ബ്രിസ്റ്റോള്‍: ക്രിക്കറ്റ് ലീഗില്‍ മറ്റൊരു കുതിപ്പിനായുള്ള ആവേശമുണര്‍ത്തി ”ബ്രിസ്റ്റോള്‍ ന്യൂ ഇലവന്‍സ്” പുതിയ ജേഴ്സികള്‍ പുറത്തിറക്കി. ശനിയാഴ്ച്ച വൈകുന്നേരം ഫിഷ്പോന്‍ഡ്സ് സെന്റ്. ജോസഫ്സ് ഹാളില്‍ നടന്ന യോഗത്തില്‍ ആണ് ജേഴ്സികള്‍ വിതരണം ചെയ്തത്. ക്ലബ്ബിന്റെ പ്രധാന സ്‌പോണ്‍സറായ ‘ലണ്ടന്‍ മലയാളം റേഡിയോ’ ഡയറക്ടര്‍ ജെറി കുര്യന്റെ സാന്നിധ്യത്തില്‍ ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന് (ബ്രിസ്ക) പ്രസിഡന്റ് മാനുവല്‍ മാത്യു യോഗം നിലവിളക്കുകൊളുത്തി ഉത്ഘാടനം ചെയ്തു. മത്സരങ്ങള്‍ക്കുപരി സൗഹൃദ സമ്പാദനത്തിനും സാമൂഹ്യാവബോധനത്തിനും ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാവട്ടെയെന്നു ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ക്ലബ് ചെയര്മാന് മനോജ് വര്‍ഗീസ് അധ്യക്ഷനായിരുന്നു. ക്ലബ് ട്രഷററും ടീം ക്യാപ്റ്റനുമായ പ്രതാപ് രാമചന്ദ്രന്, ക്ലബ് സെക്രട്ടറി നോയല്‍ നെവിസ് എന്നിവരും സ്റ്റേജില്‍ സന്നിഹിതരായിരുന്നു. രതീഷ് ശശി സ്വാഗതവും നോയല്‍ നെവിസ് നന്ദിയും പറഞ്ഞു.
ബ്രിസ്റ്റോള്‍ എയ്സ് പ്രതിനിധികളായ ക്യാപ്റ്റന് ജെയിംസ് തോമസ് (അനു), സെക്രട്ടറി ജെറിന് മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ന്യൂ ഇലവന്‍സ് ഡെവലപ്മെന്റ് ഓഫീസറും ടീം വൈസ് ക്യാപ്റ്റനുമായ ഡെല്‍മി മാത്യു, ഫിക്സ്ചര്‍ സെക്രട്ടറി രതീഷ് ശശി, വെല്‍ഫെയര്‍ ഓഫിസര്‍ മില്‍ട്ടണ്‍ ജോണ്‍, ജൂനിയര്‍ കോഓര്‍ഡിനേറ്റര്‍ രാകേഷ് ജനാര്ദ്ദനന് പിള്ള, ടീം അംഗങ്ങളായ അനീഷ്, ബേസില്‍, എബ്രഹാം സിഡ്നി, സുരേഷ്, സുരേഷ് ടോം,ജീസ്, ഡയോണി, ജോഷി, ഉമേഷ്, ജോഷി ഡാനിയേല്‍, ദിനേശ്, റ്റിജു, ജെറില്‍, എല്‍ദോ, ആഷ്, ജസ്റ്റിന്‍, ജോഷി പോള്‍, രാജീവ്, ജിജോ, ജയകുമാര്‍, ജോണ്‍ എന്നിവരും സദസിന്റെ മുന്‍നിരയിലുണ്ടായിരുന്നു.
ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ ജെറി കുര്യന് ആണ് ജേഴ്സി വിതരണത്തിന് തുടക്കം കുറിച്ചത്. ക്യാപ്റ്റന് പ്രതാപ് രാമചന്ദ്രന്, വൈസ് ക്യാപ്റ്റന് ഡെല്‍മി മാത്യു എന്നിവരാണ് ആദ്യം ജേഴ്സികള്‍ കൈപ്പറ്റിയത്. തുടര്‍ന്ന് ടീം അംഗങ്ങള്‍ ഒരോരുത്തരായി അവരവരുടെ പേരുകള്‍ അടങ്ങുന്ന ജേഴ്സി കിറ്റുകള്‍ സ്വന്തമാക്കി. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്നേഹവിരുന്നിലും ക്ഷണിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ എല്ലാവരും പങ്കുചേര്‍ന്നു.
