ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കു പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഡയറ്റ് പ്ലാനിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ഹലാല്‍ ആയാല്‍പ്പോലും താരങ്ങള്‍ക്ക് പന്നിയിറച്ചിയും ബീഫും കഴിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഇന്ത്യയുടെ വരാന്‍ പോകുന്ന വിദേശ പര്യടനത്തിനും ഐസിസി ടൂര്‍ണമെന്റുകള്‍ക്കും മുന്നോടിയായാണ് പുതയ ഡയറ്റ് പ്ലാന്‍ പ്രഖ്യാപിച്ചത്. പരമാവധി ഡയറ്റില്‍ മാംസം ഒഴുവാക്കാനും മാംസം നിര്‍ബന്ധമായി വേണ്ടവര്‍ ഹലാല്‍ മാംസം മാത്രമേ ഉപയോഗിക്കാവൂയെന്നുമാണ് നിര്‍ദേശം.

യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ താരങ്ങളുടെ ഡയറ്റ് പ്ലാനില്‍ മാറ്റം വരുത്താന്‍ തീരുമാനമെടുത്തത്.

എന്നാല്‍ ഈ തീരുമാനം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ബിസിസിഐയ്ക്കെതിരേ രൂക്ഷവിമര്‍ശനം ഉയരുകയാണ്. ഹിന്ദു, സിഖ് മത വിശ്വാസികള്‍ക്ക് നിഷിദ്ധമായിരിക്കുന്ന ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം.

ഒരു മൃഗത്തെ അറുക്കാന്‍ രണ്ട് വഴികളുണ്ട്. ഹലാല്‍ രീതിയില്‍ മൃഗത്തെ മുറിച്ച് പതുക്കെ രക്തസ്രാവം അനുവദിക്കുന്നതും മൃഗത്തെ ഒറ്റയടിക്ക് അറുക്കുന്നതും. ഹലാല്‍ മാംസം കഴിക്കുന്നത് ഹിന്ദു-സിഖ് മത വിശ്വാസപ്രകാരം നിഷിദ്ധമാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അതേസമയം മുസ്ലീംകള്‍ ഹലാല്‍ മാംസം മാത്രമേ കഴിക്കാനാകൂ, അവര്‍ക്ക് മറ്റേതെങ്കിലും തരത്തിലുള്ള മാംസം നിഷിദ്ധമാണ്.

ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം കളിക്കാരും ഹിന്ദുക്കളാണെന്നും അവരുടെ മതമനുസരിച്ച് ഹലാല്‍ മാംസം കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുമ്പോള്‍ എങ്ങനെയാണ് ബിസിസിഐയും ഇന്ത്യന്‍ ടീം മാനേജ്മെന്റോ അവരെ ഇതു കഴിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

കേരളത്തില്‍ ‘ഹലാല്‍ ഭക്ഷണം’ സംബന്ധിച്ച് സംഘപരിവാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ കത്തുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയായ ബിസിസിഐയും ക്രിക്കറ്റ് താരങ്ങളുടെ ഡയറ്റ് പ്ലാനില്‍ ‘ഹലാല്‍ മാംസം’ലനിര്‍ബന്ധമാക്കിയത്.