Sports

യുകെയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും, ഫുട്ബോൾ എന്ന കായിക ഇനം ഇവിടുത്തെ മലയാളികൾക്കിടയിൽ കൂടുതൽ ജനകീയമാക്കുന്നതിനും വേണ്ടി ഡോർചെസ്റ്റർ മലയാളി കമ്യൂണിറ്റിയുടെ ഫുട്ബാൾ ക്ലബ്ബായ ഡിഎംസി യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഒക്ടോബർ 30 നു യുകെയിലെ മലയാളി ക്ലബ്ബുകൾക്കു വേണ്ടി ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. ഡോർചെസ്റ്ററിലെ 1610 സ്പോർട്സ് സെൻ്ററിലെ 3G ടർഫ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കോവിഡ് കാലത്തെ വിരസത മാറ്റാനായി ഫുട്ബോൾ കളിച്ചു തുടങ്ങിയ ഡോർചെസ്റ്ററിലെ ഫുട്ബോൾ പ്രേമികൾ ഇതിനോടകം തന്നെ സമീപ സ്ഥലങ്ങളിലെ മലയാളി ഫുട്ബാൾ ക്ലബ്ബുകളുമായി മാറ്റുരച്ചു കഴിഞ്ഞു .

വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും ട്രോഫിയും ഡിഎംസി യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നുണ്ട്

ടീമുകള്‍ രജിസ്ട്രേഷൻ വേണ്ടി ബന്ധപ്പെടുക
വിജു: 07787997281

 

രണ്ട് വര്‍ഷത്തിലേറെയായി വിരാട് കോഹ്‌ലി നേരിടുന്ന ഫോം ഔട്ടിന് കാരണമെന്താണെന്ന ചര്‍ച്ച സജീവമാണ്. കപില്‍ ദേവിനും വിവിയന്‍ റിച്ചാര്‍ഡ്സിനും വീരേന്ദര്‍ സെവാഗിനും രാഹുല്‍ ദ്രാവിഡിനും സംഭവിച്ചത് തന്നെയാണ് കോഹ്‌ലിക്കും ഇപ്പോള്‍ സംഭവിക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റ് പറയാനാവില്ല. കോഹ്‌ലി ഫോം ഔട്ടായി തുടങ്ങിയ വേളയില്‍ കപില്‍ ദേവ് തന്നെ ഇത് ചൂണ്ടിക്കാണിച്ചതാണ്.

കോഹ്‌ലിയുടെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്‌നമാകാം മോശം പ്രകടനത്തിന് പിന്നിലെന്നാണ് അന്ന് കപില്‍ പറഞ്ഞത്. ‘ഒരു പ്രായത്തിലേക്ക് നിങ്ങള്‍ കടക്കുമ്പോള്‍ നിങ്ങളുടെ കാഴ്ചശക്തിയില്‍ കുറവ് വരും. 30 വയസിന് ശേഷം മിക്കവര്‍ക്കും ഇത്തരത്തില്‍ അനുഭവപ്പെടും. കോലിക്ക് ടൈമിംഗ് കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ അത് അവന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്നമാണ്.’

‘വലിയ താരങ്ങള്‍ സ്ഥിരമായി ക്ലീന്‍ബൗള്‍ഡാവുകയും എല്‍ബിഡബ്ല്യു ആവുകയും ചെയ്യുകയാണെങ്കില്‍ അത് പരിശീലനത്തിന്റെ കുറവാണെന്ന് പറയാന്‍ സാധിക്കുമോ? അത് അവന്റെ കാഴ്ചക്കുറവിന്റെ പ്രശ്നമാണ്. ഒരു കാലത്ത് നിങ്ങളുടെ ശക്തിയായിരുന്നത് മറ്റൊരു സമയത്ത് നിങ്ങളുടെ ദൗര്‍ബല്യമായി മാറും. 18-24വരെ നല്ല കാഴ്ചശക്തി വളരെ മികച്ചതായിരിക്കും. അതിന് ശേഷം നിങ്ങള്‍ കണ്ണിന് നിങ്ങള്‍ നല്‍കുന്ന പരിചരണത്തെ ആശ്രയിച്ചാവും കാര്യങ്ങള്‍.’ 2020 മാര്‍ച്ചില്‍ എബിപി ന്യൂസിന് കൊടുത്ത അഭിമുഖത്തില്‍ കപില്‍ ദേവ് പറഞ്ഞതാണിത്.

