യുവ ഫുട്‌ബോളര്‍ ആദര്‍ശ് യാതൊരു ആശങ്കളുമില്ലാതെ സ്‌പെയിനിലേയ്ക്ക് പറക്കും. ആര്‍ശിന് വേണ്ട വിമാനടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് മലയാള മണ്ണിന്റെ സ്വന്തം സഞ്ജു സാംസണ്‍ രംഗത്തെത്തി.
സ്പെയിനിലെ മൂന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ ഡിപ്പോര്‍ട്ടീവോ ലാ വിര്‍ജെന്‍ ഡെല്‍ കാമിനോവില്‍ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദര്‍ശിന് അവസരം ലഭിച്ചു. എന്നാല്‍ പരിശീലനത്തിനായി സ്‌പെയിനില്‍ എത്തിച്ചേരാന്‍ സാമ്പത്തികം തടസ്സമായി. ഇതറിഞ്ഞതോടെയാണ് സഞ്ജു വിമാനടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് രംഗത്തെത്തിയത്.
മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയായ ആദര്‍ശ് തിരുവല്ല മാര്‍ത്തോമ്മ കോളജിലെ ബിരുദവിദ്യാര്‍ഥിയാണ് ആദര്‍ശ്. സഞ്ജുവിനു പുറമേ ചെങ്ങന്നൂര്‍ എംഎല്‍എയും സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാനും ബാക്കി തുക സംഘടിപ്പിക്കുന്നതില്‍ ആദര്‍ശിനെ സഹായിച്ചു. കാരക്കാട് ലിയോ ക്ലബ് 50000 രൂപ സമാഹരിച്ച് നല്‍കിയെന്നും ബാക്കി വന്ന തുക താന്‍ ആദര്‍ശിന് കൈമാറിയെന്നും സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം…
ഒരാഴ്ച്ച മുൻപാണ് മാന്നാർ കുട്ടംപേരൂർ സ്വദേശിയായ ആദർശ് എന്ന ചെറുപ്പക്കാരൻ എന്നെ കാണാൻ വരുന്നത്. തിരുവല്ല മാർത്തോമ്മ കോളേജിലെ ബിരുദവിദ്യാർത്ഥിയായ ആദർശ് ഫുട്ബോൾ താരമാണ്. ആദർശിന് വലിയൊരു അവസരം ലഭിച്ചിട്ടുണ്ട്, എന്നാൽ സാമ്പത്തികം എന്ന കടമ്പയിൽ തട്ടി ആ അവസരം നഷ്ടപ്പെടും എന്ന പ്രതിസന്ധിഘട്ടത്തിലാണ് എം.എൽ.എ എന്ന നിലയിൽ എന്നെ കാണാൻ വന്നത്.
സ്‌പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദർശിന് അവസരം ലഭിച്ചു. അഞ്ചോളം മത്സരങ്ങളും ഈ കാലയളവിൽ കളിക്കുവാൻ സാധിക്കും. പ്രകടനം ക്ലബിനോ മറ്റ് ക്ലബുകൾക്കോ ഇഷ്ടപ്പെടുകയാണെങ്കിൽ കോണ്ട്രാക്റ്റ് ലഭിക്കുവാനും സാധ്യതയുണ്ട്. സ്‌പെയിൻ പോലെയുള്ള ഫുട്ബാൾ രംഗത്തെ അതികായ രാജ്യത്ത് ലീഗ് മത്സരങ്ങളിൽ കളിക്കുവാൻ അവസരം ലഭിക്കുക എന്നത് നമ്മുടെ നാട്ടിലെ ഫുട്ബാൾ താരത്തെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ അവസരമാണ്. എന്നാൽ ഇതിന് ആവശ്യമായ ചിലവ് നമ്മൾ സ്വയം കണ്ടെത്തണം. ഇതായിരുന്നു ആദർശിന്റെ പ്രതിസന്ധി.
