്യം വളർത്തിയെടുക്കുക. സംശയങ്ങളും ജിജ്ഞാസയും ഉണ്ടാകുമ്പോൾ , അവ എത്ര തന്നെ ഗൗരവമുള്ളവ ആണെങ്കിലും, നിങ്ങളുടെ ഉള്ളിലേയ്ക്ക് കടന്നു ചെല്ലട്ടെ. ചിന്തിച്ചു നോക്കുക.

ഈ പ്രക്രിയ സംഭവിക്കണമെങ്കിൽ നമുക്ക്, നമ്മോട് തന്നെ നല്ല ബഹുമാനം ഉണ്ടായിരിക്കണം. ഞാൻ ഒരു പുഴുവല്ലെന്നും ,മറിച്ച് എൻെറയുള്ളിൽ ഈശ്വരൻ തന്നെയാണ് വസിക്കുന്നതെന്നും, എന്റ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള കഴിവും പ്രാപ്തിയും എനിക്കുണ്ടെന്നും എനിക്ക് എന്റേതായ ഒരു വ്യക്തിത്വവും തത്വചിന്തയും ഉണ്ടെന്നും എൻെറ ജീവിതം എനിക്കിഷ്ടമുള്ളതുപോലെ കൊണ്ടുപോകുവാനുള്ള അവകാശം എനിക്കുണ്ടെന്നും പറഞ്ഞുകൊണ്ട് നാം നമ്മിലേക്കു തന്നെ തിരിയുമ്പോൾ നമ്മിലെ സർഗ്ഗശേഷി ഉണർന്നു തുടങ്ങുന്നു.

സർഗ്ഗശേഷി ഉണരുന്നതിനുള്ള ഏറ്റവും വലിയ തടസ്സം അനുകരണവാസനയാകുന്നു. നാം മറ്റുഉള്ളവരെ അനുകരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ നിന്നും വരുന്ന വിജ്ഞാനം മറയ്ക്കപ്പെടുന്നു. അനുകരണം എപ്പോഴും പുറത്തേക്ക് നോക്കുവാനുള്ള ഒരു പരിശ്രമമാണ്. എങ്ങനെ ജീവിക്കണമെന്നറിയുന്നതിനു വേണ്ടി പുറത്തേക്ക് നോക്കുന്നയാൾ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നിന്ദിക്കുന്നു. അവർ കാലക്രമേണ സമൂഹത്തിന്റെ അടിമകളായി മാറുന്നു. വിലക്കുകളും ഉപാധികളും നിറഞ്ഞ സമൂഹത്തിൽ നാം നാമല്ലാതായി തീരുമ്പോൾ നമ്മിലെ സൃഷ്ടിപരമായ കഴിവുകൾ നിഷ്ക്രിയമായി ഭവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സമൂഹത്തെക്കാൾ പ്രധാനപ്പെട്ടത് ഞാൻ തന്നെയാണെന്നും സമൂഹത്തിന് നൽകുവാൻ എനിക്ക് ഒരു സംഭാവന ഉണ്ടെന്നും ഞാൻ മനസ്സിലാക്കുമ്പോൾ എന്നിലെ സർഗ്ഗശേഷി ഉണർന്നു തുടങ്ങുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ‘നസ്രാണി’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം , ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാസ്ലീഹായിൽ നിന്നും നമുക്ക് പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറയ്ക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുക .

വിശ്വാസസമൂഹം മുഴുവനും പ്രാർത്ഥനാപൂർവ്വം വലിയ ആഴ്ചയുടെ തിരക്കുകളിൽ ആയിരുന്നതിനാലും കൂടുതൽ കുടുംബങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതിനുമായി രജിസ്‌ട്രേഷൻ ഏപ്രിൽ പതിനൊന്നുവരെ നീട്ടിയിരിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓൺലൈൻ മത്സരങ്ങൾ നടത്തുകയും രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹായുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്.

പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള പുതുക്കിയ തീയതി ഏപ്രിൽ 11 ന് ആണ്. ഏപ്രിൽ 24 ന് മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തീയതി ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും . മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകൾ രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ അവരുടെ രജിസ്റ്റേർഡ് ഇമെയിൽ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

http://smegbbiblekalotsavam.com/?page_id=719

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
എല്ലാ പ്രിയ സഹോദരങ്ങള്‍ക്കും ഉയര്‍പ്പിന്റെ ആശംസകള്‍ നേരുന്നു.
മരണത്തെ അതിജീവിച്ച് ജീവന്റെ പുതു പ്രതീക്ഷകള്‍ നല്‍കി ഉയിര്‍പ്പ് പെരുന്നാള്‍ നമ്മെ സ്വാഗതം
ചെയ്യുന്നു. മരണത്തോടുകൂടി എല്ലാം അവസാനിക്കും എന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്ന നമുക്ക്
പ്രത്യാശയും അതിലേറെ സന്തോഷവും തരുന്ന ദിനമാണ് ഇന്ന്. ‘ദൂതന്‍ സ്ത്രീ കളോടു പറഞ്ഞു.
ഭയപ്പെടേണ്ടാ! ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍
അറിയുന്നു.
അവന്‍ ഇവിടെയില്ല. താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു.
താന്‍ കിടന്ന സ്ഥലം വന്നുകാണുവിന്‍.
അവന്‍ മരിച്ചവരുടെഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റുവെന്നും വേഗം ചെന്ന്
അവന്റെ ശിഷ്യന്മാരോടു പറയുവിന്‍. അവന്‍ നിങ്ങള്‍ക്കു മുമ്പേ ഗലീലയിലേക്കു പോകുന്നു.
അവിടെ നിങ്ങള്‍ അവനെ കാണും. ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നുക്കുന്നു എന്ന്
പറഞ്ഞു. Mathew 28:58.
കര്‍ത്താവിന്റെ ശരീരം കുരിശില്‍ നിന്ന് ഏറ്റുവാങ്ങി കല്ലറയില്‍ കൊണ്ടുപോയി
അടക്കുന്നു. അതിരാവിലെ സുഗന്ധദ്രവ്യങ്ങള്‍ പൂശുവാന്‍ തക്കവണ്ണം അവിടെ കടന്നു വന്ന
സ്ത്രീകള്‍ കല്ലറയുടെ വാതില്‍ക്കല്‍ വച്ചിരുന്ന കല്ല് മാകിറിടക്കുന്നതായി
കാണുന്നു.

