സഞ്ജു സാംസണിന്റെ സെഞ്ചുറി വിജയ സെഞ്ചുറിയായില്ലല്ലോ എന്ന സങ്കടം മാത്രം. ഐപിഎൽ മൽസരത്തിൽ സഞ്ജു സെഞ്ചുറി നേടിയെങ്കിലും രാജസ്ഥാൻ ഹൈദരാബാദിനോട് അഞ്ചു വിക്കറ്റിനു തോറ്റു. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ രണ്ടു വിക്കറ്റിന് 198. ഹൈദരാബാദ് 19 ഓവറിൽ അഞ്ചിന് 201. സഞ്ജുവും (55 പന്തിൽ 102) രഹാനെയും (49 പന്തിൽ 70) ചേർന്നാണ് രാജസ്ഥാനെ മാന്യമായ സ്കോറിലെത്തിച്ചത്. എന്നാൽ ഡേവിഡ് വാർണർ (69), ജോണി ബെയർസ്റ്റോ (45), വിജയ് ശങ്കർ (35) എന്നിവരുടെ മികവിൽ ഹൈദരാബാദ് ജയിച്ചു കയറി.
ബെയ്ൽസ് ഇല്ലാ മൽസരം, ലോസ്റ്റ് ബോള്‍…; ക്രിക്കറ്റിലെ രസകരമായ ആചാരങ്ങൾ
ഷെയ്ൻ വോണിന്റെ നാവു പൊന്നാവട്ടെ! സീസൺ തുടങ്ങും മുൻപ് ഈ ഐപിഎല്ലിന്റെ താരം സഞ്ജു സാംസണായിരിക്കുമെന്നു പ്രവചിച്ച വോണിനെ സാക്ഷിയാക്കിയായിരുന്നു മലയാളി താരത്തിന്റെ കിടിലൻ സെഞ്ചുറി. എന്നാൽ സഞ്ജു വിതച്ച പിച്ചിൽ കൊയ്ത്തു നടത്തിയ വാർണറും ബെയർസ്റ്റോയും വിജയ് ശങ്കറും ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു.
ഒരു 20 റൺസ് എങ്കിലും അധികമുണ്ടായിരുന്നെങ്കിലെന്ന് രാജസ്ഥാൻ ആശിച്ചു കാണും. രാജസ്ഥാൻ ടീം സ്കോറിന്റെ പകുതിയിലേറെയും സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നു. 55 പന്തിൽ പുറത്താകാതെ 102 റൺസ്; 10 ഫോർ, 4 സിക്സ്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (70) തിളങ്ങിയെങ്കിലും ടീം സ്കോർ ഇരുനൂറു കടക്കാനാവാതെ പോയത് അന്തിമഫലത്തിൽ തിരിച്ചടിയായി.
ജോസ് ബട്‌ലർ വീണതിനു ശേഷം രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന രഹാനെയും സഞ്ജുവുമാണ് രാജസ്ഥാൻ ഇന്നിങ്സിന് അടിത്തറയിട്ടത്. തുടക്കത്തിൽ കരുതലോടെയാണ് ഇരുവരും കളിച്ചത്. പത്ത് ഓവർ പിന്നിടുമ്പോൾ സ്കോർ 75 റൺസ് മാത്രം. റാഷിദ് ഖാന്റെ 13–ാം ഓവറിൽ രഹാനെയും സന്ദീപ് ശർമയുടെ അടുത്ത ഓവറിൽ സഞ്ജുവും അർധ സെഞ്ചുറി തികച്ചു. 16–ാം ഓവറിൽ രഹാനെ പുറത്തായി ബെൻ സ്റ്റോക്സ് കൂട്ടായെത്തിയതോടെ സഞ്ജു വിശ്വരൂപം പൂണ്ടു. ഭുവനേശ്വർ കുമാറിന്റെ 18–ാം ഓവറിൽ സഞ്ജു നേടിയത് ഇങ്ങനെ: 6,4,4,2,4,4– 24 റൺസ്!