ഇക്കാര്യം അറിഞ്ഞ നമ്മുടെ പ്രിയ താരം Sanju Samson ആദർശിന്റെ ഫ്‌ളൈറ്റ് ടിക്കറ്റുകൾ സ്പോൺസർ ചെയ്തിട്ടുണ്ട്. നാട്ടിലെ അഭ്യുദയകാംഷികളും പഠിച്ച വിദ്യാലയവുമൊക്കെ അവരാൽ കഴിയുന്ന സഹായം നൽകിയിട്ടുണ്ട്. ഇതിന് പുറമെ വേണ്ടി വന്ന തുക നൽകുവാൻ കായികവകുപ്പിന്റെ സാധ്യതകൾ പരിശോധിച്ചെങ്കിലും ആദർശിന് ഉടനെ പോകേണ്ടതിനാൽ അതിന് മുമ്പ് ലഭിക്കുവാൻ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടായി. ഈ സാഹചര്യത്തിൽ കാരക്കാട് ലിയോ ക്ലബ് സമാഹരിച്ച 50000 രൂപ ഇന്ന് ആദർശിന് കൈമാറി. ബാക്കി ആവശ്യമായ തുക ഞാൻ ആദർശിന് കൈമാറി. മറ്റന്നാൾ ആദർശ് മാഡ്രിഡിലേക്ക് യാത്ര തിരിക്കും.
ലെഫ്റ്റ് വിങ് ഫോർവേഡാണ് ആദർശ്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കടുത്ത ആരാധകൻ. നാളെ ആദർശ് നമ്മുടെ അഭിമാനതാരമാകും എന്നെനിക്ക് ഉറപ്പുണ്ട്. അതിന് ഈ അവസരം വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നു.
അഭ്യൂഹങ്ങൾക്കും ആകാംക്ഷാനിർഭരമായ കാത്തിരിപ്പിനു വിട. വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിൽ ഇന്ത്യൻ ട്വന്റി20 ടീമിനെ ഇനി മുതിർന്ന താരം രോഹിത് ശർമ നയിക്കും. രോഹിത്തിന്റെ നേതൃത്വത്തിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിൽ) 14–ാം സീസണിൽ തിളങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ തുടങ്ങിയവർ ടീമിൽ ഇടംപിടിച്ചു. മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനു കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്.
നവംബർ 17ന് ജയ്പുർ, 19ന് റാഞ്ചി, 21ന് കൊൽക്കത്ത എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെയും പ്രഖ്യാപിച്ചു. ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചലാണ് ക്യാപ്റ്റൻ. ട്വന്റി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന രാഹുൽ ചാഹറിനെ എ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യയിലെ അതിവേഗ ബോളറെന്ന് പേരെടുത്ത ജമ്മു കശ്മീർ താരം ഉമ്രാൻ മാലിക്കും എ ടീമിൽ ഇടംനേടി. മലയാളി താരം സഞ്ജു സാംസണിന് രണ്ടു ടീമിലും ഇടമില്ല.
ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സമ്പൂർണ അഴിച്ചുപണി നടത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ചു. ലോകകപ്പ് ടീമിൽനിന്ന് തഴഞ്ഞ യുസ്‌വേന്ദ്ര ചെഹൽ, ശ്രേയസ് അയ്യർ തുടങ്ങിയവർ കിവീസിനെതിരെ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. അതേസമയം, ലോകകപ്പ് ടീമിൽ ഇടമില്ലാതിരുന്ന ശിഖർ ധവാനെ ഇത്തവണയും പരിഗണിച്ചില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഷാർദുൽ ഠാക്കൂറിനും ടീമിൽ ഇടംലഭിച്ചില്ല.