സാധാരണ ഏതു ക്രിസ്ത്യാനിയും ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ പോകുവാന്‍
ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതിനു ശേഷമുള്ള ആരാധനയില്‍ അത്രത്തോളം
ജനപങ്കാളിത്തവും സാന്നിധ്യവും ഉണ്ടാകുന്നില്ല. ഉയര്‍ത്തപ്പെട്ടവനായ
ക്രിസ്തുവിനേക്കാള്‍ കൂടുതലായി നമ്മള്‍ ആഗ്രഹിക്കുന്നത് ക്രൂശിക്കപ്പെട്ടവനായ
ക്രിസ്തുവിനെയാണ്. നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍
അന്വേഷിക്കുന്നതെന്തിന്? ഇന്നത്തെ കാലത്തും വളരെ പ്രസക്തമായ ഒരു
ചോദ്യമാണ്. അവന്‍ ജീവന്‍ ഉള്ളവനായി ഉയര്‍ത്തെഴുന്നേറ്റ് നമ്മോടൊപ്പം ആയിത്തീരുമ്പോള്‍ പലതും അവനെ കൂടാതെ ചെയ്യുവാന്‍ ശ്രമിക്കുന്നു . ക്രിസ്തുവിനെ
അറിയാമെങ്കിലും അവനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അവന്റെ കൂടെ ജീവിക്കുവാന്‍
പലപ്പോഴും നാം വിമുഖത കാട്ടുകയും ചെയ്യുന്നു. കാരണം ഇത്രയേ ഉള്ളൂ. അവന്‍ കൂടെ
ഉണ്ടെങ്കില്‍ നമുക്ക് നമ്മുടേതായ ചില കാര്യങ്ങള്‍ ഒന്നും ചെയ്യുവാന്‍
സാധിക്കുകയില്ല. സന്തതസഹചാരിയായി നാം അവനെ
സ്വീകരിക്കുകയാണെങ്കില്‍ ദൈവികമായ ചിന്തകളും അനുഭവങ്ങളും മാത്രമേ നമുക്ക്
സാധ്യമാവുകയുള്ളൂ. മാനുഷികവും ജഡികമുമായ പ്രവര്‍ത്തനങ്ങളെ നാം
മാറ്റിവെക്കേണ്ടിവരും, അത് നമുക്ക് അത്ര താല്പര്യമുള്ള കാര്യവുമല്ല.

ഇന്നത്തെ കാലഘട്ടത്തില്‍ മാനുഷികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്യുന്നവര്‍ നമ്മളില്‍ എത്ര പേരുണ്ട്. ജഡത്തിന്റെ അഭിലാഷങ്ങള്‍ ആണല്ലോ
നമുക്ക് പ്രധാനം .അവിടെ ദൈവത്തിനും ദൈവ പ്രവര്‍ത്തനത്തിനും എന്ത്
സ്ഥാനം. ഉയര്‍പ്പു പെരുന്നാളിന്റെ അന്തസ്സത്ത തന്നെ ദൈവീകമായി ലഭിച്ച ജീവന്‍ നിലനിര്‍ത്തുക എന്നുള്ളതാണ്. മരണത്തെ അതിജീവിച്ച് നമ്മെ ജീവിപ്പിക്കുവാന്‍വേണ്ടി ഉത്ഥാനം ചെയ്ത ക്രിസ്തു നമുക്ക് തന്ന ജീവന്‍ ആണ് നാം
നിലനിര്‍ത്തേണ്ടത്.

ഉത്ഥാനത്തിനുശേഷം കര്‍ത്താവ് പ്രത്യക്ഷപ്പെട്ടപ്പോളൊക്കെ എന്റെ
സമാധാനം നിങ്ങള്‍ക്കു തരുന്നു എന്നു ആശംസിക്കുന്നു .പുതുജീവനോടൊപ്പം
നിത്യ സമാധാനവും ക്രിസ്തു നമുക്ക് തന്ന ദാനമാണ്. ഇന്നത്തെ നമ്മുടെ
ജീവിതത്തില്‍ ഏറ്റവും കുറവ് ഉള്ളതും ഇവയൊക്കെയാണ്. ലഭിച്ചിട്ടുള്ള ദാനങ്ങള്‍ നിലനിര്‍ത്താതെ നശിപ്പിക്കുന്നവര്‍ അല്ലേ നമ്മള്‍. ഇന്ന് കാണുന്ന
അസമാധാനവും രോഗവും ദുഃഖവും എല്ലാം ഈ ദൈവീകസമാധാനം
നഷ്ട്ടപ്പെടുത്തിയത്‌കൊണ്ടല്ലേ?

വലിയ നോമ്പിന്റെ പരിസമാപ്തിയായ ഈ ദിനത്തില്‍ നമുക്ക് വേണ്ടി ജീവന്‍
കൊടുത്തു വീണ്ടെടുത്ത ദൈവസന്നിധിയില്‍ ആയി നമ്മെ തന്നെ
ഏല്‍പ്പിക്കാം .അവന്റെ രക്തത്താല്‍ നമ്മെ വിലക്ക് വാങ്ങിയിട്ടുള്ള നമ്മുടെ ഇനിയുള്ള
ജീവിതം അവനുള്ളതാണ്. ഇതില്‍പ്പരം സ്‌നേഹം എവിടെ കാണാന്‍ കഴിയും? ഈ ദിനത്തില്‍ നമ്മള്‍ ആര്‍ജ്ജിച്ച എല്ലാ ദൈവാനുഗ്രഹവും തുടര്‍ന്നുള്ള
നാളുകളിലും നമുക്ക് സമാധാനമായി ഭവിക്കട്ടെ .
എല്ലാ വര്‍ക്കും വീണ്ടും ഉയര്‍പ്പു പെരുന്നാളിന്റെ ആശംസകളും അനുഗ്രഹങ്ങളും
നേര്‍ന്നുകൊണ്ട് സ്‌നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു

മെട്രിസ് ഫിലിപ്പ്

മനുഷ്യരാശിയുടെ രക്ഷകനായ ദൈവപുത്രന്റെ ത്യാഗ സ്മരണയുടെ ദിനമാണ് ദുഃഖവെള്ളി. “യഹൂദരുടെ രാജാവ്” എന്ന് എഴുതിവെച്ച, കുരിശിൽ കിടന്നുകൊണ്ട്, ‘എലോയ്, എലോയ്, ലാമാ സബക്ക്താനി’ അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്ത് കൊണ്ട്? എന്ന് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്, മരിക്കാൻ തുടങ്ങിയപ്പോൾ, ഒരിറ്റു വെള്ളം കുടിക്കാൻ നൽകുന്നതിന് പകരം, കയ്പ്പുള്ള വിനാഗിരി നീർപ്പഞ്ഞിയിൽ മുക്കി, ചുണ്ടിൽ നനയിച്ചു, അവസാനം ആഗ്രഹവും പൂർത്തിയാക്കി, യേശു ജീവൻ വെടിഞ്ഞു. അപ്പോൾ ഭുമി, അന്ധകാരമായിരുന്നു. ഭൂമി ഇളകി, പാറകൾ പൊടിഞ്ഞു, ദൈവാലയത്തിന്റെ തിരശീല, നടുവേ കീറി പോയി. ഇതെല്ലാം കണ്ട ഒരു ശതാധിപൻ, ഇപ്രകാരം പറഞ്ഞു, “സത്യമായും, ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു”.

30 വെള്ളികാശിനു വേണ്ടി, സ്വന്തം ഗുരുവിനെ, ചുംബനം നൽകി ഒറ്റിക്കൊടുത്ത, യൂദാസിൽ നിന്നും, ആരംഭിച്ച, ആ പീഡാനുഭവ യാത്ര, എത്തുന്നത് കാൽവരി കുന്നിൻ മുകളിൽ ആയിരുന്നു.

