അടിക്കടിയുളള പരാജയത്തില്‍ പതറിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ആരാധകരുടെ ഭാഗത്ത് നിന്നും കൂടി പ്രഹരം. ടീമിന്റെ ദയനീയ പ്രകടനത്തില്‍ പ്രതിഷേധിച്ച് ശ്രീലങ്കന്‍ ആരാധകര്‍ ദാംബുളളയില്‍ വെച്ച് ടീം അംഗങ്ങള്‍ യാത്ര ചെയ്ത ബസ് തടഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.
ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യ 9 വിക്കറ്റിന് വിജയിച്ചതോടെയാണ് ആരാധകര്‍ രോഷാകുലരായത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-0ന് നഷ്ടപ്പെടുത്തിയതോടെ ആരാധകര്‍ക്ക് ക്ഷമ നശിച്ചിരുന്നു. ഏകദിനത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യാതൊരു മെച്ചപ്പെടുത്തലും ഏകദിനത്തിലും കണ്ടില്ല. അമ്പതോളം വരുന്ന ആരാധകര്‍ പ്രതിഷേധക്കൂട്ടമായെത്തി താരങ്ങളെ കൂക്കി വിളിച്ചു. ഏകദേശം 30 മിനുട്ടോളം ക്രിക്കറ്റ് താരങ്ങളെ ആരാധകര്‍ റോഡില്‍ തടഞ്ഞതായാണ് വിവരം.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ആഭ്യന്തര കലാപം ഉടലെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയായിരുന്നു ടീമിന്റെ ദയനീയ പ്രകടനം. ഇതിനിടെ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സങ്കക്കാര ആരാധകരോട് ക്ഷമ കാണിക്കണമെന്ന് അറിയിച്ചു. ടീം ബുദ്ധിമുട്ടുമ്പോഴാണ് ആരാധകര്‍ കൂടെ നിന്ന് സ്നേഹിക്കേണ്ടതെന്ന് സങ്കക്കാര പറഞ്ഞു. അതാണ് ടീമിന്റെ ശക്തിയെന്നും ഒന്നു ചേര്‍ന്ന് ടീമിനെ പിന്തുണയ്ക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനം ഓഗസ്റ്റ് 24നാണ് നടക്കുന്നത്.
ശ്രീശാന്തിന്റെ കരിയറിനെ പിടിച്ചു കുലുക്കിയ ഒത്തുകളി വിവാദത്തിലെ തൂവാലയെ കുറിച്ച് മനസ് തുറന്ന് ശ്രീശാന്ത്. 2013മെയ് അഞ്ചിന് നടന്ന രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ ശ്രീശാന്ത് ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം.
ശ്രീശാന്ത് തൂവാല പാന്റിനുള്ളില്‍ നിന്ന് പുറത്തേക്ക് കാണുന്ന രീതിയില്‍ മടക്കികുത്തി വച്ചുവെന്നായിരുന്നു പൊലീസ് വാദം. ആ ഓവറില്‍ ശ്രീശാന്ത് 13 റണ്‍സ് വഴങ്ങിയതും താരത്തെ സംശയമുനയില്‍ നിര്‍ത്തിയിരുന്നു.നാല് വര്‍ഷത്തിനിപ്പുറം ഒത്തുകളി കേസില്‍ കോടതി ശ്രീശാന്തിന് കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ആ തൂവാലയുടെ പിന്നിലെ രഹസ്യം ശ്രീശാന്ത് വെളിപ്പെടുത്തി. വിസ്ഡന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതം തന്നെ മാറ്റിയ തൂവലയെ കുറിച്ചുള്ള രഹസ്യം ശ്രീശാന്ത് വെളിപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം അലന്‍ ഡൊണാള്‍ഡിനെ അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നുവെന്നും കരിയറില്‍ മോശം പ്രകടനം പുറത്തെടുക്കുന്ന സമയത്ത് തിരിച്ച് ഫോമിലേക്ക് വരാന്‍ അത് സഹായിക്കാറുണ്ടായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.’ആം ബാന്‍ഡോ തൂവാലയോ ചുവപ്പ് ചായമോ അടയാളമായി ഞാന്‍ ഉപയോഗിക്കാറുണ്ടെന്നാണ് ജിജു ജനാര്‍ദ്ദന്‍ പോലീസിനോട് പറഞ്ഞത്. ഇതെല്ലാം ഞാന്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ അത് ഇടനിലക്കാര്‍ക്ക് സൂചന നല്‍കാനല്ല. ഞാന്‍ അലന്‍ ഡൊണാള്‍ഡിനെ സ്‌നേഹിക്കുന്നതിനാലാണ്’ ശ്രീശാന്ത് വ്യക്തമാക്കി.