ആഴ്സെനല്‍ ഫുട്ബോള്‍ ക്ലബ്ബിനോടുള്ള ആരാധന മൂത്ത് കുഞ്ഞിന് ക്ലബ് താരത്തിന്റെ പേരിട്ട മലപ്പുറം കാരന് ആഴ്സനലിന്റെ ആദരം. മലപ്പുറം, മഞ്ചേരി സ്വദേശിയായ ഇന്‍സമാമിനെക്കുറിച്ചുള്ള വീഡിയോ ആഴ്സനല്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ക്ലബ് താരമായ മെസുദ് ഓസിലിന്റെ പേരാണ് ഇന്‍സമാം കുഞ്ഞിന് നല്‍കിയത്. ഇന്‍സമാം-ഫിദ സനം ദമ്പതികള്‍ക്ക് കഴിഞ്ഞ ഡിസംബറിലായിരുന്നു കുഞ്ഞ് പിറന്നത്.
ഭാര്യ ഗര്‍ഭിണിയായപ്പോള്‍ത്തന്നെ ആണ്‍കുട്ടിയാണ് പിറക്കുന്നതെങ്കില്‍ ആഴ്സെനല്‍ താരത്തിന്റെ പേരായിരിക്കും നല്‍കുകയെന്ന് തീരുമാനിച്ചിരുന്നുവെന്ന് ഇന്‍സമാം വീഡിയോയില്‍ പറയുന്നു. മതവിശ്വാസിയായതിനാല്‍ മുസ്ലീം പേരിനോടായിരുന്നു താല്പര്യം. എല്‍നെനി എന്ന പേരും പരിഗണിച്ചെങ്കിലും ഒടുവില്‍ മെസുദ് ഒസിലിന്റെ പേര് നല്കാന് തീരുമാനിക്കുകയായിരുന്നു. താന്‍ ഓസിലിന്റെ ആരാധകനാണെന്നും ഇന്‍സമാം പറയുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ടൂര്‍ണമെന്റാണ് സന്തോഷ് ട്രോഫി. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം സന്തോഷ് ട്രോഫിയിലെ മത്സരങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്നില്ല.
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരങ്ങളില്‍ ചിലത് സംപ്രേഷണം ചെയ്തിരുന്നു. ഒരേ സമയത്ത് രണ്ട് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഒരു മത്സരം മാത്രമായിരുന്നു എഫ്ബിയില്‍ ലൈവ് ആയി കാണിച്ചിരുന്നത്.
കേരളം ഫൈനലില്‍ ബംഗാളുമായി ഏറ്റുമുട്ടിയപ്പോള്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ലാത്തതിലുളള നിരാശ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കയാണ് ടൂര്‍ണമെന്റ് ജേതാവായ കേരള ടീമില്‍ നിന്നുമുള്ള അഫ്ദല്‍ മുത്തു. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പേജു വഴി മത്സരം കാണിച്ചത് അതില്‍ നിന്നുള്ള വരുമാനം ലക്ഷ്യം വെച്ചായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അഫ്ദല്‍ പറഞ്ഞു. മാത്രമല്ല പേജിനെ ആളുകള്‍ക്കിടയില്‍ മാര്‍ക്കറ്റു ചെയ്യാനുള്ള നീക്കം കൂടി അതില്‍ ഉണ്ടായിരുന്നുവെന്നും മലപ്പുറം സ്വദേശിയായ താരം മാധ്യമങ്ങളോടു പറഞ്ഞു.
ഏതാണ്ട് നാല്പതിനായിരത്തില് അധികം പേരാണ് സന്തോഷ് ട്രോഫി മത്സരം ഫേസ്ബുക്ക് ലൈവ് വഴി കണ്ടത്. എന്നാല്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ലാത്തതിനാല്‍ സാധാരക്കാരായ ഫുട്ബോള്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ കഴിഞ്ഞില്ലായിരുന്നു.അടുത്ത പ്രാവശ്യം മുതല്‍ മത്സരത്തിന്റെ സംപ്രേഷണം ഉണ്ടാവണമെന്ന് ആരാധകര്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. ആവേശകരമായ ഫൈനലില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണു കേരളം ജേതാക്കളായത്.
കുട്ടിക്രിക്കറ്റിന്റെ വസന്തകാലം വിരിയിച്ച ഐപിഎൽ വീണ്ടുമെത്തുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11-ാം സീസണ്‍ ഏപ്രിൽ ഏഴിനു മുംബൈയിൽ തുടക്കം കുറിക്കും. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
കുട്ടിക്രിക്കറ്റിന്റെ ആവേശം സിരകളിലേറ്റുവാങ്ങി ആരാധകർ ആഘോഷത്തിമർപ്പിലേറുന്ന നാളുകളാണ് പിന്നീട്. എട്ട് ടീമുകൾ തങ്ങളുടെ ശക്തിപരീക്ഷണങ്ങൾക്ക് മൈതാനത്തിറങ്ങും. ആകെ 60 മത്സരങ്ങൾ. മേയ് 27നു മുംബൈയിലാണ് ഫൈനൽ.
