2015ൽ സിംബാബ്‌വെക്കെതിരായ ട്വന്റി 20യിൽ മാത്രമാണ് സഞ്ജു ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ഇക്കുറി ഐപിഎല്ലിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 337 റൺസുമായി തകർപ്പൻ ഫോമിലാണ് സഞ്ജുവുള്ളത്.ഇതുവരെ ടീമിലെത്താൻ സാധിക്കാത്തതിൽ വിഷമമില്ലെന്നും കഠിനാധ്വാനത്തിലൂടെ ഇടം കണ്ടെത്തുമെന്നും സഞ്ജു പറഞ്ഞു.

സഞ്ജുവിനെ ലോകകപ്പ് സാധ്യത ടീമിൽ ഉൾപ്പെടുത്താതിൽ വിൻ‌ഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ലാറയെപ്പോലൊരു ഇതിഹാസ താരം ഇങ്ങനെ പറയുമ്പോൾ സന്തോഷം തോന്നുന്നുവെന്ന് സഞ്ജു പറഞ്ഞു. ”ഒരുപാട് ആത്മവിശ്വാസം തോന്നുന്നു. ഇപ്പോഴത്തെ പ്രകടനത്തിൽ പൂർണ ആത്മവിശ്വാസവും സന്തോഷവുമുണ്ട്. ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഞാൻ”-സഞ്ജു പറയുന്നു.

”അസ്വസ്ഥനാകേണ്ട കാര്യമൊന്നുമില്ല. ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ടീമിൽ കയറിപ്പറ്റുക എന്നത് എളുപ്പമുള്ള കാര്യമില്ല. ഒരിടം കണ്ടെത്താൻ ഇനിയും പരിശ്രമം ആവശ്യമാണ്.

”എല്ലാവരുടെ കരിയറിലും ഉയർച്ചയും താഴ്ചയും ഉണ്ടാകും. കരിയർ താഴേക്ക് പോകുമ്പോൾ മാത്രമെ എങ്ങനെ ഉയർച്ചയിലെത്തണം എന്ന തോന്നലുണ്ടാകൂ. ഒരുപാട് ഘട്ടങ്ങളിലൂടെ കരിയർ കടന്നുപോയിട്ടുണ്ട്. അത്തരം അനുഭവങ്ങളിൽ സന്തോഷവാനാണ്. ഇന്ത്യൻ ടീമിൽ എത്തണമെങ്കിൽ എങ്ങനെ തിരിച്ചുവരണമെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം. എങ്ങനെ കരുത്തനായിരിക്കണം, തോൽക്കുമ്പോൾ കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കാൻ പഠിക്കണം. ഒരുപാട് തവണ തോറ്റവനാണ് ഞാൻ, ഇപ്പോൾ ഇന്ത്യൻക്ക് വേണ്ടി കളിക്കാൻ ഞാൻ പ്രാപ്തനാണ്, കരുത്തനാണ്.”-സഞ്ജു പറഞ്ഞു.