ന്യായാധിപ സംഘത്തിന്റെ മുമ്പിൽ, ഒരു കുറ്റവാളിയെപോലെ, യേശു തലകുനിച്ചു നിന്നപ്പോൾ, പുരോഹിത പ്രമുഖൻമാരും, ന്യായാധിപ സംഘവും, കള്ള സാക്ഷ്യം തേടുകയായിരുന്നു. എന്നാൽ, ഈ സാക്ഷ്യം എല്ലാം പീലാത്തോസ് തള്ളികളയുകയായിരുന്നു. അവസാനം, ബറാബാസ് എന്ന കൊലപാതകിയായ തടവുകാരനെ വെറുതെ വിടുകയും, യേശുവിനെ, കുരിശ്ശിൽ തറച്ചു കൊല്ലുവാനും വിധിച്ച, പീലാത്തോസ്, ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞുകൊണ്ട്, വെള്ളത്തിൽ കൈ മുക്കി കഴുകി കളയുന്നതും ഓർമ്മിക്കാം.

സഹനത്തിന്റെ, നിന്ദിക്കപ്പെടലിന്റെ, ത്യാഗത്തിന്റെ, മുറിവേറ്റതിന്റെ, രക്‌തം ചിന്തിയതിന്റെ ദുഃഖ വെള്ളി ആയിരുന്നു എങ്കിലും, മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കും എന്നതിന്റെ, ശുഭ സൂചകമായി, ലോകം ഇന്ന് നല്ല വെള്ളി(Good Friday)യായി ആചരിക്കുന്നു.

നോമ്പുകാലത്തിന്റെ അവസാന നാളുകളിൽ എത്തിയിരിക്കുന്ന ഈ സമയം, കൂടുതൽ അർത്ഥപൂർണ്ണതയോടെ, യേശുവിനോട്, കൂടുതൽ ചേർന്നുനിന്നുകൊണ്ട്, പുതിയ വെളിച്ചത്തിന്റെയും, ഉയർപ്പിന്റെ സന്ദേശവാഹകൻ ആയ വെള്ളരിപ്രാവിനെപോലെ, എല്ലാവരെയും, സ്നേഹിക്കുന്ന, നല്ല മനുഷ്യരായി, യേശുവിന്റെ ഉയിർപ്പ് നാളിനായി പ്രാർത്ഥിച്ചൊരുങ്ങാം. ആമേൻ

 

മെട്രിസ് ഫിലിപ്പ്

യേശു നാഥൻ, തന്റെ ശിഷ്യരുടെ കാൽകഴുകി ചുംബിച്ചുകൊണ്ട് വിനയത്തിന്റെ മാതൃക ചെയ്തതും, തന്റെ ജീവൻ, അപ്പത്തിലേക്കു വഴിമാറ്റുകയും ചെയ്ത പെസഹാ ദിനം(Maundy Thursday). ഒരു താലത്തിൽ വെള്ളമെടുത്ത്, വെൺകച്ച അരയിൽചുറ്റി, മിശിഹാ തന്റെ ശിഷ്യരുടെ പാദങ്ങൾ, കഴുകി ചുംബിച്ചു കൊണ്ട്, വിനയാനിതനായി,സ്വയം മാതൃക കാണിച്ചു കൊടുത്ത പുണ്യദിനം.

പെസഹാ ദിവസം, ഇണ്ടറി അപ്പവും, പാലും ഭക്ഷിക്കുവാൻ എടുക്കുമ്പോൾ, ഓർക്കുക, അവയിൽ ഒരു ജീവനുണ്ടെന്ന്. യേശുവിന്റെ ശരീരവും രക്തവും, അപ്പത്തിന്റെയും പാലിന്റെയും രൂപത്തിൽ, എഴുന്നെള്ളി വരികയാണ്, ഓരോ ഹൃദയത്തിലേക്കും.

ആ വലിയ മാളിക മുറിയിൽ ഒരുക്കിയ, പെസഹാ വേളയിൽ, യേശു അപ്പമെടുത്തു ആശിർവദിച്ച് മുറിച്ച് നൽകി കൊണ്ട് അരുളി ചെയ്തു, “ഇത് എന്റെ ശരീരമാകുന്നു, ഇത് വാങ്ങി ഭക്ഷിക്കുവിൻ. തുടർന്ന് പാനപാത്രം എടുത്തു സ്തോത്രം ചെയ്ത് അവർക്കു നൽകി അരുളി ചെയ്തു, എന്റെ രക്തം പാനം ചെയ്യുവിൻ” അങ്ങനെ ലോകത്തിന് ഒരു പുതിയ ഉടമ്പടി നൽകി കൊണ്ട്, ആ അവസാന അത്താഴമേശയിൽ, യേശു ഒരു ചരിത്രം എഴുതിചേർത്തു.

ആ വലിയ അത്താഴ വേളയിൽ, യേശു നാഥൻ, സ്വയം അപ്പമായും, വീഞ്ഞായും മാറുന്ന കാഴ്ച കാണുവാൻ ഭാഗ്യം ലഭിച്ച ശിഷ്യൻമാർ, ഒരിക്കലും ഓർത്തില്ല, ഇത് തന്റെ, ഗുരുവിനോടൊത്തുള്ള അവസാന അത്താഴം ആയിരിക്കുമെന്ന്. എന്നാൽ യേശുനാഥൻ, ഇത് മനസ്സിലാക്കിയിരുന്നു.

തന്നോടൊപ്പം, പാത്രത്തിൽ കൈ മുക്കുന്നവൻ , ഒറ്റുകാരൻ ആയിരിക്കും, എന്നറിഞ്ഞിട്ടും, ഓടി ഒളിക്കാതെ, ഹൃദയം പൊട്ടി പ്രാർത്ഥിക്കുകയായിരുന്നു. ഇനിയും ഒരുപാട് സമയം ഇല്ലാ എന്നറിഞ്ഞിട്ടും, ഏകനായി, ഗത് സെമേൻതോട്ടത്തിൽ പോയി, കമിഴ്ന്നു വീണ് പ്രാർത്ഥിച്ചുകൊണ്ട്, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നുപോകട്ടെ എന്നും, എന്നാൽ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം ആണ് വലുത് എന്നും, കുരിശു മരണം ഉണ്ടാകും എന്നും, അത് പൂർത്തിയാക്കുവാൻ വിധിക്കപ്പട്ടവൻ ആണ് താൻ എന്നുള്ള സത്യം, ബേത് ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നുവീണ സമയത്തേ യേശു മനസ്സിലാക്കിയിരിക്കാം.

പള്ളികളിലെ സക്രാരിയിൽ എഴുന്നള്ളി ഇരിക്കുന്ന യേശു നാഥനെ, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്‌തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ,നമുക്കു സാധിക്കുന്നത്, പെസഹായുടെ ദിവസം യേശു പ്രഖ്യാപിച്ച പുതിയ ഉടമ്പടി വഴിയായിരുന്നു എന്ന് ഓർമ്മിക്കാം.

നമ്മുടെ ഭവനങ്ങളിൽ, ഊട്ടുമേശക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന, യേശുവിന്റെ അവസാന അത്താഴവിരുന്നിന്റെ ഫോട്ടോയിൽ കാണുന്ന ചിത്രത്തിൽ, ജെറുസലേം പട്ടണവും കാണുവാൻ സാധിക്കും. എന്റെ ജെറുസലേം യാത്രയിൽ, ലാസ്‌റ്റ് സപ്പർ റൂം, ഒരു രണ്ട് നില മാളിക തന്നെ ആയിരുന്നു. പടികൾ കയറി മുകളിൽ ചെന്നാൽ, വിശാലമായ മുറിയും, ജെറുസലേം പഴയ പട്ടണവും കാണുവാൻ സാധിക്കും.