ഐപിഎലിൽ മലയാളികളുടെ ആവേശവും ചെറുതല്ല. സ്വന്തമായി ടീമില്ലെങ്കിലും മലയാളക്കരയ്ക്ക് അഹങ്കരിക്കാൻ അരഡസൻ താരങ്ങൾ ഐപിഎൽ പോരാട്ടങ്ങൾക്ക് തയാറെടുക്കുന്നു. ഇതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്. 11-ാം എഡിഷൻ ഐപിഎലിൽ വിവിധ ടീമുകൾക്കൊപ്പമുള്ള ആറു മലയാളി താരങ്ങളെക്കുറിച്ച്…
സഞ്ജു സാംസണ്
2013 സീസണിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണ് ഇതുവരെ നേടിയത് 1,426 റണ്‍സ്. ശരാശരി – 25.46. സ്ട്രൈക്ക് റേറ്റ് – 124.43. ഇതിൽ കഴിഞ്ഞ സീസണിൽ റൈസിംഗ് പൂണെ സൂപ്പർ ജയന്റ്സിനെതിരെ വെറും 63 പന്തിൽ നേടിയ ഉജ്വല സെഞ്ചുറിയും ഏഴു അർധ സെഞ്ചുറിയും ക്രെഡിറ്റിലുണ്ട്. ഇത്തവണ എട്ട് കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ സ്വന്തം പാളയത്തിൽ എത്തിച്ചിരിക്കുന്നത്.
ബേസിൽ തന്പി
2017 സീസണിൽ അരങ്ങേറ്റത്തിൽ തന്നെ എമേർജിംഗ് പ്ലെയർ അവാർഡ് നേടിയാണ് ബേസിൽ തന്പി വരവറിയിച്ചത്. 12 മൽസരങ്ങളിൽ നിന്നും 11 വിക്കറ്റാണ് കഴിഞ്ഞ വർഷം തന്പി നേടിയത്. 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
സച്ചിൻ ബേബി
2013-ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ബേബിക്ക് ഇതുവരെയും തന്റെ മികവിനൊത്ത പ്രകടനം നടത്താനായിട്ടില്ല. ആദ്യ സീസണിൽ നാലു മൽസരങ്ങളിൽ മാത്രമാണ് സച്ചിൻ ബേബിക്ക് അവസരം കിട്ടിയത്. 2016 സീസണിൽ ബംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ ക്യാംപിലെത്തിയ സച്ചിൻ ബേബി 11 മൽസരങ്ങളിൽ കളിച്ചു.
കോഹ്ലി -ഡിവില്ലിയേഴ്സ്-ഗെയ്ൽ തുടങ്ങിയ വന്പനടിക്കാരുടെ ടീമിൽ 150-നു മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്തിയ താരത്തിന്റെ മികച്ച സ്കോർ 33 ആണ്. ഇക്കുറി 20 ലക്ഷം രൂപയ്ക്കാണ് സച്ചിൻ ബേബിയെ സണ്‍റൈസേഴ്സ് തങ്ങളുടെ താവളത്തിലെത്തിച്ചിരിക്കുന്നത്. പുതിയ സീസണിൽ മികച്ച പ്രകടനമാണ് കേരള ടീം ക്യാപ്റ്റൻ ലക്ഷ്യമിടുന്നത്.
കെ.എം. ആസിഫ്
രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഇതുവരെ കളിക്കാത്ത താരമാണ് പേസ് ബൗളറായ കെ.എം. ആസിഫ് ഐപിഎൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. 2018 ഐപിഎലിൽ എം.എസ്. ധോണി നായകനായ ചെന്നൈ സൂപ്പർ കിംഗ്സ് 40 ലക്ഷം രൂപയ്ക്കാണ് ആസിഫിനെ സ്വന്തമാക്കിയത്.
കായികലോകത്തേക്ക് ആസിഫ് എത്തിയത് ഫുട്ബോൾ തട്ടിക്കൊണ്ടാണ്. സ്കൂൾ തലത്തിൽ കാൽപ്പന്തുകളിയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, ജിവി രാജ സ്പോർട്സ് സ്കൂളിലെത്തിയതോടെ ഈ മലപ്പുറം സ്വദേശിക്ക് പിന്നീടെല്ലാം ക്രിക്കറ്റ് മാത്രമായി. അങ്ങനെ ഇത്തവണ ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായി.
ഓസീസ് പേസർ ഗ്ലെൻ മഗ്രാത്തിന്റെ ശിക്ഷണത്തിൽ ഉജ്വല പേസറായി തീർന്നിരിക്കുകയാണ് ആസിഫ്. 140 കിലോമീറ്റർ ശരാശരി വേഗത്തിലാണ് ഈ 24-കാരന്റെ ബൗളിംഗ്. കേരളത്തിനായി വിജയ് ഹസാരെ മത്സരത്തിൽ കഴിഞ്ഞ വർഷം അരങ്ങേറി.
