Spiritual

ഫാ. ഹാപ്പി ജേക്കബ്ബ്

ഒന്ന് എനിക്കറിയാം ഞാൻ കുരുടൻ ആയിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു. വി. യോഹന്നാൻ 9 :25. കത്തൃ കൃപയാൽ കാഴ്ച ലഭിച്ച ജന്മനാ അന്ധനായിരുന്ന ഒരുത്തന്റെ വെളിപ്പെടുത്തലാണ് ഈ വാക്യം . ഈ അധ്യായം ഒരു സംഭാഷണവും അനേകം ആളുകൾ അവരുടെ ഭാഗങ്ങൾ വ്യക്തമാക്കുന്നതും കാണാം. വ്യക്തിപരമായി സ്വാധീനിച്ച രണ്ട് വാക്യങ്ങൾ ഈ അധ്യായം തരുന്നതിൽ ഒന്നാണ് മുകളിൽ ഉദ്ധരിച്ചത്. സമൂഹത്തിന്റെയും സഭകളുടെയും ഉത്തരവാദിത്വവും യഥാർത്ഥമായ ക്രിസ്തീയ സാക്ഷ്യം എന്തെന്നും ഈ അദ്ധ്യായം പഠിപ്പിക്കുന്നു. ഒരർത്ഥത്തിൽ നാം എല്ലാവരും ഗുരുക്കന്മാരാണ്. മറഞ്ഞിരിക്കുന്നതിനെ വെളിവാക്കുന്നവൻ എന്നാണല്ലോ വാക്യാർഥം. കർത്താവ് പഠിപ്പിച്ചു ഒരു കുരുടന് മറ്റൊരു കുരുടനെ വഴികാട്ടുവാൻ കഴിയില്ലായെന്ന്. അത്തരത്തിൽ ധർമ്മം തിരിച്ചറിഞ്ഞ് യഥാർത്ഥ ഗുരു അത് വ്യക്തിയും, സമൂഹവും സഭയും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം എന്ന് മാത്രം പറയുവാൻ ഈ ദിനം ഇടയാക്കട്ടെ .

1 . ഇവനെപ്പോലെ നാമും ബലഹീനൻ .

എന്തുകൊണ്ട് ഇവന് ഇങ്ങനെ സംഭവിച്ചു ? എല്ലാവരുടെയും ചോദ്യം ഒരുപോലെ ഉത്തരവും ഒരുപോലെ. ഇവനോ ഇവൻറെ അമ്മയപ്പന്മാരോ പാപം ചെയ്തു. ബലഹീനനായവരെ പൊതുവേ സാധൂകരിക്കുന്ന കാഴ്ചപ്പാട്. എന്നാൽ തിരിച്ചറിയാത്ത ഭാഗം ഇതാണ്. ഈ മനുഷ്യൻ അന്ധനായിരുന്നു. എന്നാൽ ഏതെല്ലാം മേഖലകളിൽ അന്ധകാരം പ്രാപിച്ചവരാണ് നാം ഓരോരുത്തരും. വ്യക്തികളും സമൂഹങ്ങളും സഭകളും ഈ അന്ധതകളും ബലഹീനതകളും മൂടിവച്ചാണല്ലോ ഇന്ന് പ്രവർത്തനങ്ങൾ നടത്തുന്നത്. സാമൂഹികമായും ആത്മീകമായും ഉത്ബോധനങ്ങൾ ഏറെയുണ്ടെങ്കിലും അന്ധത, ഇരുട്ടിൻറെ പ്രവർത്തനം മുൻപിലത്തേക്കാൾ ഏറിയോ എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ ചോദ്യങ്ങൾക്ക് വിരുദ്ധമായതും സാധാരണക്കാരുടെ ഉത്തരങ്ങൾക്ക് വിപരീതമായതുമായ അഭിപ്രായമാണ് കർത്താവ് നൽകിയത്. ഇവനോ ഇവൻറെ അമ്മയപ്പന്മാരോ ചെയ്ത പാപം നിമിത്തമല്ല ; ദൈവ പ്രവൃത്തി വെളിപ്പെടുവാൻ അത്രേ ഇവൻ ഇങ്ങനെ ആയത്. എന്നും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് വിളിച്ച് പ്രാർത്ഥിച്ചാലും നിൻറെ ഹിതം എന്നിൽ നിറവേറണമേ എന്ന് ആശയോടെ പ്രാർത്ഥിപ്പാൻ എത്രപേർക്ക് കഴിയും. അമിതമായ മദ്യപാനം, മയക്ക് മരുന്നുകളുടെ ദുരുപയോഗം, സത്യാനന്തര ജീവിതലോകം ഇവയെല്ലാം അന്ധകാരത്തിലും ബലഹീനതയിലും നമ്മെ കൊണ്ടെത്തിക്കുമ്പോൾ വെളിച്ചം പകരേണ്ടവരല്ലേ നാമും സമൂഹവും സഭയും.