ഈ പെസഹാ ദിനം, യേശുവിന്റെ ജീവനാകുന്ന അപ്പം സ്വീകരിച്ചുകൊണ്ട്, ജീവിതത്തിന് പുതിയ മാറ്റങ്ങൾ വരുത്താം. ദുഃഖ വെള്ളി നല്ല വെള്ളിയായി മാറുവാൻ ഉള്ള തുടക്കം ഇന്ന് ആരംഭിക്കാം. ആമേൻ.

സ്പിരിച്ച്വൽ ഡെസ്ക് മലയാളം യുകെ.
ഓശാന ഞായറിലെ പ്രസംഗം വീണ്ടും ചർച്ചാ വിഷയമാകുന്നു. ചരിത്ര പ്രസിദ്ധമായ കുറവിലങ്ങാട്ട് മർത്തമറിയം ഫോറോനാ പള്ളിയിൽ ഓശാന ഞായറിലെ തിരുക്കർമ്മങ്ങളോട് അനുബന്ധിച്ച് ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ നൽകിയ വചന സന്ദേശം ചർച്ചാ വിഷയമാകുന്നു. ലക്ഷകണക്കിന് രൂപാ, നൂറ് കണക്കിനാളുകൾ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചു എന്ന പേരിൽ കുറവിലങ്ങാട്ട് പള്ളിക്ക് പിഴ ചുമത്തപ്പെട്ടു എന്ന കുപ്രചാരണത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രോഗ വ്യാപനത്തിന് ആൾക്കൂട്ടം കാരണമായി തീരും എന്ന പ്രചാരണങ്ങൾ ദേവാലയവുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. ദുർവ്യാഖ്യാനങ്ങൾ ധാരാളം നടക്കുന്നുണ്ട്. സഭ ലോകത്തെ വെല്ലുവിളിക്കുകയല്ല! ഓശാന വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിന് സമാനമായ വിധത്തിൽ നമ്മളെ നയിക്കുന്നതിനു വേണ്ടി, നമ്മൾ തെരെഞ്ഞെടുക്കാൻ പോകുന്നയാളുകളുടെ ചുറ്റും പതിനായിരങ്ങൾ സമ്മേളിക്കുമ്പോൾ കോറോണ വ്യാപനത്തിൻ്റെ ഭീഷണിയും വെല്ലുവിളിയും ഒന്നുമില്ലേ എന്ന് നമുക്ക് ചിന്തിക്കാൻ കഴിയുമ്പോഴും അങ്ങനെയുള്ള ഒത്തുകൂട്ടങ്ങൾക്ക് നേരേ വെല്ലുവിളിയായി സഭ നിൽക്കുന്നില്ല.
നമ്മൾ തെരെഞ്ഞെടുക്കുന്ന നേതാക്കന്മാർ എത്ര കാലം നമ്മെ ഭരിച്ചാലും ശാശ്വതമായ സമാധാനവും നിത്യജീവനും നൽകാൻ അവർക്ക് സാധിക്കുമോ??

ആരാധന നടത്തിയതിൻ്റെപേരിൽ ഒരു പൈസ പോലും എൻ്റെ ദേവാലയം പിഴയടച്ചിട്ടില്ല. പിഴ ചുമത്താതിരുന്നിട്ടും പിഴ ചുമത്തിയെന്നും പിഴയ്ക്കപ്പെട്ടവരാണെന്നും വിധി കല്പ്പിച്ച് പ്രത്യേക പശ്ചാത്തലത്തിൽ നിന്നു കൊണ്ട് ദൈവദത്തമായ അനുഗ്രഹത്തോടും ആശീർവാദത്തോടും കൂടെ വീണ്ടും ദാവീദിൻ്റെ പുത്രന് ഓശാന പാടാൻ ദൈവം നൽകിയ അവസരത്തെയോർത്ത് അഭിമാനത്തേക്കാൾ കൂടുതൽ ആനന്ദവും നന്ദിയുള്ളവരുമായി നമ്മൾ മാറണം.

“ഞാൻ എൻ്റെ ദേവാലയത്തിനെ സ്നേഹിക്കുന്നു”.
അത്യന്തം വൈകാരീകമായി കുറവിലങ്ങാടിൻ്റെ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ പറഞ്ഞതിങ്ങനെ…

[ot-video][/ot-video]

മെട്രിസ് ഫിലിപ്പ്

ഇസ്രയേൽ ജനതയുടെ രക്ഷകനായ യേശു ക്രിസ്തുവിന്, ജെറുസലേം നിവാസികൾ നൽകിയ രാജകീയമായ വരവേൽപ്പിന്റെ ഓർമ്മ ദിവസമാണ് ഓശാന സൺ‌ഡേ. ഇന്ന് എല്ലാ പള്ളികളിലും, കുരുത്തോലയും വീശി ഓശാന ഓശാന എന്ന് ഏറ്റു പാടിക്കൊണ്ട്, യേശുനാഥന്റെ, ജെറുസലേം പട്ടണത്തിലെക്കുള്ള പ്രവേശന ഓർമ്മ ആചരിക്കും. ആരും കയറാത്ത, കഴുതകുട്ടിയുടെ, പുറത്തിരുന്ന് വിനയത്തിന്റെ, മാതൃക കാണിച്ചുകൊണ്ട്, യേശു കടന്നു വരുന്നു.

ഒലിവ് മലയുടെ മുകൾ ഭാഗത്തുനിന്നാണ്, ഓശാന വീഥി ആരംഭിക്കുന്നത്. ആ മലയുടെ നേരെ എതിർ വശത്താണ്, ജെറുസലേം, പഴയ പട്ടണവും, അതിന്റെ കോട്ടയും പണിതിരിക്കുന്നത്. ആ കോട്ടയ്ക്ക് നിരവധി വാതിലുകൾ ഉണ്ട്. എന്നാൽ അതിൽ 9 എണ്ണം ആണ് പ്രധാനപ്പെട്ടത്. ചില വാതിലുകൾ, ഒരിക്കലും തുറക്കാറില്ല. അജകവാടങ്ങൾ എന്നാണ് ഈ പ്രവേശനകവാടങ്ങൾ അറിയപ്പെടുന്നത്.
New, Damascus, Herod’s, Lion’s, Dung, Zion, Jaffa, Golden, Huldah Gates എന്നിങ്ങനെ ആണ് അവ അറിയപ്പെടുന്നത്. ഒലിവ് മലയുടെ വശത്തുള്ള ഗോൾഡൻ ഗേറ്റ് വഴിയാണ്, യേശുനാഥൻ, ജെറുസലേം ദൈവാലയത്തിലേക്ക് രാജകീയമായി പ്രവേശിച്ചത്. Gate of Mercy എന്നും ഇത് അറിയപ്പെടുന്നുണ്ട്.
ഒലിവ് മലയുടെ മുകളിൽ നിന്നും, താഴേയ്ക്കാണ്, ഓശാന വിളികളുമായി, തീർത്ഥാടകർ സഞ്ചരിക്കുന്നത്. ഈ വീഥിയുടെ രണ്ട് വശങ്ങളിൽ ആയി, ഇപ്പോൾ മുസ്ലിം കല്ലറകൾ കാണാം.
യേശുനാഥൻ, കണ്ണീർ ഒഴുക്കി പ്രാർത്ഥിച്ച സ്ഥലത്ത്, കണ്ണീർതുളളി എന്ന പേരിൽ ഒരു പള്ളിയുണ്ട്. ഏറ്റവും താഴെയായിട്ടാണ് ഒലിവ് തോട്ടം. ഇവിടെ ഇരുന്നാണ്, യേശു കരഞ്ഞു പ്രാർഥിച്ചത്.
വി. ബൈബിളിൽ, യോഹന്നാൻ 12 ൽ രാജകിയ വരവേൽപ് എഴുതിയിട്ടുണ്ട്.