സഞ്ജു സെഞ്ചുറി നേടുമോ എന്നതായി അതോടെ ആകാംക്ഷ. അവസാന ഓവറിൽ ഭുവിയുടെ പന്ത് തേഡ്മാനിലേക്കു തോണ്ടിയിട്ടതിനു പിന്നാലെ സ്റ്റോക്സ് സ്ട്രൈക്ക് സഞ്ജുവിനു കൈമാറി. അടുത്ത പന്തിൽ ഫോറടിച്ച് സഞ്ജു ഐപിഎല്ലിൽ തന്റെ രണ്ടാം സെഞ്ചുറിയിലെത്തി. അവസാന രണ്ടു പന്തുകൾ സ്റ്റോക്സും ബൗണ്ടറി കടത്തി.
രാജസ്ഥാൻ ഒടുക്കത്തിലാണ് അടിച്ചതെങ്കിൽ ഹൈദരാബാദ് തുടക്കത്തിലേ തുടങ്ങി. പത്തോവറായപ്പോഴേക്കും നൂറു കടത്തിയാണ് വാർണറും (37 പന്തിൽ 69) ബെയർസ്റ്റോയും (28 പന്തിൽ 45) മടങ്ങിയത്. മറ്റൊരാൾ അതേറ്റു പിടിക്കേണ്ട കാര്യമേ പിന്നീട് ഹൈദരാബാദിനുണ്ടായുള്ളൂ. വിജയ് ശങ്കർ (15 പന്തിൽ 35, 1 ഫോർ, മൂന്നു സിക്സ്) അതു ഭംഗിയായി നിറവേറ്റി. വില്യംസണിനെയും (14) ശങ്കറിനെയും മടക്കി രാജസ്ഥാൻ വീണ്ടും പ്രതീക്ഷയുണർത്തിയെങ്കിലും യൂസഫ് പഠാനും (16) റാഷിദ് ഖാനും (15) ഒരോവർ ബാക്കി നിൽക്കെ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു.
കേരളത്തിലെത്തിയപ്പോൾ ഹെൽമറ്റ് വയ്ക്കണമെന്ന് ബൈക്കിൽ പിന്തുടർന്ന ആരാധകനോട് ഉപദേശിക്കുന്ന സച്ചിന്റെ വിഡിയോ വൈറലായിരുന്നു. അങ്ങനെയുള്ള സച്ചിനെ ട്രാഫിക് പൊലീസ് പിടിച്ചാലോ? അതും അമിതവേഗത്തിന്.
അമിതവേഗത്തിന് ഒരിക്കൽ തന്നെ പൊലീസ് പിടിച്ച കാര്യം സച്ചിൻ തന്നെയാണ് പങ്കുവച്ചത്.യൂട്യൂബിലൂടെയാണ് സച്ചിൻ ഇൗ അനുഭവം പങ്കിട്ടത്. 1992ൽ ലണ്ടനിൽ യോക്‌ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.
ന്യൂകാസിലിലെ മത്സരം കഴിഞ്ഞ് യോക്‌ഷെയറിലേക്ക് പോകുന്ന വഴിയാണ് പൊലീസ് പിടിച്ചത്. കൂടുതൽ സുരക്ഷിതമാണല്ലോ എന്നു കരുതി പൊലീസിന്റെ പുറകെ പോകുമ്പോഴായിരുന്നു അമിതവേഗം എടുത്തത്.പൊലീസുകാരൻ 50 മൈല്‍ വേഗം നിലനിർത്താൻ ആവശ്യപ്പെട്ടെങ്കിലും സച്ചിന് അത് മനസിലായില്ല. അതിനാൽ അതേ വേഗത തുടരുകയും ചെയ്തു.
തുടർന്നാണ് പോലീസുകാർ തന്നെ തടഞ്ഞു നിർത്തിയതെന്നും സച്ചിൻ പറയുന്നു. എന്നാൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്‌ഷെറുകാരനല്ലാത്ത വ്യക്തിയാണെന്നു തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകി വെറുതേ വിടുകയായിരുന്നു എന്നും സച്ചിൻ വിഡിയോയിൽ പറയുന്നു.
