Spiritual

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
ചെറുപ്പത്തിൽ കാല് തട്ടി വീഴുമ്പോൾ ജാതി മത ഭേദമെന്യേ എല്ലാവരും വിളിക്കുന്നത് “അമ്മേ” എന്നാണ്. വീണു കഴിഞ്ഞിട്ട് വിളിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലെന്നറിഞ്ഞിട്ടും വിളിക്കുന്നവർക്ക് അതൊരാശ്വാസമാണ്. ധൈര്യം, സംരക്ഷണം, ആത്മവിശ്വാസം, കരുതലായ സ്നേഹം അങ്ങനെ പലതും അമ്മേ എന്ന വിളിയിൽ നിറഞ്ഞു നില്ക്കുന്നു. ബാലനായ യേശു കളിക്കുന്നതിനിടയിൽ വീണപ്പോൾ ആദ്യം ഓടിയെത്തിയതും അമ്മയാണ് എന്ന് പാഷൻ ഓഫ് ക്രൈസ്റ്റ് സിനിമയിലും കാണുന്നു. കലയിൽ മാത്രമല്ല ജീവിതത്തിലും അമ്മയുടെ സ്ഥാനം വലുതാണ്.
സമർപ്പിത ജീവിതത്തിലേയ്ക്ക് ഞാൻ വന്നപ്പോൾ മാതാവ് എനിക്ക് അമ്മയായി. ജീവിതത്തിൽ നമ്മൾ അറിയാതെ പോകുന്ന മറ്റൊരു സത്യമുണ്ട്. നമ്മുടെ സ്വന്തം അമ്മമാരും മാതാവിന് സമമാണ് എന്നുള്ളത്. പരി. അമ്മയുടെ സാധാരണ ജീവിതം പോലെ തന്നെയാണ് നമ്മുടെ അമ്മമാരുടെ ജീവിതവും. നമ്മൾ കാണാതെ പോകുന്ന അവരുടെ സഹനം. ഒന്നു പിറകോട്ട് കണ്ണോടിച്ചാൽ നാമോരോരുത്തർക്കും പറയുവാനുണ്ടാകും കരളലിയിപ്പിക്കുന്ന നമ്മുടെ അമ്മയുടെ സഹനത്തിൻ്റെ ഒരു കഥയെങ്കിലും. അസാധാരണ ദൈവഭക്തിയോടെ അവർ നമ്മളെ വളർത്തിയതുകൊണ്ടല്ലേ ഇപ്പോഴും നമ്മൾ ദൈവഭയമുള്ളവരായിരിക്കുന്നത്. സമർപ്പിത ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്. സമർപ്പിത ജീവിതത്തിൽ ഞാനെത്തിയത് അസാധാരണ ദൈവഭക്തിയോടെ എൻ്റെ അമ്മ എന്നെ വളർത്തിയതുകൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

പരിശുദ്ധ അമ്മയുടെ വണക്കമാസത്തിൻ്റെ നാലാം ദിനത്തിലേയ്ക്ക് നാം പ്രവേശിക്കുമ്പോൾ ചിന്താവിഷയമാകുന്നത് പരിശുദ്ധ കന്യകയുടെ പിറവിയാണ്. ഭൂലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നൽകിയതായിരുന്നു പരിശുദ്ധ കന്യകയുടെ ജനനം. പിതാവായ ദൈവത്തിൻ്റെ ഓമൽ കുമാരിയും സുതനായ ദൈവത്തിൻ്റെ മാതാവും പരിശുദ്ധാത്മാവിൻ്റെ മണവാട്ടിയുമായ പരിശുദ്ധ അമ്മയുടെ ജനനത്തിൽ സ്വർഗ്ഗവാസികളും സന്തോഷിച്ചു എന്നാണ് പറയപ്പെടുന്നത്. നമ്മുടെ അമ്മമാരുടെ ജനനത്തേയും സന്തോഷ പൂരിതമായ മുഹൂർത്തമായി നമ്മൾ കാണണം. അമ്മയെ സ്നേഹിക്കുന്നവർക്കേ പരിശുദ്ധ അമ്മയെ സ്നേഹിക്കാൻ കഴിയുകയുള്ളൂ..
പരിശുദ്ധ അമ്മയുടെ വണക്കമാസ കാലത്ത് അമ്മയിലൂടെ എല്ലാ അനുഗ്രഹങ്ങളും ലോകത്തിന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സുകൃതജപം.
ഉദയ നക്ഷത്രമായ പരി. മറിയമേ..
ഞങ്ങളുടെ ജീവിതം പ്രത്യാശാപൂർണ്ണമാക്കേണമേ..

പരിശുദ്ധ അമ്മയോടുള്ള സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
പരിശുദ്ധ കന്യകാമറിയത്തെ പ്രത്യേകം അനുസ്മരിക്കുന്ന മാസത്തിൻ്റെ മൂന്നാം ദിനത്തിലാണ് നമ്മളിപ്പോൾ. പരിശുദ്ധ കന്യകയുടെ അമലോത്ഭവം ഇന്ന് നാം അനുസ്മരിക്കുമ്പോൾ പാപം തെല്ലും ഏശാത്ത അമ്മയെ നമുക്ക് മാതൃകയും മദ്ധ്യസ്ഥയും ആക്കാം.