” മുമ്ബും ഞാന്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്. ഡൊണാള്‍ഡിനെപ്പോലെ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖത്ത് സിങ്ക് ഓക്‌സൈഡ് തേക്കാറുണ്ട്. അതിനര്‍ത്ഥം ആ മത്സരങ്ങളില്‍ ഒത്തുകളി നടക്കാറുണ്ടെന്നാണോ? ശ്രീശാന്ത് ചോദിക്കുന്നു. അന്ന് ആദ്യ ഓവര്‍ തുടങ്ങുന്നതിന് മുമ്ബ് തൂവാല വയ്ക്കാന്‍ അമ്ബയറില്‍ നിന്നും അനുവാദം വാങ്ങിയിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം സുബൈര്‍ അഹമ്മദ് ബൗണ്‍സര്‍ തലയില്‍ കൊണ്ട് കളിക്കളത്തില്‍ മരിച്ചു. മര്‍ദാനില്‍ വെച്ച് നടന്ന മത്സരത്തിനിടെയാണ് അപകടം നടന്നത്. ഓഗസ്റ്റ് 14ന് തലയില്‍ ബോള്‍ കൊണ്ട് പരുക്കേറ്റ സുബൈറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലിസ്റ്റ് എയിലും ട്വന്റി 20 ടീമായ ക്വറ്റ് ബിയേഴ്സിനും വേണ്ടി കളിച്ചിട്ടുളള താരമാണ് സുബൈര്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഹെല്‍മറ്റ് ധരിച്ചിട്ട് മാത്രമേ ക്രിക്കറ്റ് കളിക്കാവു എന്നും ക്രിക്കറ്റ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. എല്ലാ സമയവും ഹെല്‍മറ്റ് ധരിക്കണമെന്നും സുബൈറിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ബോര്‍ഡ് അറിയിച്ചു.
കഴിഞ്ഞ ദിവസം ബൗൺസർ തലയിൽ കൊണ്ട് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണ്ണർക്ക് പരുക്കേറ്റതിന് പിന്നാലെയാണ് പാക് ക്രിക്കറ്ററുടെ വിയോഗം വാര്‍ത്തയാവുന്നത്. ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിനിടെയാണ് ഡേവിഡ് വാർണ്ണറുടെ കഴുത്തിൽ പന്ത് കൊണ്ടത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേയ്സൽ വുഡിന്റെ പന്തിലാണ് വാർണ്ണർക്ക് പരിക്കേറ്റത്. വലിയൊരു ആപത്തിൽ നിന്നാണ് വാർണ്ണർ രക്ഷപ്പെട്ടത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
അടിയിലൂടെ പന്ത് വാർണ്ണറുടെ കഴുത്തിൽ പതിക്കുകയായിരുന്നു. വാർണ്ണറുടെ അടുത്ത കൂട്ടുകാരനും സഹതാരവുമായിരുന്ന ഫിൽ ഹ്യൂഗ്സ് ഇതുപോലൊരു അപകടത്തിലാണ് മരിച്ചത്. സീൻ അബോട്ടിന്രെ പന്ത് തലയ്ക്ക് പിന്നിൽ കൊണ്ടതാണ് ഫിൽ ഹ്യൂഗ്സിന്റെ മരണകാരണമായത്.
ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കു കീഴിൽ ശ്രീലങ്കയിൽ ടീം ഇന്ത്യക്കു ചരിത്ര നേട്ടം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ ഇന്നിങ്സിനും 171 റൺസിനും തകർത്തു. ഒരു വിക്കറ്റ് നഷ്ടത്തിൽ 19 എന്ന നിലയിൽ ബാറ്റിങ് പുനഃരാരംഭിച്ച ലങ്ക 181 റൺസിനു പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 487 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 135 റൺസിന് എല്ലാവരും പുറത്തായിരുന്നു. 352 റൺസിന്റെ കടവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത ലങ്കയ്ക്കു വേണ്ടി ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 487 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 135 റൺസിന് എല്ലാവരും പുറത്തായിരുന്നു. 352 റൺസിന്റെ കടവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത ലങ്കയ്ക്കു വേണ്ടി ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 36 റൺസെടുത്ത ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലാണ് ലങ്കയുടെ ടോപ് സ്കോറർ. ഏഞ്ചലോ മാത്യൂസ് 35 റൺസെടുത്തു പുറത്തായി.
ആറാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ശിഖർ ധവാന്റെയും കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യയുടെയും മികവിൽ ഇന്ത്യ പടുത്തുയർത്തിയ 487 റൺസിനെതിരെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 135 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ സ്വന്തമാക്കിയത് 352 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.
ഒരു അർധസെഞ്ചുറി പോലും പിറക്കാതെ പോയ ലങ്കൻ ഇന്നിങ്സിൽ 48 റൺസെടുത്ത ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലാണ് ടോപ് സ്കോറർ. നാലു വിക്കറ്റ് വീഴ്ത്തിയ ചൈനാമാൻ ബോളർ കുൽദീപ് യാദവാണ് ലങ്കൻ ബാറ്റിങ് നിരയിൽ കനത്ത നാശം വിതച്ചത്. രണ്ടു വിക്കറ്റു വീതം വീഴ്ത്തിയ മുഹമ്മദ് ഷാമി, അശ്വിൻ എന്നിവർ കുൽദീപിന് മികച്ച പിന്തുണ നൽകി. ഹാർദിക് പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ആകെ എടുത്തു പറയാനുള്ളത് അഞ്ചാം വിക്കറ്റിൽ ചണ്ഡിമൽ–ഡിക്ക്‌വല്ല സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ട് മാത്രം. ഇന്ത്യൻ ബോളർമാരെ വെല്ലുവിളിച്ച് ഇരുവരും കൂട്ടിച്ചേർത്തത് 63 റൺസ്.
87 പന്തിൽ ആറു ബൗണ്ടറികളോടെയാണ് ചണ്ഡിമൽ 48 റൺസെടുത്തത്. 31 പന്തുകൾ നേരിട്ട ഡിക്ക്‌വല്ല നാലു ബൗണ്ടറികളോടെ 29 റൺസെടുത്ത് പുറത്തായി. കരുണരത്‌നെ (4), തരംഗ (5), കുശാൽ മെൻഡിസ് (18), മാത്യൂസ് (0), ദിൻറുവാൻ പെരേര (0), പുഷ്പകുമാര (10), സന്ദാകൻ (10), ഫെർണാണ്ടോ (0) എന്നിങ്ങനെയാണ് മറ്റു ലങ്കൻ താരങ്ങളുടെ പ്രകടനം. കുമാര റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
4, 4, 6, 6, 6… മലിന്ദ പുഷ്പകുമാരയുടെ ഒരോവറിൽ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ അടിച്ചെടുത്ത റൺസാണിത്. ശിഖർ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി ഹാർദിക് പാണ്ഡ്യയും കളം നിറഞ്ഞ മൽസരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അടിച്ചെടുത്തത് 487 റൺസ്. ഒരു വിക്കറ്റ് ബാക്കിനിൽക്കെ ഇതേ സ്കോറിൽ ലഞ്ചിനു പിരിഞ്ഞ ഇന്ത്യയ്ക്ക്, മൽസരം പുനഃരാരംഭിച്ച് ആദ്യ ഓവറിൽത്തന്നെ പാണ്ഡ്യയെ നഷ്ടമായി. കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ച പാണ്ഡ്യ 108 റൺസെടുത്താണ് പുറത്തായത്. ഉമേഷ് യാദവ് മൂന്നു റൺസോടെ പുറത്താകാതെ നിന്നു. 10–ാം വിക്കറ്റിൽ പാണ്ഡ്യ–യാദവ് സഖ്യം 66 റൺസ് കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്കായി ചൈനാമാൻ ബോളർ ലക്ഷൻ സന്ദാകൻ അഞ്ചും പുഷ്പകുമാര മൂന്നും ഫെർണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.