2 . ദൗത്യം തിരിച്ചറിഞ്ഞ് പ്രവർത്തിപ്പാൻ ഉത്സുകരാകുക.

ഞാൻ ലോകത്തിൻറെ പ്രകാശം എന്ന് അരുളി ചെയ്തവന്റെ ശിഷ്യന്മാരാണല്ലോ നാമെല്ലാവരും. പ്രകാശം ഇല്ലാത്ത ഇടത്ത് അന്ധകാരം ഉണ്ടാവും എന്ന് നാം ബോധവാന്മാരും ആണ്. എന്നാൽ ചുറ്റുപാടും അന്ധകാരം നിറയുമ്പോൾ അല്പം പ്രകാശം കൊടുക്കുന്ന ചിരാതുകൾ ആകുവാൻ നമുക്ക് എന്തേ കഴിയുന്നില്ല. അപര്യാപ്തത അല്ല നമ്മുടെ ഉള്ളിൽ തെളിച്ചമുള്ളവരുടെ എണ്ണം കുറയുന്നുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. പൗലോസ് ശ്ലീഹാ പറയുന്നു എല്ലാവരും പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു. റോമർ 3: 21. കർത്താവ് അരുളി ചെയ്യുന്നു നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഇല്ലായിരുന്നു. എന്നാൽ ഞങ്ങൾ കാണുന്നു എന്ന് പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നില നിൽക്കുന്നു. (യോഹന്നാൻ 9: 41) അനുദിനം നാം കേൾക്കുന്ന വാർത്താ സംഭവങ്ങൾ എങ്കിലും നമ്മുടെ ബോധത്തെ ഉണർത്തി തിരിച്ചറിവ് സാക്ഷാൽ സത്യ പ്രകാശത്തിലൂടെ നേടി കർമ്മോത്സുകരാകുവാൻ ഇടയാകട്ടെ.

3 . ആരുടെ കണ്ണാണ് തുറക്കപ്പെടേണ്ടത്; നമ്മുടേതോ, മറ്റുള്ളവരുടേതോ?

മണ്ണ് കുഴച്ച് കണ്ണിൽ തേച്ച് ശിലോഹോവിൽ കഴുകുവാൻ പറയുമ്പോൾ ഒരുപാട് ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ടാവും. എന്നാൽ അതിനേക്കാൾ ഉപരി അവൻ കണ്ണ് തുറന്നപ്പോൾ ഒരുപാട് പേർ അന്ധരെന്ന് തിരിച്ചറിഞ്ഞു. കാലാകാലങ്ങളായി ഇവനെ അപമാനിച്ചവരെല്ലാം ഈ ദിവസം അറിയുന്നു തങ്ങൾ അന്ധരെന്ന്. തന്റെ മുമ്പിൽ നിൽക്കുന്ന ദൈവത്തെ അവൻ തിരിച്ചറിയുന്നു, അവനിൽ വിശ്വസിക്കുന്നു. എന്നാൽ കാഴ്ച ഉണ്ടെന്ന് അഭിമാനിച്ചിരുന്ന ജനസമൂഹം അവനെ കണ്ടെത്താനാവാതെ ഇന്നും ഉഴലുന്നു. രണ്ടാമതായി സ്വാധീനിച്ച വാക്യം ഇതാണ്. കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടൻമാർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ലോകത്തിൽ വന്നു എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 9: 39) അഭ്യസ്തവിദ്യർ എന്ന് അഭിമാനിക്കുന്ന നാമും , നമ്മെ ഉൾക്കൊള്ളുന്ന സമൂഹവും, അന്ധർക്കും ബലഹീനർക്കും കാഴ്ച കൊടുക്കേണ്ട സഭയും സാക്ഷ്യം വിട്ടകലാതെ ദൈവ തേജസ്സും പ്രകാശവും കൈമുതലായി സൂക്ഷിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

