ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 14 വര്‍ഷത്തെ കരിയറിനൊടുവിലാണ് ‘മിസ്റ്റര്‍ 360’ ക്രീസ് വിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുകളില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സും, 228 ഏകദിനങ്ങളില്‍ 53.5 ശരാശരിയില്‍ 9577 റണ്‍സും നേടിയിട്ടുണ്ട്. 78 ടി20 മത്സരങ്ങള്‍ കളിച്ച താരം 1672 റണ്‍സ് നേടി. ടെസ്റ്റില്‍ 22 സെഞ്ചുറിയും ഏകദിനത്തില്‍ 25 സെഞ്ചുറിയും എബിഡി സ്വന്തമാക്കിയിട്ടുണ്ട്. വിരമിക്കാനുള്ള തീരുമാനം കടുപ്പമേറിയതാണ്. എന്നാല്‍ ഇന്ത്യയ്ക്കും ഓസീസിനും എതിരായ പരമ്പര വിജയത്തിനൊടുവില്‍ ശരിയായ സമയത്താണ് ഈ തീരുമാനം കൈക്കൊണ്ടത്.

കരിയറില്‍ പിന്തുണ നല്‍കിയ പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദിയറിക്കുന്നതായും എബിഡി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ 2004ല്‍ ടെസ്റ്റിലും തൊട്ടടുത്ത വര്‍ഷം ഏകദിനത്തിലും എബിഡി അരങ്ങേറ്റവും കുറിച്ചു. ഒന്നര പതിറ്റാണ്ട് ബാറ്റിംഗും ഫീല്‍ഡിംഗും കൊണ്ടും ആരാധകരെ വിസ്മയിപ്പിച്ചാണ് എബിഡി കളംവിടുന്നത്. സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായാണ് എബിഡി അറിയപ്പെടുന്നത്.