ഇതിഹാസ താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സും കപില്‍ ദേവുമെല്ലാം തങ്ങളുടെ കരിയറിന്റെ അവസാന സമയത്ത് കാഴ്ചശക്തി എങ്ങനെ പ്രകടനത്തെ ബാധിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് കരിയറിന്റെ അവസാന കാലത്ത് കളിച്ചിരുന്നത് കണ്ണട ധരിച്ചുകൊണ്ടായിരുന്നു. കോഹ്‌ലിയുടെ കാര്യത്തില്‍ ഇതാണോ സംഭവിക്കുന്നതെന്ന് വ്യക്തതയില്ലെങ്കിലും, ഈ കാര്യം സംഭവിക്കായ്കയില്ല.

ഫിഫയുടെ പുരുഷ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇംഗ്ലണ്ടും ഡെന്മാര്‍ക്കും. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ മറികടന്ന് ഇംഗ്ലണ്ട് ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 1755.44 പോയന്റാണ് ത്രീ ലയണ്‍സിനുള്ളത്. മൂന്നാമതായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതാണ് ഫ്രാന്‍സിന് തിരിച്ചടിയായത്. യൂറോ കപ്പില്‍ ഫൈനലിലെത്തിയത് ഇംഗ്ലണ്ടിന് ഗുണമായി. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു.

ലോക റാങ്കിങ്ങില്‍ 1832.33 പോയന്റോടെ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. 1811.73 പോയന്റുള്ള ബ്രസീല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. അര്‍ജന്റീന ആറാമതും ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പോര്‍ച്ചുഗല്‍ ഏഴാമതും നില്‍ക്കുന്നു. സ്‌പെയിന്‍, മെക്‌സിക്കോ, ഡെന്മാര്‍ക്ക് എന്നീ ടീമുകളാണ് എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍.
യൂറോ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഡെന്മാര്‍ക്ക് ആദ്യ പത്തിലെത്തിയതാണ് ഇത്തവണത്തെ റാങ്കിങ്ങിലെ പ്രധാന ആകര്‍ഷണം. മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മനി 14-ാം സ്ഥാനത്താണ്. പട്ടികയില്‍ ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് 107-ാം റാങ്കിലേക്ക് വീണു. ഇന്ത്യയെ മറികടന്ന് നമീബിയ 106-ാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യയ്ക്ക് 1181.45 പോയന്റാണുള്ളത്.

യു.എ.ഇ ആതിഥ്യം വഹിക്കുന്ന ലോക കപ്പിനുശേഷം വിരാട് ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ രോഹിത് ശര്‍മ്മയിലേക്ക് നായക ഉത്തരവാദിത്വം വന്നെത്തുകയാണ്. രോഹിത് നായകനാകുമ്പോള്‍ കെ.എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. രാഹുലിനെ ഭാവി നായകനമായി വളര്‍ത്തിയെടുക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

‘ഇന്ത്യ ഒരു പുതിയ ക്യാപ്റ്റനെ വാര്‍ത്തെടുക്കാന്‍ നോക്കുകയാണെങ്കില്‍, കെ.എല്‍ രാഹുലിനെ തിരഞ്ഞെടുക്കാവുന്നതാണ്. അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ടിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. ഐ.പി.എല്ലിലും ഏകദിന ക്രിക്കറ്റിലും രാജ്യാന്തര തലത്തില്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അദ്ദേഹത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കാം.’

‘ഐ.പി.എല്ലില്‍ അദ്ദേഹം വളരെ ശ്രദ്ധേയമായ നേതൃത്വഗുണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സിയുടെ ഭാരം തന്റെ ബാറ്റിംഗിനെ ബാധിക്കാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പേര് ബി.സി.സി.ഐക്ക് പരിഗണിക്കാവുന്നതാണ്’ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് പര്യടനത്തിലെ ഓവല്‍ ടെസ്റ്റിന് മുന്‍പായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയും താരങ്ങളും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതോടെ മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നു. ശാസ്ത്രിയുടെ പുസ്തക പ്രകാശനം ചെയ്ത ചടങ്ങിലെ സുരക്ഷാ മാനദണ്ഡ ലംഘനങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്.

