ഷിബു മാത്യൂ.
യോര്‍ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഗ്രാസ്‌റൂട്ട് കണക്ടിംഗ് കമ്മ്യൂണിറ്റി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു. യുകെയിലെ ലീഡ്‌സില്‍ താമസിക്കുന്ന മലയാളിയായ ജേക്കബ് കളപ്പുരയ്ക്കല്‍ പീറ്റര്‍ അവാര്‍ഡിന് അര്‍ഹനായി. ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് (ECB) ജേക്കബ് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 40ഓളം നോമിനേഷന്‍സില്‍ നിന്നാണ് ഈ അവാര്‍ഡ് ജേക്കബിനെ തേടിയെത്തിയത്. യോര്‍ക്ഷയറിലെ ലീഡ്‌സ് ഗ്ലാഡിയേറ്റസ് ടീമില്‍ കളിക്കുന്ന ജേക്കബ്, പത്ത് ടീമുകളെ ഉള്‍പ്പെടുത്തി കഴിഞ്ഞ മൂന്ന് വര്‍ഷമായി ലീഡ്‌സ് പ്രിമിയര്‍ ലീഗ് (LPL) സംഘടിപ്പിച്ച് വരുന്നു. നൂറ്റിയമ്പതോളം കളിക്കാരാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. വര്‍ഷം തോറും ലീഡ്‌സ് പ്രീമിയര്‍ ലീഗിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിട് കാലത്തുപോലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോലും LPL നടത്തുവാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമായി. ജേക്കബ് നേതൃത്വം കൊടുക്കുന്ന ലീഡ്‌സ് പ്രീമിയര്‍ ലീഗിന്റെ പ്രശക്തി യോര്‍ക്ക്ഷയറിന് പുറത്തേയ്ക്കും വ്യാപിച്ചു തുടങ്ങി. യോര്‍ക്ഷയര്‍ ക്രിക്കറ്റ് ഫൗണ്ടേഷനാണ് ജേക്കബിനെ യോര്‍ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അവാര്‍ഡ് നിര്‍ണ്ണയത്തിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. ഈ മാസം പത്തൊമ്പതിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ (ECB) ഗ്രാസ്‌റൂട്ട്‌സ് ക്രിക്കറ്റ് കണക്ടിംഗ് കമ്മ്യൂണിറ്റീസ് അവാര്‍ഡ് 2021 ന്റെ സെലക്ഷനിലേയ്ക്ക് യോര്‍ക്ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡ് ജേക്കബിനെ നേരിട്ട് നോമിനേറ്റ് ചെയ്തിരിക്കുകയാണ്.
കേരളത്തില്‍ ചേര്‍ത്തലയ്ക്കടുത്തുള്ള എഴുപുന്നയാണ് ജേക്കബിന്റെ ദേശം. കുടുംബത്തോടൊപ്പം ലീഡ്‌സില്‍ താമസിക്കുന്നു.
ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് സുഖം പ്രാപിക്കുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ കെയ്ന്‍സ് ചികിത്സ തുടരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. കെയ്ന്‍സ് കുടുംബാംഗങ്ങളോട് സംസാരിച്ചതായും അഭിഭാഷകന്‍ പറഞ്ഞു.
ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ കെയ്ന്‍സിനെ ഈ മാസമാദ്യമാണ് കാന്‍ബറയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയയ്ക്കായി സെന്റ് വിന്‍സെന്റിലേക്ക് മാറ്റുകയായിരുന്നു.
ദുര്‍ഘട സന്ധിയില്‍ തങ്ങളെ പിന്തുണച്ചവര്‍ക്ക് കെയ്ന്‍സിന്റെ കുടുംബം നന്ദി അറിയിച്ചു. 1989- 2006 കാലയളവില്‍ ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും കളിച്ചിട്ടുള്ള കെയ്ന്‍സ് വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം കാന്‍ബറയിലായിരുന്നു താമസം.
ഹവെന്റെറ്റിൽ വച്ച് നടത്തപ്പെട്ട ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ പ്രൈം കെയർ ടീം ഫൈനലിൽ പ്രബലരായ പോർട്സ് മൗത്തിനെ 9 വിക്കറ്റിന് തകർത്ത് കിരീടം ചൂടി. യുകെയിലെ ശക്തരായ എട്ട് ടീമുകൾ മത്സരിച്ച ടൂർണ്ണമെന്റിലാണ് പ്രൈം കെയർ ടീം ജേതാക്കളായത്.
ടൂർണമെന്റ് ലെ ബെസ്റ്റ് ബൗളർ ആയി പോർട്സ് മൗത്തിന്റെ ബിനോയി മത്തായിയെ തിരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായി പോർട്സ് മൗത്തിന്റെ തന്നെ ജൂബിനെയും തിരഞ്ഞെടുക്കുകയുണ്ടായി.
