ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പ് ജയത്തോടെ തുടങ്ങാൻ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. കിങ്സ് XI പഞ്ചാബാണ് ആദ്യ മത്സരത്തിൽ രാജസ്ഥാന്റെ എതിരാളികൾ. ജയം മാത്രം മുന്നിൽ കണ്ട് പഞ്ചാബും ഇറങ്ങുന്നതോടെ മത്സരം വാശിയേറിയതാകുമെന്നുറപ്പാണ്. രാജസ്ഥാന്റെ തട്ടകത്തിൽ രാത്രി എട്ട് മണിയ്ക്കാണ് മത്സരം.
വലിയ മാറ്റങ്ങളുമായാണ് ഐപിഎല്ലിന്റെ പന്ത്രണ്ടാം പതിപ്പിൽ രാജസ്ഥാൻ റോയൽസ് എത്തുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആ മാറ്റം വ്യക്തമാവുകയും ചെയ്യും. പ്രധാനമാറ്റം ജെഴ്സി തന്നെയാണ്. യുവത്വത്തിന്റെ കരുത്തുമായി തന്നെയാണ് ഇത്തവണയും രാജസ്ഥാൻ റോയൽസ് എത്തുന്നത്. ഒപ്പം പരിചയസമ്പന്നരായ ഒരുപിടി വിദേശ താരങ്ങളും. ഇന്ത്യൻ താരം അജിങ്ക്യ രഹാനെയാണ് ടീമിന്റെ നായകൻ. ഓസിസ് താരം സ്റ്റിവ് സ്‌മിത്തിന്റെ മടങ്ങിവരവും ടീമിന് പ്രതീക്ഷ നൽകുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലൂടെ കന്നി കിരീടം ലക്ഷ്യമിടുന്ന മറ്റൊരു ടീമണ് കിങ്സ് ഇലവൻ പഞ്ചാബ്. ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ നയിക്കുന്ന ടീമിന്റെ പ്രധാന കരുത്ത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ക്രിസ് ഗെയ്‌ലും ഡേവിഡ് മില്ലറുമാണ്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ വീട് തന്നെ വലിയ അദ്ഭുതമാണ്. ഇപ്പോഴിതാ അതിനൊപ്പം കൗതുകമാവുകയാണ് അദ്ദേഹത്തിന്റെ വാഹനശേഖരം. ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്സ്, പോർഷെ… വാഹന ലോകത്തിലെ സൂപ്പർസ്റ്റാറുകളെല്ലാം ഒരു കുടക്കീഴില്‍ അദ്ദേഹം ഒരുക്കിയിരിക്കുകയാണ്. അതിസമ്പന്നർക്കു മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങളെല്ലാം ഒരുമിച്ച് കാണാനാവുന്ന ഭാഗ്യമാണ് മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീമംഗങ്ങൾക്ക് ലഭിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ കോശീശ്വരന്മാരിൽ ഒരാളായ അംബാനിയുടെ ഗ്യാരേജ് സന്ദർശിക്കാനും വാഹന ലോകത്തെ സൂപ്പർതാരങ്ങളെ സന്ദർശിക്കാനുള്ള ഭാഗ്യവും മുംബൈ ഇന്ത്യൻസ് താരങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയയുടെ പാർക്കിങ് സ്പെയ്സിലാണ് ഈ വാഹന സൂപ്പർതാരങ്ങളുടെ വിശ്രമം. ക്രിക്കറ്റ് ഫീവർ: മുംബൈ ഇന്ത്യൻ എന്ന വെബ് സീരിസിന്റെ ഭാഗമായായിരുന്നു ആ സന്ദർശനം. ഏകദേശം 168 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് ഇവിടെ. ബെന്റ്ലി ബെന്റഗൈ, ബെൻസ് ഇ ക്ലാസ്, ബെൻസ് ജി 63 എഎംജി, റേഞ്ച് റോവർ, റോൾസ് റോയ്സ് ഫാന്റം, പോർഷെ കയിൻ, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി കാറുകൾ വിഡിയോയിൽ കാണാം.