ഒരു ലിസ്റ്റ് എ മത്സരവും രണ്ട് ട്വന്റി-20യും മാത്രമാണ് കേരളത്തിനായി കളിച്ചത്. ലിസ്റ്റ് എ മത്സത്തിൽ 65 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്. രണ്ട് ട്വന്റി-20യിൽ നിന്നായി അഞ്ച് വിക്കറ്റുകൾ പിഴുതു. 25 റണ്‍സിന് മൂന്ന് വിക്കറ്റാണ് ട്വന്റി-20യിലെ മികച്ച പ്രകടനം.
എസ്. മിഥുൻ
രഞ്ജിയിൽ അരങ്ങേറ്റം കുറിക്കാത്ത കളിക്കാരനാണ് ആലപ്പുഴ സ്വദേശിയായ എസ്. മിഥുൻ. 23 വയസുകാരനായ ഈ ലെഗ്സ്പിന്നറെ രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് മിഥുനായി റോയൽസ് മുടക്കിയത്.
സയീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി പുറത്തെടുത്ത മികവാണ് സെലക്ടർമാരുടെ കണ്ണിലുടക്കിയത്. സഞ്ജു വി. സാംസണിനൊപ്പമാണ് മിഥുൻ രാജസ്ഥാനിൽ കളിക്കാൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ലിസ്റ്റ് എ മത്സരത്തിൽ പത്ത് ഓവറിൽ 41 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. വിക്കറ്റ് നേടാൻ സാധിച്ചില്ല. മൂന്ന് ട്വന്റി-20യിൽ കേരളത്തിനായി കളിച്ചു. പത്ത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം. ഐപിഎൽ അരങ്ങേറ്റം ഉജ്വലമാക്കാനുള്ള ശ്രമത്തിലാണ് മിഥുൻ.
എം.ഡി. നിധീഷ്
കോട്ടയം സ്വദേശിയായ എം.ഡി. നിധീഷിനെ മുംബൈ ഇന്ത്യൻസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് ഈ ഇരുപത്തിയാറുകാരനായി മുംബൈ മുടക്കിയത്. പരമാവധി വേഗതയിൽ പന്തെറിയുകയാണ് നിധീഷിന്റെ ഹരം. രഞ്ജി ട്രോഫിയിൽ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് മുംബൈയിലേക്കുള്ള വാതിൽ നിധീഷിനു മുന്നിൽ തുറക്കാൻ കാരണം.
ഐപിഎൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ യുവതാരം. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 21 വിക്കറ്റ് വീഴ്ത്തി. 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിംഗ്. നാല് ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചു. ഒന്‍പത് വിക്കറ്റ് വീഴ്ത്തി. 41 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ സിസര്‍ കട്ട് ഗോള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ യുവന്റസ് ആരാധകര്‍ പോലും ആ ഗോള്‍ കണ്ട് എഴുന്നേറ്റ് നിന്ന് കൈയ്യടി്ച്ചു പോയി. റയില്‍ പിശീലകന്‍ അമ്പരന്ന് തലയില്‍ കൈവെച്ച് പോയ കാഴ്ച്ചയും ഫുട്ബോള്‍ ലോകം കണ്ടു.
എന്നാല്‍ ഗോള്‍ പിറന്നതോടെ റിസര്‍ബെഞ്ചിലിരിക്കുകയായിരുന്ന റൊണാള്‍ഡോയുടെ സഹതാരം ഗ്യാരത് ബെയ്ലിന്റെ മുഖത്ത് നിഴലിച്ച നിരാശയായിരുന്നു. സഹതാരങ്ങളെല്ലാം ഗോളില്‍ മതിമറന്ന് ആഹ്ലാദിച്ചപ്പോള്‍ മൗനിയായിട്ടായിരുന്നു ബെയ്ല് റിസര്‍വ്വ് ബെഞ്ചിലിരുന്നത്.
നിര്‍ണായക പോരാട്ടത്തില്‍ തനിക്ക് ആദ്യ ഇലവനില്‍ കോച്ച് സൈനുദ്ദീന്‍ സിദാന് അവസരം നല്‍കാത്തതിലുള്ള അനിഷ്ടം ബെയിലിന്റെ മുഖത്ത് പ്രകടമായിരുന്നു. ബെയിലിന് പകരം ഇസ്ക്കോക്കാണ് ആദ്യ ഇലവനില്‍ സിദാന് അവസരം നല്‍കിയത്. യുവന്റസിനെതിരെ റിസര്‍വ് ബഞ്ചില്‍ മറ്റാവോ കോവാസിച്ച്, മാര്‍ക്കോ അസുന്‍സിയോ, ലുക്കാസ് വാക്കസ് എന്നിവര്‍ക്ക് സിദാന് അവസരം നല്കിയപ്പോള് ബെയിലിന് അവസരമുണ്ടായിരുന്നില്ല.