ആവേശം വരിവിതറിയ അവസാന മത്സരത്തിൽ 12 ഓവറിൽ പോർട്സ് മൗത്ത് ഉയർത്തിയ 122 റൺസ് ഫ്രഡ്‌ഡി എൽദോസിന്റെ ഉജ്ജ്വല ഇന്നിങ്സിന്റെ ചിറകിലേറി 1 വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ മറികടക്കുകയായിരുന്നു.
സംഘാടകരായ സോളാന്റ് രഞ്ജീഴ്സിന്റെ നടത്തിപ്പുകാരായ ലിതിൻ ജോസ്, ബിനിഷ് വർഗീസ്, ബിജു ബഹമിയൻ എന്നിവരുടെ കയ്യിൽ നിന്നും ക്യാപ്റ്റൻ കിജി കോട്ടമാം,ടീം ഉടമ എഡ്വിൻ ജോസ് എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫി ഏറ്റു വാങ്ങി.
ലോഡ്‌സില്‍ അവിസ്മരണീയ ജയം നേടി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ അസാധ്യമായ 272 റണ്‍സിന്റെ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, അവസാന ദിവസം ഒൻപത് ഓവറുകൾ ബാക്കി നിൽക്കെ എല്ലാവരും പുറത്തായപ്പോൾ വിജയം ഇന്ത്യൻ പക്ഷത്തു എത്തുകയായിരുന്നു. അത്യന്തം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ രണ്ടു ടീമിനെയും ആവേശത്തിലാക്കിയ ആരാധകർക്കു മുൻപിൽ ഇന്ത്യയുടെ മധുര പ്രതികാരം.
തകര്‍പ്പന്‍ ബാറ്റിംഗിന് പിന്നാലെ ഓപ്പണർമാരായ റോറി ബേണ്‍സിനെയും ഡോം സിബ്്‌ലിയെയും റണ്ണെടുക്കാതെ മടക്കിയ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയുമാണ് ഇന്ത്യയെ വിജയ വഴിയിലേക്ക് നയിച്ചത്. ഹസീബ് ഹമീദും (9) ഏറ്റവും വലിയ വെല്ലുവിളിയായ ക്യാപ്റ്റന്‍ ജോ റൂട്ടും (33) ജോണി ബെയര്‍സ്‌റ്റോയും (2) തൊട്ടുപിന്നാലെ പുറത്തായി. ബുംറയും ഇശാന്ത് ശര്‍മയും രണ്ടു വീതം വിക്കറ്റെടുത്തു. അവസാനവിക്കറ്റുകൾ വീഴ്ത്തി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വിജയം നേടിത്തന്നു.
ഇന്ത്യന്‍ ബൗളര്‍മാരെ പുറത്താക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കാതിരുന്നതാണ് ടെസ്റ്റില്‍ വഴിത്തിരിവായത്. 167 റണ്‍സ് മാത്രം ലീഡുള്ള ഘട്ടത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ലോഡ്‌സില്‍ ബാറ്റിംഗ് ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ പെയ്‌സ്ബൗളര്‍മാരായ മുഹമ്മദ് ഷമിയും (56 നോട്ടൗട്ട്) ജസ്പ്രീത് ബുംറയും(34 നോട്ടൗട്ട്) തിരിച്ചടിച്ചു. അഭേദ്യമായ ഒമ്പതാം വിക്കറ്റില്‍ ഇരുവരും 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യ എട്ടിന് 298 ല്‍ ഡിക്ലയര്‍ ചെയ്തു.
ആറിന് 181 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് റിഷഭ് പന്തിനെയും (22) ഇശാന്ത് ശര്‍മയെയും (16) എളുപ്പം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഷമിയെയും ബുംറയെയും ബൗണ്‍സറുകളിലൂടെ വിറപ്പിക്കാനുള്ള ഇംഗ്ലണ്ട് പെയ്‌സ്ബൗളര്‍മാരുടെ ശ്രമം ദയനീയമായി തിരിച്ചടിച്ചു. ഇരുവരും കടന്നാക്രമണം നടത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഷമി ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും പായിച്ചു. ഇരുവരുടെയും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറാണ് ഇത്.
ജർമ്മൻ ഫുട്ബാൾ ഇതിഹാസം ഗെർഡ് മുള്ളർ(75) അന്തരിച്ചു. വെസ്റ്റ് ജർമ്മനിക്കായി 62 മത്സരം കളിച്ച മുള്ളർ 68 ഗോളുകൾ നേടിയിട്ടുണ്ട്. ഹോളണ്ടിനെതിരായ 1974ലെ ലോകകപ്പ് ഫൈനലിൽ നേടിയ ചരിത്ര ഗോളും ഇതിൽ ഉൾപ്പെടുന്നു. 15 വർഷത്തോളം ബയേൺ മ്യൂണിക്കിനായി കളിച്ച ഗെർഡ് 594 മത്സരങ്ങളിൽ നിന്നായി 547 ഗോളുകൾ നേടിയിട്ടുണ്ട്.
