ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക ദിനം ആഘോഷിച്ചു. ബ്രാഡ്‌ഫോര്‍ഡ് സെന്റ് കൊളമ്പസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ ഹാളില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി ഫാ. മാത്യൂ മുളയോലില്‍ ഇടവക ദിനാചരണം ഉദ്ഘാടനം ചെയ്തു. ലീഡ്‌സ്, ഹറോഗേറ്റ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേഴ്‌സ് ഫീല്‍ഡ്, ഹാലിഫാക്‌സ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയിലെ നൂറ് കണക്കിനാളുകളാണ് ഇടവക ദിനാചരണത്തില്‍ പങ്കുചേരാനെത്തിയത്. കോവിഡ് മൂലം മുടങ്ങിക്കിടന്ന ഇടവക ദിനാചരണമാണ് ഗംഭീരമായി നടത്തപ്പെട്ടത്. ഔദ്യോഗീക തിരക്കുകളില്‍ നിന്നും മാറി യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇടവകാംഗങ്ങള്‍ അവരുടെ ഇടവക വികാരിയച്ചനോടും ഇടവക പ്രതിനിധികളോടുമൊപ്പം ചിരിയും കളികളുമായി ഭക്ഷണവും കഴിച്ച് ഒരു ദിവസം ചിലവഴിക്കുക എന്നതാണ് ഇടവക ദിനം കൊണ്ടുദ്ദേശിക്കുന്നത്. പല സ്ഥലങ്ങളില്‍ നിന്നായി ആത്മീയ ശുശ്രൂഷകള്‍ക്കായി ദേവാലയത്തില്‍ വരുമ്പോള്‍ പലര്‍ക്കും പല പരിമിതികളുമുണ്ട്. യാതൊരു മാനസീക സമ്മര്‍ദ്ദവുമില്ലാതെ ഇടവകാംഗങ്ങള്‍ എല്ലാം ഒരുമിച്ചാസ്വദിക്കുന്ന രംഗങ്ങളാണ് കാണുവാന്‍ സാധിച്ചത്.
സ്ത്രീകളും കുട്ടികളുമായി നൂറ് കണക്കിന് ഇടവകക്കാരാണ് ഇടവക ദിനത്തില്‍ പങ്കെടുക്കാനെത്തിയത്.
രാവിലെ പത്ത് മണി മുതല്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിനുള്ള ഇന്‍ഡോര്‍ ആന്റ് ഔഡ് ഡോര്‍ മത്സരങ്ങള്‍ ആരംഭിച്ചു. തനി നാടന്‍ രീതിയില്‍ എല്ലാവര്‍ക്കും മനസ്സ് തുറന്ന് ആസ്വദിക്കാനുള്ള വിഷയങ്ങളാണ് സംഘാടകര്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് എന്നത് ശ്രദ്ധേയമായി. ഇടവകാംഗങ്ങള്‍ ഒരുമിച്ചാസ്വദിച്ച ഇടവക ദിനം വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു.

ഇടവകയിലെ സണ്‍ഡേ സ്‌ക്കൂള്‍ ടീച്ചേഴ്‌സ്, കൈക്കാരന്മാര്‍, ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തകര്‍ തുടങ്ങി മറ്റ് പ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇടവക ദിനം ഭംഗിയാക്കുവാന്‍ സാധിച്ചതെന്ന് ഇടവക വികാരി ഫാ. മുളയോലില്‍ അഭിപ്രായപ്പെട്ടു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ നേതൃത്വത്തില്‍ യോര്‍ക്ഷയറിലെ ആറ് കുര്‍ബാന സെന്ററുകളെ ഏകോപിപ്പിച്ച് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടിരുന്നു. അക്കാലത്ത് ചാപ്ലിന്‍സി ഡേ എന്ന പേരില്‍ ഈ ആഘോഷം ഫാ. പൊന്നേത്ത് ആരംഭിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ ഫാ. ജോസഫ് പൊന്നേത്തിന്റെ പിന്‍ഗാമിയായി പിന്നീടെത്തിയത് ഫാ. മാത്യൂ മുളയോലിലാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിന് ശേഷം ഫാ. മാത്യൂ മുളയോലിയുടെ കഠിന പ്രയത്‌നത്താല്‍ സ്വന്തമായി ദേവാലയം വാങ്ങിയ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയെ പിന്നീട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഇടവകയായി ഉയര്‍ത്തി. തുടര്‍ന്നങ്ങോട്ട് സീറോ മലബാര്‍ സഭയുടെ പരമ്പര്യത്തിലുള്ള ഒരു ഇടവക ദേവാലയമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അതിനെ കാത്ത് സൂക്ഷിച്ചു പോരുന്നു.