കൊൽക്കത്ത: വിലക്കും വിവാദങ്ങളും ഫോമിനെ ബാധിക്കില്ലെന്ന് തെളിയിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത വാർണറിൻെറ മികവിൽ സൺറൈസേഴ്സ് ഹൈദരാബാദ് 182 റൺസ് വിജയലക്ഷ്യമുയർത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് ആരാധകർക്കായി കാത്തിരുന്നത് വാർണറിൻെറ തകർപ്പൻ പ്രകടനമായിരുന്നു. പന്തു ചുരണ്ടൽ വിവാദത്തിൽ പെട്ട് വിലക്കിന് ശേഷം ക്രീസിലെത്തിയ വാർണർ ഐ.പി.എല്ലിലെ 40–ാം അർധസെഞ്ചുറി കുറിച്ചു. 53 പന്തിൽ ഒൻപതു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 85 റൺസെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയ്ക്കൊപ്പം വാർണർ സെഞ്ചുറി കൂട്ടുകെട്ട് (118) പടുത്തുയർത്തി.
അവസാന ഓവറുകളിൽ കൊൽക്കത്തക്ക് തിളങ്ങാൻ കഴിഞ്ഞില്ല. 11–ാം ഓവറിൽ 100 റൺസ് പിന്നിട്ട സൺറൈസേഴ്സിന് അവസാന അഞ്ച് ഓവറിൽ ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ 47 റൺസ് മാത്രമാണ് നേടാനായത്. വിജയ് ശങ്കറും (24 പന്തിൽ പുറത്താകാതെ 40) മികച്ച പ്രകടനം പുറത്തെടുത്തു.
ചെന്നെെ: ഐപിഎല്ലിന്‍റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാന്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റോഡിയത്തിലാണ് മത്സരം. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ നടക്കുന്ന ഐപിഎല്ലിന് വലിയ പ്രധാന്യമാണുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. ധോണിപ്പട കിരീടം നിലനിർത്താനിറങ്ങുന്പോൾ പലപ്പോഴും വഴുതിപ്പോയ ചാന്പ്യൻപട്ടത്തിനായി കൊതിച്ചാണ് കോലിയും സംഘവും ഇറങ്ങുന്നത്.
മുപ്പത് പിന്നിട്ടവരുടെ കൂട്ടമാണെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ കരുത്തിന് കുറവൊന്നുമില്ല. ധോണിയും വാട്സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. താരതമ്യേന ദുർബലമായ ബൗളിംഗ് നിരയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി പരിക്കേറ്റ് പിൻമാറിയതാണ് ചെന്നെെ സംഘത്തിന് ക്ഷീണമായിരിക്കുന്നത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയ ധോണിയും കുട്ടികളും എല്ലാ സീസണിലും പ്ലേഓഫിലും എത്തി. സൂപ്പർ താരങ്ങൾ ഏറെ വന്നിട്ടും പോയിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ്. ഈ ചീത്തപ്പേര് മാറ്റുകയാണ് കോലിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം.
കോലി-ഡിവിലിയേഴ്സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആർസിബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹൽ, ഹെറ്റ്മെയർ, ശിവം ദുബേ , വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവരുടെ പ്രകടനവും നിർണായകമാവും. നേർക്കുനേർ പോരിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. ചെന്നൈ പതിനേഴ് കളിയിൽ ജയിച്ചപ്പോൾ ബംഗളുരുവിന് ജയിക്കാനായത് ഏഴ് കളികളില്‍ മാത്രം.
തിരുവനന്തപുരം: ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ശശി തരൂർ എം.പിയെ സന്ദർശിച്ചു. വെളളിയാഴ്ച്ച രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്. കോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഒരു രാഷ്ട്രീയ നേതാവിനെ കാണാനെത്തുന്നത്. ഒരു പെട്ടി മധുരപലഹാരങ്ങളുമായാണ് അദ്ദേഹം ശശി തരൂരിനെ കാണാനെത്തിയത്. ഷാള്‍ അണിയിച്ചാണ് തരൂര്‍ ശ്രീശാന്തിനെ സ്വീകരിച്ചത്.
ഇതിന് പിന്നാലെ തരൂര്‍ ശ്രീശാന്തിന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ തരൂര്‍ എംപി ഇടപെട്ടിരുന്നു. വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും വിലക്ക് നീക്കാൻ ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടതും തരൂരാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി.