പുഷ്പകുമാരയുടെ ഓവറിൽ ആകെ 26 റൺസ് അടിച്ചെടുത്ത പാണ്ഡ്യ, ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി. 27 വർഷമായി കപിൽ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റൺസിന്റെ റെക്കോർഡാണ് പാണ്ഡ്യയ്ക്കു മുന്നിൽ വഴിമാറിയത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് കന്നി സെഞ്ചുറി കുറിച്ചത്. അവസാന വിക്കറ്റുകളിൽ ‘ട്വന്റി20’യെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 96 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടെയാണ് 108 റൺസെടുത്തത്. 14 പന്തുകൾ നേരിട്ടാണ് യാദവ് മൂന്നു റൺസ് എടുത്തത്.
എട്ടാം വിക്കറ്റിൽ കുൽദീപ് യാദവിനൊപ്പം 62 റൺസിന്റെയും 10–ാം വിക്കറ്റിൽ ഉമേഷ് യാദവിനൊപ്പവും 66 റൺസിന്റെയും കൂട്ടുകെട്ട് തീർത്ത ഹാർദിക് പാണ്ഡ്യയാണ് രണ്ടാം ദിനം ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്.
ഒരു വിക്കറ്റ് മാത്രം ബാക്കിനിൽക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിർത്തിയുള്ള പാണ്ഡ്യയുടെ സെഞ്ചുറിക്കുതിപ്പ് അത്യുഗ്രനായിരുന്നു. ഒൻപതാമനായി മുഹമ്മദ് ഷാമി പുറത്താകുമ്പോൾ 54 പന്തിൽ 38 റൺസെന്ന നിലയിലായിരുന്നു പാണ്ഡ്യ. ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ വിശ്വരൂപം പൂണ്ട പാണ്ഡ്യയ്ക്ക് തുടർന്ന് സെഞ്ചുറിയിലേക്കെത്താൻ വേണ്ടിവന്നത് 32 പന്തുകൾ മാത്രം. പാണ്ഡ്യയുടെ സെഞ്ചുറി തടയാൻ ഫീൽഡിങ് തന്ത്രങ്ങളൊരുക്കിയ ലങ്ക ഉമേഷ് യാദവിനെ ലക്ഷ്യമിട്ടെങ്കിലും, സമ്മർദ്ദ നിമിഷങ്ങൾ അതിജീവിക്കാൻ യാദവിനായതോടെ പാണ്ഡ്യയുടെ കന്നി സെഞ്ചുറിക്ക് അരങ്ങൊരുങ്ങി. ഏഴു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെയാണ് പാണ്ഡ്യ സെഞ്ചുറിയിലെത്തിയത്. അതിനുശേഷം ശിഖർ ധവാനെ അനുകരിച്ചുള്ള പാണ്ഡ്യയുടെ ആഹ്ലാദ പ്രകടനം ഇന്ത്യൻ ഡ്രസിങ് റൂമിൽ ചിരി പടർത്തി.
ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറിന് 329 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ഒന്നാം വിക്കറ്റിൽ ധവാൻ–രാഹുൽ സഖ്യം 188 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 141 റൺസിനിടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകൻ, അശ്വിനെ മടക്കിയ ഫെർണാണ്ടോ എന്നിവരാണ് ഇന്ത്യൻ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിട്ടത്.
ശ്രീലങ്കയിൽ സന്ദർശക ടീം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന ഖ്യാതിയോടെ ശിഖർ ധവാനും ലോകേഷ് രാഹുലും ചേർന്ന് പടുത്തുയർത്തിയത് 188 റൺസ്. ഏകദിന ശൈലിയിൽ തകർത്തടിച്ച ധവാൻ 123 പന്തിൽ 17 ബൗണ്ടറികളോടെ 119 റണ്‍സെടുത്തു. 96.74 റൺ ശരാശരിയിലാണ് ധവാന്റെ സെഞ്ചുറി നേട്ടം. 1993ൽ ഇന്ത്യയുടെ തന്നെ മനോജ് പ്രഭാകർ–സിദ്ധു സഖ്യം പടുത്തുയർത്തിയ 171 റൺസ് കൂട്ടുകെട്ട് മറികടന്നാണ് ധവാൻ–രാഹുൽ സഖ്യം ലങ്കയിലെ സന്ദർശക ടീമിന്റെ ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡ് സ്വന്തമാക്കിയത്. 135 പന്തിൽ എട്ടു ബൗണ്ടറികൾ കണ്ടെത്തിയ രാഹുൽ, സെഞ്ചുറിക്ക് 15 റൺസകലെ പുറത്തായി.