“വെളിവ് നിറഞ്ഞോരീശോ
നിൻ വെളിവാൽ ഞാൻ കാണുന്നു”

ഹാപ്പി ജേക്കബ് അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

മലങ്കര കത്തോലിക്കാ സഭയ്ക്ക് ലീഡ്‌സിൽ മിഷൻ സെന്റർ ആരംഭിച്ചു. ലീഡ്‌സിലെയും പരിസരപ്രദേശങ്ങളിലെയും സഭാ മക്കളുടെ ആവശ്യപ്രകാരം മലങ്കര കത്തോലിക്കാ സഭയുടെ അത്യുന്നത കർദ്ദിനാൾ മൊറാൻ മോർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുടെ കലപ്പനവഴി “സെന്റ് ബർണബാസ് എന്നപേര് നൽകി തന്റെ ശ്ലൈഹിക ആശീർവാദത്തോടെ ഈ മിഷനെ അനുഗ്രഹിച്ചു” എന്ന ഡിക്രി, മലങ്കര കത്തോലിക്കാ സഭയുടെ യുകെ കോർഡിനേറ്ററും സ്പെഷ്യൽ പാസ്റ്ററുമായ പെരിയ ബഹുമാനപ്പെട്ട ഡോ. കുര്യാക്കോസ് തടത്തിൽ അച്ചൻ പ്രഖ്യാപിച്ചതോടെ യുകെയിലെ 24 മത് മലങ്കര കത്തോലിക്ക മിഷൻ ജൂബിലി വർഷമായ 2025 മാർച്ച് 30 ആം തീയതി ഞായറാഴ്ച നിലവിൽ വന്നു.

വ്യത്യസ്ഥതകൾ നമ്മെ സമ്പന്നരാക്കുന്നു നമുക്ക്പരസ്പരം നന്മകൾ കൈമാറി മുന്നേറാം. അങ്ങനെ ആദിമ സഭയുടെ കൂട്ടായമയുടെയും പങ്കുവെയ്പിന്റെയും ചൈതന്യത്തിൽ ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളാകാം എന്നആഹ്വാനത്തോടെ ലീഡ്സ് രൂപത മെത്രാൻ അഭിവന്ദ്യ മാർക്കസ് സ്റ്റോക്ക്സ് പിതാവ് ലീഡ്സ് രൂപതിയിലെ മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ മിഷന് ആശംസകൾ അർപ്പിക്കുകയും ഏവരെയും അനുഗ്രഹിക്കുകയും ഉണ്ടായി. അന്ത്യോക്കൻ ആരാധനാ രീതിയനുസരിച്ചുള്ള സ്വീകരണം നൽകിയാണ് അഭിവന്ദ്യ പിതാവിനെ മലങ്കര മക്കൾ ദേവാലയത്തിലേക്ക് സ്വീകരിച്ചത്‌. സെന്റ് ജോൺ ഹെന്റി ന്യൂമാൻ ഇടവക വികാരി പെരിയ ബഹുമാനപ്പെട്ട കാനോൻ പാട്രിക് വാൾ , അസിസ്റ്റൻറ് വികാരിയും പ്രിസൺ ചാപ്ലിനുമായ ഫാ ബെഞ്ചമിൻ ഹിൽട്ടൺ എന്നിവർ തൽസമ്മേളനത്തിൽ സന്നിഹതരിയിരുന്നു.