മത്സരത്തിന്റെ 64ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ബൈസൈക്കിള്‍ കിക്ക് ഗോള്‍ പിറന്നത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയലിന്റെ വിജയം.
കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തില്‍ കേരള ഫുട്‌ബോളിന് ഉയര്‍ത്തെഴുന്നേല്‍പ്പ്. 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കീഴടക്കിയാണ് കേരളം ആറാം കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകായിരുന്നു.
കേരളത്തിന്റെ ഗോള്‍കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും മിഥുന്‍ തടഞ്ഞു. രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍, സീസണ്‍ എന്നിവര്‍ കേരളത്തിനായി ലക്ഷ്യം കണ്ടു. അതേസമയം ക്യാപ്റ്റന്‍ ജിതേന്‍ മുര്‍മുവിനെ ഗോള്‍കീപ്പറാക്കി ബംഗാള്‍ പരീക്ഷണം നടത്തിയെങ്കിലും അതൊന്നും കേരളത്തിന്റെ വിജയത്തെ തടയാനായില്ല.
കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പശ്ചിമ ബംഗാളിന്റെ ആക്രമണമായിരുന്നു. ഒമ്പതാം മിനിറ്റില്‍ ബോക്‌സിന് തൊട്ടടുത്ത് വെച്ച് സീസണെടുത്ത ഫ്രീ കിക്കായിരുന്നു കേരളത്തിന് ലഭിച്ച ആദ്യ അവസരം. പന്ത് ലക്ഷ്യം തെറ്റി. എന്നാല്‍ 19-ാം മിനിറ്റില്‍ കിട്ടിയ അവസരം കേരളം മുതലെടുത്തു. ബംഗാളിന്റെ പാഴായിപ്പോയ ഒരു നീക്കത്തിനൊടുവില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കേരളത്തിന്റെ ഗോള്‍ വന്നത്. ഏകദേശം ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് സീസണ്‍ നല്‍കിയ പന്തുമായി കുതിച്ച ജിതിന്‍ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാള്‍ ഗോള്‍കീപ്പറേയും മറികടന്ന് പന്ത് വലയിലെത്തി (1-0)
പിന്നീട് ബംഗാള്‍ നിരവധി അവസരങ്ങള്‍ മെനഞ്ഞെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. തിര്‍തങ്കര്‍ സര്‍ക്കാര്‍ നിറഞ്ഞുകളിച്ചെങ്കിലും ബംഗാളിന് ഗോള്‍ മാത്രം അകന്നുനിന്നു. 34-ാം മിനിറ്റില്‍ അഫ്ദാലിന്റെ ക്രോസില്‍ ജിതിന്‍ ഗോപാലാന് സുവര്‍ണാവസരം ലഭിച്ചെങ്കിലും പന്ത് കണക്റ്റ് ചെയ്യാനായില്ല. അഞ്ചു മിനിറ്റിന് ശേഷം ലഭിച്ച ലീഡുയര്‍ത്താനുളള അവസരം അഫ്ദാല്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് പുറത്തേക്കടിച്ചു. 46-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജിതിന്‍ എം.എസിന് ഗോള്‍നേട്ടം രണ്ടാക്കാനുള്ള അവസരം ലഭിച്ചു. എന്നാല്‍ പോസ്റ്റിന് മുന്നില്‍ വെച്ചുള്ള കണ്‍ഫ്യൂഷനില്‍ ജിതിനും പിന്നീട് അഫ്ദാലും ലക്ഷ്യം കണ്ടില്ല. തൊട്ടടുത്ത മിനിറ്റില്‍ ബംഗാളും ഒരു ശ്രമം നടത്തി. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ പാസില്‍ ജിതേന്‍ മുര്‍മുവിന്റ ശ്രമം കേരള പ്രതിരോധം തടയുകയായിരുന്നു.
രണ്ടാം പകുതിയില്‍ ബംഗാളിന്റെ പ്രതിരോധം പാളിയതോടെ കേരളത്തിന് അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 68ാം മിനിറ്റില്‍ മനോഹരമായൊരു നീക്കത്തിനൊടുവില്‍ ജിതേന്‍ മുര്‍മുവാണ് ബംഗാളിനെ ഒപ്പമെത്തിച്ചത്. രാജന്‍ ബര്‍മന്റെ കൃത്യതയാര്‍ന്ന ക്രോസ് വലയിലെത്തിക്കുന്നതില്‍ ബംഗാള്‍ ക്യാപ്റ്റന് പിഴച്ചില്ല. (1-1). നിശ്ചിത സമയത്ത് കേരളവും ബംഗാളും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. ഏറെ നാടകീയത നിറഞ്ഞ അധിക സമയത്ത് രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബംഗാള്‍ പത്ത് പേരായി ചുരുങ്ങി. ഒടുവില്‍ മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കി നില്‍ക്കെ വിപിന്‍ തോമസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ കേരളത്തിന് 2-1ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍ അതേ നാണയത്തില്‍ ബംഗാള്‍ തിരിച്ചടിച്ചു. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ സുന്ദരമായ ഫ്രീ കിക്ക് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേത്തിച്ചു.