ലണ്ടന്‍ ഹോട്ടലിലെ ബുക്ക് ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ കളിക്കാര്‍ മാസ്‌ക് ധരിച്ചില്ലെന്നാണ് മുന്‍ താരം ദിലീപ് ദോഷി വെളിപ്പെടുത്തിയത്. ചടങ്ങിനെത്തിയവരുമായി ശാസ്ത്രിയും കളിക്കാരും ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ എത്തിയതോടെ താരങ്ങള്‍ ഹോട്ടല്‍ വിട്ടെന്നും പത്തു മിനിറ്റിലധികം അവരുടെ സന്ദര്‍ശനം നീണ്ടില്ലെന്നും ദോഷി പറഞ്ഞു. ദോഷിയും പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

അതേസമയം, പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം അനുമതി തേടിയിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തില്‍ വളരെയേറെ മുന്നേറിയ ബ്രിട്ടനില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുണ്ട്. ഇതാവാം മാസ്‌കും മറ്റും ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ കളിക്കാരെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്‌നത്തിലേക്ക് നൊവാക് ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം. യുഎസ് ഓപ്പണ്‍ കലാശപോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ ഡാനില്‍ മെദ് വദേവ് തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടി.

മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച മെദ് വദേവ് ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നല്‍കിയില്ല. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് ചരിത്രം കുറിച്ചത്.

യു.എസ്. ഓപ്പണ്‍ ടെന്നീസ് ഫൈനലിന് ഇറങ്ങുമ്പോള്‍ കരിയറിലെ ഉന്നതമായ രണ്ട് നേട്ടങ്ങളായിരുന്നു ജോക്കോവിച്ചിനെ കാത്തിരുന്നത്. കിരീടം നേടിയിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടര്‍ സ്ലാം നേടാനും സെര്‍ബ് താരത്തിനാകുമായിരുന്നു. ആ സ്വപ്‌നമാണ് മെദ് വദേവ് തട്ടിത്തെറിപ്പിച്ചത്.

2019-യുഎസ് ഓപ്പണ്‍ ഫൈനലില്‍ റഫാല്‍ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവില്‍ കൈവിട്ട കിരീടം മെദ് വദേവ് ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു.

അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫലം നെഗറ്റീവ്. ഇതോടെ അഞ്ചാം ക്രിക്കറ്റ് മത്സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ഇന്ത്യയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ചാം ടെസ്റ്റ് നടക്കുമോയെന്ന് ആശങ്കയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഇന്നലെ നടത്തേണ്ടിയിരുന്ന പരിശീലനം ഇന്ത്യന്‍ ടീം റദ്ദാക്കുകയും ചെയ്തിരുന്നു.

നേരത്തെ, ഹെഡ് കോച്ച് രവി ശാസ്ത്രിക്ക് കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ബോളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു.

ഐസ്‌ലന്‍ഡിനെതിരായ ലോക കപ്പ് യോഗ്യതാ മത്സരശേഷം മടങ്ങിയ ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീം വ്യോമദുരന്തത്തെ അഭിമുഖീകരിച്ചതായി റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ടീമുമായി സഞ്ചരിച്ച ക്ലാസ്‌ജെറ്റ് ഫ്‌ളൈറ്റ് കെഎല്‍ജെ 2703 എന്ന വിമാനമാണ് നിഗൂഢമായ കാരണത്താല്‍ വഴി തിരിച്ചുവിട്ടത്.

ഐസ്‌ലന്‍ഡിന്റെ തലസ്ഥാനമായ റെയ്ക്യവിക്കില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് 29000 അടിയിലേറെ ഉയരത്തില്‍വെച്ച് അപകടത്തെ അഭിമുഖീകരിച്ചത്. ആകാശമദ്ധ്യേ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ നേരിട്ട വിമാനത്തെ സ്‌കോട്ട്‌ലന്‍ഡ് തലസ്ഥാനമായ എഡിന്‍ബര്‍ഗിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.

ഇരുപത് മിനിറ്റു കൊണ്ട് എഡിന്‍ബര്‍ഗില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് വിമാനത്തിലുണ്ടായിരുന്ന ജര്‍മ്മന്‍ താരങ്ങള്‍ക്ക് ശ്വാസം വീണത്. വിമാനം ലാന്‍ഡ് ചെയ്യുന്നതു വരെ അടിയന്തരാവസ്ഥ തുടരുകയും ചെയ്തു. ദിശ തിരിച്ചുവിടാനുള്ള കാരണം, വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

അഫ്ഗാനിസ്താനിലെ സ്ത്രീകളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതിനു പിന്നാലെ മറുപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സ്ത്രീകളെ പിന്തുണക്കുന്നില്ലെങ്കില്‍ അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമുമായി നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളില്‍ നിന്നും പിന്മാറുന്നുവെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്.