തുടർന്ന് യുകെ സീറോമലങ്കര കത്തോലിക്ക സഭാ കോർഡിനേറ്റർ പെരിയ ബഹുമാനപ്പെട്ട ഡോ കുര്യാക്കോസ് തടത്തിൽ അച്ചന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സമൂഹബലി അർപ്പിക്കപ്പെട്ടു. നോർത്ത് വെസ്റ്റ് മേഖലയിലെ വൈദികരായ പെരിയ ബഹുമാനപ്പെട്ട ലൂയിസ് ചരുവിള, ഫാ. ജിബുമാത്യു, ഫാ. സാമുവൽ വിളയിൽ, മിഷൻ സെന്റർ വികാരി ഫാ. റിനോ ഇരുപത്തഞ്ചിൽ എന്നിവർ പരിശുദ്ധ കുർബാനയിൽ സഹകാർമ്മീകരായിരുന്നു. മാഞ്ചസ്റ്റർ, ഷെഫീൽഡ് മിഷൻ അംഗങ്ങളും യോർക്ക് ലീഡ്സ് പ്രദേശങ്ങളിലെ ഇതര ക്രൈസ്തവ വിശ്വാസികളും ആരാധനയിലും സമ്മേളനത്തിലും പങ്കെടുത്തു.

തങ്ങളുടെ സാന്നിധ്യം വഴി ഈ ദിവസം കൂടുതൽ അനുഗ്രഹപ്രദമാക്കിയ എല്ലാവർക്കും വികാരി ഫാ. റിനോ കൃതജ്ഞത പ്രകാശിപ്പിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ:കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യു കെ യിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനവേദി വാത്സിങ്ങാമിൽ നിന്നും ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് മാറ്റി. ധ്യാനത്തിൽ പങ്കുചേരാനായി റജിസ്ട്രേഷൻ നടപടി തുടങ്ങിയപ്പോൾ മുതൽ കാണുന്ന വലിയ താൽപ്പര്യവും തിരക്കും സൗകര്യവും പരിഗണിച്ചാണ് വാത്സിങ്ങാമിൽ നിന്നും വേദി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. പുതിയ തീരുമാനപ്രകാരം ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് 2025 ഓഗസ്റ്റ്മാസം 2 നും 3 നും ആണ് ദ്വിദിന ധ്യാനം നടക്കുക. എയ്‌ൽസ്‌ഫോർഡിൽ വെച്ച്‌ നടത്തുവാൻ തീരുമാനിച്ച കൃപാസനം ഉടമ്പടി ധ്യാനം ഓഗസ്റ്റ് മാസം 6 നും 7 നും എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വെച്ചുതന്നെ നടത്തപ്പെടുന്നതാണ്.

കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് കണ്ണൂർ ലത്തീൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതലയും, കൃപാസനം മരിയൻറിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായറവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നൽകും. യു.കെ റോമൻ കത്തോലിക്കാ പള്ളിയുടെ ചാപ്ലിനും, തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ്ജ് (ചെയർമാൻ,കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ ശുശ്രൂഷകൾ നയിക്കും.

ആത്മീയ നവീകരണത്തിനും, പരിശുദ്ധ അമ്മക്ക് സമർപ്പിതമായ വിശ്വാസ അനുഭവത്തിനുമായി ഒരുക്കുന്ന നാലു ദിവസത്തെ താമസിച്ചുള്ള ധ്യാനങ്ങൾ യു കെ യിലെ ബെർമിംഗ്ഹാമിലും, എയ്‌ൽസ്‌ഫോർഡിലും രണ്ടു ദിവസം വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.

പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷപ്രകാരം ആരംഭിച്ച കൃപാസനംമരിയൻ റിട്രീറ്റ് സെന്ററിൽ പരിശുദ്ധ അമ്മയുമായി പ്രാർത്ഥനയിൽ എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ നിരവധിയാണ്.

വിശ്വാസജീവിതം ഉടമ്പടി പ്രകാരം നയിക്കുമ്പോൾ മാതൃ മാദ്ധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ റെസിഡൻഷ്യൽ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും, അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യു കെ യിൽ ഒരുക്കന്നത്.

