Sports

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സ് ഏഴുവിക്കറ്റിന് തോല്‍പിച്ചു .161 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ അഞ്ചുപന്ത് ശേഷിക്കെ മറികടന്നു. ജയത്തോടെ പത്തുപോയിന്റുമായി രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 32 പന്തില്‍ 48 റണ്‍സെടുത്ത് സഞ്ജു സാംസന്‍ പുറത്താകാതെ നിന്നു.

161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് രഹാനയും ലിയാം ലിവിങ്സ്റ്റോണും അര്‍ധസെഞ്ചുറി കൂട്ടുകെട്ടൊരുക്കി അടിത്തറയിട്ടു. ലിവിങ്സ്റ്റോണ്‍ 26 പന്തില്‍ 44 റണ്‍സെടുത്തു . ഇരുവരെയും തുടര്‍ച്ചയായ ഓവറുകളില്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സഞ്ജും സ്റ്റീവ് സ്മിത്തും രാജസ്ഥാനെ വിജയത്തോടടുപ്പിച്ചു

ജയത്തിനരികെ സ്മിത്തിെന നഷ്ടമായെങ്കിലും സഞ്ജു റോയല്‍സിന് അഞ്ചാം ജയം ഒരുക്കി . പവര്‍പ്ലേയില്‍ 51 റണ്‍സ്് അടിച്ചെടുത്തിട്ടും ഹൈദരാബാദിന് നേടാനായത് 161 റണ്‍സ് മാത്രം. ഒരുവിക്കറ്റ് നഷ്ടത്തില്‍ 103 എന്ന നിലയില്‍ നിന്ന് 131ന് ഏഴ് എന്ന സ്കോറിലേയ്ക്ക് ഹൈദരാബാദ് പതിച്ചു . മനീഷ് പാണ്ഡെ 36 പന്തില്‍ 61 റണ്ഡസെടുത്ത് പുറത്തായി . രാജസ്ഥാന്റെ ജയത്തോടെ മൂന്നുടീമുകളാണ് പത്തുപോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയത്. സണ്‍റൈസേഴ്സിനും രാജസ്ഥാനും , കിങ്സ് ഇലവന്‍ പഞ്ചാബിനും പത്തുപോയിന്റ് വീതമാണ്. മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ഹൈദരാബാദാണ് നാലാം സ്ഥാനത്ത്.

ഐപിഎല്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി പല മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമാകുന്നു. ഐപിഎല്ലിന് ശേഷം ലോകകപ്പ് നടക്കുന്നതാണ് ആരാധകരെ ആശങ്കയില്‍ ആഴ്ത്തുന്നത്. നടുവേദനയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ അലട്ടുന്ന പ്രശ്‌നം.

ഇതോടെ മുന്‍കരുതലുമായി ബിസിസിഐ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് സൂചന. ഇതോടെയാണ് ധോണിയ്ക്ക് ഐപിഎല്ലില്‍ പരമാവധി മത്സരങ്ങളില്‍ വിശ്രമം നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. ഐപിഎല്‍ സെമിയിലായിരിക്കും ധോണി ഇനി ചെന്നൈയ്ക്കായി കളിക്കുക. മെയ് ഏഴിനാണ് ആദ്യ സെമി ഫൈനല്‍.

അതെസമയം ധോണിക്ക് വിശ്രമം അനുവദിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ചെന്നൈ ബാറ്റിങ് കണ്‍സല്‍ടന്റ് മൈക്ക് ഹസി പറഞ്ഞത്.

അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഒരു മത്സരത്തില്‍ പോലും മാറി നില്‍ക്കാന്‍ ധോണി തയാറാവില്ല. അദ്ദേഹം കളിക്കളത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്ന വ്യക്തിയാണ്. ആയതിനാല്‍, വിശ്രമം വേണോ എന്നതിന്റെ അവസാന തീരുമാനം ധോണിയുടേതായിരിക്കും. ഹസി പറഞ്ഞു. ധോണിയില്ലാതെ മുംബൈയ്‌ക്കെതിരെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ദയനീയമായി തോറ്റിരുന്നു.