ഐപിഎൽ ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസിനോടേറ്റ തോൽവി മറക്കാൻ ആർസിബി നായകൻ വിരാട് കോഹ്‌ലിയ്ക്കു കഴിയുന്നില്ല. മുംബൈ താരം ലസിത് മലിംഗയുടെ നോബോൾ ആണ് കോഹ്‌ലിയുടെ സമനില തെറ്റിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 187 റൺസിന്റെ വിജയലക്ഷ്യമാണുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സ് വിജയത്തിനു തൊട്ടടുത്ത് വരെയെത്തി. അവസാന ഓവറിൽ കോഹ്‌ലിപ്പടയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് ഏഴു റൺസായിരുന്നു. ആറു റൺസ് നേടിയാൽ സമനില. എന്നാൽ മലിംഗയുടെ ഫുൾടോസ് പന്ത് ബാറ്റ്സ്മാൻ ദുബൈയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. റൺസെടുക്കാൻ സാധിച്ചില്ല. ഇതോടെ റോയൽ ചലഞ്ചേഴ്സിനു തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
പന്ത് നോബോൾ ആണെന്ന് റീപ്ളേയിൽ വ്യക്തമായിരുന്നു. അംപയർ നോബോൾ വിളിച്ചിരുന്നെങ്കിൽ ടീമിനു ഒരു റൺസും ഫ്രീ ഹിറ്റും കിട്ടുമായിരുന്നു. മികച്ച ഫോമിൽ നിൽക്കുന്ന എ.ബി. ഡിവില്യേഴ്സിനു സ്ട്രൈക്കും കിട്ടും. ജയസാധ്യത ഏറെ. എന്നാൽ അപയർ എസ്. രവിയുടെ നോട്ടപ്പിഴ എല്ലാം തുലച്ചു.
കളിയ്ക്കു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിനു ശേഷം കോഹ്‌ലി മാച്ച് റഫറിയുടെ മുറിയിലേക്ക് തള്ളിക്കയറിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ പേരിൽ നടപടിയെടുത്താലും തനിക്കു കുഴപ്പമില്ലെന്നു പറഞ്ഞ് താരം ബഹളം വച്ചതായും റിപ്പോർട്ടുകളുണ്ട്.
മത്സരശേഷം അംപയർക്കെതിരെ രൂക്ഷമായ ഭാഷയിൽ കോഹ്‌ലി പ്രതികരിച്ചിരുന്നു. ഇത് ഐപിഎൽ ക്രിക്കറ്റാണ്. ക്ളബ് ക്രിക്കറ്റല്ല. അംപയർമാർ കണ്ണു തുറന്ന് നിൽക്കണം. അത് നോബോളാണെന്ന് എല്ലാവർക്കും അറിയാം. അംപയർമാർ കൂടുതൽ ശ്രദ്ധ പുലർത്തണം. മത്സരശേഷം അസംതൃപ്തി മറയ്ക്കാതെ താരം പറഞ്ഞു.
ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ വിരാട് കോഹ്‍ലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് റൺസിന് തകർത്ത് രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ്. 188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഡിവില്ലിയേഴ്സ് 70 റൺസുമായി പുറത്താവാതെ നിന്നു. കോഹ്‌ലി 46 റൺസെടുത്ത് പുറത്തായി. റോയൽ ചാലഞ്ചേഴ്സ് നിരയിൽ മറ്റ് ബാറ്റ്സ്മാൻ മാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ലസിത് മലിങ്കയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് നോബോളായിരുന്നത് അംപയറുടെ ശ്രദ്ധയിൽപ്പെടാതിരുന്നതും വിവാദമായി. അംപയറുടെ അശ്രദ്ധയ്ക്കെതിരെ നായകന്‍ കോഹ്‌ലി പൊട്ടിത്തെറിച്ചു.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീണെങ്കിലും കോഹ്‌ലിയും ഡി വില്ലിയേഴ്സും ആര്‍സിബിയെ രക്ഷിക്കാന്‍ പരമാവധിശ്രമിച്ചു. 46 റണ്‍െസടുത്ത കോഹ്‌ലി ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബിലെത്തുന്ന രണ്ടാമത്തെ താരമായി. അവസാന പന്തില്‍ 7 ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. എന്നാല്‍ മലിങ്ക എറിഞ്ഞ പന്ത് നോബോള്‍ ആയിരുന്നെങ്കിലും അംപയര്‍ ശ്രദ്ധിച്ചില്ല. അതോടെ ജയം മുംബൈയ്ക്ക്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. 33 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചാഹൽ നാല് ഓവറിൽ 38 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
മുംബൈയ്ക്ക് ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ – ക്വിൻണ്‍ ഡികോക്ക് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 6.3 ഓവറിൽ 54 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഡികോക്ക് 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 23 റൺസെടുത്തു. സൂര്യകുമാർ യാദവ് (24 പന്തിൽ 38), യുവരാജ് സിങ് (12 പന്തിൽ 23) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച് 14 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 32 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് മുംബൈയെ 180 കടത്തിയത്. കീറൻ പൊള്ളാർഡ് (ആറു പന്തിൽ അഞ്ച്), ക്രുനാൽ പാണ്ഡ്യ (രണ്ടു പന്തിൽ ഒന്ന്), മായങ്ക് മാർക്കണ്ഡെ (അഞ്ചു പന്തിൽ ആറ്) എന്നിവർ നിരാശപ്പെടുത്തി.
മികച്ച തുടക്കം സമ്മാനിച്ച് ഓപ്പണർമാരായ രോഹിത് ശർമയും ക്വിന്റൺ ഡികോക്കും. യുസ്‌വേന്ദ്ര ചാഹലിനെതിരായ ഹാട്രിക് സിക്സ് ഉൾപ്പെടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടു ബാറ്റിങ്ങുമായി യുവരാജ് സിങ്, ഫോമിലേക്കു മടങ്ങുന്നതിന്റെ സൂചനകൾ സമ്മാനിച്ച് സൂര്യകുമാർ യാദവ്, എല്ലാറ്റിനുമൊടുവിൽ ബാറ്റിങ് വെടിക്കെട്ടുമായി വിസ്മയം തീർത്ത് ഹാർദിക് പാണ്ഡ്യയും. ഇത്രയുമായിരുന്നു മുംബൈ ഇന്നിങ്സ്.
ഓപ്പണിങ് വിക്കറ്റിൽ 39 പന്തിൽ 54 റൺസാണ് രോഹിത്–ഡികോക്ക് സഖ്യം ചേർത്തത്. സ്കോർ 54ൽ നിൽക്കെ ചാഹലിന്റെ പന്തിൽ കുറ്റിതെറിച്ച് പുറത്താകുമ്പോൾ 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 23 റൺസായിരുന്നു സമ്പാദ്യം. സ്കോർ 87ൽ നിൽക്കെ അർധസെഞ്ചുറിക്ക് തൊട്ടരികെ രോഹിത് ശർമയും വീണു. 33 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസെടുത്ത രോഹിത്തിനെ ഉമേഷ് യാദവിന്റെ പന്തിൽ മുഹമ്മദ് സിറാജാണ് ക്യാച്ചെടുത്തു മടക്കിയത്.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യകുമാർ യാദവ് – യുവരാജ് സഖ്യം നിലയുറപ്പിക്കാൻ കുറച്ചു സമയമെടുത്തെങ്കിലും പിന്നീട് തകർത്തടിച്ചു. യുസ്‌വേന്ദ്ര ചാഹലിന്റെ ഒരു ഓവറിലെ ആദ്യ മൂന്നു പന്തും സിക്സറിനു പറത്തിയ യുവരാജ് ചിന്നസ്വാമിയിലെ ബാംഗ്ലൂർ ആരാധരെ ആവേശത്തിലാഴ്ത്തി. എന്നാൽ നാലാം സിക്സിനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിനു സമീപം മുഹമ്മദ് സിറാജിന്റെ ഉജ്വല ക്യാച്ചിൽ പുറത്തായി. 12 പന്തിൽ മൂന്നു സിക്സ് സഹിതം സമ്പാദ്യം 23 റൺസ്.