രാവിലെ എട്ടരക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.

യു കെ യിലെ സമ്മർദ്ദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം യേശു നാമത്തിൽ ക്ഷണിക്കുന്നു.

കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പേരുകൾ മുൻകൂട്ടി രെജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘാടകർ അറിയിച്ചു.

Click Here Birmingham registration link
Click Here Aylesford registration link
For More Details:
07770730769, 07459873176

 

ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു സംഗീതം നൽകിയത് ഷാൻ തട്ടാശ്ശേരിയും, മനോഹരമായി പാടിയത് ഗാഗുൽ ജോസഫ് ആണ്. ഭക്തിസാദ്രമായ ദൃശ്യാവിഷ്ക്കാരം ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്ത് ആണ്, ജസ്റ്റിൻ എ എസ് എഡിറ്റിംഗ് നിർവഹിച്ച ഈ ഗാനം നിർമ്മിച്ചത് ബിനോയ്‌ ജോസഫ് ആണ്, മാസ്റ്ററിങ്, റെക്കോർഡിങ് ഷാൻ മരിയൻ സ്റ്റുഡിയോ എറണാകുളം നിർവഹിച്ചു.

ഷൈൻ മാത്യു, പോൽസൺ പള്ളാത്തുകുഴി, ജോബി കുര്യയാക്കോസ്, ഏബിൾ എൽദോസ്, സിനിഷ് ജോയ്, റോണിയ ബിബിൻ, മെറിൻ ചെറിയാൻ, അനീറ്റ ജോബി, തുടങ്ങിയവരും,കുട്ടികളും വീഡിയോയുടെ പ്രാർത്ഥനനിർഭരമായ നിമിഷങ്ങളിൽ പങ്കാളികളായി.

നോമ്പുകാല പ്രാർത്ഥനയിൽ ആയിരിക്കുന്ന ഏവർക്കും വരാനിരിക്കുന്ന പ്രത്യാശയുടെ ദിനമായ ഈസ്റ്ററിന്റ എല്ലാവിധ ആശംസകൾ നേരുന്നു.

ഗാഗുൽ ജോസഫ് പാടിയ ഈ വർഷത്തെ ഏറ്റവും പുതിയ ഹൃദയ സ്പർശിയായ പീഡാനുഭവ ഗാനം.കേൾക്കാൻ മറക്കരുത്..

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി കഴിഞ്ഞ പത്തു വർഷക്കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ്മ പുതുക്കുന്ന ദുഖ വെള്ളിയാഴ്ച കുരിശിന്റെ വഴി ഏപ്രിൽ 18-ാം തീയതി 10.40 – മണിക്ക് നോർത്ത് വെയിൽസിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന പ്രശസ്ത തീർഥാടന കേന്ദ്രമായ പന്താസഫ് കുരിശുമലയിലേക്ക് നടത്തപ്പെടുന്നു. കുരിശിൻറെ വഴി പ്രാർത്ഥനകൾക്ക് ഫാ. ജോർജ് അരീക്കുഴി സി.എം .ഐ നേതൃത്വം നൽകുന്നതാണ്.

കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും. കൈയ്പ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. നേർച്ച കഞ്ഞി കൊണ്ടുവരാൻ താല്പര്യം ഉള്ളവർ നേരത്തെ അറിയിക്കുമല്ലോ.

നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നോയമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്തു വെയിൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശു മലയിലേയ്ക്കു സ്വാഗതം ചെയ്യുന്നു .

കുരിശു മലയുടെ വിലാസം –

FRACISCAN FRIARY MONASTERY ROAD, PANTASAPH. CH 88 PE .

കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259
Jaison Raphel -07723926806
Timi Mathew – 07846339927
Johnny – 07828624951
Biju Jacob – 07868385430

ബിനു ജോർജ്

എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴു വർഷമായി നടത്തിവരുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം ഈ വർഷം 2025 മെയ് 31 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടൻ, കാന്റർബറി റീജിയനുകളുടെ നേതൃത്വത്തിലാണ് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.