തനിക്ക് വേണ്ടി ഇടപെട്ട തരൂറിന് നന്ദി പറയാനാണ് എത്തിയത്. വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി ബന്ധത്തെക്കുറിച്ചും തരൂർ ആരാഞ്ഞു. എന്നാൽ ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം തരൂരിനോട് വ്യക്തമാക്കി. ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും ശ്രീശാന്ത് അറിയിച്ചു. അരമണിക്കൂറോളം തരൂറിനൊപ്പം ചെലവഴിച്ചാണ് ശ്രീശാന്ത് മടങ്ങിയത്.
ബുവാനോസ് ഐറിസ്: അർജന്റീനിയൻ ജേഴ്സിയിലേക്കുള്ള ലയണൽ മെസിയുടെ തിരിച്ചുവരവ് മഹാദുരന്തമായി. ഒന്‍പതു മാസത്തിനുശേഷം മെസി അർജന്റീനയ്ക്കായി ബൂട്ടുകെട്ടിയ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ടീം വെനസ്വേലയോടു പരാജയപ്പെട്ടത്. കളിയുടെ ആറാം മിനിറ്റിൽ ന്യൂകാസിൽ യുണൈറ്റഡ് താരം സലോമൻ റോണ്ടണിലൂടെ വെനസ്വേല മുന്നിലെത്തി. ആറു മിനിറ്റിനുശേഷം ജയ്സണ്‍ മുറില്ലോയിലൂടെ വെനസ്വേല ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ യോസഫ് മാർട്ടിനസിലൂടെ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും, 75-ാം മിനിറ്റിൽ ഒരു പെനാൽട്ടിയിലൂടെ വെനസ്വേല മൂന്നാം ഗോളും കണ്ടെത്തിയതോടെ അർജന്റീനയുടെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമായി.
ലോകകപ്പിൽനിന്നു പുറത്തായതിനു ശേഷമുള്ള മെസിയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റാണു ടീം ലോകകപ്പിൽനിന്നു പുറത്തായത്. അർജന്റീനയുടെ കഴിഞ്ഞ ആറു മത്സരങ്ങളും മെസി ഒഴിവാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ, ചെൽസി താരം ഗൊണ്‍സാലോ ഹിഗ്വെയ്ൻ, ഇന്റർ മിലാന്റെ ഇക്കാർഡി എന്നിവരെ അർജന്റീന കളിപ്പിച്ചില്ല. ചരിത്രത്തിൽ ഇതു രണ്ടാം തവണ മാത്രമാണ് വെനസ്വേല അർജന്റീനയെ പരാജയപ്പെടുത്തുന്നത്.
2013 ലെ ഐപിഎൽ വാതുവെയ്പു കേസ് വ്യക്തിപരമായി ഏറെ വേദനിപ്പിച്ച സംഭവമായിരുന്നുവെന്ന് മഹേന്ദ്രസിങ്ങ് ധോണി. കളിക്കാരുടെ അറിവോടെ ആയിരുന്നില്ല സംഭവം നടന്നതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും തിരിച്ചടി നേരിട്ടതുമായ കാലഘട്ടമായിരുന്നു ആ ഐപിഎൽ സീസണ്‍ എന്നും ധോണി പഞ്ഞു. ‘റോർ ഓഫ് ദ് ലയൺ’ എന്ന പേരിൽ പുറത്തിറക്കുന്ന ഡോക്യുഡ്രാമയിലാണ് ധോണി മനസു തുറന്നത്. ഒത്തുകളി വിവാദത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ഡോക്യു ഡ്രാമയാണിത്.
ആ സമയത്ത് രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു ഐപിഎല്‍ ഒത്തുകളി. അതിനു മാത്രം തങ്ങൾ എന്തു തെറ്റാണ് ചെയ്തതെന്നും ധോണി ചോദിക്കുന്നു. ”ടീമിനെ വിലക്കുന്ന ഘട്ടത്തിൽപ്പോലും താരങ്ങളെന്ന നിലയിൽ ഞങ്ങളും ക്യാപ്റ്റനെന്ന നിലയിൽ ഞാനും എന്തു തെറ്റു ചെയ്തു എന്നതായിരുന്നു മനസ്സിൽ ഉയർന്ന ചോദ്യം”, ധോണി പറയുന്നു.
”എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. ജീവിതത്തിൽ അന്ന് ഞാൻ തകർന്നതുപോലെ പിന്നീടൊരിക്കലും തകർന്നിട്ടില്ല. അതിനു മുൻപ് 2007ലെ ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ നിരാശപ്പെട്ടിരുന്നു. അന്നു പക്ഷേ തീരെ മോശം പ്രകടനം കാഴ്ചവച്ചാണ് ഞങ്ങൾ യോഗ്യതാ റൗണ്ടിൽത്തന്നെ പുറത്തായത്. ഐപിഎൽ വാതുവയ്പു വിവാദത്തിൽ അതായിരുന്നില്ല സ്ഥിതി’ – ധോണി പറഞ്ഞു.
”ടീമിന്റെ ഭാഗത്തുനിന്ന് പിഴവുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഏതെങ്കിലും കളിക്കാർക്ക് ഈ സംഭവവുമായി ബന്ധമുണ്ടോ? ഈ പ്രതിസന്ധി ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോകാൻ മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തത്? വാതുവച്ചെന്ന പേരിൽ പ്രചരിച്ച പേരുകളിൽ ഞാനുമുണ്ടായിരുന്നു. ടീമും താനുമെല്ലാം വാതുവയ്പിൽ പങ്കെടുത്തെന്ന തരത്തിലാണ് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വാർത്തകൾ പ്രചരിപ്പിച്ചത്.
ടീമംഗങ്ങളിൽ ഭൂരിഭാഗം പേരുടെയും അറിവോടെ മാത്രമേ ഒത്തുകളിക്കാന്‍ കഴിയൂ എന്നും ധോണി പറയുന്നു. ”അന്ന് ഈ സംഭവം എന്നെ ഒരുപാട് വേദനിപ്പിച്ചു. ആരോടും സംസാരിക്കുന്നതു പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ക്രിക്കറ്റ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഈ വിവാദങ്ങൾ കളിയെ ബാധിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഞാൻ ജീവിതത്തില്‍ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് ക്രിക്കറ്റ് കൊണ്ടാണ്. എനിക്കു ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് വാതുവെയ്പാണ്, അത് കൊലപാതകം പോലുമല്ല.
ടീം ഉടമകളായ ഗുരുനാഥ് മെയ്യപ്പൻ, രാജ് കുന്ദ്ര എന്നിവർ വാതുവെച്ചതായി തെളിഞ്ഞതിനെ തുടർന്ന് ചെന്നെ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയല്‍ ചലഞ്ചേഴ്സ് ടീമുകളെ രണ്ടു വർഷത്തേക്ക് ഐപിഎല്ലിൽ നിന്ന് വിലക്കിയിരുന്നു.
ഫോമിലല്ലെങ്കില്‍ കൂടി യുവരാജ് സിംഗിനെ ടീമിലെത്തിച്ചതില്‍ മുംബൈ ഇന്ത്യന്‍
നിന് വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരുന്നു. ഐപിഎല്‍ താരലേലത്തില്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയ്ക്ക് (ഒരു കോടി) മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരമാണ് യുവരാജ് സിംഗ്. പരിചയസമ്പന്നത മാത്രം മതി യുവി എന്ന താരത്തില്‍ ടീമിന് വിശ്വസമര്‍പ്പിക്കാന്‍. എന്നാല്‍ മുംബൈയില്‍ താരത്തിന്റെ റോള്‍ എന്താകുമെന്ന ചിന്തിക്കുന്ന ആരാധകര്‍ക്കുള്ള മറുപടി എത്തി കഴിഞ്ഞു. യുവിയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് വ്യക്തതയുണ്ട്.
‘ യുവരാജ് സിംഗ് ടീമിന് കരുത്താണ്. മധ്യനിരയില്‍ കളി നെയ്യാന്‍ കഴിയുന്ന പരിചയസമ്പന്നനായ ഒരു താരത്തെ തങ്ങള്‍ക്ക് ആവശ്യമാണ്. യുവരാജ് സിംഗ് അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് മികച്ചതായി തങ്ങള്‍ക്ക് ലഭിക്കാനില്ലെന്നും’ മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ സഹീറിന്റെ സഹതാരമായിരുന്നു യുവരാജ് സിംഗ്. യുവ്രാജ് പരിചയസമ്പന്നനായ താരമാണെന്നും മാച്ച് വിന്നറാണെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഈ സീസണില്‍ എല്ലാ മത്സരത്തിലും താന്‍ ഓപ്പണിംഗിന് ഇറങ്ങുമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ലോകകപ്പ് അടുത്ത് നില്‍ക്കെ കളിക്കാര്‍ എത്രത്തോളം ഐപിഎല്ലില്‍ തങ്ങളുടെ മികവ് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ ചെന്നൈയില്‍ വെച്ചാണ് ഉദ്ഘാടന മത്സരം.
