നവസുവിശേഷവത്ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇന്ന് നടക്കും .മാർച്ചുമാസത്തിൽ മാർ യൗസേപ്പിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഇത്തവണയും ഓൺലൈനിൽ നടക്കുന്ന കൺവെൻഷൻ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും.
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക . പ്രശസ്ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ ഇത്തവണ റവ.ഫാ. ഗ്ലാഡ്സൺ ഡബ്രെ ഒഎസ്എ ലണ്ടൻ , റവ. ഫാ . രാജൻ ഫൗസ്തോ ( ഇറ്റലി )എന്നിവർ വചന ശുശ്രൂഷ നയിക്കും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽ ആരംഭിക്കും .9 മുതൽ 12 വരെ മലയാളം കൺവെൻഷനും 12 മുതൽ 2വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന I D യിൽ ZOOM ൽ സ്പിരിച്വൽ ഷെയറിങ്ങിനും രാവിലെ 9 മുതൽ കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ബിനോയ് എം. ജെ.
ദൈവരാജ്യം ഭൂമിയിൽ വരുന്നതിനു വേണ്ടി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് നാം. എന്നാൽ നാമിപ്പോൾ തന്നെ ദൈവരാജ്യത്തിലാണെന്ന് എത്രപേർക്കറിയാം? എന്നിട്ടും നാം അസംതൃപ്തരായി കാണപ്പെടുന്നതെന്തുകൊണ്ട്? അത് നമ്മുടെ മനോഭാവത്തിന്റെ പ്രശ്നമാണ്. സത്ത ഒന്നു മാത്രമേയുള്ളൂ, അത് ഈശ്വരനുമാണ്. ആ ഏകസത്തയാണ് സ്വർഗ്ഗമായും, നരകമായും , ഭൂമിയായും മറ്റും കാണപ്പെടുന്നത്. അത് കാണുന്ന ആളെ ആശ്രയിച്ചിരിക്കുന്നു. നീലക്കണ്ണാടിയിൽ കൂടി നോക്കുന്നയാൾ എല്ലാം നീലയായി കാണുന്നു. ചുവന്ന കണ്ണാടിയിൽ കൂടി നോക്കുന്നയാൾ എല്ലാം ചുവപ്പായി കാണുന്നു. കാണപ്പെടുന്ന സത്തയാകട്ടെ നീലയുമല്ല ചുവപ്പുമല്ല.
ദൈവം എത്ര മനോഹരമായാണ് ഈ ലോകത്തെ സൃഷ്ടിച്ചതെന്നും എത്ര അത്ഭുതകരമായാണ് അതിനെ പരിപാലിക്കുന്നതെന്നും നോക്കിയാൽ അത്ഭുതം തോന്നും. ഇത്രയധികം വൈജാത്യവും ആവൈജാത്യങ്ങളുടെയെല്ലാം നടുവിൽ അത്ഭുതകരമായ സമത്വവും. ആ സമത്വത്തെ തകർക്കുവാൻ മനുഷ്യനെന്നല്ല ഒരു ശക്തിക്കും കഴിയുകയില്ല. മറ്റുള്ളവരേക്കാൾ കേമനാകുവാനും ,സമർത്ഥനാകുവാനും നാം എത്രയധികം കഷ്ടപ്പെടുന്നു. എന്നാൽ ഈശ്വരൻ വരച്ച സമത്വത്തിന്റെ പരിധികളെ അതിലംഘിക്കുവാൻ നമുക്കൊരിക്കലും കഴിയുകയില്ല കൂട്ടുകാരേ. നാം ശ്രേഷ്ഠരാണെന്ന് സ്വയം കരുതിയേക്കാം – എല്ലാവരും അങ്ങനെതന്നെയാണ് കരുതുന്നതും – അത് നമ്മുടെ മനസ്സിന്റെയൊരു വികൽപം മാത്രം!
വൈജാത്യങ്ങൾ തീർച്ചയായും ഉണ്ട് -അത് ഉണ്ടാവുകയും വേണം – എന്നാൽ ആവൈജാത്യങ്ങളെ അസമതയായി തെറ്റിദ്ധരിക്കാതിരിക്കുക. വാസ്തവത്തിൽ നാം ആശയക്കുഴപ്പത്തിലാണ്. വൈജാത്യങ്ങളെ നാം അസമതയായി തെറ്റിദ്ധരിക്കുന്നു. ഈ ആശയക്കുഴപ്പങ്ങളാണ് നമ്മെ സുഖദു:ഖങ്ങളിൽ കൊണ്ടുവന്ന് ചാടിക്കുന്നത്. അതുകൊണ്ടാണ് ഇത് ദൈവരാജ്യമായി നമുക്കനുഭവപ്പെടാത്തതും. നോക്കൂ..ആന സസ്യം ഭക്ഷിക്കുന്നു, സിംഹം മാംസം ഭക്ഷിക്കുന്നു. അതൊരുതരം വൈജാത്യം മാത്രം, ശ്രേഷ്ഠതയുടെ അളവുകോലല്ല. ഇതുപോലേയുള്ളൂ മനുഷ്യന്റെ കാര്യവും! എല്ലാവരും വ്യത്യസ്തരാണ്, അതേസമയം സമന്മാരുമാണ്.