സ്കോറുയർത്താനുള്ള ശ്രമത്തിൽ സൂര്യകുമാർ യാദവും പുറത്തായി. ചാഹലിന്റെ പന്തിൽ മോയിൻ അലിക്കു ക്യാച്ച് സമ്മാനിച്ചു മടങ്ങുമ്പോൾ 24 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 38 റൺസായിരുന്നു സമ്പാദ്യം. കീറൻ പൊള്ളാർഡ് (ആറു പന്തിൽ അഞ്ച്), ക്രുനാൽ പാണ്ഡ്യ (രണ്ടു പന്തിൽ ഒന്ന്), മായങ്ക് മാർക്കണ്ഡെ ( അഞ്ചു പന്തിൽ ആറ്) എന്നിവർ കാര്യമായ സംഭാവന കൂടാതെ മടങ്ങിയത് മുംബൈയുടെ സ്കോറിങ്ങിനെ ബാധിച്ചു. എന്നാൽ, അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ മുംബൈയെ 180 കടത്തി. 14 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 32 റൺസുമായി പാണ്ഡ്യ പുറത്താകാതെ നിന്നു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടര്‍ച്ചയായ രണ്ടാംജയം. 28 റണ്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചു. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 190 റണ്‍സിന് പുറത്തായി. ആന്ദ്രെ റസലിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് നൈറ്റ്റൈഡേഴ്സിന്റെ ജയം അനായാസമാക്കിയത്. കൊല്‍ക്കത്ത ഐപിഎല്ലില്‍ ഈഡന്‍ഗാര്‍ഡന്‍സിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചു.
കളി സ്വന്തം മൈതാനത്താണെന്നു കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ നൈറ്റ് റൈഡേഴ്സ്. തലങ്ങും വിലങ്ങും എതിരാളികളെ തല്ലിച്ചതച്ചു കൊല്‍ക്കത്തക്കാര്‍. 9 പന്തില്‍ 24 റണ്‍സടിച്ച് സുനില്‍ നരെയ്ന്‍ തുടക്കം ഗംഭീരമാക്കി. 34 പന്തില്‍ 7 സിക്സറും 2 ഫോറും സഹിതം 63 റണ്‍സടിച്ച നിതീഷ് റാണ സ്കോറിങ്ങിന് വേഗം കൂട്ടി.
3 റണ്‍സെടുത്ത് നില്‍ക്കെ ഷമി റസലിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചതോടെ ആയുസ് വീണ്ടെടുത്ത റസല്‍ പന്ത് നിരന്തരം ആരാധകര്‍ക്കിടയിലേക്ക് പറത്തിവിട്ടു. വെറും പതിനേഴ് പന്തില്‍ 5 സിക്സറും 3 ഫോറും സഹിതം 48 റണ്‍സാണ് വിന്‍ഡീസ് പവര്‍ഹൗസ് അടിച്ചെടുത്തത്. 67 റണ്‍സുമായി കളത്തില്‍ ഉറച്ചുനിന്ന ഉത്തപ്പ കൂട്ടുകാര്‍ക്ക് മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. ഗെയ്‌ല്‍ 20 റണ്‍സെടുത്തു. പുറത്താകാതെ 59 റണ്‍സെടുത്ത മില്ലറും 58 റണ്‍സെടുത്ത മായങ്കും കിണഞ്ഞു ശ്രമിച്ചെങ്കിലും പഞ്ചാബിനെ രക്ഷിക്കാനായില്ല. റസല്‍ 3 ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.
അർജന്‍റീന വിജയവഴിയിൽ തിരിച്ചെത്തി. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്‍റീന എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോയെ തോൽപിച്ചു. 83-ാം മിനുട്ടിൽ ഏഞ്ചൽ കൊറേയയാണ് ഗോൾ നേടിയത്. സൂപ്പർതാരം മെസിയില്ലാതെയാണ് ടീം ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ വെനസ്വേലയോടെ ഒന്നിനെതിരെ മൂന്ന് ഗോളിന് അർജന്‍റീന തോറ്റിരുന്നു.