ഒമ്പതാം പീയൂസ് മാർപ്പാപ്പയാണ് 1854 ൽ പരി. കന്യകയുടെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. പരി. കന്യകയുടെ അമലോത്ഭവത്തെ അനുസ്മരിക്കുമ്പോൾ എൻ്റെ ജീവിതാനുഭവത്തിൽ ഒത്തിരിയേറെ നന്ദി നിറഞ്ഞ ഹൃദയമാണ് ഉണ്ടാകുക. കാരണം ഒരു സമർപ്പിത എന്ന നിലയിൽ പാപത്തിൻ്റെ ഒരു കറ പോലും ഏശാതെ കാത്ത് സംരക്ഷിച്ചവളാണ് പരിശുദ്ധ അമ്മ.

എൻ്റെ ദൈവവിളി തന്നെ വലിയ ഒരു സത്യം വിളിച്ചോതുന്നത് പരി. അമ്മയുടെ വലിയ ഒരു കരസ്പർശം എപ്പോഴും എൻ്റെ കൂടെയുണ്ടായിരുന്നു എന്ന വസ്തുതയാണ്. കാരണം ഈശോയുടെ മണവാട്ടിയാകുവാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പല തടസ്സങ്ങളും ഉണ്ടായിരുന്നു. എൻ്റെ മാതൃദേവാലയം പരിശുദ്ധ അമ്മയുടെ നാമത്തിലായിരുന്നു. 9 ശനിയാഴ്ച്ച മാതാവിൻ്റെ നൊവേന മുടങ്ങാതെ ചൊല്ലി വിശുദ്ധ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു. തത്ഫലമായി പരി. അമ്മ തന്നെ എന്നെ അനുഗ്രഹിച്ചു. ഇന്ന് 34 വർഷങ്ങൾ പിന്നിടുമ്പോൾ അമലോത്ഭയായ മാതാവിൻ്റെ മദ്ധ്യസ്ഥത്താൽ നിരന്തരമായ അനുഗ്രഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.

പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും ഇന്ന് സമർപ്പിത ജീവിതങ്ങൾ മുന്നേറുമ്പോൾ ഒത്തിരി തെറ്റായ വാർത്തകൾ മാദ്ധ്യമങ്ങളിലൂടെയും സമർപ്പിത ജീവിതങ്ങൾക്ക് വില കല്പിക്കാത്തവരിലൂടെയും പ്രസരിക്കുമ്പോൾ ഇന്നത്തെ ലോകം അറിയേണ്ട വലിയൊരു സത്യമുണ്ട്! അനുഗ്രഹിക്കപ്പെട്ട സമർപ്പിത ജീവിതങ്ങൾക്ക് ലോകത്തിൻ്റെ മുമ്പിലും മനുഷ്യ ഹൃദയങ്ങളിലും വിലയുണ്ട്. വി. മദർ തെരേസാ ഏറ്റവും വലിയ ഉദാഹരണമാണല്ലോ.

പുണ്യജീവിതവും വിശുദ്ധിയും നമ്മൾ ആഗ്രഹിച്ചാൽ, ദൈവത്തിൻ്റെ നന്മയെ നാം ധ്യാനിച്ചാൽ ദൈവം നല്കുന്ന നന്മകൾ ഒരിക്കലും വിവരിക്കാനാവാത്തതാണ്. ഈശോയുടെ തിരുഹൃദയത്തിൽ എന്നെ തന്നെ സമർപ്പിച്ചപ്പോൾ ആത്മീയപ്രകാശം കൂടുതൽ കൃപയിലേയ്ക്ക് എന്നെ നയിക്കുവാൻ സഹായിച്ചു. പരിശുദ്ധ അമ്മയേപ്പോലെ ദൈവേഷ്ടം അന്വേഷിച്ച് കണ്ടെത്തി പൂർണ്ണമായും നിറവേറ്റുവാൻ അമലോത്ഭവയായ പരി. അമ്മ നമ്മെ ഓരോരുത്തരേയും സഹായിക്കട്ടെ.

സുകൃതജപം.
അമലോത്ഭവ ജനനീ, മാലിന്യം കൂടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തുകൊള്ളണേ..

പരി. അമ്മയോടുള്ള സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

സ്വിണ്ടൻ: സിനായ് മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സിനായ് വോയ്സിന്റെ മ്യൂസിക് നൈറ്റും,സുവിശേഷയോഗവും 2022 മെയ് ഏഴാം തീയതി ശനിയാഴ്ച്ച (5.30 – 8.30) സ്വിണ്ടനിൽ നടത്തപ്പെടുന്നു.യു. കെ.യുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഗായികാ ഗായകന്മാർ പങ്കെടുക്കുന്നതാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒത്തിരി പുതുമകളോടുകൂടെയാണ് ഈ വർഷത്തെ ഗാനസന്ധ്യ ഒരുക്കിയിരിക്കുന്നത്.