ഈ വര്‍ഷം നവംബര്‍ 27 മുതല്‍ ഹൊബാര്‍ട്ടില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടെസ്റ്റിനാണ് ഹൊബാര്‍ട്ട് വേദിയാവേണ്ടിയിരുന്നത്.

‘വനിതാ ക്രിക്കറ്റിന്റെ ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വളരെ അധികം പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും ഭാഗമാവാനാവുന്നതാണ് ക്രിക്കറ്റ്. അഫ്ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റിന് പിന്തുണ ലഭിക്കില്ല എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൊബര്‍ട്ടില്‍ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു’- പ്രസ്താവനയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് മുഖവും ശരീരവും മറയ്ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതിനാലാണ് താലിബാന്‍ ഇത്തരത്തിലുള്ള നിലപാട് എടുത്തിരിക്കുന്നത്. ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്‍ ബുധനാഴ്ച വിശദമാക്കിയത്.

‘കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന അവസ്ഥയില്‍ മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവര്‍ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഇത് മാധ്യമ യുഗമാണ്. ഫോട്ടോകളും വീഡിയോകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകള്‍ അത് കാണാനും സാധ്യതയുണ്ട്. തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും അതിനാല്‍ സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ല’- താലിബാന്റെ സാംസ്‌കാരിക കമ്മീഷന്റെ ഡെപ്യൂട്ടി ചീഫായ അഹമ്മദുള്ള വാസിക് വിശദമാക്കി.

ഈ തീരുമാനം അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിന്റെ ടെസ്റ്റ് പദവിയും ഭീഷണിയിലാക്കിയിരിക്കുകയാണ്. ഐ സി സി അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എല്ലാം ഒരു ദേശീയ വനിതാ ടീം ഉണ്ടായിരിക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് പദവി ഐ സി സി അനുവദിക്കുക. അഫ്ഗാനില്‍ വനിതാ ക്രിക്കറ്റിന് വിലക്കു വന്നതിനാല്‍ അത് പുരുഷ ടീമിനെയും ബാധിച്ചേക്കും.

2020 നവംബറിലാണ് 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത്. 40 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 21 ദിവസം കാബൂളില്‍ വച്ച് പരിശീലന ക്യാംപും നടത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ സി ബി) തങ്ങളുടെ ആദ്യ വനിതാ ദേശീയ ടീമിനെ മത്സരിപ്പിക്കുവാന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ്, പുതുതായി രാജ്യം കീഴ്‌പ്പെടുത്തി ഭരണം സ്ഥാപിച്ച താലിബാന്‍ ഭീകരര്‍ വിലക്കുമായി എത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ ആയേഷ മുഖര്‍ജിയും വിവാഹ മോചിതരായി. എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വഴി പിരിഞ്ഞത്. ശിഖര്‍ ധവാന് മുമ്പ് ആയേഷ ഓസ്ട്രേലിയന്‍ വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തില്‍ ആയേഷക്ക് രണ്ട് കുട്ടികളുണ്ട്.ഈ ബന്ധം വേര്‍പെടുത്തിയശേഷം 20212ലാണ് ധവാനെ വിവാഹം കഴിച്ചത്.

ധവാന്‍-ആയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്നൊരു മകനുമുണ്ട്. ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലമുള്ള ആയേഷ പശ്ചിമ ബംഗാളിലാണ് ജനിച്ചത്. എട്ടാം വയസില്‍ ആയേഷയുടെ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കിക്ക് ബോക്സര്‍ കൂടിയാണ് ആയേഷ.

ഫേസ്ബുക്കിലൂടെയാണ് ആയേഷയും ധവാനും അടുത്തത്. ഫേസ്ബുക്കില്‍ ആയേഷയുടെ ചിത്രങ്ങള്‍ കണ്ട് കൗതുകം തോന്നി തുറന്നുനോക്കിയ ധവാന്‍ ഇന്ത്യന്‍ ടീമിലെ സഹതാരമായ ഹര്‍ഭജന്‍ സിംഗിനെ മ്യൂച്ചല്‍ ഫ്രണ്ട് ലിസ്റ്റില്‍ കണ്ടു. പിന്നീട് ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം 2012ല്‍ വിവാഹത്തിലെത്തുകയായിരുന്നു. പഞ്ചാബി മതാചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. 2014ലാണ് ഇരുവര്‍ക്കും സൊരാവര്‍ എന്ന ആണ്‍കുഞ്ഞ് പിറന്നത്.

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച ശിഖര്‍ ധവാന്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാണ്. ബുധനാഴ്ചയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.

 

RECENT POSTS
Copyright © . All rights reserved