കെ.എല്‍ രാഹുല്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഐപിഎല്ലില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് ടീമുകള്‍ ആരോപിച്ചു. ഇതിനെതിരെ ഇരു ടീമുകളും ബിസിസിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഒരു ഐപിഎല്‍ സീസണില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2010ല്‍ രാജസ്ഥാന്‍ റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു ഈ വിലക്ക്.

മെഗാ ലേലത്തിന് മുമ്പായി രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബും റാഷിദിനെ നിലനിര്‍ത്താന്‍ ഹൈദരാബാദും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും ടീമില്‍ തുടരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ലഖ്‌നൗവിന്റെ വമ്പന്‍ ഓഫറാണ് ഇരുവരുടേയും ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് ടീമുകളില്‍ നിന്ന് വാക്കാലുള്ള പരാതിയാണ് ലഭിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയത്ത് മെഗാലേലത്തിന് മുമ്പായി ഐപിഎല്‍ ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കും.