ലോകകപ്പ് വരാനിരിക്കെ ധോണിയുടെ നടുവ് വേദന ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ് ആരാധകരും ബിസിസിഐയും.

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ബാഡ്മിന്റന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്റേണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 4ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ പ്രായത്തിലുള്ളവര്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമത്തില്‍ വച്ചായിരിക്കും സമാനങ്ങള്‍ വിതരണം ചെയ്യുക. സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍മാരായ ആന്‍സന്‍ സ്റ്റീഫന്‍, അനില്‍ മുപ്രാപ്പള്ളി, രാജു തോമസ്, ലിന്റാ പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്.

മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
Life Style Centre,
Wood house park,
Wythenshawe,
Manchester,
M22 1QW.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 46 റണ്‍സിന്‍റെ തോല്‍വി. മുംബൈയുടെ 155 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്‌ക്ക് 17.4 ഓവറില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്‌ത്തിയ മലിംഗയും രണ്ട് പേരെ വീതം പുറത്താക്കിയ ക്രുനാലും ബുറയുമാണ് ചെന്നൈയെ എറിഞ്ഞിട്ടത്. ബാറ്റിംഗില്‍ രോഹിതിന്‍റെ പ്രകടനം മുംബൈയ്‌ക്ക് നിര്‍ണായകമായി.

മറുപടി ബാറ്റിംഗില്‍ ചെന്നൈ ബാറ്റ്സ്‌മാന്‍മാര്‍ ഒന്നൊന്നായി കൂടാരം കയറി. വാട്‌സണ്‍(8), നായകന്‍ റെയ്‌ന(2), റായുഡു(0), കേദാര്‍(6), ധ്രുവ്(5) എന്നിവര്‍ പുറത്താകുമ്പോള്‍ 10 ഓവറില്‍ ചെന്നൈ അഞ്ച് വിക്കറ്റിന് 60. ആറാമനായി പുറത്തായ ഓപ്പണര്‍ മുരളി വിജയ്(38) മാത്രമാണ് മുന്‍നിരയില്‍ പൊരുതിയത്. ബ്രാവോ(20), ചഹാര്‍(0), ഹര്‍ഭജന്‍(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. അവസാനക്കാരനായി പുറത്തായ സാന്‍റനര്‍(18 പന്തില്‍ 23) റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 155 റണ്‍സെടുത്തു. ചെന്നൈ ബൗളര്‍മാര്‍ തുടക്കത്തിലെ പിടിമുറക്കിയപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിതിനും(67), എവിന്‍ ലെവിസിനും(32) മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങാനായത്. ഡികോക്ക്(15), ക്രുനാല്‍(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ഹര്‍ദികും(18 പന്തില്‍ 23) പൊള്ളാര്‍ഡും(12 പന്തില്‍ 13) പുറത്താകാതെ നിന്നു. ചെന്നൈക്കായി സാന്‍റ്‌നര്‍ രണ്ടും താഹിറും ചഹാറും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിെര രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് ജയം. 47 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ വിജയശില്‍പി. ഈ ടൂർണമെന്റിലെ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ ആറാംതോല്‍വിയാണിത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന്റെ രണ്ടാം ജയവും.

ഇത് എന്തൊരു തിരിച്ചുവരവാണ് റോയല്‍സ്?.. ഈ ജയത്തിന് അവകാശി റിയാന്‍ പരാഗെന്ന കൗമാരക്കാരന്‍ മാത്രം. വെറും 31 പന്തില്‍ രണ്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറിയുമായി പരാഗ് കളംനിറഞ്ഞപ്പോള്‍ കളി രാജസ്ഥാന്റെ കൈയിലേക്ക് തിരിച്ചെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 9 റണ്‍സ്. എന്നാല്‍ പ്രസീത് കൃഷ്ണയെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറും സിക്‌സറും പറത്തി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് ജയം സമ്മാനിച്ചു.