തുടർച്ചയായ ഏഴാം ഇന്നിങ്സിലാണ് ലോകേഷ് രാഹുൽ അർധസെഞ്ചുറി നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യത്തിൽ കുമാർ സംഗക്കാര, ക്രിസ് റോജേഴ്സ്, ചന്ദർപോൾ, ആൻഡി ഫ്ലവർ തുടങ്ങിയ മഹാരഥൻമാർക്കൊപ്പമെത്തി രാഹുൽ. 2011നു ശേഷം വിദേശ പര്യടനത്തിലെ രണ്ടു ടെസ്റ്റുകളിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണറായി ശിഖർ ധവാൻ മാറുന്നതിനും ഈ മൽസരം സാക്ഷ്യം വഹിച്ചു. 2011ലെ ഇംഗ്ലണ്ട് പര്യടനത്തിൽ രാഹുൽ ദ്രാവിഡാണ് ഏറ്റവും ഒടുവിൽ രണ്ടു ടെസ്റ്റുകളിൽ സെഞ്ചുറി നേടിയത്.
65-ാമത് നെഹ്‌റുട്രോഫി വള്ളം കളിയില്‍ ഗബ്രിയേല്‍ ജേതാക്കള്‍. 28 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണനെഹ്റു ട്രോഫിയില്‍ പങ്കെടുത്തത്.ഫലപ്രഖ്യാപനത്തിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഫോട്ടോഫിനിഷിലൂടെയായിരുന്നു വിജയിയെ നിശ്ചയിച്ചത്.
4.17.42 മിനിറ്റില്‍ ഫിനിഷ് ചെയ്തണ് ഗബ്രിയേല്‍ ചുണ്ടന്‍ ഒന്നാമതെത്തിയത്. ഗബ്രിയേല്‍ ചുണ്ടന്‍ ആദ്യമായാണ് നെഹ്റു ട്രോഫിയില്‍ മത്സരിക്കുന്നത്. കന്നി പോരാട്ടത്തില്‍ തന്നെ അവര്‍ കിരീടം നേടുകയും ചെയ്തു.എറണാകുളം തുരുത്തിപ്പുറം ബോട്ട്ക്ലബ്ബാണ് വിജയികളായ ഗബ്രിയേല്‍ ചുണ്ടന്‍ തുഴഞ്ഞത്.
പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഗബ്രിയേല്‍ ചുണ്ടനോട് മത്സരിച്ചത്.
കുട്ടനാട്ടുകാരുടെ ബ്രസീൽ ടീം എന്നറിയപ്പെടുന്ന യുബിസി ഇഞ്ചുകളുടെ വ്യത്യാസത്തിൽ മഹാദേവിക്കാട് കട്ടിൽ തെക്കേതിൽ ചുണ്ടനിൽ തുഴഞ്ഞു രണ്ടാം സ്ഥാനത്തെത്തി. പായിപ്പാട്മൂന്നാം സ്ഥാനത്തും കാരിച്ചാല്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അഞ്ച് ഹീറ്റ്സുകളിലായിമത്സരിച്ച 20 ചുണ്ടന്‍ വള്ളങ്ങളില്‍ നിന്നും മികച്ച സമയം കുറിച്ച നാല് വള്ളങ്ങളാണ് ഫൈനലിന് യോഗ്യത നേടിയത്.
ഫൗള്‍ സ്റ്റാര്‍ട്ട് കാരണം മൂന്നാം ഹീറ്റ്സിലെ മത്സരം നാല് തവണ മുടങ്ങി. ഇത് ചില തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. മത്സരനടത്തിപ്പിലുണ്ടായ കാലതാമസം ഫൈനലിനെയും ബാധിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമേള ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല,മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ചാണ്ടി, ജി. സുധാകരന്‍, തോമസ് ഐസക്ക്, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
ശ്രീലങ്കക്കെതിരായ ഏകദിന ട്വന്റി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് യുവതാരളെ പരിഗണിക്കുന്നു. നായകന്‍ വിരാട് കൊഹ്‌ലിക്ക് പിന്നാലെ ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് കൂടി വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് യുവതാരങ്ങളെ പരിഗണിക്കാന്‍ സെലക്ടര്‍ ആലോചിക്കുന്നത്..