2004-ല്‍ ഡല്‍ഹിയിലായിരുന്നു കേരളത്തിന്റെ അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് കേരളം ഫൈനലില്‍ തോല്‍പ്പിച്ചത്. 2013-ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.
സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഒരു ഗോളിന് മുന്നിൽ. എം.എസ്. ജിതിനാണ് ബംഗാളിനെതിരെ കേരളത്തിന്റെ ഗോൾ നേടിയത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മൽസരം പുരോഗമിക്കുകയാണ്. അഞ്ച് വർഷത്തിന് ശേഷം കേരളം ഫൈനൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
സതീവൻ ബാലൻ എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ ശക്തരാണ് കേരള ടീം. ഓരോ കളിയിലും അവസരത്തിനൊത്ത് ഉയർന്ന യുവ താരങ്ങളിലാണ് പ്രതീക്ഷയത്രയും. അവസാന ലീഗ് മത്സരത്തിൽ കേരളത്തിനോട് പരാജയപ്പെട്ടതിനാൽ ബംഗാൾ പുതിയ തന്ത്രങ്ങളുമായാണ് ഇറങ്ങിയത്. അത് മറികടക്കാനുള്ള കരുത്തും ആത്മവിശ്വാസവും കേരളത്തിനുണ്ടെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, തുടക്കം മുതൽ ആക്രമിച്ച് കളിച്ച് ആദ്യം ഗോൾ നേടുക എന്നതായിരിക്കും കേരളം ലക്ഷൃമിടുന്നത്. ബംഗാൾ കരുത്തരാണ് എന്നതിനാൽ തന്നെ കേരളം പ്രതിരോധം കൂടുതൽ ശക്തമാക്കും. ഗോൾവല കാക്കാൻ വി.മിഥുൻ മികച്ച ഫോമിലായതിനാൽ ടീമിന് ആത്മവിശ്വാസമേറും. എം. എസ്.ജിതിനും കെ.പി.രാഹുലും സീസണും രാഹുൽ വി രാജുമൊക്കെ ഫോം നില നിർത്തിയാൽ ഫലം അനുകൂലമാകും. ആതിഥേയർ ആയതിനാൽ ഗ്രൗണ്ട് സപ്പോർട്ട് ബംഗാളിന് അനുകൂലമായിരിക്കും.
നാലരപതിറ്റാണ്ട് മുമ്പാണ് കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട നേട്ടം. പിന്നീടിങ്ങോട്ട് നാല് തവണകൂടി കേരളം സന്തോഷക്കിരീടം ചൂടി. പതിനാല് വര്‍ഷമായുള്ള കാത്തിരിപ്പിന് അവസാനംകുറിക്കാനാണ് രാഹുല്‍ വി.രാജും സംഘവും ഇന്നിറങ്ങിയത്.
സിഡ്‌നി: കഴിഞ്ഞ കുറേ ദിവസങ്ങളായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. വിവാദ വിഷയത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ച് താരം പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാത്തിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് പറഞ്ഞു.
എന്റെ എല്ലാ ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും മാപ്പു പറയുന്നു. എന്റെ നേതൃത്വത്തിന് പിഴവുപറ്റി. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി എന്തും ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുടുംബത്തിന് പോലും താന്‍ നാണക്കേടുണ്ടാക്കി. ചെയ്തുപോയ തെറ്റ് കാലം മായ്ച്ചു കളയുമെന്നാണ് പ്രതീക്ഷയെന്നും. മൈതാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിലൂടെ വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസീസ് നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ താരത്തെ ഒരു വര്‍ഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയിട്ടുണ്ട്. സ്മിത്തിനെ കൂടാതെ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കുണ്ട്. പന്ത് ചുരണ്ടിയ യുവതാരം ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കാണ് വിലക്കിയത്. വരാനിരിക്കുന്ന ഐപിഎല്‍ സീസണും മൂവര്‍ക്കും നഷ്ടമാകും. സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെയും വാര്‍ണര്‍ സണ്‍റൈസേഴ്‌സിന്റെയും നായകന്മാരായിരുന്നു.
വീഡിയോ കാണാം.