ഇന്ന് മുതൽ ആരംഭിക്കുന്ന വി. വാരാചരണത്തിനായ്‌ ഒരുങ്ങാം. വി. കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന യേശുനാഥനെ ആരാധിക്കാം, പ്രാർത്ഥിക്കാം. ആമേൻ

ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ

സീറോ മലബാർ പ്രവാസി സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ പതിപ്പാണിത്. മാർതോമാശ്ലീഹായെ കേരളത്തിലേക്ക് സ്വീകരിച്ചത് ഇവിടെയുണ്ടായിരുന്ന യഹൂദരായിരുന്നുവെന്നും ഇവിടെയുള്ള ആദ്യ ക്രൈസ്തവ സമൂഹത്തിന് യഹൂദ ബന്ധമുണ്ടായിരുന്നുവെന്നുമുള്ള ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് പ്രസ്തുത ഗാർഹിക ആചരണം വെളിച്ചം വീശുന്നുണ്ട്.

ഏറെ ഒരുക്കത്തോടെയാണ് ഭവനങ്ങളിലെ പെസഹാ ആചരണം നടത്തിയിരുന്നത്. കർത്താവിൻറെ തിരുവത്താഴത്തിൻറെയും വിടവാങ്ങലിന്റെയും ഓർമ്മ ദൈവാലയത്തിൽ ആചരിച്ചശേഷം ഭവനങ്ങളിൽ മടങ്ങിയെത്തിയാലും ധ്യാനാത്മകമായ അന്തരീക്ഷത്തിലാണ് അന്നേദിവസം ചിലവഴിക്കുക എന്നതാണ് കുടുംബങ്ങളിലെ പെസഹാ ആചരണത്തിൻറെ പ്രത്യേകത. പെസഹാ അപ്പവും പാലും ഉണ്ടാക്കുന്നിടത്ത് നിശബ്ദത പാലിക്കുക എന്നത് എല്ലാ കുടുംബങ്ങളിലും നിലനിന്നിരുന്ന യാഥാർത്ഥ്യമാണ്.

ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല് പ്പിച്ചു കൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിൻറെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ് പ്പോഴും പുതുതായി വാങ്ങുകയായിരുന്നു പതിവ് . മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. അടുക്കള കഴുകി വൃത്തിയാക്കി ഏകാഗ്രതയോടെ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം. ഉഴുന്നു പൊടിയും അരിപ്പൊടിയുമാണ് ഈ അപ്പത്തിന്റെ പ്രധാന ഘടകങ്ങൾ . തേങ്ങാപ്പാലും ശർക്കരയും പഴക്കഷണങ്ങളും ചേർത്താണ് പാനീയം തയ്യാറാക്കുന്നത്. ഇവ രണ്ടും പെസഹാ വ്യാഴാഴ്ചയല്ലാതെ വേറൊരിക്കലും ഉണ്ടാക്കുന്നുമില്ല. ഇതേ ചേരുവയിൽ തന്നെ ആവശ്യമുള്ളിടത്ത് കൂടുതൽ അപ്പം ഉണ്ടാക്കാറുണ്ട് . എന്നാൽ ഒരെണ്ണത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ ഓല കൊണ്ട് ചെറിയൊരു കുരിശുണ്ടാക്കി ചേർത്തു വച്ചിരിക്കും. ഈ അപ്പം കുടുംബാംഗങ്ങൾക്ക് അല്ലെങ്കിൽ ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമുള്ളതാണ്. മറ്റുള്ളവർക്ക് കൊടുക്കുവാനാണ് ആവശ്യംപോലെ കുരിശു വയ്ക്കാതെ അപ്പം ഉണ്ടാക്കുന്നത്.

പല സ്ഥലങ്ങളിലും പുരുഷന്മാരാണ് ഈ അപ്പവും പാലും തയ്യാറാക്കുന്നത്. അതേസമയം സ്ത്രീകൾ ഏതെങ്കിലും സുകൃതജപങ്ങൾ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടു കൂടി സുകൃതജപങ്ങൾക്ക് പകരം പാനാ വായനയായി പതിവ്. യഹൂദ വീടുകളിൽ പെസഹാ ഭക്ഷണം പുരുഷൻമാർ തയ്യാറാക്കുന്നതിന്റെ ചുവടുപിടിച്ചാവണം മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ പെസഹാ അപ്പവും പാലും പാകം ചെയ്യുന്നത് പുരുഷന്മാരുടെ ദൗത്യമായി മാറിയത്.

ഈ പ്രത്യേക അപ്പം ഇണ്ടറി (ഇൻറി)എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഈശോയെ തറച്ച സ്ലീവായുടെ മുകളിൽ “ഇവൻ നസ്രായൻ ഈശോ യൂദൻമാരുടെ രാജാവ്” എന്ന് പരിഹാസ രൂപത്തിൽ എഴുതി വെച്ചിരുന്നതായി സുവിശേഷത്തിലുണ്ട് (Jn 19:19). അതനുസരിച്ച് ക്രൂശിത രൂപത്തിന് മുകളിൽ സാധാരണ എഴുതി വയ്ക്കാറുള്ള INRI എന്ന നാലക്ഷരങ്ങൾ കൂട്ടി വായിച്ചതിൽ നിന്നാണ് ഈ പേരുണ്ടായതെന്ന് അനുമാനിക്കാം . എന്നാൽ കുരിശുരൂപം കേരളത്തിൽ പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് പ്രചാരത്തിലാകുന്നത്. അതിനും വളരെ മുമ്പ് തന്നെ ഈ പേര് ഈ അപ്പത്തിനുണ്ടായതിൽ നിന്നും നമ്മുടെ പൂർവ പിതാക്കന്മാർ വിശുദ്ധഗ്രന്ഥം വായിക്കുന്ന പതിവില്ലാത്തവരായിരുന്നെങ്കിൽ കൂടിയും (വിശുദ്ധഗ്രന്ഥം എല്ലാവർക്കും പ്രാപ്യമായിരുന്നില്ല. ഇന്ത്യയിലെ ഭാഷകളിലേക്കുള്ള തർജ്ജമകൾ വളരെ താമസിച്ചാണുണ്ടായത്.), വേദപുസ്തകത്തിലെ വിവരണങ്ങൾ പല മാർഗ്ഗങ്ങളിൽ കൂടി അറിയുന്നതിൽ ഉത്സാഹികളായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സത്യവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ, പുസ്തകമില്ലാതെ തന്നെ, ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും കൈമാറുന്നതിൽ തീക്ഷ്ണതയുണ്ടായിരുന്ന ഒരു ജനതയുടെ പിന്മുറക്കാരാണ് നമ്മൾ എന്ന്, കുടുംബങ്ങളിലെ പെസഹാ ആചരണം ഓർമ്മപ്പെടുത്തുന്നു. നാല്പതാം വെള്ളിയാഴ്ച ഉണ്ടാക്കുന്ന കൊഴിക്കട്ടയ്ക്കും (ചിലയിടങ്ങളിൽ ശനിയാഴ്ച – കൊഴിക്കൊട്ട ശനി) ഇങ്ങനെയൊരു ചരിത്രം പറയാനുണ്ട്.