ആയിരക്കണക്കിന് വൈജാത്യങ്ങളുടെ നടുവിലും ആനന്ദത്തിന്റെ കാര്യത്തിൽ എല്ലാവരും സമന്മാരാണ്. തെരുവിൽ അലയുന്ന യാചകനും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും ആനന്ദത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഈ സമത്വത്തെ അതിലംഘിക്കുവാൻ ദേവേന്ദ്രൻ വിചാരിച്ചാലും സാധിക്കില്ല. പണം ഉണ്ടാക്കിയാൽ ആനന്ദം കൂടുമെന്ന് നാം വെറുതേ മോഹിക്കുന്നു. മരണം കാത്ത് കഴിയുന്ന വൃദ്ധനും കഴിഞ്ഞയിടെ ജനിച്ച ശിശുവും മധ്യവയസ്സിൽ എത്തിനിൽക്കുന്ന യുവാവും സന്തോഷത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഈ യാഥാർഥ്യത്തെ വേണ്ട വണ്ണം മനസ്സിലാക്കുന്നവന് ഈ ലോകം ദൈവരാജ്യം പോലെ അനുഭവപ്പെടും!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഫാ. ഹാപ്പി ജേക്കബ്
ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ള അനുഭവത്തിൽ കഴിയുന്ന കുഷ്ഠരോഗിയെ അരികെ വിളിച്ച് സൗഖ്യത്തിന്റെ കൃപ ചൊരിയുന്ന വേദഭാഗമാണ് നോമ്പിൻറെ രണ്ടാം ഞായറാഴ്ച വായനാ ഭാഗമായി വരുന്നത്. വി. ലൂക്കോസിന്റെ സുവിശേഷം 8-ാം അധ്യായം 1 – 4 വരെ ഭാഗമാണ് ഈ ചിന്തയ്ക്ക് ആധാരമായിരിക്കുന്നത്. നവോത്ഥാനത്തിൻറെയും ആധുനികതയുടെയും പരകോടിയുടെ കാലമായ ഈ കാലങ്ങളിൽ നാം സഞ്ചരിക്കുന്നു എങ്കിലും ഈ രോഗിയെ പോലെ പടിക്ക് പുറത്ത് നിർത്തുകയും, സഹകരിക്കാതിരിക്കുകയും ചെയ്യുന്ന പല ജീവിതാനുഭവങ്ങളും നമുക്കുണ്ടാകാം.
ജീവിത സാഹചര്യം കൊണ്ടോ, ജീവിതം കൊണ്ടോ പ്രവചനാതീതമായ ലോക കാരണം കൊണ്ടോ നാമോ നമ്മളിൽ ഉള്ളവരോ സമൂഹത്തിൽ നിന്ന് അകന്ന് അല്ലായെങ്കിൽ സമൂഹം ഒറ്റപ്പെടുത്തി ജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവരുടെ വേദനകളോ വൈഷമ്യങ്ങളോ മനോദുഃഖങ്ങളോ ഓർക്കുവാനോ അങ്ങനെയുള്ളവരെ കൂടെ നിർത്തുവാനോ പലപ്പോഴും സാധിക്കാറില്ല . സ്വന്തം ജീവിതം തന്നെ ബാധ്യതയായി നിൽക്കുന്ന നമുക്ക് എങ്ങനെ മറ്റൊരു ബാധ്യത ഏറ്റെടുക്കാൻ കഴിയും . ചേർത്ത് നിർത്തുവാൻ , ആശ്വസിപ്പിക്കുവാൻ കരുതുവാൻ കഴിയാത്ത നാം മനുഷ്യ മൂല്യങ്ങൾ പ്രസംഗിക്കുമ്പോൾ ഈ വേദചിന്ത ഒരു നിമിഷം ഓർക്കുന്നത് നന്ന്.
ബഹുജനം തിങ്ങി കൂടി നിൽക്കുന്ന ഇടത്ത് വച്ചാണ് ഈ രോഗി മുട്ടുകുത്തി അപേക്ഷിക്കുന്നത്. “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കുവാൻ കഴിയും. ” ആ കാലഘട്ടം ഒന്ന് മനസ്സിലാക്കുവാണേൽ ഇവൻ ചെയ്ത ധീരതയും വിശ്വാസവും എന്താണെന്ന് മനസ്സിലാക്കുവാൻ കഴിയും. മറ്റു മനുഷ്യർ ഉള്ളടത്ത് വരുവാൻ ഇവർക്ക് അവകാശമില്ലായിരുന്നു. അശുദ്ധൻ എന്ന് സ്വയം വിളിച്ച് പറയണമായിരുന്നു. പാപം ആണ് ശരീരത്തിന് ഈ രോഗം വരുത്തിയത് എന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹം എങ്ങനെ ഇങ്ങനെ ഒരാളെ കൈക്കൊള്ളും.