സിനായ് വോയ്സിന്റെ ബി ടീമായ (Sinai Voice “Seraphians”) ന്റെ അരങ്ങേറ്റമുണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു. ഐ. പി. സി.യു.കെ. ആൻഡ് അയർലണ്ട് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉത്‌ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ യു കെ യുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ജാതി,മത,ഭേതമെന്യേ ആളുകൾ പങ്കെടുക്കും.ഡോ. വി.ജെ സാംകുട്ടി ദൈവ വചനം ശൃസ്രൂഷിക്കും. ഗാനസന്ധ്യക്കു പാസ്റ്റർ സീജോ ജോയ്, ബ്രദർ സ്‌റ്റീഫൻ ഇമ്മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് 07865497444, 07403411532

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ ചിന്താവിഷയമാകുന്നത് ദൈവം പരിശുദ്ധ കന്യകയെ തിരഞ്ഞെടുക്കുന്നു എന്നതാണ്. പരിപൂർണ്ണ മനുഷ്യത്വം സ്വീകരിക്കാൻ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠയും പുണ്യങ്ങളാൽ അലംകൃതയുമായ പരിശുദ്ധ കന്യകയെ തിരഞ്ഞെടുത്തു. ദൈവമാതൃത്വം സ്വീകരിച്ച് കൊണ്ട് ഈ രക്ഷാകര കർമ്മത്തിൽ പങ്കാളിയാകുവാൻ മറിയത്തിന് സാധിച്ചു. അടിയുറച്ച വിശ്വാസം കൊണ്ടായിരുന്നു ദൈവത്തിൻ്റെ അമ്മയാകുവാകുവാനുള്ള ഭാഗ്യം മറിയത്തിന് ലഭിച്ചത്.

ആധുനികതയിലെ അമ്മമാർക്ക് മറിയത്തിൻ്റെ വിശ്വാസമുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്. എൻ്റെ അനുഭവജ്ഞാനം കൊണ്ട് പറയുകയാണ്. പണ്ടെത്തെ അമ്മൂമ്മമാരാണ് ക്രിസ്തീയ വിശ്വാ വിശ്വാസത്തിൻ്റെ നെടുംതൂണുകൾ.
വല്യമ്മച്ചിമാർ കൊച്ചുമക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചിരുന്ന ഒരു കാലഘട്ടം കത്തോലിക്കാ സഭയ്ക്ക് ഉണ്ടായിരുന്നു. എൻ്റെ കുട്ടിക്കാലത്ത് എന്നെയും ചേട്ടനെയമൊക്കെ വിളിച്ചിരുത്തി ഞങ്ങളുടെ അമ്മൂമ്മ കൊന്ത ചെല്ലുമ്പോൾ എളുപ്പം തീർക്കാൻ ഞങ്ങൾ ഒരു രഹസ്യമൊക്കെ സൂത്രത്തിൽ ഒഴിവാക്കിയിട്ടുണ്ട്. അപ്പോൾ തന്നെ അമ്മൂമ്മ അത് കണ്ട് പിടിച്ച് ഞങ്ങളെ ശകാരിക്കുമായിരുന്നു. കൊച്ചു മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കാനുള്ള തീഷ്ണത അവർക്കുണ്ടായിരുന്നു. ആ പരിശീലനമാണ് എന്നെ സഭാ വസ്ത്രം അണിയുവാൻ പ്രേരിപ്പിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു.

ആധുനികതയിലെ വല്യമ്മച്ചിമാർക്ക് കൊച്ചുമക്കളെ കാണാനുള്ള അവസരം ലഭിക്കുന്നില്ല. അമ്മമാർക്ക് മക്കളെ കാണാനും കേൾക്കാനും സമയവുമില്ല. ദൈവം മറിയത്തെ തിരഞ്ഞെടുത്തതുപോലെയുള്ള വിശുദ്ധിയിൽ തന്നെയാണ് ഓരോ സ്ത്രീയെയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. അമ്മയാകാൻ ഭാഗ്യം ലഭിച്ചത് ചെറിയ കാര്യമല്ല. രക്ഷാകര ദൗത്യത്തിൽ പരിശുദ്ധ അമ്മ പങ്കാളിയായതുപോലെ ഓരോ അമ്മയും കുടുംബമാകുന്ന സഭയിൽ പങ്കാളിയാകണം. മറിയത്തെപ്പോലെ തിരഞ്ഞെടുക്കപ്പെട്ടവരാണ് നാമോരുത്തരും.

സുകൃതജപം.
ദൈവമാതാവായ കന്യകാമറിയമേ..
ഞങ്ങൾക്കും നീ മാതാവാകണമേ..

പരിശുദ്ധ ദൈവമാതാവിന് സ്തുതി പാടുന്ന ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ വിരൽ അമർത്തുക.
https://youtu.be/Oh0Hm7Ik-r4

സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.