കേരളത്തിൻറെ തെക്കൻ പ്രദേശങ്ങളിൽ ഇണ്ടറിയപ്പം ആവിയിൽ പുഴുങ്ങിയാണ് (വട്ടയപ്പം പോലെ) ഉണ്ടാക്കുന്നതെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ മറ്റൊരു രീതിയിലാണുണ്ടാക്കുക. വായ് വലുതായ ഒരു കലത്തിനുള്ളിൽ കുറേ മണൽ ഇട്ടശേഷം അതിൻറെ മുകളിൽ ഒരു കിണ്ണത്തിൽ അപ്പത്തിനായി തയ്യാറാക്കിയ കൂട്ട് വയ്ക്കുന്നു. കിണ്ണത്തിന് മീതെ വേറൊരു ചെറിയ കലം വച്ച് അതിനുള്ളിൽ തീക്കനൽ ഇടുന്നു. അതിനുശേഷമാണ് അടുപ്പിൻ മേൽ വയ്ക്കുക. ഇങ്ങനെ ചൂടേറ്റ മണലിനും തീക്കനലിനുമിടയ്ക്കിരുന്ന് ഉണങ്ങിയ അപ്പം തയ്യാറാകുന്നു. കലത്തപ്പം എന്നും ഇതിന് പേരുണ്ടായതങ്ങനെയാണ്.

വീട്ടിലെ കുരിശു വരെ പ്രാർത്ഥന കഴിഞ്ഞ്, കുടുംബനാഥൻ ഇണ്ടറിയുടെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോല കൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. അതിനുശേഷം ഓരോ കഷണവും പാലിൽ മുക്കി കുടുംബാംഗങ്ങളുടെ പ്രായക്രമത്തിൽ ഓരോരുത്തർക്കും നൽകുന്നു. ഈശോയേയും ശിഷ്യന്മാരേയും അനുസ് മരിച്ചാണ് 13 ക്ഷണങ്ങളായി മുറിക്കുന്നത്. ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് ഇണ്ടറിയപ്പം സ്വീകരിക്കുന്നത്. ഓരോ കഷണം കുടുംബനാഥനിൽ നിന്ന് സ്വീകരിച്ച ശേഷം ബാക്കി കഷണങ്ങളും പാലും ആവശ്യം പോലെ എല്ലാവരും ഭക്ഷിക്കുന്നു.

ഓർത്തഡോക്സ്, യാക്കോബായ സമൂഹങ്ങളിലെ പല കുടുംബങ്ങളിലും ഈ ക്രമം നടപ്പിലുണ്ട്. ഒരുകാലത്ത് ഒന്നായിരുന്ന മാർ തോമാ നസ്രാണികളുടെ പൊതുവായ പാരമ്പര്യമാണ് ഇത് എന്നതിനുള്ള തെളിവാണ് ഈ വസ്തുത.

യഹൂദരുടെ പെസഹാ ഭക്ഷണത്തിൽ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നതു പോലെ തന്നെ നമ്മുടെ കുടുംബങ്ങളിൽ ഈ പ്രത്യേക ആചരണത്തിനുള്ള അപ്പത്തിൽ പുളിപ്പ് ഉപേക്ഷിക്കുന്നു എന്ന യാഥാർഥ്യവും ശ്രദ്ധേയമാണ്.

എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുക നമ്മുടെ പാരമ്പര്യമാണ് .എന്നാൽ പെസഹാ വ്യാഴാഴ്ച രാത്രിയിലെ സമ്മേളനം ഈ ദിവസത്തിൻറെ പ്രത്യേകതയാൽ അതുല്യ പ്രാധാന്യമുള്ളതാണ്. ശിഷ്യന്മാരുമൊത്ത് അവസാനമായി ഈശോ ചിലവഴിച്ച നിമിഷങ്ങളെയും തൻറെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിച്ച പൈതൃകത്തെയും ഭാവി തലമുറകൾക്കുവേണ്ടി പറഞ്ഞേൽപ്പിച്ച ശാസനങ്ങളെയുമെല്ലാം കുടുംബങ്ങളിൽ ബഹുമാനപുരസരം ഓർക്കുവാനായി ഉള്ള നേരമാണത്. അതിനാൽ ആരുടെ നാമത്തിലും സ്ഥാനത്തും നിന്നുകൊണ്ടാണ് താൻ ഇണ്ടറി മുറിക്കുന്നതെന്ന് ഓരോ കുടുംബനാഥനും ഓർമ്മയുണ്ടാകണം. തിരുവത്താഴത്തിൽ കർത്താവിൽ നിന്ന് നേരിട്ട് അപ്പം വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരുടെ സ്ഥാനത്ത് തങ്ങളെ തന്നെ കാണുവാൻ കുടുംബാംഗങ്ങൾക്കും സാധിക്കട്ടെ. വിശ്വാസത്തെ ഒറ്റി കൊടുക്കാനും തള്ളിപ്പറയാനും സാധ്യതയുള്ള നമ്മുടെ സാഹചര്യങ്ങളിൽ വിശ്വാസത്തിൽ നിലനിൽക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ആ വിശ്വാസത്തെ ഏറ്റുപറയുകയും ചെയ്യാനുള്ള അവസരമാണിത്.

ഇണ്ടറി അപ്പം മുറിക്കൽ പള്ളികളിലോ അസോസിയേഷനുകളിലോ നടത്തേണ്ട കർമ്മമല്ല. കുടുംബങ്ങളിലെ അനുഷ്ഠാനമാണത്. ഇടവകയെ വലിയ കുടുംബമായി സങ്കൽപ്പിച്ച്‌ കുടുംബനാഥനായ വികാരിയച്ചൻ അപ്പം മുറിക്കുന്നത് ഉചിതമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാൽ വിശ്വാസ കൈമാറ്റത്തിനുള്ള കുടുംബനാഥന്റെ ഉത്തരവാദിത്വത്തിന്റെ മികവുറ്റ പ്രകാശനത്തിനുള്ള ഈ അവസരം കുടുംബങ്ങളുടേതു മാത്രമായി മാറ്റി വയ്ക്കുന്നതാണ് ഉചിതം. കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിൻറെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്. മറ്റു കുടുംബങ്ങളുടെയോ ബന്‌ധുക്കളുടെയോ മരണം കുടുംബങ്ങളിലെ പെസഹാ ആചരണത്തിന് തടസമാകാറില്ല . അതേ സമയം, മരണപ്പെട്ട ആളുടെ അസാന്നിധ്യം അപ്പം മുറിക്കാതിരിക്കാനുള്ള കാരണമായി ഒരു കുടുംബം കരുതുന്നുവെങ്കിൽ അതിനെ ആർക്കും കുറ്റപ്പെടുത്താനുമാവില്ല.