ഇത്രയും പ്രതികൂലതകളുടെ നടുവിലാണ് അവൻ വിശ്വാസത്തോടെ ദൈവസന്നിധിയിൽ അടുത്ത് വന്നത്. സമൂഹം എന്ത് ചിന്തിക്കുന്നുവോ എന്നത് അവന് നിസാരമായിരുന്നു. ദൈവം അവന്റെ അപേക്ഷ കേൾക്കണം എന്നതായിരുന്നു പ്രധാന ചിന്ത. ഈ ഭാഗം ചിന്തിക്കുമ്പോൾ എപ്പോഴും തോന്നുന്ന ഒരു ചിന്ത കൂടി പങ്കു വയ്ക്കട്ടെ . നമ്മുടെ ഓരോ പ്രവർത്തനവും മനുഷ്യ മുൻപിൽ മാനത്തിന് വേണ്ടിയുള്ളതാണ് . നമ്മുടെ പ്രാർത്ഥനയും സമർപ്പണവും സേവനവും പോലും പല അവസരങ്ങളിലും ദൈവികതയെക്കാളും മനുഷ്യൻറെ പ്രകീർത്തനവും പുകഴ്ചയും നേടുവാനാണ് നാം സമർപ്പിക്കുന്നത്. 1 സാമൂവേൽ 16: 7 മനുഷ്യൻ നോക്കുന്നത് പോലെ അല്ല , മനുഷ്യൻ കണ്ണിന് കാണുന്നത് നോക്കുന്നു ; യഹോവയോ ഹൃദയത്തെ നോക്കുന്നു. ”
ഈ സാഹചര്യത്തിൽ അവൻറെ വിശ്വാസവും ധൈര്യവും കണ്ട കർത്താവ് അവനെ തൊടുന്നു. സമൂഹവും നിയമവും അകറ്റി നിർത്തിയവനെ സ്വന്തം കൈയാൽ സ്പർശിക്കുന്നു. ഇതിനപ്പുറം എന്ത് പ്രവർത്തനമാണ് നാം കാണേണ്ടത്. ഏതെങ്കിലും കാരണം കണ്ടെത്തി മനുഷ്യരെ അകറ്റുവാൻ നാം ശ്രമിക്കുമ്പോൾ, ആവശ്യങ്ങളുമായി അപേക്ഷയുമായി അടുത്ത് വരുന്നവരെ ആട്ടിയോടിക്കുമ്പോൾ കർത്താവ് കാട്ടിതന്ന ഈ മാതൃക വിസ്മരിക്കരുത്. ഒരു വാക്കോ ഒരു നാണയത്തുട്ടോ നൽകുന്നതിനേക്കാൾ വലിയ സാന്ത്വനം പകർന്ന് നമ്മുടെ കർത്താവ് നമുക്ക് മാതൃകയായി . ചേർത്ത് നിർത്തുവാൻ ഒരു സ്പർശനത്താൽ ആശ്വസിപ്പിക്കുവാൻ , കൈവെച്ച് അനുഗ്രഹിക്കുവാൻ നാം മടിക്കരുത്. കാരണം ആ ഒരു സ്നേഹസ്പർശനം മതി അനേകം മനസ്സുകൾക്ക് സാന്ത്വനമാകാൻ . നോമ്പിൻറെ പാഠങ്ങളിൽ ഒന്നായി നമുക്കും ഇത് പരിശീലിക്കാം.
അവൻറെ മേൽ കൈ വെച്ച് എനിക്ക് മനസ്സുണ്ട് നീ സൗഖ്യമാക എന്ന് കർത്താവ് പ്രതിവചിച്ച നിമിഷത്തിൽ തന്നെ അവൻ സൗഖ്യം ലഭിക്കുന്നു. ഒരു സ്പർശനം ഒരു വാക്ക് അത് മതി സർവ്വ ഭാരങ്ങളും രോഗങ്ങളും അഴിയുവാൻ . കർത്താവ് തന്ന മാതൃക എത്ര ശ്രേഷ്ഠം .
അടുത്ത വാക്യമാണ് അതിലേറെ ശ്രദ്ധേയം . നീ മനുഷ്യരുടെ മുമ്പാകെ യല്ല കാണിക്കേണ്ടത്. ദേവാലയത്തിലേക്ക് ചെന്ന് നിന്നെ തന്നെ പുരോഹിതന് കാണിച്ച് കൊടുക്കുക. ഇത് ലേവ്യാ പുസ്തകത്തിൽ ( 13-ാം അദ്ധ്യായത്തിൽ ) നാം വായിക്കുന്നു. അവന് കൽപ്പിക്കുന്ന പാപപരിഹാരത്തിന്റെ വിവരണം ലേവ്യാ പുസ്തകം 14-ാം അദ്ധ്യായത്തിൽ വായിക്കാവുന്നതാണ്.
സർവ്വനന്മകൾക്കും , സർവ്വ കൃപകൾക്കും , സർവ്വ ദാനങ്ങൾക്കും , സർവ്വ വീണ്ടെടുപ്പിനും ദൈവം ആഗ്രഹിക്കുന്നത് ദൈവസന്നിധിയിൽ വന്ന് സ്തോത്ര യാഗം അർപ്പിക്കുവാനാണ്. എന്നാൽ നാം ഇന്ന് അങ്ങനെയാണോ . ഒരു കുഞ്ഞ് ദാനമായി ലഭിച്ചാൽ പിന്നെ വിഭവസമൃദ്ധമായ വിരുന്നും ആഘോഷവും നാം നടത്തുമ്പോൾ പ്രാർത്ഥനയോടെ സ്തോത്രത്തോടെ ദൈവ മുൻപാകെ കടന്നുവന്ന് നന്ദി അർപ്പിക്കുവാൻ നമുക്ക് എത്രപേർക്ക് കഴിയും.