ഇന്ന് മെയ് ഒന്ന്. പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസത്തിലേയ്ക്ക് നമ്മൾ പ്രവേശിച്ചിരിക്കുകയാണ്. പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തിയുടെ പ്രാധാന്യത്തേക്കുറിച്ചാണ് ഇന്ന് നമ്മൾ ചിന്തിക്കുന്നത്. ചെറുപ്പം മുതലേ ജപമാല കൈയ്യിലേന്തി പ്രാർത്ഥിക്കുന്ന മാതാപിതാക്കന്മാരേയും സഹോദരങ്ങളേയുമൊക്കെ കണ്ട് വളർന്നവരാണ് നമ്മൾ. ജപമാല മണി കളിലേയ്ക്ക് ആശ്ചര്യ പൂർവ്വം നോക്കുമ്പോൾ എന്താണ് ഉരുവിടുന്നത്, അരോടാണ് പ്രാർത്ഥിക്കുന്നത് എന്ന് കുരുന്നു മനസ്സിൽ തോന്നിയ ചോദ്യങ്ങൾക്കുത്തരം നമ്മുടെ അമ്മമാർ പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെ ഞാനും നിങ്ങളുമൊക്കെ നമുടെ ജീവിതത്തിൻ്റെ ഭാഗത്തോട് ചേർത്ത് ജപമാല വെയ്ക്കുകയുണ്ടായി. ഈ മെയ് മാസ വണക്കത്തിലും പരി. അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാർത്ഥനയും ജപമാലയാണ് എന്നുള്ളതും ഒരു വലിയ സത്യമാണ്. അമ്മയുടെ കണ്ണീരും ഈശോയുടെ രക്തവും ചേർത്തുണ്ടാക്കിയെടുത്തതാണ് ജപമാല മണികൾ. ഈശോയുടെ പിഠാനുഭവത്തിൻ്റെ ഓരോ രഹസ്യങ്ങളും ധ്യാനിക്കുമ്പോൾ പീഠാനുഭവ യാത്രയിൽ ഹൃദയം കൊണ്ട് പങ്കുചേർന്ന പരിശുദ്ധ അമ്മയുടെ ഹൃദയത്തിൻ്റെ കണ്ണുനീർ തുള്ളികൾക്കൂടി ഈ ജപമാല മണികളിലുണ്ട്. അതു കൊണ്ട് ജപമാലകൾ ഓരോ ക്രൈസ്തവനും ഏറ്റവും പ്രിയപ്പെട്ടതാണ്. പരിശുദ്ധ അമ്മയുടെ മുമ്പിലായിരിക്കുമ്പോൾ എങ്ങനെയാണ് ഭക്തി പ്രകടിപ്പിക്കേണ്ടത്? അമ്മയെ അമ്മ എന്ന് വിളിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പുത്ര സഹജമായ ഭക്തിയാണ് കാണിക്കേണ്ടത്. അത് നമുക്കുണ്ടാകുമ്പോൾ മാതൃത്വത്തിൻ്റെ കരുണയാണ് നമുക്ക് കിട്ടുന്നത്. അമ്മയെ പുത്ര സഹജമായ സ്നേഹത്തോട് സ്നേഹിച്ച് ജപമാല ചൊല്ലുമ്പോൾ അമ്മയുടെ മാതൃത്വത്തിന്റെ സ്നേഹം എനിക്കും നിങ്ങൾക്കും കിട്ടുന്നുണ്ടെങ്കിൽ ആ സ്നേഹം പങ്കുവെയ്ക്കാതിരിക്കാൻ സാധിക്കില്ല. ഏലീശ്വായുടെ ഭവനത്തിലേയ്ക്കോടിയ അമ്മയെപ്പോലെ പരസ്നേഹത്തിൻ്റെ പുണ്യത്തിലേയ്ക്ക് യഥാർത്ഥ മാതൃ ഭക്തർ മാറാൻ തുടങ്ങണം. അമ്മ ഒരാളെ സ്വന്തമാക്കിയാൽ അവർ ഈശോയുടെ സ്വന്തമാണ്. എൻ്റെ വ്യക്തി ജീവിതത്തിൽ പ്രാർത്ഥിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത് ജപമാല പ്രാർത്ഥനയാണ്. ജപമാല പ്രാർത്ഥന ചൊല്ലി അമ്മയുടെ സ്വന്തമാകാൻ ആഗ്രഹിച്ചപ്പോൾ അമ്മയെന്നെ ഈശോയുടെ മണവാട്ടിയെന്ന പദവിയിലേയ്ക്കാണ് നയിച്ചത്. ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ നമ്മൾ ഈശോയുടെ സ്വന്തമാവുകയാണ്. അമ്മയോടുള്ള ഭക്തി നമ്മളെ സ്വർഗ്ഗത്തിൻ്റെ സ്വന്തമാക്കി മാറ്റും.