ഐപിഎലിൽ തിളങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദ്, ഹർഷൽ പട്ടേൽ, വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. നീണ്ട കാലത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ രവിചന്ദ്രൻ അശ്വിൻ സ്ഥാനം നിലനിർത്തി. ലോകകപ്പ് ടീമിൽ ഇടമില്ലാതിരുന്ന മുഹമ്മദ് സിറാജും ടീമിൽ തിരിച്ചെത്തി.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കടേഷ് അയ്യർ, യുസ്‌വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീം: പ്രിയങ്ക് പഞ്ചൽ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരൻ, ദേവ്ദത്ത് പടിക്കൽ, സർഫറാസ് ഖാൻ, ബാബാ അപരാജിത്, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പർ), കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, സൗരഭ് കുമാർ, നവ്ദീപ് സെയ്നി, ഉമ്രാൻ മാലിക്ക്, ഇഷാൻ പോറെൽ, അർസാൻ നഗ്വാസ്‌വല്ല
ടി20 ലോകകപ്പിലെ നിര്‍ണായകമായ അഫ്ഗാനിസ്ഥാന്‍ – ന്യൂസിലന്‍ഡ് (Afghanistan vs New Zealand) മത്സരത്തിന്റെ പിച്ച് തയ്യാറാക്കിയ ക്യൂറേറ്റർ മോഹന്‍ സിംഗിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മത്സരം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുൻപാണ് മോഹന്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തുന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്നും ക്യൂറേറ്റർ ആത്മഹത്യ നടത്തിയതാണെന്നാണ് സൂചനകൾ ലഭിക്കുന്നത്. അബുദാബിയിൽ ഇദ്ദേഹം ഒരുക്കിയ പിച്ചിൽ തന്നെയാണ് ടൂർണമെന്റിലെ പല മത്സരങ്ങളും നടന്നത്.
പഞ്ചാബിലെ മൊഹാലി സ്വദേശിയായ മോഹന്‍ സിംഗ് കഴിഞ്ഞ 15 വര്‍ഷമായി അബുദാബി ക്രിക്കറ്റ് അസോസിയേഷനില്‍ ക്യുറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ അബുദാബി ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർമാരുടെ തലവനായി പ്രവർത്തിക്കുകയായിരുന്നു 36കാരനായ മോഹന്‍ സിംഗ്. അബുദാബിയിൽ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായ മോഹൻ സിംഗിന്റെ അകലമരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി അബുദാബി ക്രിക്കറ്റ് അസോസിയേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
മത്സരത്തിന് മുൻപ് മരിച്ചത് കാരണം മോഹൻ സിംഗിന്റെ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയാണ് അഫ്ഗാനിസ്ഥാൻ – ന്യൂസിലൻഡ് മത്സരം സംഘടിപ്പിച്ചതെന്നും വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിച്ച് കൊണ്ട് ചടങ്ങുങ്ങൾ സംഘടിപ്പിക്കുമെന്നും അബുദാബി ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
മോഹൻ സിംഗിന്റെ മരണത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) അവരുടെ അനുശോചനം അറിയിച്ചു. “ദൗർഭാഗ്യകരമായ സംഭവമാണ് ഇത്, ഈ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവർക്കും, കുടുംബത്തിനും സുഹൃത്തുകൾക്കും അബുദാബി ക്രിക്കറ്റ് അസോസിയേഷനും എല്ലാവിധ പിന്തുണകളും പ്രഖ്യാപിക്കുന്നു.” – ഐസിസി വക്താവ് പറഞ്ഞു.