ഇണ്ടറി പുഴുങ്ങുമ്പോൾ പൊട്ടി കീറുകയോ മറ്റോ ചെയ്താൽ ദോഷമാണെന്ന കേട്ടുകേൾവിയെ ഭയന്ന് അപ്പമുണ്ടാക്കുവാൻ മടിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, ഇങ്ങനെയൊരു കേട്ടുകേൾവി ബുദ്ധിയുള്ള ഏതെങ്കിലും പിതാമഹനോ മഹിതയോ പറഞ്ഞു പരത്തിയതാകാനിട. അപ്പം പൊട്ടിക്കീറാനിടവരുന്നത് കൂട്ട് ശരിയാകാതെ വരികയോ തീ കുറയുകയോ കൂടുകയോ ചെയ്യുമ്പോഴാണ്. അതീവശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് ഇണ്ടറിയപ്പവും പാലും തയ്യാറാക്കേണ്ടത് എന്ന് പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാവണം ഈ കേട്ടുകേൾവിയുണ്ടായത്.

കടകളിൽ പെസഹാ അപ്പം ലഭ്യമായിരിക്കാം. അതിൽ കുരിശും ഉണ്ടാകാം. പക്ഷേ, അത് ഇണ്ടറിയപ്പമാകില്ല. അടുക്കള ഒരുക്കി, പുത്തൻ പാത്രങ്ങളിൽ, സുകൃതജപങ്ങളുടെയോ പാനാപാരായണത്തിന്റെയോ പശ്ചാത്തലത്തിൽ ധ്യാനാത്മകമായി പാകപ്പെടുത്തുന്ന ഇണ്ടറിയപ്പത്തിനും പാലിനും പകരം വയ്ക്കാൻ റെഡിമെയ് ഡായി കിട്ടുന്ന രുചിയേറിയ വിഭവങ്ങൾക്കൊന്നുമാവില്ല . അപ്പം മുറിക്കലിന്റെ ഗാർഹിക മാനങ്ങളെ മറന്നു കളയാതിരിക്കാനുള്ള സാമാന്യയുക്തി നമുക്കുണ്ടാകട്ടെ .

ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ                ഗ്രേറ്റ്‌ ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ വികാരിയാണ്. കൂടാതെ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിൻ്റെ ഡയറക്ടർ എന്നീ മേഘലകളിൽ പ്രവർത്തിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്.

 