സർവരാലും ഉപേക്ഷിക്കപ്പെടുന്നവരെ ചേർത്ത് നിർത്തുവാൻ ഈ നോമ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു. അനുഗ്രഹത്തോടെ ദൈവകല്പനകൾ പാലിച്ച് ഈ നോമ്പ് അനുഗ്രഹത്തോടെ പാലിക്കുവാൻ ദൈവം ഇടയാക്കട്ടെ .
കർത്ത്യ ശുശ്രൂഷയിൽ
ഹാപ്പി അച്ചൻ .
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
ലിവർപൂൾ :ലിവർപൂൾ സെൻറ് പയസ് X ക്നാനായ കാത്തലിക് മിഷൻ സ്ഥാപനവും ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസിൻറെ തിരുനാളും ഇന്ന് ആഘോഷമായി കൊണ്ടാടുന്നു. Liverpool, Preston, Blackburn Blackpool ,Wirral & Chester പ്രദേശങ്ങളിലുള്ള ക്നാനായ മക്കളുടെ ചിരകാല അഭിലാഷമായ മിഷൻ സ്ഥാപനം, 1911-ൽ ക്നാനായക്കാർക്ക് മാത്രമായി ഒരു രൂപത സ്ഥാപിച്ചു നൽകിയ വിശുദ്ധ പത്താം പീയൂസിൻറെ നാമധേയത്തിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.
രാവിലെ 10 മണിക്ക് കൊടിയേറ്റവും, തുടർന്ന് നടക്കുന്ന ഭക്തിസാന്ദ്രമായ പൊന്തിഫിക്കൽ തിരുനാൾ കുർബാനയിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ബിഷപ്പ് മർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായിരിക്കും. യുകെയിൽ അങ്ങോളമിങ്ങോളമുള്ള മറ്റ് മിഷനുകളിലെ വൈദികർ സഹ കാർമികർ ആയിരിക്കും. കുർബാനമധ്യേ ലിവർപൂൾ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ: മാൽക്കം മക്ക് മഹാൻ തിരുനാൾ സന്ദേശം നൽകി മിഷൻ ഉദ്ഘാടനം നിർവഹിക്കും ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും വേദപാഠം വാർഷികവും ഇടവകദിനവും കുട്ടികളുടെയും മാതാപിതാക്കളുടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെ കൊണ്ടാടുന്നു. മുൻ മിഷൻ ഡയറക്ടർ ഫാദർ ജോസ് തേക്ക്നിൽക്കുന്നതിൽ ആശംസ പ്രഭാഷണം നടത്തും. പരിപാടികളുടെ വിജയത്തിനായി പാരിഷ് കൗൺസിൽ അംഗങ്ങളുടെയും വേദപാഠ അധ്യാപകരുടെയും ഗായക സംഘത്തിൻറെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു പ്രവർത്തിച്ചുവരുന്നു.
ഈ പുണ്യ ദിനത്തിൽ ഇടവക അംഗങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുവാൻ നിങ്ങളെ എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ ഫാദർ സജി മലയിൽ പുത്തൻപുര, കൈക്കാരന്മാരായ മോൾസി ഫിലിപ്പ്, ബേബി ജോസഫ്, സജി തോമസ് എന്നിവർ അറിയിച്ചു.
തിരുനാൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ് St. Luke Catholic Church,147 Shaw Ln, Prescot L35 5AT
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നോമ്പുകാല ധ്യാനം മാർച്ച് 18 മുതൽ 20 വരെ വെയിൽസിലെ കെഫെൻ ലീ പാർക്കിൽ വച്ച് നടത്തപ്പെടുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അനേകം യുവതീയുവാക്കളെ യഥാർത്ഥ ദൈവിക ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ താമസിച്ചുള്ള ധ്യാനമാണ് വെള്ളി , ശനി , ഞായർ ദിവസങ്ങളിലായി നടത്തുന്നത് . ഇതിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു ..
afcmuk.org/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് . വലിയ നോമ്പിന്റെ ഒരുക്കമായി നടത്തപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ എല്ലാ യുവതീയുവാക്കളെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
ഡെന്ന 07443861520,മെൽവിൻ 07546112573.
ബിനോയ് എം. ജെ.