ഇന്ത്യയുടെ പ്രതീക്ഷകൾ വെറുതെയായി. ഗ്രൂപ്പ് രണ്ടിൽ നിന്നും പാകിസ്ഥാന് പിന്നാലെ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലേക്ക് കടന്ന് ന്യൂസിലൻഡ്. അഫ്ഗാനിസ്ഥാനെതിരായ മത്സരം എട്ട് വിക്കറ്റിന് ജയിച്ചതോടെയാണ് അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റ് നേടി ന്യൂസിലൻഡ് സെമിയിലേക്ക് കടന്നത്. ന്യൂസിലൻഡ് ജയിച്ചതോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും യോഗ്യത നേടാതെ പുറത്തായി. അഫ്ഗാനിസ്ഥാൻ ജയിച്ചിരുന്നെങ്കിൽ റൺറേറ്റ് അടിസ്ഥാനമാക്കിയുള്ള കണക്കിൽ മുന്നേറാമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്കാണ് ഇതോടെ വിരാമമായത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. കുഞ്ഞൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലൻഡിന്റെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനിസ്ഥാൻ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഡെവോൺ കോൺവേയും ചേർന്ന് അഫ്ഗാന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. വില്യംസൺ 42 പന്തിൽ 40 റൺസോടെയും കോൺവേ 32 പന്തിൽ 36 റൺസോടെയും പുറത്താകാതെ നിന്നു. മാർട്ടിൻ ഗപ്റ്റിൽ (28), ഡാരിൽ മിച്ചൽ (17) എന്നിവരാണ് പുറത്തായത്.
അഫ്ഗാനിസ്ഥാന് വേണ്ടി മുജീബുർ റഹ്മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിൽ 124 റൺസാണ് നേടിയത്. 48 പന്തിൽ 73 റൺസെടുത്ത നജീബുള്ള സദ്രാൻ ഒഴികെ അഫ്ഗാൻ നിരയിൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. അഫ്ഗാൻ നിരയിൽ സദ്രാന് പുറമെ രണ്ട് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ബൗളിങ്ങിൽ ന്യൂസിലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി ബോൾട്ടും രണ്ട് വിക്കറ്റ് വീഴ്ത്തി സൗത്തിയും തിളങ്ങി.
ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 5.1 ഓവറില്‍ 19 റണ്‍സെടുക്കുന്നതിനിടെ തന്നെ അവര്‍ക്ക് മുഹമ്മദ് ഷഹ്‌സാദ് (4), ഹസ്രത്തുള്ള സസായ് (2), റഹ്മാനുള്ള ഗുര്‍ബാസ് (6) എന്നിവരെ നഷ്ടമായി. കൂട്ടത്തകർച്ച മുന്നിൽ കണ്ട അഫ്ഗാനെ നജീബുള്ള സദ്രാന്റെ ഒറ്റയാൾ പോരാട്ടമാണ് മുന്നോട്ട് കൊണ്ടുപോയത്. നാലാം വിക്കറ്റിൽ ഗുൽബാദിൻ നൈബിനൊപ്പം 36 റൺസ് കൂട്ടിച്ചേർത്ത സദ്രാൻ അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ നബിക്കൊപ്പം കൂട്ടിച്ചേർത്ത 59 റൺസിന്റെ കൂട്ടുകെട്ടാണ് അവരെ 100 കടത്തിയത്. ഇരുവരും പുറത്തായതോടെ ഡെത്ത് ഓവറുകളിൽ അഫ്ഗാൻ സ്കോർ ഉയർത്താൻ കഴിയാതെ 124 ൽ ഒരുങ്ങുകയായിരുന്നു.
വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ ആരു നയിക്കണമെന്ന് പറഞ്ഞ് നിയുക്ത മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനാകുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദ്രാവിഡ് വ്യക്തമാക്കി.
ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ്, രോഹിത് ശര്‍മ്മയെ പിന്തുണച്ചത്. രോഹിത് കഴിഞ്ഞാല്‍ കെ.എല്‍. രാഹുലിനാണ് ദ്രാവിഡ് പരിഗണന നല്‍കുന്നത്.
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. നിദഹാസ് ട്രോഫിയിലും 2018 ഏഷ്യ കപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചതും രോഹിത് തന്നെ. ലോക കപ്പോടെ ടി20 നായക പദം ഒഴിയുമെന്ന് കോഹ്ലി അറിയിച്ചു കഴിഞ്ഞു. ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടാനാണ് സാദ്ധ്യത.