സിഡ്നി: പന്തില്‍ കൃത്രിമം കാണിക്കാന്‍ കൂട്ടുനിന്ന കുറ്റത്തിന് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകനായിരുന്ന ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും വിലക്കിയിട്ടുണ്ട്.
ഇതോടെ മൂന്ന് പേര്‍ക്കും തുടങ്ങാനിരിക്കുന്ന ഐപിഎല്‍ സീസണും നഷ്ടമാകുമെന്നാണ് കരുതുന്നത്. നേരത്തെ വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെയും സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെയും നായകസ്ഥാനം രാജിവെച്ചിരുന്നു. ഓസീസ് ക്രിക്കറ്റ് ബോര്‍ഡിനെ നാണം കെടുത്തുന്ന നടപടിയാണ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കുക വഴി ചെയ്തതെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
നേരത്തെ സ്മിത്തിനെ ഐ.സി.സി ഒരു മത്സരത്തില്‍ നിന്നും വിലക്കുകയും മാച്ച് ഫീയുടെ 100 ശതമാനം പിഴയും വിധിച്ചിരുന്നു. ബാന്‍ക്രോഫ്റ്റിന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും ഐ.സി.സി വിധിച്ചിരുന്നു. ഇതിനു പുറമെയാണ് പുതിയ നടപടി. നായകനും ഉപനായകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് സംഭവത്തില്‍ പങ്കുളളതെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇവര്‍ക്കെതിരെയാണ് വിലക്കുമായി ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നതും.
പന്തിൽ കൃതിമം കാട്ടിയ സംഭവത്തിനു പിന്നിലെ പ്രധാനിയെന്ന് ആരോപിക്കപ്പെടുന്ന ഡേവിഡ് വാർണര്‍ക്കെതിരെയും ഓസീസ് ടീം ക്യാംപിലും പ്രതിഷേധം കത്തിയതായി റിപ്പോര്‍ട്ടുകള്‍. ടീം താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഡേവിഡ് വാര്‍ണറും ചില താരങ്ങളും കയ്യാങ്കളി നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫോക്സ് സ്പോർട്സ് ഓസ്ട്രേലിയയുടെ റിപ്പോർട്ട് അനുസരിച്ച് കേപ്ടൗണിലെ ടീം ബാറിൽ നിന്ന് മദ്യപിച്ച ശേഷം സഹതാരങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. കയ്യാങ്കളിയുടെ വക്കിൽ എത്തിയതോടെയാണ് താരത്തോട് ഹോട്ടൽ വിട്ടു പുറത്തു പോകുവാൻ സഹതാരങ്ങൾ ആവശ്യപ്പെട്ടത്. വിവാദത്തിൽ തന്നെ മാത്രം വേട്ടയാടുന്നതിൽ വാർണർ അസ്വസ്ഥനായിരുന്നുവെന്നും സഹതാരങ്ങളോട് ക്ഷുഭിതനായാണ് പെരുമാറിയതെന്നും ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് അനുസരിച്ച് വാർണർ തന്നെയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തു പോയത്.
കയ്യാങ്കളി ഒഴിവാക്കാൻ വാർണറെ ടീം ഹോട്ടലിൽ നിന്ന് പുറത്താക്കണമെന്ന് ഇന്നലെ തന്നെ താരങ്ങൾ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പന്തിൽ കൃതിമം കാട്ടാനുളള തീരുമാനത്തെ കുറിച്ച് അറിവില്ലാതിരുന്ന ജൂനിയർ താരങ്ങളാണ് വാർണർക്കെതിരെ തിരിഞ്ഞത്. ടീമംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് വാർണറെ പുറത്താക്കിയെന്നും വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കയ്യാങ്കളി വിവരം പുറത്തുവന്നത്. ടീം ഹോട്ടലിൽ ഒറ്റയ്ക്കിരുന്ന വാർണറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്തൊരു തലയെടുപ്പമുളള താരമായിരുന്നു ഡേവിഡ് വാർണർ..! . ഏത് പ്രതിസന്ധി ഘട്ടത്തിലും നെഞ്ചുറപ്പോടെ തലയുയുർത്തി ക്രിസിൽ നിൽക്കുന്ന വാർണര്‍ക്കെതിരെ പന്തെറിയാൻ ഏത് ബൗളറും ഒന്ന് മടിക്കും. ആതമവിശ്വാസത്തിന്റെ അവസാന വാക്കായിരുന്നു ആ മനുഷ്യന്‍. ഒടുവില്‍ വാര്‍ണറും അയാൾ തലതാഴ്ത്തി മടങ്ങിരിക്കുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് ആരാധകരുടെയും നെഞ്ചില്‍ ചവിട്ടിയാണ് പടിയിറക്കം. പന്തുചുരുണ്ടൽ വിവാദത്തിന്റെ സൂത്രധാരൻ വാർണറാണെന്നായിരുന്നു വാർത്തകൾ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോർട്ട് വാർണർ കുറ്റക്കാരനാണെന്ന് ഉറപ്പിച്ചു. പന്ത് ചുരണ്ടിയതില്‍ ക്യാപ്റ്റനടക്കം മൂന്നുപേര്‍ക്ക് മാത്രം പങ്കെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. പങ്കുണ്ടെന്ന് തെളിഞ്ഞ മൂന്ന് താരങ്ങളെയും ഓസ്ട്രേലിയയ്ക്ക് തരിച്ചയക്കാൻ മാനേജ്മെന്റ് തീരുമാനിക്കുകയും ചെയ്തു.