ബയേൺമ്യൂണിക്കിനും ആരാധകർക്കും ഇത് കറുത്ത ദിനമാണ്. മഹാനായ സ്ട്രൈക്കറാണ് ഗെർഡ് മുള്ളർ. ദുഃഖകരമായ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നുവെന്ന് ബയേൺ പ്രസിഡന്‍റ് പറഞ്ഞു.1970 ലോകകപ്പിൽ 10 ഗോൾ നേടിയ മുള്ളർ സുവർണ്ണ പാദുകവും സ്വന്തമാക്കി. ടി.എസ്.വിയിലൂടെയാണ് മുള്ളർ കളി തുടങ്ങിയത്. പിന്നീട് 1964ൽ ബയേൺ മ്യൂണിക്കിലെത്തി.
മുള്ളറെത്തി നാല് വർഷത്തിനുള്ളിൽ ബയേൺ ജർമ്മൻ ചാമ്പ്യൻമാരായി. മൂന്ന് യുറോപ്യൻ കപ്പ് വിജയങ്ങളിലും മുള്ളർ ബയേൺ മ്യൂണിക്കിന്‍റെ ഭാഗമായി. ലോക ഫുട്ബാളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിന് ഉടമയായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും(16) റൊണാൾഡോയും(15) അദ്ദേഹത്തെ മറികടന്നു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം കെ എൽ രാഹുലിനിടെ ബോട്ടിൽ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് ഈ അപമാനകരമായ സംഭവം അരങ്ങേറിയത്.
ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന കെ എൽ രാഹുലിനെതിരെ ചിലർ ഷാംപെയ്ൻ കോർക്കുകൾ എറിയുകയായിരുന്നു. കാണികളുടെ ഈ പ്രവൃത്തി കമന്റെറ്റർമാർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാകട്ടെ കോർക്കെടുത്ത് കാണികൾക്ക് നേരെ തിരിച്ചെറിയാൻ കെ എൽ രാഹുലിനോട് ആംഗ്യം കാണിക്കുകയും ചെയ്തു.
പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് കെ എൽ രാഹുൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഫിഫ്റ്റി നേടിയ താരം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 129 റൺസ് നേടിയാണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുൽ കുറിച്ചത്.
ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടവും മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറെന്ന നേട്ടവും കെ എൽ രാഹുൽ സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ കെ എൽ രാഹുലിനൊപ്പം 83 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമ്മയുടെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ 364 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൻ 62 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയിരുന്നു.
മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ആദ്യ ഇന്നിങ്‌സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടിയിട്ടുണ്ട്. 89 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും 51 റൺസ് നേടിയ ജോണി ബെയർസ്റ്റോയുമാണ് ക്രീസിലുള്ളത്.
Virat Kohli signaling to KL Rahul to throw it back to the crowd pic.twitter.com/OjJkixqJJA
— Pranjal (@Pranjal_King_18) August 14, 2021
ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിതാരമാകുമെന്ന് ആഘോഷിക്കപ്പെട്ട ഉന്മുക്ത് ചന്ദ് 28ാം വയസ്സിൽ വിരമിച്ചു. ബി.സി.സി.ഐക്ക് രാജിക്കത്ത് നൽകിയ ഉന്മുക്ത് മറ്റേതെങ്കിലും രാജ്യത്തേക്ക് കുടിയേറി കരിയർ സുരക്ഷിതമാക്കാനുള്ള ചിന്തയിലാണ്. അമേരിക്കയാണ് താരത്തിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
2012 അണ്ടർ 19 ലോകകപ്പിലെ അവിസ്മരണീയ പ്രകടനത്തിലൂടെയാണ് ഉന്മുക്ത് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാകേന്ദ്രമായത്. ആസ്ട്രേലിയക്കെതിരെ ഫൈനലിൽ 111 റൺസെടുത്ത് പുറത്താകാതെ നിന്ന ഉന്മുക്തിന്‍റെ മികവിലാണ് ഇന്ത്യ ലോകകിരീടം നേടിയത്.