സഞ്ജുവും രാഹാനെയും രാജസ്ഥാന് നല്‍കിയത് ഭേദപ്പെട്ട തുടക്കം. 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന അടിച്ചെടുത്തത്. രഹാനെ 34 റണ്‍സും സഞ്ജു 22 റണ്‍സുമെടുത്തു. എന്നാല്‍ പിന്നീട് വന്നവരെല്ലാം തിരിച്ചുപോകാന്‍ തിരക്ക് കൂട്ടിയതോടെ 5 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ രാജസ്ഥാന്‍ തകര്‍ന്നു. എന്നാല്‍ പരാഗിന് മാത്രം തോല്‍ക്കാന്‍ മനസില്ലായിരുന്നു. 31 പന്തില്‍ 47 റണ്‍സെടുത്ത പരാഗ് റോയല്‍സിനെ വിജയതീരത്തെത്തിച്ചു.

നേരത്തെ പുറത്താകാതെ 50 പന്തിൽ നിന്നും 97 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കാണ് ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. ഐപിഎല്ലില്‍ കാര്‍ത്തിക്കിന്റെ ഉയര്‍ന്ന സ്കോറാണ് ഇത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സിന് നൽകിയത്. 3 വിക്കറ്റ് വീഴ്ത്തിയ പീയുഷ് ചൗളയാണ് രാജസ്ഥാന്‍ നിരയില്‍ കൂടുതല്‍ നാശം വിതച്ചത്. ദിനേശ് കാര്‍ത്തിക് 50 പന്തില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു

ദോഹയില്‍ നടക്കുന്ന ഏഷ്യൻ അത്‍ലറ്റിക് മീറ്റിൽ മലയാളിതാരം പി.യു. ചിത്രയ്ക്കു സ്വർണം. വനിതകളുട 1500 മീറ്ററിലാണ് ചിത്ര സ്വർണം നേടിയത്. 2017ൽ ഭുവനേശ്വറിൽ നടന്ന ചാംപ്യൻഷിപ്പിലും ചിത്ര ഈയിനത്തിൽ സ്വർണം നേടിയിരുന്നു. ചാംപ്യൻഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്.

ഏകദിന ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഏതാണ്ട് ഉറപ്പിച്ച താരമായിരുന്നു അമ്പാട്ടി റായിഡു. ഏകദിന ടീമിലെ നാലാം നമ്പറിലേക്ക് ഇന്ത്യ കണ്ടുവെച്ച ബാറ്റ്‌സ്മാന്‍. എന്നാല്‍ ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളിലെ മോശം പ്രകടനം റായിഡുവിന് തിരിച്ചടിയായി. ഐപിഎല്ലില്‍ ചെന്നൈക്കായി തിളങ്ങാനും റായഡുവിനായില്ല.

ഇതോടെ ലോക കപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപിച്ചപ്പോള്‍ റായുഡു പുറത്തായി. പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ നാലാം നമ്പറിലെത്തി.

ഏകദിന ടീമില്‍ സമീപകാലത്ത് ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ള റായിഡുവിനെ തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തു വരുമ്പോള്‍ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ട്വിറ്ററില്‍. ലോക കപ്പ് കാണാനായി ഒരു പുതിയ സെറ്റ് ത്രി ഡി കണ്ണടകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്നാണ് പകുതി തമാശയായും പരിഹാസമായും റായിഡുവിന്റെ ട്വീറ്റ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കു ശേഷം റായിഡു നാലാം നമ്പറില്‍ സ്ഥാനം ഉറപ്പിച്ചുവെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സൂചിപ്പിച്ചിരുന്നു. എന്നാല്‍ സമീപകാലത്തെ മോശം ഫോം റായിഡുവിന് തിരിച്ചടിയായി.

മുംബൈ ഇന്ത്യന്‍സിലെ സഹതാരം ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ ലോകകപ്പില്‍ പന്തെറിയാന്‍ പേടിയാണെന്ന് പറഞ്ഞതിന് പിന്നാലെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെ തെരഞ്ഞെടുത്ത് ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ ജസ്പ്രീത് ബൂമ്രയാണ് നിലവില്‍ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറെന്ന് മലിംഗ പറഞ്ഞു.