മരിയഭക്തിയിലൂടെ കടന്നുപോകുമ്പോൾ മാതാവിൻ്റെ ജീവിതത്തിലെ ചില കാര്യങ്ങൾ ഓർമ്മയിലേയ്ക്ക് കടന്നുവരാറുണ്ട്. നമ്മളെപ്പോലെ തന്നെ ഉണ്ണിയായ ഈശോയും അമ്മയുടെ വിരൽതുമ്പിൽ പിടിച്ചാവും പിച്ചവെച്ചു തുടങ്ങിയത്. അതുപോലെ നമ്മുടെ ജീവിതത്തിലെ ആത്മീയവും ഭൗതീകവുമായ വളർച്ചയിലും നമ്മുടെ വിരൽ തുമ്പ് അമ്മയ്ക്ക് നീട്ടിക്കൊടുക്കണം. നീട്ടപ്പെട്ട അമ്മയുടെ കരങ്ങളിലേയ്ക്ക് നമ്മുടെ വിരൽ തുമ്പുകളെ ചേർത്ത് വെച്ച് നമ്മുടെ കുടുംബത്തെ ഈശോയിലടുപ്പിക്കാൻ പ്രാർത്ഥിക്കണം.
അമ്മയെ കുറിച്ച് ചിന്തിക്കുമ്പോൾ എൻ്റെ മനസ്സിൽ ആദ്യമെത്തുന്നത്, അമ്മയുടെ ജീവിതത്തിൻ്റെ സഹനങ്ങളാണ്. സ്വപ്നത്തിൽ യൗസേപ്പ് പിതാവിന് ലഭിച്ച സന്ദേശമനുസരിച്ച് പ്രസവവേദന മാറുംമുമ്പേ പുൽത്തൊട്ടിയിൽ കിടന്ന ഉണ്ണിയേയും വാരിയെടുത്ത് ഈജിപ്റ്റിലേയ്ക്കുള്ള പാലായനമാണ്. വേദന നിറഞ്ഞ ആ യാത്രയിൽ അമ്മയുടെ സങ്കടങ്ങൾ ആരോടും പരാതിപ്പെട്ടതായി നമ്മൾ എങ്ങും കേട്ടിട്ടില്ല. മെയ് മാസ വണക്കത്തിൻ്റെ ആരംഭത്തിൽ പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിൽ മുന്നോട്ടു പോകുമ്പോൾ നമ്മുടെ ജീവിതത്തിൻ്റെ ഭയപ്പാടുകളും വേദനകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെയുണ്ടാകുമ്പോൾ അമ്മയോട് പറയാം. അമ്മേ, നിൻ്റെ മാറിൽ ചാരിയിരുന്ന ഈശോയെ എൻ്റെ മാറോട് ചേർത്ത് പിടിക്കാൻ ഒരു കൃപ തരണേ. അപ്പോൾ അമ്മ നമ്മളെ ശക്തിപ്പെടുത്തും. പല അനുഭവങ്ങളും എന്നെ അത് പഠിപ്പിക്കുന്നു.

വലിയ തത്വങ്ങൾക്കോ ബോധ്യങ്ങൾക്കോ അപ്പുറത്ത് നമ്മുടെ ജീവിതത്തിൽ മറിഞ്ഞു വീഴുന്ന എത്രയോ തലങ്ങളുണ്ട്? ഈ ക്രിസ്തീയ യാത്രയിൽ എത്ര തവണ നമ്മൾ കുഴഞ്ഞു വീഴുന്നുണ്ട്? എത്രമാത്രം അഴുക്കുകൾ നമ്മുടെ ആത്മാവിൽ പറ്റിപ്പിടിക്കുന്നുണ്ട്? ഈ മാതൃ ഭക്തി എനിക്കും നിങ്ങൾക്കും ശുദ്ധീകരിക്കപ്പെടുന്ന കൂദാശകളുടെ ഒരനുഭവം തന്ന് ആത്മാവിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ തുടച്ചു മാറ്റാൻ സാധിക്കട്ടെ. ഈ വണക്കമാസ നാളിൽ അതിനായി പ്രാർത്ഥിക്കാം.

സുകൃതജപം.
കൃസ്ത്യാനികളുടെ സഹായമായ മറിയമേ! ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ…

പരിശുദ്ധ ദൈവമാതാവിൻ്റെ ഒരു ഗാനവും ചേർക്കുന്നു

മഹാമാരിക്ക്‌ശേഷം സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ പുനഃരാരംഭിക്കുന്നു.മെയ് മാസ കൺവെൻഷൻ 14 ന് ബെഥേലിൽ . ഫാ.ഷൈജു നടുവത്താനിയും ബ്രദർ സന്തോഷ് കരുമത്രയും നയിക്കും .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെക്കാലം ഓൺലൈനിൽ നടന്നുവന്നിരുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ വീണ്ടും ബർമിങ്ഹാം ബെഥേൽ സെന്റെറിൽ പുനഃരാരംഭിക്കുന്നു .
മെയ് മാസം 14 ന് സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ സഭയുടെ ആനുകാലിക ശബ്ദം ഷെക്കീനായ് മിനിസ്ട്രി , ലൈവ് ടി വി എന്നിവയുടെ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര പങ്കെടുക്കും .

ലോക പ്രശസ്ത സുവിശേഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ രൂപം കൊടുത്ത സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിക്കുശേഷം വീണ്ടും പുനഃരാരംഭിക്കുമ്പോൾ അത് മുൻപത്തേതുപോലെ വീണ്ടും യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് സഭയ്ക്ക് താങ്ങും തണലുമായിത്തീരും . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

 

ബിനോയ് എം. ജെ.