മറ്റൊരു മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെ തോൽപിച്ചു. ഗബ്രിയേൽ ജീസസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ റോബർട്ടോ ഫിർമിനോയാണ് ബ്രസീലിന്‍റെ മറ്റൊരു ഗോൾ നേടിയത്. ഡേവിഡ് പാവേൽക്കയുടെ ഗോളിൽ മുന്നിലെത്തിയ ശേഷമാണ് ചെക്ക് റിപ്പബ്ലിക് തോൽവി വഴങ്ങിയത്.
മറ്റൊരു സൗഹൃദ മത്സരത്തിൽ ചിലെയെ അമേരിക്ക സമനിലയിൽ തളച്ചു. നാലാം മിനുട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ അമേരിക്കയാണ് ആദ്യം മുന്നിലെത്തിയത്. തൊട്ടുപിന്നാലെ ഓസ്കർ ഒപ്പാസോയിലൂടെ ചിലെ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.
മങ്കാദിങ് റണ്‍ഔട്ട് വിവാദത്തിലായിരിക്കുകയാണ് ഐപിഎല്‍. പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിനെതിരെ ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും വിമര്‍ശനം ഉന്നയിക്കുമ്പോള്‍ മങ്കാദിങ് ക്രിക്കറ്റ് നിയമത്തിലുള്ളതാണെന്നും താന്‍ മനപൂര്‍വം ബട്ട്‌ലറെ പുറത്താക്കണമെന്നു കരുതിയിരുന്നില്ലെന്നാണ് അശ്വിന്‍ പ്രതികരിച്ചത്. ഇപ്പോഴിത മറ്റൊരു വിവാദം ഉണ്ടായിരിക്കുന്നു. പഞ്ചാബ് – രാജസ്ഥാന്‍ മത്സരത്തിന് ശേഷം അശ്വിന് ഹസ്ത ദാനം നല്‍കാന്‍ ബട്‌ലര്‍ തയാറായില്ലെന്ന റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
മത്സരശേഷം ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഹസ്ത ദാനം ചെയ്തപ്പോള്‍ അശ്വിന്‍ അരികെ എത്തിയെങ്കിലും ബട്‌ലര്‍ കൈ കൊടുത്തില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കൂടിയായ രവിചന്ദ്ര അശ്വിന്‍, മങ്കാദിങിലൂടെ വീഴ്ത്തിയ വിക്കറ്റാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. രാജസ്ഥാന്റെ ഓപ്പണര്‍ ജോസ് ബട്ട്ലറാണ് അശ്വിന്റെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്തായത്.
പുറത്താതയിന്റെ അമര്‍ഷം മൈതാനത്ത് വെച്ച് തന്നെ ബട്‌ലര്‍ കാണിച്ചിരുന്നു. എന്നാല്‍ ബട്ട്ലറുടെ ദേഷ്യം അവിടം കൊണ്ട് തീര്‍ന്നില്ല. മത്സര ശേഷം എല്ലാവരും പരസ്പരം കൈകൊടുത്തപ്പോള്‍ ബട്ട്ലര്‍, അശ്വിനെ ഒഴിവാക്കിയോ എന്നാണ് ചര്‍ച്ച. മത്സര ശേഷമുള്ള വീഡിയോ ആണ് ഇങ്ങനെയൊരു ചര്‍ച്ചക്ക് കാരണം. ബട്ട്‌ലര്‍, കൈകൊടുത്തോ എന്ന് വ്യക്തമല്ലെങ്കിലും ബട്ട്ലര്‍ക്ക് പിന്നിലുള്ള രാജസ്ഥാന്‍ ടീം പരിശീലകന് കൈകൊടുത്ത ശേഷം അശ്വിന്‍ തിരിഞ്ഞുനോക്കുന്നുണ്ട്.