ബൂമ്രയുടെ മികവിനെക്കുറിച്ച് നമുക്കെല്ലാം ആറിയാം. മുംബൈ ഇന്ത്യന്‍സിലും ലോക ക്രിക്കറ്റിലും ബൂമ്രയാണ് ഒന്നാം നമ്പര്‍ ബൗളര്‍-മലിംഗ പറഞ്ഞു. ഐപിഎല്ലില്‍ എട്ടു കളികളില്‍ നിന്ന് എട്ടു വിക്കറ്റാണ് ബൂമ്രയുടെ ഇതുവരെയുള്ള നേട്ടം.

മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമാകും ബൂമ്രയെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

 

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് പുറത്തായപ്പോള്‍ മെസി മാജിക്കില്‍ ബാഴ്‌സ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് ബാഴ്‌സിലോണ തകര്‍ത്തത്. നൗക്യാമ്പില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. ലെയണല്‍ മെസി രണ്ട് ഗോളുകള്‍ നേടി കളിയിലെ താരമായി. ഇരു പാദങ്ങളിലായി 4-0 ത്തിന്റെ വിജയമാണ് ബാഴ്‌സ നേടിയത്. ആദ്യപാദ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സ ജയിച്ചത്.

മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ കുടിഞ്ഞ്യോയുടെ വകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിക്കാനായില്ല. മത്സരത്തിന്റെ 16, 20 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍ നേട്ടം. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന് ബാഴ്‌സ രണ്ടാം പകുതിയിലെത്തിയപ്പോള്‍ ഒരു ഗോള്‍ കൂടി സ്വന്തമാക്കി ആധിപത്യം ഉറപ്പിച്ചു. മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് കുടിഞ്ഞ്യോയിലൂടെ ബാഴ്‌സ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്.

മെസിയുടെ ടീം സെമിയില്‍ പ്രവേശിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് തിരിച്ചടിയായി. റോണോയുടെ യുവന്റസ് ലീഗില്‍ നിന്ന് പുറത്തായി. ഡച്ച് ശക്തികളായ അയാക്‌സിനോട് പരാജയം വഴങ്ങിയാണ് യുവന്റസ് ലീഗില്‍ നിന്ന് പുറത്തായത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാംപാദ മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച് അയാക്‌സ് സെമിയില്‍ കടന്നു.

ആദ്യപാദ സെമിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്റസ് പരാജയം സമ്മതിക്കുകയായിരുന്നു. രണ്ട് പാദങ്ങളിലുമായി 3-2 ന് വിജയിച്ചാണ് അയാക്‌സ് സെമി പ്രവേശനം നടത്തിയത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ 28-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി യുവന്റസ് കളം നിറഞ്ഞെങ്കിലും 34, 67 മിനിറ്റുകളില്‍ അയാക്‌സ് തിരിച്ചടിച്ചു. 34-ാം മിനിറ്റില്‍ വാന്‍ ഡി ബീക്കും 67 -ാം മിനിറ്റില്‍ മാത്തിയിസ് ഡി ലിറ്റുമാണ് അയാക്‌സിനായി ഗോള്‍ നേടിയത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ജഡേജയുടെ ഭാര്യ റിവ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നിത്. ഇപ്പോള്‍ രവീന്ദ്ര ജഡേജയും തന്റെ രാഷ്ട്രീയ കാഴ്ചപാട് വ്യക്തമാക്കിയിരിക്കുകയാണ്. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ജഡേജ ട്വിറ്റില്‍ കുറിച്ചിട്ടു.

ട്വീറ്റ് ഇങ്ങനെ… ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. ട്വീറ്റിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. കുറച്ചു ദിവസം മുമ്പാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി അംഗത്വമെടുത്തത്. പിന്നാലെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ പ്രവേശിക്കുകയായിരുന്നു.

ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്നും നൈന വ്യക്തമാക്കി.ഭാര്യ റിവ മാര്‍ച്ചിലാണ് ബിജെപി അംഗത്വമെടുത്തത്. കര്‍ണിസേന ഗുജറാത്ത് ഘടകത്തിന്റെ വനിത വിങ് പ്രസിഡഡന്റായിരുന്നു റിവ.

RECENT POSTS
Copyright © . All rights reserved