ആത്മസ്നേഹം സ്വാർത്ഥതയാണെന്ന് ഏത് മഠയനാണ് പറഞ്ഞത് ? ഒരു പക്ഷേ ആരും അങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല. എങ്കിലും അങ്ങനെ ഒരു ധാരണ മനുഷ്യമനസ്സുകളിൽ രൂഢമൂലമാണ്. അതുകൊണ്ട് തന്നെ സ്വയം സ്നേഹിക്കുന്നതിൽ മനുഷ്യർ വിമുഖത കാണിക്കുന്നു. അസംതൃപ്തിയും, അപകർഷതയും, ആഗ്രഹങ്ങളും അതിന്റെ പരിണതഫലങ്ങളാണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? സ്വയം സ്നേഹിക്കുമ്പോഴാണോ സ്വയം വെറുക്കുമ്പോഴാണോ ഒരാൾ നല്ലവനും ശ്രേഷ്ഠനുമാകുന്നത്? നിങ്ങൾക്ക് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാം – ഒന്നുകിൽ സ്വയം സ്നേഹിക്കാം അല്ലെങ്കിൽ സ്വയം വെറുക്കാം. രണ്ടും കൂടി ചെയ്യുവാനാവില്ല.

സ്നേഹത്തെ ക്രിസ്തുമതക്കാർ പരമമായ മൂല്യമായി കരുതുന്നു. എല്ലാവരെയും അനന്തമായി സ്നേഹിക്കുവാനുള്ള കഴിവ് നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതെങ്ങനെ ഉണ്ടാക്കിയെടുക്കാം? എല്ലാവരെയും കുറെയൊക്കെ സ്നേഹിക്കുവാൻ നമുക്ക് കഴിഞ്ഞേക്കാം. എന്നാൽ എങ്ങനെയാണ് എല്ലാവരെയും അനന്തമായി സ്നേഹിക്കുന്നത്? അതിന് ഒരു മാർഗ്ഗമുണ്ട്! ആദ്യമേ നമ്മെത്തന്നെ അനന്തമായി സ്നേഹിക്കുക! ആത്മസ്നേഹം കരകവിഞ്ഞൊഴുകുമ്പോൾ അത് മറ്റുള്ളവരിലേക്ക് എത്തിച്ചേരുന്നു. അനന്തസ്നേഹത്തിന്റെ ഉറവിടം നമ്മുടെ ഉള്ളിലുണ്ട്. ആ സ്നേഹത്തെ തടയാതിരിക്കുക! ഞാൻ എന്നെത്തന്നെ അനന്തമായി സ്നേഹിക്കുമ്പോൾ എനിക്ക് മറ്റുള്ളവരുടെ സ്നേഹം ആവശ്യമില്ല. പിന്നീട് ഞാൻ സ്നേഹത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുകയുമില്ല. അവർ എന്നെ സ്നേഹിക്കുകയോ സ്നേഹിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്കത് വിഷയമല്ല. അപ്പോൾ ഞാൻ എന്നിൽ തന്നെ സംതൃപ്തനാകുന്നു. ആ സംതൃപ്തിയുടെ പൂർണ്ണതയിൽ എന്നിൽ നിന്നും നിരുപാധികസ്നേഹം പുറത്തേക്ക് ഒഴുകുന്നു.

നമ്മുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ആ ഈശ്വരനെ നാം എത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്? വാസ്തവത്തിൽ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നാം പുറത്ത് അന്വേഷിക്കുന്നു- അതാണതിന്റെ സത്യം. ആശയക്കുഴപ്പവും പ്രശ്നങ്ങളും ഉണ്ടാകാതിരിക്കുന്നത് പിന്നെങ്ങിനെയാണ്? നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിച്ചുതുടങ്ങുവിൻ. അതാകുന്നു ഏറ്റവും വലിയ ഈശ്വരപൂജ. മറിച്ച് നിങ്ങൾ നിങ്ങളെത്തന്നെ വെറുത്ത് തുടങ്ങിയാൽ നിങ്ങൾ ഈശ്വരനിന്ദ ചെയ്യുന്നു.

നിങ്ങൾ നിങ്ങളെക്കാൾ പ്രാധാന്യം മറ്റുള്ളവർക്കും സമൂഹത്തിനും കൊടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഈശ്വരനെ പുറത്തന്വേഷിക്കുന്നയാളാണ്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ സദാ സ്വയം വിമർശിച്ചുകൊണ്ടേയിരിക്കും. ഇത്തരത്തിലുള്ള ആത്മവിമർശനം ഒരു ഫർണസ്സിലിട്ട് സ്വയം പുഴുങ്ങുന്നതിന് തുല്യമാണ്. നിങ്ങളുടെ ആത്മാവ് സദാ വെന്തുരുകിക്കൊണ്ടേയിരിക്കും. നിങ്ങൾക്ക് ആനന്ദത്തിന്റെ ഒരു തരിപോലും അനുഭവിക്കുവാൻ കഴിയുകയില്ല. മാത്രവുമല്ല മറ്റുള്ളവർ നിങ്ങളെ വെറുക്കുകയും ചെയ്യും.