”ഇന്ത്യക്കായി ഇനി കളിക്കാൻ ആകില്ലെന്ന തിരിച്ചറിവിലാണ് കളി അവസാനിപ്പിക്കുന്നത്. ഇന്ത്യയോടൊപ്പമുള്ള ഈ ക്രിക്കറ്റ് യാത്രയിൽ ഒരുപാട് അവിസ്മരണീയ നിമിഷങ്ങളുണ്ട്. ഇന്ത്യക്കായി അണ്ടർ 19 കിരീടം നേടിയത് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാണ്. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരുടെ ചുണ്ടിൽ ചിരി കൊണ്ടുവരാനായതിൽ ഇന്ത്യൻ നായകനെന്ന നിലയിൽ അഭിമാനിക്കുന്നു. ഇന്ത്യൻ എ ടീമിനെ വിവിധ ത്രിരാഷ്ട്ര പരമ്പരകളിൽ ജേതാക്കളാക്കിയതും ഒരിക്കലും മറക്കില്ല” -ഉന്മുക്ത് ചന്ദ് കുറിച്ചു.
2012ൽ 12ാം വയസ്സിൽ തന്നെ ഐ.പി.എല്ലിൽ അരങ്ങേറിയ ഉന്മുക്തിന് കാര്യമായി തിളങ്ങാനായില്ല. ആദ്യം ഡൽഹി ഡെയർ ഡെവിൾസിലും പിന്നീട് മുംബൈ ഇന്ത്യൻസിലും രാജസ്ഥാൻ റോയൽസിലുമെത്തി. 67 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി 3379 റൺസ് നേടിയിട്ടുണ്ട്.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായ് വെങ്കല മെഡൽ നേടിയ പി ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് ചലച്ചിത്രതാരം മമ്മൂട്ടി. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്.
ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആർ ശ്രീജേഷ് പറഞ്ഞു. മമ്മൂട്ടിയെത്തിയതറിഞ്ഞ് ശ്രീജേഷിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും വീട്ടിലെത്തിയിരുന്നു.
നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ എന്നിവർക്കൊപ്പമായിരുന്നു ഒളിമ്പിക്സിൽ മെഡലുമായി കിഴക്കമ്പലത്തെ വീട്ടിലെത്തിയ ശ്രീജേഷിനടുത്തേക്ക് മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്.
കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ പി ആർ ശ്രീജേഷിന് പാരിതോഷികമായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്.
ടോക്കിയോ ഒളിമ്പിക്സിൽ ഈ മാസം അഞ്ചിനാണ് പി ആർ ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലം ലഭിച്ചത്. ജർമനിയെ നാലിനെതിരേ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻപുരുഷ ടീം വെങ്കലം നേടിയത്.നിലവിൽ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറാണ് പി.ആർ. ശ്രീജേഷ്.
ലോകത്തിന്‍റെ ഏത് കോണിലെത്തിയാലും ഒരു മലയാളി ഉണ്ടാകുമെന്നാണ് ചൊല്ല്. പതിവ് പാരിസിലും തെറ്റിയില്ല. ബാഴ്സയിൽ നിന്നും സാക്ഷാൽ ലയണൽ മെസ്സി പാരിസിൽ വന്നിറങ്ങിയപ്പോൾ അവിടെയും ദേ ഒരു മലയാളി ആരാധകൻ.
മെസ്സി പാരിസിലെ റോയൽ മെൻക്യൂ ഹോട്ടലിൽ ആരാധകരെ അഭിവാദ്യം ചെയ്യുേമ്പാൾ തൊട്ടപ്പുറത്തെ റൂമിലുണ്ടായിരുന്നത് തൃശൂർ തളിക്കുളം സ്വദേശിയായ അനസ് പി.എയാണ്. അലറി വിളിച്ച അനസിന്‍റെ വിളി മെസ്സി ആദ്യം കേട്ടില്ലെങ്കിലും മകൻ തിയാഗോ ചൂണ്ടിക്കാണിച്ചതോടെ ശ്രദ്ധിച്ചു. തുടർന്ന് അനസിന് മെസ്സി അഭിവാദ്യമർപ്പിച്ചു.
ഖത്തറിൽ ജോലി ചെയ്യുന്ന അനസ് അവധിക്കാലം ചിലവഴിക്കാനാണ് പാരിസിൽ എത്തിയത്. ജീവിതത്തിലെ അവിസ്മരണീയ നിമിഷമെന്നാണ് സംഭവത്തെക്കുറിച്ച് അനസിന് പറയാനുള്ളത്.
ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാന്‍ബേറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ സിഡ്നിയിലേക്ക് മാറ്റി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്.
ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രിക്രിയകള്‍ക്ക് വിധേയനായി. 51 കാരനായ കെയ്ന്‍സ് മരുന്നുകളോട് പ്രതികരിക്കുന്നില്ല.
1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ന്യൂസിലന്‍ഡിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് കെയ്ന്‍സ്. 62 ടെസ്റ്റില്‍ നിന്ന് 33.54 ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും 215 ഏകദിനത്തില്‍ നിന്ന് 29.46 ശരാശരിയില്‍ 4950 റണ്‍സും 201 വിക്കറ്റും രണ്ട് ടി20യില്‍ നിന്ന് മൂന്ന് റണ്‍സും ഒരു വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.