മെയ് 31 ശനിയാഴ്ച രാവിലെ 11.30 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്‌ൽസ്‌ഫോർഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും നൽകിവരുന്നു.

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.

കർമ്മലമാതാവിന്റെ സവിധത്തിലേക്കു നടക്കുന്ന അനുഗ്രഹീതമായ ഈ മരിയൻ തീർത്ഥാടനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും തീർത്ഥാടനത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കലും അറിയിച്ചു.

പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/wJxzScXoNs6se7Wb6

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343

Addres of the Venue: The Friars, Aylesford, Kent, ME20 7BX

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രത്തിനായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച മീനഭരണി മഹോത്സവത്തിന് ഭക്തി നിർഭരമായ പരിസമാപ്തിയായി പൊങ്കാല സമർപ്പണം, ദേവീ ഉപാസന, മഹിഷാസുര മർദിനി സ്‍‍തുതി, നാമജപം, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തജനങ്ങൾ ഈ പുണ്യ ചടങ്ങിൽ പങ്കെടുത്തു.

ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയമായ ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വാർഷിക ധ്യാനം ഏപ്രിൽ 4, 5, 6 തീയതികളിൽ നടത്തപ്പെടും. ഏപ്രിൽ 4-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെയും 5-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയും 6-ാം തീയതി ഞായറാഴ്ച 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുമാണ് വാർഷിക ധ്യാനം നടത്തപ്പെടുക. പ്രമുഖ വചനപ്രഘോഷകനായ ഫാ. ലിൻസൺ ചെങ്ങിനിയാടൻ ആണ് വാർഷിക ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തികളും കുടുംബങ്ങളും ആത്മ വിശുദ്ധീകരണം പ്രാപിക്കാൻ ഇടവക വികാരി ഫാ.ജോസ് അന്ത്യാംകുളം വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു.

ഷിബി ചേപ്പനത്ത്

ലണ്ടൻ : യാക്കോബായ സുറിയാനി സഭ എല്ലാ വർഷത്തെപ്പോലെയും ഈ വർഷവും യു കെ ഭദ്രാസനത്തിലെ 45ൽ പരം ദേവാലയങ്ങളിൽ കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾ നടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങൾ പൂർത്തിയാക്കി.

യുകെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി, കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മൊത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. കൂടാതെ ഭദ്രാസനത്തിലെ വൈദികരുടെ ഏകദിന ധ്യാനം ഏപ്രിൽ മാസം 14ന് മാഞ്ചെസ്റ്ററിലെ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ കാലേകൂട്ടി ജോലി കാര്യങ്ങൾ ക്രമീകരിച്ച് ഹാശായുടെ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ തക്കവണ്ണം ഒരുങ്ങണമെന്നും വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.

മെട്രിസ് ഫിലിപ്പ്

യേശുനാഥന്റെ പീഡാനുഭ കാലം, കുരിശിലേക്കുള്ള ഒരു സഞ്ചാരം കൂടിയാണ്. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാണ്, എന്ന് പറഞ്ഞുകൊണ്ട്, പുൽകുടിലിൽ ജനിച്ചു തുടങ്ങിയ ജീവിതം ഗാഗുൽത്താവരെ നീണ്ടു നിന്നു. മനുഷ്യർക്ക്, സ്നേഹം പകർന്നു നൽകുകയും, സ്‌നേഹിക്കാൻ പഠിപ്പിക്കുകയും ആയിരുന്നു യേശു ജീവിതകാലം മുഴുവൻ ചെയ്തത്. നിങ്ങൾ പരസ്പരം സ്‌നേഹിക്കുക, എന്നാണ് യേശു അരുളി ചെയ്തത്.
കച്ചവടക്കാരെയും ചൂതു കളിക്കാരെയും, തന്റെ പിതാവിന്റെ ആലയത്തിൽ നിന്നും ചാട്ടവാറുകൊണ്ട് ആട്ടി ഓടിച്ച യേശു, അവസാനം, ചാട്ടവാറിന്റെ അടിയേറ്റ്, മൂന്നു തവണ കുരിശു കൊണ്ട് നിലത്തു വീഴുക ആയിരുന്നു.