നിങ്ങളുടെ ബുദ്ധി നിങ്ങൾക്ക് ഉപയോഗിക്കാനുള്ള ഏറ്റവും നല്ല ഉപകരണമാണ്. അത് ഒരു കത്തി പോലെയാണ്. അത് കൊണ്ട് നിങ്ങൾക്ക് എന്തും മുറിക്കാൻ കഴിയും. അത് ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് നിങ്ങളുടെ വയർ കുത്തി കീറുവാനും കഴിയും. അതുപോലെ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങൾക്ക് സർഗ്ഗാത്മകമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ ബുദ്ധി നിങ്ങൾക്ക് എതിരായി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. അത് ബുദ്ധിയുടെ കുഴപ്പമല്ല. നിങ്ങൾ അതിനെ തെറ്റായി ഉപയോഗിക്കുന്നു. നിങ്ങൾ സ്വയം വിമർശിക്കുമ്പോൾ നിങ്ങളുടെ ബുദ്ധി നിങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നു. നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ ഇല്ലെന്ന് കരുതുന്നതുകൊണ്ടാണ് ഇപ്രകാരം നിങ്ങൾ സ്വയം വിമർശിക്കുന്നത്. ഒരുപക്ഷെ നിങ്ങളുടെയുള്ളിൽ ചെകുത്താനാണ് വസിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. ഇത്തരം തെറ്റുകളെ തിരുത്തുക. അപ്പോൾ നിങ്ങൾ പരിപൂർണ്ണരാവും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം . ലോകപ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ മെഡ് ജുഗോറിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ തീർഥാടനം നടത്തി , രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ വികാരി ജെനെറൽ മോൺ . ജിനോ അരീക്കാട്ട് എം . സി. ബി . എസ് , റെവ ഫാ. ജോ മൂലശ്ശേരി വി . സി . റെവ. ഫാ. മാത്യു മുള യോലി ,റെവ . ഫാ. ആൻഡ്രൂസ് ചെതലൻ , ബഹു സിസ്റ്റേഴ്സ് രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അല്മായരും ഉൾപ്പെടെ നൂറ്റി ഇരുപത്തിയാറോളം പേർ പങ്കെടുത്തു . സന്ദർശന വേളയിൽ മെഡ്ജുഗോറിയിലെ അപ്പസ്തോലിക് ആർച്ച് ബിഷപ് ആൽഡോ കവല്ലി യുമായി മാർ ജോസഫ് സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തി .

ബിനോയ് എം. ജെ.

നാമെല്ലാവരും ജീവിതവിജയം ആഗ്രഹിക്കുന്നവരും പരാജയത്തെ ഒഴിവാക്കുവാൻ വ്യഗ്രത കാട്ടുന്നവരും ആണ്. ഇപ്രകാരം നാം ജീവിതത്തെ രണ്ടായി വിഭജിക്കുന്നു. വിജയത്തോടൊപ്പം സുഖവും പരാജയത്തോടൊപ്പം ദു:ഖവും വന്നുചേരുന്നു. വാസ്തവത്തിൽ വിജയവും പരാജയവും എന്ന രണ്ടു കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടോ?അത് നമ്മുടെയും നാം ജീവിക്കുന്ന സമൂഹത്തിന്റെയും സൃഷ്ടിയാകുവാനേ വഴിയുള്ളൂ. നാം ചെറുപ്പം മുതലേ ഒരു പ്രത്യേക രീതിയിൽ ചിന്തിച്ചു തുടങ്ങുന്നു. അത് നമ്മുടെ ജീവിതകാലം മുഴുവൻ മാറാതെ കിടക്കുകയും ചെയ്യുന്നു. ഇത് എന്തുമാത്രം പ്രശ്നങ്ങളാണ് നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നതെന്ന് ഒരുപക്ഷേ നാം ശ്രദ്ധിക്കുന്നുണ്ടാവില്ല.

കർമ്മം ചെയ്യുന്നതോടൊപ്പം അതിന്റെ പ്രതിഫലത്തെക്കുറിച്ചും ചിന്തിക്കുന്ന ശീലം മനുഷ്യനിൽ രൂഢമൂലമാണ്. പ്രതിഫലത്തെക്കുറിച്ചുള്ള ചിന്തകളാണ് ജയപരാജയങ്ങളെയും സുഖദു:ഖങ്ങളെയും കൊണ്ടുവന്ന് തരുന്നത്. പ്രതിഫലത്തെ തള്ളിക്കളഞ്ഞാൽ ജീവിതം മുഴുവൻ കർമ്മാനുഷ്ഠാനം മാത്രമാണെന്ന് കാണുവാൻ കഴിയും. അവിടെ ജയപരാജയങ്ങളോ സുഖദു:ഖങ്ങളോ ഉണ്ടാവുകയില്ല. അനന്തമായ ആനന്ദം ഒന്നുമാത്രമേ അവിടെ ഉണ്ടാവൂ..ഇതിനെ നിഷ്കാമകർമ്മം എന്ന് വിളിക്കാം.