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ഓശാന… ഓശാന…. ദാവീദാത്മജന് ഓശാന..
നാല്‍പ്പതു ദിവസത്തെ നോമ്പിന് ശേഷം കര്‍ത്താവിന്റെ കഷ്ടാനുഭവ
ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഏതൊരു വിശ്വാസിയുടെയും
മനസ്സില്‍ പ്രാര്‍ഥനയുടെയും സഹനത്തിന്റെയും രക്ഷണ്യ
പ്രവര്‍ത്തനത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന ദിവസങ്ങള്‍ ആണ്.
പാപമോചനത്തിന്റെയും അനുതാപത്തിന്റെയും സന്ദേശങ്ങളും
അനുഭവങ്ങളുമാണ് ഓരോ ദിവസത്തെയും വായനാ ഭാഗങ്ങള്‍ . നമ്മുടെ
കര്‍ത്താവ് ബെഥാന്യയില്‍ നിന്ന് യെരൂശലേമിലേക്കു ഉള്ള യാത്രയില്‍
അവിടെ ഉള്ള ജനം കര്‍ത്താവിനെ സ്വീകരിക്കുന്ന സംഭവമാണ് ഓശാന പെരുന്നാള്‍. ഇത്
വെറുമൊരു യാത്രയായിട്ട് അല്ല പകരം രാജകീയമായ ഒരു യാത്രയായിട്ടാണ്
നാം മനസ്സിലാക്കേണ്ടത്. നൂറ്റാണ്ടുകളായി ആയി തങ്ങളുടെ രാജാവ്
കടന്നുവരുമെന്ന് വിശ്വസിച്ച് പ്രത്യാശയോടെ ഇരിക്കുന്ന യഹൂദ ജനമധ്യേ ആണ് ഈ യാത്ര. ഒലിവീന്തല്‍ തലകളും കുരുത്തോലകളും ആയി ജനം
അവനെ സ്വീകരിക്കുകയും വസ്ത്രം വഴിയില്‍ വിരിച്ചു പാത ഒരുക്കുകയും
ചെയ്തു.
ഈ യാത്രയുടെ ആരംഭത്തില്‍ തന്റെ ശിഷ്യന്മാരെ ആയ്ച്ചു അടുത്തുള്ള
ഗ്രാമത്തില്‍ പോയി ഇതുവരെ ആരും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ
കൊണ്ടുവരുവാന്‍ ആവശ്യപ്പെടുന്നു. ഇത് എന്തിന് എന്ന് ആരെങ്കിലും
ചോദിച്ചാല്‍ നമ്മുടെ കര്‍ത്താവിന് ഇതിനെ കൊണ്ട് ആവശ്യമുണ്ട് എന്ന്
പറയണം എന്ന് അവരോട് പറഞ്ഞു. വിനയത്തിന്റെയും താഴ്മയുടെയും
ഉദാഹരണമായി ആയി കര്‍ത്താവ് ജീവിതത്തില്‍ തന്നെ കാട്ടിത്തരുകയാണ്.
ഇന്നത്തെ കാലഘട്ടത്തില്‍ ഈ ഒരു ചിന്ത വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
കര്‍ത്താവിനു വേണ്ടി ഈ കഴുതയുടെ ധര്‍മ്മം നിര്‍വഹിക്കുവാന്‍ നമുക്ക്
അര്‍ഹതയുണ്ടോ? ആത്മീക ആചാര്യന്മാരെ തിരഞ്ഞെടുക്കുമ്പോഴും
ഭൗതികമായ യോഗ്യതകള്‍ ആണ് കണക്കിടുന്നത്. അവര്‍ പഠനത്തില്‍
മുമ്പന്മാര്‍ ആയിരിക്കാം എന്നാല്‍ പ്രായോഗികമായ
ജീവിതത്തിലും ക്രൈസ്തവ ധര്‍മ്മം പുലര്‍ത്തുന്നതിനും പിന്നോക്കം
നില്‍ക്കുന്നവര്‍ ആയിതീരാറുണ്ട്. കര്‍ത്താവിനു വേണ്ടത് ഇതുവരെ ആരും
കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ ആണ്. യോഗ്യതയും വിനീതനും
ദാസനും ആയ ഭാവം. ഇന്നത്തെ കാലത്തില്‍ ആര്‍ക്കുവേണം ഈ യോഗ്യതകള്‍.
പ്രൗഢിയും അലങ്കാരങ്ങളും അല്ലേ ഉന്നത സ്ഥാനങ്ങളുടെ മുഖമുദ്രയായി
ഇരിക്കുന്നത്. എന്നാല്‍ കര്‍ത്താവ് തെരഞ്ഞെടുത്തത് മനുഷ്യന്റെ
തിരഞ്ഞെടുപ്പിന് വ്യത്യസ്തമായ രീതിയിലാണ്.
കര്‍ത്താവിന്റെ ഈ യാത്ര ദേവാലയത്തിലേക്ക് ആയിരുന്നു. വലിയ
ഇടവകകളില്‍ നടക്കുന്ന പെരുന്നാളിന്റെ നാം കണ്ടിട്ടുള്ള അതേ
ഭാവമായിരുന്നു യെരുശലേം ദേവാലയത്തിനും. വഴിയോര കച്ചവടങ്ങളും
എന്തിനേറെ, ദേവാലയത്തിന് ഉള്ളില്‍ പോലും വിപുലമായ കച്ചവട
സംവിധാനത്തിന് വേണ്ടി മാറ്റപ്പെട്ടിരുന്നു. ദിവസങ്ങളും മാസങ്ങളും
യാത്ര ചെയ്തു തീര്‍ഥാടനം ചെയ്യുന്ന ഒരു സാദാരണക്കാരന്‍ കുറച്ചു
നിമിഷങ്ങള്‍ ദേവാലയത്തിനു ഉള്ളില്‍ നില്കും, ബാക്കി സമയം മുഴുവന്‍
സാധങ്ങള്‍ വാങ്ങാനും കാഴ്ച കാണാനും മാറ്റി വെക്കാറില്ലേ? നാമും
എന്തെല്ലാം ഉദ്ദേശങ്ങളോട് കൂടിയാണ് ദേവാലയത്തിലേക്ക് പോകുന്നത്.
പലചരക്കു പച്ചക്കറിയും എന്തിനേറെ സിനിമ കാണാന്‍ വരെ
ദേവാലയത്തിലെ ആരാധനയെ നാം കൂട്ടുപിടിക്കുന്നു. ഇങ്ങനെയുള്ള
മനസ്ഥിതിയാണ് കര്‍ത്താവ് ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കുന്നത്.
രാജാധിരാജനായവനെ സ്വീകരിക്കുവാന്‍ തങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം
വരെയും അവര്‍ വഴിയില്‍ വിരിച്ചു. തങ്ങള്‍ക്ക് വസ്ത്രങ്ങള്‍ തരുന്ന
സുരക്ഷയെക്കാള്‍ ഉത്തമമായതും വലുതുമായ സുരക്ഷ
ദൈവസന്നിധിയില്‍ ലഭിക്കുന്നു എന്നുള്ളത് ഇവിടെ പ്രത്യേകം
ഓര്‍ക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും
പ്രതീകമായി അവര്‍ വസ്ത്രം വിരിക്കുകയും കുരുത്തോലകള്‍ ഏന്തുകയും
ചെയ്തു. നമ്മളെപ്പോലെയുള്ള മനസ്ഥിതി ഉള്ളവരും
അക്കൂട്ടത്തിലുണ്ടായിരുന്നു. വെറും കാഴ്ചക്കാരായി പാതയോരങ്ങളില്‍
കാത്തു നില്‍ക്കുന്നവര്‍. ദൈവസാന്നിധ്യമോ തന്റെ വരവിന്റെ
ഉദ്ദേശങ്ങളോ ഒന്നും ബാധിക്കാത്ത ചിലര്‍. തങ്ങളുടെ അധരങ്ങള്‍ കൊണ്ട്
ദൈവസ്തുതി ഉച്ചരിക്കുവാന്‍ മടികാണിക്കുന്ന അവരെ നോക്കി കര്‍ത്താവ്
പറഞ്ഞു നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തു വിളിക്കും.
സമത്വത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നന്ദികേട്
കാണിക്കുമ്പോള്‍ നിര്‍ജ്ജീവങ്ങളായ പ്രകൃതി തന്നെ സൃഷ്ടാവിനോട് അനു
രൂപപ്പെടും എന്നുള്ള ഉള്ള കാര്യമാണ് കര്‍ത്താവ് ഇവിടെ ഓര്‍മിപ്പിച്ചത്.
കുരുത്തോലകളും മരക്കൊമ്പുകളും പ്രതീകം ആക്കുന്നത് ഈ പ്രകൃതിയുടെ
സ്തുതിപ്പ് തന്നെയാണ്. ഓശാനയുടെ പ്രത്യേക ശുശ്രൂഷ ആയ കുരുത്തോല
വാഴ് വിന്റെ ക്രമത്തില്‍ അവ വെട്ടപെട്ട വൃക്ഷങ്ങളും കൊണ്ടുവന്ന കുടുംബങ്ങളും അവയെ
കൊണ്ടുപോകുന്ന ഭവനങ്ങളും അനുഗ്രഹിക്കപ്പെടും എന്ന്
പ്രാര്‍ത്ഥിക്കുന്നു. യുദ്ധങ്ങളുടെ ശമനത്തിനും രോഗങ്ങളുടെ ശാന്തതയ്ക്കും
ഭവനത്തിന്റെ അനുഗ്രഹത്തിനുമായി വാഴ്ത്തപ്പെട്ട കുരുത്തോല നാം
ഭവനങ്ങളില്‍ സൂക്ഷിക്കുന്നു.
ഇത് വെറും അനുസ്മരണം അല്ല.
കര്‍ത്താവായി ആയി നമ്മുടെ ഉള്ളിലേക്ക് മഹത്വത്തിന്റെ നായകന്‍
കടന്നുവരണം എന്നുള്ളതാണ് ഈ ദിവസത്തിന്റെ സന്ദേശം. ഈ പ്രവേശനം
പല അവസരങ്ങളിലും നാം ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അത്
ഉള്‍ക്കൊള്ളുവാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. കാരണം ഇത്രയേ
ഉള്ളൂ.. കര്‍ത്താവ് നമ്മുടെ ഉള്ളിലേക്ക് കടന്നുവന്നാല്‍ നമ്മള്‍
പരിപാലിക്കുന്നതും നടന്നു പോകുന്നതുമായ ചിട്ടകളും
ജീവിതങ്ങളും എല്ലാം മാറ്റേണ്ടിവരും. നമ്മുടെ ഉള്ളങ്ങള്‍ നാമൊരു
ആത്മശോധന നടത്തുകയാണെങ്കില്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും

കര്‍ത്താവ് പറഞ്ഞതുപോലെ നിങ്ങള്‍ അതിനെ കള്ളന്മാരുടെ ഗുഹ
ആക്കിത്തീര്‍ത്തു. അങ്ങനെയുള്ള മനോഭാവത്തില്‍ നിന്നുള്ള ഒരു മാറ്റം
ആണ് ഓശാന പെരുന്നാള്‍ നമുക്ക് സാധ്യമാകുന്നത്. കഴുതയും
കുരുത്തോലയും ഈന്തപ്പനയും ഓശാന പാട്ടും എല്ലാം നമുക്ക് ഇഷ്ടമാണ്
എന്നാല്‍ അതിനേക്കാള്‍ ഉപരിയായി തങ്ങളുളെ ഹൃദയങ്ങളിലേക്ക് രാജാവിനെ
സ്വീകരിക്കുവാന്‍ വിനീതനായ കഴുതക്കുട്ടി ആയിത്തീരുവാന്‍ നമുക്ക്
മനസ്സുണ്ടോ?
ഓശാന എന്ന പദത്തിന്റെ അര്‍ത്ഥം കര്‍ത്താവേ ഇപ്പോള്‍ രക്ഷിക്കേണമേ
എന്നാണ്. അനര്‍ത്ഥങ്ങളുടെയും അസമാധാനത്തിന്റെയും രോഗങ്ങളുടേയും
നടുവില്‍ കഴിയുന്ന നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം കര്‍ത്താവേ ഇപ്പോള്‍
ഞങ്ങളെ രക്ഷിക്കേണമേ ,ഓശാന. അനുഗ്രഹിക്കപ്പെട്ട ഓശാന
പെരുന്നാള്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിക്കുന്നു
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു

RECENT POSTS
Copyright © . All rights reserved