ആത്മാവിന്റെ സ്വാതന്ത്ര്യത്തെ മോക്ഷം എന്ന് വിളിക്കുന്നു. അല്ലാത്തപ്പോൾ അത് പ്രകൃതീബന്ധനത്തിലാണ്. പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാൻ ശ്രമിക്കുമ്പോൾ ആത്മാവ് അഥവാ ‘പുരുഷൻ'(സാംഖ്യാദർശനത്തിൽ ആത്മാവിനെ പുരുഷൻ എന്ന് വിളിക്കുന്നു ) പ്രകൃതിബന്ധനത്തിൽ വീണു പോകുന്നു .ഇവിടെ പ്രകൃതിയെ ജയിക്കണമെന്ന ഇച്ഛ ഉണ്ടെങ്കിലും അതിനു വേണ്ടി പ്രകൃതിയുടെ സഹായം തന്നെ ആവശ്യപ്പെടുന്നതിനാൽ പുരുഷൻ പ്രകൃതിയുടെ അടിമയായി മാറുന്നു. ഇതിനെ തുടർന്ന് ആശയക്കുഴപ്പം ഉണ്ടാവുകയും അത് ദു:ഖത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇവിടെ പ്രകൃതിയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് കരുതേണ്ടാ. പ്രകൃതിയുടെ ധർമ്മം തന്നെ പുരുഷനെ സഹായിക്കുക എന്നതാണ്. പുരുഷന് ജ്ഞാനം ഉണ്ടാകേണ്ടിയിരിക്കുന്നു; അവന് മോക്ഷം കിട്ടേണ്ടിയിരിക്കുന്നു; അവൻ പ്രകൃതീബന്ധനത്തിൽ നിന്നും മോചിതനാകേണ്ടിയിരിക്കുന്നു; അതിനുവേണ്ടിയാണ് ഈശ്വരൻ പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ തന്നെ പ്രകൃതി സദാ പുരുഷന് ചങ്ങലകൾ ഒരുക്കുന്നു. ആ ചങ്ങലകളിൽനിന്നും മോചനം നേടുവാൻ പുരുഷൻ സ്വയം പഠിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു കൺകെട്ടിക്കളിപോലയേ ഉള്ളൂ. പുരുഷൻ എന്ന് പ്രകൃതിയെ ആശ്രയിക്കുന്ന ശീലം ഉപേക്ഷിക്കുന്നുവോ അന്ന് പ്രകൃതി സ്വയം തിരോഭക്കുന്നു. പിന്നീട് പ്രകൃതി പുരുഷന് ചങ്ങലകൾ ഒരുക്കുന്നില്ല! പുരുഷൻ സ്വതന്ത്രനാവുകയും ചെയ്യുന്നു .
അതിനാൽ തന്നെ പുരുഷൻ ഒരിക്കലും പ്രകൃതിയെ ആശ്രയിക്കുവാൻ പാടില്ല. അത്തരം ഒരാശ്രയത്വം പ്രകൃതീബന്ധനത്തിലേക്കേ നയിക്കൂ. പുരുഷൻ കേവലനായി നിൽക്കുവാൻ യത്നിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ അവന് സ്വാതന്ത്ര്യവും മോക്ഷവും കിട്ടൂ..പ്രകൃതിയിൽ നിന്നും പഠിക്കുക എന്നത് തെറ്റായ ഒരു പ്രക്രിയയും തെറ്റായ ഒരു സമീപനവും ആണ്. അതാണ് പുരുഷന്റെ മായാ(പ്രകൃതീ) ബന്ധനത്തിന്റെ അടിസ്ഥാനപരമായ കാരണം. എല്ലാ വിജ്ഞാനവും പുരുഷനിൽ തന്നെയാണ് കിടക്കുന്നത്. പ്രകൃതിയിൽ നിന്നും പഠിക്കുന്ന വിജ്ഞാനം പുരുഷനിൽ നൈസർഗ്ഗികമായി കിടക്കുന്ന അനന്ത ജ്ഞാനത്തിന്റെ വികലമായ ഒരനുകരണം മാത്രമാണ്.
കേവലനായി നിൽക്കുവാൻ ശ്രമിക്കുന്ന പുരുഷൻ ആപേക്ഷികജ്ഞാനത്തിനു പകരം, അനന്തമായ സ്വന്തം ഇച്ഛാശക്തിയിൽ ആശ്രയിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഇത് അത്ര ക്ലേശകരമായ ഒരു കാര്യമല്ല. മാർഗ്ഗങ്ങളുടെയും (methodology) സാങ്കേതിക വിദ്യകളുടെയും(texhnology) പിറകെ പോകാതെയിരിക്കുക. ഏറ്റവും നല്ല മാർഗ്ഗവും സാങ്കേതിക വിദ്യയും അനന്തമായ നമ്മുടെ ഇച്ഛാശക്തിയിൽ ആശ്രയിക്കുക എന്നതാകുന്നു. അത് അനന്തമാകുന്നു ,എന്നത് കൊണ്ട് തന്നെ , ഒരിടത്തും തോൽക്കാത്തതുമാകുന്നു. അതിൽ ആശ്രയിക്കുന്നവൻ നിർണ്ണായകമായ, ആ വിജയം കൈവരിക്കുന്നു. മറിച്ച് ,മാർഗ്ഗങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പിറകെ പോകുന്നവൻ, പ്രകൃതിയെ ആശ്രയിക്കുകയും, അനന്തമായ സ്വന്തം ഇച്ഛാശക്തിയെ പ്രായോഗിക്കുന്നതിൽ പരാജയപ്പടുകയും ചെയ്യുന്നതിനാൽ നിർണ്ണായകമായ ആ വിജയത്തിൽ ഒരിക്കലും എത്തിച്ചേരുന്നില്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ലണ്ടനില് ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില് കഴിഞ്ഞ എട്ട് വർഷമായി നടത്തി വരുന്ന ലണ്ടന് ശിവരാത്രി നൃത്തോത്സവം പൂര്വാധികം ഭംഗിയായി ആഘോഷിക്കുവാന് ഒരുങ്ങുകയാണ് ലണ്ടന് നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള പ്രഗത്ഭരായ നര്ത്തകര് പങ്കെടുക്കുന്ന ഒൻപതാമത് ലണ്ടന് ശിവരാത്രി നൃത്തോത്സവത്തിന്, 2022 മാർച്ച് 26 ന് വൈകിട്ട് ക്രോയ്ടോൻ തോൺട്ടൻ ഹീത്ത് കമ്മ്യൂണിറ്റി സെൻറ്ററിൽ തിരിതെളിയും.