ബാഴ്‌സലോണയുടെ സൂപ്പർതാരം മെസി 21 വർഷങ്ങൾക്ക് ശേഷം ടീമിനോട് യാത്രപറഞ്ഞിറങ്ങിയത് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. വൻ സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു ബാഴ്‌സ മൈതാനം വിട്ട് മെസി ഇറങ്ങിയത്. സീസൺ തുടക്കത്തിൽ ക്ലബിന്റെ നന്മക്ക് വേണ്ടി പ്രതിഫലം പകുതിയായി കുറക്കാമെന്ന് മെസി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതും മതിയാവില്ലെന്ന് വന്നതോടെയാണ് മെസിയെ ബാഴ്‌സ റിലീസ് ചെയ്തത്.
എന്നാൽ, ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് പോയ മെസി ഇപ്പോൾ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത് ശ്രദ്ധേയമാവുകയാണ്. ബാഴ്‌സ പ്രസിഡന്റ് യുവാൻ ലെപോർട്ടയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് മെസി രംഗത്തെത്തിയത്. സൗജന്യമായി കളിക്കാൻ മെസ്സി ഒരുക്കമാണെങ്കിൽ ബാഴ്‌സയിൽ തന്നെ താരത്തിന് തുടരാമായിരുന്നുവെന്നാണ് ലെപോർട്ടയുടെ പ്രതികരണം.
എന്നാൽ, ഈ പ്രസ്താവനയോട് മെസി രൂക്ഷമായി പ്രതികരിച്ചു. പ്രസിഡന്റ് അങ്ങനെയാരു ആവശ്യം തന്റെ മുന്നിൽ വച്ചില്ലെന്നും ബാഴ്‌സക്ക് വേണ്ടി സൗജന്യമായി കളിക്കുമായിരുന്നുവെന്നും മെസി പറഞ്ഞു.
യുകെയിലെ തന്നെ ഏറ്റവും കരുത്തരായ അസോസിയേഷനുകളിൽ ഒന്നായ ബെർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി അണിയിച്ചൊരുക്കുന്ന ഓൾ യുകെ ബാഡ്മിൻറൻ ടൂർണ്ണമെൻറ് നവംബർ 20-ാംതീയതി 11 മണിമുതൽ സിസ്ത്ഫോം കോളേജ് കോളേജ് സോളിഹുൾ B913WRൽ വച്ച് നടത്തപ്പെടുന്നു. മെൻസ് ഡബിൾസ് ഇന്റർമീഡിയറ്റ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക.
ഒന്നാം സമ്മാനം 401 പൗണ്ടും ട്രോഫിയും , രണ്ടാം സമ്മാനം 201 പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയും , നാലാം സമ്മാനം 51 പൗണ്ടും ട്രോഫിയും എന്നിങ്ങനെ അത്യാകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ബിസിഎംസി സംഘടിപ്പിക്കുന്ന ഈ മത്സരങ്ങളുടെ ഒരുക്കങ്ങൾ ക്ഷണം ഉൾപ്പെടെ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ബിജു -07828107367, ജിതേഷ്-07399735090 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
മാഞ്ചെസ്റ്റര്‍: സൈപ്രസില്‍ നടക്കുന്ന യൂറോപ്യന്‍ കബഡി ടൂര്‍ണമെന്റിലേയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നാലു മലയാളികള്‍. ആലപ്പുഴ സ്വദേശി സാജു മാത്യുവാണ് ക്യാപ്റ്റൻ. ഇംഗ്ലണ്ടില്‍ സ്ഥിര താമസമായിക്കിയിട്ടുള്ള കുറവിലങ്ങാട് സ്വദേശിയും മുന്‍ കോട്ടയം ജില്ലാ ടീം അംഗവുമായിരുന്ന രാജു ജോര്‍ജ്, സംസ്ഥാന തലമത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആലപ്പുഴക്കാരനായ ജിത്തു ജോസഫ്, കോഴിക്കോട് സ്വദേശി ജയ്‌നീഷ് ജയിംസ് എന്നിവരാണ് ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയ മറ്റു മലയാളി താരങ്ങള്‍ .
ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നതിനു മുമ്പ് ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ ഇറങ്ങിയ താരങ്ങളാണിവര്‍. . ഇന്നലെമുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. സൈപ്രസ്, ഇറ്റലി, ഹോളണ്ട്, പോളണ്ട്, ബല്‍ജിയം, സ്‌കോട്ട്‌ലാന്‍ഡ്, ഈജിപ്ത്, സൈപ്രസ്, തുടങ്ങിയ ടീമുകളാണ് യൂറോപ്യന്‍ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
ഒരു ഐസിസി ലോകകപ്പ് വേദിയിൽ ആദ്യമായി പാകിസ്താനോട് പരാജയം രുചിച്ചതോടെ ഇന്ത്യൻ ആരാധകർ നിരാശയിൽ. പിന്നാലെ നിരാശയുടെ ആക്കം കൂട്ടി വിവാദവും. ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ വലിയ പിഴവുണ്ടായെന്നാണ് ആരാധകരുടെ കണ്ടെത്തൽ. തേർഡ് അമ്പയറുടെ ഇടപെടലാണ് വിവാദം കത്തിച്ചിരിക്കുന്നത്.
ഇന്ത്യൻ താരം കെഎൽ രാഹുൽ പുറത്തായത് നോ ബോളിലായിരുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഷഹീൻ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ രാഹുൽ ബൗൾഡാകുകയായിരുന്നു. എന്നാൽ ഈ പന്ത് നോ ബോളാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ട്വിറ്ററിൽ പങ്കുവെച്ചു.
പന്ത് റിലീസ് ചെയ്യുമ്പോൾ ഷഹീൻ അഫ്രീദിയുടെ കാൽ വരയ്ക്ക് വെളിയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മത്സരത്തിൽ എട്ടു പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്താണ് രാഹുൽ പുറത്താകുന്നത്. എന്നാൽ ഫീൽഡ് അമ്പയറോ തേർഡ് അമ്പയറോ ഇക്കാര്യം കണക്കിലെടുത്തില്ല.
മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്താനോട് പരാജയപ്പെട്ടത്. തോൽവിയറിയാതെ പിന്നിട്ട 12 മത്സരങ്ങൾക്കു ശേഷം ലോകകപ്പ് വേദിയിൽ ഇന്ത്യ ഒടുവിൽ പാകിസ്താനോട് തോൽക്കുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 17.5 ഓവറിൽ ലക്ഷ്യം കണ്ടു.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമും (68) മുഹമ്മദ് റിസ്വാനു (79)മാണ് പാക് ജയം എളുപ്പമാക്കിയത്. ഒരു ഘട്ടത്തിൽ പോലും പാകിസ്താൻ ഓപ്പണർമാരെ പ്രതിരോധത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. അതേസമയം, ഇന്ത്യൻ ബാറ്റർമാർ പാകിസ്താൻ ബൗളിങ് നിരയ്ക്ക് മുന്നിൽ അടിയറവ് വെയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു.
KL Rahul out delivery !! Not a no-ball ?? 😡🤬 Umpire bc #IndvsPak #TeamIndia https://t.co/e5waiZX3hk pic.twitter.com/e23VclMr5U
— Rangeload (@harvardfacter) October 24, 2021
പ്രവാസികൾ നിറയുന്ന യുഎഇയിൽ ഇന്ത്യക്കാരാണ് ഭൂരിപക്ഷം. തൊട്ടുപിന്നിൽ പാക്കിസ്ഥാനികൾ. പക്ഷേ പരസ്പരമുള്ള ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ മാത്രമാണ് വിജയപക്ഷത്തു നിന്നത്. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. അതിൽ ഇരുടീമും ഒരിക്കലും മറക്കാത്ത മത്സരങ്ങളുണ്ട്. പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽത്തന്നെ പാക്കിസ്ഥാനെ 5 റൺസിനു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്.