ഇപ്രകാരം നിഷ്കാമകർമ്മം അനുഷ്ഠിക്കുവാൻ ജീവിതത്തെ കുറിച്ച് അവശ്യം കുറേ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടിയിരിക്കുന്നു. അതിൽ ഒന്നാമത്തേത് ജീവിതത്തിൽ അങ്ങോളമിങ്ങോളം നിലനിൽക്കുന്ന സമത്വത്തെക്കുറിച്ചുള്ള അറിവാണ്. നാമെല്ലായിടത്തും അസമത്വം കാണുന്നവരാണ്. അസമത്വം കാണുവാൻ ആർക്കും കഴിയും. അതൊരുതരം വികൽപമാണ്. എന്നാൽ എല്ലായിടത്തും സമത്വം കാണുവാൻ പക്വതയുള്ള ഒരു മനസ്സും കരുത്തുറ്റ ഒരു തലച്ചോറും ആവശ്യമാണ്. ‘പരമഹംസർ’ എന്നാണ് അത്തരക്കാരെ ഭാരതീയതത്വചിന്തയിൽ വിളിക്കുന്നത്.

ജീവിതത്തിൽ എന്തൊക്കെ തന്നെ നേടിയാലും നഷ്ടപ്പെട്ടാലും, എവിടെയൊക്കെതന്നെ എത്തിച്ചേർന്നാലും ഇല്ലെങ്കിലും നിങ്ങളുടെ ആനന്ദത്തിൽ മാറ്റമൊന്നും വരുന്നില്ല. ശൈശവത്തിൽ നിങ്ങൾ കാര്യമായ നേട്ടങ്ങൾ ഒന്നും ആർജ്ജിച്ചെടുത്തിട്ടില്ല. വലിയ പദവികളിൽ ഒന്നും എത്തിച്ചേർന്നിട്ടുമില്ല. നിങ്ങൾ ഏറെക്കുറെ ഒരു സ്വപ്നലോകത്താണ് ജീവിച്ചിരുന്നത്. എന്നിട്ടും നിങ്ങൾക്ക് എന്തോരാനന്ദമായിരൂന്നു? യൗവനമാകുമ്പോഴേക്കും നിങ്ങൾ പലതും നേടിയെടുത്ത് കഴിഞ്ഞിരിക്കും. പല പദവികളിലും എത്തിച്ചേർന്നും കഴിഞ്ഞിരിക്കും. നിങ്ങളുടെ മനസ്സ് കൂടുതൽ യാഥാർഥ്യത്തിലേക്കും വരുന്നു. പക്ഷേ നിങ്ങളുടെ ആനന്ദത്തിൽ വർദ്ധന ഒന്നും സംഭവിക്കുന്നില്ല!

വിജയം മധുരത്തിൽ പൊതിഞ്ഞ കയ്പാണ്. ആദ്യം നിങ്ങൾ അതിൽ സന്തോഷിക്കും. ക്രമേണ നിങ്ങൾക്ക് അതിന്റെ കയ്പ്പ് അനുഭവപ്പെട്ട് തുടങ്ങുന്നു. പരാജയമാവട്ടെ ആദ്യം കയ്ക്കും, പിന്നീട് മധുരിക്കും. മഠയന്മാരെ ഇവയുടെയൊക്കെ പിറകെ ഓടൂ. വിജയമാണെങ്കിലും പരാജയമാണെങ്കിലും ആനന്ദത്തിൽ മാറ്റമൊന്നും സംഭവിക്കുന്നില്ല. നേട്ടങ്ങൾ കൊയ്താലും ഇല്ലെങ്കിലും സൂര്യോദയം ഒരുപോലെ മനോഹരവും ആസ്വാദ്യകരവും ആണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? സമ്പന്നൻ ദരിദ്രനേക്കാൾ ഉപരിയായി പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നുണ്ടോ?വിജയവും പരാജയവും കൃത്രിമമാണ്. വാസ്തവത്തിൽ അങ്ങനെ രണ്ടു സംഗതികൾ ജീവിതത്തിൽ ഇല്ല. ഇത് മനസ്സിലാക്കുന്നവൻ അനന്താനന്ദം അനുഭവിച്ചു തുടങ്ങുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

കോവിഡ് മഹാമാരിയിൽനിന്ന് ഭാഗിഗമായി മുക്തരായതിനു ശേഷമുള്ള വലിയ ആഴ്ച ഈസ്റ്റർ ആഘോഷങ്ങൾ ലെസ്റ്ററിൽ ഭക്തി സാന്ദ്രമായി.വലിയ ജനക്കൂട്ടത്തിനു സാക്ഷ്യമായിരുന്നു ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകത. ദേവാലയത്തിന്റെ ഹാളിൽ അനുബന്ധ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വലിയ ആഴ്ചയിലെ കർമങ്ങൾക്ക് വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ നേതൃത്വം നൽകി . ദീർഘ ഇടവേളയ്ക്കു ശേഷമുള്ള ഒത്തുചേരൽ എല്ലാവർക്കും പ്രാർത്ഥനയുടെയും പങ്കുവെയ്ക്കലിന്റെയും ഓർമ പുതുക്കലായി.

RECENT POSTS
Copyright © . All rights reserved