സെമിക്ലാസ്സിക്കല് നൃത്തരൂപങ്ങള് അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കല് നൃത്തരൂപങ്ങള് മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില് ഒന്നാണ് ലണ്ടന് ശിവരാത്രി നൃത്തോത്സവം.
കൂടുതല് വിവരങ്ങള്ക്കും പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക,
Asha Unnithan: 07889484066, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Nritholsavam Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU
Nritholsavam Date and Time: 26 March 2022
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.
മെട്രിസ് ഫിലിപ്പ്
കാൽവരി കുന്നിൽമേൽ,കാരുണ്യമേ, കാവൽവിളക്കാണ് നീ..
വിഭൂതി തിരുനാൾ മുതൽ വലിയനോമ്പുകാലം ആരംഭിക്കുന്നു. കാൽവരിയിലേക്കുള്ള യാത്രയുടെ ആരംഭദിനം. നോമ്പു കാലത്തിലേക്ക് പ്രവേശിക്കുന്ന ദിവസം, വിശ്വാസികൾ, നെറ്റിയിൽ കുരിശാകൃതിയിൽ ചാരം പൂശി, അനുതാപത്തിന്റെയും, പ്രാർത്ഥനയുടെയും നീണ്ട 50 ദിവസങ്ങൾ.
കുരിശിന്റെ വഴിയെന്നത്, കുരിശിലേക്കുള്ള വഴിയെന്ന് മാറ്റി ചിന്തിച്ചുനോക്കു. കുരിശിലേക്ക് സൂക്ഷിച്ചുനോക്കാറുണ്ടോ. ആ കുരിശിൽ ഒരു ജീവൻ പിടഞ്ഞു മരിച്ചതാണെന്ന് ഓർക്കാറുണ്ടോ. പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താവരെ നീണ്ട യാത്രയിൽ, യേശു എന്ത് മാത്രം വേദന അനുഭവിച്ചുണ്ടാകും. മുൾമുടി അണിഞ്ഞു, മരണത്തിലേക്കുള്ള യാത്രയിൽ, തന്റെ കൂടെ ഉണ്ടായിരുന്നവർ ആരുമില്ല എന്ന് യേശു ഓർത്തിരിക്കും. ശരിക്കും ഒരു ഒറ്റപ്പെടൽ. കുറ്റമില്ലാത്തവൻ, കുറ്റം ചെയ്ത, രണ്ട് കള്ളൻമാരോടൊപ്പം കുരിശിൽ തറച്ചു കൊന്നില്ലേ. യേശുവിനെ കുരിശിലേക്ക്, എടുത്ത്, ഇട്ടശേഷം, ആ വിറക്കുന്ന കൈകളിലേക്ക് , ആണികൾ തറച്ചുകയറ്റിയപ്പോൾ, പിതാവേ, എന്ന് വിളിച്ചു, കരഞ്ഞപേക്ഷിക്കുയും, എന്നാൽ എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുരിശിൽ കിടന്നുകൊണ്ട് അലറികരയുന്ന യേശുവിന്റെ വേദന, നമ്മൾ സ്വീകരിച്ചാൽ, ഈ നോമ്പുകാലം ഫലദായകമാകും. നമ്മളൊക്കെ മറ്റുള്ളവരുടെ വേദന അറിയുന്നവർ ആയിരിക്കണം. , യേശുനാഥൻ ഒരു തെറ്റും ചെയ്യാതെ കുരിശിൽ കിടന്നു മരണപ്പെട്ടതാണെന്ന് നമ്മളോർക്കണം.
മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയാണ് യേശു അനുഭവിച്ചത്. കുരിശിന്റെ ഭാരം, ഇടയ്ക്കുള്ള ചാട്ടവാർ കൊണ്ടുള്ള അടികൾ, കല്ലിൽ തട്ടിയുള്ള മൂന്ന് വീഴ്ചകൾ, തന്റെ പ്രീയ ശിഷ്യൻമാരുടെ ഓടിഒളിക്കൽ, കുരിശിൽ കിടന്നപ്പോൾ ഉണ്ടായ വേദന, രക്തത്തിൽ മുങ്ങിയ ശരിരം, മുൾകിരീടം കൊണ്ട്, തലയിൽ നിന്നും ഒലിക്കുന്ന രക്തവും, വിലാപുറത്തുള്ള കുന്തം കൊണ്ടുള്ള കുത്തിൽനിന്നുമുണ്ടായ വേദനയെല്ലാം അനുഭവിച്ച യേശുവേ, ആ വേദനയിൽ ചേർക്കണമേ എന്ന് പ്രാർത്ഥിക്കാം. നൊന്തുപ്രസവിച്ച, മാതാവിന്റെ മടിയിലേക്കു യേശുവിനെ കിടത്തിയപ്പോൾ ഉണ്ടാകുന്ന നൊമ്പരം.
നോമ്പുകാലം, പരിവർത്തനത്തിനിടയാകട്ടെ, സഹോദരങ്ങളോട് കരുണചെയ്തും, അവരെ നെഞ്ചോട്ചേർത്തുപിടിച്ചും, വിട്ടുവീഴ്ച്ചകൾ ചെയ്തും, അഹങ്കാരംമാറ്റിവെച്ചും, സഹായങ്ങൾ ചെയ്തും, അവശത അനുഭവിക്കുന്നവർക്ക്, ഒരു നേരത്തെ ആഹാരം എങ്കിലും നൽകി, പരസ്നേഹം നൽകി, ഈ നോമ്പുകാലം അനുഷ്ഠിക്കാം. പ്രാർത്ഥനകൾ …
ഇനിയുള്ള ദിവസങ്ങൾ വീടുകളിൽമുഴങ്ങുന്നത് “കുരിശിൽ മരിച്ചവനെ, കുരിശാലെ വിജയം വരിച്ചവനെ എന്നുള്ള ഗാനമായിരിക്കും.
ലിവർപൂൾ :ലിവർപൂൾ പയസ് X ക്നാനായ കാത്തലിക് മിഷൻ സ്ഥാപനവും ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസിൻറെ തിരുനാളും മാർച്ച് 5 ശനിയാഴ്ച നടത്തപ്പെടുന്നു. ലിവർപൂളിലെ ക്നാനായ മക്കളുടെ ചിരകാല അഭിലാഷമായ മിഷൻ സ്ഥാപനം, 1911-ൽ ക്നാനായക്കാർക്ക് മാത്രമായി ഒരു രൂപത സ്ഥാപിച്ചു നൽകിയ വിശുദ്ധ പത്താം പീയൂസിൻറെ നാമധേയത്തിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.
തിരുനാളിനു മുന്നോടിയായി പ്രസിദേന്തി വാഴ്ച്ച 2022 ഫെബ്രുവരി 27 ഞായറാഴ്ച വിസ്റ്റൺ സെൻറ് ലിയോ ദേവാലയത്തിൽ (St. Leos Church, Lickers La, Prescot L35 3PN) നടക്കും. പ്രധാന തിരുനാൾ ദിനമായ മാർച്ച് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കൊടിയേറ്റവും, തുടർന്ന് നടക്കുന്ന ഭക്തിസാന്ദ്രമായ പൊന്തിഫിക്കൽ തിരുനാൾ കുർബാനയിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ബിഷപ്പ് മർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായിരിക്കും.
യുകെയിൽ അങ്ങോളമിങ്ങോളമുള്ള മറ്റ് മിഷനുകളിലെ വൈദികർ സഹ കാർമികർ ആയിരിക്കും. കുർബാനമധ്യേ ലിവർപൂൾ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ: മാൽക്കം മക്ക് മഹാൻ തിരുനാൾ സന്ദേശം നൽകി മിഷൻ ഉദ്ഘാടനം നിർവഹിക്കും ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും വേദപാഠം വാർഷികവും ഇടവകദിനവും കുട്ടികളുടെയും മാതാപിതാക്കളുടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെ കൊണ്ടാടുന്നു. മുൻ മിഷൻ ഡയറക്ടർ ഫാദർ ജോസ് തേക്ക് നിൽക്കുന്നതിൽ ആശംസ പ്രഭാഷണം നടത്തും. പരിപാടികളുടെ വിജയത്തിനായി പാരിഷ് കൗൺസിൽ അംഗങ്ങളുടെയും വേദപാഠ അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ഈ പുണ്യ ദിനത്തിൽ ഇടവക അംഗങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുവാൻ നിങ്ങളെ എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ ഫാദർ സജി മലയിൽ പുത്തൻപുര, കൈക്കാരന്മാരായ മോൾസി ഫിലിപ്പ്, ബേബി ജോസഫ്, സജി തോമസ് എന്നിവർ അറിയിച്ചു.
തിരുനാൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ്
St. Luke Catholic Church,147 Shaw Ln, Prescot L35 5AT
ഫാ. ഹാപ്പി ജേക്കബ്
വലിയ നോമ്പിൻറെ അനുഭവത്തിലേക്ക് നാം വീണ്ടും കടന്നു വരികയാണല്ലോ. ആത്മീകതയുടെ ബലം നൽകുന്ന അനുഭവം ആയ നോമ്പും ഉപവാസവും ഈ ദിനങ്ങളുടെ പ്രത്യേകതയാണ്. എന്തിനുവേണ്ടി എന്നൊരു ചോദ്യം നമ്മളിൽ ഉയരുകയാണെങ്കിൽ അതിൻറെ ഉത്തരം ആത്മീയമായ ഒരു ശിക്ഷണമാണ് നോമ്പ് നമുക്ക് തരുന്നത് . അതിൻറെ ഗുണഭോക്താവും നമ്മൾ തന്നെ. എന്നാൽ സഭയുടെ കല്പന മറന്ന് പിതാക്കന്മാരുടെ പഠിപ്പിക്കലുകളും പ്രമാണങ്ങളും മാറ്റി നമ്മുടെതായ ചിന്താഗതികളും നിൽക്കുമ്പോൾ വലിയ പ്രാധാന്യം കാണാൻ കഴിയില്ല. എന്നാൽ പാലിക്കുന്നവർക്ക് ഇത് പരിവർത്തനത്തിന്റെ ദിനങ്ങളാണ്.
ഏതൊരുവനും നോമ്പിലൂടെ യാത്ര ചെയ്താൽ അവന് ലഭിക്കുന്ന പരിവർത്തനത്തിന്റെ മൂല്യമാണ് ആദ്യദിനത്തിലെ വായനയിൽ നാം കാണുന്നത്. വി. യോഹന്നാൻ 2 : 1-11 വരെയുള്ള ഭാഗങ്ങളാണ് വായനാ ഭാഗം. രണ്ട് പ്രധാന ചിന്തകൾ നാം കാണുന്നു. എല്ലാവിധ പ്രശ്നങ്ങളിലൂടെ നാം കടന്നു പോകുമ്പോഴും അതിന്റെ പരിഹാരം ക്രിസ്തുവിൽ ഉണ്ട് എന്നുള്ളതും രണ്ടാമതായി നാം അവന്റെ ഹിതം അനുസരിച്ച് നമ്മെ തന്നെ ഏൽപ്പിച്ച് കൊടുത്താൽ അത്ഭുതകരമാംവിധം നമ്മുടെ മൂല്യത വർദ്ധിക്കുംഎന്നുള്ളതും ഈരണ്ട് കാര്യങ്ങളും നോമ്പിൻറെ അവസാനം ആണ് നാം മനസ്സിലാക്കുന്നതെങ്കിലും ആദ്യ ദിനത്തിൽ തന്നെ ഈ ചിന്തകൾ നമ്മെ നോമ്പിലേക്ക് കടത്തുന്നു.
കേവലം ജീവിതവുമായി പോകുന്ന ഓരോ ക്രിസ്ത്യാനിയും താൻ വെറും വെള്ളമായി ജീവിച്ച് പോകുമ്പോൾ എപ്പോഴെങ്കിലും നാം കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ ഇതുവരെയും രുചിച്ചിട്ടില്ലാത്ത മേൽത്തരം വീഞ്ഞിന്റെ ഗുണങ്ങളിലേക്ക് നാം എത്തുന്നു. പടിവാതിൽക്കൽ വരെ മാത്രം കടന്നു ചെല്ലുവാൻ കഴിയുമായിരുന്ന നമ്മെ അകത്തളങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു . നമ്മുടെ മൂല്യവർധന ഏവരാലും പ്രശംസിക്കപ്പെടുന്നതിന് കാരണവുമാകുന്നു. ഇവിടെ നാം കാണുന്നത് രൂപാന്തരം ക്രിസ്തുവിലൂടെ സാധ്യമാകുന്നതായിട്ടാണ്. നമ്മുടെ മൂന്നാം തിരിവും അത് ദൈവത്തിങ്കലേക്കുമാകുമ്പോൾ പരിവർത്തനം നമ്മിൽ സാധ്യമാകും.
രണ്ടാമതായി സ്വയത്തിലും ധനത്തിലും ഒക്കെയാണ് നാം ഇന്ന് പ്രശംസക്ക് പാത്രിഭവിക്കുന്നത്. എന്നാൽ ഈ ദിനം നമ്മെ പഠിപ്പിക്കുന്നത് പരിശുദ്ധ മാതാവിന്റെ വാക്കുകളിലൂടെയാണ് . അവൻ പറയുന്നത് പോലെ നിങ്ങൾ പ്രവർത്തിക്കുവിൻ. അനുസരണവും വിധേയത്വവും വിശ്വസ്തതയും ഒക്കെ ഇതിൻറെ വശങ്ങളാണ്. എവിടെ ഒക്കെ നാം സ്വയത്തിൽ പ്രശംസിക്കുന്നുവോ അവിടെയൊക്കെ ബലഹീനതയാണ് ഫലം .
അത്തരുണത്തിൽ നാം ചിന്തിക്കുമ്പോൾ ഈ നോമ്പ് നമ്മുടെ അനുഗ്രഹവും , നമ്മളിലൂടെ ദൈവം പ്രവർത്തിക്കുന്ന ദിനങ്ങളുമാണ്. അനുഗ്രഹത്തോടെ ഈ നോമ്പിനെ നമുക്ക് വരവേൽക്കാം. പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.