Ashwin is shocked Buttler didn’t shake his hands. 😂 pic.twitter.com/3UdRPSPPIi
— Gabbbar (@GabbbarSingh) March 25, 2019
ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം. യുവത്വത്തിന്‍റെ പ്രസരിപ്പുമായി ഡൽഹി കാപിറ്റൽസ് ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്‍റെ കരുത്തുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലെത്തുക.
പന്ത്രണ്ടാം സീസണിൽ ജയിച്ചു തുടങ്ങിയ ഡൽഹിയും ചെന്നൈയും നേർക്കുനേർ എത്തുമ്പോള്‍ പോരാട്ടം ആവേശകരമാകും. മുംബൈ ഇന്ത്യൻസിനെ തോൽപിച്ച ഡൽഹി ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്കിത് ആദ്യ എവേ മത്സരം.
ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ ത്രയമാണ് കോലിപ്പടയെ എറിഞ്ഞിട്ടത്. വാട്സൺ, റെയ്ന, റായ്ഡു, ക്യാപ്റ്റൻ ധോണി, ബ്രാവോ എന്നിവരുൾപ്പെട്ട ബാറ്റിംഗ് നിര ആദ്യകളിയിൽ പരീക്ഷിക്കപ്പെട്ടിരുന്നില്ല.
മുംബൈ ബൗളർമാരെ തച്ചുതകർത്ത ഡൽഹി കാപിറ്റൽസ് വാംഖഡേയിൽ നേടിയത് 213 റൺസായിരുന്നു. 27പന്തിൽ പുറത്താവാതെ 78 റൺസെടുത്ത റിഷഭ് പന്തുതന്നെയായിരിക്കും ധോണിപ്പടയുടെയും പേടിസ്വപ്നം. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരും അപകടകാരികൾ. കോട്‍ലയിലെ വേഗം കുറഞ്ഞ പിച്ചിൽ ബൗളർമാരുടെ മികവാകും നിർണായകമാവുക.
ഐസിസി ഏകദിന ലോകകപ്പിലെ ജേതാക്കള്‍ ആരാകുമെന്ന പ്രവചനങ്ങള്‍ ഇതിനോടകം നിരവധി വന്നു കഴിഞ്ഞു.എന്നാല്‍ ലോകകപ്പില്‍ വ്യത്യസ്തമായൊരു പ്രവചനമാണ് വെസ്റ്റന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടേത്. മുന്‍ താരങ്ങളടക്കമുള്ള പലരും ലോകകപ്പ്ഫേവറിറ്റുകളേയും, സെമി ഫൈനലിസ്റ്റുകളേയും പ്രവചിക്കുന്ന സമയത്താണ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ലാറ രംഗത്തെത്തിയിരിക്കുന്നത്.
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലാകും ഏറ്റുമുട്ടുകയെന്ന് ലാറയുടെ പ്രവചിച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ- പാക് സ്വപ്ന ഫൈനല്‍ പ്രവചിക്കുന്ന ലാറ, ടൂര്‍ണമെന്റിലെ വെസ്റ്റിന്‍ഡീസിന്റെ സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്നും ഓര്‍മ്മിപ്പിച്ചു. സ്ഥിരതയുള്ള ടീമല്ലെങ്കിലും അപ്രവചനീയതാണ് അവരുടെ മുഖമുദ്രയെന്നും അത് കരീബിയന്‍ ടീമിനെ കരുത്തരാക്കുന്നുണ്ടെന്നും ലാറ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനേയും സമാന രീതിയിലാണ് ലാറ വിലയിരുത്തുന്നത്. സ്ഥിരത ഇല്ലാത്ത ടീമാണെങ്കിലും ലോകത്തെ ഏത് ടൂര്‍ണമെന്റും ജയിക്കാന്‍ കഴിവുള്ള താരങ്ങള്‍ പാകിസ്ഥാനുണ്ടെന്ന് ലാറ പറയുന്നു.