ഇന്ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ പാക്കിസ്ഥാനു കണക്കു ‘വീട്ടാനും’ ഇന്ത്യയ്ക്ക് കണക്കു ‘കൂട്ടാനുമുണ്ട്’. ഫൈനലിനോളം ആവേശകരമായ പോരാട്ടമാണിതും.
രാജ്യാന്തര ട്വന്റി20യിലെ മികച്ച ഓപ്പണിങ് സഖ്യമാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കരുത്ത്. ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണായകമായേക്കും.
∙ കെ.എൽ. രാഹുൽ– രോഹിത് ശർമ (ഇന്ത്യ)
ഇന്നിങ്സ്: 13
റൺസ്: 586
ശരാശരി: 45.07
ഉയർന്ന കൂട്ടുകെട്ട്: 165
∙ ബാബർ അസം– മുഹമ്മദ് റിസ്‌വാൻ (പാക്കിസ്ഥാൻ)
ഇന്നിങ്സ്: 10
റൺസ്: 521
ശരാശരി: 52.10
ഉയർന്ന കൂട്ടുകെട്ട്: 197
∙ കോലി 169 നോട്ടൗട്ട്
ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇതുവരെ പുറത്തായിട്ടില്ലെന്ന സൂപ്പർ റെക്കോർഡ് ഇന്ത്യൻ നായകൻ വിരാട് കോലിക്കു സ്വന്തം. 2012 ലോകകപ്പിൽ 78 നോട്ടൗട്ട്, 2014ൽ 36 നോട്ടൗട്ട്, 2016ൽ 55 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോറുകൾ. ആകെ 169 റൺസ് നേടിയ കോലിയാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളിലെ ടോപ് സ്കോറർ
പാക്കിസ്ഥാൻ @ രാജ്യാന്തര ട്വന്റി20
177 മത്സരം,
107 ജയം
വിജയശതമാനം
62.5
∙ ട്വന്റി20 ലോകകപ്പ്
34 മത്സരം
19 ജയം
∙ ഇന്ത്യ @ രാജ്യാന്തര ട്വന്റി20
145 മത്സരം
92 ജയം
വിജയശതമാനം 64.18
∙ ട്വന്റി20 ലോകകപ്പ്
33 മത്സരം
19 ജയം
∙ 5–0
ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിച്ച 5 മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയമെന്ന റെക്കോർഡിലാണ് ഇന്നു കണ്ണുവയ്ക്കുന്നത്.
2007: മത്സരം സമനില. ബോൾഔട്ടിൽ ഇന്ത്യയ്ക്കു ജയം
2007 ഫൈനൽ: ഇന്ത്യയ്ക്ക് 5 റൺസ് ജയം
2012: ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം
2014: ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
2016: ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം
∙ ജസ്പ്രീത് ബുമ്ര Vs ഷഹീൻ അഫ്രീദി
ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്കെതിരെ പാക്കിസ്ഥാന്റെ മറുമരുന്ന് ഷഹീൻ അഫ്രീദിയെന്നാണ് മുൻതാരം ശുഐബ് അക്തറിന്റെ പ്രതികരണം. ട്വന്റി20 ക്രിക്കറ്റിൽ ഇരുവരും തുല്യശക്തികളാണോ?
∙ ജസ്പ്രീത് ബുമ്ര
മത്സരം: 50
വിക്കറ്റ്: 59
ഇക്കോണമി: 6.66
മികച്ച ബോളിങ്: 3/11
∙ ഷഹീൻ അഫ്രീദി
മത്സരം: 30
വിക്കറ്റ്: 32
ഇക്കോണമി: 8.17