ഇന്ത്യന്‍ ക്യാപ് അണിഞ്ഞ് ദേശീയ ഗാനത്തിനായി നിന്നപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. താന്‍ കടന്നുവന്ന ഒരായിരം നിമിഷങ്ങള്‍ ആ മനസിലൂടെ കടന്നുപോയിട്ടുണ്ടാകണം. ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ട്വന്റി20 മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ് ആദ്യമായി സിറാജ് അണിയുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫാസ്റ്റ് ബൗളറായി മുഹമ്മദ് സിറാജിന്റെ അരങ്ങേറ്റം രാജ് കോട്ടിന്റെ മണ്ണില്‍ നടന്നു. അരങ്ങേറ്റ മത്സരത്തില്‍ കിവി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെ വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങി. സ്‌കൂള്‍ ക്രിക്കറ്റിലൂടെ വളര്‍ന്ന സിറാജിന് ബ്രേക്കായത് ആഭ്യന്തര ക്രിക്കറ്റാണ്. പിന്നാലെ ആ മികവ് ഐപിഎലിലേയ്ക്ക് എത്തിച്ചു. 2016- 17 രഞ്ജി സീസണില്‍ 41 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2.6 കോടിക്കാണ് സിറാജിനെ ടീമിലെടുത്തത്. സീസണില്‍ ടീമിനായി മികച്ച പ്രകനമാണ് സിറാജ് പുറത്തെടുത്തത്. ആ മികവിലൂടെ രാജ് കോട്ട് മൈതാനത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 71മത്തെ ടി20 താരമായി സിറാജ്. ഓട്ടോ ഡ്രൈവറുടെ മകനായ സിറാജ് അര്‍പ്പണ ബോധത്തോടെയും, കഠിനധ്വാനത്തിലൂടെയും ആണ് കൃത്യത തെറ്റാതെ ബോള്‍ ചീറിപ്പായിക്കുന്നത്.