ഇംഗ്ലണ്ട് ടീം വളരെയധികം അപകടകാരികളാണെന്നും അതിനാല്‍ അവരേയും ലോകകകപ്പില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നുമാണ് ലാറയുടെ അഭിപ്രായം. ഇന്ത്യ ലോകകപ്പ് തുടങ്ങുന്നത് ഫേവറിറ്റുകളായിട്ടാണെന്നും ലോകത്ത് എവിടെ പോയാലും വിജയം നേടാന്‍ സാധിക്കുമെന്ന ടീമാണ് ഇന്ത്യ. ടീമിന്റെ മുന്‍ വിദേശ പര്യടനങ്ങളിലെ വിജയം ചൂണ്ടികാണിച്ച് ലാറ പറഞ്ഞു.
ഐപിഎല്ലിലെ വിവാദ മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെ കിങ്സ് ഇലവൻ പഞ്ചാബ് 14 റൺസിനു കീഴടക്കി.രാജസ്ഥാൻ ഇന്നിങ്സിനിടെ മികച്ച ഫോമിലായിരുന്ന ജോസ് ബട്‌ലറെ (69) പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിൻ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയതാണ് വിവാദത്തിനു വഴിതെളിയിച്ചത്.
‘മങ്കാദിങ്’ എന്ന നാണക്കേടിന്റെ കൈപിടിച്ച് രവിചന്ദ്രൻ അശ്വിൻ പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ജോസ് ബട്‌ലറുടെ കലക്കൻ ബാറ്റിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് അശ്വിൻ മങ്കാദിങ്ങിനെ കൂട്ടുപിടിച്ചത്. 13–ാം ഓവറിലെ ബോളിങ്ങിനിടെ നോൺ സ്ട്രൈക്കിങ് ക്രീസിൽ നിന്നു കയറിയജോസ് ബട്‌ലറെ അശ്വിൻ റണ്ണൗട്ടാക്കി. അശ്വിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവൃത്തിയെ ചോദ്യം ചെയ്തതിനുശേഷമാണു നിരാശനായ ബട്‌ലർ ക്രീസ് വിട്ടത്.
എന്താണു മങ്കാദിങ്?
നോൺ സ്ട്രൈക്കിങ് എൻഡിലുള്ള ബാറ്റ്സ്മാനെ പന്ത് എറിയുന്നതിനു മുൻപു ബോളർ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണു മങ്കാദിങ്. 1947ലെ ടെസ്റ്റ് പരമ്പരയിൽ ഓസീസ് ബാറ്റ്സ്മാൻ ബിൽ ബ്രൗണിനെ ഇന്ത്യൻ താരം വിനു മങ്കാദ് രണ്ടു വട്ടം ഇത്തരത്തിൽ റണ്ണൗട്ടാക്കിയതോടെയാണു മങ്കാദിങ് എന്ന വാക്കിന്റെ പിറവി. സ്പോർട്സ്മാൻ സ്പിരിറ്റിനു നിരക്കാത്ത മങ്കാദിങ് ക്രിക്കറ്റിൽനിന്ന് ഒഴിവാക്കണമെന്നു സുനിൽ ഗാവസ്കർ അടക്കമുള്ള താരങ്ങൾ ശക്തമായി വാദിക്കുന്നുണ്ട്, എന്നാൽ നിലവിൽ മങ്കാദിങ് കുറ്റകരമല്ല. രാജ്യാന്തര ക്രിക്കറ്റിൽ മുൻപ് ശ്രീലങ്കയ്ക്കെതിരെയും അശ്വിൻ മങ്കാദിങ് നടത്തിയിരുന്നു. എന്നാൽ അന്ന് ക്യാപ്റ്റൻ സേവാഗ് അപ്പീൽ പിൻവലിച്ചു.
What the !!! I doubt if this can be given out even by the rule book 🤔
The way I see it he was not stepping out too much!!! Batsman looks “in” when the bowler was in his release stride! Hayden said it right & the game changed there !!! Not fair even by school standards ! #Mankad pic.twitter.com/Aq2VMwVyz1— T R B Rajaa (@TRBRajaa) March 25, 2019