ആധുനിക ലോകത്തിൽ, നമ്മളൊക്കെ, കുരിശിൽ മുറിവേറ്റ് കിടക്കുന്ന യേശുവിന്റെ മുഖത്തേക്ക് നോക്കാറുണ്ടോ? നമ്മൾ ബലി അർപ്പിക്കുന്ന, ബഹു. വൈദികൻ, ഏതു വശത്തേക്കാണ് നിൽക്കുന്നത് എന്ന് നോക്കി, അതിലെ പാകപിഴകൾ കണ്ട്, പള്ളിക്കുള്ളിൽ പരസ്പരം അടിവെക്കുകയും, തിരുവോസ്തി എറിഞ്ഞു കളയുകയും ചെയ്തു കൊണ്ട്, യേശുവിനെ ഒന്ന് കൂടി കുരിശിൽ തറക്കുകയാണ്.

എന്തിനാണ് ദൈവാലയത്തിന്റ, പുറത്തായി, ഹാനാൻ വെള്ളം വെക്കുന്നത്. ദൈവാലയം പരിശുദ്ധമാണ്. ഉള്ളിലേക്കു പ്രവേശിക്കുന്നതിന് മുന്നേ, ആ പരിശുദ്ധ വെള്ളത്തിൽ തൊട്ട്,കുരിശു വരച്ചു കൊണ്ട്, തങ്ങളിലെ പാപങ്ങൾ എല്ലാം കഴുകി കളഞ്ഞു കൊണ്ട് വേണം അകത്തേക്ക് പ്രവേശിക്കാൻ. വി. കുർബാനക്ക്, ശേഷം തിരിച്ചു പള്ളിയിൽ നിന്നും പോകുമ്പോൾ, തിരിച്ച് ഹാനാം വെള്ളം തൊടരുത്. ദൈവാലയത്തിൽ നിന്നും ലഭിച്ച അരുപിക്കൊണ്ട് വീട്ടിലേക്ക് പോകുക. ഇനി അവിടെ വെള്ളം ഇല്ലെങ്കിൽ, ദൈവാലയത്തിന്റെ വാതിലിന്റെ, കട്ടളയിൽ തൊട്ട് കുരിശ് വരച്ചു കൊണ്ട് അകത്തേക്ക് പ്രവേശിക്കാം. ഈ നോമ്പ് കാലം, അനുതാപത്തിന്റെയും സ്നേഹത്തിന്റെയും ദിവസങ്ങൾ ആക്കാം. പരസ്പരം സ്നേഹിക്കാം, സഹായിക്കാം. നന്ദിയുള്ള ഹൃദയം ഉള്ളവർ ആവാം. ഒരു സ്നേഹ പുഞ്ചിരി നൽകാം. ദൈവം അനുഗ്രഹിക്കട്ടെ.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലിലിയിലെ നസ്രത് എന്നി മൂന്ന് പുസ്തകങ്ങൾ, എഴുതിയ മെട്രിസ് ഫിലിപ്പ്. ഉഴവൂർ കോളേജിൽ നിന്നും B. Com ബിരുദം നേടി. MG യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ PG പഠനതിന് ശേഷം ഉഴവൂർ കോളേജിൽ, ലൈബ്രേറിയനായി ജോലി ചെയ്തു. തുടർന്ന്, വിവാഹത്തിന് ശേഷം, കഴിഞ്ഞ 19 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. വിവിധ മാധ്യമങ്ങളിൽ, ലേഖനങ്ങൾ സ്ഥിരമായി എഴുതുന്നുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ്, കേരള പ്രവാസി അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മജു മെട്രിസ്. മക്കൾ, മീഖായേൽ, നഥാനിയേൽ, ഗബ്രിയേൽ..

[email protected]
+6597526403
Singapore

RECENT POSTS
Copyright © . All rights reserved