സൂപ്പര്‍ താരങ്ങള്‍ ഒരു ടീമില്‍ അണിനിരക്കുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്. എന്നാല്‍, ഇക്കുറി ഐപിഎല്ലില്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
കോഹ്ലിയുടെ ക്യാപ്റ്റന്‍സി പരീക്ഷ
ഐപിഎല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ വമ്പന്‍ പ്രതീക്ഷയുമായെത്തുന്ന ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് ഇതുവരെ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ പോന്ന ഒരു കിരീടം പോലും നേടിയിട്ടില്ല. ഇക്കുറി കൂടി ടീം ദയനീയ പ്രകടനം നടത്തിയാല്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ചോദ്യങ്ങള്‍ ശക്തമായി ഉയര്‍ന്നു തുടങ്ങും. മികച്ച കളിക്കാരന്‍ ആണെങ്കിലും ക്യാപ്റ്റന്‍ എന്ന നിലിയില്‍ കോഹ്ലിയെ ധോണിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ ഇ്ന്ത്യന്‍ ക്യാപ്റ്റനായ കോഹ്ലി നെഗറ്റീവ് സോണിലാണ്. ഇക്കുറിയാകും ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിക്ക് യഥാര്‍ത്ഥ പരീക്ഷ.
ഇന്ത്യന്‍ പേസര്‍മാരുടെ വര്‍ക്ക്‌ലോഡ്
ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി എന്നിവര്‍ യഥാക്രമം മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി എന്നീ ടീമുകളുടെ സുപ്രധാന താരങ്ങളാണ്. ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഐപിഎല്ലില്‍ ഇവര്‍ക്ക് വിശ്രമം നല്‍കി ലോകകപ്പിന് ഫ്രഷ് ആയി ഇറങ്ങണമെന്നാണ് ആരാധകര്‍ ഇഷ്ടപ്പെടുന്നതെങ്കിലും അത് നടക്കാന്‍ പോകുന്നില്ല. ഈ താരങ്ങളെ ലോകകപ്പിനുള്ള ഫിറ്റ് നിലനിര്‍ത്തുന്നതിനായി ഫ്രാഞ്ചൈസികളുടെ പരിശീലകരും ഫിസിയോസും കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും. ഇവരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കളിപ്പിച്ചാല്‍ മതിയെന്നും ഇന്ത്യന്‍ ആരാധകര്‍ കരുതുന്നു. എങ്കില്‍ മാത്രമേ ലോകകപ്പിന് ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഇവരുടെ ആവനാഴിയില്‍ എന്തെങ്കിലുമുണ്ടാകൂ.
സംശയങ്ങള്‍ക്ക് രഹാനെ മറുപടി നല്‍കുമോ
ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍, അജിന്‍ക്യ രഹാനെ എന്ന താരത്തിന് കഴിഞ്ഞ കുറെയായി ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വിൡവന്നിട്ടില്ല എന്നത് പല കോണുകളിലും വിമര്‍ശനങ്ങളുയരാന്‍ തുടങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്.
ഫിംഗര്‍ സ്പിന്നര്‍മാരുടെ പ്രധാന്യം
യുസ്വേന്ദ്ര ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ഫിംഗര്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയുടെയും രവിചന്ദ്ര അശ്വിന്റെയും ഭാവിയാണ് മറ്റൊന്ന്. ജഡേജയ്ക്ക് പിന്നെയും അവസരങ്ങളുണ്ടെങ്കിലും അശ്വിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഐപിഎല്ലിലുള്ള പ്രകടനം ഒരു പക്ഷേ കാര്യങ്ങള്‍ മാറ്റി മറിച്ചേക്കാം.
വിജയ് ശങ്കറും നാലാം നമ്പറും
ഇന്ത്യന്‍ ടീമിന്റെ ലോകപ്പ് പ്ലാനുകളില്‍ വിജയ് ശങ്കര്‍ എന്ന ഓള്‍ റൗണ്ടറുമുണ്ട്. ടോപ്പ് ഓര്‍ഡറില്‍ സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാകും.
പുത്തന്‍ താരോദയങ്ങള്‍
8.4 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ തമിഴ്‌നാടിന്റെ ‘നിഗൂഢ’ സ്പിന്നര്‍ സി വരുണ്‍, ആര്‍സിബി അഞ്ച് കോടി രൂപയ്ക്ക് സ്വന്തമാക്കിയ ശിവം ദുബെ, 5.8 കോടിക്ക് പഞ്ചാബ് ടീമിലെടുത്ത പ്രഭ്ഷിംറന്‍ സിങ്, ആര്‍സിബിയുടെ 3.6 കോടിയുടെ താരം ആകാശ്ദീപ് നാഥ് തുടങ്ങിയവരാണ് പുതു പ്രതീക്ഷകള്‍.
സ്മിത്തിന്റെയും വാര്‍ണറിന്റെയും തിരിച്ചുവരവ്
പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം വിലക്കിലായിരുന്ന സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും തിരിച്ചുവരവാണ് ഐപിഎല്ലില്‍ കാത്തിരിക്കുന്ന മറ്റൊന്ന്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും രാജസ്ഥാന്‍ റോയല്‍സിനും മികവ് തെളിയിച്ച് താരങ്ങള്‍ തിരിച്ചുവരവ് ഗംഭീരമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഹാര്‍ദിക്കിന്റെ പരിക്ക്
പരിക്കും വിലക്കും വലയ്ക്കുന്ന പാണ്ഡ്യയുടെ കാര്യത്തില്‍ ഐപിഎല്ലോടെ ഒരു തീരുമാനമാകും. പരിക്കില്‍ നിന്നും മോചിതനായി ഐപിഎല്ലിനിറങ്ങുമെന്ന വാര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് ആശ്വാസം പകരുന്നതാണെങ്കിലും താരത്തിന്റെ പ്രകടനമാകും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുക.
ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രമേ ഒള്ളൂ എങ്കിലും ഇന്ത്യന്‍ ടീം ആരാധകര്‍ ആശങ്കയിലാണ്. ലോകകപ്പാണ് മുന്നില്‍ വരുന്നത്. ടീമിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. പ്രത്യേകിച്ച് ടീമിലെ നാലാമനായി ആര് ഇറങ്ങുമെന്ന കാര്യത്തില്‍. മുന്‍നിര തകര്‍ന്നാല്‍ ടീമിനെ കരകയറ്റാന്‍ കെല്‍പ്പുള്ള താരത്തെ കണ്ടെത്താനുള്ള കൊടിയ ശ്രമത്തിലാണ് ഇന്ത്യ.
ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം നാലാമനുള്ള പരീക്ഷയായിരുന്നു. അമ്പാട്ടി റായിഡുവും, ഋഷഭ് പന്തും, വിജയ് ശങ്കറുമെല്ലാം പരീക്ഷിക്കപ്പെട്ടുവെങ്കിലും ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്.
ലോകകപ്പ് ടീമിലെ നാലാമനായി ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തണമെന്നാണ് പോണ്ടിങ്ങിന്റെ അഭിപ്രായം. ഐപിഎല്ലില്‍ ശ്രേയസ് ക്യാപ്റ്റന്‍സി വഹിക്കുന്ന ഡല്‍ഹി കാപ്പിറ്റല്‍സിന്റെ പരിശീലകനാണ് പോണ്ടിങ്. റായിഡു, പന്ത്, ശങ്കര്‍ അങ്ങനെ. ശ്രേയസ് അയ്യരേയും പരീക്ഷിക്കണമായിരുന്നു. നല്ല താരമാണ്. നല്ല ആഭ്യന്തര സീസണായിരുന്നു. ചിലപ്പോള്‍ കെ.എല്‍.രാഹുലിനെയും അവര്‍ക്ക് പരിഗണിക്കാനാകും’ പോണ്ടിങ് പറഞ്ഞു.
നേരത്തെ ടീമിലെ നാലാമനായി ചേതേശ്വര്‍ പൂജാരയെ പരീക്ഷിക്കണമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ടീമിലെ നാലാമനെ കണ്ടെത്താതെ ആരാധകര്‍ക്ക് ആശ്വാസമാകില്ല. അതേസമയം, ശ്രേയസിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് അത്ര വിശ്വാസവും പോര!