പന്തുചുരണ്ടൽ വിവാദത്തെത്തുടർന്ന് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ സണ്‍റൈസേഴ്സ് നായകസ്ഥാനം ഒഴിഞ്ഞു. നേരത്തെ ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. പന്തുചുരണ്ടലിൽ ഉൾപ്പെട്ട മൂന്നു പേര്‍ക്കുമെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.
നാണം കെട്ട പന്തു ചുരണ്ടൽ; ഓസ്ട്രേലിയ വിവാദത്തിൽപ്പെട്ടതിങ്ങനെ
ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുലച്ച വാർത്തയാണ് ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഉയർന്ന പന്ത് ചുരണ്ടല്‍ വിവാദം. മുതിർന്ന താരങ്ങളായ ക്യാപ്റ്റൻ സറ്റീവ് സ്മിത്തും. ഓപ്പണിങ്ങ് ബാറ്റ്സ്മാൻ കാമറൂൺ ബാൻക്രോഫ്റ്റും ടീമിലുള്ളവരുടെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തിയത് ആഘാതത്തിന്റെ ആക്കം കൂട്ടി.
121 റൺസെടുത്ത് ലീഡിൽ നിൽക്കുന്ന ദക്ഷിണാഫ്രിക്കയെ എങ്ങനെയും തകർക്കുക എന്നതായിരുന്നു ലക്ഷ്യം. ക്യാപ്റ്റനെന്ന നിലയിൽ സ്റ്റീവ് സ്മിത്തും അദ്ദേഹത്തിന്റെ ഭാഷയിൽ ടീമിലെ ‘ലീഡർഷിപ് ഗ്രൂപ്പും’ ചേർന്നാണ് കൃത്രിമം കാട്ടാമെന്ന് തീരുമാനിച്ചത്. ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെട്ട ‘ലീഡർഷിപ് ഗ്രൂപ്പ്’ എന്നല്ലാതെ ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്ന് സ്മിത്ത് വെളിപ്പെടുത്തിയില്ല. പന്തു ചുരണ്ടി റിവേഴ്സ് സ്വിങ് കണ്ടെത്താനായിരുന്നു ശ്രമം.
ഓസ്ട്രേലിയൻ ടീമിലെ അത്ര ശ്രദ്ധിക്കപ്പെടുന്ന താരമല്ലാത്ത കാമറൂൺ ബാൻക്രോഫ്റ്റിനെയാണ് സാൻഡ്പേപ്പറുപയോഗിച്ച് പന്തുചുരുണ്ടാനുള്ള ദൗത്യം ഏൽപ്പിച്ചത്. കാമറാക്കണ്ണുകൾ ബാൻക്രോഫ്റ്റിനെ ശ്രദ്ധിക്കില്ല എന്ന ചിന്തിയിലായിരുന്നു ഈ നീക്കം. പന്ത് കൈയിൽ കിട്ടിയപ്പോഴൊക്കെ ബാൻക്രോഫ്റ്റ് ചുരണ്ടൽ തകൃതിയാക്കി. പക്ഷെ പണിപാളിയത് അവിചാരിതമായാണ്. അസാധാരണമായ രീതിയിൽ ബാൻക്രോഫ്റ്റ് ‘എന്തോ’ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ടിവി ക്യാമറാമാൻമാർ ഈ ദൃശ്യം മൊത്തം പകർത്തി. പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ഇതു വ്യക്തമായി പ്രദർശിപ്പിച്ചു. പന്തു ചുരണ്ടാൻ ഉപയോഗിച്ച സാൻഡ് പേപ്പർ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ബാന്‍ക്രോഫ്റ്റും സ്ക്രീനിൽ തെളിഞ്ഞു. ബാൻക്രോഫ്റ്റ് പന്തു ചുരണ്ടുന്നതിന്റെ വിദൂര ദൃശ്യവും ക്ലോസ് അപ്പും സ്ക്രീനിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടതോടെ സംഭവം അംപയർമാരും ശ്രദ്ധിച്ചു.