ഇവര്‍ക്ക് പകരം അഞ്ച് യുവതാരങ്ങള്‍ ടീമില്‍ ഇടംപിടിച്ചേക്കും. 2019 ലെ ലോകകപ്പിനുള്ള ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് യുവതാരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ അവസരം നല്‍കുന്നത്. രോഹിത്ത് ശര്‍മ്മയായിരിക്കും ടീമിന്റെ നായകന്‍.
ദക്ഷിണാഫ്രിക്കയില്‍ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത്, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചഹല്‍, മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ജഡേജയ്ക്ക് പകരക്കാരനായി ഉള്‍പ്പെടുത്തിയ അക്ഷര്‍ പട്ടേല്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചേക്കും.
ദക്ഷിണാഫ്രിക്കയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്നാണ് മലയാളി ക്രിക്കറ്റ് ലോകം ആകാക്ഷയോടെ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം.
യുവരാജ് സിങ്ങിനെ ടീമില്‍ നിലനിര്‍ത്തുമോ എന്ന കാര്യം നിര്‍ണ്ണായകമാകും. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ യുവി ഫോമിലായിരുന്നില്ല. യുവിയുടെ സ്ഥാനത്ത് റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയേക്കും എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അതെസമയം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ടീമില്‍ തിരിച്ചെത്തും.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ശ്രീലങ്കയ്ക്കെതിരായ അടുത്ത ടെസ്റ്റ് മത്സരത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. 24 മാസത്തിനുളളില്‍ ആറ് തവണ ചട്ടം ലംഘിച്ചതോടെയാണ് ശിക്ഷാ നടപടി. മാച്ച് ഫീയുടെ 50 ശതമാനം പിഴയും ജഡേജ അടക്കേണ്ടി വരും.
ശ്രീലങ്കയ്ക്ക് എതിരായ കൊളംബോ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.2.8 ജഡേജ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. “ബോളോ, ബാറ്റോ, വാട്ടര്‍ബോട്ടിലോ മറ്റ് എന്തെങ്കിലും വസ്തുവോ കളിക്കാരന്റെയോ, അംബയറുടേയോ, റഫറിയുടേയോ, കളത്തിലുളള മറ്റുളളവരുടേയോ നേരെ എറിയുന്നത് ശിക്ഷാര്‍ഹമാണ്.”
58ആം ഓവറിലെ അവസാന ബോളിലാണ് ജഡേജ നിയമം ലംഘിച്ചത്. ദിമുത് കരുണരത്നെ അടിച്ച പന്ത് പിടിച്ചെടുത്ത ജഡേജ സ്റ്റംബ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. എന്നാല്‍ കരുണരത്നെ ക്രീസിന് പുറത്ത് പോലും വന്നിട്ടുണ്ടായിരുന്നില്ല. തലനാരിഴയ്ക്കാണ് ബാറ്റ്സ്മാന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജഡേജ കുറ്റം സമത്തിച്ചത് കാരണം കൂടുതല്‍ വിശദീകരണത്തിന് മുതിരുന്നില്ലെന്ന് ഐസിസി അറിയിച്ചു. അതുകൊണ്ട് തന്നെ ശ്രീലങ്കയ്ക്ക് എതിരായ പാലിക്കീല്‍ ടെസ്റ്റ് നഷ്ടമാവുകയും മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴയായി ഒടുക്കാനും ജഡേജയ്ക്ക് നിര്‍ദേശം ലഭിച്ചു.
കൊളംബോ ടെസ്റ്റിൽ ഇന്ത്യ ജയിച്ചെങ്കിലും ജഡേജയുടെ സസ്പെന്‍ഷന്‍ തിരിച്ചടിയായി. ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടത്തിന്റെ മികവിൽ ഇന്നിംഗ്സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം. കൊളംബോ ക്രിക്കറ്റ് ടെസ്റ്റിലും വിജയം കണ്ടതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു.
ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. വിലക്കേർപ്പെടുത്തിയത് സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും കുറ്റവിമുക്തനാക്കിയ പട്യാല സെഷൻസ് കോടതി വിധി കണക്കിലെടുക്കേണ്ടിയിരുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രീശാന്തിനെതിരായ ആരോപണങ്ങൾ ശരിയല്ല. ശ്രീശാന്തിനെ ക്രിക്കറ്റിൽനിന്ന് മാറ്റി നിർത്തിയത് ശരിയായില്ല. ഒത്തുകളി കേസ് കോടതി തളളിയതിനാൽ ബിസിബിസിസിഐ വിലക്ക് നിലനിൽക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന കേസിലാണ് 2013 സെപ്റ്റംബറിൽ ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാൻ ബിസിസിഐ തയാറായിരുന്നില്ല.
ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. അവസാനം സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമെന്നും കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയെന്നും ശ്രീശാന്തിന്റെ ഭാര്യ പറഞ്ഞു. ശ്രീശാന്തിനെ പോലൊരു കളിക്കാരനെ അധികകാലം മാറ്റി നിർത്താനാകില്ലെന്നും അവർ പറഞ്ഞു.
സ്‌കോട്ട്‌ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് അനുമതി തേടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ഒത്തുകളി വിവാദത്തിൽ ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അടിസ്ഥാനമാക്കിയാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. ഈ കുറ്റപത്രം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിലക്ക് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അച്ചടക്കസമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഇത് പിൻവലിക്കാനാകില്ലെന്നുമുള്ള നിലപാടിലായിരുന്നു ബിസിസിഐ.
2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് ചെയ്തത്. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കി.2013, സെപ്റ്റംബർ 13
ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്
കൊളംബോ ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ ടീം. വീന്ദ്ര ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടത്തിന്റെ മികവിൽ ഇന്നിംഗ്സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം. കൊളംബോ ക്രിക്കറ്റ് ടെസ്റ്റിലും വിജയം കണ്ടതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു.
നാലാം ദിനം ചായയ്ക്കു പിരിയുന്പോൾ 343/7 എന്ന നിലയിലായിരുന്നു ആതിഥേയർ. ചായയ്ക്കുശേഷം 43 റണ്‍സ് കൂടി ചേർത്തപ്പോൾ സ്കോർ 387ൽ ലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചു. കുശാൽ മെൻഡിസ്(110), കരുണരത്നെ(144) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യൻ വിജയം വൈകിച്ചത്. ഇരുവരും മടങ്ങിയതോടെ ലങ്കൻ വാലറ്റം ചീട്ടുകൊട്ടാരം പോലെ വീണു. രവീന്ദർ ജഡേജ 5 വിക്കറ്റ് നേടിയപ്പോൾ അശ്വിനും പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622ന് മറുപടി നൽകിയ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 183 റണ്‍സിൽ തീർന്നു. ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യക്കു 439 റണ്‍സിന്റെ ലീഡാണ് ഉണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്സിൽ അശ്വിൻ അഞ്ചു വിക്കറ്റും മുഹമ്മദ് ഷാമി, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
ആദ്യമായാണ് ഇന്ത്യൻ ടീം ശ്രീലങ്കയിൽ ഒരു ഇന്നിങ്ങ്സ് ജയം ആഘോഷിക്കുന്നത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ ലങ്കൻ മണ്ണിൽ പരമ്പര നേടുന്നത്.
കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഫോളോ ഓണ്‍. ശ്രീലങ്കയുടെ ഒന്നാമിന്നിങ്സ് വെറും 49.4 ഓവറില്‍ 183 റണ്‍സിന് അവസാനിച്ചു. അഞ്ചുവിക്കറ്റെടുത്ത അശ്വിനാണ് ലങ്കയുടെ അന്തകനായത്. ഉച്ചഭക്ഷണത്തിനുശേഷം ലങ്ക രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങും. മാത്യൂസ് 26 റണ്‍സെടുത്തും ധനഞ്ജയ റണ്ണൊന്നും എടുക്കാതെയും പുറത്തായി. ഡിക്‌വെല്ല 52 റണ്‍സെടുത്തപ്പോള്‍ മെന്‍ഡിസ് 24 റണ്‍സെടുത്തു. ജഡേജയും ഷാമിയും രണ്ടു വിക്കറ്റും വീതവും വീഴ്ത്തി. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 9 വിക്കറ്റിന് 622 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം